മധു തന്റെ മുറിയിലിരുന്നു് ചിത്രം വരയ്ക്കുകയാണു്. മുൻപിലുള്ള കാബിനറ്റിൽ വലിയൊരു കണ്ണാടിയുണ്ടു്. അതിൽ പ്രതിഫലിച്ച തന്റെ രൂപം ഇടയ്ക്കിടെ ഏറുകണ്ണിട്ടു് നോക്കിയും, ചിരിച്ചും മുളിപ്പാട്ടുപാടിയുമാണു് വരയ്ക്കുന്നതു്. ചിത്രത്തിനു് നിറം പിടിപ്പിക്കാൻ ചായപ്പെൻസിലുകൾ മാറിയെടുക്കുമ്പോൾ കണ്ണാടിയിൽ ഉറപ്പിച്ചൊന്നു നോക്കും, കണ്ണിറുക്കും. പിന്നെയും ചിത്രംവര തുടരും.
ഒരു തവണ വരച്ചുകൊണ്ടിരിക്കുന്ന ചിത്രം ഒന്നു പൊക്കിയെടുത്തു് നോക്കുന്നു. നല്ല നിറമുള്ള സാരിയും ബ്ലൗസും ധരിച്ച ഒരു മധുരപ്പതിനേഴുകാരിയുടെ ചിത്രം! അതിന്റെ ചന്തം അല്പമൊന്നു് പരിശോധിച്ചു് പിന്നേയും മിനുക്കുപണിയിലേർപ്പെടുന്നു.
രഘു മുറിയിലേക്കു് കടന്നുവരുന്നു. മുഖത്തു് വിഷാദത്തിനു പകരം ഗൗരവമാണു്. രഘുവിന്റെ സാന്നിധ്യം അറിഞ്ഞിട്ടും അറിയാത്ത മട്ടിലാണു് മധുവിന്റെ പെരുമാറ്റം. ധൃതിയിൽ ചിത്രം കമഴ്ത്തിവെക്കുന്നു. മൂളിപ്പാട്ടു് പിന്നെയും തുടരുന്നു. രഘു മിണ്ടാതെ അങ്ങട്ടുമിങ്ങട്ടും നടക്കുകയാണു്. തന്റെ സാന്നിധ്യം മധു മനസ്സിലാക്കീട്ടില്ലെന്നു് കരുതി വിളിക്കുന്നു.
- രഘു:
- മധൂ…
- മധു:
- (കറങ്ങുന്ന കസേരയിലാണിരുപ്പു്. വിളികേട്ടു് കസേര കറക്കിക്കൊണ്ടു് രഘുവിനഭിമുഖമായി ഇരിക്കുന്നു. തെല്ലിട രഘുവിന്റെ മുഖത്തേക്ക് ഉറ്റുനോക്കുന്നു. പെട്ടെന്നു് കണ്ടു് മുട്ടിയപോലെ ചോദിക്കുന്നു.) ആരു്? ജ്യേഷ്ഠനോ?
- രഘു:
- (ചോദ്യം തെല്ലും രസിക്കാത്ത മട്ടിൽ) നീ ഉറങ്ങുകയായിരുന്നോ?
- മധു:
- ഇതെന്തു ചോദ്യം! ഒന്നാമതു് ഇതു് ഉറങ്ങേണ്ട സമയമാണോ?
- രഘു:
- (രസിക്കാത്ത മട്ടിൽ) രണ്ടാമതു്?
- മധു:
- ഇതാണോ അതിനുള്ള സ്ഥലം?
- രഘു:
- (നടക്കുന്നതിനിടയിൽ പെട്ടെന്നു് തിരിഞ്ഞുനോക്കി കുറച്ചുകൂടി ഉച്ചത്തിൽ) സ്ഥലവും സമയവുമൊക്കെ നീ ചിന്തിക്കാറുണ്ടോ?
- മധു:
- (അമ്പരന്നു നോക്കുന്നു)
- രഘു:
- നിന്റെ പാട്ടുകേട്ടാണു് ഞാനിങ്ങട്ട് വന്നത്… മധുരസ്വപ്നത്തിൽ മുഴുകി പാടുകയാണെന്നു് വിചാരിച്ചു.
- മധു:
- മധുരസ്വപ്നമോ? (എഴുന്നേല്ക്കുന്നു. എഴുന്നേല്ക്കുമ്പോൾ കസേര ശക്തിയായൊന്നു കറക്കുന്നു. ആ കറങ്ങുന്ന കസേര ചൂണ്ടി പറയുന്നു.) ഇരിക്കൂ ജ്യേഷ്ഠാ.
- രഘു:
- (കസേരയുടെ കറക്കം അസഹ്യതയോടെ നോക്കുന്നു) വേണ്ട (പിൻതിരിഞ്ഞു് നടക്കുന്നു.) അല്ലാതെതന്നെ ഞാൻ വേണ്ടത്ര ചുറ്റുന്നുണ്ടു്. അതിലിരുന്നിട്ടുള്ള ചുറ്റൽകൂടി വേണ്ട. (തെല്ലിട നിശ്ശബ്ദത. തിരിഞ്ഞു് പിന്നെയും മധുവിനെ സമീപിക്കുന്നു.) ഈ മുറി എന്റേതായിരുന്നു ഒരു കാലത്തു്. ഇതിലെ ഉപകരണങ്ങളോരോന്നും ഏനിക്കു് പ്രിയപ്പെട്ടതായിരുന്നു. ഈ കസേരയിൽ ധാരാളം ഞാനിരുന്നിട്ടുണ്ടു്. സ്വപ്നം കണ്ടു്, മുളിപ്പാട്ടുപാടി ചുറ്റീട്ടുണ്ടു്.
