images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
അഞ്ചു്

കോഴിക്കോട്ടുനിന്നുള്ള ഉത്തരവും കാത്തു ദിവസങ്ങൾ കടന്നുപോയി. കർക്കിടകം അവസാനിച്ചു. നിലാകാശച്ചെരുവിൽ വെള്ളിമേഘത്തിന്റെ പൂഴിത്തട്ടുകൾ നിർമിച്ചുകൊണ്ടു് ചിങ്ങമാസപ്പകലുകൾ നടന്നെത്തി. കടലിലെ കാറ്റും കോളും ഒതുങ്ങി. കാലാവസ്ഥ അനുകുലമായി. എന്നിട്ടും മംഗലാപുരത്തു പോകേണ്ട കാര്യത്തിൽ തീരുമാനമായില്ല. കാത്തുകാത്തു പൊക്കന്റെ മനസ്സു മുഷിഞ്ഞു. പടക്കപ്പലിനു് അകമ്പടി സേവിക്കാനുള്ള ഭാഗ്യം ജീവിതത്തിൽ ഒരിക്കലുമിനി കൈവരില്ലെന്നുപോലും തോന്നി.

പലരോടും തിരക്കി. ഒരു വിവരവുമില്ല. മഹാരാജാക്കന്മാരുടെ തീരുമാനങ്ങളറിയാൻ സാധാരണക്കാരന്റെ പിറകേ നടക്കുന്നതു വിഡ്ഡിത്തമാണെന്നു പൊക്കനു മനസ്സിലായി. എങ്കിലും കണാരപ്പണിക്കർ വല്ലതുമറിയും; അറിയാതിരിക്കില്ല. ജ്യോതിഷവും മന്ത്രവാദവും അതിനടുത്ത വൈദ്യവും വശമുള്ള ആളാണു്. ലോകപരിചയവും കാര്യവിവരവും പ്രായവുംകുടും. ഏതു വീട്ടിലും ചെല്ലാം. ആരെയും കാണാം. അച്ഛനും അമ്മയും കേൾക്കാതെ സൂത്രത്തിൽ ഒരു ദിവസം ചോദിക്കണം. ചോദിച്ചു.

തലമുടി കെട്ടി മടവാൾപ്പിടിപോലെ വലത്തെ ചെവിക്കുറ്റിയിൽ നിർത്തി, നെറ്റിയിലും നെഞ്ചിലും രക്തചന്ദനം പൂശി, ഉടുത്തമുണ്ടിന്റെ കോന്തല പിടിച്ചു് അരക്കെട്ടിൽ കുത്തി, തൊട്ടടുത്തുതന്നെ ഒരു വെള്ളിപ്പിടിപ്പിശ്ശാങ്കത്തിയും തിരുകി, ഭൂതപ്രേതപിശാചാദികളെ ആട്ടാനുള്ള ചൂരൽവടി കവിടിസഞ്ചിയോടൊപ്പം കക്ഷത്തിറുക്കി ഒരുനാൾ സന്ധ്യയ്ക്കു പണിക്കർ കടപ്പുറത്തുടെ വരുമ്പോൾ പൊക്കൻപിന്നാലെ കൂടി.

“ആശാനേ” പൊക്കൻ വിളിച്ചു. പണിക്കർ കോൽക്കളി പഠിപ്പിക്കുന്ന ആശാൻകൂടിയാണു്. ആശാനെന്നു വിളിച്ചുകേൾക്കാൻ ഇഷ്ടവുമാണു്.

“എന്താ?” ആശാൻ കൂടിയായ പണിക്കർ തിരിഞ്ഞുനിന്നു.

സന്തോഷിപ്പിക്കണം; സന്തോഷിപ്പിക്കാതെ യാതൊരു കാര്യവും അയാളിൽ നിന്നു സാധിക്കില്ല. പൊക്കൻ അതിന്നുള്ളവഴി ചിന്തിച്ചു. കോൽക്കളിയെപ്പറ്റി വല്ലതും തുടങ്ങിക്കളയാം:

“ഇപ്പം കോൽക്കളീല്ലേ. ആശാനേ?”

“നാണംണ്ടോ നിനക്കു ചോദിക്കാൻ?” ആശാൻ അല്പ്പം ഗൗരവത്തിലാണല്ലോ! “ആണായിട്ടങ്ങനെ നടക്കുന്നു!”

വലഞ്ഞല്ലോ കാവിലമ്മേ ഒന്നും ചോദിക്കേണ്ടിയിരുന്നില്ല. അകാരണമായി ആശാൻ ശുണ്ഠിയെടുക്കുകയാണു്.

“എന്താ നിനക്കൊക്കെ ഇത്തിരി കോൽക്കളി പഠിച്ചാൽ?” പിന്നെയും ചോദ്യം.

ഓ! അതാണു് വിഷയം. ചോദിക്കേണ്ടിയിരുന്നില്ല. ചവിട്ടിക്കടിപ്പിച്ചതാണു്. പൊക്കനു് ആകപ്പാടെ വിഷമം തോന്നി. അടിച്ച വടിയിൽ ചുറ്റുന്ന ആശാനാണു്. പൊക്കനുകുറച്ചു വിജ്ഞാനമുണ്ടാക്കിയല്ലാതെ അടങ്ങില്ലെന്ന ഭാവത്തിൽ അയാൾ തുടർന്നു.

“എടോ, ആണായാൽ കോൽക്കളി പഠിക്കണം. ഹാ, ഹാ! കോൽക്കളിപ്പാട്ടു ബഹുവിശേഷമാ! നീ കേട്ടിട്ടില്ലേ?”

കേട്ടിട്ടില്ല; കേൾക്കണമെന്നുമില്ല. അത്യാപത്തിന്റെ നരിമടയിലാണു് കഴുത്തിട്ടതു്. ഒഴിഞ്ഞുപോകാനും നിൽക്കാനും വയ്യ. പൊക്കനെ അൽപ്പം കോൽക്കളിപ്പാട്ടു കേൾപ്പിച്ചല്ലാതെ അടങ്ങില്ലെന്ന മട്ടിൽ ആശാൻ മുളിത്തുടങ്ങി.

പൊക്കൻ കുറ്റവാളിയെപ്പോലെ തലയും താഴ്ത്തി നിന്നു. സഹിക്കണം. സഹിക്കാതെ പറ്റില്ല.

“നീ കേൾക്കുന്നുണ്ടോ?”

“ഉണ്ടു്”

“കേട്ടാൽ പോരാ.”

ഒപ്പം പാടണമായിരിക്കും. അറിഞ്ഞുകൊണ്ടു് ആപത്തു വലിച്ചിട്ടതല്ലേ? കീഴടങ്ങി നിന്നുകൊടുക്കാം. “പഠിക്കണെടോ പഠിക്കണം. നിങ്ങളൊക്കെ കോൽക്കളി പഠിക്കണം. അല്ലാതെ നന്നാവില്ല; എന്താ മിണ്ടാത്തതു്?”

“ഒന്നൂല്ല.”

“നീയീ കടപ്പുറത്തുള്ള ചെറുപ്പക്കാരെ ഒക്കെയൊന്നു വിളിച്ചു കൂട്ടണം. എന്നിട്ടു് ഒരു കോൽക്കളി സംഘം ആരംഭിക്കണം.”

“പക്കേങ്കിലു് ആശാനേ.” ഒരു പിടിവള്ളി കിട്ടി. പൊക്കനു തടഞ്ഞു നിൽക്കാൻ. “മംഗലാപുരത്തുപോയി വന്നിറ്റ് പോരേ?”

