സാമൂതിരിയും കെട്ടിലമ്മയും. സാമൂതിരി കട്ടിലിൽ പട്ടുമെത്തയിൽ ചാരിക്കിടക്കുകയാണു്. കെട്ടിലമ്മ അടുത്തുനിന്നു് വീശുന്നു.
- സാമൂതിരി:
- മതി കുഞ്ഞുലക്ഷ്മി.
- കെട്ടിലമ്മ:
- ഇന്നുഷ്ണം അസാരം കൂടുതലാ.
- സാമൂതിരി:
- കുഞ്ഞുലക്ഷ്മി അടുത്തുള്ളപ്പോൾ ഒട്ടും ഉഷ്ണം തോന്നില്ല. മതി ഇവിടെ വന്നിരിക്കൂ. (കൈപിടിച്ചു് കിടക്കയിലിരുത്തുന്നു.) അല്ലെങ്കിലും ഇതൊക്കെ അർത്ഥശുന്യമായ ആചാരമാണു്. എൺപതും തൊണ്ണൂറും വയസ്സായ അമ്മാമന്മാർക്കു് കെട്ടിലമ്മമാർ വീശിക്കൊടുത്തിട്ടുണ്ടാവും. അതവർക്കൊരാവശ്യവുമായിരുന്നു. നമുക്കത്രയൊന്നും വയസ്സായിട്ടില്ല കുഞ്ഞുലക്ഷ്മീ. എന്നല്ല നന്നെ ചെറുപ്പമാണേനും. (അർത്ഥഗർഭമായി നോക്കി ചിരിക്കുന്നു.) ഈ സ്വരൂപത്തിൽ ഇത്ര ചെറുപ്പത്തിൽ ആർക്കും സ്ഥാനം കിട്ടീട്ടില്ല.
- കെട്ടിലമ്മ:
- അവിടത്തേയ്ക്കു് കേസരിയോഗം ഉണ്ടെന്നു് പറഞ്ഞതു് ശരിയാ.
- സാമൂതിരി:
- അതുകൊണ്ടാണല്ലോ കുഞ്ഞുലക്ഷ്മിയെപ്പോലൊരു മനസ്വിനിയെ കിട്ടിയതു്. (കളിയായി കവിളിൽ നുള്ളുന്നു.)
- കെട്ടിലമ്മ:
- (നാണിച്ചു് കുഴയുന്നു.) തിരുവുള്ളക്കേടു് തോന്നരുതു്. അടിയനൊന്നു് ചോദിക്കട്ടെ?
- സാമൂതിരി:
- രാജ്യകാര്യമാണെങ്കിൽ ഒട്ടും വയ്യ.
- കെട്ടിലമ്മ:
- അടിയനു് രാജ്യകാര്യങ്ങൾ അറിയാനും അന്വേഷിക്കാനും ഇപ്പഴല്ലേ അവസരം കിട്ടൂ! അതും പാടില്ലെന്നാണോ കല്പന?
- സാമൂതിരി:
- കുഞ്ഞുലക്ഷ്മിയെ മുഷിപ്പിക്കാൻവേണ്ടി പറഞ്ഞതല്ല. നിന്നെപ്പോലൊരു സുന്ദരിയുടെ മുഖത്തുനിന്നു് രാജ്യകാര്യം കേൾക്കാൻ നാമിഷ്ടപ്പെടുന്നില്ല. അതു് അറുമുഷിപ്പനാണു്.
- കെട്ടിലമ്മ:
- ഈ മങ്ങാടനെന്തുപറ്റി തിരുമനീ?
- സാമൂതിരി:
- ധിക്കാരം. ഇപ്പഴതിന്റെ കാലമാണല്ലോ.
- കെട്ടിലമ്മ:
- എന്നാലും കുഞ്ഞാലിയുടെ പക്ഷംചേർന്നു് മങ്ങാടൻ ഗുഢാലോചന നടത്തിയെന്നു് അടിയനു് വിശ്ചസിക്കാൻ കഴിയുന്നില്ല. ഇങ്ങനെ പോയാൽ അരഞ്ഞാണൂം പാമ്പാവില്ലേ തിരുമനീ?!
- സാമൂതിരി:
- ഇല്ല. ഇനി നാം വളരെ കരുതലോടെ പെരുമാറും. ഒരു വലിയ ആപത്തിൽനിന്നു് കാര്യക്കാർ നമ്മെ രക്ഷിച്ചു.
- കെട്ടിലമ്മ:
- ആ കുറുപ്പിപ്പഴും കല്ലറയിൽത്തന്നെയാണോ തിരുമേനീ?
