images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
ഏഴു്

മനസ്സിന്റെ മൂടുപടം പതുക്കെ നീങ്ങുന്നു. മണ്ണിന്നടിയിൽനിന്നു് ഒരു വിത്തു് മുളച്ചുവരുംപോലെ അബോധാവസ്ഥയെ പിളർന്നു കൊണ്ടു് ഓർമ തലപൊക്കുന്നു.

ഉറക്കമായിരുന്നോ? അതേ, ഉറക്കംതന്നെ. നീണ്ട ഉറക്കം. പല രാത്രികളായി ഉറങ്ങീട്ടില്ല. അതുകൊണ്ടു മതികെട്ടുറങ്ങിപ്പോയതാവണം. ജോലികൾ പലതുമുണ്ടു്. എഴുന്നേൽക്കണം; പുറപ്പെടണം. അങ്ങനെ മതികെട്ടുറങ്ങരുതായിരുന്നു. കഴിഞ്ഞ രാത്രി എന്തൊക്കെ സംഭവിച്ചോ ആവോ!

പ്രജ്ഞ പിന്നെയും മാളത്തിലേക്കു തലവലിക്കുന്നു.

ഉറക്കത്തിന്റെ കയത്തിൽ മുങ്ങുന്നു.

ആരെങ്കിലുമൊന്നു കുലുക്കിവിളിച്ചെങ്കിൽ! അമ്മയെവിടെ? വിളിക്കുന്നുണ്ടോ?

“മോനേ, പൊക്കാ, പൊക്കാ!” ശ്രദ്ധിക്കാൻ ശ്രമിച്ചു. ഇല്ല നല്ല പുതുമ! അമ്മയും ഉറങ്ങുകയാണോ? എല്ലാവരും ഒരുപോലെ ഉറങ്ങുകയാവണം. എന്തുപറ്റി?

ഓ! ഒന്നെഴുന്നേല്ക്കാൻ കഴിഞ്ഞെങ്കിൽ! കൺപീലികൾ ശക്തിയോടെ ഒന്നു തിരുമ്മിയാൽ ഉറക്കം വിട്ടുനിൽക്കും. കണ്ണു തുറക്കാൻ കഴിയും. ഛേ! കൈകൾ അനങ്ങാൻ കൂട്ടാക്കുന്നില്ല. കാലിനും എന്തോ കുഴപ്പമുണ്ടു്. ഒരേ കിടപ്പിൽ ഇളകാതെ ഉറങ്ങിപ്പോയതുകൊണ്ടു് അവയവങ്ങൾ തരിച്ചതാവും. പണ്ടും അങ്ങനെ പറ്റീട്ടുണ്ടു്. അല്പം കഴിഞ്ഞാൽ എല്ലാം നേരെയാവും.

ആരോ വരുന്നുണ്ടു്. നല്ലതു്! തലയ്ക്കാണു് കുടുതൽ കുഴപ്പം. ഉറക്കെ പിടിച്ചുകുലുക്കണേ! എന്നാൽ കുഴപ്പമൊക്കെ നീങ്ങും.

തണുത്ത കൈവിരൽകൊണ്ടു നെറ്റിയിൽ ആരോ തലോടുന്നു, അതു വേണ്ടാ. തലോടുമ്പോൾ ഉറക്കം കൂടുതലാവും. ആരാവണം തലോടുന്നതു്? അമ്മയുടെ കൈവിരലുകൾക്കു കൂടുതൽ തഴമ്പുണ്ടു്. ഇതങ്ങനെയല്ല. പൂവിതൾപോലെ നനുത്ത വിരലുകളാണു്.

“പാഞ്ചാലിയാണോ?”

പതുക്കെപ്പതുക്കെ തേങ്ങുന്ന ശബ്ദം. അതേ, പാഞ്ചാലിതന്നെ, ഉറങ്ങുന്നവരുടെ നെറ്റി തലോടിക്കൊണ്ടു വല്ലവരും കരയാറുണ്ടോ? ഇവൾക്കെന്തുപറ്റി? നേരം പുലരുന്നതിനു മുമ്പു് ഇങ്ങനെ ബദ്ധപ്പെട്ടോടിവന്നു കരയാൻ കാരണം? ഒന്നും മിണ്ടുന്നില്ല. ചോദിക്കാം:

“പാഞ്ചാലീ!”

“ഏ?”

“എന്തിനാ കരേണത്?”

“തോനെ നൊന്തോ?”

“എന്തു്?”

“തലേൽ മുറിഞ്ഞിറ്റ്ണ്ടോ?”

എന്തു മുറിവു്? ആരെപ്പറ്റിയാണി ചോദിക്കുന്നതു്? ഓ! കുറച്ചധികം ഉറങ്ങിപ്പോയതിനു പരിഹസിക്കാൻ വന്നതാണല്ലോ? കാട്ടിത്തരാം. എന്തൊരഭിനയമാണു്! കള്ളക്കരച്ചിൽ. തിരുമ്മിത്തിരുമ്മി കണ്ണിൽനിന്നു വെള്ളം വരുത്തുന്നുണ്ടാവും. രാവിലെ തന്നെ വന്നു പരിഹസിച്ചതിനു തക്ക കൂലി കൊടുക്കണം. വെറുതെ വിട്ടാൽ പറ്റില്ല. നെറ്റിയിൽ നിന്നു കൈയെടുത്തുകളഞ്ഞല്ലോ. എവിടെയാണവൾ നിൽക്കുന്നതു്? കണ്ടെത്തീട്ടുവേണം കൈയിൽ കേറിപ്പിടിക്കുക. അധികനേരം അങ്ങനെ ആലോചിച്ചു കഴിച്ചാൽ പറ്റില്ല.

പൊക്കൻ കണ്ണുതുറന്നു.

കറുത്ത മേഘങ്ങൾകൊണ്ടു രാക്ഷസന്മാരുടെ ഭീമാകാരം സൃഷ്ടിച്ചുനിൽക്കുന്ന ആകാശം. അവിടവിടെ ഒളിഞ്ഞു നോക്കുന്ന ചില നക്ഷത്രങ്ങൾ. രാക്ഷസന്മാർ ചവിട്ടിനിൽക്കുന്നതു ചോരക്കളത്തിലാണു്. എല്ലാം ഇളകിമറിയുന്നു. പേടിപ്പെടുത്തുന്ന കാഴ്ച. ഒട്ടും പ്രേരണ ചെലുത്താതെ കൺപോളകൾ അടഞ്ഞു. ഇരുട്ടാണു ഭേദം. ഇരുട്ടിൽ എല്ലാം ഇല്ലാതായപ്പോൾ അവൻ അനങ്ങാതെ കിടന്നു്. പിന്നെയും ആലോചിച്ചു.

