images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
എട്ടു്

കടൽ ക്ഷോഭിച്ചിളകും. ആഞ്ഞടിക്കുന്ന തിരമാലകളിൽ ആ പാറക്കെട്ടും അതിലുള്ള മനുഷ്യരും തവിടുപൊടിയായി ഉപ്പുവെള്ളത്തിൽ കലങ്ങും.

ആകാശം ഇടിഞ്ഞുവിഴും.

ഭൂമി പൊട്ടിച്ചിതറും.

ഈശ്വരനു പൊറുക്കാനും ഭൂമിക്കു വഹിക്കാനും കഴിയാത്ത കൊടുംപാപമാണു് സംഭവിച്ചതു്.

മനുഷ്യൻ അധഃപതിച്ചിരിക്കുന്നു; മൃഗത്തെക്കാൾ, പിശാചിനെക്കാൾ. ഇനി ഈശ്വരൻ അവനെ വെച്ചുപൊറുപ്പിക്കില്ല.

അവൾ മരിച്ചു; ശരിക്കു പറയേണ്ടതങ്ങനെയല്ല, അവളെ കൊന്നു.

ഈശ്വരനും ആകാശവും കടലും ഭൂമിയും ആ ദാരുണമായ കൊലപാതകത്തെ നോക്കിനിന്നു.

ഒന്നും സംഭവിച്ചില്ല. വെള്ള്യാൻകല്ലു പഴയപടി നിൽക്കുന്നു. ഈശ്വരനിലും മനുഷ്യനിലുമുള്ള വിശ്വാസം നഷ്ടപ്പെടുംപോലെ പൊക്കനു തോന്നി. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ സംഭവം മനസ്സിൽനിന്നു മായുന്നില്ല.

എങ്ങനെ മായും?

അവന്റെ വിശ്വാസപ്രമാണങ്ങൾ മുഴുവനും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

പരസ്ത്രീ പെങ്ങളാണു്.

കണ്ണിന്റെ മുമ്പിൽവെച്ചു് അവന്റെ ഒരു പെങ്ങളെ പറങ്കികൾ മാനഭംഗം ചെയ്തു കൊന്നു. നരിയും പുലിയും ചെന്നായും ചെയ്യാത്ത ഹീനകൃത്യം.

ആകാശത്തിന്റെ മാറിടം പിളരുമാറു് ഈശ്വരനെ വിളിച്ചു് അവൾ കരഞ്ഞു. മനുഷ്യസമുദായത്തോടു മുഴുവൻ അവൾ സഹായത്തിനപേക്ഷിച്ചു. മരിക്കുന്നതിൽ അവൾ ഭയപ്പെട്ടിരുന്നില്ല. മാനം കാത്താൽ മതി. പ്രാണനിലുപരി അവൾ മാനത്തെ സ്നേഹിച്ചു.

ആ മാനം ചവിട്ടിത്തേക്കപ്പെട്ടു. പ്രാണന്റെ തായ്വേരും അറ്റുപോകുന്നതുവരെ ആ ദുഷ്ടന്മാർ അവളെ അനുഭവിച്ചു.

ഈ ഭൂമിയിൽ അങ്ങനെയൊന്നു സംഭവിക്കുമെന്നു് അവൻ വിചാരിച്ചതല്ല.

ആ കരിങ്കൽ പാറകൂടി ദ്രവിക്കുമാറു് അവൾ കരഞ്ഞു. കരച്ചിലിന്റെ ശബ്ദം കുറഞ്ഞുകുറഞ്ഞുവന്നു. നേർത്ത ഞരക്കങ്ങൾ. അതും കുറഞ്ഞു…

“ഓ! എന്റെ പെങ്ങളേ!” പൊക്കന്റെ കണ്ണുകൾ വഴിഞ്ഞൊഴുകി. ഇപ്പോൾ കണ്ണീരൊപ്പാനുള്ള സൗകര്യം കൈകൾക്കുണ്ടു്. ഇരുമ്പുചങ്ങലയിട്ടു പൂട്ടിയതാണു്. കാലിലും ചങ്ങലയുണ്ടു്. ശരിക്കൊരു തടവുകാരൻ. വേറെയും കുറച്ചുപേരുണ്ടു്. എല്ലാവരെയും ചങ്ങലയ്ക്കിട്ടതാണു്. ചുറ്റും ആയുധമേന്തിയ പറങ്കിപ്പട്ടാളക്കാർ കാവലുണ്ടു്. ഒരു പരിധിക്കപ്പുറം നീങ്ങാൻ പാടില്ല. നീങ്ങിയാൽ ചാട്ടവാർ പുറത്തുവിഴും. വീഴുന്ന സ്ഥലത്തെ തൊലി പൊളിച്ചുകൊണ്ടുപോകുന്ന ചാട്ടയാണു്.

പകൽ ചുട്ടുപഴുക്കുകയും രാത്രി മഞ്ഞുവീണു മരവിക്കുകയും ചെയ്യുന്ന പാറപ്പുറത്തു് ഇരിക്കുകയോ കിടക്കുകയോ ഉറങ്ങുകയോ ചെയ്യാം, അതിനു കഴിവുള്ളവർക്കു്.

ചൂടും തണുപ്പും പൊക്കനറിഞ്ഞില്ല. പ്രകൃതിയിലെ മാറ്റം അവനെ സ്പർശിക്കാതെ കടന്നുപോയി. അത്രയ്ക്കുണ്ടു്. മാനസിക വിഷമം. തന്നെപ്പറ്റിയോ വളയക്കടപ്പുറം, അമ്മ, അച്ഛൻ, പാഞ്ചാലി എന്നിവരെപ്പറ്റിയോ ആലോചിക്കാൻ അവനു് ഇടകിട്ടിയില്ല. മനസ്സു നിറച്ചും, നോക്കുന്നിടത്തു് മുഴുവനും, ആ പെങ്ങളാണു്.

ഊരും പേരുമറിയാത്ത പെങ്ങൾ.