“പോടാ അവിടന്ന്! ഒരു മംഗലാപുരത്തു പോണോൻ! അതൊന്നും ഇനി നടക്കില്ല.”

പൊക്കന്റെ മുഖം വിളറി. അതൊന്നും നടക്കില്ലത്രെ. ഇയ്യാളാരാ അങ്ങനെ തീരുമാനിക്കാൻ? മഹാരാജാവു തമ്പുരാന്റെ വിളംബരമാണു്. ആളെ തിരഞ്ഞെടുക്കൽ പോലും കഴിഞ്ഞിരിക്കുന്നു. എന്നിട്ടിപ്പോൾ വലിയ കൊത്തുവാളിനെപ്പോലെ ഇയ്യാൾ നിന്നു കൽപ്പിക്കുന്നു, അതൊന്നും നടപ്പില്ലെന്നു്.

“അല്ലെങ്കിലും നിനക്കൊന്നും പോണ്ടിവരില്ലെടോ.” കേട്ടില്ലേ പറയുന്നതു്? മന്ത്രവാദിയല്ലെങ്കിൽ ഒരിടിക്കു പൊക്കൻ ആശാനെ അവിടെ ഇരുത്തിക്കളഞ്ഞേനെ. ആശാന്റെ ശബ്ദം പിന്നെയും കേൾക്കുന്നു. നശിച്ച ശബ്ദം.

“പറങ്കികൾ ഇനി അറബിക്കടലിലേക്കു വരില്ല. കഴിഞ്ഞ എടവത്തിലല്ലേ കുഞ്ഞാലിമരയ്ക്കാരുടെ കയ്യോണ്ടു വേണ്ടത്ര കിട്ട്യേത്?”

കാലവർഷാരംഭത്തിനുമുമ്പു് മാടായിത്തുറമുഖത്തുവെച്ചു കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള സാമൂതിരിയുടെ കടൽപ്പട പറങ്കികളെ തോൽപ്പിച്ച കഥയാണു് ആശാൻ വിസ്തരിക്കുന്നതു്.

“പിന്നെ വല്ലതും കേട്ടോ, നീ പറങ്ക്യേളെപ്പറ്റി? എടോ, അലന്ന പ്രേതോം ഈ പറങ്ക്യേളും ഒരു പോല്യാ. കിട്ടേണ്ടതു കിട്ട്യാൽ താനേ അടങ്ങും.”

പറങ്കിപ്രേതത്തെ അടക്കാൻ പടിഞ്ഞാറൻതീരത്തുള്ള ഏറ്റവും വലിയ മന്ത്രവാദി കുഞ്ഞാലിമരയ്ക്കാരാണു്. അക്കാര്യത്തിൽ പൊക്കനു് അഭിപ്രായവ്യത്യാസമില്ല. പക്ഷേ തന്റെ മംഗലാപുരം പോക്കു കഴിഞ്ഞിട്ടു മതിയായിരുന്നു പറങ്കികളെ അടിച്ചോടിക്കൽ എന്നു് അവനു തോന്നി. ഏതായാലും നിരാശതന്നെ. അവൻ നെടുതായി ഒന്നു നിശ്വസിച്ചു.

“അതുകൊണ്ടു്…” ആശാൻ പിന്നെയും സംസാരിക്കുന്നു “ആ മോഹം നീ ഒഴിച്ച ്യാള. എന്നിട്ടു് ഇന്നുതന്നെ എല്ലാവരേം കണ്ടു കോൽക്കളീടെ കാര്യം പറ… നല്ലതാ പഠിച്ചാൽ…”

എന്തൊരധഃപതനം! അമ്പും വില്ലും വാളും കുന്തവും എടുത്തു പടക്കപ്പലിനു് അകമ്പടി സേവിക്കാൻ പുറപ്പെട്ടവൻ കോൽക്കളിക്കാരെ ക്ഷണിച്ചു നടക്കേണ്ടിവന്നു. വളയക്കടപ്പുറത്ത അങ്ങനെ ഒരു കോൽക്കളി സംഘം ആരംഭിച്ചു. സന്ധ്യയായാൽ പത്തിരുപതു ചെറുപ്പക്കാർ ഒരു വിളക്കിനു ചുറ്റും വട്ടമിട്ടു നിന്നു് ഉച്ചത്തിൽ പാടാനും കോലടിക്കാനും താളം പറഞ്ഞു ചവിട്ടാനും ചവിട്ടിത്തുള്ളാനും തുടങ്ങി. നിലാവു പരന്ന പൂഴിയിലിരുന്നു കളി കാണാൻ വന്ന പെണ്ണുങ്ങൾ മുറുക്കിത്തുപ്പി വെടിപറഞ്ഞു.

“കോതേ, നല്ല കളി!” കീരാച്ചി അഭിപ്രായപ്പെട്ടു.

“ആശാൻ നല്ലണം പാടും.” കോതയ്ക്കും അഭിപ്രായമുണ്ടു്.

വിളക്കു കത്തിക്കാനുള്ള എണ്ണയും വെറ്റിലയടയ്ക്കയും ആശാനു ക്ഷീണം തോന്നുമ്പോൾ മുക്കിക്കുടിക്കാൻ ഒരുകുടം കള്ളും ക്രമപ്രകാരം ശിഷ്യന്മാർ കൊണ്ടുവരേണ്ടതാണു്. വിളക്കുവെയ്ക്കുന്ന ഉരലിന്റെ കീഴെ കള്ളുകുടം വെച്ചു് ഒരു ചിരട്ടകൊണ്ടു് അതു മൂടും. പാടിത്തളരുമ്പോൾ കുടത്തിൽ നിന്നു ചിരട്ടയിലേക്കു ചെരിച്ചു് ആശാൻ ഇടയ്ക്കിടെ മോന്തും. അതു കാണുമ്പോൾ കളി കാണാൻ വന്നുകൂടിയ കിഴവന്മാരുടെ കൂട്ടത്തിൽ നിന്നു നുണത്തത്തിന്റെ ചില ശബ്ദം പൊങ്ങും:

“ആശാനേ!”

ആശാനു് അപ്പോൾ ചെവിടു കേൾക്കില്ല. പക്ഷേ, അത്യാശ അവസരം നോക്കിലല്ലോ. ആശാൻ മിണ്ടിയാലും ഇല്ലെങ്കിലും വിളിക്കേണ്ടവർ മുറയ്ക്കു വിളിക്കും:

“ആശാനേ!”

കുടിക്കുന്നതു കള്ളാവുമ്പോൾ ആശാനു കണ്ണും കാണില്ല.

“ഫൂ!” പാറ്റിത്തുപ്പി, ചിരട്ടകൊണ്ടു കുടത്തിന്റെ വായ മൂടി നിവർന്നു നിൽക്കുന്ന ആശാൻ ചുറ്റിലും ഗൗരവപൂർവം ഒന്നു നോക്കും. ഒന്നും സംഭവിക്കാത്തമട്ടിൽ ചിലമ്പും കോൽ കുലുക്കി പാടാൻ തുടങ്ങും.

