images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
മൂന്നു്

വളയക്കടപ്പുറത്തുനിന്നു നോക്കിയാൽ കാണാം. ഓടക്കുന്നും ഗുരുപുണ്യകാവുകുന്നും. രണ്ടും കടലിലേക്കു കാലുനീട്ടിയാണു് ഇരിപ്പു്. കടൽത്തിരകൾ മണ്ണരിച്ചു കൂറ്റൻ പാറക്കെട്ടുകളെ കുന്നിൽനിന്നു വേർതിരിച്ചു പൂഴിപ്പരപ്പിൽ അവിടവിടെ ഉറപ്പിച്ചു നിർത്തിയിട്ടുണ്ടു്. മങ്ങിയ സന്ധ്യാവെളിച്ചത്തിൽ അവ പേടിപ്പെടുത്തുന്ന രൂപം കൈക്കൊള്ളും.

പരശുരാമൻ വെണ്മഴുവെറിഞ്ഞു കടലിൽ നിന്നു കേരളം വീണ്ടെടുത്തപ്പോൾ, കടലിന്റെ പ്രത്യാക്രമണത്തെ തടുക്കാൻ നൂറ്റെട്ടു ദുർഗാക്ഷേത്രങ്ങളാണു് പണിതീർത്തതു്. അതിലൊന്നു് ഗുരുപുണ്യകാവുകുന്നിലാണു്. അവിടെ കുന്നിൻപുറത്തുള്ള ക്ഷേത്രത്തിൽ, ഇളകിയാടുന്ന കടൽത്തിരകളെ ഭ്രുകുടികൊണ്ടടക്കിനിർത്തി ഭക്തന്മാർക്കു് അഭയം നൽകി, മലനാടിന്റെ ഭാഗ്യനിർഭാഗ്യങ്ങളെ നിയന്ത്രിച്ചു് മഹാദുർഗ്ഗ കുടികൊള്ളുന്നു. ക്ഷേത്രം ചെറുതാണെങ്കിലും ദുർഗയുടെ ശക്തി അതിഗംഭീരമാണു്. ക്ഷേത്രമുറ്റത്തുള്ള കൽപ്രതിമയുടെ കൈയിൽ ഏതു കൊടുങ്കാറ്റിലും പൊലിഞ്ഞുപോകാതെ, അഹോരാത്രം കത്തിക്കൊണ്ടിരിക്കുന്ന ഒരു ഭദ്രദീപമുണ്ടു്. ഇരുണ്ട രാവുകളിൽ, ആകാശദീപങ്ങളെ അടിച്ചുകെടുത്താനെത്തുന്ന കൊടുങ്കാറ്റിൽ കടൽത്തിരകളിൽപ്പെട്ടു് അലയുന്ന മരയ്ക്കാന്മാരുടെ ഭാഗ്യദീപമായി അവർക്കു മാർഗദർശനം നൽകുന്നതു് ആ ഭദ്രദീപമത്രേ.

ഓടക്കുന്നിലാണു് വേട്ടുവശ്ശേരിക്കാവു്. അവിടെയും ഒരു ഭഗവതിയുണ്ടു്. പാവപ്പെട്ടവരുടെ ഭഗവതി. ഇളനീരും പാലും പഞ്ചസാരപ്പായസവും തന്നെ നിവേദ്യം വേണമെന്നു നിർബന്ധമില്ല. കോഴിയിറച്ചിയും മദ്യവും ഇടയ്ക്കൊന്നു സ്വാദുനോക്കും. അപ്പപ്പോൾ മനസ്സിൽ തോന്നുന്നതു വെട്ടിപ്പൊളിച്ചു പറയുന്ന സ്വഭാവമാണു്. അതിനൊരു വെളിച്ചപ്പാടുണ്ടു്. ചെത്തിപ്പൂവും രക്തചന്ദനവുമാണു് അലങ്കാരവസ്തുക്കളിൽ ഏറ്റവും ഹൃദ്യമായതു്.

കടൽത്തീരത്തുനിന്നു് ഓടക്കാടുകളുടെ നടുവിലൂടെ ഒരൊറ്റയടിപ്പാത വളഞ്ഞുപുളഞ്ഞു കുന്നിൻനെറുകയിലേക്കു കയറിപ്പോകുന്നുണ്ടു്. ഭക്തിമാർഗം ഒരിക്കലും എവിടെയും ഋജുവല്ല. വക്രവും കണ്ടകാകീർണവുമായിരിക്കും. ഇവിടെയും ആ നിയമംതന്നെ. ഏഴിലമ്പാലയും കാഞ്ഞിരവും ഇലഞ്ഞിയും തഴച്ചുവളർന്നു് ഇരുണ്ട നിഴൽവീശുന്ന കുന്നിൻപുറത്തെ ഏകാന്തഭീകരമായൊരു സ്ഥലത്താണു് ഭഗവതി മണ്ഡപം. ഭക്തന്മാർക്കവിടെ എത്തിച്ചേരാൻ ആ ഒറ്റയടിപ്പാത മാത്രമാണു് അവലംബം.

അന്നു് ആടിപ്പതിന്നാലും കർക്കിടവവാവും ഒരുമിച്ചു വന്ന ദിവസമാണു്. ഏറെക്കൊല്ലങ്ങൾ കൂടുമ്പോഴേ ആ രണ്ടു വിശേഷദിവസങ്ങളും ഒരുമിച്ചു ചേരാറുള്ളൂ. നേരം പാതിരയോടടുക്കുകയാണു്. വേട്ടുവശ്ശേരിക്കാവിൽ പതിവുള്ള ആഘോഷത്തിനുപുറമേ അന്നൊരു ‘ഗുരുസി’യും കൂടി ഏർപ്പെടുത്തിയിട്ടുണ്ടു്. വളയക്കടപ്പുറത്തുകാരുടെ പ്രത്യേകപ്രാർത്ഥനയാണതു്. ആടിപ്പതിന്നാലു കഴിഞ്ഞു കാലത്തിന്റെ മുഖഭാവം തെളിയുമ്പോൾ, മംഗലാപുരത്തുനിന്നു് അരി കൊണ്ടുവരാനുള്ള ആദ്യത്തെ സംഘം കോഴിക്കോട്ടു നിന്നു പുറപ്പെടാനാണു് തീർച്ചപ്പെടുത്തിയതു്. വളയക്കടപ്പുറത്തുനിന്നുമാത്രം ഇരുപത്തഞ്ചു ചെറുപ്പക്കാർ ആദ്യത്തെ സംഘത്തിൽ പോവുന്നുണ്ടു്. അവരുടെ ദീർഘായുസ്സിനും സുസ്ഥിതിക്കുമായി വേട്ടുവശ്ശേരിക്കാവിൽ കർക്കിടകവാവിനൊരു ‘ഗുരുസി’ നേർന്നിരിക്കയാണു്.

ചെണ്ടകൾ ശബ്ദിച്ചു; ഇലത്താളവും! മണ്ഡപത്തിനു ചുറ്റുമുള്ള കൽവിളക്കുകൾ തെളിഞ്ഞു. വരിവരിയായി ദീവട്ടികൾ ജ്വലിച്ചു. അതിന്റെ പ്രകാശത്തിൽ ചുറ്റും തിങ്ങിനിറഞ്ഞുനിൽക്കുന്ന ജനസഞ്ചയത്തിന്റെ നടുവിൽ പട്ടുടുത്തു രക്തചന്ദനം പൂശി, ചെത്തിമാലയുമണിഞ്ഞു വെളിച്ചപ്പാടു ‘ഗുരുസി’തർപ്പണം നടത്തുകയാണു്. മുലകുടിക്കുന്ന കുട്ടി മുതൽ കൂനിക്കൂനി നടക്കുന്ന കിഴവന്മാർവരെ എല്ലാവരും അവിടെ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണു്. തിരുമുറ്റത്തുള്ള വലിയൊരു കരിങ്കൽത്താവളത്തിലാണു് ‘ഗുരുസി’. വെളിച്ചപ്പാടു് അതു രണ്ടു കൈകൊണ്ടും മുകളിലോട്ടു് തേവുകയാണു്. തലയെടുത്തെറിഞ്ഞ പൂവൻകോഴികളുടെ ജഡം കൽത്തളത്തിനു ചുറ്റും മരവിച്ചു കിടപ്പുണ്ടു്.