വിറകുകൂമ്പാരത്തിൽ തീ ആളിക്കത്തുന്നു. ചുറ്റും ചുവന്ന വെളിച്ചം. കെട്ടഴിഞ്ഞുവിണ തലമുടികൊണ്ടു മാറിടം മറച്ചു് അവൾ പേടിച്ചുവിറച്ചു നിൽക്കുന്ന ആ ചിത്രം; കണ്ണടച്ചിരിക്കുമ്പോഴും ശൂന്യതയിലേക്കു തുറിച്ചുനോക്കുമ്പോഴും അതു് അവൻ കാണുന്നു. ആ ചിത്രം കാണുമ്പോൾ അവളുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ ഓർത്തുപോകുന്നു. ആ കൊടുംപാപം കൈയുംകെട്ടി നോക്കിനിൽക്കേണ്ടിവന്നു. അതെവിടെവെച്ചു സംഭവിച്ചോ, പാപപങ്കിലമായ ആ നശിച്ച സ്ഥലത്തു വന്നു രാവും പകലും ഒരുപോലെ കണ്ണും തുറന്നിരിക്കേണ്ടിവന്നു.

പാറാവുകാർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. കൂട്ടത്തിൽ ആ രാക്ഷസനുമുണ്ടു്. അന്നു രാത്രി അവളെ വാരിയെടുത്തു കൊണ്ടുവന്നവൻ. ‘മെണ്ടോസ്സ’, അവന്റെ പേരതാണു്. കൂട്ടുകാർ അങ്ങനെയാണു് അവനെ വിളിക്കുന്നതു്. ആ വാക്കിന്റെ അർത്ഥം ചെകുത്താനെന്നാകുമോ?

പകൽ വെളിച്ചത്തിൽ പൊക്കൻ മെണ്ടോസ്സയെ സൂക്ഷിച്ചുനോക്കി. ചെമ്പൻതാടിയും പൂച്ചക്കണ്ണുമുള്ള ആ കുറിയ മനുഷ്യനിൽ കുറുക്കന്റെ വഞ്ചനയും കാട്ടുപോത്തിന്റെ ഊക്കും ചെന്നായയുടെ ക്രൂരതയും ഒത്തുചേർന്നിട്ടുണ്ടെന്നു പൊക്കനു തോന്നി. എഴുന്നേറ്റു ചെന്നു് ഒരടിക്കു് അവനെ കടലിലേക്കു മലർത്തിയാൽ എന്തുവേണം? പക്ഷെ, കൈയ്ക്കും കാലിനും വിലങ്ങല്ലേ?

“എടാ, എന്റെ പെങ്ങളെ നിയ്യാ കൊന്നതു്, നീ” അവൻ ഉച്ചത്തിൽ ആർത്തുവിളിച്ചു പറഞ്ഞു. സഹിക്കുന്നില്ല. പാറാവുനിൽക്കുന്ന പട്ടാളക്കാർ ശ്രദ്ധിച്ചു. “ഓ! നിങ്ങളെന്തൊക്കെ ചെയ്തെടാ?” മനസ്സിലാവുന്നെങ്കിൽ മനസ്സിലാവട്ടെ. പകരം ചോദിക്കാൻ വരട്ടെ. അടുത്തു കിട്ടിയാൽ കാണിച്ചുകൊടുക്കാം.

ആരും അടുത്തു വന്നില്ല. പട്ടാളക്കാർ പരസ്പരം നോക്കി ചിരിച്ചു. പൊക്കനു ഭ്രാന്താണെന്നു് അവർ തീരുമാനിച്ചു. അവരുടെ കൈയിൽപ്പെടുന്ന പല തടവുകാർക്കും അങ്ങനെ ഭ്രാന്തെടുക്കാറുണ്ടു്. ശല്യം വർദ്ധിച്ചാൽ കുടലിൽ കെട്ടിത്താഴ്ത്തും.

മെണ്ടോസ്സ പൊക്കനെ സൂക്ഷിച്ചുനോക്കി. നല്ല തടി. എന്തു ജോലിക്കും പറ്റിയ അടിമയാണു്. ചന്തയിൽ കൊണ്ടുചെന്നു വിറ്റാൽ നല്ല വരുമാനമുണ്ടാവും. സാരമില്ല; ഈ ഭ്രാന്തു ക്രമേണ മാറും.

സഹിക്കാൻ വയ്യാതെ പിന്നെയും പൊക്കൻ പലതും വിളിച്ചു പറഞ്ഞു. വികാരത്തെ നിയന്ത്രിക്കാൻകഴിയാതെ വന്നപ്പോൾ അവന്റെ കണ്ഠമിടറി. പിന്നെയും കണ്ണുനിറഞ്ഞു. കുനിഞ്ഞിരുന്നു തേങ്ങി.

ആരോ പുറം തലോടുന്നു. ചങ്ങലയുടെ കിലുക്കം. തടവുകാരനായിരിക്കും. പൊക്കൻ തല പൊക്കി. അതേ, തടവുകാരൻതന്നെ.

“ജ്ജെന്തിനാ കരേന്ന്?”

അവൻ ഉത്തരമൊന്നും പറഞ്ഞില്ല. ആരെങ്കിലുമൊന്നു് ആശ്വസിപ്പിക്കാൻ അടുത്തുള്ളപ്പോൾ വേദന കൂടും.

“ജ്ജിപ്പം കരഞ്ഞതോണ്ടു് ആരക്ക് നസ്ടം?”

സ്നേഹമുള്ള തടവുകാരൻ അവന്റെ പുറം തലോടിക്കൊടുത്തു. കണ്ണീരൊപ്പിക്കൊടുത്തു. അതും ചങ്ങല പൂട്ടിയ കൈകൊണ്ടു്.

“പടശ്ശോൻ ബിതിച്ചതൊക്കെ ബെരും.”

പിന്നെയും ആശ്വസിപ്പിക്കുകയാണു്.

“അന്റെ പേരെന്താ?”

എന്തെങ്കിലും മറുപടി പറയണം. അവൻ നിവർന്നിരുന്നു. കൂട്ടുകാരനെ നോക്കി.

“അല്ലേങ്കില് ജ്ജ് പറേണന്നില്ല. ഞമ്മക്ക് അന്റെ പേർ പുടീണ്ട്. പൊക്കൻന്നല്ലേ?”

പൊക്കൻ സമ്മതിച്ചു തല കുലുക്കി. എന്തൊരാശ്വാസം! പരിചയമുള്ളൊരാൾ, തുല്യ ദുഃഖിതനായായാലും, അടുത്തുണ്ടല്ലോ. സൂക്ഷിച്ചുനോക്കി. അദ്ധ്വാനിച്ചു പുലരുന്ന ആളാണു്. തടി കണ്ടാൽ അങ്ങനെതോന്നും. ചരക്കു കടത്താനോ മീൻ പിടിക്കാനോ കടലിൽ ഇറങ്ങിയതാവും. പറങ്കികളുടെ കൈയിൽപ്പെട്ടു. കെട്ടിയോളും കുട്ടികളും കുടിയിൽ കാത്തിരുന്നു കരയുന്നുണ്ടാവും.

