ശ്രീവളയനാടു് കാവിൽ ദീപാരാധനയുടെ സമയം. അമ്പലത്തിനു് ചുറ്റും വിളക്കുകൾ തെളിയിച്ചിട്ടുണ്ടു്. ഇടയ്ക്കയുടേയും നാഗസ്വരത്തിന്റേയും ശബ്ദം. ഭക്തജനങ്ങൾ കൂപ്പുകൈകളുമായി നടയിൽ തിങ്ങിക്കൂടിനില്ക്കുന്നു. ആൾക്കൂട്ടത്തിൽ നിന്നു് അല്പം വിട്ടുമാറി കെട്ടിലമ്മയും ദാസി മാധവിയും നില്ക്കുന്നു. അല്പം കഴിഞ്ഞു് നട തുറന്നപ്പോൾ ഭക്തജനങ്ങൾ ഒന്നിച്ചു് നാമോച്ചാരണം മുഴക്കുന്നു. തന്ത്രി പ്രസാദം കൊടുക്കാൻ തുടങ്ങുന്നു. ഓരോരുത്തരായി പ്രസാദം വാങ്ങി ഒഴിഞ്ഞുപോകുന്നു. ആളൊഴിഞ്ഞ നടയിലേക്കു് കെട്ടിലമ്മയും മാധവിയും നടന്നടുക്കുന്നു. തന്ത്രി ആദരവോടെ പ്രസാദം കൊടുക്കുന്നു. പ്രസാദം വാങ്ങി രംഗത്തിന്റെ ഒരറ്റത്തേക്കു് മാറിനിന്ന കെട്ടിലമ്മ ചുറ്റും ഒന്നു് കണ്ണോടിക്കുന്നു.
- കെട്ടിലമ്മ:
- ഈ അമാലന്മാരെന്താ വരാത്തതു് നേരം ഇരുട്ടിത്തുടങ്ങിയല്ലോ.
- മാധവി:
- ആൾത്തറേലിരുന്നു് വെടിപറയുന്നുണ്ടാവും.
- കെട്ടിലമ്മ:
- മാധവിക്കു് പേടീണ്ടോ? ഇല്ലെങ്കിലൊന്നു് ചെന്നു് നോക്കൂ.
- മാധവി:
- നല്ല വെളിച്ചൊണ്ടു്. ഞാൻ ചെന്നു് നോക്കാം.
- കെട്ടിലമ്മ:
- എന്നാൽ നാലമ്പലത്തിന്റെ അകത്തുടെ പൊക്കോളൂ പടിഞ്ഞാറേ നടവരെ വിളക്കുണ്ടാവും. പെണ്ണേ, അമാലന്മാരോടു് പറയൂ, പല്ലക്കുംകൊണ്ടു് തെക്കേ പുറവഴിയിൽ വരാൻ. നിയ്യും അവിടെ നിന്നാൽ മതി. ഞാനങ്ങോട്ടു് വരാം. വേഗം ചെല്ലൂ.
മാധവി പോകുന്നു.
രംഗത്തിന്റെ അറ്റത്തേക്കു് മാറിനിന്നു് ചാഞ്ഞും ചരിഞ്ഞും ഇരുട്ടിലേക്കു് നോക്കുന്നു. ആരേയോ പ്രതീക്ഷിച്ചതുപോലെ. പെട്ടെന്നു് ഇരുട്ടിലെന്തോ ശബ്ദം കേട്ടു് ഞെട്ടി, വിളിച്ചു് ചോദിക്കുന്നു. ആരാ അവിടെ?
കാര്യക്കാർ ചിരിച്ചുകൊണ്ടു് വരുന്നു.
- കാര്യക്കാർ:
- ആ അശ്രീകരം പോവാൻ കാത്തുനിന്നതായിരുന്നു.
- കെട്ടിലമ്മ:
- കാര്യക്കാരിവിടെയുണ്ടായിരുന്നോ?
- കാര്യക്കാർ:
- ഉവ്വ്. മതില്ക്കെട്ടിനപ്പുറത്തു് നില്പായിരുന്നു. കോവിലകത്തു് വന്നാൽ തരംപോലെ ഒന്നു് സംസാരിക്കാനിടകിട്ടില്ല. അതാ ഇവിടെ കാണാന്നു് പറഞ്ഞയച്ചതു്.