തർപ്പണം മുറുകിത്തുടങ്ങി; വാദ്യവും. അവസാനത്തെ തുള്ളി കൂടി തർപ്പണം ചെയ്തു് അട്ടഹസിച്ചുകൊണ്ടു വെളിച്ചപ്പാടു വാളെടുത്തു കുലുക്കി. നിവർന്നുനിന്നു മുമ്പോട്ടും പിമ്പോട്ടും ദേഹമിട്ടാട്ടി, തല തൊട്ടുഴിഞ്ഞു്, വീർപ്പടക്കി നിൽക്കുന്ന പുരുഷാരത്തെ വിറപ്പിച്ചു് കൊണ്ടു ചെവിടടപ്പിക്കുമാറു് ഒന്നലറി. കുന്നിൻപുറത്തും കടൽത്തീരത്തും അതു മാറ്റൊലി ചേർത്തു. ജനങ്ങൾ ഭയഭക്തിബഹുമാനങ്ങളോടെ തൊഴുകൈയുമായി പിന്മാറി നിന്നു. വെളിച്ചപ്പാടു മണ്ഡപത്തിനകത്തേക്കോടി. പിന്നാലെ വാദ്യക്കാരും!

ഇപ്പോൾ ചെണ്ടയുടെ ശബ്ദം കേട്ടാലറിയാം. അകത്തു ഭഗവതിയുടെ സോപാനനൃത്തം നടക്കുകയാണു്. പരിചാരകന്മാർ അമ്പലമുറ്റത്തുനിന്നു് ജനങ്ങളെ ഒരു പരിധിയോളം അകറ്റിനിർത്തി. കോഴികളുടെ ജഡം എടുത്തുമാറ്റി. തളംകെട്ടിനിൽക്കുന്ന ‘ഗുരുസി’യിൽ കടൽപൂഴി വിതറി. വാദ്യം മുറുകിവരുന്നു. പെട്ടെന്നു നിൽക്കുന്നു. കനത്ത നിശ്ശബ്ദത. കടൽക്കാറ്റുകൂടി വീശുന്നതു് ഒതുങ്ങിയമട്ടിലാണു്. കടൽത്തിരകൾ ചുണ്ടുകടിച്ചമർത്തി നിൽക്കുന്നു. ഒരു വീർപ്പുകൂടി പുറത്തുവിടാതെ. ആ നിശ്ശബ്ദതയ്ക്കു് പേടിപ്പെടുത്തുന്ന ഒരു സവിശേഷതയുണ്ടു്. അധികനേരം അതു സഹിച്ചു നിന്നാൽ മനുഷ്യർ ബോധംകെട്ടുവീഴും.

അതാ, ഭയങ്കരമായൊരലർച്ച! “വിശേഷിച്ചിട്ടു്…” ഭഗവതിയുടെ അരുളപ്പാടാണു്. വെളിച്ചപ്പാടിന്റെ അമർത്തിച്ചവുട്ടുന്ന കാലടിയൊച്ച അടുത്തടുത്തുവരുന്നു. കടുത്തലയുടെ തൊത്തുമണികൾ കുലുങ്ങുന്ന ഭീകരശബ്ദവും! ജനക്കൂട്ടത്തിൽ നിന്നു് ഇരുപത്തഞ്ചു ചെറുപ്പക്കാർ, അതിൽ പൊക്കനുമുണ്ടു്. മുമ്പോട്ടു വന്നു. അന്നു തെയ്യുണ്ണിമേനോനുമായി വഴക്കിട്ടതിന്റെ ഫലമാണതു്. പഠിപ്പിച്ചുതരാമെന്നു ശപഥം ചെയ്തു പോയ തെയ്യുണ്ണിമേനോൻ ഒടുവിൽ പഠിപ്പിക്കുകതന്നെ ചെയ്തു. വളയക്കടപ്പുറത്തു നിർബന്ധസേവനത്തിനു വരണമെന്നു് ഉത്തരവുകിട്ടി. പൈതൽമരയ്ക്കാന്റെ അപേക്ഷകൾക്കോ ദമയന്തിയുടെ കണ്ണുനീരിനോ തെയ്യുണ്ണിമേനോന്റെ മനസ്സിളക്കാൻ കഴിഞ്ഞില്ല. തലയും താഴ്ത്തി തൊഴുകൈയോടെ എല്ലാവരും ഒരു വരിയായി മുമ്പോട്ടു നിന്നു മഞ്ഞ വസ്ത്രമുടുത്തു് രക്തചന്ദനമണിഞ്ഞു്, ചെത്തിമാലയും കഴുത്തിലിട്ടു് മുമ്പോട്ടു മാറിനിന്ന ആ ഇരുപത്തിയഞ്ചുപേരും കാവിലമ്മയുടെ പ്രത്യേകാനുഗ്രഹത്തിനുവേണ്ടി വ്രതമെടുത്ത നാവികരാണു്. വെളിച്ചപ്പാടു് അവരെ തൊട്ടുരുമ്മിക്കൊണ്ടു് അങ്ങട്ടുമിങ്ങട്ടും ഓടി. കടുത്തല കുലുക്കി ആഞ്ഞാഞ്ഞു തലയിൽ വെട്ടി. ഓരോ വെട്ടിനും തലയിൽ നിന്നു ചെമ്പരത്തിപ്പൂപോലുള്ള രക്തം നെറ്റിയിലൂടെ പാടിയൊഴുകി, കൺപോളകളും കവിളും നനച്ചു നെഞ്ചിലിറങ്ങി ചെത്തിമാലയ്ക്കു മാറ്റുകൂട്ടുകയും രക്തചന്ദനത്തിലിഴുകിച്ചേരുകയും ചെയ്തു. ഭയംകൊണ്ടു കടുംതുടി കൊട്ടുന്ന ഹൃദയവുമായി ഭക്തജനങ്ങൾ ചെവി കൂർപ്പിച്ചു നിന്നു, അരുളപ്പാടു കേൾക്കാൻ.

“വിശേഷിച്ചിട്ടു്… എന്റെ മുക്കാൽവട്ടക്കാരേ!” അമർത്തിച്ചവുട്ടിനടന്നുകൊണ്ടു് പാതി അലർച്ചയും പാതി വാക്കുകളുമായി വെളിച്ചപ്പാടു കല്പിച്ചു: “ആണ്ടോടാണ്ടു് കൂടുംബം… എന്റെ മംഗല്യം… മുടങ്ങാതെ നടത്തണം… കേട്ടോ… എന്റെ മുക്കാൽവട്ടക്കാരേ…” ആ ഇരുപത്തഞ്ചു പേരിൽ ഓരോരുത്തരുടെ തലയിലും കൈ വച്ചു് ആടിയാടി വെളിച്ചപ്പാടു കല്പിച്ചു: “എന്നെ വിശ്വസിച്ചാൽ ഞാനും വിശ്വസിക്കും… കേട്ടോ, മുക്കാൽവട്ടക്കാരേ…” ഓരോ അരുളപ്പാടിനും ചുണ്ടിലൂടെ താഴോട്ടൊഴുകുന്ന രക്തം വലിച്ചകത്താക്കുകയും കാലടികൾ ഭുമി കിടിലം കൊള്ളുമാറു് അമർത്തിച്ചവുട്ടുകയും രക്തത്തുള്ളികൾ ഇഴുകിപ്പിടിച്ചു ചുവന്ന കൺപുരികങ്ങൾ വളച്ചു രൂക്ഷമായി നോക്കുകയും ഇടയ്ക്കിടെ ഫൂല്ക്കാരങ്ങളുതിർക്കുകയും ചെയ്യുന്ന വെളിച്ചപ്പാടു് തന്റെ അരുളപ്പാടിന്റെ അവസാനഘട്ടത്തിലേക്കു കടക്കുകയാണു്. ഭക്തജനങ്ങൾ ദേവിയുടെ തിരുമുഖത്തു നിന്നു കേൾക്കാനാശിച്ചതെന്തോ, അതിനിയും പുറത്തുവന്നിട്ടില്ല. കടലിലും കരയിലും സ്വർഗത്തിലും പാതാളത്തിലും തന്റെ ഭരണം നടത്തുന്ന ദേവി അറിയാത്തതോ കാണാത്തതോ യാതൊന്നുമില്ല.

