images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
നാലു്

മരയ്ക്കാർ കോട്ടയ്ക്കും പന്തലായിനിത്തുറമുഖത്തിനുമിടയിലാണു് വളയക്കടപ്പുറം. മീൻപിടുത്തക്കാരായ മുക്കുവരും മുസ്ലിംങ്ങളും അവിടെ പൂഴിപ്പരപ്പിൽ കൊച്ചുകുടിലുകൾ കെട്ടി താമസിക്കുന്നു. വെട്ടി മടഞ്ഞ തെങ്ങോലയും മുളച്ചീന്തുകളുമുപയോഗിച്ചാണു് കുടിലുകളുണ്ടാക്കുന്നതു്. എപ്പോഴും കടൽക്കാറ്റിനെ പേടിക്കണം. പഴുതില്ലാത്ത വിധം ചുറ്റുപുറവും കുത്തിമറച്ചില്ലെങ്കിൽ കുടിലിൽ കഴിച്ചുകൂട്ടാൻ പറ്റില്ല. കലശലായ തണുപ്പാണു്. വായുമണ്ഡലത്തിൽ സദാ നീരാവി തങ്ങിനിൽക്കും. അതുകൊണ്ടു നിലംപറ്റിയാണു് കുടിലുകളുടെ നിൽപ്പു്. ഉള്ളിലേക്കു നുഴഞ്ഞുകേറണം. കേറിയങ്ങു ചെന്നാൽ കാണുന്നതു് ഒരകം മാത്രമാണു്. അടുക്കളയും കിടപ്പറയും അതിഥികളെ സ്വീകരിക്കാനുള്ള സ്ഥലവും എല്ലാം അതാണു്. വിവാഹവും വിവാദവും ജനനവും മരണവും അവിടെവെച്ചു നടക്കുന്നു. ചട്ടിയും കലവും അടുപ്പും തീയും അച്ഛനും മകനും ഭാര്യയും ഭർത്താവും അവിടെ ഒത്തുചേരുന്നു. പ്രണയചാപല്യവും പരസ്പര സ്നേഹവും വിദ്വേഷവും സംഘട്ടനവും നിറഞ്ഞ ജീവിതനാടകത്തിന്റെ അരങ്ങും അണിയറയും അതാണു്.

മറ്റുള്ളവയിൽ നിന്നകന്നു് ആകൃതിയിലും പ്രകൃതിയിലും തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്ന, നുറുക്കോടു മേഞ്ഞ ഒരു മാളികവീടു് വളയക്കടപ്പുറത്തുണ്ടു്. ആ മഹാത്ഭുതമവിടെ സൃഷ്ടിച്ചതു് അമ്പാടിയായിരുന്നു. ഇന്നവിടെ ഒരു മുസ്ലിം വ്യാപാരിയാണു് താമസം-ആലികുട്ടി. മറ്റുളളവർ അമ്പാടിയുടെ തകർച്ച കണ്ടു് അമ്പരന്നു നിന്നപ്പോൾ ആലിക്കുട്ടി അതിൽ നിന്നു മുതലെടുത്തു. അയാൾ മാളികയും ചുറ്റുമുള്ള സ്ഥലവും അമ്പാടിയോടു വിലയ്ക്കു വാങ്ങി. അതിരുകൾ വേലികെട്ടിയുറപ്പിച്ചു് അവിടെ താമസമാക്കി. അപ്പോഴാണു് പുതിയൊരാശയമുദിച്ചതു്. പാർപ്പിടത്തിന്നൊരു പേരു വേണം. കടപ്പുറത്തു പാർപ്പിടങ്ങൾക്കു പ്രത്യേകം പേരിടാറില്ല; കുടുംബത്തലവന്റെ പേരുമായി കൂട്ടിക്കെട്ടി വിളിക്കുകയേ പതിവുള്ളൂ. അതുപോരാ. ആലിക്കുട്ടിതന്നെ ആലോചിച്ചു് ഒരു പേരുണ്ടാക്കി-മാളികയ്ക്കൽ. നല്ല പേരു്!

അമ്പാടിമരയ്ക്കാന്റെ കൈയിൽ നിന്നു വാങ്ങുമ്പോൾ തൊടിനിറച്ചും തെങ്ങിൻതൈകൾ വെച്ചുപിടിപ്പിച്ചിരുന്നു. മണ്ണിലെ ഉപ്പുരസവും വായുമണ്ഡലത്തിലെ നീരാവിയും തെങ്ങുകളുടെ വളർച്ചയ്ക്കു് അനുകൂലമാണു്. പാഞ്ഞുപാഞ്ഞവ വളർന്നു വരിവരിയായി പട്ടാളച്ചിട്ടയിൽ കനക്കെ കായ്കളുമേന്തി നിൽക്കുന്ന ആ തെങ്ങിൻത്തോപ്പു് മിക്കവാറും തരിശായിക്കിടക്കുന്ന പൂഴിപ്പരപ്പിന്റെ വിരിമാറിൽ ഒരു പച്ചക്കൽത്താലി ചാർത്തിക്കൊടുത്തു. നട്ടുപിടിപ്പിച്ചവനു് ഫലമനുഭവിക്കാൻ കഴിഞ്ഞില്ല. എന്നും വൈകിട്ടു് ആലിക്കുട്ടി ആ തെങ്ങിൻത്തോപ്പിലൂടെയൊന്നു നടക്കും. കറുത്ത വട്ടത്താടിയും ക്ഷൗരം ചെയ്തു മിനുക്കിയ തലയും നിസ്കാരത്തഴമ്പാർന്ന നെറ്റിയും നീണ്ടു വളഞ്ഞ മൂക്കും തിളങ്ങുന്ന കണ്ണുകളും കറുകപ്പുല്ലുപോലെ രോമം വളർന്നു നിൽക്കുന്ന ചെവിയും നെടുതായ ശരീരവും കനത്തുമുമ്പോട്ടു തൂങ്ങുന്ന വയറുമുള്ള ആലിക്കുട്ടി പുറവേലിക്കടുത്തു നിന്നു് ആ വഴി കടന്നുപോകുന്ന ആരെയും വിളിക്കും.

അല്ലാ, ആരാതു്? അഃ അഃ ജ്ജ് എബിഡെക്കാ? പോടു്, പോടു്. ഞമ്മൾ ബറുക്കനെ ബിളിച്ചതാ.

ആ വിളിക്കു് ഒരർത്ഥമേയുള്ളൂ: അങ്ങനെ അലക്ഷ്യമായി കടന്നു പോണ്ടാ. ഒന്നു തിരിഞ്ഞുനോക്കിക്കളയൂ. പുറംതൊണ്ടു ചുവന്നു പഴുത്ത നാളികേരവും രസക്കുടുക്കപോലെ അലച്ചിലുകളിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന കരിക്കും, പ്രകാശരശ്മിപോലെ പൊട്ടിവിടർന്നു പരിമളം പരത്തുന്ന പൂക്കുലയും ചുമന്നു നിൽക്കുന്ന ഈ തെങ്ങുകളുടെ ഉടമസ്ഥൻ ഞാനാണു്. മനസ്സിലായോ എന്നു്.

