മരയ്ക്കാർകോട്ട. കുഞ്ഞാലിമരയ്ക്കാർ കപ്പിത്താന്റെ വേഷത്തിലാണു്. കുട്ട്യാലിക്കു് നിർദ്ദേശങ്ങൾ കൊടുക്കുന്നു. വീട്ടിന്റെ വരാന്തയിലാണു് നില്ക്കുന്നതു്. അകലെ അറബിക്കടൽ കാണാം.
- കുഞ്ഞാലിമരയ്ക്കാർ:
- (കടലിലേക്കു് ചുണ്ടി) അഴിമുഖത്തു് നമ്മുടെ കപ്പൽ പഴുതടച്ചു് നില്ക്കണം. പറങ്കിക്കപ്പൽ പുഴയിലേക്കു് നുഴഞ്ഞുകയറാൻ ശ്രമിക്കും. സമ്മതിക്കരുതു്. അഴിമുഖത്തിന്റെ ചുമതല നീയും ‘ചിന്നാലി’യും ഏറ്റെടുക്കണം. പട്ടണത്തിന്റെ രക്ഷ നമ്പ്യാരേറ്റെടുത്തിരിക്കുന്നു. ബാക്കി കാര്യങ്ങൾ എന്റെ ചുമതലയിലാണു്. പിന്നെ മറ്റൊരു കാര്യം, നമുടെ കുറച്ചു് കപ്പലും ആൾക്കാരും ‘വെള്ള്യാൻ കല്ലി’ലുണ്ടാവണം. തരംകിട്ടുമ്പോഴൊക്കെ പിറകിൽ നിന്നു് അവർ പറങ്കികളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കണം. എല്ലാം വിചാരിച്ചതുപോലെ നടന്നാൽ ഇക്കുറിയും തമ്പുരാനും പറങ്കികകളും മടങ്ങേണ്ടിവരും. പടച്ചോൻ ആവതാക്കട്ടെ. (മുഖത്തു് ഗൗരവം നിഴലിക്കുന്നു. മുൻപോട്ടു് നടക്കുന്നു.)
- കുട്ട്യാലി:
- (ഒപ്പം നടന്നുകൊണ്ടു്) കോഴിക്കോട്ടു പോയ കുറുപ്പു് വന്നില്ലല്ലോ? (കുഞ്ഞാലിമരയ്ക്കാർ ഉത്തരം പറയുന്നില്ല) വല്ല ആപത്തും പറ്റിയോ?
- കുഞ്ഞാലിമരയ്ക്കാർ:
- ആപത്തു് പറ്റിയാൽ അതവിടം കൊണ്ടവസാനിക്കുന്നില്ല. നാടിന്നാകെ ആപത്തിന്റെ ലക്ഷണമാണു്. ഇല്ലെങ്കിൽ, തമ്പുരാനും പറങ്കികളും യോജിക്കുമെന്നു് നിനക്കു് തോന്നുന്നുണ്ടോ? പലരും പേടിച്ചു് പറങ്കികൾക്കു് കീഴടങ്ങി. കോഴിക്കോടുമാത്രം തലപൊക്കി നിന്നു. ചവിട്ടാൻ പൊക്കിയകാലിലാണു് തമ്പുരാൻ കേറിപ്പിടിച്ചതു്. എന്നിട്ടതു് തലയിൽവെച്ചു. എടാ, ഇനി ആണുങ്ങൾക്കു് പറഞ്ഞതു് യുദ്ധം ചെയ്തു് മരിക്കലാണു്… പറങ്കികളുടെ അടിമയായി കപ്പലിൻതണ്ടു് വലിക്കാൻ നീ ഒരുക്കമുണ്ടോ? (കുട്ട്യാലി അന്തംവിട്ടു് നോക്കിനില്ക്കുന്നു.) ഇല്ല… യുദ്ധമാണു് നല്ലതു്. കൈയിൽക്കിട്ടുന്ന