നാരായണമേനോന്റെ വീടു്.
രണ്ടാംരംഗത്തിൽ കണ്ട സ്ഥലംതന്നെ. സമയം ഉച്ചതിരിഞ്ഞു് നാലുമണി. കല്യാണിക്കുട്ടിയമ്മ, കൈയിൽ ഏതാനും കളിക്കോപ്പുകളും വാരിയെടുത്തു് പരുങ്ങിക്കൊണ്ടു് വരുന്നു. ചുറ്റും നോക്കി വിളിക്കുന്നു…
- കല്യാണിക്കുട്ടിയമ്മ:
- മീനു… മോളേ, മീനു…
- മീനു:
- (അകത്തുനിന്നു്) എന്താമ്മേ.
- കല്യാണിക്കുട്ടിയമ്മ:
- ഇവിടെ വാ.
- മീനു:
- (ബദ്ധപ്പെട്ടു് വന്നു്) എന്തിനാമ്മേ വിളിച്ചതു്?
- കല്യാണിക്കുട്ടിയമ്മ:
- (കളിക്കോപ്പുകൾ മേശപ്പുറത്തുവെച്ചു്) നീയിതൊക്കെ എവിടേങ്കിലും ഒന്നൊളിപ്പിച്ചു വെക്കൂ…
- മീനു:
- ഇതെന്തിനമ്മേ ഒളിപ്പിച്ചുവെക്കുന്നതു്?
- കല്യാണിക്കുട്ടിയമ്മ:
- ആ ദുഷ്ടൻ വന്നു് മോനെ എടുത്തുകൊണ്ടുപോയതിൽപ്പിന്നെ ഈ കളിക്കോപ്പുകളും വെച്ചു് കരഞ്ഞഞ്ഞോണ്ടിരിക്ക്യല്ലേ. അവളു് കുളിക്കാറുണ്ടോ? ഉണ്ണാറുണ്ടോ? ഇതു് കാണുന്തോറും അവൾക്കു് സങ്കടം വർദ്ധിക്ക്യാ.
- മീനു:
- ഇതു കാണാഞ്ഞാലാവും ഏട്ടത്തിക്കു് സങ്കടം വർദ്ധിക്ക്യാ.
- കല്യാണിക്കുട്ടിയമ്മ:
- പറയുന്നതൊന്നതനുസരിക്കൂ നീ. എന്തൊരാപത്താണു് ഈ കുടുംബത്തിനു് വന്നുചേർന്നതു്.
- മീനു:
- ആ ആപത്തു് അമ്മ പെരുപ്പിക്കേണ്ട.
- കല്യാണിക്കുട്ടിയമ്മ:
- പറയുന്നതനുസരിക്ക്യോ നീ… അവൾ കുളിമുറിയിൽ പോയ സമയം നോക്കി ഞാനിതെടുത്തുകൊണ്ടു പോന്നതാ.
- മീനു:
- അമ്മേ ഈ കളിക്കോപ്പുള്ളതുകൊണ്ടാ ഏട്ടത്തിക്കു് ഭ്രാന്തെടുക്കാത്തതു്.
- കല്യാണിക്കുട്ടിയമ്മ:
- നിന്റെ കണ്ടുപിടുത്തം! ഇതുംവെച്ചിരുന്നാൽ അവൾ ഉരുമ്മിയുരുകി മരിക്കും.
- മീനു:
- അമ്മ വേണ്ടാത്തതിനൊന്നും പോണ്ടാ. അതവിടെത്തന്നെ വെച്ചേക്കൂ. (അകത്തുനോക്കി പരിഭ്രമിച്ചു്) അതാ ഏട്ടത്തി ഇങ്ങോട്ടു് വരുന്നുണ്ടു്.
- കല്യാണിക്കുട്ടിയമ്മ:
- (എന്തു് ചെയ്യുണമെന്നറിയാതെ വിഷമിക്കുന്നു.) വലഞ്ഞല്ലോ ആകപ്പാടെ. ഇതിനി അവളെ കാണിച്ചാൽ പറ്റില്ലല്ലോ. (എല്ലാംകൂടി വാരി മേശയിലിട്ടടച്ചു്, ഒന്നും അറിയാത്ത മട്ടിൽ നില്ക്കുന്നു.)
- മീനു:
- അമ്മേ, ഇതാപത്തിനാണു്.
- കല്യാണിക്കുട്ടിയമ്മ:
- നിന്നോടാ മിണ്ടാതിരിക്കാൻ പറഞ്ഞതു്.
ശാന്ത കടന്നുവരുന്നു. കുടുതൽ ചടച്ചിട്ടുണ്ടു്. മുഖത്തു് നിരാശയും വ്യസനവും നിഴലിക്കുന്നു. ആ കണ്ണുകൾ പരിഭ്രാന്തമായി എന്തോ തേടിക്കൊണ്ടിരിക്കുകയാണു്. കടന്നുവന്നതും കല്യാണിക്കുട്ടിയമ്മയുടെയും മീനുവിന്റെയും മുഖത്തു് മാറി മാറി തുറിച്ചു് നോക്കുന്നു.
- ശാന്ത:
- അമ്മേ, ഞാനിനി അധികം ജീവിക്കില്ല… പിന്നെ എന്തിനെന്നെ കൊല്ലുന്നു.
- കല്യാണിക്കുട്ടിയമ്മ:
- (ഒരപരാധിയെപ്പോലെ അടുത്തേക്കു വന്നു്) നിന്നെ കൊല്ലുന്നോ മോളേ, ആരു് കൊല്ലുന്നു?
- ശാന്ത:
- നിങ്ങളെല്ലാവരുംകുടി എന്നെ കൊല്ലുന്നു.
- കല്യാണിക്കുട്ടിയമ്മ:
- നീയെന്തൊക്ക്യാ ഈ പറയുന്നതു്?
- ശാന്ത:
- (മീനുവിനോടു്) മീനു നീയും എന്നെ കൊല്ലാൻ സഹായിക്ക്യാണോ? ആണോ മീനു?
- മീനു:
- ഇല്ലേട്ടത്തി, ഞാനൊന്നും ചെയ്തിട്ടില്ല.
- ശാന്ത:
- എനിക്കറിയാം നിങ്ങളെല്ലാരുംകൂടി എന്തൊക്ക്യൊ ചെയ്യുന്നുണ്ടു്. (തൊണ്ടയിടറി) എന്റെ മകനെ നിങ്ങളെനിക്കു് തരുന്നില്ല… എന്നാൽ അവന്റെ കളിക്കോപ്പെങ്കിലും എനിക്കു് തന്നുടെ… ഏ? ഏ? (കല്യാണിക്കുട്ടിയമ്മയോടു്) പറയൂ അമ്മേ, എന്നെ എന്തിനിങ്ങനെ കൊല്ലുന്നു?
