കല്ലറയിൽ മങ്ങിയ വെളിച്ചം മാത്രം, നേരം പാതിരാവു്. പിറ്റേന്നു് പ്രഭാതത്തിൽ കഴുവിലേറ്റുമെന്ന വിളംബരം കുറുപ്പു് സ്വന്തം ചെവിടുകൊണ്ടു് കേട്ടതാണു്. താനുദ്ദേശിച്ചകാര്യം നിറവേറ്റാത്തതിൽ കുറുപ്പിനു് ദുഃഖമുണ്ടു്. മരണത്തെ മുഖത്തോടുമുഖം കണ്ടിട്ടും ഭയപ്പെട്ട മനുഷ്യനല്ല. ഉറക്കം വരാത്തതുകൊണ്ടു് കരിങ്കൽഭിത്തിയും ചാരിയിരിപ്പാണു്. കൈക്കും കാലിനും ചങ്ങലയുണ്ടു്.
കരിങ്കൽപ്പടവുകളിൽ കാലടികൾ അമർത്തിച്ചവിട്ടുന്ന ശബ്ദം കേട്ടു് കുറുപ്പു് ഞെട്ടുന്നു. കണ്ണുകളിൽ ഉത്കണ്ഠ നിഴലിക്കുന്നു. ശബ്ദം കൂടുതൽ വ്യക്തമാവുന്നു. തുടർന്നു് ഇരുമ്പുവാതിലിന്റെ തഠക്കോൽപ്പഴുതിൽ താക്കോൽ കടത്തുന്ന ശബ്ദം. കുറുപ്പു് തട്ടിപ്പിടഞ്ഞ് എഴുന്നേല്ക്കുന്നു. ചങ്ങലകൾ ശബ്ദിക്കുന്നു. എന്തും നേരിടാനുള്ള തയ്യാറെടുപ്പോടെ കുറുപ്പു് ഭിത്തി ചാരി നില്ക്കുന്നു. കല്ലറവാതിൽ തുറക്കുന്ന ശബ്ദം.
- കുറുപ്പു്:
- (ഉഗ്രസ്വരത്തിൽ) ആരാണതു്? (ഉത്തരമില്ല. കുറച്ചുകൂടി ഉച്ചത്തിൽ) ആരാണെന്നാ ചോദിച്ചതു്! (ഇരുട്ടിൽനിന്നു് പതിഞ്ഞ സ്വരം) ‘ബന്ധുവാണു്’.
- കുറുപ്പു്:
- (അമർഷവും നിന്ദയും കലർന്ന സ്വരത്തിൽ) ബന്ധുവോ? സാമൂതിരിയുടെ കല്ലറയിൽ എനിക്കു് ബന്ധുവോ? (ഒരു ചെറിയ പന്തത്തിന്റെ വെളിച്ചത്തിൽ രണ്ടുപേർ നടന്നടുക്കുന്നതു് കണ്ടു് ചങ്ങലയിട്ട കൈകൾ ചേർത്തുപിടിച്ചു് തൊഴിക്കാനൊരുങ്ങിക്കൊണ്ടു് ഗർജിക്കുന്നു.) അടുക്കരുതു്! അടുത്താൽ ഭസ്മമാണു് ഭസ്മം!
മങ്ങാട്ടച്ചനും മാധവിയും കുറുപ്പിന്റെ ഏതാണ്ടടുത്തു് വന്നു് നില്ക്കുന്നു.
- മങ്ങാട്ടച്ചൻ:
- (ശബ്ദമൊതുക്കി) കുറുപ്പു് ബഹളംകൂട്ടരുതു്. ഈ പാതിരായ്ക്കു് ആരുമറിയാതെ, കാവല്ക്കാരെ പറഞ്ഞു് കബളിപ്പിച്ചു് ഞങ്ങളീ കല്ലറയിൽ വന്നതു് നിങ്ങളെ സഹായിക്കാനാണു്.
- കുറുപ്പു്:
- (ഒട്ടും വിശ്വസിക്കുന്നില്ല) ഈ ബുദ്ധിമുട്ടു് സഹിച്ചതു് എന്നെ സഹായിക്കാനോ! അതുകൊണ്ടുള്ള നേട്ടം? (മങ്ങാട്ടച്ചനെ തറച്ചുനോക്കുന്നു) ആട്ടെ നിങ്ങളാരാ?