പറങ്കികളെ മുഴുവനും വെട്ടിക്കൊന്നു് മരിക്കാം. (പിന്നേയും സാവകാശത്തിൽ നടക്കുന്നു. അല്പം ശാന്തത കൈക്കൊണ്ടു്) കുറുപ്പു് നല്ലവനായിരുന്നു. അതുപോലെ കുറുമ്പ്രനാട്ടിൽ വേറേയും നായന്മാരുണ്ടു്; ഉശിരുള്ള നായന്മാർ. കുറുപ്പുണ്ടെങ്കിൽ അവരെയൊക്കെ കൂട്ടിപ്പിടിച്ചു് പറങ്കികളോടുള്ള ഈ യുദ്ധത്തിൽ നമ്മളെ സഹായിക്കുമായിരുന്നു. (ഒരു നിഴലുപോലെ ഉമ്മ നടന്നുവരുന്നു. കുട്ട്യലിയും കുഞ്ഞാലിമരയ്ക്കാരും കാണുന്നില്ല. രണ്ടുപേരുടേയും പിറകിൽ വന്നു് മിണ്ടാതെ നിൽക്കുന്നു.) ഈ യുദ്ധത്തിൽ മങ്ങാട്ടച്ചന്റെ സഹായമില്ലാത്തതുകൊണ്ടു് നായന്മാർ മനസ്സുകൊണ്ടു് നമ്മളെ എതിർക്കില്ല. അതു് വലിയൊരാശ്വാസമാണു്. കരയിലുള്ള യുദ്ധം അത്ര പേടിക്കാനില്ല. കടലാണു് കാര്യം. അതു് നീയും ചിന്നാലിയും മറക്കരുതു്. (തിരിഞ്ഞു് നടക്കുന്നു. പെട്ടെന്നു് ഉമ്മയെ കാണുന്നു. കഴിയുന്നതും മുഖഭാവം മറച്ചുപിടിച്ചു് വിളിക്കുന്നു.) ഉമ്മാ…
- ഉമ്മ:
- (നെടുവീർപ്പു്) പറഞ്ഞുപറഞ്ഞു് പിന്നേയും പട വന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- (ലാഘവത്തോടെ) ഓ! സാരമില്ലുമ്മാ. ഒന്നും പേടിക്കാനില്ല. ഒരാപത്തും വരില്ല.
- ഉമ്മ:
- ഉമ്മയ്ക്കുങ്ങനെ സമാധാനിക്കാൻ പറ്റ്വോ മോനേ?
- കുഞ്ഞാലിമരയ്ക്കാർ:
- നമ്മക്കു് അറയ്ക്കൽ രാജാവിന്റെ സഹായമുണ്ടു്. പിന്നെ, മങ്ങാട്ടച്ചൻ ഈ യുദ്ധത്തിനു് എതിരാണുമ്മാ.
- കൂട്ട്യാലി:
- (അകലത്തു് നോക്കി) അതാ, കുറുപ്പു്.
- കുഞ്ഞാലിമരയ്ക്കാർ:
- ആരു്! കുറുപ്പോ? (നോക്കുന്നു. ആവേശത്തോടുകൂടി മുൻപോട്ടു് നടക്കുന്നു. കുറുപ്പു് മാധവിയോടൊപ്പം കടന്നുവരുന്നു.) കുറുപ്പേ! (രണ്ടു് കൈയും പൊക്കി മുൻപോട്ടടുക്കുന്നു.) (കുറുപ്പും കുഞ്ഞാലിമരയ്ക്കാരും കെട്ടിപ്പിടിക്കുന്നു. ഉമ്മയും കുട്ട്യാലിയും സന്തോഷത്തോടെ നോക്കിനില്ക്കുന്നു.) എന്താണു് വിശേഷം കുറുപ്പേ! ഇതാരാണു്?
