images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
പത്തൊൻപതു്

പൂർണചന്ദ്രൻ ഉദിച്ചുയർന്നു. അറബിക്കടലിന്റെ ഹൃദയം തുടിച്ചു നെടുവീർപ്പുകൊണ്ടു മാറിടമുയരുമ്പോലെ അവിടവിടെ വിങ്ങിപ്പൊങ്ങുന്ന കടൽവെള്ളത്തെ കീറിമുറിച്ച കപ്പൽ പതുക്കെ മുമ്പോട്ടുനീങ്ങുമ്പോൾ ചന്ദ്രന്റെ പ്രതിബിംബം ചിന്നച്ചിതറി വെള്ളിപ്പാമ്പുകളായി പിറകോട്ടു് ഓടുന്നതും നോക്കി ഫർണാണ്ടസ് പാമരത്തിൽചാരിനിന്നു. അകലെ മങ്ങിമായുന്ന തീരദേശത്തിനൊപ്പം ഭുതകാലസ്മരണകൾ അവന്റെ ഉന്മത്തഹൃദയത്തോടു യാത്രപറഞ്ഞുതുടങ്ങി.

എല്ലാം ഒരു ദുഃസ്വപ്നമായിരുന്നു!

മുമ്പിൽ പുതിയ അനുഭവങ്ങൾ ഒരുങ്ങിനിൽക്കുന്നു. കുട്ടിക്കാലം മുതൽ കൊതിക്കുന്നതാണു്, ഒരു കടൽപ്പടയെ നയിക്കാൻ. പലപ്പോഴുംനിരാശനായിട്ടുണ്ടു്. ജീവിതാശപോലും നഷ്ടപ്പെട്ടിട്ടുണ്ടു്. അന്നൊക്കെ ഒട്ടും ഇളകാതെ ഹൃദയത്തെ പിടിച്ചുനിർത്തിയതു പറങ്കികളോടു് പകവീട്ടാനുള്ള അഭിലാഷമാണു്.

ഒടുവിൽ ആ മുഹൂർത്തവും കൈവന്നു. ചെറിയ മുന്നു കപ്പലുകൾ, ഏഴു വലിയ പടത്തോണികൾ, വേണ്ടത്ര ആയുധങ്ങൾ, ഏതു വിപത്തിലും ധൈര്യം കൈവിടാത്ത ഏതാനും അനുയായികൾ-ഇവയെല്ലാം ഫർണാണ്ടസ്സിന്റെ നിയന്ത്രണത്തിലാണു് ഇപ്പോൾ. ഒരു കുറവേയുള്ളു. നല്ല പീരങ്കിയും വെടിക്കോപ്പുമില്ല. ശ്രമിച്ചാൽ അതും സാധിക്കും. ഈ ഭാഗ്യം അവിചാരിതമായി വന്നുചേർന്നതാണു്, ഒരു നിമിഷംകൊണ്ടു് ഒരു കടൽപ്പടയുടെ നായകനാക്കി അവനെ അവരോധിച്ചതു കുഞ്ഞാലിമരയ്ക്കാരായിരുന്നു. കോട്ടയിൽനിന്നു കുഞ്ഞാലിമരയ്ക്കാരോടു യാത്രപറഞ്ഞു പിരിഞ്ഞ വികാരനിർഭരമായ രംഗം മനസ്സിൽനിന്നു മായുന്നില്ല.

യുദ്ധംകഴിഞ്ഞു. സാമൂതിരി രാജാവു് ദുഃഖിതനും ലജ്ജിതനുമായി കോഴിക്കോട്ടേക്കു തിരിച്ചു. പറങ്കികൾ പുറങ്കടലിലേക്കു പിൻവാങ്ങി. ഒരാഴ്ചയോളം കോട്ടയിൽ വിജയാഘോഷമായിരുന്നു. അതുകഴിഞ്ഞു ജീവിതം സാധാരണനിലയിക്കു തിരിച്ചുവന്നു. കോട്ടയിലുള്ള എല്ലാ കരുത്തും അസാധാരണമാംവിധം ഒത്തുചേർന്ന ഒരു പടയാളിയെന്ന നിലയിൽ, സ്ഥാനമാനങ്ങൾ നൽകി ഫർണാണ്ടസ്സിനെ കോട്ടയിൽതന്നെ നിർത്താൻ കുഞ്ഞാലിമരയ്ക്കാർ ആശിച്ചു. അതു് അവനോടു് ഒരു ദിവസം തുറന്നുപറയുകയും ചെയ്തു. ഫർണാണ്ടസ് വിനയപൂർവ്വം അതിനു മറുപടി കൊടുത്തു:

“വേണ്ടാ; എനിക്കു പോണം.”

അപ്രതീക്ഷിതമായിരുന്നു ആ അഭ്യർത്ഥന. കൺകോണിന്റെ നേരിയ ഒരു ചലനംകൊണ്ടു നൂറുകണക്കിൽ പടയാളികളെ വരച്ച വരയിൽ നിർത്താനും മരണത്തിന്റെ മുമ്പിലേക്കു് ഓടാനും കഴിയുന്ന കുഞ്ഞാലിമരയ്ക്കാർ സേനാധിപന്റെ അന്തസ്സും ആജ്ഞാശക്തിയും കലരാത്ത സ്വരത്തിൽ ചോദിച്ചു:

“ഉം? എങ്ങോട്ടു്?”

“കടലിലേക്കു്.” ഒട്ടും സങ്കോചമില്ലാതെ, എന്നാൽ തികച്ചും വിനീതനായിത്തന്നെ ഫർണാണ്ടസ് മറുപടി പറഞ്ഞു.

പെറ്റുവീണ കടപ്പുറത്തേക്കു്, സ്വന്തം കുടിയിലേക്കു്, അച്ഛനമ്മമാരുടെ അടുക്കലേക്കു്, പോകാനുള്ള കൊതിയാവണമെന്നു് ആദ്യത്തെ അപേക്ഷ കേട്ടപ്പോൾ കുഞ്ഞാലി മരയ്ക്കാർക്കു തോന്നി. തരക്കേടില്ല, പോയി വരട്ടെ; എല്ലാവരെയും ഒന്നു കാണട്ടെ. ദീർഘകാലത്തെ വിരഹത്തിനുശേഷം അങ്ങനെയൊരു കൊതി തോന്നിയതിൽ തെറ്റില്ല. എന്നാൽ തുടർന്നു ചോദിച്ചപ്പോൾ മറ്റൊരു മറുപടിയാണു് കിട്ടിയതു്.

കടലിലേക്കു പോകണമത്രേ. ആർക്കുവേണ്ടി എന്തിനുവേണ്ടി? ഒന്നും വ്യക്തമല്ല. കുഞ്ഞാലിമരയ്ക്കാർ ഇമവെട്ടാതെ ഫർണാണ്ടസ്സിനെ അൽപ്പനേരം നോക്കിക്കൊണ്ടിരുന്നു. പിന്നെ എഴുന്നേറ്റു കൈകൾ പിന്നിൽ ചേർത്തു കെട്ടി. തലതാഴ്ത്തി അങ്ങട്ടുമിങ്ങട്ടും നടന്നു് ആലോചിച്ചു. ഒരെത്തും പിടിയും കിട്ടുന്നില്ല.

അവൻ എല്ലാംതുറന്നുപറഞ്ഞു. കടലിലേക്കു പോണം. പറങ്കികൾക്കു് നിരന്തരശല്യമുണ്ടാക്കണം. അതിനുള്ള അനുമതിയാണു് അവനു വേണ്ടതു്. സഹായവും, ആ അപേക്ഷ അവന്റെ പേരിലുള്ള സ്നേഹവും ബഹുമാനവും വർദ്ധിപ്പിച്ചതേയുള്ളു. കുഞ്ഞാലിമരയ്ക്കാർ സമ്മതിച്ചു. മാടായിത്തുറമുഖത്തുള്ള ഒരു ബന്ധുവിനു് ഒരു കുറിപ്പു കൊടുത്തു: നാലഞ്ചു തുഴച്ചിൽക്കാരോടൊപ്പം വലിയ ഒരു തോണിയും.

“പോയി വാ. ആവശ്യം വരുമ്പോൾ വിവരം തന്നാൽ ഇവിടെത്തന്നെയെത്തണം.”

