images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
ഒന്നു്

തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ചാട്ടവാർ ചീറ്റം മുഴങ്ങുന്നആകാശം, കറുത്ത ചെമ്മരിയാട്ടിൻപറ്റം പോലെ മഴമേഘങ്ങൾ മേയാനിറങ്ങിയ കിഴക്കൻമല, പടക്കുതിരകൾ പോലെ അലമാലകൾ ഇരച്ചുകയറുന്ന അറബിക്കടൽ. മഴക്കാലത്തിന്റെ വിളയാട്ടമായിരുന്നു മലനാട്ടിൽ.

കുടിലിന്റെ മോന്തായത്തിലും ഓലമറയിലും മഴത്തുള്ളികൾ വീഴുന്ന ശബ്ദം. കാറ്റിന്റെ ഗതിയ്ക്കനുസരിച്ചു് ആ ശബ്ദം ഏറിയും കുറഞ്ഞും വരുന്നുണ്ടു്. അധികനേരം അതു് കേട്ടുകൊണ്ടു് കിടക്കാൻ കഴിഞ്ഞില്ല. പൊക്കൻ എഴുന്നേറ്റു് നേരം പുലർന്നിട്ടധികമായോ? കുടിയിൽ മറ്റാരെങ്കിലും ഉണർന്നിട്ടുണ്ടോ? വല്ല ശബ്ദവും കേൾക്കുന്നുണ്ടോ? ഒന്നും വ്യക്തമല്ല. കടലിരമ്പം മാത്രമാണു് കാതുകളിൽ മുഴങ്ങുന്നതു്

പുറത്തല്ലാതെ, അകത്തു് തണുപ്പില്ല. സിരകളിൽ നല്ല ചുടുള്ള രക്തമാണോടുന്നതു്. വിചാരത്തിനു് ഉന്മേഷത്തിന്റെ ചിറകു് മുളയ്ക്കുകയാണു്. കടലൊന്നു കാണണം; ആർത്തിരമ്പുന്ന അറബിക്കടൽ. തിരമാലകൾകൊണ്ടു് ആകാശത്തെ കെട്ടിപ്പുണർന്നു് ആകാശത്തിന്റെയും കടലിന്റെയും അതിർത്തിരേഖകൾ തുടച്ചുമായ്ച്ചു് നൃത്തം ചവിട്ടുന്ന അറബിക്കടൽ.

വാതിൽ തുറന്നപ്പോൾ തണുപ്പുകാറ്റു് അകത്തേക്കു് തിക്കിക്കയറി. മഴത്തുള്ളികൾ, ഈച്ചകൾ പോലെ മുഖത്തു പറ്റിവീണു. പുറത്തു് ഒന്നും വ്യക്തമല്ല. മഴ ധാരമുറിയാതെ വീഴുകയാണു്. വെള്ളിക്കമ്പികൊണ്ടുണ്ടാക്കിയ ഒരു കൂടിനകത്താണു് പ്രപഞ്ചം. ആ കമ്പികൾക്കിടയിലൂടെ നോക്കിയാൽ, വെളുത്ത പുകപോലെ, എങ്ങും നീരാവി പൊതിഞ്ഞു നിൽക്കുന്നതു കാണാം. എവിടെ കടൽ? എവിടെ ആകാശം? ആ അവ്യക്തതയിലേക്കു് ഊളിയിട്ടു് ചെല്ലണം. മനസ്സു് പീലിവിടർത്തിയാടി. ചെവി വട്ടം പിടിച്ചു. ആ ഇരമ്പമുണ്ടല്ലോ, ഇരമ്പം. അതുതന്നെ വിളിക്കുന്ന ശബ്ദമാണു്. തലമുറകളായി തന്റെ അപ്പന്മാർക്കും അപ്പൂപ്പന്മാർക്കും ജീവിതം നൽകിയ കടലിന്റെ ശബ്ദമാണതു്.

മീൻപിടുത്തക്കാരുടെ ഉപ്പും ചോറും ഉടുവസ്ത്രവും ആ കടലിലാണു്.

പൊക്കൻ തല പുറത്തേക്കു് നീട്ടി. എന്തു സുഖകരമായ തണുപ്പു്! നീരാവി തിങ്ങിനിറഞ്ഞ കടൽക്കാറ്റു് വലിച്ചു വലിച്ചു കുടിക്കാൻ തോന്നും. മുഖത്തു് പാറി വീഴുന്ന നേർത്ത മഴത്തുള്ളികൾ ആവേശത്തിന്റെ വേരുകൾക്കു് വെള്ളമൊഴിക്കുകയാണു്.

“മോനേ…” പുറകിൽ നിന്നു വാത്സല്യത്തിന്റെ ശബ്ദമുയർന്നു. “ഈ അമ്മ എന്നുമിങ്ങിനെയാണു്.” പൊക്കൻ പിറുപിറുത്തു: “ഇന്നും ഞാനൊരു മുലകുടിക്കുന്ന കുട്ടിയെന്നാ വിചാരം. എനിക്കു പതിനെട്ടായി വയസ്സു്.” കുടിലിന്റെ മുളങ്കാലിൽ അമർത്തിപ്പിടിച്ച വലത്തുകയ്യിന്റെ മാംസപേശികളിലേക്കു് അവൻ നോക്കി. അതു് ഉരുണ്ടു കൂടി ഇരുമ്പുണ്ടപോലെ നിൽക്കുന്നു. ഇടത്തുകയ്യിന്റെ ചൂണ്ടുവിരൽകൊണ്ടു് ആ മാംസപേശിയിലവൻ കുത്തിനോക്കി. അനങ്ങുന്നില്ല. എന്തൊരുറപ്പു് നട്ടെല്ലു് പുറകോട്ടൽപ്പം ഞെളിച്ചു് ശ്വാസമടക്കിപ്പിടിച്ചു നെഞ്ചൊന്നു വീർപ്പിച്ചപ്പോൾ അതു് ഒരുരുക്കുകോട്ട തന്നെ. ഒരു കൊലയാന വന്നു് പുറകോട്ടു തള്ളട്ടെ. ഇളകില്ല. കഴിഞ്ഞ എട്ടു കൊല്ലമായി അവൻ മുടങ്ങാതെ കച്ച കെട്ടി കളരിയഭ്യസിച്ചിട്ടുണ്ടു്. ആ കടപ്പുറത്തുള്ള മറ്റാരേക്കാളും വേഗത്തിൽ അവന്നു തോണി തുഴയാൻ കഴിയും. വാളും പരിചയും അമ്പും വില്ലും പ്രയോഗിക്കുന്നതിൽ അവൻ സമർത്ഥനാണു്. ആയുധമില്ലാതെ തന്നെ പത്തുപേരോടു നേരിടാനും പ്രയാസമില്ല.

“പൊക്കാ” പിന്നെയും മാതൃസ്നേഹം അവനെ പുറകോട്ടു വലിക്കുകയാണു്. തിരിച്ചു ചെന്നാൽ അമ്മയ്ക്കൊരു നൂറുകൂട്ടം പറയാനുണ്ടാവും. മഴയാണു്. കാറ്റാണു്. കടലിരമ്പമാണെന്നൊക്കെ പറഞ്ഞു് പുറത്തുപോകാനുള്ള അവന്റെ ആവേശത്തിനു് കടിഞ്ഞാണിടും. അതും പറ്റില്ല. അമ്മയ്ക്കു് വയസ്സായി. അതുകൊണ്ടു് അമ്മയുടെ അഭിപ്രായം ശരിയല്ല. ഇനിയും അമ്മ വിളിച്ചാൽ ആ ശബ്ദം കേട്ടു് അച്ഛൻ ഉണരും. അച്ഛൻ ഉണർന്നാൽ സംഗതികളപ്പടി മാറും.

