images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
പതിനെട്ടു്

ധാരാളം വെള്ളവും കാറ്റുമുള്ള ആ മുറി ഭംഗിയായി അലങ്കരിച്ചു വെച്ചിരുന്നു. വാതിൽമറകളും ജാലകമറകളും മിന്നുന്ന ചിനപ്പട്ടുകൊണ്ടാണു്. ചുമരുകൾനിറയെ ചിത്രപ്പണികളുണ്ടു്. ഒരു സ്ഥലത്തു് നീലച്ച കടൽവെളളത്തിൽ യാത്രയ്ക്കൊരുങ്ങി നിൽക്കുമ്പോലെ ചെറുതും വലുതുമായ കപ്പലുകളും തോണികളും പത്തേമ്മാരികളും വരച്ചു വെച്ചിരിക്കുന്നു. ഫർണാണ്ടസ് കൗതുകത്തോടെ നോക്കി. അതിനപ്പുറം അവിടവിടെ ഈത്തപ്പനകൾതലപൊക്കിനിൽക്കുന്ന മണൽക്കാടാണു്. അതിലൂടെ യാത്രക്കാരെയും വഹിച്ചു് ഒട്ടകങ്ങൾ സഞ്ചരിക്കുന്നു. കണ്ടാൽ ജീവനുണ്ടെന്നു തോന്നും. പരസ്പരം പടവെട്ടുന്ന അഭ്യാസികളുടെ ചിത്രങ്ങളാണു് മറ്റൊരു സ്ഥലത്തു്.

മുറിയുടെ ഒരറ്റത്തു മേൽക്കട്ടിയും മേലാപ്പുമുള്ള ഒരു കട്ടിലിൽ ചുവപ്പുനിറത്തിലുള്ള തോലുകൊണ്ടുണ്ടാക്കി വക്കിനു മിനുപ്പും പുളപ്പുമുള്ള സ്വർണ്ണക്കസവുകൾ പിടിപ്പിച്ച കിടക്ക വിരിച്ചൊരുക്കിവെച്ചിട്ടുണ്ടു്. കിടക്കയിൽ അട്ടിക്കിട്ട തയലണകളിൽ പക്ഷികളുടെയും മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും രൂപങ്ങൾ സ്വർണനൂലിൽ തുന്നിപ്പിടിപ്പിച്ചിട്ടുണ്ടു്. മുട്ടിനു മുട്ടിനു വലിയ പൂക്കൾ വിടർന്നുനിൽക്കുന്ന വള്ളികൾ ചുറ്റിപ്പിണഞ്ഞ ചിത്രംകൊണ്ടു മോടിപിടിപ്പച്ചതാണു് മേലാപ്പു്. ഏതിനാണു് കൂടുതൽ ഭംഗിയെന്നു തിട്ടപ്പെടുത്താൻ വയ്യാതെ ഫർണാണ്ടസ് വിഷമിച്ചുനിന്നു. ഒരു സ്വപ്നലോകത്തിലെത്തിച്ചേർന്ന അനുഭവം. ചുറ്റും കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ സാന്നിദ്ധ്യം മറന്നു് അവൻ മുമ്പോട്ടുനീങ്ങി, ആ ചിത്രങ്ങൾ കൈകൊണ്ടൊന്നു തൊട്ടുനോക്കാൻ. വലിയൊരു കുന്തം അവന്റെ നെഞ്ചിനുനേർക്കുയർന്നു. എല്ലാം അകന്നുനിന്നു കണ്ടാൽ മതി. തൊട്ടുനോക്കേണ്ടെന്നു തീരുമാനിച്ചു.

മെതിയടി ധരിച്ചു് ആരോ നടന്നു വരുന്ന ശബ്ദം. ആരായിരിക്കും? ചുറ്റും നോക്കി. ഇടതുവശത്തെ വാതിലിൽ തൂങ്ങുന്ന പട്ടുമറ ഒന്നു വെട്ടിപ്പുളഞ്ഞു. ഗംഭീരാകാരനായ ഒരു മനുഷ്യൻ മുറിയിലേക്കു കടന്നു. ചുറ്റും നിൽക്കുന്ന ആയുധധാരികളായ പട്ടാളക്കാർ തല കുനിച്ചു് വന്ദിച്ചു് ഇരുപാർശ്വങ്ങളിലേക്കു മാറിനിന്നു. ഇപ്പോൾ ഫർണാണ്ടസ് മുറിയുടെ ഏതാണ്ടു മദ്ധ്യത്തിൽ ഒറ്റപ്പെട്ടു നിൽക്കുകയാണു്.

ആരായിരിക്കും അതു്? അവൻ ഇമവെട്ടാതെ നോക്കിനിന്നു. ഇളം മഞ്ഞനിറത്തിലുള്ള കുപ്പായമാണു് ധരിച്ചതു്. തലയിൽ ഉറുമാൽകൊണ്ടൊരു കെട്ടുണ്ടു്. ഉറുമാലിന്റെ നിറം പച്ചയാണു്. കടുംചുവപ്പിൽ കറുത്ത വരകളുള്ള മുണ്ടാണുടുത്തതു്. എല്ലാം പട്ടാണു്.

ആരെയും ശ്രദ്ധിക്കാതെ, ആരോടും ഒന്നും പറയാതെ, ആ മനുഷ്യൻ മുമ്പോട്ടു നടന്നു. അട്ടിക്കുവെച്ച തലയണയിൽചാരി, കിടക്കയിലിരുന്നു. ഫർണാണ്ടസ്സിന്റെ മനസ്സു പതുക്കെ മന്ത്രിച്ചു.

“കുഞ്ഞാലിമരയ്ക്കാർ.”

അവന്റെ ആരാധനാമൂർത്തിയാണു് കുഞ്ഞാലിമരയ്ക്കാർ. കുട്ടിക്കാലംമുതൽ കാണാൻ കൊതിക്കുന്നു. ഇന്നതിനുള്ള ഭാഗ്യമുണ്ടായി. നോക്കും തോറും അവന്നു തോന്നി, പറങ്കികൾ പേടിച്ചു വിറയ്ക്കുന്നതു വെറുതെയല്ലെന്നു്. ആ കണ്ണുകൾ കണ്ടാൽ ആരും പേടിക്കും. ജ്വലിക്കുന്ന പന്തങ്ങൾ പോലെ!

മരയ്ക്കാരുടെ ഏതാണ്ടൊരു ചിത്രം അവന്റെ മനസ്സിലുണ്ടായിരുന്നു. മുമ്പിലിരിക്കുന്ന സജീവചരിത്രവും മനസ്സിലെ ചിത്രവും തമ്മിൽ അവൻ തട്ടിച്ചുനോക്കി. വലിയ വ്യത്യാസമില്ല. ചെറിയൊരു കുഴപ്പം മാത്രം. വീതികുടിയ നെറ്റിയിൽ, ഇടത്തെ കൺപുരികത്തിനു മുകളിൽ, നീളത്തിലൊരു കലയുണ്ടു്. അവന്റെ സങ്കല്പചിത്രത്തിൽ ആ കലയുണ്ടായിരുന്നില്ല. യുദ്ധത്തിൽ മുറിവേറ്റതിന്റെ അടയാളമായിരിക്കും.

മറ്റെല്ലാം ശരിയാണു്. ഉയർന്ന മൂക്കു്, മയിൽപ്പീലിപോലെ തിളങ്ങുന്ന കൺപുരികം, വട്ടമുഖം, വെട്ടിയൊതുക്കിയ കറുത്ത വട്ടത്താടി, വിരിഞ്ഞ മാറു്, നീണ്ടുരുണ്ട കൈകൾ, മുഴങ്ങുന്ന ശബ്ദം-അവന്റെ ആരാധനാമൂർത്തി തികച്ചും ഗംഭീരൻതന്നെ.

