images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
രണ്ടു്

കാറ്റോ മഴയോ തകർക്കട്ടെ. പട്ടിണിയോ പകർച്ചവ്യാധിയോ വരട്ടെ. കടൽക്കള്ളൻമാരോ പറങ്കികളോ കൊള്ള നടത്തട്ടെ. വയറുനിറച്ചു കള്ളു കിട്ടിയാൽ എല്ലാം പുല്ലാണു്. അത്യാഹിതങ്ങളുടെയും ദുരിതങ്ങളുടെയും നടുക്കു് ജീവിക്കുന്നതു് കൊണ്ടാവണം, കടപ്പുറത്തുള്ള അരയന്മാർ കള്ളുകുടി ശീലിച്ചതു്. തരം കിട്ടുമ്പോഴൊക്കെ എല്ലാവരും കുടിക്കും. അല്പമൊരാനന്ദത്തിനു വേണ്ടിയുള്ള കുടിയല്ല; ഭൂതവും ഭാവിയും മറക്കാനുള്ള കുടി. മരണത്തിന്റെ പിടിയിൽ നിന്നാണു് വരുന്നതു്. അല്പനേരത്തെ വിശ്രമത്തിനു ശേഷം പോകേണ്ടതും അങ്ങോട്ടു തന്നെ. ആലോചിക്കാനിട കിട്ടരുതു്. തലച്ചോർ ഉണർന്നു പ്രവർത്തിക്കരുതു്. കുടിക്കണം, കിട്ടുന്നത്ര കുടിക്കണം. അങ്ങനെ അവർ കുടിച്ചു. മരയ്ക്കാൻമാർക്കിടയിൽ കുടി ഒഴിച്ചുകുടാൻ വയ്യാത്ത ഒരാചാരമായി.

പൈതൽ മരയ്ക്കാനു കള്ളുചിരട്ടയൊന്നു മണത്താൽ മതി ഉടനെ സംഗീതം വരും:

“കറുത്ത പെണ്ണേ, കരിങ്കുഴലീ
നിനക്കൊരുത്തൻ കിഴക്കുദിച്ചു. ”

അകത്തേക്കു ചിരട്ടകൊണ്ടു് അളന്നൊഴിക്കുന്തോറും അക്ഷരക്രമവും പദഘടനയും തെറ്റി രാഗവിസ്താരത്തിലാവും ശ്രദ്ധ:

കറുത്ത പെണ്ണെ… ഏ… ഏ…
കരിങ്കുഴലീ… ഈ… ഈ…
നിനക്കൊരുത്തൻ… കിഴക്കു
ദിച്ചു… ഊ… ഊ…

അങ്ങനെയങ്ങനെ നീണ്ടുവലിഞ്ഞു് അക്ഷരങ്ങളും പദങ്ങളും കുറഞ്ഞു രാഗാലാപം മാത്രമാകും. പിന്നെയും കുറഞ്ഞു കഫപ്പറ്റുള്ള കണ്ഠത്തിൽ സംഗീതം ഒരു ഞരക്കമായി അവശേഷിക്കും. എന്നാലും അതു നിർത്തില്ല.

കാറ്റും മഞ്ഞും മഴയും കടുത്ത വെയിലും ഉപ്പുവെള്ളവും തട്ടി ഒരുതരം മുരുപ്പാർന്നതാണു് പൈതൽ മരയ്ക്കാന്റെ ശരീരം. ഉള്ളും കുറച്ചു മുരുമുരുത്തതാണു്. പുറത്തൊന്നും തരപ്പെട്ടില്ലെങ്കിൽ കുടിയിൽ വെച്ചെങ്കിലും കുറഞ്ഞൊരു വഴക്കുണ്ടാക്കുന്ന സ്വഭാവമാണു്. നീണ്ട മൂക്കും നരച്ചു വളർന്ന പുരികങ്ങളും വീതി കൂടിയ നെറ്റിയും മുഖത്തിന്റെ ഗൗരവത്തിനു് മാറ്റു കൂട്ടുന്നു. വിരിഞ്ഞ മാറും ഉയർന്ന തോളും ഉരുണ്ടുനീണ്ട കൈകളും ഒരു പ്രയത്നശാലിയുടെ അടയാളങ്ങൾ വിളിച്ചുപറയുന്നു.

അന്നു വൈകീട്ടു് കള്ളുകുടിയും കഴിഞ്ഞു് ആടിയും പാടിയും പൈതൽമരയ്ക്കാൻ കടപ്പുറത്തെ പൂഴിയിലൂടെ നടക്കുകയായിരുന്നു. ചരൽ കല്ലുകളെറിയുമ്പോലെ തൊപ്പിക്കുടമേൽ മഴത്തുള്ളികൾ വീഴുന്നുണ്ടു്. ശരീരം മരവിപ്പിക്കുമാറു് തണുപ്പു കാറ്റു് വീശുന്നുണ്ടു്. പുല്ലു്! ബ്രഹ്മപ്രളയം വന്നാലും പുറം കാലെടുത്തൊരു തട്ടുകൊടുക്കണമെന്ന നിലയാണപ്പോൾ. നേരം ഇരുട്ടുന്നതിനു മുമ്പു് കുടിയിലെത്താനുദ്ദേശിച്ചു പുറപ്പെട്ടതാണു്; എത്തുന്നില്ല. നീളത്തിൽ തുടങ്ങിയ നടത്തം ക്രമേണ വീതിയിലായി. കടപ്പുറത്തെ പൂഴിപ്പരപ്പിനും സ്ഥലം മതിയാവുന്നില്ല. ചിലപ്പോൾ കടൽ വെള്ളത്തിൽ കാൽകുത്തിപ്പോവുന്നു.

“സാഴമില്ല. ”

കടലും കരയും തമ്മിൽ തിരിച്ചറിയാൻ വിഷമമുണ്ടു്. അത്രയ്ക്കിരുട്ടാണു്. ശരീരം എവിടെയോ ചെന്നിടിച്ചു. ഉരുണ്ടുവീണതു് നനഞ്ഞ പൂഴിയിലാണു്. കിടന്നുകൊണ്ടുതന്നെ സൂക്ഷിച്ചുനോക്കി. വെളിച്ചം, ഇളകുന്ന വെളിച്ചം. തലയ്ക്കോ വെളിച്ചത്തിനോ ഇളക്കം? രണ്ടു കൈകൊണ്ടും താടിയെല്ലമർത്തിപ്പിടിച്ചു തലയുടെ ഇളക്കം നിർത്താൻ ശ്രമിച്ചു. എന്നിട്ടും വെളിച്ചം ഇളകിക്കൊണ്ടിരിക്കയാണു്.

“ആരാതു്?” മുറ്റത്തെന്തോ വീഴുന്നതു കേട്ടു കുഞ്ഞിക്കണ്ണൻ മരയ്ക്കാൻ വിളിച്ചുചോദിച്ചു.

“ഏ?”

“ആരാന്നു്?”

“ഞാനാ… ഞ്യാൻ…”

ശബ്ദം കൊണ്ടു് കുഞ്ഞിക്കണ്ണൻ മരയ്ക്കാന്നു് ആളെ മനസ്സിലായി;

“പൈതല് മരയ്ക്കാനോ? കേറി ഇരിക്കീ…”

“ഏ…”

“മയ പെയ്യുന്നില്ലേ ഇങ്ങ് കേറി ഇരിക്കീ…”

തട്ടിപ്പിടഞ്ഞെഴുന്നേറ്റ പൈതൽമരയ്ക്കാൻ കുടിലിന്നകത്തേക്കു കയറി.

“അല്ലാ, ആകെ നനഞ്ഞിക്കെല്ലോ”

“സാഴേല്ലാ. ” എല്ലാം നിസ്സാരമാക്കിത്തള്ളാൻ കഴിവുള്ള സമയമാണപ്പോൾ. “വെറ്റിലടയ്ക്കേണ്ടോ ചമയ്ക്കാൻ?”

കുഞ്ഞിക്കണ്ണൻ മരയ്ക്കാൻ വെറ്റിലപ്പെട്ടി നിരക്കി വെച്ചുകൊടുത്തു. പൈതൽ മരയ്ക്കാൻ നിലത്തു ചമ്രം പടിഞ്ഞിരുന്നു് വെറ്റിലയിൽ നൂറു തേയ്ക്കാൻ തുടങ്ങി.

“ഇന്നു പകൽ കുടീലില്ലായിനോ?”

“ഇല്ല; ഴാവിലെ പോയതാ, പന്തലായനിക്കു്; എന്താ ചോയിക്കാൻ?”

“ഒന്നൂല്ല. ”

“അതല്ല, ഏതാണ്ടു്. ”

“മ്മളെ പൊക്കൻ ഒരു കുരുത്തക്കേടു പറ്റിച്ചു” പരുങ്ങിക്കൊണ്ടാണു് കുഞ്ഞിക്കണ്ണൻ മരയ്ക്കാൻ പറഞ്ഞതു്.

“എന്റെ മോനോ?” കലങ്ങിച്ചുവന്ന കണ്ണു് ഉരുട്ടി മിഴിച്ചു. കുഞ്ഞിക്കണ്ണൻ മരയ്ക്കാന്റെ മുഖത്തേക്കു് നോക്കി ആ സ്വബോധമില്ലാത്ത മനുഷ്യൻ ചോദിച്ചു: “എന്റെ മോൻ പൊക്കനോ?”