“ജ്ജെന്താ സുച്ചിച്ച് നോക്ക്ന്ന്?”

“ഒന്നൂല്ല.”

“പണ്ടെബിടേങ്കിലും ജ്ജ് ഞമ്മളെക്കണ്ടിക്കിണ്ടോ?”

“ഞാൻ… ഞാൻ…” പൊക്കനു് അനുകൂലിക്കാനും നിഷേധിക്കാനും വിഷമം. കണ്ടിട്ടില്ലെന്നു പറഞ്ഞുകൂടാ. എവിടെയോ കണ്ടിട്ടുണ്ടു്… എവിടെയാവണം?

“ങ്ങളെ പേരെന്താ?”

“ഐദ്രോസ്.”

ഏതു് കടപ്പുറത്താ?”

“ജ്ജ്: ആലോചിച്ച് പുസ്തിമുട്ടണ്ടാ; ഞമ്മളെ അറിയാൻ ബയീല്ല.”

പൊക്കൻ കടലിന്റെ വിശാലനീലിമയിലേക്കു നോക്കി ആലോചിക്കുകയാണു്. ഹൈദ്രോസ് മനുഷ്യരക്തം വീണു കറപറ്റി നിൽക്കുന്ന വെള്ള്യാൻകല്ലിന്റെ മാറിടത്തിൽ ദൃഷ്ടിയുറപ്പിച്ചുകൊണ്ടാണു് പറയുന്നതു്.

“മോനേ, പടശ്ശോൻ ചില്ലറക്കാരനല്ല. ഞമ്മള് അന്നോടൊന്ന് പറേട്ട?”

“പറഞ്ഞോളീ.”

“അന്നെ ഈ മുസ്സീമത്തില് കുടുക്ക്യേത് ഞമ്മളാ.”

ഒന്നും മനസ്സിലാവാതെ പൊക്കൻ അന്തംവിട്ടിരുന്നു.

“അന്നെ ഈ കൊടുംചതി ചതിച്ചതു് ഞമ്മളാണു്.”

തെല്ലിട നിശ്ശബ്ദത. ഐദ്രോസ് ഒന്നുകൂടി അടുത്തേക്കു് നീങ്ങിയിരുന്നു ചോദിച്ചു:

“അനക്ക് ദേസ്യം പുടിച്ചിണില്ലേ? ദേസ്യം പുടിച്ചണം. ന്നിറ്റ് ജ്ജ് ഞമ്മളെ തപ്പണം. എടുത്ത പണിക്കു കൂലി മേണ്ടേ? അതു പക്കേങ്കില് പടശ്നോൻ ഞമ്മക്ക് തന്നിക്ക്ണു്. ഇനി അന്റെ കയ്യോണ്ടു് കൂടി കിട്ടണം. ന്നാലേ ഞമ്മക്ക് തെകയൂ.”

“ഐദ്രോസ്മാപ്പളേ”, ഒന്നും മനസ്സിലാവാതെ വിഷമിക്കുന്ന പൊക്കൻ ചോദിച്ചു; “നിങ്ങളെന്നെ ചതിച്ചെന്നോ?”

“ആ”

“അതെങ്ങനെ?”

“ഞമ്മളൊരു ഹമുക്കടാ. മനിസനെ തിരിയാത്ത ഹമുക്ക്. തിരിഞ്ഞുബര്മ്പളേക്ക് ഈ സെറാവീന്റെ വായില് കുടുങ്ങീംപോയി.”

“എന്താച്ചാൽ ങ്ങള് തെളീച്ച് പറയിൻ.”

“ഒന്നും തെളിച്ച് പറയാനില്ല. അന്നെ പുടിച്ചു പറങ്ക്യേക്ക് കൊടുക്കാൻ ആലിക്കുട്ടി ഞമ്മളോട് പറഞ്ഞ്.”

“ആലിക്കുട്ടി മാപ്പിളയോ?”

“അനെക്കെന്താ അതിലിത്തിര അതിസം?”

“ഒന്നൂല്ല, ഐദ്രോസ്മാപ്പളേ, അറിയാൻ ചോദിച്ചതാ.” ഒരു നെടുവീർപ്പോടെ പൊക്കൻ സ്വയം പറഞ്ഞു: “ഞാനൊരു കുറ്റോം ആലിക്കുട്ടിമാപ്പയോട് ചെയ്തിറ്റില്ല.”

“അതൊന്നും ഞമ്മക്ക് പുടീല്ല. ഞമ്മള് കൂലിക്കു പണിട്ക്ക്ണോനാ. ഇപ്പണീം ഞമ്മൾ കൂലിക്കെടുത്തതാ. പക്കേങ്കില് പടശ്ശോന്റെ കണ്ണു പൊട്ടിക്കാൻ ഞമ്മക്കാർക്കും കയ്യൂല. ഓന്റെ കൂലിയാ ബെലുത്. അതു ഞമ്മക്ക് കിട്ടി.”

“അതെങ്ങനെ?”

“അന്നെ പുടിച്ചു കെട്ടി തോണീലിട്ടു കണ്ണുരെത്തിക്കാനാ കരാറ്. അബിടെ ആലിക്കുട്ടീന്റെ ദല്ലാളിമാര്ണ്ട്. ആ ലാത്തിരി ഞമ്മൾ കോട്ട കടപ്പുറം കയിഞ്ഞിറ്റില്ല. അപ്പളക്കും ചാടിബീണല്ലോ പഹേര്, പറങ്ക്യേള് ഓല് ഞമ്മളെ പുടിച്ച്…”

പറഞ്ഞുതീരുന്നതിനു മുമ്പേ പൊക്കൻ ചോദിച്ചു: “എന്നെ പിടിക്കാൻ അന്നു രാത്രി ങ്ങളും ഉണ്ടായിനോ?”

“അന്റെ തലയ്ക്കു ഞമ്മളാ അടിച്ചത്.” ഐദ്രോസ് പൊക്കന്റെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ടു പറഞ്ഞു: “അടിച്ചില്ലാന്നും ബരട്ടെ, ജ്ജ് ഞങ്ങളെ മുയുമനും കൊല്ല്യായിനും.”

