ഒരു കരിയില അനങ്ങിയാൽ, കുടിലിന്റെ മോന്തായത്തിൽ ഒരു എലി പാഞ്ഞാരു പൂഴിപ്പരപ്പിനപ്പുറത്തെ ചുള്ളിക്കാട്ടിൽ കാറ്റൊന്നു ധൃതി വെച്ചു നടന്നാൽ, പെണ്ണുങ്ങൾ പേടിച്ചുവിറയ്ക്കും. തഞ്ചം കിട്ടിയാൽ കടന്നാക്രമിക്കാൻ ഇരുട്ടിൽ ആരോ പതിയിരിക്കുന്നുണ്ടെന്ന തോന്നൽ എല്ലാവർക്കുമുണ്ടു്. ഉറക്കം കുറഞ്ഞ രാവുകൾ ഇഴഞ്ഞു നീങ്ങി. എല്ലാവരും നിശ്ശബ്ദമായി എന്തോ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
സന്ധ്യമയങ്ങിയാൽ കടപ്പുറത്തെ പെണ്ണുങ്ങൾ അഞ്ചും എട്ടും പേർ ഒരുമിച്ചു് ഏതെങ്കിലും രക്ഷാസങ്കേതത്തിൽ ചെന്നുകൂടും. കുടിലിന്നു കാവൽ കിടക്കുന്നതു കിഴവന്മാരാണു്. ചെറുപ്പക്കാർ കഠാരിയും കുറുവടിയുമേന്തി പുലരുംവരെ റോന്തുചുറ്റും. വേണ്ടിവന്നാൽ ആത്മത്യാഗമനുഷ്ഠിച്ചും പെണ്ണുങ്ങളുടെ മാനംകാക്കാൻ പ്രതിജ്ഞയെടുത്തവരാണു് അവർ.
പാതിരാവിന്റെ നിശ്ശബ്ദതയിൽ വിശന്ന ചെന്നായ്ക്കളെപ്പോലെ പറങ്കികൾ കുടിലിലേക്കു ചാടിവീഴുന്നതു് ഏലവും കുരുമുളകും അന്വേഷിച്ചല്ല. അവർക്കു് പെണ്ണുങ്ങളെ വേണം. സ്വന്തമായനുഭവിക്കാനും രാജാവിനും പ്രഭുക്കന്മാർക്കും കാഴ്ചവയ്ക്കാനും. നല്ല പാരിതോഷികം കിട്ടും. അർദ്ധനഗ്നകളായ പെണ്ണുങ്ങൾ രാജാവിന്റെ കണ്ണിനു വികാരത്തിന്റെ സദ്യയൊരുക്കിക്കൊടുക്കും. മാംസഭക്ഷണത്തിനു കോഴികളെയും താറാവുകളെയും പോറ്റുംപോലെ മാംസദാഹം കെടുക്കാൻ കൊട്ടാരത്തിൽ കറുത്ത പെണ്ണുങ്ങളെ അവർക്കാവശ്യമുണ്ടു്. മാദക യൗവനത്തിന്റെ മധുരസ്സത്തു വലിച്ചെടുത്തു് അവരെ തെരുവിലേക്കു വലിച്ചെറിയുന്നു. പഴത്തൊലിപോലെ അവർ ചവിട്ടിത്തേക്കപ്പെടുന്നു.
ചായം തേക്കാത്ത ചുണ്ടുകളും പൗഡർ പൂശി കൃത്രിമവർണ്ണം കലരാത്ത കവിളുകളും തുറന്നിട്ട മാറിടവും നഗ്നപാദങ്ങളുമുള്ള പെണ്ണുങ്ങളെ രാജാവു് സ്വപ്നം കണ്ടു. വികാരത്തിന്റെ കടിഞ്ഞാണറ്റ രാജാവു്, രാജ്യം പിടിച്ചടക്കാനും സാമ്രാജ്യം കെട്ടിപ്പടുക്കാനും കൊതിച്ചു. പട്ടാളങ്ങളുടെ അകമ്പടിയോടുകൂടി സർവ്വാധികാരങ്ങളും നൽകി രാജ്യാന്തരങ്ങളിലേക്കയയ്ക്കുന്ന കപ്പിത്താൻമാരോടും കല്പിച്ചു:
“കൊണ്ടുവരൂ, ഇനിയുമിനിയും കൊണ്ടുവരൂ; മാംസവും മജ്ജയുമുളള, കറുത്ത മുടിയും കൺമിഴിയുമുള്ള കളിപ്പാവകളെ കിട്ടാവുന്നത്ര കൊണ്ടുവരൂ.”
കപ്പിത്താന്മാർക്കും പട്ടാളക്കാർക്കും ഉത്സാഹമായി. കൽപ്പിക്കുന്നതു രാജാവാണു്. സ്ഥാനമാനങ്ങളും പദവികളും സമ്മാനങ്ങളും കിട്ടും. അങ്ങനെ വ്യാപാരവസ്തുക്കളിൽ ഒരിനംകുടി ഉൾപ്പെട്ടു. “കറുത്ത പെണ്ണു്.” അറ്റം കാണാത്ത കടലിൽ നാടും നഗരവും മനുഷ്യമുഖങ്ങളും കാണാതെ വർഷങ്ങളോളം കഴിച്ചുകൂട്ടുന്ന പട്ടാളക്കാരാണു്. മനുഷ്യത്വത്തിന്റെ പ്രാഥമികപാഠങ്ങൾ പോലും അവൻ വിസ്മരിക്കുന്നു. കാലാവസ്ഥയുടെ കഠിനപ്രഹരമേറ്റു് ഉള്ളും പുറവും കഠോരമാവുന്നു. ആകൃതിയിൽ മാത്രം മനുഷ്യനോടും പ്രകൃതിയിൽ മുഴുവൻ മൃഗത്തോടും അടുപ്പം സ്ഥാപിച്ച ആ പട്ടാളക്കാരാണു് സദാചാരനിരതകളായ മലയാളിപ്പെണ്ണുങ്ങളെയും തേടിവരുന്നതു്.
വളയക്കടപ്പുറത്തു് കണ്ട പത്തേമ്മാരിയിൽനിന്നു കരയ്ക്കിറങ്ങിയ പറങ്കികൾ എവിടെയോ ചുറ്റിപ്പറ്റി നിൽപ്പുണ്ടു്. എല്ലാവരും മതികെട്ടുറങ്ങുന്ന ഒരു രാത്രി ഏതെങ്കിലും കുടിലിലവർ ചാടി വീഴും. സൂക്ഷിക്കണം.