താളം പിഴച്ചു ചോടു വെക്കുന്നവന്റെ തലയ്ക്കു് ചിലമ്പും. കോൽകൊണ്ടു് ആശാൻ കൊട്ടും; എത്ര വലിയവനായാലും ശരി. എന്തൊക്കെ കുറ്റങ്ങളുണ്ടായാലും ആ കലാപരിപാടി കടപ്പുറത്തെ ജീവിതത്തിനു് ഒരു നവചൈതന്യം നൽകി; അതു തീർച്ച…

ഒരു ദിവസം സന്ധ്യയ്ക്കു് പൈതൽമരയ്ക്കാൻ കടലിൽ നിന്നു് വന്നതു് അൽപ്പം ജലദോഷവുമായിട്ടാണു്. രാത്രി നല്ല കുരുമുളകു കഷായം കുടിച്ചു മിണ്ടാതെ കിടന്നു. കാലത്തു ജോലിക്കു പുറപ്പെടണം. എഴുന്നേൽക്കാൻ ശ്രമിച്ചു. തല പൊങ്ങുന്നില്ല. വല്ലാത്ത കനം. അസാമാന്യമായ കുളിരുമുണ്ടു്.

“പനിക്കുന്നല്ലോ? ദമയന്തി തൊട്ടുനോക്കി പറഞ്ഞു.

“സാരമില്ല.” പൈതൽമരയ്ക്കാൻ അടിമുടി മൂടിപ്പുതച്ചു തിരിഞ്ഞു കിടന്നു. അന്നും പിറ്റേന്നും കലശലായ പനി. ആശാൻ കോൽക്കളിയൊഴിച്ച മറ്റെല്ലാ അടവുകളും പയറ്റിനോക്കി. പനി വിടുന്നില്ല. കടലിൽ ധാരാളം മീനുള്ള കാലമാണു്. ദണ്ഡം പിടിച്ചു കിടന്നാൽ കഷ്ടത്തിലാവും. അപൂർവ്വമായേ കടൽ കൈയയച്ചു് അനുഗ്രഹിക്കാറുള്ളൂ. ആ അനുഗ്രഹം തലകുനിച്ചു വാങ്ങാൻ കഴിയാത്തതിൽ പൈതൽമരയ്ക്കാൻ വ്യസനിച്ചു. പനി വിടുന്നില്ല. വിട്ടാലും ക്ഷീണം തീർന്നു കടലിൽ വള്ളം ഇറക്കാൻ ഇനിയും ദിവസം പിടിക്കും. എന്താണു് വഴി? ആലോചിച്ചാലോചിച്ചു് ഒടുവിൽ ഒരു തീരുമാനമെടുത്തു: പൊക്കനെ പറഞ്ഞയയ്ക്കാം.

ദമയന്തി പ്രതിഷേധിച്ചു. പൈതൽമരയ്ക്കാൻ ശഠിച്ചു. കാര്യം വലിയൊരു വഴക്കിലേക്കു നീങ്ങുകയാണു്. മാതൃവാത്സല്യം മകനെ കേടു വരുത്തുമെന്നു് അച്ഛൻ ഭയപ്പെട്ടു. ജോലിചെയ്യാൻ ആളില്ലാതെ പട്ടിണികിടക്കണമെന്ന നില വന്നിട്ടും വാശിപിടിക്കുന്ന ദമയന്തിയോടു് ദീനപ്പായിൽ തളർന്നുകിടക്കുന്ന ആ മനുഷ്യൻ പറഞ്ഞു:

“എടീ, ഇന്നുതന്നെ എന്റെ കണ്ണുചിമ്മിയാൽ…”

ദമയന്തി മിണ്ടിയില്ല.

“നിന്റെ വായിൽ മണ്ണ്!” അൽപ്പാൽപ്പം കിതപ്പുണ്ടെങ്കിലും പൈതൽമരയ്ക്കാന്റെ ശബ്ദം ഇടറിയില്ല.

“നീയതനുഭവിക്കും. ഓനെ നീ കെടുക്കും.”

അവൾ തേങ്ങുകയാണു്; കണ്ണു തുടയ്ക്കുകയാണു്.

“കരയേണ്ടതു നീയല്ലെടി, ഞാനാ.” പൈതൽ മരയ്ക്കാൻ ഉറപ്പിച്ചുപറഞ്ഞു: “വയസ്സുകാലത്തു കൊറച്ചു വെള്ളം തരണ്ട കയ്യ് പിടിച്ചു കെട്ടാനാ നിന്റെ ഒക്കെ പൊറപ്പാട്. വിധിപോലെ വന്നോട്ടെ.”

മാതൃഹൃദയം കണക്കുകൂട്ടുകയാണു്. കഴിഞ്ഞതും നടക്കുന്നതും വരാനുള്ളതും! ആകെത്തുക കിട്ടുന്നില്ല. മകന്റെ എടുത്തുചാട്ടമാണു് കുഴപ്പം. ആരെങ്കിലും ഒന്നു നിയന്ത്രിക്കാൻ ഇല്ലെങ്കിൽ ഇന്നതു ചെയ്യാമെന്നില്ല. വല്ലതും വന്നുപോയാൽ എവിടെവെച്ചു സഹിക്കും? മറ്റൊരു മുഖത്തു നോക്കാനില്ലല്ലോ.

പിതൃഹൃദയം ഭാവിക്കു രൂപംകൊടുക്കുകയാണു്. അന്ധമായ സ്നേഹംകൊണ്ടു കർത്തവ്യത്തെ മറക്കാൻപാടില്ല. മകന്റെ പേരിൽ അമ്മയോളം തന്നെ അച്ഛനുമുണ്ടു് വാത്സല്യവും അധികാരവും. വിളിച്ചു പറയാം. പോയി ജോലി ചെയ്യട്ടെ. നല്ലൊരു മനുഷ്യനാവട്ടെ.

“മോനേ, പൊക്കാ!”

മുറ്റത്തിരിക്കുന്ന പൊക്കൻ വിളികേട്ടു. കുടിലിന്നകത്തേക്കു കടന്നുവന്നു.

“മോനേ, നീയിന്നു കടലിൽ പോണം.”

പൊക്കൻ അമ്മയെ നോക്കി. അമ്മ തലകുനിച്ചിരിക്കുകയാണു്. ഒന്നും പറയുന്നില്ല.

“അച്ഛന്റെ വലേം വളേളാം എടുത്തോ. ആരെങ്കിലും രണ്ടാളെക്കൂടി വിളിച്ചോ.”

അമ്മ അനുകൂലിക്കുന്നില്ല; നിഷേധിക്കുന്നുമില്ല.

“ചരേക്കണേ.” അച്ഛൻ ഉപദേശിക്കുകയാണു്.

മറ്റൊന്നും കേൾക്കാൻ അവൻ നിന്നില്ല.

“ഞാൻ വരുന്നു, ഞാൻ വരുന്നു, നിന്റെ വിരിമാറിലേക്കെ”ന്നു് അവന്റെ സന്തോഷംകൊണ്ടു വിടർന്ന കണ്ണുകൾ വിളിച്ചുപറയുമ്പോലെ തോന്നി…