- സാമൂതിരി:
- അതേ, ഇന്നു് രാത്രിയുംകൂടി അവൻ കല്ലറയിലുണ്ടാവും. നാളെ പരസ്യമായി അവനെ കഴുവിലേറ്റും.
- കെട്ടിലമ്മ:
- രാജ്യദ്രോഹത്തിനു് അതുതന്നെ വേണം.
- സാമൂതിരി:
- പിന്നാലെ കുഞ്ഞാലിയും പോണം. മങ്ങാടനു് കരുത്തുണ്ടെങ്കിൽ രക്ഷിക്കട്ടെ.
- കെട്ടിലമ്മ:
- (അറിയേണ്ടതറിഞ്ഞുകഴിഞ്ഞപ്പോൾ വിഷയം മാറ്റാൻ ധൃതിപ്പെടുന്നു.) അയ്യോ, തിരുമേനി വിയർക്കുന്നുണ്ടല്ലോ. അടിയൻ വീശട്ടെ?
- സാമൂതിരി:
- അരുതു് കുഞ്ഞുലക്ഷ്മി. (കൈ പിടിച്ചു വിലക്കുന്നു.)
- കെട്ടിലമ്മ:
- എന്നാൽ പനിനീർ തളിക്കാം. (ഉറക്കെ വിളിക്കുന്നു.) എടീ മാധവീ, മാധവീ! (മാധവി കടന്നുവരുന്നു.) നീയാ പനിനീർക്കുപ്പി എടുത്തുകൊണ്ടുവാ. രാമച്ചവിശറിയും.
- മാധവി:
- റാൻ! (പോകാൻ തുടങ്ങുന്നു. ശങ്കിച്ചുനില്ക്കുന്നു.)
- കെട്ടിലമ്മ:
- എന്താ മാധവീ?
- മാധവി:
- കാര്യക്കാർ വളരെ നേരമായി കാത്തുനില്ക്കുന്നു.
- സാമൂതിരി:
- (വെറുപ്പോടെ) നമ്മെ മുഖം കാണിക്കാനാവും. വയ്യ! കുഞ്ഞുലക്ഷ്മിയുടെ സാന്നിധ്യത്തിൽ രാജ്യകാര്യം ഒട്ടും വയ്യ!
- കെട്ടിലമ്മ:
- അടിയന്റെ പേരിൽ രാജ്യകാര്യത്തിനു് വിഘ്നം തട്ടരുതു്. കാര്യക്കാരോടു് വരാൻ കല്പിക്കണം തിരുമനീ.
- സാമൂതിരി:
- നാം അല്പം സമാധാനത്തിനുവേണ്ടിയാണിങ്ങോട്ടു് വരുന്നതു്. ഇവിടെയും ശല്യം. ഉം. കുഞ്ഞുലക്ഷ്മിയുടെ ഇഷ്ടം നടക്കട്ടെ. അവനോടു് വരാൻ പറയൂ.
- മാധവി:
- കല്പനപോലെ (പോകുന്നു.)
- കെട്ടിലമ്മ:
- ഇതടിയന്റെ ഇഷ്ടമല്ലല്ലോ. രാജ്യകാര്യം ഉപേക്ഷിച്ചിട്ടു് അടിയനൊരു സുഖവും കൊതിക്കുന്നില്ല.
കാര്യക്കാർ കടന്നുവരുന്നു. കുമ്പിടുന്നു.
- സാമൂതിരി:
- (കലശലായ അസുഖത്തോടെ) എന്താ കാര്യക്കാർ. നമുക്കിവിടേയും സ്വൈര്യം തരില്ലേ?
- കാര്യക്കാർ:
- ക്ഷമിക്കണം തിരുമേനീ.
- സാമൂതിരി:
- വയ്യാ. ക്ഷമിക്കാൻ പറ്റിയ കുറ്റമല്ലിതു്. നാം കുഞ്ഞുലക്ഷ്മിയോടുകൂടി ഇരിക്കുമ്പോൾ രാജ്യകാര്യവുമായി വരരുതെന്നു് തന്നോടു് പലതവണ പറഞ്ഞിട്ടില്ലേ?
- കാര്യക്കാർ:
- പ്രാണഭയംകൊണ്ടു് ഓടിപ്പോതാണടിയൻ.
- സാമൂതിരി:
- എന്താ, തന്നെ വല്ലവരും കൊല്ലാൻ ഭാവിച്ചോ?