- കല്യാണിക്കുട്ടിയമ്മ:
- ഈശ്വരാ, ഞാനൊന്നും വിചാരിച്ചിട്ടു് ചെയ്തതല്ലേ? എന്റെ മോളിങ്ങനെയായാൽ എനിക്കെന്താ ഒരു സുഖം. ഇതൊക്കെ ഒന്നു മറക്കൂ മോളേ.
- ശാന്ത:
- എവിടെ എന്റെ മോന്റെ കളിക്കോപ്പു് നിങ്ങളാദ്യം അവനെ പിടിച്ചുപറിച്ചെടുത്തു. പിന്നെ അതും നശിപ്പിച്ചു. പറയു അമ്മേ! എവിടെ എന്റെ മോന്റെ കളിക്കോപ്പു്?
- കല്യാണിക്കുട്ടിയമ്മ:
- നീ കുളിച്ചു് ഊണുകഴിക്ക്യോ?
- ശാന്ത:
- അമ്മ അതെനിക്കു തരൂ… എന്നെ ഇങ്ങനെ കൊല്ലരുതമ്മേ.
- കല്യാണിക്കുട്ടിയമ്മ:
- മോളേ ഇതൊക്കെ ഞങ്ങളാരും വരുത്തീട്ടു് വന്നതല്ലല്ലോ…
- ശാന്ത:
- അമ്മ തരില്ലേ? തരില്ലേ അമ്മേ. കല്യാണിക്കുട്ടിയമ്മ; നീയൂണു് കഴിക്ക്യോ?
- ശാന്ത:
- (മീനുവിനോടു് ഒരു കൊച്ചുകുട്ടിയെപ്പോലെ) മീനു, നീയെന്റെ അനിയത്തിയല്ലേ? അല്ലേ മീനു. നീയും എന്നെ കൊല്ലാൻ പുറപ്പാടാണോ? പറയൂ മോളേ, നിന്റെ ഏട്ടത്തിയെ നീ കൊല്ലാൻ തീരുമാനിച്ചോ?
- മീനു:
- (വല്ലാത്ത അസ്വസ്ഥതയോടെ) അങ്ങു് കൊടുക്കൂ അമ്മേ അതു്. ഉം (ഓടിച്ചെന്നു് മേശയിൽനിന്നു് കളിക്കോപ്പുകൾ വാരി പുറത്തിടുന്നു.)
- ശാന്ത:
- (ആർത്തിയോടെ ഓടിച്ചെന്നു് അതു വാരി മാറോടണയ്ക്കുന്നു. അല്പനേരം അങ്ങിനെനിന്നു് ആശ്വാസം കൊള്ളുന്നു.) ഓ! ഞാൻ വിചാരിച്ചു ചതിച്ചെന്നു്… പതുക്കെ തിരിഞ്ഞു പുറത്തേക്കു് നടക്കുന്നു.
- മീനു:
- (പിന്നാലെ ചെന്നു്) ഏട്ടത്തീ!
- ശാന്ത:
- (ഉറക്കത്തിലെന്നപോലെ) ഏ? എന്താ?
- മീനു:
- ഏട്ടത്തി എന്റെ കൂടെ വരൂ.
- ശാന്ത:
- എങ്ങട്ടു്?
- മീനു:
- എങ്ങട്ടായാലും ഏട്ടത്തിക്കു് എന്റെ കുടെ വന്നുകൂടെ?
- ശാന്ത:
- ഓ! വരാം (തല കുലുക്കുന്നു.)
- മീനു:
- (മുൻപിൽ കടന്നു് അകത്തേക്കു നടക്കുന്നു)
- ശാന്ത:
- (നിന്നനിലയിൽ അനങ്ങാതെ) അങ്ങട്ടാണോ?
- മീനു:
- അതെ വരൂ.
- കല്യാണിക്കുട്ടിയമ്മ:
- (അടുത്തുചെന്നു്) അതെ മോളെ, നീ ചെന്നു് കുളിച്ചു് ഊണു് കഴിക്കൂ. എത്ര ദിവസമായി നീയൊന്നു ഉണ്ടിട്ടു്.
- മീനു:
- വരൂ ഏട്ടത്തി.
- ശാന്ത:
- വേണ്ട മീനൂ, നമുക്ക് വേറെ എങ്ങട്ടെങ്കിലും പോകാം. ഇവിടെ വേണ്ട. ഇതു് നരകാണു്. നരകം! ഇവിടെ കഴിച്ചു കൂട്ടാൻ വയ്യ.
- മീനു:
- (തിരിച്ചുവന്നു്) എങ്ങട്ടു് പോകാനേട്ടത്തീ?
- ശാന്ത:
- എങ്ങോട്ടെങ്കിലും. എനിക്കിവിടെ ഒരു നിമിഷം പാർക്കാൻ വയ്യ. ശ്വാസം മുട്ടുന്നു. മീനു ശ്വാസം മുട്ടി മുട്ടി ഞാൻ മരിക്കും.
- മീനു:
- (പതുക്കെ പിന്നിൽ കൈചേർത്തു് തള്ളിക്കൊണ്ടു്) ഏട്ടത്തീ അകത്തേക്കു് നടക്കു. കുറച്ചു കഴിഞ്ഞിട്ടു് നമുക്കെവിടെ വേണന്നിച്ചാൽ പോകാം.
- ശാന്ത:
- നേരായിട്ടും പോവ്വ്വോ?
- മീനു:
- പോവും.
ഈ അവസരത്തിൽ പുറത്തുനിന്നു് ഭയങ്കരമായൊരു ശബ്ദം കേൾക്കുന്നു. നാരായണമേനോന്റെ ശബ്ദമാണതു്.
- നാരായണമേനോൻ:
- എവിടെ? എന്റെ തോക്കെവിടെ?
ശാന്തയൊഴിച്ചു് എല്ലാവരും ഞെട്ടിത്തിരിഞ്ഞുനോക്കുന്നു. ശാന്ത കളിക്കോപ്പുകൾ മാറോടണച്ചുപിടിച്ചു് കുഞ്ഞിനെ താലോലിക്കുമ്പോലെ താലോലിച്ചുകൊണ്ടു് ഒന്നും ശ്രദ്ധിക്കാതെ പതുക്കെ അകത്തേക്കു് കടന്നു പോകുന്നു.
നാരായണമേനോൻ ദുശ്ശാസനനെപ്പോലെ അലറിക്കൊണ്ടു് വരുന്നു.
- കല്യാണിക്കുട്ടിയമ്മ:
- (മീനുവിനെ പിടിച്ചു് തള്ളി) അകത്തു് പോവൂ മോളേ.
- മീനു:
- എന്തിനമ്മേ?