വലിയൊരു ഗൂഢാലോചന നടന്നു. അതിനെത്തുടർന്നു ഭയങ്കര ചതിയും. അതിലൊക്കെ പ്രധാനമായ പങ്കു വഹിച്ചു് അങ്ങേയറ്റം തന്നെ നശിപ്പിച്ച പരമശത്രുവാണു് അടുത്തിരിക്കുന്നതു്. പറങ്കികളുടെ പിടിയിൽപ്പെട്ടു നിസ്സഹായനായപ്പോൾ ബന്ധുവിനെപ്പോലെ പെരുമാറുന്നു. കുറ്റം ഏറ്റുപറയുന്നു. ചങ്ങലയിട്ട കാലുകൊണ്ടൊരു ചവിട്ടു കൊടുക്കേണ്ടതാണു്. മുഖത്തു കാർക്കിച്ചു തുപ്പേണ്ടതാണു്.

അഭ്യാസബലവും തടിമിടുക്കും തന്റേടവുമുള്ള പൊക്കൻ പതുക്കെ ഉണരുകയാണു്. വിഷാദത്തിന്റെ മൂടൽമഞ്ഞു തുടച്ചുമാറ്റി പൗരുഷം ഉദിച്ചുയരുകയാണു്. സൂത്രത്തിൽ കഴുത്തു പിടിക്കണം. അതിനുള്ള സ്വാതന്ത്ര്യം കൈയ്ക്കുണ്ടു്. പിടിച്ചു ഞെരിക്കണം. കണ്ണുതുറിച്ചു്, മൂക്കിന്റെ ദ്വാരം വികസിച്ചു്, രക്തസഞ്ചാരവും ശ്വാസഗതിയും നിലച്ചു്, പതുക്കെപ്പതുക്കെ ആ ദുഷ്ടൻ മരിക്കണം.

കണ്ണുകളിൽ കോപത്തിന്റെ തീപ്പൊരി ചിതറി. കൈകൾ ഉയർന്നു. ചങ്ങല ശബ്ദിച്ചു. ഐദ്രോസിന്റെ കഴുത്തു കൈപ്പിടിയിലൊതുങ്ങി. ഇനി പിടി മുറുക്കണം. മരണവുമായി കൂടിക്കാഴ്ച നടക്കുന്ന ആ ദുഷ്ടന്റെ മുഖം കാണണം. പൊക്കൻ നോക്കി.

ആ മുഖത്തു് ഒട്ടും പരിഭ്രമമില്ല; പരിഭവവും.

ഇല്ലെടാ; ഇല്ല, വിടില്ല. പറങ്കികൾ കഴുത്തുവെട്ടും മുമ്പു് ഒരുത്തനോടെങ്കിലും പക വീട്ടണം. അതു നിന്നോടാവട്ടെ. നിന്നെ പറങ്കികൾ കൊല്ലരുതു്. എന്റെ കൈകൊണ്ടു നീ മരിക്കണം. കാണട്ടെ. ആരാണു് നിന്നെ സഹായിക്കാൻ വരുന്നതു്? ആലിക്കുട്ടിയോ?

മനസ്സിൽ നിന്നു പുതിയ പുതിയ ചോദ്യങ്ങൾ കിളിർന്നുവന്നു. ആ ചോദ്യങ്ങൾ കൈയ്ക്കു കരുത്തു നൽകുകയാണു്.

പിടിമുറുകി.

കുറെശ്ശെകുറെശ്ശെയായി കൊല്ലണം. മരണവേദന മുഴുവനും അനുഭവിക്കണം.

എന്താണു് മരിക്കാത്തതു്?

അങ്ങനെ ഒരു കോഴിക്കുഞ്ഞിനെയെന്നപോലെ ഞെക്കിക്കൊല്ലാൻ പറ്റിയവനല്ല ഐദ്രോസ്. ഭയങ്കരനാണു്. തടിമിടുക്കുള്ളവനാണു്. പ്രധാനജോലി വെള്ളത്തിൽ മുങ്ങലാണു്. മുത്തുവാരലിന്റെ സമയത്തു ദിവസങ്ങളോളം കടൽവെള്ളത്തിൽ കഴിച്ചുകൂട്ടാറുണ്ടു്. എത്ര നേരമെങ്കിലും ശ്വാസമുട്ടിച്ചിരിക്കാം.

എന്താണു് മരിക്കാത്തതു്?

ഐദ്രോസ് പ്രതിഷേധിച്ചില്ല. മരിക്കാൻ വിരോധമില്ലെന്ന മട്ടിൽ ഇരുന്നുകൊടുത്തു.

പൊക്കനു വാശിയായി. പിടിമുറുകി.

അൽപ്പം വിഷമം തോന്നുന്നുണ്ടു്. മരിക്കുന്നതിനു മുമ്പു് എന്തോ ചിലതുകൂടി ഐദ്രോസിനു പറയാനുണ്ടു്: പറഞ്ഞു.

“ജ്ജ്… കൊന്നോ… പക്കേങ്കില്…”

എന്താണു് പറയുന്നതു്? മരിക്കാൻ പോവുന്നവന്റെ ഒടുവിലത്തെ അഭിലാഷമല്ലേ? പറയട്ടെ. പൊക്കന്റെ പിടി അല്പമൊന്നയഞ്ഞു.

“ഈ കള്ള പന്ന്യേളെ കയ്യോണ്ട് ന്റെ മോൻ മരിച്ചാൻപാടില്ല.”

എന്താണു് പറയുന്നതെന്നു് പൊക്കനു മനസ്സിലാവുന്നില്ല.

“ജ്ജ് കേക്ൿണ്ണ്ടോ? ഈ കള്ളപ്പന്ന്യേള് മിനസംമാരല്ല. ആര്? പറങ്ക്യേള്.

സമ്മതിച്ചു; പറങ്കികൾ മനുഷ്യരല്ല, പക്ഷേ, ആരാണു് പിന്നെ മനുഷ്യർ? നീയ്യോ? ആലിക്കുട്ടിയോ? ചോദ്യങ്ങൾ പലതും പൊക്കന്റെ നാവിൻതുമ്പിലെത്തി നിൽക്കുന്നു.