പൊക്കനു വളരെ തിരക്കുപിടിച്ച ദിവസങ്ങളാണു്. പകൽ മീൻപിടുത്തത്തിനു കടലിലിറങ്ങണം. രാത്രിയായാൽ കൂട്ടുകാരെ ഏകോപിച്ചുനിർത്തി കാവൽജോലി നിർവ്വഹിക്കണം. ആകപ്പാടെ രസമുണ്ടു്. പ്രതീക്ഷിച്ചപോലെ അത്ര മുഷിപ്പനല്ല ജീവിതം. കഠിനാദ്ധ്വാനവും ഊണും ഉറക്കവുമായി വിരസങ്ങളായ ദിവസങ്ങൾ ഉന്തിത്തള്ളി പതുക്കെപ്പതുക്കെ മരണത്തിലേക്കടിവെച്ചു നീങ്ങുന്ന ജീവിതത്തിനു വികാസവും ചൂടും നൽകാൻ ആവേശഭരിതമായ കർമ്മപരിപാടി വല്ലതും വേണം. അതു കൈവന്നിരിക്കുന്നു. അമ്മയ്ക്കിപ്പോൾ ആവലാതിയില്ല. അമ്മയടക്കമുള്ള സ്ത്രീ സമുദായത്തിന്റെ രക്ഷയ്ക്കുവേണ്ടിയാണു് മകൻ ആയുധമേന്തിയതു്. ഏതു വാത്സല്യവും ധീരമായ ആ കർത്തവ്യത്തിനു മുമ്പിൽ മൗനം ദീക്ഷിക്കും. എങ്കിലും ദമയന്തി ഉള്ളിൽത്തട്ടി പ്രാർത്ഥിച്ചു:
“അടിയാരെ തുണയ്ക്കുന്ന പരദേവതേ, എന്റെ പൊന്നുമോനെ കടലിലും കരയിലും നീ തന്നെ കാക്കണേ…”
സന്ധ്യയായാൽ കടപ്പുറം നിശ്ശബ്ദമാണു്. ആരും ഉച്ചത്തിലൊരക്ഷരം മിണ്ടില്ല. കുടികളിലൊന്നും തീയെരിക്കില്ല. കടലിലൂടെ പാളിപ്പതുങ്ങി വരുന്ന ശത്രുക്കൾ കണ്ടാലോ? പെണ്ണുങ്ങൾ രക്ഷാസങ്കേതത്തിൽ രാത്രി മുഴുവൻ കടൽപ്രതിമ പോലെ നിശ്ചലരായിരിക്കും. ഉറക്കം വരില്ല. ഉറങ്ങുമ്പോൾ വാരിക്കൊണ്ടുപോയാലോ? ചെവി വട്ടം പിടിക്കും; നിലവിളി കേൾക്കുന്നുണ്ടോ? വൃക്ഷത്തലപ്പുകളെ കുലുക്കി മൂളിച്ചു കൊണ്ടു തെക്കൻ കാറ്റു കടന്നുപോകുമ്പോൾ കൂട്ടത്തിലൊരുത്തി പറയും, പതുക്കെ:
“കേട്ടോ?”
“എന്തു്?”
“നെലവിളി.”
“നീ കേക്കുന്നില്ലേ?”
“അഃ കേക്കുന്നുണ്ടു്.”
“നിയ്യോ?”
“ഞാനും.”
“ഞാനും.”
ചോദ്യോത്തരങ്ങൾ മന്ത്രംപോലെ പതുക്കെ ചെവിയിലുച്ചരിക്കുകയാണു്. നിലവിളി എല്ലാവരും കേട്ടു. കൊള്ളയും കൊലയും തീവെപ്പും! കോടിക്കൽക്കടപ്പുറത്താവും. ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോവുമ്പോൾ നിലവിളിക്കുകയല്ലാതെ പെണ്ണുങ്ങളെന്തുചെയ്യും? തടുക്കാൻ ചെല്ലുന്ന ആണുങ്ങളെ കഷ്ണം വെട്ടി നിലത്തിടുന്നുണ്ടാവും?
“ഭ്ഹൂഹ്ഹാ!” കടലിന്റെ മോന്തായത്തിലിരുന്നു മലനത്തു ശബ്ദിച്ചു. കനത്ത ഇടിവെട്ടിൽപ്പോലും കുലുങ്ങാത്ത മരയ്ക്കാൻമാരാടെ പെണ്ണുങ്ങൾ കാറ്റു തട്ടിയ ആലിലപോലെ വിറച്ചു. നാവും ചുണ്ടും വരണ്ടു. നിലവിളിക്കാനുള്ള ശക്തിയില്ലാതെ കുഴഞ്ഞു. മലനത്തു പരിസരത്തെ ഞെട്ടിച്ചുകൊണ്ടു പിന്നെയും ശബ്ദിച്ചു. ദുർനിമിത്തമാണു്. മലനത്തിന്റെ ശബ്ദം മരണത്തിന്റെ മുന്നോടിയാണു്. കടൽത്തീരത്തു മത്സ്യങ്ങളെ പിടിച്ചുതിന്നാനെത്തുന്ന മൂങ്ങകൾ മൂളി.
“ഉം ഊ ഉം!”
പ്രപഞ്ചം മുഴുവൻ തങ്ങൾക്കെതിരാണെന്നു പാവപ്പെട്ട ആ പെണ്ണുങ്ങൾ വിശ്വസിച്ചു.
എട്ടും പത്തും ആളുകളുള്ള സംഘങ്ങളായിട്ടാണു് ചെറുപ്പക്കാർ കാവൽ ജോലി നടത്തുന്നതു്. മുക്കുവരും മുസ്ലീങ്ങളും തിയ്യരുമുണ്ടു് സംഘത്തിൽ. ജാതിമതവ്യത്യാസമില്ലാതെ, അക്രമികളെ എതിരിടാൻ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. വളയക്കടപ്പുറത്തു് ഒരറ്റം മുതൽ മറ്റേ അറ്റംവരെ ആ രക്ഷാവ്യൂഹം വള്ളങ്ങളുടെ മറവിലും വെള്ളച്ചാലുകളുടെ വിടവിലും പതിയിരുന്നു. ഓരോ സംഘത്തിനും അപ്പപ്പോൾ വേണ്ട നിർദ്ദേശം നൽകുന്നതു പൊക്കനാണു്. കൂടെ അവന്റെ ഏറ്റവും അടുത്ത സുഹൃത്തായ കുഞ്ഞാലിയുമുണ്ടാവും. കുഞ്ഞാലി ഉണക്കമീൻ കച്ചവടക്കാരനാണു്. പ്രായത്തിലും തടിമിടുക്കിലും കുഞ്ഞാലി പൊക്കന്റെ കൂട്ടുകാരനാവാൻ പറ്റും.