ഫർണാണ്ടസ് വിറയ്ക്കുന്ന ചുണ്ടുകൊണ്ടു കുഞ്ഞാലിമരയ്ക്കാരുടെ കൈപ്പടത്തിൽ ചുംബിചു് അനുഗ്രഹത്തിനുവേണ്ടി തല കുനിച്ചു. മാറിൽ തൂങ്ങുന്ന കുരിശടയാളം കുപ്പായത്തിന്റെ വിടവിലൂടെ തെളിഞ്ഞുകാണുന്നു. മരയ്ക്കാർക്കു സഹിച്ചില്ല. തന്റെ ആജന്മ ശത്രുക്കൾ ആരാധിക്കുന്ന അടയാളമാണതു്. അതുംകൊണ്ടുപോയാൽ മാടായിൽനിന്നു ചിലപ്പോൾ സഹായം കിട്ടിയില്ലെന്നുവരും. മരയ്ക്കാരുടെ കൈ പതുക്കെ ഉയർന്നു. ചുണ്ടുവിരൽകൊണ്ടു കൊളുത്തിവലിച്ചു് ആ കുരിശടയാളം പൊട്ടിച്ചെറിഞ്ഞു് അവന്റെ കണ്ണുകളിലേക്കു് ഉറ്റുനോക്കികൊണ്ടു പറഞ്ഞു:

“ഇനി പോക്. ആപത്തൊന്നും പറ്റാണ്ടിരിക്കാൻ ഇതു കൈയിൽ വെച്ചോ.” പച്ചക്കല്ലുവച്ച ഒരു തമ്പാക്കു മോതിരം ഊരി ഫർണാണ്ടസ്സിന്റെ കൈയിൽ കൊടുത്തു.

“ഒടപ്പിറപ്പുകളാരെങ്കിലും വന്നാൽ ഇതു കാട്ടിക്കോ. ഒരാപത്തും വരില്ല.”

എങ്ങനെ കൃതജ്ഞത പറയണമെന്നു ഫർണാണ്ടസ്സിനറിഞ്ഞു കൂടായിരുന്നു. അവൻ ഒന്നും പറയാതെ നിന്നു വിഷമിച്ചു.

ശത്രുക്കളുടെ വെടിയുണ്ടകൾക്കുപോലും പിടുത്തം കൊടുക്കാത്ത ഉരുക്കുചട്ടപോലുള്ള മാറിടത്തിൽ പിടിച്ചടുപ്പിച്ചു് ഒരു മകനെയെന്നപോലെ ഗാഢമായാശ്ലേഷിച്ചു കുഞ്ഞാലിമരയ്ക്കാർ അവനെ പറഞ്ഞയച്ചു. നനഞ്ഞ കണ്ണുകൾ തുടച്ചുമാറ്റിക്കൊണ്ടു് അവൻ നടന്നു. പുഴക്കര ഐദ്രോസ് കാത്തുനിൽപ്പുണ്ടായിരുന്നു. യാത്ര പറയാൻ വിഷമം തോന്നി. രണ്ടുപേരും ഒന്നും മിണ്ടാതെ നിന്നു.

വർഷങ്ങൾക്കു മുമ്പു പരമശത്രുവായി മുമ്പിൽ പ്രത്യക്ഷപ്പെടുകയും പിന്നീടു് സത്യസന്ധമായ പെരുമാറ്റത്തിലൂടെ തന്റെ ഹൃദയം കവരുകയം ചെയ്ത ഐദ്രോസാണതു്. ശത്രുക്കളുടെ പിടിയിൽനിന്നു് പാഞ്ചാലിയെ രക്ഷിച്ചതു് ആ മനുഷ്യനാണു്. ഓ! അതൊന്നും വിചാരിക്കാൻ തന്നെ വയ്യാ. കുഞ്ഞാലിയുടെ സ്ഥാനം ഐദ്രോസിനാണുള്ളതു്. രണ്ടാളും തന്നെ അതിരുകവിഞ്ഞു സ്നേഹിക്കുന്നവരാണു്. ഒരാൾ വെട്ടേറ്റു കപ്പൽത്തട്ടിൽ വീണു. പറങ്കികൾ കൊത്തിനുറുക്കി ചെറിയ ചെറിയ കഷ്ണങ്ങളാക്കി കുഞ്ഞാലിയെ കടലിലെ മത്സ്യങ്ങൾക്കെറിഞ്ഞുകൊടുത്തു. തന്നെ തികച്ചും മനസ്സിലാക്കി സ്നേഹിക്കുന്ന ഒരേയൊരു വ്യക്തി ഇനിയുള്ളതു് ഐദ്രോസാണു്.

വേർപിരിയാൻ വിഷമമുണ്ടു്. പോകാനുള്ള തീരുമാനമെടുത്ത ദിവസം മുതൽ ഐദ്രോസ് വിലക്കുകയാണു്. പക്ഷേ, വയ്യാ. കടൽ വിളിക്കുന്നു. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ആ ശബ്ദം കേൾക്കുന്നു; “പോണം.” യാതൊരു ബന്ധത്തിനും അവനെ പിടിച്ചു നിർത്താൻ കഴിയില്ല. ശക്തിമത്തായ പ്രേരണയാണു്.

“പൊക്കാ!” അവസാനമായി ആ വിളി കേട്ടതു ഗോവയിലെ നദീതീരത്തുവെച്ചാണു്. പിന്നെ അയാളങ്ങനെ വിളിച്ചിട്ടില്ല. മാറിലെ കുരിശടയാളമുള്ളപ്പോൾ ആരും തന്നെ പൊക്കനെന്നു വിളിക്കുന്നതവനിഷ്ടപ്പെട്ടില്ല. അവൻ അറിയാതെ മാറിൽ തപ്പിനോക്കി. ഇന്നു് അതവിടെയില്ല. അതു കഴുത്തിൽ കെട്ടിച്ച ആളും അറുത്തെറിഞ്ഞ ആളും എന്താണുദ്ദേശിച്ചതെന്നറിഞ്ഞുകൂടാ; അന്വേഷിച്ചതുമില്ല. രണ്ടാളുടെ ചെയ്തിയിലും അവൻ പ്രതിഷേധിച്ചില്ല. കെട്ടുന്നവർകെട്ടട്ടെ. അറുക്കുന്നവർ അറുക്കട്ടെ. അതാണവന്റെ മനോഭാവം. ഐദ്രോസിന്റെ ശബ്ദം പിന്നെയും കേൾക്കുന്നു.

“ജ്ജ് വളയക്കടപ്പുറത്തു് പോണില്ലേ?”

എന്താണു് പറയേണ്ടതു്? വളയക്കടപ്പുറത്തു പോണം. ഇന്നല്ലെങ്കിൽ നാളെ അവന്നു ചെന്നുചേരേണ്ട സ്ഥലം അതാണു്. അച്ഛനെയും അമ്മയെയും കാണണം; ആറ്റുനോറ്റിരിക്കുന്ന പാഞ്ചാലിയെ ചെന്നാശ്വസിപ്പിക്കണം. പക്ഷെ, ബദ്ധപ്പെട്ടങ്ങു ചെന്നാലൊരു കുഴപ്പമുണ്ടു്. അച്ഛനും അമ്മയും പിന്നെ അനങ്ങാൻ വിടില്ല. അമ്മ ശരീരംകൊണ്ടും വയ്യെങ്കിലും അവനെയെടുത്തു തോളിലിട്ടു നടക്കാൻ ശ്രമിക്കും. കടലിൽ പോകാനും മീൻ പിടിക്കാനും കൂടി സമ്മതിക്കില്ല. പാഞ്ചാലിയെ ചെന്നു കണ്ടാൽ അവളെപ്പിന്നെ വിട്ടുപിരിയാൻ വിഷമം തോന്നും. അതുകൊണ്ടു തൽക്കാലം അതു വയ്യാ. ആഗ്രഹങ്ങളൊക്കെ സാധിപ്പിക്കണം. വെള്ള്യാൻകല്ലിൽവെച്ചു ബലാൽക്കാരം ചെയ്തു കൊന്ന പെങ്ങൾക്കുവേണ്ടി, കൊത്തിനുറുക്കി കടലിൽ കലക്കിയ കുഞ്ഞാലിയുടെ ആത്മാവിനുവേണ്ടി, പറങ്കികളോടു പകരം ചോദിക്കണം. പാഞ്ചാലിയെ ദ്രോഹിച്ചതിനു പ്രത്യേകമായി ചോദിക്കണം. അതുസാധിച്ചല്ലാതെ ‘പൊക്ക’നായിട്ടു വളയക്കടപ്പുറത്തു കാലുകുത്തില്ല. അതുവരെ ഫർണാണ്ടസ്സെന്ന പുറംതോടും പേറി നടക്കാൻ തന്നെ അവൻ തീരുമാനിച്ചു.

“ജ്ജെന്താ മുണ്ടാത്തതു്?” പിന്നെയും ഐദ്രോസ് ചോദിക്കുന്നു:

“ജ്ജ് വളയക്കടപ്പുറത്തു പോഗിലേ?”