- കുറുപ്പു്:
- ഇവളാണെന്നെ രക്ഷിച്ചതു് പേരു് മാധവി.
- കുഞ്ഞാലിമരയ്ക്കാർ:
- രക്ഷിച്ചതോ? കുറുപ്പിനെന്താപത്തുപറ്റി?
- കുറുപ്പു്:
- ഞാൻ സാമൂതിരിപ്പാട്ടിലെ കല്ലറയിലായിരുന്നു. കഴുമരത്തിൽനിന്നു് മാധവി എന്നെ രക്ഷിച്ചു.
- കുഞ്ഞാലിമരയ്ക്കാർ:
- കൂട്ടത്തിൽ എന്നേയും. ഇല്ലേ കുറുപ്പേ? (മാധവി ലജ്ജിച്ചു് തലതാഴ്ത്തുന്നു) വീട്ടിൽ പോയില്ലേ?
- കുറുപ്പു്:
- പോയില്ല. തത്ക്കാലം പോകാനുദ്ദേശിക്കുന്നില്ല. ഞാനും മാധവിയും ഇവിടെ താമസിക്കുന്നതിൽ വിരോധമുണ്ടോ?
- കുഞ്ഞാലിമരയ്ക്കാർ:
- നല്ല കാര്യം! ഉമ്മാ, ഇതാ ഉമ്മയ്ക്കൊരു മോളുകൂടി. ഇക്കുറി കുറുപ്പാണു് കൊണ്ടുവന്നതു്.
- ഉമ്മ:
- (അടുത്തുചെന്നു് മാധവിയെ നോക്കി) ഇത്ര നല്ല മക്കളെ നിങ്ങൾക്കെവിട്ന്നാ കിട്ട്ണതു്?
- കുഞ്ഞാലിമരയ്ക്കാർ:
- ഉമ്മാന്റെ മോളേ അങ്ങകത്തേക്കു് വിളിച്ചോളിൻ. അവർക്കു് താമസിക്കാൻ പ്രത്യേകം സ്ഥലം കൊടുക്കണം. വെച്ചുണ്ണാൻ പാത്രങ്ങളും.
- ഉമ്മ:
- വാ മോളേ… (മുൻപിൽ നടക്കുന്നു. പിന്നാലെ മാധവിയും നടക്കുന്നു.)
- കുഞ്ഞാലിമരയ്ക്കാർ:
- കുട്ട്യാലീ, നീ ചിന്നാലിയെ വിളിച്ചു് അഴിമുഖത്തേക്കു് നടക്കൂ. പിന്നാലെ ഞങ്ങളും വരാം. (കുട്ട്യാലി പോകുന്നു. കുറുപ്പും കുഞ്ഞാലിമരയ്ക്കാരും പതുക്കെ വീടിനു് നേർക്കു് നടക്കുന്നു. അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം) വീട്ടിലെന്താ പോവാത്തതു്?
- കുറുപ്പു്:
- പോവാൻ പറ്റില്ല. ഞാൻ കല്ലറയിൽനിന്നു് ചാടിപ്പോന്നവനാണു്.
- കുഞ്ഞാലിമരയ്ക്കാർ:
- എങ്ങനെ കല്ലറയിലെത്തി?
- കുറുപ്പു്:
- സാമൂതിരിപ്പാടു് ഇപ്പോൾ ഏഷണിക്കാരുടെ കൈയിൽ ഒരു പാവയാണു്. മങ്ങാട്ടച്ചൻ ആരുമല്ല. അദ്ദേഹത്തിന്റെ അഭിപ്രായം സ്വാമൂതിരിപ്പാടു് സ്വീകരിക്കില്ല.
- കുഞ്ഞാലിമരയ്ക്കാർ:
- മങ്ങാട്ടച്ചനെ കാണാൻ കഴിഞ്ഞില്ലേ?
