ജോലിചെയ്തു ക്ഷീണിച്ച അടിമകളെ താവളത്തിലേക്കു് ആടിത്തെളിക്കാൻ തുടങ്ങി. ചെമ്മണ്ണു നിറഞ്ഞ നിരത്തിലൂടെ അഞ്ചും ആറും പേരുള്ള ചെറുസംഘങ്ങളായി അവർ മുമ്പോട്ടു നീങ്ങി. ജീവിതത്തിൽ ഒരു ലക്ഷ്യമോ ഉദ്ദേശ്യമോ അവർക്കില്ല. ആജ്ഞാനുവർത്തികളായ വെറും പാവകളാണവർ. ക്ലേശിക്കാനല്ലാതെ, ആശിക്കാൻ വകയൊന്നുമില്ലാത്തതുകൊണ്ടു ചിന്താഭാരത്തിൽനിന്നു് അവർ മുക്തി നേടിക്കഴിഞ്ഞിരുന്നു. ചുരുങ്ങിയ തോതിൽ നഗ്നത മറയ്ക്കാനുപയോഗിച്ച വസ്ത്രത്തിനും ശരീരത്തിനും തലമുടിക്കും നിരത്തിലെ ചെമ്മണ്ണിന്റെ നിറമാണു്. ഇപ്പോൾ മണ്ണിന്റെ മക്കളെന്നു് അവരെ തികച്ചും വിളിക്കാം.
മൂടിക്കെട്ടിയ ആകാശം. വീശുന്ന കാറ്റിന്നു തീജ്ജ്വാലയുടെ ചൂടു്. ചുട്ടുപഴുത്ത ചെമ്പുതകിടിന്റെ നിറമുള്ള സന്ധ്യ. വിയർപ്പിൽ മണ്ണും പൊടിയും അലിഞ്ഞുചേർന്ന ശരീരത്തിൽ അവിടവിടെ നീറ്റമുണ്ടു്. കരിങ്കല്ലുടയ്ക്കുമ്പോൾ കൂർത്തുമൂർത്ത ചില്ലുകൾതെറിച്ചു മുറിഞ്ഞതാവും.
മഴപെയ്യാനുള്ള ഒരുക്കങ്ങൾ എന്നും തകൃതിയായി നടക്കും. ആകാശത്തിൽ കരിമേഘങ്ങൾ ഉരുണ്ടുകൂടും. ഗർജിക്കും. ചാട്ടവാർപോലെ മിന്നൽ പുളഞ്ഞു മറയും. അടിച്ചു തളിക്കാരി ചാണകവെള്ളം പാറ്റുംപോലെ നാലഞ്ചു മഴത്തുള്ളികൾ വീഴും. അതു മരണച്ചൂടിളക്കിവിടും. പിന്നെ അകവും പുറവും ഒരുപോലെ കിടന്നു വിങ്ങും. അടിയിൽ പൊള്ളുന്ന ചീനച്ചട്ടിപോലെ ഭൂമിയും മുകളിൽ പുകയുന്ന നേരിപ്പോടുപോലെ ആകാശവും. രണ്ടിനുമിടയിൽ തെളിക്കുന്നവന്റെ ആജ്ഞയനുസരിച്ചു നടക്കുന്ന അടിമകളും.
കൂറ്റൻ പടിവാതിൽ തള്ളിത്തുറന്നു് ഒന്നിനു പുറകെ മറ്റൊന്നായി അടിമകളെ താവളത്തിനകത്തുകടത്തി. ചുറ്റും കന്മതിലുകൾ ഉയർന്നു നിൽക്കുന്നു. അതിനകത്തു് ഉണക്കുപ്പുല്ലും ചരൽക്കല്ലും നിറഞ്ഞ തറയിലാണു് അടിമകളെ പാർപ്പിക്കാനുള്ള ‘ജാക’കൾ കെട്ടിയതു്.
കാറ്റോട്ടമില്ലാത്ത ആ പരിസരത്തിൽ എപ്പോഴും ഉണങ്ങിയ രക്തത്തിന്റെ മണം തങ്ങിനിൽക്കും. എട്ടുകൊല്ലത്തെ പരിചയമുണ്ടായിട്ടും ഇന്നും പടിവാതിൽ കടക്കുമ്പോൾ അടിമകൾ അറിയാതെ മുക്കുപൊത്തും. അത്ര രൂക്ഷമാണു് ആ ഗന്ധം. ആ മതിൽക്കെട്ടിനകത്തു് ഒരു ഭാഗത്താണു് പട്ടണത്തിലെ പ്രധാനമായ അറവുശാല നിൽക്കുന്നതു്. അറവുകാരനായ ‘പരൈര’യുടെ പാർപ്പിടവും അവിടെത്തന്നെ. പട്ടാളക്കാർക്കു മാംസത്തിനുവേണ്ടി ആടുകളെയും പശുക്കളേയും അറക്കുന്നതു് അവിടെവെച്ചാണു്. ശ്വസിക്കുന്ന വായുവിലത്രയും രക്തത്തിന്റെ മണമുണ്ടാകും. പാതി ഉണങ്ങിയ ആട്ടിൻതോലിന്റെ ദുർഗന്ധമുണ്ടാവും. അതേൽക്കുമ്പോൾ കഴിഞ്ഞ എട്ടുകൊല്ലത്തെ അനുഭവങ്ങൾ പലതും തേട്ടിവരും.
കോഴി കൂകുന്നതും പക്ഷികൾ പാടുന്നതും കേട്ടുകൊണ്ടാണു് പ്രഭാതത്തിലുണരേണ്ടതു്. ട്രോങ്കോവിന്റെ നശിച്ച ഇരുട്ടറയിൽപ്പോലും പക്ഷികളുടെ പ്രഭാതഗീതം അരിച്ചെത്താറുണ്ടായിരുന്നു. ഇവിടുത്തെ അനുഭവം മറിച്ചാണു്. ആടുകളുടെയും പശുക്കളുടെയും നിലവിളി കേട്ടുകൊണ്ടുണരണം. അതു കേട്ടാൽ മനസ്സിനു വിഷമം തോന്നും.
ഏഴരനാഴിക വെളുപ്പിനു് പരൈര എഴുന്നേൽക്കും. ആദ്യത്തെ ജോലി അറവുകത്തി അണയ്ക്കലാണു്. ഇരിമ്പും കരിങ്കല്ലും ചേർന്നുണ്ടാക്കുന്ന ആ ശബ്ദം ചെവിത്തുളയിൽക്കടന്നു് അരംകൊണ്ടു രാവുംപോലെ വേദനിപ്പിക്കും. അതുകേട്ടു് കണ്ണുതുറന്നു നോക്കിയാൽ, അടുത്തു കത്തിച്ചുവച്ച റാന്തലിന്റെ അരണ്ട വെളിച്ചത്തിൽ, പരൈരയുടെ കഷണ്ടിത്തലയും തുറിച്ച കണ്ണും പൊന്തക്കാടുപോലെ വളർന്ന മീശരോമങ്ങൾക്കിടയിൽ ചാടാൻ തഞ്ചം പാർത്തുനിൽക്കുന്ന പോക്കാച്ചി മൂക്കും കൂർത്ത താടിയെല്ലും വ്യക്തമായി കാണാം. കത്തിയണയ്ക്കുന്ന ശബ്ദത്തിന്റെ ഈണത്തിനൊപ്പിച്ചു പരൈര സ്തുതിവചനങ്ങൾ കൊണ്ടു് ഭാര്യയെ ഉണർത്താൻ പാടുപെടുന്നതു വളരെ അകലത്തു കൂടി കേൾക്കാം.