എന്തെങ്കിലും മറുപടി പറഞ്ഞു് അയാളെ സമാധാനിപ്പിക്കണം. ഇല്ലെങ്കിൽ ചോദ്യങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും.

“പോകും.”

“എപ്പള്?”

എപ്പളെന്നവൻ തീരുമാനിച്ചിട്ടില്ല. ഉദ്ദേശ്യങ്ങൾ മിക്കതും നിറവേറ്റീട്ടു പോണം. അതു തുറന്നുപറഞ്ഞാൽ ഐദ്രോസ് വഴക്കുണ്ടാക്കും. വാദപ്രതിവാദത്തിനു വയ്യാ.

“നേരെ അങ്ങട്ട് പൊയ്ക്കോ ജ്ജ്.” അതൊരു കൽപനയായിരുന്നു. ഫർണാണ്ടസ് തല കുലുക്കി; കേവലം യാന്ത്രികമായിട്ടു്, അധികമൊന്നും പിന്നെ സംസാരിച്ചില്ല. വേഗം പുറപ്പെട്ടു.

ഒരു മരപ്രതിമപോലെ ഐദ്രോസ് പുഴക്കരയിലെ പൂഴിപ്പരപ്പിൽ നിൽക്കുന്നതു് അവൻ കണ്ടു. തുഴച്ചിൽക്കാർ ധൃതികൂട്ടുകയാണു്. സന്ധ്യയ്ക്കുമുമ്പു് അഴിമുഖം കടന്നു കടലിലെത്തണം. വേലിയേറ്റം തുടങ്ങിയാൽ വിഷമമാണു്. തോണി ഒരു വളവു തിരിഞ്ഞു. ഐദ്രോസ് കൈപൊക്കി എന്തോ അടയാളം കാട്ടുന്നതു് അവൻ കണ്ടു. ഉടനെ കാഴ്ചപ്പാടിൽ നിന്നു മറഞ്ഞു.

ഇനി കാണാൻ പറ്റുമോ? അറിഞ്ഞുകൂടാ. അടുത്തു നിൽക്കുമ്പോൾ യാത്ര പറയാനുള്ള ബദ്ധപാടായിരുന്നു. അകന്നുപിരിഞ്ഞപ്പോൾ വീണ്ടും കാണണമെന്നു തോന്നുന്നു. ഈ വേർപാടു് എന്നു തുടങ്ങിയതാണു്? കടലിന്റെ മുറ്റത്തുവച്ചു് കടലിൽവെച്ചു് നദീതീരത്തു വെച്ചും പല ബന്ധങ്ങളും ഇങ്ങനെ തകർന്നു പോയിട്ടുണ്ടു്. അതിനിയും തകരും. തകർന്ന ബന്ധങ്ങളുടെ പാടു് ഹൃദയം നിറച്ചുമുണ്ടു്. അവ വേദനിക്കുന്നവയാണു്. കണ്ണുകൾ നനയുന്നു. പിരിഞ്ഞു പോയവർക്കുവേണ്ടി കണ്ണീർ അതിന്റെ കടമ നിറവേറ്റുന്നു.

മാടായിത്തുറമുഖത്തു വിഷമമമൊന്നുമുണ്ടായില്ല. കാണേണ്ടവരെ വേഗത്തിൽ കണ്ടു. കപ്പലും തോണിയും വേഗത്തിലൊരുങ്ങി. സഹായികളെയും കിട്ടി. അങ്ങനെയാണു് ശരിക്കുള്ള കടൽയാത്ര ആരംഭിച്ചതു്. കുഞ്ഞാലിമരയ്ക്കാരുടെ മുദ്രമോതിരം കൈവിരലിൽ കിടപ്പുണ്ടു്. രാത്രിയായപ്പോൾ അതിന്റെ പച്ചക്കല്ലു പ്രകാശം ചൊരിയാൻ തുടങ്ങി.

എവിടേക്കു പോകണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞില്ല. അവർ ലക്ഷ്യമില്ലാതെ പതുക്കെപ്പതുക്കെ തണ്ടു വലിക്കുകയാണു്. അല്പം ധൃതികൂട്ടാൻ പറഞ്ഞില്ലെങ്കിൽ അവർക്കെന്തു തോന്നും? ഒരു കപ്പിത്താന്റ ഗൗരവത്തോടെ അവൻ കല്പന കൊടുത്തു:

“പുറംകടലിലേക്കു്.”

ചന്ദ്രിക വീണു വെട്ടിത്തിളങ്ങുന്ന അറബിക്കടലിന്റെ മാറിലൂടെ ആ കൊച്ചു കടൽപ്പട മുമ്പോട്ടു നീങ്ങി; ചക്രവാളത്തെ ലക്ഷ്യംവെച്ചുകൊണ്ടു്. ആ ജലപ്പരപ്പിൽവെച്ചു പറങ്കികളുടെ ചാട്ടവാർ പലതവണ ശരീരത്തിൽ പുളഞ്ഞുകയറി മാംസം പിച്ചിച്ചീന്തി കൊണ്ടുപോയിട്ടുണ്ടു്. ദിവസങ്ങളോളം വിശ്രമമില്ലാതെ തണ്ടുവലിച്ചിട്ടുണ്ടു്. ദാഹംകൊണ്ടു കണ്ഠം പൊടിഞ്ഞുപൊടിഞ്ഞുപോകുമ്പോൾ യജമാനന്മാരെപ്പോലെ പറങ്കികൾ കൺമുമ്പിൽവെച്ചു് വീഞ്ഞു് കുടിക്കുന്നതു് അത്യാർഥിയോടെ നോക്കിനിൽക്കേണ്ടിവന്നിട്ടുണ്ടു്. എന്തൊക്കെ അനുഭവിച്ചു തഴമ്പിച്ച ജീവിതമാണു്.

ആനപ്പുറത്തു തിടമ്പെഴുന്നള്ളിച്ചതുപോലെ ഇരുണ്ട മരത്തോപ്പുകളുടെ തലപ്പത്തു പൂർണചന്ദ്രൻ തിളങ്ങുന്നു. ചന്ദ്രൻ ഉദിച്ചുനിൽക്കുമ്പോൾ കടലിലൂടെ യാത്ര ചെയ്യുന്നതു നടാടെയല്ല. അന്നൊന്നും ചന്ദ്രനു് ഇത്ര സൗന്ദര്യമുണ്ടെന്നു് തോന്നിയിട്ടില്ല.

പാതിരാവോളം അങ്ങനെ നിന്നു തണ്ടുവലിക്കാർ പാടുന്നുണ്ടു്. ചങ്ങലയ്ക്കിട്ടു ഭീഷണിപ്പെടുത്തി തണ്ടുവലിപ്പിക്കുമ്പോൾ ആർക്കും പാടാൻ തോന്നില്ല. നല്ല രസമുള്ള പാട്ടു്! അവർ എത്രയെങ്കിലും പാടട്ടെ. ഓളത്തട്ടു താളം പിടിക്കുന്നുണ്ടു്. കടലിനും പാട്ടു രസിച്ചിട്ടുണ്ടാവും.

മലയോരങ്ങളിൽ, പുത്തുനിൽക്കുന്ന കടമ്പുവൃക്ഷങ്ങളുടെ തണലുകളിൽ, അഴിച്ചിട്ട തലമുടിയിൽ സ്വർണവിരലുകളോടിച്ചു മിന്നൽപ്പിണറിളകുന്ന മഴക്കാലമേഘങ്ങളുടെ പ്രതീതി ജനിപ്പിച്ചു്, കാമുകസമാഗമം പ്രതീക്ഷിച്ചു നിമിഷങ്ങളെണ്ണുന്ന നായികമാരുടെ നെടുവീർപ്പുകളും ഹൃദയത്തുടിപ്പുകളും ആ പാട്ടുകളിലൂടെ കേൾക്കാമായിരുന്നു.

പാടിയും രസിച്ചും ആപത്തിന്റെ വായിലേക്കാണവർ നീങ്ങുന്നതെന്നു മനസ്സിലാക്കിയില്ല. ഗുജറാത്തിലെയും കർണ്ണാടകത്തിലെയും കുപ്രസിദ്ധരായ കടൽക്കൊള്ളക്കാർ പുറംകടലിൽ പതിയിരിക്കുന്നുണ്ടായിരുന്നു. ഇരതേടി കുറ്റിക്കാടുകളിലമർന്ന പുലികളെപ്പോലെ സമുദ്രസഞ്ചാരികളെയും കാത്തു് അവർ തഞ്ചം നോക്കി ഉരിക്കുകയായിരുന്നു. അവരുടെ സമ്പ്രദായമാണിതു്. പത്തും അമ്പതും കപ്പലുകളുള്ള ഒരു വലിയ സമൂഹം ഒന്നിച്ചു പുറപ്പെടും. അയ്യഞ്ചു നാഴിക ഇടവിട്ട വെടിപൊട്ടിച്ചോ പന്തം കൊളുത്തിയോ അടയാളം കൊടുക്കും. അടുത്തമാത്രയിൽ എല്ലാവരും ചേർന്നു് ഇരയുടെമേൽ ചാടി വീഴും. കൊള്ള ചെയ്യും.