ഐദ്രോസിന്റെ അതുവരെയുള്ള മുഖഭാവം മാറി. കണ്ണുകളിൽ വിഷാദച്ഛായ കളിയാടി. എഴുന്നേൽക്കാൻ തുടങ്ങുകയാണു്. എന്തിനുള്ള ഒരുക്കമാണെന്നറിയാൻ പൊക്കനു കൗതുകം തോന്നി. അവൻ പിടിവിട്ടു.

ഐദ്രോസ് എഴുന്നേറ്റു നിന്നു; പൊക്കനും. ആ മനുഷ്യനെ ചേർന്നു നിന്നപ്പോഴാണു് തന്റെ ചെറുപ്പം പൊക്കനു മനസ്സിലായതു്. കഷ്ടിച്ചു തോളുവരെയെത്തും. കറുത്ത രോമം മുറ്റിത്തഴച്ചുനിൽക്കുന്ന വീതി കൂടിയ മാറിടം. ഉരുക്കുകോട്ടയാണു്. അവൻ തെല്ലൊരമ്പരപ്പോടെ നോക്കി.

വെയിലേറ്റു വെട്ടിത്തിളങ്ങുന്ന കടൽവെള്ളത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ടു് ഐദ്രോസ് പറഞ്ഞു: “അതാ, അബിടാണ്, അബിടെ…” അകലത്തകലത്തു് എവിടെയോ ഇടി മുഴങ്ങുമ്പോലുള്ള ശബ്ദം.

“എന്തു്?” ഏതോ മാന്ത്രികശക്തിക്കടിപ്പെട്ടപോലെ പൊക്കൻ ചോദിച്ചു. ഐദ്രോസിന്റെ ഭാവവും നോട്ടവും കണ്ടാൽ ആരും ഇങ്ങനെ ചോദിച്ചുപോകും.

“ആ കണിബെള്ളരിക്കന്റെ ചേലിക്ക്ള്ള ബാല്യക്കാരത്തി അബിടാണ്.” ശബ്ദം കൂടുതൽ മുഴക്കമുള്ളതാവുന്നു. “അബിടെ ബെള്ളത്തിനടിയിൽ.”

തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ഐദ്രോസ് നെടുവീർപ്പിടുന്നതു പൊക്കൻ കേട്ടു.

പറങ്ക്യേള് ഓളെ എങ്ങനാ കൊന്നതു്?”

ഹൈദ്രോസിന്റെ കത്തിജ്ജ്വലിക്കുന്ന നോട്ടം പൊക്കന്റെ നേർക്കു് തിരിഞ്ഞു. പണിക്കരാശാൻ ഉഴിഞ്ഞുമാറ്റലിന്നു വരുമ്പോൾ പ്രേതങ്ങളുമായി സംഭാഷണം നടത്തുന്ന രംഗം പൊക്കനോർത്തു. ഐദ്രോസിന്റെ നോട്ടത്തിലും ചോദ്യത്തിലും അങ്ങനെയൊരു ഭാവമുണ്ടു്.

“എങ്ങനാ കൊന്നത്! ഞമ്മൾ നോക്കിനിന്നോനാ. ഓള് മൗത്തായപ്പം കല്ലുകെട്ടി കടലിൽ താത്തി; അബിടെ” പല്ലുകൾ കൂട്ടി ഞെരിക്കുകയും ഇരുമ്പുചങ്ങല കൈകളിലിട്ടു കശക്കുകയും ചെയ്തുകൊണ്ടു് ഐദ്രോസ് പറഞ്ഞു: “പകരം ചോയിക്കണം, മോനേ, പറങ്ക്യേളോട് ജജ് ഇതിനു പകരം ചോയിക്കണം. കേട്ടോ, അനക്ക് ചെറുപ്പമാണ്.”

ഓ! മറക്കാൻ ശ്രമിക്കുന്ന ആ കഥയാണു് ഐദ്രോസും പറയുന്നതു്. ആ കൊലപാതകത്തിനു സാക്ഷികൾ വേറെയുമുണ്ടു്.

ഐദ്രോസ് പൊക്കനെ പിടിച്ചടുപ്പിച്ചു് അവന്റെ കണ്ണുകളിലേക്കു് ഉറ്റുനോക്കിക്കൊണ്ടു് പിന്നെയും പറഞ്ഞു:

“അനക്ക് ചെറുപ്പാണ്. കാത്തിരുന്നോ. ഒരിക്കലൊരു തഞ്ചം കിട്ടും. കിട്ടുമ്പം ചാടിക്കൊ. എന്നിറ്റ് ഈ ബലാലിങ്ങളോട് പകരം ചോയിക്കണം.”

പൊക്കനു പുതിയ ഒരാശയം കിട്ടി. അതുവരെ അവൻ അതു് ആലോചിച്ചിട്ടില്ല. എല്ലാം ‘നേരെ വാ നേരെ പോ’ എന്ന മട്ടാണു്. എതിർക്കുക, കീഴടക്കുക-അല്ലാതെ, ഉപായവിദ്യകളൊന്നും അവൻ പഠിച്ചിട്ടില്ല.

കാത്തിരുന്നാൽ ഒരു ദിവസം കാവൽക്കാരുടെ കണ്ണിൽ പൊടിയിടാം. വിലങ്ങു പൊട്ടിച്ചെറിയാം. കൂടുതൽ ശക്തി സംഭരിച്ചു ശത്രുക്കളെ നേരിടാം. പകരം വീട്ടാം. നല്ല നിർദ്ദേശം.

“ജ്ജെന്താ മിണ്ടാത്തത്?” പൊക്കന്റെ താടി പിടിച്ചുയർത്തിക്കൊണ്ടു് ഐദ്രോസ് ചോദിച്ചു. തന്നെ നശിപ്പിച്ച പരമശത്രുവാണു് മുമ്പിൽ എന്ന കാര്യം പൊക്കൻ മറന്നു.

“ങ്ങളും കൂട്വോ?”

“അങ്ങനെ ചോയിക്ക് ഞമ്മളെ ഖലിബില് ബേറെ ഒന്നൂല്ല, മോനേ തഞ്ചം കിട്ട്യാല് ഈ പന്ന്യേളെ കൊല്ലണം.”