ഉച്ചതിരിഞ്ഞു് അഞ്ചടിയായപ്പോൾ പാഞ്ചാലി പതിവുപോലെ കടൽത്തീരത്തേക്കു പുറപ്പെട്ടു. അന്നിത്തിരി വിസ്തരിച്ചുതന്നെ ചമയണമെന്നു തോന്നി. ഇയ്യത്തോല തുടച്ചു കാതിലിട്ടു. നനച്ചു വെളുപ്പിച്ചു കഞ്ഞിപിഴിഞ്ഞുണക്കിയ രണ്ടാംമുണ്ടെടുത്തു മാറുമറച്ചു. ചാണകവും കരിയും ചേർത്തു മെഴുകിയ നിലത്തു നീരുറ്റിച്ചു തിലകം തൊട്ടു. തലമുടിയഴിച്ചു ചീക്കു പോക്കി നെറുകയിൽ കെട്ടിവെച്ചു. മുറ്റത്തെ ചമ്പകപ്പാലയിൽനിന്നു് ഒരു പൂക്കുല പൊട്ടിച്ചു തലമുടിക്കെട്ടിൽ തിരുകിയപ്പോൾ ചമയങ്ങളേതാണ്ടു കഴിഞ്ഞ മട്ടായി. മൂട്ടിൽ കരയുള്ള തുണിയാണുടുത്തതു്. അതിന്റെ വക്കുകരയും ചൊട്ടിയും അവൾക്കു കൂടുതലിഷ്ടമാണു്. മീൻകൊട്ടയുമെടുത്തിറങ്ങിയപ്പോൾ മുഖത്തിന്റെ ചന്തമൊന്നു കണ്ടാൽ വേണ്ടില്ലെന്നു തോന്നി. വെള്ളം നിറച്ച കലത്തിനടുത്തുചെന്നു കുനിഞ്ഞുനോക്കി. അളകങ്ങൾ നെറ്റിയിൽ വീണു വകതിരിവില്ലാതെ ഇഴയുകയാണു്. അതൊന്നു് ഒതുക്കി ശരിപ്പെടുത്തി പതുക്കെ നടന്നു.

വിളഞ്ഞുനിൽക്കുന്ന കടലിൽ കൊയ്ത്തിനിറങ്ങിയ മരയ്ക്കാന്മാരെയും കാത്തു് പെണ്ണുങ്ങളും കുട്ടികളും പൂഴിപ്പരപ്പിൽ അവിടെവിടെ തിങ്ങിക്കൂടി. വെള്ളപ്പായ നിവർത്തിയ കൊച്ചുവള്ളങ്ങൾ ഓളത്തട്ടുകളിൽ കിടന്നാടി കരപറ്റുകയാണു്.

അടുത്തും അകലത്തുമുള്ള വള്ളങ്ങളിലേക്കു പാഞ്ചാലി ജിജ്ഞാസയോടെ നോക്കി. പൊക്കൻ നടാടെ ജീവിതായോധനത്തിനിറങ്ങിയ ദിവസമാണു്. കൈനേട്ടം എങ്ങനെയിരിക്കുമെന്നു് അവൾക്കറിയണം. ഭാവിജീവിതത്തിലെ ജയാപജയങ്ങൾ അളന്നു തിട്ടപ്പെടുത്തുന്നതു മിക്കവാറും അന്നത്തെ അനുഭവം വെച്ചായിരിക്കും. വെറും കൈയോടെ കടലിൽനിന്നു തിരിച്ചുപോന്നാൽ ആയുഷ്കാലം മുഴുവനും പ്രതിഫലമില്ലാതെ പ്രയത്നിക്കേണ്ടിവരും. അവൾക്കതു വിചാരിക്കാൻകൂടി വയ്യാ.

“ന്റെ കാവിലമ്മേ, ചതിക്കല്ലേ!” അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. കണ്ണുകൾപാതി അടഞ്ഞു. വേട്ടുവശ്ശേരിക്കാവിലെ വെളിച്ചപ്പാടിന്റെ ചോര വാർന്നൊഴുകുന്ന കഷണ്ടിത്തലയും ചെത്തിമാലയണിഞ്ഞ മാറിടവും അവളുടെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു. അവളുടെ സങ്കല്പത്തിലുള്ള ഭഗവതിയുടെ രൂപം അതാണു്.

കരയ്ക്കണയുന്ന വള്ളങ്ങളുടെ സംഖ്യയും കടപ്പുറത്തെ ബഹളവും വർദ്ധിക്കുന്നു. കാക്കയും പരുന്തും കച്ചവടക്കാരും കുട്ടികളും അച്ചടക്കമില്ലാതെ ശബ്ദിക്കുന്നു.

“പാഞ്ചാലീ!” വളളം കരയ്ക്കടുപ്പിച്ചു് കുഞ്ഞിക്കണ്ണൻമരയ്ക്കാൻ വിളിച്ചു. അവൾ ബഹളത്തിൽ നിന്നു വിട്ടുമാറി നിൽക്കുകയാണു്. ആദ്യത്തെ വിളി കേട്ടില്ല. രണ്ടാമതും വിളിച്ചു. അവൾക്കു മനസ്സിലായി അച്ഛനാണു് വിളിക്കുന്നതു്. അടുത്തു ചെന്നു. അച്ഛന്റെ വള്ളം നിറഞ്ഞുവഴിയുന്നു. അച്ഛൻ വല്ലാതെ തളർന്നിട്ടുണ്ടു്. വയസ്സുകാലമല്ലേ?

“ദാ, മോളേ.” പ്രത്യേകം തിരഞ്ഞുവെച്ച നല്ല കുറച്ചു മത്സ്യമെടുത്തു കുഞ്ഞിക്കണ്ണൻ മരയ്ക്കാൻ പൂഴിയിലേക്കെറിഞ്ഞുകൊടുത്തു. അവൾ അതൊക്കെ വാരി കൊട്ടയിലാക്കി. വള്ളങ്ങൾ പിന്നെയും വഴിക്കുവഴി കരയ്ക്കടുക്കുകയാണു്. അച്ഛൻ കച്ചവടക്കാരുമായി പിശകുന്നു. പിശകട്ടെ. തൽക്കാലം അവൾക്കതിൽ താൽപര്യമില്ല. അകലത്തകലത്തു നീലജലപ്പരപ്പിൽ അവളുടെ കണ്ണുകൾ പാറിക്കളിച്ചു. അങ്ങു വെള്ള്യാൻകല്ലിനടുത്തു ചന്ദനപ്പൊട്ടുപോലൊരു വെളുപ്പു്. അതു പതുക്കെപ്പതുക്കെ വലുതാവുകയാണു്. അവൾ ഇമവെട്ടാതെ നോക്കിനിന്നു. അതേ, അതൊരു വള്ളമാണു്. സംശയിക്കാനില്ല. അനുകൂലമായ കാറ്റു്. വെള്ളപ്പായ നിവർത്തിയിട്ടിരിക്കുന്നു. ഇരുവശത്തുമുള്ള തണ്ടുകൾ വെള്ളത്തിൽ നുരമാന്തുന്നു. പറക്കുകയാണതു്.

വല്ലാത്ത ഉദ്വേഗം. അതെന്തിനാണെന്നു് അവൾക്കു മനസ്സിലായില്ല. മീൻപിടിക്കാൻ പോയ വള്ളങ്ങൾ പലതും തിരിച്ചു വരുന്നതു് അവൾ കണ്ടു. അതവളിൽ ഒരു വികാരവും ഉണ്ടാക്കിയില്ല. തണ്ടുവലിക്കാർ ഒന്നിച്ചു പാടുന്നുണ്ടു്. അതവൾ കേട്ടു. അവൾക്കും പാടണമെന്നു് തോന്നി. ഒപ്പം ആഹ്ളാദിക്കണമെന്നു തോന്നി. ആ പൂഴിപ്പരപ്പിൽ ഓടാനും തലകുത്തി മറിയാനും തോന്നി. കടൽവെള്ളം കീറിമുറിച്ചുകൊണ്ടു വള്ളക്കൊമ്പു കരപറ്റുകയാണു്. അവൾ തന്നത്താൻ മറന്നു മുമ്പോട്ടോടി. ചിന്നിച്ചിതറിയ വെള്ളം തെറിച്ചു് അവളുടെ ഉടുവസ്ത്രം പാതിയും നനഞ്ഞു. വള്ളം നിന്നു. കൂട്ടുകാർക്കു നിർദേശങ്ങൾ നൽകി പൊക്കൻ അതിൽ നിന്നു ചാടിയിറങ്ങി. അവരുടെ നോട്ടമിടഞ്ഞു. കണ്ണുകൾ പരസ്പരം സംസാരിച്ചു.

