നിമിഷത്തിനകം രംഗത്തു് വെളിച്ചം വീണ്ടും വരുന്നു, അപ്പോൾ കാണുന്നതു് സാമൂതിരിരാജാവിന്റെ ആസ്ഥാന മണ്ഡപമാണു്. കാലം രണ്ടു് കൊല്ലങ്ങളോളം പിറകോട്ടുപോയിരിക്കുന്നു. സിംഹാസനത്തിനു് മുൻപിൽ സാമൂതിരി രാജാവു് അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോടും നടക്കുകയാണു്. മങ്ങാട്ടച്ചൻ ഒരുവശത്തു് ഒതുങ്ങി മാറിനിൽക്കുന്നു. പ്രായം മധ്യവയസ്സിനുമേലെ. പ്രാരംഭികയിലെ അവസാനത്തെ ചോദ്യത്തിനു് ഉത്തരമെന്ന നിലയിൽ സാമൂതിരി സംസാരിച്ചുതുടങ്ങുന്നു.
- സാമൂതിരി:
- പിഴച്ചെതെവിട്യാണെന്നു് നാം പറയാം, തീപ്പെട്ട അമ്മാമന്മാർക്കു് കുറേ പിഴച്ചു അതുപോലെ മങ്ങാടന്റെ പൂർവികർക്കും. (കലശലായ അസുഖത്തോടെ) അർഹതയില്ലാത്തവരെ വലിയ വലിയ സ്ഥാനങ്ങളിൽ പിടിച്ചിരുത്തുമ്പോൾ ആലോചിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.
- സാമൂതിരി:
- പിഴച്ചതവിട്യാണു്. (അല്പനേരം മിണ്ടാതെ നടക്കുന്നു. പിന്നെ സിംഹാസനത്തിൽ ചെന്നിരിക്കുന്നു. വിളിക്കുന്നു.) മങ്ങാടൻ…
- മങ്ങാട്ടച്ചൻ:
- റാൻ! (രണ്ടടി മുൻപോട്ടു് വന്നു് നില്ക്കുന്നു)
- സാമൂതിരി:
- നന്ദിയില്ലാത്തവരെ സഹായിച്ചതിന്റെ ഫലമാണിന്നനുഭവിക്കുന്നതു്. (കലശലായ ഗൗരവം.) ഒന്നുറപ്പിച്ചോളു. അനുഭവിക്കാൻ മാത്രമല്ല, അനുഭവിപ്പിക്കാനും നമുക്കറിയാം. ധിക്കാരം കാട്ടുന്നവരോടു് നമുക്കു് വിട്ടുവീഴ്ചയില്ല. സ്വരൂപത്തിന്റെ അന്തസ്സും അഭിമാനവും നമുക്കു് പ്രാണനേക്കാൾ വലുതാണു്.
- മങ്ങാട്ടച്ചൻ:
- തിരുമനസ്സുകൊണ്ടു് ഇത്രവളരെ ക്ഷോഭിക്കാനുള്ള കാരണം അടിയനു് മനസ്സിലായില്ല.
- സാമൂതിരി:
- നാം ക്ഷോഭിക്കാതെ ഇവിടെ ഇരുന്നാൽ ഈ സിംഹാസനം കുഞ്ഞാലി കൈക്കലാക്കും; അത്രതന്നെ.
- മങ്ങാട്ടച്ചൻ:
- ഇങ്ങനെ കല്പിക്കുന്നതിൽ സങ്കടമുണ്ടു്.
- സാമൂതിരി:
- ഇങ്ങനെ സംഭവിക്കുന്നതിൽ സങ്കടമില്ലേ?
- മങ്ങാട്ടച്ചൻ:
- സങ്കടപ്പെടാൻമാത്രം ഇവിടെയൊന്നും സംഭവിച്ചിട്ടില്ല തിരുമേനീ.
- സാമൂതിരി:
- ഇല്ലേ? ആദ്യംമുതൽ തുടങ്ങാം. കുഞ്ഞാലിയുടെ കുടുംബത്തിനു് പുതുപ്പണത്തൊരു കേട്ട കെട്ടാൻ എന്തിനനുവാദം കൊടുത്തു?
- മങ്ങാട്ടച്ചൻ:
- പുതുപ്പണത്തു് മാത്രമല്ലല്ലോ അനുവാദം കൊടുത്തതു്. ചാലിയത്തും പൊന്നാനിയിലും പറങ്കികൾക്കു് കോട്ട കെട്ടാൻ അനുവാദം കൊടുത്തില്ലേ?