“എടാ, ചെന്നു കിടക്കു്. ഈ തണുപ്പിനു് പുറത്തുപോണ്ട.” അച്ഛൻ എപ്പോഴും കല്പനയാണു്. അച്ഛനും അമ്മയും തമ്മിലുള്ള വ്യത്യാസമവിടെയാണു്. അച്ഛൻ കൽപ്പിക്കും; അമ്മ അപേക്ഷിക്കും. എല്ലാ അച്ഛനമ്മമാരും ഇങ്ങനെയാണോ?

കുഴപ്പത്തിനൊന്നും വയ്യാ. ഇനിയത്തെ തവണ അമ്മ വിളിയ്ക്കുമ്പോൾ കടൽത്തീരത്തെത്തണം. പൊക്കൻ കുടിലിൽനിന്നു് പുറത്തു കടന്നു. നനഞ്ഞ പൂഴിയിൽ കാലമർത്തിച്ചവുട്ടി നടന്നു. പൂഴിയിൽ മാളം കുഴിക്കുന്ന ഞണ്ടുകളെയോ അവയെ കൊത്തിത്തിന്നാൻ തഞ്ചം പാർത്തുനിൽക്കുന്ന കടൽകാക്കകളെയോ അവിടെയെങ്ങും കണ്ടില്ല. മഴ പെയ്യുന്നതുകൊണ്ടാവണം. അവ തലയുയർത്തി ആകാശത്തിലേക്കുനോക്കി. ആകാശത്തിന്റെ പിടിയിൽ നിന്നു് കുതറിച്ചാടിയ മഴത്തുള്ളികൾ ആഹ്ലാദത്തിമർപ്പോടുകൂടിയാണു് പാഞ്ഞെത്തുന്നതു്. വഴിക്കുവഴി അവ പൂഴിയിലേക്കു് തലകുത്തി വീഴുന്നു. തമ്മിൽത്തമ്മിൽ കെട്ടിപ്പിടിച്ചു കിടന്നുരുളുന്നു. ഐക്യത്തിന്റെ ശക്തി നേടി, പ്രതിബന്ധങ്ങളെ തട്ടിനീക്കി മുമ്പോട്ടു നീങ്ങുന്നു.

വിത്തുകൾ മുളച്ചുണ്ടാവുന്നതും മരങ്ങൾ തളിർക്കുന്നതും പൂക്കുന്നതും കടൽ വറ്റിപ്പോകാതെ നിലനിൽക്കുന്നതും ഈ മഴകൊണ്ടാണു്. ഭൂമിക്കു് വേണ്ടി മഴ പെയ്യിക്കുന്ന ഈശ്വരനു് അവൻ നന്ദി പറഞ്ഞു. മഴ പെയ്യുന്ന ക്രമത്തെപ്പറ്റി അമ്മ പറഞ്ഞ കഥ അവനോർമിച്ചു. അതിലെ ചിത്രങ്ങളോരോന്നും അവന്റെ മുമ്പിൽ നിരന്നു:

“ഭൂമിക്കു മഴ വേണം.” ഈശ്വരൻ കൽപ്പിച്ചു: “അവിടെ കഠിനമായ വരൾച്ചയാണു്. മരങ്ങൾ തളിർത്തില്ലെങ്കിൽ, ധാന്യങ്ങൾ മുളച്ചു വളർന്നില്ലെങ്കിൽ, കടൽ നിറച്ചും മത്സ്യങ്ങൾ പുളച്ചു നടന്നില്ലെങ്കിൽ, ഭൂമിയിലുള്ള എന്റെ സന്തതികൾ നശിച്ചുപോകും.”

ഈശ്വരന്റെ അരുളപ്പാടു് ദേവേന്ദ്രൻ കേട്ടു. “കല്പനപോലെ” എന്നു് തലകുനിച്ചു് പുറപ്പെട്ടു. ഐരാവതത്തിനെ കൊണ്ടുവരാൻ ഭൃത്യന്മാർക്കു് കല്പന കൊടുത്തു. ഐരാവതമെത്തി. ഇന്ദ്രൻ ഐരാവതത്തിന്റെ പുറത്തുകയറി കാലും തുക്കിയിട്ടിരുന്നു. ഐരാവതം ആകാശത്തിലൂടെ നീങ്ങുകയാണു്. സൂര്യൻ ഓടിയൊളിച്ചു. എങ്ങും പ്രകാശം കുറഞ്ഞു. അടിവെച്ചടിവെച്ചു് പതുക്കെ നടക്കുമ്പോൾ ഐരാവതം ആകാശത്തേക്കാൾ വലുപ്പമുള്ള ചെവിയിട്ടിളക്കി. അതാ, പുറപ്പെടുന്നു കൊടുങ്കാറ്റു്! ചക്രവാളത്തിൽ നിന്നു് ചക്രവാളത്തിലേക്കു് ചീറിക്കൊണ്ടുപായുന്ന കൊടുങ്കാറ്റു്. ആകാശഗംഗയുടെ തീരത്തിലൂടെ അവൻ നടന്നു. അവിടത്തെ പൊൻതാമരപ്പൂക്കളിൽനിന്നു് വണ്ടുകളിളകി അവന്റെ ചുറ്റും പറന്നു. അവൻ കോപിച്ചലറി. അതാ മുഴങ്ങുന്നു പുത്തിടി. ദിഗന്തങ്ങൾ അതുകേട്ടു് വിറച്ചു. ദാഹം മാറാൻ തുമ്പിക്കൈ ആകാശഗംഗയിൽ മുക്കി വെള്ളമെടുത്തു് വായിലേക്കൊഴിച്ചു. തുമ്പിക്കൈ വീശിയെറിഞ്ഞു. തുമ്പിക്കൈയിൽ ശേഷിച്ച വെള്ളം താഴോട്ടു് ചിതറി. അതാ ഭൂമിയിലേക്കു് മഴ വരുന്നു! ഐരാവതം കണക്കിലേറെ വെള്ളം കുടിച്ചാൽ അത്തവണ ഭൂമിയിൽ പ്രളയമാണു്. “എന്റെ ദയയുള്ള ആനേ, നീ ഇനിയുമിനിയും കുടിക്കക്കേ!” പൊക്കൻ ഉള്ളിൽ തട്ടി പ്രാർത്ഥിച്ചു.”

നെറ്റിയിലും കണ്ണിലും ചുണ്ടിലും തണുത്ത മഴത്തുള്ളികൾ വീഴുന്നു. അപ്പോൾ ആകാശഗംഗയിലെ പുണ്യതീർത്ഥം പൊക്കനു് കൂടുതൽ പ്രിയതരമായി തോന്നി. ഭൂമിയുടെ ദാഹം തീരട്ടെ. കടൽ നിറഞ്ഞൊഴുകട്ടെ. മത്സ്യങ്ങൾ മുട്ടയിട്ടു് പെരുകട്ടെ. ആഹ്ലാദഭരിതനായി അവൻ മുമ്പോട്ടു കുതിച്ചു. കക്കകൾ അടിഞ്ഞുകൂടുന്ന പാറക്കെട്ടുകളിലൊന്നിൽ കയറിനിന്നു് കടലിലേക്കു് നോക്കി. ഇരമ്പിമറിയുന്ന കടലിനാണു് സൗന്ദര്യം. മിണ്ടാതെ, ഇളകാതെ, പക്ഷവാതരോഗിയായ തന്റെ മുത്തപ്പനെപ്പോലെ, എപ്പോഴും ആകാശം നോക്കി മിഴിച്ചു് കിടക്കുന്ന കടൽ ഒന്നിനും കൊള്ളില്ല.

അതാ, അങ്ങകലെ വെള്ള്യാൻകല്ലു് കാണുന്നു. പെരുമഴയ്ക്കും തിരമാലക്കും കീഴടങ്ങാതെ എന്നും വെള്ളത്തിനു് മേലെ കഴുത്തുയർത്തിനിൽക്കുന്ന വെള്ള്യാൻകല്ലു്! അതിന്റെ കഷണ്ടിത്തലയിൽ ചവിട്ടി നിന്നു് ചുറ്റുമുള്ള കടലൊന്നു് കാണാൻ എന്നു് കൊതിക്കുന്നതാണു്! അമ്മ സമ്മതിക്കില്ല. അച്ചൻ ശുണ്ഠിയെടുക്കും. അതാ, അതിനുചുറ്റും നൃത്തം വെക്കുന്ന തിരമാലകൾ തന്നെ മാടിവിളിക്കുന്നു. ഒന്നവിടെ എത്തിച്ചേർന്നെങ്കിൽ!