തന്നെപ്പറ്റി ഒന്നും ആലോചിക്കാൻ അതുവരെ ഫർണാണ്ടസ്സിനു് ഇടകിട്ടിയിരുന്നില്ല. മരയ്ക്കാർകോട്ടയിലാണെത്തിയതെന്ന വിശ്വാസം അവനെ ആവേശംകൊള്ളിച്ചു. തന്നെ ചുഴ്‌ന്നു നിൽക്കുന്ന ആപത്തിന്റെ വലുപ്പം, അതുകൊണ്ടു്, മറന്നുപോയി.

രാത്രി ആരും കാണാതെയാണു് നഗരാതിർത്തി കടന്നതു്. അകത്തളത്തിലെ കാവൽക്കാരനെ ആക്രമിച്ചു കീഴടക്കി.

ഭയങ്കരമായ കുറ്റം.

അതുകഴിഞ്ഞു കോട്ടയിൽ കയറിക്കൂടാൻ ശ്രമിച്ചു. കാവൽക്കാർ കണ്ടെത്തി പിടികൂടിയില്ലെങ്കിൽ ആ കുറ്റവും ചെയ്യുമായിരുന്നു. കോട്ടയ്ക്കു പുറത്തു് ശത്രുക്കൾ തരംപാർത്തു നിൽപ്പാണു്. ഏതു നിമിഷത്തിലും ആക്രമണമുണ്ടാവാം. ഊണും ഉറക്കവുമുപേക്ഷിച്ചു കാവൽജോലി നടത്തുന്നവരുടെ കണ്ണിൽ പൊടിയിട്ടാണു് കടന്നുവന്നതു്. ശത്രുക്കളുടെ ചാരനാണെന്നു വല്ലവരും സംശയിച്ചാൽ തെറ്റില്ല.

വധശിക്ഷ വിധിക്കേണ്ട കുറ്റം.

ആലോചന മുഴുമിക്കാൻ കഴിയുന്നതിനുമുമ്പു വിചാരണ തുടങ്ങി. കുഞ്ഞാലിമരയ്ക്കാരുടെ നോട്ടം വാൾമുന പോലെ അവനെ കുത്തിത്തുളച്ചു. പറങ്കികളുടെ ചാട്ടവാറിനേക്കാൾ കരുത്തുള്ള ചോദ്യങ്ങളാണു് വരുന്നതു്.

അവൻ കുലുങ്ങിയില്ല. കുലുങ്ങേണ്ട കാര്യമുണ്ടായിരുന്നില്ല. കുഞ്ഞാലിമരയ്ക്കാർക്കു കഴിയുന്ന സഹായം ചെയ്യാനാണവൻ വന്നതു്. അതു് അവൻ തുറന്നുപറഞ്ഞു. ആരും വിശ്വസിച്ചില്ല. എല്ലാം കേട്ടു കഴിഞ്ഞാണു് മരയ്ക്കാർ കൽപിച്ചതു്. “പറെടാ, നേരു പറ.”

“നേരാണു് പറഞ്ഞതു്” ഒട്ടും പതറാതെ ഫർണാണ്ടസ് ഉത്തരം കൊടുക്കുന്നതു കേട്ടു പട്ടാളക്കാർ തമ്മിൽ എന്തോ പിറുപിറുത്തു. ആരും അങ്ങനെ കുഞ്ഞാലിമരയ്ക്കാരോടു ധിക്കാരത്തോടെ സംസാരിക്കാറില്ല. അവർ ശ്രദ്ധിച്ചു:

“ഞാൻ രാത്രി ചാടിപ്പോന്നതാണു്. അരം കൊണ്ടു ചങ്ങല രാവി മുറിച്ചു. നേരെ ഇങ്ങോട്ടോടി.”

“കോട്ടയിൽ ഒളിച്ചുകടക്കാൻ നോക്കിയതെന്തിനു്?” ശബ്ദം കുറച്ചു മയപ്പെടുത്തിക്കൊണ്ടാണു് മരയ്ക്കാർ ചോദിച്ചതു്.

“ഒളിച്ചോടി ഞാൻ പിന്നെന്തുചെയ്യും? നേരം വെളുത്താൽ അവരെന്നെ കണ്ടുപിടിക്കില്ലേ?”

കുഞ്ഞാലിമരയ്ക്കാർ അവന്റെ ഓരോ ചലനവും ഭാവവും ശ്രദ്ധിക്കുകയായിരുന്നു.

“നിന്റെ പേരു്?”

അവനു രണ്ടു പേരുണ്ടു്. ഏതാണു് പറയേണ്ടതു്? തെല്ലിട സംശയിച്ചുനിന്നു. പൊക്കനെന്നു പറഞ്ഞാൽ അതു നേരാവില്ല. ഫർണാണ്ടസ്സെന്നു പറഞ്ഞാൽ മരയ്ക്കാർ അവനെ തെറ്റിദ്ധരിക്കും. സത്യം പറഞ്ഞു കുറച്ചു തെറ്റിദ്ധാരണ സമ്പാദിച്ചാലും വേണ്ടില്ല. കളവു് പറയാൻ വയ്യെന്നു് അവനു തോന്നി.

“എടാ, നിന്റെ പേരാ ചോദിച്ചതു്?”

“ഫർണാണ്ടസ്.” അവൻ പതറാതെ പറഞ്ഞു. ഇനി ചോദിപ്പിക്കുന്നതു ശരിയല്ല.

മരയ്ക്കാരുടെ മുഖഭാഗം മാറി. നോട്ടം കൂടുതൽ രൂക്ഷമായി:

‘നീ നസ്രാണിയാണു്, അല്ലേ?”

“മരയ്ക്കാർകോട്ട നസ്രാണികൾക്കു പുലിക്കൂടാണെന്നു നീ കേട്ടിട്ടില്ല?” മെതിയടിയിൽ ചവുട്ടി മരയ്ക്കാർ എഴുന്നേറ്റു.

“ജനിച്ചതു് നസ്രാണിയായിട്ടല്ല.” തന്റെ പൂർവ്വകഥ വിസ്തരിക്കാൻ ഒരുങ്ങിക്കൊണ്ടു് ഫർണാണ്ടസ് പറഞ്ഞു.

“എന്നാൽ നീ മരിക്കുന്നതു് നസ്രാണിയായിട്ടായിരിക്കും.” കുഞ്ഞാലിമരയ്ക്കാർ നടന്നു. മെതിയടി കൂടുതൽശബ്ദമുണ്ടാക്കി. വാതിൽമറ പിടിച്ചു തിരിഞ്ഞുനിന്നുകൊണ്ടു് പട്ടാളക്കാരോടു കല്പിച്ചു;

“അവനെ നേരു പറയാൻ പഠിപ്പിക്കു്. കൊണ്ടുപോ”

വാതിൽമറ ശക്തിപൂർവ്വമിളകി. ക്രമേണ അതിന്റെ ചലനം നിലച്ചു. മെതിയടിയുടെ ശബ്ദം അകന്നകന്നില്ലാതായി.

ചാരന്മാരെക്കൊണ്ടു സത്യം പറയിക്കാൻ വിചിത്രമായ പല മാർഗങ്ങളും മരയ്ക്കാർകോട്ടയിലുണ്ടു്. പട്ടാളക്കാർ അതെല്ലാം ഫർണാണ്ടസ്സിനു വിവരിച്ചുകൊടുത്തു.

