ഒന്നാം രംഗത്തിലെ സജ്ജീകരണങ്ങൾ. ഒരു മേശപ്പുറത്തു കിടന്നു് ഉറങ്ങുകയാണു്, ഭാസി. കൂർക്കം വലി. വേണു ഏതോ പുസ്തകവും വായിച്ചുകൊണ്ടു വരുന്നു. ഒരു കസേരയിൽച്ചെന്നിരുന്നു വായന തുടങ്ങുന്നു. ഭാസിയുടെ കൂർക്കംവലി ഗംഭീരമായിത്തീരുന്നു. വേണു എഴുന്നേറ്റുചെന്നു് ഭാസിയെ തട്ടിവിളിക്കുന്നു.
- വേണു:
- ഭാസീ… ഭാസീ…
- ഭാസി:
- (പിറുപിറുക്കുന്നു) പാസ്… പാസ്…
- വേണു:
- (ഉരുട്ടിവിളിക്കുന്നു.) ഭാസീ… ഭാസീ…
- ഭാസി:
- (എഴുന്നേറ്റു്) കോർണർ കിക്ക്. കോർണർ കിക്ക്… (കണ്ണു തിരുമ്മി അമ്പരന്നു് ചുറ്റും നോക്കുന്നു.)
- വേണു:
- നിനക്കു് വേണ്ടതു് (ചിരിച്ചുകൊണ്ടു്) കോർണർ കിക്കല്ല, ബ്ലഡീ കിക്കാണു്.
- ഭാസി:
- (ടൈംപീസിൽ നോക്കി പരിഭ്രമത്തോടെ) മണി എട്ടേ പതിനഞ്ചായി!
- വേണു:
- എന്താ, നീ പരുങ്ങുന്നതു്?
- ഭാസി:
- ഇന്നു് മൈതാനിയിൽ പ്രാക്ടീസ് ചെയ്യേണ്ടതായിരുന്നു.
- വേണു:
- ഉറക്കത്തിലും നിനക്കു പ്രാക്ടീസായിരുന്നില്ലേ?
- ഭാസി:
- കഷ്ടായി! ആർക്കെങ്കിലും എന്നെ വിളിക്കായിരുന്നു.
- വേണു:
- നിന്നെ നിന്റെ കിടക്കയിൽ കണ്ടില്ലല്ലോ!
- ഭാസി:
- ചൂടുകൊണ്ടു് വയ്യാഞ്ഞിട്ടു് ഞാൻ ഇവിടെ വന്നു് കിടന്നതാണു്.
- വേണു:
- അവിടെ കണ്ടെങ്കിൽ ഞാൻ വിളിച്ചേനേ.
- ഭാസി:
- കാര്യം പറ്റിപ്പോയി! (ധൃതിയിൽ അകത്തു് പോകുന്നു.)
വേണു കസേരയിൽ വന്നിരുന്നു് വായന തുടരുന്നു. ജയശ്രീയുടെ അച്ഛൻ ശങ്കുണ്ണിനായർ പുറത്തുനിന്നു് വരുന്നു. കൈയിൽ കുട. പ്രായത്തിന്നനുസരിക്കാത്ത അവശതയുണ്ടു് മുഖത്തു്. ശങ്കുണ്ണിനായരെ കണ്ടു് വേണു എഴുന്നേല്ക്കുന്നു.
- ശങ്കുണ്ണിനായർ:
- അച്ഛനില്ലേ ഇവിടെ?
- വേണു:
- ഉണ്ടു്.
- ശങ്കുണ്ണിനായർ:
- ജ്യേഷ്ഠൻ ആസ്പത്രിക്കു് പോയോ?
- വേണു:
- ഇല്ല; പുറപ്പെടാറായി. എട്ടുമണിക്കു് അവിടെ എത്താറുണ്ടു്… വിശേഷിച്ചൊന്നുമില്ലല്ലോ?
- ശങ്കുണ്ണിനായർ:
- ഹേയ്, ഒന്നുമില്ല. എല്ലാവരേയുമൊന്നു് കണ്ടുപോകാമെന്നുവെച്ചു.
- വേണു:
- ഇങ്ങോട്ടു് വന്നിട്ടു് കുറച്ചായല്ലോ!
- ശങ്കുണ്ണിനായർ:
- ഉവ്വു്.