- മധു:
- ഇതു് സ്വപ്നം കാണാൻ പറ്റിയ കസേരയാണോ?
- രഘു:
- അതെ മധു. അന്നു് ഞാനിരുന്നപ്പോൾ കസേര ചുറ്റി. അതിൽനിന്നെഴുന്നേറ്റപ്പോഴാണു് മനസ്സിലായതു് എന്റെ തലയും ചുറ്റുന്നുണ്ടെന്നു്.
- മധു:
- അതു കസേരയുടെ കുറ്റമല്ല.
- രഘു:
- (പിന്നെ ആരുടേതെന്ന അർത്ഥത്തിൽ മധുവിനെ നോക്കുന്നു.)
- മധു:
- ഇരിക്കുന്ന ആളുടെ കുറ്റമാണു്.
- രഘു:
- നിന്നെപ്പോലുള്ള കേമന്മാർ ഇരുന്നാൽ ഒരു ദോഷവും വരില്ല; ഇല്ലേ? (അടുത്തുകിടക്കുന്ന ഒരു ചാരുകസേര വലിച്ചിട്ടു് അതിൽ ചാരിയിരിക്കുന്നു! എന്നെപ്പോലുള്ളവർക്കു് ചേർന്ന കസേര ഇതാണു്; ഞാൻ ക്ഷീണിച്ചിരിക്കുന്നു…)
- മധു:
- ഇത്രമാത്രം ക്ഷീണിക്കാനുള്ള പ്രായം ജ്യേഷ്ഠനായിട്ടില്ലല്ലോ.
- രഘു:
- പ്രായമല്ല, അനുഭവമാണു് മനുഷ്യരെ ക്ഷീണിപ്പിക്കുന്നതു്… അകാലനര, മുഖത്തെ ചുളി… ഇതൊക്കെ ദുതിതാനുഭവങ്ങളുടെ ലക്ഷണങ്ങളാണു്… അതുപോട്ടെ, ഞാൻ നിന്റെ മുൻപിൽ പരാതി പറയാൻ വന്നതല്ല… എനിക്കു് ബഹളംകൂട്ടാതെ ചില കാര്യങ്ങൾ നിന്നോടു് പറയാനുണ്ടു്.
- മധു:
- എന്തിനു് ബഹളം കൂട്ടണം? എന്തു കാര്യമായാലും സാവകാശത്തിൽ പറഞ്ഞുകൂടെ?
- രഘു:
- പറയാം… ഞാൻ ക്ഷണിച്ചവനാണു്. എനിക്കു് വേഗത്തിൽ ശുണ്ഠിവരും.
- മധു:
- അതുകൊണ്ടെന്താ ജ്വേഷ്ഠനോടു് ശുണ്ഠിയെടുക്കാനും കയർക്കാനും എന്നെ ശിക്ഷിക്കാനും അധികാരമില്ലേ?
- രഘു:
- അധികാരം സ്ഥാപിച്ചുകിട്ടുകയല്ല എന്റെ ആവശ്യം. കയർക്കലും ശുണ്ഠിയെടുക്കലും ശിക്ഷിക്കലുമൊന്നും എനിക്കറിയാത്തതല്ല. ഞാനതൊക്കെ കുറെയേറെ പയറ്റി തളർന്നവനാണു്…
- മധു:
- ജ്യേഷ്ഠൻ പറഞ്ഞോളൂ. എനിക്കെന്തായാലും ശുണ്ഠിവരില്ല… ഇരുവശത്തും ശുണ്ഠി വന്നെങ്കിലല്ലേ കുഴപ്പമുള്ളു?
- രഘു:
- ചിലപ്പോൾ ഒരു വശം മാത്രമുള്ള ശുണ്ഠികൊണ്ടും കുഴപ്പമുണ്ടാവും. അതുകൊണ്ടു് നീ വേണ്ടതെന്തെന്നറിയാമോ? എന്നെ ശുണ്ഠിപിടിപ്പിക്കരുതു്.
- മധു:
- എന്നുവെച്ചാൽ ജ്യേഷ്ഠനു് പറയുന്നതൊക്കെ ഞാൻ സമ്മതിക്കണം. അങ്ങനെയാണെങ്കിൽ കുറച്ചു കടലാസെടുത്തു് എല്ലാമിങ്ങു് എഴുതിത്തരൂ… കീഴെ ഞാനൊപ്പു വച്ചേക്കാം.
- രഘു:
- (ഗൗരവം) തുടക്കുംതന്നെ അത്ര പന്തിയല്ലല്ലൊ. വേണമെങ്കിൽ എഴുതാനും ഒപ്പുവെപ്പിക്കാനുമെനിക്കു കഴിയും; അതു് നിനക്കറിഞ്ഞുകൂടെ? (എഴുന്നേല്ക്കുന്നു.)
- മധു:
- (മിണ്ടുന്നില്ല)
- രഘു:
- അതു കൂടാതെ കഴിക്കാനാണു് ഇത്രയും മുഖവുരയായ പറഞ്ഞതു്.
- മധു:
- (ഒന്നും മിണ്ടാതെ കസേരയിൽ ചെന്നിരിക്കുന്നു.)
- രഘു:
- വാദപ്രതിവാദംകൊണ്ടു് ഇതൊരു കോടതിമുറിയാക്കാൻ ഞാൻ വിചാരിക്കുന്നില്ല.