മനുഷ്യരെപ്പിടിച്ചു് ചോരകുടിക്കുന്ന യക്ഷികളെ അവനു് ഭയമില്ല. ഏഴ് കടലിനുമപ്പുറത്തുള്ള പവിഴക്കടലിൽ ആണ്ടുമുങ്ങി നക്ഷത്രങ്ങളെ പോലെ പ്രകാശിക്കുന്ന വൈരക്കല്ലുകൾ പെറുക്കിയെടുത്തു് തിരമാലകളിലൂടെ നീന്തിയെത്തുന്ന സർപ്പങ്ങൾ അവിടത്തെ മടകളിൽ കുടിപ്പാർപ്പുണ്ടെന്നു് അമ്മ പറഞ്ഞിട്ടുണ്ടു്. മനുഷ്യഗന്ധമേറ്റാൽ അവയുടെ പത്തി വിടരും. ചുടുള്ള വിഷക്കാറ്റുകൾ ഊതിക്കൊണ്ടിരിക്കും. കൈയിലൊരു പങ്കായത്തണ്ടുണ്ടെങ്കിൽ ഒന്നല്ല, ആയിരം സർപ്പങ്ങൾ ചീറ്റിക്കൊണ്ടുവരട്ടെ; അടിച്ചോടിച്ചുകളുയാം. ഏതു് നിലയിലെങ്കിലും ഒന്നവിടെ എത്തിച്ചേരാൻ കഴിഞ്ഞെങ്കിൽ!

തണ്ടു വലിച്ചും വല വീശിയും തളരുമ്പോൾ മീൻ പിടുത്തക്കാർക്കു് വിശ്രമിക്കാൻ പറ്റിയ സ്ഥലമാണതെന്നു് പൊക്കനു് തോന്നി. തന്റെ അച്ഛനും അതുപോലെ മറ്റുപലരും പുറം കടലിൽ വെച്ചു് അദ്ധ്വാനിച്ചു് തളരാറുണ്ടു്. എന്തു ചെയ്യും? യക്ഷികളും പാമ്പുകളും ആ സ്ഥലം കൈയടക്കിവെച്ചിരിക്കയല്ലേ? ഇതുവരെ അവിടം കൈയേറി കീഴടക്കാൻ കരുത്തുള്ളോരു മുക്കുവച്ചെക്കൻ പിറന്നില്ലെന്നോ? ഇന്നല്ലെങ്കിൽ നാളെ അക്കാര്യം താൻ സാധിക്കും.

ഓ! അപ്പോൾ വേറൊരു കുഴപ്പം കൂടിയുണ്ടല്ലോ; യക്ഷികളേക്കാൾ, പാമ്പിനേക്കാൾ, ക്രൂരതയുള്ള മറ്റൊരു വർഗം വെള്ള്യാൻകല്ലിലുള്ള കാര്യം അവൻ അപ്പോഴാണോർത്തതു്. കടൽക്കൊള്ളക്കാരായ പറങ്കികൾ അവിടം താവളമാക്കിയിരിക്കയാണത്രേ. കടലിൽ വെച്ചുള്ള ഏറ്റുമുലിൽ തടവുകാരാക്കിപ്പിടിക്കുന്നവരുടെ തല വെട്ടുന്നതു് ആ പാറപ്പുറത്തുവെച്ചാണു്. അവിടെ വെച്ചു് ആർക്കും എന്തും ചെയ്യാം. അത്രയ്ക്കു് വിജനമാണു്. ഈശ്വരനല്ലാതെ മറ്റാരും കാണില്ല. അവിടെ വലിയ പീരങ്കികൾ ഘടിപ്പിച്ചിട്ടുണ്ടെന്നാണു് വർത്തമാനം. അതുവഴി കടന്നുപോകുന്ന കപ്പലുകളെയും തോണികളെയും ഉന്നം വെച്ചു് പറങ്കികൾ വെടി വെക്കുന്നു. നേരാണോ?

കുട്ടിക്കാലം മുതൽ പറങ്കികൾ പൊക്കന്റെ ശത്രുക്കളാണു്. ചെറുപ്പത്തിൽ ശാഠ്യം പിടിച്ചുകരയുമ്പോൾ അമ്മ അവനെ പേടിപ്പെടുത്തുന്നതു് അവനോർത്തു.

“മോനേ, കരഞ്ഞാല് പറങ്കിൾ വന്ന് പിടിച്ചോണ്ടോവും… ന്റെ മോൻ മിണ്ടാതെ കിടന്നോ… കടല് നിറച്ചും പറങ്ക്യേളാ.”

സങ്കടം വന്നാലൊന്നു് കരയാനുംകൂടി സമ്മതിക്കാത്ത ഈ പറങ്കികളാരാണെന്നു് ചെറുപ്പത്തിൽ അവൻ പലകുറി സ്വയം ചോദിച്ചിട്ടുണ്ടു്. കണ്ടുകിട്ടിയാൽ കണക്കിലൊരേറെങ്കിലും വെച്ചുകൊടുക്കണമെന്നു് തോന്നീട്ടുണ്ടു്. കച്ചകെട്ടി കളരിയിൽ നിന്നു് പയറ്റുമ്പോൾ തന്റെ മുച്ചാണും ശരീരവടിയും വാൾത്തലപ്പുമൊക്കെ ആഞ്ഞാഞ്ഞു് വീഴുന്നതു് പറങ്കികളുടെ ശരീരത്തിലാണെന്നു് അവൻ സങ്കൽപ്പിക്കാറുണ്ടു്. തന്റെ വെട്ടിനും തല്ലിനും അസാമാന്യമായ ശക്തിയുണ്ടെന്നു് കളരിഗുരുക്കൾ തന്നെ പറയുന്നതിന്റെ രഹസ്യം അവനുമാത്രമറിയാം. അങ്ങനെ, ഇളം വയസ്സുതുടങ്ങി തന്റെ മനസ്സിലവൻ ഒരു ശത്രുവിനെ വളർത്തിക്കൊണ്ടുവന്നു. ആയുധമുറകൾ അഭ്യസിക്കുമ്പോൾ മറ്റാരേക്കാളും അവൻ ശ്രദ്ധിച്ചു. നല്ലോണം പഠിച്ചു മിടുക്കനാവണം. വാൾത്തലപ്പിൽ ഒരു പറങ്കിയുടെ രക്തമെങ്കിലും പുരട്ടണം. ആവനാഴിയിലെ ഒരമ്പെങ്കിലും പറങ്കിയുടെ തലച്ചോറിന്റെ സ്വാദനുഭവിക്കണം…

തന്റെ മുമ്പിൽ നിറച്ചും കുന്നലക്കോനാതിരിയുടെ പട്ടാളമാണെന്നും അതിനപ്പുറം പറങ്കിപ്പട നിൽപ്പുറപ്പിച്ചിട്ടുണ്ടെന്നും അവനു തോന്നി. അവർ പരസ്പരം വെട്ടിയും തടുത്തും മുന്നേറുകയാണു്. എന്തു് വിശാലമായ പടക്കളം! നോക്കിയാൽ കണ്ണെത്തില്ല… അതാ, വെള്ള്യാൻകല്ലു് സ്പഷ്ടമായി കാണുന്നു. പറങ്കിപ്പടനായകൻ ആ പാറപ്പുറത്തു നിന്നു് കൈയുയർത്തി തന്റെ സൈന്യത്തിലെ മുന്നണി വിഭാഗത്തിനു് കല്പന കൊടുക്കുകയാണു്. പടയണികളിൽ വല്ലാത്ത ഇളക്കം. പീരങ്കികൾ ഗർജ്ജിക്കുന്നു. കുന്നലക്കോന്റെ സേനാവിഭാഗം പിന്തിരിഞ്ഞോടുകയാണോ? അതേ, അതേ! എല്ലാറ്റിനും കാരണം അവനാണു്.

