images/tkn-pushpavrishtti-cover.jpg
Duck houses, an oil on canvas painting by August Haake (Maler) (1889–1915).
രംഗം 3
മന്ത്രശാലയിൽ താപസനും രാമനും അടുത്തടുത്തിരിക്കുന്നു.
രാമൻ:
അർഘ്യപാദ്യങ്ങൾ സ്വീകരിച്ചു, അങ്ങു് അല്പം വിശ്രമിക്കുകയും ചെയ്തു. ഇനിപറയാം. അങ്ങാരാണു്? അങ്ങയെസന്ദേശവുമായി പറഞ്ഞയച്ച താപസനാരാണു്? സന്ദേശം എന്താണു്?
താപസൻ:
(അർഥഗർഭമായ പുഞ്ചിരിയോടെ) ആദ്യം ഈ ദൂതനെപ്പറ്റിപറയാം. താപസവേഷം ധരിച്ചു് അങ്ങയുടെ മുൻപിലിരിക്കുന്ന ഈ ദൂതൻ കാലനാണു്.
ആശ്ചര്യസൂചകമായി പശ്ചാത്തലസംഗിതം.
രാമൻ:
(ഒട്ടും ഭാവപ്പകർച്ചയില്ലാതെ) കാലദേവനോ? ഈ താപസവേഷപൂണ്ടതിന്റെ ഉദ്ദേശ്യം?
താപസൻ:
പറയാം. ബ്രഹ്മദേവനാണു് സന്ദേശം നല്കി എന്നെ പറഞ്ഞയച്ചതു്.
രാമൻ:
ബ്രഹ്മദേവന്റെ സന്ദേശവും കൊണ്ടു് കാലദേവൻ പുറപ്പെട്ടിരിക്കുന്നു. ഇത്രയും രഹസ്യമായി അറിയിക്കത്തക്ക ബ്രഹ്മദേവൻ പറഞ്ഞയച്ച സന്ദേശമെന്താണു്?
താപസൻ:
സന്ദേശം തികച്ചും രഹസ്യമല്ലെക്കിൽ ഇത്ര കനത്ത നിർദ്ദേശങ്ങൾ അങ്ങയുടെ മുൻപിൽ സമർപ്പിക്കില്ലായിരുന്നു.
രാമൻ:
ആരുടെ പേരുകേട്ടാൽ പ്രാണിലോകം ഭയന്നുകൊണ്ടു ഞെട്ടി വിറയ്ക്കുന്നുവോ, ആരുടെ ശാസന എങ്ങും ഈ ഭൂമിയിൽ അചഞ്ചലമായി നിലകൊള്ളുന്നുവോ, ആ കാലൻ എല്ലാറ്റിനും അന്തകൻ ഇത്രയും സൗമ്യനായി കാണപ്പെടുന്നതു് വളരെ ദുർലഭമാണു്.
താപസൻ:
മരണത്തെപ്പോലും ജയിക്കാൻ കഴിയുന്ന ചുരുക്കം ചില വ്യക്തികളുണ്ടു്; അന്തകൻ അവർക്കു ദാസനാവാതെ കഴിയില്ലല്ലോ.
രാമൻ:
പറയൂ, എന്താണു് വിധാതാവിന്റെ സന്ദേശം.
താപസൻ:
ദുഷ്ടനിഗ്രഹംകൊണ്ടു് ഭുമിയുടെ ഭാരം കുറച്ചതിനു് വിധാതാവു് സന്തോഷിക്കുന്നു; അങ്ങയെ അനുമോദിക്കുന്നു.
രാമൻ:
ഇതാണോ ഇത്രയും രഹസ്യമായ സന്ദേശം?
താപസൻ:
രാവണനെ നിഗ്രഹിക്കേണ്ടതു് ഒരാവശ്യമായിരുന്നു.
രാമൻ:
ബ്രഹ്മദേവന്റെയും മറ്റു ദേവപ്രമുഖത്മാരുടെയും അനുഗ്രഹംകൊണ്ടതു സാധിച്ചു.
