images/tkn-puthuppanam-kotta-cover.jpg
A navy sloop in action, an oil on canvas painting by Richard Paton (1717–1791).
രംഗം 9

ഇരിങ്ങൽകൊട്ടാരം.

സാമൂതിരിപ്പാടു് സിംഹാസനത്തിലിരിക്കുകയാണു്. ചുറ്റുപാടും കുരുത്തോലകളും മറ്റും തൂക്കി അലങ്കരിച്ചു് ഒരു ഉത്സവച്ഛായ വരുത്തീട്ടുണ്ടു്. കാര്യക്കാർ കടന്നു് വരുന്നു. തൊഴുതു് കുമ്പിടുന്നു.

സാമൂതിരി:
സാമന്തന്മാരും നാടുവാഴികളുമൊക്കെ കടൽത്തീരത്തേക്കു പോയില്ലേ?
കാര്യക്കാർ:
എല്ലാവരും പോയിട്ടുണ്ടു്, തിരുമേനീ അയ്യായിരം നായന്മാർ കടൽത്തീരത്തുനിന്നു് കൊട്ടാരംവരെയുള്ള വഴിയിൽ രണ്ടു് വരിയായി നില്ക്കണമെന്നാണു് കല്പന. പിറകിൽ നാട്ടുകാരും.
സാമൂതിരി:
നമ്മുടെ നായന്മാരെ കാണുമ്പോൾ കപ്പിത്താനു് അമ്പരപ്പുണ്ടാവും ഇല്ലേ കാര്യക്കാർ? അപ്പോൾ ഈ വരുന്നതു് കപ്പിത്താൻ തന്നെയല്ലേ?
കാര്യക്കാർ:
കപ്പിത്താനും സൈന്യാധിപനും.
സാമൂതിരി:
രണ്ടാളുമോ?
കാര്യക്കാർ:
രണ്ടും ഒരാളാണു്.
സാമൂതിരി:
നല്ലതു്. എന്താ പേരു്?
കാര്യക്കാർ:
ബർട്ടാഡോ.
സാമൂതിരി:
ഓ ഉച്ചരിക്കാൻ വിഷമം. പേരു് വിളിക്കണോ കാര്യക്കാർ?
കാര്യക്കാർ:
ആവശ്യമില്ല.
സാമൂതിരി:
വഴിനീളേ തോരണം തൂക്കിട്ടില്ലേ?
കാര്യക്കാർ:
കടൽത്തീരം മുതൽ കൊട്ടാരമുറ്റംവരെ രത്നകമ്പളം വിരിച്ചിട്ടുണ്ടു്.
സാമൂതിരി:
(മുഖം പ്രസന്നമാവുന്നു.) നന്നായി! നമ്മുടെ അന്തസ്സു് കപ്പിത്താൻ മനസ്സിലാക്കട്ടെ.
കാര്യക്കാർ:
തിരുമേനീ, കണ്ണുണ്ടെങ്കിൽ കപ്പിത്താനതു് മനസ്സിലാക്കും. ഒരുക്കങ്ങൾ അത്ര കേമമാണു്. പട്ടുമേലാപ്പു് തുക്കിയ പന്തൽ അങ്ങുനിന്നിങ്ങോളമുണ്ടു്. വാൾക്കാരും കുന്തക്കാരും അകമ്പടിയുണ്ടാവും. കപ്പിത്താൻ നമ്മുടെ മണ്ണിൽ കാലുകുത്തുമ്പോൾ നൂറ്റൊന്നാചാരവെടി മുഴങ്ങും. പിന്നെ താലപ്പൊലിയും പഞ്ചവാദ്യവും.
സാമൂതിരി:
ഒരുക്കങ്ങളൊക്കെ പൊടിപ്പനായിടുണ്ട്. പറങ്കികളുമായി സന്ധിയിലേർപ്പെട്ടതിൽ നാം ഒട്ടും കുണ്ഠിതപ്പെടുന്നില്ല.
കാര്യക്കാർ:
തിരുമനസ്സുകൊണ്ടു് സന്തോഷിക്കണം. കടൽവഴി പറങ്കികളുടെ ശക്തിയും കരവഴി തിരുമനസ്സിലെ ശക്തിയും ഒന്നിച്ചു് നേരിടുമ്പോൾ കുഞ്ഞാലി എത്ര ദിവസം തടുത്തുനില്ക്കും? കവിഞ്ഞാൽ ഒരാഴ്ച.