- വേണു:
- ഞാൻ അച്ഛനോടു് പറയാം. (അകത്തേക്കു് പോകുന്നു.)
- ശങ്കുണ്ണിനായർ:
- ധൃതിപ്പെടേണ്ട. (ചുറ്റുപാടും കണ്ണോടിക്കുന്നു. കുട മേശപ്പുറത്തു് വെക്കുന്നു. രണ്ടാംമുണ്ടെടുത്തു് കഴുത്തും മുഖവും തുടയ്ക്കുന്നു.)
വൃദ്ധൻ അകത്തുനിന്നു് ഒരു പത്രവും നോക്കിക്കൊണ്ടു് വരുന്നു. അല്പം ചിരിയോടെ
- വൃദ്ധൻ:
- എന്താ, എന്തേ ഇങ്ങനെയൊരു തെറ്റുപറ്റിയതു്?
- ശങ്കുണ്ണിനായർ:
- ആർക്കു്?
- വൃദ്ധൻ:
- ശങ്കുണ്ണിനായർക്കു്.
- ശങ്കുണ്ണിനായർ:
- മനസ്സിലായില്ല.
- വൃദ്ധൻ:
- ഇങ്ങോട്ടൊന്നും വരാറു് പതിവില്ലല്ലോ?
- ശങ്കുണ്ണിനായർ:
- തെറ്റുപറ്റുമെന്നു് വിചാരിച്ചിട്ടല്ല.
- വൃദ്ധൻ:
- പിന്നെ?
- ശങ്കുണ്ണിനായർ:
- വരണമെന്നു് ദിവസവും വിചാരിക്കും.
- വൃദ്ധൻ:
- ഭാഗ്യം! ആ വിചാരമെങ്കിലും നിലനില്ക്കട്ടെ!
- ശങ്കുണ്ണിനായർ:
- സത്യം പറഞ്ഞാൽ ഒന്നിനും ഒരുന്മേഷമില്ല.
- വൃദ്ധൻ:
- എങ്ങനെ ഉന്മേഷമുണ്ടാവും? മനുഷ്യൻ ഒറ്റയ്ക്കായാൽ ക്രമേണ മൗഢ്യം തുടങ്ങും.
- ശങ്കുണ്ണിനായർ:
- ഒറ്റയ്ക്കാവണമെന്നു് ഞാൻ കൊതിച്ചിട്ടല്ലല്ലോ?
- വൃദ്ധൻ:
- കൊതിച്ചാലും ഇല്ലെങ്കിലും ഇന്നു് അതല്ലേ ഫലം.
- ശങ്കുണ്ണിനായർ:
- (നെടുവീർപ്പോടെ) കർമഫലമാവും.
- വൃദ്ധൻ:
- വിഡ്ഢിത്തം! അങ്ങനെ വിചാരിച്ചു് ഒരിടത്തു് അടങ്ങിക്കൂടിയാൽ ഗതിയില്ല… ഇരിക്കട്ടെ. ഇടയ്ക്കൊക്കെ ഒന്നിവിടെ വന്നു് മകളെയെങ്കിലും കണ്ടു് പൊയ്ക്കൂടെ?
- ശങ്കുണ്ണിനായർ:
- ഞാൻ പറഞ്ഞില്ലേ, എന്നുമങ്ങനെ വിചാരിക്കുമെന്നു്.
- വൃദ്ധൻ:
- പിന്നെന്തേ അതിന്നൊരു തടസം?
- ശങ്കുണ്ണിനായർ:
- എനിക്കതുതന്നെ അറിഞ്ഞുകൂടാ. ഇങ്ങനെ ചൂളിപ്പിടിച്ചു് ഒരിടത്തു് ഇരിക്കാനാണു് മോഹം. ഒക്കെ വിചാരിച്ചുകഴിക്കും.
- വൃദ്ധൻ:
- ഒന്നും പ്രവർത്തിക്കില്ലെന്നർത്ഥം.
- ശങ്കുണ്ണിനായർ:
- എന്നു പറയാൻ വയ്യ. വളരെ അത്യാവശ്യമെന്നു് തോന്നുന്നതു് പ്രവർത്തിക്കും.