തല കീഴായി കെട്ടിത്തൂക്കി താഴത്തു തീകൂട്ടി പുകയിടും; സത്യം പറയുന്നതുവരെ, അല്ലെങ്കിൽ മരിക്കുന്നതുവരെ. വിഷജന്തുക്കളെക്കൊണ്ടു നാഭിപ്രദേശത്തു കടിപ്പിക്കും. വിഷജന്തുക്കളിൽ ഏറ്റവും ഉഗ്രൻ ‘ആയിരംകാലൻ തേളാണു്.’ മലർത്തിക്കിടത്തി ശരീരം ഇളക്കാൻ കഴിയാത്ത വിധം കാലും കൈയും പിടിച്ചുകെട്ടി, നഗ്നമായ നാഭിപ്രദേശത്തു് ‘ആയിരംകാലൻ തേളി’നെ മേയാൻ വിടും. അതു കൊറുങ്ങുകൾകൊണ്ടു് ഇറുക്കും. വിഷസഞ്ചിയുള്ള വാൾത്തലപ്പുകൊണ്ടു കുത്തും. അവിടെക്കിടന്നു നൃത്തം വയ്ക്കും. കുത്തുകളേൽക്കുന്നവൻ ഭയങ്കരവേദനകൊണ്ടു പുളയും. രണ്ടോ മുന്നോ ദിവസം അങ്ങനെ കിടക്കും. പിന്നെ മരിക്കും.

നേരു പറയിക്കാൻ വിചിത്രമായ മറ്റു മാർഗങ്ങളുമുണ്ടു്. അതൊക്കെ വിവരിച്ചു പറയുമ്പോൾ പട്ടാളക്കാരുടെ കണ്ണുകളിൽ ഭീതി നിഴലിക്കുന്നതു് ഫർണാണ്ടസ് കണ്ടു.

മർദ്ദന നടപടികളൊന്നുമില്ലാതെതന്നെ സത്യം പറയാൻ ഫർണാണ്ടസ് ഒരുക്കമായിരുന്നു. പക്ഷേ, അവന്റെ സത്യം ആർക്കും ആവശ്യമില്ല. ആരും അതു് അംഗീകരിക്കാൻ തയ്യാറുമില്ല. മരയ്ക്കാർകോട്ടയിൽ എങ്ങനെയെങ്കിലും കടന്നുകൂടിയാൽ രക്ഷപ്പെടാമെന്നും പറങ്കികളോടു യുദ്ധം ചെയ്തു പകവീട്ടാമെന്നും ആശിച്ചതായിരുന്നു. ആ ആശയും തകർന്നു. ഇനിയൊന്നും ആശിക്കാനില്ല. ചുറ്റും നിൽക്കുന്ന പട്ടാളക്കാരോടു് അവൻ ചോദിച്ചു:

“നിങ്ങൾക്കേതാ എളുപ്പം?”

ചോദ്യം മനസ്സിലാവാതെ പട്ടാളക്കാർ പരസ്പരം മിഴിച്ചുനോക്കി. ഒരാൾ സംശയം തീർക്കാനൊരുങ്ങി:

“എന്താ ചോദിച്ചതു്?”

“തേളിനെക്കൊണ്ടു കുത്തിക്കുന്നതോ പുകയിട്ടു കൊല്ലുന്നതോ, ഏതാ നിങ്ങൾക്കെളുപ്പം?”

“എന്തിനു്?”

“എളുപ്പമുള്ളതു വേഗം ചെയ്യാൻ.”

വിചിത്രമായ അപേക്ഷ. തോന്നുമ്പോൾ മരിക്കാനുള്ള സൗകര്യം ഒരുകാലത്തും മനുഷ്യനു കിട്ടീട്ടില്ല. ഫർണാണ്ടസ്സിനും ആ സൗകര്യം നിഷേധിച്ചു. കോട്ടയ്ക്കത്തുള്ള തടവിലേക്കു് അവനെ മാറ്റിപ്പാർപ്പിച്ചു. വറക്കുന്ന ചട്ടിയിൽ നിന്നു കരിക്കുന്ന അടുപ്പിലേക്കുള്ള മാറ്റം!

അവനൊട്ടും വേദന തോന്നിയില്ല. നൈരാശ്യമാണു്. കടുത്ത നൈരാശ്യം. എല്ലാം അടിച്ചുപൊളിക്കണമെന്നു തോന്നി.

ഉച്ചഭക്ഷണം കൊണ്ടുവന്നു മുമ്പിൽ വച്ചപ്പോൾ പുറങ്കാലെടുത്തൊരു തട്ടുകൊടുത്തു. പാത്രത്തോടുകൂടി അതു ഭിത്തിയിൽചെന്നടിച്ചു നിലത്താകെ ചിതറി. കുടിക്കാൻ വെച്ച വെള്ളമെടുത്തു ഭക്ഷണം കൊണ്ടുവന്ന പട്ടാളക്കാരന്റെ മുഖത്തൊഴിച്ചു. പാത്രം കയ്യിലിട്ടുടച്ചു് തിരുമ്മിപ്പൊടിയാക്കി നിലത്തു വിതറി. പട്ടാളക്കാരൻ അമ്പരന്നു പുറത്തേക്കോടി വാതിൽ ബന്ധിച്ചു.

നൈരാശ്യം നിമിഷംപ്രതി വർദ്ധിക്കുകയായാണു്. എല്ലാറ്റിനോടും അവജ്ഞ. മനുഷ്യരെ മുഴുവൻ പുച്ഛം. അവൻ അവനെത്തനെ വെല്ലു വിളിക്കാനും ഇടിച്ചു കൊല്ലാനും തോന്നി.

കെട്ടിത്തൂക്കിപ്പുകയിടലും തേളിനെക്കൊണ്ടു കടിപ്പിക്കലും! മനുഷ്യരെല്ലാം ഒരുപോലെയാണു്. ആരെയും വിശ്വസിക്കാൻ കൊള്ളില്ല. കൊലപാതകികളും കൊള്ളക്കാരുമാണു്. വിഷജന്തുക്കളാണു് ഭേദം. ഇനി തന്റെ മുറിയിൽ മനുഷ്യൻ കടക്കാൻ പാടില്ലെന്നു് ഫർണാണ്ടസ് തീരുമാനിച്ചു. കടന്നാൽ ഇടിച്ചുകൊല്ലും. കൈമടക്കി അവൻ ഭിത്തിയിലിടിച്ചു. ദേഷ്യം തീരുന്നതുവരെ ഇടിച്ചു.

പുറത്തു കാൽപെരുമാറ്റമുണ്ടു്. ചങ്ങലയുടെ ശബ്ദമുണ്ടു്. പിടിച്ചു ചങ്ങലയ്ക്കിടാനുള്ള പുറപ്പാടാവും. ജീവനുള്ള കാലം ഇനി ചങ്ങലയിൽ കുടുങ്ങില്ല. കൊല്ലട്ടെ. ശവമാക്കി വേണമെങ്കിൽ ചങ്ങലയ്ക്കിടട്ടെ. ഒരുങ്ങിനിന്നു. മുമ്പിലൂടെ ആരു വന്നാലും ഒഴിവാക്കില്ലെന്നു് നിശ്ചയത്തോടെ ഭിത്തിയിൽ ചാരി നിന്നു.

വാതിൽ കരുതലോടെയാണു് തുറക്കുന്നതു്. കൂടുതൽ ആളുകളുണ്ടു്. ആരും അകത്തു കടക്കുന്നില്ല. വരട്ടെ; സത്യം അംഗീകരിക്കാൻ തയ്യാറില്ലാത്ത കാലത്തോളം ആ കോട്ടയിൽ ആർക്കും താൻ കിഴടങ്ങില്ലെന്നു ഫർണാണ്ടസ് ഉറപ്പിച്ചു. കുഞ്ഞാലിമരയ്ക്കാർ തന്നെ വരട്ടെ; ഒരു കൈ നോക്കും.