- കല്യാണിക്കുട്ടിയമ്മ:
- അച്ഛനാണാവരുന്നതു്.
- മീനു:
- അതിനു് ഞാൻ ഓടിപ്പോണോ? ഞാൻ പോവില്ല. ഇവിടെ നില്ക്കും. (ഉറച്ചു നില്ക്കുന്നു.)
നാരായണമേനോന്റെ അലർച്ചയ്ക്കു് പിന്നാലെ വേഷവും പ്രത്യക്ഷപ്പെടുന്നു. അങ്ങേയറ്റം കലികൊണ്ടിരിക്കുന്നു. വന്ന ഉടനെ കൈയിലുള്ള ശീലക്കുട ഒരു ഭാഗത്തു് വലിച്ചെറിയുന്നു. കല്യാണിക്കുട്ടിയമ്മ ഒന്നും മനസ്സിലാവാതെ അമ്പരക്കുന്നു.
- നാരായണമേനോൻ:
- എവിടെ? എവിടെയെന്റെ തോക്കു്? എവിടെയെന്നാ ചോദിച്ചതു്.
- കല്യാണിക്കുട്ടിയമ്മ:
- ഏന്തൊക്ക്യാ ഈ കാണിക്കുന്നതു്?
- നാരായണമേനോൻ:
- ഞാൻ മനസ്സിലാക്കിത്തരാം സകലതിനേം വെടിവെച്ചുകൊണ്ടു് ഈ വീട്ടിനു് ഞാനിന്നു് തീകൊളുത്തും.
- കല്യാണിക്കുട്ടിയമ്മ:
- കുറെ ഭേദം അതാണു്. ഇങ്ങനെ ജീവിച്ചതു് മതി.
- നാരായണമേനോൻ:
- മതിയാക്കിത്തരാം. ഒന്നിനേം ബാക്കിവെക്കാതെ ഞാനിന്നു കൊല്ലും.
- കല്യാണിക്കുട്ടിയമ്മ:
- എന്തിനേ ഇങ്ങനെ മേലോട്ടും കീഴോട്ടും ചാടുന്നതു്?
- നാരായണമേനോൻ:
- ഏ? ഏ? ചോദിക്കൂ നിന്റെ മോളോടു് ചോദിക്കൂ. ആ ഓമനപ്പുത്രിയോടു് ചോദിക്കൂ.
- കല്യാണിക്കുട്ടിയമ്മ:
- വെടിവെക്കാനും കൊല്ലാനും മറ്റും അവളെന്താ കുറ്റം ചെയ്തതു്. ഏ?
- നാരായണമേനോൻ:
- നിന്റെ മക്കളു് കുറ്റമല്ലാത്തതു് വല്ലതും ചെയ്തിട്ടുണ്ടോ? (മീനുവിനെ രൂക്ഷമായി നോക്കി) ഇവിടെ വാടി ഇവിടെ വാ.
- കല്യാണിക്കുട്ടിയമ്മ:
- ഇതാ അവളെ തല്ല്വേം മറ്റും ചെയ്യരുതേ.
- നാരായണമേനോൻ:
- തള്ളേ തല്ലിയാലൊന്നും അവളു് പഠിക്കില്ല. അവളെ ഞാനിന്നു് കൊല്ലും.
- മീനു:
- (അടുത്തേക്കു് വരുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- (നാരായണമേനോന്റേയും മീനുവിന്റേയും നടുവിലേക്കു വന്നു്) മോളേ, നീയകത്തേക്കു് പൊയ്ക്കോളൂ.
- മീനു:
- അച്ഛനെന്തിനേ വിളിച്ചതെന്നു് ചോദിക്കട്ടെ.
- നാരായണമേനോൻ:
- (പരിഹാസസ്വരത്തിൽ) എന്റെ പൊന്നുമോളെ കണ്ടു് സന്തോഷിക്കാൻ… (പല്ലുകടിച്ചു്) നിന്നോടെന്തേ ഞാൻ പറഞ്ഞതു്.
- മീനു:
- അച്ഛനെന്തേ പറഞ്ഞതു്?
- നാരായണമേനോൻ:
- പെണ്ണിനു് ഉശിരുണ്ടല്ലൊ. കാട്ടിത്തരാം ഞാൻ. നീ തോന്ന്യാസം കാട്ടരുതെന്നു് ഞാൻ പറഞ്ഞിട്ടില്ലേ?
- മീനു:
- ഞാനൊന്നും തോന്ന്യാസം കാട്ടീട്ടില്ല.
- നാരായണമേനോൻ:
- ഇല്ലേ? കാട്ടീട്ടില്ലേ? നിന്റെ ഏട്ടത്തീടെ വഴിക്കു് നീ പോവാൻ തുടങ്ങിയാൽ നിന്നെ ഞാൻ കൊല്ലുമെന്നു് പഠഞ്ഞിട്ടില്ലെ?
- മീനു:
- പറഞ്ഞിട്ടുണ്ടു്.
- നാരായണമേനോൻ:
- ആഹാ! നീ സമ്മതിക്കുന്നോ? എന്തേ നീയെന്നിട്ടു് കാട്ടിയതു്?
- മീനു:
- ഞാൻ എന്തേ കാട്ടിയതെന്നു് അച്ഛൻതന്നെ പറയൂ.
- നാരായണമേനോൻ:
- എടീ ഒരുത്തി ഇവിടെ അനാഥപ്രേതമായിട്ടു് കിടക്കുന്നതു് നീ കണ്ടില്ലേ? ഒരാണും പെണ്ണും കെട്ടവൻ അവളെ വശീകരിച്ചു് നശിപ്പിച്ചു. അതു് കണ്ടുകൊണ്ടല്ലേ നീയും ഈ അവിവേകത്തിനു് പുറപ്പെട്ടതു്.
- കല്യാണിക്കുട്ടിയമ്മ:
- അവളെന്തവിവേകത്തിനാ പുറപ്പെട്ടതു്?
- നാരായണമേനോൻ:
- അവളോടു് ചോദിക്കൂ.
- കല്യാണിക്കുട്ടിയമ്മ:
- വല്ലവരും വല്ലതും പറയുന്നതുകേട്ടു് ചാടിക്കളിക്കണോ? (മീനുവിനോടു് എന്താ മോളേ ഇപ്പറയുന്നതു്. നിനക്കു വല്ലതും അറിയോ?)
- മീനു:
- അറിയും അമ്മേ.
- നാരായണമേനോൻ:
- അ: കേട്ടില്ലേ? എന്താടീ പറ. കല്യാണിക്കുട്ടിയമ്മ: നിങ്ങൾ കേട്ടതെന്താ?
