images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
പതിനേഴു്

“കുംഭത്തിൽ മഴ പെയ്താൽ കുന്നൊക്കെ ചോറെ”ന്നാണു് വിശ്വാസം. കുംഭവും മീനവും കഴിഞ്ഞു. മഴ പെയ്തില്ല. ‘ഭരണി’ തണുത്തു ‘കാർത്തിക’ കായണം-അതാണു് ഞാറ്റുവേലക്രമം. ആ ക്രമവും തെറ്റി. ഭരണി ഞാറ്റുവേല തുടങ്ങി ദിവസം നാലഞ്ചായിട്ടും ഒരു മഴ പെയ്യാനുള്ള ലക്ഷണം കൂടി കണ്ടില്ല.

വല്ലാത്ത കാലം.

അമ്പലമുറ്റത്തും അരയാൽത്തറയ്ക്കലും ആളുകൾ തിങ്ങിക്കൂടി. തണുപ്പുകാറ്റിനു കാശ്മീർ കുങ്കുമത്തിന്റെ വീര്യം. ആലില ശിലാഹൃദയംപോലെ ഇളക്കമില്ലാതെ നിന്നു.

“വല്യമ്മാമേ, നിങ്ങളിങ്ങന്യൊരു കാലം കണ്ടിട്ടുണ്ടോ?”

എൺപതു കഴിഞ്ഞ കിഴവന്മാർക്കും ചുറ്റുംകൂടി ചെറുപ്പക്കാർ തിരക്കി.

“എന്റെ വയസ്സിൻ കീഴിൽ കണ്ടിട്ടില്ല, കുട്ട്യോളേ, ഒക്കെ നശിക്കാൻ പൂവ്വാണു്. നശിക്കട്ടെ. രാജാവിനു നേരും നെറിയുമില്ലെങ്കിൽ രാജ്യം നശിക്കും.”

കിഴവന്മാരുടെ മറുപടിയതാണു്. അതിവൃഷ്ടിയും അനാവൃഷ്ടിയും ദുർഭരണത്തിന്റെ ഒഴിച്ചുകൂടാത്ത ഫലങ്ങളാണു്; നാശങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും. രാജാവു ധർമമാർഗത്തിൽ നിന്നു വ്യതിചലിച്ചിരിക്കുന്നു.

ജനങ്ങൾ ഭയപ്പെട്ടു. സൈന്യങ്ങൾക്കിടയിൽപ്പോലും അസ്വാസ്ഥ്യം പടർന്നുപിടിച്ചു. സാമൂതിരിപ്പാടു പറങ്കികളോടു സന്ധി ചെയ്തതും കുഞ്ഞാലിമരയ്ക്കാർക്കെതിരെ യുദ്ധസന്നാഹം കൂട്ടിയതും ന്യായീകരിക്കാൻ വയ്യാത്ത നടപടികളായി ജനങ്ങൾ കണക്കാക്കി.

പ്രായക്കൂടുതലും അനുഭവജ്ഞാനവുമില്ലാത്ത രാജാക്കന്മാരുടെ കൈയിൽ ചെങ്കോൽകിട്ടിയാൽ ഇതും ഇതിലപ്പുറവും സംഭവിക്കുമെന്നു് പലരും ഉച്ചത്തിൽ പറഞ്ഞു. മുപ്പതു വയസ്സുമാത്രം പ്രായം ചെന്ന ഒരു യുവാവു തുരിമുടിപട്ടം ചാർത്തുന്നതു സാമൂതിരിരാജവംശത്തിന്റെ ചരിത്രത്തിൽ ഇദംപ്രഥമമാണു്. മൺമറഞ്ഞ ‘സാമൂതിരിപ്പാടമ്മാ’ന്മാർ നേടിവെച്ച മഹത്തായ പാരമ്പര്യം പുറംകാൽകൊണ്ടു തട്ടിത്തെറിപ്പിച്ചു്, രാജ്യം കൊള്ളയടിക്കാനും വിവരങ്ങൾ ചോർത്തിക്കൊണ്ടുപോവാനും വന്ന പറങ്കികളെ ‘വെള്ളയും കരിമ്പടവും’ വിരിച്ചു സ്വാഗതം ചെയ്യാൻ വിവേകമുള്ളവരാരും മുതിരുകയില്ലെന്നു മന്ത്രിമാരിൽ ചിലർപോലും അഭിപ്രായപ്പെട്ടു.

ആക്ഷേപങ്ങൾക്കൊന്നും രാജാവു ചെവികൊടുത്തില്ല. തന്റെ തീരുമാനത്തിലദ്ദേഹം ഉറച്ചുനിന്നു. മാനവിക്രമസ്വരൂപത്തെ അപമാനിച്ച കുഞ്ഞാലിമരയ്ക്കാരെ ഒരുപാഠം പഠിപ്പിച്ചേ അടങ്ങൂ എന്നദ്ദേഹം ശപഥം ചെയ്തു.

വെളിയന്നൂർക്കൂട്ടം, തച്ചോളിക്കുട്ടം, വിയ്യൂർക്കൂട്ടം, മുടാടിക്കുട്ടമെന്നിങ്ങനെ നാലു കൂട്ടവും, പയ്യനാട് ആറുകാതം നാടും എണ്ണായിരം നായന്മാരും ചേർന്നു് കുറുമ്പ്രനാട് കുഞ്ഞാലിമരയ്ക്കാരുടെ പക്ഷത്താണെന്നു ചാരന്മാർമുഖേന രാജാവു മനസ്സിലാക്കി. നിസ്സാരമാക്കി തള്ളേണ്ട കാര്യമല്ലതു്. കുറുമ്പ്രനാട്ടിലെ എതിർപ്പവസാനിപ്പിക്കാൻ അദ്ദേഹം മാർഗങ്ങളാരാഞ്ഞു. യുദ്ധം കഴിയുന്നതുവരെ തന്റെ സാന്നിദ്ധ്യം കുറുമ്പ്രനാട്ടിലുണ്ടായാൽ കുഴപ്പങ്ങളൊന്നും തലപൊക്കില്ലന്നദ്ദേഹം തീരുമാനിച്ചു. പരിവാരസമേതം രാജാവു് ഇരിങ്ങൽക്കോവിലകത്തേക്കു പുറപ്പെട്ടു.

മേടമാസത്തിലെ മുപ്പട്ടുഞായറാഴ്ച രാജാവും പരിവാരങ്ങളും ഇരിങ്ങൽക്കോവിലകത്തെത്തി. തിങ്കളാഴ്ച രാവിലെ സുപ്രസിദ്ധ ജ്യോത്സ്യനായ അരീക്കര കണാരപ്പണിക്കരെ വരുത്തി സ്വർണ്ണപ്രശ്നം ആരംഭിച്ചു. അതു മൂന്നു ദിവസം നീണ്ടുനിന്നു. ഒട്ടേറെ പ്രമാണങ്ങൾ ചൊല്ലിയും അർത്ഥം പറഞ്ഞു വ്യാഖ്യാനിച്ചും മുന്നാം ദിവസം കണാരപ്പണിക്കർ ഒരു തീരുമാനത്തിലെത്തി. കുഞ്ഞാലിമരയക്കാരുമായുള്ള യുദ്ധം പരിപൂർണ വിജയത്തിലേ അവസാനിക്കുകയുള്ളൂ. യുദ്ധം ആരംഭിക്കുന്നതു് ബ്രാഹ്മമുഹൂർത്തത്തിലായിരിക്കണം. ചുറ്റും താടിക്കു കൈയും കൊടുത്തു ചടഞ്ഞിരുന്ന പണിക്കന്മാർ അതു കേട്ടു തുരുതുരെ ചോദ്യങ്ങൾ ചോദിച്ചു.