പിന്നെയും ഭീതിദമായ നിശ്ശബ്ദത. പ്രായംകൂടിയ പലരും കക്ഷത്തിറുക്കിവെച്ച രണ്ടാംമുണ്ടെടുത്തു് കണ്ണീരൊപ്പുകയാണു്. ആ യുവനാവികരുടെ രക്ഷകർത്താക്കളാവണം അവർ. പൈതൽമരയ്ക്കാർ ഒറ്റപ്പെട്ടാണു് നിൽക്കുന്നതു്. ആ മുഖം വേദനയുടെ വിളനിലമാണു്. ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണീരൊപ്പാൻ മറന്നുപോയി! തന്റെ ഹൃദയത്തിന്റെ ഏതോ ഒരു ഭാഗം കഠിനവേദനയോടെ മുറിഞ്ഞു വേറിട്ടു പോകുമ്പോലെ അനുഭവപ്പെടുകയാണു്. രാക്ഷസീയമായ കൊടുംക്രൂരതകൊണ്ടു് അറബിക്കടലിലെ സമാധാനം നശിപ്പിച്ചു് മലനാട്ടിന്റെ വീരനാവികരായ നിരവധി മുക്കുവക്കിടാങ്ങളെ ദാരുണമാംവിധം ഹിംസിച്ചു് മനുഷ്യവംശത്തിനാകമാനം കളങ്കം വരുത്തിവെച്ച, പിശാചുക്കളെപ്പോലും നാണിപ്പിക്കുന്ന, പറങ്കികളോടെതിരിടാനാണു് പൊക്കനെ പറഞ്ഞയയ്ക്കുന്നതെന്ന സത്യം പൈതൽ മരയ്ക്കാനെ അവശനാക്കി. ഉണ്ണാതെ, ഉറങ്ങാതെ, ദിവസങ്ങളെണ്ണുന്ന പുത്രവത്സലനായ ആ അച്ഛൻ അവസാനത്തെ അഭയത്തിനുവേണ്ടിയാണു് കാവിലമ്മയുടെ തിരുമുമ്പിലെത്തിയതു്. മരയ്ക്കാന്റെ ഹൃദയത്തിലൂടെ നൂറു നൂറു ചോദ്യങ്ങൾ കടന്നുപോയി: “അമ്മേ, അമ്മയുടെ നാന്തകത്തിന്നു മൂർച്ച കുറഞ്ഞുപോയോ? ദാരികനെക്കൊന്നു കുടൽമാലയുമണിഞ്ഞു്, തലയോട്ടിൽ ചുടുചോര മുക്കി കുടുകുടെക്കുടിച്ചു ലോകത്തെ രക്ഷിച്ച പൊന്നുതമ്പുരാട്ടി, അലകടൽ അലങ്കോലപ്പെടുന്നതു് അവിടുന്നു കാണുന്നില്ലേ” മഹിഷാസുരനെ കുത്തിക്കോർത്ത കൊടുംശൂലം അമ്മയുടെ കൈയിലില്ലേ? പറങ്കികളുടെ ഈ കൊടുംപാപത്തിനു് അമ്മയൊരറുതി വരുത്തില്ലേ?”

വെളിച്ചപ്പാടിന്റെ അട്ടഹാസം പിന്നെയും മുഴങ്ങി: “വിശേഷിച്ചിട്ടു്”, നല്ല നിമിത്തം! പൈതൽമരയ്ക്കാൻ കൈകൂപ്പി നിന്നു. ഇത്തവണ വെളിച്ചപ്പാടു സമീപച്ചതു് പൈതൽമരയ്ക്കാനെയാണു്. “വ്യസനിക്കേണ്ടാ, കിടാവേ, എന്നെ വിശ്വസിച്ചാൽ ഞാനും വിശ്വസിക്കും… വിശേഷിച്ചിട്ടു്.” അതോടെ അന്നത്തെ അരുളപ്പാടവസാനിച്ചു. അട്ടഹസിച്ചുകൊണ്ടു വെളിച്ചപ്പാടു തന്റെ തലയിൽ ആഞ്ഞാഞ്ഞു വെട്ടി; വെട്ടി വെട്ടി ബോധംകെട്ടു വീണു…

പൂജാരിക്കു ദക്ഷിണ കൊടുത്തു പ്രസാദം വാങ്ങി, വ്രതദീക്ഷയുടെ കാലത്തു ധരിച്ചു മഞ്ഞവസ്ത്രം മാറ്റി നാവികർ മുൻപോട്ടു നടന്നു. പൊക്കൻ തലയുയർത്തി ചുറ്റുമൊന്നു നോക്കി. പൂജാരിയിൽ നിന്നു് തിക്കിത്തിരക്കി പ്രസാദം വാങ്ങുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ പാഞ്ചാലി വേർതിരിഞ്ഞു നിൽക്കുകയാണു്. രണ്ടുപേരും പരസ്പരം കണ്ടു; ചിരിച്ചു. വ്രതദീക്ഷമുതൽ പൊക്കൻ പാഞ്ചാലിയെക്കണ്ടിട്ടില്ല. അവന്നു ധൃതിയായി. പെണ്ണുങ്ങളുടെ കൂട്ടത്തിലേക്കു് അവൻ നടന്നു. ഒരു നാലടി മുമ്പോട്ടു വെച്ചുകാണും. അപ്പോഴാണു് പൈതൽമരയ്ക്കാന്റെ വിളി: “മോനേ!”

വൈമനസ്യമുണ്ടെങ്കിലും അവനു പിന്തിരിയാതിരിക്കാൻ കഴിഞ്ഞില്ല. അച്ഛൻ രണ്ടു കൈയും നീട്ടിപ്പിടിച്ചാണു നിൽക്കുന്നതു്. ഒരു കൊച്ചുകുട്ടിയെപ്പോലെ ഓടിച്ചെന്നു് അവൻ ആ കൈകളിലേക്കു് വീണു. രണ്ടുപേരും തെല്ലിട കെട്ടിപ്പിടിച്ചു നിന്നു. നേരിയ ഒരു തേങ്ങൽ മാത്രമങ്ങനെ കേൾക്കാം:

“മോനേ… എന്റെ മോനേ…”

ചൂടുള്ള കണ്ണീർ അവന്റെ ചുമലിലൂടെ ധാരയായൊഴുകി. അച്ഛൻ കരയുകയാണു്. ഭഗവതിയുടെ സന്നിധിയിൽപ്പോലും അച്ഛനു മനക്കരുത്തു വീണ്ടുകിട്ടീട്ടില്ല. ആ നിമിഷത്തിലാദ്യമായി അവൻ യാഥാർത്ഥ്യങ്ങളുടെ നേർക്കു കണ്ണയച്ചു. അച്ഛൻ കരയുന്നതിലെന്താണു് തെറ്റു്? ആ കുടുംബത്തിന്റെ എല്ലാമാണു് അവൻ; ആശയും ആവേശവുമെല്ലാം. അന്നന്നു കിട്ടുന്നതു ചെലവഴിച്ചു ശീലിച്ച കുടുംബമാണു്. അവന്റേതു്. നാളേക്കെന്ന സമ്പദായം അറിഞ്ഞുകൂടാ. എത്ര കിട്ടിയാലും മുഴുക്കെ തീർക്കും. കിട്ടാത്ത ദിവസം പട്ടിണികിടക്കാനും മടിയില്ല. അദ്ധ്വാനിച്ചു് വാർദ്ധക്യത്തിന്റെ പായച്ചുരുളിലേക്കു തലചരിക്കുമ്പോൾ പുതിയൊരു തലമുറ ചുമതല കൈയേൽക്കാൻ മുമ്പോട്ടു വരും. പിന്നെ, അവരുടെ ഊഴമായി. അച്ഛന്റെ പായ നിവർത്തിക്കഴിഞ്ഞിരിക്കുന്നു. പങ്കായം തന്റെ തോളിലേക്കു കൈമാറേണ്ട സമയമാണു്. അമ്മയും അച്ഛനും മുത്തച്ഛനും-മുന്നുപേർക്കാണു് അവൻ തണൽ വീശേണ്ടതു്. രാജകല്പനയല്ലേ? ചിന്തിച്ചിട്ടും വ്യസനിച്ചിട്ടും കാര്യമില്ല.

ജനങ്ങൾ പിരിയുകയാണു്. ഇടുങ്ങിയ കാട്ടുവഴിയിലൂടെ കീഴോട്ടിറങ്ങാൻ വിഷമമുണ്ടു്. ഒരു പന്തം പിടിച്ചുകൊണ്ടു പൊക്കൻ മുമ്പിൽ നടന്നു. പിന്നിൽ അമ്മ, അതിന്റെ പിന്നിൽ അച്ഛൻ. വളരെ പതുക്കെ നടക്കാനേ കഴിയുന്നുള്ളു. വയസ്സായാലങ്ങനെയാണു്. പണ്ടു ചവിട്ടിത്തകർത്തു കടന്നുപോയ വഴിയാണതെന്നു പൈതൽമരയ്ക്കാന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല. ചെങ്കുത്തായ ചില സ്ഥലത്തു് അച്ഛനെയും അമ്മയെയും പൊക്കൻ കൈ പിടിച്ചിറക്കി.

വളഞ്ഞും പിരിഞ്ഞും പോകുന്ന ആ വഴി നിറയെ ആളുകളാണു്. ഇടയ്ക്കിടെ ഉയർത്തിപ്പിടിച്ച പന്തങ്ങളും. ആ ആൾക്കൂട്ടത്തിലെവിടെയോ പാഞ്ചാലിയുണ്ടെന്ന വിചാരംപോലും പൊക്കനു സുഖപ്രദമായിരുന്നു.