അതു് ആകാശമാണോ? എങ്കിലിങ്ങനെ തെള്ളിത്തെള്ളി കളിക്കുന്നതെന്തു്? കുടിയിൽ കിടന്നു നോക്കിയാൽ എങ്ങനെ ആകാശം കാണും? തലയ്ക്കൊരു വെളിവുമില്ല. കഴിഞ്ഞതൊന്നും ഓർമയില്ല. തല അങ്ങോട്ടുമിങ്ങോട്ടുമിട്ടു് ഉരുട്ടിനോക്കി. വേദനിക്കുന്നു. തല മാത്രമല്ല, ശരീരം മുഴുവനും വേദനിക്കുന്നു… കഴിഞ്ഞ കാര്യങ്ങളിൽ എവിടെയെങ്കിലും ഒരു പിടുത്തം കിട്ടിയാൽ മതിയായിരുന്നു.

ആടിക്കളിക്കുന്ന ആകാശമാണു് പിന്നെയും മനസ്സിലേക്കു് ഇഴഞ്ഞു വരുന്നതു്. ആ ഒളിഞ്ഞുനോക്കുന്ന നക്ഷത്രങ്ങൾ! അവയെ മുമ്പെങ്ങോ കണ്ടിട്ടുണ്ടു്. പരിചയമുള്ള നക്ഷത്രങ്ങളാണു്. എവിടെവെച്ചാവും കണ്ടതു്? ഇരുട്ടിൽ മുങ്ങിനിൽക്കുന്ന തലച്ചോറിൽ വെളിച്ചത്തിന്റെ ചെറിയൊരു പൊരി മിന്നാമിനുങ്ങുപോലെ പാറിക്കളിച്ചു. ഓർമ തിരിച്ചെത്തുകയാണു്. ഭാഗ്യം!

പൊക്കന്റെ മുഖം തെളിഞ്ഞു. മനസ്സിന്റെ കനം കുറഞ്ഞു. പൂഴിയിൽ കിടന്നു കുഞ്ഞാലിക്കു നക്ഷത്രം നോക്കി ദിക്കറിയാനുള്ള വിദ്യ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. കുഞ്ഞാലി ബുദ്ധിയുള്ളവനാണു്; സ്നേഹവും. ഉറക്കവും ക്ഷീണവുമുള്ളപ്പോൾ പൂഴിയിൽ കിടന്നതാണു് തെറ്റു്. മതികെട്ടുറങ്ങിപ്പോയി. സാരമില്ല. നേരം പുലരുന്നതേയുള്ളൂ. ആകാശത്തിൽ അവിടവിടെ ചുവപ്പു കണ്ടല്ലോ. കുഞ്ഞാലിയെ വിളിക്കണം.

“കുഞ്ഞാലീ!”

മിണ്ടുന്നില്ല; നല്ല ഉറക്കമാണു്. ഇനി താമസിച്ചാൽ പറ്റില്ല. വേഗം എഴുന്നേറ്റു പോയില്ലെങ്കിൽ വല്ലവരും വന്നു കാണും. കടപ്പുറം കാക്കുന്നവർ മരംപോലെ പൂഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ കുറച്ചിലാണു്. പരിഹസിക്കും. വേഗത്തിൽ എഴുന്നേറ്റു് കുഞ്ഞാലിയുടെ കാലുപിടിച്ചു് പൂഴിയിലൂടെ രണ്ടുചാൽ അങ്ങോട്ടുമിങ്ങോട്ടും വലിക്കണം. ഉണർന്നു ലഹളകൂട്ടും; കൂട്ടട്ടെ.

ഉത്സാഹത്തോടെ കണ്ണുതുറന്നു.

ആകാശത്തിലെ രാക്ഷസന്മാർ ഒന്നിച്ചുകൂടി ഒരു പർവ്വതമായി ഒത്തമുകളിൽ നിൽക്കുന്നു. ചുവപ്പുനിറം പറ്റിക്കണ്ട സ്ഥലത്തു മുഴുവൻ ഇപ്പോൾ ഇരുട്ടാണു്.

നേരം പുലരുകയല്ലേ?

ഒന്നും മനസ്സിലാവുന്നില്ല.

എന്തായാലും എഴുന്നേൽക്കാം.

തല പൊക്കി.

വയ്യാ!

തല പൊക്കുമ്പോൾ കൈയ്ക്കും കാലിനുമാണു് വേദന.

തല ഇളകുമ്പോൾ ആകാശവും ഇളകുന്നു.

ആകാശം ഇളകുമ്പോൾ ഒത്തമുകളിലുള്ള പർവ്വതവും അതിനു ചുറ്റുമുള്ള നക്ഷത്രങ്ങളും ഇളകുന്നു; ഊഞ്ഞാലാടുംപോലെ. നോക്കാൻവയ്യാ. മറ്റൊരാളുടെ സഹായമില്ലാതെ എഴുന്നേല്ക്കാൻ പറ്റുമെന്നു തോന്നുന്നില്ല. കുഞ്ഞാലി ഉണരട്ടെ; ഉറക്കെ വിളിച്ചു.

“കുഞ്ഞാലീ”

പിന്നെയും പിന്നെയും വിളിച്ചു. ശബ്ദത്തിനെന്തൊരു മുഴക്കം!

“കുഞ്ഞാലീ!”

അൽപ്പനിമിഷങ്ങൾക്കകം ആ വിളി മറ്റൊരു ശബ്ദത്തിൽ ആവർത്തിക്കുന്നു:

“കുഞ്ഞാലീ!”

ആരുമില്ല. എത്രനേരമങ്ങനെ വിളിക്കും? ചരിഞ്ഞു കിടക്കാൻ നോക്കി. ആകാശത്തിന്റെ ഊഞ്ഞാലാട്ടം പിന്നെയും ആരംഭിച്ചു. വല്ലാത്ത വിഷമം. വലിയൊരു കെണിയിലാണു് കുടുങ്ങിയതു്. കൈയും കാലുമൊക്കെ അനക്കാൻ കഴിയാത്തവിധം അതിൽ അകപ്പെട്ടുപോയിരിക്കുന്നു. എന്തു ചെയ്തും ഈ കെണിയിൽ നിന്നു് പുറത്തു ചാടണം. എഴുന്നേൽക്കാനുള്ള ശ്രമമാണു് പിന്നെ. തിരിയാനും മറിയാനും കഴിയാതെ, കൈയും കാലും ഇളക്കാൻ പറ്റാതെ, എങ്ങനെ എഴുന്നേൽക്കും? ഒന്നിളകിയാൽ ശരീരം മുഴുവൻ കലശലായ വേദന. സഹിക്കാൻ തന്നെ തീരുമാനിച്ചു. നിലത്തു തോളമർത്തി നിരങ്ങാം. നിരങ്ങി. നിരങ്ങിയപ്പോഴാണു് മനസ്സിലായതു്, കിടക്കുന്നതു പൂഴിയിലല്ല. പരുപരുത്ത മരക്കഷണത്തിൽ തട്ടി പുറത്തെ തൊലിയുരിയുന്നു. പല്ലുകടിച്ചു വേദന സഹിച്ചു. അങ്ങനെ ക്ലേശിച്ചു നിരങ്ങിയാൽ എവിടെയെങ്കിലും ചെന്നെത്തും. എത്താതിരിക്കില്ല.