- മങ്ങാട്ടച്ചൻ:
- മാധവീ, ആ പന്തം പൊക്കിപ്പിടിക്കൂ.
പന്തത്തിന്റെ തെളിഞ്ഞ വെളിച്ചത്തിൽ കുറുപ്പു് മങ്ങാട്ടച്ചുന്റെ മുഖം കാണുന്നു.
- കുറുപ്പു്:
- (അമ്പരപ്പോടെ) മങ്ങാട്ടച്ചൻ!
കുറുപ്പിന്റെ മുഖത്തു് നിമിഷംകൊണ്ടു് പല വികാരങ്ങളും മിന്നിമറയുന്നു.
- മങ്ങാട്ടച്ചൻ:
- ഇവിടെ നിങ്ങൾക്കു് എല്ലാവരെയും സംശയമാണു്.
- കുറുപ്പു്:
- മങ്ങാട്ടച്ചനെ എനിക്കു് സംശയമില്ല.
- മങ്ങാട്ടച്ചൻ:
- അങ്ങനെ വാക്കുകൊണ്ടു് പറഞ്ഞുതീർത്താൽ പോരല്ലോ. എന്റെ പേരിൽ നിങ്ങൾക്കു് പൂർണവിശ്വാസമുണ്ടാവണം. ആട്ടെ, വഴിയുണ്ടാക്കാം. മാധവീ, കുറുപ്പിന്റെ കൈക്കും കാലിനുമുള്ള ചങ്ങലപ്പൂട്ടഴിക്കൂ. (പന്തം ഏറ്റുവാങ്ങുന്നു. മാധവി മുമ്പോട്ടു് കടന്നുനിന്നു് ചങ്ങലയഴിക്കാൻ തുടങ്ങുന്നു.) മാധവിയെ നിങ്ങൾക്കു് വിശ്വസിക്കാം. ഇവളാണു് നിങ്ങളുടെ ജീവൻ രക്ഷിച്ചതു്. ഇവളുംകൂടി വന്നില്ലെങ്കിൽ കാവല്ക്കാർ കടത്തിവിടില്ലായിരുന്നു.
- കുറുപ്പു്:
- മുഖ്യസചിവനാണോ ഈ സംസാരിക്കുന്നതു്?
- മങ്ങാട്ടച്ചൻ:
- പേരുകൊണ്ടു് മുഖ്യസചിവൻ. ഇതാ കണ്ടീല്ലേ, കാര്യസാധ്യത്തിനു കെട്ടിലമ്മയുടെ ദാസിയെ സേവിക്കേണ്ടിവന്നു. ഇനി വിശ്വസിക്കുന്നതിൽ പ്രയാസമുണ്ടോ?
- മങ്ങാട്ടച്ചൻ:
- സാരമില്ല. (കുറുപ്പിന്റെ ചങ്ങലകളഴിയുന്നു. കുറുപ്പു നിവർന്നുനില്ക്കുക്കുന്നു.) (ഒരു വാൾ വെച്ചു് നീട്ടുന്നു.) ഇതു് വാങ്ങിക്കൊള്ളൂ. ഇപ്പോൾ സ്വത്രന്തനായില്ലേ? കൈയിൽ ആയുധമുണ്ടു്. ഇനി വിശ്വസിക്കുന്നതിൽ വിരോധമുണ്ടോ?
- കുറുപ്പു്:
- (വാൾ സ്വീകരിച്ചു്) ആളറിയാതെ പറഞ്ഞുപോയതു ക്ഷമിക്കണം.