“ആപത്തൊന്നും വന്നില്ല. കോളുകൊണ്ട കടലിൽ ഇന്നു തോണി താത്തി. ”

“ഏ? ഏന്തു് കുഴുത്തങ്കെട്ടോൻ!” ചുണ്ണാമ്പുതേച്ച വെറ്റില നിലത്തിട്ടു പൈതൽമരയ്ക്കാൻ ധൃതി പിടിച്ചെഴുന്നേറ്റു. “ഓനേന്നു കൊന്നിറ്റു കാഴ്യം. ” മറുത്തൊന്നു പറയാനോ ആശ്വസിപ്പിക്കാനോ ഇടകൊടുക്കാതെ അയാൾ മുറ്റത്തേക്കു ചാടി. കത്തിത്തീരാറായൊരു വാണം പോലെ കടപ്പുറത്തിലൂടെ വിസ്താരത്തിലോടി.

“അച്ഛാ!” അകത്തുനിന്നു പാഞ്ചാലി വിളിച്ചു.

“എന്താ മോളേ?”

“അച്ഛനെന്തിനാതു പറഞ്ഞതു്?”

കുഞ്ഞിക്കണ്ണൻമരയ്ക്കാൻ ഉത്തരമൊന്നും പറഞ്ഞില്ല. ഒരബദ്ധം പറ്റിയതാണു്. അറിയാതെ പറഞ്ഞുപോയി. പാഞ്ചാലി തുടർന്നു ചോദിച്ചു:

“പൈതല് മരയ്ക്കാൻ കള്ളും മോന്തിക്കൊണ്ടല്ലേ വന്നതു്? ഇനീന്നു കുടീൽ പൊലര്വോളം പടയായിരിക്കും. അടി എല്ലാർക്കും കൊള്ളും. ”

പകൽ അത്രമാത്രം മനഃപ്രയാസമുണ്ടായിരുന്നു. പതിറ്റടി താഴുന്നവരെ അന്നാ കടപ്പുറത്തുള്ളവർ മനസ്സിൽ തീയും കോരിയിട്ടാണു് കാത്തിരുന്നതു്. പൊക്കനെ കടൽ തിരിച്ചുതരുമെന്നാരും വിചാരിച്ചതല്ല.

ചോരത്തിളപ്പുകൊണ്ടു് എന്തും കാണിക്കാനൊരുങ്ങിയാൽ പറ്റില്ല. അതൊക്കെ വിചാരിച്ചപ്പോൾ അങ്ങു പറഞ്ഞുപോയി. പറയാൻ പാടില്ലായിരുന്നു. അച്ഛൻ മിണ്ടാതിരിക്കുന്നതു കണ്ടു് അവൾ സ്വയം പറഞ്ഞു:

“കള്ളുകുടിച്ച മരയ്ക്കാൻ കാറ്റു പിടിച്ച കടലുപോലെയാ”

“ശരിയാ, മോളേ, അച്ഛൻ അറിയാതെ പറഞ്ഞുപോയി. ”

പിന്നെ അച്ഛനും മകളും ഒന്നും മിണ്ടിയില്ല. അവൾ ചെവിയോർത്തു. പൈതൽ മരയ്ക്കാന്റെ കുടിയിൽ നിന്നു നിലവിളി കേൾക്കുന്നുണ്ടോ? കടലിന്റെ മുഴക്കം ഒന്നും കേൾക്കാൻ സമ്മതിക്കില്ല.

കൊടുങ്കാറ്റുപോലെ കുടിയിലെത്തിയ പൈതൽമരയ്ക്കാൻ അലറി.

“എഴാ കുഴുത്തംകെട്ടോനെ!”

പൊക്കനു കാര്യം മനസ്സിലായി. പകലത്തെ അദ്ധ്വാനം കൊണ്ടു് അവൻ ക്ഷീണിച്ചുകിടക്കുകയായിരുന്നു.

“എവിഴെഴാ നീ, കുരുത്തം കെട്ട നായേ?”

“വന്നല്ലോ കള്ളും കുടിച്ചോണ്ടു്!” അടുപ്പിന്നരികത്തിരുന്നു തീക്കായുന്ന ദമയന്തി-പൊക്കന്റെ അമ്മ-പിറുപിറുത്തു.

“എഴീ…” കൈയോങ്ങിക്കൊണ്ടു വരുന്ന ഭർത്താവിന്റെ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു. “ഇന്നു ഞാൻ അവനെ കൊല്ലും. നിന്നേം!”

“കൊറച്ചു കുടിച്ചാപ്പോരായിരുന്നോ? കുടിച്ചു കുടിച്ചു മരിക്കും”

“മഴിക്കുന്നതു നിന്നെ കൊന്നിട്ടു്. ” ഓങ്ങിയ കൈ ആകാശത്തിലുയർന്നു നിൽക്കുന്നു. ഒരു ചവിട്ടു കൊടുക്കാനാണു് തോന്നിയതു്; ചവുട്ടി. അടുപ്പിന്നടുത്തുള്ള ചോറ്റുകലത്തിന്നതു കൊണ്ടു. കലം തകർന്നു. അതിലുള്ള അത്താഴം അകത്തു മുഴുവൻ ചിതറി.

“പ്രാന്തുണ്ടോ, പ്രാന്തു്?” ദമയന്തി തട്ടിപ്പിടഞ്ഞെഴുന്നേറ്റു.

“അച്ചാ!” പൊക്കന്റെ കനത്ത ശബ്ദം.

അച്ഛനും മകനും മുഖത്തോടുമുഖം നോക്കി നിന്നു. മകനെക്കണ്ടപ്പോൾ അച്ഛന്റെ കോപം ആളിക്കത്തി.

“ഏഴാ!” ആദ്യത്തെ തല്ലു പൊക്കന്റെ പിരടിക്കു കണക്കാക്കിയാണു് വരുന്നതു്. അവനതു തടുത്തു. അന്നുവരെ അവൻ അങ്ങനെ ചെയ്തിട്ടില്ല. അച്ഛൻ തല്ലുമ്പോൾ അനങ്ങാതെ നിന്നുകൊള്ളും. ഇപ്പോൾ മറിച്ചാണു് തോന്നിയതു്. അതുകൂടുതൽ കുഴപ്പത്തിനിടയാക്കി. മകൻ തന്നെ ധിക്കരിക്കുകയാണെന്നു് അച്ഛനു തോന്നി. പിന്നെ മുറയ്ക്കൊരു യുദ്ധമായിരുന്നു. കൈയിൽ കിട്ടിയതെന്തുമെടുത്തു് അച്ഛൻ മകനെ തല്ലി. അമ്മ ഇടയിൽ കിടന്നു സമാധാനിപ്പിക്കാൻ ശ്രമിച്ചു. അമ്മയ്ക്കും കിട്ടി വേണ്ടുവോളം…

അകത്തൊരു മൂലയിൽ ഒന്നും പറയാനോ ചെയ്യാനോ വയ്യാതെ പക്ഷവാതം പിടിച്ചു തളർന്നു കിടക്കുന്ന അമ്പാടിമരയ്ക്കാൻ-ദമയന്തിയുടെ അച്ഛൻ-തുടരെതുടരെ നെടുവീർപ്പിട്ടു…

അത്താഴം തറയിൽ ചിതറിക്കിടക്കുന്നു. കള്ളിന്റെ ലഹരിയും യുദ്ധത്തിന്റെ ക്ഷീണവും ഒത്തുചേർന്നപ്പോൾ പൈതൽ മരയ്ക്കാനു് ഉറക്കം വന്നു. തറയിൽത്തന്നെ ഒരിടത്തു മലർന്നു കിടന്നു് കൂർക്കം വലിക്കാൻ തുടങ്ങി. മുനിഞ്ഞു കത്തിയ കൊട്ടെണ്ണവിളക്കു് അന്ത്യശ്വാസം വലിച്ചു.

തല്ലുകൊണ്ട പാടുകളിൽ നീറ്റമുണ്ടു്. സാരമില്ല. അമ്മയുടെ കാര്യം വിചാരിച്ചാണു് പൊക്കനു് വിഷമം. ഉറക്കം വരുന്നില്ല. എത്രനേരമിങ്ങനെ പായിൽ കിടന്നുരുളും! ആരും അത്താഴം കഴിച്ചിട്ടില്ല. അമ്മ ഉറങ്ങിയോ? ആ ബഹളത്തിൽ അമ്മയ്ക്കെത്രമാത്രം തല്ലുകൊണ്ടിട്ടുണ്ടാവും? വേദനിച്ചാൽ അമ്മ കരയില്ല. എത്ര വലിയ വേദനയും അമ്മ സഹിക്കാറുണ്ടു്. അവനെഴുന്നേറ്റു. അടുപ്പിൽ നിന്നു ചെറിയൊരു തീപ്പൊരി പൊട്ടിച്ചിതറി. അതിന്റെ മഞ്ഞവെളിച്ചത്തിൽ അവൻ അമ്മയെ കണ്ടു. അടുപ്പിന്നരികത്തു ചൂളിപ്പിടിച്ചിരിക്കുകയാണു്. പുറത്തു കടലും കൊടുങ്കാറ്റും മത്സരിക്കുന്നതിന്റെ മുഴക്കം കേൾക്കാം. മഴ തകർത്തു പെയ്യുകയാണു്. ഭൂമി കുലുക്കിക്കൊണ്ടു് ഒരു ഇടി വെട്ടി. മിന്നലിന്റെ ചുവന്ന പ്രകാശം കുടിലിന്റെ പഴകി ദ്രവിച്ച ഓലമറയുടെ വിടവിലൂടെ അകത്തുകടന്നു. ഇരുട്ടിൽ നിന്നു് അനേകം കണ്ണുകൾ ചുഴിഞ്ഞുനോക്കുമ്പോലെ.