- കെട്ടിലമ്മ:
- അതു് നന്നായി. കോവിലകത്തെ ചുമരിനും ചെവിയുണ്ടെന്നാ. ആ പെണ്ണിനി ഇപ്പോഴൊന്നും വരില്ല. ആട്ടെ പോയകാര്യം എന്തൊക്കെയായി?
- കാര്യക്കാർ:
- ഒക്കെ ഭംഗിയായി കലാശിച്ചു; ഈ ഭഗവതീടെ കടാക്ഷംകൊണ്ടു്.
- കെട്ടിലമ്മ:
- എവിടെയൊക്കെ പോയി?
- കാര്യക്കാർ:
- ഗോവ വരെ പോയി.
- കെട്ടിലമ്മ:
- (അദ്ഭുതം) ഉവ്വോ?
- കാര്യക്കാർ:
- (അഭിമാനത്തോടെ) ഉവ്വ്. എന്നാലോ, ഈ പറങ്കികളെപ്പോലെ സ്നേഹിക്കാൻ പറ്റിയൊരു വർഗം…
- കെട്ടിലമ്മ:
- പതുക്കെപ്പറയൂ കാര്യക്കാർ.
- കാര്യക്കാർ:
- ഇത്തിരി ഉച്ചത്തിലായാലും ഇനി വിരോധല്ല. കാര്യം നമ്മുടെ കൈപ്പടിയിലൊതുങ്ങിക്കഴിഞ്ഞു. പുതുതായി വന്ന വൈസ്രോയി പരമരസികൻ. സുന്ദരൻ. കെട്ടിലമ്മയെ വലിയ കാര്യം.
- കെട്ടിലമ്മ:
- (ഉള്ളിൽ സന്തോഷവും പുറമെ വൈരാഗ്യവും ഭാവിച്ചു്) നമ്മെ വലിയ കാര്യമെന്നോ? പരിഹസിക്ക്യാണോ കാര്യക്കാർ?
- കാര്യക്കാർ:
- ഭഗവതി സാക്ഷിയായിട്ടു് അല്ല. ഞാൻ എല്ലാ കാര്യങ്ങളും വൈസ്രോയിയോടു് തുറന്നു് പറഞ്ഞു. കെട്ടിലമ്മ പറങ്കികളുടെ ഭാഗത്താണെന്നു് തെളിയിച്ചു് പറഞ്ഞു.
- കെട്ടിലമ്മ:
- വേണ്ടീരുന്നില്ല കാര്യക്കാർ.
- കാര്യക്കാർ:
- മാപ്പിളാരോടു് ബഹുവിരോധാണെന്നും അറിയിച്ചു. സത്യം ഒളിച്ചുവെക്കേണ്ട കാര്യല്ലല്ലോ.
- കെട്ടിലമ്മ:
- നമ്മുടെ പേരു് ഇതിലൊന്നും വലിച്ചിഴയ്ക്കേണ്ടായിരുന്നു.
- കാര്യക്കാർ:
- അങ്ങനെ പറയുന്നതു് പറങ്കികളുടെ സ്വഭാവം മനസ്സിലാക്കാത്തതുകൊണ്ടാ. നല്ല സ്നേഹക്കൂറുള്ളവരാ. വൈസ്രോയിയുടെ കെട്ടാരം ചെന്നു് നോക്കേണ്ടേ! നമ്മളൊക്കെ നാണിക്കും. ആയി! ആയി! ആ ഒരന്തസ്സും അവസ്ഥയും! പൊന്നുകൊണ്ടാ ഇരിപ്പിടങ്ങളൊക്കെ. സിംഹാസനത്തിലാ വൈസ്രോയിയുടെ ഇരിപ്പു്. പ്രധാനികൾക്കിരിക്കാൻ വേറേയുമുണ്ടൊരു സിംഹാസനം.
- കെട്ടിലമ്മ:
- കാര്യം കേമാണല്ലോ!
- കാര്യക്കാർ:
- എന്നെ നിർബന്ധിച്ചു.
- കെട്ടിലമ്മ:
- എന്തിനു്?
- കാര്യക്കാർ:
- (കുറഞ്ഞൊരു ചിരിയോടെ) സിംഹാസനത്തിലിരിക്കാൻ
- കെട്ടിലമ്മ:
- എന്നിട്ടു്?