വാതിൽക്കൽ എല്ലാവരും ശങ്കിച്ചു നിൽക്കുന്നു. ആർക്കും അകത്തു കടക്കാൻ ധൈര്യമില്ല. അവൻ ഒട്ടു കുലുങ്ങാതെ നോക്കി. ആ നോട്ടത്തിൽ ഒരു താക്കീതുണ്ടായിരുന്നു: “ജീവനിൽ കൊതിയുള്ളവർ അകത്തേക്കു വരണ്ടാ…”

പുറത്തു നിൽക്കുന്നവർ കുടിയാലോചിക്കുകയാണു്. ആലോചിക്കട്ടെ. അവനൊന്നേ ആലോചിക്കാനുള്ളൂ. പൊരുതി മരിക്കണം. ഇനി മറ്റൊരാളുടെ അടിമയാവാൻ വയ്യാ.

ആൾക്കൂട്ടത്തിലൂടെ തിക്കിത്തിരക്കി ഒരാൾ മുമ്പോട്ടു വരുന്നു. അകത്തു കടക്കുന്നു. ആരായാലും വരട്ടെ. ഒരു മുന്നറിയിപ്പു കൊടുക്കാം.

“കരുതി വന്നാൽ മതി.” അവൻ വിളിച്ചുപറഞ്ഞു: “മരിക്കാനൊരുങ്ങീട്ടുണ്ടോ?”

ആദ്യത്തെ ഇടിക്കു് തന്നെ നിലംപതിക്കണം. ഫർണാണ്ടസ് മുഷ്ടി ചുരുട്ടിപ്പിടിച്ചു് ഒരുങ്ങിനിന്നു.

കടന്നുവന്ന ആൾ അവന്റെ ശബ്ദംകേട്ടു തരിച്ചുനിന്നു.

എന്താണു് ഭാവം? അവൻ സൂക്ഷിച്ചുനോക്കി.

ആരാണതു്?

ഐദ്രോസ്!

പറങ്കിക്കപ്പലിൽവെച്ചു മരിച്ചുപോയ ഐദ്രോസിന്റെ പ്രേതമാണോ മുമ്പിൽ? തടവുമുറിയിലെ മങ്ങിയ വെളിച്ചത്തിൽ ഒന്നും വ്യക്തമല്ല. അവൻ വിളിച്ചു ചോദിച്ചു:

“ആരാണതു്?

“പൊക്കനാ!”

ഐദ്രോസ് വിളിക്കുന്നു. ശബ്ദം അതുതന്നെ. പല തവണ കേട്ടു പരിചയിച്ചതാണു്.

പിന്നെ താമസുണ്ടായില്ല, രണ്ടുപേരും ഓടിയടുത്തു; സുഖകരമായ ഒരാശ്ലേഷത്തിൽ ഒട്ടിച്ചേർന്നു.

“ജ്ജെങ്ങനെ ഇബിടെത്തി മോനേ?”

“ഒക്കെപ്പറയാം. നിങ്ങളെ അന്നു പറങ്ക്യേള് കൊന്നില്ലേ?”

“ഇല്ല. ഞമ്മളാ പെങ്കിട്ടീനെ രചിച്ച്. ഓളെ അച്ചന്റ കൈമലേൽപ്പിച്ച്.”

“ആരെ?” പാഞ്ചാലിയെ നിങ്ങൾ രക്ഷിച്ചോ? ഫർണാണ്ടസ് ഉദ്വേഗത്തോടെ ചോദിച്ചു.

“തന്നെ.” ഒറ്റ വാക്കിൽ ഐദ്രോസ് മറുപടി പറഞ്ഞു.

“ഓ! വലിയ പുണ്യം.” ഫർണാണ്ടസ്സിന്റെ കണ്ണുകൾ നിറഞ്ഞു.

ഐദ്രോസിന്റെ പുറം കണ്ണീർകൊണ്ടു നനഞ്ഞു.

വാതിൽക്കൽ നിൽക്കുന്നവർ ആ രംഗം കണ്ടു് അമ്പരക്കുകയാണു്.

ഐദ്രോസും പൊക്കനും തോളിൽ കൈകെട്ടിക്കൊണ്ടാണു് പുറത്തുകടന്നതു്. അവർ നേരേ കുഞ്ഞാലിമരയ്ക്കാരുടെ സമീപത്തേക്കു പോയി.

ഇടയിലൊരു ചോദ്യംപോലും ചോദിക്കാതെ ഫർണാണ്ടസ്സിന്റെ കഥ മുഴുവനും കുഞ്ഞാലിമരയ്ക്കാർ കേട്ടു. ശത്രുക്കൾ കോട്ട ആക്രമിക്കാൻ തീരുമാനിച്ച ദിവസവും സമയവും കാലേക്കൂട്ടി അറിഞ്ഞതു മെച്ചമായി.

ഏഴര വെളുപ്പിനു് ഇരിങ്ങൽപ്പാറയുടെ ഉച്ചിയിൽ നിന്നു പന്തംകൊളുത്തി കാണിക്കുന്നതാണു് യുദ്ധം തുടങ്ങാനുള്ള അടയാളം. കുഞ്ഞാലിമരയ്ക്കാർ ഗാഢമായി ആലോചിച്ചു: ആ തന്ത്രം പൊളിക്കണം. പൊളിക്കാൻ കഴിഞ്ഞാൽ ആക്രമണം ഒരേ സമയത്തു നടക്കില്ല; ഒന്നിച്ചുള്ള എതിർപ്പു ചിന്നിച്ചിതറിപ്പോകും.

“ഐദ്രോസേ.” മരയ്ക്കാർ പറഞ്ഞു: “നീ മായനെ വിളി.”

മായൻ വന്നപ്പോൾ എല്ലാം രഹസ്യമായിട്ടാണു് പറഞ്ഞേൽപ്പിച്ചതു്. ഫർണാണ്ടസ്സും ഐദ്രോസും കപ്പലിൽവെച്ചു പിരിഞ്ഞതിൽപ്പിന്നെ അവരവർക്കുണ്ടായ അനുഭവങ്ങൾ അന്യോന്യം വിവരിച്ചു.

“ആ പെങ്കുട്ടീനെ ഏൽപിച്ച് ഞമ്മൾ നേരെ ഇബിടെയ്ക്കാ പോന്നതു്.” ഐദ്രോസ് പറഞ്ഞവസാനിപ്പിച്ചു: “മറ്റെബിടേം ഞമ്മക്കു പൊഗ്ഗാനില്ല. ഞമ്മൾ പറങ്ക്യേളെ പിടീപ്പെട്ടേപ്പിന്നെ കെട്ട്യോളം കുട്ട്യോളും എരന്നു് നടന്നു.”

അതുപറയുമ്പോൾ ഐദ്രോസിന്റെ കണ്ഠം ഇടറിയിരുന്നു. കണ്ണുകൾ നനഞ്ഞിരുന്നു.

“പിന്നെ എബിടേയ്ക്കാ പോയതെന്ന് ആർക്കും ഒരു ബിബിരേല്ല. ഏടേങ്കിലും ബീണു മരിച്ചേരിക്കും.”

അപ്പുറം പറയാൻ ശേഷിയില്ലാതെ ഐദ്രോസ് തലതാഴ്ത്തിയിരുന്നു. കുടുംബകാര്യം പറഞ്ഞു കേട്ടപ്പോൾ ഫർണാണ്ടസ്സിന്റെ മനസ്സു വളയക്കടപ്പുറത്തെ ഓലമേഞ്ഞ കുടിലിലേക്കോടി: അവിടെ അച്ഛനും അമ്മയും ഉണ്ടോ? വാർദ്ധക്യംകൊണ്ടു് അദ്ധ്വാനിക്കാൻ വയ്യാതായ അച്ഛൻ എരന്നു നടക്കുകയാണോ? കൂടെ അമ്മയുമുണ്ടോ? അവന്റെ ആലോചന അതാണു്. എത്ര കുടുംബങ്ങളിങ്ങനെ തുലഞ്ഞു!