മകന്റെ കാൽപ്പെരുമാറ്റം കേട്ടിട്ടും അമ്മ തലയുയർത്തിയില്ല. മിണ്ടിയില്ല. കുനിഞ്ഞിരിക്കുകയാണു്.

തന്നിലേക്കുതന്നെ നോക്കി എന്തോ കണ്ടെത്താനുള്ള ശ്രമം. അടുപ്പിൽ എരിഞ്ഞടങ്ങാൻ പോകുന്ന കനൽക്കട്ടകളുടെ മങ്ങിയ വെളിച്ചത്തിൽ അവൻ അമ്മയെ നോക്കിനിന്നു. തലമുടി ഇരുവശത്തേക്കും ചിന്നിച്ചിതറി വീണുകിടക്കുകയാണു്. നഗ്നമായ പുറത്തു് തല്ലുകൊണ്ട പാടുണ്ടോ? അവൻ അമ്മയുടെ അടുത്തിരുന്നു് മെല്ലെ തടവി നോക്കി. കവിളുകൾ നനഞ്ഞിരിക്കുന്നു. അമ്മ അപ്പോഴും കരയുകയാണു്.

“അമ്മേ” അവൻ പതുക്കെ വിളിച്ചു. അല്പം കൂടി അടുത്തേക്കു നീങ്ങി ഒരു കൈകൊണ്ടു് അമ്മയെ കെട്ടിപ്പിടിച്ചു. കണ്ണിലും കവിളത്തുമുള്ള കണ്ണീർ തുടച്ചാറ്റി. തന്റെ കുട്ടിക്കാലം തിരിച്ചുവരുന്നതു പോലെ അവനു് തോന്നി.

കാക്കകൾ കരഞ്ഞു് ലഹളകൂട്ടി കൂടണയാൻ വരുന്ന സന്ധ്യകൾ. അമ്മ ഇതുപോലെ അടുപ്പിന്നരികത്തു് കൂനിക്കൂടിയിരിക്കും. അച്ഛൻ കടലിൽ നിന്നു് തിരിച്ചെത്തുമ്പോൾ ചൂടോടെ അത്താഴം കൊടുക്കണം. അവൻ കൂട്ടുകാരോടൊപ്പം പൂഴിയിൽ കിടന്നു് തിമർക്കുകയായിരിക്കും. പെട്ടെന്നാണു് അമ്മിഞ്ഞ നൊട്ടാനുള്ള കൊതി ജനിക്കുന്നതു്. ഓടിച്ചെല്ലും. ഊറ്റിക്കൊണ്ടിരിക്കുന്ന അമ്മയുടെ നെഞ്ചിനും കാൽമുട്ടുകൾക്കുമിടയിലൂടെ അവന്റെ കുഞ്ഞിത്തല തിരുകിക്കേറ്റും.

“പോടോ അവിടന്നു്!” വാത്സല്യം നിറഞ്ഞുതുളുമ്പുന്ന സ്വരത്തിൽ അമ്മ അവനെ ശകാരിക്കും. അവൻ കൂട്ടാക്കില്ല. ആ ശകാരം ഒരു സമ്മതപത്രമാണു്. അമ്മ അടുപ്പിൽ വിറകുകൊള്ളി തിരുകുമ്പോഴും അരി കഴുകുമ്പോഴും മൽസ്യം മുറിക്കുമ്പോഴും ഒക്കെ അവൻ അമ്മിഞ്ഞ നൊട്ടുകയായിരിക്കും. കുറെ വലുതാവുന്നതുവരെ അവൻ അമ്മിഞ്ഞ നൊട്ടി. അന്നൊക്കെ അയൽപക്കത്തെ പെണ്ണുങ്ങൾ അവനെ നോക്കി പരിഹസിക്കും:

“പെണ്ണുകെട്ടാൻ പോന്ന ചെറുക്കൻ നിന്നു് അമ്മിഞ്ഞനൊട്ടുന്നതു് കണ്ടോ? നാണമില്ലെടാ നിനക്കു്!”

അങ്ങനെ എളുപ്പത്തിലൊന്നും അവനെ പരിഹസിച്ചാർക്കും കടന്നുകളയാൻ കഴിയില്ല. അവൻ പകരം വീട്ടും. കടപ്പുറത്തെ പൂഴിമണ്ണിൽ കിടന്നെരിയുമ്പോൾ അതെന്തിന്റെ കൂലിയാണെന്നവർക്കു് മനസ്സിലാവും. അവനൊരു അനിയത്തിയോ അനിയനോ പിറക്കാത്തതുകൊണ്ടാവണം വലുതായിട്ടും അമ്മ അവനെ ഒക്കത്തു തട്ടി നടന്നതു്. ഇന്നതൊക്കെ ഓർക്കുമ്പോൾ അവന്റെ കണ്ണുകൾ നനയുകയാണു്. അച്ഛനോടു് പൊതിരെ തല്ലു കിട്ടീട്ടും നനയാത്ത കണ്ണുകൾ. അവനു് വേണ്ടി എന്തൊക്കെ ആ അമ്മ സഹിച്ചിട്ടുണ്ടു്!

അച്ഛനെപ്പറ്റി അവനു് അധികമൊന്നും ഓർക്കാനില്ല. കുടിച്ചു കുന്തം മറിഞ്ഞാണു് കുടിലിലെത്തുന്നതു്. വാത്സല്യപൂർവം വിളിക്കുന്നതും അലറുമ്പോലെയാണു്. അവൻ പോവില്ല. ബോധാവസ്ഥയിൽ അച്ഛനെയൊന്നു് കാണാൻ അവനന്നു് കൊതിച്ചിട്ടുണ്ടു്. പക്ഷേ കഴിഞ്ഞില്ല. അവനുണരുമ്പോഴേക്കും വള്ളവും വലയുമായി കടലിലേക്കു് പോകും. പിന്നെ തിരിച്ചുവരുന്നതു് മറ്റൊരാളായിട്ടാണു്…

അമ്മ അങ്ങനെയല്ല. എപ്പോഴും അവന്റെ അടുത്തുണ്ടാവും. അവന്റെ എല്ലാ കാര്യങ്ങളിലും വലിയ ശ്രദ്ധയാണു്. എപ്പോഴും മടിയിൽ കിടത്തി ഉമ്മവെയ്ക്കും. ഉണ്ണുമ്പോൾ അടുത്തിരുന്നു് താളം പറയും.

“ഇച്ചിരൂടി, മോനേ, ഇച്ചിരൂടി. ” ഒറ്റ മകനായതുകൊണ്ടാവും, വലുതായിട്ടും അമ്മ അവനെ താലോലിച്ചതു്. പഴയപടി അമ്മയുടെ മാറിടത്തിലേക്കു് അവന്റെ തലയൊന്നു് ചായ്ക്കാൻ അവനു് തോന്നി. പറങ്കികളേയും തേടി അലച്ചിരമ്പുന്ന കടലിലൂടെ അന്നു രാവിലെ വെള്ള്യാൻകല്ലു് കീഴടക്കാൻപോയ പടയാളിയുടെ അഭിലാഷമാണതു്. വെള്ളാട്ടിരിയും കോലത്തിരിയും പൂന്തുറക്കോനും പെറ്റമ്മമാരുടെ മുമ്പിൽ ഇങ്ങനെ പിഞ്ചുകുട്ടികളാവാറുണ്ടോ?

“അമ്മേ” അവൻ പിന്നെയും വിളിച്ചു. മുമ്പൊരിക്കലും അവന്റെ കണ്ഠമിടറി ആ അമ്മ കേട്ടിട്ടില്ല.

“എന്താ മോനേ?” പ്രയാസപ്പെട്ടാണെങ്കിലും ദമയന്തി സംസാരിച്ചു. പതുക്കെ മകന്റെ പുറം തലോടി. അറിയാതെ അവന്റെ തല അമ്മയുടെ തോളിൽ വിശ്രമിച്ചു.

പുറത്തു പിന്നെയും ഇടി വെട്ടി. കുടിലിന്റെ മോന്തായത്തിൽ കാറ്റു നൃത്തംവെച്ചു. അകലത്തു കിടക്കുന്ന പക്ഷവാതരോഗിയെ മിന്നൽവെളിച്ചത്തിൽ അവർ രണ്ടുപേരും കണ്ടു. എന്തെങ്കിലും ചോദിച്ചുവാങ്ങാൻ നാക്കിനു കെൽപില്ലാത്ത തന്റെ അച്ഛനെച്ചൊല്ലി ദമയന്തി വേദനിച്ചു. അച്ഛനു വിശക്കുന്നുണ്ടാവും. അത്താഴം നിലത്തു ചിന്നിച്ചിതറിക്കിടക്കുകയാണു്. എന്തു കൊടുക്കും?