- കുറുപ്പു്:
- കഴിഞ്ഞു. സന്ധ്യയ്ക്കാണു് ഞാൻ കോഴിക്കോട്ടെത്തിയതു്. രാത്രി രഹസ്യമായി മങ്ങാട്ടച്ചനെ കണ്ടു. വിവരങ്ങളെക്കെ ധരിപ്പിച്ചു.
- കുഞ്ഞാലിമരയ്ക്കാർ:
- എന്നിട്ടു്?
- കുറുപ്പു്:
- പാതിരാ കഴിയുന്നതുവരെ ഇരുന്നു് അദ്ദേഹം എല്ലം കേട്ടു. അദ്ദേഹം നിസ്സഹായനാണു്. യോജിപ്പിനു് വഴിയില്ലെന്നു് തീർത്തു പറഞ്ഞു.
- കുഞ്ഞാലിമരയ്ക്കാർ:
- ഹും. നാടിന്റെ ശാപം.
- കുറുപ്പു്:
- തീർച്ച. ഈ നാടു് അന്യാധീനമാകാനുള്ള എല്ലാ ലക്ഷണങ്ങളുമുണ്ടു്. എല്ലാം കേട്ടുകഴിഞ്ഞു് മങ്ങാട്ടച്ചൻ എന്നോടു് പറഞ്ഞു: ‘കുറുപ്പേ, എനിക്കിതിലൊന്നും ചെയ്യാനില്ല. ഞാനൊരു കാഴ്ചക്കാരൻ മാത്രമാണു്. വളരെ വേദനയോടെ ഞാനിതൊക്കെ കണ്ടുനില്ക്കും.’ ആലോചിച്ചു നോക്കൂ, അദ്ദേഹത്തിന്റെ വിഷമം!
- കുഞ്ഞാലിമരയ്ക്കാർ:
- എനിക്കു് മനസ്സിലാവുന്നുണ്ടു്.
- കുറുപ്പു്:
- യാത്ര ചോദിച്ചു് പോരുമ്പോൾ അദ്ദേഹം ഇത്രപോലും പറഞ്ഞു: ‘കുഞ്ഞാലിയോടു് പറഞ്ഞേക്കൂ എന്റെ അനുഗ്രഹമുണ്ടെന്നു്. സത്യം എന്നെങ്കിലും ജയിക്കാതെ തരമില്ല.’
- കുഞ്ഞാലിമരയ്ക്കാർ:
- മങ്ങാട്ടച്ചന്റെ അനുഗ്രഹം വെറുത്യാവില്ല കുറുപ്പേ.
- കുറുപ്പു്:
- ആവാതിരിക്കട്ടെ. അവിടെനിന്നു് യാത്രപറഞ്ഞിങ്ങുമ്പോൾ നല്ല ഇരുട്ടു്. കടപ്പുറത്തേക്കു് നടന്നു. ഓർക്കാപ്പുറത്താണു് നാലഞ്ചു് വാൾക്കാർ എന്നെ വളഞ്ഞതു്. പൂഴിയിൽ നിന്നു് പയറ്റി ശീലമില്ല. ചുവടുറയ്ക്കാതെ വിഷമിച്ചു. ചുരുക്കത്തിൽ അവരെന്നെ പിടിച്ചുകെട്ടി കല്ലറയിലെത്തിച്ചു. അവിടെയൊരു കാര്യക്കാരുണ്ടു്…
- കുഞ്ഞാലിമരയ്ക്കാർ:
- എനിക്കറിയാം. നീചനാണു്.
- കുറുപ്പു്:
- അവന്റെ പണിയാണിതൊക്കെ. കാറ്റും വെളിച്ചവുമില്ലാത്ത ആ കല്ലറയിൽ കുറെ ദിവസം കിടന്നു. ഇത്ര ദിവസമെന്നറിഞ്ഞുകൂടാ; അവിടെ രാവും പകലുമില്ലല്ലോ. ഒടുവിൽ കഴുവിലേറ്റാനും തീരുമാനിച്ചു.