- സാമൂതിരി:
- മാപ്പിളമാരും പറങ്കികളും ഒരുപോലെയാണോ?
- മങ്ങാട്ടച്ചൻ:
- അല്ല, പറങ്കികൾ മാനവിക്രമസ്വരൂപത്മിന്റെ അധഃപതനം കൊതിക്കുന്നവരാണു്. മാപ്പിളമാർ സ്വന്തം ചോര കൊടുത്തു് സ്വരുപത്തെ നിലനിർത്തുന്നവരാണു്. പറങ്കികൾ വിദേശീയരും മാപ്പിളമാർ ഇവിടെ പിറന്നവരും.
- സാമൂതിരി:
- സമ്മതിച്ചു. പക്ഷേ, പറങ്കികളെ നാം ഒരു വിദേശരാജാവിന്റെ പ്രതിനിധികളായിട്ടാണു് കണക്കാക്കുന്നതു്. വ്യാപാരകാര്യത്തിന്റേയും തന്ത്രമര്യാദയുടേയും പേരിൽ അവരെ നാം കുറച്ചൊക്കെ ആദരിക്കണം.
- മങ്ങാട്ടച്ചൻ:
- (വികാരഭരിതനായി) തിരുമേനീ, ഈ ഭിത്തികൾക്കു് നാവുണ്ടെങ്കിൽ?
- സാമൂതിരി:
- നാവുകളുണ്ടെങ്കിൽ?
- മങ്ങാട്ടച്ചൻ:
- ഈ സന്ദർഭത്തിൽ ഉച്ചത്തിൽ വിളിച്ചുപറയാനിടയുള്ള കാര്യങ്ങൾ അടിയൻ ഓർത്തുപോകുന്നു.
- സാമൂതിരി:
- എന്താണു്? കേൾക്കട്ടെ.
- മങ്ങാട്ടച്ചൻ:
- അന്നു് ഈ ആസ്ഥാനമണ്ഡപംവരെ പറങ്കികൾ എത്തി അൾബുക്കാർക്കും കൂട്ടുകാരും അന്നു് ഇവിടെയാണു് വിശ്രമിച്ചതു്. കാവല്ക്കാരെ വെട്ടിക്കൊന്നു്, കാര്യക്കാരേയും വിചാരിപ്പുകാരെയും പിടിച്ചുകെട്ടി കൊട്ടാരം ചുട്ടെരിച്ചു്, സ്വരൂപത്തിലെ പെണ്ണുങ്ങളേയും കുട്ടികളേയും ഹോമിച്ചുകളയാൻ അവർ അന്നൊരുമ്പട്ടെതാണു്. ഏതോ മഹാഭാഗ്യംകൊണ്ടു് രക്ഷപ്പെട്ടു. അക്രമികളായ ആ പറങ്കികളെയാണോ തന്ത്രമര്യാദയുടെ പേരിൽ ആദരിക്കണമെന്നു് അവിടുന്നു് കല്പിച്ചതു്!
- സാമൂതിരി:
- (എഴുന്നേല്ക്കുന്നു, ഉത്തരംമുട്ടിയ നിലയിൽ ഒന്നും പറയാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പഴയ ഗൗരവം വീണ്ടെടുത്തു് പറയുന്നു.) ഇവിടെ ചിന്താവിഷയം പറങ്കികളല്ല; കുഞ്ഞാലിയാണു്. അവൻ നമ്മെ ധിക്കരിച്ചിരിക്കുന്നു. (ശബ്ദം ഉയർത്തി) മാനവിക്രമസ്വരൂപത്തെ അപമാനിച്ചിരിക്കുന്നു.
- മങ്ങാട്ടച്ചൻ:
- എങ്ങിനെയെന്നടിയനു് മനസ്സിലായില്ല.
- സാമൂതിരി:
- നമ്മുടെ പ്രധാന സചിവനാണോ ഈ ചോദിക്കുന്നതു്! നാടു് മുഴുവൻ പാട്ടായൊരു കാര്യം മങ്ങാടൻ മാത്രം അറിഞ്ഞില്ലെന്നോ?
- മങ്ങാട്ടച്ചൻ:
- ജനങ്ങൾ പലതും പറയും. അതൊക്കെ അടിയൻ ഗൗരവമായി കണക്കിലെടുക്കണമെന്നാണോ കല്പന?