“എന്തുകൊണ്ടു് യുദ്ധാരംഭം മദ്ധ്യാഹ്നത്തിലായിക്കൂടാ? ഹിരണ്യകശിപുവിന്റെ വധം നടന്നതു് സന്ധ്യയ്ക്കല്ലേ? യുദ്ധമെന്തുകൊണ്ടു സന്ധ്യയ്ക്കാരംഭിച്ചുകൂടാ? ബ്രാഹ്മമുഹൂർത്തത്തിൽ യുദ്ധമാരംഭിക്കാൻ കഴിയാതെ പോയാൽ പരാജയം പറ്റുമോ?

കണാരപ്പണിക്കരുടെ നേർക്കു നുറുചോദ്യങ്ങൾ ശരംകണക്കു വന്നുവീണു. കുലുങ്ങുന്നവനല്ല കണാരപ്പണിക്കർ. എല്ലാം ശ്രദ്ധിച്ചു കേട്ട മഹാരാജാവിന്റെ മുഖത്തുനോക്കി വിനയാന്വിതനായി ഒന്നു മന്ദഹസിച്ചു്, ഉച്ചിയിൽ മൂന്നിഴ വെള്ളരോമം കഴുത്തെടുത്തുനിൽക്കുന്ന തല നാലഞ്ചുവട്ടം പതുക്കെ ഉഴിഞ്ഞു്, കണ്ണടച്ചാലോചിച്ചു് കണാരപ്പണിക്കർ ചോദ്യക്കാരുടെ നേർക്കു സമരത്തിനൊരുങ്ങി.

ബ്രാഹ്മമുഹൂർത്തത്തിൽത്തന്നെ യുദ്ധം ആരംഭിക്കണമെന്നു് കണാരപ്പണിക്കർ വാദിച്ചു സ്ഥാപിച്ചു. വിജയത്തിനു് അതത്യാവശ്യമാണെന്നു് പ്രമാണങ്ങൾ കുറച്ചൊന്നുമല്ല കണാരപ്പണിക്കർ ചൊല്ലിയതു് എല്ലാവരും സമ്മതിച്ചു. രാജാവും തലകുലുക്കി. നാളും പക്കവും മുഹൂർത്തവും കുറിച്ചു. യുദ്ധപരിശ്രമങ്ങളിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയും പൂർത്തിയായി.

രാജാവു് ഇരിങ്ങൽക്കോവിലകത്തു് എഴുന്നള്ളിയ വർത്തമാനം കേട്ട, പറങ്കികളുടെ കപ്പിത്താൻ ഒരു കൂടിക്കാഴ്ചയ്ക്കപേക്ഷിച്ചു. കൂട്ടായി പലതും ആലോചിച്ചുറപ്പിക്കേണ്ടതുണ്ടു്. രാജാവു് അനുമതി നൽകി.

കപ്പിത്താനെ സ്വീകരിക്കാൻ ഗംഭീരമായ ഒരുക്കങ്ങളാണു് കൂട്ടിയതു്. സഭാമന്ദിരം കമനീയമായി അലങ്കരിച്ചു. കുറുമ്പ്രനാട്ടിലെ നാടുവാഴികൾക്കു മുഴുവനും ‘നീട്ട’യച്ചു. എല്ലാവരും വരട്ടെ; കപ്പിത്താനെ സ്വീകരിക്കട്ടെ. വല്ലവരും വൈമുഖ്യം പ്രദർശിപ്പിച്ചുവെങ്കിൽ അവന്റെ കൂറുകേടറിഞ്ഞു കുറുമ്പടക്കിക്കളയാം.

കൂടിക്കാഴ്ചദിവസം പുലർന്നു. രാജാവു് നീരാട്ടുകുളിയും കഴിഞ്ഞു് ‘ചമയ’ സ്ഥലത്തെഴുന്നള്ളി. അവിടെ എല്ലാം ഒരുക്കി നന്ദാവനത്തിൽ നമ്പി കാത്തുനിൽപുണ്ടു്. ചമയം ചാർത്തൽ ആരംഭിച്ചു. വിദേശപ്രതിനിധികളെ സ്വീകരിക്കുമ്പോൾ എല്ലാ ചമയങ്ങളും അണിഞ്ഞു കൊള്ളണമെന്നാണു്.

ചുവപ്പുകല്ലുവെച്ച വൈരമാല, കാലിന്മേൽ ചാർത്തുന്ന കല്ലുവെച്ച തിരുവാഴി, കല്ലുവെച്ച വീരചങ്ങല, നാലു വലിയ മുത്തുക്കുല, നിലക്കല്ലിന്മേൽ ചുകപ്പും മുത്തും കോർത്ത കടുക്കൻ, കല്ലും മുത്തും കെട്ടിയ കടകം, മുപ്പത്താറു മണിയുള്ള എരക്കുമാല, പൊടുപ്പു കൂടിയ ഉന്മത്തം, പവിഴമാല മണിയുള്ള എലഞ്ഞിപ്പൂമാല, അതിന്മേൽ ആലിലയുടെ രൂപത്തിൽ വൈരംവെച്ച പതക്കം, പതിനാറരപിടിയുള്ള ചക്രമാല, കല്ലുവെച്ച തൃക്കൈവള, വൈരം വെച്ച നാഗപടമുള്ള കടകം, ചക്രവള, ചക്കമുള്ളൻ കൊത്തുവള, ചങ്ങള ഒടഞ്ഞാൺ, ശ്രീരാമ രൂപം കൊത്തിയ തിരുവാഴി എന്നിങ്ങനെ എടുത്താലും കൊടുത്താലും തീരാത്ത ചമയങ്ങൾ ക്രമപ്രകാരം രാജാവിനെ അണിയിച്ചുതീർന്നപ്പോഴേക്കു നന്ദാവനത്തിൽ നമ്പി തളർന്നു. നേരമങ്ങു് അതിക്രമിക്കുകയും ചെയ്തു.

കോവിലകത്തിന്റെ തിരുമുറ്റത്തും പരിസരപ്രദേശത്തും ജനങ്ങൾ തിങ്ങിക്കൂടീട്ടുണ്ടു്. നാടുവാഴികളിൽ മിക്കവരും എത്തിച്ചേർന്നിട്ടുണ്ടു്. തൊണ്ടീപ്പുനം, പോണാരിപ്പടിഞ്ഞാറ്റിടം, കണ്ണോത്തു്, പുത്തലത്തു്, അവിഞ്ഞാട്ടു്, കോമത്തു് തുടങ്ങിയ പ്രഭുകുടുംബങ്ങളിലെ വയസ്സുമൂപ്പുള്ള സ്ഥാനികളും വിയ്യൂരുനായർ, നെല്യോട്ടുനായർ, വെങ്ങളത്തു നായർ എന്നിങ്ങനെ പടമുമ്പിൽ ആയുധം ധരിച്ചു നടക്കേണ്ട പടനായകന്മാരും അവരവരുടെ സ്ഥാനങ്ങളിൽ കാലേക്കൂട്ടി വന്നു നിലയുറപ്പിച്ചിട്ടുണ്ടു്.

തീപിടിക്കുന്ന മേടപ്പൊരിവെയിലിൽ വിയർത്തു കുളിച്ചാണു് കപ്പിത്താനും സംഘവും വരുന്നതു്. കടപ്പുറത്തു കപ്പലിറങ്ങിയ സ്ഥലം തൊട്ടു് കോവിലകത്തോളം വഴിയുടെ ഇരുവശത്തും ജനങ്ങൾ തിങ്ങി നിന്നു. കപ്പിത്താനെയും സംഘത്തെയും അഭിവാദ്യം ചെയുണമെന്നു് രാജാവു് കൽപിച്ചിരുന്നു. അഭിവാദ്യത്തിന്റെ മുഴക്കം ചമഞ്ഞൊരുങ്ങുന്ന രാജാവിന്റെ ചെവിയിലോളമെത്തി. അദ്ദേഹം സന്തോഷിച്ചു. തനിക്കെതിരായി കുറുമ്പ്രനാട്ടിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നു സമാധാനിച്ചു.