“എടീ, ചെകുത്താന്റെ മോളേ, നീ പെൺപന്നിയെപ്പോലെ കൂർക്കം വലിച്ചുറങ്ങുന്നു. ഞാൻ നിനക്കുവേണ്ടി അദ്ധ്വാനിക്കുന്നു. നിനക്കീ കത്തിയെങ്കിലും ഒന്നണച്ചു തന്നാലെന്തുവേണം? എടീ, നെറികെട്ടവളേ, കുരുത്തം പിടിക്കാത്തവന്റെ മോളേ, നീയും നിന്റെ മക്കളും തിന്നുമുടിക്കാൻ പിറന്നതാണു്.”
തെല്ലുനേരം കത്തിയണയ്ക്കൽ നിർത്തിവെച്ചു് ഭാര്യ വല്ല മറുപടിയും പറയുന്നുണ്ടോ എന്നു പരൈര ശ്രദ്ധിക്കും. ഇപ്പോൾ ഭാര്യയൂടെ കൂർക്കംവലി ഉഗ്രമായി കേൾക്കാം. എലിമടയിൽ വെള്ളമൊഴുക്കും പോലെ. കത്തിയണയ്ക്കൽ അവസാനിക്കുന്നതുവരെ പരൈര സ്തുതിഗീതം തുടരും.
“കുരുത്തം പിടിക്കില്ലെടീ, കുരുത്തം പിടിക്കില്ല. ഒരുത്തൻ അദ്ധാനിക്കാനും മറ്റുള്ളവ കാലുംനീട്ടിയിരുന്നു തിന്നാനും പുറപ്പെട്ടാൽ എവിടെ കുരുത്തം പിടിക്കും? കാണിച്ചുതരുന്നുണ്ടെടീ, ഒരു ദിവസം ഈ കത്തി നിന്റെ കഴുത്തിനു ഞാൻ വയ്ക്കും!”
കത്തിയണയ്ക്കലും ശകാരവും ഒരുമിച്ചു കഴിയും. പിന്നെ ശബ്ദമില്ല. ഒരു കൈയിൽ റാന്തലും മറുകൈയിൽ കത്തിയുമായി മുറ്റത്തൂടെ പരൈര മുമ്പോട്ടു നടക്കും. ഒരു പത്തുവാര ചെന്നാൽ, കണ്ണടച്ചു് തലയും താഴ്ത്തി നിൽക്കുന്ന ആട്ടിൻപറ്റത്തെ കാണാം. മനുഷ്യന്റെ കാൽപ്പെരുമാറ്റം കേട്ടാൽ അവ കരയും. തലയുയർത്തി നോക്കും: തിന്നാൻ വല്ലതും കൊണ്ടുവന്നിട്ടുണ്ടോ?”
വിലങ്ങനെ കെട്ടിനിർത്തിയ ഒരു മരത്തടിയുണ്ടു്. അതിനടുത്തു റാന്തൽ തറയിൽ വെയ്ക്കും. പിന്നെ ആടുകളിൽ ഓരോന്നിനെ പിടിക്കും. കഴുത്തു മരത്തടിയിൽ ചേർത്തുവെയ്ക്കും. കത്തി ഉയർത്തും…
ഫർണാണ്ടസ് അതുവരെ എല്ലാം സൂക്ഷിച്ചുനോക്കും. കത്തി ഉയർത്തിക്കഴിഞ്ഞാൽ കണ്ണടയ്ക്കും. പിന്നെ ആടുകൾ ഒറ്റയായും കൂട്ടായും കരയുന്നതു കേൾക്കാം. ഇടതടവില്ലാതെ മരത്തടിയിൽ കത്തി വീഴുന്നതും കേൾക്കാം. എല്ലാം കഴിഞ്ഞു പേടിപ്പെടുത്തുന്നൊരു നിശ്ശബ്ദത പരക്കും. അതു് അധികനേരം നീണ്ടുനിൽക്കാൻ പരൈര സമ്മതിക്കില്ല.
“എടീ, മനുഷ്യസ്നേഹമില്ലാത്ത പിശാചേ!” ഇത്തവണ കൂടുതൽ ഉച്ചത്തിലാവും വിളിച്ചുപറയൽ. ശബ്ദം ഉറങ്ങുന്ന ഭാര്യയുടെ ചെവിട്ടിൽ വന്നെത്തണം. “എടീ, എന്റെ കൈ പൊക്കാൻ വയ്യാതായി. നിന്റെ മക്കളിലൊന്നിനെ ഇങ്ങു പറഞ്ഞയച്ചാലെന്തുവേണം? രണ്ടെണ്ണത്തിനെ വെട്ടിയാലെന്താ, തടി ഉരുകിപ്പോന്നോ? നാളെ അവറ്റ ചെയ്യേണ്ട തൊഴിലാണിതു്. ഒന്നു കണ്ടു പഠിക്കാനെങ്കിലും പറഞ്ഞയച്ചുകൂടേ? കുരുത്തം പിടിക്കില്ലെടീ, നീയും നിന്റെ മക്കളും.”
ഫർണാണ്ടസ് ഇതൊക്കെ കേൾക്കാനും കാണാനും തുടങ്ങീട്ടു് എട്ടു വർഷം കഴിഞ്ഞു. എത്രമാത്രം നശിച്ച സ്ഥലം! രക്തത്തിന്റെ മടുപ്പിക്കുന്ന മണം മൂക്കിലേക്കു തുളച്ചുകയറുന്നു. എട്ടുകൊല്ലം പരിചയിച്ചിട്ടും ഛർദ്ദിക്കാൻ തോന്നുകയാണു്. ജോലി കഴിഞ്ഞു താവളത്തിലെത്തിയ ഫർണാണ്ടസ് ഇടവും വലവും നോക്കാതെ അന്നു പായച്ചുരുൾ നിവർത്തി ഒരിടത്തു കിടന്നു. അതിഭയങ്കരമായ ക്ഷീണം. കന്മതിൽകെട്ടുകളെ ഭേദിച്ചു് കാറ്റ് അകത്തു കടക്കില്ല. ഭൂമിയിൽ നിന്നു കടുത്ത ചൂടു പൊങ്ങുകയാണു്.