- മധു:
- (തല താഴ്ത്തിയിരിക്കുന്നു. കസേര പതുക്കെ കറക്കുന്നു.)
- രഘു:
- പരസ്പരം തുറന്നുപറയേണ്ട കാര്യങ്ങൾ മുടിവെക്കുന്നതാണു് കുഴപ്പം. നമ്മൾ പഠിച്ചതങ്ങിനെയാണു്. എല്ലാം മൂടി വെക്കുക; (തന്നത്താനെന്നപോലെ) ഉള്ളു് തുറന്നു് പറയുകയും ധാരാളം ചർച്ച ചെയ്തു് തീരുമാനിക്കുകയും ചെയ്യേണ്ട കാര്യങ്ങൾ മുടിവെക്കുക. അറിഞ്ഞവർ ചോദിക്കില്ല; ആവശ്യക്കാർ പറയുകയുമില്ല. കീഴ്‌വഴക്കം അട്ടിമറിഞ്ഞു പോവില്ലേ? സമുദായത്തെ താങ്ങിനിർത്തുന്ന നെടുംതുണ്‍ ഇടിഞ്ഞുപോവില്ലേ?
- മധു:
- (തലയുയർത്തി) ഈ പറയുന്നതിന്റെയൊക്കെ അർത്ഥമെന്താണു്?
- രഘു:
- (തിരിഞ്ഞുനിന്നു) പറഞ്ഞുതരാം. നിന്റെ മനസ്സിന്റെ ഉള്ളറകൾ മുഴുവൻ അടച്ചുപൂട്ടിയിരിക്കയാണു്. നിന്റെ വിചാരങ്ങളും ആഗ്രഹങ്ങളും അതിനകത്താണു്.
- മധു:
- ജ്യേഷ്ഠാ, എന്റെ മനസ്സു്, എന്റെ ആഗഹം, എന്റെ വിചാരം… ഇതൊക്കെ എന്റേതല്ലേ? പിന്നെന്തിനു് നിങ്ങളൊക്കെ വിഷമിക്കണം.
- രഘു:
- ഒരു കുടുംബത്തിൽ യോജിപ്പോടെ കഴിയണമെങ്കിൽ വിചാരങ്ങളും ആഗ്രഹങ്ങളുമൊക്കെ നിയന്ത്രിക്കേണ്ടിവരും.
- മധു:
- ഞാൻ നിയന്ത്രണം വിട്ടു് ഇന്നുവരെ ഒരാഗ്രഹത്തിന്റ പിന്നാലെയും ഓടീട്ടില്ല.
- രഘു:
- (രൂക്ഷമായി നോക്കുന്നു.) എന്നുവെച്ചാൽ ഞാനോടിട്ടുണ്ടെന്നു്.
- മധു:
- അതു ഞാൻ പറഞ്ഞില്ല.
- രഘു:
- അതെ, ഞാനോടീട്ടുണ്ടു്; ഉരുണ്ടുവിണിട്ടുണ്ടു്; എനിക്കു് പരിക്കുപറ്റിട്ടുണ്ടു്. ആ അനുഭവം ചവച്ചിറക്കിക്കൊണ്ടാണു് ഞാൻ പറയുന്നതു്. ഇനി എല്ലാം തുറന്നു പറഞ്ഞു് എല്ലാവരുടെയും ഏകോപിച്ച അഭിപ്രായം നേടിയല്ലാതെ ഈ കുടുംബത്തിലൊരു വിവാഹം നടക്കാൻ പാടില്ല.
- മധു:
- (എഴുന്നേറ്റു്) വിവാഹമോ?
- രഘു:
- അതെ; വിവാഹം. തുറന്നു പറയൂ. ജ്യേഷ്ഠനും അനുജനും തമ്മിൽ പറയാൻ പാടില്ലാത്ത യാതൊന്നും വിവാഹത്തിലില്ല… പ്രായപൂർത്തിയായാൽ ഏതു ജീവിയും ഇണയെത്തേടി നടക്കും. അതു പ്രകൃതി നിയമമാണു്. അമ്മയ്ക്കും അച്ഛനും അമ്മാമനും ജ്യേഷ്ഠനുമെല്ലാം അതറിയാം. പിന്നെന്തിനീ ഒളിച്ചുകളി?
- മധു:
- ഞാനെന്താണു് പറയേണ്ടതു്?
- രഘു:
- എല്ലാം പറയൂ… (അല്പം ശാന്തനാവുന്നു. കസേരയിൽ വന്നു് വീണ്ടും ഇരിക്കുന്നു.) തുറന്നുപറയാത്തതുകൊണ്ടുള്ള കുഴപ്പം ഞാനിന്നനുഭവിക്കുന്നു. മൂടിവെച്ചു് മൂടിവെച്ചു് ഒരു ദിവസം അഗ്നിപർവതംപോലെ അതങ്ങു് പൊട്ടി. എന്റെ അഭിലാഷത്തിനു് മുൻപിൽ എല്ലാവരും കീഴടങ്ങി…
- മധു:
- അപ്പോൾ ഞാനൊന്നു ചോദിക്കട്ടെ ജ്യേഷ്ഠാ?
- രഘു:
- (എന്തെന്നർതഥത്തിൽ നോക്കുന്നു.)
- മധു:
- ഈ കുഴപ്പങ്ങളൊക്കെ വന്നുചേർന്നതു് അഭിപ്രായം തുറന്നു പറയാത്തതുകൊണ്ടാണോ?
- രഘു:
- അതെ.