അടുപ്പിലെ തീക്കട്ടകൾ കെട്ടാറുകയാണു്. ഇരുട്ടും തണുപ്പും വർദ്ധിക്കുകയാണു്. പൊക്കൻ അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു പായ വിരിച്ചു കിടത്തി. അവനും അടുത്തു കിടന്നു. അമ്മയുടെ ചൂടു് ചൈതന്യപ്രദമാണു്. എല്ലാ ദുഃഖങ്ങളും അവനെ വിട്ടൊഴിഞ്ഞു. കഴിഞ്ഞ സംഭവങ്ങളത്രയും അവൻ മറന്നു. പ്രസരിപ്പും ആവേശവും അവനിലേക്കു തിരിച്ചുവന്നു.

മഴ കോരിച്ചൊരിയുന്നു. ആകാശം മുഴുവൻ ചവുട്ടിത്തകർത്ത ഇടി ചക്രവാളത്തിനപ്പുറത്തേക്കു നടന്നകലുന്നു. കൊടുങ്കാറ്റു വിശ്രമിക്കുകയാവണം. കടലിന്റെ ഇരമ്പം കേട്ടുകൊണ്ടവൻ കിടന്നു. എപ്പോഴെന്നറിയാതെ കണ്ണുകളടഞ്ഞു.

ചുറ്റും ഓളത്തട്ടുകളിളകുന്ന നീലജലപ്പരപ്പു്. വാളും കുന്തവും അമ്പും വില്ലും ധരിച്ച യോദ്ധാക്കൾ ആ ജലപ്പരപ്പിലൂടെ നടക്കുന്നു. അത്ഭുതം! അവിടവിടെ വെള്ളച്ചിറകു വിരിച്ച കപ്പലുകൾ നങ്കൂരമിട്ടു നിൽപ്പുണ്ടു്. എല്ലാം ഒഴിഞ്ഞു കിടക്കുകയാണു്. മനുഷ്യരില്ല.

ആകാശത്തിൽ നിന്നു കാട്ടാനകളെപ്പോലെ കരിമേഘങ്ങളിറങ്ങി വന്നു് ക്ഷണനേരംകൊണ്ടു് ആ കപ്പലുകളെ മൂടി. ഉറയിൽ നിന്നൂരിയ വാളും പൊക്കിപ്പിടിച്ചു് ആ യോദ്ധാക്കൾ ആർത്തട്ടഹസിച്ചു. എല്ലാം നോക്കിക്കൊണ്ടു നിന്ന ഒരു ദൃക്സാക്ഷി മാത്രമാണവൻ.

മനുഷ്യർക്കു് വെള്ളത്തിലൂടെ നടക്കാൻ കഴിയുന്നു. അതുകൊണ്ടവർ കപ്പലുകളും വള്ളങ്ങളുമുപേക്ഷിച്ചു. ജലപ്പരപ്പും മൈതാനവും അവർക്കു സമമാണു്. പെട്ടെന്നൊരു മുഴക്കം. ദിഗന്തങ്ങളോടൊപ്പം അവനും കുലുങ്ങി. ഇടിയാണോ? അല്ല; കരിമേഘങ്ങൾ മുഴുവൻ താഴോട്ടിറങ്ങിവന്നതുകൊണ്ടു് ആകാശം തെളിഞ്ഞുനിൽക്കുകയാണു്. തെളിഞ്ഞ ആകാശത്തിൽ ഇടി വെട്ടാറില്ല. മുഴക്കം പിന്നെയും കേൾക്കുന്നു. ഓരോ മുഴക്കത്തിനും കപ്പലുകളെ മുടിനിൽക്കുന്ന കരിമേഘം ചിന്നിച്ചിതറുന്നു.

കപ്പലുകൾ നിറച്ചും ആളുകളാണു്. കാൽക്കുപ്പായവും മേലങ്കിയും ചട്ടത്തൊപ്പിയും ധരിച്ചു മനസ്സിലാകാത്ത ഭാഷയിൽ എന്തൊക്കെയോ വിളിച്ചുപറയുന്ന ഒരുകൂട്ടം ആളുകൾ. മന്ദാരപ്പൂവിന്റെ നിറമാണവർക്കു്; മുഴക്കം പിന്നെയും കേൾക്കുന്നു. അതു കപ്പലിൽ നിന്നാണെന്നു് അവനു മനസ്സിലായി. പീരങ്കിവെടി! പീരങ്കിവെടി! ആരോ ഒരാൾ വിളിച്ചുപറഞ്ഞു. ആരാണെന്നു വ്യക്തമല്ല. ജലപ്പരപ്പിൽ അങ്ങട്ടുമിങ്ങട്ടും നടക്കുന്ന യോദ്ധാക്കൾ കപ്പലിൽ നിന്നുള്ള മുഴക്കം കേട്ടു ഞെട്ടി. അവരുടെ വില്ലുകളിൽ നിന്നു് അസ്ത്രങ്ങൾ ചീറിപ്പാഞ്ഞു. വാളുകൾ വീശിക്കൊണ്ടവർ കപ്പലിനു നേർക്കോടി. മുഴക്കം വർദ്ധിക്കുകയാണു്. അതോടൊപ്പം അട്ടഹാസവും പൊട്ടിച്ചിരിയും വേദനകൊണ്ടുള്ള നിലവിളിയും അന്തരീക്ഷത്തെ ഭേദിക്കുന്നു.

നീലജലത്തിലവിടവിടെ ചെമ്പരത്തിപ്പൂക്കളറുത്തിട്ടപോലെ ചുവന്ന പാടുകൾ കാണുന്നു. നോക്കുന്തോറും അതു പെരുകുന്നു. ജലപ്പരപ്പു മുഴുവൻ ചെമ്പരത്തിപ്പൂക്കളടിഞ്ഞുകൂടുന്നു. ഓ! അതു രക്തമാണു്. മനുഷ്യരക്തം. അതാകെ ഇളകുന്നു കൊത്തിയറുക്കപ്പെട്ട കൈകാലുകൾ അവന്റെ നേർക്കൊഴുകി വരുന്നു. അവൻ മാറിനിന്നു. ഒഴുക്കിനെന്തു ശക്തി! വഴിക്കുവഴി മീൻകുലപ്പപോലെ മനുഷ്യാവയങ്ങൾ ഒഴുകിവരുന്നു. നാക്കുനീട്ടി പല്ലുകൾ കടിച്ചമർത്തി കണ്ണുകൾ തുറിച്ചു മിഴിച്ചു് അവന്റെ നേർക്കു നോക്കിക്കൊണ്ടു മനുഷ്യശിരസ്സുകൾ ആ ഒഴുക്കിലൂടെ ഓടിവരുന്നു. അവനു ചുറ്റും നൃത്തം വെക്കുന്നു. ഓ! ഭയങ്കരം.

ആ ജലപ്പരപ്പിന്റെ മറുഭാഗം പൊങ്ങുകയാണു്. അതിൽ അവിടവിടെ തത്തിക്കളിക്കുന്ന മനുഷ്യാവയവങ്ങളെല്ലാംകൂടി ഒന്നിച്ചു് അവന്റെ നേർക്കുരുണ്ടുവരാൻ തുടങ്ങുന്നു. നോക്കാൻ വയ്യ. അവൻ കണ്ണുപൊത്തി. അയ്യോ! ഓടി രക്ഷപ്പെടണം. ഉള്ള ശക്തിമുഴുവനും സംഭരിച്ചു് അവനോടി.

കണ്ണുതുറന്നപ്പോൾ കുടിലിനകത്താകമാനം വെളിച്ചം. ഹൃദയത്തിന്റെ മിടിപ്പു് അവനു കേൾക്കാം. ആ ഭയങ്കര സ്വപ്നത്തിന്റെ പിടിയിൽ നിന്നു് വിട്ടുപോരാൻ സമയം കുറേയെടുത്തു. അമ്മ അടുത്തില്ല. അടുപ്പിൽ തീപിടിപ്പിക്കുകയാണു്. അച്ഛൻ തീക്കായാനുള്ള ഒരുക്കത്തോടെ ഒരു പലകയുമിട്ടു് അടുത്തുതന്നെ ഇരിപ്പുണ്ടു്. തലേന്നു കഴിഞ്ഞതൊന്നും അച്ഛനോർമ്മയുണ്ടാവില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അമ്മയും പെരുമാറും. അതാണു് പതിവു്. അവനെഴുന്നേറ്റു പായ ചുരുട്ടി കുടിലിന്റെ ഒരു മൂലയിൽ വെച്ചു് വാതിലിലൂടെ പുറത്തേക്കു നോക്കി. മഴതകർത്തു പെയ്യുകയാണു്. ഐരാവതത്തിന്റെ ദാഹം കുറഞ്ഞുകാണുകയില്ല. കടപ്പുറം വിജനമാണു്.

ഒരാഴ്ചയോളം അങ്ങനെ ഇടതടവില്ലാതെ മഴ പെയ്തു. കടപ്പുറത്തെ ജീവിതംതന്നെ സ്തംഭിച്ചുപോയി. ആർക്കും പറയാനുള്ളതു പട്ടിണിയുടെ കഥമാത്രമാണു്. കുട്ടികൾക്കു് ഒരു തരം പനി ബാധിച്ചു. ബാധോപദ്രവവും ഭഗവതീകോപവുമാണെന്നു ദൈവജ്ഞൻ പറഞ്ഞു. മന്ത്രവാദിയും വൈദ്യനും കടപ്പുറം സന്ദർശിക്കാൻ തുടങ്ങി. ഹോമവും ‘ഗുരുസി’യും ഉഴിഞ്ഞുമാറ്റലും ഉറുക്കെഴുതലും നടന്നു.