- കാര്യക്കാർ:
- ഞാൻ മടിച്ചു. വൈസ്രോയി സമ്മതിച്ചില്ല. പിടിച്ചിരുത്തി.
- കെട്ടിലമ്മ:
- ഇങ്ങനെ വിസ്തരിക്കാനിടയില്ല കാര്യക്കാർ. നേരം രാത്രിയാണു്. പോയ കാര്യമെന്തായി?
- കാര്യക്കാർ:
- എല്ലാം ഭംഗിയായി വന്നെന്നു് പറഞ്ഞില്ലേ. തെളിവു വേണോ? ഇതാ, മടിക്കുത്തിൽനിന്നു് വെള്ളികൊണ്ടുള്ള ഒരു ചെപ്പെടുത്തു് നീട്ടുന്നു.
- കെട്ടിലമ്മ:
- എന്താ ഇതു് കാര്യക്കാർ?
- കാര്യക്കാർ:
- വാങ്ങിനോക്കണം.
- കെട്ടിലമ്മ:
- (വാങ്ങുന്നു. വാങ്ങുമ്പോൾ കൈ വിറയ്ക്കുന്നു. ചുറ്റും പരിശ്രമിച്ചു് നോക്കുന്നു. ചെപ്പു തുറക്കുന്നു. മുഖത്തു പരിഭ്രമമുണ്ടെങ്കിലും ചുണ്ടിൽ പുഞ്ചിരി വിടരുന്നു. അല്പമൊരു കിതപ്പോടെ കാര്യക്കാരെ നോക്കുന്നു.)
- കാര്യക്കാർ:
- (വിജയഭാവത്തിൽ?) മുത്താണു്, തനിമുത്തു്. നടുവിൽ തൂക്കിയതു് തനി വൈരം.
- കെട്ടിലമ്മ:
- (വൈരമെന്ന വാക്കുകേട്ടു് അറിയാതെ ഞെട്ടുന്നു.) ഇതു് ‘വൈരം’ അവസാനിച്ചതിന്റെ അടയാളമാ കാര്യക്കാർ?
- കാര്യക്കാർ:
- സൗഹൃദം അരക്കിട്ടുറപ്പിച്ചതിന്റെ അടയാളമാണു്. (ശൃംഗാരച്ചിരി) ഇതു് കഴുത്തിൽ കെട്ടി വൈസ്രോയിക്കു് നേരിലൊന്നു് കാണണമെന്നു് പറഞ്ഞു.
- കെട്ടിലമ്മ:
- (മുത്തുമാല മാറിൽ വെച്ചു് ചന്തം നോക്കി ചെപ്പിൽ വെച്ചടച്ചു് പുടവയ്ക്കുള്ളിൽ ചെപ്പൊളിപ്പിക്കുന്നു) തീരുമാനമൊന്നും പറഞ്ഞില്ലല്ലോ കാര്യക്കാർ.
- കാര്യക്കാർ:
- ഇതു് സമ്മാനത്തിന്റെ തുടക്കം മാത്രമാണു്. പിന്നാലെ പലതും വരും.
- കെട്ടിലമ്മ:
- വൈസ്രോയി എന്തൊക്കെ തീരുമാനങ്ങളെടുത്തെന്നു് പറയൂ.
- കാര്യക്കാർ:
- ഒരമ്പിന്നു് രണ്ടു് പക്ഷിയെ വീഴ്ത്തിയെന്നു് പറഞ്ഞാൽ മതിയല്ലൊ. മാനവിക്രമ സ്വരൂപത്തോടു് എന്നെന്നും മൈത്രിയിൽ വർത്തിക്കാമെന്നു് സമ്മതിച്ചു. പിന്നെ പുതുപ്പണം കോട്ട തട്ടിനിരത്തി കുളംകോരാമെന്നേറ്റു. പോരേ?
- കെട്ടിലമ്മ:
- ഇതാണോ ഒരമ്പിനു് രണ്ടു് പക്ഷി?
- കാര്യക്കാർ:
- ഒരു പക്ഷി മാത്രം. ഒന്നു കൂടിയുണ്ടു്.
- കെട്ടിലമ്മ:
- അതെന്താ, കേൾക്കട്ടെ.