കളകൾ പറിച്ചും കടകൾ മാന്തിയും തൊടിയിലങ്ങനെ നടക്കുമ്പോൾ അയാൾക്കു ചിലപ്പോഴൊരു നേരമ്പോക്കു തോന്നും: തന്റേതെന്നു് അഭിമാനത്തോടെ പറയാവുന്ന ആ തോട്ടത്തിൽ നിന്നു് ആക്കാനും ഒരു ഇളനീരെങ്കിലും സൽക്കരിക്കണ്ടേ? വേണ്ടതാണു്. തക്ക ഒരു അതിഥിയെ കിട്ടണം. അതെവിടെ കിട്ടും? സൽക്കരിച്ചാൽ ഉടനെ വേണ്ടെന്നു പറഞ്ഞു നിരസിക്കുന്ന അതിഥിയാവണം. അങ്ങനെയുള്ളവരെ ക്ഷണിക്കാൻ ആലിക്കുട്ടിക്കു വലിയ ആവേശമാണു്. അതിലേ കടന്നുപോകുന്നവരൊന്നും ആ വകുപ്പിൽ പെട്ടവരല്ല. അതുകൊണ്ടു വയ്യാ. തരംപോലെ ഒരാളെ കിട്ടാനെന്തുവഴി? അധികനേരം ആലോചിക്കേണ്ടിവന്നില്ല; ഒന്നാന്തരമൊരതിഥിയുടെ കാര്യം ഓർമ്മ വന്നു.

“കദീസാ, കദീസാ!” ആലിക്കുട്ടി ഉറക്കെ വിളിച്ചു.

കദീശ അടുക്കളയിൽ നിന്നു വിളികേട്ടു.

“അനക്കു് എളന്നീം മേണോ?” ആലിക്കുട്ടി സൽക്കരിച്ചു.

“മേണ്ടാ”

“ജ്ജ് കുടിച്ചോ”, നിർബ്ബന്ധമാണു്.

“മേണ്ടാന്ന്.” കഠിനമായ നിഷേധം.

“അയിനക്കൊണ്ടൊന്നുല്ലെടീ. ജജ് കുടിച്ചോ.”

“എനിക്കു് മാണ്ടാന്ന് പറഞ്ഞില്ലേ?”

ആലിക്കുട്ടിക്കു സന്തോഷമായി.

“കെട്ടുന്നെങ്കില് അങ്ങനത്തെ പെണ്ണിനെ കെട്ടണം.”

ആകാശത്തിൽ ഇഴഞ്ഞുനടക്കുന്ന കരിമേഘങ്ങളിൽ സൂര്യൻ ഒളിച്ചുകളിക്കുകയാണു്. നിഴലും വെളിച്ചവും മാറിമാറി വീണു ഭംഗിപിടിപ്പിക്കുന്ന തന്റെ തോട്ടത്തിൽ അന്നും പതിവുപോലെ ആലിക്കുട്ടി ലാത്താനിറങ്ങി. വൃക്ഷ സമുദായത്തോടു മുഴുവനും അയാൾക്കിപ്പോൾ സ്നേഹമാണു് ബഹുമാനമാണു്. ഒരു കുട്ടി പിറന്നാൽ ചുരുങ്ങിയതു പത്തുപതിനാറുകൊല്ലം കാത്തിരിക്കണം, അവനെക്കൊണ്ടു കുടുംബത്തിലേക്കു വല്ലതുമൊരാദായമുണ്ടാവാൻ. അതുവരെ ചെലവുതന്നെ. ഒരു നാളികേരം കുഴിച്ചിട്ടു നോക്കൂ. രണ്ടാമത്തെ കൊല്ലം അടുപ്പിൽ കത്തിക്കാൻ അൽപം വിറകെങ്കിലും അതു തരാതിരിക്കില്ല. ശുശ്രൂഷിക്കേണ്ടതും വളർത്തേണ്ടതും വൃക്ഷങ്ങളെയാണു്. ഓടിപ്പോവില്ല, അനുസരണക്കേടു കാട്ടില്ല. മടിച്ചിരിക്കില്ല, കളവു പറയില്ല, നോക്കി നോക്കി നടക്കുമ്പോൾ അമ്മേനിദ്വീപിൽ നിന്നു പത്തേമ്മാരിക്കാർ കൊണ്ടുവന്നുകൊടുത്ത പതിനാറാം പട്ടക്കാരന്റെ കാര്യം ഓർമ്മവന്നു. രണ്ടുകൊല്ലംകൊണ്ടാണു് കായ്ക്കാൻ തുടങ്ങിയതു്. എങ്കിലും അവന്നു് ആരോഗ്യം പോരാ. എന്തോ കുഴപ്പമുണ്ടു്. ആലിക്കുട്ടി ചെന്നു നോക്കി. ഫലവും ചുമന്നുകൊണ്ടു കുഴിയിൽ നിന്നു തലപൊക്കി നോക്കുകയാണു്. എന്തൊരു ചന്തം!

അറിയാതെ അയാൾ വിളിച്ചു: “കദീസ്സാ” എന്നുമെന്നപോലെ ചോദിച്ചു: “അനക്കു് എളന്നീംമേണോ?” കദീശ മിണ്ടിയില്ല. അവളത്ര പൊട്ടിയൊന്നുമല്ല. വിളിക്കുന്നതും ക്ഷണിക്കുന്നതും ഇളന്നീർ കുടിക്കാനല്ലെന്നു് അവൾ മനസ്സിലാക്കിക്കഴിഞ്ഞു.

ആലിക്കുട്ടി കാലുമടക്കി ഇരുന്നു. ആ ദ്വീപുകാരന്റെ ശരീരം പരിശോധിക്കാൻ ഇരുന്നിട്ടേ വയ്ക്കൂ. അത്ര കൊച്ചാണു്. കുഴിയിൽ നിന്നു തല പുറത്തു കാട്ടിയതുതന്നെ കരിങ്കുലയും ചുമന്നോണ്ടാണു്. കടും പച്ചനിറത്തിൽ അലച്ചിലിൽ രണ്ടുംനാലുമെന്ന വിധം വലിയൊരു കരിക്കുകുല തിങ്ങിനിറഞ്ഞങ്ങനെ കണ്ടപ്പോൾ ആലിക്കുട്ടിക്കു സഹിച്ചില്ല. മുഖം അറിയാതെ താണു. കൊച്ചുമകന്റെ കൈവിരലുകളെന്നപോലെ അലച്ചിലുകൾ വട്ടത്താടിയിൽ കിക്കിളികൂട്ടി. “എന്റെ പൊന്നാര മുത്തേ” ആലിക്കുട്ടി ആ കരിക്കുകുലയിൽ മുഖമമർത്തി ഒന്നു ചുംബിച്ചു.

പിറകിൽ നിന്നു് ഒതുക്കിപ്പിടിച്ചൊരു ചിരി. ആലിക്കുട്ടി തിരിഞ്ഞു നോക്കി.