- മധു:
- ഞാനതു് വിശ്വസിക്കുന്നില്ല. അഭിപ്രായം തുറന്നു് പറഞ്ഞാലും ഇല്ലെങ്കിലും ജ്യേഷ്ഠൻ അനുരാഗത്തിന്റെ പിന്നാലെ പോവുമായിരുന്നില്ലേ? ജ്യേഷ്ഠന്റെ ആഗ്രഹം അച്ഛനനുവദിക്കുമായിരുന്നില്ലേ?
- രഘു:
- അങ്ങനെയൊരാഗ്രഹം മനസ്സിൽ തലയുയർത്തുമ്പോൾത്തന്നെ ഞാനച്ഛനോടു് പറയേണ്ടതായിരുന്നു. അച്ഛന്റെ അഭിപ്രായം തേടേണ്ടതായിരുന്നു.
- മധു:
- എന്നാൽ?
- രഘു:
- നമ്മേക്കാൾ അനുഭവം അച്ഛനു് കൂടും. ഞാൻ അച്ഛന്റെ ഉപദേശം സ്വീകരിക്കേണ്ടതായിരുന്നു. അതുകൊണ്ടു്?
- മധു:
- (ഇടയിൽ കേറി) അതുകൊണ്ടു്?
- രഘു:
- എല്ലാം എന്നോടു് നീ തുറന്നു പറയൂ. അച്ഛനോടു പറയു, നിന്റെ സ്നേഹിതന്മാരോടു പറയൂ, എല്ലാവരോടും പറയൂ…
- മധു:
- (ചിരിക്കുന്നു.)
- രഘു:
- എന്നിട്ടെല്ലാവരുടേയും അഭിപ്രായം എന്തെന്നു് മനസ്സിലാക്കൂ.
- മധു:
- (അല്പംകൂടി കൂടുതലായി ചിരിക്കുന്നു.)
- രഘു:
- (രൂക്ഷമായി മധുവിനെ നോക്കുന്നു.) ഇങ്ങനെ ചിരിക്കുന്നതിന്റെ അർത്ഥം?
- മധു:
- (പെട്ടെന്നു് ചിരി നിയന്ത്രിച്ചു്) ഒന്നുമില്ല… ജ്യേഷ്ഠന്റെ നിർദ്ദേശപ്രകാരമായാൽ എങ്ങിനെയിരിക്കും വിവാഹമെന്നു് ഞാനൊന്നാലോചിക്കുകയായിരുന്നു. അച്ഛനോടു്, അമ്മയോടു്, ജ്യേഷ്ഠാനുജന്മാരോടു്, ബന്ധുക്കളോടു്, സുഹൃത്തുക്കളോടൊക്കെ അന്വേഷിക്കുക, എന്നിട്ടവരുടെ അഭിപ്രായം ആരായുക; എന്നല്ലേ ജ്യേഷ്ഠൻ പറഞ്ഞതു്?
- രഘു:
- അതെ.
- മധു:
- അപ്പോൾ ചെറിയൊരു കുഴപ്പമുണ്ടാവും.
- രഘു:
- എന്തു് കുഴപ്പം?
- മധു:
- അച്ഛനും അമ്മയ്ക്കും രണ്ടഭിപ്രായമായിരിക്കും. ജ്യേഷ്ഠാനുജന്മാർ യോജിക്കില്ല. ബന്ധുക്കളും സ്നേഹിതന്മാരും അഭിപ്രായത്തിൽ ഭിന്നിച്ചുനില്ക്കും… അപ്പോൾ…
- രഘു:
- (ഇടയിൽ കടന്നു്) അങ്ങനെ സംഭവിക്കുമ്പോൾ ഭൂരിപക്ഷം സ്വീകരിക്കണം.
- മധു:
- (ചിരിച്ചുകൊണ്ടു്) ഏതാണ്ടൊരു ചെറിയ ഇലക്ഷൻതന്നെ-ജ്യേഷ്ഠാ, ഇതൊന്നും പ്രയോഗികമാണെന്നു് ഞാൻ വിശ്വസിക്കുന്നില്ല. ചില വീട്ടിൽ ഈ അഭിപ്രായം ബാലട്ടുസമ്പ്രദായത്തിൽ രേഖപ്പെടുത്താൻ അവസരം കൊടുത്താൽ ഫലമെന്തായിരിക്കുമെന്നു് ജ്യേഷ്ഠനറിയാമോ?
- രഘു:
- (മുഖത്തേക്കു് നോക്കുന്നു.)
- മധു:
- എല്ലാവരും ഒറ്റക്കെട്ടായിനിന്നു് വിവാഹത്തെ എതിർത്തിട്ടുണ്ടാവും. കാരണം, പ്രായപുർത്തിവന്ന ഒരു പുരുഷൻ അദ്ധ്വാനിക്കാനും സ്വന്ഥദിക്കാനും കഴിവുള്ളൊരു പുരുഷൻ, കുടുംബത്തിൽനിന്നു് വിട്ടുപോകുന്നതാർക്കും ഇഷ്ടമല്ല. എല്ലാവരും ഫലേച്ഛയോടെയാണു് എല്ലാവരേയും നോക്കുന്നതു്… ഉപകരണങ്ങൾക്കെന്നപോലെ മനുഷ്യനും ഇവിടെ ഏതാണ്ടൊരങ്ങാടിനിലവാരമുണ്ടു്. അതു് മാറണം. അതു് മാറിയാൽ ഇതൊന്നും പിന്നെയൊരു പ്രശ്നമല്ല.
- രഘു:
- ഈവക പ്രശ്നങ്ങളൊന്നും ഈ വീട്ടിലില്ലല്ലൊ.