ആചാരവെടി തുടരെത്തുടരെ മുഴങ്ങിയപ്പോൾ രാജാവും നാടുവാഴികളും മുറ്റത്തിറങ്ങി കോവിലകത്തിന്റെ പ്രധാനഗോപുരദ്വാരത്തിലേക്കു നീങ്ങി, കപ്പിത്താനെ സ്വീകരിക്കാൻ.

ഓദ്യോഗികവേഷത്തിലുള്ള ഒരു പറങ്കികപ്പിത്താനെ അതുവരെ രാജാവു കണ്ടിട്ടില്ല. ചുവന്ന കാൽസരായിയും നീലിച്ച മേലങ്കിയുമണിഞ്ഞു്, ഇരുവശത്തും ചിറകു വിരിച്ചുനിൽക്കുന്ന കിളിയെപ്പോലുള്ള ഒരു തൊപ്പിയും വെച്ചു് കാഴ്ചയിൽ നാൽപത്തഞ്ചിനു മേലെ പ്രായം തോന്നിക്കുന്ന, ജോ ഡിസിൽവെ എല്ലാവർക്കും മുമ്പിൽ നടന്നിരുന്നു. ആ വേഷവും നടപ്പും നിറവുമെല്ലാം രാജാവു് അമ്പരപ്പോടെ നോക്കിനിന്നു.

വലിയ തേവാരി പൊൻകിണ്ടിയിൽ തീർത്ഥജലമെടുത്തു തളിച്ചു കപ്പിത്താനെയും കൂട്ടുകാരെയും പുണ്യാഹം കഴിച്ചു് ശുദ്ധീകരിച്ചപ്പോൾ രാജാവു രണ്ടടി മുന്നോട്ടു നീങ്ങി. അടിമുടി നവരത്നഖചിതങ്ങളായ മാലകളും വളകളും മോതിരങ്ങളും മറ്റുമണിഞ്ഞു് അർദ്ധനഗ്നനായി തന്നെ സമീപിക്കുന്ന രാജാവിനെ അല്പമൊരു പരിഹാസച്ചിരിയോടുകൂടിയേ കപ്പിത്താനു നോക്കിക്കാണാൻ കഴിഞ്ഞുള്ളൂ.

രാജാവും കപ്പിത്താനും ആദ്യത്തെ ചടങ്ങെന്ന നിലയിൽ കെട്ടിപ്പിടിച്ചാശ്ശേഷിച്ചു. പിന്നീടു കൈയും കൈയും പിടിച്ചു സഭാമന്ദിരത്തിലേക്കു നടന്നു. മണ്ഡപത്തിൽ അലങ്കരിച്ചൊരുക്കിയ രണ്ടു ഭദ്രാസനങ്ങളിലായി അവർ തൊട്ടുതൊട്ടിരുന്നു. ഉദ്യോഗസ്ഥപ്രമുഖരും നാടുവാഴികളും അവരവർക്കു നിർദേശിച്ച സ്ഥാനങ്ങൾ സ്വീകരിച്ചു.

ദ്വിഭാഷിമുഖേന രാജാവും കപ്പിത്താനും കുശലപ്രശ്നങ്ങൾ കൈമാറി; തുടർന്നു കാഴ്ചദ്രവ്യങ്ങളും. പോർച്ചുഗലിലെ രാജാവിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി ഉത്കണ്ഠാപൂർവ്വം സാമൂതിരിരാജാവും ചില ചോദ്യങ്ങൾ ചോദിച്ചു. വാക്കിനുവാക്കിനു നന്ദിപ്രദർശിപ്പിച്ചുകൊണ്ടു കപ്പിത്താൻ ഉചിതമായ മറുപടി പറഞ്ഞു.

യുദ്ധത്തിന്റെ വിജയകരമായ പരിസമാപ്തിക്കുവേണ്ടി എന്തൊക്കെ പ്രവർത്തിക്കണമെന്ന വിഷയത്തെക്കുറിച്ചായി പിന്നീടു സംസാരം. കടൽവഴി കുഞ്ഞാലിമരയ്ക്കാർക്കും സഹായങ്ങളെത്തിച്ചേരാനുള്ള സാദ്ധ്യതകൾ കുറഞ്ഞിരിക്കുന്നു. കോട്ടമുഖത്തുതന്നെ കാവൽപട്ടികളെപ്പോലെ പറങ്കിപ്പടക്കപ്പലുകൾ നിലയുറപ്പിച്ചിട്ടുണ്ടു്. കരമാർഗ്ഗമാണു് സൂക്ഷിക്കേണ്ടതു്. ഉപരോധത്തിനു് ശക്തികൂട്ടണം. വെടിക്കോപ്പുകളും ആയുധങ്ങളും ഭക്ഷ്യസാധനങ്ങളും കോട്ടയിലേക്കു കടത്തിക്കൊണ്ടുപോകാൻ അനുവദിക്കരുതു്. എല്ലാം തടഞ്ഞു വെക്കണം.

“പട്ടിണികിടക്കുമ്പോൾ കുറുമ്പു താനേ അവസാനിക്കും, ഇല്ലേ?” രാജാവു ചിരിച്ചുകൊണ്ടു ചോദിച്ചു. ദ്വിഭാഷി പരിഭാഷപ്പെടുത്തി കേട്ടപ്പോൾ കപ്പിത്താനും ചിരിച്ചു. പുതിയ യുദ്ധതന്ത്രത്തിന്റെ എല്ലാ വശങ്ങളും കപ്പിത്താൻ രാജാവിനു വിവിരിച്ചുകൊടുത്തു. എല്ലാം “ക്ഷ” പിടിച്ചു രാജാവിനു്.

കൂടിക്കാഴ്ചയിലെ പ്രധാനഭാഗമായ അഭിമുഖ സംഭാഷണം അവസാനിച്ചപ്പോൾ, കപ്പിത്താനെ ഇരുത്തിക്കൊണ്ടുതന്നെ സഭാവാസികളോടു രാജാവു സംസാരിച്ചു.

“നാം കുറുമ്പ്രനാട്ടിലെ ജനങ്ങളോടാലോചിക്കാതെയാണു് കുഞ്ഞാലിയോടു യുദ്ധം പ്രഖ്യാപിച്ചതു്. ഇക്കാര്യത്തിൽ നമ്മെ സഹായിക്കാനുള്ള ദയയും സന്മനസ്സും കാണിച്ച പറങ്കികളോടു നാം എന്നും നന്ദിയുള്ളവനായിരിക്കും.”

“ഒരു മുസൽമാൻ നമ്മുടെ സ്വരൂപത്തെ ധിക്കരിക്കുകയെന്നതു കൈയും കെട്ടി നോക്കിയിരിക്കാൻ നമുക്കു വയ്യാ. കുഞ്ഞാലിയുടെ പൂർവ്വികന്മാരും നമ്മുടെ പൂർവ്വികന്മാരും വളരെ മൈത്രിയിലായിരുന്നു. അതു നാം സ്മരിക്കുന്നുണ്ടു്. പക്ഷേ, സൂചി പൊന്നുകൊണ്ടായാലും കണ്ണിൽ തട്ടിയാൽ മുറിയും.”