അവിചാരിതമായി എങ്ങുനിന്നോ ഒരു വെടിപൊട്ടുന്നതു കേട്ടു. തണ്ടുവലിക്കാരുടെ ഉത്സാഹം നിലച്ചു. അവരുടെ പാട്ടിനു വിരാമം വീണു. ഫർണാണ്ടസ്സിനു് ഒന്നും മനസ്സിലായില്ല. അവൻ ചുറ്റുപുറവും നോക്കി.

അകലെത്തെവിടെയോ ഒരു പന്തം ജ്വലിച്ചു. തുടർന്നു് അതിനപ്പുറം മറ്റൊന്നു ജലിച്ചു. തണ്ടുവലിക്കാരിലൊരുത്തൻ പേടിച്ചുവിറച്ചുകൊണ്ടു വിളിച്ചുപറഞ്ഞു:.

“കടൽക്കളളന്മാർ!”

കപ്പലുകൾ നങ്കൂരമിട്ടു നിർത്താനും എല്ലാവരും ആയുധം ധരിച്ചു തയ്യാറാവാനും ഫർണാണ്ടസ് കൽപിച്ചു. സമുദ്രസഞ്ചാരത്തിൽ ധാരാളം പരിചയവും അനുഭവവമുള്ള ഒരു തണ്ടുവലിക്കാരൻ മുമ്പോട്ടടുത്തു വന്നു പേടിച്ചു വിറച്ചുകൊണ്ടു പറഞ്ഞു: “ആയുധമെടുക്കുന്നതു വെറുതെയാണു്.”

ചോദ്യരുപത്തിൽ ഫർണാണ്ടസ് അവനെ നോക്കി. തണ്ടുവലിക്കാരൻ സ്ഥിതിഗതികൾ മുഴുവനും വിവരിച്ചു. കൂട്ടത്തിൽ പലപ്പോഴായി തനിക്കുണ്ടായ അനുഭവങ്ങളും. അതൊന്നും ഒട്ടും കേൾക്കാൻ രസമുള്ളതായിരുന്നില്ല. ഉത്തരമൊന്നും പറയാതെ എല്ലാം ശ്രദ്ധിച്ചുകേട്ടു. എന്തെങ്കിലും ചെയ്തേ പറ്റൂ. കീഴടങ്ങാൻ ഏതായാലും ഭാവമില്ല. വേണ്ടിവന്നാൽ പൊരുതി മരിക്കും; അത്രതന്നെ. കൂട്ടുകാർക്കു് ഒരുങ്ങിനിൽക്കാൻ കൽപന കൊടുത്തു.

കൊള്ളക്കാരുടെ കപ്പലുകൾ നിമിഷനേരം കൊണ്ടു നാലുഭാഗത്തുനിന്നും അവരെ വളഞ്ഞു. ഒരു വിളിപ്പാടകലെ സമവൃത്താകൃതിയിൽ അവ നിലയുറപ്പിച്ചു.

എതിർക്കാൻ പുറപ്പെട്ടാൽ എല്ലാവരെയും നശിപ്പിക്കുമെന്നും കൈയിലുള്ളതത്രയും അടിയറവെക്കുന്നപക്ഷം ജീവനോടെ തിരിച്ചുപോകാൻ സമ്മതിക്കുമെന്നും കൊള്ളക്കാരുടെ പക്ഷത്തുനിന്നു വിളിച്ചുപറഞ്ഞു. ആരും മറുപടിയൊന്നും പറഞ്ഞില്ല. എല്ലാവരെയും ഉറച്ചു നിൽക്കാൻ ഫർണാണ്ടസ് പ്രേരിപ്പിച്ചു. അടുത്ത നടപടി എന്തായിരിക്കുമെന്നു് അവൻ ഉറ്റുനോക്കി. നല്ല നിലാവുള്ളതുകൊണ്ടു് എല്ലാം വ്യക്തമായി കാണാം.

കൊള്ളക്കാരുടെ വലിയൊരു കപ്പൽ പതുക്കെ മുമ്പോട്ടു വന്നു. ഫർണാണ്ടസ്സിന്റെ കപ്പലിനെ മുട്ടിയുരുമ്മിനിന്നു. അതിൽ പുറത്തേക്കു കഴുത്തുനീട്ടി നിൽക്കുന്ന തോക്കുകളുണ്ടായിരുന്നു. ഏതാനും അനുനായികളോടുകൂടി ഒരു ദീർഘകായൻ കപ്പലിലേക്കു ചാടിക്കയറിവന്നു. എല്ലാവരുടെ കൈയിലും ഉറയിൽനിന്നു് ഊരിപ്പിടിച്ച വാളുണ്ടായിരുന്നു. ദീർഘകായന്റെ ആകൃതിയും പെരുമാറ്റവും കണ്ടാൽ തലവനാണെന്നു തോന്നും. ചെമ്പിച്ച തലമുടിയും ഇരുണ്ടനിറവും തീപറക്കുന്ന നോട്ടവുമുള്ള ആ മനുഷ്യൻ കപ്പിത്താനെ അന്വേഷിച്ചു.

ഫർണാണ്ടസ് ഒട്ടും പതറാതെ മുമ്പോട്ടു വന്നു. കൊള്ളത്തലവനു് അഭിമുഖമായി നിന്നു. കപ്പലിലെ മങ്ങിയ വെളിച്ചത്തിൽ അവർ പരസ്പരം മിഴിച്ചു നോക്കി. ശബ്ദിച്ചില്ല. കണ്ണുകളാണു് സന്ദേശം കൈമാറിയതു്.

“കീഴടങ്ങുന്നോ?”

“ഇല്ല.”

“നശിപ്പിച്ചുകളയും!”

“ഭീഷണി വെറുതേ!”

“ജീവൻ വേണോ?”

“നിനക്കുവേണ്ടേ?”

നോട്ടത്തിന്റെ പൊരുൾ രണ്ടുപേർക്കും മനസ്സിലായി. കൊള്ളത്തലവൻ അക്ഷമനായി അലറി:

“പിടിച്ചുകെട്ടടാ ഇവനെ!”

ആ കല്പന മുഴുമിക്കാൻ കഴിയുന്നതിനുമുമ്പു് ഫർണാണ്ടസ് ഉറയിൽനിന്നു വാളു വലിച്ചൂരി മുമ്പോട്ടു ചാടി. അല്പനിമിഷത്തെ നിശ്ശബ്ദത.

കൊള്ളത്തലവൻ രണ്ടടി പിന്മാറി. വാൾത്തല കീഴാക്കിപ്പിടിച്ചു തലകുനിച്ചു് ഫർണാണ്ടസ്സിനെ വന്ദിച്ചു.

പരിഹാസമാണോ??

ആർക്കും ഒന്നും മനസ്സിലായില്ല. അത്ഭുതകരമായ സംഭവം കൊള്ളത്തലവൻ വിനീതനായി പറഞ്ഞു:

“അറിയാതെ പറ്റിയതാണു്. ക്ഷമിക്കണം.”

“പരിഹാസം മാറ്റി വാളെടുക്കു്.” ഫർണാണ്ടസ് പൊരുതാനൊരുങ്ങി വിളിച്ചുപറഞ്ഞു.

കൊള്ളത്തലവൻ ഭാവഭേദമില്ലാതെ നിന്നു. ആരംഭത്തിലുള്ള വിനയം ക്രമേണ കൂടുകയാണു്.

“ഞങ്ങളെക്കൊണ്ടു വല്ല സഹായവും വേണമെങ്കിൽ പറയണം.” കൊള്ളത്തലവൻ തുടർന്നു: “ആ മോതിരം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അപകടം പറ്റുമായിരുന്നു.”

ഫർണാണ്ടസ്സിനു കാര്യം മനസ്സിലായി. കുഞ്ഞാലി മരയ്ക്കാരുടെ മിടുക്കാണു് കണ്ടതു്. അവൻ കൈവരലിലേക്കു നോക്കി. പ്രകാശം പരത്തുന്ന ആ മുദ്രമോതിരം അവിടെയുണ്ടു്. ബഹുമാനസൂചകമായി പലതവണ അതിനെ തന്റെ കണ്ണുകളിലേക്കടുപ്പിച്ചു. കൊള്ളത്തലവനോടു് എന്താണു പറയേണ്ടതെന്നു് അവനു പിടുത്തമില്ല. തൽക്കാലം ആജീവനാന്ത സുഹൃത്തുക്കളായി കഴിയാമെന്നു ശപഥം ചെയ്തു് അവർ പിരിഞ്ഞു. ആ സംഭവം മറന്നുകളുയണമെന്നും ഒരിക്കലും കുഞ്ഞാലിമരയ്ക്കാരെ അറിയിക്കരുതെന്നും യാത്രപറഞ്ഞു പിരിയുമ്പോൾ കൊള്ളത്തലവൻ പ്രത്യേകം അപേക്ഷിച്ചു.