- മങ്ങാട്ടച്ചൻ:
- എനിക്കു് സമാധാനമായി. എന്നെ കാണാൻ വന്നൊരാളെ പിടിച്ചു് കല്ലറയിലടയ്ക്കുകയും കഴുവിലേറ്റുകയും ചെയ്താൽ ജനങ്ങളെന്തു് പറയും? എല്ലാം ഭംഗിയായി കലാശിച്ചു. ഇല്ലെങ്കിൽ നാളെ രാവിലെ മാനവിക്രമസ്വരൂപത്തിനെതിരായി മങ്ങാട്ടച്ചൻ വാളെടുക്കേണ്ടിവരുമായിരുന്നു. ഭഗവതി കടാക്ഷിച്ചു. (കണ്ണടച്ചു് അല്പനേരം ധ്യാനിക്കുന്നു.) ഇനി താമസിക്കരുതു്. വേഗത്തിലിവിടെ നിന്നു് രക്ഷപ്പെടണം. (മൂന്നുപേരും നടക്കുന്നു.) മാധവീ, കെട്ടിലമ്മയ്ക്കു് ഉറക്കമരുന്നു് കൊടുത്തില്ലേ?
- മാധവി:
- (ഒരു ഞെട്ടലോടെ) അയ്യോ തിരുമേനീ, അടിയനതു് മറന്നു. ഇന്നാകെ പരിഭ്രമമായിരുന്നു.
- മങ്ങാട്ടച്ചൻ:
- സാരമില്ല, വന്നോളൂ. (അല്പംകൂടി മുൻപോട്ടു് നടക്കുന്നു. അപ്പോൾ രംഗത്തു് കൂടുതൽ വെളിച്ചം. മൂന്നുപേരും അമ്പരന്നു് മുൻപോട്ടു് നോക്കുന്നു. എതിരെ വലിയൊരു പന്തവുമായി കാര്യക്കാരും പിറകിൽ കെട്ടിലമ്മയും വരുന്നു.)
- മാധവി:
- അയ്യോ? കെട്ടിലമ്മ!
- മങ്ങാട്ടച്ചൻ:
- പേടിക്കേണ്ട.
കെട്ടിലമ്മയും കാര്യക്കാരും അടുത്തെത്തി അമ്പരപ്പോടെ മൂന്നുപേരേയും നോക്കുന്നു. കെട്ടിലമ്മയുടെ മുഖം കോപംകൊണ്ടു് തുടുക്കുന്നു.
- കെട്ടിലമ്മ:
- എടീ അസത്തേ! കുലദ്രോഹീ! നീ എന്നേയും തിരുമനസ്സിനേയും വഞ്ചിക്കുകയായിരുന്നു, ഇല്ലേ? (മാധവി ഒരു നിലവിളിയോടെ ബോധംകെട്ടു് പിറകോട്ടു് ചായുന്നു. കുറുപ്പു് അവളെ താങ്ങുന്നു.) ഇതൊരു മുഖ്യസചിവനു് ചേന്ന തൊഴിലാണോ മങ്ങാടൻ?
- മങ്ങാട്ടച്ചൻ:
- കെട്ടിലമ്മയ്ക്കു് ചേർന്ന തൊഴിലെന്തെന്നു് ഇപ്പോൾ നേരിട്ടു് മനസ്സിലാക്കി ബാക്കി കാര്യങ്ങൾ നാളെ പുലർന്നിട്ടാലോചിക്കാം. (പരിഹാസം) അതുവരെ ഈ കല്ലറയിൽത്തന്നെ എഴുന്നള്ളിയിരിക്കാൻ തിരുവുള്ളമുണ്ടാവണം. (ഗൗരവത്തിൽ) മാധവീ… മാധവീ… (കുറുപ്പിന്റെ മാറിൽ തലചായ്ച്ചുകിടക്കുന്ന മാധവി ഒരു ഞെട്ടലോടെ കണ്ണു് തുറക്കുന്നു.) മാധവീ, നിർദ്ദോഷിയായ ഈ കുറുപ്പിന്റെ ജിവൻ രക്ഷിച്ചതു് നീയാണു്. ഇനി നിന്നെ രക്ഷിക്കേണ്ടതു് കുറുപ്പാണു്. നിനക്കിനി കോവിലകത്തോ ഈ നാട്ടിലോ അഭയം കിട്ടില്ല. ഉം. വരൂ. (തിരിഞ്ഞുനിന്നു് കാര്യക്കാരോടു്) എടോ, നിരുപദ്രവികളായ പലരേയും ഈ കല്ലറയിൽ തള്ളി നീ കൊന്നിട്ടില്ലേ? ഇതിന്റെ രുചി നീയും അല്പമൊന്നറിയണം.