“ഈ കുഞ്ഞാലി ധിക്കാരിയാണു്. ഇവിടെ നമ്മുടെ നാട്ടിൽ ഒരു മാപ്പിളനാടുണ്ടാക്കാൻ അവനുദ്ദേശ്യമുണ്ടു്. നമ്മെ അടിക്കടി അവൻ ധിക്കരിച്ചു. നമ്മുടെ നാടുവാഴികളെ ദ്രോഹിച്ചു. സൽവ്വോപരി നമ്മുടെ അമ്പാരിയെഴുന്നള്ളിക്കുന്ന കൊമ്പനാനയുടെ വാൽ അവൻ ഛേദിച്ചുകളഞ്ഞു. നമ്മെ അപമാനിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു നടപടിമാത്രമാണതു്. നാമിതു കണ്ടുകൊണ്ടു മിണ്ടാതെ നിൽക്കണോ? അതോ അവനെ ശിക്ഷിച്ചൊതുക്കണോ?”

ഗൗരവമേറിയ രണ്ടു ചോദ്യം സഭാവാസികളുടെ മുഖത്തു് എറിഞ്ഞുകൊടുത്തു് തെല്ലിട രാജാവു മിണ്ടാതിരുന്നു. പ്രതികരണമെന്തെന്നു ശ്രദ്ധിക്കുകയാണു്. സഭാവാസികൾ നിശ്ശബ്ദരായിരുന്നു കേൾക്കുകയാണു്. മുഖഭാവംകൊണ്ടു് ഒന്നും തിരിച്ചറിയാൻ വയ്യാ.

“വളരെ ചിന്തിച്ചാണു് നാം ഈ തീരുമാനമെടുത്തതു്.” രാജാവു തുടർന്നു: “നമ്മുടെ കപ്പിത്താന്മാരെന്ന നിലയിൽ മരയ്ക്കാർ കുടുംബം മാനവിക്രമസ്വരൂപത്തെ ആത്മാർത്ഥമായി സേവിച്ചിട്ടുണ്ടെന്നു നാം പറഞ്ഞുകേട്ടിട്ടുണ്ടു്. നമ്മുടെ ഗ്രന്ഥവരിയിൽ പലതും പണ്ടുള്ളവർ എഴുതിവെച്ചിട്ടുമുണ്ടു്. അതുകൊണ്ടുമാത്രം ഈ ധിക്കാരം സഹിക്കുക സാധ്യമാണോ? ഒരിക്കലുമല്ല ക്ഷമിക്കേണ്ടത്ര നാം ക്ഷമിച്ചു. ഇനി ഇതു വയ്യാ. നാം ഒരു സാഹസത്തിനാണു് മുതിർന്നതെങ്കിൽ നമ്മുടെ പ്രജകൾക്കു് അതിലും നമ്മെ സഹായിക്കേണ്ട ചുമതലയുണ്ടു്. ഇതു നമ്മുടെ മാത്രം കാര്യമല്ല. നമ്മുടെ സ്വരൂപത്തിന്റെ കൂടി കാര്യമാണു്. അതുകൊണ്ടു് അറിഞ്ഞോ അറിയാതെയോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ കുഞ്ഞാലിക്കനുകൂലമായ വല്ല നടപടിയും നമ്മുടെ നാട്ടിലുണ്ടായാൽ ഒട്ടും ദയാദാക്ഷിണ്യം കാണിക്കാതെ ശക്തിയുപയോഗിച്ചുതന്നെ നാം അതു് അടിച്ചമർത്തുന്നതായിരിക്കും.”

ദ്വിഭാഷി പതുക്കെപ്പതുക്കെ എല്ലാം കപ്പിത്താനു പരിഭാഷപ്പെടുത്തിക്കൊടുക്കുന്നുണ്ടായിരുന്നു. ഒടുവിലത്തെ ഭാഗം കേട്ടപ്പോൾ കപ്പിത്താൻ രാജാവിനെ അഭിനന്ദിച്ചുകൊണ്ടു തലകുലുക്കി.

എല്ലാം കഴിഞ്ഞു യുദ്ധത്തിന്റെ നാളും പക്കവും മുഹൂർത്തവും കുറിച്ച ഓല കപ്പിത്താനെ ഏൽപിച്ചു് അനന്തരനടപടികൾക്കുവേണ്ട ഒത്താശകളും ചെയ്തു സഭ പിരിഞ്ഞപ്പോൾ ജനങ്ങളുടെ മനസ്സിൽ വലിയൊരു സംശയം ഉയർന്നുവന്നു;

“ഒരു മുള്ളെടുക്കാൻ മറ്റൊരു മുള്ളു് ഉപയോഗിക്കുന്നു. രണ്ടിനും വേദനിപ്പിക്കാനുള്ള ശക്തിയില്ലേ?”

ചുറ്റുപാടും നടക്കുന്ന യുദ്ധകോലാഹലങ്ങളുടെ തിരയടിയിൽ ഒട്ടും കുലുങ്ങാതെ, വെള്ള്യാൻകല്ലിന്റെ അചഞ്ചലതയോടെ മരയ്ക്കാർകോട്ട പുഴവെള്ളത്തിൽ പ്രതിബിംബം ചേർത്തുകൊണ്ടുനിന്നു. അതിനകത്തും പുതുപ്പട്ടണത്തും എന്തു നടക്കുന്നുവെന്നു പുറമേയുള്ളവർക്കറിഞ്ഞുകൂടാ. പട്ടണത്തിന്റെ ഗോപുരദ്വാരങ്ങൾ അടച്ചുപൂട്ടീട്ടു ദിവസങ്ങൾ കഴിഞ്ഞു. പുറമേയുള്ള ലോകവുമായി എല്ലാ ബന്ധങ്ങളും അറ്റുപോയിരിക്കുന്നു. എങ്കിലും പറങ്കികൾ പൊട്ടാനടുത്ത ഒരഗ്നിപർവ്വതമെന്ന നിലയ്ക്കു് അതിനെ വീക്ഷിച്ചു.

കോട്ടപ്പുഴയുടെ തീരപ്രദേശത്തു കോഴിക്കോട്ടു നിന്നു വന്ന ആശാരിമാരും കൊല്ലന്മാരും ഗോവയിൽ നിന്നു വന്ന തടവുകാരായ കൂലിക്കാരും ഒത്തൊരുമിച്ചു് രാപ്പകലില്ലാതെ ജോലി ചെയ്യുകയാണു്. ചെറുതും വലുതുമായ ധാരാളം തോണികൾ പണിതീർന്നു. കൂറ്റൻ പടക്കപ്പലുകൾ വിദഗ്ദധരായ പറങ്കികളുടെ മേൽനോട്ടത്തിൽ രൂപം കൊണ്ടുവരുന്നു. അറക്കലും മുറിക്കലും തട്ടലും മുട്ടലും വളരെ ദൂരത്തോളം കേൾക്കാം.

ജനിച്ച നാട്ടിലെ പച്ചക്കാടുകളും പൂഴിപ്പരപ്പും തഴുകി വരുന്ന കാറ്റു് ദിനംപ്രതി ഫർണാണ്ടസ്സിന്റെ ഉള്ളിൽ ജീവചൈതന്യം പകർന്നു കൊടുത്തു. പഴയ നിരാശതാബോധം മിക്കവാറും വിട്ടുമാറി. രക്ഷപ്പെടാനുള്ള മോഹം ശക്തിമത്തായ നിലയിൽ അവനെ കീഴടക്കി. ജോലി ചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴും ഒരു വിചാരമേയുള്ളൂ:

“രക്ഷപ്പെടണം.”