- നാരായണമേനോൻ:
- എനിക്കതു് വിചാരിക്കുമ്പോൾ കലി കേറുന്നു. ഇവൾ ആ ദുഷ്ടന്റെ അനിയനില്ലേ വേറൊരു തണ്ടുതപ്പി?
- കല്യാണിക്കുട്ടിയമ്മ:
- ആരു് മധുവോ?
- നാരായണമേനോൻ:
- അതെ, അവൻ തന്നെ ആ കഴുതതന്നെ. ഇവളവന്റെ വലയിലും പെട്ടിരിക്കുന്നു.
- കല്യാണിക്കുട്ടിയമ്മ:
- ഈശ്വരാ എന്തൊക്കെയാണീ കേൾക്കുന്നതു്. ആപത്തിനു് മേലേ ആപത്തു്. ഇതു് സത്യാണോ? മോളേ?
- മീനു:
- അതെ അമ്മെ.
- നാരായണമേനോൻ:
- ഫൂ! വായടക്കു്! എന്റെ ജീവനുള്ളപ്പോൾ ഞാനതു് സമ്മതിക്കില്ല.
- മീനു:
- സ്നേഹിക്കുന്നതൊരു കുറ്റമാണോ അച്ഛാ?
- നാരായണമേനോൻ:
- കൊല്ലുന്നതും ഒരു കുറ്റമല്ല. നിന്നെ ഞാൻ കൊല്ലും.
- മീനു:
- അച്ഛൻ കൊന്നോളു.
- നാരായണമേനോൻ:
- നിന്റെ സമ്മതം ഇല്ലാഞ്ഞിട്ടല്ല. എടീ നിന്നോടു് ഞാനൊരു പ്രാവശ്യംകുടി പറയുന്നു നീയവനെ സ്നേഹിക്കാൻ പാടില്ല.
- മീനു:
- അച്ഛാ ഞാൻ വിവാഹം വേണമെന്നു് പറയുന്നില്ല.
- നാരായണമേനോൻ:
- നീയെന്നെ അനുസരിക്കുന്നതാണു് നല്ലതു്. നീ അവനെ സ്നേഹിക്കാൻ പാടില്ല.
- മീനു:
- അച്ഛനതു് പറയരുതു്. സ്നേഹിക്കുന്നതിലെന്താണു് തെറ്റു്? നാരായണമേനോൻ:എന്തെടി പറഞ്ഞതു്. ഏ… ഏ? (പാഞ്ഞടുക്കുന്നു തല്ലുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- എനിക്കിതൊന്നും കാണാൻ വയ്യെ. അകത്തേക്കു് പൊയ്ക്കോളു മോളേ. (തള്ളിക്കൊണ്ടുപോകുന്നു.)
- നാരായണമേനോൻ:
- (ദേഷ്യം സഹിക്കാതെ) എവിടെ എന്റെ തോക്കു്, അവളെ കൊന്നിട്ടിന്നു കാര്യം. (ഓടി പത്തായപ്പുരയുടെ അകത്തേക്കു് കേറുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- (മീനുവിനെ തള്ളിക്കൊണ്ടു്) അകത്തുചെന്നു് എവിടെങ്കിലും ഒളിച്ചോളൂ… ദേഷ്യം പിടിച്ചാൽ അച്ഛന്റെ സ്വഭാവം അറിയില്ലേ?
- മീനു:
- എന്നെ കൊന്നോട്ടെ.
നാരായണമേനോന്റെ അട്ടഹാസം പത്തായപ്പുരയിൽനിന്നു കേൾക്കുന്നു.
- കല്യാണിക്കൂട്ടിയമ്മ:
- (പരിഭ്രമിച്ചു്) അതാ തോക്കുംകൊണ്ടാണു് വരുന്നതു്! ഇതൊക്കെ കാണാനും അനുഭവിക്കാനും യോഗം വന്നല്ലോ. നടക്കൂ! അകത്തേക്കു്. (ബലം പ്രയോഗിച്ചു് തള്ളി അകത്തേക്കു കൊണ്ടുപോകുന്നു. അകത്തുനിന്നു് വാതിലടച്ചു് സാക്ഷയിടുന്നു.)
(നാരായണമേനോൻ തോക്കുംകൊണ്ടു് പത്തായപ്പുരയിൽനിന്നു് പുറത്തേക്കു ചാടുന്നു. വാതിലിനുനേരെ ചെന്നപ്പോൾ അതടച്ചു് സാക്ഷയിട്ടതുകണ്ടു് കൂടുതൽ ശുണ്ഠിയെടുക്കുന്നു. വാതിലിന്നിടിച്ചുകൊണ്ടു് അലറുന്നു.) ഉം! തുറക്കാൻ, ഇല്ലെങ്കിൽ ഞാൻ ചവുട്ടിപ്പൊളിക്കും. ഉം! തുറക്കാൻ. (പിന്നേയും ഇടിക്കുന്നു.) ശങ്കരക്കുറുപ്പു് പുറത്തുനിന്നു് കടന്നുവരുന്നു. നാരായണമേനോന്റെ ശ്രദ്ധയാകർഷിക്കാൻവേണ്ടി ചുമയ്ക്കുന്നു. നാരായണമേനോൻ ചുമ കേട്ടു് തിരിഞ്ഞുനോക്കുന്നു. ശങ്കരക്കുറുപ്പിനെക്കണ്ടു് ആദ്യം അമ്പരക്കുന്നു. പിന്നീടു് ആ അമ്പരപ്പു മാറി, ശുണ്ഠിയും അവജ്ഞയും മുഖത്തു് നിഴലിക്കുന്നു. ശങ്കരക്കുറുപ്പു് നാരായണമേനോന്റെ മുഖത്തുനോക്കി ചിരിക്കുന്നു. നാരായണമേനോൻ മുഖം തിരിക്കുന്നു. ശങ്കരക്കുറുപ്പു് മുൻപോട്ടു് വരുന്നു. ഒരു കസേര അല്പം മുന്നോട്ടു് വലിച്ചിട്ടു് അതിലിരിക്കുന്നു. നാരായണമേനോൻ അസഹ്യമായവിധം നോക്കുന്നു. ഒന്നും മിണ്ടാതെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.
- ശങ്കരക്കുറുപ്പു്:
- (സ്നേഹാദരങ്ങളോടെ) എന്താ മേന്നേ ഇതു്?
- നാരായണമേനോൻ:
- (തിരിഞ്ഞുനിന്നു് രൂക്ഷമായി നോക്കുന്നു.) ഇതോ? മനസ്സിലായില്ലേ? തോക്കു്!
- ശങ്കരക്കുറുപ്പു്:
- അത്രമാത്രം മനസ്സിലായി.
- നാരായണമേനോൻ:
- അതിലപ്പുറവും മനസ്സിലാക്കണോ?