- സാമൂതിരി:
- നമ്മുടെ അമ്പാരി എഴുന്നള്ളിക്കുന്ന ആനയെ കുഞ്ഞാലി പിടിച്ചുകൊണ്ടുപോയതു് മങ്ങാടനറിഞ്ഞില്ലേ?
- മങ്ങാട്ടച്ചൻ:
- എന്തോ ചിലതു് കേട്ടു. സത്യാവസ്ഥ അന്വേഷിച്ചറിയാൻ ശ്രമിക്കുകയാണു്.
- സാമൂതിരി:
- (നീരസം) ഇനി വേണമെന്നില്ല.
- മങ്ങാട്ടച്ചൻ:
- (പരിഹാസം) കല്പനപോലെ.
- സാമൂതിരി:
- പിടിച്ചുകെട്ടിയ ആനയെ വീണ്ടെടുക്കാൻ സൈന്യത്തെ അയയ്ക്കേണ്ടിവന്നു. അപ്പോൾ അതിനെ വിട്ടയച്ചു. പക്ഷേ, അതിന്റെ വാലു് വെട്ടിക്കളഞ്ഞിരുന്നു. (അസഹ്യമായ കോപത്തോടെ) ഇതിൽപ്പരമൊരപാമനമുണ്ടോ? ഉണ്ടോ മങ്ങാടൻ?
- മങ്ങാട്ടച്ചൻ:
- ഇത്രയും അരുളിച്ചെയ്തതു് സത്യമാണെങ്കിൽ
- സാമൂതിരി:
- പിന്നേയും അതുതന്നെ പറയുന്നോ? നാം കള്ളം പറയുകയെന്നാണോ സങ്കല്പം?
- മങ്ങാട്ടച്ചൻ:
- അടിയനങ്ങനെ സങ്കല്പിച്ചിട്ടില്ല.
- സാമൂതിരി:
- പിന്നെ?
- മങ്ങാട്ടച്ചൻ:
- ആനയെ വീണ്ടെടുക്കാൻ സൈന്യത്തെ അയയ്ക്കേണ്ടിയിരുന്നില്ല.
- സാമൂതിരി:
- (പുച്ഛം) കുഞ്ഞാലിയുടെ കാലിൽ കെട്ടിപ്പിടിച്ചപേക്ഷിക്കണമായിരുന്നോ?
- മങ്ങാട്ടച്ചൻ:
- അടിയൻ ചേറ്റുവാനിന്നു് മടങ്ങിവരുന്നതുവരെ ക്ഷമിച്ചെങ്കിൽ കാര്യം ഇത്ര കൈകടക്കില്ലായിരുന്നു, ഇതിലെന്തോ ചതിയുണ്ടു് തിരുമേനി. കുഞ്ഞാലി ഇത്ര വലിയൊരു തെറ്റു് ചെയ്യുമെന്നു് അടിയൻ വിശ്വസിക്കുന്നില്ല.
- സാമൂതിരി:
- വിശ്വസിക്കില്ല. അവനീ സിംഹാസനത്തിലിരുന്നു് കണ്ടാലും മങ്ങാടൻ വിശ്വസിക്കില്ല.
- മങ്ങാട്ടച്ചൻ:
- ഏതോ ഉപജാപം നടന്നിട്ടുണ്ടു്; തീർച്ച.
- സാമൂതിരി:
- ധിക്കാരമാണു് നടന്നതു്; തികഞ്ഞ ധിക്കാരം. സ്നേഹിച്ചു് തോളിൽക്കേറ്റിയിരുത്തിയപ്പൊൾ അവിടെയിരുന്നു് ചെവി തിന്നുക.
കാര്യക്കാർ ബദ്ധപ്പെട്ടൂ് കടന്നുവന്നു തൊഴുതു് കുമ്പിടുന്നു.
- കാര്യക്കാർ:
- തിരുമേനീ, മരയ്ക്കാർ പുറത്തു് വന്നു് കാത്തുനിൽക്കുന്നു.
- സാമൂതിരി:
- ആരു് കുഞ്ഞാലിയോ?
- കാര്യക്കാർ:
- അതേ, തിരുമേനീ.
- സാമൂതിരി:
- (അസഹ്യമായ കോപത്തോടെ) ആരു് പറഞ്ഞു, അവനെ കൊട്ടാരത്തിൽ കടത്താൻ?