കൈനേട്ടം മോശമല്ല. ഭാവിയെപ്പറ്റി സംശയിക്കാനില്ല. വള്ളം നിറച്ചും അഗാധക്കടലിൽ നിന്നുമാത്രം പിടുത്തംകിട്ടാറുള്ള നല്ല ദിനുസ്സു മത്സ്യങ്ങളാണു്. അവൾക്കാശ്വാസമായി. ഒന്നും മിണ്ടാതെ അവരൊത്തുചേർന്നു നടന്നു. തോളിൽ വലയും തലയിൽതൊപ്പിക്കുടയും ഹൃദയം നിറച്ചു സന്തോഷവും പേറി നടക്കുന്ന പൊക്കനെ അവൾ കളിയാക്കി:

“തളർന്നുപോയല്ലോ!”

“മീൻപിടിച്ചിറ്റല്ല.” ഉടനെ അവൻ ഉത്തരം പറഞ്ഞു.

“പിന്നെ?” ഒപ്പമെത്താൻ തലയിലെ മീൻകൊട്ടയും പിടിച്ചു് അവൾക്കു പായേണ്ടിവന്നു.

“നിന്നെ കണ്ടിറ്റ്.’ പൂഴിപ്പരപ്പിന്റെ അറ്റത്തെത്തി അവൻ തിരിഞ്ഞു നിന്നു.

“എന്നെ കണ്ടാലെന്തിനാ തളർന്നു്?” അവൾ അൽപ്പം വിട്ടുനിന്നു ചോദിച്ചു.

“നിന്നെ ഇങ്ങനെ കണ്ടാൽ ആരും തളരും.” തലമുടിക്കെട്ടിലെ പൂക്കുലയിലാണവൻ നോക്കുന്നതു്.

“എന്നാലെന്നെ കാണണ്ടാന്നു് വെച്ചോ.” അൽപ്പം അകലത്തേക്കു നീങ്ങി ചാഞ്ഞുനിൽക്കുന്നൊരു നെല്ലിക്കമ്പു പൊട്ടിച്ചു് അവൾ കൈയിൽ വെച്ചു.

“വടിയെന്തിനാ?” പൊക്കൻ ചോദിച്ചു.

“തല്ലാൻ.” അവൾ കൂസലില്ലാതെ മറുപടി പറഞ്ഞു.

“ആരെ? അവൻ പേടി അഭിനയിച്ചു.

“അതോ?” അവൾ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ടു പറഞ്ഞു:

“മീൻകൊട്ടേല് കക്കാൻ വരുന്ന കാക്കേന.”

രണ്ടുപേരും പൊട്ടിച്ചിരിച്ചു. അവൻ തലയിൽനിന്നു തൊപ്പിക്കുടയെടുത്തു മീൻകൊട്ട മൂടി.

“ഇനിയെന്തിനാ തല്ലുന്നതു്?”

“കക്കാൻ വന്നാല് ഇനീം തല്ലും”

“എന്നാൽ അതു കാണട്ടെ.” അവൻ അവളുടെ കൈയിലെ വടി തട്ടിപ്പറിച്ചോടി. അവൾ മിൻകൊട്ട താഴത്തിറക്കിവെച്ചു് അവനെ പിന്തുടർന്നു. അവൻ പിടി കൊടുത്തില്ല. അവൾ ഓടിയോടി തളർന്നു. കാലു കുഴഞ്ഞു പൂഴിയിൽ വീണു. അവൻ വിജയഭാവത്തിൽ അടുത്തുവന്നു ചോദിച്ചു;

“തളർന്നുപോയല്ലോ!”

അവൾ മിണ്ടിയില്ല.

“തോറ്റോ?” പിന്നെയും ചോദ്യം.

“തോറ്റു.” അവൾ സമ്മതിച്ചു. രണ്ടുപേരും പൊട്ടിച്ചിരിച്ചു. വ്യക്തമായ കാരണമില്ലാതെ പരസ്പരം പറയുന്ന ഓരോ വാക്കിനും അവർ ചിരിച്ചു. തൊട്ടുതൊട്ടിരുന്നു ഗൗരവമുള്ള വിഷയങ്ങളും അവൾ ആലോചിച്ചു. പൊക്കൻ ജീവിതത്തിനു പുതിയൊരർത്ഥം കണ്ടെത്തിയ ദിവസമാണു്. പലതും ആലോചിച്ചുറയ്ക്കേണ്ടതുണ്ടു്. അന്നന്നു പിടിക്കുന്ന മത്സ്യം നല്ലവിലയ്ക്കു വിലക്കണം. സൂക്ഷിച്ചു ചെലവു ചെയ്തു ദിവസവും എന്തെങ്കിലും സമ്പാദിക്കണം. സമ്പാദ്യം ഒരുമിച്ചുചേർത്തു സ്വന്തമായി വള്ളം വാങ്ങണം. മരയ്ക്കാന്റെ ഏറ്റവും വലിയ സമ്പാദ്യം വള്ളമാണു്. കൂടിയാലോചന അങ്ങനെയങ്ങനെ നീണ്ടുപോയി. ഒടുവിൽ കുള്ളക്കണ്ണിട്ടു നോക്കിക്കൊണ്ടു് അവൾ ചോദിച്ചു: “കള്ളു കുടിക്ക്യോ?”

“ഇല്ല.”

“ഒരിക്കലും?”

“ഊഹും.”

“തല്ല്യോ?”

“ആരെ?”

“കെട്ട്യോളെ.”

അതു പറയുമ്പോൾ പൊക്കന്റെ മുഖത്തു നോക്കാൻ അവൾക്കു വിഷമം. കൈവിരൽകൊണ്ടു പൂഴിയിൽ എന്തൊക്കെയോ അവൾ വരച്ചുകൂട്ടി. താമരവളയംപോലുള്ള ആ കൈത്തണ്ടയിൽ അവൻ പിടിച്ചു. അവൾ പ്രതിഷേധിച്ചില്ല. ഹൃദയസ്പന്ദനം പരസ്പരം കേൾക്കാം. ശരീരം മുഴുവൻ കുളിരുകോരിയിടുന്ന അനുഭവം.

ചക്രവാളത്തിന്റെ കറുപ്പുചരടിൽ തൂങ്ങുന്ന സൂര്യൻ ആകാശത്തിന്റെ കഴുത്തിൽ മംഗല്യത്താലി ചാർത്തുന്നു. അന്തിപ്രഭ പൊൻകമ്പികളാക്കി മാറ്റിയ അളകങ്ങൾ പാഞ്ചാലിയുടെ നെറ്റിത്തടത്തിൽ വളഞ്ഞു നിഴലുകളുണ്ടാക്കുന്നു. നാണംകൊണ്ടു തുടുത്ത കവിളത്തെ നുണക്കുഴി സിന്ദൂരച്ചെപ്പുകൾപോലെ തിളങ്ങുന്നു. എന്താണു് പറയേണ്ടതെന്നു് രണ്ടാൾക്കും നിശ്ചയമില്ല, വാക്കുകൾ കണ്ഠത്തിൽ കിടന്നു വറ്റിപ്പോകുന്നു. നോട്ടത്തിനു വാചാപ്രസംഗങ്ങളുടെ കരുത്തുണ്ടാവുന്നു!