- ശങ്കരക്കുറുപ്പു്:
- വേണം.
- നാരായണമേനോൻ:
- ഇതിന്റെ പ്രയോജനമാണോ മനസ്സിലാക്കേണ്ടതു്?
- ശങ്കരക്കുറുപ്പു്:
- അതെ.
- നാരായണമേനോൻ:
- ഇതുവരെ മനസ്സിലായിട്ടില്ലെങ്കിൽ ഇനിയതു് മനസ്സിലാവില്ല.
- ശങ്കരക്കുറുപ്പു്:
- (അല്പമൊരു ചിരിയോടെ) ഇല്ല, എനിക്കു് തോക്കിന്റെ പ്രയോജനം മനസ്സിലാവില്ല.
- നാരായണമേനോൻ:
- അതു് നിങ്ങളുടെ കുറ്റമല്ല.
- ശങ്കരക്കുറുപ്പു്:
- പിന്നെ?
- നാരായണമേനോൻ:
- ഇതു മനുഷ്യരുടെ ആയുധമാണു്.
- ശങ്കരക്കുറുപ്പു്:
- എന്നുവെച്ചാൽ ഞാൻ മനുഷ്യനല്ലെന്നോ? (നേരിയചിരി) അങ്ങനെയെങ്കിൽ അങ്ങനെ. മനുഷ്യർക്കു് ഇതത്രമേൽ ഒഴിച്ചുകൂടാത്തതാണോ?
- നാരായണമേനോൻ:
- മൃഗങ്ങൾക്കായുധം വേണ്ട. അവയ്ക്കു് കൊമ്പും നഖവും തേറ്റയുമൊക്കെ ദൈവംതന്നെ കൊടുത്തിട്ടുണ്ടു്.
- ശങ്കരക്കുറുപ്പു്:
- അപ്പോൾ, മൃഗങ്ങൾക്കു് കൊമ്പും നഖവും തേറ്റയുമുള്ളതിന്നു് പകരമാണോ മനുഷ്യർക്കീ തോക്കു്?
- നാരായണമേനോൻ:
- (മിണ്ടുന്നില്ല.)
- ശങ്കരക്കുറുപ്പു്:
- തോക്കുണ്ടായാൽ മനുഷ്യൻ മൃഗത്തിനു് സമമായി, എന്നുവെച്ചാൽ തുല്യമായി, എന്നല്ലേ നിങ്ങൾ പറഞ്ഞതു്? (ഒന്നു കൂടി ഭംഗിയായി ചിരിച്ചു് ശബ്ദം മയപ്പെടുത്തി ചോദിക്കുന്നു.) അലോഗ്യം തോന്നരുതു്; നാരായണമേനോൻ എന്തിനേ ഇപ്പോൾ മൃഗത്തിനു് തുല്യമായതു്?
- നാരായണമേനോൻ:
- (അകത്തുള്ള നീരസവും വെറുപ്പും മുഴുവൻ പുറത്തുകാട്ടിക്കൊണ്ടു്) ഞാൻ മൃഗങ്ങളെ കൊല്ലാൻ പുറപ്പെട്ടതാണു്.
- ശങ്കരക്കുറുപ്പു്:
- ഈ വീട്ടിൽ മൃഗങ്ങളുണ്ടോ?
- നാരായണമേനോൻ:
- ഉള്ളതെല്ലാം മൃഗങ്ങളാണു്.
- ശങ്കരക്കുറുപ്പു്:
- എന്നാൽ അവരുടെ കൈയിലെല്ലാം ഓരോ തോക്കുു കാണുമല്ലോ.
- നാരായണമേനോൻ:
- തോക്കോ, വാളോ എന്തു് കണ്ടാൽ നിങ്ങൾക്കെന്തു വേണം? നിങ്ങളെന്തിനിവിടെ വന്നു, അതു പറയൂ.
- ശങ്കരക്കുറുപ്പു്:
- നിങ്ങളെ കാണാൻ.
- നാരായണമേനോൻ:
- ആവശ്യം?
- ശങ്കരക്കുറുപ്പു്:
- പലതുമുണ്ടു്.
- നാരായണമേനോൻ:
- വേഗം പറഞ്ഞുതീർക്കൂ.
- ശങ്കരക്കുറുപ്പു്:
- ഇങ്ങിനെ ക്ഷോഭിച്ചു് ആയുധവുമേന്തി നില്ക്കുന്നവരോടു് വല്ലതും പറഞ്ഞിട്ടു് കാര്യമുണ്ടോ?
- നാരായണമേനോൻ:
- ഇല്ലെങ്കിൽ വേണ്ട.
- ശങ്കരക്കുറുപ്പു്:
- ആദ്യം ആ ക്ഷോഭം കുറച്ചൊതുക്കൂ.
- നാരായണമേനോൻ:
- സാധ്യമല്ല.
- ശങ്കരക്കുറുപ്പു്:
- പിന്നെ ആയുധം ഉപേക്ഷിക്കൂ.
- നാരായണമേനോൻ:
- എന്നിട്ടു് കീഴടങ്ങുകയോ?
- ശങ്കരക്കുറുപ്പു്:
- ആയുധം ഉപേക്ഷിക്കാൻ പറഞ്ഞതു് കീഴടങ്ങാനല്ല. ആയുധം ഒരു ഭീഷണിയാണു്. ആ ഭീക്ഷണി ഉപേക്ഷിക്കാനേ പറഞ്ഞുള്ളു.
- നാരായണമേനോൻ:
- സാധ്യമല്ല. ഭീഷണിപ്പെടുത്താതെ ഇവിടെ ജീവിക്കാൻ പറ്റില്ല.
- ശങ്കരക്കുറുപ്പു്:
- (എഴുന്നേറ്റു് നാരായണമേനോന്റെ അടുത്തുചെന്നു്) ഇതിലും വലിയൊരു തോക്കു് എന്റെ കൈയിലുണ്ടായാൽ വലിയ ഭീഷണി എന്റേതായില്ലേ? അപ്പോൾ ആയുധത്തിനു് ശക്തിയുണ്ടെന്നു് പറഞ്ഞതു് വെറുതെയല്ലേ?
- നാരായണമേനോൻ:
- (മനസ്സിലാവാത്ത മട്ടിൽ) എന്തു്?
- ശങ്കരക്കുറുപ്പു്:
- വലിയ ആയുധമെവിടെയുണ്ടോ, കൂടുതൽ ആയുധമെവിടെയുണ്ടോ ജയം അവിടെയായിരിക്കും.
- നാരായണമേനോൻ:
- നിങ്ങളെന്നെ വാദിച്ചു് ജയിക്കാൻ വന്നതാണോ?
- ശങ്കരക്കുറുപ്പു്:
- അല്ല.