- കാര്യക്കാർ:
- കൊട്ടാരവാതിലിനു് പുറത്താണു്.
- സാമൂതിരി:
- കാവൽക്കാരോടു് പറയൂ അകത്തു് കടത്തേണ്ടെന്നു്.
- കാര്യക്കാർ:
- കല്പനപോലെ (പോകുന്നു.)
- മങ്ങാട്ടച്ചൻ:
- (എന്തോ പറയാൻ ഭാവിച്ചു്) തിരുമേനീ…
- സാമൂതിരി:
- (ശ്രദ്ധിക്കാതെ) ധിക്കാരം കാട്ടിയതും പോരാ, അവനു് നമ്മെ മുഖം കാണിക്കാൻ വന്നിരിക്കുന്നു… മങ്ങാടൻ!
- മങ്ങാട്ടച്ചൻ:
- തിരുമേനീ!
- സാമൂതിരി:
- കുഞ്ഞാലിയെ ബന്ധിച്ചു് കല്ലറയിലിടാൻ ഉത്തരവിടു.
- മങ്ങാട്ടച്ചൻ:
- കുഞ്ഞാലിയോടു് വരാൻ കല്പിക്കണം തിരുമേനീ. അവനു് തിരുമുമ്പിലുണർത്തിക്കാനുള്ളതെന്തെന്നു് കേൾക്കാം.
- സാമൂതിരി:
- നമ്മെ ബുദ്ധിയുപദേശിക്കരുതു്. കല്പന നടത്തൂ. (പിന്നീടൊന്നു് കേൾക്കാൻ നില്ക്കാതെ കനത്ത അടിവെപ്പുകളോടെ അകത്തേക്കു് പോകുന്നു.)
കുഞ്ഞാലിമരയ്ക്കാർ തെറ്റുകാരനല്ലെന്നു് മങ്ങാട്ടച്ചനറിയാം. എങ്കിലും സാമൂതിരിപ്പാടു് ക്ഷോഭിച്ചിരിക്കയാണു്. ആസന്നമായ വിപത്തു് ഒഴിവാക്കാനുള്ള മാർഗ്ഗം ചിന്തിച്ചുകൊണ്ടു് തെല്ലിട മങ്ങാട്ടച്ചൻ രംഗത്തുതന്നെ നിശ്ചലനായി നിൽക്കുന്നു. അപ്പോൾ അകലത്തു് ജനങ്ങളുടെ ബഹളവും ആയുധങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദവും കേൾക്കുന്നു. തുടർന്നു് ആരോ നടക്കുന്ന ശബ്ദം. വിവരമറിയാനുള്ള കൌതുകത്തോടെ മങ്ങാട്ടച്ചൻ രംഗത്തിന്റെ ഒരു വശത്തേക്കു് മാറിനില്ക്കുന്നു. അല്പം കഴിഞ്ഞു് കപ്പിത്താന്റെ വേഷത്തിൽ കുഞ്ഞാലിമരയ്ക്കാർ കൂസലും കുലുക്കവുമില്ലാതെ കടന്നുവരുന്നു. പച്ചപ്പട്ടുകൊണ്ടുള്ള തലപ്പാവും ചിത്രപ്പണികളാർന്ന മേലങ്കിയും കാൽസരായിയും പാദരക്ഷയുമാണു് വേഷം. മുറ്റിവളർന്ന കറുത്ത മീശ ഇരുവശത്തേക്കും ചുരുട്ടി വളച്ചുവെച്ചിരിക്കുന്നു. മധ്യവയസ്സിനോടടുത്ത പ്രായം. രംഗത്തു് കടന്നു് അല്പം സംശയിച്ചു് നില്ക്കുന്നു. പിന്നെ മുൻപോട്ടു് നടക്കുന്നു. മിക്കവാറും രംഗമധ്യത്തിലെത്താറായപ്പോൾ പിറകിൽനിന്നു് ഉഗ്രസ്വരത്തിലൊരു കല്പന.
- മങ്ങാട്ടച്ചൻ:
- നില്ക്കവിടെ, ഇനി ഒരടി മുൻപോട്ടു് വെക്കരുതു്!
