ശങ്കരക്കുറുപ്പിന്റെ വീടു്.
ഒന്നാംരംഗത്തിൽ കണ്ട സ്ഥലംതന്നെ. മധു കണ്ണാടിയിൽ നോക്കി തലമുടി ചീകുകയാണു്. ഒരു പ്രേമഗാനത്തിന്റെ ശകലം ചുളംവിളിയിലൂടെ ആലപിക്കുന്നുണ്ടു്. ശങ്കരക്കുറുപ്പു് അകത്തുനിന്നു് കടന്നുവന്നു് വിചാരാധീനനായി അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. മുടിചീകൽ കഴിഞ്ഞ മധു, അതുവരെ ചൂളംവിളിയിൽ ആലപിച്ച പാട്ടിന്റെ ആദ്യത്തെ വരി ഒന്നു് മൂളിക്കൊണ്ടു് തിരിയുന്നു. അച്ഛനെ കാണുന്നു, രണ്ടുപേരുടെയും നോട്ടം കൂട്ടിമുട്ടുന്നു.
- ശങ്കരക്കുറുപ്പു്:
- നിന്റെ തലവേദന സുഖമുണ്ടോ?
- മധു:
- സുഖമുണ്ടച്ഛാ.
- ശങ്കരക്കുറുപ്പു്:
- സുഖമുണ്ടേന്നുമാത്രം! തീരെ മാറീട്ടില്ലേ?
- മധു:
- തീരെ മാറി.
- ശങ്കരക്കുറുപ്പു്:
- (പൂപ്പണികളുള്ള ഒരു തുവാല നിവർത്തിക്കാട്ടുന്നു. അതു് രണ്ടാം രംഗത്തിൽ മീനു തുന്നിക്കൊണ്ടിരുന്ന തുവാലയാണു്. സദസ്സിനു് അതിന്റെ പൂപ്പണികൾ വ്യക്തമായി കാണത്തക്കുവിധമായിരിക്കണം നിവർത്തിക്കാട്ടുന്നതു്.) ഈ തുവാല നിന്റേതാണോ?
- മധു:
- (അല്പം പരുങ്ങി മിണ്ടാതെ നില്ക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- ആണെങ്കിൽ പറയൂ. ഇതിനൊരു ഉടമസ്ഥമുണ്ടാവണമല്ലോ?
- മധു:
- (ശബ്ദം താഴ്ത്തി) എന്റേതാണു്.
- ശങ്കരക്കുറുപ്പു്:
- (അതു് എറിഞ്ഞുകൊടുക്കുന്നു)
- മധു:
- (അതെടുത്തു മടക്കി കൈയിലടക്കി പിടിക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- ആ കണ്ണാടി ഇങ്ങെടുക്കൂ.
- മധു:
- (കണ്ണാടിയെടുത്തു കൊടുക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- എനിക്കുവേണ്ടിയല്ല. നീ തന്നെ കൈയിൽ വെച്ചോളു.
- മധു:
- അതെന്തിനച്ഛാ?
- ശങ്കരക്കുറുപ്പു്:
- ഈ പ്രായത്തിൽ ഒരു കണ്ണാടി കൈയിലിരിക്കുന്നതു് നല്ലതാണു്. നിന്നെപ്പോലുള്ളവരുടെ കുപ്പായക്കീശയിൽ എപ്പോഴും കണ്ണാടിയും ചീർപ്പും കാണാമല്ലോ. നിനക്കാപ്പതിവില്ലേ?
- മധു:
- (പതുക്കെ) ഇല്ല.
- ശങ്കരക്കുറുപ്പു്:
- എന്നാൽ ചെറിയതൊന്നുവാങ്ങി കീശയിൽ വെക്കുന്നതുവരെ അതെടുത്തോളൂ.
- മധു:
- (ആ വലിയ കണ്ണാടിയിലേക്കു നോക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- ഇവിടെ അതുകൊണ്ടു് വലിയ ആവശ്യമൊന്നുമില്ല. എനിക്കു് വയസ്സായി എന്നെ കണ്ണാടിയിൽ കാണുന്നതുതന്നെ എനിക്കു ഭയമാണു്. ഈ പ്രായത്തിനു് അങ്ങിനെയൊരു തരക്കോടുണ്ടു്. പിന്നെ രഘുവിന്റെ കാര്യം. കണ്ണാടിയിൽ കണ്ടാലും ഇനി അവനെ അവനു് മനസ്സിലാവുന്ന കാര്യം വിഷമമാണു്. അതുകൊണ്ടു് നിയെടുത്തോളൂ. സാധനങ്ങളൊക്കെ ആവശ്യക്കാർക്കല്ലേ വേണ്ടതു്.