- നാരായണമേനോൻ:
- എന്നാൽ മിണ്ടാതെ കടന്നുപോയ്ക്കോളൂ. ഇതെന്റെ കുടുംബകാര്യമാണു്. ഇതിൽ പുറമേയുള്ളവർക്കു് കൈയിടേണ്ട ആവശ്യമില്ല.
- ശങ്കരക്കുറുപ്പു്:
- കുടുംബത്തു് വെട്ടിക്കൊലയും വെടിവെപ്പും നടക്കുമ്പോൾ പുറമമയുള്ളവർ കൈയും കെട്ടി നോക്കിനില്ക്കണോ?
- നാരായണമേനോൻ:
- വേണ്ടിവരും.
- ശങ്കരക്കുറുപ്പു്:
- രാജ്യകാര്യങ്ങളിൽക്കൂടി ഇന്നതു് പതിവില്ല; ഇക്കാലത്തു് തോന്നുമ്പോലെ പ്രവർത്തിക്കാൻ ആർക്കും അധികാരമില്ല…
- നാരായണമേനോൻ:
- അധികാരമുണ്ടോ ഇല്ലയോ എന്നു് ഞാനൊന്നു നോക്കട്ടെ.
- ശങ്കരക്കുറുപ്പു്:
- അതിരിക്കട്ടെ… ആയുധംകൊണ്ടുള്ള ജയം മനുഷ്യന്റേതല്ലെന്നു് നിങ്ങൾ സമ്മതിക്കുന്നോ?
- നാരായണമേനോൻ:
- നിങ്ങളുടെ അഭിപ്രായത്തിനു് സമ്മതം മുളാൻ വേറെ ആളെ അന്വേഷിച്ചോളൂ.
- ശങ്കരക്കുറുപ്പു്:
- ഈ തോക്കുണ്ടായിട്ടും നിങ്ങൾക്കു് കണക്കിലേറെ ശുണ്ഠിയുണ്ടായിട്ടും, ഉതുവരെ നിങ്ങൾക്കെന്തു് നേടാൻ കഴിഞ്ഞു?
- നാരായണമേനോൻ:
- (കലശലായ ശുണ്ഠിയോടെ നോക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- കുടുംബംഗങ്ങളെപ്പോലും ജയിക്കാൻ നിങ്ങൾക്കു് കഴിഞ്ഞില്ലേ.
- നാരായണമേനോൻ:
- (കലിതുള്ളി) എങ്ങനെ കഴിയും? നിങ്ങളെപ്പോലുള്ളവർ ഗുരുത്വവും മര്യാദയുമില്ലാത്ത ആൺമക്കളെ കെട്ടഴിച്ചു വിട്ടാൽ?
- ശങ്കരക്കുറുപ്പു്:
- അപ്പറഞ്ഞതു് മുഴുവൻ ശരിയല്ല. അവർക്കു് ഗുരുത്വവും മര്യാദയുമുണ്ടോ എന്നു് തിരുമാനിക്കേണ്ടതു് അവരുടെ നടപടിക്രമംകൊണ്ടാണു്.
- നാരായണമേനോൻ:
- (ഒട്ടും ശ്രദ്ധിക്കാതെ) എന്നിട്ടു് ആ മക്കൾ മറ്റുള്ളവരുടെ കുടുംബത്തിൽ ആപത്തും അപമാനവുമുണ്ടാക്കുക.
- ശങ്കരക്കുറുപ്പു്:
- (ശാന്തസ്വരത്തിൽ വിളിക്കുന്നു) മോന്നേ?
- നാരായണമേനോൻ:
- (കേൾക്കാതെ) അവരെന്റെ കുടുംബം നശിപ്പിച്ചു. എന്നെ അപമാനിച്ചു. എല്ലാം കഴിഞ്ഞു് നിങ്ങളിവിടെ വന്നു് എന്നോടു് ആയുധം വെക്കാൻ പറയുന്നു.
- ശങ്കരക്കുറുപ്പു്:
- ആയുധമാണു് നിങ്ങളെ തോല്പിച്ചതു്.
- നാരായണമേനോൻ:
- എന്റെ ശുണ്ഠി വർദ്ധിക്കുന്നുണ്ടു്. ഞാൻ അവിവേകം വല്ലതും കാണിക്കും.
- ശങ്കരക്കുറുപ്പു്:
- (ശ്രദ്ധിക്കാതെ) ആയുധത്തിന്റെ കാലം കഴിഞ്ഞു.
- നാരായണമേനോൻ:
- (ഉറക്കെ) ഇല്ല.
- ശങ്കരക്കുറുപ്പു്:
- മേന്നേ, ഇനിയെങ്കിലും നിങ്ങളാലോചിക്കൂ. സമയം വൈകീട്ടില്ല. ഇവിടെ കൊലയല്ല ആവശ്യം, രക്ഷയാണു്. രണ്ടു് കുടുംബം ഇരുപുറത്തുനിന്നും വേവുന്നു. പതുക്കെപ്പതുക്കെ നശിക്കുന്നു. നിങ്ങൾ തോക്കും പിടിച്ചു് നടുവിൽ നില്ക്കുന്നു. അതു് വലിച്ചെറിഞ്ഞു് കൈ ശുദ്ധമാക്കി. എന്റെ കൂടെ വരൂ. ഈ പ്രശ്നങ്ങളൊക്കെ ഒരു നിമിഷംകൊണ്ടു് പരിഹരിക്കാം.
- നാരായണമേനോൻ:
- (പുച്ഛവും ഈർഷ്യയും കലർന്ന സ്വരത്തിൽ) ഓ? വേദാന്തം പറയാൻ വന്നിരിക്കുന്നു! ഇവിടെനിന്നു് പറിച്ചുകൊണ്ടുപോയ ആ കുട്ടിയെ എല്ലാവരുംകൂടികൊന്നില്ലേ.
- ശങ്കരക്കുറുപ്പു്:
- ഇല്ലല്ലൊ. അതിന്റെ രക്ഷയുംകുടിയാണു് ഞാനാവശ്യപ്പെടുന്നതു്. ഈ തോക്കുകൊണ്ടു് പ്രശ്നങ്ങൾ പരിഹരിക്കാമെന്നു് കരുതുന്നതു് വിഡ്ഢിത്തമാണു്.
- നാരായണമേനോൻ:
- ആ കുട്ടി ജീവിക്കണമെന്നില്ല. മരിക്കട്ടെ; കൂട്ടത്തിൽ ഇവിടെയുള്ളവരും മരിക്കും.
- ശങ്കരക്കുറുപ്പു്:
- അതെങ്ങനെ?
- നാരായണമേനോൻ:
- ഞാൻ കൊല്ലും. ഇനി നിങ്ങളുടെ മക്കൾക്കു് എന്റെ കുടുംബത്തെ അപമാനിക്കാൻ കഴിയരുതു്.