ആ ഘോഷയാത്ര ക്രമേണ കടപ്പുറത്തെത്തി. അതുവരെ ഒന്നും മിണ്ടാതെ നടന്ന പൈതൽ മരയ്ക്കാൻ പറഞ്ഞു: “മേനേ, ഒന്നു വേഗം ചെല്ലു്. കുടലു് നിന്റ മുത്തച്ഛൻ തനിച്ചല്ലേയുള്ളു? അച്ഛനു വയ്യാ. കുന്നിറങ്ങുമ്പളയ്ക്കു് കാലു് തളരുന്നു. ന്റെ മോൻ വേഗം പോ.”

പാഞ്ചാലി ഒരുമിച്ചെത്തുന്നതുവരെ അവിടെ നിന്നാൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ, ഇനിയതു വയ്യാ. അവൻ മുൻകടന്നു നടന്നപ്പോൾ അമ്മ പറഞ്ഞു; “ഒപ്പം ഞാനും പോരാം.”

“നിനക്കു് ഓന്റൊപ്പം നടക്കാൻ കയ്യോ, ദമയന്തീ?” പൈതൽമരയ്ക്കാൻ ചോദിച്ചു.

“കയ്യും.” അതുപറഞ്ഞുതീരും മുമ്പേ പിറകിൽ നിന്നു കുഞ്ഞിക്കണ്ണൻ മരയിക്കാന്റെ വിളി കേട്ടു; “പൈതൽ മൂപ്പരേ ഞാളുണ്ടു്.”

പൊക്കൻ തിരിഞ്ഞുനിന്നു. കുഞ്ഞിക്കണ്ണനും പാഞ്ചാലിയുമാണു് വരുന്നതു്.

“കുടീലാളില്ലാത്തതാ. ഓലു് വേഗം പോട്ടെ.” പൈതൽമരയ്ക്കാൻ പറഞ്ഞു: “മ്പള്ക്കങ്ങനെ പതുക്കെ പൂവ്വാം.”

“നേരാ.” കുഞ്ഞിക്കണ്ണൻമരയ്ക്കാൻ സമ്മതിച്ചു;

“മോളേ പാഞ്ചാലീ, നീയും പൊക്കന്റെ അമ്മേന്റെ കൂടെ പോ.”

കേൾക്കേണ്ട താമസം പാഞ്ചാലി ഒപ്പമെത്തി. പൊക്കന്റെ ഹൃദയം അവനോടു പറഞ്ഞു: “ദേ കൂടെ അമ്മയാണുള്ളതു്.”

മൂന്നുപേരും ധൃതിയിൽ നടക്കുകയാണു്. എങ്ങനെ എന്തു പറയണമെന്നറിയാത്ത പൊക്കൻ തിരിഞ്ഞുനിന്നു് അമ്മയോടു ചോദിച്ചു:

“അമ്മയ്ക്കു വയസ്സല്ലേ?”

“അതിനെന്താടാ?”

“കാലു തളരുന്നില്ലേ?”

“മോനേ!” അതുവരെ കെട്ടിനിർത്തിയ ദുഃഖം ചിറപൊട്ടി. ഗദ്ഗദം കൊണ്ടു വാക്കുകൾ മുറിഞ്ഞുമുറിഞ്ഞേ പുറത്തുവന്നുള്ളൂ. “തടിയാകെ തളരുന്നുണ്ടു് അമ്മയ്ക്കു്, ആരോടു പറയാൻ? ആരു കേൾക്കാൻ?”

ഒന്നും ചോദിക്കേണ്ടായിരുന്നെന്നു പൊക്കനു തോന്നി.

“അമ്മേന്തിനാ കരേണതു്?”

“കര്യാണ്ടെന്തുചെയ്യും?”

“അമ്മ കരേരുത്!” അവൻ പാഞ്ചാലിയെ നോക്കി. അവളും കരയുകയാണോ? അല്ലങ്കിലെന്തിനു കണ്ണു തുടയ്ക്കണം?

“മണ്ടേലെ വര മാന്ത്യാ പോവൂല, മോനേ” ദമയന്തിക്കു സഹിക്കുന്നില്ല: “കരയാനാണു് വിധി. ആറ്റുനോറ്റു കൊതിച്ചിട്ടൊന്നിനെ പടച്ചതമ്പുരാൻ തന്നു. കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാണ്ടു് മടീൽ വെച്ചു പോറ്റി. എന്നിട്ടിപ്പം…” കണ്ഠം അടഞ്ഞുപോയി. വാക്കുകൾക്കു ശബ്ദമില്ല.

പൊക്കൻ മിണ്ടാതെ നടന്നു. ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അമ്മയുടെ വേദന കൂടുകയാണു്. കുടിയിലെത്തി. അമ്മ വാതിൽ തുറന്നു് അകത്തു കയറി. അരണ്ട നാട്ടുവെളിച്ചത്തിൽ പൊക്കനും പാഞ്ചാലിയും തൊട്ടുതൊട്ടുനിന്നു. അങ്ങിനെയൊരു സന്ദർഭത്തിനു വേണ്ടി എത്ര കൊതിച്ചതാണു്! പക്ഷേ ഒന്നും പറയാൻ ധൈര്യമില്ല. അമ്മയെപ്പോലെ അവളും കരഞ്ഞാലോ?

പെട്ടെന്നു് അകത്തുനിന്നു് അമ്മയുടെ നിലവിളി കേൾക്കുന്നു. അവനു് ഒന്നും മനസ്സിലായില്ല. ആലോചിച്ചു നിൽക്കാൻ പറ്റിയ സമയമല്ല. അവൻ അകത്തേക്കു് ഓടി. പിന്നാലെ പാഞ്ചാലിയും.

അമ്മ മുത്തപ്പനെ കെട്ടിപ്പിടിച്ചു കിടന്നു കരയുകയാണു്. മുത്തപ്പൻ അനങ്ങുന്നില്ല. അല്ലെങ്കിലും വളരെക്കാലമായി മുത്തപ്പനു് അനങ്ങാൻ പറ്റില്ല. അമ്മ ഇങ്ങനെ ബഹളം കൂട്ടുന്നതെന്തിനെന്നു് അവൻ സൂക്ഷിച്ചു നോക്കി.

“അയ്യോ, എന്റെ പൊന്നച്ചോ!” അമ്മ കുലുക്കിക്കുലുക്കി വിളിച്ചിട്ടും മുത്തപ്പൻ കണ്ണു തുറക്കുന്നില്ല. മുത്തപ്പൻ മരിച്ചോ? ശരീരം തണുത്തു മരവിച്ചിരിക്കുന്നു. ശ്വാസഗതി നിലച്ചിരിക്കുന്നു… അതേ, മുത്തപ്പൻ മരിച്ചു…

തെയ്യുണ്ണിമേനോനും മരണവും ഒരുപോലെയാണു്. കരംപിരിവു കാര്യത്തിൽ രണ്ടുപേർക്കുമൊരു വ്യവസ്ഥയില്ല. ഒരുക്കിവെച്ചു കാത്തിരിക്കുന്ന വീട്ടിൽ ചെല്ലാതെ, അപ്രതീക്ഷിതമായി മറ്റെവിടെയെങ്കിലും കേറിച്ചെല്ലും; ബഹളമുണ്ടാക്കും.

ദമയന്തിയുടെ അച്ഛൻ-അമ്പാടിയുടെ കാര്യത്തിലും അതാണു് സംഭവിച്ചതു്. ആറേഴു കൊല്ലമായി മരണത്തെ സ്വാഗതം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു. മരണം തിരിഞ്ഞുനോക്കിയില്ല.

പക്ഷവാതംപിടിച്ചു് അവയവങ്ങൾ പ്രവർത്തനക്ഷമങ്ങളല്ലാതായി. ദാഹിച്ചു് വെളളം കുടിക്കാനും പരസഹായം വേണം. വിശപ്പുണ്ടു്, വേദനയറിയാം, കാഴ്ച നഷ്ടപ്പെട്ടിട്ടില്ല. ശ്രവണശക്തിയും കുറഞ്ഞിട്ടില്ല. എല്ലാം കാണാം; കേൾക്കാം. ആവശ്യമുള്ളതു ചോദിക്കാൻ നാവിനു കരുത്തില്ല; അഭിനയിച്ചു മനസ്സിലാക്കാനാണെങ്കിൽ കൈകൾ ചലിക്കില്ല. മരിച്ചാൽ മതിയെന്നു മറ്റുള്ളവർക്കൊക്കെ തോന്നി; രോഗിക്കും തോന്നി. പക്ഷേ, തെയ്യുണ്ണിമേനോൻ പ്രസാദിച്ചില്ല. പിന്നെയും കിടന്നു വർഷങ്ങൾ.