ആ നശിച്ച സ്ഥലത്തു കാലെടുത്തുവെച്ചു് മുഹൂർത്തത്തെ അവൻ ശപിച്ചു. ഐദ്രോസ് ഭാഗ്യവാനാണു്. അവനെ അവർ അന്നു കപ്പലിൽവെച്ചു കൊന്നിട്ടുണ്ടാവും. കൊല്ലപ്പെടാൻകൂടി യോഗ്യമില്ലാത്ത തന്റെ ദുരവസ്ഥയോർത്തു ഫർണാണ്ടസ് ദുഃഖിച്ചു. എട്ടുകൊല്ലമേ കഴിഞ്ഞുള്ളു. ഇനി പന്ത്രണ്ടുകൊല്ലംകൂടി ഛർദ്ദിപ്പിക്കുന്ന ആ മണവും സഹിച്ചു കിടക്കണം. പ്രഭാതത്തിൽ ആടുകളുടെ നിലവിളി കേൾക്കണം. പരൈരയുടെ ശകാരവും. നിർബന്ധത്തൊഴിൽ സേവനത്തിനു ശിക്ഷിച്ചതാണു്. ഇരുപതു കൊല്ലത്തേക്കു്. അതോർത്തപ്പോൾ അന്നത്തെ വിചാരണയും കോടതിയുമെല്ലാം അവന്റെ കൺമുമ്പിൽ തെളിഞ്ഞുനിന്നു.
ആദ്യമായി ഒരു നീതിന്യായക്കോടതിയിൽ കയറുകയാണു്. കപ്പലിൽവെച്ചു ലഹളകൂടി, നിയമം ലംഘിച്ചു എന്നിങ്ങനെ പല കുറ്റവും അവന്റെ പേരിൽ ചുമത്തി. ഗൂഢാലോചനയിൽ പങ്കെടുത്തെന്നു പറഞ്ഞു് വേറെയും അടിമകളെ അതിലുൾക്കൊള്ളിച്ചു. എല്ലാവരെയും ഗോവയിലെ ന്യായപീഠത്തിനു മുമ്പിൽ ഹാജരാക്കി.
ഒരു പ്രഹസനംപോലെ എന്തൊക്കെയോ നടന്നു. സാക്ഷികൾമൊകൊടുത്തു. ഒന്നാംസാക്ഷി ജോ ഡിസിൽവയായിരുന്നു. കപ്പിത്താനും സൈന്യാധിപനുമായ ആ മനുഷ്യൻ തന്റെ ഓദ്യോഗിക വേഷത്തിൽ അന്തസ്സോടെ കടന്നുവന്നു സാക്ഷിക്കൂട്ടിൽക്കയറി. ന്യായാധിപനെ വന്ദിച്ചു വേദപുസ്തകം പിടിച്ചു് ആണയിട്ടു് നീണ്ടൊരു പ്രസംഗം ചെയ്തു. വിശദാംശങ്ങൾ മുഴുവനും മനസ്സിലായില്ലെങ്കിലും തന്റെ പരിമിതമായ ഭാഷാപരിജ്ഞാനം അനുവദിക്കുന്നത്ര കാര്യങ്ങളെ ഫർണാണ്ടസ് ആ പ്രസംഗത്തിൽനിന്നു് തപ്പിപ്പിടിച്ചെടുത്തു.
നിയമവിരോധമായി സംഘംചേരൽ, യജനമാനൻമാർക്കെതിരായ ഗുഢാലോചന, വധോദ്യമം, ആയുധം ധരിച്ചു ലഹളയ്ക്കൊരുമ്പെടൽ, നിയമലംഘനം, കൊലപാതകം-അങ്ങനെ പല കുറ്റങ്ങളും ചുമത്തപ്പെട്ടിരുന്നു.
ജോ ഡിസിൽവയ്ക്കു പുറമെ വേറെയും സാക്ഷികളെ വിസ്തരിച്ചു. എല്ലാവരും പറഞ്ഞതു് ഒരേകാര്യം. ആർക്കും സംശയമുണ്ടായിരുന്നില്ല. തെളിവുകൾ മുഴുവനും കേട്ടു കഴിഞ്ഞ ന്യായാധിപൻ ഒരു നെടുവീർപ്പോടെ നിവർന്നിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ കുറ്റവാളികളെന്നു മുദ്രയടിക്കപ്പെട്ടവരുടെ മുഖങ്ങളിൽ ഒരു പര്യടനം നടത്തി. അതു കഴിഞ്ഞു ജൂറിമാരോടു രണ്ടു വാക്കു സംസാരിച്ചു. വിശ്രമത്തിനു കോടതി പിരിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു.
ഫർണാണ്ടസ് ആലോചിച്ചു: എല്ലാം തുറന്നു പറയാനൊരു സന്ദർഭംകിട്ടി. അപ്പോൾ വെടിപ്പൊളിച്ചു പറയണം. ആരെയും ഭയപ്പെടേണ്ട കാര്യമില്ല. പ്രതികൾക്കു് തങ്ങളുടെ നില വിശദീകരിക്കാൻ അവസരം കിട്ടും. അങ്ങനെ പതിവുണ്ടു്. നാട്ടിലായപ്പോൾ അവിടെ കുറ്റവിചാരണ നടന്നതിന്റെ ചില കഥകൾ അവൻ പറഞ്ഞുകേട്ടിട്ടുണ്ടു്. പറയേണ്ടതെല്ലാം അവൻ ആലോചിച്ചുറപ്പിച്ചു. ഒന്നും വിട്ടുപോവരുതു്. മറ്റൊരവസരം കിട്ടിയില്ലെന്നുവരും.
തണ്ടുവലിക്കുന്ന അടിമകളെ തല്ലിക്കൊന്നു കടലിൽ വലിച്ചെറിഞ്ഞിട്ടുണ്ടു്. അന്യന്മാരുടെ മുതൽ തട്ടിപ്പറിച്ചിട്ടുണ്ടു്. പെണ്ണുങ്ങളെ പിടിച്ചുകൊണ്ടുവന്നിട്ടുണ്ടു്. അക്രമം പ്രവർത്തിച്ചുതിനു പകരം ചോദിക്കാൻ വന്നവരാണു് ലഹളയുണ്ടാക്കിയതു്-അങ്ങനെ എല്ലാം വിവരിച്ചു പറയണം. അതു കേട്ടു നിതി ന്യായപീഠം ഞെട്ടി വിറയ്ക്കും. ഉള്ളിലുള്ളതു മുഴുവനും തുറന്നുപറയാൻ മാത്രം ഭാഷ സ്വാധീനമാണോ? അതാണു പേടി. ഫർണാണ്ടസ് തക്ക വാക്കുകൾ ആലോചിച്ചു കണ്ടുപിടിക്കാൻ തുടങ്ങി. കൂടുതൽ ആലോചിക്കാൻ ഇടകിട്ടിയില്ല. ഇടവേള കഴിഞ്ഞു. വീണ്ടും കോടതി ചേർന്നു.