- ശങ്കരക്കുറുപ്പു്:
- ഉചിതമായ തീരുമാനം! എല്ലാവരേയും കൊന്നിട്ടു് പ്രശ്നം പരിഹരിക്കുക… ഇരിക്കട്ടെ, നിങ്ങളുടെ ഈ വഴക്കിലൊന്നും പെടാത്ത ആ ചെറിയ കുട്ടിയുണ്ടല്ലൊ. അതിന്റെ രക്ഷയോർത്തെങ്കിലും ഞാൻ പറയുന്നതു് കേൾക്കൂ.
- നാരായണമേനോൻ:
- വേണ്ട, എല്ലാറ്റിനേയും രക്ഷിക്കാനാണീ തോക്കു്.
- ശങ്കരക്കുറുപ്പു്:
- (സഹികെട്ടു്) പിന്നേയും നിങ്ങൾ തോക്കിന്റെ കാര്യം പറയുന്നു.
- നാരായണമേനോൻ:
- (ഓടി അടുത്തുചെന്നു് തോക്കു് പൊക്കിപ്പിടിച്ചു് പറയുന്നു) നോക്കിക്കോളൂ, ഈ തോക്കുകൊണ്ടു്, ഞാനിതിനൊക്കെ പരിഹാരം കാണും…
പെട്ടെന്നു് പിറകിൽനിന്നു് വാതിൽ തുറക്കുന്ന ശബ്ദം കേട്ടു് രണ്ടുപേരും തിരിഞ്ഞുനോക്കുന്നു. ശാന്ത, ഏതാണ്ടൊരു ചിത്തഭ്രമക്കാരിയെപ്പോലെ, തുറന്ന വാതിലിലൂടെ, പതുക്കെ അടിവെച്ചു് മുൻപോട്ടു് വരുന്നു. തലമുടി അഴിച്ചു് പിറകിലോട്ടിട്ടതു് കാറ്റിൽ പാറിപ്പറക്കുന്നു. കൊലമരത്തിലേക്കു നീങ്ങുന്ന ഒരു തടവുപുള്ളിയുടെ നോട്ടവും ഭാവവും. കളിക്കോപ്പുകൾ മാറോടടുപ്പിച്ചു പിടിച്ചിട്ടുണ്ടു്.
- ശങ്കരക്കുറുപ്പു്:
- (ശാന്തയെക്കണ്ടു് സഹിക്കാനാവാത്ത വേദനയോടെ കസേരയിലിരിക്കുന്നു.)
- നാരായണമേനോൻ:
- (ശുണ്ഠി വർദ്ധിച്ചു് തോക്കുയർത്തി ശാന്തയുടെ നേർക്കു് തിരിഞ്ഞു് ഗർജിക്കുന്നു) ഉം! അകത്തേക്കു പോകാൻ.
- ശാന്ത:
- (പതുക്കെപ്പതുക്കെ മുൻപോട്ടു് വരുന്നു.)
- നാരായണമേനോൻ:
- (പിന്നേയും ഗർജിക്കുന്നു) ശാന്തേ, അകത്തേക്കു് പോകാൻ! ഇനി ഒരടി മുൻപോട്ടുവെച്ചാൽ നിന്നെ ഞാൻ പുകച്ചുകളയും.
- ശാന്ത:
- (തെല്ലിട ഒന്നും മനസ്സിലാവാതെ പകച്ചുനില്ക്കുന്നു.)
- കല്യാണി:] (ഓടിവന്നു് ശാന്തയെ പിടിക്കുന്നു.) പോരൂ മോളേ, അകത്തേക്കു പോരൂ.
- നാരായണമേനോൻ:
- (കൂടുതൽ ഉച്ചത്തിൽ ഗർജിക്കുന്നു) അമ്മയോടും മകളോടുമാണു് പറയുന്നതു്; അകത്തേക്കു് പോകാൻ! വെറുതെ മരിക്കേണ്ട.
- ശാന്ത:
- (കല്യാണിക്കുട്ടിയമ്മയുടെ പിടിവിടുവിച്ചു് മുൻപോട്ടു് നടക്കുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- (അന്തംവിട്ടു് നില്ക്കുന്നു.)
- ശാന്ത:
- (നടന്നു് മുൻപോട്ടു് വരുന്നു. ശങ്കരക്കുറുപ്പിന്റേയും നാരായണമേനോന്റേയും മധ്യത്തിൽ വന്നു് നില്ക്കുന്നു. രണ്ടു പേരേയും മാറി മാറി നോക്കുന്നു. നോക്കുന്തോറും മുഖത്തു് വേദന മുറ്റിക്കൂടുന്നു. ക്രമേണ ആ കണ്ണുകൾ നിറയുന്നു. രണ്ടു കവിളിലും കണ്ണുനീർ കുത്തിയൊലിക്കുന്നു. തേങ്ങൽ വ്യക്തമായി കേട്ടുതുടങ്ങുന്നു. ശങ്കരക്കുറുപ്പിനെ ഇമവെട്ടാതെ തെല്ലിട നോക്കിനില്ക്കുന്നു. നിയന്ത്രണം വിട്ടു് മുൻപോട്ടു് ചായുന്നു. ശങ്കരക്കുറുപ്പിന്റെ കാലിൽ കെട്ടിപ്പിടിച്ചു് തേങ്ങിത്തേങ്ങി കരയുന്നു.)
- ശങ്കരക്കുറുപ്പു്:
- (സഹിക്കാൻ പാടില്ലാത്ത ദുഃഖത്തോടെ ചുണ്ടു് കടിച്ചമർത്തുന്നു. ശാന്തയുടെ മൂർധാവിൽ വാത്സല്യത്തോടെ തടവിക്കൊണ്ടു് വിളിക്കുന്നു.) മോളേ…
- ശാന്ത:
- (അപ്പോഴും വിങ്ങി വിങ്ങി കരയുകയാണു്.)
- നാരായണമേനോൻ:
- (ആ രംഗം കണ്ടു് പകയ്ക്കുന്നു. സന്താനവാത്സല്യത്തിന്റെ ആത്യന്തികഭാവം, ആ സമ്മേളനത്തിലയാൾ കണ്ടെത്തുന്നു. ശാന്തയെ ചുട്ടുപുകയ്ക്കാനുയർത്തിയ തോക്കു് തനിയെ താഴുന്നു. തലചുറ്റി താഴെ വീണുപോകാതിരിക്കാനുള്ള ഒരു ഊന്നുവടിയായി അയാളതിനെ ഉപയോഗപ്പെടുത്തുന്നു.)
- ശങ്കരക്കുറുപ്പു്:
- മോളേ, കരയാതിരിക്കൂ.