- വൃദ്ധൻ:
- എന്നുവെച്ചാൽ പല്ലുതേപ്പു്, കുളി, ഭക്ഷണം ഇതൊക്കെ.
- ശങ്കുണ്ണിനായർ:
- അതും മുഴുവനായി സമ്മതിക്കാൻ വയ്യ.
- വൃദ്ധൻ:
- പിന്നെ?
- ശങ്കുണ്ണിനായർ:
- ഭക്ഷണത്തിന്നീയിടയായിട്ടു് രുചിയില്ല.
- വൃദ്ധൻ:
- നിങ്ങളുടെ ഈ സ്വഭാവം ആരോടോ പകവീട്ടുമ്പോലുണ്ടു്.
- ശങ്കുണ്ണിനായർ:
- എനിക്കു് ആരോടും പകയില്ല.
- വൃദ്ധൻ:
- ഇല്ലായിരിക്കാം; എന്നാൽ നിങ്ങളോടുതന്നെയുള്ള പകയാണു്. സത്യം പറയട്ടെ, ഇനിയങ്ങട്ടു് ഈ അശ്രദ്ധയൊന്നും പറ്റില്ല. വയസ്സുകാലമാണു്. വല്ല രോഗവും വന്നുകൂടിയാൽ വിഷമിക്കും.
- ശങ്കുണ്ണിനായർ:
- ഇതൊന്നും എനിക്കറിയായ്കയല്ല.
- വൃദ്ധൻ:
- അറിഞ്ഞതുകൊണ്ടായില്ലല്ലോ?
- ശങ്കുണ്ണിനായർ:
- ഇതിനെപ്പറ്റി കൂടുതൽ പറയാത്തതാണു് നല്ലതു്… അതിരിക്കട്ടെ; ശ്രീധരൻ പോകാറായോ?
- വൃദ്ധൻ:
- പുറപ്പെട്ടു് കഴിഞ്ഞല്ലോ-എന്തായിരുന്നു?
- ശങ്കുണ്ണിനായർ:
- എനിക്കൊരു കാര്യം അന്വേഷിക്കാനുണ്ടായിരുന്നു.
- വൃദ്ധൻ:
- ഇത്ര തിരക്കിട്ടു് വേണോ?
- ശങ്കുണ്ണിനായർ:
- തിരിച്ചുവരാൻ താമസിക്കില്ലേ?
- വൃദ്ധൻ:
- രാത്രിയാവും.
- ശങ്കുണ്ണിനായർ:
- അത്ര താമസിക്കാൻ വയ്യ. എനിക്കു് വേഗത്തിൽ തിരിച്ചുപോണം.
- വൃദ്ധൻ:
- അതാ നന്നായതു്! വളരെ ദിവസംകൂടി ഒന്നു് വരാൻ ദയവുണ്ടായി. വന്നുകേറുമ്പോൾത്തന്നെ പോവാനുള്ള ക്രൂരതയും! ഇതു രണ്ടും ഒരാൾക്കു പറ്റില്ല.
ശങ്കരൻ പെട്ടിയും തുക്കിപ്പിടിച്ചു് പുറത്തേക്കു് പോകുന്നു.
- ശങ്കുണ്ണിനായർ:
- പുറപ്പെട്ടു കഴിഞ്ഞല്ലോ!
- വൃദ്ധൻ:
- അതെ; ധൃതിയിൽ പറഞ്ഞാൽ അവന്റെ ചെവിട്ടിൽ കേൾക്കും.
- ശങ്കുണ്ണിനായർ:
- അത്ര വലിയ കാര്യമൊന്നുമല്ല. തുറന്നു് തന്നെ അങ്ങനെ പറഞ്ഞുകളയാം.
ഡോക്ടർ ശ്രീധരൻ വാച്ച് വൈന്റ് ചെയ്തുകൊണ്ടു് ആരെയും നോക്കാതെ ഈർഷ്യയോടെ വരുന്നു. പുറത്തേക്കു് പോകാൻ തുടങ്ങുന്നു. ആരേയും ശ്രദ്ധിക്കുന്നില്ല. നേരേ പുറത്തേക്കു് നടക്കുന്നു.
- വൃദ്ധൻ:
- ശ്രീധരാ… (ഡോക്ടർ ശ്രീധരൻ തിരിഞ്ഞുനോക്കുന്നു. മുഖത്തു് ഭാവഭേദമൊന്നുമില്ല.) ഇദ്ദേഹം നിന്നെ കാത്തിരിക്കയാണു്.