ഫർണാണ്ടസ് യാത്ര തുടർന്നു.

പുലിപോലെ വന്ന കൊള്ളത്തലവൻ പൈക്കുട്ടിയെപ്പോലെ തിരിച്ചുപോയതു് രസമുള്ള സംഭവമായിരുന്നു. കൈനേട്ടം ഭംഗിയായി. ഒരു കപ്പിത്താന്റെ അന്തസ്സും ഗൗരവവും പുലർത്തണമെന്നു് ഫർണാണ്ടസ്സിനു തോന്നി. സമുദ്രയാത്രയാണു്. കൂടെയുള്ളവർക്കു് വേഗത്തിൽ മടുക്കും. അവിചാരിതമായി അവർ മടങ്ങാൻ പറയും. യാത്ര അവസാനിപ്പിക്കാൻ നിർബന്ധിക്കും. അനുസരിച്ചില്ലെങ്കിൽ ലഹളയ്ക്കൊരുങ്ങും. അതുകൊണ്ടു് എന്തും കൽപിക്കാൻ ഒരാൾ വേണം. അയാളെ മറ്റുള്ളവർ അനുസരിക്കണം. അതിനുള്ള വഴികളെല്ലാം പലതവണയായി പറങ്കികളിൽ നിന്നു മനസ്സിലാക്കിയിട്ടുണ്ടു്. കപ്പലുകളെ ആക്രമിക്കേണ്ട സമ്പ്രദായം പഠിപ്പിച്ചിട്ടുണ്ടു്. പീരങ്കിയുണ്ടകളിൽ നിന്നു് ഒഴിഞ്ഞുമാറാനുള്ള സാമർത്ഥ്യമുണ്ടു്. കടൽത്തിരകളെ ഭേദിച്ചുകൊണ്ടു ശത്രുക്കളെ ഓടിക്കാനും രക്ഷപ്പെടാനുമറിയാം. എല്ലാറ്റിനും നല്ല കരുത്തുള്ള ഒരു കപ്പിത്താൻ വേണം. നല്ല കപ്പിത്താനാവാനുള്ള സൂത്രങ്ങൾ ഉരുവിട്ടു മനസ്സിലുറപ്പിച്ചു.

വരട്ടെ; കാണിച്ചുകൊടുക്കാം.

ഒരു കൊടുങ്കാറ്റുപോലെ അറബിക്കടലിൽ മുഴുവൻ ചീറിപ്പായണം. ശത്രുക്കളിൽ ഒന്നിനെയും വിടാതെ നായാടിപ്പിടിക്കണം. കപ്പലിൽ കൊണ്ടുവന്നു ചങ്ങലയ്ക്കിടണം. തണ്ടുവലിപ്പിക്കണം. ചാട്ടവാറിന്റെ സ്വാദനുഭവിപ്പിക്കണം. അടിമത്തത്തിന്റെ വേദന മനസ്സിലാക്കിക്കൊടുക്കണം.

“വേഗം,വേഗം!” അവൻ വിളിച്ചുപറഞ്ഞു. ആ ശബ്ദത്തിനു് ഒരു കപ്പിത്താന്റേതിനെന്നപോലെ ഗൗരവമുണ്ടു്. എങ്ങോട്ടെന്നു നല്ല നിശ്ചയമില്ലെങ്കിലും അവൻ വിളിച്ചു പറഞ്ഞു:

“വേഗം, വേഗം!”

ഇഴയുന്ന കപ്പലുകളിൽ നിൽക്കാൻ സുഖമില്ല. വായുവേഗത്തിൽ പറക്കട്ടെ. എങ്കിലേ ഉശിരും ചുണയും അനുഭവപ്പെടുകയുള്ളു.

തണ്ടുവലിക്കാർ കിണഞ്ഞു പ്രയത്നിച്ചു. കപ്പലുകൾ കുതറിപ്പാഞ്ഞു. തലയ്ക്കു മുകളിൽ ചന്ദ്രനും നക്ഷത്രങ്ങളും വിരണ്ടോടി. രസമുണ്ടു്.

ഈ രസം പൂർത്തിയാവാൻ പറങ്കികളെ വേഗത്തിൽ കണ്ടുമുട്ടണം. അറബിക്കടലിന്റെ വിരിമാറിൽവെച്ചുതന്നെ അവരോടു പകരം ചോദിക്കണം. എന്തൊക്കെ എണ്ണിയെണ്ണിപ്പറയാനുണ്ടു്! പറയും.

ശക്തിപൂർവ്വം വീശിക്കൊണ്ടുവരുന്ന കാറ്റു് തലമുടി ചിക്കിച്ചീകി നെറ്റിയിലൂടെ കണ്ണിലേക്കു തള്ളിയിടുന്നു. ദൂരക്കാഴ്ച നഷ്ടപ്പെടുത്തുന്നു. ഫർണാണ്ടസ് ഒരു പട്ടുറുമാലെടുത്തു തലയിൽക്കെട്ടി. ചന്ദ്രിക തട്ടിത്തിളങ്ങുന്ന കടലും വെള്ളമേഘം കൊണ്ടു വക്കു കസവിട്ട ചക്രവാളവും ഗാഢാശ്ലേഷത്തിൽ ലയിക്കുന്ന വിദൂരതയിലേക്കു നോക്കിക്കൊണ്ടു് അവൻ നിന്നു. ഇനിയും നേരം പുലരും; സന്ധ്യയാവും. പിന്നെയും ഇരുട്ടു പരക്കും. ദിവസങ്ങളോ മാസങ്ങളോ അങ്ങനെ കഴിയട്ടെ. പറങ്കികളെ കണ്ടല്ലാതെ പിന്മടങ്ങില്ല.

പിറ്റേന്നു രാവിലെ മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിൽ കപ്പലടുപ്പിച്ചു. ഇടതൂർന്നു വളർന്ന തെങ്ങുകളുടെ ശീതളഛായയിൽ എല്ലാവരും ഇറങ്ങി വിശ്രമിച്ചു.

മാടായിയിൽ നിന്നു വന്ന അബുവാണു് ഇപ്പോൾ ഉറ്റ ചങ്ങാതി. അടുത്ത പരിപാടിയെപ്പറ്റി അബുവുമായി കൂടിയാലോചിച്ചു. ഉദ്ദേശ്യമില്ലാതെ ഇങ്ങനെ കപ്പലോടിച്ചു പോകുന്ന അപകടകരമാണെന്നു് അബുവിനു് അഭിപ്രായമുണ്ടു്.

“കാരണം?” ഫർണാണ്ടസ് ചോദിച്ചു:

“ബറുക്കനെ ഓടിയാൽ മനിസന്റെ തടി ക്ഷീണിക്കും.”

അബുവിന്റെ ന്യായമതാണു്.

ഓടാഞ്ഞാലെങ്ങെന്യാ? പറങ്ക്യേള് ഇങ്ങോട്ട് വര്വോ?”

“ബെരും.”

“എന്ത്?”

“രണ്ടുദിവസം ഇബിടെ കാത്തുനിന്നാൽ ബെരും; ബെരാതിരിക്കൂലാ. ഞമ്മക്ക് നിച്ച്യേള സ്ഥലാണിത്.”

“അതെങ്ങനെ?”

“ഇബിടെ ഒളിച്ചു കുത്തിരിഞ്ഞും കളഞ്ഞ് ഇമ്മിണി പറങ്കിക്കപ്പലിനെ ഞമ്മൾ വെരട്ടീറ്റ്ണ്ട്. അന്നൊക്കെ പക്കേങ്കില് കുഞ്ഞാലിമരയ്ക്കാരും ഞമ്മളെകൂടെ ഉണ്ടേയിനും.”

കുഞ്ഞാലിമരയ്ക്കാരുടെ ശിക്ഷണത്തിൽ കടൽയുദ്ധം അഭ്യസിച്ചവനാണു് അബുവെന്ന കാര്യം ഫർണാണ്ടസ് അപ്പോഴാണു് മനസ്സിലാക്കിയതു്. സന്തോഷം. അബുവിന്റെ അഭിപ്രായമനുസരിച്ചു് രണ്ടോ നാലോ ദിവസം അവിടെ കാത്തുനിൽക്കാം. ഒരു കുഴപ്പവുമില്ല. പറങ്കികളെ കണ്ടുകിട്ടണം. ഈ യാത്രയുടെ ഉദ്ദേശ്യം തന്നെ അതാണു്.