ശങ്കരക്കുറുപ്പു് ആലോചനാമഗ്നനായി നടക്കുന്നു.
- മധു:
- (പോവാൻ തുടങ്ങുന്നു.)
- ശങ്കരക്കുറുപ്പു്:
- എങ്ങോട്ടാ?
- മധു:
- (മടങ്ങി നോക്കുന്നു)
- ശങ്കരക്കുറുപ്പു്:
- തിരക്കുണ്ടോ?
- മധു:
- ഇല്ല.
- ശങ്കരക്കുറുപ്പു്:
- എന്നാലിങ്ങട്ടു് വരൂ. ഈ വീട്ടിലെ കാര്യങ്ങൾ വല്ലതും നീ അറിയുന്നുണ്ടോ?
- മധു:
- അതെന്താണച്ഛാ, ഞാനീ വീട്ടിലല്ലേ?
- ശങ്കരക്കുറുപ്പു്:
- അതുകൊണ്ടാണു് പ്രത്യേകം എടുത്തുചോദിച്ചതു്. ഈ വീട്ടിലല്ലാത്തവരോടു് ഇവിടത്തെ കാര്യങ്ങളെപ്പറ്റി എന്തു് ചോദിക്കാൻ?
- മധു:
- അച്ഛൻ പറയുന്നതെനിക്കു് മനസ്സിലാവുന്നില്ല.
- ശങ്കരക്കുറുപ്പു്:
- അതു നിന്റെ കുറ്റമല്ല. പല പ്രായത്തിലുള്ളവർക്കു പല ഭാഷയാണു്. അവരന്യോന്യം പറയുന്നതൊന്നും മനസ്സിലാവില്ല. എന്നിട്ടു് മനസ്സിലാവാത്ത ഭാഷകളെച്ചൊല്ലി ബഹളമാവും. അങ്ങനെയാണു് അച്ഛനും മകനും അമ്മയും മകളും ജ്യേഷ്ഠനും അനുജനും തമ്മിൽ വഴക്കുണ്ടാവുന്നതു്.
- മധു:
- അച്ഛാ, നമ്മളൊക്കെ മലയാളമല്ലേ സംസാരിക്കുന്നതു്?
- ശങ്കരക്കുറുപ്പു്:
- അതെ; അറിയുന്ന ഭാഷ പറഞ്ഞിട്ടും മനസ്സിലാവാത്തപ്പോഴാണല്ലോ ശുണ്ഠിപിടിക്കുക. നമുക്കീ ഭാഷയെ സംബന്ധിച്ച കുഴപ്പമൊന്നു് മാറ്റണം.
- മധു:
- അതെങ്ങനെയച്ഛാ?
- ശങ്കരക്കുറുപ്പു്:
- പറയുന്നതു് അന്യോന്യം എല്ലാവർക്കും മനസ്സിലാവണം. ഇല്ലെങ്കിൽ മനസ്സിലാക്കാനൊരു ശ്രമം നടത്തണം. എനിക്കിവിടെ എല്ലാവരുടെ ഭാഷയും മനസ്റ്റിലാവുന്നുണ്ടു്. അതുകൊണ്ടാണു് ഇവിടെ കുഴപ്പം ചുരുങ്ങിക്കാണുന്നതു്. അതുപോലെ എന്റെ ഭാഷ മനസ്സിലാക്കാൻ നിങ്ങളും ഒരു ശ്രമം നടത്തണം.
- മധു:
- എനിക്കച്ഛൻ പറയുന്നതു് മുഴുവൻ മനസ്സിലാവുന്നുണ്ടു്.
- ശങ്കരക്കുറുപ്പു്:
- മുഴുവനും?
- മധു:
- അതെ; മുഴുവനും.
- ശങ്കരക്കുറുപ്പു്:
- ഓ! എന്നാൽ ഇവിടെയിനി കുഴപ്പമില്ല. ആട്ടെ, ഞാൻ നിന്നോടു് സംസാരിക്കാൻ തുടങ്ങുകയാണു്.
- മധു:
- ഇതുവരെ അച്ഛൻ സംസാരിക്കുകകയായിരുന്നില്ലേ?
- ശങ്കരക്കുറുപ്പു്:
- കേട്ടോളു; മനസ്സിലാവാത്ത ഭാഗം വരുമ്പോൾ പറയണം.
- മധു:
- (മൂളുന്നു.) ഉം.