ആ പാറപ്പുറത്തു് നിൽക്കുന്ന പറങ്കി! അവന്റെ നിർദേശമാണു് കുഴപ്പങ്ങളുണ്ടാക്കുന്നതു്. അവന്റെ പീരങ്കിയിൽനിന്നാണു് പരാജയം പാഞ്ഞുവരുന്നതു്. അവനെ കൊല്ലണം; അവന്റെ തലയെടുക്കണം…

കൂടുതൽ ചിന്തിക്കാൻ നേരമുണ്ടായില്ല. പൂഴിയിൽ ഉറച്ചുനിൽക്കുന്ന ഒരു തോണി പ്രയാസപ്പെട്ടു് തള്ളി തിരമാലകളോടു യുദ്ധം വെട്ടി കടലിലിറക്കി. അതിലുള്ള പങ്കായമെടുത്തു് പൊക്കൻ തുഴയാൻ തുടങ്ങി. വെള്ള്യാൻകല്ലിനു നേരേ പടനിലത്തൂടെയുള്ള യാത്രയെന്നാണു് സങ്കല്പം… വലിയ വിഷമമുണ്ടു്. തടുത്തും വാങ്ങിയും കൊടുത്തും മുന്നേറിയും വേണം ഒരടി മുന്നോട്ടു നീങ്ങാൻ… അവൻ കൂട്ടാക്കിയില്ല. യുദ്ധം ജയിക്കാൻ വെള്ള്യാൻകല്ലിലുള്ള ആ പറങ്കി മരിക്കണം. അവന്റെ തല അറ്റു് നിലത്തു് വീഴണം.

തിരമാലകളിൽ ചാഞ്ചാടിയും മൂക്കുകുത്തി മറിഞ്ഞുമാണു് തോണി മുന്നോട്ടു് നീങ്ങുന്നതു്. കരിങ്കൽ ഭിത്തിപോലെ ഒന്നിനു പിറകെ മറ്റൊന്നായി തിരമാലകൾ ഉയർന്നുവരുന്നു. എല്ലാം കേറിക്കടക്കണം. ചിലപ്പോൾ തോണിക്കൊമ്പിലടിച്ചു് തകരുന്ന തിരമാലകൾക്കുനേരേ പങ്കായമെടുത്തു് കുന്തമെന്നപോലെ പ്രയോഗിച്ചു. യുദ്ധമാണു്, യുദ്ധം! മറുവശത്തുള്ള പടനായകന്റെ തലയറുക്കാൻ അവൻ വെട്ടിവെട്ടി മുന്നേറുകയാണു്…

ആവേശം കെട്ടടങ്ങി. യാഥാർഥ്യം കണ്ടറിയാനുള്ള ബുദ്ധി തിരിചുകിട്ടുമ്പോഴേക്കു പൊക്കൻ കടലിലൂടെ കുറേയധികം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. തിരമാലകളുടെ കരുത്തു് കുറഞ്ഞ സ്ഥലത്താണപ്പോൾ. തികഞ്ഞ ബുദ്ധിശുന്യതയാണു് കാണിച്ചതു്. കാലവർഷം ശക്തിപ്പെട്ടതിൽപ്പിന്നെ ആരും കടലിൽ തോണിയിറക്കീട്ടില്ല. ആർക്കും അതിനുള്ള തന്റേടവുമില്ല. ഇരമ്പുന്ന കടൽ മരണത്തിന്റെ മണിത്തൊടിലാണെന്നറിയാത്ത മുക്കുവരില്ല. അവൻ പിന്തിരിഞ്ഞുനോക്കി. കര വളരെ പിന്നിലാണു്. തന്റെ കൈയിൽ വാളല്ലെന്നും പങ്കായമാണെന്നും പടക്കളത്തിലൂടെയല്ല, ഇളകിമറിയുന്ന കടലിലൂടെയാണു് യാത്രയെന്നും മനസ്സിലായപ്പോൾ, പൊക്കനു് ഉന്മേഷം കൂടുകയാണുണ്ടായതു്. ചിരകാലാഭിലാഷം നിറവേറാൻ പോവുകയാണു്. ഒന്നുത്സാഹിച്ചു തുഴഞ്ഞാൽ ഏറെത്താമസിയാതെ വെളള ്യാൻകല്ലിന്റെ നെറുകയിൽ ചവുട്ടാം…

അവൻ ആവേശത്തോടെ തുഴഞ്ഞു… മഴയ്ക്കു് ശക്തി കുറവാണു്. ആകാശം അല്പമൊന്നു തെളിയാനുള്ള വട്ടമുണ്ടു്. കാറ്റു് കരുതിക്കൊണ്ടേ വീശുന്നുള്ളൂ. വെള്ള്യാൻകല്ലിൽവെച്ചു് ഒരു പറങ്കിയെയെങ്കിലും കണ്ടുമുട്ടണേ എന്നവൻ പ്രാർത്ഥിച്ചു. ഉത്സവത്തിനെഴുന്നളളിച്ചു് നിർത്തിയ ആനകളെപ്പോലെ വഴിക്കുവഴി കൂറ്റനോളത്തട്ടുകൾ ഉയർന്നുനിൽക്കുന്നു. അവയ്ക്കുമേലെ തുഴഞ്ഞുകേറ്റാനാണു് പ്രയാസം. കേറിക്കഴിഞ്ഞാൽ തോണി മിന്നൽ വേഗത്തിൽ താഴോട്ടൊഴുകിക്കൊള്ളും. സൂക്ഷിച്ചു് അമരം പിടിക്കണമെന്നുമാത്രം. കടുകിടയ്ക്കു് പിഴച്ചാൽ ശരംപോലെ തോണിയോടൊപ്പം കടലിന്റെ അടിത്തട്ടിൽ ചെന്നുമുട്ടും മരണച്ചുഴികളിൽ കിടന്നു കറങ്ങിപ്പോകും.

അടുക്കും തോറും ആ പാറക്കെട്ടു് വലുപ്പം വെയ്ക്കുകയാണു്. ഓളത്തട്ടുകൾക്കു് ഉയരം കൂടുകയാണു്. ക്രമേണ കരയിലെന്നപോലെ അവിടേയും തിരമാലകൾ നൃത്തം വെയ്ക്കുന്നു. ഉപ്പുവെള്ളം കൊണ്ടു് അഭേദ്യമായ ഭിത്തികൾ കെട്ടിപ്പൊക്കി കടൽ ആ പാറക്കെട്ടിനെ മറ്റുള്ളവരിൽ നിന്നു് രക്ഷിച്ചു നിർത്തിയതുപോലെ തോന്നും. മുറിച്ചുകടക്കാൻ പഴുതൊട്ടുമില്ലു. ചുറ്റും തുഴഞ്ഞുനോക്കി. വെള്ള്യാൻകല്ലൊന്നു് പ്രദക്ഷിണം വെച്ചു. പറങ്കികളുണ്ടോ? യക്ഷികളുണ്ടോ? പടമെടുത്തൂതുന്ന സർപ്പങ്ങളുണ്ടോ? അത്ര അകലത്തുനിന്നു് നോക്കിയാൽ ഒന്നും വ്യക്തമല്ല. തടസ്സങ്ങൾ മുറിച്ചുകടക്കുക തന്നെ വേണം. എന്തുവഴി? ബുദ്ധിശൂന്യമായ നടപടികളൊന്നും തന്നെ വയ്യാ. സന്നാഹം കൂട്ടി തടുത്തു നിർത്തുന്ന തിരമാലകൾ, കൈയിൽ കിട്ടിയാൽ തോണിയോടുകൂടി പാറക്കെട്ടിലടിച്ചു തകർത്തുകളയും. മറിഞ്ഞുവിഴാത്ത വിധം കാലടികൾ തോണിയിലുറപ്പിച്ചു് പൊക്കൻ എഴുന്നേറ്റുനിന്നു നോക്കി. തോണി ചാഞ്ചാടുകയാണു്. സൂക്ഷിക്കണം. ഒരിത്തിരി നിയന്ത്രണം വിട്ടാൽ തലകുത്തി വീഴും.