താപസൻ:
ആ മഹാകാര്യം അനുഗ്രഹംകൊണ്ടു മാത്രം നിറമേറ്റാൻ കഴിയുന്നതല്ല. അതിനു് ഏറ്റവും വലിയ പങ്കുവഹിച്ചതു് അവിടുത്തെ പൗരുഷമാണു്.
രാമൻ:
ദുഷ്കകർമത്തിന്റെ ഫലം നാശമാണു്. ആ ഫലം ആരായാലും അനുഭവിക്കാതെ വയ്യ. രാവണൻ സ്വന്തം കാര്യങ്ങളുടെ ഫലം അനുഭവിച്ചെന്നു മാതം. അതിനു് ഞാൻ വെറുമൊരുപകരണമായിരുന്നു.
താപസൻ:
ദേവമാരും മനുഷ്യരും ഒരുപോലെ അതിൽ സന്തോഷിച്ചു.
രാമൻ:
നല്ലതു്.
താപസൻ:
അങ്ങു് കൈയേറ്റ വലിയ ചുമതല അതോടെ അവസാനിച്ചു. ഇനി അപ്പുറത്തുള്ള കാര്യങ്ങളെ സംബന്ധിച്ചു ബ്രഹ്മദേവനു ചില അഭിപ്രായങ്ങളുണ്ടു്.
രാമൻ:
കേൾക്കട്ടെ.
താപസൻ:
അങ്ങിനിയും ഈ ഭുതലവാസമിച്ഛിക്കുന്നുണ്ടോ?
രാമൻ:
ബ്രഹ്മദേവന്റെ അഭിപ്രായമെന്താണു്?
താപസൻ:
അങ്ങു് ഭുമിയിൽ അധിവസിക്കാൻ തീരുമാനിച്ചതു് പതിനൊന്നായിരം സംവത്സരമായിരുന്നു
രാമൻ:
ഞാൻ തീരുമാനിച്ചതല്ല, എന്നെ അനുവദിച്ചതു്. ആട്ടെ, അതുകൊണ്ടു്?
താപസൻ:
അങ്ങു് ആഗ്രഹിച്ചവിധം ആ പതിനൊന്നായിരം സംവത്സരവും ഭൂമിക്കു് അനുഗ്രഹം സിദ്ധിച്ചു. അങ്ങനെ ആ കാലത്തിന്റെ അവധിയുമെത്തി.
രാമൻ:
ഇനി എനിക്കീ ഭുമിയിൽ സ്ഥാനമില്ലെന്നാണോ ബ്രഹ്മദേവന്റെ അഭിപ്രായം?
താപസൻ:
അങ്ങനെ അഭിപ്രായപ്പെടാൻ ബ്രഹ്മദേവൻ ആരാണു്? അദ്ദേഹത്തിനിതിലെന്താണധികാരം?
രാമൻ:
ഇതിലൊക്കെ അധികാരം വഹിക്കുന്നതു് പിന്നെ ആരാണു്?
താപസൻ:
സത്കർമനിരതരായ മനുഷ്യരെസ്സംബന്ധിച്ചു പരമാധികാരം എന്നും അവരിൽത്തന്നെ നിക്ഷിപ്തമാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടു് അങ്ങേക്കിനിയും ഭൂതലവാസം തുടരാനാഗ്രഹമുണ്ടെങ്കിൽ ബ്രഹ്മദേവനതിനു് സന്തോഷമേയുള്ളു.
രാമൻ:
ആ സന്തോഷം എന്നെ അറിയിക്കുകയാണോ സന്ദേശത്തിന്റെ ഉദ്ദേശ്യം?
താപസൻ:
അല്ല ഭുതലവാസംകൊണ്ടും ഭൂഭാരംകൊണ്ടും അങ്ങു് സ്വർഗ്ഗത്തെ മറക്കരുതെന്നു് ബ്രഹ്മദേവനപേക്ഷിക്കുന്നു. ദേവന്മാരുടെ രക്ഷയ്ക്കു് അങ്ങു് സ്വർഗത്തിലുണ്ടായിരിക്കണമെന്നു് ബ്രഹ്മദേവനാഗ്രഹിക്കുന്നു.