വളരെയേറെ അദ്ധ്വാനിച്ചും വേദന സഹിച്ചുമാണു് നിരങ്ങുന്നതു്. എവിടെച്ചെന്നെത്തുമെന്നു തീർച്ചയില്ല. ഏതു നരകത്തിലായാലും വേണ്ടില്ല, ഇതല്ലാത്ത മറ്റൊരു സ്ഥലത്തെത്തിയാൽ മതി.

തല എവിടെയോ ചെന്നു തട്ടി. യാത്ര അവസാനിച്ചോ? കരിമ്പടപ്പുഴു പൂഴിയിലൂടെ അരിക്കുന്നതു ചെറുപ്പത്തിൽ പലപ്പോഴും അവൻ നോക്കിനിന്നിട്ടുണ്ടു്. ഉടൽ അൽപ്പമൊന്നു വളച്ചു് തല മുമ്പോട്ടു നീക്കും; തലയുടെ സ്ഥാനത്തു് ഉടലെത്തിയാൽ പിന്നെയും അതു് ആവർത്തിക്കും. അങ്ങനെയാണു് അതിന്റെ യാത്ര. മുറ്റത്തുനിന്നു കുടിയിലെ ഓലമറയിൽ ചെന്നുപറ്റാൻ കരിമ്പടപ്പുഴു ഒരുപാടു സമയമെടുക്കും. ഓലമടതൊടാറാവുന്നതുവരെ പൊക്കൻ അതിനെ ശ്രദ്ധിച്ചിരിക്കും. തൊടുമെന്നു തോന്നിയാൽ കൈയിലുള്ള ഈർക്കിലിയിൽ തോണ്ടി അതിനെ പുറപ്പെട്ട സ്ഥലത്തുതന്നെ എത്തിക്കും. അവൻ ഇപ്പോൾ ഒരു കരിമ്പടപ്പുഴുവാണു്. ഇഴയുന്നതു മലർന്നാണെന്നൊരു വ്യത്യാസം മാത്രം. നിരുപദ്രവികളായ പ്രാണികളെ ദ്രോഹിക്കുന്നതു പാപമാണെന്നു് അമ്മ പലപ്പോഴും ഉപദേശിച്ചിട്ടുണ്ടു്. കൂട്ടാക്കിയില്ല. കരിമ്പടപ്പുഴുവിന്റെ ശാപമായിരിക്കും അവനെ ഈ നിലയിലെത്തിച്ചതു്. ഒന്നു കൂടി നിരങ്ങാൻ ശ്രമിച്ചു; സാധ്യമല്ല.

ഗതിമുട്ടിയപ്പോൾ പിന്നെയും ആലോചിക്കാൻ തുടങ്ങി. പരിസരത്തെപ്പറ്റി ഒന്നും അറിയാൻ കഴിയാതെ, ആകാശം നോക്കി മലർന്നു കിടക്കുന്ന അവന്റെ മുമ്പിൽ കലങ്ങിച്ചുവന്ന രണ്ടു കണ്ണുകൾ പ്രത്യക്ഷപ്പെട്ടു. മനുഷ്യന്റെ കണ്ണല്ല. കൺപോളകൾക്കു ചുറ്റും നനഞ്ഞ പൂഴി പറ്റിപ്പിടിച്ചുനിൽക്കുന്നു. സൂക്ഷിച്ചു നോക്കി. വലിയ കടലാമയാണു്. മുട്ടയിടാൻ പൂഴിപ്പരപ്പിലേക്കു കയറിവന്നതായിരുന്നു. തഞ്ചം പാർത്തു പതുങ്ങിയിരുന്നവർ ഓടിച്ചെന്നു പിടിച്ചു. പിടിച്ചു മലർത്തിയിട്ടു. മലർത്തിയിട്ടാൽ ആമ കീഴടങ്ങും. കീഴടങ്ങിയ ആമ കൈയും കാലുമെടുത്തു നെഞ്ചിലടിച്ചു പൂഴിയിൽ കിടന്നു വട്ടം കറങ്ങും. ചുറ്റും കൂടിയവർ കൈകൊട്ടി രസിക്കും. കൂട്ടത്തിൽ അവനുമുണ്ടു്.

എന്തു ബഹളമാണു്! എല്ലാവരുംകൂടി ആർത്തട്ടഹസിക്കുന്നു. നെഞ്ചിലിടിച്ചു കണ്ണീരൊഴുക്കി ‘എന്നെ വിട്ടയയ്ക്കണേ’ എന്നു് ആമ അപേക്ഷിക്കുകയാണു്. ആർക്കും അതു് മനസ്സിലവുന്നില്ല. പൂഴിയിൽ ഒഴുകിച്ചേരുന്ന അതിന്റെ കണ്ണീർ ആരും കാണുന്നില്ല. അവനു മനസ്സിലായി; അവൻ കണ്ടു.

“വേണ്ടാ വേണ്ടാ!” അവൻ വിളിച്ചു പറഞ്ഞു. കൂട്ടുകാരെ തടഞ്ഞുനിർത്തി…

ഹോ! മരണവേദന! കൈകൾ ഉളക്കിയതാണു് കുഴപ്പം. കടലാമയും കൂട്ടുകാരുമില്ല. എല്ലാം തോന്നൽ. അവൻ ഇപ്പോൾ കീഴടങ്ങിയ കടലാമയേക്കാൾ കഷ്ടമാണു്. മലർന്നുകിടന്നു നിരങ്ങുമ്പോൾ കൈകൾ പിറകിൽ കുടുങ്ങിക്കിടക്കുന്നു.