കാലിലെന്തോ തടഞ്ഞു! പരമഭാഗ്യം ഒരിരുമ്പുകൊക്കയും ആലാസുകയറും തോണിയിൽ കിടക്കുന്നു. അതുപയോഗപ്പെടുത്തി ആ പാറയെ കീഴടക്കണം. ഇരുമ്പുകൊക്ക ആലാസുകയറിന്റെ തലപ്പത്തു് ഭദ്രമായി കെട്ടി. ഏറെനേരം അതു് കൈയിലിട്ടു ചുഴറ്റി, ഉള്ള ശക്തിയത്രയും സംഭരിച്ചു് പാറപ്പുറത്തേക്കു് വലിച്ചെറിഞ്ഞു. ഭീകരശബ്ദം മുഴക്കിക്കൊണ്ടു് ഒരു കൂട്ടം കടൽകൊക്കുകൾ പാറപ്പുറത്തുനിന്നു് ചിറകിട്ടടിച്ചു് മേലോട്ടു് പറന്നു. ഒരു ഞെട്ടൽ; ഹൃദയം തുരുതുരെ മിടിച്ചു. അടുത്ത നിമിഷം പരമാർഥം മനസ്സിലായി. യക്ഷികളും പറങ്കികളും പാമ്പുകളുമൊന്നുമല്ല; കേവലം കടൽകൊക്കുകൾ. എന്തു ഭയപ്പെടാൻ!

കയറിന്റെ അറ്റം പിടിച്ചു് വലിച്ചു നോക്കി. ബലമുണ്ടു്. ഇരുമ്പു കൊക്ക പാറപ്പുറത്തെവിടെയോ കുരുങ്ങീട്ടുണ്ടു്. കുറച്ചുകൂടി ബലം പ്രയോഗിച്ചു വലിച്ചുനോക്കി. അനങ്ങുന്നില്ല. ഇനി കയറിന്റെ സഹായത്തോടെ പാറപ്പുറത്തെത്താം. സൂക്ഷിച്ചു സൂക്ഷിച്ചു മുന്നോട്ടു നീങ്ങി. ഏറ്റിറക്കത്തിന്റെ ഗതി നോക്കി കയറുപിടുത്തത്തിലൂടെ തോണിയെ നിയന്ത്രിക്കണം. ഞാണിന്മേൽ നടത്തം ഇത്ര ക്ലേശകരമല്ല; ഇത്രമാത്രം അഭ്യാസബലവും അതിനാവശ്യമില്ല. ഒരടി മുമ്പോട്ടു് നീങ്ങുമ്പോൾ നാലടി പിന്നോട്ടു് തെറിക്കുകയാണു്. വിഴുങ്ങാൻ പാകത്തിനാണു് തിരകൾ തലയുയർത്തിക്കൊണ്ടുവരുന്നതു്. മുറുക്കിപ്പിടിച്ച കൈകൾ നീറുകയാണു്; തളരുകയാണു്.

പെട്ടെന്നാണതു് സംഭവിച്ചതു്. മലപോലെ ഉയർന്നുവന്ന ഒരു തിര തലയ്ക്കു് മുകളിൽവെച്ചു് ചിന്നിച്ചിതറി. തലയിൽ ഭാരമുള്ള എന്തോ ഇടിഞ്ഞു വീണപോലെ. ഒന്നും കാണാൻ വയ്യാ… ഏതോ ഇരുട്ടിലേക്കു് താഴുകയാണു്. കയറിന്റെ പിടുത്തം വിട്ടുപോയോ? അറിഞ്ഞുകൂടാ. എല്ലാം അവസാനിക്കുകയാണു്.

ഇല്ല… തോണി വെള്ളത്തിൽ കമിഴ്‌ന്നുകിടന്നു് ചാഞ്ചാടുന്നതാണു് കണ്ണുമിഴിച്ചപ്പോൾ കണ്ടതു്. കയറിൽ ചുറ്റിപ്പിണഞ്ഞ പങ്കായം അടുത്തുതന്നെയുണ്ടു്. നീന്തി കയറും പങ്കായവും പിടികൂടി. തോണി ഉപേക്ഷിക്കാൻ വയ്യാ. ഒരു കൈകൊണ്ടു് കയറും പങ്കായവും പിടിച്ചു് മറ്റേ കൈ കൊണ്ടു് തോണി പതുക്കെ തള്ളി. കാലുകൊണ്ടു് തുഴഞ്ഞു വേണം മുമ്പോട്ടു് നീങ്ങുക. മുമ്പോട്ടു് നീങ്ങി പാറക്കെട്ടിൽ പങ്കായത്തിന്റെ തല തട്ടി ശബ്ദമുണ്ടായി. ആവൂ! മരണത്തിന്റെ വായിൽ നിന്നു് രക്ഷപ്പെട്ടു. കൈമുട്ടുകൾ ഊന്നിക്കൊണ്ടു് പാറക്കെട്ടിലേക്കു് പതുക്കെ കയറി.

വല്ലാത്ത കിതപ്പുണ്ടു്. വിശ്രമമാണാവശ്യം. തോണി കെട്ടിയുറപ്പിച്ചു. പാറക്കെട്ടുകളുടെ മറവിൽ നിന്നു് ആരെങ്കിലും ഒളിഞ്ഞുനോക്കുന്നുണ്ടോ? പാമ്പിന്റെ ചീറ്റം കേൾക്കാനുണ്ടോ? വിശ്രമിക്കുമ്പോഴും അതായിരുന്നു ശ്രദ്ധ. വേഗത്തിൽ എല്ലാമൊന്നു് നടന്നുകാണാൻ ഉദ്ദേശിച്ചുകൊണ്ടെഴുന്നേറ്റു… വല്ലാത്ത പരിഭ്രമമുണ്ടു്. ആ വിജനതയിൽ വല്ലവരെയും കണ്ടുമുട്ടിയാലോ? പങ്കായം വലതുകൈയിൽ മുറുക്കിപ്പിടിച്ചു. പാറപ്പുറത്തു നല്ല വഴുവഴുപ്പുണ്ടു്. സൂക്ഷിച്ചു് നടക്കണം. ശ്വസിക്കുന്ന കാറ്റിൽ വിഷാംശം കലർന്നിട്ടുണ്ടോ? പൊത്തുകളിൽ നിന്നു് സർപ്പത്തിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടോ? എങ്ങാനും വൈരക്കല്ലുകൾ വിണുകിടപ്പുണ്ടോ? മുമ്പിലും പിമ്പിലും ഒരേ സമയത്തു് നോക്കാൻ വയ്യ. എങ്കിലും നോക്കണമെന്നു തോന്നി. ഏതുവഴിക്കു്, ഏതുഭാഗത്തുനിന്നാണു് വിപത്തു ചാടിവീഴുകയെന്നറിഞ്ഞു കൂടാ.