- ശങ്കരക്കുറുപ്പു്:
- നിന്റെ ഏട്ടനു് രണ്ടു കൊല്ലം മുൻപു് അനുരാഗത്തിന്റെ ബുദ്ധിമുട്ടു് തുടങ്ങി. അതു് മനസ്സിലാക്കിയ ഞാൻ അവനെ വിളിച്ചു് ഗുണദോഷിച്ചു. അവനെന്റെ ഭാഷ മനസ്സിലായില്ല. പക്ഷേ എനിക്കെല്ലാം മനസ്സിലായതുകൊണ്ടു് ഞാൻ കുടുതലൊന്നും പറഞ്ഞില്ല. അനുരാഗം വിവാഹത്തിൽ കലാശിച്ചു. വിവാഹജീവിതം തെറ്റിദ്ധാരണകളുടെ ഒരു ഊരാക്കുടുക്കായി. ഇരുപുറത്തുനിന്നും ആ കുഴുക്കിന്മേൽ പിടിച്ചുവലി തുടങ്ങി. യഥാവസരം ഞാനോരോന്നു് പറഞ്ഞു. ആർക്കും എന്റെ ഭാഷ മനസ്സിലായില്ല. ആ കുടുക്കു് കഴുത്തിൽക്കിടന്നു മുറുകി. ശ്വാസംമുട്ടി… നിനക്കു് മനസ്സിലാവുന്നുണ്ടോ?
- മധു:
- ഉണ്ടച്ഛാ.
- ശങ്കരക്കുറുപ്പു്:
- ഒടുവിൽ വിവാഹബന്ധത്തിന്റെ ചരടു് പൊട്ടി. ഞാൻ പിന്നേയും പറഞ്ഞുകൊണ്ടിരുന്നു. രഘുവിന്റെ ഭാഷ മനസ്സിലായില്ല. പിന്നേയും ചീത്തകാര്യങ്ങൾ സംഭവിച്ചു് കൊണ്ടിരുന്നു. അവന്റെ കുട്ടിയെ ഭാര്യ വീട്ടിൽ കടന്നു് ചെന്നു് ബലം പ്രയോഗിച്ചവൻ എടുത്തുകൊണ്ടുപോന്നു. ആ ബഹളംകൊണ്ടു് പേടിച്ചുപോയ കുട്ടി കിടപ്പിലായി. അതിപ്പോൾ ജീവിതത്തിന്റേയും മരണത്തിന്റേയും നടുക്കു് കിടക്കുകയാണു്. ഈ ദുരിതമൊക്കെ ഞാൻ കാണേണ്ടി വന്നു… നിനക്കു് മനസ്സിലാവുന്നുണ്ടോ?
- മധു:
- (മനസ്സിലാവുന്നുണ്ടെന്ന അർത്ഥത്തിൽ തലകുലുക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- രണ്ടു് കുടുംബം ഒരേ അവസരത്തിൽ നശിക്കുന്നു. ഈ നാശം ഇവിടെ അവസാനിക്കുന്നുണ്ടോ? ഇല്ല. ഈ ബഹളത്തിൽ-ഈ അത്യാഹിതത്തിൽ, ഈ നാശത്മിൽ-ഇവിടെ, ഈ വീട്ടിൽ മറ്റൊരനുരാഗം മുളച്ചുപൊന്തുകയാണു്. (മധുവിന്റെ മുഖത്തു് നോക്കുന്നു.) നീയെന്താ മിണ്ടാത്തതു്?
- മധു:
- ഒന്നുമില്ല.
- ശങ്കരക്കുറുപ്പു്:
- ഈ വീട്ടിൽ ഒരു പുതിയ അനുരാഗം മുളച്ചുണ്ടാവുന്നില്ലേ?
- മധു:
- (മിണ്ടാതെ താഴോട്ടു് നോക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- ഒന്നുകിൽ എന്റെ അഭിപ്രായത്തെ അനുകുലിക്കൂ. അല്ലെങ്കിൽ നിഷേധിക്കൂ.
- മധു:
- (മിണ്ടുന്നില്ല)
- ശങ്കരക്കുറുപ്പു്:
- നിനക്കെന്റെ ഭാഷ മനസ്സിലാവായ്ക തുടങ്ങി.
- മധു:
- അച്ഛൻ എന്നെ ഉദ്ദേശിച്ചാണോ പറയുന്നതു്?
- ശങ്കരക്കുറുപ്പു്:
- അതെ.
- മധു:
- ആണെങ്കിൽ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ലച്ഛാ. ജ്യേഷ്ഠന്റെ ബുദ്ധിശുന്യതയുടെ ഫലം ജ്യേഷ്ഠനനുഭവിക്കുന്നു. അതുകൊണ്ടു് അനുരാഗത്തെ എന്തിനു് പഴിക്കണം?