സാമൂതിരി:
(സന്തോഷം) ഒരാഴ്ച അധികമാണു്.
കാര്യക്കാർ:
അടിയൻ കുറച്ചു് കൂട്ടിപ്പറഞ്ഞതാണു്. കുഞ്ഞാലിയുടെ ധിക്കാരം നാമാവശേഷമാവും. അവിടുത്തെ കാല്ക്കൽ വന്നുവീഴും.
അകലത്തു് കതിനവെടിയുടെ ശബ്ദം.
സാമൂതിരി:
(കപ്പിത്താൻ വന്നുതുടങ്ങി) അങ്ങട്ടു് ചെല്ലൂ. (കാര്യക്കാർ പോകാൻ തുടങ്ങുന്നു.) ഒരു സംശ്യം ചോദിക്കാൻ വിട്ടു. കപ്പിത്താൻ വരുമ്പോൾ നാം എഴുന്നേറ്റാദരിക്കണോ?
കാര്യക്കാർ:
തിരുമനസ്സുകൊണ്ടു് എഴുന്നേറ്റാദരിക്കാൻ കപ്പിത്താനാരാ?
സാമൂതിരി:
താൻ ചോദിച്ചതു് ശരിയാ.
കാര്യക്കാർ:
തിരുമനസ്സിലേക്കഹിതമില്ലെങ്കിൽ എഴുന്നേറ്റു് അന്തസ്സിലങ്ങട്ടു് ചെന്നു് എതിരേല്ക്കാം.
സാമൂതിരി:
അതും ശരിയാ. വേണമെങ്കിലങ്ങനെ ചെയ്യാം. പിന്നേയ് ഒരു കാര്യം പ്രത്യേകം മനസ്സിരുത്തണം. കപ്പിത്താൻ ഇങ്ങട്ടു് കടക്കുംമുൻപേ കാലും മുഖവുമൊക്കെ ശുദ്ധിവരുത്തണം. വിരോധമില്ലെങ്കിൽ കുളിതന്നെയാവാം. ഇവിടെ അതിനൊക്കെ സൗകര്യമുണ്ടല്ലൊ. ഇതിനൊന്നും അനുകൂലമല്ലെങ്കിൽ ‘തലപ്പണ്ണ’യെകൊണ്ടിത്തിരി പുണ്യാഹം തളിപ്പിച്ചിട്ടേ ഇങ്ങട്ടു് കയറ്റാവൂ.
കാര്യക്കാർ:
റാൻ! (പോകുന്നു.)
സാമൂതിരിപ്പാടു് തന്റെ ആടയാഭരണങ്ങളുടെ ചന്തം നോക്കി രസിക്കുന്നു. അപ്പോഴും തുടരെത്തുടരെ കതിനവെടി മുഴങ്ങുന്നു. പിന്നെ നിശ്ശബ്ദത. എങ്ങും ഒരനക്കമില്ല. അപ്പോൾ മങ്ങാട്ടച്ചൻ കടന്നുവരുന്നു. തൊഴുതു് കുമ്പിടുന്നു. സാമൂതിരിപ്പാടു് മങ്ങാട്ടച്ചനെ പ്രതീക്ഷിച്ചതല്ല. കണ്ടപ്പോൾ ആകെ അസുഖമായി.
സാമൂതിരി:
(കുശലം ചോദിക്കുന്നു) ആര്! മങ്ങാടനോ?
മങ്ങാട്ടച്ചൻ:
അതേ, തിരുമേനീ. അടിയനെക്കുണ്ടിട്ടു് മനസ്സിലായില്ലേ?
സാമൂതിരി:
മനസ്സിലാവാത്തതു് മങ്ങാടന്റെ നടപടിയാണു്. മങ്ങാടനെന്തിനിവിടെ വന്നു?
മങ്ങാട്ടച്ചൻ:
ഇന്നാട്ടിലിന്നെവിടെ ചെല്ലാനും അടിയന്നധികാരമുണ്ടു്.
സാമൂതിരി:
അതു് നാമോ നമ്മുടെ പൂർവികരോ അനുവദിച്ചുതന്നതാണു്.