ഒട്ടും പതറാതെ കുഞ്ഞാലിമരയ്ക്കാർ പിൻതിരിഞ്ഞു് നോക്കുന്നു. മങ്ങാട്ടച്ചന്റെ സുപരിചിതമായ ശബ്ദം കേട്ടു് കുറഞ്ഞൊരു ചിരിയോടെ മറുപടി പറയുന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- ഒരടി മുൻപോട്ടു് വെക്കരുതെന്നല്ലേ മങ്ങാട്ടച്ചന്റെ കല്പന? പിന്നോട്ടു് വെയ്ക്കാം. (ശബ്ദം കേട്ട ഭാഗത്തേയ്ക്കു് തിരിഞ്ഞുനടക്കുന്നു.)
മങ്ങാട്ടച്ചൻ ഊരിപ്പിടിച്ച വാളുമായി നടന്നടുക്കുന്നു.
- മങ്ങാട്ടച്ചൻ:
- (പ്രധാനസചിവന്റെ മുഴുവൻ ഗൗരവവും പ്രദർശിപ്പിച്ചുകൊണ്ടു്) വലിയ ധിക്കാരമാണു് കുഞ്ഞാലി കാണിച്ചതു്.
- കുഞ്ഞാലിമരയ്ക്കാർ:
- അപ്പറഞ്ഞതു് ശരിയാ. വലിയ ധിക്കാരമാണു്. പറങ്കികൾ ഒരിക്കലും പൊറുക്കില്ല. പന്ത്രണ്ടു് കപ്പൽ പിടിച്ചടക്കി; നാലെണ്ണം മുക്കി; ഇരുന്നുറു് പറങ്കികളെ കൊന്നു; പറങ്കിക്കപ്പിത്താന്റെ തലയറുത്തു് പാമരത്തിൽ തൂക്കി; ഒന്നാന്തമൊരു സിംഹാസനം പിടിച്ചെടുത്തു. (അഭിമാനത്തോടെ, സന്തോഷത്തോടെ മങ്ങാട്ടച്ചന്റെ മുഖത്തു് തറപ്പിച്ചു് നോക്കി ചോദിക്കുന്നു.) ഇതിലും വലിയ ധിക്കാരണ്ടോ മങ്ങാട്ടച്ചൻ എല്ലാം കഴിഞ്ഞു് പിടിച്ചെടുത്ത ചരക്കും കപ്പലും പൊന്നുതമ്പുരാനു് കാഴ്ചവെക്കാനാ കുഞ്ഞാലി വന്നതു്.
- മങ്ങാട്ടച്ചൻ:
- (ഗൗരവം കുറയ്ക്കാതെ) കുഞ്ഞാലി കൊട്ടാരത്തിൽ കടക്കരുതെന്നു് കല്പനയുണ്ടായിരുന്നില്ലേ?
- കുഞ്ഞാലിമരയ്ക്കാർ:
- കാര്യക്കാർ പറഞ്ഞു. കൊട്ടാരവാതിലടയ്ക്കുകയും ചെയ്തു.
- മങ്ങാട്ടച്ചൻ:
- എന്നിട്ടു്?
- കുഞ്ഞാലിമരയ്ക്കാർ:
- പൊന്നുതമ്പുരാനങ്ങനെ കല്പിക്കില്ലെന്നു് തോന്നി മതിലു് ചാടിക്കടന്നു് ഇവിടെയെത്തി.
- മങ്ങാട്ടച്ചൻ:
- ആരും നിന്നെ തടഞ്ഞില്ലേ?
- കുഞ്ഞാലിമരയ്ക്കാർ:
- (ചിരിച്ചുകൊണ്ടു്) ആരൊക്കെയോ തടയാൻ വന്നു. കുഞ്ഞാലിക്കൊന്നും പറ്റിയില്ല.
- മങ്ങാട്ടച്ചൻ:
- എന്നുവെച്ചാൽ, തടയാൻവന്നവർക്കു് പറ്റിയെന്നു്. ഇതല്ലേ ധിക്കാരമെന്നു് പറഞ്ഞതു്! തിരുമനസ്സിലെ കല്പന അനുസരിച്ചുകൂടേ നിനക്കു്?
- കുഞ്ഞാലിമരയ്ക്കാർ:
- കല്പിച്ചാലല്ലേ അനുസരിക്കേണ്ടൂ? തിരുമനസ്സങ്ങനെ കല്പിക്കില്ല.
- മങ്ങാട്ടച്ചൻ:
- ഇരിങ്ങൽ കോവിലകത്തുള്ള ആനയെ നീ പിടിച്ചുകെട്ടിയില്ലേ?