ചങ്ങലകൾ പൊട്ടിച്ചാൽ ഓടിപ്പോവാം. അതെങ്ങനെ പൊട്ടിക്കുമെന്നായി വിചാരം. ജോലിത്തിരക്കിൽ കൊല്ലന്മാരുടെ കൈയിൽ നിന്നു വലിയ ഒരു അരം അവൻ മോഷ്ടിച്ചെടുത്തു് കിടക്കുന്നതിനടുത്തു മണ്ണുമാന്തി ഒളിപ്പിച്ചു. രാത്രി എല്ലാവരും ഉറങ്ങുമ്പോൾ ചങ്ങല രാവി മുറിക്കാം. ഓടി രക്ഷപ്പെടാം.

കാവൽനിൽക്കുന്ന പറങ്കിപ്പട്ടാളക്കാർ ഉറങ്ങുന്നില്ല. അതാണു് കുഴപ്പം. ഇടയ്ക്കിടെ കാവൽക്കാർ മാറിവരുന്നതുകൊണ്ടു് അവർ എങ്ങനെയെങ്കിലും ഉറങ്ങിപ്പോവുമെന്നു കരുതാനും വയ്യാ.

ദൈവം പ്രസാദിച്ചാലും ശാന്തി പ്രസാദിക്കുന്നില്ലല്ലോ.

കാത്തിരുന്നു. ഏന്തിയാൽ എടുക്കാവുന്ന സ്ഥലത്തു് അരമുണ്ടു്. ഒരു രാത്രി കാവൽക്കാരടക്കം എല്ലാവരും മതികെട്ടുറങ്ങും. അന്നു് അരം ശക്തിപൂർവ്വം പ്രവർത്തിക്കും. അടിമത്തത്തിന്റെ ചങ്ങലയെ അതു കാർന്നുതിന്നും.

കാവൽക്കാരെന്നല്ല ആരും ഉറങ്ങിയില്ല. പകൽ മുഴുവൻ അദ്ധ്വാനിച്ചു പണിയെടുത്തവർകൂടി രാത്രി ഉറക്കമിളച്ചിരുന്നു വീശി. അത്ര കഠിനമായ ഉഷ്ണമുണ്ടായിരുന്നു. പുഴക്കരെ കിടന്നിട്ടുകൂടി ചട്ടിയിലിട്ടു വറക്കുന്ന അനുഭവം. മഴ പെയ്യുന്നില്ല.

രക്ഷപ്പെടാനുള്ള ആഗ്രഹത്തെ ചവുട്ടിയമർത്തിക്കൊണ്ടു പ്രതിബന്ധങ്ങൾ പലതും പുതുതായെത്തുന്നു.

രക്ഷപ്പെടാൻ കഴിഞ്ഞാൽ എന്തു ചെയ്യണമെന്ന കാര്യത്തെക്കുറിച്ചു് ഒരു ദിവസം കിടക്കുമ്പോൾ ഫർണാണ്ടസ് ആലോചിച്ചു.

നേരെ വളയക്കടപ്പുറത്തു ചെല്ലണം. കുറച്ചേ ദൂരമുള്ളു. ഉടനെ മറിച്ചാലോചിചു. തന്നെ കാത്തിരിക്കുന്നവരാരും അവീടെയില്ലെങ്കിലോ? അമ്മയും അച്ഛനും ഇന്നു് ഓർമയിലെങ്കിലും ജീവിക്കുന്നുണ്ട്? അതു മതി. പാഞ്ചാലിയില്ലാത്ത വളയക്കടപ്പുറം ചുടുകാടാണു്. അവിടെ പോകാൻ വയ്യാ.

പിന്നെ എങ്ങട്ടു പോകും? എവിടെയും പോകാനില്ലാത്തവൻ രക്ഷപ്പെടാൻ കൊതിച്ചിട്ടെന്താണു്? പെട്ടെന്നു പുതിയൊരാശയം കിട്ടി.

കുഞ്ഞാലിമരയ്ക്കാരെ ചെന്നു കണ്ടാലെന്താ? സാധിച്ചെങ്കിൽ മരയ്ക്കാരോടൊപ്പം നിന്നു പറങ്കികളോടു സമരം ചെയ്യാം. രസമുള്ള കാര്യം.

കാവൽക്കാർ എഴുന്നേൽക്കുന്നു. അവൻ ചരിഞ്ഞു കിടന്നു നോക്കി. പുതിയ കാവൽക്കാർ വരുന്നുണ്ടു്. പിന്നെയും ആലോചിച്ചു.

തീർച്ചയായും കുഞ്ഞാലിമരയ്ക്കാരെ കാണണം. കോട്ടയും പട്ടണവും അടച്ചുപൂട്ടിയെന്നാണു് കേട്ടതു്. എങ്ങനെ കുഞ്ഞാലിമരയ്ക്കാരുടെ മുമ്പിലെത്തും? രക്ഷപ്പെടാൻ കഴിഞ്ഞാൽ അതിനുമൊരു വഴികാണും. ആദ്യം രക്ഷപ്പെടണം. പതുക്കെ കൈ നീട്ടി മണ്ണു മാന്തി നോക്കി. അരം അവിടെത്തന്നെയുണ്ടു്. അങ്ങനെയവിടെ കിടക്കട്ടെ.

പുതിയ കാവൽക്കാർ എന്തോ കുശുകുശുക്കുന്നു. വ്യക്തമായി കേൾക്കാൻ വയ്യാ. എന്തായിരിക്കും പറയുന്നതു്? ഫർണാണ്ടസ് ശബ്ദമുണ്ടാക്കാതെ നിരങ്ങി. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടു് ആ പ്രവൃത്തിയിലൊരു രസം തോന്നി. കുറച്ചുകൂടി നിരങ്ങിച്ചെന്നു കിടന്നാൽ കാവൽക്കാർ പറയുന്നതു കേൾക്കാം. പിന്നെയും നിരങ്ങി.

എന്താണു് പറയുന്നതു്?

ആക്രമണം തുടങ്ങുന്ന ദിവസം ഏതെന്നു കേട്ടു. സമയവും മനസ്സിലായി. ഏഴര വെളുപ്പിനാണത്രേ. നാലുഭാഗത്തുനിന്നും കോട്ട ആക്രമിക്കും. ആക്രമണത്തിനുള്ള സൂചന നൽകുന്നതു് ഇരിങ്ങൽപാറയുടെ ഉച്ചിയിൽ നിന്നാവും. അവിടെ നിൽക്കുന്നവർ ഏഴരവെളുപ്പിനു പന്തങ്ങൾ കത്തിച്ചുയർത്തും അതു കടലിലുള്ളവർകാണും. കോട്ടയ്ക്കു വടക്കു പുഴയക്കക്കരെ ഒരുങ്ങിനിൽക്കുന്നവർ കാണും. കിഴക്കും തെക്കുമുള്ളവർ കാണും. വെളിച്ചം കണ്ടാൽ ഉടനെ മുന്നേറുകയാണു്. നാലുദാഗത്തുനിന്നും.

കാവൽക്കാരുടെ വായിൽനിന്നു വീണ ഓരോ അക്ഷരവും ഫർണാണ്ടസ് ശ്രദ്ധിച്ചു മനസ്സിലാക്കി. മനസ്സിനു വല്ലാത്ത അസ്വാസ്ഥ്യം. കുഞ്ഞാലിമരയ്ക്കാർ തോൽക്കുന്നതവനിഷ്ടമല്ല. മരയ്ക്കാർ പറങ്കികളുടെ പരമശത്രുവാണു്. അയാൾ തോറ്റാൽ രാജ്യം നശിക്കും. ജനങ്ങൾ നശിക്കും. ഒരു തടവുമില്ലാതെ പറങ്കികൾ പെണ്ണുങ്ങളെ പിടിച്ചു കൊണ്ടുപോകും. അതു വയ്യാ. ആലോചിക്കുംതോറും ഉഷ്ണം വർദ്ധിക്കുകയാണു്.