മങ്ങാട്ടച്ചൻ:
കൈയിലുള്ള കാലത്തോളം ആ അധികാരം അടിയൻ പ്രയോഗിക്കും.
സാമൂതിരി:
(ശുണ്ഠിപിടിച്ചെഴുന്നേല്ക്കുന്നു) മങ്ങാടൻ!
മങ്ങാട്ടച്ചൻ:
(കൂസലില്ലാതെ) തിരുമേനീ!
സാമൂതിരി:
നാം കല്പിക്കുന്നു.
മങ്ങാട്ടച്ചൻ:
കല്പിക്കണം.
സാമൂതിരി:
ഒരു നിമിഷം താമസിക്കാതെ ഇവിടംവിട്ടു് പോയ്ക്കൊള്ളണം. ഈ കോവിലകം മാത്രമല്ല, ഇരിങ്ങൽദേശവും, കുറുമ്പനാടിന്റെ അതിർത്തിയും വിട്ടു് പോയ്ക്കൊള്ളണം. കേട്ടോ?
മങ്ങാട്ടച്ചൻ:
കേട്ടു.
സാമൂതിരി:
എന്താ താമസം?
മങ്ങാട്ടച്ചൻ:
ഒരുങ്ങിക്കഴിഞ്ഞു തിരുമേനീ. (വാൾ വലിച്ചൂരുന്നു. സാമൂതിരി അമ്പരക്കുന്നു) (സിംഹാസനത്തിനടുത്തേക്കു് ചെല്ലുന്നു. ആദരവോടെ വാൾ നീട്ടിപ്പിടിച്ചു്) ഈ ഉടവാൾ അങ്ങു് തിരിച്ചുവാങ്ങണം. ഈ നിമിഷം മുതൽ അടിയൻ പ്രധാന സചിവനല്ല. ഈ നാട്ടിൽ നടക്കുന്ന പാതകങ്ങൾക്കും അക്രമങ്ങൾക്കും സാക്ഷിയാവാൻ അടിയനു വയ്യ.
സാമൂതിരി:
മങ്ങാടൻ ആരോടാണു് സംസാരിക്കുന്നതെന്നു് മറക്കുന്നു.
മങ്ങാട്ടച്ചൻ:
ഇല്ല തിരുമേനീ. ചേരമാൻപെരുമാളോടു് ചത്തും കൊന്നും അടക്കിക്കൊള്ളാനുള്ള ഉത്തരവും അവിടുത്തെ കരസ്പർശംകൊണ്ടു് പരിപാവനമായ ഉടവാളും വാങ്ങി, മലനാട്ടിലൊരു മഹാസാമ്രാജ്യംതന്നെ കെട്ടിച്ചടുത്തുയർത്തിയ മാനവിക്രമസ്വരൂപത്തിന്റെ പ്രതിനിധിയോടാണടിയൻ സംസാരിക്കുന്നതു്.
സാമൂതിരി:
ഈ ചരിത്രമൊക്കെ വിസ്തതിക്കുന്നതു് സ്വന്തം അവിവേകത്തിനു് മറപിടിക്കാനാണോ?
മങ്ങാട്ടച്ചൻ:
അവിവേകമുണ്ടെങ്കിൽ അടിയന്റെ സ്ഥാനമിന്നിവിടെയല്ല. (നിവർന്നു് മുഖമുയർത്തി ഗൗരവത്തോടെ) അടിയൻ അവിവേകിയാണെന്നു് മുഖത്തുനോക്കി ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. ഈ ഉടവാളിന്റെ മഹത്ത്വം, ഈ ഞരമ്പുകളിലോടുന്ന രക്തം, അടിയനെ കുടുതൽ വിവേകിയാക്കുന്നു. തിരുമേനീ, ചരിത്രം അങ്ങെ പുച്ഛിക്കും.
സാമൂതിരി:
ചരിത്രത്തിന്റെ കാര്യം മങ്ങാടനല്ല തീരുമാനിക്കേണ്ടതു്.