പൊക്കനും കുഞ്ഞാലിയും കുടിലുതോറും ചെല്ലും. പെണ്ണുങ്ങളുള്ള സ്ഥലത്തെത്തിയാൽ പുറത്തുനിന്നു വിളിച്ചു ചോദിക്കും:
“പേടീണ്ടോ?”
പൊക്കന്റ ശബ്ദം കേൾക്കുന്നതു പെണ്ണുങ്ങൾക്കു് ആശ്വാസമാണു്. അവരുടെ രക്ഷയ്ക്കു് പുറത്തു് ആളുണ്ടെന്ന വിശ്വാസം തെല്ലു സമാധാനം നൽകും.
“എന്താ, ഒരു നെലവിളി കേട്ടതു്?” അകത്തുനിന്നു് ആരെങ്കിലും പൊക്കനോടു് ചോദിക്കും.
“നെലവിളിയോ?” ഞാളാരും കേട്ടിറ്റില്ല. വെറുതെ പേടിച്ചിറ്റു തോന്ന്വാവും.”
പൊക്കന്റെ സമാധാനം കേട്ടിട്ടും ആ നിലവിളി സ്വന്തം ഹൃദയത്തിന്റെ ഉള്ളറയിൽ നിന്നു മുഴങ്ങിയതാണെന്നു വിശ്വസിക്കാൻ പെണ്ണുങ്ങൾക്കു കഴിഞ്ഞില്ല. എന്നാലും ഒരു പുരുഷന്റെ ശബ്ദം കേട്ടലോ. അതുമതി. നെഞ്ചിടിപ്പു് അല്പം കുറയാൻ…
വെളുത്ത പക്ഷത്തിലെ പഞ്ചമിയാണു് അന്നു്… നേരിയ നിലാവുണ്ടു്. അവിടവിടെ പൊടിമേഘം പറ്റിനിന്ന ആകാശം, ചന്ദനം അരച്ചു കഴുകാതെയിട്ട ചാണക്കല്ലുപോലിരുന്നു. കറ തട്ടിയ വെള്ളിത്തകിടുപോലെ നിറം മങ്ങിക്കിടന്നു. മാളികയ്ക്കലെ തൊടിയിൽ മാത്രം ഒറ്റ നിറം; കൊടും കറുപ്പു്. ദുർബ്ബലമായ ചന്ദ്രരശ്മിക്കു തെങ്ങിൻതോപ്പിലേക്കു തുളച്ചുകടക്കാൻ കഴിഞ്ഞില്ല.
മുറ്റത്തു കൂലിക്കാർ തിരക്കിട്ടു പണിയെടുക്കുന്നതും നോക്കി ആലിക്കുട്ടി ബടാപ്പുറത്തിരുന്നു; അടുത്തുന്നെ തെയ്യുണ്ണിമേനോനും. കുരുമുളകു ചേറുകയും അളന്നു കെട്ടുകയും ചെയ്യുന്ന കൂലിക്കാരെ ആലിക്കുട്ടി ഇടയ്ക്കിടെ പ്രോത്സാഹിപ്പിച്ചു:
“ബേഗം, ബേഗം നോക്കീനെടാ.”
കാലവർഷക്കെടുതി നീങ്ങിയ അറബിക്കടലിലേക്കു് ആർത്തിപിടിച്ച വ്യാപാരക്കപ്പലുകൾ വിദേശങ്ങളിൽ നിന്നു് ഓടിവരാൻ തുടങ്ങിയിരിക്കുന്നു. ചരക്കു കൈയിരിപ്പുള്ളവർക്കു തീപിടിച്ച വില കിട്ടും. കമ്പോളത്തിൽ പുതിയ ചരക്കു് എത്താറായിട്ടില്ല. കുരുമുളകു പറിച്ചു തുടങ്ങാൻ ഇനിയും രണ്ടുനാലു മാസം കഴിയണം. പാണ്ടികശാലയിലും വീട്ടിലും ആലിക്കുട്ടി കിട്ടാവുന്നത്ര കുരുമുളകു വാങ്ങി സൂക്ഷിച്ചിട്ടുണ്ടു്. മഴക്കാലം കഴിഞ്ഞു വിൽപ്പന നടത്താൻ എല്ലാം കരുതി വെച്ചതാണു്.
ചേറുന്ന മുറത്തിൽ കിടന്നു മുളകുമണികളുണ്ടാക്കുന്ന ശബ്ദം പൊൻപണത്തിന്റ മണിച്ചിൽപോലെ കേൾക്കാൻ സുഖമുള്ളതായി ആലിക്കുട്ടിക്കു തോന്നി. തന്നെ സംബന്ധിച്ചു് ലാഭവും ചേതവുമില്ലാത്ത ആ തൊഴിൽ അധികനേരം അങ്ങനെ നോക്കിയിരിക്കാൻ തെയ്യുണ്ണിമേനോനു കഴിഞ്ഞില്ല. ക്ഷമ നശിക്കുകയാണു്. വല്ലതും രണ്ടുവാക്കു സംസാരിച്ചാൽ മുഷിപ്പു തീരും.
“ആലിക്കുട്ടീ!” തെയ്യുണ്ണിമേനോൻ വിളിച്ചു.
“എന്താ മേന്നേ?” ചേറി വൃത്തിയാക്കി അളന്നു കെട്ടുന്ന മുളകു് പറങ്കിക്കപ്പലുകളിൽ എത്തിക്കാൻ കഴിഞ്ഞാൽ തനിക്കു കിട്ടുന്ന ആദായമോർത്തു രസിക്കുകയായിരുന്ന ആലിക്കുട്ടിക്കു് തെയ്യുണ്ണിമേനോൻ വിളിച്ചതു് ഇഷ്ടമായില്ല.
“നിലാവസ്തമിച്ചു”
“അയിനിങ്ങക്കെന്താണു്?”
“നേരം പത്തുനാഴിക രാച്ചെന്നു.”
“ചെന്നോട്ടെ.”
“അതല്ലെടോ!” ആലിക്കുട്ടിയുടെ അസുഖകരമായ മറുപടികേട്ടു് അല്പം പതിഞ്ഞമട്ടിൽ തെയ്യുണ്ണിമേനോൻ തുടർന്നു: “ഈ ഇരുട്ടുത്തു പേണ്ടേ ഞാൻ.”
“ങ്ങളിന്നു പോണ്ടാ… ഇവിടെ കൂടിക്കോളീ?”
“അസ്സലായി! നാളെ അങ്ങട്ടു ചെന്നാൽ ലക്ഷ്മിക്കുട്ടി തിന്നും.”
“അപ്പം ങ്ങളെ കെട്ട്യോള് മനിസന തിന്ന്വോ?”