“ഹ്ഹൊ!” അറിയാതെ രണ്ടടി പിന്നോക്കം വാങ്ങിനിന്നു പൊക്കൻ നെടുതായി നിശ്വസിച്ചു. രോമാഞ്ചം കൊണ്ടു ശരീരം മൂടി. ഹൃദയത്തിന്റെ മിടിപ്പു കാതുകളിൽ വന്നലച്ചു. ഒരു തലയോടാണു് മുമ്പിൽ കിടക്കുന്നതു്. നെറ്റിക്കടിയിലുള്ള രണ്ടു കുഴികളിലൂടെ അതു പൊക്കനെ തുറിച്ചു നോക്കി. അമർത്തിക്കടിച്ച പല്ലുകൾകൊണ്ടു് ഇളിച്ചുകാട്ടി. അതു് അറേബ്യയിലോ ഈജിപ്തിലോ സ്ഥാനമാനങ്ങളും പദവികളും വഹിച്ചു ജീവിച്ച വല്ല വ്യാപാരിയുടേയും തലയോടാവാം. അല്ലെങ്കിൽ മീൻ പിടിക്കാൻ കടലിലിറങ്ങിയ വല്ല മുക്കുവന്റേയുമാകാം. രണ്ടായാലും ആ മനുഷ്യൻ പറങ്കികളുടെ പിടിയിൽപ്പെട്ടനുഭവിച്ച ദുരിതങ്ങൾ മുഴുവനും അവനോർത്തുനോക്കി. കൈകാലുകൾ ചങ്ങലകൊണ്ടു ബന്ധിച്ചു് അനങ്ങാൻ വയ്യാതെ ആ നിർഭാഗ്യവാൻ ചുട്ടുപഴുത്ത പാറപ്പുറത്തു് ദിവസങ്ങളോളം കിടന്നിട്ടുണ്ടാവാം. സ്വന്തം കുടുംബങ്ങളേയും രാജ്യത്തേയും ഓർത്തു നെടുവീർപ്പിട്ടിട്ടുണ്ടാവാം. കണ്ണീർ പൊഴിച്ചിട്ടുണ്ടാവാം… ആ തലയോടു് ഇളകുന്നുണ്ടോ? ഇല്ല… ചെറിയ ഒരു ഞണ്ടു് താടിയെല്ലിന്റെ കടയ്ക്കൽ നിന്നു ധൃതിവെച്ചോടി കണ്ണിന്റെ സ്ഥാനത്തുള്ള കുഴിയിലൂടെ അപ്രത്യക്ഷമായി.

അധികനേരം അങ്ങനെ നോക്കി നിൽക്കാൻ പറ്റിയില്ല. വെള്ള്യാൻകല്ലിന്റെ രൂപവും രഹസ്യവും മനസ്സിലാക്കി മഴ തുടങ്ങുന്നതിനുമുമ്പു സ്ഥലം വിടണം. താമസിച്ചാൽ അമ്മയും അച്ഛനും കടൽപ്പുറം മുഴുവനും അന്വേഷിച്ചു് ബഹളം കൂട്ടും. അവൻ പിന്നേയും മുന്നോട്ടു നടന്നു. പ്രതീക്ഷിച്ചതൊന്നും കണ്ടില്ല. യക്ഷികളും പാമ്പുകളും പണ്ടെന്നോ അവിടെ കുടിയേറി പാർപ്പുറപ്പിച്ചിരിക്കണം. ഇന്നു് അവിടെയില്ല. മഴക്കാലം തുടങ്ങിയപ്പോൾ പറങ്കികളും സ്ഥലം വിട്ടു കാണണം. ഇപ്പോൾ പരിശ്രമമില്ല. വേഗം ആ പരിസരത്തോടു് ഇണങ്ങിച്ചേരാൻ കഴിഞ്ഞു. ചുറ്റുമുള്ള കടലിലേക്കു നോക്കുമ്പോൾ എത്രനേരമെങ്കിലും അവിടെ ഇരിക്കാൻ തോന്നും. വിശപ്പും ദാഹവും അറിയില്ല.

കിഴക്കു് നെടുനീളത്തിൽ പച്ച പിടിച്ചു നിൽക്കുന്ന കരയാണു്. അവിടെ തൊട്ടുകിടക്കുന്ന മുക്കുവസങ്കേതങ്ങൾ കണ്ടുപിടിക്കാൻ അവൻ ഒരു ശ്രമം നടത്തി. അത്ര അകലത്തുനിന്നായിട്ടും എല്ലാം വ്യക്തമായി മനസ്സിലാവുന്നു. ഉന്മേഷത്തോടെ അവൻ നോക്കിത്തുടങ്ങി. ഗുരുപുണ്യകാവുകുന്നും ഓടക്കുന്നും അകലെ തലയുയർത്തി നിൽക്കുന്നുണ്ടു്. കോടിക്കൽകടപ്പുറവും, വളയക്കടപ്പുറവും, തിക്കോടിക്കടപ്പുറവും തൊട്ടുതൊട്ടാണു് വളയക്കടപ്പുറത്തു തന്റെ കുടിലിന്നു നേരെ എന്തെങ്കിലും ലക്ഷ്യം കണ്ടെത്താൻ കഴിയുമോ എന്നു് അവൻ ശ്രദ്ധിച്ചു നോക്കി. അങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ പാഞ്ചാലിയുടെ കാര്യം ഓർമ വന്നു. അവളെ ഓർക്കുന്നതു് പോലും ഒരു സുഖമാണു്. വിജനമായ പാറപ്പുറത്തു്, മനുഷ്യസമുദായത്തിന്റെ മുഴുവൻ കണ്ണുകളിൽനിന്നും അകന്നു്, ഏകാന്തതയിൽ അങ്ങനെ ഇരിക്കുമ്പോൾ പാഞ്ചാലി കൂടി അടുത്തു് വേണ്ടതായിരുന്നു. തണുപ്പുകൊണ്ടു് നീലിച്ചു മരവിച്ച അവളെ കെട്ടിപ്പിടിച്ചിരിക്കാൻ നല്ല സുഖമുണ്ടാവും.

പതിനഞ്ചു വയസ്സിന്റെ വളർച്ചയല്ല അവൾക്കു്. അവളെക്കുറിച്ചു് ഓർത്തപ്പോൾ പൊക്കനു് അതാണു് തോന്നിയതു്. പെരുമാറ്റത്തിലും അവൾ കുട്ടിപ്രായം പിന്നിട്ടിരിക്കുന്നു. കൊട്ടയും തുക്കി കക്ക പെറുക്കാൻ പോകുമ്പോൾ പണ്ടൊക്കെ അവളുടെ തോളിൽ കൈയിട്ടു നടക്കാമായിരുന്നു. പിടിച്ചു നുള്ളിയാൽ അവൾ ചിരിച്ചുകളയും. വേനൽക്കാലസന്ധ്യകളിൽ അവളുടെ മടിയിൽ തലവെച്ചു് ആകാശത്തിലെ നക്ഷത്രങ്ങൾ എണ്ണിക്കിടക്കുമ്പോൾ അവൾ ഒരു വൈമനസ്യവും കാണിക്കില്ല. എത്രനേരമെങ്കിലും അങ്ങനെ കിടക്കാം. എന്തു നേരമ്പോക്കും അവളോടു പറയാം. ഒരപ്രിയവുമില്ല. രണ്ടു കുസൃതി അങ്ങട്ടു പറയുമ്പോൾ നാലെണ്ണം ഇങ്ങട്ടു പറയും. ഒളിച്ചു കളിക്കാനും കൊത്തങ്കല്ലാടാനും അവൾക്കു് ഉത്സാഹമാണു്. തൊട്ടൂളി കളിക്കുമ്പോൾ ഓടാനും, ‘രാജാവും കള്ളനു’മാവുമ്പോൾ തല്ലാനും അവൾക്കു മടിയില്ല.

ഇന്നു് അവൾ മാറിയിരിക്കുന്നു. ഈ മാറ്റം എവിടെവെച്ചു് ഉണ്ടായെന്നു് വ്യക്തമായി അവനു് ഓർക്കാൻ വയ്യ. കാണെക്കാണെ വന്നു ചേർന്ന മാറ്റമാണതു്. നേരിട്ടു കണ്ണിലേക്കു നോക്കില്ല; എന്തെങ്കിലും ചോദിച്ചാൽ മുഖം താഴ്ത്തും, പതുക്കെ ഉത്തരം പറയും; വല്ലതും തരുമ്പോൾ തൊടാതെ കഴിക്കാൻ ശ്രദ്ധിക്കും. അതെ, അങ്ങിനെയാണു് തുടങ്ങിയതു്. ഓർമവെച്ചതുമുതൽ കടപ്പുറത്തെ പൂഴിയിൽ ഒരുമിച്ചു് കെട്ടി മറിഞ്ഞവരാണു്. എന്നിട്ടിപ്പോൾ ഈ മാറ്റം വരാൻ കാരണം?