മങ്ങാട്ടച്ചൻ:
ഈ നാടു മുടിക്കാനും നാട്ടുകാരെ അടിമകളാക്കാനും വന്ന ഒരു കൂട്ടം ദ്രോഹികളായ പിടിച്ചുപറിക്കാരെ അങ്ങുന്നു് നാടുമുഴുവൻ അലങ്കരിച്ചൊരുക്കി, കൊട്ടും കുരവയുമായി സ്വീകരിക്കുന്നു; അങ്ങയുടെ സ്വരൂപത്തെ പലപ്പോഴും ആപത്തിൽനിന്നു് രക്ഷിക്കുകയും വാണിജ്യവിഷയത്തിൽ കോഴിക്കോടിന്റെ പ്രശസ്തി ലോകം മുഴുവനെത്തിക്കുകയും ചെയ്ത മരയ്ക്കാർ കുടുംബത്തെ നശിപ്പിക്കാൻ അങ്ങിന്നു് പറങ്കികളുടെ സഹായം തേടുന്നു. സൗഹൃദം യാചിക്കുന്നു.
സാമൂതിരി:
(ക്ഷമ കെട്ടു്) അടങ്ങൂ മങ്ങാടൻ, അടങ്ങൂ. നമ്മുടെ ക്ഷമയ്ക്കും അതിരുണ്ടു്.
മങ്ങാട്ടച്ചൻ:
ക്ഷമ കെടുമ്പോൾ അങ്ങു് കീഴടങ്ങുകയാണു് പതിവു്. സ്വരൂപത്തിന്റെയും നാടിന്റെയും അഭിമാനം അങ്ങുന്നു് പറങ്കിക്കപ്പിത്താന്റെ കാൽക്കൽ സമർപ്പിക്കുന്നു. പൂർവികർ ആത്മത്യാഗമനുഷ്ഠിച്ചു് നേടിയ സല്പേരും ആഭിജാത്യവും അങ്ങു് കളഞ്ഞുകുളിച്ചു.
സാമൂതിരി:
ആരാ അവിടെ? ഈ ധിക്കാരിയെ പിടിച്ചു് കൊണ്ടുപോകാൻ ആരുമില്ലേ?
മങ്ങാട്ടച്ചൻ:
ആരും വരില്ല തിരുമേനീ എല്ലാവരും പറങ്കിക്കപ്പിത്താന്റെ കാൽപ്പൊടി നക്കാൻ പോയതാണു്. അങ്ങീ നാടിനു് അടിമത്തം മാത്രമല്ല; മറ്റൊരു നാശംകൂടി വരുത്തിവെക്കുകയാണു്. ഇവിടെ ഒരമ്മമക്കളെപ്പോലെ കഴിയുന്ന ഹിന്ദുക്കളേയും മാപ്പിളമാരേയും ആജന്മശത്രുക്കളാക്കും. ഈ നാശം ഇവിടെ അടങ്ങിനില്ക്കാതെ ആര്യാവർത്തത്തിനു് മുഴുവൻ ഭീഷണിയുണ്ടാക്കുമെന്നു് അടിയൻ ഭയപ്പെടുന്നു. (മുട്ടുകുത്തിയിരിക്കുന്നു. വാൾ നീട്ടിപ്പിടിക്കുന്നു.) ഇതിനി അഭിമാനത്തിന്റെ ചിഹ്നമല്ല; അപമാനത്തിന്റേതാണു് തിരുമേനീ! ഇതങ്ങേയ്ക്കു് തിരിച്ചെടുക്കാം. (അകലത്തു് പഞ്ചവാദ്യത്തിന്റെ ശബ്ദം കേൾക്കുന്നു. സാമൂതിരിപ്പാടു് അസ്വാസ്ഥ്യത്തോടെ മുഖം തിരിക്കുന്നു. മങ്ങാട്ടച്ചൻ വാൾ സിംഹാസനത്തിൽ ചാരിവെച്ചു് എഴുന്നേല്ക്കുന്നു. അതുവരെയുള്ള വികാരം നിയന്ത്രിച്ചു് ശാന്തനായി) സമയം വൈകീട്ടില്ല തിരുമേനീ. ഭയങ്കരമായ വിപത്തിൽ നിന്നു് നാടിനെ രക്ഷിക്കാൻ അങ്ങേക്കിനിയും കഴിയും.
പഞ്ചവാദ്യത്തിന്റെ ശബ്ദം കൂടിക്കൂടിവരുന്നു. സാമൂതിരിപ്പാടു് ശുണ്ഠിയും നൈരാശ്യവും മുഴുത്തു് ഗർജിക്കുന്നു.