- ശങ്കരക്കുറുപ്പു്:
- മധൂ, എനിക്കും നിങ്ങളുടെയോക്കെ കുഴപ്പം കുറേശ്ശേ തുടങ്ങുന്നുണ്ടു്.
- മധു:
- എന്തു് കുഴപ്പം?
- ശങ്കരക്കുറുപ്പു്:
- ഭാഷ മനസ്സിലാവായ്ക. നീ ഇപ്പോൾ പറഞ്ഞതു് ശരിക്കെനിക്കു് മനസ്സിലായില്ല.
- മധു:
- രണ്ടോ നാലോ എട്ടോ പത്തോ അതിലധികമോ ആളുകൾ തെറ്റായ വഴിക്കു സഞ്ചരിക്കുന്നതുകൊണ്ടു് മാത്രം നമുക്ക് അനുരാഗത്തെ കുറ്റപ്പെടുത്തിക്കൂടാ. അതു് അനശ്വരവും അനർഘവുമാണു്.
- ശങ്കരക്കുറുപ്പു്:
- വിവാഹം കഴിയുന്നവരെ.
- മധു:
- അല്ലച്ഛാ ആജീവനാന്തം.
- ശങ്കരക്കുറുപ്പു്:
- നീ നിന്റെ രഘുവിനെ എതു് കണ്ണുകൾകൊണ്ടാണു് ഇയ്യിടെ നോക്കുന്നതു്?
- മധു:
- അതു പറഞ്ഞാൽ അച്ഛനലോഗ്യമാവും.
- ശങ്കരക്കുറുപ്പു്:
- പറഞ്ഞോളൂ.
- മധു:
- സഹതാപം നിറഞ്ഞ കണ്ണുകൾകൊണ്ടു്. അച്ഛാ അനുരാഗം ദുർബ്ബലന്മാർക്കുള്ളതല്ല.
- ശങ്കരക്കുറുപ്പു്:
- പിന്നേ? അതു് ഗുസ്തിക്കാർക്കുള്ളതാണോ? എനിക്കു് അനുരാഗം എന്ന വിഷയത്തെക്കുറിച്ചു് തത്കാലം ഒരു പ്രസംഗം കേൾക്കണമെന്നില്ല. അങ്ങിനെ ഒരു പ്രസംഗം നീ ചെയ്യുന്നപക്ഷം അതെനിക്കു് മനസ്സിലാവുകയുമില്ലു. വെറുതെ സമയം കളഞ്ഞതിട്ടെന്താണു്? ആട്ടെ, ജീവിച്ചിരിക്കുവോളം എന്തു സംഭവിക്കുന്നതും അനുഭവിക്കാൻ ഞാൻ തയ്യാറായിരിക്കണ്ടേ? നിന്റെ ഈ അനുരാഗം നമ്മുടെ കുടുംബത്തെ എത്രമാത്രം ബാധിക്കുമെന്നറിയാനുള്ള അവകാശമെനിക്കുണ്ടു്. അതുകൊണ്ടു് വ്യക്തമായിട്ടു് പറയൂ.
- മധു:
- എന്തു പറയാനച്ഛാ?
- ശങ്കരക്കുറുപ്പു്:
- ഏതു് കുടുംബത്തിലാണു് നിന്റെ ദിവ്യവും അനാർഘവുമായ അനുരാഗം ചെന്നു കേറിയതെന്നു്.
- മധു:
- ഞാൻ മീനുവിനെയാണു് സ്നേഹിക്കുന്നതു്.
- ശങ്കരക്കുറുപ്പു്:
- (പെട്ടെന്നു് ഞെട്ടി) എന്തു്? ഏതു് മീനു?
- മധു:
- അച്ഛാ അനുരാഗത്തിനു് കണ്ണില്ല.
- ശങ്കരക്കുറുപ്പു്:
- മൂക്കും വായും, തലച്ചോറും ഒന്നുമില്ല. അതു കുരുടിപ്പാമ്പുപോലെയാണു്. മുൻപോട്ടും പിൻപോട്ടും ചലിക്കും. അതിനു് വിഷസ്സഞ്ചിയുമുണ്ടു്.
- മധു:
- അതനുരാഗമല്ലച്ഛാ. അനുരാഗം പനിനീർപ്പൂപോലെയാണു്. പനിനീർപ്പൂവിനു് കണ്ണുണ്ടോ?