രണ്ടുപേരും പിന്നെ മിണ്ടിയില്ല. മാനഭംഗം ചെയ്തുകൊലപ്പെടുത്തിയ പെങ്ങൾക്കുവേണ്ടി പറങ്കികളോടു പകരം ചോദിക്കണം. അവളുടെ ശവം കല്ലുകെട്ടി ഏതു കടലിൽ താഴ്ത്തിയോ, ആ കടലിലെ ഉപ്പുവെള്ളത്തിൽ പറങ്കികളെ ജീവനോടെ മുക്കണം. മുക്കിമുക്കി കൊല്ലണം. വെള്ള്യാൻകല്ലില്ലെ തടങ്ങലിൽനിന്നു പുറത്തുചാടണം. അതിനുള്ള വഴി ചിന്തിക്കണം. ചിന്തിക്കുകയാവും.

വെയിലിനു ശക്തി കൂടി. സൂര്യൻ തലയ്ക്കു മുകളിലെത്തി. എങ്ങുമൊരു തണലില്ല. ചുട്ടുപഴുത്ത പാറപ്പുറത്തുനിന്നു തീജ്ജ്വാലകളാണുയരുന്നതു്. ഉള്ളിലെ ചൂടുകൊണ്ടു പൊക്കനും ഐദ്രോസും അതറിഞ്ഞില്ല.

“ജ്ജ് ഞമ്മളെ കൊല്ലുന്നില്ലേ?” നീണ്ട മാനത്തിനുശേഷം ഐദ്രോസ് ചോദിച്ചു.

“വേണ്ടാ, ഐദ്രോസ്മാപ്പിളേ.” അല്പം കഴിഞ്ഞാണു് പൊക്കൻ മറുപടി പറഞ്ഞതു്. “മ്മള് തമ്മിത്തമ്മ്ല് കൊല്ലണ്ടാ.”

“പിന്ന്യോ?”

“തഞ്ചം കിട്ട്യാല് മ്മക്ക് പറങ്ക്യോളെ കൊല്ലാം.”

ഐദ്രോസ് പതുക്കെ ചിരിച്ചു.

“ഞമ്മളൊരു ഹമുക്കാടാ, മനിസനെ തിരിയാത്ത ഹമുക്ക്. തിരിഞ്ഞു ബരുമ്പളയ്ക്ക് ഞമ്മളെ കൈയും കാലും പണയത്തിലായി! ഉം. സാരേല്ല. പടശ്ശോൻ ആവതാക്കട്ടെ.”

ആ സംഭവത്തോടെ അവർ പരസ്പരം മനസ്സിലാക്കി. കൂടുതൽ അടുത്തു. ഭാവിയെപ്പറ്റി പലതും അവർ ചിന്തിച്ചുറപ്പിച്ചു.

ഒരു പുതുമയുമില്ലാതെ ദിവസങ്ങൾ നീങ്ങി. ചുറ്റും പരന്നുകിടക്കുന്ന കടൽ. ചെമ്പൻതാടിയും പൂച്ചക്കണ്ണുമുള്ള കാവൽക്കാർ. കണ്ടുകണ്ടു മടുത്തു.

ചില രാത്രികളിൽ അഞ്ചും ആറും പുതിയ വള്ളങ്ങൾ വരും. പറങ്കികൾ ലഹളകൂട്ടിക്കൊണ്ടു പാറപ്പുറത്തു പാഞ്ഞുകയറും. ആടിനെയോ പശുവിനെയോ അറുത്തു തോലുപൊളിച്ചു, തീയിൽ ചുടും. വട്ടമിട്ടിരുന്നു എല്ലാവരുംകൂടി അതു വലിച്ചുകീറിത്തിന്നും. മതിമറന്നു കുടിക്കും. നൃത്തംവെയ്ക്കും. പുലരുമ്പോൾ കാവൽക്കാരൊഴിച്ചു മറ്റുള്ളവർ വീണ്ടും കടലിലേക്കു പോകും.

എന്താണു് വിധിയെന്നു് ഒരു പിടിയുമില്ല. എത്ര ദിവസം അങ്ങനെ കഴിച്ചുകൂട്ടണമെന്നും അറിയില്ല. കിഴക്കു പച്ചപിടിച്ചുനിൽക്കുന്ന ഭൂഭാഗം കാണുമ്പോൾ ഹൃദയം തുടിക്കും. അവിടെ എന്തൊക്കെ സംഭവിക്കുന്നുവെന്നു് ആർക്കറിയാം?

അങ്ങനെയങ്ങനെ കഴിയുമ്പോൾ ഒരുനാൾ ഉച്ചതിരിഞ്ഞ സമയത്തു് ഒരു പറങ്കിക്കപ്പൽ വെള്ള്യാൻകല്ലിനടുത്തു പ്രത്യക്ഷപ്പെട്ടു. അത്ര വലിയൊരു കപ്പൽ പൊക്കൻ നടാടെ കാണുകയാണു്. ഐദ്രോസിനും കാട്ടിക്കൊടുത്തു. അല്പം കഴിഞ്ഞപ്പോൾ മറ്റൊരു കപ്പൽ വന്നു. അതും വലിയതാണു്. സന്ധ്യയ്ക്കുമുമ്പു് അങ്ങനെ അഞ്ചെണ്ണമെത്തി.

നേരം ഇരുട്ടിയപ്പോൾ പുതിയ വള്ളങ്ങൾ വന്നുകൊണ്ടിരുന്നു. നാലും അഞ്ചുമല്ല. നിറച്ചും പട്ടാളക്കാരെ വഹിച്ചുകൊണ്ടു നൂറോളം വള്ളങ്ങളെത്തി. എല്ലാം തെക്കുഭാഗത്തുനിന്നാണു് വന്നതു്. കൊച്ചിയിൽ നിന്നാവും. അതു പറങ്കികളുടെ വലിയൊരു ശക്തിക്രേന്ദ്രമാണല്ലോ. എന്തോ സംഭവിക്കാൻ പോകുന്നെന്നു തീർച്ച. എന്തായിരിക്കും?