പൈതൽമരയ്ക്കാൻ കുടിലിൽ നിന്നു പുറത്തിറങ്ങാറില്ല. സന്ധ്യയാവുമ്പോൾ കള്ളുകുടിക്കാനുള്ള വിചാരം വരും. ഉടനെ വെറ്റിലപ്പെട്ടി നിരക്കിവെച്ചു മുറുക്കാൻ തുടങ്ങും. മുറുക്കിത്തുപ്പി മുറുക്കിത്തുപ്പി ആ വിചാരത്തിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കും. ചിലപ്പോൾ ആ ശ്രമം വിജയിക്കും. മറ്റു ചിലപ്പോൾ തൊപ്പിക്കുടയുമെടുത്തു പുറത്തിറങ്ങും. നാലുവാര നടക്കുമ്പോൾ ദുസ്സഹമായ ശീതം തോന്നും. തിരിച്ചുപോരും. പിന്നെയും മുറുക്കും. അങ്ങനെ ഒരാഴ്ച കള്ളുകുടിക്കാതെ കഴിച്ചുകൂട്ടി. ആ മുടക്കം ഒരിക്കലും സദാചാരപരമായിരുന്നില്ല. കടലിൽ തോണിയിറക്കാൻ കഴിയാത്തതുകൊണ്ടു് വരുമാനമില്ല. വരുമാനമുള്ളത്രതയും അന്നന്നു ചെലവഴിക്കുന്ന സ്വഭാവമാണു്. പിന്നെ എങ്ങനെ കള്ളുകുടിക്കും? മരയ്ക്കാന്റെ പെരുമാറ്റമിപ്പോൾ എത്ര മയപ്പെട്ടിരിക്കുന്നു; ആ സ്വരത്തിനിപ്പോൾ എന്തു മാർദ്ദവമാണു്!

“മോനേ, പൊക്കാ!” ആ വിളി കേൾക്കാൻ തന്നെ ഒരു കൗതുകമുണ്ടു്. “എടീ, ദമയന്തീ” മകനും ഭാര്യയുമൊക്കെ തന്റെ ജീവിതത്തിന്റെ സുപ്രധാനഘടകമാണെന്നു തോന്നാൻ തുടങ്ങി. ഒരു ദിവസം അല്പം കുളിരും പനിയുമുള്ളതുകൊണ്ടു് അടുപ്പിനരികത്തിരുന്നു തീക്കായൻ ചെന്നിരുന്ന പൈതൽമരയ്ക്കാൻ ഭാര്യയോടു കുടുംബകാര്യങ്ങളോരോന്നു പറയാൻ തുടങ്ങി.

“നോക്കു്, ദമയന്തീ, പൊക്കൻ ഒരൊത്ത വാല്യക്കാരനായി”

“മറ്റോ!” ദമയന്തിക്കതു സമ്മതിച്ചുകൊടുക്കാൻ മടിയുണ്ടു്. അവൻ വലുതായാൽ പങ്കായവുമെടുത്തു കടലിലേക്കു പോകും. അതു വയ്യാ. അവനെ കടലിലേക്കയച്ചു മനസ്സമാധാനത്തോടെ ഇരിക്കാൻ പറ്റില്ല. വേറെ ഏതൊരു മുഖത്തു് അവൾക്കു നോക്കാനുണ്ട്? അതുകൊണ്ടു് പൊക്കൻ വലുതായെന്നും അവനു മറ്റുള്ളവരെപ്പോലെ ജോലി ചെയ്യാറായെന്നും സമ്മതിച്ചുകൊടുക്കാൻ ദമയന്തി തയ്യാറല്ല.

“എടീ, അടയ്ക്ക്യാവുമ്പം മടീലു് വെയ്ക്കാം. കവുങ്ങായാലോ? ഞാനും ഒരമ്മയ്ക്കു പിറന്ന മോനല്ലായിരുന്നോ? ഇനി താലോലം ഇച്ചിരി കൊറയ്ക്കണം. ”

“എന്നാലും ഒരു കൊല്ലം കൂടി കയ്യട്ടെ. ” പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ ഇടയിൽ കേറി അവൾ ഭർത്താവിനെ തടഞ്ഞു.

“അങ്ങനെ ഓരോ കൊല്ലം കയിഞ്ഞാൽ, ഓന്റെ തൊയിലോൻ പടിക്കാണ്ടാവും” അതൊരു താക്കീതായിരുന്നു.

“ഇക്കൊല്ലം തന്നെ ഓനൊരു വള്ളോം വലേം കൂലിക്കു വാങ്ങിക്കൊടുക്കണം. ”

പൈതൽമരയ്ക്കാൻ ഭാര്യയുടെ മുഖത്തു സൂക്ഷിച്ചൊന്നു നോക്കി. മകനെ തൊഴിൽ പഠിപ്പിക്കാൻ പോവുകയാണു്. അവന്നു സ്വന്തമായൊരു ജീവിതവൃത്തി ചുണ്ടിക്കൊടുക്കുകയാണു്. ഒരമ്മയ്ക്കതിൽ ആഹ്ലാദിക്കാനല്ലാതെ അവകാശമുണ്ടോ?

“പക്കേങ്കിലു്”, സംശയിച്ചുകൊണ്ടാണു് മറുപടി പറഞ്ഞതു്: “ഇക്കൊല്ലം ഓൻ ങ്ങളെകൂടെ പോരട്ടെ. വരുന്നകൊല്ലം മതി സ്വന്തമായിറ്റ് പറഞ്ഞയയ്ക്കാൻ. ”

ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ അപ്പുറത്തിരുന്നു് എല്ലാം കേൾക്കുന്ന പൊക്കൻ അമ്മയോടു് അതൃപ്തി തോന്നി. അച്ഛന്റെ മറുപടിപോലിരിക്കും അവന്റെ ഭാവി. കടലിൽ പോകാനും വല വീശാനും അവനു കൊതിയാണു്. ആ കടപ്പുറത്തുതന്നെ അവനെക്കാൾ പ്രായം കുറഞ്ഞ എത്രയോപേർ കടലിൽ പോകുന്നുണ്ടു്. മീൻ പിടിക്കുന്നതല്ല കാര്യം. അറ്റം കാണാത്ത കടലിൽ അവന്റെ തോണി വേഗത്തിൽ മറ്റുള്ളവയെ പിന്നിട്ടു കുതിക്കും. ചക്രവാളത്തിന്റെ അരികിൽ ചെന്നു നീലിച്ച ആകാശത്തിൽ തല മുട്ടിച്ചുകൊണ്ടു് അവന്നു നിൽക്കണം. കടലിൽ മുങ്ങാൻപോവുന്ന സൂര്യബിംബത്തെ അടുത്തുനിന്നു് അവനു കാണണം. അച്ഛന്റെ തീരുമാനത്തിലാണു് അവന്റെ ആശകൾ മുഴുവൻ തൂങ്ങിനിൽക്കുന്നതു്. അച്ഛനെന്തു പറയുമോ ആവോ!

“ദമയന്തീ”, അച്ഛന്റെ സ്വരം ശാന്തമായിരുന്നു. അമ്മയുടെ അഭിപ്രായത്തിനു വഴങ്ങിക്കളയുമോ? മ്മക്കു് ഒറ്റ മോനേള്ളു. ഓനോടു നിന്നെപ്പോലെ എനിയ്ക്കുണ്ടു് സ്നേഹം. നീ കേക്കുന്നുണ്ടോ?”

“ഉം”, അമ്മ അശ്രദ്ധമായി മൂളി.

“സ്നേഹംകൊണ്ടു കുട്ട്യോളെ ചീത്ത്യാക്കിക്കൂടാ. ഇക്കൊല്ലം തന്നെ ഓനെ കടലിൽ പറഞ്ഞയയ്ക്കണം. വള്ളോം വലേം വാങ്ങിക്കൊടുക്കണം. നയിക്കാൻ പടിക്കട്ടെ. ”

അച്ഛനു പറയേണ്ടതു പറഞ്ഞു. അവന്റെ മുഖം തെളിഞ്ഞു. പുറത്തു പ്രകൃതിയും തെളിഞ്ഞുനിൽക്കുകയാണു്. അന്നു രാവിലെയാണു് മഴ പിൻവാങ്ങിയതു്. കടലിന്റെ ശക്തിയും അൽപമൊന്നു കുറഞ്ഞിട്ടുണ്ടു്. ഉച്ചയായപ്പോൾ നല്ല വെയിൽ. കടപ്പുറത്തു വീണ്ടും ജീവ ചൈതന്യം കളിയാടി. കോണകവാലും തുക്കിയിട്ടു കുട്ടികൾ അവിടവിടെ ഓടിനടന്നു. കക്ക പെറുക്കി തിരമാലകളിലേക്കെറിഞ്ഞും മാളങ്ങളടച്ചു ഞണ്ടുകളെ നായാടിയും അവർ നേരം പോക്കി. ചെറുപ്പക്കാർ കടലിന്റെ തഞ്ചം നോക്കുകയാണു്. മാനത്തെ കാറിന്റെ ഗതി പരിശോധിക്കുകയാണു്. ഒരു പഴുതു കിട്ടിയാൽ വള്ളമിറക്കിക്കളയാം. വിൽക്കാനില്ലെങ്കിൽ കറിവെയ്ക്കാനെങ്കിലും ഇത്തിരി പച്ചമത്സ്യം കിട്ടിയാൽ വേണ്ടില്ലെന്നുണ്ടു്. തൊപ്പിക്കുടയും ചൂടി അവിടവിടെ പ്രതിമപോലെ ചൂണ്ടക്കാർ നിൽപ്പുണ്ടു്.