“ഒക്കേറ്റിനു കാരണം ഈ പറങ്കികളാണ്.”

ഒരു നെടുവീർപ്പോടെ ഐദ്രോസ് തുടർന്നു:

“ഓലോട് ഞമ്മളെ പക വീട്ടണന്നിച്ചാൽ മരയ്ക്കാരെ ഒപ്പം കൂട്ടണം.”

തക്ക നിർദേശം കൊടുത്തു മായനെ തിരിച്ചയച്ചുവരുന്ന കുഞ്ഞാലിമരയ്ക്കാർ ഐദ്രോസിന്റെ ഒടുവിലത്തെ വാക്കുകേട്ടു ഫർണാണ്ടസ്സിന്റെ തോളിൽ കളിയായി പിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു;

“ഐദ്രോസിന്റെ കൂടെ പോക്. വേണ്ടതൊക്കെ മട്ടംപോലെ ഐദ്രോസു പറഞ്ഞുതരും.”

ഐദ്രോസിന്റെകൂടെ പോകുമ്പോൾ ഫർണാണ്ടസ് ആലോചിച്ചു: “ആയിരം കാലൻതേള്” നാഭിപ്രദേശത്തു നൃത്തംവേക്കേണ്ട സമയമാണു്. ഐദ്രോസു രക്ഷിച്ചു. വർഷങ്ങൾക്കപ്പുറം പിടിച്ചുകെട്ടി പറങ്കികൾക്കു വിൽക്കാൻ തുടങ്ങിയ അപരാധത്തിന്നു പലകുറി ഐദ്രോസ് പ്രതിവിധിചെയ്തു. പാഞ്ചാലിയെ രക്ഷിച്ചു. പിശാചുക്കളുടെ കൈയിൽ നിന്നു്. അല്ലെങ്കിൽ അതിദാരുണമായ അവളുടെ അന്ത്യം അവന്നു കൈയുംകെട്ടി നോക്കിനിൽക്കേണ്ടിവരുമായിരുന്നു.

അന്നുമുതൽ ഐദ്രോസ് ഒരുമിച്ചാണു്. രാത്രിമുഴുവൻ കോട്ട കാക്കുന്ന ജോലി. പകൽ ഉറക്കം. ഒരല്ലലും അലട്ടുമില്ല. മനസ്സിനു ഭാരമില്ല. പാഞ്ചാലി രക്ഷപ്പെട്ടു. സ്വന്തം അച്ഛന്റെ കൂടെ കഴിച്ചുകൂട്ടുന്നു. ആ വിവരം കേട്ടതോടെ മനസ്സിന്റെ പകുതി ഭാരം നീങ്ങി. ഇനി അമ്മയും അച്ഛനുമാണു്. ഈശ്വരൻ അവർക്കുമൊരു വഴി കാണിച്ചു കൊടുത്തിട്ടുണ്ടാവും. ആകസ്മിക സംഭവങ്ങൾകൊണ്ടു നെയ്തെടുത്ത തന്റെ ജീവിതം, ഇനി ഏതു പതനത്തിലേക്കാണു് നീങ്ങാൻ പോവുന്നതെനു് അവനുതന്നെ നിശ്ചയമില്ല. കുഞ്ഞാലിമരയ്ക്കാരുടെ സ്നേഹം സമ്പാദിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടു്. ആ കോട്ടയിൽ വെച്ചു്. പക്ഷേ, ഭാവിജീവിതം കരുപ്പിടിച്ചെടുക്കാൻ കഴിയുമെന്നു് അവനാശിച്ചു.

യുദ്ധദിവസം വേഗത്തിൽ വന്നു. പുലരാത്തതുകൊണ്ടു് അക്ഷമ തോന്നി. ഗോവയിൽവെച്ചോ കപ്പലിൽവെച്ചോ പരിചയിച്ച വല്ലവരേയും ശത്രുമദ്ധ്യത്തിൽ കണ്ടുമുട്ടണേ എന്നു ഫർണാണ്ടസ് പ്രാർത്ഥിച്ചു. താനാരാണെന്നു കാണിച്ചുകൊടുക്കാനുള്ള ഒരു സന്ദർഭം കിട്ടണം. അതേ വേണ്ടു. പരിഭവങ്ങൾ എണ്ണിപ്പറഞ്ഞു പകവീട്ടണം. ഡിസിൽവ, മന്റോസ… എത്രപേരെ കാണാനുണ്ടു്. കാണും, ഈ യുദ്ധത്തിലല്ലെക്കിൽ മറ്റൊരു യുദ്ധത്തിൽ. പ്രതീക്ഷയോടെ കാത്തിരുന്നു.

അങ്ങനെ ആ ദിവസവും പുലർന്നു. കോട്ടയിൽ വലിയ തിരക്കാണു്. ആർക്കും ഒരു വിശ്രമവുമില്ല. സജ്ജീകരണങ്ങൾ മുഴുവനും കുഞ്ഞാലിമരയ്ക്കാർ നേരിട്ടുതന്നെ പരിശോധിക്കുകയാണു്. ഗോപുരങ്ങളിലും കൊത്തളങ്ങളിലുമുള്ള പീരങ്കികളൊക്കെ വേണ്ടപോലെ പ്രവർത്തിക്കുന്നില്ലേ? വെടിക്കോപ്പുകൾ ആവശ്യത്തിലും കൂടുതൽ കരുതീട്ടില്ലേ? കോട്ടിയിലുള്ളവർക്കു വേണ്ടത്ര ഭക്ഷണസാധനങ്ങളില്ലേ?

ഉച്ചയ്ക്കുമുമ്പു് പരിശോധനകളൊക്കെ കഴിഞ്ഞു. മരയ്ക്കാർക്കു തൃപ്തിയായി. ഒരു കോട്ടവും കൂടാതെ നാലുമാസം യുദ്ധം നടത്തിക്കൊണ്ടുപോവാനുള്ള വിഭവങ്ങൾ കോട്ടയിലുണ്ടു്. തൽക്കാലം അതുമതി.

ഉച്ചതിരിഞ്ഞപ്പോൾ കുടിയാലോചനയായി. കിഴക്കും പടിഞ്ഞാറും അത്ര വളരെ കരുതലുകളാവശ്യമില്ല. പ്രധാനമായ മുന്നേറ്റം തെക്കും വടക്കുമാണു് പ്രതീക്ഷിക്കേണ്ടതു്. വിദഗ്ദ്ധരായ സേനാനായകന്മാരെ ആ ഭാഗങ്ങളിലേക്കു നിയമിച്ചു. വടക്കുഭാഗത്തുള്ളവർ ചങ്ങാടംവഴി പുഴ കടക്കാനാണെളുപ്പം. അവരെ കരയ്ക്കു കാലുകുത്താനനുവദിക്കരുതു്. നിർദ്ദേശം കിട്ടിയാൽ പീരങ്കികൾ സദാ പ്രവർത്തിച്ചുകൊണ്ടിരിക്കണം; വില്ലും. തെക്കു ഭാഗത്തും പീരങ്കിയും വില്ലും കവണക്കല്ലും ഉപയോഗിക്കണമെന്നു് മരയ്ക്കാർ നിർദ്ദേശിച്ചു.