- ശങ്കരക്കുറുപ്പു്:
- പലർക്കുമില്ലെടാ കണ്ണു്. ഒറ്റക്കണ്ണന്മാരും, കോങ്കണ്ണന്മാരും. മഞ്ഞപ്പിത്തമുള്ളവരും, തിമിരരോഗികളുമാണു് മനുഷ്യരൊക്കെ. ഇതൊക്കെ ഒരുമിച്ചു് ചേർന്നതാണു് അനുരാഗികൾ. ആട്ടെ, മുന്നറിയിപ്പു് തന്നതു് ഉപകാരം.
- മധു:
- അച്ഛാ, അച്ഛൻ വിചാരിക്കുംമ്പോലെ ഇതിലൊരു കുഴപ്പവുമില്ല. അവൾ എന്നെ സ്നേഹിക്കുന്നു. ഞാനവളേയും. ഞങ്ങളുടെ സ്നേഹം നിഷ്കാമമാണു്, നിർമലമാണു്…
- ശങ്കരക്കുറുപ്പു്:
- മതി മതി! അതിന്റെ വിശേഷണം കേട്ടിട്ടെനിക്കാവശ്യമില്ല. അകത്തേക്കു് ചെല്ലൂ, എന്നിട്ടു് ആ കുട്ടിയുടെ അടുത്തു് അല്പനിമിഷം ഇരിക്കൂ. നിന്റെ ജ്യേഷ്ഠനു് വല്ല ഭക്ഷണവും കഴിക്കേണ്ടിവരും.
- മധു:
- (പോവാൻ തുടങ്ങുന്നു.)
- ശങ്കരക്കുറുപ്പു്:
- പുറത്തേക്കു് പോകുന്നതിനുമുൻപു് എന്നെ വന്നു കാണണം കേട്ടൊ…
- മധു:
- അ; (പോകുന്നു.)
ശങ്കരക്കുറുപ്പു് അസ്വസ്ഥനായി അങ്ങുമിങ്ങും നടക്കുന്നു. സോഫയിൽ ചെന്നിരിക്കുന്നു. വർത്തമാനപത്രമെടുത്തു് വായിക്കാൻ തുടങ്ങുന്നു. ഏറെ കഴിയുന്നതിനുമുൻപു് രഘു കടന്നുവരുന്നു. ഒന്നും മിണ്ടാതെ ഒരു ഒഴിഞ്ഞ മുലയിൽ ചെന്നിരിക്കുന്നു. പരിസരത്തെക്കുറിച്ചു് ഒരു ശ്രദ്ധയുമില്ല. മുഖത്തു് കലശലായ പാരവശ്യം.
- ശങ്കരക്കുറുപ്പു്:
- (രഘുവിന്റെ ചേഷ്ഠകൾ സൂക്ഷിക്കുന്നു.) നീ വല്ലതും കഴിച്ചോ രഘു.
- രഘു:
- ഇല്ല.
- ശങ്കരക്കുറുപ്പു്:
- മധു അങ്ങട്ടു് വന്നില്ലേ?
- രഘു:
- വന്നു.
- ശങ്കരക്കുറുപ്പു്:
- നീയെന്താ ഇവിടെ വന്നിരിക്കുന്നതു്. ചെന്നു് വല്ലതും കഴിക്കൂ.
- രഘു:
- (അസ്വസ്ഥതയോടെ) എനിക്കു് വേണ്ടച്ഛാ.
- ശങ്കരക്കുറുപ്പു്:
- നീയിങ്ങനെ പട്ടിണി കിടക്കുന്നതിലെന്താണർത്ഥം?
- രഘു:
- മരിക്കാൻ വേണ്ടിയാണച്ഛാ.
- ശങ്കരക്കുറുപ്പു്:
- (അസ്വാസ്ഥ്യം ഒതുക്കിക്കൊണ്ടു്) ചെന്നു് വല്ലതും കഴിക്കൂ രഘു. വിശക്കുന്തോറും വിഡ്ഢിത്തങ്ങളോരോന്നിങ്ങനെ തോന്നും.
- രഘു:
- (എഴുന്നേറ്റു്) എനിക്കു് ജീവിച്ചതു് മതിയച്ഛാ. ഞാനെന്തിനു് ജീവിക്കണം?
- ശങ്കരക്കുറുപ്പു്:
- എല്ലാവരും എന്തിനു് ജീവിക്കുന്നു?
- രഘു:
- എല്ലാവരേയും പോലെയാണോ ഞാൻ? ആണോ അച്ഛാ.
- ശങ്കരക്കുറുപ്പു്:
- (എഴുന്നേറ്റു് പതുക്കെ നടക്കുന്നു.) എല്ലാ മനുഷ്യരും നിന്നെപ്പോലെയാണു്. അല്ലെങ്കിൽ എല്ലാ മനുഷ്യരെയുംപോലെയാണു് നീ. നിനക്കൊരു വ്യത്യാസവുമില്ല.