“ങ്ങക്ക് തലയ്ക്കു നല്ല ലക്കില്ലേന്ന്!” മുഖത്തു ചിരിയുണ്ടെങ്കിലും അല്പം ഗൗരവം ഭാവിച്ചുകൊണ്ടാണു് കദീശ ചോദിച്ചതു്. ആടിക്കൊണ്ടിരിക്കുന്ന തെങ്ങോലകൾക്കിടയിലൂടെ ചാഞ്ഞുവിഴുന്ന പടിഞ്ഞാറൻ ചുകപ്പു് കദീശയുടെ കവിളിൽ ചായപ്പണി ചെയ്യുകയാണു്. പെട്ടെന്നെന്തോ ഓർത്തപോലെ കദീശ തലയിലിട്ട കറുപ്പുതട്ടത്തിന്റെ അറ്റം കൊണ്ടു് മുഖം പാതി മൂടി, തൂങ്ങിനിൽക്കുന്ന ഒരു തെങ്ങോലയുടെ പിറകിലോട്ടു് മാറിനിന്നു. നാലു കുഞ്ഞുങ്ങളുടെ തള്ളയായിട്ടും കെട്ടിയോന്റെ മുമ്പിൽ നാണിച്ചുനിൽക്കണമെന്ന കാര്യം അവൾ മറന്നിട്ടില്ല. വല്ലപ്പോഴും ഓർമ്മക്കുറവുകൊണ്ടൊരു പിശകുപറ്റിയാൽ ഉടനെയതു തിരുത്താൻ അവൾ മടിക്കാറുമില്ല.

“ചോയിച്ചതു് ങ്ങള് കേട്ടീലേ?” ആലിക്കുട്ടി കേട്ടോ, എന്തോ! ആ കണ്ണുകൾ നിർന്നിമേഷങ്ങളായിരുന്നു. അളകങ്ങൾ വീണിഴയുന്ന നെറ്റിയിലോ കറുത്ത തട്ടത്തിനടിയിൽ ഒളിച്ചുകൂടുന്ന കവീളിണയിലോ നാണംകൊണ്ടിളകുന്ന നീലമിഴികളിലോ എവിടെയാണു് കദീശ സൗന്ദര്യമൊളിപ്പിച്ചുവെച്ചതെന്നു കണ്ടുപിടിക്കാനുള്ള ശ്രമമാണു് ആ നോട്ടത്തിൽ കദീശയും തെങ്ങും ഒരുപോലെയാണെന്നു് ആലിക്കുട്ടിക്കു തോന്നി. തന്റെ സുഖത്തിനും സന്തോഷത്തിനുമായിട്ടാണു് അവ നിലകൊള്ളുന്നതു്.

“എന്താങ്ങനെ മുണ്ടാണ്ടു് തുറിച്ചുനോക്കുന്നതു്?”

കദീശ വിണ്ടും ചോദിച്ചു.

“അനക്കു് തിരിയൂലെടി…” ആലിക്കുട്ടി എഴുന്നേറ്റു. “കൃസിപ്പണികൊണ്ടു തടി ബെസറക്കണം. അപ്പം അനുക്കു തിരിയും.”

“എന്തു തിരിഞ്ഞാലും ഞമ്മള് മരത്തിനെപ്പുടിച്ചു് മൊത്തുലാ.”

അവൾ പരിഹസിച്ചു: “ങ്ങള് പായ്യാരം പറച്ചിലബിട നിർത്തി ആ പൈതലിന്റെ കുടീലൊന്നു് പോയിറ്റ് ബരീം.”

“അതിപ്പം ജ്ജൊന്നു് പറയ്യാന്ണ്ടോ? പോണന്നു് ഞമ്മക്കറിയുലേ?”

“അറിഞ്ഞാപ്പോരാ. പോണം. ഇന്നു് സുബഹിനിബിടെ ബിബിരം അറിഞ്ഞില്ലേ? ത്രേരായിട്ടും ങ്ങള് പോയ്യോ?”’

ശരിയാണു്. അമ്പാടി മരിച്ച വിവരം കാലത്തേ അറിഞ്ഞു. അറിഞ്ഞ ഉടനെ പോകേണ്ടതാണു്. കഴിഞ്ഞില്ല. പോകാനുറച്ചു് പടിക്കലോളമെത്തി. ഒരിടപാടിന്റെ കാര്യവും പറഞ്ഞു് ഒരാൾ ഓടിക്കയറിവരുന്നതു് അപ്പോഴാണു്. നല്ല ഇടപാടു് എല്ലാനേരത്തും എത്തിച്ചേരില്ല. കൊല്ലത്തിലൊരിക്കലോ രണ്ടുകൊല്ലം കൂടുമ്പോൾ ഒരിക്കലോമാത്രം. അതു കണ്ടില്ലെന്നു നടിക്കാൻ വയ്യാ. ഓടവും വലയും പണയം വയ്ക്കാനാണു് വന്നതു്. കോടിക്കൽക്കടപ്പുറത്തെ ഒരു മരയ്ക്കാനു മകളെ താലികെട്ടിച്ചയയ്ക്കാനുള്ള തിടുക്കം. പരാതികൾ പലതും മരയ്ക്കാൻ പറഞ്ഞു. പലിശ എന്തുവേണമെങ്കിലും കൊടുക്കാമെന്നു ശപഥം ചെയ്തു.

“പക്കേങ്കിലു് ഒരു കാര്യം: ഞമ്മക്ക് പലിസ ബാങ്ങാൻ പറ്റൂലാ. പലിസ ഹറാമാ.” തന്റെ സ്ഥിരമായ പല്ലവി ആലിക്കുട്ടി വലിച്ചിട്ടു.

വലഞ്ഞല്ലോ. പലിശ വാങ്ങാൻ പാടില്ലത്രേ. ഏതു നിബന്ധനയിൽ പിന്നെ ഇടപാടു നടക്കും? യൗവനം മുറ്റിത്തഴച്ചുനിൽക്കുന്ന ഒരു പെൺകുട്ടി മുമ്പിൽ വന്നു നിൽക്കുന്നു; എല്ലാ നിയന്ത്രണങ്ങളും വലിച്ചുപൊട്ടിച്ചു പുറത്തേക്കു ചാടാൻ ഒരുങ്ങിനിൽക്കുന്നൊരു പെൺകുട്ടി! ആ അച്ഛൻ വിഷമിച്ചു. മീൻപിടുത്തക്കാർക്കു സമ്പാദിക്കാനറിയില്ല. അന്നന്നത്തെ ചെലവു കഴിച്ചു മിച്ചമുണ്ടാക്കാൻ അവർ പഠിച്ചിട്ടില്ല. വരവിനനുസരിച്ചാണു് ചെലവൊപ്പിക്കുന്നതു്. കുറച്ചു കിട്ടിയാൽ അരിഷ്ടിച്ചും പിശുക്കിയും, ധാരാളം കിട്ടിയാൽ വിഭവസമൃദ്ധമായും ആർഭാടസഹിതമായും. പിന്നെ എങ്ങനെ മിച്ചമുണ്ടാവും? അടിയന്തരാവശ്യങ്ങൾ നേരിടുമ്പോൾ അവർ പരസ്പരം മിഴിച്ചുനോക്കും. ഒരു ഭാഗം നോക്കി മടുക്കുമ്പോൾ മറുഭാഗം തിരിഞ്ഞിരിക്കും. അവിടെ കടലാണു്. അറ്റം കാണാത്ത കടൽ. അതുപോലെ ആവശ്യങ്ങളും അറ്റം കാണാതെ പരന്നുകിടക്കുന്നു; ഓരോ ചോദ്യവും ഉത്തരം കാണാതെ പുറപ്പെട്ട സ്ഥലത്തു തിരിച്ചെത്തുന്നു. ഒടുവിൽ വലിയൊരു തീരുമാനവുമായി എഴുന്നേൽക്കുന്നു-മീൻ പിടിക്കാനുള്ള ഓടവും വലയും പണയപ്പെടുത്തുക. അതു ജീവിതത്തെത്തന്നെ പണയപ്പെടുത്തലാണു്. പട്ടിണി കിടക്കാനുള്ള സൗകര്യം സൃഷ്ടിക്കലാണു്.