- കാര്യക്കാർ:
- (പാരവശ്യം) കൊല്ലാൻ ഭാവിച്ചിട്ടില്ല. എങ്കിലും കൊല്ലും.
- സാമൂതിരി:
- ആരാ? കേൾക്കട്ടെ.
- കാര്യക്കാർ:
- പറയാനും അടിയനു് ഭയമുണ്ടൂ്.
- സാമൂതിരി:
- എടോ, ക്ഷമ പരീക്ഷിക്കരുതു്.
- കാര്യക്കാർ:
- മങ്ങാട്ടച്ചൻ.
- സാമൂതിരി:
- എന്തു്? മങ്ങാടനോ?
- കാര്യക്കാർ:
- കല്ലറയിൽ കിടക്കുന്ന കുറുപ്പിനെ വിട്ടയയ്ക്കണമെന്നു് പറഞ്ഞു് അടിയനെ ഭീഷണിപ്പെടുത്തി.
- സാമൂതിരി:
- ആഹാ! അത്രയ്ക്കായോ? എന്നാലവനെ വിട്ടയച്ചുകളയാം. കേട്ടോ കാര്യക്കാർ, ആ കുറുപ്പിനെ നാളെ രാവിലെ പരസ്യമായി കഴുവിലേറ്റുമെന്നു് ഇപ്പോൾത്തന്നെ കൊട്ടിയറിയിക്കാൻ ഏർപ്പാടുചെയ്യൂ.
- കാര്യക്കാർ:
- കല്പനപോലെ.
- സാമൂതിരി:
- മങ്ങാടന്റെ ഭീഷണി നാമുക്കൊന്നു് കാണണം. (എഴുന്നേല്ക്കുന്നു.) കുഞ്ഞുലക്ഷ്മി ഇനി ഇവിടെ ഇരിക്കുന്നതു് പന്തിയല്ല. ശല്യങ്ങളങ്ങനെ വന്നുകൊണ്ടിരിക്കും. അന്തഃപുരത്തിലാവാം വിശ്രമം.
- കെട്ടിലമ്മ:
- എഴുന്നള്ളണം തിരുമേനീ. (സാമൂതിരിപ്പാടു് മുമ്പിലും കെട്ടിലമ്മ പുറകിലുമായി അകത്തേക്കു് പോകുന്നു. കാര്യക്കാർ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്ക്കുന്നു. അല്പം കഴിഞ്ഞു് കെട്ടിലമ്മ തിരിച്ചുവരുന്നു. വരുമ്പോൾ വിളിക്കുന്നുണ്ടു്.) മാധവീ! മാധവീ… (മാധവി കടന്നുവരുന്നു.) എടീ, ഇവിടെത്തന്നെയുണ്ടാവണം. തിരുമനസ്സിലേക്കു് വല്ലതും ആവശ്യമായി വന്നാൽ നിന്നെ അന്വേഷിച്ചു് നടക്കാൻ പറ്റില്ല. ഒരു കാര്യം ചെയ്യൂ. ആ മുല്ലപ്പൂവിങ്ങെടുത്തുകൊണ്ടുവരൂ. ഇവിടെ ഇരുന്നു് മാല കോർത്തോളൂ. അവിടുത്തേക്കു് മുല്ലപ്പൂമാല വല്യ ഇഷ്ടാണു്. (മാധവി പുറത്തേക്കു് പോകുന്നു.)
- കാര്യക്കാർ:
- (കെട്ടിലമ്മയുടെ അടുത്തുചെന്നു പതുക്കെ) കല്ലറയുടെ താക്കോൽ ഭദ്രമായി വെച്ചിട്ടില്ലേ?
- കെട്ടിലമ്മ:
- ഉവ്വു്.
- കാര്യക്കാർ:
- കൈമോശം വരരുതു്.
- കെട്ടിലമ്മ:
- ഇല്ല, എന്റെ മടിക്കുത്തിൽത്തന്നെയുണ്ടു്.
- കാര്യക്കാർ:
- അതാപത്താണു്. അവിടെയെങ്ങാനും അബദ്ധത്തിൽ വീണു് തിരുമനസ്സുകൊണ്ടു് കാണും. ഇന്നു രാത്രി അതുകൊണ്ടാവശ്യമുണ്ടു്. അതു് പറയാനാ ഞാനിവിടെ നിന്നതു്.
- കെട്ടിലമ്മ:
- രാത്രി വന്നോളൂ. എടുത്തു് തരാം.