- രഘു:
- അതു് അച്ഛനെന്നെ ആശ്വസിപ്പിക്കാൻ പറയുന്നതാണു്.
- ശങ്കരക്കുറുപ്പു്:
- എനിക്കുതന്നെ ആശ്വാസമില്ലാത്തപ്പോൾ ഞാനെങ്ങനെ നിന്നെ ആശ്വസിപ്പിക്കും?
- രഘു:
- അച്ഛാ, എനിക്കാ കുട്ടിയുടെ കിടപ്പു് കാണാൻ വയ്യ.
- ശങ്കരക്കുറുപ്പു്:
- ആർക്കും വയ്യ.
- രഘു:
- എല്ലാറ്റിനും ഞാനല്ലെ അച്ഛാ കാരണം?
- ശങ്കരക്കുറുപ്പു്:
- എന്നു് പറയാൻ വയ്യ. ഒരോരുത്തരും ഓരോരുത്തരുടെ ഓഹരി ഇതിൽ നിക്ഷേപിച്ചിട്ടുണ്ടു്.
- രഘു:
- അതുകൊണ്ടു് എന്റെ പാപം കുറയില്ലല്ലോ? ഒരു മാസം കഴിഞ്ഞില്ലേ ചികിത്സ തുടങ്ങിയിട്ടു്? വല്ലതുമൊരു ശമനമുണ്ടോ?
- ശങ്കരക്കുറുപ്പു്:
- ആ രോഗത്തിനു് ചികിത്സിക്കാനുള്ള ഡോക്ടർമാർ ചരുങ്ങും. നീ ഇനിയെങ്കിലും നിന്റെ ആവേശംചുരുക്കി വേണ്ട രീതിയിൽ കാര്യങ്ങളെ സമീപിക്കുമോ?
- രഘു:
- ഞാനച്ഛൻ പറയുമ്പോലെ എന്തും ചെയ്യാം.
- ശങ്കരക്കുറുപ്പു്:
- വളരെ വൈകിപ്പോയി. ആ കുട്ടി എവിടെയായാലും ജീവിച്ചിരിക്കണം.
- രഘു:
- വേണം തീർച്ചയായും അവൻ ജീവിക്കണം. എന്റെ പ്രാണൻപോലും ഞാനതിനു് കൊടുക്കാൻ തയ്യാറാണു്.
- ശങ്കരക്കുറുപ്പു്:
- അത്ര കവിഞ്ഞ നിലയിൽ വേണ്ട. അവൻ ആരോഗ്യത്തോടെ വളരട്ടെ. വിവേകമുദിക്കുമ്പോൾ അവന്റെ അച്ഛനേയും അന്വേഷിച്ചവൻ വരും. അന്നു് നിനക്കവനെ സ്വീകരിക്കാം.
- രഘു:
- മതിയച്ഛാ. അവൻ വന്നില്ലെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെന്നു് എനിക്കു് കേട്ടാൽ മതി.
- ശങ്കരക്കുറുപ്പു്:
- ഇതു നിനക്കാദ്യം തോന്നിയില്ലല്ലോ. അനുരാഗം വന്നപ്പോഴുള്ള ആവേശംതന്നെ ഈ തെറ്റു ചെയ്യുമ്പോഴും നിനക്കുണ്ടായിരുന്നു.
- രഘു:
- പറയു അച്ഛാ ഞാനെന്താണു് വേണ്ടതു്?
- ശങ്കരക്കുറുപ്പു്:
- ആ കുട്ടിയെ കൊണ്ടുപോയി അതിന്റെ അമ്മയെ ഏല്പിക്കൂ.
- രഘു:
- (മുഖഭാവം മാറുന്നു. വ്യസനവും നിരാശയും നീങ്ങി ക്രൂരമാവുന്നു.) എന്തച്ഛാ, അച്ഛനെന്താണു് പറഞ്ഞതു്? ആ വീട്ടിലേക്കിനി കുട്ടിയെ ഞാൻ മടക്കിക്കൊണ്ടുപോവുക വയ്യ വയ്യ: കുട്ടിമരിച്ചോട്ടെ ഞാനും മരിക്കും… (പഴയ സ്ഥാനത്തുചെന്നു് അകലത്തേക്കു തുറിച്ചുനോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- (അടുത്തു് ചെല്ലുന്നു. ആ കണ്ണുകളിൽ അനുകമ്പയും വിഷാദവും ഓളംവെട്ടുകയാണു്. രഘുവിന്റെ പാറിപ്പറന്ന തലമുടിയിൽ തെരുപ്പിടിക്കുന്നു. ഒന്നും മിണ്ടാതെ അല്പനേരം നില്ക്കുന്നു. എന്നിട്ടു് പതുക്കെ വിളിക്കുന്നു.) മോനെ രഘു.