ആവലാതികളും അപേക്ഷകളുമൊക്കെ നിരസിച്ചുകൊണ്ടു് ആലിക്കുട്ടി ഉറപ്പിച്ചു പറഞ്ഞു: “പലിസയ്ക്കു കൊടുക്കാനുള്ള മൊതൽ ഞമ്മളെ കൈമലില്ല. ലാഫക്കച്ചോടാണെങ്കില് ഞമ്മളൊരുക്കാം.”

അല്പനേരത്തെ മൗനം. ആരാണു് പറയേണ്ടതു്? എന്താണു് പറയേണ്ടതു്? ആ മൗനം വളരെ നേരം നീട്ടിക്കൊണ്ടുപോവാൻ പറ്റില്ല.

“ഞമ്മളൊരൊപായം പറയാം.” ഒടുവിൽ ആലിക്കുട്ടിതന്നെ ഒരു വഴി കണ്ടുപിടിച്ചു. മരയ്ക്കാൻ ശ്രദ്ധിച്ചു കേട്ടു. “പണയം ഞമ്മക്കുമേണ്ടാ. ഓടവും വലയും ബെലകണക്കാക്കി ഞമ്മക്ക തന്നാള.”

ആ ഉപായത്തിനു് ഒരിടിവാളിന്റെ കരുത്തുണ്ടായിരുന്നു. ഓടവും വലയും വില കണക്കാക്കി വിൽക്കുന്നതു ജീവിതത്തെ ഉപേക്ഷിക്കും പോലെയാണു്. കടം ചോദിക്കാൻ വരുന്നവന്റെ മനഃശ്ശാസ്ത്രം നല്ലപോലെ പഠിച്ചുറപ്പിച്ച ആലിക്കുട്ടി അനുനയസ്വരത്തിൽ തുടർന്നു:

“എടോ, ഞമ്മള് ഒപായന്ന് പറഞ്ഞത് നീ കേട്ടോ?”

“കേട്ടു.”

“പിന്നെ ജ്ജെന്തിനാ പേടിച്ചിണ്?” ഓടോം വലേം വെല കണക്കാക്കി ഞമ്മക്ക് തന്നാല് അതു് ജ്ജ് തന്നെ സൂച്ചിച്ചോ. ഞമ്മക്കാതെന്തിനാ? ഞമ്മള് മീൻ പിടിച്ചാമ്പോണില്ലല്ലോ. പക്കേങ്കിലു് ഒരു കാര്യം “ഞമ്മളെ കായിനു് ലാഫം കണക്കാക്കി ജ്ജ് അതിനു് ദിവസക്കൂലി തന്നാളാ. എന്തേയ്?”

ഉത്തരമില്ല.

“ഞമ്മളെ ഒപായം അനക്ക് പിടിച്ചോ?”

നെടുവീർപ്പു്!

“പുടിച്ചെങ്കില് കയ്യടിച്ചോ. അന്റെ കയിൽ കായിണ്ടാവുമ്പം തന്നാളാ. ഓടോം ബലേം അന്റേത് തന്യാവും.”

ഒടുവിൽ പറഞ്ഞതു ന്യായമാണു്. പണമുണ്ടാവുമ്പോൾ തിരിച്ചു കൊടുക്കാനും ഓടവും വലയും വിട്ടുവാങ്ങാനും ആ ഉടമ്പടിയിൽ വ്യവസ്ഥയുണ്ടു്. അതുകൊള്ളാം. ഒന്നു മൂളിയാൽ പണം കിട്ടും. പണം കിട്ടിയാൽ കല്യാണം നടക്കും. കല്യാണം നടന്നാൽ മനസ്സിൽ നിന്നു വലിയൊരു ഭാരമിറക്കിവെക്കാം. പാവപ്പെട്ട ആ പിതാവുമൂളി. പക്ഷേ ശബ്ദം പുറത്തുകേട്ടില്ല.

“എന്താ മുണ്ടാത്തതു്? ഇദല്ലാണ്ട് ബേറെ ബയി ഞമ്മളെ കയ്യിലില്ല.” ആലിക്കുട്ടി എഴുന്നേറ്റു. കുടവയറും തടവിക്കൊണ്ടു പതുക്കെ നടന്നു. മരണച്ചൂണ്ടലാണു് താനെറിഞ്ഞുകൊടുത്തതു്. ഏതു ബുദ്ധിയുള്ള മീനും അതിൽ കുടുങ്ങേണ്ടതാണു്.

കുടുങ്ങി! ബലം പ്രയോഗിച്ചു് ഒന്നു പിടിച്ചുവലിക്കേണ്ടതുകൂടി ഉണ്ടായില്ല. ആലോചിക്കുന്തോറും ബഹുരസം. ഓടവും വലയും സ്വന്തമായുണ്ടാവുന്നതു് എപ്പോഴും ആദായകരമാണു്. പണയപ്പെടുത്തിയ വസ്തുക്കളൊന്നും ഇന്നുവരെ ഒരു മുക്കുവനും തിരിച്ചുവാങ്ങീട്ടില്ല. അങ്ങനെ അന്നു കാലത്തു നടന്ന ആദായകരമായ ഇടപാടിനെക്കുറിച്ചു ചിന്തിക്കാനും രസിക്കാനും ആലിക്കുട്ടിക്കു വലിയ ആവേശം തോന്നി. ആ തെങ്ങിൻതോപ്പും കദീശയും ആലിക്കുട്ടിയുടെ മനസ്സിൽ നിന്നു് അൽപ്പനേരത്തേക്കു മാഞ്ഞുപോയി.

“അല്ലാന്നു്! ഈ സ്ഥലം അമ്പാടീന്റെ കൈമന്നല്ലേ ഇങ്ങള് മോങ്ങ്യേത്?”

നോക്കണേ, ആ പെമ്പിറന്നോളുടെ ഒരു വിവരമില്ലായ്മ! ആവുന്നത്ര മറക്കാൻ ശ്രമിക്കുന്നൊരു സത്യം. ഒരു പൂച്ചക്കുട്ടിയെ എന്നപോലെ ചെവിക്കു തൂക്കിപ്പിടിച്ചു കൊണ്ടുവരുന്നു.

“ബെറുക്കനെ മേങ്ങ്യേതല്ല. മ്പാടും കായി കൊടുത്തിറ്റാ.”