അതിനു തെയ്യുണ്ണിമേനോൻ ഉത്തരം പറഞ്ഞില്ല. ലക്ഷ്മിക്കുട്ടിയെപ്പറ്റിയുള്ള നിരൂപണമാവുമ്പോൾ സൂക്ഷിക്കണം. സംസാരം മറ്റൊരു വഴിക്കു് തിരിക്കാൻ ശ്രമിച്ചു.
“നീയ്യെന്നെ അടിയന്തരമായിട്ടു് ആളയച്ചു വിളിച്ചല്ലോ; എന്തിനായിരുന്നു?”
“ബരീ, പറേട്ടെ!” ആലിക്കുട്ടി എഴുന്നേറ്റു; തെയ്യുണ്ണിമേനോനും. അവർ മുറ്റത്തിറങ്ങി, തൊടിയിലേക്കു കയറി. നല്ല ഇരുട്ടു്. സ്വകാര്യം പറയാൻ പറ്റിയ സ്ഥലം.
“മേന്നേ, ഞമ്മളൊറപ്പിച്ചു്!”
“എന്തു്?”
“ങ്ങള് ഞമ്മളെ സകായിക്കണം.”
“എന്തിനു്?”
“ങ്ങളെ സകായം ഉണ്ടെങ്കിലു് ഞമ്മക്കിതൊരു പുല്ലാ.” ആലിക്കുട്ടി കാര്യത്തിലേക്കു കടക്കാതെ മുഖവുര നീട്ടിക്കൊണ്ടുപോകുന്നതു് തെയ്യുണ്ണിമേനോനു് ഇഷടമായില്ല.
“എടോ, എന്തു കാര്യാ നീ പറയുന്നതു്?”
“ഓനെ ഞമ്മങ്ങളൊരു വയിക്കാക്കും.” പിന്നെയും കേൾക്കുന്നതു സമസ്യയാണു്. ശബ്ദം കൊണ്ടുവേണം വികാരം തിരിച്ചറിയുക. ഇരുട്ടിൽ മുഖം കാണാൻ പറ്റില്ല. അല്പാല്പം ക്ഷമ നശിച്ചുതുടങ്ങിയ തെയ്യുണ്ണിമേനോൻ ചോദിച്ചു:
“ആരെ?”
“ആ പൈതലിന്റെ മോനില്ലേ, പൊട്ടിത്തെറിച്ച പഹയൻ?
“ശരി ശരി.” തെയ്യുണ്ണിമേനോനു് രസമുള്ള വിഷയമാണു്.
“അവൻ മഹാ ധിക്കാരിയാണു്.”
“ഓനെ ഈ കടപ്പുറത്തു ബായിച്ചാ പറ്റൂലാ. ഞമ്മളെ കുടിലന്നുകേറി ഓൻ ഞമ്മളെ അഫമാനിച്ചത് ങ്ങള് മറന്നോ?” ആലിക്കുട്ടിയുടെ സ്വരം കോപംകൊണ്ടു വിറയ്ക്കുന്നതു തെയ്യുണ്ണിമേനോൻ മനസ്സിലാക്കി.
“എന്റെ ആയുസ്സുള്ളന്നു ഞാനതു മറക്ക്വോ? മറക്കാൻ സാധിക്ക്യോ എനിക്കു്?”
“അതാ പറഞ്ഞതു്, ഓനെ ബായിച്ചാ പറ്റൂലാ.”
“നീ ഒട്ടും വിഷമിക്കണ്ടാ കേട്ടോ, ആലിക്കുട്ടീ, അവന്റെ കാര്യം ഞാൻ ശരിപ്പെടുത്തീട്ടുണ്ടു്.”
“അതെങ്ങനെ?”
“അടുത്ത ബുധനാഴ്ചയാണു് മംഗലാപുരത്തു പോവുന്നതു്. ഈശ്വരകാരുണ്യംകൊണ്ടു പറങ്കികളുടെ കൈയിൽപെടും.”
“പെട്ടില്ലാന്നു കൂട്ടിക്കോളീ, ന്നാലോ?” എങ്ങനെയെങ്കിലും പൊക്കനെ രാജ്യത്തുനിന്നു് ഓടിക്കണമെന്നു് ആലിക്കുട്ടിക്കു നിർബന്ധമുണ്ടു്.
“അങ്ങനെ വരില്ല.” തെയ്യുണ്ണിമേനോൻ ആശ്വസിപ്പിച്ചു.
ആലിക്കുട്ടിക്കു തൃപ്തിയായില്ല. പറങ്കികളുടെ ശല്യം സാമൂതിരിപ്പാട്ടിലേക്കു നല്ലപോലെ അറിയാം. തക്ക കരുതലോടുകൂടിയല്ലാതെ മംഗലാപുരത്തേക്കു കപ്പലുകളയയ്ക്കില്ല. വഴിയിൽവെച്ചു കൂട്ടിമുട്ടലുണ്ടായാൽ പറങ്കികൾ തന്നെ ജയിച്ചോളണമെന്നില്ല. ശക്തിയേറിയ കടൽപ്പടയാണു് സാമൂതിരിപ്പാട്ടിലേക്കുള്ളതു്. വേണ്ടത്ര പീരങ്കികളുമുണ്ടു്. സഹായത്തിനാണെങ്കിൽ കുഞ്ഞാലിമരയ്ക്കാരും. ജയിക്കാനാണു് സാധ്യത. ജയിക്കുന്നപക്ഷം പൊക്കൻ തിരിച്ചുവരും. പിന്നെയും അവനെക്കൊണ്ടു് ശല്യമാകും. അതു വയ്യാ. ആലിക്കുട്ടിയുടെ വാദമതാണു്.
രണ്ടുപേരും കുറേനേരം തർക്കിച്ചു. ആലിക്കുട്ടിയാണു് ജയിച്ചതു്.
“ഓനെ ഞമ്മളൊരു ബയിക്കാക്കും.”
“വളരെ സൂക്ഷിക്കേണ്ട കാര്യമാണു്”, തെയ്യുണ്ണിമേനോനു പിന്നെയും സംശയം.
“അതൊക്കെ ഞമ്മളേറ്റു. ങ്ങളിബിടെണ്ടായാൽ മതി, ഞമ്മക്കൊരു കായത്തിനു്. മറുത്തൊരു വാക്കു തെയ്യുണ്ണിമേനോനു പറയാൻപറ്റിയില്ല. ആലിക്കുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു:
“അയമതേ!”
മുറ്റത്തെ കൂലിക്കാരുടെ ഇടയിൽനിന്നു മറുവിളികേട്ടു. കാൽപ്പെരുമാറ്റം അടുത്തുവരുന്നു.
“ഞമ്മളെ ബിളിച്ചോ?”