- മധു:
- എല്ലാ വീടും ഭരിക്കുന്നതു് നമ്മുടെ അച്ഛനല്ലല്ലൊ.
- രഘു:
- അച്ഛൻ നന്നായാൽ മാത്രം പോരാ.
- മധു:
- മക്കളെ നന്നാക്കുന്നതച്ഛനാണു്.
- രഘു:
- തികച്ചും ഞാനതു് സമ്മതിക്കാനൊരുക്കമില്ല. മക്കുളുടെ സ്വഭാവരൂപീകരണത്തിൽ അച്ഛനും ഒരു വലിയ പങ്കുണ്ടെന്നുമാത്രം. ഈ നാട്ടിലെ കാര്യമെടുക്കൂ… നമ്മുടെ അച്ഛനാരാണു്.
- മധു:
- സ്നേഹസമ്പന്നൻ.
- രഘു:
- പോരാ തന്റെ വീട്ടിൽ മാത്രമല്ല, മനുഷ്യസമുദായത്തിൽ മുഴുവനും കുഴപ്പങ്ങളുണ്ടാവരുതെന്നു് ആഗ്രഹിക്കുന്നൊരു മഹാനാണു് നമ്മുടെ അച്ഛൻ. എവിടേയും സ്നേഹവും സമാധാനവും വളർന്നുകാണാൻ അച്ഛൻ മോഹിക്കുന്നു. മക്കളെ വളർത്തുകയല്ല; അവരെ വളരാൻ സഹായിക്കുകയാണു് നമ്മുടെ അച്ഛൻ. (ആവേശത്തോടെ) എന്നിട്ടു്. എന്നിട്ടു് എന്താണച്ഛന്റെ അനുഭവം?
- മധു:
- (മിണ്ടുന്നില്ല.)
- രഘു:
- പറയൂ; നിന്റെ നോട്ടത്തിൽ കാണുന്നതും നിനക്കു് തോന്നുന്നതും പറയൂ.
- മധു:
- ഈ നിസ്സരങ്ങളായ അനുഭവങ്ങൾ വെച്ചുകൊണ്ടു് അച്ഛനെ അളക്കാൻ ഞാനൊരുക്കമില്ല.
- രഘു:
- ഈ വീട്ടിൽ നാം സമാധാനലംഘനമുണ്ടാക്കുന്നു. അച്ഛന്റെ വിശ്വാസങ്ങൾക്കു് ഇളക്കംതട്ടുമാറു് നമ്മൾ തെറ്റായ വഴിക്കു് സഞ്ചരിക്കുന്നു.
- മധു:
- ഞാനങ്ങനെ വിശ്വസിക്കുന്നില്ല.
- രഘു:
- ഞാൻ വിശ്വസിക്കുന്നു! ഈ വീട്ടിൽ കഴിച്ചുകൂട്ടുന്ന ഒരോ നിമിഷവും ഞാൻ ഉരുകിയുരുകി തീരുകയാണു്. എല്ലാവർക്കും മാതൃകയായി മക്കളെ വളർത്താൻ ശ്രമിച്ച അച്ഛനെ ഞാൻ വേദനിപ്പിച്ചു. ഈ വീട്ടിൽ ഞാൻ സമാധാനലംഘനമുണ്ടാക്കി. അച്ഛന്റെ ആദർശങ്ങൾ വെറും സ്വപ്നമാണെന്നു് മറ്റുള്ളവരെക്കൊണ്ടു് പരിഹസിപ്പിച്ചു.
- മധു:
- നല്ല ആദർശങ്ങളെല്ലാംതന്നെ ആരംഭദശയിൽ പരാജയപ്പെടുകയാണു് പതിവു്. (എഴുന്നേറ്റു് പതുക്കെ നടക്കുന്നു.)
- രഘു:
- ഇതു് പരാജയപ്പെട്ടതല്ല. മനഃപൂർവം പരാജയപ്പെടുത്തിയതാണു്. (അസ്വസ്ഥനായി നടന്നുകൊണ്ടു്) ഈ ദുർഭഗനായ മകൻ, (പിന്നെയും നടക്കുന്നു; തെല്ലിട നിശ്ശബ്ദത; മധുവിനെ സമീപിക്കുന്നു; ശാന്തവും സ്ഫുടവുമായ സ്വരത്തിൽ പറയുന്നു.) അതുകൊണ്ടു് മധു, അച്ഛനോടു് നമുക്കുള്ള കടമ നീയെങ്കിലും നിറവേറ്റണം.
- മധു:
- ഏതു് വഴിക്കു്?
- രഘു:
- നിനക്കു് മനസ്സിലായില്ലേ?
- മധു:
- ഇല്ല.
- രഘു:
- എങ്കിൽ കേട്ടോളു; എന്റെ വിവാഹജീവിതം പരാജയപ്പെട്ടതു് എന്റെ കുറ്റംകൊണ്ടു മാത്രമല്ല; ശാന്തയുടെ കുറ്റം കൊണ്ടുമല്ല; ഒരു വിവാഹംകൊണ്ടു് രണ്ടു് കുടുംബമാണു് ചേരുന്നതു്. അപ്പോൾ അതിലെ എല്ലാ ഘടകങ്ങളെപ്പറ്റിയും നല്ലപോലെചിന്തിക്കണം… രണ്ടു സമ്പ്രദായങ്ങൾ തമ്മിൽ ഇടഞ്ഞപ്പോഴാണു് ഞാൻ പരാജയപ്പെട്ടതു്. എനിക്കുമാത്രം അതിലൊന്നും ചെയ്യാൻ കഴിഞ്ഞി്ല്ല; അതുപോലെ ശാന്തയ്ക്കും. ഇനിയൊരിക്കലും അങ്ങനെയൊരു തെറ്റു് ആവർത്തിക്കാനിടവരരുതു്.