സാമൂതിരി:
ആരുമില്ലേ ഈ ധിക്കാരിയെപ്പിടിച്ചു് കല്ലറയിലടയ്ക്കാൻ!
മങ്ങാട്ടച്ചൻ:
കല്പിച്ചാൽ അടിയൻതന്നെ ചെന്നു് കിടക്കാം. പക്ഷേ ഈ നാടിന്റെ ശാപം അതുകൊണ്ടു് തീരുന്നില്ലല്ലോ തിരുമേനീ! (കുമ്പിട്ടു് തൊഴുതു പിന്മാറി പോകുന്നു.)
സാമൂതിരിപ്പാടു് മങ്ങാട്ടച്ചൻ പോയ വഴിയിൽത്തന്നെ നോക്കിനില്ക്കുന്നു. ക്രമേണ പഞ്ചവാദ്യത്തിന്റെ ശബ്ദവും ജനബഹളവും ഉയർന്നു കേൾക്കുന്നു. കപ്പിത്താനെ എഴുന്നള്ളിച്ചുകൊണ്ടുവരുന്ന ഘോഷയാത്ര കൊട്ടാരത്തിന്നടുത്തെത്തിക്കഴിഞ്ഞു. സാമൂതിരിപ്പാടു് പരിഭ്രാന്തനാവുന്നു. എന്താണു് ചെയ്യേണ്ടതെന്നു് നിശ്ചയമില്ല. ജനബഹളവും പഞ്ചവാദ്യവും ഉച്ചത്തിലാവുന്നു. രണ്ടുംകല്പിച്ചു് സാമൂതിരിപ്പാടു് സിംഹാസനത്തിലിരിക്കുന്നു. അല്പനിമിഷത്തെ മുഴുത്ത ബഹളത്തെത്തുടർന്നു് ആദ്യം വിയർത്തൊലിച്ച കാര്യക്കാർ രംഗത്തെത്തുന്നു. പിന്നാലെ കപ്പിത്താനും. സാമൂതിരിപ്പാടു് അമ്പരന്നെഴുന്നേറ്റു് മുൻപോട്ടു് ചെല്ലുന്നു. എന്താണു് ചെയ്യേണ്ടതു്, പറയേണ്ടതു് എന്നു് നിശ്ചയമില്ല. കപ്പിത്താൻ ചിരിച്ചുകൊണ്ടു് മുൻപോട്ടു് വരുന്നു. തൊപ്പിയെടുത്താദരിക്കുന്നു.സാമൂതിരിപ്പാടിന്റെ കൈപിടിച്ചു് കുലുക്കുന്നു. കെട്ടിപ്പിടിച്ചു് കവിളിൽ ചുംബിക്കുന്നു. സാമൂതിരിപ്പാടു് ആകെ വിമ്മിഷ്ടപ്പെടുന്നു. ഈ ചടങ്ങുകളൊന്നും പ്രതീക്ഷിച്ചതല്ല. കപ്പിത്താൻ ചുംബിച്ച സ്ഥലത്തു് അറപ്പോടെ തൊട്ടുനോക്കുന്നു. അല്പം ശുണ്ഠിയോടെ പറയുന്നു.
സാമൂതിരി:
കാര്യക്കാർ! വെള്ളോട്ടുകിണ്ടിയിൽ വെള്ളമെടുക്കൂ. (തിരിഞ്ഞു് കപ്പിത്താനെ നോക്കി) ഇരിക്കൂ, ഇരിക്കൂ… (അകത്തേക്കു് പോകാൻ തുടങ്ങുന്നു. വാതിലിന്നടുത്തു് ചെന്നു് തിരിഞ്ഞുനിന്നു്) അല്ലെങ്കിൽ വേണ്ടാ, കാര്യാലോചനാമണ്ഡപത്തിലേക്കു് വരൂ കപ്പിത്താൻ. (അകത്തു് പോകുന്നു.)
കാര്യക്കാർ അഭിനയത്തിലൂടെ കപ്പിത്താനെ അകത്തേക്കു് നയിക്കുന്നു.

—യവനിക—

Colophon

Title: Puthuppaṇam kōṭṭa (ml: പുതുപ്പണം കോട്ട).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, പുതുപ്പണം കോട്ട, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 13, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A navy sloop in action, an oil on canvas painting by Richard Paton (1717–1791). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.