വീട്ടിലുള്ളവരും വന്നു കാണുന്നവരും ഓർക്കാതെ പിറുപിറുക്കും. “ഇനി മരിക്കുന്നതാ നല്ലതു്.” പറയാൻ പാടില്ലാത്തതാണു്. എന്നാലും രോഗിയുടെ കിടപ്പു കാണുമ്പോൾ പറഞ്ഞുപോകും. തന്റെ അച്ഛനെക്കുറിച്ചു് ദമയന്തി അതു പറഞ്ഞോ? എന്തോ, ആരും കേട്ടിട്ടില്ല… ആരും കേൾക്കാതെ പറഞ്ഞിട്ടുണ്ടാവും. അത്രയ്ക്കു ക്ളേശകരമായിരുന്നു ആ ശുശ്രൂഷ. എല്ലാം അറിഞ്ഞു ചെയ്യണം. ദാഹമാണോ, വിശപ്പാണോ, വേദനയാണോ? ഒന്നും ആ മുഖത്തു നോക്കിയാൽ വേർതിരിച്ചറിയില്ല. അവിടെ ഒരേഒരു ഭാവം! വിഷാദം. മഴക്കാലം പോലെ ആ കണ്ണുകൾ സദാ ജലകണങ്ങളേന്തി നിൽക്കും. ചിലപ്പോൾ ദിവസം മുഴുവൻ ആഹാരം കഴിക്കില്ല; വെള്ളം കുടിക്കില്ല. കണ്ണീരൊഴുക്കിക്കൊണ്ടു കിടക്കും. കാരണം വിശേഷിച്ചൊന്നും ഉണ്ടാവില്ല. അതുകാണുമ്പോൾ തന്നോടു പിണങ്ങീട്ടാണെന്നു സങ്കല്പിച്ചു് ദമയന്തി തൊണ്ടയിടറിക്കൊണ്ടു പറയും: “മരിച്ചാൽ മതിയായിരുന്നു, ഇക്കണക്കിനു്.”

ആരാണു് മരിക്കേണ്ടതു്? അച്ഛനോ, താനോ? ആർക്കുവേണ്ടിയാണു് മരണത്തെ പ്രാർത്ഥിച്ചതു്? ദമയന്തി പിന്നീടു് ആലോചിക്കും; “അങ്ങനെ പറയരുതായിരുന്നു. ഇനി ഒരിക്കലും പറയില്ല.” പക്ഷേ, പിന്നെയും പറഞ്ഞുപോകും. നീണ്ടുനീണ്ട രാത്രികൾ തനിച്ചിരുന്നു് ഉറക്കമൊഴിച്ചു ശുശ്രൂഷിച്ചിട്ടും കഷായം കുറുക്കിയിട്ടും എണ്ണയും കുഴമ്പും പൊടിയുമുണ്ടാക്കിയിട്ടും വേണ്ടതത്രയും ചെയ്തിട്ടും രോഗിയുടെ മുഖത്തൊരു പ്രസാദമില്ല. മനസ്സിടിവുണ്ടാവാൻ മറ്റു കാരണങ്ങളാവശ്യമുണ്ടോ? അവൾ തന്നത്താൻ ശപിക്കും. പിന്നെയും ശുശ്രുഷിക്കും. അച്ഛനല്ലേ, അച്ഛനെ ശുശ്രൂഷിക്കുന്നതു തന്റെ കടമയല്ലേ? അച്ഛനു വേണ്ടി എന്തു വലിയ ത്യാഗത്തിനും അവൾ തയ്യാറാണു്.

ഒടുവിൽ അച്ഛൻ മരിച്ചു. അവസാന നിമിഷം അവൾ അടുത്തുണ്ടായില്ല. കഫപ്പറ്റുള്ള കണ്ഠത്തിൽ ശ്വാസം തടഞ്ഞുനിന്നു കുറുകുമ്പോൾ ഒരു തുള്ളി കസ്തൂരി ചാലിച്ച വെള്ളംകൊണ്ടു് അച്ഛന്റെ ചുണ്ടു നനയ്ക്കാൻ അവൾക്കു കഴിഞ്ഞില്ല. മരണം ചവിട്ടിക്കുതറുന്ന നെഞ്ചിൽ ആശ്വാസപൂർവ്വം തടവിക്കൊടുത്തു് അച്ഛന്റെ വേദന കുറയ്ക്കാൻ അവൾക്കു കഴിഞ്ഞില്ല. കുടിലിന്റെ മോന്തായത്തിൽ പതിയിരിക്കുകയായിരുന്നു മരണം. എല്ലാവരും ഒഴിഞ്ഞുപോയപ്പോൾ ചാടി വീണു് അച്ഛന്റെ പ്രാണനും പിടിച്ചുപറിച്ചു കൊണ്ടുപോയി. അതോർത്തപ്പോൾ അവൾക്കു സഹിച്ചില്ല. ഏഴുകൊല്ലത്തെ നിരന്തര ശുശ്രൂഷ നിഷ്ഫലമായപോലെ. അവസാന നിമിഷം കൊടുക്കുന്ന വെള്ളമാണു് പ്രധാനം. എന്തൊക്കെ ചെയ്താലും ആളുകൾ എടുത്തുപറയുന്നതു് അതുമാത്രമായിരിക്കും. അവൾ അച്ഛന്റെ ജഡത്തിൽ കെട്ടിപ്പിടിച്ചു് ഉറക്കെയുറക്കെ കരഞ്ഞു.

നേരം പുലർന്നപ്പോൾ മരണവാർത്ത കേട്ട കടൽത്തീരത്തുള്ളവരൊക്കെ കൂട്ടംകൂട്ടമായി വരാൻ തുടങ്ങി. കുടിലിനകത്തും പുറത്തും ആളുകളാണു്. ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ കൂട്ടുകയാണു്. തറയിലെ കാരണവന്മാർ വട്ടമിട്ടിരുന്നു മുറുക്കിത്തുപ്പുന്നു. ചെറുപ്പക്കാർ അടക്കിപ്പിടിച്ച സ്വരത്തിൽ അതുമിതും പറഞ്ഞു് അങ്ങട്ടുമിങ്ങട്ടും ധൃതിവെച്ചു് ഓടുന്നു. മരിച്ചവർക്കുവേണ്ടിയുള്ള ഈ ബഹളം എന്തിനെന്നു മനസ്സിലാവാതെ പൊക്കൻ, മുറ്റത്തു് ഒരു കോണിൽ ഒറ്റപ്പെട്ടിരിക്കുകയാണു്. സഹതാപക്കരച്ചിലിനെത്തുന്ന പെണ്ണുങ്ങളെ അടിച്ചോടിക്കണമെന്നു് അവനു പലതവണ തോന്നി. അവന്റെ അമ്മയ്ക്കു് അവർ ഒരു പൊറുതി കൊടുക്കുന്നില്ല.

പൊക്കന്റെ കണ്ണിൽ മരണം ഒരു തെറ്റുതിരുത്തലാണു്. ആവശ്യമില്ലെന്നു തോന്നുന്നതു് എടുത്തുമാറ്റലാണു്. രോഗികളും കിഴവന്മാരും സമുദായത്തിനു് ഉപകാരമില്ലാത്തവരാണെന്നുവന്നാൽ മരണം അവരെ മാറ്റി നിർത്തുന്നു. പടയ്ക്കു പോയാലും അതുന്നെയാണു് ഫലം. ഭീരുക്കളെയും ശക്തിയില്ലാത്തവരെയും എതിരാളികൾ കൊല്ലുന്നു. ഉടഞ്ഞ മൺകലം, കീറപ്പായ ഇതൊക്കെ അമ്മ വലിച്ചെറിയാറുണ്ടു്. അപ്പോഴൊന്നും എന്തുകൊണ്ടു് അമ്മ കരയുന്നില്ല? അയൽപക്കത്തെ പെണ്ണുങ്ങൾ വന്നു് ആ വലിച്ചെറിയുന്ന വസ്തുക്കളുടെ പേരും പറഞ്ഞു് എന്തുകൊണ്ടു് കരയുന്നില്ല? ഇതെല്ലാം മണ്ടത്തരമാണു്. താൻ പെണ്ണുകെട്ടി, തനിക്കു കുട്ടികളും കുടുംബവുമുണ്ടാകുമ്പോൾ ആദ്യം ചെയുന്ന കാര്യം ഇതായിരിക്കും: മരണത്തെക്കുറിച്ചു നല്ലപോലെ അവരെ പഠിപ്പിക്കുക. ഇല്ലെങ്കിൽ ഗതികെട്ടുപോകും. ആലോചനയില്ലാത്തതുകൊണ്ടാണു് ഇങ്ങനെ കരയുന്നതു്. ഇവരൊക്കെ എന്തുകൊണ്ടു് ആലോചിക്കുന്നില്ല?