- മധു:
- മനഃപൂർവം തെറ്റാരെങ്കിലും ചെയ്യാറുണ്ടോ?
- രഘു:
- (കനത്ത സ്വരത്തിൽ) ഉണ്ടു്, നീ ചെയ്യുന്നുണ്ടു്.
- മധു:
- (അല്പം അമ്പരപ്പോടെ) ഞാനോ?
- രഘു:
- അതെ; നീ തന്നെ. കുഴപ്പങ്ങൾ കണ്ടുകൊണ്ടു് നീയെന്തിനിതു് ചെയ്യണം?
- മധു:
- എന്തു്?
- രഘു:
- അച്ഛന്റെ മുഖത്തുനിന്നുതന്നെ ഞാനെല്ലാം കേട്ടു. അച്ഛന്റെ വേദന നീ മനസ്സിലാക്കുന്നില്ല.
- മധു:
- അച്ഛനെ വേദനപ്പെടുത്താൻ എനിക്കുദ്ദേശമില്ല.
- രഘു:
- നീ എല്ലാവരെയും വേദനപ്പെടുത്താൻ ഉദ്ദേശിച്ചിരിക്കയാണു്. നിന്നെത്തന്നെയും.
- മധു:
- ജ്യേഷ്ഠനൊരു കാര്യം ചെയ്യുമോ?
- രഘു:
- എന്താണു്?
- മധു:
- എന്റെ കാര്യത്തിൽ ഉത്കണ്ഠപ്പെടാതിതിക്കുക.
- രഘു:
- (കൂടുതൽ ഗൗരവം) എന്തു്?
- മധു:
- ജ്യേഷ്ഠനല്ലേ അല്പനിമിഷം മുൻപേ പറഞ്ഞതു്, പ്രായപൂർത്തിവന്നാൽ ഏതു് ജന്തുവും ഇണയെ തേടുമെന്നു്.
- രഘു:
- (രൂക്ഷമായി നോക്കുന്നു.)
- മധു:
- സമയം വന്നച്ചോൾ ഞാനുമതു് ചെയ്തു; അന്വേഷണങ്ങൾക്കുശേഷം ഇണയെ കണ്ടെത്തുകയും ചെയ്തു.
- രഘു:
- (കൂടുതൽ ഗൗരവം) ഞാനതറിഞ്ഞുകൊണ്ടുതന്നെയാണു് വന്നതു്.
- മധു:
- എന്നാലിനി ഞാനൊന്നും പറയേണ്ടതില്ലല്ലൊ.
- രഘു:
- (കൂടുതൽ ഗൗരവം) ഇനിയാണു് നീ പറയേണ്ടതു്.
- മധു:
- ജ്യേഷ്ഠൻ പറഞ്ഞുതരൂ.
- രഘു:
- നീ മീനുവിനെ കല്യാണം കഴിക്കില്ലെന്നു് പറയണം.
- മധു:
- (അല്പം പുച്ഛം കലർന്ന ചിരിയോടെ) കാരണം?
- രഘു:
- (കൂടുതൽ ഗൗരവം) കാരണം ഇനിയും നിന്നെ പഠിപ്പിക്കേണ്ടതുണ്ടോ? പാടില്ല; അതുതന്നെ…
- മധു:
- അറിഞ്ഞേടത്തോളമുള്ള കാരണങ്ങളൊന്നും എന്നെ ബാധിക്കുന്നതല്ല! ഞാനതിനു് വില കല്പിച്ചിട്ടില്ല.
- രഘു:
- (കൂടുതൽ ഗൗരവം) നമ്മുടെ അച്ഛനുവേണ്ടിയാണു് ഞാനിതു് പറയുന്നതു്. (കഠിനമായ ദുഃഖം) അമ്മയില്ലാത്ത നമ്മളെ ക്ലേശിച്ചു് വളർത്തി എല്ലാ സ്വാതന്ത്യവും അനുവദിച്ചുതന്നു. ഇന്നാട്ടിലിന്നോളം ഇങ്ങിനെയൊരച്ഛൻ മക്കളെ വളർത്തിയിട്ടുണ്ടാവില്ല… സ്നേഹവും ശാന്തിയും നിറഞ്ഞ ഈ വീട്ടിൽ ബഹളവും കണ്ണീരും നെടുവീർപ്പും ഞാൻ സൃഷ്ടിച്ചു… ഇവിടുത്തെ അന്തരീക്ഷത്തിൽ അതിപ്പോഴും തങ്ങിനില്ക്കുന്നു (കൂടുതൽ വ്യസനം). സ്നേഹസമ്പനായ അച്ഛൻ അതൊക്കെ നിശ്ശബ്ദമായി സഹിച്ചു. ഒരക്ഷരം മറുത്തു് പറയാതെ (തെല്ലിട മൗനം; ഗൗരവവും ക്രോധവും കലർന്ന സ്വരത്തിൽ). എടാ ഇനിയും അച്ഛനെ വേദനിപ്പിക്കാൻ ഞാൻ അനുവദിക്കില്ല. (ഓടിച്ചെന്നു് മധുവിന്റെ ഷർട്ട് മാറോടു് ചേർത്തുപിടിക്കുന്നു.) അച്ഛനുവേണ്ടി; നമ്മുടെ പ്രിയപ്പെട്ട അച്ഛനുവേണ്ടി, അദ്ദേഹത്തിന്റെ അഭിമാനത്തിനുവേണ്ടി; ഉം… പറയൂ… (പല്ലുകടിച്ചു്) വേഗത്തിൽ പറയൂ…
- മധു:
- (ഒട്ടും പരിഭ്രമിക്കാതെ രഘുവിന്റെ മുഖത്തുനോക്കി നിൽക്കുന്നു.)