“ന്നാലും ഒരറിബും കൊണോം കാണിക്കണ്ടേന്ന്” കദീശ വിട്ടില്ല. “ങ്ങളിത്ബരെ ഒന്നബിടെ കേറ്യോ.”

“ന്റെ കദീസ്സാ, ജ്ജൊന്ന് ജഗളകൂട്ടാണ്ടു് നിക്ക്.” ആലിക്കുട്ടി കീഴടങ്ങുകയാണു്. അപരാധബോധത്തിന്റെ കുറഞ്ഞൊരു തളർച്ച ആ ശബ്ദത്തിലുണ്ടു്. “ഞമ്മളിപ്പത്തന്നെ പോഗ്ഗാ.”

“ഓലിക്കബിടെ പുസ്തിമുണ്ടെന്തെങ്കിലും ഉണ്ടെങ്കിൽ…”

“ഉണ്ടെങ്കില്?” കദീശ പറഞ്ഞുതീരുന്നതിനു മുമ്പെ ആലിക്കുട്ടി തിരിഞ്ഞുനിന്നു ചോദിച്ചു.

“കായി ബല്ലോം കൊടുക്കണം.” കദീശ വാചകം പൂർത്തിയാക്കി.

“ജ്ജി ദാ, നോക്ക്, കുരുതംകെട്ടോളേ.” കളിയായിട്ട കൈയോങ്ങിക്കൊണ്ടു് ആ ഭർത്താവു് ശാസിച്ചു. “ബേണ്ടാസനം പറഞ്ഞാലുണ്ടല്ലോ, അന്റെ പെരടി ഞമ്മൾ കലക്കും.”

“അല്ലാണ്ടോ?” തികഞ്ഞ ഗൗരവം ഭാവിച്ചു കദീശ മുമ്പോട്ടു കയറി അവിടെ ഉറച്ചുനിന്നു-തല്ലുന്നെങ്കിൽ തല്ലീൻ, ഒന്നു കാണട്ടെ എന്ന മട്ടിൽ. ആലിക്കുട്ടിയുടെ ഉയർന്ന കൈ മെല്ലെ താണു് കദീശയുടെ തോളിൽ വിശ്രമിക്കുകയാണുണ്ടായതു്. ശുണ്ഠിവരുന്ന പെണ്ണേതായാലും അവളെ കാണാൻ നല്ല ചന്തമുണ്ടാവുമെന്നാണു് ആലിക്കുട്ടിയുടെ ശാസ്ത്രം.

“ഓ! ഇങ്ങള് ചെറുബാല്യക്കാരന്റെ ചേലിക്ക് പയ്യാരം കാണിക്കുന്നോ?” തോളിൽ ചാഞ്ഞുനിൽക്കുന്ന പരുക്കൻ കൈത്തണ്ട തട്ടിമാറ്റി, തെറ്റിത്തെറിച്ചു്, അവൾ മുൻകടന്നു നടന്നു.

അവൾ കുണുങ്ങിക്കുണുങ്ങി മുമ്പിലങ്ങനെ നടക്കുമ്പോൾ ആലിക്കുട്ടിക്കു തോന്നി, തെങ്ങുകളെക്കാൾ സൗന്ദര്യം അവൾക്കാണെന്നു്. തന്റെ ചുറ്റുമുള്ള തെങ്ങളുകൾക്കു മാത്രമല്ല പ്രപഞ്ചത്തിനുതന്നെയും വല്ല ആകർഷകതയുമുണ്ടെങ്കിൽ അതു കദീശയെന്ന ആ പൊൻവിളക്കു മാളികയ്ക്കൽ വീട്ടിൽ കത്തുന്നതുകൊണ്ടാണെന്ന സത്യം ആലിക്കുട്ടി കണ്ടെത്തി.

ആ തെങ്ങുകളിനിയും വലുതാവും. പുതിയ സ്ഥലം ആ പുരയിടത്തോടു കൂടിച്ചേരും. അതിർവരമ്പും വേലിയും ഇനിയും വിസ്തീർണ്ണതയിലേക്കു നീങ്ങും. പുതിയ തെങ്ങിൻ തൈകൾ മുളച്ചുണ്ടാവും. കാറ്റും വെയിലും മഞ്ഞും മഴയുമേറ്റു് അവ പാഞ്ഞുപാഞ്ഞു വളരും. കായ്കൾ കൊണ്ടു് കനത്ത കുലകളും പേറി അവ നിൽക്കും. തന്റെ മക്കളും മക്കളുടെ മക്കളുമായി വലിയൊരു കുടുംബം ആ വീട്ടിനകത്തുനിന്നു വീർപ്പുമുട്ടുമ്പോൾ ചുറ്റും പുതിയ ചുമരുകൾ ഉയർന്നു വരും. അതൊരു തറവാട്ടുവീടായി വലുതാവും. അന്നു വെറ്റിലത്തട്ടും കോളാമ്പിയും വെച്ചു്, നീണ്ട തലയണയിൽ ചാരി ബടാപ്പുറത്തിരുന്നു മക്കൾക്കും ഭൃത്യന്മാർക്കും വേണ്ട നിർദ്ദേശം കൊടുക്കുന്നതു മാളികയ്ക്കൽ ആലിക്കുട്ടിഹാജിയായിരിക്കും. വെറും ആലിക്കുുട്ടിയല്ല. ഒരു പള്ളിപ്പണികൂടി കഴിപ്പിക്കണം. എന്നാൽ എല്ലാമായി.

വീട്ടിന്റെ മുറ്റത്തിറങ്ങുമ്പോൾ കദീശയൊന്നു തിരിഞ്ഞുനോക്കി കറുത്ത തട്ടത്തിന്റെ മറവിൽ നിന്നു് ആ കണ്ണുകൾ ചിരിക്കുന്നുണ്ടായിരുന്നു. അവൾ ഒടുവിൽ പറഞ്ഞ മുള്ളുവാക്കിനെപ്പറ്റി ആലിക്കുട്ടി അപ്പോൾ ആലോചിച്ചു. “ചെറുബാല്യക്കാരന്റെ ചേലിക്കെ”ന്നു് അവൾ തന്നെ കളിയാക്കിയിരിക്കുന്നു. തന്നെ കളിയാക്കാൻമാത്രം അവളത്ര ചെറുപ്പമാണോ? തനിക്കത്ര വയസ്സായോ?