- കെട്ടിലമ്മ:
- (അല്പം പരിഭ്രമിച്ച മട്ടിൽ) മങ്ങാടനെന്താ ഭാവം?
- മങ്ങാട്ടച്ചൻ:
- ഇന്നു് പള്ളിക്കുറുപ്പിവിടെയാവട്ടെ. സഹായത്തിനു് കാര്യക്കാരുമുണ്ടാവും. തിരുമേനി വന്നു് വിളിച്ചുണർത്തുന്നതുവരെ ഇവിടെ കിടക്കാം.
- കാര്യക്കാർ:
- അയ്യോ, ചതിക്കരുതു് മങ്ങാട്ടച്ചൻ. (മുൻപോട്ടു് ചെല്ലുന്നു)
- മങ്ങാട്ടച്ചൻ:
- (വാൾമുന നെഞ്ചിനു് നേർക്കു് ചൂണ്ടി) അനങ്ങിപ്പോവരുതു്! അവിടെ നിന്നോണം… നടക്കൂ മാധവീ.
കുറുപ്പും മാധവിയും പുറത്തു് കടക്കുന്നു. മങ്ങാട്ടച്ചൻ കല്ലറയുടെ വാതിലടച്ചു് പൂട്ടാൻ തുടങ്ങുന്നു. കെട്ടിലമ്മ കൽപ്രതിമപോലെ നില്ക്കുന്നു. കാര്യക്കാർ ഓടി വാതിലിന്നടുത്തു് ചെല്ലുന്നു.
- കാര്യക്കാർ:
- രക്ഷിക്കണം മങ്ങാട്ടച്ചൻ ഇത്തവണ രക്ഷിക്കണം. കാലുപിടിക്കാം. നേരം പുലർന്നു് തിരുമേനി വന്നു് കണ്ടാൽ കുഴുവിലേറ്റും.
- മങ്ങാട്ടച്ചൻ:
- കുറുപ്പിനു് പകരം ആരെങ്കിലുമൊന്നു് കഴുവേറണ്ടേ? അവിടെ കിടക്കൂ. (നടക്കുന്നു)
- കാര്യക്കാർ:
- (വാതിലിന്റെ അഴിയിൽ പിടിച്ചു്) ചതിക്കരുതു് മങ്ങാട്ടച്ചൻ. ഒന്നു് രക്ഷിക്കൂ. കാലുപിടിക്കാം. (ദയനീയമായി) മങ്ങാട്ടച്ചൻ… മങ്ങാട്ടച്ചൻ…
- മങ്ങാട്ടച്ചൻ:
- (തിരിച്ചുവന്നു്) ചതി എന്റെ തൊഴിലല്ല. അതുകൊണ്ടു് അക്കാര്യത്തിൽ ഭയപ്പെടേണ്ട. കെട്ടിലമ്മയേയും കൂട്ടി ഈ പാതിരനേരത്തു് ഇറങ്ങിപ്പുറപ്പെട്ടതെന്തിനായിരുന്നു? കുറുപ്പിനെ കല്ലറയിൽ നിന്നിറക്കി എന്റെ വീടിന്റെ മുമ്പിലിട്ടു് വെട്ടിക്കൊല്ലാൻ, അല്ലേ? അങ്ങനെ കഴിഞ്ഞെങ്കിൽ നാളെ പുതിയൊരു കഥ തിരുമനസ്സറിയിക്കാമായിരുന്നു. (ഗൗരവം) കാര്യക്കാർ, ചതി നിങ്ങളുടെ കുലത്തൊഴിലാണു്. ഏതായാലും കുറച്ചിവിടെ കിടക്കൂ. കുറുപ്പിനേയും മാധവിയേയും ഒരു അഭയസങ്കേതത്തിലെത്തിക്കട്ടെ… എന്നിട്ടു് പുലരുന്നതിനുമുൻപേ തുറന്നുവിടാം. (പോകുന്നു.)
കാര്യക്കാർ സംഭ്രാന്തിയോടെ തിരിഞ്ഞു് നടക്കുന്നു.
—യവനിക—