ഇരുട്ടിനു കട്ടികൂടുന്നു. ആകാശത്തിൽ നക്ഷത്രങ്ങളുമില്ലേ? അവൻ നോക്കി. മൂടിക്കെട്ടി നിൽക്കുകയാണു്. ഉഷ്ണം കൂടുതലാവാനുള്ള കാരണം അതാണു്. ഉള്ളും പുറവും നീറുന്നു. നീറി നീറി ഒന്നു മയങ്ങിപ്പോയി.

ഒരു മുഴക്കം കേട്ടാണു് ഞെട്ടിയുണർന്നതു്. പീരങ്കിവെടിയാണോ? പിന്നെയും മുഴക്കം കേട്ടു. ആകാശത്തിന്റെ തെക്കുകിഴക്കേ കോണിൽ പൊൻചൂരൽ പ്രയോഗം കണ്ടു. ഇടിയാണു്. മഴ പെയ്യുമോ?

ആ ചോദ്യം പുഴക്കരയിലെ വലിയൊരു പോക്കാച്ചിത്തവളയും വിളിച്ചു ചോദിച്ചു: “ഭ്രേം?”

“ഭ്രേം ഭ്രേം!” മറ്റൊരു തവള രണ്ടു തവണ ചോദിച്ചു. ചോദ്യക്കാരുടെ എണ്ണവും ചോദ്യവും കൂടുകയാണു്. പുഴയ്ക്കക്കരെനിന്നും പൂഴിയിൽനിന്നും തവളകളുടെ ചോദ്യമുയർന്നു. എന്തൊരു ബഹളം!

സമയമെന്തായെന്നൊരു പിടിയുമില്ല. തവളകളുടെ ശല്യമാണെങ്കിൽ നിമിഷംപ്രതി വർദ്ധിക്കുന്നു. ആ ശബ്ദം കേട്ടാൽ ആയുഷ്കാലം മുഴുവൻ ഉറക്കം വരില്ല. അത്ര ഭയങ്കരമാണു്. വല്ലതും ആലോചിക്കാമെന്നുവെച്ചാൽ തലച്ചോറിലും അതിന്റെ മുഴക്കമുണ്ടു്.

“ഭ്രേം ഭ്രേം!”

കാവൽക്കാർ ചെവിട്ടിൽ വിരൽ തള്ളിയിരിക്കുകയാണു്. ഫർണാണ്ടസ് ശവംപോലെ മലർന്നടിച്ചു കിടന്നു. ആ ശബ്ദം എന്തുപോലെയുണ്ടെന്നാലോചിച്ചു. ഏറ്റവും വലിയതു ചിരട്ട പാറപ്പുറത്തുരയ്ക്കുംപോലെ. മറ്റു ചിലതു വള്ളത്തണ്ടു ചൂടിക്കെട്ടിൽ മുറുക്കി ഉരയുംപോലെ. വേറെ ചിലതു് ഇരുമ്പുപലകയിൽ അരംവെച്ചു രാവുംപോലെ.

“രാവുംപോലെ?… രാവും പോലെ?” പുതിയൊരു മാർഗം തെളിഞ്ഞുവരികയാണു്.

ഫർണാണ്ടസ്സിന്റെ കൈ മണ്ണിലേക്കു നീങ്ങി. അരം തപ്പിയെടുത്തു. അതിന്റെ പിടി കൈയിലൊതുങ്ങി. കാവൽക്കാരെ അവനൊന്നു നോക്കി. എതിർവശത്തേക്കു ചരിഞ്ഞുകിടന്നു. ഒട്ടും സംശയം ജനിക്കാത്ത നിലയിൽ മോചനത്തിനുള്ള പ്രയത്നം ആരംഭിച്ചു.

നേരമെന്തായി? പുലരുന്നതിനു മുമ്പു ചങ്ങല അറുത്തുരക്ഷപ്പെടാൻ കഴിയുമോ? ഇല്ലെങ്കിൽ കുഴപ്പമാവും. അവൻ ചങ്ങലയിൽ അവിടവിടെ കുറേശ്ശെ രാവിവെച്ചു. തവളകൾ അനുഗ്രഹിക്കാൻ തന്നെ ഒരുങ്ങിപ്പുറപ്പെട്ടതാണു്.

നേരം പുലർന്നതു മഴയോടുകൂടിയാണു്. ഭയങ്കര മഴ. അന്നു ജോലി വേണ്ടെന്നുവച്ചു. എല്ലാവരും ‘ജാഗ’കളിൽ ഒതുങ്ങിക്കൂടുകയാണു്. ഫർണാണ്ടസ് ഇടയ്ക്കിടെ ആരും കാണാതെ ചങ്ങലയിലേക്കു നോക്കും. ജോലി നിസ്സാരമായിരുന്നില്ല. ഒരു രാത്രി കൂടി കിട്ടിയാൽ എല്ലാം ശരിപ്പെടും.

ഉച്ചതിരിഞ്ഞപ്പോൾ മഴ ശമിച്ചു. പക്ഷേ, ആകാശത്തിന്റെ കനം വിട്ടില്ല. സന്ധ്യയായപ്പോൾ തവളകൾ പിന്നെയും വാദ്യഘോഷം ആരംഭിച്ചു. ഭാഗ്യം!

സമയത്തെപ്പറ്റി വ്യക്തമായ ബോധം വെച്ചുകൊണ്ടാണു് ഫർണാണ്ടസ് അന്നു ജോലി ആരംഭിച്ചതു്. നല്ല തണുപ്പുള്ളതുകൊണ്ടു് എല്ലാവരും നേരത്തെ കിടന്നുറങ്ങി. കാവൽക്കാർപോലും ഉറക്കം തുങ്ങിക്കൊണ്ടിരുന്നു.

അവസാനത്തെ കണ്ണി അറ്റുവീണപ്പോൾ നേരം പാതിര കഴിഞ്ഞു. എന്തൊരാശ്വാസം! അവൻ പതുക്കെ കൈകാലുകൾ കുടഞ്ഞു. അവയവങ്ങൾ ചലിപ്പിക്കേണ്ടവിധം മറന്നുപോയിട്ടില്ല. അടുത്ത നടപടിയെക്കുറിച്ചായി പിന്നെ വിചാരം. പുറത്തു കടക്കണം. കാവൽക്കാരുടെ കണ്ണിൽപൊടിയിടണം. “ജാഗയ്ക്കകത്തു മങ്ങിയ വെളിച്ചമുണ്ടു്. എഴുന്നേറ്റാൽ കാണും. വിളക്കു് അകലത്താണു്. അതെടുത്തു മാറ്റണമെങ്കിൽ കുറെയധികം നടക്കണം.