പെണ്ണുകെട്ടീട്ടു പതിനൊന്നു കൊല്ലമായി. അവൾക്കന്നു പന്ത്രണ്ടു വയസ്സാണു്. ഓണത്തുമ്പിയുടെ പിറകെ നടക്കേണ്ട കാലം. ഒന്നും അറിഞ്ഞുകൂടാ. ആലിക്കുട്ടിയെ കാണുമ്പോൾത്തന്നെ പേടിച്ചു വിറയ്ക്കും. തടിച്ചുകൊഴുത്തു കറുത്ത വട്ടത്താടിയുംവെച്ചു വന്ന പുതിയാപ്പിളയ്ക്കു് അന്നു് ഇരുപത്തൊമ്പതു വയസ്സായിരുന്നു. പന്ത്രണ്ടും ഇരുപത്തൊമ്പതും. ഇന്നതു് ഇരുപത്തിമൂന്നും നാല്പതുമാണു്. തന്നെ മുതുക്കനെന്നു വിളിക്കേണ്ട പ്രായത്തിൽ ഇന്നും അവൾ ഉറച്ചു നിൽക്കുന്നു. നിൽക്കട്ടെ. സ്ത്രീകൾക്കു പ്രായം കൂടരുതെന്നും അവരുടെ താരുണ്യം ക്ഷയിക്കരുതെന്നും ആലിക്കുട്ടിക്കഭിപ്രായമുണ്ടു്. അങ്ങനെ വരുമ്പോൾ പിന്നെയും പിന്നെയും പെണ്ണുകെട്ടേണ്ടിവരും. അതു വലിയ ചെലവാണു്. അതുകൊണ്ടു കദീശ ഇരുപത്തിമുന്നിൽത്തന്നെ അവിടെ ഉറച്ചുനിൽക്കട്ടെ; വാടാതെ, ഇതൾ കൊഴിയാതെ, ചീനപ്പട്ടിൽ തുന്നിപ്പിടിപ്പിച്ച പൂപോലെ.

“അല്ലാഹു… അക്ബർ…” അകലത്തുള്ള പള്ളിയിൽ നിന്നു നിസ്കാരസമയം സൂചിപ്പിക്കുന്ന ബാങ്കുവിളി ഉയർന്നു. ആലിക്കുട്ടി തിരക്കി നടന്നു. നിസ്കരിച്ചിട്ടു വേണം പൈതലിന്റെ കുടിലിലൊന്നു പോകാൻ. ഒരു ചടങ്ങല്ലേ? നടക്കട്ടെ. കദീശയ്ക്കിഷ്ടമാവും…

അമ്പാടിമരയ്ക്കാന്റെ ശവസംസ്കാരം കഴിഞ്ഞു് ഉറ്റവരും ബന്ധുക്കളും ശ്മശാനത്തിൽനിന്നു പിരിയുമ്പോൾ നേരം സന്ധ്യയായി. പലരും പല വഴി കടന്നുപോയി. പൊക്കൻ തനിച്ചു കടലോരത്തൂടെ നടന്നു. കൊച്ചുകൊച്ചലകൾ ഓടിക്കിതച്ചു വന്നു്, നായക്കുട്ടികളെപ്പോലെ, അവന്റെ കാലടികൾ നക്കി വെളുപ്പിച്ചു. മലകുലുക്കിപ്പക്ഷികൾ വെള്ളത്തിനുമീതെ പറന്നു് ഭീകരശബ്ദമുണ്ടാക്കി. അകലത്തെവിടെയോ ഒരു മൂങ്ങയിരുന്നു പ്രപഞ്ചത്തിൽ അന്നു പകലുണ്ടായ എല്ലാ സംഭവങ്ങൾക്കും മൂളിക്കൊണ്ടു് അംഗീകാരം നൽകി.

വീരസാഹസകൃത്യങ്ങൾക്കു വേണ്ടി ദാഹിച്ചുകൊണ്ടിരിക്കുന്ന പൊക്കന്റെ മനസ്സു മഞ്ഞുകട്ടപോലെ തണുത്തുപോയി. തല കനത്തു തൂങ്ങുക, കൺപോളകൾ താനേ അടയാൻ തുടങ്ങുക, അവയവങ്ങൾ സന്ധികളിൽ നിന്നു് ഊർന്നുവീഴാൻ പോവുക. പുതിയൊരനുഭവമാണു്. അകാരണമായി നെഞ്ചിലെവിടെയോ ഓരു നീറ്റം എന്താണതു്?

ആദ്യത്തെ ഏറ്റുമുട്ടലിൽതന്നെ എതിരാളിയോടു തോറ്റു പിന്മാറിയ ഒരു യോദ്ധാവിനെപ്പോലെ അവൻ തലയും താഴ്ത്തി നടന്നു. ഒരേയൊരു ചിത്രമേ അപ്പോൾ അവന്റെ മനസ്സിലുള്ളൂ: ശവക്കുഴിയിൽ മണ്ണിന്നടിയിലുള്ള ആ പ്രേതം. ഉറ്റവരും ചാർച്ചക്കാരും കൂടിയാണു് കുഴി വെട്ടിയതു്. കുഴി വെട്ടിക്കഴിഞ്ഞപ്പോൾ ശവശരീരം അതിലിറക്കി വെച്ചു. മണ്ണിട്ടു മമ്മട്ടിക്കൊണ്ടടിച്ചും ചവിട്ടിയും കുഴി തൂർത്തു. അടിയിൽ ഒരു മനുഷ്യനെ കിടത്തീണ്ടെന്ന വിചാരം ആർക്കുമുണ്ടായില്ല. തന്റെ അച്ഛൻ മരിച്ചാലും അമ്മ മരിച്ചാലും ഈ സമ്പ്രദായം ആവർത്തിക്കും. അല്ലെങ്കിൽ മരിച്ചുവരോടു് ഉറ്റവർക്കും ബന്ധുക്കൾക്കും അവസാനമായി അനുഷ്ഠിക്കാനുള്ള കൃത്യം ഇതൊന്നുമാത്രമായിരിക്കും. “ഇതുവരെ എന്തിനു നീ ഞങ്ങളുടെയിടയിൽ ജീവിച്ചു? ഇനി തിരിച്ചുവരാൻ നിനക്കു കഴിയരുതു്. പോ, എന്നെന്നേക്കുമായി. മണ്ണിന്നടിയിലേക്കു്, പാതാളത്തിലേക്കു പോ.” അങ്ങനെയൊരു ഭാവമുണ്ടു് ആ കുഴിവെട്ടിയവർക്കും മണ്ണിട്ടവർക്കും.

കാലത്തേ അമ്മയോടു് അവനു പുച്ഛമായിരുന്നു. മരിച്ചവരെച്ചൊല്ലി കരയുന്നതു വിഡ്ഢിത്തമാണെന്നു പലതവണ പറയാൻ അവനു തോന്നി. ഇപ്പോൾ അവന്റെ അഭിപ്രായം മാറിയിരിക്കുന്നു. ഉറ്റവരും ചാർച്ചക്കാരുംകൂടി മരിച്ചുവരോടു പെരുമാറുന്ന രീതിയിതാണെങ്കിൽ അമ്മ കരഞ്ഞതിൽ തെറ്റില്ല. ആരും കരയും. അവൻ അന്നാദ്യമായി ഒരു ശവസംസ്കാരത്തിൽ പങ്കെടുക്കുകയാണു്. ക്രൂരവും മൃഗീയവുമാണു് ശവസംസ്കാരത്തിന്റെ രീതി. തന്നെക്കുറിച്ചും അവൻ ഓർത്തു. വർഷങ്ങൾ കഴിയുമ്പോൾ തന്റെ മാംസപേശികൾ തളരും. മുഖത്തു ചുളിവുണ്ടാവും. പല്ലുകൾ കൊഴിയും. തലമുടി നരയ്ക്കും. വാർദ്ധക്യത്തിന്റെ മടിയിൽ തല ചായ്ച്ചു താനും നെടുവീർപ്പയയ്ക്കും. പതുക്കെപ്പതുക്കെ എണ്ണ തീർന്ന വിളക്കുപോലെ പ്രകാശം കുറഞ്ഞു കുറഞ്ഞു് ഒരു ദിവസം തന്റെ കണ്ണുകളും അടയും.