ആരോ വിളിക്കുന്ന ശബ്ദം. പാഞ്ചാലിയാണു് കേട്ടതു്. അവൾ തട്ടിപ്പിടഞ്ഞെഴുന്നേറ്റു ചുറ്റും നോക്കി.

“അമ്മ”

അതെ. മകനെ കാത്തിരുന്നു കാണാതെ എരിപൊരി സഞ്ചാരം കൊണ്ടു ദമയന്തി ഒടുവിൽ അന്വേഷിച്ചു പുറപ്പെട്ടതാണു്.

“അതാ, അമ്മ വരുന്നുണ്ടു്.” അവൾ പിന്നെയും പറഞ്ഞു. എഴുന്നേറ്റു വേഗം പോകാനുള്ള ഒരപേക്ഷകൂടി അതിലടങ്ങിയിരുന്നു. നേരെ വീട്ടിൽ ചെല്ലാതെ വഴിയിലിരുന്നു സംസാരിച്ചു് അവളുമായി നേരം കളഞ്ഞതിൽ അമ്മയ്ക്കെന്തു തോന്നുമോ, ആവോ?

പൊക്കൻ അനങ്ങിയില്ല. വരട്ടെ. അമ്മയ്ക്കിതൊക്കെ മനസ്സിലാവണമെന്നൊരു ഭാവം ആ മുഖത്തുണ്ടെന്നു തോന്നും. ഒന്നു പരിഭ്രമിക്കുന്നുകൂടിയില്ല. അവളാണു് കുഴപ്പത്തിലായതു്. ഓടിപ്പോയാലോ? അയ്യേ, അപകടം!

ദമയന്തി അടുത്തെത്തി. അവൻ പൂഴിയിൽ മലർന്നു കിടക്കുകയാണു്.

“മോനേ, നീയെന്തെടാ കുടീൽ വരാത്തതു്?”

“തെരക്കെന്താമ്മേ?” ഒരു ഭാവവ്യത്യാസവുമില്ലാതെ അവൻ ചോദിച്ചു.

“പെറ്റ വയറാണു് മോനേ! മനസ്സിൽ തീയും കോരിയിട്ടാ ഇത്രേം നേരം കയിച്ചതു്.”

“ഇപ്പം തീത്തണിഞ്ഞില്ലേ അമ്മേ?” ആ ഫലിതം അമ്മയ്ക്കു ദഹിച്ചില്ല.

പാഞ്ചാലി ശ്വാസമടക്കിപ്പിടിച്ചു നിന്നു. അവളോടെന്തെങ്കിലും ചോദിക്കും. ചോദിച്ചാൽ എന്തുപറയും? എങ്ങനെ പറയും? അതാലോചിച്ചാണവൾ വിഷമിച്ചതു്. പക്ഷെ, ഒന്നും സംഭവിച്ചില്ല. ദമയന്തി അവളുടെ മുഖത്തു നോക്കിയില്ല. അവളുടെ സാന്നിദ്ധ്യം അംഗീകരിച്ചതു പോലുമില്ല. അതു് അതിലേറെക്കുഴപ്പം. എല്ലാം തകരാറായെന്നു പാഞ്ചാലിക്കുതോന്നി. അച്ഛനോടു മീനും വാങ്ങി നേരേ കുടിയിലേക്കു പോയാൽ മതിയായിരുന്നു. കാത്തു നിന്നതാണു് കുഴപ്പമുണ്ടാക്കിയതു്. അവിടെ നിൽക്കാൻ വയ്യ. ഒന്നും മിണ്ടാതെ കടന്നുകളയാനും വയ്യ. തെറ്റിദ്ധരിക്കും. അവൾ വിഷമിച്ചുനിന്നു വിയർത്തു!

“വാടാ. പോരീ.” ദമയന്തി തിരിഞ്ഞുനോക്കാതെ നടന്നു.

“അച്ഛൻ കാത്തിരിക്ക്യാ.”

“അച്ഛനു് പനിക്കുന്ന്ണ്ടോ, അമ്മേ?” എഴുന്നേൽക്കുമ്പോൾ അവൻ ചോദിച്ചു.

“കുടീല് വന്നിറ്ററിഞ്ഞാപ്പോരേ? ഓ! ഇപ്പളവന്റ്യൊരു തിടുക്കം. തിരിഞ്ഞുനോക്കാതെയാണു് ദമയന്തി പറഞ്ഞതു്. ആ സ്വരത്തിൽ പരിഭവമുണ്ടു്.

എല്ലാറ്റിനും കാരണം താനാണെന്നു പാഞ്ചാലിക്കു തോന്നി. അമ്മയുടെ പിന്നാലെ പുറപ്പെട്ടപ്പോൾ പൊക്കൻ അവളെ കളിയായൊന്നു നുള്ളി. അവൾ മിണ്ടിയില്ല. തലയുയർത്തി നോക്കിയില്ല. അവൻ തിരിഞ്ഞുനോക്കിക്കൊണ്ടു നടന്നു. അവൾ അപ്പോഴും അനങ്ങാതെ തല താഴ്ത്തി നിൽക്കുകയാണു്.

അത്താഴം കഴിഞ്ഞു കിടന്നപ്പോൾ അച്ചൻ കടലിലെ കാര്യങ്ങളോരോന്നു ചോദിക്കാൻ തുടങ്ങി. ഉറക്കം കൺപോളകളെ ഉഴിഞ്ഞു താഴ്ത്തുകയാണു്. അദ്ധ്വാനിക്കുന്നവന്റെ ഉറക്കത്തിനാണു് സ്വാദു്. അച്ഛന്റെ ചോദ്യങ്ങൾ പലതും അവൻ കേട്ടില്ല. പ്രജ്ഞ അലിഞ്ഞലിഞ്ഞു് ഇല്ലാതായി.

ആരൊക്കെയോ പുറത്തുനിന്നു ബഹളം കൂട്ടുന്നതു കേട്ടാണുണർന്നതു്. കണ്ണു തിരുമ്മിക്കൊണ്ടു പുറത്തു കടന്നു. നേരം പുലർന്നിട്ടില്ല. ഇരുട്ടു് മരത്തണലുകളിൽ അപ്പോഴും തളം കെട്ടിനിൽക്കുകയാണു്. മണ്ണാത്തിക്കിളികൾ പ്രഭാതപ്രാർത്ഥന ആരംഭിച്ചിട്ടുണ്ടു്. ആരൊക്കെയാണു് മുറ്റത്തു തിങ്ങിക്കൂടിയതു്? കടപ്പുറത്തെ ചെറുപ്പക്കാരിൽ മിക്കവരുമുണ്ടു്. എന്താണു് വിശേഷം? ചോദിക്കാനിടകിട്ടിയില്ല; കൂട്ടത്തിൽ നിന്നൊരാൾ പറഞ്ഞു:

“പറങ്കിക്കപ്പൽ.”

“എവിടെ?” പൊക്കൻ അക്ഷമനായി ചോദിച്ചു.

“ആലിക്കുട്ടി മാപ്പിളേന്റെ വീട്ടിന്നടുത്തു് കടലിൽ ഒരു പത്തേമാരി അടുത്തിറ്റുണ്ടു്. പറങ്കികളെ പത്തേമ്മാരിയാ.”

“നീ കണ്ടോ?” പറഞ്ഞ ആളോടു പൊക്കൻ ചോദിച്ചു.