ഐദ്രോസും പൊക്കനും ഇരുന്നു പലതും ആലോചിച്ചു. ഒരെത്തും പിടിയുമില്ല. ഇത്രയധികം പട്ടാളക്കാരും കപ്പലും വന്നു ചേർന്നതെന്തിനു്? പുതിയ വല്ല യുദ്ധവും തുടങ്ങാൻ ആലോചനയുണ്ടോ? മരയ്ക്കാർകോട്ടയെ ലക്ഷ്യം വെച്ചുള്ള പുറപ്പാടാവുമോ? അധികനേരം കൂടിയാലോചിക്കാൻ കഴിഞ്ഞില്ല. കാവൽക്കാർ വന്നു തടവുകാരെ പരസ്പരം ചേർത്തു ചങ്ങലവെച്ചു. എല്ലാവരേയും ചെറിയ ഒരു സ്ഥലത്തു് ഒരുമിച്ചിരുത്തി. പുതുതായി വന്ന പട്ടാളക്കാർക്കു് ഇരിക്കാനും കിടക്കാനും കുടുതൽ സ്ഥലം വേണം.

കണക്കില്ലാത്ത പട്ടാളുക്കാരുണ്ടായിട്ടും നേരിയ ഒരു ശബ്ദംപോലും പുറത്തുകേട്ടില്ല. ഇരുട്ടിൽ എല്ലാവരും ചൂളിപ്പിടിച്ചിരുന്നു. ഒരു തീപ്പൊരിപോലും അവിടെയെങ്ങും മിന്നിയില്ല. വെളിച്ചം കാണരുതെന്നാവും കൽപ്പന.

കിഴക്കൻമലയുടെ നെറുകയിൽ ചവുട്ടി നക്ഷത്രങ്ങൾ ഓരോന്നായി ആകാശത്തിലേക്കു കയറി. കടൽ നിറയെ വൈരക്കല്ലുകൾ ചിതറി വീണു. എന്താണു് സംഭവിക്കുന്നതെറിയാൻ തടവുകാർ ഉറ്റുനോക്കി. സമയം നീങ്ങുന്നില്ല. പാതിരാവായപ്പോൾ കപ്പലുകളും വള്ളങ്ങളും നീങ്ങി. എല്ലാം വെള്ള്യാൻകല്ലിന്റെ പിറകിൽ പടിഞ്ഞാറുഭാഗത്തു നിലയുറപ്പിച്ചു.

മുടൽമഞ്ഞു കൊണ്ടു മുഖാവരണമിട്ട പ്രഭാതം. പൊക്കനും ഐദ്രോസും കടലിലേക്കു നോക്കിയിരിക്കുകയാണു്. പാറപ്പുറത്തുള്ള പട്ടാളക്കാർ നേരംപുലർന്നതു് അറിയാത്തപോലെ കിടക്കുന്നു.

ഐദ്രോസ് പൊക്കന്റെ ചെവിയിൽ മന്ത്രിച്ചു.

“ജ്ജ് കേക്ൿണ്ണ്ടോ?”

“എന്തു്?”

“കേക്ക്ണില്ലേ?”

പൊക്കൻ ശ്രദ്ധിച്ചു. അകലത്തെവിടെയോ പാട്ടുകേൾക്കുന്നു. വള്ളക്കാർ ഒന്നിച്ചു പാടുംപോലെ. രണ്ടുപേരും ശ്രദ്ധിച്ചു. വടക്കുകിഴക്കനാണു്. ജനക്കൂട്ടം ആഹ്ലാദമത്തരായി പാടുംപോലെ വെറും മുഴക്കമാണു്.

മൂടൽമഞ്ഞു കട്ടി കുറഞ്ഞു നീരാവിപടലമായി കാറ്റിലൂടെ ഉലയുന്നു. നോക്കിയാൽ കണ്ണെത്തുന്ന സ്ഥലത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു. തേച്ചുകഴുകുന്ന ചാണക്കല്ലുപോലെ കടൽ തെളിഞ്ഞുവരുന്നു. ആദ്യം കണ്ടതു പൊക്കനാണു്. അവൻ ആവേശത്തോടെ പറഞ്ഞു:

“അതാ, നോക്കു്.”

ഐദ്രോസ് നോക്കി. അവനും കണ്ടു. വലിയൊരു കപ്പൽ സമൂഹം വടക്കുകിഴക്കുനിന്നു വരുന്നു. കാറ്റിന്റെ മുളലിന്നു ശക്തി കൂടിയതുകൊണ്ടാവണം, പാട്ടു കേൾക്കാനില്ല. പെട്ടെന്നു പാറപ്പുറത്തുള്ള പട്ടാളക്കാരിൽ ഒരിളക്കം കണ്ടു. ഒരാൾ ഉച്ചത്തിലെന്തോ വിളിച്ചുപറഞ്ഞു പിൻഭാഗത്തുള്ള വള്ളങ്ങളിൽ നിന്നു പലരും അതേറ്റു പറഞ്ഞു. കപ്പലിൽ കൊടികളുയർന്നു. കുരിശടയാളമുളള കൊടി.

പൊക്കനും ഐദ്രോസും മാറിമാറി നോക്കി. പുതിയ കപ്പൽസമൂഹം വെള്ള്യാൻകല്ലിനടുക്കുകയാണു്. അതു പറങ്കിക്കപ്പലുകളാണോ; ഒന്നും വ്യക്തമല്ല. കൊടിയടയാളം കാണാൻ പറ്റുന്നില്ല. രണ്ടുപേരും സൂക്ഷിച്ചുനോക്കി. പറങ്കിക്കപ്പലുകളാണെങ്കിൽ ഉത്കണ്ഠയ്ക്കവകാശമില്ല. അല്ലെങ്കിൽ തീർച്ചയായും ഒരേറ്റുമുട്ടലുണ്ടാവും.

“അതാരെ കൊടിയാണ്?” പൊക്കൻ ചോദിച്ചു.

“കാണാൻ പാങ്ങില്ല.” ഐദ്രോസ് പറഞ്ഞു.

മുമ്പിൽ സഞ്ചരിക്കുന്നതു് ഒരു കൂറ്റൻ കപ്പലാണു്. പിറകിൽ വേറെയുമുണ്ടു്. ചെറിയ കപ്പൽ. വള്ളങ്ങൾ ഒട്ടനേകമുണ്ടു്.

“കണ്ടോ, കണ്ടോ?” അനുമാൻകൊടിയാണ്.”

“അതു് സാമൂതിരിത്തമ്പുരാന്റെ കൊടിയല്ലേ? ഐദ്രോസ് പറഞ്ഞു തീരുന്നതിനുമുമ്പു പീരങ്കിവെടി പിറകിൽ നിന്നു മുഴങ്ങി. ആ കൊടിയും പാമരവും പുഴങ്ങി കടലിലേക്കു വീണു.