- കാര്യക്കാർ:
- ഇന്നലെ രാത്രി ഒരു പറങ്കിക്കപ്പലാണു് എന്നെ തുറമുഖത്തെത്തിച്ചതു്. അപ്പോൾ നേരം പാതിര. കോവിലകത്തേക്കു് വരുമ്പോൾ മങ്ങാട്ടച്ചന്റെ മുറിയിൽ വെളിച്ചം കണ്ടു. എന്തോ പന്തികേടുണ്ടെന്നു് ഞാനൂഹിച്ചു. നാലഞ്ചു് വാൾക്കാരേയും കൂട്ടി അവിടെ ചുറ്റിപ്പറ്റി നിന്നു.
- കെട്ടിലമ്മ:
- (ഉദ്വേഗത്തോടെ) എന്നിട്ടു്?
- കാര്യക്കാർ:
- നേരം കോഴികൂകാൻ നേരത്തു് ഒരാൾ പതുക്കെ പടി കടന്നു് വരുന്നു. ശബ്ദിക്കാതെ പുറകെ കൂടി. നേരെ കടപ്പുറത്തേക്കാണു്. ആളെ മനസ്സിലായില്ല. രണ്ടുംകല്പിച്ചു് വാൾക്കാരോടു് വളഞ്ഞുപിടിക്കാൻ പറഞ്ഞു. നോക്കുമ്പോഴാരാ?
- കെട്ടിലമ്മ:
- (ധൃതിയോടെ) ആരാ?
- കാര്യക്കാർ:
- കുഞ്ഞാലിയുടെ വലംകൈയായ കുറുപ്പു്.
- കെട്ടിലമ്മ:
- നേരോ?
- കാര്യക്കാർ:
- നേരു്.
- കെട്ടിലമ്മ:
- എന്നിട്ടു്?
- കെട്ടിലമ്മ:
- കുഞ്ഞാലിയും മങ്ങാട്ടച്ചനുമായി എന്തോ രഹസ്യക്കരാറുണ്ടെന്നു് തീർച്ച. ഇല്ലെങ്കിൽ രാത്രി ഇത്ര വൈകുന്നതുവരെ കൂടിയാലോചിക്കാനെന്തിരിക്കുന്നു?
- കെട്ടിലമ്മ:
- കുറുപ്പിനെ എന്തു് ചെയ്തു?
- കാര്യക്കാർ:
- കല്ലറയിലടച്ചിട്ടുണ്ടു്.
- കെട്ടിലമ്മ:
- അതു് നന്നായി.
- കാര്യക്കാർ:
- കുറുമ്പ്രനാട്ടിലെ നായന്മാർ ഏറിയകൂഠും കുഞ്ഞാലിയുടെ ഭാഗത്താ. ഈ കുറുപ്പിനെ വേണ്ടപോലെ ചെയ്താൽ നായന്മാരൊന്നു് വിറയ്ക്കും. അതുകൊണ്ടു് ഇന്നു് രാത്രി തന്നെ തിരുമനസ്സിൽ എല്ലാ കാര്യങ്ങളുമുണർത്തിക്കണം. കഴുവിലേറ്റാനുള്ള സമ്മതം വാങ്ങിത്തരണം.
പെട്ടെന്നു് ഇരുട്ടിലെന്തോ ശബ്ദം. കെട്ടിലമ്മ ഞെട്ടുന്നു.
- കെട്ടിലമ്മ:
- എന്താതു്?
- കാര്യക്കാർ:
- കാവിലൂടെ വല്ല ജന്തുക്കളും ഓടിയതാവും.
- കെട്ടിലമ്മ:
- ഏതായാലും ഇനി താമസിക്കുന്നതു് ഭംഗിയല്ല കാര്യക്കാർ. നമുക്കു് പൂവാം. തെക്കേ പുറവഴിയിലാണു് അമാലന്മാരുള്ളതു്. ഇതിലെ വരൂ. (മുൻപിൽ നടക്കുന്നു.)
- കാര്യക്കാർ:
- (പിറകെ നടന്നു്) അപ്പോൾ കുറുപ്പിന്റെ കാര്യം?
- കെട്ടിലമ്മ:
- അതൊക്കെ ശരിപ്പെടുത്താം.