“ഞാളെല്ലാരും കണ്ടിക്കി.”

പിന്നെ ചോദ്യോത്തരത്തിനു സമയം കളയാൻ പൊക്കനൊരുങ്ങിയില്ല. മുമ്പോട്ടോടി, പത്തേമ്മാരി നിൽക്കുന്ന സ്ഥലത്തേക്കു്. അമ്മ അകത്തുനിന്നു് എന്തൊക്കെയോ വിളിച്ചു ചോദിക്കുന്നു. അവൻ ശ്രദ്ധിച്ചില്ല.

കുരിശടയാളമുള്ള വലിയ വെള്ളപ്പായ നിവർത്തിയ ഒരു പത്തേമ്മാരി പുലർച്ചക്കാറ്റിൽ ആടിയും ഇളകിയും നിൽക്കുന്നതു് അവൻ കണ്ടു. സംശയിക്കാനില്ല; കുരിശടയാളം മറ്റാരും ഉപയോഗിക്കാറില്ലെന്നു പറഞ്ഞു കേട്ടിട്ടുണ്ടു്. എന്താണു് ചെയ്യേണ്ടതു്? എല്ലാവരും നിന്നാലോചിച്ചു. പത്തേമ്മാരി പരിശോധിക്കണമെന്നു പൊക്കനഭിപ്രായപ്പെട്ടു;

“പറങ്കികളുണ്ടെങ്കിൽ?”

“പീരങ്കിയുണ്ടെങ്കിൽ!”

പലർക്കും പല സംശയമാണു്. ഉണ്ടെങ്കിൽ കാണാമെന്നൊരു ഭാവമാണു് പൊക്കനു്… ചെറിയൊരു തോണി ഉന്തിത്തള്ളി വെള്ളത്തിലിറക്കി പൊക്കൻ അതിൽ ചാടിക്കയറി. ഒരുമിച്ചു വേറെ രണ്ടുപേരും. പത്തേമ്മാരിയുടെ നേർക്കു് അവൻ തിരക്കിട്ടു തുഴഞ്ഞു.

പ്രയാസപ്പെട്ടു കയറിനോക്കിയപ്പോഴാണു് മനസ്സിലായതു്. ആരും അതിലില്ല. ആളുകളില്ലാതെ ഒരു പത്തേമ്മാരി തനിച്ചു് അവിടെ വന്നു നിൽക്കില്ല. ആളുകൾ ഉണ്ടായിരുന്നിരിക്കണം. അവർ ഏതോ ആവശ്യത്തിനു കരയ്ക്കിറങ്ങിയതായിരിക്കണം. കരയിൽ ആപത്തുണ്ടു്. തീർച്ച. പത്തേമ്മാരിയിൽ കണ്ടെത്തിയ വെണ്മഴുവും വാളും കുന്തവും അവർ ശേഖരിച്ചു. പാമരം കൊത്തിമുറിച്ചു പായ കടലിലേക്കു തള്ളി. ഇരുവശത്തും ഘടിപ്പിച്ച തണ്ടുകൾ കൊത്തിമുറിച്ചു് ഉപയോഗശുന്യമാക്കി. അവിടെ നിൽക്കട്ടെ. എളുപ്പത്തിൽ കൊണ്ടുപോവാൻ കഴിയരുതു്. കൂടുതൽ അന്വേഷണത്തിനുവേണ്ടി പൊക്കനും കൂട്ടുകാരും കിട്ടിയേടത്തോളം ആയുധങ്ങളുമായി കരയിലേക്കു തിരിച്ചു.

പരസ്പരം ആളെക്കണ്ടു തിരിച്ചറിയാൻ മാത്രം നേരം വെളുത്തുകഴിഞ്ഞു. പുതിയൊരു വിശേഷം കണ്ടെത്തിയതപ്പോഴാണു്-പത്തേമ്മാരിയിൽ നിന്നു് ആരോ കരയ്ക്കിറങ്ങിയിട്ടുണ്ടു്. പാദരക്ഷ ധരിച്ചുപൂഴിയിലൂടെ നടന്നുപോയ അടയാളം കാണാനുണ്ടു്. ആ അടയാളം പിന്തുടർന്നു് ചിലർ അന്വേഷണമാരംഭിച്ചു. മാളികയ്ക്കലെ പടിക്കലോളം അടയാളം കാണാനുണ്ടെന്നു പോയവർ തിരിച്ചുവന്നു പറഞ്ഞു.

എല്ലാ സംശയങ്ങളും അതോടെ അവസാനിച്ചു. മാളികയ്ക്കൽ പറങ്കികളുണ്ടു്. അവരെ പിടിക്കണം. ജീവനോടെ കടപ്പുറത്തുവെച്ചു ചുടണം. ആർത്തുവിളിച്ചുകൊണ്ടു് എല്ലാവരും മാളികയ്ക്കലേക്കോടി. അവിടെ വാതിൽ കൊട്ടിയടച്ചിരിക്കയാണു്. പുലരുംതോറും വിവരം കേട്ട ആളുകൾ ഓടിയെത്തി. മാളികയ്ക്കലെ അതിർവരമ്പും വേലിയും ജനങ്ങൾ ചവിട്ടിത്തകർത്തു. പറങ്കികളെ വിട്ടുകിട്ടാൻ വേണ്ടി ഒന്നിച്ചു് അവർ ആർത്തുവിളിച്ചു. വീട്ടിനുള്ളിൽ നിന്നു മറുപടിയില്ല. പിന്നെയും പിന്നെയും ആർപ്പുവിളി മുഴങ്ങി.

കിളിവാതിലന്നടുത്തു് ആലിക്കുട്ടിയുടെ മുഖം പ്രത്യക്ഷപ്പെട്ടു.

“പിടിയെടാ പിടി!” ജനങ്ങൾ ഒന്നിച്ചലറി.

സൂര്യപ്രകാശം പരന്നു. കടൽക്കാറ്റിനോടൊപ്പം വളയക്കടപ്പുറത്തെ വിശേഷം അയൽപക്കത്തും ഒഴികിച്ചെന്നു. ക്രമേണ മാളികയ്ക്കലെ തെങ്ങിൻതോപ്പിലും അതിനു ചുറ്റിലുമായി ജനങ്ങളുടെ ഒരു മഹാസമുദ്രം തന്നെ അലയടിച്ചിരമ്പി. ഒറ്റക്കെട്ടായി ജനങ്ങളാവശ്യപ്പെട്ടു. അകത്തൊളിപ്പിച്ച പറങ്കികളെ തുറന്നുവിടാൻ. നിമിഷങ്ങൾ കഴിയുന്തോറും ആലിക്കുട്ടിയോടു ജനങ്ങൾക്കുള്ള വൈരം വർദ്ധിച്ചുവന്നു. വാതിൽ ചവിട്ടിപ്പൊളിക്കാനും വീടു കൈയേറാനും അകത്തൊളിപ്പിച്ച പറങ്കികളെ ബലമായി പിടിച്ചുകൊണ്ടുവരാനും ചിലരൊരുങ്ങി. പൊക്കൻ അവർക്കു നേതൃത്വം നൽകി. പ്രായം കൂടിയവർ ആ നടപടി സ്വീകാര്യമല്ലെന്നു് അഭിപ്രായപ്പെട്ടു. നിലവിലുള്ള നിയമത്തെയും രാജാജ്ഞയെയും ധിക്കരിക്കലാവും അതു്. തെയ്യുണ്ണിമേനോനെ വിവരമറിയിക്കാം. അദ്ദേഹമെടുക്കട്ടെ തീരുമാനം. മിക്കവാറും എല്ലാവർക്കും യോജിച്ച അഭിപ്രായമായിരുന്നു അതു്. ഏതാനു പേർ തെയ്യുണ്ണിമേനോനെ വിവരമറിയിക്കാനോടി.