തല ചെന്നു മുട്ടിയതിനപ്പുറം എന്തോ ഉയർന്നുനിൽക്കുന്നുണ്ടു്. നിരങ്ങാൻ വയ്യാ. തല പൊളിഞ്ഞുപോകും. പൊളിയുന്നെങ്കിൽ പൊളിയട്ടെ. കിണഞ്ഞു ശ്രമിച്ചു. മുകളിലേക്കാണു് നീങ്ങുന്നതു്. വേദനിച്ചാലും വേണ്ടില്ല, കാൽമടമ്പുകൾ ഊന്നി ഒന്നു കുതിച്ചു. ഇപ്പോൾ എവിടെയോ ചാരിക്കിടക്കുന്ന അനുഭവം. കഠിനാദ്ധ്വാനംകൊണ്ടു വിയർത്തുകുളിച്ച ശരീരത്തിൽ തണുപ്പുകാറ്റു വീശുന്നു. ചന്ദനത്തൈലം പുരട്ടുന്ന സുഖം.

എല്ലാം വെറും സ്വപ്നമാണോ? സ്ഥലത്തെപ്പറ്റി ഒന്നും അറിഞ്ഞു കൂടാ. ഇരുവശത്തും മതിലുകൾ പോലെ എന്തോ ഉയർന്നുനിന്നു് കാഴ്ചയെ മറയ്ക്കുന്നു. അതിനപ്പുറമെന്താവാം? വളരെ ശ്രദ്ധിച്ചുനോക്കിയില്ലെങ്കിൽ ഉരുണ്ടുവീഴും; അതുവരെയുള്ള ശ്രമം വിഫലമാവും. തല പതുക്കെ ഉയർത്തി, കഴുത്തു പൊക്കി നോക്കി.

കടൽ!

മേലാകെ കുളിരു കോരിയിട്ടു. രോമം എടുത്തുപിടിച്ചു നിന്നു. ഇമ വെട്ടാതെ പിന്നെയും പിന്നെയും തുറിച്ചുനോക്കി. എങ്ങനെ കടലിലെത്തി? കൂട്ടുകാരെവിടെ? ഒരുമിച്ചാരെങ്കിലുമുണ്ടാവും; തീർച്ച. കുഞ്ഞാലിയെത്തന്നെ വിളിച്ചുനോക്കാം. ഉറക്കെ വിളിച്ചു;

“കുഞ്ഞാലീ”

ഇരിപ്പിടം ഇളകുന്നു. ആകാശം ഇളകുന്നു. പിറകിൽ നിന്നു് ആ വിളിയുടെ പ്രതിദ്ധ്വനി കേൾക്കുന്നു. എന്താണതു്? തിരിഞ്ഞുനോക്കി.

വെള്ള്യാൻകല്ലു്!

ഹൃദയം തുരുതുരെ മിടിച്ചു. മറവിയുടെ മൂടുപടം പിച്ചിച്ചീന്താൻ ആ കാഴ്ച പ്രയോജനപ്പെട്ടു. എല്ലാം തെളിഞ്ഞു വരുന്നു; ചുള്ളിക്കാട്ടിൽവെച്ചു് ഏറ്റുമുട്ടിയതു്. പ്രതിയോഗികളെ കീഴടക്കിയതു്. ഒടുവിൽ ഓർക്കാപ്പുറത്തു തലയ്ക്കൊരടി കൊണ്ടതു്. ഇരുട്ടിലേക്കു് വഴുതിവീണതു്-മറവിയുടെ മൂടൽമഞ്ഞു നീങ്ങി എല്ലാം പ്രത്യക്ഷപ്പെടുന്നു.

ആദ്യം കുഞ്ഞാലിയെയാണു് അക്രമികൾ പിടികൂടിയതു്. സഹായത്തിനു ചെന്നെത്താൻ കഴിഞ്ഞില്ല. അവനെവിടെ? തല്ലിക്കൊന്നിട്ടുണ്ടാവുമോ?

ഇനി ഒന്നും അവ്യക്തമല്ല. ചാരിക്കിടക്കുന്നതു് ഒരു വള്ളത്തിന്റെ കൊമ്പിലാണു്. കൈയും കാലും കെട്ടിവരിഞ്ഞു വള്ളത്തിലിട്ടതാണു്. തല വെട്ടുന്നതു കല്ലിൽവെച്ചാവും. സാരമില്ല. ഇങ്ങനെ അനങ്ങാൻ വയ്യാതെ കിടക്കുന്നതിലും ഭേദം തല വെട്ടുകയാണു്.

ബോധമില്ലാതെ എത്ര ദിവസം കിടന്നിരിക്കും? അറിഞ്ഞുകൂടാ. അന്നു് ഏറ്റുമുട്ടിയതു പറങ്കികളോടാണോ? ആണെങ്കിൽ അന്നവർ കടപുറത്തു് എന്തൊക്കെ കെടുതികൾ വരുത്തിയിരിക്കും! ആരോടന്വേഷിക്കാൻ? വെള്ള്യാൻകല്ലു് ഇരുട്ടിൽ മുങ്ങിനിൽക്കുകയാണു്. അടുത്തും അകലത്തുമായി വേറെയും ചില വള്ളങ്ങൾ കിടപ്പുണ്ടു്. ഒന്നിലും മനുഷ്യരില്ല. ഉണ്ടെങ്കിൽ ശബ്ദം കേൾക്കും.

മരണം തീർച്ചപ്പെട്ട നിലയ്ക്കു് ഒന്നും ആലോചിക്കാനില്ലെന്നമട്ടിൽ പൊക്കൻ ചാരിക്കിടന്നു. പക്ഷേ, കഴിയുന്നില്ല. അപ്പോൾ ആലോചിക്കാൻ മാത്രമേ സ്വാതന്ത്ര്യമുള്ളൂ. അതു നടക്കട്ടെ.

കുഞ്ഞാലിയുടെ കാര്യമാണു് മനസ്സിൽ നിന്നു വിട്ടുപോകാത്തതു്. മറ്റൊക്കെ സഹിക്കാം. പാവം! ഉമ്മയ്ക്കും ബാപ്പയ്ക്കും വയസ്സാണു്. മൂത്തമകൻ കുഞ്ഞാലിയാണു്. അദ്ധ്വാനിക്കാനും കുടുംബം പുലർത്താനും കഴിവുള്ള ഒരേഒരു മകൻ. അവന്റെ ചോടെ മൂന്നു പെൺകുട്ടികളാണു്. രണ്ടെണ്ണം കെട്ടിച്ചുകൊടുക്കേണ്ട പ്രായം കവിഞ്ഞുനിൽക്കുന്നു. ഏറ്റവും ഇളയ മകനു് അദ്ധ്വാനിക്കാൻ പ്രായമായിട്ടില്ല. കുടുംബം മുഴുവനും കുഞ്ഞാലിയെ ആശ്രയിച്ചാണു് കഴിയുന്നതു്. ചുള്ളിക്കാട്ടിൽ അവന്റെ ശവം കണ്ടെത്തിയ വിവരം കേട്ടു ബാപ്പ ഹൃദയം പൊട്ടിമരിച്ചിട്ടുണ്ടാവും; ഉമ്മയും. ആരും തുണയില്ലാത്ത പെങ്ങന്മാർ കടപ്പുറത്തു് അലഞ്ഞുനടക്കും. കൈ നീട്ടി ഇരക്കും. പൊക്കന്റെ കണ്ണുകൾ നിറഞ്ഞു. കവിളിലൂടെ കുത്തിയൊലിക്കുന്ന കണ്ണീരൊപ്പാൻ കടൽക്കാറ്റു വേണ്ടി വന്നു. കൈകൾ അതിനുകൂടി കൊള്ളാതായി.