- കാര്യക്കാർ:
- വിസ്തരിച്ചുണർത്തിക്കണം. അതുകൊണ്ടു് ഗുണമുണ്ടു്. കുഞ്ഞാലിയോടുള്ള വൈരം വർദ്ധിക്കും. മങ്ങാട്ടച്ചനെ അകറ്റാനും കഴിയും. ആ മനുഷ്യനുള്ള കാലത്തോളം കോവിലകത്തൊന്നും നടക്കില്ല. കഴുവിലേറ്റാനുള്ള സമ്മതംതന്നെ വാങ്ങിത്തരണം.
- കെട്ടിലമ്മ:
- (പോകുമ്പോൾ പറയുന്നു.) വാങ്ങിത്തരാം. ഇന്നെങ്കിലും കാര്യക്കാർ സമാധാനമായിട്ടു് കിടന്നുറങ്ങൂ.
രംഗം ശൂന്യമാണു്. അല്പനിമിഷങ്ങൾക്കുശേഷം കെട്ടിലമ്മയും കാര്യക്കാരും പോയതിന്റെ എതിർവശത്തൂടെ ഊരിപ്പിടിച്ച വാളുമായി മങ്ങാട്ടച്ചൻ പതുക്കെ കടന്നുവരുന്നു. കാര്യക്കാരേയും കെട്ടിലമ്മയേയും ശബ്ദമുണ്ടാക്കാതെ പിന്തുടരുന്നു. രംഗത്തിന്റെ മറുവശത്തെത്തിയപ്പോൾ ആരേയോ കണ്ടു്, പിന്മാറി മതിലിന്റെ മറവിൽ ചേർന്നുനില്ക്കുന്നു. മാധവി ധൃതിപിടിച്ചു് വന്നു് കെട്ടിലമ്മയെ അന്വേഷിച്ചു് ചുറ്റുപുറവും നോക്കി മുൻപോട്ടു് നടക്കുന്നു. എങ്ങും കാണാനില്ലെന്നു് മനസ്സിലാക്കി വന്നവഴിയെ പോകാൻവേണ്ടി തിരിയുന്നു. അപ്പോൾ മുൻപിലൊരു വാൾമുന. അടിമുടി വിറച്ചുകൊണ്ടു് നോക്കുന്നു. മുൻപിൽ മങ്ങാട്ടച്ചനാണു്. കൈപ്പത്തി കടിച്ചു നിലവിളി ഒതുക്കിക്കൊണ്ടു് വിതുമ്മുന്നു.
- മങ്ങാട്ടച്ചൻ:
- ച്ശു! മിണ്ടരുതു്, എന്തിനു് വന്നിവിടെ?
- മാധവി:
- (കിതച്ചുകൊണ്ടു് നിർത്തി നിർത്തി) തൊ-ഴാ-ൻ.
- മങ്ങാട്ടച്ചൻ:
- തൊഴുതുകഴിഞ്ഞില്ലേ? എന്താ മിണ്ടാത്തതു് എന്നെ മനസ്സിലായോ?
- മാധവി:
- മനസ്സിലായി.
- മങ്ങാട്ടച്ചൻ:
- ആരാണു്?
- മാധവി:
- പിന്നെ… (പരുങ്ങുന്നു.)
- മങ്ങാട്ടച്ചൻ:
- പറയൂ.
- മാധവി:
- (വിങ്ങിവിങ്ങി) മങ്ങാട്ടച്ചൻ.
- മങ്ങാട്ടച്ചൻ:
- മങ്ങാട്ടച്ചൻ നിർദ്ദയനാണെന്നു് കേട്ടിട്ടുണ്ടോ? കുറ്റം ചെയ്തവരെ വെറുതെ വിടില്ല.
- മാധവി:
- (കൂടുതൽ ഭയപ്പെടുന്നു.) അടിയനൊരു കുറ്റവും ചെയ്തിട്ടില്ല.
- മങ്ങാട്ടച്ചൻ:
- നിന്റെ കെട്ടിലമ്മയെവിടെ?
- മാധവി:
- അടിയൻ അന്വേഷിച്ചു വന്നതാണു്.
- മങ്ങാട്ടച്ചൻ:
- എന്നിട്ടെവിടെ?
- മാധവി:
- തെക്കേ പുറവഴിയിലെത്താമെന്നു് പറഞ്ഞതായിരുന്നു. അങ്ങട്ടു് പോയിട്ടുണ്ടാവും.