ന്യായാധിപൻ ചുറ്റികകൊണ്ടു മേശപ്പുറത്തടിച്ചു ശബ്ദമുണ്ടാക്കി. അന്യായക്കാരുടെയും പ്രതികളുടെയും ജൂറിമാരുടെയും ശ്രദ്ധ തന്നിലേക്കാകർഷിച്ചു. കറുത്ത മേലങ്കിയും തലപ്പാവും ധരിച്ച ഒരു വൃദ്ധനെഴുന്നേറ്റു നിന്നു് ശ്വാസം വിടാതെ ദീർഘനേരം പ്രസംഗിച്ചു. അയാളുടെ പ്രസംഗം തീരുമ്പോൾ ന്യായാധിപനും ജൂറിമാരിൽ രണ്ടുപേരും കൂർക്കം വലിക്കുന്നുണ്ടായിരുന്നു. പ്രസംഗം അവസാനിപ്പിച്ചുകൊണ്ടു് അയാൾ മേശപ്പുറത്തു കൈമടക്കി ഉഗ്രമായി ഇടിക്കുന്നതിന്റെ ശബ്ദം കേട്ടു് ഉറങ്ങുന്നവർ ഉണർന്നു. ന്യായാധിപൻ ജൂറിമാരെ നോക്കി ചോദിച്ചു:
“പ്രതികൾ കുറ്റക്കാരാണോ?”
ജുറിമാർക്കു സംശയമുണ്ടായില്ല. അവർ എല്ലാവരും ചേർന്നു് ഒരേ സ്വരത്തിൽ ഉത്തരം പറഞ്ഞു:
“അതേ, കുറ്റക്കാരാണു്. കഠിനശിക്ഷ കൊടുക്കണം.”
അടുത്ത നടപടി പ്രതികളോടു വിശദീകരണം ആവശ്യപ്പെടലാവുമെന്നു ഫർണാണ്ടസ് ധരിച്ചു. എല്ലാം തുറന്നു പറയാൻ ഒരുങ്ങി നിന്നു. കോടതി മുഴുവനും നിശ്ശബ്ദമായി ശ്രദ്ധിക്കുകയാണു്. ന്യായാധിപന്റെ ചുണ്ടിളകി.
ഇരുപതു കൊല്ലത്തെ തടവുശിക്ഷ! അത്രയും കാലം പ്രതിഫലം പറ്റാത്ത നിർബന്ധത്തൊഴിൽ സേവനം. മരണശിക്ഷയ്ക്കർഹരെങ്കിലും ദയാധികാരം ഉപയോഗിച്ചു കോടതി അവരെ കൊലക്കയറിൽനിന്നു രക്ഷപ്പെടുത്തുന്നു. ഇതാണു് ചുരുക്കത്തിൽ വിധി. വല്ലാത്ത ദയാധികാരം! അവിടെ തൂക്കിക്കൊല്ലാൻ വിധിക്കലാണു് ദയ. അതുണ്ടായില്ല.
എട്ടുകൊല്ലം തികച്ചും നിർബന്ധതൊഴിൽ സേവനമനുഷ്ഠിച്ചു. പ്രഭാതത്തിൽ എന്നും പരൈരയുടെ മുഖം കണ്ടു. അവന്റെ തെറി വാക്കുകൾ കേട്ടു. ആടുകളുടെ നിലവിളി കേട്ടു; അവന്റെ ഭാര്യയുടെ കൂർക്കം വലിയും ആട്ടിൻ കഴുത്തിൽ വീഴുന്ന കത്തിയുടെ ശബ്ദവും കേട്ടു. ഇനി നാളെ പ്രഭാതത്തിലും അതു കേൾക്കണം.
മൂക്കറ്റം കള്ളു കുടിച്ചു് ആടിപ്പാടി വരുന്ന പരൈരയുടെ ശബ്ദം കേൾക്കുന്നു. പെയ്യാൻവേണ്ടി ഒരുങ്ങിപ്പിടിച്ചു വന്ന മേഘങ്ങൾ ആകാശത്തുനിന്നു പിൻവാങ്ങി. നക്ഷത്രങ്ങൾ തെളിഞ്ഞു. പകൽ മുഴുവനും കരിങ്കൽപ്പാറയോടു പടവെട്ടിത്തളർന്നാണു് വന്നു കിടന്നതു്. നക്ഷത്രങ്ങൾ തെളിഞ്ഞ ആകാശം കണ്ടപ്പോൾ അവിടെയും ആരോ കരിങ്കൽപ്പാറ വെട്ടിപ്പൊളിക്കുന്നുണ്ടെന്നു ഫർണാണ്ടസ്സിനു തോന്നി. നിറച്ചും കരിങ്കൽച്ചില്ലുകൾ ചിതറിക്കിടക്കുന്നു.
ഇരുപതുകൊല്ലത്തെ ശിക്ഷാവിധി കഴിഞ്ഞാലും കരിങ്കൽപാറ ബാക്കിയുണ്ടാവും. അത്രയും വലിയ പാറയാണു്. ഇടിച്ചാലും പൊളിച്ചാലും അനങ്ങില്ല. ഉച്ചവെയിലിൽ ചുറ്റിക ചെന്നു വീഴുമ്പോൾ തീപ്പൊരികൾ ചാടിവീഴാറുണ്ടു്. ഒരു ദിവസം ആ തീപ്പൊരി ആളിക്കത്തും. ഭൂമി മുഴുവനും അന്നു വെണ്ണീറാവും. അന്നു മോചനത്തിന്റെ ദിവസമായിരിക്കും. മറ്റൊന്നും ആശിക്കാനില്ലാഞ്ഞിട്ട പൊങ്ങിപ്പരക്കുന്ന തീപ്പൊരികൾകൊണ്ടു് അടിമകൾ ആകാശക്കോട്ട കെട്ടി. തളർന്നു കിടക്കുമ്പോഴും മതികെട്ടുറങ്ങുമ്പോഴും മനസ്സിലൊരു കൂറ്റൻ കരിങ്കൽപാറ, കാട്ടാനയെപ്പോലെ, എപ്പോഴും മസ്തകമുയർത്തിനിന്നു.
പതിവിനു വിപരീതമായി അന്നു പട്ടാളക്കാർ പുതിയ സന്ദേശവും കൊണ്ടുവന്നെത്തി. പിറ്റേന്നു മുതൽ പാറ തല്ലിപ്പൊളിക്കേണ്ടതില്ല. അതു താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. എല്ലാവരും വെള്ളംമുക്കി നിരത്തുകൾ നനയ്ക്കണം. വേനൽക്കാലത്തെ പൊടിയിൽനിന്നു പട്ടണവാസികളെ രക്ഷിക്കാൻ അധികൃതന്മാർ ദയ വിചാരിച്ചതല്ല. പട്ടണം മോടിപിടിപ്പിക്കുന്ന പരിപാടികളിൽ ഒന്നായിരുന്നു അതു്.