“ഉം.” ആലിക്കുട്ടി ഗൗരവത്തിലൊന്നു മൂളി.
“ഓലൊക്കെ മന്നെടാ?
“മന്നു്.”
“തോണി തയ്യാറാക്കിക്കോ.”
“അഃ.”
“എന്നാ ബേഗം ചെല്ലു്. ഞമ്മൾ ബഡാപ്പൊറത്തുതന്നെ കുത്തിരിക്കും. സൂച്ചിക്കണേ”
അയമതു് ഇരുട്ടിൽ നിന്നു മൂളി. ഒരു പരുക്കൻ മൂളൽ. ആ ശബ്ദത്തിന്റെ ഉടമസ്ഥൻ സാമാന്യനല്ലെന്നു തെയ്യുണ്ണിമേനോനു തോന്നി. അല്പം കഴിഞ്ഞു് ആലിക്കുട്ടിയും തെയ്യുണ്ണിമേനോനും മുറ്റത്തിറങ്ങിയപ്പോൾ അവിടെ കൂലിക്കാരാരുമുണ്ടായിരുന്നില്ല.
നിലാവിന്റെ അവസാനത്തെ തുള്ളികൂടി ഇരുട്ടിൽ അലിഞ്ഞു ചേർന്നു. വളയക്കടപ്പുറം മിക്കവാറും വിജനമാണു്. കടലിന്റെ നെടുവീർപ്പുപോലെ നേരിയ കാറ്റടിക്കുന്നുണ്ടു്. അതു തെങ്ങോലകളെ ചലിപ്പിച്ചു. ചുള്ളിക്കാട്ടിലേക്കു കടന്നപ്പോൾ കരിയിലകൾ തമ്മിൽത്തമ്മിലെന്തോ പിറുപിറുത്തു. കാവൽ ജോലിയിലേർപ്പെട്ട ചെറുപ്പക്കാർ അവരവരുടെ താവളങ്ങളിൽ കടലിലേക്കു കണ്ണും നട്ടിരിക്കുകയാണു്. ആപത്തു വരുന്നതു് ആ വഴിക്കാണല്ലോ!
പൊക്കനും കുഞ്ഞാലിയും പതിവുള്ള നടത്തം കഴിഞ്ഞു വിശ്രമിക്കുകയാണു്. ആകാശം നോക്കി ഇരിക്കാൻ നല്ല രസം. സന്ധ്യയ്ക്കു തലയ്ക്കു മുകളിൽക്കണ്ട നക്ഷത്രം കടലിലേക്കു തലകുത്തി വീഴാറായിരിക്കുന്നു. നക്ഷത്രങ്ങളിങ്ങനെ സഞ്ചരിക്കുന്നതു കടലിൽ ചാടി മരിക്കാനാണെന്നു പൊക്കനു തോന്നി. ആകാശത്തിന്റെ പടിഞ്ഞാറേ അറ്റത്തു് ഒന്നു മരിക്കുമ്പോൾ കിഴക്കേ അറ്റത്തു മറ്റൊന്നു ജനിക്കുന്നു.
“കണ്ടോ, കണ്ടോ?” കുഞ്ഞാലി പൊക്കനെ കുലുക്കി വിളിച്ചുകൊണ്ടു പറഞ്ഞു. പൊക്കൻ നോക്കി. ഒരു നക്ഷത്രം ആകാശമദ്ധ്യത്തിൽ നിന്നു തലകുത്തി പടിഞ്ഞാട്ടു വീഴുന്നു.
“പാമ്പു കല്ലുംകൊണ്ടു പറക്ക്വാണു്.” പൊക്കൻ പറഞ്ഞു.
“വെള്ള്യാൻകല്ലിലേക്കാവും.” കേട്ടുകേൾവി അടിസ്ഥാനപ്പെടുത്തി കുഞ്ഞാലി അഭിപ്രായപ്പെട്ടു. പിന്നെയും അവർ ആകാശം നോക്കിക്കിടന്നു.
കിഴക്കുഭാഗത്തെ പച്ചിലക്കാടിനും അപ്പുറത്തുനിന്നു പുതിയ പുതിയ നക്ഷത്രങ്ങൾ ആകാശത്തിലേക്കു കയറി വരുന്നു. പല നിറത്തിലും വലിപ്പത്തിലുമുള്ളവ. കടലിൽപോകുന്നവർ നക്ഷത്രങ്ങളെ പഠിക്കണമെന്നു് അമ്മ പണ്ടു പറഞ്ഞിട്ടുണ്ടു്. കര കാണാത്ത നടുക്കടലിൽ ദിക്കറിയാനവ ഉപകരിക്കും. അവൻ സൂക്ഷിച്ചു നോക്കി. ദിക്കറിയിക്കുന്ന ഒരു നക്ഷത്രം കണ്ടുപിടിക്കാൻ അമ്മ അവനെ പഠിപ്പിച്ചിട്ടുണ്ടു് എന്നും ഒരു സ്ഥലത്തു് ഉറച്ചു നിൽക്കുന്നൊരു നക്ഷത്രം. ഉദിക്കുന്നതും അസ്തമിക്കുന്നതും ഒരു സ്ഥലത്താണു്; അങ്ങു വടക്കു്. വടക്കു കണ്ടുപിടിച്ചാൽ മറ്റു ദിക്കുകളൊക്കെ താനേ മനസ്സിലായിക്കൊള്ളും.
ചുള്ളിക്കാടുകൾക്കപ്പുറത്തുനിന്നു് ഒരു നായകുരച്ചു. മനുഷ്യനെക്കണ്ടു ഭയപ്പെട്ടുള്ള കുരയാണു്. രണ്ടുപേരും ശ്രദ്ധിച്ചു. കാര്യം പന്തിയല്ല. എന്തോ കുഴപ്പമുണ്ടു്. നേരം പാതിരാവിന്നടുക്കുകയാണു്. മനുഷ്യരാരും ഇറങ്ങിനടക്കുന്ന സമയമല്ല. നായ പിന്നെയും പിന്നെയും കുരയ്ക്കുന്നു. രണ്ടുപേരും എഴുന്നേറ്റു പുറപ്പെട്ടു. ചുള്ളിക്കാടിന്റെ വടക്കേ അറ്റത്തുനിന്നാണു്. അതിന്നപ്പുറം മിക്ക സ്ഥലവും കാടുകെട്ടികിടക്കുകയാണു്. വലിയ കാടു്. പെരുമാൾക്കാട്ടിൽ നിന്നാണതിന്റെ തുടക്കം. അവിടെ വലിയൊരു ശിവക്ഷേത്രവും അതിനു ചുറ്റും കൂറ്റൻ മരങ്ങൾ തിങ്ങിനിൽക്കുന്നൊരു കാവുമുണ്ടു്. ആ കാവു തെക്കുപടിഞ്ഞാറോട്ടു നീണ്ടു് ഏതാണ്ടു് വളയക്കടപ്പുറത്തിനടുത്തോളമെത്തുന്നു. കള്ളന്മാരും പിടിച്ചുപറിക്കാരും പകലൊക്കെ ആ കാട്ടിൽ ഒളിച്ചുകൂടുമെന്നാണു് സങ്കൽപ്പം.