“പെണ്ണേ, നിനക്കു പ്രാന്താണു്.” അവളെക്കുറിച്ചുള്ള ചിന്ത ഇത്രത്തോളമെത്തിയപ്പോൾ പൊക്കനു തന്നത്താൻ അതു പറയാതിരിക്കാൻ കഴിഞ്ഞില്ല. “അകന്നുപോയാലും നിന്നെ ഞാൻ പിടിച്ചടുപ്പിക്കും.”

വെള്ള്യാൻകല്ലിനു ചുറ്റും തിരമാലകൾ നൃത്തം വെക്കുകയാണു്. ആകാശത്തിന്റെ മുഖം പിന്നെയും കനക്കുകയാണു്. പാഞ്ചാലിയെക്കുറിച്ചുള്ള ചിന്തയിൽ പൊക്കൻ സകലതും മറന്നു. അവളുടെ അകൽച്ച മാനസികമാണെന്നു് അവനു് തോന്നിയിട്ടില്ല. കേവലം ശാരീരികം. പെൺകുട്ടികൾ അങ്ങനെയാണു്. വലുതാകുമ്പോൾ അകന്നകന്നു പോകും. ഏതിനെക്കുറിച്ചോ പേടിക്കുമ്പോലെ. എന്താവണമതു്? അവനു് ഒന്നും മനസ്സിലായില്ല. ഒരു കാര്യത്തിൽ അവൻ കലശലായി വാശിപിടിച്ചു: അങ്ങനെ അകന്നുപോകാൻ അവളെ സമ്മതിക്കില്ല. ഒരു ദിവസം അവളുടെ കുടിയിൽ കേറിച്ചെന്നു് അവളെ വാരിയെടുത്തു് കിടത്തും. എന്നിട്ടു് അവളുടെ കണ്ണിലേക്കു് ഉറ്റുനോക്കിക്കൊണ്ടുചോദിക്കും:

“പറ പെണ്ണേ, നിനക്കെന്തുപറ്റി? നിന്നെ എനിക്കു് തൊടാൻ പാടില്ലെന്നാ നിന്റെ വിചാരം? അതു നടപ്പില്ല പെണ്ണേ. എനിക്കു നിന്നെ തൊടണം. അത്രയും പറഞ്ഞു് അവളെ കെട്ടിപ്പിടിച്ചു് താടിവെച്ചു് കവിളത്തു് ഉരച്ചു് കിക്കിളികൂട്ടണം. എല്ലാം കഴിഞ്ഞു് അവളോടു് തീർത്തു് പറയണം:

“നിന്നെക്കൂടാതെ എനിക്കു ജീവിക്കാൻ മേലാ.”

അവൻ ഇരിക്കുന്ന പാറയുടെ കടയ്ക്കൽ വലിയൊരു തിരവന്നടിച്ചു തകർന്നു. വളരെ ദൂരത്തോളം കടൽവെള്ളം അടിച്ചുകയറി. നുരയും പതയും തങ്ങിനിൽക്കുന്നേടത്തു വലിയ രണ്ടു കടൽപ്പാമ്പുകളെയും നിക്ഷേപിച്ചാണു് ആ തിര മടങ്ങിപ്പോയതു്. വായും തലയും തിരിച്ചറിയാൻ വയ്യാത്തവിധം ഒരേ വണ്ണത്തിൽ ശരീരം മുഴുവൻ വെള്ളിക്കെട്ടുകളുള്ള നീലിച്ച രണ്ടു പാമ്പുകൾ തൊട്ടടുത്തു കിടക്കുന്നു. ചലനമില്ല. പൊക്കൻ എഴുന്നേറ്റു ചെന്നുനോക്കി. ചത്ത പാമ്പുകളാണു്. അവൻ കുനിഞ്ഞു പരിശോധിച്ചു. “ആണും പെണ്ണുമാണോ? എങ്കിൽ നല്ല മരണം”

കടലിലെ മത്സ്യങ്ങളെപ്പറ്റി, പാമ്പുകളെപ്പറ്റി, അവൻ ആലോചിച്ചു. ആണും പെണ്ണും ഒത്തുചേർന്നു് അവ ഇര തേടുന്നു. ഓടിക്കളിക്കുന്നു. പുതുവെള്ളത്തിൽ പുളയ്ക്കുന്നു. വേണ്ടിവന്നാൽ ഒരുമിച്ചു് മരിക്കുന്നു. മനുഷ്യനു മാത്രം എന്തുകൊണ്ടു് അതൊന്നും വയ്യാ? പാമ്പിനും മീനിനുമുള്ള സ്വാതന്ത്ര്യം ആരാണു് മനുഷ്യനു നിഷേധിച്ചതു്? അവയെപ്പോലെ സുഖിക്കാൻ മനുഷ്യനും അവകാശമില്ലേ?

സുഖത്തിന്റെ കാര്യം ഓർത്തപ്പോഴാണു് മറ്റൊന്നു് അവന്റെ മനസ്സിലേക്കിരച്ചുകയറി വന്നതു്. തന്റെ സുഖത്തിനു് പാഞ്ചാലി അത്രമാത്രം ഒഴിച്ചുകൂടാനാവാത്തൊരു വസ്തുവാണോ? ഇന്നലെയോളം ആ ചോദ്യത്തിനുമുമ്പിൽ പൊക്കനൊന്നും പറയാനില്ലായിരുന്നു. ഇന്നതല്ല. പതിനെട്ടാമത്തെ വയസ്സിലെത്തിയപ്പോൾ അതുവരെയുള്ള സുഖത്തിന്റെ അർത്ഥം തന്നെ മാറിപ്പോയിരിക്കുന്നു. ഊണും കുളിയുമല്ല സുഖം. അതിനപ്പുറത്തു മറ്റെന്തോ സുഖമുണ്ടു്. തോണിയും വലയുമായി കടലിനോടു യുദ്ധം വെട്ടാൻ പോകുന്നതാണോ? വാളും പരിചയുമെടുത്തു പറങ്കികളെ വേട്ടയാടാൻ പോകുന്നതാണോ? അതൊന്നും സുഖത്തിനു വേണ്ടിയുള്ള പോക്കല്ല, ആവശ്യത്തിനു വേണ്ടി, കർത്തവ്യത്തിനുവേണ്ടിയുള്ള പോക്കാണു്. ആ പോക്കിൽ സുഖമല്ല; രസമാണു്. ഇതിനൊക്കെ അപ്പുറത്തൊരു സുഖമുണ്ടു്. അതെന്താണെന്നു് വ്യക്തമായി പറയാൻ വയ്യാ. ആ സുഖം കണ്ടെത്താൻ പാഞ്ചാലി കൂടി അടുത്തുണ്ടാവണം. രാത്രിയും പകലും നോക്കിയാൽ കാണുന്ന സ്ഥലത്തുപോരാ; ഏന്തിയാൽ തൊടുന്ന സ്ഥലത്തുതന്നെ അവളുണ്ടായിരിക്കണം. അവൾ തന്റെ സ്വന്തമാണെന്നു തീർച്ചപ്പെടുത്തണം.

അവളുടെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി. പോട്ടെ, അവകാശവാദവുംകൊണ്ടു പൊറുതികെടുത്താൻ ആ അമ്മ ഇനി വരില്ലല്ലോ. പക്ഷേ അച്ഛനുണ്ടു്, കുഞ്ഞിക്കണ്ണൻ മരയ്ക്കാൻ. അവളെ മറ്റൊരാൾ സ്വന്തമാക്കുന്നതു് അയാൾ ഇഷ്ടപ്പെട്ടില്ലെങ്കിലോ? പങ്കായം പിടിച്ചു തഴമ്പിച്ച കൈകൾ കരുത്തുള്ളവയാണു്. തടസ്സങ്ങളുണ്ടാക്കാഞ്ഞാൽ മതി.