അങ്ങനെ കാത്തിരുന്നു മറ്റുള്ളവർ ദിവസം പോയതറിഞ്ഞില്ല. ചൂണ്ടമീൻ പിടിച്ചും കടലിൽ നീന്തിയും മതിയാവോളം ഇളനീർ പറിച്ചു കുടിച്ചും അവർ ഉല്ലസിച്ചു കഴിച്ചുകൂട്ടി. ഫർണാണ്ടസ് ഒന്നിലും പെട്ടില്ല. മറ്റുള്ളവരുടെ കൂടെ വിനോദങ്ങളിൽ പങ്കുകൊള്ളുന്നതു് കപ്പിത്താന്റെ അന്തസ്സിനു ചേർന്നതല്ല. അവൻ പതുക്കെപ്പതുക്കെ ഒരു കപ്പിത്താനാവുകയായിരുന്നു. കൽപ്പിക്കേണ്ടവരാകുമ്പോൾ കുറച്ചു ഗൗരവം പാലിക്കണം. ഇന്നിന്നവർ ഇന്നിന്ന ജോലി ചെയ്യണമെന്നു നിർദ്ദേശിച്ചു് അവൻ മിണ്ടാതെ ഒരു സ്ഥലത്തിരുന്നു. ആലോചിക്കാൻ അനവധി കാര്യങ്ങളുണ്ടു്. അതുകൊണ്ടു മുഷിപ്പും തോന്നിയില്ല.

ഒരു ദിവസം തനിച്ചിരുന്നാലോചിക്കുമ്പോൾ പുതിയൊരാശയം കിട്ടി. കോട്ടയ്ക്കൽ വെച്ചു ഡിസിൽവയുമായി നടന്ന യുദ്ധത്തിൽ പറങ്കിപ്പട്ടാളക്കാരുടെ ഉടുപ്പുകൾ കുറെ കൈവശപ്പെടുത്തീട്ടുണ്ടു്. ഒരു പോർച്ചുഗീസ് പതാകയും. അതൊക്കെ കെട്ടിയെടുത്തു കൂടെ കൊണ്ടുപോന്നിട്ടുണ്ടു്. ഏതെങ്കിലുംവഴിക്കു് അതുപയോഗിക്കണം. സമയവും സന്ദർഭവും അപ്പോൾതന്നെ ആലോചിച്ചുറച്ചു.

ദ്വീപിൽ കാത്തിരുന്നു. പറങ്കികളെ കാണാതെ നിരാശപ്പെട്ടു. നാലാം ദിവസം യാത്രപുറപ്പെട്ടപ്പോൾ ഏതാനും പേരെ ഫർണാണ്ടസ് തിരഞ്ഞെടുത്തു. അവരോടു് പറങ്കിപ്പട്ടാളക്കാരുടെ ഉടുപ്പു ധരിക്കാൻ പറഞ്ഞു. ആരും വിരോധം പറഞ്ഞില്ല. അബുമാത്രം പ്രതിഷേധിച്ചു. പറങ്കിപ്പട്ടാളക്കാരുടെ ഉടുപ്പു കൈകൊണ്ടു് തൊടില്ലെന്നു് അവൻ ശഠിച്ചു. സാരമില്ല. നിസ്സാരകാര്യത്തിനു വഴക്കുണ്ടാക്കേണ്ടെന്നു വെച്ചു ഫർണാണ്ടസ് നിർബന്ധിച്ചില്ല. എങ്കിലും കപ്പിത്താനെ ധിക്കരിച്ചതോർത്തപ്പോൾ അല്പം വല്ലായ്മ തോന്നി. അതു പുറത്തു കാണിക്കാതെ കഴിച്ചുകൂട്ടി.

പോർച്ചുഗീസ് പതാക തന്റെ കപ്പലിന്റെ പാമരത്തലപ്പിൽ ഉയർത്താൻ അവൻ കല്പിച്ചു. പതാക ഉയർന്നുകണ്ടപ്പോൾ അബു കൂടുതൽ ക്ഷോഭിച്ചു. ഫർണാണ്ടസ് അതു ശ്രദ്ധിച്ചില്ല. അവൻ കപ്പിത്താന്റെ വേഷം ചമയുകയായിരുന്നു. മുമ്പിൽ സഞ്ചരിക്കുന്ന കപ്പലിൽ തന്റെ കൂടെ പറങ്കികളുടെ വേഷം ധരിച്ച പട്ടാളക്കാർ വേണം. പോർച്ചുഗീസ് പതാക പറക്കുകയും വേണമെന്നു് അവൻ തീരുമാനിച്ചു. എല്ലാവരുടെയും ചമയൽ കഴിഞ്ഞപ്പോൾ കപ്പലിൽ ചെന്നിരിക്കാൻ അവൻ നിർദ്ദേശം നൽകി. കൂടെ അവനും പുറപ്പെട്ടു. അബു പിണങ്ങിയമട്ടിൽ ദ്വീപിലൊരിടത്തു മിണ്ടാതെ നിൽക്കുകയാണു്. കപ്പലിൽ കേറീട്ടില്ല. ഫർണാണ്ടസ് ചെന്നു വിളിച്ചു.

“ആ കൊടി വെച്ചാൽ ഞമ്മള് കപ്പലീ കേറൂലാ.”

“കേറണം.” അത്രനേരത്തെ സൗഹൃദമെല്ലാം മാറ്റിവെച്ചു ഫർണാണ്ടസ് കൽപിച്ചു.

“ഞമ്മളെ ഉസിര് കൂട്ടിലുണ്ടെങ്കിൽ ഞമ്മൾ കേറൂലാ.”

“കേറുന്നതാ നല്ലത്.”

“ബേറെ ആള നോക്കണം.”

ഫർണാണ്ടസ് ചെന്നു് അബുവിന്റെ കൈക്കുപിടിച്ചു. അവൻ തട്ടിക്കളഞ്ഞു. വഴക്കായി.

“കപ്പിത്താന്റെ കല്പനയാണ് നീ അനുസരിക്കണം.” ഫർണാണ്ടസ് ഒരിക്കൽക്കൂടി ഉറച്ചുപറഞ്ഞു.

“പടശ്ശോന്റെ കല്പനയായാലും ഞമ്മൾ കേറൂലാ.”

“തീർച്ച?”

“തീർച്ച.”

പിന്നെയും ഫർണാണ്ടസ് അബുവിനെ പിടിക്കാനടുത്തു. അബു മുഷ്ടി ചുരുട്ടി യുദ്ധത്തിനാണൊരുങ്ങിയതു്. അല്പനേരത്തെ വഴക്കിൽ ഇടിയും തൊഴിയും നടന്നു. കലശലായ ദ്രോഹമേൽപ്പിക്കാതെ അബുവിനെ കീഴടക്കണമെന്നാണു് ഫർണാണ്ടസ്സിന്നു വിചാരം. കഴിയുന്നില്ല. ഒടുവിൽ പിൻകഴുത്തിൽ നല്ലൊരിടിവെച്ചുകൊടുത്തു. അബു മൂക്കുകുത്തി നിലത്തുവീണു. ഉടനെ കൈകൾ പിന്നിൽ ചേർത്തുകെട്ടി ഫർണാണ്ടസ് അവനെ അനായാസമായി പൊക്കിയെടുത്തു കപ്പലിലേക്കു നടന്നു. കല്പന ധിക്കരിക്കാനൊരുങ്ങുന്നവർക്കു് അതൊരു താക്കീതായിരിക്കട്ടെ എന്നു് അവൻ ഉച്ചത്തിൽ പറഞ്ഞു.

അബുവിനെ കപ്പൽത്തട്ടിൽ ഒരിടത്തു വെച്ചു് ഫർണാണ്ടസ് യാത്ര പുറപ്പെടാനുള്ള കല്പന നൽകി. പുറപ്പെട്ടെതിൽ പിന്നെ ചക്രവാളമാണു് ലക്ഷ്യം. മറ്റൊരു ലക്ഷ്യമില്ല. ഇപ്പോഴും ആ ലക്ഷ്യത്തിലേക്കു തന്നെ നീങ്ങി.

അധികനേരം അങ്ങനെ സഞ്ചരിക്കുന്നതിനുമുമ്പു പാമരത്തലപ്പിൽ കാവലിരിക്കുന്നവർ വിളിച്ചുപറയുന്നതുകേട്ടു; “കപ്പൽ വരുന്നു, കപ്പൽ.”

ഫർണാണ്ടസ് ഉത്സാഹത്തോടെ നോക്കി; കാണുന്നില്ല.