പുതിയ വൈസ്രോയി വരുന്നു. പറങ്കികൾ, അറബിക്കടൽത്തീരത്തു കപ്പലടുപ്പിച്ചിട്ടു് നൂറുകൊല്ലം തികയുന്നു. മാത്രമല്ല. അതിവിചിത്രമായ മറ്റൊരു സംഭവവികാസംകൂടി ആ ആഘോഷത്തിന്നു നിറപുകിട്ടു നൽകുന്നു. ഭാരതത്തിന്റെ പടിഞ്ഞാറൻതീരവുമായി വ്യാപാരബന്ധം സ്ഥാപിച്ചതും മലനാട്ടിന്റെ മണ്ണിൽ ആദ്യമായി കാലുകുത്തിയതും വാസ്കോഡിഗാമയായിരുന്നു. അവിസ്മരണീയമായ ആ മുഹൂർത്തത്തെ തുടർന്നു് പലതും സംഭവിച്ചു. കപ്പലുകൾപലതും വന്നു. പട്ടാളക്കാർ വന്നു. ഏറ്റുമുട്ടലുകളും പിടിച്ചടക്കലുകളുമുണ്ടായി. പിടിച്ചടക്കിയ സ്ഥലങ്ങളിൽ ഭരണം സ്ഥാപിച്ചു. വൈസ്രോയിമാരെ നിയമിച്ചു. പതിനഞ്ചു വൈസ്രോയിമാരുടെ ഭരണം നടക്കുമ്പോഴേക്കും നൂറു കൊല്ലം തികഞ്ഞു. പതിനാറാമത്തെ വൈസ്രോയിയായി അവരോധിച്ചു ഗോവയിലേക്കയയ്ക്കുന്നതു കുലകൂടസ്ഥനായ വാസ്കോഡിഗാമയുടെ പൗത്രൻ, ഫ്രാൻസിസ്ക്കോ ഡിഗാമയാണു്.
പുതിയ വൈസ്രോയിയുടെ വരവും ശതവാർഷികവും ആഘോഷിക്കാനുള്ള തിരക്കിലാണു് ഗോവ. ആഘോഷം കഴിയുന്നതുവരെ നിരത്തിൽനിന്നു് പൊടി പറക്കരുതു്. മഴ പെയ്യാത്തതുകൊണ്ടു് ജലക്ഷാമമുണ്ടെങ്കിലും നിരത്തുകൾ നനച്ചേ തീരൂ. പുതിയ വൈസ്രോയി വരുമ്പോൾ ചെമ്മണ്ണു് പാറി കെട്ടിടങ്ങളും മറ്റും നിറം മങ്ങി കിടക്കരുതു്. ഗോവയെ അനുഗ്രഹിച്ചുകൊണ്ടു് ഇരുഭാഗത്തും നദികളൊഴുകുന്നുണ്ടു്. വേണ്ടിവന്നാൽ നദികളിൽ നിന്നും വെള്ളം കൊണ്ടുവന്നെങ്കിലും നിരത്തുകൾ നനയ്ക്കണമെന്നു് ഉദ്യോഗസ്ഥ പ്രമുഖരും പൗരപ്രമാണിമാരും കൂടി തീരുമാനമെടുത്തു. പാറ വെട്ടിപ്പൊളിക്കുന്ന തൊഴിലവസാനിപ്പിച്ചു അടിമകൾ നിരത്തുകൾ നനയ്ക്കട്ടെ എന്നവർ നിർദ്ദേശിച്ചു.
അന്നു സന്ധ്യവരെ വെട്ടിപ്പൊളിച്ചാൽ തീരാത്ത കരിങ്കൽപാറയോടായിരുന്നു സമരം; പിറ്റേന്നു പുലർന്നാൽ അടവൊന്നു മാറ്റണം. മുക്കിയാൽ തീരാത്ത നദീജലത്തോടു സമരം പ്രഖ്യാപിക്കണം. അടിമകളെ സംബന്ധിച്ചു് അദ്ധ്വാനത്തിനു കുറവൊന്നുമില്ല. എങ്കിലും ഉഷ്ണകാലത്തു വെള്ളം നനയ്ക്കുന്ന ജോലി നിർദ്ദേശിച്ചല്ലോ. പറങ്കികൾക്കു ദയയില്ലെന്ന ആരോപണം കുറേശ്ശെ തിരുത്തിയെഴുതേണ്ട കാലം വരുന്നു.
നഗരശുചീകരണവും പരിഷ്കരണവും വളരെ വേഗത്തിൽ പുരോഗമിച്ചു. വീഥിയോരത്തുള്ള കെടിടങ്ങളിൽ പുതിയ വാതിൽമറയും ജാലകമറയും പ്രത്യക്ഷപ്പെട്ടു. ചായപ്പണികൾ പുതുക്കി. എല്ലാ തെരുവുകളിലും കമാനങ്ങൾ കെട്ടിയൊരുക്കി. എല്ലാ മുക്കിലും മൂലയിലും തോരണങ്ങൾ തുക്കി. കെട്ടിടങ്ങളുടെ മുകളിലും നിരക്കെ നാട്ടിയ കാലുകളിലും പോർച്ചുഗീസ് പതാകകൾ പാറി. പതുക്കെപ്പതുക്കെ തെരുവീഥികളിൽ ആൾത്തിരക്കു വർദ്ധിച്ചു.
ഗോവയുടെ ജാതകത്തിലെ ഏറ്റവും നിറപ്പകിട്ടുള്ള ദിവസം പുലരുകയാണു്. വൈസ്രോയിയെ വഹിച്ചു കൊണ്ടുവരുന്ന കപ്പൽ പാതിരാവിൽ തുറമുഖത്തടുത്തുവെന്നു് ആചാരവെടികൾ വിളിച്ചറിയിച്ചു. നഗരവാസികൾ അന്നുറങ്ങിയില്ല. നേരം പുലരാഞ്ഞിട്ടു ധൃതിയായി. ചിലർ സൂര്യന്റെ കർത്തവ്യബോധത്തെ ആക്ഷേപിച്ചു. മറ്റു ചിലർ നേരം പുലരാൻ കാക്കാതെ തുറമുഖത്തേക്കോടി. പെണ്ണുങ്ങൾ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നു ചുണ്ടിനു ചായം കയറ്റിയും മുഖത്തു മായുംതോറും വെള്ളപ്പൊടി പൂശിയും സമയം പോക്കി. എത്ര ചമഞ്ഞിട്ടും കണ്ണാടിയിൽ നോക്കുമ്പോൾ മതിയായില്ലെന്നൊരു തോന്നൽ. നേരം വേഗത്തിൽ പുലർന്നുപോയെങ്കിലോ എന്നു് അവർ അത്രമാത്രം ഭയപ്പെട്ടു. ചുണ്ടിലെ ചായത്തിലോ കവിളിലെ വെള്ളപ്പൊടിയിലോ മാത്ര കുറയാനും കൂടാനും പാടില്ലെന്നവർക്കു നിർബന്ധമുണ്ടു്. വൈസ്രോയി ചെറുപ്പക്കാരനാണു്, കോമളനാണു്. ജനലക്ഷങ്ങളെ കടാക്ഷിച്ചുകൊണ്ടു കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയിൽ പെടുന്നതു് ആരാണെന്നു മുൻകൂട്ടി ഊഹിക്കാൻ വയ്യാ.