തലയ്ക്കുമുകളിൽ ആകാശത്തിൽ കരിമേഘങ്ങളിഴഞ്ഞു നടക്കുന്നു. കീഴിൽ പരന്നു കിടക്കുന്ന കടലിൽ, തിരമാലകൾ തലകുത്തിയുരുളുന്നു. രണ്ടും ഒരുപോലെ. രണ്ടിന്റെയും നടുവിൽ, വെള്ള്യാൻ കല്ലിന്റെ

മൂർദ്ധാവിൽ, ചവിട്ടിനിൽക്കുന്ന ആ മുക്കുവക്കിടാവിന്റെ മുഖത്തു് വിശ്വവിജയിയായ ഒരു ചക്രവർത്തിയുടെ ഭാവമാണു് തെളിഞ്ഞുവരുന്നതു്. ഒരു രാജ്ഞി വേണം. ഇടതുവശത്തിരിക്കാനും ഇടയ്ക്കിടെ ഏറുകണ്ണിട്ടുനോക്കി മനോഹരമായി ചിരിക്കാനും. അതിനാണു് പാഞ്ചാലി. കടപ്പുറത്തെത്തിയാൽ ആദ്യത്തെ ജോലി അവളെ കണ്ടു പിടിക്കലാണു്. ഒരു സാമ്രാജ്യം കീഴടക്കിയ കഥ അവളോടു പറയണം. ആ പെണ്ണു പേടിച്ചു വിറച്ചു്, കണ്ണുകൾ തുറിച്ചു്, ശ്വാസമടക്കിപ്പിടിച്ചു തന്റെ മുമ്പിലങ്ങനെയിരിക്കും. യക്ഷികളെ കീഴടക്കിയവൻ, സർപ്പങ്ങളെ ജയിച്ചവൻ, പറങ്കികളെ ആട്ടിയോടിച്ചവൻ-അതാണു് പൊക്കൻ. പൂഴിയിലിരുന്നു് ഒപ്പം പൂത്താങ്കല്ലാടിയ പൊക്കൻ ഇന്നൊരു പടവിരനാണു്.

“എടീ, നിന്നെക്കെട്ടാൻ പോണതു് മീൻ പിടിച്ചു പുലരുന്നൊരു മരക്കാനല്ല.” അവൻ ഉറപ്പിച്ചു് പറയും.

“പിന്നെ?” അദ്ഭുതവും ഭയവും വിട്ടുമാറാത്ത കണ്ണുകൾ അവന്റെ മുഖത്തു നട്ടുകൊണ്ടവൾ ചോദിക്കും.

“അമ്പും വില്ലും വാളും കുന്തവുമെടുത്തു്, പറങ്കികളെ നായാടാൻ കടലിലേക്കു പുറപ്പെടുന്ന പടവീരൻ.”

“എന്നെക്കെട്ടണ്ടാ. ഞാൻ സമ്മതിക്കൂലാ.”

“നീ സമ്മതിക്കില്ലേ?”

“ഊഉം”

“പറപെണ്ണേ, പറ; നെന്നെ പിന്നെ ആരു കെട്ടണം?”

“ആരും കെട്ടണ്ടാ?”

“കെട്ടണ്ടേ?”

“പടയ്ക്കു പോണോരു പെണ്ണുകെട്ടീട്ടെന്താ?” അവളൊരു സംശയമെടുത്തിടും.

“പിന്നെ മീൻ പിടിക്കാൻ പോണോരാ കെട്ടേണ്ടതു്?” അവൻ സുഖമില്ലാത്ത മട്ടിൽ ചോദിക്കും.

“പടയ്ക്കു പോണോല് കെട്ട്യാല്… “പാതി പറഞ്ഞു നിർത്തി കള്ളക്കണ്ണിട്ടവന്റെ മുഖത്തു നോക്കി അവൾ നിൽക്കും.

“കെട്ട്യാല്?” അവൻ അക്ഷമയോടെ ചോദിക്കും.

“പട തൊടങ്ങുമ്പം ഓല് പോവൂലേ?” അവൾ സംശയം മുഴുമിക്കും.

“പോയാല് പട ജയിച്ചോല് മടങ്ങൂലേ?”അവൻ വിജയപൂർവ്വം അവളെ നോക്കും.

“പടയ്ക്കു പോയാ മരിക്കുലേ?”അതാണവളുടെ സംശയം.

പെണ്ണും കെട്ടി കെട്ടിയോൻ പടയ്ക്കുപോയാൽ അവൾ കുടിയിലിരുന്നു് വിഷമിക്കും. പടയിൽ എന്തും സംഭവിക്കാം.അവളുടെ

കെട്ടിയോൻ പടയ്ക്കുപോകുന്നതവൾക്കിഷ്ടമല്ല… അവിടെ വെച്ചു് കെട്ടിയോൻ മരിച്ചുപോയാലോ?

“എടീ, കടലിൽ മീൻ പിടിക്കാൻ പോയാൽ മരിക്കൂലേ?” അവനങ്ങട്ടു ചോദിക്കും. ആ ചോദ്യത്തിനവൾക്കുത്തരമില്ല. ഒത്ത തടിയുള്ള അവളുടെ അമ്മാമൻമാർ മൂന്നുപേരെ ആ കടൽ തട്ടിയെടുത്തിട്ടുണ്ടു്. അതുപോലെ വള്ളവും വലയുമായി കടലിലേക്കുപോയവർ ഇങ്ങിനിവരാത്തവണ്ണം യാത്ര പറഞ്ഞിട്ടുണ്ടു്. വേട്ടുവശ്ശേരി ഭഗവതിക്കു വിളക്കും നിറമാലയും നേരാത്ത കുടുംബങ്ങൾ ആ കടപ്പുറത്തില്ല. കടലിൽ പോകുന്നവരുടെ ദീർഘായുസ്സിനുവേണ്ടി എന്നും വഴിപാടും പ്രാർഥനയുമാണു്. എന്നിട്ടും മരയ്ക്കാൻമാർ മരിക്കുന്നു. അവൾക്കു് ഉത്തരമൊന്നും പറയാനില്ല.

ഒരു തണുപ്പു കാറ്റു് ചിന്താധീനനായ പൊക്കനെ വിളിച്ചുണർത്തി. പ്രകൃതിയുടെ മുഖഭാവം മാറുകയാണോ? ചക്രവാളത്തിനടുത്തു്, കോടാനുകോടി മനുഷ്യകണ്ഠങ്ങളിൽ നിന്നു് ഏതോ പോർവിളി മുഴങ്ങുമ്പോലുള്ള ശബ്ദം. കടലിരമ്പമാണു്. കാലവർഷക്കാറ്റു് കുറവനെപ്പോലെ കുഴലൂതുന്നു. അകലത്തകലത്തുനിന്നു് ആയിരമായിരം കൊച്ചുപാമ്പുകൾ പടമുയർത്തി ഇഴയുന്നു. അടുക്കും തോറും കാളിയൻ കണക്കു് അവ വലുതാവുന്നു. പാറക്കെട്ടിലേക്കു് ചാടി വീണു് കൊത്തുന്നു. കുഴലൂത്തു് പിന്നെയും തുടരുന്നു. പടങ്ങളുയരുന്നു; നാഗത്താൻമാർ ഇളകിയാടുന്നു. അങ്ങനെ അവിരാമമായി ആ നാഗലീല തുടരുന്നു.

തോണി കെട്ടിയ കയറും പിടിച്ചു പൊക്കൻ നിൽക്കുകയാണു്. കോപിച്ച കടലിൽ തോണിയിറക്കണോ? അതല്ല, കാത്തു നിൽക്കണോ? അവന്റെ പിറകിൽ പല്ലിളിച്ചു കിടക്കുന്ന ആ തലയോടു് മുഖത്തുള്ള കുഴികളിലൂടെ അപ്പോഴും അവനെ ഉറ്റുനോക്കുകയാണു്; എന്തോ പറയാനുള്ളപോലെ.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.