ശബ്ദമുണ്ടാക്കാതെ പതുങ്ങിപ്പതുങ്ങി രണ്ടുപേരും ചുള്ളിക്കാട്ടിലേക്കു കയറി. വലിയൊരു മരത്തിന്റെ നിഴൽ പറ്റി നിന്നു. അവിടെ കൂരിരുട്ടാണു്. പുറത്തുനിന്നു നോക്കുന്നവർ കാണില്ല. ചുറ്റുപാടും സൂക്ഷിച്ചു പരിശോധിക്കാൻ പറ്റിയ സ്ഥലം. നോക്കുംതോറും നാട്ടു വെളിച്ചത്തിൽ പരിസരം തെളിഞ്ഞു തെളിഞ്ഞു വരുന്നു. കരിയിലകൾക്കിടയിൽ നിന്നു മണ്ണട്ടകൾ ലഹളകൂട്ടുന്നുണ്ടു്. ചെവിടടയ്ക്കുന്ന ശബ്ദം. പിറകിൽ നിന്നു വല്ലവരും വന്നാൽ കാൽപ്പെരുമാറ്റംകൂടി കേൾക്കില്ല. കൈതപ്പൊത്തിലെവിടെയോ പൊരുന്നണഞ്ഞ കുളക്കോഴി മാത്ര കണക്കാക്കി ശബ്ദിക്കുന്നു. “ക്ലോം ക്ലോം ക്ലോം…”
“അതാ അതെന്താ”, അല്പം പരിശ്രമത്തോടെ കുഞ്ഞാലി ചോദിച്ചു.
“ഏതു്?”
ഒരാളവിടെ നിൽക്കുന്നു! കുഞ്ഞാലി പൊക്കനു കാട്ടിക്കൊടുത്തു. അവന്നും തോന്നി. അല്പം അകലെ ഒരാൾ നിൽക്കുന്നു. അനങ്ങുന്നില്ല. സൂക്ഷിച്ചുനോക്കി. എന്തൊരു വലുപ്പം! ആലോചിച്ചു നിൽക്കാൻ സമയമില്ല. സൂത്രത്തിൽ കടന്നുകളയും. ശബ്ദമുണ്ടാക്കാതെ ചെല്ലണം. ചെന്നു പിടിക്കണം. രണ്ടുപേരും പറഞ്ഞൊത്തു നിഴലിലൂടെ നടന്നു. എങ്ങാനും കണ്ടുപോയെങ്കിൽ ആ നിൽക്കുന്ന ആൾ കാട്ടിലെവിടെയെങ്കിലും ഓടിമറയും. പിന്നെ കണികാണാൻ കിട്ടില്ല. ഓരോ അടിവയ്ക്കുന്നതും കൂടുതൽ കരുതലോടെ വേണം. ശബ്ദമുണ്ടാക്കാൻ പാടില്ല.
ശബ്ദമുണ്ടാക്കാതെ പതുങ്ങിപ്പതുങ്ങി നടന്നു. അടുക്കുന്തോറും അഭിപ്രായത്തിനു ബലംകൂടുകയാണു്. കാൽച്ചട്ടയും മേലങ്കിയും ‘പിഞ്ഞാണ’ത്തൊപ്പിയും ധരിച്ചു് ആകാശം മുട്ടിനിൽക്കുന്നൊരു മനുഷ്യൻ ആരായാലും വേണ്ടില്ല. പിടിക്കണം; പിടിച്ചു കെട്ടണം. ഉറച്ച തീരുമാനമെടുത്തുകൊണ്ടു് ഒരു ചാട്ടത്തിനവർ ആ മനുഷ്യന്റെ മുമ്പിലെത്തി.
കുഞ്ഞാലി അലറി. “നിക്കെടാ അബിടെ!” കേറിപ്പിടിച്ചു. പിടിച്ചപ്പോഴാണു് കാര്യം മനസ്സിലായതു്. ഉണക്കപ്പട്ടകൾ തുങ്ങി, തലയിൽ നിറച്ചു കായ്കളേന്തി നിൽക്കുന്ന ഒരു ഈന്തൽമരമാണു്. ഈന്തൽമരത്തിന്റെ പരുക്കൻ തൊലി തട്ടി വേദനിച്ചപ്പോൾ കരയാനല്ല, ചിരിക്കാനാണു് തോന്നിയതു്. രണ്ടുപേരും ചിരിച്ചു. കിതപ്പും പരിഭ്രമവും തീരുന്നതുവരെ അവിടെത്തന്നെ ഇരുന്നു. കാവലാരംഭിച്ചതിൽ പിന്നെ കൈനേട്ടംപോലെ വന്നുചേർന്ന യുദ്ധമാണു്. ആരോടും മിണ്ടാൻ വയ്യാത്ത യുദ്ധം. കൂട്ടുകാരറിഞ്ഞാൽ പരിഹസിച്ചു തൊലിയുരിക്കും.
ആലോചിക്കുംതോറും ചിരിയടക്കാൻ കഴിയുന്നില്ല. ഒരു പക്ഷേ, നായ കുരച്ചതും ആ ഈന്തൽമരം കണ്ടു തെറ്റിദ്ധരിച്ചാവുമെന്നു് പൊക്കൻ അഭിപ്രായപ്പെട്ടു. കുഞ്ഞാലി പറഞ്ഞു, നായയ്ക്കു രാത്രി കണ്ണു കാണുന്നതുകൊണ്ടു് അമളി പറ്റില്ലെന്നു്. നിഴലു കണ്ടു് നായ കുരയ്ക്കാറുണ്ടെന്നു് സ്ഥാപിക്കാൻ പൊക്കൻ പല തെളിവുകളും ഹാജരാക്കി. മടങ്ങിപ്പോരുമ്പോൾ വാക്കിനു വാക്കിനു ചിരിച്ചുകൊണ്ടാണു് അവർനടന്നതു്.
ചുള്ളിക്കാടുകൾ അവിടവിടെ ഇളകുന്നു. കാറ്റടിച്ചിട്ടാവും. മരക്കമ്പുകൾ ഇളകുന്നുണ്ടോ? ഇല്ല. വിചിത്രമായിരിക്കുന്നു. ഭുമിയെ മാത്രം സ്പർശിച്ചുകൊണ്ടു പോകുന്ന ഒരുതരം പുതിയ കാറ്റു്. പൊക്കനു കുറഞ്ഞൊരത്ഭുതം തോന്നി. കുഞ്ഞാലിക്കിനി അബദ്ധം പറ്റില്ല.