വെയിലും മഴയുമില്ലാതെ മൂടിക്കെട്ടിയ ദിവസം. മയക്കുമരുന്നു കൊടുത്തു് ഉറക്കിയ ഉന്മാദിനിയെപ്പോലെ അറബിക്കടൽ അടങ്ങിക്കിടക്കുകയാണു്. പുറംകടലിൽ വെള്ളപ്പായ നിവർത്തിയ മീൻതോണികൾ ചക്രവാളത്തിനു തോരണം തൂക്കിക്കൊണ്ടു പതുക്കെ നീങ്ങുന്നു. ഈ തഞ്ചത്തിനു തോണിയിറക്കിയാൽ ചെമ്മീൻകുലപ്പുകൾ കണ്ടെത്തും!

പൊക്കന്റെ ശ്രദ്ധ പിന്നെയും കുടിലിനകത്തേക്കു തിരിഞ്ഞു. അമ്മ അപ്പോഴും ഇടനെഞ്ചു പൊട്ടി കരയുകയാണു്.

“എന്റെ പൊന്നച്ചോ… ഞാനെങ്ങനെ സഹിക്കും അച്ഛോ…”

തെക്കെ മുറ്റത്തെ പൂഴിയിൽ എന്തൊക്കെയോ വരച്ചും മായ്ച്ചും ചിന്താമഗ്നനായിരിക്കുന്ന പൈതൽ സ്വയം പറഞ്ഞു;

“ഇല്ല, അവൾക്കു സഹിക്കില്ല; അമ്പാടിമരയ്ക്കാന്നു് എല്ലാമുണ്ടായതും എല്ലാം പോയതും അവളെച്ചൊല്ലിയാണു്.”

പത്തമ്പതുകൊല്ലത്തിനപ്പുറമുള്ള കാര്യം തലേന്നാൾ സംഭവിച്ചതുപോലെ കൺമുമ്പിൽ തെളിഞ്ഞുവരുന്നു. പൈതൽ അന്നു കുട്ടിയാണു്. അമ്പാടിമരയ്ക്കാൻ എന്തിനും പോരുന്ന വാല്യക്കാരൻ. ആരെയും വിലവെയ്ക്കില്ല. ആർക്കും തല മടക്കില്ല. പറഞ്ഞുതെറ്റിയാൽ ആരുടെ നേർക്കും കേറി ഇടിക്കും. ആ ഇടികൊണ്ടാൽ കൊണ്ടവൻ അതുമതി, ആയുഷ്കാലം മുഴുവനും. ഇരുമ്പുലക്കപോലത്തെ കൈകളായിരുന്നു കരിങ്കൽഭിത്തിപോലെ വിരിഞ്ഞ മാറിടം, ഇടുങ്ങിയ അരക്കെട്ടു്, മാംസപേശികൾ ഉരുണ്ടുകൂടി നിൽക്കുന്ന കണങ്കാൽ. തോളത്തു വലയും തലയിൽ ചെറിയ തൊപ്പികക്കുടയുമായി അമ്പാടിമരയ്ക്കാൻ കടൽത്തിരകളുടെ നേർക്കു നടന്നുപോകുന്നതു കണ്ടാൽ പോരിന്നു പോകുന്ന പടയാളിയെന്നേ തോന്നൂ. മനുഷ്യരെയെന്നപോലെ കടൽത്തിരകളെയും ആ മല്ലൻ കൈയുക്കുകൊണ്ടു കീഴടക്കി.

ഒരു ദിവസം പന്തലായിനിക്കടപ്പുറത്തുനിന്നു് ഒരു പെണ്ണിനെ ബലാൽക്കാരമായി പിടിച്ചുകൊണ്ടുവന്നു. അതായിരുന്നു വിവാഹം. പകരംചോദിക്കാൻ വന്ന പെണ്ണുവീട്ടുകാരെ സംഘക്കാരോടൊപ്പം അടിച്ചോടിച്ചു. ഒറ്റയ്ക്കു് അവരാരും പിന്നെ ഇങ്ങോട്ടു് തിരിഞ്ഞില്ല. എങ്ങനെ തിരിയും?

ഏഴരവെളുപ്പിനു് കടലിൽ പോവും. വൈകീട്ടു തിരിച്ചുവരും; വരാത്ത ദിവസങ്ങളുമുണ്ടു്. കടലിൽ നിന്നു തിരിച്ചുവന്നാൽ ആദ്യം കിട്ടേണ്ടതു് കള്ളാണു്. നല്ല എരുവുള്ള വല്ല കറിയും കൂട്ടി കള്ളുകുടിക്കാൻ തുടങ്ങും. ബോധംകെട്ടു വീഴുന്നതുവരെ കുടിക്കും. പിന്നെ തലപൊക്കാറായാൽ പതുക്കെ എഴുന്നേൽക്കും. വേച്ചുവേച്ചു നടക്കും. ആദ്യം കണ്ണിന്റെ മുമ്പിൽ കാണുന്നതാരെയായാലും തല്ലും. ദിനചര്യ ഇതിൽ കൂടുകയോ കുറയുകയോ പതിവില്ല.

ദമയന്തി പിറന്നതിൽപ്പിന്നെയാണു് സ്വഭാവത്തിൽ ഒരയവുവന്നതു്. കുടിക്കും; പക്ഷേ ആവശ്യത്തിനുമാത്രം. മറ്റുള്ളവരുടെ നേർക്കു കയ്യേറ്റത്തിനു പോവാറില്ല. ജോലി കഴിഞ്ഞുള്ള നേരമത്രയും മകളെ കളിപ്പിച്ചുകൊണ്ടു് കുടിലിലിരിക്കും. സ്നേഹിക്കാൻ പഠിക്കുകയാണു്. സ്നേഹം കൊള്ളാവുന്നതാണെന്നു തോന്നിത്തുടങ്ങി. മകളുടെ കാര്യത്തിൽ വലിയ ശ്രദ്ധയാണു്. അരയിൽ വെള്ളിയരഞ്ഞാണും കാലിൽ തരിവളയുമിട്ടു്, മകളെ പിച്ചനടത്തിക്കും. നടക്കാറായിട്ടില്ല. കഷ്ടിച്ചു കഴുത്തുറച്ചിട്ടേയുള്ളു. തപ്പിപ്പിടിച്ചു പായിലിരിക്കും. വലിയൊരു ശബ്ദം കേട്ടാൽ മറിഞ്ഞുവീഴും. ആ പ്രായത്തിലാണു് അച്ഛൻ മകളെ നടത്തം പഠിപ്പിക്കുന്നതു്. നടന്നു കാണാനല്ല, നടക്കുമ്പോൾ കാലിലുള്ള തരിവള കുലുങ്ങിക്കേൾക്കാൻ.

“ന്റെ അച്ഛോ… അച്ഛനെന്തെല്ലാം സകിച്ചച്ഛോ…”

ദമയന്തി കഴിഞ്ഞതോരോന്നും വിളിച്ചുപറഞ്ഞു കരയുകയാണു്. പൈതൽ മരയ്ക്കാൻ വിചാരിച്ചു, അവൾ കരയട്ടെ; ഈ ദുഃഖം കരഞ്ഞുതന്നെ തീരണം. ജീവിതത്തിലെ സർവസ്വവും ഒരേയൊരു മകളിലേക്കു തിരിച്ചുവിട്ട അച്ഛനാണവിടെ വിറങ്ങലിച്ചു കിടക്കുന്നതു്…

മകൾ വലുതാവുമ്പോൾ ആവശ്യങ്ങൾ വർദ്ധിക്കുമെന്നു് അമ്പാടി മരയ്ക്കാൻ മനസ്സിലാക്കി. ഇനി അതുവരെ അദ്ധ്വാനിച്ചതുപോലെ പോരാ. അങ്ങനെ ചെലവാക്കിയാലും പറ്റില്ല… എല്ലാറ്റിനും ഒരു നിയന്ത്രണം വേണം; കള്ളുകുടിക്കും. തന്റെ വീടു്, ജോലി, മകൾ ഇതല്ലാതെ മറ്റൊരു വിചാരമില്ല. കിണഞ്ഞദ്ധ്വാനിച്ചു.

അവൾ വലുതാവുകയാണു്. തരിവള മാറ്റിപ്പണിയേണ്ടിവന്നു. കാതിലും കഴുത്തിലും ആഭരണങ്ങൾ വേണം. കൊടുക്കുന്നതു വാങ്ങുന്ന സമ്പ്രദായം മാറി. വേണ്ടുന്നതാവശ്യപ്പെടാൻ തുടങ്ങി. എന്തൊരാനന്ദം! അവളുടെ അമ്മയ്ക്കു തന്നോടു പറയാൻ തന്റേടം വരാത്ത കാര്യങ്ങൾ അവൾ വിളിച്ചുപറയുന്നു. കൽപ്പിക്കുന്നു; പിണങ്ങുന്നു; വാശിപിടിക്കുന്നു; ചിലപ്പോൾ ശുണ്ഠിയെടുക്കുന്നു. നല്ലതു്! മകളുടെ എല്ലാ ചേഷ്ടകളും തന്നെ സന്തോഷിപ്പിക്കുകയാണു്.