വൈകിട്ടു വിജയത്തിനുവേണ്ടി പള്ളിയിൽ കൂട്ടപ്രാർത്ഥന നടന്നു. കുഞ്ഞാലിമരയ്ക്കാർ പ്രാർത്ഥന കഴിഞ്ഞു. പുറത്തിറങ്ങിയപ്പോൾ ഐദ്രോസും ഫർണാണ്ടസ്സും പിന്നാലെ കൂടി. ഫർണാണ്ടസ്സിനു് ചെറിയൊരപേക്ഷയുണ്ടു്. അതൊന്നു മരയ്ക്കാരെ അറിയിക്കണം. മരയ്ക്കാർക്കു് എന്തു തോന്നുമെന്നു നിശ്ചയമില്ലാത്തതുകൊണ്ട ഐദ്രോസിനു പറയാനൊരു മടി. മൂന്നുപേരും ഒന്നും മിണ്ടാതെ നടന്നു. മരയ്ക്കാരുടെ ഭാവം കണ്ടാൽ അപ്പോഴും പ്രാർത്ഥിക്കുകയാണെന്നു തോന്നും. ശബ്ദിക്കാൻ ധൈര്യമില്ല.

വെടിമരുന്നുശാലയുടെ മുറ്റത്തെത്തിയപ്പോൾ മരയ്ക്കാർ തിരിഞ്ഞു നിന്നു ചോദിച്ചു: “എന്താ ഐദ്രോസേ?”

“ഞമ്മളെ ബാല്യക്കാരനൊരു പൂതി.” ശങ്കിച്ചു കൊണ്ടാണു് ഐദ്രോസ് പറഞ്ഞതു്. മരയ്ക്കാരോടു യുദ്ധത്തെപ്പറ്റി അഭിപ്രായം പറയുന്നതു സൂക്ഷിച്ചുവേണം.

“ഉം? എന്താ പറ.”

ഐദ്രോസും ഫർണാണ്ടസ്സും കൂടിയാണു് പറഞ്ഞുതീർത്തതു്. ഒറ്റയ്ക്കു് പറയാൻ രണ്ടാൾക്കും ധൈര്യമില്ല. വടക്കുഭാഗത്തെ യുദ്ധത്തിൽ ചെറിയൊരു പരീക്ഷണം നടത്താൻ ഫർണാണ്ടസ്സിനെ അനുവദിക്കണം. അപേക്ഷയുടെ ചുരുക്കം അതായിരുന്നു. ഏതാനും അസ്ത്രാഭ്യാസവിദഗ്ദ്ധരെയും കൂട്ടി കോട്ടയ്ക്കു പുറത്തുപോയി. പുഴക്കരയിൽ പതുങ്ങിനിന്നു ശത്രുക്കളെ തിരിച്ചോടിക്കാമെന്നു് ഫർണാണ്ടസ്സ് പറഞ്ഞു. അനുവാദം കൊടുക്കുകയാണെങ്കിൽ വടക്കു ഭാഗത്തെ പീരങ്കികളിൽനിന്നു് ഒരു വെടിയെങ്കിലും പൊട്ടിക്കാനിടവരില്ല. അത്രയും എളുപ്പത്തിൽ കാര്യം കഴിക്കും.

പറഞ്ഞു കേൾക്കാൻ എളുപ്പമുണ്ടു്. കാര്യത്തിന്റെ മുഴുവൻ വശവും ചിന്തിച്ചല്ലാതെ മറുപടി പറയുന്ന സ്വഭാവം മരക്കാർക്കില്ല. ഒന്നും മിണ്ടാതെ, കൈയും പുറകിൽകെട്ടി മരയ്ക്കാർ മുറ്റത്തങ്ങോട്ടുമിങ്ങോട്ടും നടന്നു.

പറഞ്ഞതബദ്ധമായോ എന്നു് ഐദ്രോസ് പരിഭ്രമിക്കുകയായിരുന്നു. ഫർണാണ്ടസ്സിനു് ഒന്നും തോന്നിയില്ല. സമ്മതിച്ചാൽ ജീവനുപേക്ഷിച്ചും പരിശ്രമിക്കും.

ദീർഘനേരത്തെ ആലോചനയ്ക്കുശേഷം മരയ്ക്കാർ സംസാരിച്ചു:

“തരക്കേടില്ല; ഐദ്രോസും പോവില്ലേ?”

ഐദ്രോസിന്നു് അസ്ത്രവിദ്യ അറിയില്ല. അതുതുറന്നു പറയാൻ അവൻ മടിച്ചു. കാര്യം മനസ്സിലാക്കിയ മരയ്ക്കാർ ചിരിച്ചുകൊണ്ടു പറഞ്ഞു: “സാരമില്ല; നിനക്കൊരു തോക്കുതരാം. അതുകൊണ്ടു പോടു്. കുരുത്തക്കേടൊന്നും കാണിക്കരുതു്. ജീവനോടെ പിടിയും കൊടുക്കരുതു്.

അപ്പുറമൊന്നും പറയാനും കേൾക്കാനും നിൽക്കാതെ മരയ്ക്കാർ നടന്നു.

ഒരു യോദ്ധാവെന്ന നിലയിൽ ആദ്യത്തെ അംഗീകാരമാണു് കിട്ടുന്നതു്. ഫർണാണ്ടസ് സന്തോഷംകൊണ്ടു മതിമറന്നു. അനുയായികളെ തിരഞ്ഞെടുക്കാനും ഒരുക്കങ്ങൾ കൂട്ടാനുമായി ഐദ്രോസിനോടൊപ്പം അവൻ ബദ്ധപ്പെട്ടുപോയി.

സന്ധ്യയോടുകുടി പറങ്കികളുടെ താവളത്തിലും തുറമുഖത്തിനപ്പുറം നങ്കൂരമിട്ടു നിൽക്കുന്ന കപ്പലുകളിലും തിരക്കുതുടങ്ങി. കപ്പിത്താൻ പരൈരയുടെ നേതൃത്വത്തിൽ അറുന്നുറു പറങ്കികളും അഞ്ഞൂറു നായന്മാരുമുള്ള ഒരു സൈന്യവിഭാഗം തെക്കുവശത്തു കാത്തുനിന്നു. ഡിസിൽവ അറുന്നൂറു പറങ്കിപ്പട്ടാളക്കാർ മാത്രമുള്ള മറ്റൊരു സംഘത്തോടുകൂടി കടലിലൂടെ വടക്കോട്ടു നീങ്ങി. പീരങ്കിയുണ്ടകൾ പറന്നെത്താത്ത സുരക്ഷിതമായൊരു സ്ഥലത്തു കപ്പലിറങ്ങി, കാൽനടയായി പുഴക്കരെ വന്നു്, ചങ്ങാടത്തിൽ പുഴ കടന്നു് കോട്ടയുടെ വടക്കുഭാഗം ആക്രമിക്കാനാണു് ഡിസിൽവേയെ ചുമതലപ്പെടുത്തിയതു്. ഒറ്റനിമിഷത്തിൽ രണ്ടു വശത്തുനിന്നും മുന്നേറണം. സൂചന ഇരിങ്ങൽ പാറയുടെ കൊടുമുടിയിൽ നിന്നും കിട്ടും. ഒരുക്കങ്ങൾ ക്രമപ്രകാരം നടന്നു. രാത്രിയുടെ യാമങ്ങൾ എണ്ണിക്കൊണ്ടു് എല്ലാവരും കാത്തിരുന്നു.

നല്ല ഇരുട്ടുള്ള രാത്രി. ഇരിങ്ങൽപ്പാറ കാട്ടിൽനിന്നിറങ്ങിവന്ന ഒരു കൊലയാനയെപ്പോലെ, ഇളകാതെ നിന്നു. പന്തംകൊളുത്തി അടയാളം കാണിക്കാൻ ചുമതലയേറ്റവർ കാലേക്കൂട്ടി ആ കൊലയാനയുടെ മസ്തകത്തിൽകയറിയിരുന്നു. ചുറ്റുപാടും ഉറക്കത്തിന്റെ ലഹരിയിൽ മയങ്ങിക്കിടക്കുകയാണു്. എങ്ങും ഒരു ശബ്ദവുമില്ല; ചലനവും.