“എത്ര കപ്പലുണ്ട്” അവൻ വിളിച്ചുചോദിച്ചു.

കാവൽക്കാർക്കു വ്യക്തമായി പറയാൻ വയ്യാ. അത്രയും അകലത്താണു്.

“അടുത്തു വരുന്നതോ അകന്നു പോകുന്നതോ?” അവൻ പിന്നെയും വിളിച്ചുചോദിച്ചു

കാവൽക്കാർ തെല്ലിട സംശയിച്ചുനിന്നു. പിന്നെ എല്ലാവരും കൂടി ഒന്നിച്ചു പറഞ്ഞു: “വരുന്നതാണു്, വരുന്നതാണു്.”

വരുന്നതാണെങ്കിൽ ധൃതിപ്പെടേണ്ടതില്ല. ഭാഗ്യപരീക്ഷയ്ക്കുള്ള ഊഴം. കരുതലോടെ നിൽക്കണം. ശക്തികൊണ്ടല്ല. ബുദ്ധികൊണ്ടാണു് ശത്രുവിനെ നേരിടാനൊരുങ്ങിയതു്. ചെറിയൊരു നോട്ടക്കുറവുകൊണ്ടു് ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന അടിമത്തമോ മരണം തന്നെയുമോ സംഭവിക്കും.

ഫർണാണ്ടസ് അങ്ങോട്ടുമിങ്ങോട്ടും ധൃതിപിടിച്ചോടി ഓരോരുത്തർക്കും വേണ്ട നിർദേശം നൽകി. പറങ്കികളെപ്പോലെ പട്ടാളവേഷമണിഞ്ഞവർ ഒരു നിമിഷംകൊണ്ടു് ആയുധമേന്തി യുദ്ധം ചെയ്യാനുള്ള ഒരുക്കത്തോടെ നിൽക്കണം. മറ്റുള്ളവർ തടവുകാരെപ്പോലെ പെരുമാറണം. അവരുടെ ഇരിപ്പിടത്തിൽ ആയുധം കരുതിവെക്കണം. ആരും പരിഭ്രമിക്കരുതു്. ഒന്നും സംഭവിക്കാത്തമട്ടിൽ, ഒന്നിലും താൽപര്യമില്ലാത്തമട്ടിൽ, അലസമായിരിക്കണം. അതേസമയം കൽപ്പനയ്ക്കുവേണ്ടി ശ്രദ്ധയോടെ കാത്തിരിക്കുകയും വേണം. നിർദേശങ്ങളൊക്കെ പല തവണ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു പഠിപ്പിച്ചു് ഫർണാണ്ടസ്. പിന്നെയും കാവൽക്കാരോടു് വിളിച്ചു ചോദിച്ചു: “എത്ര കപ്പലുണ്ടു്?”

“ഏഴു വലിയ കപ്പൽ.” ഉടനെ മറുപടി കിട്ടി.

ഏഴു വലിയ കപ്പൽ! പട്ടാളക്കാർ വേണ്ടത്രയുണ്ടാവും; പീരങ്കിയും. കണ്ടമാത്രയിൽ പിണങ്ങിയാൽ രക്ഷകിട്ടില്ല. ഏഴു കപ്പലുകളിലെ പീരങ്കികൾ ഒന്നിച്ചു് ഉണ്ട വർഷിച്ചാൽ എല്ലാം വെന്തു വെണ്ണീറാവും. നയത്തിൽ പെരുമാറണം. വഞ്ചനകൊണ്ടു കീഴടക്കണം. അതോർത്തപ്പോൾ ഫർണാണ്ടസ്സിനു് അല്പം വിഷമം തോന്നി. ആരെയും അതുവരെ വഞ്ചിച്ചിട്ടില്ല. വഞ്ചിക്കുന്നവരെ ഇഷ്ടവുമല്ല. ഒരു രാജ്യം മുഴുവൻ കിട്ടാമെന്നുവെച്ചാൽ കളവുപറയാൻ തുനിയില്ല.

വരുന്നതു പറങ്കികളാണെങ്കിൽ കളവും വഞ്ചനയുമെല്ലാം ചെയ്യണമെന്നുറപ്പിച്ചു. പറങ്കികൾ സത്യദീക്ഷയുള്ളവരല്ല. വഞ്ചന മാത്രമേ അവർക്കറിഞ്ഞുകൂടൂ. സ്വന്തം അനുഭവത്തിലൂടെ നോക്കിയപ്പോൾ പറങ്കികളുടെ ഭാഗത്തു വഞ്ചനയുടെ കൂമ്പാരമാണു് കാണുന്നതു്. ഉറച്ചുനിൽക്കാൻ തന്നെ തീരുമാനിച്ചു. കാവൽക്കാരുടെ ശബ്ദംകേൾക്കുന്നു:

“പറങ്കിക്കപ്പൽ, പറങ്കിക്കപ്പൽ!”

ഹൃദയം തുടിച്ചു. ആവേശംകൊണ്ടു ശരീരം മുഴുവൻ പൊട്ടിത്തെറിച്ചുപോകുമെന്നു തോന്നി. പറങ്കിക്കപ്പിത്താന്റെ ഉടുപ്പാണു് ധരിച്ചതു്. പോരായ്മ വല്ലതുമുണ്ടോ? അതിന്റെ കോട്ടവും ചുളിയുമൊന്നു പിടിച്ചു ശരിപ്പെടുത്തി. തൊപ്പി നേരെയാക്കി. വാളെടുത്തു മൂർച്ച പരിശോധിച്ചു വീണ്ടും ഉറയിലിട്ടു. അരപ്പട്ടയിൽ തിരുകിയ കഠാരി സ്പർശിച്ചുനോക്കി. അന്തസ്സിൽ കപ്പൽത്തട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പുതിയൊരു ചൈതന്യം കൈവന്നപോലെ തോന്നി. ഡിസിൽവയെപ്പോലെ നിരർഥകമായൊന്നു പൊട്ടിച്ചിരിച്ചു. കൈയും കാലും വരിഞ്ഞുകെട്ടി മുമ്പിലിട്ട അബുവിന്റെ പൃഷ്ഠത്തു് പുറംകാലുകൊണ്ടു് ഒരു തട്ടുകൊടുത്തു. അബു വേദനിച്ചുകൊണ്ടു നിലവിളിച്ചു. അരിശംപിടിച്ചു് എന്തൊക്കെയോ പിറുപിറുത്തു.

“മിണ്ടരുതു്!” ഫർണാണ്ടസ് അലറി; ശത്രുവിനെപ്പോലെ.

“ഹമുക്കേ!” അബു പല്ലുകടിച്ചു തെറിപറഞ്ഞു.

ഫർണാണ്ടസ് ചാട്ടവാർ കൈയിലെടുത്തു് പൊട്ടിച്ചിരിച്ചു.

“മിണ്ടരുതു്?” ഗർജ്ജിച്ചുകൊണ്ടു പതുക്കെ ഓരോ അടിവെച്ചു് അവൻ അബുവിനെ സമീപിച്ചു. മുഖത്തു രാക്ഷസീയമായ ഭാവം പരന്നു. കണ്ണുകൾ കലങ്ങി.

അബു തെറിപറയുകയാണു്.

ഒന്നു്, രണ്ടു്, മൂന്നു്. ഫർണാണ്ടസ്സിന്റെ ചാട്ടവാർ കൃഷ്ണസർപ്പത്തെപ്പോലെ ചാടിവീണു് അബുവിനെ കൊത്താൻ തുടങ്ങി. അബു നിശ്ശബ്ദനാവുന്നതുവരെ ആ ചാട്ടവാർ പ്രവർത്തിച്ചു. എല്ലാം കഴിഞ്ഞു. ഫർണാണ്ടസ് വീണ്ടും ഒന്നു പൊട്ടിച്ചിരിച്ചു. ആ ശബ്ദം കേട്ടാൽ അവനെ ഡിസിൽവയുടെ പ്രേതം ബാധിച്ചപോലെ തോന്നും.

കപ്പലുകളിൽ മുഴുക്കെ ശ്മശാനനിശ്ശബ്ദത പരന്നു. ആർക്കും ഒന്നും മനസ്സിലായില്ല. ആരും ഒന്നും പറഞ്ഞതുമില്ല. വലത്തുകൈയിൽ ചാട്ടവാർ പിടിച്ചു് ഇടതുകൈ കാൽസരായിയുടെ കീശയിൽ തിരുകി മുറിവേറ്റ സിംഹത്തെപ്പോലെ ഫർണാണ്ടസ് നിന്നു.