ആകാശത്തിന്റെ കിഴക്കേച്ചരുവിൽ സൂര്യനും ചില ചായപ്പണികൾ നടത്തി. പച്ചക്കുന്നുകളുടെ തലപ്പിൽ സ്വർണപ്പട്ടമണിയിച്ചു് ആനക്കുട്ടികളെപ്പോലെ വരിവരിയായി ഒതുക്കിനിർത്തി; ഒരു ഘോഷയാത്രയ്ക്കൊരുക്കിയപോലെ പട്ടണം ഇളകിമറിഞ്ഞു. തുറമുഖം തൊട്ടു പ്രധാനവീഥികൾ മുഴുവനും ജനങ്ങൾ തിങ്ങിക്കൂടി. പൗരപ്രധാനികളും ഉദ്യോഗസ്ഥമുഖ്യരും പുതിയ വസ്ത്രം ധരിച്ചു തുറമുഖത്തു കാത്തുനിന്നു. വൈസ്രോയി കപ്പലിറങ്ങിയാൽ അവരുമായി പരിചയപ്പെടും. ഘോഷയാത്രയിൽ പങ്കെടുക്കാനുള്ള വാഹനങ്ങൾ ഒരുങ്ങിനിൽക്കുന്നു. വൈസ്രോയിയെ വഹിക്കാനുള്ള മനോഹരമായ രഥത്തിനു് ഏഴു വെള്ളക്കുതിരകളെയാണു് പൂട്ടിയതു്. വെൺചാമരംപോലുള്ള വാലിട്ടിളക്കിയും നിലത്തു കുളമ്പുകളിട്ടിച്ചും കുതിരകൾ അക്ഷമ പ്രദർശിപ്പിക്കുന്നു.
ആചാരവെടികളുടെ ശബ്ദകോലാഹലത്തിൽ മുങ്ങിക്കുളിച്ചുകൊണ്ടു് വൈസ്രോയിയും കൂട്ടുകാരും രത്നകംബളം വിരിച്ച തുറമുഖപ്പടവുകളിൽ കാലൂന്നി പതുക്കെ നടന്നു. യുവകോമളനായ വൈസ്രോയി ജനങ്ങളുടെ കണ്ണിനു സദ്യ നൽകി. അത്ര ചെറുപ്പവും സൗന്ദര്യവുമുള്ള വൈസ്രോയി ഗോവയിലതുവരെ വന്നിട്ടില്ല.
ഘോഷയാത്ര പുറപ്പെട്ടു. മലിനമായ യാതൊന്നും നഗരപരിസരത്തിൽപ്പോലും കാണാൻ പാടില്ലെന്നാണു് കൽപ്പന. അടിമകളെ കുളിപ്പിച്ചു ശുഭ്രവസ്ത്രമണിയിച്ചു് ഒരു പ്രത്യേകസ്ഥലത്തു് ഒതുക്കി നിർത്തിയിരുന്നു. വൈസ്രോയിയെ കാണാനുള്ള മഹാഭാഗ്യം ആർക്കും നിഷേധിക്കാൻ പാടില്ലല്ലോ. ഫർണാണ്ടസ് നിർവ്വികാരനായി നോക്കിനിന്നു. മുമ്പിലൂടെ കടന്നുപോകുന്ന ഘോഷയാത്രയോ വെള്ളക്കുതിരകളെ പൂട്ടിയ രഥമോ യുവകോമളനായ വൈസ്രോയിയോ അവന്റെ ശ്രദ്ധയിൽ പെട്ടില്ല. നീലാകാശവും പച്ചുക്കുന്നുകളും മനഃശ്ശാന്തിയോടെ നോക്കിക്കണ്ടിട്ടു് കൊല്ലങ്ങൾ കഴിഞ്ഞു. ആരുടെ അലട്ടുമില്ലാതെ കണ്ണും മനസ്സും ആകാശത്തിൽ പാറിക്കളിച്ചു. കുന്നുകൾക്കപ്പുറത്തു് വെളിച്ചത്തിന്റെ മഹാസാമ്രാജ്യത്തിൽ കൊച്ചുകുരുവികൾ കൂട്ടംചേർന്നു പാറുന്നു. തമ്മി മുട്ടിയിരുമ്മിയും സ്നേഹിച്ചും ചെവിട്ടിൽ മന്ത്രിച്ചും അവ മരക്കൊമ്പുകളിലിരിക്കുന്നു. ഒറ്റവീർപ്പിനു് എല്ലാംകൂടി പയറുവിത്തെറിയുംപോലെ ആകാശത്തിൽ പറക്കുന്നു.
പറവകൾക്കുപോലും നിഷേധിക്കാത്ത സ്വാതന്ത്ര്യം അവനിന്നു് അജ്ഞാതമാണു്. സ്വാത്രന്ത്ര്യത്തിന്റെ രുചിപോലും മറന്നുപോയി. സൃഷ്ടികർത്താവിനു് അവനെ ഒരു പറവയാക്കാമായിരുന്നു. ആകാശത്തിന്റെ ഏതെങ്കിലുമൊരു കോണിൽ തോന്നുമ്പോൾ പറക്കാനുള്ള സ്വാതന്ത്ര്യം ഒരു പറവയ്ക്കുണ്ടു്. മനുഷ്യനെ മനുഷ്യൻ ചങ്ങലയ്ക്കിടുന്നു. അടിമയാക്കുന്നു; നിർബന്ധിച്ചു ജോലി ചെയ്യിക്കുന്നു; മർദ്ദിക്കുന്നു. ഒരു പറവയക്കുള്ള ഹൃദയവിശാലതയോ ബുദ്ധിയോ അവനില്ല. മനുഷ്യൻ അധഃപ്പതിക്കുകയാണു്.
അവിടെ സ്വാതന്ത്ര്യമുണ്ടു്-ആ അപാരതയിൽ. അവിടെ ചെന്നു പറ്റാനുള്ള മാർഗംമാത്രം അറിയപ്പെടാതെ കിടക്കുന്നു. വൈസ്രോയിയുടെ രഥം അവനെ കടന്നുപോയി. അവൻ അറിഞ്ഞില്ല. ഹൃദയഭാരം വർദ്ധിച്ചുവരുന്നു. കണ്ണുകൾ നനയാൻ തുടങ്ങി. ആ നീലിച്ചുനിൽക്കുന്ന ആകാശത്തിന്റെ കീഴിൽ എവിടെയോ വളയക്കടപ്പുറമുണ്ടു്. അവിടെ അവനിന്നാരെപ്പറ്റിയും ചിന്തിക്കാനില്ല. പാഞ്ചാലിയുടെ അന്ത്യം എന്തെന്നു് അവൻ ഊഹിച്ചു; ഐദ്രോസിന്റെയും. വളയക്കടപ്പുറം മുഴുവൻ ശവക്കുഴികളാണു്. എല്ലാവരും മണ്ണിന്നടിയിൽ പോയി. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു് ഗദ്ഗദം കുമിളകൾപോലെ ഉയരുന്നു! ‘കഷ്ടം!’ ജീവിതം മുഴുവനും രണ്ടക്ഷരങ്ങളിലേക്കു ചുരുങ്ങിവന്നു നിൽക്കുന്നു.
“കഷ്ടം!” അവൻ അറിയാതെ പറഞ്ഞുപോയി. ഘോഷയാത്രയും കടന്നുപോയി.