കീറിയ തട്ടവും പിന്നിപ്പൊളിഞ്ഞ കുപ്പായവും വിളർത്ത മുഖവും ഒട്ടിയ കവിളും കുണ്ടിൽ വീണ കണ്ണുമായി ആ പെൺകുട്ടികൾ കടപ്പുറത്തെ പൂഴിയിലൂടെ നടക്കുന്നു-തെക്കു നിന്നു വടക്കോട്ടും വടക്കുനിന്നു തെക്കോട്ടും!

വളയക്കടപ്പുറം മുഴുവനും പൊക്കന്റെ കണ്ണിൽ തെളിഞ്ഞു വന്നു. അമ്മ ഉറങ്ങുകയാവും! ഉടനെ ആ ആലോചന അവൻ തിരുത്തി:

“ഇല്ലമ്മേ, അമ്മയ്ക്കു് ഉറക്കം വരുലാ.” രാത്രി ഒട്ടുനേരമെങ്കിലും അമ്മയ്ക്കവനെ തൊട്ടുകിടക്കണം. ഇല്ലെങ്കിൽ ഉറക്കം ശരിയായില്ലെന്നു് എന്നും ആവലാതി പറയും.

അച്ഛൻ ചൂളിപ്പിടിച്ചിരുന്നു് എല്ലാം സഹിക്കുകയാവും. മറ്റുള്ളവരെ അറിയിക്കാതെ വേദന സഹിക്കാൻ അച്ഛനു കഴിവുണ്ടു്. അവനെപ്പറ്റി അച്ഛനുമമ്മയും തീരുമാനിച്ചതെന്താവും? കുഞ്ഞാലിയുടെ ശവം പള്ളിയിലേക്കു കൊണ്ടുപോയതു് ആ വഴിക്കാവില്ലേ? പിന്നെന്തു തീരുമാനിക്കാൻ?

“വാതം പിടിക്കാണ്ടു് തന്നെ ഞാനിപ്പം മുത്തപ്പനാ, അമ്മേ.” അറിയാതെ അവനങ്ങു പറഞ്ഞുപോയി. അനങ്ങാൻ കഴിയുമെങ്കിൽ, കൈയും കാലും സ്വതന്ത്രമാണെങ്കിൽ, ആ കടൽ നീന്തിക്കടക്കാൻ അവനൊരു പ്രയാസവുമില്ല. ഇനി അതൊന്നും കൊതിച്ചിട്ടു കാര്യമിലു. അവന്റെ വിധി ഏതാണ്ടു തീർച്ചപ്പെട്ടുകഴിഞ്ഞു. ഒന്നേ പ്രാർത്ഥിക്കാനുള്ളൂ: അച്ഛനും അമ്മയ്ക്കും ആപത്തൊന്നും വരുത്തല്ലേ, പാഞ്ചാലിക്കു നല്ലൊരു ഭർത്താവിനെ കിട്ടണേ…

അകലത്തു വെളിച്ചം കാണുന്നു. വള്ളത്തിൽ നിന്നാവും. ആരെങ്കിലും തിരഞ്ഞു പുറപ്പെട്ടതാണോ? പല വഴിക്കും ആളുകൾ പോയിട്ടുണ്ടാവും. വേഗം വരട്ടെ; വന്നു കെട്ടഴിച്ചുവിട്ടാൽ എന്നെങ്കിലും ഇതിനു പകരം ചോദിക്കാമായിരുന്നു.

വെളിച്ചം കാണുന്നതു വള്ളത്തിൽ നിന്നാണു്. ഒന്നല്ല, മൂന്നുനാലു വള്ളങ്ങളുണ്ടു്. മനുഷ്യരുടെ ശബ്ദം അവ്യക്തമായി കേൾക്കുന്നു. ആരായിരിക്കും? ആരായാലും മനുഷ്യരല്ലേ? അവന്നു മനുഷ്യരെക്കാണാൻ കൊതിയായിരിക്കുന്നു.

തണ്ടു വലിക്കുമ്പോൾ വെള്ളമിളകുന്ന ശബ്ദം. വള്ളങ്ങൾ വരുന്നതു വെള്ള്യാൻകല്ലിനുനേർക്കാണു്. ആട്ടിന്റെ കരച്ചിൽപോലെ തിരിച്ചറിയാൻ കഴിയാത്ത മറ്റൊരു ശബ്ദമുണ്ടു്. അതെന്താണു്?

ആട്ടിന്റെ കരച്ചിൽതന്നെ. വള്ളത്തിൽ ആടെങ്ങനെ വന്നു? ധൃതി കൂട്ടേണ്ട കാര്യമില്ല. അടുത്തു വന്നാൽ എല്ലാം കണ്ടറിയാം.

നാലു വലിയ വള്ളങ്ങളുണ്ടു്. എല്ലാം പാറക്കെട്ടിൽ അവിടവിടെ അടുപ്പിച്ചു. പന്തങ്ങൾ ജ്വലിച്ചു. ആദ്യം ആടിനെയാണിറക്കിയതു്. പിന്നാലെ ഏതാനും പേരിറങ്ങി. പന്തത്തിന്റെ ചുവന്ന വെളിച്ചത്തിൽ എല്ലാം തെളിഞ്ഞുകാണാം.

വട്ടത്തൊപ്പിയും ചെമ്പൻതാടിയും മേലങ്കിയും കാൽസറായിയുമുള്ള വെള്ളക്കാർ. ലക്ഷണമൊത്ത പറങ്കികൾ. പറഞ്ഞുകേട്ടതല്ലാതെ മുമ്പൊരിക്കലും കണ്ടിട്ടില്ല. പൊക്കൻ സൂക്ഷിച്ചു നോക്കി. നെഞ്ചിടിപ്പിനു പറകൊട്ടിന്റെ ശബ്ദം. ഭയമല്ല; ഈർഷ്യ.