പൂഴിമണ്ണിൽ മമ്മട്ടികൾ ആഞ്ഞാഞ്ഞു പതിക്കുന്ന ശബ്ദം… ഒരാളുടെ നീളത്തിൽ ആഴം കൂടിയൊരു ശവക്കുഴി… അതു വായപിളർന്നുതന്നെ വിഴുങ്ങാനടുക്കുകയാണു്… മണ്ണിൻകട്ടകൾ ഉരുണ്ടുവീഴുന്നു… കണ്ണിലും മൂക്കിലും വായിലും നെഞ്ചിലും… വീഴുന്ന മണ്ണിനു കനം കുടുകയാണു്… ഭൂമിക്കടിയിൽ ഇരുട്ടിന്റെ ഒരറയുണ്ടാക്കി എല്ലാവരുംകൂടി തന്നെ അതിലിട്ടടയ്ക്കുകയാണു്. ഇരുട്ടു്… ഇരുട്ടു്…

അതേ, ഇരുട്ടുതന്നെ, ആ ഇരുട്ടിൽ അവന്റെ കാലുകൾ അവനെ മെല്ലെ നയിച്ചു. മുമ്പിലും പിമ്പിലും ശവത്തുണി വിരിച്ചപോലെ പൂഴിപ്പരപ്പു്. ഒരു വശത്തു ചലനമില്ലാതെ ചത്തുകിടക്കുന്ന കടൽ. തലയ്ക്കു മുകളിൽ നക്ഷത്രങ്ങളെ കരിമേഘത്തിന്റെ മണ്ണിട്ടു മൂടാൻ തുടങ്ങുന്ന ആകാശം. പേടിപ്പെടുത്തുന്ന നിശ്ശബ്ദത. എങ്ങോട്ടു തിരിഞ്ഞാലും മൂകത. കടലിലും കരയിലും ആകാശത്തിലുമൊക്കെ മുകത തളം കെട്ടി നിൽക്കുന്നു. അതിവിശാലമായ ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിൽ, ഒരു കൊച്ചുകുടിലിൽ, വാർദ്ധക്യത്താലും വാർദ്ധക്യസഹജമായ രോഗത്താലും ഒരാൾ മരിച്ചു. അതുകൊണ്ടു് ആകാശവും കടലും തനിക്കു ചുറ്റുമുള്ള പ്രകൃതിയും ഇങ്ങനെ മുഖം കറുപ്പിക്കുന്നതെന്തിനെന്നു് അവനു മനസ്സിലായില്ല. ഈ ജീവിലോകമെന്നു പറയുന്നതു് അനേകം കണ്ണികൾ ചേർന്നുണ്ടായ ഒരു ചങ്ങലയാവാം. ആ ചങ്ങലയിൽ നിന്നു് ഒരു കണ്ണി പൊട്ടുമ്പോൾ അങ്ങോളമിങ്ങോളം ഒരു കുലുക്കം അനുഭവപ്പെടുന്നുണ്ടാവാം.

ആലോചനയുടെ വെള്ളപ്പൊക്കത്തിൽ അവൻ ഒഴുകിപ്പോവുകയാണു്. എങ്ങോട്ടെന്നില്ല. പെട്ടെന്നു മുമ്പിൽനിന്നൊരു ശബ്ദം കേട്ടു: “കദീസാ, ഞമ്മളെ കുത്തിപ്പിടിച്ചിണ ചൂരലിങ്ങെട്ക്ക്.”

പൊക്കൻ സൂക്ഷിച്ചുനോക്കി. ആലിക്കുട്ടിമാപ്പിളയാണു്. മങ്ങിയ നാട്ടുവെളിച്ചത്തിൽ തിരിച്ചറിയാൻ വിഷമമുണ്ടായില്ല. എവിടേക്കോ പുറപ്പെട്ടു പടിക്കൽ നില്പാണു്. മുമ്പോട്ടു നടന്നാൽ കാണും. കാണാതെ കഴിയണം. ആ മനുഷ്യനെ കാണുന്നതു് അവന്നിഷ്ടമല്ല. അൽപ്പം പിറകോട്ടു മാറിനിന്നു. മാളികയ്ക്കൽ തെളിഞ്ഞുകത്തുന്ന വിളക്കു് ഇരുണ്ട തെങ്ങിൻതോപ്പിനിടയിലൂടെ അവൻ കണ്ടു.

ആ വീടും പരിസരവും അവന്റേതാണു്. ആ പടിക്കൽ നിന്നുകൊണ്ടു് വീട്ടിലുള്ളവരെ വിളിക്കേണ്ടതവനാണു്. ആ വീടു കെട്ടിപ്പൊക്കാനും തൊടിനിറച്ചു തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കാനും അവിടെക്കിടന്നു ക്ലേശിച്ച മുത്തപ്പനെ മണ്ണിൽ കുഴിച്ചുമുടീട്ടു് അധികനേരമായിട്ടില്ല. മുത്തപ്പൻ അരനേരത്തെ ആഹാരത്തിന്നു വഴിയില്ലാതെ കടപ്പുറത്തു പട്ടിണികിടന്നു നരകിച്ചപ്പോൾ ആലിക്കുട്ടി മാപ്പിള മാളികയ്ക്കലിരുന്നു സുഖിക്കുകയായിരുന്നു. അതു് അവനോർക്കാൻ വയ്യാ. അമ്മ എല്ലാം അവനെ പറഞ്ഞു മനസ്സിലാക്കീട്ടുണ്ടു്. ആ മനുഷ്യൻ എവിടത്തുകാരനാണെന്നു് ആർക്കുമറിഞ്ഞുകൂടാ. മീൻകച്ചവടത്തിനെന്നും പറഞ്ഞു് ഒരുനാൾ കടപ്പുറത്തെത്തി. സൂത്രത്തിൽ എല്ലാവരെയും മിരട്ടി സമ്പാദിക്കാൻ തുടങ്ങി. സ്വന്തമായി ഓടവും വലയുമുള്ള മരയ്ക്കാന്മാർ ഇന്നു് ആ കടപ്പുറത്തില്ല. എല്ലാം അയാൾക്കു പണയപ്പെടുത്തി. പണയമെന്നു പറയുന്നതു പേരിന്റെ ഭംഗിക്കു മാത്രമാണു്, എല്ലാം അയാളുടേതായിക്കഴിഞ്ഞു. മീൻപിടിക്കാൻ കടലിലിറങ്ങണമെങ്കിൽ ഉപകരണങ്ങൾ അയാളോടു കൂലിക്കു വാങ്ങണം. വലിയ കൂലിയാണു്. വലിയ മീൻ കുടുങ്ങിയാലും ഇല്ലെങ്കിലും അയാൾക്കു കൂലി കൊടുക്കണം. അദ്ധ്വാനിക്കുന്നവരെ വഞ്ചിച്ച അയാൾ സമ്പാദിച്ചു. ഇന്നു് അയാൾക്കു പാണ്ടികശാലയുണ്ടു്. ബന്ധുബലമുണ്ടു്; കടലിലും കരയിലും കച്ചവടമുണ്ടു്. തിക്കോടിത്തുറമുഖത്തെ പാണ്ടികശാലയിൽ കുരുമുളകും ഏലവും കുന്നുകൂടിക്കിടക്കുകയാണു്. കപ്പലുകൾ വരും. എല്ലാം കയറ്റിക്കൊണ്ടുപോകും.