രാമൻ:
(അർഥഗർഭമായി ചിരിച്ചുകൊണ്ടു്) ഇത്രയും സമർഥമായൊരു സന്ദേശം ഇന്നുവരെ ഞാൻ കേട്ടിട്ടില്ല. “എനിക്കു മരണത്തിനുള്ള സമയമായി; ഞാൻ മരിക്കണം; ലോക നീതിക്കതു കൂടിയേകഴിയു” എന്നാണീ സന്ദേശത്തിന്റെ ചുരുക്കം. അതു കാലദേവനല്ലാതെ മറ്റാർക്കും ഇത്ര ഭംഗിയായി പറയാൻ കഴിയില്ല. ഞാനിതിനെന്തു മറുപടി പറയുമെന്നാണുദ്ദേശിക്കുന്നതു്?
താപസൻ:
ഞാനൊന്നും ഉദ്ദേശിക്കുന്നില്ല. ബ്രഹ്മദേവൻ എല്ലാം അവിടുത്തെ ഹിതത്തിനു വിട്ടുതന്നിരിക്കയാണു്.
രാമൻ:
ഇതിൽ എന്റെ ഹിതത്തിനുണ്ടോ സ്ഥാനം? കാലംചെന്നാൽ എല്ലാം നശിക്കും? ആ അജയ്യമായ കാലത്തിനു മുൻപിൽ തലകുനിച്ചു നില്ക്കുന്ന മനുഷ്യൻ തന്റെ ഹിതാഹിതങ്ങളെപ്പറ്റി ചിന്തിക്കുന്നതു് മൂഢത്തമല്ലേ? അവിടെ രാജാവിനും പ്രജയ്ക്കും വ്യത്യാസമുണ്ടോ? (വീണ്ടും അർഥഗർഭമായ ചിരി) അതുകൊണ്ടു് ബ്രഹ്മാദേവന്റെ സന്ദേശത്തെ അക്ഷരംപ്രതി ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. മരണത്തിന്റെ അപ്രതിരോധ ശക്തിക്കു മുമ്പിൽ എന്റെ ശിരസ്സും കുനിയണം. അതു ഞാൻ കുനിക്കുന്നു; ആധികാരമായി അതു സ്ഥീകരിക്കാൻ അർഹതപ്പെട്ട കാലദേവന്റെ മുൻപിൽ, (കിരീടം ചൂടിയ ശിരസ്സു് അല്പമായി മുൻപോട്ടു കുനിക്കുന്നു. അപ്രതീക്ഷിതമായി രംഗം ഇരുളുകയും പശ്ചാത്തലത്തിൽ അമ്പരപ്പും ആപത്തും ദ്യോതിപ്പിക്കുന്ന സംഗീതം ഉയരുകയും ചെയ്യുന്നു. ക്രമേണ രംഗം തെളിഞ്ഞുവരുമ്പോൾ രാമന്റെ പാർശ്വത്തിൽ തല കുനിച്ചു നില്ക്കുന്ന ലക്ഷ്മണനെ കാണുന്നു.)
രാമൻ:
(പരിഭ്രാന്തനായി എഴുന്നേല്ക്കുന്നു) ആരു് ലക്ഷ്മണനോ?
ലക്ഷ്മണൻ:
(പതറിച്ചയോടെ) അതേ ജ്യേഷ്ഠാ.
രാമൻ:
നീയെന്തിനിവിടെ കടന്നുവന്നു, ലക്ഷ്മണൻ?
ലക്ഷ്മണൻ:
ഇക്ഷ്വാകുവംശത്തിന്റെ രക്ഷയ്ക്കു്.
രാമൻ:
താപസന്റെ നിർദ്ദേശം മുഴുവനും നീ കേട്ടതല്ലേ? ഇത്രമാത്രം ബുദ്ധിശുന്യത നിന്നിൽനിന്നു ഞാൻ പ്രതീക്ഷിച്ചതല്ല ഈ ബുദ്ധിശുന്യതയുടെ ഫലം എന്താണെന്നു നീ മനസ്സിലാക്കീട്ടുണ്ടോ?
ലക്ഷ്മണൻ:
എല്ലാം മനസ്സിലാക്കീട്ടുതന്നെയാണു് ഞാനിങ്ങോട്ടു് കടന്നുവന്നതു്.