ഒരു വഴിയേയുള്ളു: കാവൽക്കാരുടെ കഥ കഴിക്കണം. അവൻ പതുക്കെ നിരങ്ങി. കാവൽക്കാർ ശ്രദ്ധിക്കുന്നുണ്ടോ? ഇല്ല. ഒരുത്തൻ തല കാൽമുട്ടുകളിൽ ചേർത്തുവെച്ചു കമിഴ്‌ന്നിരുന്നു് ഉറങ്ങുകയാണു്. മറ്റവൻ അല്പം പിറകോട്ടു ചാരിയിരിപ്പുണ്ടു്. അവനും ഉറക്കമാണു്. നിരങ്ങി ചാരിയിരിക്കുന്നവന്റെ പിറകിലെത്തി. ശബ്ദമുണ്ടാക്കാതെ കാൽമുട്ടുകൾ നിലത്തൂന്നി ശരീരമുയർത്തി നിന്നു. ഒരു കൈ പതുക്കെ മുമ്പോട്ടുനീങ്ങി. കാവൽക്കാരന്റെ കഴുത്തു കൈത്തണ്ടയ്ക്കിടയിലാക്കി നെഞ്ചോടടുപ്പിച്ചമർത്തി. ഒന്നു പിടയാനും നിലവിളിക്കാനും ഇടകൊടുക്കാതെ കൈത്തണ്ട ബലമായി കഴുത്തിലമർത്തിയമർത്തി അവന്റെ കഥകഴിച്ചു. മറ്റവൻ തല പൊക്കുന്നതു സൂക്ഷിക്കണം. ഒന്നും സംഭവിച്ചില്ല. പിണമായിക്കഴിഞ്ഞ കാവൽക്കാരനെ പതുക്കെ തറയിൽ കിടത്തി. അവന്റെ വെണ്മഴു കരസ്ഥമാക്കി. പിന്നെ താമസമുണ്ടായില്ല. വെണ്മഴു അറ്റം തിരിച്ചുപിടിച്ചു കുനിഞ്ഞിരിക്കുന്ന കാവൽക്കാരന്റെ തല ലക്ഷ്യംവെച്ചു നല്ല ഒരിടി കൊടുത്തുകഴിഞ്ഞു. ഒന്നു പിടയാൻപോലും സൗകര്യം കൊടുത്തില്ല.

വർഷങ്ങൾക്കു ശേഷം മനുഷ്യനെപ്പോലെ നെഞ്ചുയർത്തി. കൈകൾ വീശി, കാലുകൾ വലിച്ചുവെച്ചു നടന്നു. ഉറങ്ങിക്കിടക്കുന്ന നാലും അഞ്ചുംപേരെ ശബ്ദമില്ലാതെ ചാടിക്കടന്നു. മുനിഞ്ഞു കത്തുന്ന വിളക്കു കെടുത്തി. എങ്ങും ഇരുട്ടു്. ആ ഇരുട്ടിലേക്കു് ഫർണാണ്ടസ് കടന്നു.

യുദ്ധത്തെസ്സംബന്ധിച്ച രഹസ്യവിവരങ്ങൾ കൈയിലുണ്ടു്. ജീവൻ ഉപേക്ഷിച്ചും ആ രഹസ്യം കുഞ്ഞാലിമരയ്ക്കാരെ അറിയിക്കണം. മിക്കവാറും ഇന്ന സ്ഥലത്താവും കോട്ടയെന്നുദ്ദേശിച്ചുകൊണ്ടു നടന്നു. പുഴക്കരയിലെ പൂഴിവിരിപ്പവസാനിച്ചപ്പോൾ പൊന്തക്കാടുകൾ തഴച്ചു നിൽക്കുന്ന സമതലമാണു്. ധൃതിവെച്ചു് നടന്നു. കവുങ്ങിൻതോട്ടവും തെങ്ങിൻതോട്ടവും പിന്നിട്ടു. കോട്ട കാക്കുന്ന പീരങ്കികളും കുഞ്ഞാലിമരയ്ക്കാരുടെ കാവൽക്കാരും ശത്രുക്കളെ കാത്തിരിക്കുകയാണെന്നു് അവനറിയാം. അവന്റെ വേഷം ആപൽക്കരമാണു്. താടിയും തലയും വളർത്തീട്ടുണ്ടു്. കാൽസരായിയും കുപ്പായവും ധരിച്ചിട്ടുണ്ടു്. പറങ്കികളുടെ ചാരനാണെന്നു സംശയിക്കാനുള്ള എല്ലാ ലക്ഷണവും തികഞ്ഞിട്ടുണ്ടു്. അതൊന്നും മാറ്റാനുള്ള സമയമില്ല; സൗകര്യവും.

വരുന്നതുവരട്ടേയെന്ന ഭാവത്തിൽ പ്രതിബന്ധങ്ങളെ കൂട്ടാക്കാതെ ഫർണാണ്ടസ് നടന്നു. അങ്ങനെ നടന്നുപോയ കാലം മറന്നു. ഇരുട്ടാണു്. മരങ്ങളോടു കൂട്ടിയടിക്കുന്നു. കുണ്ടിൽമറിഞ്ഞുവീഴുന്നു. കല്ലിൽ കാലുവെച്ചടിക്കുന്നു. സാരമില്ല. എന്നിട്ടും നടക്കാനെന്തുത്സാഹം!

വലിയ ഇരുമ്പുവേലിയിൽ ചെന്നു മുട്ടി മാർഗം മുടങ്ങി. വേലിയുടെ അറ്റം കാണാൻ ഇരുവശത്തേക്കും നടന്നുനോക്കി. അറ്റമില്ല. അങ്ങനെ നീണ്ടുകിടക്കുന്നു. അതു കയറിമറിയണം. എളുപ്പമല്ല. ആരെങ്കിലും കണ്ടെത്തിയാൽ വെടിവെച്ചുകൊല്ലും. കുഞ്ഞാലിമരയ്ക്കാരുടെ കൂടെ ഉന്നം പിഴയ്ക്കാത്ത ധാരാളം വെടിക്കാരുണ്ടെന്നു് കേട്ടിട്ടുണ്ടു്. എന്തുണ്ടായാലും വേലി കടക്കണം. അതിനുള്ള വഴി ചിന്തിക്കുകയായി.

പിന്നെയും നടന്നു നോക്കി. അപ്പോഴാണു് ആപത്തിന്റെ വലുപ്പം മനസ്സിലായതു്. കെട്ടിപ്പൊക്കിയ ഒരു കൊത്തളത്തിന്റെ കീഴിലാണു് നിൽക്കുന്നതു്. പീരങ്കിയുടെ തല പുറമേക്കു കാണാനുണ്ടു്. അതിനടുത്തു് ആരെങ്കിലും ഇരിക്കുന്നുണ്ടാവണം. പുറമെ വല്ല ശബ്ദവും കേട്ടാൽ പിരങ്കി ഗർജ്ജിക്കും. യുദ്ധം ആസന്നമായ കാലമാണു്.

വേലിക്കു ചേർന്നുകൊണ്ടു നടന്നു. എത്ര ദൂരം അങ്ങനെ പോകും? കൊത്തളത്തിന്നടുത്തേക്കുതന്നെ മടങ്ങി. കൊത്തളത്തിന്റെ ഭിത്തി കൈകൊണ്ടു തടവിനോക്കി. ചെറിയ പഴുതുകളുണ്ടു്. അതുവലുതായിക്കിട്ടിയാൽ പിടിച്ചു കയറാം. വെണ്മഴു ഉപയോഗിച്ചു വിടവൊന്നു വലുതാക്കാൻ ശ്രമിച്ചു. ശബ്ദമുണ്ടാവരുതു്. ക്ഷമയോടെ അവിടെ നിന്നു് അതു ചെയ്തു. രണ്ടുനാലു വിടവുകളുണ്ടാക്കി. അതിലൂടെ പിടിച്ചു കയറി. ഒരാളുയരത്തിൽ എത്തി. അവിടുന്നങ്ങട്ടു ഭിത്തിക്കുപയോഗിച്ച കല്ലു വളരെയേറെ ചെത്തിമിനുക്കിയതല്ലു. അവിടെയും ഇവിടെയും മുഴച്ചുനിൽക്കുന്നുണ്ടു്. വളരെ ക്ലേശിച്ചാൽ പിടിച്ചു കയറാം. പക്ഷേ, ഒരു കുഴപ്പം. മഴ പെയ്തതുകൊണ്ടു് അല്പം വഴുക്കുണ്ടു്. വെണ്മഴുത്തലപ്പു കൊണ്ടു വഴുപ്പു ചുരണ്ടിമാറ്റി. ഓരോ അടി സൂക്ഷിച്ചു മേലോട്ടു വെച്ചു. ഏതാണ്ടു് ലക്ഷ്യമെത്താറായി. അവിടെ വെച്ചാണു് കാര്യത്തിന്റെ ഗൗരവം മനസ്സിലായതു്.