അറബികൾക്കും മുറുകൾക്കുമല്ലാതെ ഉൽപന്നങ്ങൾ വിൽക്കരുതെന്നു് സാമൂതിരിത്തമ്പുരാൻ കൽപ്പിച്ചിട്ടും ആലിക്കുട്ടിമാപ്പിള പറങ്കികളുമായി രഹസ്യബന്ധം പുലർത്തുന്നുണ്ടെന്നു് പലരും പറഞ്ഞു് പൊക്കൻ കേട്ടിട്ടുണ്ടു്. നാട്ടുകാരെ ദ്രോഹിക്കുകയും തുറമുഖങ്ങൾ ആക്രമിച്ചു നശിപ്പിക്കുകയും അങ്ങാടികൾ കൊള്ളചെയ്യുകയും പെണ്ണുങ്ങളെ പിടിച്ചു കൊണ്ടുപോവുകയും ചെയ്യുന്നവരാണു് പറങ്കികൾ. അവരുമായി കൂട്ടുകൂടുന്നവരെ വെറുതെ വിടാൻപാടില്ലാത്തതാണു്. പക്ഷേ, തെളിവുവേണ്ടേ? കിംവദന്തിമാത്രം അടിസ്ഥാനപ്പെടുത്തി ഒരാളെ ശിക്ഷിക്കാൻ നാടുഭരിക്കുന്ന മഹാരാജാവുകൂടി ഒരുങ്ങാറില്ല. പലരും ആലിക്കുട്ടിമാപ്പിളയുടെ നടപടികളെ സൂക്ഷിക്കുന്നുണ്ടു്. തെളിവൊന്നും കിട്ടീട്ടില്ല. കിട്ടും; കിട്ടാതിരിക്കില്ല. പലനാൾ കള്ളൻ ഒരു നാൾ കുടുങ്ങും.

ചൂരൽവടിയും വാങ്ങി ആലിക്കുട്ടി പോയതു് അവൻ കണ്ടില്ല. പോട്ടെ കണ്ടാൽ സന്തോഷിച്ചൊരു ചിരിയുണ്ടു്. അതു മയക്കുന്ന ചിരിയാണു്. ചിരിച്ചുചിരിച്ചു് എല്ലാവരേയും മയക്കി. ഇനിയതു നടപ്പില്ല. സമയം വരുമ്പോൾ എല്ലാറ്റിനും പകരം വീട്ടണം.

ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നതുകേട്ടു തുടങ്ങി. ഇനി കുറച്ചു ദിവസം ആളുകളുടെ തിരക്കായിരിക്കും. ആണുങ്ങളും പെണ്ണുങ്ങളും ഇടതടവില്ലാതെ കയറിയിറങ്ങി “പണ്ടു കഴിഞ്ഞതും പടയിൽ തോറ്റതും” പറഞ്ഞു് അമ്മയെ കരയിക്കും. നിവൃത്തിയില്ല. ആചാരമാണു്.

മുറ്റത്തെ മാവിൻചുവട്ടിൽ ആരാണിരിക്കുന്നതു്? പൊക്കൻ സൂക്ഷിച്ചുനോക്കി. മാരണം! ആ മനുഷ്യൻ അവിടെ വലിഞ്ഞുവീണിരിക്കുന്നു. നാൽക്കാലിയിലിരുന്നു മുറുക്കിത്തുപ്പി വെടിപറയുകയാണു്, അച്ഛനും കുഞ്ഞിക്കണ്ണൻമരയ്ക്കാനും അടുത്തുതന്നെ ആദരപൂർവ്വം നിൽക്കുന്നുണ്ടു് നാശമായി. കാണും. കണ്ടാൽ ചിരിക്കും. ആ ചിരി അവന്നു സഹിക്കില്ല. എന്തുവേണം? അവൻ ഇരുട്ടിൽ തെല്ലിട സംശയിച്ചു നിന്നു. പിന്നീടു ധൃതിയിൽ ഒരു നടത്തം. കുടിയിലേക്കു കയറിക്കളയാം.

“ആരാതു്, പൊക്കനോ?” ആലിക്കുട്ടിയുടെ സൂക്ഷ്മദൃഷ്ടിക്കു പിശകു പറ്റില്ല. “ജ്ജെബിടാർന്നു ഇത്തിരനേരോം?”

അവൻ ശ്രദ്ധിച്ചില്ല. ശരംവിട്ടപോലെ അകത്തെത്തി അച്ഛനെന്തോ മറുപടി പറയുന്നുണ്ടു്. പറയട്ടെ. ആ മനുഷ്യന്റെ മുഖത്തു നോക്കാനും ആത്മാർഥതയില്ലാത്ത ചിരി കാണാനും അവന്നു വയ്യാ.

അമ്മ കിടക്കുകയാണു്. ഇനിയും എഴുന്നേറ്റിട്ടില്ലേ? ആരാണു പിന്നെ വിളക്കു കൊളുത്തിയതും അടുപ്പിൽ തീയെരിച്ചതും? ആരെങ്കിലുമുണ്ടോ? അവൻ നോക്കി. കുടിലിന്റെ ഓലമറയും ചാരി അവൾ നിൽക്കുന്നു.

പാഞ്ചാലി. അവന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല. തലതാഴ്ത്തിയാണു് നിൽപ്പു്. നെടുവീർപ്പുകൊണ്ടു് മാറിടം ഉയരുകയും താഴുകയും ചെയ്യുന്നതു് അവന്നു കാണാം.

“പൊക്കാ!” കുഞ്ഞിക്കണ്ണൻമരയ്ക്കാന്റെ ശബ്ദമാണു്. തിരിഞ്ഞു നോക്കാൻ വലിയപ്രയാസം. കണ്ണുകൾ തറച്ചുനിൽപ്പാണു്.

“ഓളിവിടെ രണ്ടുദിവസം നിക്കട്ടെ.” പാഞ്ചാലിയെപ്പറ്റിയാണു് പറയുന്നതു്. “സകായത്തിനൊരാള് വേണ്ടേ? നിന്റെ അമ്മയ്ക്കു വയ്യല്ലോ.”

രണ്ടുദിവസമെന്നു പറഞ്ഞതിലേ അവനു് എതിർപ്പുള്ളു. പാഞ്ചാലി എന്നും അവിടെ നിൽക്കേണ്ടവളാണു്. കുഞ്ഞിക്കണ്ണൻമരയ്ക്കാന്നു് അതു മനസ്സിലായിട്ടില്ലേ? ഇല്ലെങ്കിൽ താമസിയാതെ മനസ്സിലാവും!

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.