- മങ്ങാട്ടച്ചൻ:
- കൂടെ ആരുണ്ടു്?
- മാധവി:
- ആരുമില്ല.
- മങ്ങാട്ടച്ചൻ:
- മുശേട്ട, കളവുപറയുന്നോ?
- മാധവി:
- അടിയൻ സത്യമാണു പറഞ്ഞതു്.
- മങ്ങാട്ടച്ചൻ:
- ആട്ടെ, നിനക്കു് ജീവനിൽ കൊതിയുണ്ടോ? (മാധവി പ്രാണനറ്റപോലെ തുറിച്ചു് നോക്കിനില്ക്കുന്നു.) എന്താ മിണ്ടാത്തതു്?
- മാധവി:
- (കലശലായ പാരവശ്യം) അടിയനു് തല ചുറ്റുന്നു. കണ്ണിരുട്ടടയ്ക്കുന്നു. അടിയനിപ്പം മരിക്കും.
- മങ്ങാട്ടച്ചൻ:
- അതു വേണ്ടാ. എന്നെ അനുസരിക്കാനൊരുക്കമുണ്ടോ? (മാധവി അനുസരിച്ചു തലയാട്ടുന്നു.) എങ്കിൽ നടക്കൂ. (നടയിലേക്കു് കൂട്ടിക്കൊണ്ടുപോകുന്നു) ഇവിടെ നിന്നു് ഭഗവതി സാക്ഷിയായി നീ സത്യം ചെയ്യണം…
- മാധവി:
- ചെയ്യാം.
- മങ്ങാട്ടച്ചൻ:
- (സത്യവാചകം ചൊല്ലിക്കൊടുക്കുന്നു.) ശ്രീവളയനാട്ടു് കാവിലമ്മ സാക്ഷിയായി.
- മാധവി:
- ശ്രീവളയനാട്ടു് കാവിലമ്മ സാക്ഷിയായി.
- മങ്ങാട്ടച്ചൻ:
- കെട്ടിലമ്മയും കാര്യക്കാരും തമ്മിൽ ആലോചിച്ചുറയ്ക്കുന്ന എല്ലാ കാര്യങ്ങളും.
- മാധവി:
- കെട്ടിലമ്മയും കാര്യക്കാരുമായി? ആലോചിച്ചുറയ്ക്കുന്ന എല്ലാ കാര്യങ്ങളും.
- മങ്ങാട്ടച്ചൻ:
- അപ്പപ്പോൾ അറിയുന്നതും, ഞാൻ തന്നെ ശ്രമിച്ചറിയുന്നതും.
- മാധവി:
- അപ്പപ്പോൾ അറിയുന്നതും, ഞാൻ തന്നെ ശ്രമിച്ചറിയുന്നതും.
- മങ്ങാട്ടച്ചൻ:
- ഒന്നും വിട്ടുപോകാതെ.
- മാധവി:
- ഒന്നും വിട്ടുപോകാതെ.
- മങ്ങാട്ടച്ചൻ:
- മങ്ങാട്ടച്ചനെ അറിയിക്കും.
- മാധവി:
- മങ്ങാട്ടച്ചനെ അറിയിക്കും.
- മങ്ങാട്ടച്ചൻ:
- ജീവനുപേക്ഷിച്ചും മാനവിക്രമ സ്വരൂപത്തെ സഹായിക്കുക.
- മാധവി:
- ജീവനുപേക്ഷിച്ചും മാനവിക്രമ സ്വരൂപത്തെ സഹായിക്കും.
- മങ്ങാട്ടച്ചൻ:
- ഇതു് സത്യം സത്യം സത്യം!
- മാധവി:
- ഇതു് സത്യം സത്യം സത്യം!
- മങ്ങാട്ടച്ചൻ:
- ഉം! ഇനി പൊയ്ക്കോളു. ഇതാരോടും മിണ്ടിപ്പോവരുതു്. ഈ വാളു് കണ്ടിട്ടില്ലേ? (മാധവി തലതാഴ്ത്തി പതുക്കെപ്പതുക്കെ നടന്നുപോകുന്നു. മങ്ങാട്ടച്ചൻ ഭഗവതിയെ തൊഴുതുകൊണ്ടു് നടയിൽ നില്ക്കുന്നു.)
—യവനിക—