കാര്യക്കാർ പോകുന്നു. കെട്ടിലമ്മ മടിക്കുത്തിൽനിന്നു് താക്കോലെടുത്തു് നാലുപുറവുമൊന്നു് നോക്കി കിടക്കയുടെ അടിയിൽ വെക്കുന്നു. മാധവി ഒരു ഇലക്കുമ്പിളിൽ പൂവുമായി വരുന്നു. ശ്രദ്ധിക്കുന്നു. മറ്റെങ്ങോ നോക്കിക്കൊണ്ടു് കെട്ടിലമ്മയുടെ അടുത്തേക്കു് വരുന്നു. കെട്ടിലമ്മയ്ക്കു സംശയമില്ല.
- കെട്ടിലമ്മ:
- വേഗത്തിലാ മാല കെട്ടൂ പെണ്ണേ. (അന്തഃപുരത്തിലേക്കു് പോകുന്നു.)
മാധവി ഇലക്കുമ്പിളിലെ പൂവു് കിടക്കയിൽ ചൊരിയുന്നു. എന്നിട്ടു് തറയിലിരിക്കുന്നു. ഓരോ പൂവെടുത്തു് മാല കെട്ടാൻ തുടങ്ങുന്നു. കെട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ കിടക്ക പൊക്കി നോക്കുന്നു. മനസ്സിലാക്കുന്നു. ജോലി തുടരുന്നു. കുറേക്കഴിഞ്ഞു് രംഗത്തിന്റെ ഒരു വശത്തു് മങ്ങാട്ടച്ചൻ പ്രത്യക്ഷപ്പെടുന്നു.
- മങ്ങാട്ടച്ചൻ:
- (അമർത്തിപ്പിടിച്ച ശബ്ദത്തിൽ) മാധവീ! (മാധവി ഞെട്ടി തലയുയർത്തിനോക്കുന്നു. പരിഭ്രമിക്കുന്നു. മങ്ങാട്ടച്ചൻ അടുത്തു് ചെല്ലാൻ ആംഗ്യം കാണിക്കുന്നു. മാധവി എഴുന്നേറ്റു് അന്തഃപുരത്തിനു് നേർക്കു് നോക്കിക്കൊണ്ടു് നടക്കുന്നു. മങ്ങാട്ടച്ചനെ സമീപിക്കുന്നു.)
- മങ്ങാട്ടച്ചൻ:
- കെട്ടിലമ്മയെവിടെ?
- മാധവി:
- അന്തഃപുരത്തിലാണു്. തിരുമനസ്സു് എഴുന്നള്ളീട്ടുണ്ടു്.
- മങ്ങാട്ടച്ചൻ:
- ശരി നീ വലിയൊരു സഹായം ചെയ്യണം. (മാധവി പകച്ചുനോക്കുന്നു.) നിർദ്ദോഷിയായ മനുഷ്യൻ ആ കല്ലറയിൽ കിടപ്പുണ്ടു്. അയാളെ രക്ഷിക്കണം. അതിനാണു് നിന്റെ സഹായം. കല്ലറയുടെ താക്കോൽ കെട്ടിലമ്മയുടെ കൈയിലുണ്ടു്. (മാധവി അന്തഃപുരത്തിനു് നേർക്കു് തിരിഞ്ഞുനോക്കുന്നു.) അതെവിടെ വെച്ചെന്നു് നിനക്കറിയാമോ?
- മാധവി:
- (പതുക്കെ) അറിയാം.
- മങ്ങാട്ടച്ചൻ:
- നല്ലതു്. ഇപ്പ വേണ്ട. രാത്രി ഞാനിവിടെ വരും, അപ്പോൾ മതി.
- മാധവി:
- അയ്യോ!
- മങ്ങാട്ടച്ചൻ:
- പേടിക്കേണ്ട. കെട്ടിലമ്മ ഇന്നു് തിരുമനസ്സിനു് ഉറക്ക മരുന്നു് ചേർത്തു് പാലു് കൊടുക്കാൻ തീർച്ചപ്പെടുത്തിയിട്ടുണ്ടു്. ഇതാ ഈ പൊതി നിന്റെ കൈയിലിരിക്കട്ടെ. (പൊതി വെച്ചുനീട്ടുന്നു.) ഇതു് കെട്ടിലമ്മയുടെ പാലിലും ചേർത്തേക്കൂ. രണ്ടുപേരും നല്ലപോലെ ഉറങ്ങട്ടെ. ഞാൻ വരും, കെട്ടോ. (മറുപടിക്കു് കാത്തുനില്ക്കാതെ പോകുന്നു.)
മാധവി ഇടിതട്ടിയപോലെ നിശ്ചലയായി നില്ക്കുന്നു.
—യവനിക—