“കുറുക്കൻ പായുന്നതാ.” അവൻ അഭിപ്രായപ്പെട്ടു. അതേ. അല്ലെങ്കിൽ ചില പ്രത്യേക സ്ഥലത്തുമാത്രം അടിക്കുന്ന കാറ്റുണ്ടാവില്ല. ഏറെനേരം ചിരിച്ചതുകൊണ്ടു മനസ്സിനൊരു ലാഘവം കൈവന്ന കുഞ്ഞാലിക്കു് അൽപ്പം ഫലിതം പറഞ്ഞാൽ വേണ്ടില്ലെന്നു തോന്നി.
“ഈ കുറുക്കനില്ലേ?”
“ഇല്ലാ.” പൊക്കൻ കളിയാക്കി.
“കുറുക്കനും പറങ്ക്യേളും ഒരു പോലത്തെ ബലാല്ങ്ങളാ. മോന്തിക്കു് ഒളിച്ചും പതുങ്ങീം ബരും. ഉസിര്ള്ളോലങ്ങനെ ചെയ്കൂലാ.”
“പറങ്കിയേക്കു് ഉശിര്ണ്ടെന്നാരാ പറഞ്ഞതു്?”
“അല്ലാ, ഉസിര്ണ്ടായാലും ഇല്ലെങ്കിലും ഒളിച്ചു ബരുന്നതു് ബെടക്കുമാതിരിയാ.”
ചുള്ളിക്കാടുകൾ അവിടവിടെ പിന്നെയും ഇളകുന്നു. പൊക്കൻ തിരിഞ്ഞുനോക്കി. പിറകിൽ ഇളക്കമില്ല. ഇളക്കം മുമ്പിലാണു്. അവൻ നിന്നു. ആ ഇളക്കത്തിന്റെ കാരണമൊന്നറിയണം. കടന്നുചെല്ലാൻ മടി. പൂഴിയിൽ നിറച്ചു ഞെരിഞ്ഞിൽമുള്ളുണ്ടാവും. കുഞ്ഞാലി നടക്കുകയാണു്. പൊക്കൻ വഴിയിൽ സംശയിച്ചു നിന്നതറിഞ്ഞിട്ടില്ല.
പെട്ടന്നാണതു സംഭവിച്ചതു്. കുഞ്ഞാലിയുടെ ഇരുവശത്തുമുള്ള കുറ്റിക്കാട്ടിൽ നിന്നു് ഒരേസമയം മൂന്നുനാലു് പേർ എഴുന്നേൽക്കുന്നു. കുഞ്ഞാലിയെ പിടിക്കാൻ തുടങ്ങുന്നു. കൈയിലുള്ള കുറുവടി മുറുക്കിപ്പിടിച്ചുകൊണ്ടു് പൊക്കൻ മുന്നോട്ടാഞ്ഞു. ഇരുമ്പുദണ്ഡുപോലുള്ള ഒരു കൈ അവന്റെ കഴുത്തിൽ ചുറ്റി മുറുകിക്കഴിഞ്ഞു. തനിക്കു് ആപത്തു പറ്റിയെന്ന വിചാരം ഒരു മിന്നൽപ്പിണർപോലെ ഉള്ളിൽ കിടന്നുലഞ്ഞു. ആലോചിക്കാൻ സമയമില്ല. കഴുത്തിൽ പിടിമുറുകുകയാണു്. ശ്വാസഗതി നിലയ്ക്കാൻ താമസമില്ല. ഞരമ്പുകൾ വീർത്തു പൊട്ടുമെന്നു തോന്നുന്നു. പയറ്റുമുറ പഠിച്ച കളരിയെയും പഠിപ്പിച്ച കുരുക്കളെയും ഉള്ളിൽത്തട്ടി വിചാരിച്ചുകൊണ്ടു് അവന്നൊന്നമർന്നു. ഉള്ള ശക്തിയത്രയും സംഭരിച്ചു് എതിരാളിയെ പുറത്തു ചുമന്നു് ഊക്കോടെ ഒരു തള്ളൽ. കുറിക്കുകൊണ്ടു. കഴുത്തിന്റെ പിടിവിട്ടു് ആ ഭീമാകായൻ പത്തുവാര മുമ്പിൽ തെറിച്ചുവീണു. തട്ടിപ്പിടഞ്ഞെഴുന്നേൽക്കാൻ ഭാവിച്ചതേയുള്ളു. പൊക്കന്റെ ബലമേറിയ കാൽ തക്ക സമയത്തു പ്രവർത്തിച്ചു.
കുഞ്ഞാലിയെ നോക്കി. അവൻ നാലഞ്ചുപേരോടു് ഒരുമിച്ചു നിന്നു് എതിർക്കുകയാണു്. വേഗത്തിൽ ചെന്നു സഹായിക്കണം. വീണു കിടക്കുന്നവൻ എഴുന്നേറ്റു പിൻതുടരുമോ? ചവിട്ടു കണക്കിനു കൊണ്ടിട്ടുണ്ടോ? കുനിഞ്ഞൊന്നു പരിശോധിച്ചു. പിന്നെയും അപകടം. ആരോ പിറകിൽ നിന്നു് അവനെ തല്ലി. തല്ലിന്റെ ഊക്കുകൊണ്ടു അവൻ മൂക്കു കുത്തി നിലത്തുവീണു. തട്ടിപ്പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ അതൊരു വിഫലശ്രമമായിരുന്നു. അഞ്ചാറുപേർ ഒരുമിച്ചു് അവനെ ബലമായി പൂഴിയിലേക്കമർത്തി. കുതറുംതോറും പിടിമുറുകുകയാണു്. പിടിച്ചുകെട്ടാനുള്ള ശ്രമമാണെന്നു് അവനു തോന്നി. ബലപരീക്ഷയ്ക്കവിടെ സ്ഥാനമില്ല. ഉപായം വല്ലതും ചിന്തിക്കണം.
കീഴടങ്ങിയ മട്ടിൽ അവൻ അവയവങ്ങളെല്ലാം തളർത്തിയിട്ടു കിടന്നു. അക്രമികൾ പതുക്കെ സംസാരിക്കുന്നുണ്ടു്. ഒന്നും വ്യക്തമല്ല. നല്ല തടിമിടുക്കുള്ള രണ്ടുപേരൊഴിച്ചു ബാക്കിയെല്ലാവരും അവനെ വിട്ടുപോയി. ചവിട്ടുകൊണ്ടു് അപ്പുറം വീണുകിടക്കുന്നവനെ ഒന്നുരണ്ടുപേർ പൊക്കിയെടുത്തു. വേറെചിലർ പൊക്കനെ കെട്ടാനുള്ള കയറെടുക്കുകയാണു്. കെട്ടിക്കഴിഞ്ഞാൽ അകപ്പെട്ടതുതന്നെ.