ഒരു രണ്ടാംമുണ്ടെടുത്തു തലയിൽ കെട്ടി പൊക്കൻ പുറത്തേക്കിറങ്ങി. കൂലിക്കെടുക്കേണ്ട വള്ളത്തിന്റെ ആകൃതിയെന്തായിരിക്കണമെന്നു് അവനാലോചിച്ചുറപ്പിക്കണം. വള്ളങ്ങളിൽ ചിലതു ശപിക്കപ്പെട്ടതായിരിക്കും. അതുപയോഗിക്കുന്നവർക്കു് അധോഗതിയായിരിക്കും ഫലം. അടിഞ്ഞ ചെമ്മീൻകുടി വലയിൽ കുടുങ്ങില്ല. കുടുങ്ങിയാൽത്തന്നെ അതുംകൊണ്ടു കരയ്ക്കെത്തുമ്പോൾ ആവശ്യക്കാരുണ്ടാവില്ല; വില കിട്ടില്ല. തുടക്കത്തിൽത്തന്നെ നല്ലപോലെ സൂക്ഷിക്കണം. ഇല്ലെങ്കിൽ മറ്റു പലരേയുംപോലെ തനിക്കും പട്ടിണികിടക്കേണ്ടിവരും. നല്ല ശ്രീത്വമുള്ള വള്ളമായിരിക്കണം. അതുപോലെ തടിമിടുക്കുള്ള ഒന്നുരണ്ടുപേരെ ജോലിക്കുനിർത്തണം.

ഇഷ്ടമുള്ളപ്പോഴൊക്കെ വള്ളവുമിറക്കി കടലിൽ പോകാം. ആരുടെ സമ്മതവും ആവശ്യമില്ല. സ്വത്രന്തനായൊരു ജോലിക്കാരനെ ശാസിക്കാനും ശകാരിക്കാനും അച്ഛനു മനസ്സുവരില്ല. കഠിനമായദ്ധ്വാനിക്കണം. അദ്ധ്വാനിച്ചു് ആദായമുണ്ടാക്കണം. ആദായത്തിൽ നിന്നു സ്വന്തമായൊരു വള്ളം മേടിക്കണം.

കരയ്ക്കു വലിച്ചുകേറ്റിയിട്ട വള്ളങ്ങൾ വരിവരിയായി പൂഴിയിൽ പുണ്ടുനിൽക്കുന്നു. ഓരോന്നും അവൻ സൂക്ഷ്മമായി പരിശോധിച്ചു. ഓർമ്മവെച്ചനാൾതൊട്ടു് ആ വള്ളങ്ങൾ അവിടെയങ്ങനെ കിടക്കുന്നു. ഇത്ര ശ്രദ്ധയോടും സ്നേഹത്തോടുംകൂടി ഇതുവരെ നോക്കാൻ അവനു തോന്നീട്ടില്ല. അവൻ ആ വള്ളക്കൊമ്പുകളിലൊന്നിൽ കയറി ഇരിപ്പുറപ്പിച്ചു. അവിടെ അതിനുമുമ്പു പലരും ഇരുന്നിട്ടുണ്ടാവും; കാറ്റിലും കോളിലും പെട്ടു മുങ്ങാൻ തുടങ്ങുമ്പോൾ കരുതി അമരം പിടിച്ചിട്ടുണ്ടാവും. അൽപ്പനാൾക്കുള്ളിൽ അവനുമൊരു അമരക്കാരനാവും. അച്ഛനു വയസ്സാവുകയാണു്. കുടുംബഭാരം അൽപ്പാൽപ്പം തന്റെ തോളിലേക്കിനി മാറ്റിവെക്കണം. അമ്മയ്ക്കു ജോലി കൂടുതലാണു്. ചുള്ളിവിറകു പെറുക്കാനും ചോറു വെയ്ക്കാനും ഇനി കുടിയിലൊരാളുണ്ടാവണം; താമസിച്ചുകൂടാ.

ഓ! അപ്പോഴേയ്ക്കും കണ്ടില്ലേ പെണ്ണിന്റെ ഒരു നിൽപു്; നാണിച്ചു തല താഴ്ത്തിക്കൊണ്ടു്. നേരേ കണ്ണുകളിലേക്കു നോക്കിക്കൂടെ, ഇരിക്കട്ടെ പാഞ്ചാലീ, അങ്ങനെയൊരു കാലം വരും. അവളെ അങ്ങനെ വിട്ടാൽ പറ്റില്ല. ഒന്നു പറ്റിക്കണം. മീൻ പിടിച്ചു പണമുണ്ടാക്കിയാൽ ഒരു ദിവസം അതിൽ നിന്നു് ഒരു പിടി വാരി മടിലിയിട്ടു് അങ്ങാടിക്കു പോണം. പന്തലായിനി കിട്ടിയില്ലെങ്കിൽ കോഴിക്കോട്ടു പോണം. നല്ല പൊൻകാശു കുറെ വാങ്ങണം. പട്ടു ചരടിൽ കോർക്കണം. ഒരു സന്ധ്യാനേരത്തു് അവളുടെ കുടിയിൽ കേറിച്ചെല്ലണം. അവൾ കുളി കഴിഞ്ഞു തലമുടിയും ചീകി മുറ്റത്തുള്ള ചമ്പകപ്പാലയുടെ മുരട്ടിൽ നിൽക്കുകയാവും. പിറകിലൂടെ ചെല്ലണം. ശബ്ദമുണ്ടാക്കരുതു്. മടിക്കുത്തിൽ നിന്നു പൊൻകാശുമാല പതുക്കെയെടുത്തു് അവളുടെ കഴുത്തിലിട്ടു കൊടുക്കണം. അവൾ പേടിച്ചു പിൻതിരിയുമ്പോൾ കൈയിൽ കേറി പിടിക്കണം; എന്നിട്ടുപറയണം:

“പെണ്ണേ, ഇന്നു നമ്മുടെ കല്യാണമാ” അതുകേട്ടു് ആ ചമ്പകപ്പാല ചിരിക്കും, അവൾ അമ്പരന്നുപോകും. ഉള്ളിലവൾക്കു സന്തോഷമാണെങ്കിലും അതു പുറത്തു കാട്ടാതെ കുറഞ്ഞൊരു പിണക്കത്തോടെ അവൾ പറയും.

“ഊഹും; വേണ്ടാ. ”

“ഏ? കല്യാണം വേണ്ടേ?” അവൻ ചോദിക്കും.

“ഇങ്ങനെ വേണ്ടാ. ” അവൾ കൈ കുതറി കഴുത്തുവെട്ടിച്ചു് പിണങ്ങി മാറിനിൽക്കും. പിണങ്ങുമ്പോൾ എന്തു ഭംഗിയാണവളെ കാണാൻ!

“പിന്നെങ്ങനെ വേണം?”

“അതോ?” ചിരിയൊതുക്കിക്കൊണ്ടവൾ പറയും:

“പിന്നെ… ചെണ്ടേം പീപ്പീം വേണം. ” അവളുടെ വിവരണം കേൾക്കാൻ രസമുണ്ടു്.

“പിന്നെന്തു വേണം?” പെണ്ണിന്റെ മോഹം മുഴുവൻ പുറത്തുചാടട്ടെ.

“ആളും കോളും വേണം…”

“തീർന്നോ?”

“ആനപ്പുറത്തു വരണം. ”

“ആരു് വരണം?”

“പുതിയ ചെക്കൻ വരണം. ” അതും പറഞ്ഞു് അവൾ ഓടാൻ തുടങ്ങും.

“അമ്പടി കേമീ!” അവളെ വിട്ടാൽ പറ്റില്ല. പാഞ്ഞുപിടിക്കണം. പിടിക്കും. പിടിച്ചു മാറോടടുപ്പിച്ചു് പറയണം:

“ആനപ്പുറത്തു കേറി, ആളും കോളും ചെണ്ടേം പീപ്പീം ഒക്കെക്കൂടി വന്നു് നിന്നെ ഞാൻ കെട്ടും…”

ചെണ്ടയുടെ കാര്യം വിചാരിച്ചതേയുള്ളൂ. അപ്പോഴേക്കും കേട്ടു ശബ്ദം. കടപ്പുറത്തു് അങ്ങു തെക്കുഭാഗത്തുനിന്നാണു് ചെണ്ടക്കൊട്ടു്. കേട്ടാൽ വിളംബരത്തിന്റെ ചെണ്ടയാണെന്നു തോന്നും. അവൻ നോക്കി. അതേ, ചെണ്ടക്കാരന്റെ പിന്നിലാണു് കുട്ടികൾ മുഴുവനും. ബഹളംകൂട്ടിക്കൊണ്ടു് എല്ലാവരും കൂടി വരുന്നതു് അവന്റെ സമീപത്തേക്കാണു്. ഒരിടത്തിരുന്നു സ്വൈര്യമായി മനോരാജ്യം വിചാരിക്കാൻപോലും ആളുകൾ സമ്മതിക്കില്ല.