അന്നു രാവിലെ വേഷം മാറി കോട്ടയിൽ നിന്നു പുറത്തുകടന്ന കുഞ്ഞാലിമരയ്ക്കാരുടെ വിശ്വസ്ത ഭൃത്യൻ മായനും അനുയായികളും പകൽമുഴുവൻ അങ്ങുമിങ്ങും അലഞ്ഞുനടന്നു. നല്ല ഇരുട്ടായപ്പോൾ ഇരിങ്ങൽപാറയുടെ അടിവാരത്തെത്തി. പതുക്കെ, ശബ്ദമുണ്ടാക്കാതെ അവർ നെഞ്ഞിട്ടു നിരങ്ങി പാറ കയറാൻ തുടങ്ങി.

കാലേക്കൂട്ടി അവിടെ സ്ഥലം പിടിച്ചവർ അക്കാര്യമൊന്നും അറിഞ്ഞില്ല, പാറയുടെ ചരുവിൽനിന്നും കുറുനരികൾ ഓരിയിട്ടു. സമയം എത്രയെന്നൊരു പിടിയുമില്ല. കത്തിച്ചുകാണിക്കാനുള്ള പന്തവും മുമ്പിൽവെച്ചു് അവർ നിമിഷങ്ങളെണ്ണി. നല്ല തണുത്ത കടൽക്കാറ്റു് വീശുന്നുണ്ടു്. ഉറങ്ങിപ്പോവാനെളുപ്പം. ഉറങ്ങരുതു്. കാത്തിരിക്കണം. ആദ്യത്തെ കോഴി കൂകുന്നതു കേട്ടാൽ പന്തങ്ങൾ കൊളുത്തി പാറപ്പുറത്തുടെ ഓടാനാണു് കല്പന. കോഴി കൂകുന്നതു കേൾക്കണം. ശ്രദ്ധിച്ചിരുന്നു.

കോഴികൂകലിന്നു പകരം കാൽപെരുമാറ്റമാണു് കേൾക്കുന്നതു്. വിജനമായ പാറപ്പുറത്തു ചെകുത്താന്മാർ പാർപ്പുറപ്പിച്ചിട്ടുണ്ടോ? അന്വേഷിക്കാൻവേണ്ടി എല്ലാവരും എഴുന്നേറ്റു. അന്വേഷിക്കാൻ കഴിയുന്നതിനുമുമ്പു് ചെകുത്താന്മാർ അവരുടെമേൽ ചാടിവീണു…

പാതിരാവിനു മുമ്പുതന്നെ ഡിസിൽവയും കൂട്ടുകാരും പുഴയ്ക്കക്കരെ നടന്നെത്തി. പുലർച്ചെ അടയാളം നോക്കിക്കാണാൻ വിശ്വസ്തരായ ഭൃത്യന്മാരെ ഏൽപിച്ചു ഡിസിൽവ വിശ്രമിക്കാൻ പോയി. തെക്കുവശത്തുള്ള കപ്പിത്താൻ പരൈരയ്ക്കു മറ്റുള്ളവരെ വിശ്വാസമില്ല. അതുകൊണ്ടു സൂചന കാണാൻ അയാൾതന്നെ ഉറക്കമിളച്ചിരുന്നു.

കുഞ്ഞാലിമരയ്ക്കാർ അക്ഷമനായി അങ്ങട്ടുമിങ്ങട്ടും നടക്കുകയാണു്. ഇരിങ്ങൽപാറയുടെ തലപ്പത്തുനിന്നു കണ്ണെടുക്കാൻ കഴിയുന്നില്ല. കാലേക്കൂട്ടി പറഞ്ഞുറച്ചപ്രകാരം മായൻ അവിടെ എത്തിയില്ലേ? പരിപാടികൾ പൊളിഞ്ഞോ? ആലോചന വർദ്ധിക്കുംതോറും നടത്തത്തിനു വേഗം കൂടി. ഉത്കണ്ഠയോടെ പിന്നെയും പിന്നെയും മരയ്ക്കാർ നോക്കി.

അതാ! വിജയത്തിന്റെ പൊൻപതാക പോലെ അവിടെയൊരു ചുവന്ന വെളിച്ചം. ഹൃദയം തുടിച്ചു. മായനെ മനസാ അഭിനന്ദിച്ചു. ഒന്നല്ല; നിമിഷങ്ങൾകൊണ്ടു് കൂടുതൽ പന്തങ്ങൾ കത്തിയുയരുന്നു. ഇരുപുറവും ദീവട്ടികൾ ജലിക്കുന്നതിനിടയിൽ ഉത്സവച്ചടങ്ങിനെഴുന്നെള്ളിച്ച ആനയെപ്പോലെ ഇരിങ്ങൽപാറ ഒന്നുമറിയാത്തമട്ടിൽ നിൽക്കുന്നു.

പുഴവെള്ളത്തിലും കടൽവെള്ളത്തിലും അഗ്നിജ്വാല പ്രതിബിംബിച്ചു. പാറപ്പുറത്തുടെ ആ വെളിച്ചം അതിവേഗത്തിൽ ചുറ്റിസഞ്ചരിച്ചു. ക്രമേണ ഇരുട്ടിന്റെ മാറിൽ അതൊരു പൊൻവളയംപോലെ പ്രകാശിച്ചു.

ആദ്യത്തെ വെടി മുഴങ്ങിയതു കടലിൽനിന്നാണു്. അതേ ഭാഷയിൽ തുറമുഖത്തുനിന്നു മറുപടി ഉയർന്നു.

കപ്പിത്താൻ പരൈര തന്റെ സൈന്യത്തിന്നു മുന്നേറാൻ കല്പന കൊടുത്തു. തെക്കുവശത്തെ കൊത്തളങ്ങളിലും ഗോപുരങ്ങളിലുമുള്ള പീരങ്കികൾ ഗർജ്ജിച്ചു.

ഭൃത്യന്മാർ ഓടിച്ചെന്നു ഡിസിൽവയെ വിവരമറിയിച്ചു. ഡിസിൽവ അനങ്ങിയില്ല.നിർദേശം കിട്ടാനുള്ള സമയമായിട്ടില്ല, ഏതോ പിശകു പറ്റിയതാണെന്നു് അയാൾ ഉറപ്പിച്ചു. തന്റെ കല്പന കിട്ടുന്നതുവരെ അനങ്ങിപ്പോകരുതെന്നു മറ്റുള്ളവരെ ശാസിച്ചടക്കിനിർത്തി.

വടക്കുവശത്തെ പുഴക്കരയിലുള്ള വൃക്ഷങ്ങളിലാണു് ഫർണാണ്ടസ്സും കൂട്ടുകാരുമുള്ളതു്. ശത്രുക്കൾ ചങ്ങാടത്തിലൂടെ പുഴ കടക്കാനൊരുങ്ങുമ്പോൾ അവരെ അമ്പെയ്തുപുഴയിൽ വീഴ്ത്തണമെന്നാണുദ്ദേശ്യം. ആദ്യം ഐദ്രോസിന്റെ തോക്കു പൊട്ടും. ആ ശബ്ദം കേട്ടാൽ ഉടനെ അമ്പയയ്ക്കണമെന്നു് അവൻ കൂട്ടുകാരെ പറഞ്ഞു പഠിപ്പിച്ചു. തോക്കു പൊട്ടുന്ന ശബ്ദം കേൾക്കുന്നതുവരെ എന്തു സംഭവിച്ചാലും അനങ്ങിപ്പോകരുതെന്നു പ്രത്യേകം നിർദ്ദേശിച്ചു.

യുദ്ധം തുടങ്ങാനുള്ള സൂചന നൽകിയതു ഫർണാണ്ടസ്സും കണ്ടു. പുഴയ്ക്കക്കരെ യാതൊരു ചലനവുമില്ല. ഫർണാണ്ടസ്സും ഐദ്രോസും ഒരു മരത്തിലാണു് കയറിയിരിക്കുന്നതു്. ശത്രുക്കൾ അനങ്ങാതിരിക്കുന്നതു് എന്തുകൊണ്ടെന്നു് അവർക്കു മനസ്സിലായില്ല. കാത്തിരുന്നു.