കൊത്തളത്തിന്റെ മുകളിൽ ഒരാളുണ്ടാവും. അയാളുമായി ഒരു ഏറ്റുമുട്ടലുണ്ടാവും. കുഞ്ഞാലിമരയ്ക്കാരുടെ സഹായിയെ കൊല്ലാൻ വയ്യാ. പിന്നെ എന്തു ചെയ്യും? ഒന്നും ചെയ്തില്ലെങ്കിൽ കണ്ട ഉടനെ അയാൾ തല വീശിക്കളയുമെന്നു തീർച്ചയാണു്. അപ്പോൾ ക്ലേശങ്ങൾ മുഴുവൻ വെറുതെയായി.

ആലോചിച്ചു നിൽക്കാൻ സമയമില്ല. വേണ്ടിവന്നാൽ കൊല്ലണം. ശത്രുവിന്റെ നിലയ്ക്കല്ലല്ലോ. ചെയ്തുപോയ കുറ്റം തെളിയിക്കുമ്പോൾ മരയ്ക്കാർ കൊല്ലാൻ വിധിച്ചേക്കാം. വിധിക്കട്ടെ. യുദ്ധത്തിന്റെ രഹസ്യം പറഞ്ഞുകൊടുത്തു സന്തോഷത്തോടെ മരിക്കാം. പറങ്കികൾക്കെതിരായി അത്രയെങ്കിലും ചെയ്തെന്നു സമാധാനിക്കാമല്ലോ.

പിന്നെയും പിടിച്ചുകയറി പീരങ്കിയുറപ്പിച്ച തുളയിലൂടെ അകത്തേക്കു നോക്കി. ഒരാൾ അവിടെ ഇരിപ്പുണ്ടു്. ഇരുട്ടിലേക്കു തുറിച്ചു നോക്കിക്കൊണ്ടു്. പീരങ്കിയിൽ പിടിച്ചുനിന്നു വെണ്മമഴുകൊണ്ടു കൊത്തളത്തിന്റെ ഭിത്തിയിൽ ശക്തിയായ ശബ്ദമുണ്ടാക്കി ഫർണാണ്ടസ് പിൻഭാഗത്തേക്കു നീങ്ങി.

ശബ്ദംകേട്ടു ഞെട്ടിയ കാവൽക്കാരൻ പരിഭ്രമിച്ചഴുന്നേറ്റു പുറത്തേക്കു സൂക്ഷിച്ചുനോക്കി. തൊട്ടുമുമ്പിൽ നിന്നു്, പീരങ്കിത്തലപ്പിൽ നിന്നാണു് ശബ്ദമുണ്ടായതു്. വല്ലാത്ത അത്ഭുതം! എന്തായിരിക്കും അതു്? കാവൽക്കാരൻ ചാഞ്ഞും ചരിഞ്ഞും നോക്കുന്ന തിരക്കിൽ ഫർണാണ്ടസ് പിൻഭാഗത്തുകൂടെ അകത്തു കടന്നു. ചുറ്റും ഒന്നു കണ്ണോടിച്ചു.

ഒരു പുലിയെപ്പോലെ കാവൽക്കാരന്റെ മേൽ ചാടിവീണു് അവനെ കീഴടക്കി. അകത്തു കിടന്ന കയറെടുത്തു പീരങ്കിയോടു ചേർത്തു് അവനെ വരിഞ്ഞുകെട്ടി. മിണ്ടിയാൽ തലയറുത്തുകളയുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. അടുത്ത പരിശ്രമത്തിനുതകുമെന്ന വിശ്വാസത്തോടെ വലിയ ഒരു കയറെടുത്തു തോളത്തിട്ടു ക്ഷണത്തിൽ സ്ഥലം വിട്ടു.

പുതുപ്പട്ടണത്തിലാണു് കടന്നതു്. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലവും എടുപ്പുകളും കഴിയുന്നത്ര വർജ്ജിച്ചു. ജനസഞ്ചാരമില്ലാത്ത വഴികളിലൂടെ മുമ്പോട്ടു നടന്നു.

കോട്ടയുടെ ചുറ്റുമുള്ള കിടങ്ങിന്നരികിലെത്തി. പിന്നെയും എന്തുവേണമെന്ന ചോദ്യം മുമ്പിലുയർന്നു. കോട്ടയ്ക്കകത്തു കടക്കാനുള്ള പഴുതു് അന്വേഷിച്ചുകൊണ്ടു നടന്നു. മിന്നൽപ്പിണരുകൾ ഇടയ്ക്കിടെ വെളിച്ചം വീശുന്നതുകൊണ്ടു കുഴപ്പം. ആരെങ്കിലും അകത്തുനിന്നു കണ്ടാലോ? മിന്നൽ വീശാത്തപ്പോൾ നടക്കും. മിന്നൽ വീശുമ്പോൾ വല്ലമരത്തടിയിലും ചേർന്നുനിൽക്കും.

കിഴക്കുഭാഗത്തുനിന്നു കോട്ടയിൽ പ്രവേശിക്കാനുള്ള പ്രധാന മാർഗത്തിനടുത്തെത്തി. വലിയ ഗോപുരമുണ്ടവിടെ. അതിന്റെ തലപ്പിലായി കിടങ്ങിനു മീതെയുള്ള പാലം ഗോപുരത്തിനുനേർക്കു വലിച്ചു കുത്തനെ നിർത്തിയിരിക്കുകയാണു്. ആ പാലത്തിന്റെ തലപ്പിൽ കയർ കുരുക്കാൻ കഴിഞ്ഞാൽ കിടങ്ങു കടന്നു ചാടാം.

ഒരു സ്ഥലത്തിരുന്നു കയറിന്റെ തലപ്പിൽ കുരുക്കുണ്ടാക്കി. ഒരു പ്രാവശ്യമെറിഞ്ഞു; പറ്റിയില്ല. രണ്ടാംപ്രാവശ്യവും എറിഞ്ഞു. എവിടെയോ കുടുങ്ങിയതുപോലെ തോന്നി. പതുക്കെ വലിച്ചുനോക്കി. അതു തടഞ്ഞുനിന്നതായിരുന്നു. വിലിച്ചപ്പോൾ ക്ഷണത്തിൽ വിട്ടു പോന്നു. മുന്നാം പ്രാവശ്യവും എറിഞ്ഞു. എറിഞ്ഞപ്പോൾ കുരുക്കു സ്വന്തം ശരീരത്തിലാണു് വീണതെന്നുതോന്നി.

അതു മുറുകുന്നു. നെഞ്ചിനുനേരേ കുടുങ്ങി ബലമായി മുറുകുന്നു. എന്താണിതു്? സൂക്ഷിച്ചുനോക്കി. മുമ്പിൽ തിളങ്ങുന്ന കുന്തമുന! ഒന്നല്ല മൂന്നുനാലെണ്ണം! തിരിഞ്ഞു നോക്കി. അവിടെയും കുന്തമുന തന്നെ. നെഞ്ചിലെ കെട്ടു മുറുകുന്നു. പെട്ടെന്നുതന്നെ ഇരുട്ടിൽ നിന്നു നിശ്ശൂബ്ദതയെ ഭേദിച്ചുകൊണ്ടു കൂട്ടച്ചിരി മുഴങ്ങി.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.