ശതവാർഷികാഘോഷം ഏഴു ദിവസമാണു്. പകലും രാത്രിയും ഒരുപോലെ വിനോദങ്ങൾ പലതും നടന്നു. പുതിയ വൈസ്രോയിക്കു നഗരത്തിന്റെ പല ഭാഗത്തും പൗരസ്വീകരണം ഏർപ്പെടുത്തി. പരൈരയുടെ പ്രഭാതം കൂടുതൽ ശ്രമാവഹമായിത്തീർന്നു. ബലിമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചതുകൊണ്ടു് കൊലക്കത്തി പലതവണ അണയ്ക്കേണ്ടിവന്നു. നേർത്തെ ഉണരേണ്ടിവന്നു. ഭാര്യയെ പലവട്ടം ശകാരിക്കേണ്ടിവന്നു.
നഗരപ്രാന്തത്തിലുള്ള വിശാലമായ മൈതാനത്തിലാണു് സമാപനദിവസത്തെ ചടങ്ങുകൾക്കുള്ള വേദി സജ്ജീകരിച്ചതു്. അന്നു പുതുമ കൂടിയതും വിചിത്രവുമായ ഒരിനംകൂടി ആഘോഷപരിപാടികളിൽ ഉൾപ്പെടുത്തിയതുകൊണ്ടു് കൂടുതൽ ജനത്തിരക്കു പ്രതീക്ഷിച്ചിരുന്നു. കൊച്ചിയിൽ നിന്നുവരുത്തിയ നാടകസംഘത്തിന്റെ കഴിവുകൾ കാലേകാണാൻ എല്ലാ നഗരവാസികളും എത്തിച്ചേരണമെന്നു് അധികൃതന്മാർ നിർബന്ധിക്കുക കൂടി ചെയ്തിരുന്നു.
ഫർണാണ്ടസ് അടക്കമുള്ള അടിമകളെയും നാടകം കാണാൻകൊണ്ടുപോയി. സന്ധ്യയ്ക്കുമുമ്പുതന്നെ മൈതാനം നിറഞ്ഞുകഴിഞ്ഞു. ഉയർത്തിക്കെട്ടി, അലങ്കരിച്ചൊരുക്കിയ മണ്ഡപത്തിൽ വൈസ്രോയിക്കു പ്രത്യേകമായും മറ്റു പ്രധാനികൾക്കു് സ്ഥാനമാനങ്ങൾക്കനുസൃതമായ മട്ടിലും ഇരിപ്പിടങ്ങൾ ഉണ്ടാക്കിയിരുന്നു.
നാടകം ആരംഭിക്കുന്നതിനുമുമ്പു് ഇതിവൃത്തത്തെക്കുറിച്ചൊരു പ്രസംഗമുണ്ടായി. പശ്ചിമയൂറോപ്പിലെ പ്രസിദ്ധനായ കാറൽമാൻ ചക്രവർത്തിയും പശ്ചിമേഷ്യയിലെ സുശക്തനായ തുർക്കിചക്രവർത്തി അൾബിരാന്തും തമ്മിൽനടന്ന യുദ്ധത്തിന്റെ ചരിത്രമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം.
യവനിക നീങ്ങിയപ്പോൾ പാട്ടുപാടിയും നൃത്തംവെച്ചും കാറൽമാൻ ചക്രവർത്തിയുടെ പാരിമാർ എന്നറിയപ്പെടുന്ന പന്ത്രണ്ടു വീരാഗ്രണികളായ പടനായകന്മാർ രംഗപ്രവേശം ചെയ്യുന്നു. പോർച്ചട്ടയും ഉരുക്കുതൊപ്പിയും ധരിച്ചു്, വാളും കുന്തവുമേന്തി രംഗത്തെത്തിയ ആ പടനായകന്മാരെ ഫർണാണ്ടസ് വിടർന്ന കണ്ണുകളോടെ നോക്കിക്കണ്ടു. കൊള്ളാം. പാരിമാർ ചക്രവർത്തിയോടൊപ്പം ജറുസലേമിനെ മോചിപ്പിക്കാൻ പോകുകയാണു്. അൾബിരാന്തു ചക്രവർത്തി ജറുസലേമിനെ കീഴടക്കുകയും അവിടേക്കുള്ള തീർഥാടകരെ തടയുകയും ചെയ്തിരിക്കുന്നു.
ജറുസലേമിൽവെച്ചു് അൾബിരാന്തു ചക്രവർത്തിയും അനുയായികളും കാറൽമാൻ ചക്രവർത്തിയും പാരിമാരും കൂട്ടിമുട്ടി. ആവേശജനകമായയുദ്ധം. പാരിമാരുടെ വാൾച്ചീറ്റത്തിനു മുമ്പിൽ അൾബിരാന്തു ചക്രവർത്തിയും അനുയായികളും വിരണ്ടു. നിൽക്കക്കള്ളി മുട്ടി അവർ പിൻതിരിഞ്ഞോടി. പ്രേക്ഷകർ കൈയടിച്ചാർത്തു് അഭിനേതാക്കളെ പ്രശംസിക്കുന്നതോടൊപ്പം യവനിക വീണു.
അഭിനയമായാലും യുദ്ധം അതിന്റെ മുറ്റപകാരം പ്രദർശിപ്പിച്ചു. നല്ല അഭ്യാസബലമുള്ള അഭിനേതാക്കൾ. കച്ച കെട്ടി കളരിയിൽ അഭ്യസിക്കാത്തവർക്കു് അത്ര ലാഘവത്തോടെ യുദ്ധമുറകൾ പ്രദർശിപ്പിക്കാൻ കഴിയുകയില്ലെന്നു ഫർണാണ്ടസ്സിനുതോന്നി. അവിടെ ചെന്നിരുന്നതും ആ ആഘോഷത്തിൽ പങ്കെടുത്തതും അവനൊരു നഷ്ടമായി കണക്കാക്കുയില്ല.
പിന്നെയും രംഗങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. പച്ചപ്പട്ടുകൊണ്ടുള്ള ഉടുപ്പും അർദ്ധചന്ദ്രാകൃതിയിലുള്ള മുദ്രപതിച്ച തൊപ്പിയും ധരിച്ച അൾബിരാന്തു ചക്രവർത്തിയുടെ മകനായ ഫെരബ്രോസും കൂട്ടുകാരും രംഗത്തെത്തി. തന്റെ പിതാവിനെ തോൽപിച്ചവരോടു പകരം ചോദിക്കാൻ പ്രതിജ്ഞയെടുത്തുകൊണ്ടുള്ള പുറപ്പാടാണു്.
പാരിമാരെ യുദ്ധത്തിൽ തോല്പിച്ചു് അവരിൽ കേമനും ആയുധമെടുത്തവരിൽ മുമ്പനുമായ ഗൊയിദവർകൊഞ്ഞിനെ പിടിച്ചുകെട്ടി അവൾക്കു കാഴ്ചവെക്കാമെന്നു് ഫെരബ്രോസ് സഹോദരിയായ പ്ലോരിപ്പസ് രാജകുമാരിയോടു ശപഥം ചെയ്തുകൊണ്ടാണു് പോകുന്നതു്.