പറങ്കികൾക്കു് അകമ്പടി സേവിക്കാൻ ഏതാനും അടിമകളുമുണ്ടു്, കറുത്ത മനുഷ്യർ. എല്ലാവരും നടന്നു. ഏതോ ഒരു വള്ളത്തിൽ അപ്പോഴും ബഹളം തുടരുന്നു. നിലവിളിച്ചു ലഹളകൂട്ടുന്ന ഒരു സ്ത്രീ ശകാരവും ശാപവും വർഷിക്കുന്നു.

“മഹാപാപ്യേളേ, ങ്ങളെ ഇടിവെട്ടിപ്പോകും!”

ആ ശാപം വേഗത്തിൽ ഫലിക്കണേ എന്നു പൊക്കൻ പ്രാർത്ഥിച്ചു. ഇടിവാളല്ലാതെ പറങ്കികൾക്കെതിരായി മറ്റൊരായുധമില്ല. പറങ്കികളുടെ കൂടുതൽ തടിച്ചു് ഉയരംകൂടിയ ഒരു മനുഷ്യൻ തിരിഞ്ഞുനിന്നു് എന്തോ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇടി മുഴങ്ങുന്ന ശബ്ദം. മനസ്സിലാവാത്ത ഏതോ ഭാഷയാണു്. അയാളെക്കണ്ടാൽ ഒരു മേധാവിയാണെന്നു തോന്നും.

പാറപ്പുറത്തു മുഴുവൻ വെളിച്ചം പരന്നു. അടിമകൾ വിറകു കൂമ്പാരത്തിനു തീകൊടുത്തതാണു്. വട്ടമിട്ടിരുന്നു പറങ്കികൾ കുടിതുടങ്ങി. കുപ്പികളാണു് മുമ്പിൽ; ധാരാളമുണ്ടു്.

ഒരു യുവതിയെയും വാരിയെടുത്തു് അവസാനത്തെ പറങ്കി വെള്ളത്തിൽ നിന്നു പുറത്തു കടന്നു. നിരാധാരയായ ഒരു യുവതി വളയുകയും പുളയുകയും സഹായത്തിനുവേണ്ടി ഉച്ചത്തിൽ നിലവിളിക്കുകയും കൈയും കാലും ആകാശത്തിലിട്ടു തല്ലുകയും ചെയ്യുന്നു-കുറുക്കന്റെ വായിൽപ്പെട്ട പിടക്കോഴി-പിടയുന്തോറും പിടിമുറുകുകയാണു്. കൊള്ളയും കൊലയും നടത്തി തഴക്കവും പഴക്കവുമാർജ്ജിച്ച ആ കൈകൾക്കു് അവളെ പിടിച്ചൊതുക്കാൻ ഒട്ടും ശ്രമം വേണ്ടിവന്നില്ല.

“എന്റമ്മേ, എന്നെ കൊന്നേ” കരളുരുകി കണ്ണീരിലൂടെ നീന്തിയെത്തുന്ന ആ ദീനവിലാപം കേൾക്കാൻ വയ്യാ. വികാരാധിക്യംകൊണ്ടു ഹൃദയംപൊട്ടിപ്പോകുമെന്നു പൊക്കനു തോന്നി. ഒരിക്കലും പൊറുപ്പിക്കാൻ കഴിയാത്ത ഒരക്രമം മിണ്ടാതെ നോക്കിനിൽക്കേണ്ടിവന്നു. ആ യുവതി പിന്നെയും വാവിട്ടു നിലവിളിക്കുകയാണു്. മനുഷ്യരാരും സഹായത്തിനെത്തിക്കാണാഞ്ഞപ്പോൾ അപേക്ഷ ഈശ്വരന്റെ നേർക്കു തിരിഞ്ഞു.

“എന്റീശ്വരാ, നീയിതു കാണുന്നില്ലേ?”

“ഉണ്ടു്, പെങ്ങളേ, ഉണ്ടു്. ഈശ്വരൻ കാണുന്നുണ്ടു്! ഈശ്വരൻ ഒക്കെ കാണും.” പ്രയോജനമില്ലെങ്കിലും പൊക്കനതു പറഞ്ഞു. പക്ഷേ, ഈശ്വരനെവിടെ? എല്ലാം കാണുന്ന ഈശ്വരൻ ഇതെന്തുകൊണ്ടു കാണുന്നില്ല? കൈകാലുകൾ അനക്കാൻ വയ്യാതെ ഈശ്വരനും കിടപ്പാണോ?

കൂട്ടുകാരുടെ മധ്യത്തിലാണവളെ ഇറക്കിവെച്ചതു്. പാവം! പത്തിരുപതു വയസ്സിലെറെ പ്രായമില്ല. അഴിഞ്ഞുവീണ തലമുടിതോളിലും മാറിലും ചിതറിക്കിടക്കുന്നു. പരിഭ്രാന്തമായ കണ്ണുകൾ പരിസരം മുഴുവൻ ഉഴറിനടക്കുന്നു.

വട്ടമിട്ടിരുന്നു കുടിക്കുന്ന പറങ്കികൾ കൂട്ടുകാരനെ അഭിനന്ദിച്ചു കൗതുകത്തോടെ പുതിയ കാഴ്ചദ്രവ്യത്തെ നോക്കി. ഒഴിഞ്ഞ കുപ്പികളോരോന്നു കൈക്കലാക്കി അവരെഴുന്നേറ്റു. കാലുകൾ നിലത്തുറയ്ക്കുന്നില്ല. ഉറയ്ക്കാത്ത കാലുകൾ അമർത്തിച്ചവുട്ടിയും ഉയർത്തിവീശിയും അവർ നൃത്തമാരംഭിച്ചു. വികൃതവും ബിഭത്സവുമായ നൃത്തം. പിറകിൽ ആളിക്കത്തുന്ന അഗ്നികുണ്ഡം. ചുടലനൃത്തത്തിനു വന്ന പിശാചുക്കളാണവരെന്നു് പൊക്കനു തോന്നി. യുവതിയെ ചുറ്റിക്കൊണ്ടാണവർ നൃത്തംവെക്കുന്നതു്. ചുറ്റും വിശന്ന ചെന്നായ്ക്കൾ. നടുവിൽ പേടിച്ചരണ്ട ഒരു മാൻപേട. നൃത്തം മുറുകി. ഒഴിഞ്ഞ കുപ്പികൾ ആകാശത്തിലേക്കു വിശിയെറിഞ്ഞു. അവ പാറപ്പുറത്തു വീണു പൊട്ടിച്ചിതറി. എല്ലാവരും ഒരുപോലെ പൊട്ടിച്ചിരിച്ചു. പൈശാചികമായ ചിരി.