- കുഞ്ഞാലിമരയ്ക്കാർ:
- എല്ലാം ആ കാര്യക്കാരുടെ ഏഷണിയാവും.
- കുറുപ്പു്:
- വളരെ സാമർത്ഥ്യത്തോടുകൂടി ചെയ്തതാണു്. എന്നെ കഴുവിലേറ്റുന്നതോടെ കുഞ്ഞാലിമരയ്ക്കാരും മങ്ങാട്ടച്ചനും സാമൂതിരിപ്പാടിനെതിരായി ഗുഢാലോചന നടത്തിയെന്നു് സ്ഥാപിക്കാം. കല്ലറയിലും, മങ്ങാട്ടച്ചന്റെ സഹായമാണുണ്ടായതു്. അതിരിക്കട്ടെ, കാര്യങ്ങളൊക്കെ എത്രത്തോളമായി?
- കുഞ്ഞാലിമരയ്ക്കാർ:
- കോട്ടയ്ക്കകത്തുള്ള ഒരുക്കങ്ങൾ ഏതാണ്ടൊക്കെയായി. എല്ലാമൊന്നു് നടന്നു് കാണാം. ഇനി പുറത്തുള്ള കാര്യങ്ങളാണു് ചെയ്യാൻ ബാക്കി.
- കുറുപ്പു്:
- അതെന്താണു്?
- കുഞ്ഞാലിമരയ്ക്കാർ:
- കുറുമ്പ്രനാട്ടിലെ നായന്മാർ, മുഴുവനില്ലെങ്കിൽ ഒരു നല്ല ഭാഗമെങ്കിലും നമ്മളെ സഹായിക്കണം.
- കുറുപ്പു്:
- സഹായിക്കും; സംശല്ല്യ.
- കുഞ്ഞാലിമരയ്ക്കാർ:
- സഹായിക്കുമെന്നു് എനിക്കറിയാം. മുൻപിൽ നടക്കാനാളുവേണ്ടേ?
- കുറുപ്പു്:
- പകലെനിക്കു് പുറത്തിറങ്ങാൻ വിഷമമുണ്ടു്. ആർക്കുവേണമെങ്കിലും എന്നെ പിടിച്ചുകൊടുക്കാം. ഓ! പ്രധാനകാര്യം ഇനിയും പറഞ്ഞില്ലല്ലോ. ഞായറാഴ്ചയാണു് കോഴിക്കോട്ടുനിന്നു് പുറപ്പെടുന്നതു്. സാമൂതിരിപ്പാടു് യുദ്ധം കഴിയുന്നതുവരെ ഇരിങ്ങൽകോവിലകത്തുണ്ടാവും.
- കുഞ്ഞാലിമരയ്ക്കാർ:
- ഹം! തമ്പുരാനിക്കുറി കുഞ്ഞാലിയെ നശിപ്പിക്കാൻ ഒരുങ്ങിയാണല്ലോ പുറപ്പാടു്!
- കുറുപ്പു്:
- അതെയതെ. ഇരുപതിനായിരം നായന്മാരുണ്ടു്. മരയ്ക്കാർകോട്ട കുളംകോരിയിട്ടേ ഇനി കോഴിക്കോട്ടേക്കു് മടക്കമുള്ളു!
- കുഞ്ഞാലിമരയ്ക്കാർ:
- (നെടുവീർപ്പു്) മരയ്ക്കാർ കുടുംബത്തിനു് തമ്പുരാന്റെ സമ്മാനം!
- കുറുപ്പു്:
- എനിക്കു് കോട്ടയിലെ ഒരുക്കങ്ങളൊക്കെയൊന്നു് കാണണം.
- കുഞ്ഞാലിമരയ്ക്കാർ:
- കാണാം. വരൂ.
കുഞ്ഞാലിമരയ്ക്കാരും കുറുപ്പും നടക്കുന്നു.
—യവനിക—