ഓടിക്കിതച്ചെത്തിയ തെയ്യുണ്ണിമേനോൻ ജനങ്ങൾ ആദരവോടെ വഴിയുണ്ടാക്കിക്കൊടുത്തു. ബഹളം നിലച്ചു.

എന്താണു് സംഭവിക്കുന്നതെന്നറിയാൻ ജനങ്ങൾ ശ്വാസമടക്കിപ്പിടിച്ചുനിന്നു. വാതിൽ തുറക്കും. ആദ്യം ആലിക്കുട്ടിയും കുടുംബവും പുറത്തുകടന്നു നിൽക്കും. വീടു പരിശോധിക്കും. അകത്തൊളിപ്പിച്ച പറങ്കികളെ പിടിച്ചുകെട്ടി പുറത്തു കൊണ്ടുവരും. മാളികയ്ക്കലെ മുറ്റത്തുവെച്ചുതന്നെ അവറ്റകളെ ചതയ്ക്കണം. പല സ്ഥലത്തുനിന്നുമായി പിടിച്ചുകൊണ്ടുപോയ പെണ്ണുങ്ങൾക്കുവേണ്ടി, വെള്ള്യാൻകല്ലിലും കടലിലും വെച്ചു നിഷ്കരുണം വധിക്കപ്പെട്ട നിർദോഷികളായ പലർക്കും വേണ്ടി പകരം വീട്ടാനുള്ള സന്ദർഭമാണു്. ജനങ്ങൾ തെയ്യുണ്ണിമേനോന്റെ പിറകെ നടന്നു.

മാളികയ്ക്കലെ മുറ്റത്തിറങ്ങിയ തെയ്യുണ്ണിമേനോൻ തിരിഞ്ഞു നിന്നു ഗൗരവത്തിൽവിളിച്ചു പറഞ്ഞു:

“എല്ലാവരും വേലിക്കപ്പുറം പോയി നിൽക്കിൻ. ആരാന്റെ തൊടിയാണു്. ഇവിടെ കൂടിനിൽക്കാൻ പാടില്ല.”

ജനങ്ങൾ സംശയിച്ചുനിന്നു.

“പൂവ്വാനല്ലേ പറഞ്ഞതു്?” തെയ്യുണ്ണിമേനോന്റെ കണ്ണുകൾ ജ്വലിച്ചു.

“മഹാരാജാവിന്റെ പ്രതിനിധിയായിട്ടു ഞാനിവിടെയുണ്ടു്. എല്ലാം വേണ്ടപോലെ നടത്താനെനിക്കറിയാം.”

മഹാരാജാവിന്റെ പേരു കേട്ടപ്പോൾ ജനങ്ങൾപതുക്കെ പിൻമാറി. മാളികയ്ക്കലെ വേലിക്കപ്പുറം കടന്നു നിന്നു.

ആലിക്കുട്ടി വാതിൽ തുറന്നു പുറത്തുവന്നു. ജനങ്ങൾ ഉറ്റുനോക്കി. തെയ്യുണ്ണിമേനോനും ആലിക്കുട്ടിയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടു്. അതുകഴിഞ്ഞു് തെയ്യുണ്ണിമേനോൻ അകത്തു കയറി.

“കൊല്ലണം; ജീവനോടെ ചുടണം.” പലരും ആർത്തുവിളിച്ചു. എല്ലാവരുടെ കണ്ണും വാതിലിന്നു നേർക്കാണു്. തെയ്യുണ്ണിമേനോൻ പറങ്കികളെ പിടിച്ചുകൊണ്ടുവരും. പറഞ്ഞുകേട്ടതല്ലാതെ, പറങ്കികളെ കാണാനിതുവരെ തരപ്പെട്ടിട്ടില്ല. കാണണം. കാണും. കുശലം ചോദിക്കണം.

ആരാണു് പുറത്തുവന്നതു്? തെയ്യുണ്ണിമേനോൻ. പിന്നിലാരാണു്? ആലിക്കുട്ടി. പിന്നെ? ആരുമില്ലേ? പറങ്കികളെവിടെ? ജനങ്ങൾ പരസ്പരം പിറുപിറുത്തു. തെയ്യുണ്ണിമേനോൻ മുറ്റത്തിറങ്ങി. വേലിക്കടുത്തു വന്നു. മുഖത്തു് ഗൗരവം കുടുതലാണു്. എന്തോ പറയാൻഭാവമുണ്ടു്. ജനങ്ങൾ ശ്രദ്ധിച്ചുനിന്നു.

“അക്രമമാണു് നിങ്ങൾ കാണിച്ചതു്.” തെയ്യുണ്ണിമേനോൻ ജനങ്ങളോടു പറഞ്ഞു: “മാനമര്യാദയായി കഴിഞ്ഞുകൂടുന്ന ഒരാളുടെ വീടു് വളഞ്ഞു് അയാളെ ദ്രോഹിക്കുന്നതു് കഠിനമായ കുറ്റമാണു്. ഇത്തവണ ഞാനിതു ക്ഷമിക്കുന്നു. തിരുമനസ്സറിഞ്ഞാൽ നിങ്ങൾക്കു മാപ്പില്ല. വേഗത്തിലെല്ലാവരും സമാധാനപരമായി പിരിഞ്ഞുപോയ്ക്കോളിൻ. ഇവിടെ പറങ്കികളില്ല. ആലിക്കുട്ടി രാജദ്രോഹം ചെയ്യില്ല.”

ജനക്കൂട്ടത്തിൽനിന്നു പൊക്കൻ മുമ്പോടു വന്നു. കൂട്ടുകാർ അവനെ പിടിച്ചുനിർത്തി. സംസാരിക്കാൻ വിട്ടില്ല… തെയ്യുണ്ണിമേനോന്റെ വാക്കു വിശ്വസിക്കാൻ ജനങ്ങൾ തയ്യാറായില്ല. വല്ലതും പ്രവർത്തിച്ചാൽ രാജകോപത്തിനിടയാവും. എല്ലാവരും കടപ്പുറത്തേക്കു നീങ്ങി. അവിടവിടെ കൂടിനിന്നു് ആലോചിച്ചു. പൊക്കൻ കൂട്ടുകാരോടുകൂടി പത്തേമ്മാരി വെട്ടിപ്പൊളിച്ചു കരയിലേക്കു കൊണ്ടു വന്നു. പറങ്കികൾക്കു പകരം പത്തേമ്മാരി ചുടാൻ തീരുമാനിച്ചു. ജനങ്ങൾക്കുത്സാഹമായി. അവർ ചുറ്റും കൂടിനിന്നു് തീയെരിച്ചു. പറങ്കികൾക്കും തെയ്യുണ്ണിമേനോനും ആലിക്കുട്ടിക്കും എതിരായി കടുത്ത വാക്കുകൾ വിളിച്ചുപറഞ്ഞു. ഉണക്കച്ചുള്ളികളും കൊമ്പുകളും പെറുക്കിക്കൊണ്ടുവന്നു തീയിലേക്കെറിഞ്ഞു. ക്ഷണത്തിൽ വലിയൊരു തീക്കുണ്ഡം സൃഷ്ടിച്ചു. പുകയും ജ്വാലകളും ആകാശത്തേക്കുയർന്നു.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.