കപ്പലുകൾ നങ്കൂരമിട്ടു നിർത്താൻ കൽപിച്ചു. അകലത്തു ശത്രുക്കളുടെ പതാകകൾ കാറ്റിലാടുന്നതു കാണാം. കപ്പലുകൾ വേഗത്തിലാണു് വരുന്നതു്. അനുകൂലമായ കാറ്റുണ്ടു്. നോക്കിക്കൊണ്ടിരിക്കെ അവയുടെ വേഗം കുറഞ്ഞു; സംശയിച്ചിട്ടാവും.

ഫർണാണ്ടസ് തൊപ്പിയെടുത്തു വീശി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:

“വരണം, വരണം. ശത്രുക്കളല്ല, മിത്രങ്ങളാണു്.” പോർച്ചുഗീസ് ഭാഷയിലാണു് വിളിച്ചുപറഞ്ഞതു്.

“വന്ദനം, വന്ദനം! മറുഭാഗത്തെ കപ്പിത്താൻ അതേ ഭാഷയിൽ മറുപടി പറഞ്ഞു. കപ്പലുകൾ പതുക്കെ അടുത്തുവരുന്നു. കുശലപ്രശ്നങ്ങൾ മുറുകുന്നു.

അവർ പോർച്ചുഗലിൽ നിന്നു വരുന്നവരാണു്. സ്വർണ്ണം, വെള്ളി, പട്ടുതുണികൾ തുടങ്ങിയ വ്യാപാരവസ്തുക്കളാണു് കപ്പലിലധികം. സാമൂതിരിയുമായി യോജിച്ചു കുഞ്ഞാലിമരയ്ക്കാരോടു യുദ്ധം തുടങ്ങിയ കഥ വഴിയിൽവെച്ചറിഞ്ഞു. വളരെ സന്തോഷിച്ചു. പക്ഷേ, ആ സന്തോഷം നീണ്ടുനിന്നില്ല. കുറെ പോന്നപ്പോൾ യുദ്ധം തോറ്റ കഥയും അറിഞ്ഞു. അതുകൊണ്ടാണു് പുറങ്കടലിലൂടെ യാത്ര. കുഞ്ഞാലിമരയ്ക്കാരെ ഭയന്നിട്ടു്. കുശലപ്രശ്നത്തിനിടയിൽ അങ്ങനെ പലതും ഫർണാണ്ടസ്സിനു മനസ്സിലാക്കാൻ കഴിഞ്ഞു.

പറങ്കിക്കപ്പിത്താന്റെ കപ്പൽ ഫർണാണ്ടസ്സിന്റെ കപ്പലിനോടു പതുക്കെ അടുക്കുകയാണു്. തടിച്ചു നീണ്ട ചെമ്പൻതാടിയും നീലക്കണ്ണുമുള്ള കപ്പിത്താൻ കപ്പൽത്തട്ടിൽ നിൽക്കുന്നു. ഫർണാണ്ടസ് ഒന്നേ നോക്കിയുള്ളു. മുഖം തിരിച്ചുകളഞ്ഞു.

“സ്വാഗതം! കണ്ടതു വളരെ സന്തോഷം. ഇങ്ങോട്ടു വരണം; ഇവിടെ സൗകര്യമാണു്.” നല്ല ഒഴുക്കിലും ചിട്ടയിലുമാണു് ഫർണാണ്ടസ് പോർച്ചുഗീസ് ഭാഷ സംസാരിക്കുന്നതു്.

വലിയ ഒരു കയറിൽ പിടിച്ചു് ഊഞ്ഞാലാടിക്കൊണ്ടു് പറങ്കിക്കപ്പിത്താൻ ഫർണാണ്ടസ്സിന്റെ കപ്പലിലേക്കു ചാടിവീണു. വീണതു് അബുവിന്റെ അടുത്താണു്.

“ഓ. അടിമ!” പുറങ്കാലുകൊണ്ടു് അബുവിനെയൊന്നു തൊഴിച്ചേ കപ്പിത്താൻ മുമ്പോട്ടു നീങ്ങിയുള്ളു.

ഫർണാണ്ടസ് തല തിരിക്കാതെ, കപ്പിത്താനെ നോക്കാതെ, ആലോചിച്ചു. അടുത്തെത്തിയാൽ കള്ളിപൊളിയും. ഒരു പറങ്കിയാണെന്നു് ഒരിക്കലും വിശ്വസിക്കില്ല. സംശയത്തിനിടം കൊടുക്കുന്നതിനുമുമ്പു് എല്ലാം കഴിയണം. സമയം പറക്കുകയാണു്. വേഗത്തിൽ തീരുമാനമെടുക്കണം.

ഒരട്ടഹാസത്തോടെ ഫർണാണ്ടസ് യുദ്ധത്തിനുകല്പന കൊടുത്തു. മിന്നൽവേഗത്തിൽ വാളൂരിക്കൊണ്ടു കപ്പിത്താന്റെ നേരെ തിരിഞ്ഞു. വാൾമുന നെഞ്ചിൽ അമർത്തിക്കൊണ്ടു് അലറി:

“ഉം, കൈ പൊക്ക്!”

ഗത്യന്തരമില്ലാതെ കപ്പിത്താൻ കീഴടങ്ങി. കൈകൾ ആകാശത്തിലേക്കു പൊക്കി അനങ്ങാതെ നിന്നു.

ഫർണാണ്ടസ്സിന്റെ കല്പന കേട്ടു പറങ്കികളുടെ വേഷം ധരിച്ചവർ, ഒന്നിനു പിറകെ മറ്റൊന്നായി കയറുകളിലൂടെ പറങ്കിക്കപ്പലുകളിലെത്തി, പീരങ്കിവിഭാഗത്തെ ഞൊടിയിടകൊണ്ടു കീഴടക്കി. അടിമകളുടെ ഭാവം ചമഞ്ഞിരുന്നവർ പിന്നാലെ എത്തി. നല്ല നിലയിൽ ഒരു കൂട്ടിമുട്ടലുണ്ടായി. എന്താണു് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്നു പോയ പറങ്കികൾക്കു് അധികനേരം ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല. കുറേപ്പേർ മരിച്ചുവീണു. മറ്റുള്ളവർ ക്ഷണത്തിൽ കീഴടങ്ങി.

കപ്പിത്താനെ മുമ്പിൽ നടത്തിക്കൊണ്ടു ഫർണാണ്ടസ് എല്ലാ കപ്പലുകളും പരിശോധിച്ചു. വെടിമരുന്നറ, ആയുധശാല, ഖജാന തുടങ്ങിയവ തുറന്നുനോക്കി. തൃപ്തിപ്പെട്ടു. അടിമകൾക്കുവേണ്ടി ഒരുക്കിവെച്ച ചങ്ങലകൾ ഒരു മൂലയിൽ വിശ്രമിക്കുകയായിരുന്നു. എല്ലാം പൊടി തട്ടി പുറത്തേക്കു വരുത്തി.

ആദ്യം ചങ്ങലയ്ക്കിട്ടതു കപ്പിത്താനെയാണു്; വഴിക്കുവഴി മറ്റുള്ളവരെയും. കപ്പിത്താന്റെ പട്ടുപോലെ മിനുപ്പാർന്ന ഉള്ളംകയ്യിൽ കപ്പൽത്തണ്ടെടുത്തു് ഫർണാണ്ടസ് തന്നെ വെച്ചുകൊടുത്തു. പഴയമട്ടിൽ അവൻ പൊട്ടിച്ചിരിച്ചു. ചാട്ടവാർ വലിച്ചെടുത്തു. തുടരെത്തുടരെ പൊട്ടിച്ചു. അതു് ആഞ്ഞാഞ്ഞു പറങ്കികളുടെ പുറത്തുവീണു. തണ്ടുകൾ ഇളകി. കടൽവെള്ളം ശബ്ദിച്ചു.

കഴിഞ്ഞകാലത്തിന്റെ പുതിയ ഒരു ചിത്രം ഫർണാണ്ടസ്സിന്റെ മുമ്പിൽ തെളിഞ്ഞുനിന്നു. തന്റെ നാട്ടിനുവേണ്ടി, നാട്ടാർക്കുവേണ്ടി, അവൻ ഒന്നുകൂടി പൊട്ടിച്ചിരിച്ചു. കുട്ടിക്കാലത്തു കുടിയിലെ കൈതോലപ്പായിലും കടൽപ്പുറത്തെ പൂഴിയിലും കിടന്നു കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാവുന്നു.

“യക്ഷികളെ കീഴടക്കിയ പൊക്കൻ, പറങ്കികളെ ജയിച്ച പൊക്കൻ-അതാണു് പാഞ്ചാലിയുടെ പൊക്കൻ.” ഫർണാണ്ടസ്സിന്റെ ചാട്ടവാർ അവിരാമം പ്രവർത്തിച്ചുകൊണ്ടിരുന്നു.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.