- രഘു:
- (ഒന്നു കുലുക്കി) അച്ഛനോടു് നിനക്കു് നീതിചെയ്യാൻ വയ്യേ?
പെട്ടെന്നു് ശങ്കരക്കുറുപ്പു് കടന്നുവരുന്നു. മുഖത്തു് പതിവുപോലുള്ള ശാന്തിയും അമ്പരപ്പില്ലായ്മയും.
- ശങ്കരക്കുറുപ്പു്:
- (കടന്നുവന്നു് തെല്ലിട സംശയിച്ചുനിന്നു് അധികാരസ്വരത്തിൽ വിളിക്കുന്നു.) രഘൂ.
- രഘു:
- (വിളികേട്ടു് ഞെട്ടി പിടിവിടുന്നു. അച്ഛന്റെ മുഖത്തുനോക്കാൻ തന്റേടമില്ലാതെ മാറിനില്ക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- (രണ്ടുപേരുടേയും മധ്യത്തിലേക്കു വരുന്നു.)
- മധു:
- (അല്പം പിന്നോട്ടു് മാറിനില്ക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- (അല്പമൊരു ചിരിയോടെ) ബലപരീക്ഷയാണോ? നിങ്ങൾക്കു് ഗുസ്തിയറിയാമെന്നു് ഞാൻ മനസ്സിലാക്കിയില്ല. ഗുസ്തിപിടുത്തത്തിന്നു് എവിടേയും വലിയ മാർക്കറ്റാണു്. ഒരു പ്രധാനമന്ത്രിക്കും കിട്ടാത്ത സ്വീകരണമാണു് മികച്ച ഗുസ്തിക്കാർക്കു് ഈ ലോകത്തിലെവിടെയും കിട്ടുന്നതു്… (രണ്ടുപേരേയും മാറി മാറി നോക്കുന്നു.)
- രഘു:
- (തല താഴ്ത്തുന്നു.)
- ശങ്കരക്കുറുപ്പു്:
- എനിക്കൊന്നേ നിങ്ങളോടു് പറയാനുള്ളു. ഗുസ്തിയെങ്കിൽ ഗുസ്തി. അതാരംഭിക്കുന്നപക്ഷം ലോകപ്രശസ്തിയാർജിക്കാൻ നിങ്ങൾ ശ്രമിക്കണം. ഈ വീടിന്റെ നാലു് ചുമരുകൾക്കുള്ളിൽനിന്നു് ഗുസ്തി നടത്തിയാൽ കാണാനാളുണ്ടാവില്ല. ഒരു വയസ്സനായ അച്ഛനിരുന്നു് കാണുമ്പോൾ നിങ്ങൾക്കാവേശമുണ്ടാവില്ല. (നടന്നു് മധുവിന്റെ തിരിയുന്ന കസേരയിൽ ചെന്നിരിക്കുന്നു; ഒന്നു് തിരിയുന്നു.) ഭേഷ്! ഇതിലിരുന്നാൽ ക്ഷണത്തിലൊന്നു് ലോകം ചുറ്റാൻ കഴിയും. (ഒന്നുകൂടി ചുറ്റുന്നു. ഇത്തവണ കാബിനറ്റിനഭിമുഖമായി ഇരിക്കുന്നു. മധു വരച്ചുവെച്ച ചിത്രമെടുക്കുന്നു. അതു് നിവർക്കുന്നു.)
- മധു:
- (പരവശനും ലജ്ജിതനുമാവുന്നു.)
- ശങ്കരക്കുറുപ്പു്:
- (കടലാസു് നോക്കിക്കൊണ്ടെഴുന്നേല്ക്കുന്നു; മുൻപോട്ടു് വരുന്നു; രഘുവിനെ സമീപിക്കുന്നു. തോളിൽ കൈവെച്ചു് പുതുക്കെ വിളിക്കുന്നു.) രഘൂ.
- രഘു:
- (തലയുയർത്തി നോക്കുന്നു. കണ്ണിൽ കുറച്ചു വെള്ളമുണ്ടു്.)
- ശങ്കരക്കുറുപ്പു്:
- നിന്റെ അനുജൻ ഒരു കലാകാരൻ കുടിയാണു്. നിനക്കതറിയുന്നതു് സന്തോഷമല്ലേ? (മധു വരച്ച ചിത്രം രഘുവിനും സദസ്യർക്കും കാണത്തക്കവിധം നിവർത്തിപ്പിടിക്കുന്നു.)
- മധു:
- (തലതാഴ്ത്തി നില്ക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- (മധുവിനെ തിരിഞ്ഞു് നോക്കുന്നു.) കലാകാരന്മാർക്കു് പ്രോത്സാഹനമാണാവശ്യം… അതുകൊണ്ടു് ഞാനിവിടെ നമുക്കൊക്കെ കാണാൻ പാകത്തിലൊരിടത്തു് തുക്കട്ടെ. മേശപ്പുറത്തുനിന്നു് മൊട്ടുസുചിയെടുത്തു് ചിത്രം ചുമതിൽ തുക്കുന്നു. ചിത്രത്തിൽതന്നെ നോക്കിക്കൊണ്ടു് എന്റെ മകനു് വാസനയുണ്ടു് ഇല്ലേ രഘു? (നടന്നു് രഘുവിന്റെ സമീപത്തേക്കു് വരുന്നു.)