രക്ഷപ്പെടാനുള്ള അവസാനശ്രമം താമസിച്ചുകൂടാ-അവൻ ആലോചിച്ചു. പിടിച്ചു നിൽക്കുന്നവരെ കുതറി തെറിപ്പിക്കാൻ കഴിയണം. തെറിപ്പിച്ചാലും പോരാ. ഒറ്റയ്ക്കു് എല്ലാവരെയും എതിർത്തു തോൽപ്പിക്കണം. തളർന്നു കിടക്കുന്ന അവൻ ഒരു സിംഹത്തെപ്പോലെ കുതറിച്ചാടി. ഒട്ടും പ്രതീക്ഷിക്കാത്തൊരുസംഭവം. എതിരാളികൾ അമ്പരന്നു. എങ്കിലും അവർ ഒന്നിച്ചുപിന്നെയും പൊക്കനെ എതിർത്തു. മുറയ്ക്കൊരു യുദ്ധം. തടുക്കലും കൊടുക്കലും നടന്നു. എതിരാളികളുടെ എണ്ണം കൂടുകയാണു് എവിടെയെങ്കിലും പുറംചാരി നിൽക്കാൻ കഴിഞ്ഞാൽ പിന്നിൽനിന്നുള്ള അപായം ഒഴിവാക്കാം. പക്ഷേ, അതിന്നു വഴിയില്ല. നാലുഭാഗവും ശത്രുക്കളാണു്. എല്ലാവരുടെ കൈയിലും ആയുധമുണ്ടു്. എന്നിട്ടും പൊക്കൻ തന്റേടം വിടാതെ പൊരുതിനിന്നു കാലും കൈയും ഒരുപോലെ ഒരേ വേഗത്തിൽ പ്രവർത്തിച്ചു. കൊള്ളുന്നവൻ വീഴുന്നുണ്ടു്. വീഴുന്നവൻ തപ്പിത്തടഞ്ഞെഴുന്നേറ്റു. പിന്നെയും എതിർപ്പിനു വരുന്നുമുണ്ടു്.
കുടിയിൽ നിന്നു പോരുമ്പോൾ വാളെടുക്കാൻ അമ്മ പറഞ്ഞതു് അവനോർത്തു. കൂട്ടം പിരിഞ്ഞു് ഒറ്റയ്ക്കു് നടക്കരുതെന്നു് അച്ഛൻ ഉപദേശിച്ചതിന്റെ രഹസ്യം അവൻ മനസ്സിലാക്കി. പിറ്റേന്നു പ്രഭാതത്തിൽ ദേഹമാസകലം മുറിവേറ്റു രക്തമൊഴുകുന്ന തന്റെ ശവം ചുള്ളിക്കാടിനടുത്തു കണ്ടാൽ പാഞ്ചാലി ഹൃദയംപൊട്ടി മരിക്കുമെന്നു് അവനറിയാം. ഇല്ല ഒരിക്കലും അങ്ങനെ ഒരനുഭവം അവൾക്കുണ്ടായിക്കൂടാ.
കൂടുതൽ വീറോടെ അവൻ പൊരുതി. കീഴടങ്ങാനല്ല, കീഴടക്കാൻ പിറന്നവനാണവൻ. പുറങ്കാലുകൊണ്ടുള്ള ഓരോ തല്ലിനും എതിരാളികൾ തെറിച്ചു ചുള്ളിക്കാട്ടിൽ ചെന്നുവീഴുന്നു. വീണവരിൽ പലരും എഴുന്നേൽക്കുന്നില്ല. എണ്ണത്തിൽ അവർ ചുരുങ്ങിവരുന്നു. രണ്ടുപേർ മാത്രം ബാക്കിയായി. അവർ അടുക്കുന്നില്ല. അകന്നുനിന്നു് അവനെ സൂക്ഷിക്കുകയാണു്. അവനും സൂക്ഷിച്ചു. നെറ്റിയിലൂടെ കുത്തിയൊലിക്കുന്ന വിയർപ്പു് കൈവിരലുകൾകൊണ്ടു് അവൻ തുടച്ചുമാറ്റി. ശരീരം മുഴുവൻ നീറുകയാണു്. ചുണ്ടുകൾ കടിച്ചമർത്തീട്ടും വായപൂട്ടാൻ കഴിയുന്നില്ല. അത്ര ശക്തിയായ കിതപ്പു്.
പിന്നെയും കുഞ്ഞാലിയുടെ ഓർമവന്നു. നോക്കി. എങ്ങും കാണാനില്ല. എന്തുപറ്റിയോ, ആവോ? അവനെ കെട്ടിയെടുത്തുകൊണ്ടുപോയോ? അതല്ല, കൊന്നു ചുള്ളിക്കാട്ടിലേക്കു വലിച്ചെറിഞ്ഞോ? അവനെ രക്ഷിക്കാൻ കഴിയാഞ്ഞതു് അബദ്ധമായി. അൽപ്പമൊരു നോട്ടക്കുറവുണ്ടാണു് കൂട്ടംപിരിഞ്ഞുപോയതു്. രണ്ടുപേരുണ്ടായിരുന്നെങ്കിൽ ഇത്ര വിഷമിക്കേണ്ടിവരുമായിരുന്നില്ല. കുഞ്ഞാലിയെ കാണാനുണ്ടോ? അവൻ പിന്നെയും സൂക്ഷിച്ചുനോക്കി…
ഭാരമേറിയ എന്തോ ഒന്നു് അവന്റെ തലയിലേക്കു് ഇടിഞ്ഞു പൊളിഞ്ഞു വീണു. അതുമാത്രം ഓർമയുണ്ടു്. തല പമ്പരംപോലെ തിരിയുന്നു. തിരിഞ്ഞുതിരിഞ്ഞു കഴുത്തിൽനിന്നു് ഒടിഞ്ഞു നിലത്തുവീണു. അവിടെക്കിടന്നു തിരിയുന്നു. എല്ലാം അവസാനിക്കുകയാണു്. ഇരുട്ടു്! കടലിന്നടിയിലും പാതാളത്തിലുമുണ്ടെന്നു പറഞ്ഞു കേട്ട ഇരുട്ടു്. ആ ഇരുട്ടിലേക്കു് താണുപോവുകയാണു്. കാലെത്തുന്നില്ല.