കോഴികൂകി. വൃക്ഷത്തലപ്പിലിരുന്ന മണ്ണാത്തിക്കിളികൾ ഈശ്വരനാമംചൊല്ലി. കിഴക്കു പതുക്കെ ചുവക്കാൻ തുടങ്ങി. മറുഭാഗത്തു യാതൊരു ചലനവുമില്ല. പരസ്പരം കണ്ടാൽ തിരിച്ചറിയാവുന്ന തരത്തിൽ വെളിച്ചം പരന്നു.

ആദ്യം ഐദ്രോസാണു് കണ്ടതു്. ഏതാനും ചങ്ങാടങ്ങൾ വരുന്നു. മുമ്പിലുള്ള ചങ്ങാടത്തിൽ പോർച്ചുഗീസ് കൊടിയുണ്ടു്. പുഴയ്ക്കക്കരെനിന്നു പിന്നെയും ചങ്ങാടങ്ങൾ പുറപ്പെടുന്നു. യുദ്ധത്തിന്നുള്ള ഒരുക്കംതന്നെ.

ഒന്നാമതു പുറപ്പെട്ട ചങ്ങാടങ്ങൾ പുഴയുടെ മധ്യത്തിലെത്തി. ഐദ്രോസ് തോക്കു നിറയൊഴിക്കാനൊരുങ്ങി. ഫർണാണ്ടസ് വിലക്കി.

മിക്കവാറും ചങ്ങാടങ്ങൾ പുഴയിലിറങ്ങി. ഫർണാണ്ടസ് വെടിക്കു ലക്ഷ്യം കുറിച്ചുകൊടുത്തു. പിറകിലുള്ള ചങ്ങാടത്തിനു നേർക്കു്. തോക്കു പൊട്ടി, മരത്തലപ്പുകളിൽനിന്നു മഴപെയ്യുംപോലെ അസ്ത്രങ്ങൾ പുഴയിലേക്കു പാഞ്ഞു.

അവിചാരിതമാണു് സംഭവം. എങ്ങുനിന്നെന്നറിയാതെ അസ്ത്രങ്ങൾ വരുന്നു. കൊള്ളുന്നവർ പുഴയിലേക്കു് മറിഞ്ഞുവീഴുന്നു. ശത്രുനിരയിൽ ആകപ്പാടെ പരിഭ്രമം. പിറകിൽനിന്നു വന്ന ചങ്ങാടങ്ങൾ നിൽക്കക്കള്ളിമുട്ടി പിൻതിരിഞ്ഞു.

ആദ്യം പുറപ്പെട്ടവർ അപകടം കൂടാതെ കരപറ്റി. പോർച്ചുഗീസ് പതാക വഹിച്ചുകൊണ്ടു് അവർ നടന്നു. കരയിൽഒരിടത്തു പതാക സ്ഥാപിച്ചു. അവർ പിൻതിരിഞ്ഞു നോക്കി. പിറകിലുള്ള ചങ്ങാടങ്ങൾ മടക്കിത്തുഴയുകയാണു്. തൊപ്പിയും തുവാലയുമെടുത്തു വീശി അട്ടഹസിച്ചു് എന്തൊക്കെയോ വിളിച്ചുപറഞ്ഞു പിൻതിരിയുന്നവരെ പ്രോത്സാഹിപ്പിക്കാൻ കരയ്ക്കണഞ്ഞവർ ശ്രമിച്ചു.

പതാകയ്ക്കുചുറ്റും നിൽക്കുന്നവരെ നോക്കി ഫർണാണ്ടസ് ഐദ്രോസിനോടു പറഞ്ഞു:”

“ആ നിൽക്കുന്നവനെ കണ്ടോ?”

“ആരാതു്?”

“ഡിസിൽവ.”

“എന്തു്?” ഐദ്രോസ് മിഴിച്ചുനോക്കി.

അതേ. ഡിസിൽവതന്നെ. തണ്ടുവലിക്കാരുടെ നിലയിൽ അനുഭവിച്ച എല്ലാ ദുരിതങ്ങളും അവരുടെ മനസ്സിലൂടെ കടന്നുപോയി.

“കൊടുക്കു്, അവന്റെ നെഞ്ചിൽത്തന്നെ ഒരമ്പു്.” അക്ഷമനായി ഐദ്രോസ് പറഞ്ഞു.

“വരട്ടെ. അവനെ അങ്ങനെ കൊന്നാൽ പോരാ.” പല്ലു കടിച്ചുകൊണ്ടു ഫർണാണ്ടസ് മറുപടി പറഞ്ഞു.

പിൻതിരിഞ്ഞോടുന്നവരെ അപ്പോഴും അസ്ത്രങ്ങൾ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. പോർച്ചുഗീസ് പതാകയ്ക്കു ചുറ്റും നിൽക്കുന്നവർ എന്തൊക്കെ ചെയ്തിട്ടും അവരെ തിരിച്ചുകൊണ്ടുവരാൻ പറ്റിയില്ല. എല്ലാം കണ്ടു സന്തോഷിക്കുന്ന ഫർണാണ്ടസ് പറഞ്ഞു.

“ഉം! വാളെടുത്തോ.”

രണ്ടുപേരും വാളെടുത്തു. മരത്തിൽനിന്നു ചാടിയിറങ്ങി. കൊടുങ്കാറ്റിന്റെ വേഗത്തിൽ മുമ്പോട്ടോടി. ഏറെ താമസമുണ്ടായില്ല. ഡിസിൽവ അടക്കം കരയ്ക്കിറങ്ങിയ എല്ലാവരും വീണു.

ഫർണാണ്ടസ്സിനു പക തീർന്നില്ല. അവൻ ഡിസിൽവയുടെ തലയറുത്തു മരക്കൊമ്പിൽ തുക്കി. പോർച്ചുഗീസ് പതാകയുമെടുത്തു് അനുയായികളോടൊപ്പം കോട്ടയിലേക്കു മടങ്ങി.

തെക്കുവശത്തുള്ള യുദ്ധം ഉച്ചവരെ നീണ്ടുനിന്നു. കോട്ടയിൽ നിന്നു പറന്നുവന്ന പീരങ്കിയുണ്ടയ്ക്കും അസ്ത്രത്തിനും ഉരുളൻകല്ലിന്നുമെതിരെ തന്റെ സൈന്യങ്ങളെ ഒതുക്കി നിർത്താൻ കപ്പിത്താൻ പരൈരയ്ക്കു കഴിഞ്ഞില്ല. ഉച്ചയായപ്പോൾ ഭയങ്കര നാശനഷ്ടങ്ങളോടെ പരൈര പിൻവാങ്ങി.

വിജയോന്മത്തനായ കുഞ്ഞാലിമരയ്ക്കാർ സ്വന്തം പുത്രനെയെന്നപോലെ ഫർണാണ്ടസ്സിനെ മാറോടണച്ചു പുൽകി. എല്ലാ വിജയത്തിനും കാരണം അവനാണെന്നു പ്രശംസിച്ചു.

അനവരതം കൊതിച്ചുകൊണ്ടിരുന്ന ഒരു ജീവിതത്തിൽ കാലുകുത്തിയതു തന്നെ വിജയശ്രീലാളിതനായിട്ടാണു്. ഫർണാണ്ടസ് എല്ലാറ്റിനും ഐദ്രോസിനെ അഭിനന്ദിച്ചു. ‘ആയിരം കാലൻതേളി’ന്റെ പിടിയിൽ നിന്നു് ഐദ്രോസാണല്ലോ അവനെ രക്ഷിച്ചതു്!

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.