ചെണ്ടക്കാരൻ വിളിച്ചുപറയുന്നതു വ്യക്തമായി കേട്ടു തുടങ്ങി. അതിവർഷം കൊണ്ടു നാട്ടിലുണ്ടായ കെടുതി മുഴുവനും ആ വിളംബരം കേട്ടപ്പോഴാണു് അവനു മനസ്സിലായതു്. ഭ്രാന്തിളകിയ പുഴകൾ നാട്ടിന്റെ സമ്പത്തുമുഴുവൻ കടലിൽ കലക്കിക്കളഞ്ഞിരിക്കുന്നു. ആയിരക്കണക്കിനു് വീടുകളൊലിച്ചുപോയി. മലമുകളിൽ നിന്നു മണ്ണിടിച്ചുകൊണ്ടുവന്നു് കൃഷിസ്ഥലം മൂടി. നെൽക്കൃഷി മുഴുവനും അതിനടിയിൽപ്പെട്ടു. ഭയങ്കരമായ ക്ഷാമമാണു വരുന്നതു്. കന്നിമാസത്തിൽ ഒരു കതിരെങ്കിലും കൊയ്തെടുക്കാനുണ്ടാവില്ല. ഇല്ലന്നിറയും ഓണസദ്യയും തന്നാണ്ടിൽ നടപ്പില്ല.

രാജ്യം ഭരിക്കുന്ന രാജാവിന്റെ ശ്രദ്ധ ഈ വിപത്തിനു നേർക്കു തിരിഞ്ഞു. എന്തു ത്യാഗം ചെയ്തും ജനങ്ങൾക്കു് ഉണ്ണാനുള്ള അരി കൊടുക്കണം. അടിയന്തിരഘട്ടങ്ങളിൽ കുന്നലക്കോനാതിരിക്കും അരി കിട്ടുന്നതു് കന്നടത്തിൽ നിന്നാണു്. ഏതു സമയത്താവശ്യപ്പെട്ടാലും മംഗലാപുരത്തുനിന്നു് അരി കൊണ്ടുപോരാൻ സമ്മതിക്കും. എത്തിച്ചു തരുന്ന ഏർപ്പാടു നിർത്തിയിരിക്കുന്നു. സമാധാനപരവും സത്യസന്ധവുമായ വ്യാപാരത്തിനു പറ്റിയ കാലമല്ല. കടൽവ്യാപാരമാവട്ടെ, കൂടുതൽ അപായകരവും. പട്ടാളത്തിന്റെ അകമ്പടിയോടു കൂടിയല്ലാതെ വ്യാപാരക്കപ്പലുകൾക്കു് അറബിക്കടലിൽ സഞ്ചരിച്ചുകൂടാ. കടൽ പൊതുസ്വത്താണെന്ന നിയമം ലംഘിക്കപ്പെട്ടിരിക്കുന്നു. പറങ്കികളുടെ രാജാവു് സമുദ്രങ്ങളുടെയും രാജാവാണെന്നവകാശപ്പെടുന്നു. രാജാവിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ കപ്പലുകൾക്കൊന്നും സഞ്ചരിച്ചുകൂടാ. ബലം പ്രയോഗിച്ചു കീഴടക്കും. ചരക്കുൾ പിടിച്ചടക്കും. കുന്നലക്കോനാതിരിയെപ്പോലെ കപ്പൽപ്പടയും വിത്തപ്രഭുത്വവും സൈനികശക്തിയുമുള്ള ഒരു രാജാധിരാജനുപോലും സമുദ്രവ്യാപാരം സുഖകരമല്ലാതായിത്തീർന്നു. വലിയ സന്നാഹങ്ങൾകൂട്ടിവേണം സമുദ്രയാത്ര നിർവ്വഹിക്കുക. പലപ്പോഴും കപ്പലുകൾ നഷ്ടപ്പെടുന്നു. വീരസേനാനികളുടെ ചരമശയ്യ ഉപ്പുവെള്ളത്തിലാകുന്നു. വിലയുറ്റ വസ്തുക്കൾ നശിക്കുന്നു. കൊടുംക്രൂരതയ്ക്കു പേരെടുത്ത പറങ്കികളോടു നേരിടാൻ മടിച്ചു് പല രാജാക്കന്മാരും അവരുമായി മൈത്രീബന്ധം പുലർത്തുകയും അവരുടെ ചൊൽപ്പടിക്കു നിന്നാടുകയുമാണു്.

വെട്ടിയും കൊന്നും അടക്കിക്കൊള്ളാൻ കൽപ്പിച്ചു് പെരുമാൾ സ്വന്തം ഉടവാൾ കൊടുത്തനുഗ്രഹിച്ച കുന്നലയാഴിക്കുടമമാത്രം ഉറച്ചു നിന്നു. തന്റെ ശക്തി പെരുപ്പിക്കുകയും അറബിക്കടൽ കൊള്ളക്കാരുടെ കൈയിൽ നിന്നു് മോചിപ്പിക്കാൻ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ആണ്ടുകളായി തുടങ്ങിയ യുദ്ധമാണു്. കാലവർഷം തുടങ്ങുമ്പോൾ പറങ്കികൾ പിൻവലിക്കും. ആടിപ്പതിന്നാലു കഴിഞ്ഞു കാറ്റുംകോളും അടങ്ങി കടൽ ശാന്തമാവുമ്പോൾ, ശവപ്പറമ്പിലേക്കു കഴുകന്മാരെന്നവിധം, പിന്നെയും പറങ്കിക്കപ്പലുകൾ വരും. ആരുമേതുമറിയാതെ, സുഖനിദ്രയിലാണ്ടുകിടക്കുന്ന പട്ടണങ്ങളിൽ പാതിരാവിൽ കൈയേറ്റം നടത്തും. വീടുകളും ദേവാലയങ്ങളും തീയിട്ടു ചുടും. കണ്ണിൽ കണ്ടതൊക്കെ അപഹരിക്കും. പെണ്ണുങ്ങളെ പിടിച്ചുകൊണ്ടുപോകും. ഏലവും കുരുമുളകും ഇഞ്ചിയും ആനക്കൊമ്പും ചന്ദനവും കിട്ടിയതു കൊണ്ടവർ തൃപ്തിപ്പെടില്ല. അടിമക്കച്ചവടത്തിനു് അവർക്കു പെണ്ണുങ്ങളെക്കൂടി വേണം. കടൽത്തീരത്തുള്ളവർ പേടിച്ചാണു് കഴിച്ചുകൂട്ടുന്നതു്.

ഇതാ, ഒരു പരീക്ഷണഘട്ടമെത്തിയിരിക്കുന്നു. ആസന്നമായ ക്ഷാമത്തിൽ നിന്നു നാട്ടിനെ രക്ഷിക്കാൻ അരി ഇറക്കുമതി ചെയ്യണം. മംഗലാപുരത്തേക്കു കപ്പലയയ്ക്കണം. ഒന്നോ രണ്ടോ കപ്പൽ പോരാ. ഒരു വലിയ കപ്പൽ പട തന്നെ പോണം. അടിയന്തിരഘട്ടത്തെ നേരിടാനുള്ള ഒരുക്കങ്ങളൊക്കെ വേണം. തടിമിടുക്കുള്ള നാവികന്മാരെ നാട്ടിന്റെ നാനാഭാഗത്തുനിന്നും തിരഞ്ഞുപിടിക്കണം. കുന്നലകോൻ നാടുനീളെ തന്റെ വിളംബരം കൊട്ടിയറിയിക്കാൻ വ്യവസ്ഥ ചെയ്തു.

കൊല്ലം ചേരിക്കല്ലിന്റെ കീഴിലാണു് വളയക്കടപ്പുറവും കോടിക്കൽ കടപ്പുറവും തിക്കോടിക്കടപ്പുറവുമെല്ലാം. ചേരിക്കല്ലിലെ പ്രമുഖ കാര്യസ്ഥൻ തെയ്യുണ്ണിമേനോനാണു്. മോനോന്റെ നേതൃത്വത്തിലാണു് കൊട്ടിയറിയിപ്പു നടത്തുന്നതു്. ഉടുമുണ്ടിന്റെ കോന്തല അരക്കെട്ടിൽ കയറ്റിക്കുത്തി, രണ്ടാംമുണ്ടു തോളിൽ ഞാത്തിയിട്ടു്, വലിയ ഒരു ഓലക്കുടയും ചൂടി തെയ്യുണ്ണിമേനോൻ മുമ്പിൽ നടക്കുന്നു. പിന്നാലെ ചെണ്ടയും കഴുത്തിൽ തുക്കി നൊണ്ടിനൊണ്ടി നടക്കുന്നു പാണൻ ചെക്കനും.

തെയ്യുണ്ണിമേനോൻ ആജാനബാഹുവാണു്. തലയിൽ രോമമില്ല. അണ്ണാന്റെ വാലുപോലെ നരച്ചു മുറ്റിത്തഴച്ചതാണു് കൺപുരികങ്ങൾ. നെഞ്ചിലും നരച്ച രോമം ധാരാളമുണ്ടു്. കണ്ണിന്റെ കൃഷ്ണമണികളിൽ ഒന്നു് പിണങ്ങിപ്പിരിഞ്ഞ മട്ടാണു്. യോജിച്ചു് ഒരു സ്ഥലത്തു നോക്കില്ല.