- ശാന്ത:
- (മുഖമുയർത്തി ശങ്കരക്കുറുപ്പിനെ നോക്കുന്നു.) വയ്യച്ഛാ, വീർപ്പുമുട്ടുന്നു എനിക്കിത്തിരി ശുദ്ധവായു ശ്വസിക്കേണ്ടിയിരുന്നു.
- ശങ്കരക്കുറുപ്പു്:
- അതേ മോളേ, നീ പറഞ്ഞതു് ശരിയാണു്. ഇവിടുത്തെ വായുവിൽ വെടിമരുന്നിന്റെ ദുർഗന്ധമുണ്ടു്. എങ്ങനെ വീർപ്പുമുട്ടാതിരിക്കും. (സ്നേഹവും ശാന്തിയും തുളുമ്പുന്ന സ്വരത്തിൽ) ശാന്തേ, സമാധാനിക്കൂ മോളേ.
- ശാന്ത:
- വീർപ്പുമുട്ടി ഞാൻ മരിക്കാറായച്ഛാ. എന്നെ രക്ഷിക്കൂ.
- ശങ്കരക്കുറുപ്പു്:
- മോളെ, നിന്നെ മാത്രമല്ല, വീർപ്പുമുട്ടുന്നവരെ മുഴുവൻ എനിക്കു് രക്ഷിക്കണമെന്നുണ്ടൂ്. നീയാ കണ്ണീരു് തുടയ്ക്കൂ. അച്ഛനതു് കാണാൻ വയ്യ. (ശാന്തയുടെ കവിളിലെ കണ്ണീർ ഒപ്പിക്കൊടുക്കുന്നു.)
- നാരായണമേനോൻ:
- (സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും പരിമളം പരക്കുന്ന ആ രംഗത്തു് അല്പാല്പം ശ്വാസംമുട്ടലനുഭവിച്ചു് വിഷമിക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- എല്ലാവരേയും വെടിമരുന്നിന്റെ ദുർഗന്ധമില്ലാത്ത അഭയക്രേന്ദത്തിലേക്കു് അച്ഛൻ കൊണ്ടുപോകാം.
- ശാന്ത:
- താമസിക്കരുതച്ഛാ. ഇനിയത്തെ വീർപ്പുമുട്ടലിൽ എല്ലാവരും മരിക്കും. (പെട്ടെന്നു് എന്തോ ഓർത്തപോലെ) എന്റെ പൊന്നുമോൻ ജീവനോടെ ഇരിപ്പുണ്ടോ അച്ഛാ?
- ശാന്ത:
- ഉണ്ടു് മോളെ, അവൻ ആരോഗ്യത്തോടെ വളരണം; വലുതാതാവണം. അതിനുള്ള വഴിതേടാനാണു് ഞാൻ വന്നതു്.
- ശാന്ത:
- (എഴുന്നേല്ക്കുന്നു; കണ്ണുതുടയ്ക്കുന്നു.) എഴുന്നേല്ക്കൂ അച്ഛാ, എനിക്കവനെ കാണണം. അവനെന്റെ പ്രാണനാണു് അവനെ വാരിയെടുത്തു് അവന്റെ കവിളത്തും നെറ്റിയിലുമെനിക്കുമ്മവെക്കണം. (മുഖത്തു് സന്തോഷം പരക്കുന്നു ഉടനെ മായുന്നു. ഗദ്ഗദസ്വരത്തിൽ പറയുന്നു) ഓ! അവനെ കാണാതെ കഴിച്ച ഒരോ നിമിഷവും!
- ശങ്കരക്കുറുപ്പു്:
- (പതുക്കെ എഴുന്നേൽക്കുന്നു) ശാന്തേ, എന്തബദ്ധമാണു് നിങ്ങളൊക്കെ കാണിച്ചതു്? ഒരു ശുണ്ഠിക്കു് ഒരു കൊലയെന്ന നിലയിൽ കാര്യങ്ങൾ നീങ്ങിയാൽ മനുഷ്യസമുദായം ഒടുങ്ങിപോവില്ലേ? അതുപോലെ ഒരു പിണക്കത്തിനൊരു വിവാഹമോചനമെന്ന നില വന്നാൽ ഒരു സ്ത്രീക്കെത്ര ഭർത്താക്കന്മാർ വേണം!
- ശാന്ത:
- അച്ഛാ, എനിക്കൊന്നുമറിഞ്ഞുകൂടാ.
- ശങ്കരക്കുറുപ്പു്:
- നിനക്കെന്നല്ല, ആർക്കും ഒന്നുമറിഞ്ഞുകുടാ. അറിഞ്ഞുകൂടാത്തതിനെച്ചൊല്ലിയാണു് വഴക്കധികവും.
- ശാന്ത:
- (തേങ്ങിക്കൊണ്ടു്) എനിക്കു് ഭർത്താവില്ലെങ്കിലും വേണ്ട എന്റെ കുട്ടിയും…
- ശങ്കരക്കുറുപ്പു്:
- എല്ലാം വേണം മോളെ. ഭർത്താവും കുട്ടിയും അച്ഛനും! എല്ലാം വേണം. (തിരിഞ്ഞുനിന്നു് നാരായണമേനവനോടു്) നാരായണമേന്നേ, ഈ കുട്ടിയെ ഞാൻ രക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾക്കു് വിരോധമില്ലെങ്കിൽ നിങ്ങളേയും.
- നാരായണമേനോൻ:
- (മിണ്ടാതെ തലതാഴ്ത്തി നില്ക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- വരൂ മോളെ, (ശാന്തയെ മുൻപിൽ നടത്തുന്നു. പിന്നാലെ നടക്കുന്നു. നാരായണമേനവന്റെ നേർക്കു് തിരിഞ്ഞു്) അച്ഛനമ്മമാരുടെ കൈകൾ അനുഗ്രഹിക്കാനുള്ളതാണു്; തോക്കു് പിടിക്കാനല്ല. നിങ്ങൾക്കിതൊന്നും മനസ്സിലാവുന്നില്ല; ഇല്ലേ? എങ്ങിനെ മനസ്സിലാവും; ശരീരത്തോടൊപ്പം മനസ്സും വളരാഞ്ഞാൽ? ഇനിയെങ്കിലും നിങ്ങളാലോചിക്കൂ? നിങ്ങൾക്കുതന്നെ നിങ്ങളെ രക്ഷിക്കാൻ കഴിയും.
മുൻപോട്ടു് നടക്കുന്നു. രണ്ടുപേരും രംഗത്തുനിന്നു് പുറമേക്കു് പോകുന്നു; നാരായണമേനോന്റെ കൈയിൽനിന്നു് പിടിവിട്ടു് തോക്കു് താഴെ വീഴുന്നു.)
—യവനിക—