- രഘു:
- (തലയുയർത്തി മുഖത്തേക്കു് നോക്കുന്നു. രണ്ടു കണ്ണുകളിലും നിറയെ വെള്ളമാണു്. പ്രയാസപ്പെട്ടു് വിളിക്കുന്നു) അച്ഛാ (എന്നിട്ടു് ഇരുന്ന ഇരുപ്പിൽത്തന്നെ അച്ഛനെ കെട്ടിപ്പിടിക്കുന്നു. മുഖം അച്ഛന്റെ ശരീരത്തിലമർത്തിവെച്ചു് വിങ്ങുന്നു)
- ശങ്കരക്കുറുപ്പു്:
- (രഘുവിന്റെ പുറം തലോടുന്നു.) നിന്റെ ദൗർബല്യം എനിക്കു് മനസ്സിലാവുന്നുണ്ടു്. നിന്നെപ്പോലുള്ള ചെറുപ്പക്കാരുടെ പൗരുഷം ഇത്തരം സന്ദർഭങ്ങളിലാണു് പരീക്ഷിക്കപ്പേടുന്നതു്.
- രഘു:
- എന്നെ അച്ഛൻ നിർബന്ധിക്കരുതു്. ആ വീട്ടിലിനി ഞാൻ കേറില്ല.
- ശങ്കരക്കുറുപ്പു്:
- നീ ചെയ്ത തെറ്റിനു് പരിഹാരം ചെയ്യേണ്ടതു് നീയല്ലേ?
- രഘു:
- ഞാനൊരു തെറ്റും ചെയ്തിട്ടില്ലച്ഛാ.
- ശങ്കരക്കുറുപ്പു്:
- നീയെന്നല്ല, ഒരാളും തെറ്റുചെയ്തിട്ടില്ല. പക്ഷേ, ശരിയെന്തെന്നു് കണ്ടെത്തി അതു ചെയ്യാനും നിങ്ങളോടു് മറന്നു പോയി. അതാണു് കുഴപ്പങ്ങളുണ്ടാക്കിയതു്. ഇത്രയൊക്കെയായിട്ടും ഒരു ശരി ചെയ്യാൻ നിങ്ങൾക്കു് കഴിഞ്ഞില്ലല്ലോ.
- രഘു:
- എന്താണച്ഛാ ചെയ്യേണ്ടതു്?
- ശങ്കരക്കുറുപ്പു്:
- ശരിയെന്തൊ അതു ചെയ്യൂ.
- രഘു:
- ആരു് ചെയ്യാനച്ഛാ? എങ്ങിനെ ചെയ്യാൻ?
- ശങ്കരക്കുറുപ്പു്:
- നിന്റെ കുട്ടിയുടെ രോഗം അവന്റെ അമ്മയുടെ അടുത്തു് ചെന്നാൽ മാറും. തന്നെ ഏതോ തടവിലിട്ടിരിക്കയാണെന്നു് അതു് തീർച്ചപ്പെടുത്തിയിരിക്കുന്നു. അന്നു് ഉറക്കം ഞെട്ടി അതുണർന്നപ്പോൾ കുറെ ബുദ്ധിയില്ലാത്തവർ ചുറ്റുംകൂടി വഴക്കടിക്കുന്നതാണതു് കണ്ടതു്. പിന്നെ പിടിയും വലിയുമായി. പലർക്കും വേദനിച്ചിടുണ്ടാവും. പക്ഷേ, ആ കുട്ടിയുടെ ഹൃദയം വേദനിച്ചതു് നിങ്ങളാരും കണ്ടില്ല. തത്കാലം നീ ജയിച്ചു. ആ ജയം നിന്നെ തോല്പിക്കുകയാണു് ചെയ്തതു്; അല്ലേ?
- രഘു:
- മതിയച്ഛാ കഴിഞ്ഞ കാര്യം വിസ്തരിക്കാതിരിക്കണം. എനിക്കു് ഭ്രാന്തു് പിടിക്കുന്നു.
- ശങ്കരക്കുറുപ്പു്:
- നിന്റെ ഭ്രാന്തു് മാറ്റാനാണു് ഞാൻ പറയുന്നതു്.
- രഘു:
- ഇതെനിക്കു് മാറില്ല.