ആ ശബ്ദകോലാഹലത്തിൽ ഇടിവെട്ടേറ്റ ഒരു പിച്ചിവള്ളിപോലെ അവൾ ബോധംകെട്ടു പാറപ്പുറത്തുവീണു.

തെല്ലിട നിശ്ശബ്ദമായി ഒരു മൂലയിൽ ഒതുങ്ങിക്കൂടിയ ആടു് വീണ്ടും കരയാൻ തുടങ്ങി. നീണ്ട നീണ്ട കരച്ചിൽ: ഏതോ വലിയ വേദന വിളിച്ചറിയിക്കും പോലെ.

മേധാവി തിരിഞ്ഞുനോക്കി. എന്തോ പറഞ്ഞു. കുടിച്ചു കുന്തംമറിഞ്ഞ ഒരു പറങ്കി മുമ്പോട്ടു വന്നു. കുള്ളനാണു്. ഇരുമ്പാണികളുള്ള പാദരക്ഷ പാറപ്പുറത്തുരച്ചുകൊണ്ടാണു് നടത്തം. അയാൾ അരപ്പട്ടയിൽ നിന്നു് ഒരു കത്തി വലിച്ചൂരി. അതിന്റെ അലകു വെട്ടിത്തിളങ്ങി. ആട്ടിന്റെ കരച്ചിലിൽ അക്ഷരങ്ങളും വാക്കുകളും അടങ്ങീട്ടുണ്ടെന്നു് പൊക്കനു തോന്നി. അതെന്തൊക്കെയോ വിളിച്ചുപറയുകയാണു്. ഒരു പക്ഷേ, ആ യുവതിയെപ്പോലെ അതും ഈശ്വരസഹായം തേടുകയാവും. എവിടെ ഈശ്വരൻ? പറങ്കികളുള്ളപ്പോൾ ഈശ്വരനും വെള്ള്യാൻകല്ലിൽ വരില്ലേ?

ആടിയാടി മുമ്പോട്ടു നിങ്ങിയ പറങ്കി ആടിന്റെ ചെവി രണ്ടും ചേർത്തുപിടിച്ചു് അതിനെ മേല്പോട്ടു പൊക്കി. അതിപ്പോൾ പിൻകാലിൽ കുന്തിച്ചു നിൽക്കുകയാണു്. കഴുത്തിലെ മാംസപേശികൾ വലിഞ്ഞു നീണ്ടതുകൊണ്ടു കരച്ചിൽ മറ്റൊരു രൂപത്തിലാണു് പുറത്തുവരുന്നതു്. തിളങ്ങുന്ന കത്തി ആകാശത്തിലേക്കുയർന്നു. അപ്പുറം കാണാത്തതാണു് ഭേദം. പൊക്കൻ കണ്ണടച്ചു. ഒന്നും കാണാതെ, കേൾക്കാതെ കഴിഞ്ഞെങ്കിൽ!

കണ്ണടച്ചതുകൊണ്ടു കൂടുതൽ കുഴപ്പമാണുണ്ടായതു്. ആ രണ്ടു സഹായാർഥികളും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.

ആടും യുവതിയും!

പറങ്കികൾ രണ്ടിനെയും ഒരു വീട്ടിൽ നിന്നു് തട്ടിയെടുത്തതാവും. പച്ചിലയും ഇളംപുല്ലും കൊടുത്തു് ആ ആട്ടിനെ അവൾ താലോലിച്ചു വളർത്തി. അവൾ പോകുന്നേടത്തൊക്കെ കഴുത്തിലെ മണിയും കിലുക്കി നിഴലുപോലെ അതും അവളെ പിൻതുടർന്നു. ഒടുവിൽ ഒരത്യാഹിതത്തിൽ കുടുങ്ങിയപ്പോൾ അവിടെയും അവരൊപ്പമുണ്ടു്. ആട്ടിനെ വെട്ടിക്കൊന്നു് പാകം ചെയ്തു് വിശപ്പടക്കി, ഒന്നുരണ്ടു കുപ്പി ദ്രാവകവും അകത്തു ചെന്നാൽ ഹൃദയത്തിന്റെ വിശപ്പു തുടങ്ങുകയായി.

“പെങ്ങളേ, ഈശ്വരനെ വിചാരിച്ചുകിടന്നോ. നിനക്കു മരിക്കണമെന്നു തോന്നുണ്ടാവും. കയ്യൂലാ; മരിക്കാനും ആ പഹേർ സമ്മതിക്കൂലാ.”

ആലോചനയുടെ വെള്ളപ്പൊക്കത്തിൽ മുങ്ങിയും പൊങ്ങിയും പൊക്കനങ്ങനെ കിടന്നു. പാറപ്പുറം നിശബ്ദമാണു്. ഒന്നു് വീണ്ടും നോക്കാൻ തോന്നി.

യുവതി എഴുന്നേറ്റു് തലയും താഴ്ത്തിയിരിക്കുന്നു. കുടിച്ചു നൃത്തം വെച്ചവർ അവിടവിടെ വീണു് ഉറങ്ങുന്നു. തീക്കുണ്ഡത്തിന്നു മുകളിൽ, കഴുത്തുവെട്ടി തോലുരിച്ച ആട്ടിന്റെ ജഡം കിടന്നു വേവുന്നു. അടിമകൾ അൽപം മാറിയിരുന്നു് ഉറക്കം തുങ്ങുന്നു. ഒരാൾ മാത്രം ഉണർന്നിരിപ്പുണ്ടു്. ആ കുള്ളൻ. ചുരുട്ടു വലിച്ചു പുകയും വിട്ടു തീക്കുണ്ഡത്തിലേക്കു നോക്കിയാണിരിപ്പു്.

യുവതി പതുക്കെ തല പൊക്കി ചുറ്റിലും ഭീതിയോടെ നോക്കി. എല്ലാവരും ഉറക്കമാണു്. ഉറങ്ങാത്ത മനുഷ്യൻ മറുഭാഗം തിരിഞ്ഞിരിപ്പാണു്. രക്ഷപ്പെടാനുള്ള ഒരുക്കമായിരിക്കും. ചുറ്റുപുറവും കടലാണെന്ന കാര്യം അവൾക്കറിയില്ലേ? പാവം! എങ്ങനെയെങ്കിലും രക്ഷപ്പെടാൻ കൊതിക്കുന്നു.

നിശ്ശബ്ദമായി അവൾ എഴുന്നേറ്റു. തലമുടി വാരിപ്പിടിച്ചു കെട്ടി. ഉയർന്ന മാറിടവും വിളറിയ മുഖവും തീജ്ജ്വാലയിൽ തെളിഞ്ഞു കാണാം. ഏതോ ശ്രേയസ്സുള്ള കുടുംബത്തിലെ അംഗമാണു്. ആരായിട്ടെന്തുവേണം? പ്രാപ്പിടിയൻ അമ്പലപ്രാവെന്നും അരിപ്രാവെന്നുമുള്ള വ്യത്യാസമുണ്ടോ?