കുട്ടികളുടെ അകമ്പടിയും തെയ്യുണ്ണിമേനോന്റെ നേതൃത്വവുമുള്ള ആ വിളംബരഘോഷയാത്ര പൊക്കന്റെ സമീപം എത്തി.

“ശ്രീമതു സകലഗുണസമ്പന്നരാന… സകലധർമ്മപരിപാലകരാന… മിത്രജനമനോരഞ്ജിതരാന… അഖണ്ഡിതലക്ഷ്മീപ്രസന്നരാന… രാജമാന്യരാജശ്രീ… മാനവിക്രമസാമൂതിരിമഹാരാജാബദൂർ അവർകൾ…”

വിളംബരത്തിലെ ആദ്യഭാഗം തെയ്യുണ്ണിമേനോൻ തന്നെയാണു് വിളിച്ചുപറയുന്നതു്. അതു മഹാരാജാവിന്റെ വിശേഷങ്ങളായതുകൊണ്ടു് അക്ഷരശൂന്യനായ പാണനെക്കൊണ്ടു പറയിക്കാൻ പറ്റില്ല. വല്ലതും തെറ്റിപ്പോയാൽ അതു കാറ്റിലൂടെ നുഴഞ്ഞുനുഴഞ്ഞു കൊട്ടാരത്തിൽ എത്തിയാൽ, തന്റെ തല പണയം വെക്കേണ്ടിവരുമെന്നു് തെയ്യുണ്ണിമേനോൻ ഭയപ്പെടുന്നു.

പൊക്കൻ ശ്രദ്ധിച്ചു കേൾക്കുകയാണു്. തടിമിടുക്കുള്ള അരയന്മാരെ നിർബന്ധസേവനത്തിന്നു കല്പിക്കാൻ ഇടവരുത്താതെ അവർ സ്വമനസ്സാലെ മഹാരാജാവിന്റെ ആജ്ഞപ്രകാരം നിശ്ചിതസ്ഥലത്തു നിശ്ചിത സമയത്തു് എത്തിച്ചേരണമെന്നാണു് ചുരുക്കത്തിൽ വിളംബരത്തിന്റെ സാരം.

തടിമിടുക്കുള്ള അരയന്മാർ വേണമെന്നു്. തന്നോളം തടിമിടുക്കുള്ളവർ ആ വളയക്കടപ്പുറത്തു ചുരുക്കമാണു്. പടക്കപ്പലുകൾക്കൊപ്പം

വീരസാഹസികരായ യോദ്ധാക്കളൊന്നിച്ചു്, കടലിലൂടെയുള്ള ആ ദീർഘയാത്ര രസകരമായിരിക്കും. ചിലപ്പോൾ പറങ്കികളെ കണ്ടുമുട്ടിയെന്നു വരും. പറങ്കികളോടുള്ള വൈരം മുലപ്പാലിലൂടെ നുണച്ചിറക്കിയതാണു്. യുദ്ധസന്നാഹത്തോടുകൂടി മഹാരാജാവിന്റെ ഒരു ഭടൻ എന്ന നിലയിൽ പറങ്കികളെ കണ്ടുമുട്ടാൻ ഇടവരുന്നതു മഹാഭാഗ്യമാണെന്നു് പൊക്കൻ കരുതി. അമ്മ സമ്മതിച്ചാൽ അവനു പോകാം. സമ്മതിക്കില്ല. അമ്മയുടെ വാത്സല്യത്തിലുള്ള കുഴപ്പം അവിടെയാണു്.

“എടാ പട്ടീ!”

ആരാണു് വിളിക്കുന്നതു്? ആരെയാണു് വിളിക്കുന്നതു്? വിചാരത്തിന്റെ കൊടുമുടിയിൽനിന്നു് അവൻ ഇറങ്ങി വന്നു. തെയ്യുണ്ണിമേനോൻ വിറച്ചുകൊണ്ടു മുമ്പിൽ നിൽക്കുന്നു. അണ്ണാൻവാലിന്റെ കീഴിൽ നിന്നു കണ്ണുകൾ കത്തിജ്ജ്വലിക്കുന്നു. കൃഷ്ണമണിയുടെ കുഴപ്പംകൊണ്ടു നോട്ടം ആരുടെ നേർക്കാണെന്നു കണ്ടുപിടിക്കാൻ പൊക്കനു കഴിഞ്ഞില്ല.

“എടാ ചവറ്റുപട്ടീ!” കൈവിരലുകൾ തന്റെ നേർക്കാണു് നീളുന്നതു്. ഈ ശകാരമെന്തിനു്? ഒരു കുറ്റവും ചെയ്തിട്ടില്ലല്ലോ.

“ഈ നിൽക്കുന്നതാരെന്നാ നീ മനസ്സിലാക്കിയതു്? എടാ, മഹാരാജാവു് സിംഹാസനത്തിലിരിക്കുമ്പോലെയുണ്ടല്ലോ നിന്റെ ഇരിപ്പു്. ഇറങ്ങെടാ പട്ടീ”

“എന്തു്?” ഒന്നും മനസ്സിലാവാതെ പൊക്കൻ ചോദിച്ചു.

അവന്റൊരു തലയിൽക്കെട്ടു്! നീയാരോടാണു് കളിക്കുന്നതെന്നു നിനക്കു മനസ്സിലായിട്ടുണ്ടോ?”

“ഇല്ല” ഒട്ടും പതറാതെ അവൻ മറുപടി പറഞ്ഞു.

“ഇല്ലേടാ, ഇല്ലേ? മനസ്സിലായിട്ടില്ലേ? ഇല്ലെങ്കിൽ നിന്റെ തന്തയോടു ചോദിക്കു്; അവൻ പറഞ്ഞുതരും. ”

“വെറുതെ തന്തയെ പറയരുതു്. ”

“എന്താടാ പറഞ്ഞാൽ?” അരിശം പിടിച്ചു വിറച്ചുകൊണ്ടു തെയ്യുണ്ണിമേനോൻ പറഞ്ഞു: “നിന്റെ തന്ത! തന്ത!”

“വായ പൂട്ടെടാ” പൊക്കൻ വള്ളക്കൊമ്പിൽ നിന്നു താഴത്തു ചാടി: ഇനിയൊരിക്കൽ പറഞ്ഞാൽ “എന്താടാ പറഞ്ഞാൽ?”

“പറ” അവൻ മുമ്പോട്ടു നീങ്ങി. അവന്റെ ആത്മാഭിമാനം ആളിക്കത്തുകയാണു്. ആ നിമിഷംവരെ അവന്റെ മുഖത്തു നോക്കി അങ്ങനെ ആരും പറഞ്ഞിട്ടില്ല. അവന്റെ അച്ഛനല്ലാതെ മറ്റാരും അവനെ ശാസിച്ചിട്ടില്ല. മുഖത്തു നോക്കി തന്തയെപറഞ്ഞിട്ടു് പറഞ്ഞവൻ പല്ലുംകൊണ്ടു തിരിച്ചുപോവരുതു് താൻ കളരിയിൽ പോയതും വിഷമിച്ചു പയറ്റിപ്പഠിച്ചതുമൊക്കെ വ്യർത്ഥമായെന്നു അവനു തോന്നി. കഴുത്തു പിടിച്ചു ഞെരിക്കണം; ശ്വാസം മുട്ടിച്ചു് അവനെ കൊല്ലണം. ഇനി മറ്റൊരാളുടെ തന്തയെപ്പറയാൻ ആ നാവു് ഇളകരുതു്, അതിഭയങ്കരമായ തീരുമാനമെടുത്തുകൊണ്ടു് പൊക്കൻ തെയ്യുണ്ണിമേനോനെ സമീപിക്കുകയാണു്.

കാര്യം പന്തിയല്ലെന്നു് തെയ്യുണ്ണിമേനോനു് മനസ്സിലായി. അവൻ കൊല്ലും; കൊല്ലാൻ പോരുന്നവനുമാണു്. ഇനി മിണ്ടിയാൽ അവിടെ കിടക്കേണ്ടിവരും. രക്ഷപ്പെടണം. ഒന്നും പറയാതെ തെയ്യുണ്ണിമേനോൻ നടന്നു.

“ഉം. പറ!” പൊക്കൻ വിളിച്ചുപറഞ്ഞു.

കേൾക്കാത്ത ഭാവത്തിൽ തെയ്യുണ്ണിമേനോൻ പിന്നെയും നടന്നു. കുറച്ചു ചെന്നു് തിരിഞ്ഞുനോക്കി. പൊക്കൻ പഴയസ്ഥലത്തുതന്നെ നിൽക്കുകയാണു്. ഉള്ള ശക്തി മുഴുവൻ സംഭരിച്ചു് അയാൾ വിളിച്ചു പറഞ്ഞു:

“കാട്ടിത്തരുന്നുണ്ടെടാ! ഇല്ലെങ്കിൽ ഈ തെയ്യുണ്ണി ഇങ്ങനെ ജീവിച്ചു നടക്കില്ല. ഇതിന്റെ കൂലി നിനക്കു ഞാൻ തരും. ” അത്രയും പറഞ്ഞുകഴിഞ്ഞു്, അതേ സ്വരത്തിൽ വിളംബരം ആർത്തുവിളിച്ചു കൊണ്ടു വേഗത്തിൽ നടന്നു;

ശ്രീമതു സകലഗുണസമ്പന്നരാന… സകലധർമ്മപരിപാലകരാന…

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.