- ശങ്കരക്കുറുപ്പു്:
- മാറണം, നിന്റെ കുട്ടിയുടെ കിടപ്പു് കാണുമ്പോൾ നിനക്കെത്ര വേദനയുണ്ടു്? രഘു, ഞാനും ഒരച്ഛനല്ലെ? നീയിങ്ങനെ കഷ്ടപ്പെടുന്നതു് കാണുമ്പോൾ എന്റെ ഹൃദയവും വേദനിക്കുന്നില്ലെ? നീ എഴുന്നേല്ക്കൂ.
- രഘു:
- എങ്ങട്ടച്ഛാ?
- ശങ്കരക്കുറുപ്പു്:
- എല്ലാം ഞാൻ പറഞ്ഞുതരാം. നീയീവീട്ടിലെ കാര്യങ്ങളൊന്നും വേണ്ടപോലെ മനസ്സിലാക്കുന്നില്ല. പുതിയ കാര്യങ്ങൾ വന്നുകൊണ്ടിതിക്കുകയാണു്.
- രഘു:
- (എഴുന്നേറ്റു്) എന്തിനെപ്പറ്റിയാണച്ഛൻ പറയുന്നതു്?
- ശങ്കരക്കുറുപ്പു്:
- ഒരു തെറ്റു് പഴതാവുമ്പോൾ പുതിയൊരു തെറ്റ് അതിന്റെ സ്ഥാനം പിടിക്കുന്നു.
- രഘു:
- എന്തു് തെറ്റു്?
- ശങ്കരക്കുറുപ്പു്:
- നിന്റെ അനുരാഗം ചിറകറ്റ സമ്പാതിയെപ്പോലെ ഇവിടെ നിലത്തുവീണു് പിടയുമ്പോൾ നിന്റെ അനിയനു് പുതിയ ചിറകുകൾ മുളയ്ക്കുന്നു.
- രഘു:
- ആർക്കു്, മധുവിനോ? എന്തു ചിറകുകൾ?
- ശങ്കരക്കുറുപ്പു്:
- അനുരാഗത്തിന്റെ ചിറകുകൾ.
- രഘു:
- അച്ഛൻ വിസ്തരിച്ചു് പറയൂ.
- ശങ്കരക്കുറുപ്പു്:
- മധു, നിന്റെ ഭാര്യയുടെ അനിയത്തി മീനുവെ സ്നേഹിക്കുന്നുവത്രേ.
- രഘു:
- (മുഖഭാവം മാറുന്നു.)
- ശങ്കരക്കുറുപ്പു്:
- അവളിങ്ങട്ടും സ്നേഹിക്കുന്നത്രേ. പോരെ പിന്നെന്തുവേണം?
- രഘു:
- (അല്പമൊരു പൗരുഷത്തോടെ) ഇല്ലച്ഛാ. ജീവനുള്ള കാലം ഞാനതു സമ്മതിക്കില്ല.
- ശങ്കരക്കുറുപ്പു്:
- വല്ലവരുടെ സമ്മതവും നോക്കീട്ടാണോ അനുരാഗമുണ്ടാവുന്നതു്?
- രഘു:
- അവളുടെ അച്ഛനൊരു രാക്ഷസനാണു്.
- ശങ്കരക്കുറുപ്പു്:
- നിങ്ങളുടെ അച്ഛനൊരു ദേവനും ഇതൊരു ദേവാസുരയുദ്ധമാണല്ലോ?
- രഘു:
- അച്ഛാ, അച്ഛനിതു് നേരമ്പോക്കായെടുക്കുരുതു്.
- ശങ്കരക്കുറുപ്പു്:
- പിന്നെ? എന്തുവേണമെന്നു് നീയെന്നെ ഉപദേശിക്കൂ.
- രഘു:
- അവനെ അനുവദിക്കരുതു്. ഇനിയുമിനിയും കുഴപ്പങ്ങളുണ്ടാവും. എവിടെയവൻ? ഞാൻതന്നെ അവനോടു് പറയാം. (അകത്തേക്കു ധൃതിയിൽ പോകുന്നു.)
- ശങ്കരക്കുറുപ്പു്:
- പാവം! തന്റെ കാര്യവും കുട്ടിയുടെ കാര്യവും അവൻ മറന്നു. തന്റെ തെറ്റുകൾ മുഴുവനും മറന്നു. മറ്റുള്ളവരെ നന്നാക്കാൻ മനുഷ്യരുടെ ഒരു ബദ്ധപ്പാടു്. (വേദനയോടെ ചിരിക്കുന്നു; പിന്നാലെ പോകുന്നു.)
—യവനിക—