- കുഞ്ഞാലിമരയ്ക്കാർ:
- ഞാൻ കടലിൽ പോണതുവരെ പിടിച്ചുകെട്ടീട്ടില്ല.
- മങ്ങാട്ടച്ചൻ:
- എന്നാൽ നിന്റെ ആളുകൾ ചെയ്തിട്ടുണ്ടാവും. പിടിച്ചുകെട്ടി അതിന്റെ വാലു് വെട്ടിക്കളയുകയും ചെയ്തു.
- കുഞ്ഞാലിമരയ്ക്കാർ:
- (അറിയാതെ ഞെട്ടുന്നു. ഗാഢമായാലോചിക്കുന്നു.) ഇതൊക്കെ കുഞ്ഞാലി ചെയ്യുമെന്നു് മങ്ങാട്ടച്ചനു് തോന്നുന്നുണ്ടോ?
മങ്ങാട്ടച്ചനു് ഉത്തരം പറയാൻ കഴിയുന്നതിനുമുൻപു് സാമൂതിരിപ്പാടു തിരിച്ചു് വരുന്നു. കുഞ്ഞാലിമരയ്ക്കാരെ കണ്ടു് കൂടുതൽ ക്ഷോഭിക്കുന്നു. കുഞ്ഞാലിമരയ്ക്കാർ താണുതൊഴുതു് ആദരവോടെ മാറിനില്ക്കുന്നു. സാമൂതിരി കുഞ്ഞാലിമരയ്ക്കാരുടെ മുഖത്തു് ഒന്നേ നോക്കിയുള്ളു. ഉടനെ വെറുപ്പോടെ മുഖം തിരിക്കുന്നു. ഇതിനിടയിൽ തന്റെ സാന്നിധ്യം വേണ്ടെന്നു് കരുതി മങ്ങാട്ടച്ചൻ പുറത്തേക്കു് പോകുന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- (ബഹുമാനത്തോടെ) തിരുമേനീ!
- സാമൂതിരി:
- (മുഖത്തു് നോക്കാതെ) ശബ്ദിക്കരുതു്; ആരവിടെ? മങ്ങാടൻ!
- കുഞ്ഞാലിമരയ്ക്കാർ:
- (എന്തോ പറയാൻ തുടങ്ങുന്നു) അടിയൻ
- സാമൂതിരി:
- നിന്നെ നമുക്കു് കാണേണ്ടാ. നിന്റെ ശബ്ദം കേൾക്കുകയും വേണ്ട. കല്പന ലംഘിച്ചു് കൊട്ടാരത്തിൽ കടന്നതിനുള്ള ശിക്ഷ നീ ആദ്യം അനുഭവിക്കണം.
- കുഞ്ഞാലിമരയ്ക്കാർ:
- അടിയനു് ബോധിപ്പിക്കുവാനുള്ളതു്…
- സാമൂതിരി:
- ഇതെന്തു് ധിക്കാരം! ആരുമില്ലേ ഇവനെ പിടിച്ചുകെട്ടാൻ? (കാര്യക്കാരും ആയുധധാരികളായ രണ്ടു് ഭടന്മാരും വരുന്നു.) പിടിച്ചുകെട്ടു ഇവനെ. കല്ലറയിൽ കൊണ്ടുചെന്നടയ്ക്കൂ… (ധൃതിയിൽ അകത്തേക്കു് പോകുന്നു.)
- കാര്യക്കാർ:
- (ഭടന്മാരോടു്) ഉം! പിടിച്ചുകെട്ടൂ!
- കുഞ്ഞാലിമരയ്ക്കാർ:
- (അരയിൽനിന്നു് വാൾ വലിച്ചൂരി ഗർജിക്കുന്നു) അടുക്കരുതു്! (ഭടന്മാർ ഞെട്ടിവിറയ്ക്കുന്നു.) ജീവൻ വേണമെങ്കിൽ ഒരടി മുൻപോട്ടുവെക്കരുതു്. ആ നില്പിൽനിന്നനങ്ങരുതു്! (വാൾ ഉറയിൽ തള്ളി കനത്ത അടിവെപ്പുകളോടെ പിൻതിരിഞ്ഞുനോക്കാതെ നടന്നു പോകുന്നു.)
കാര്യക്കാരും ഭടന്മാരും അന്തംവിട്ടു് നോക്കിനില്ക്കുന്നു.
—യവനിക—