രാമൻ:
എന്തിനു്? എന്റെ സത്യത്തെ പരീക്ഷിക്കാനോ?
ലക്ഷ്മണൻ:
അല്ല. പൂർവ്വപിതാമഹന്മാർ നേടിവെച്ച സുകൃതത്തെ രക്ഷിക്കാൻ.
രാമൻ:
എനിക്കു മനസ്സിലാവുന്നില്ല?
ലക്ഷ്മണൻ:
നിസ്സാരനായ ഈ ലക്ഷ്മണന്റെ ജീവനോ ഇക്ഷ്വാകുവംശമോ ഏതാണു് വലുതു്?
രാമൻ:
അതു തീരുമാനിക്കേണ്ട സന്ദർഭം ഇതല്ല.
ലക്ഷ്മണൻ:
അതേ, അങ്ങനെയൊരു വിഷമസന്ധിയിലാണു് കാര്യങ്ങളെത്തിച്ചേർന്നതു്.
രാമൻ:
ഇന്നുവരെ നിന്റെ കൂറിനെപ്പറ്റി എനിക്കു് സംശയിക്കേണ്ടി വന്നിട്ടില്ല!
ലക്ഷ്മണൻ:
ഇന്നും ജ്യേഷ്ഠനിതിൽ സംശയിക്കേണ്ട കാര്യമില്ല;
രാമൻ:
പ്രതിജ്ഞ ലംഘിച്ചു് ഇവിടെ കടന്നുവന്നു് നിന്റെ ജ്യേഷ്ഠനെ ധർമ്മസങ്കടത്തിതു് ചാടിക്കാൻമാത്രം എന്തു വിഷമമാണവിടെയുണ്ടായതു്?
ലക്ഷ്മണൻ:
ഇക്ഷ്വാകുവംശം അപകടത്തിൽപ്പെട്ടു. എന്റെ ജീവൻ കളഞ്ഞെങ്കിലും വംശത്തെ രക്ഷിക്കണമെന്നോർത്തു് ഞാനിങ്ങോട്ടു പോന്നതാണു്; ജ്യേഷ്ഠനെ ധിക്കരിക്കണമെന്നു വിചാരിച്ചല്ല. ആയിരം കൊല്ലം നീണ്ടുനിന്ന തപസ്സവസ്സാനിപിച്ചു ജ്യേഷ്ഠനെക്കണ്ടു ഭിക്ഷാന്നം വാങ്ങാൻ വന്ന ദുർവാസാവുമുനി പുറത്തു കാത്തുനില്ക്കുന്നു.
രാമൻ:
ദുർവാസാവു മുനിയോ?
ലക്ഷ്മണൻ:
അതേ, ഉഗ്രകോപിയായ ആ താപസനെ സാന്ത്വനപ്പെടുത്താൻ ഞാനാളായില്ല. ഓരോ ഒഴിവുകഴിവും താപസന്റെ കോപാഗ്നിയിൽ നെയ്യൊഴിക്കലായി ഒടുവിൽ നമ്മുടെ വംശത്തെ മുഴുവനും ശപിച്ചു നശിപ്പിക്കാനൊരുങ്ങിയപ്പോൾ ഞാൻ ഓടിപ്പോന്നു. ഞാൻ നശിച്ചാലും നമ്മുടെ വംശത്തിന്റെ സുകൃതം നിലനില്ക്കട്ടെ.
രാമൻ:
ആപത്തുകൾ വേണ്ടത്രയായിക്കഴിഞ്ഞു. ഇനിയും അതു് പെരുപ്പിക്കാൻ ഞാനൊരുക്കമില്ല. അതു് ഒടുവിലത്തെ പരീക്ഷണമായിരിക്കും. വരു, ദുർവാസാവിനെ ചെന്നു സമാധാനിപ്പിക്കാം.
പോകാനൊരുങ്ങുന്നു. കൂടെ താപസനും ലക്ഷ്മണനും.

—യവനിക—

Colophon

Title: Pushpavrshṭṭi (ml: പുഷ്പവൃഷ്ടി).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, പുഷ്പവൃഷ്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 12, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Duck houses, an oil on canvas painting by August Haake (Maler) (1889–1915). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.