പിന്നെ മുറയ്ക്കുള്ള യുദ്ധമാണു്. ഇരുവശവും പീരങ്കികൊണ്ടുള്ള കുശലപ്രശ്നം ആരംഭിച്ചു. അതു വളരെ നേരം നീണ്ടുനിന്നു. ചെവിടടച്ചുപോയി. സൂക്ഷിച്ചിരുന്നില്ലെങ്കിൽ മൂളിപ്പായുന്ന പീരങ്കിയുണ്ട പ്രാണനും പിഴുതുകൊണ്ടുപോകും. അന്യോന്യം യുദ്ധത്തിന്റെ ഭാഷ സംസാരിക്കുന്ന രണ്ടു ചേരിക്കാരുടെ നടുവിലാണു് അവരിരിക്കുന്നതു്. പാറയുടെ പിളർപ്പിലേക്കു മാറിയിരുന്നില്ലെങ്കിൽ അപകടം സംഭവിക്കും. ഒറ്റയ്ക്കൊറ്റയ്ക്കു വയ്യ. എല്ലാവരേയും ഒന്നിച്ചു ചങ്ങലയ്ക്കിട്ടതാണു്. ഒന്നിച്ചു നീങ്ങി. പാറപ്പിളർപ്പിലിരുന്നു് ഇടയ്ക്കിടെ തല പൊക്കി, യുദ്ധത്തിന്റെ ഗതി മനസ്സിലാക്കി.

പീരങ്കിയുടെ മുഴക്കം അവസാനിച്ചു. അസ്ത്രങ്ങളാണു് ചീറ്റിപ്പായുന്നതു്. പിറകിൽ പതിയിരിക്കുന്ന പറങ്കിക്കപ്പലുകളും വള്ളങ്ങളും ഒറ്റക്കുതിക്കു് കിഴക്കുഭാഗത്തെത്തി. നെഞ്ചിലും കഴുത്തിലും അമ്പേറ്റു തണ്ടുവലിക്കാർ കടലിലേക്കു മറിഞ്ഞുവീഴുന്നു. ഒന്നും കൂട്ടാക്കാതെ പറങ്കികൾമുന്നേറുകയാണു്. ആർപ്പുവിളിയും അട്ടഹാസവും.

മുഖത്തോടുമുഖം നോക്കിയുള്ള യുദ്ധവും തുടങ്ങി. വാളും കുന്തവും വെണ്മഴുവുമെടുത്തു രണ്ടുകൂട്ടരും എതിർവശത്തുള്ള കപ്പലുകളിലേക്കു പാഞ്ഞുകയറി. വെട്ടും കുത്തും ഇടിയും!

വെട്ടേറ്റവർ കപ്പൽത്തട്ടിൽ നിന്നു് അലറിക്കൊണ്ടു വെള്ളത്തിലേക്കു വീഴുന്നു. അറ്റുവീണ കൈകാലുകളും തലകളും വെള്ളത്തിലൊഴുകുന്നു. കടൽവെള്ളത്തിന്റെ നിറം മാറുന്നു.

പറങ്കികൾ തോൽക്കും. പൊക്കനും ഐദ്രോസും ആശിച്ചു. ഇത്രയേറെ മരണവും ഇത്ര വലിയൊരു യുദ്ധവും അന്നാദ്യമായിട്ടു കാണുന്നതാണു്. വെട്ടുകളൊന്നും പിഴയ്ക്കുന്നില്ല. എങ്ങനെ പിഴയ്ക്കാൻ? അടിഞ്ഞുകൂടിയ ആൾക്കുട്ടത്തിൽ ലക്ഷ്യമില്ലാതെ വാൾവീശിയാലും ആരെങ്കിലും മരിച്ചുവീഴും.

പൊക്കന്റെ മനസ്സാണു് യുദ്ധം ചെയ്യുന്നതു്. തടുക്കലും കൊടുക്കലും മുറയ്ക്കു നടക്കുന്നു-അതാ, അതാ കപ്പൽത്തട്ടിലൂടെ അവൻ നടക്കുന്നു. “മണ്ടോസ്സ.” കൈയിലൊരു വെണ്മഴുവുമുണ്ടു്. അവനെ ആരും കാണുന്നില്ലേ? കണ്ടവരെ മുഴുവനും വെട്ടിവീഴ്ത്തി മുന്നേറുകയാണു്.

ഒരാൾ വലിയൊരു കുന്തവും നീട്ടിപ്പിടിച്ചു് അവന്റെ നേർക്കടുത്തു ആശ്വാസമായി; അവൻ അനുഭവിക്കും. അതു കാണാനാശിച്ചുകൊണ്ടു പൊക്കൻ കണ്ണുതുറിച്ചിരുന്നു. ഇല്ല. അതു പിഴച്ചു. കൈവിലങ്ങൊന്നു പൊട്ടിച്ചുകിട്ടിയെങ്കിൽ വെണ്മഴുവോടുകൂടി അവനെ കടലിൽ മുക്കിക്കൊല്ലാമായിരുന്നു. പൊക്കൻ ആശിച്ചു.

കടൽവെള്ളത്തിന്റെ ചുവപ്പു് ആകാശത്തിലേക്കും പ്രതിബിംബിച്ചു. നേരംസന്ധ്യയായി. യുദ്ധത്തിന്റെ ശക്തി കുറഞ്ഞു. സാമൂതിരിപക്ഷത്തിൽ അവശേഷിച്ചവർ കീഴടങ്ങി. പറങ്കികൾ ജയഭേരിയടിച്ചു വെള്ള്യാൻകല്ലിലേക്കു മടങ്ങി.

രാത്രിയുടെ മൂടുപടം വീണു. വെള്ള്യാൻകല്ലു് ജ്വലിച്ചുകൊണ്ടിരിക്കുന്ന പന്തങ്ങളുടെ വെളിച്ചത്തിൽ മസ്തകമുയർത്തിനിന്നു. ഓളത്തട്ടുകളിലൂടെ ഇഴഞ്ഞിഴഞ്ഞുവന്ന മനുഷ്യശവങ്ങൾ, പാറക്കെട്ടിൽ തടഞ്ഞുനിന്നു. വിജയം ആഘോഷിക്കുകയാണു്. കുടിയും നൃത്തവും പൈശാചികമായ പൊട്ടിച്ചിരിയും!

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.