ഫെരബ്രാസിന്റെ പോർവിളിക്കു മറുപടി പറയാനെത്തിയതു പാരിമാരിൽ ഒരുവനായ ഒലിവരാണു്. കാഴ്ചയിൽ വളരെചെറുപ്പം. ഫെരബ്രാസ് അവനെ പുച്ഛിച്ചു. അവനുമായി യുദ്ധം ചെയ്യില്ലെന്നുവരെ പറഞ്ഞു. ഒടുവിൽ ചില വ്യവസ്ഥകൾക്കു കീഴടങ്ങി യുദ്ധമാരംഭിച്ചു. നല്ല യുദ്ധം. ഒലിവർ കാഴ്ചയിൽ ദുർബ്ബലനെങ്കിലും നല്ല അഭ്യാസബലമുള്ളവനാണു്. ഫർണാണ്ടസ് അവനെ അഭിനന്ദിച്ചു. ജനങ്ങൾ ആർത്തു വിളിച്ചു. യുദ്ധത്തിന്റെ അവസാനം ഫെരബ്രാസിന്റെ പരാജയത്തെ പ്രഖ്യാപിച്ചു. പക്ഷേ, ഒരു കുഴപ്പമുണ്ടായി; ഒളിവിലിരുന്നു യുദ്ധം വീക്ഷിച്ച ഫെരബ്രോസിന്റെ അനുയായികൾ ഒലിവരെ പിടിച്ചുകെട്ടി തടവുകാരനായി കൊണ്ടുപോയി.
സജീവമായ രംഗങ്ങൾ! ഇടയിൽ സന്ധിവന്നു. പിന്നെയും യുദ്ധമായി. ഗൊയിദവർകൊഞ്ഞിയടക്കമുള്ള പാരിമാർ അൾബിരാന്തു ചക്രവർത്തിയുടെ പിടിയിൽപ്പെട്ടു. അവരെ ഇരുട്ടറയിൽ അടച്ചു.
പ്ലോരിപ്പസ് രാജകുമാരി തന്റെ സഹോദരന്റെ വാഗ്ദാനമോർത്തു കഴിയുകയായിരുന്നു. ആയുധമെടുത്തവരിൽ മുമ്പനും പരമസുന്ദരനുമായ ഗൊയിദവർകൊഞ്ഞിനെ അവൾ മനസ്സാ ആരാധിച്ചു. തന്റെ ഭാവിവരനായി ആ വീരനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. അങ്ങനെ മനോരാജ്യത്തിൽ ദാമ്പത്യസുഖമുണ്ടു കഴിയുമ്പോഴാണു് ഗൊയിദവർകൊഞ്ഞിനെയും കൂട്ടുകാരെയും തന്റെ പിതാവു തടവുമുറിയിലടച്ച കഥ രാജകുമാരി മനസ്സിലാക്കുന്നതു്. അവൾ മനസ്സിടിവോടെ കരഞ്ഞു് തന്റെ കാമുകനെ മോചിപ്പിക്കാൻ ശപഥം ചെയ്തു പുറപ്പെട്ടു.
തടവുമുറിയിലെ കാവൽക്കാരെ അടിച്ചുവീഴ്ത്തി കാമുകനെയും കൂട്ടുകാരെയും രാജകുമാരി രക്ഷിച്ചു. തന്റെ അന്തഃപുരത്തിൽഅഭയം നൽകി. വിവരം കേട്ടു ക്ഷുഭിതനായ അൾബിരാന്തു ചക്രവർത്തി ഗൊയിദവർകൊഞ്ഞിനെ പിടിക്കാനും തൂക്കിലിടാനും തീരുമാനിച്ചു. തീരുമാനം നിറവേറ്റാൻ ചക്രവർത്തിക്കു കാലതാമസം വേണ്ടിവന്നില്ല.
പ്ലോരിപ്പസിന്റെ അന്തഃപ്പുരത്തിന്നടുത്തു് ഒരു പച്ചക്കുന്നിൽ കഴുമരം പണിതീർത്തു. ഗൊയിദവർകൊഞ്ഞിനെ അവിടെവെച്ചാണു് വധിക്കുന്നതു്. രാജകുമാരി നിസ്സഹായയായി അതു കണ്ടുനിൽക്കണം.
പ്ലോരിപ്പസിന്റെ കണ്ണുകൾ നിറഞ്ഞു; കവിളുകൾ നനഞ്ഞു. അവൾ തേങ്ങിത്തേങ്ങിക്കരഞ്ഞു. ഫർണാണ്ടസ്സിനു സഹിച്ചില്ല. തന്റെ ജീവിതകഥയിൽ നിന്നു് ഒരംശം അടതർത്തിയെടുത്തു രംഗത്തു പ്രദർശിപ്പിക്കുംപോലെ അവനു തോന്നി. നാടകവും രംഗവും പ്രേക്ഷകരും ഗോവയും വൈസ്രോയിയും അൾബിരാന്തും പ്ലോരിപ്പസ്സും അവന്റെ മനസ്സിൽ നിന്നു മാഞ്ഞു. ആ നിൽക്കുന്നതു പാഞ്ചാലിയാണു്. അവളുടെ കവിൾത്തടം നനയ്ക്കുന്ന കണ്ണുനീർ കാണാൻ വയ്യാ. ആ ഗദ്ഗദം കേൾക്കാൻ വയ്യാ. അതേ, അതു പാഞ്ചാലി തന്നെ. സംശയമില്ല. അവളുടെ പൊക്കൻ മരിച്ചിട്ടില്ല. അവനെ കൊല്ലാനും ഭാവമില്ല. ഇന്നല്ലെങ്കിൽ നാളെ, ഭാഗ്യം തുണച്ചാൽ, രക്ഷപ്പെടാം. രക്ഷപ്പെട്ടാൽ ഒരു നിമിഷം കളയാതെ ഒടിച്ചെന്നു് അവളെ വാരിയെടുത്തു് ആശ്വസിപ്പിക്കാം.
അവൾ പിന്നെയും കരയുന്നു. പൊക്കനെ അവൾ കാണുന്നില്ലേ? കണ്ടാലവൾ കരയില്ല. തീർച്ച. അവൾകാണട്ടെ. അവനെഴുന്നേറ്റുനിന്നു് ഉച്ചത്തിൽ വിളിച്ചു:
“പാഞ്ചാലീ!”
ഗൊയിദവർകൊഞ്ഞിന്റെ കഴുത്തിൽ കൊലക്കയർ വീണു. എല്ലാം അവസാനിച്ചെന്നു വിശ്വസിച്ചു നിൽക്കുമ്പോൾ റിച്ചാഡിന്റെ കുതിര മിന്നൽവേഗത്തിൽ രംഗത്തു ചാടിവീണു. റിച്ചാഡിന്റെ വാളുയർന്നു. കൊലക്കയർ മുറിഞ്ഞു. ഗൊയിദവർകൊഞ്ഞി രക്ഷപ്പെട്ടു. നാടകം അവസാനിച്ചു. ജനങ്ങൾ ആഹ്ലാദഭരിതരായി ബഹളംകൂട്ടിക്കൊണ്ടു പുറത്തുകടന്നു.
ഫർണാണ്ടസ്സിനു നടക്കാൻ വയ്യാ. തല ചുറ്റുന്നു.