- രഘു:
- (ചിത്രത്തിൽ നോക്കി അസഹ്യമായ ഭാവത്തോടെ) ഇതു് കലയ്ക്കുള്ള പ്രോത്സാഹനമല്ലച്ഛാ. ഇവന്റെ കൊള്ളരുതായ്മയ്ക്കുള്ള പ്രോത്സാഹനമാണു്.
- ശങ്കരക്കുറുപ്പു്:
- ഒരവധിവരെ നിന്റെ കൊള്ളരുതായ്മയെ ഞാൻ പ്രോത്സാഹിപ്പിച്ചില്ലേ? ഇനി ഇവന്റെ ഊഴമാണു്.
- രഘു:
- ഈ വീട്ടിലെന്തോ പന്തികേടുണ്ടച്ഛാ.
- ശങ്കരക്കുറുപ്പു്:
- അതെന്തെന്നു് നിനക്കു് മനസ്സിലായോ?
- രഘു:
- ഇല്ലച്ഛാ… അതാണു് ഞാനാലോചിക്കുന്നതു്.
- ശങ്കരക്കുറുപ്പു്:
- വിഷമിക്കേണ്ട, ഞാൻ പറഞ്ഞുതരാം. മറ്റു പല വീടുകളിലുള്ള സമ്പ്രദായം ഇവിടെയില്ല. എന്നുവെച്ചാൽ ഇവിടെ മക്കൾ തടവുകാരല്ല.
- രഘു:
- മക്കളിവിടെ നിയന്ത്രണമില്ലാത്ത മനുഷ്യരാണു്.
- ശങ്കരക്കുറുപ്പു്:
- എവിടേയും അങ്ങിനെയാണു്. പക്ഷേ, മറ്റുള്ള സ്ഥലത്തു് അതിങ്ങനെ പുറത്തുകാണില്ല. അവിടെ ഭീഷണിയും സമ്മർദ്ദവുമുണ്ടാവും. ഇവിടെ സമാധാനം വേണമെന്നു് ഞാനാഗ്രഹിച്ചു. അതുകൊണ്ടു് നിങ്ങളെന്നെ പിരിഞ്ഞു പോയില്ല. ഭീഷണിയും സമ്മർദ്ദവുമുള്ള സ്ഥലത്തു് മക്കൾ അച്ഛന്മാരെ പിരിഞ്ഞുപോകും.
- രഘു:
- അടുത്തുനിന്നു് ദ്രോഹിക്കുന്നതിലും ഭേദം പിരിഞ്ഞു് പോകലല്ലേ?
- ശങ്കരക്കുറുപ്പു്:
- നിനക്കങ്ങിനെ തോന്നുന്നുണ്ടോ?
- രഘു:
- ഇല്ലച്ഛാ.
- ശങ്കരക്കുറുപ്പു്:
- മതി, ഞാൻ ജയിച്ചു. എന്റെ പരീക്ഷണം ജയിച്ചു. (തിരിഞ്ഞുനിന്നു്) മധൂ!
- മധു:
- അച്ഛാ.
- ശങ്കരക്കുറുപ്പു്:
- നിന്റെ ഉദ്ദേശം ഇവിടെ എല്ലാവരും അറിഞ്ഞുകഴിഞ്ഞു. അച്ഛനെന്ന നിലയിൽ എനിക്കിതാണു് നിന്നോടു് പറയാനുള്ളതു്. നീയൊരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നതു് തെറ്റല്ല. നീ സ്നേഹിക്കുകയല്ലേ ചെയ്തതു്? ദ്രോഹിക്കുകയല്ലല്ലോ… സ്നേഹിച്ചതോ സ്നേഹിക്കുന്നതോ തെറ്റാണെന്നു് ഞാൻ പറയില്ല. എന്നല്ല, ഭാര്യയെന്ന നിലയിൽ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നതോടെ നിന്റെ ചുമതല അവസാനിക്കുന്നില്ല, നിങ്ങൾ രണ്ടുപേരും എന്റെ മക്കളെന്ന നിലയിൽ എല്ലാവരേയും സ്നേഹിക്കുകയും ഒന്നിനേയും വെറുക്കാതിതിക്കുകയും വേണം. (രഘുവും മധുവും അറിയാതെ അച്ഛനെ സമീപിക്കുന്നു.) ഒരു കാര്യംകൂടി നിന്റെ ഈ പുതിയ ബന്ധം ഇപ്പോഴുള്ള കലഹം വർദ്ധിക്കാനിടയാക്കരുതു്. കൂട്ടുകെട്ടുകളും ബന്ധങ്ങളും സമാധാനം വളർത്താനുമുള്ളതാവണം. അറ്റുപോയ സ്നേഹബന്ധങ്ങളെ അതു് കുൂട്ടിച്ചേർക്കണം…
- മധു:
- (വികാരവായ്പോടെ വിളിക്കുന്നു.) അച്ഛാ.
- ശങ്കരക്കുറുപ്പു്:
- (മധുവിന്റെ തലയിൽ തൊട്ടുഴിയുന്നു. സ്നേഹവായ്പോടെ രഘുവിനെ നോക്കുന്നു.) എല്ലാവരേയും സ്നേഹിക്കാൻ ശ്രമിക്കൂ! ഈ വിഷമം പരിഹരിക്കാനുള്ള മാർഗം അതാണു്.
—യവനിക—