അങ്ങനെയങ്ങനെ കഴിയുമ്പോഴാണു് അമ്പാടിമരയ്ക്കാൻ പെട്ടെന്നൊരു പണക്കാരനാവുന്നതു്. ജനങ്ങൾ പലതും പറഞ്ഞു. ആരെയോ കൊന്നു് അവരുടെ മുതൽ കൈക്കലാക്കിയതാണെന്നുവരെ അഭിപ്രായം പൊങ്ങിവന്നു. വെള്ളപ്പൊക്കത്തിൽ ആമാട നിറച്ചൊരു പെട്ടി കടപ്പുറത്തടിഞ്ഞതു കിട്ടിയെന്നാണു് പലരുടെയും പ്രബലമായ വിശ്വാസം.

ജനങ്ങൾ എന്തുതന്നെ പറഞ്ഞാലും ഒരു കാര്യത്തിൽ സംശയമില്ല. അമ്പാടി മരയ്ക്കാൻ പണക്കാരനായിരിക്കുന്നു. ദമയന്തിയുടെ നക്ഷത്രം ഒന്നാന്തരമാണു്, പഴയ കുടിൽ പൊളിച്ചുനീക്കി. അവിടെ നറുക്കോടു മേഞ്ഞ ഒരു മാളിക പൊന്തിവന്നു. ഓടങ്ങളും വഞ്ചികളും പണിതീർത്തു. പുതിയ വലകളുമുണ്ടായി. ജോലിക്കു പോകേണ്ട കാര്യമില്ല. ഓടവും വലയും കൂലിക്കു കൊടുത്താൽ തന്നെ ധാരാളം വരുമാനമുണ്ടാവും. എത്ര വേഗത്തിലാണു് മനുഷ്യർ നന്നാവുന്നതു്! എല്ലാം മകളുടെ ഭാഗ്യവും അവളുടെ ജനനസമയത്തിന്റെ ഗുണവുമാണെന്നു് ആ അച്ഛൻ വിശ്വസിച്ചു. എല്ലാം അവളുടേതാണെന്നു് ഒരു ദിവസം പുലർന്നാൽ പലവട്ടം അവളുടെ മുമ്പിൽവെച്ചയാൾ പറയും.

അവൾ ഭാഗ്യദേവതയാണു്. ആരും അവളോടൊരു കറുത്ത വാക്കു പറയില്ല. എന്താഗ്രഹിച്ചാലും അവൾക്കു കിട്ടും. കാണെക്കാണെ അവൾ വലുതായി. കല്യാണം വേണം. പറ്റിയൊരു ചെക്കനെ കാണണം. തന്റെ നിലയ്ക്കും വിലയ്ക്കും പറ്റിയതാവണം. വളയക്കടപ്പുറത്തങ്ങോളമിങ്ങോളും അന്വേഷിച്ചാലൊരുത്തനെ കിട്ടില്ല. കോടിക്കലോ കൊല്ലത്തോ പന്തലായിനിയോ അന്വേഷിക്കണം. കാണും… കാണാതിരിക്കില്ല. കടപ്പുറത്തു നിറച്ചും പന്തലിടണം. അടക്കിക്ഷണിക്കണം. മികച്ച കോൽക്കളിക്കാരെ വരുത്തണം. പട്ടം കെട്ടിയ ആന വേണം. അത്ര വലിയൊരാഘോഷം ആ കടപ്പുറത്തുള്ളവർ കണ്ടിട്ടുണ്ടാവരുതു്.

വിവാഹപ്രായം ചെന്നിട്ടും മകളെ തന്റെ മടിയിലിരുത്തി ഒന്നു തൊട്ടുഴിഞ്ഞു മൂർദ്ധാവിൽ ചുംബിക്കാതെ ആ അച്ഛനു് ഉറക്കം വരില്ല. ഉണ്ണുമ്പോൾ തന്റെ കൂടെ അവളിരുന്നു് ഒരേ പാത്രത്തിൽ നിന്നു് വാരിക്കഴിക്കണം.

“മോളേ, ച്ചിരൂടി വാരിത്തിന്നു്.” അച്ഛൻ അവളെ വാത്സല്യത്തോടെ ശാസിക്കും.

“ദേ, നീ മെലിഞ്ഞുപോകും…”

“എന്റെ അച്ഛനെന്തൊക്കെ സകിച്ചച്ചോ… ഇനിയെന്റച്ചനെന്നെ മോളേന്നു ബിളിക്കൂലല്ലോ…”

ദമയന്തി അച്ഛന്റെ ശവം കെട്ടിപ്പിടിച്ചു കരളുരുകിക്കരയുകയാണു്. ഒരു ജീവിതത്തിലെ മുഴുവൻ കാര്യവും അവൾക്കു പറഞ്ഞു കരയാനുണ്ടു്.

അവൾ കരയട്ടെ; പൈതൽമരയ്ക്കാൻ സ്വയം സമാധാനിച്ചു. കരഞ്ഞല്ലാതെ അവൾക്കു സമാധാനം കിട്ടില്ല.

ദമയന്തിയെ ആദ്യമായി കണ്ടുമുട്ടിയ ദിവസം ഏതെന്നു് അവൻ ഓർത്തു. തുലാമാസത്തിലെ അമാവാസിനാളിലാണു്. ഗുരുപുണ്യകാവുകുന്നിനു മുമ്പിൽ പിതൃക്കൾക്കു ബലി നൽകി സമുദ്രസ്നാനം കഴിക്കാൻ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടീട്ടുണ്ടു്. പിതൃകർമ്മത്തിനു പ്രസിദ്ധപ്പെട്ട സ്ഥലമാണതു്. ജനക്കൂട്ടത്തെ കാണാനും നേരമ്പോക്കിനുമായി അന്നു പൈതലും അവിടെ എത്തിച്ചേർന്നു. സമുദ്രത്തിൽമുങ്ങി, ഈറനോടെ, കരയ്ക്കുകേറി കറുകയും ഉണക്കലരിയും എള്ളും പിതൃക്കളെ സങ്കല്പിച്ചു ബലി നൽകി. പാഞ്ഞുകുന്നുകയറി. കുന്നിൻപുറത്തുള്ള തീർത്ഥത്തിൽ മുങ്ങി, ഗുരുപുണ്യകാവുദുർഗയെ തൊഴുതു്, പ്രസാദം വാങ്ങി, ജനങ്ങൾ വരിവരിയായി നീങ്ങിക്കൊണ്ടിരിക്കുന്നു.

കളിക്കോപ്പുകളും കൗതുകവസ്തുക്കളും വിൽക്കുന്നവർ ധാരാളമുണ്ടു്. ജനങ്ങളെ ആകർഷിക്കാൻ വേണ്ടി വ്യാപാരികളുണ്ടാക്കുന്ന പലവിധ ശബ്ദംകൊണ്ടു കടൽത്തീരം മുഖരിതമാണു്. കുന്നിന്റെ അടിവാരത്തു് ഉയർന്ന പാറപ്പുറത്തു് അസാധാരണമായ നിലയിൽ ആളുകൾ കൂടിനിൽക്കുന്നതുകണ്ടു് പൈതലങ്ങോട്ടു നടന്നു. ഒരു മാപ്പിള കൗതുകവസ്തുക്കൾ വിൽക്കുകയാണു്. പറങ്കികളുടെ നാട്ടിൽ നിന്നു പുത്തനായി വന്ന വിചിത്രവസ്തുക്കൾ പലതുമുണ്ടു്. അവൻ ജനങ്ങളെ തിക്കിത്തിരക്കി അതിനകത്തേക്കു കഴുത്തിട്ടു നോക്കി.

അമ്പാടിമരയ്ക്കാൻ മകൾക്കു കൗതുകവസ്തുക്കൾ വാങ്ങുകയാണു്. ദമയന്തി തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിനിടയിൽ അച്ഛന്റെ കൈയും പിടിച്ചു് ഒതുങ്ങിനിന്നു. വാസനദ്രവ്യങ്ങൾ, കുപ്പിവളകൾ… അങ്ങനെ പലതും അവൾക്കുവേണം. ഒന്നേ അവൻ നോക്കിയുള്ളു. ഉള്ളിലൊരു കോളിളക്കം. പിന്നെയും പിന്നെയും നോക്കാനൊരു പ്രേരണ. അമ്പാടിമരയ്ക്കാന്റെ മകളെ അങ്ങനെ നോക്കരുതെന്നു് അവനറിയാം; നോക്കീട്ടുകാര്യമില്ലെന്നും. എന്നിട്ടും അവൻ നോക്കി; പലവട്ടം. ആ പ്രായത്തിനിങ്ങനെയൊരു കുഴപ്പമുണ്ടു്. കഴുത്തുപോകുമെന്നു വന്നാലും നല്ല പെൺകുട്ടികളെക്കണ്ടാൽ നോക്കിപ്പോകും. അവൾ ഇങ്ങോട്ടു നോക്കിയോ? ഉണ്ടാവണം. ഇല്ലെങ്കിൽ അവളുടെ കവിളത്തൊരു തുടുപ്പും മേൽച്ചുണ്ടിനു കീഴിൽ വെള്ളിക്കമ്പിയോളം വർണത്തിലൊരു മന്ദഹാസവും മുഖത്താകപ്പാടെ അൽപ്പം ലജ്ജയും പരക്കാനെന്തു കാരണം?