പൊക്കൻ സൂക്ഷിച്ചുനോക്കി. ഒരു പക്ഷേ, കടലിൽ ചാടി മരിക്കാനുള്ള പുറപ്പാടാവും. നല്ലതു്. അവൻ സർവ്വവിജയവും നേർന്നു.

ഉദ്ദ്യോഗംകൊണ്ടു് അവൾ വിറയ്ക്കുന്നുണ്ടോ? വളരെ സൂക്ഷിച്ചു് ഒരടി മുമ്പോട്ടുവച്ചു. അനങ്ങാതെ നിന്നു ശ്രദ്ധിച്ചു. പിന്നെയും ഒരടി മുമ്പോട്ടുവച്ചു. അങ്ങനെ വെളിച്ചത്തിൽ നിന്നകലാനുള്ള ശ്രമമാണു്. പ്രകാശവലയത്തിനപ്പുറത്തേക്കു് അവൾ കടക്കുകയാണു്. നടത്തത്തിനു വേഗം കൂടുന്നു. തീക്കുണ്ഡത്തിൽ നിന്നു് എന്തോ പൊട്ടിത്തെറിച്ചു. അവൾ പരിഭ്രമിച്ചു തിരിഞ്ഞുനോക്കി. ആരെങ്കിലും വരുന്നുണ്ടോ? ഓരോട്ടത്തിനു് ഇരുട്ടിന്റെ അണിയറയിലേക്കു കടക്കാം; ഓടി.

ഭാഗ്യം! അവയവങ്ങൾക്കു സ്വാതന്ത്ര്യമുള്ളതുകൊണ്ടു് അവൾക്കു ജീവനുപേക്ഷിക്കാനെങ്കിലും കഴിഞ്ഞു. അടുത്ത ജന്മമെങ്കിലും അവൾക്കു നല്ലതു വരട്ടേയെന്നു പൊക്കൻ പ്രാർത്ഥിച്ചു.

തീക്കുണണ്ഡത്തിനടുത്തിരുന്ന പറങ്കി പെട്ടെന്നു തിരിഞ്ഞുനോക്കി.

“ചതിക്കല്ലേ.” പൊക്കൻ ഉള്ളിൽത്തട്ടിപ്പറഞ്ഞു.

ആ പറങ്കി ചാടിയെഴുന്നേറ്റു ബഹളംകൂട്ടി. പന്തങ്ങൾ ജലിച്ചു. അടിമകൾ പലപാടും പാഞ്ഞു. ഉറങ്ങിക്കിടക്കുന്നവർ ഒന്നും അറിഞ്ഞില്ല. തിരച്ചിൽ നടക്കുകയാണു്, എല്ലാവരും ഇരുട്ടിൽ മറഞ്ഞു.

മരിക്കാനുള്ള സൗകര്യമെങ്കിലും അവൾക്കുണ്ടാക്കിക്കൊടുക്കണമെന്നു പൊക്കൻ ഈശ്വരനോടപേക്ഷിച്ചു.

ആരോ ഇരുട്ടിൽ നിന്നു തിരിച്ചുവരുന്നുണ്ടു്. പൊക്കൻ സൂക്ഷിച്ചു നോക്കി.

ചതിച്ചു.

അറബിക്കടലും അവൾക്കു് അഭയം കൊടുത്തില്ല.

ഈശ്വരനും അവളെ സഹായിച്ചില്ല.

ഇത്തവണ എന്തുകൊണ്ടു് അവൾ നിലവിളിച്ചു ലഹള കൂട്ടുന്നില്ല? ഒടുവിൽ പറങ്കികൾക്കു വഴങ്ങാൻ തീരുമാനിച്ചോ? ഒരുകൊച്ചുകുഞ്ഞിനെയെന്നപോലെ അവളെ തോളിലിട്ടുകൊണ്ടാണു് പറങ്കി തിരിച്ചുവന്നതു്. നിലത്തു വെച്ചപ്പോൾ അവളെ കിടക്കാൻ അനുവദിച്ചില്ല.

കാരണം?

ഇടത്തുകൈകൊണ്ടു കെട്ടിവരിഞ്ഞു് അവളെ തന്നിലേക്കു് അടുപ്പിച്ചുകൊണ്ടാണു് പറങ്കി നിൽക്കുന്നതു്. നിലവിളിച്ചു ലഹളകൂട്ടി മറ്റുള്ളവരെ ഉണർത്താതെ കഴിക്കാനാവും വലത്തുകൈകൊണ്ടു് അവളുടെ മുഖം അമർത്തിപ്പിടിച്ചതു്, കുതറിച്ചാടാനുള്ള അവളുടെ പരിശ്രമം മുഴുവനും പരാജയപ്പെട്ടുകഴിഞ്ഞു. വിധിക്കു കീഴടങ്ങാൻ തീരുമാനിച്ചിരിക്കും.

അവളുടെ കണ്ണിലേക്കുതന്നെ അവൻ ഉറ്റുനോക്കി. ചെമ്പൻതാടിയും നീലക്കണ്ണുമുള്ള അവന്റെ വൃത്തികെട്ട മുഖം പതുക്കെ കുനിയുന്നു. അവൾ വില്ലുപോലെ പിറകോട്ടു വളഞ്ഞു. ഒപ്പം അവന്റെ കഴുത്തും മുമ്പോട്ടു വളയുന്നു-പോരിനൊരുങ്ങിയ പുവൻകോഴിയുടെ കഴുത്തുപോലെ.

എന്താണു് ഭാവം?

ചെറിയ ഒരു സമരം നടക്കുന്നു.

പൊക്കനു മനസ്സിലായി.

അവനു ഉള്ള ശക്തിയത്രയും സംഭരിച്ചു് അലറി:

“എടാ. പട്ടീ”

ആവേശത്തിന്റെ മൂർദ്ധന്യത്തിൽ അവൻ എല്ലാം മറന്നു. കാൽമടമ്പുകളിളകി. അതുവരെ ചവിട്ടി നിന്ന സ്ഥലം പിഴച്ചു. കുത്തനെ അവൻ വീണു. ശരീരത്തിന്റെ പല ഭാഗവും തട്ടിയും ഉരഞ്ഞും താഴോട്ടു് ഉരുണ്ടു. പുറപ്പെട്ടസ്ഥലത്തുതന്നെ എത്തി. ആകാശം നക്ഷത്രങ്ങളോടുകൂടി പിന്നെയും ഇളകി.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.