ആ നോട്ടം അനാവശ്യമായിരുന്നെന്നു ജീവിതത്തിൽ പിന്നീടു പലപ്പോഴും പൈതലിനു തോന്നീട്ടുണ്ടു്. വളയക്കടപ്പുറത്തെ, ഓരോ തരിപ്പൂഴിയും അവനോടതിനു പകരം ചോദിക്കാൻ പുറപ്പെട്ടിട്ടുണ്ടു്. പക്ഷേ, ഒരു പ്രയോജനവുമുണ്ടായില്ല. ജീവിതത്തിലെ ഏറ്റവും ശക്തിമത്തായൊരു വികാരത്തിന്റെ പ്രകടനമായിരുന്നു അതു്. വെള്ളപ്പൊക്കത്തെയും കടലാക്രമണത്തെയും തടുത്തുനിർത്താം. ആ വികാരത്തെ തടുത്തുനിർത്താൻ പറ്റിയ ആയുധമില്ല; ശക്തിയില്ല. പൈതൽ കീഴടങ്ങി. അവന്റെ നോട്ടം ഒരേട്ടച്ചൂണ്ടലായിരുന്നു. അതിന്റെ തലപ്പത്തു പൂമീനാണു് കുടുങ്ങിയതു്. വലിച്ചു കരയ്ക്കെത്തിക്കണം. കോളുകൊണ്ട കടലാണു്. ചൂണ്ടലിൽ കെട്ടിയ പനങ്കണ്ണി ദുർബ്ബലമാണു്. എങ്കിലും പിടിച്ചു വലിക്കാൻ തന്നെ തീരുമാനിച്ചു. ആദ്യത്തെ വലിക്കുതന്നെ വലിയൊരു കുലുക്കം സംഭവിച്ചു. അമ്പാടിമരയ്ക്കാന്റെ മാളികവീട്ടിന്റെ നറുക്കോട്ടകൾ ഇളകി വിറച്ചു.

“നിന്നെ ഞാൻ കൊല്ലും” മകളോടച്ഛൻ.

“ഞാൻ മരിക്കും!” അച്ഛനോടു മകൾ.

കൊല്ലാനും മരിക്കാനുമുള്ള നേരം വരുന്നതിനു മുമ്പേ ദമയന്തി അച്ഛന്റെ പിടിയിൽ നിന്നോടി രക്ഷപ്പെട്ടു. ആ വലിയ ഓടുമേഞ്ഞ മാളികയും കണക്കില്ലാത്ത സ്വത്തും കൈവിട്ടു പൈതലിന്റെ കുടിലിൽ അഭയംപ്രാപിച്ചു…

“എന്റച്ഛനെനിക്കുവേണ്ടി എന്തൊക്കെ സഹിച്ചോ!” ശവത്തിന്റെ മുഖം പിടിച്ചു വല്ലതുമൊന്നു് സംസാരിക്കണേ എന്നപേക്ഷിച്ചു ദമയന്തി വാവിട്ടുകരഞ്ഞു.

അവൾ കരയട്ടെ; അവളുടെ ദുഖം കരഞ്ഞുതന്നെ തീരണമെന്നു പൈതൽമരയ്ക്കാൻ സമാധാനിച്ചു…

അമ്പാടിമരയ്ക്കാന്റെ കോപം എല്ലാറ്റിനെയും ചുട്ടുചാമ്പലാക്കും. ഇടിത്തീപോലെ എപ്പോഴെന്നില്ലാതെ അതു തലയിലറ്റുവീഴും. ഇനി പേടിച്ചിട്ടു കാര്യമില്ല. ഉറച്ചുനിന്നു. ദമയന്തി അടുത്തുള്ളപ്പോൾ വിവരിക്കാൻ വയ്യാത്തൊരു തന്റേടം. മരിക്കാൻതന്നെ ഒരുങ്ങിപ്പിടിച്ചു നിന്നു.

“സാരമില്ല. മരിക്കുമ്പം രണ്ടാക്കും ഒപ്പം മരിക്കാം.” അവൾ ആശ്വസിച്ചു. ഇത്തരം പരീക്ഷങ്ങളെ നേരിടുമ്പോൾ ഉറച്ചുനിൽക്കാനുള്ള കഴിവു പെണ്ണുങ്ങൾക്കാണോ കുടുതൽ?

പലതും പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല. ഉരുകിത്തണുത്ത ഒരഗ്നിപർവ്വതംപോലെ അമ്പാടിമരയ്ക്കാർ തരിച്ചിരുന്നു. കള്ളുവേണം, പാത്രക്കണക്കിൽ. തീരുംതോറും അതാവശ്യപ്പെട്ടു കൊണ്ടിരുന്നു. ആർക്കും മറുത്തുപറയാൻ ധൈര്യമുണ്ടായില്ല. കള്ളിൽ മുങ്ങി എല്ലാം മറക്കാനുള്ള ശ്രമമാണു്.

ഒരു രാത്രി കെട്ടിയോൾ മരിച്ചു. തല്ലിക്കൊന്നതാണെന്നു പറഞ്ഞവരുണ്ടു്. ഇരിയ്ക്കപ്പൊറുതിയില്ലാതെ കെട്ടിഞാന്നു മരിച്ചതാണെന്നും അഭിപ്രായമുണ്ടു്. മകളെ അറിയിക്കാതെ ശവസംസ്കാരം നടത്തി. എങ്ങും പോകാതെ ഒരേ ഇരിപ്പിലിരുന്നു കള്ളു കുടിച്ചു. ഓടവും വലയും ഓരോന്നായി വിറ്റു. വീടു വിറ്റു. കടപ്പുറത്തെ പൂഴിമണ്ണിൽ ഒരു കുടിൽ കുത്തിമറച്ചു് അതിലേക്കു താമസം മാറ്റി… പിന്നെയും കുടിച്ചു. ചുറ്റുപാടുകൾ മറന്നു്, തന്നെത്താൻ മറന്നു്, കള്ളിന്റെ ലഹരിയിൽ മാത്രം ജീവിച്ചു…

ഒരു ദിവസം അയൽക്കാർ പറഞ്ഞാണു് പൈതൽമരയ്ക്കാൻ അറിഞ്ഞതു് അമ്പാടിമരയ്ക്കാൻ കുടിലിൽ ബോധംകെട്ടു കിടക്കുന്നെന്നു്; വിളിച്ചിട്ടു മിണ്ടുന്നില്ലെന്നു്. ദമയന്തി അതു കേട്ടു പൊട്ടിക്കരഞ്ഞു. അച്ചനെ കാണണമെന്നു ശഠിച്ചു. അങ്ങനെയാണു് ആ പക്ഷവാതരോഗിയെ തന്റെ കുടിലിലേക്കു കൊണ്ടുവന്നതു്. ഇരുപതു നീണ്ട സംവത്സരത്തിനുശേഷം മകൾ അച്ചനെ കണ്ടു. ചെയ്തുപോയ പാപത്തിനു പ്രായശ്ചിത്തമെന്ന നിലയിൽ മകൾ അച്ഛനെ നിരന്തരം ശുശ്രൂഷിച്ചു. അവയവങ്ങൾ പ്രവർത്തനക്ഷമമല്ലാത്തതുകൊണ്ടാണു് അമ്പാടിമരയ്ക്കാൻ പ്രതിഷേധിച്ചു് എഴുന്നേറ്റുപോകാത്തതെന്നു പലരും പറഞ്ഞു. നാട്ടുകാരെന്തെങ്കിലും പറയട്ടെ. അവർക്കു പറഞ്ഞുകൂടാത്തതില്ല. രാവും പകലും ഒരുപോലെ മകൾ അച്ഛനെ ശുശ്രൂഷിച്ചു.

അകത്തെ നിലവിളി രൂക്ഷമാവുകയാണു്. സംസ്കാരത്തിനു വേണ്ടി ശവം പുറത്തേക്കെടുക്കുകയാവും. പൈതൽമരയ്ക്കാൻ എഴുന്നേറ്റു് ആൾക്കൂട്ടത്തിലേക്കു ചെന്നു.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.