- ഡോക്ടർ ശ്രീധരൻ:
- (അലക്ഷ്യമായി) എന്തിനു്?
- ശങ്കുണ്ണിനായർ:
- (എഴുന്നേറ്റു് അടുത്തുകൊണ്ടു്) എനിക്കു് കുറച്ചു ദിവസമായി നല്ല സുഖമില്ല.
- ഡോക്ടർ ശ്രീധരൻ:
- പരിശോധിക്കാനാണെങ്കിൽ ഡിസ്പെൻസറിയിൽ വരണം
ശങ്കുണ്ണിനായർ ഞെട്ടുന്നു.
- ഡോക്ടർ ശ്രീധരൻ:
- അച്ഛൻ ഇതിൽ ഇടപെടേണ്ട ആവശ്യമില്ല; എനിക്കറിയാം; ഇയാൾ എന്റെ ഭാര്യയുടെ അച്ഛനാണു്.
- വൃദ്ധൻ:
- ഇയാളോ? എന്നെപ്പോലെ നിനക്കു് ഇദ്ദേഹത്തോടു് ബന്ധമുണ്ടു്.
- ഡോക്ടർ ശ്രീധരൻ:
- അതിനു് ഞാനെന്തുവേണം? കാല്ക്കൽ സാഷ്ടാംഗം നമസ്കരിക്കണോ?
- ശങ്കുണ്ണിനായർ:
- (അതുവരെയുള്ള അമ്പരപ്പു് മുഴുവൻ മാറ്റി) വേണ്ട ഡോക്ടരേ, കാല്ക്കൽ സാഷ്ടാംഗം നമസ്കരിക്കേണ്ടതു് ഞാനാണു്. എന്റെ മകളെ സംരക്ഷിക്കാനുള്ള വലിയ ചുമതല നിങ്ങൾ എറ്റെടുത്തിരിക്കയാണല്ലോ?
- ഡോക്ടർ ശ്രീധരൻ:
- ഓ, പരിഹസിക്കാനുള്ള പുറപ്പാടാണോ?
- ശങ്കുണ്ണിനായർ:
- ഒരിക്കലുമല്ല; എന്റെ മകളോടു് സ്നേഹമുള്ള കാലത്തോളം എനിക്കതു് വയ്യ.
- ഡോക്ടർ ശ്രീധരൻ:
- എന്താണാവശ്യം? അതു് ചുരുക്കിപ്പറയൂ.
- വൃദ്ധൻ:
- (അക്ഷമനായി എഴുന്നേറ്റു് അടുത്തുചെന്നു്) വീട്ടിൽ വന്നവരോടു് മര്യാദ ദീക്ഷിക്കാനെങ്കിലും നീ പഠിക്കേണ്ടതായിരുന്നു.
- ഡോക്ടർ ശ്രീധരൻ:
- അച്ഛനവിടെ അടങ്ങിയിരിക്കാൻ വയ്യേ?
- വൃദ്ധൻ:
- എടാ നിന്റെ ഈ വേഷവും പഠിപ്പും പത്രാസ്സുമൊക്കെ എന്തിനുകൊള്ളും?
- ഡോക്ടർ ശ്രീധരൻ:
- നിങ്ങളെയൊക്കെ തീറ്റിപ്പോറ്റാൻ.
- വൃദ്ധൻ:
- (ഞെട്ടി) എന്തു്! നിന്റെ മനുഷ്യത്വമെവിടെപ്പോയെടാ!
- ഡോക്ടർ ശ്രീധരൻ:
- എങ്ങും പോയിട്ടില്ല. അതാണു് നിങ്ങൾക്കു് ദിവസവും ചോറുതരുന്നതു്-ആ മനുഷ്യത്വം. അതില്ലെങ്കിൽ എന്റെ പാടു് എനിക്കു് നോക്കാമായിരുന്നു.
- വൃദ്ധൻ:
- നിന്റെ പാടോ! നിനക്കിന്നുളുള ഈ പദവി ആരുണ്ടാക്കിത്തന്നതാണെടാ?
- ഡോക്ടർ ശ്രീധരൻ:
- എന്റെ പരിശ്രമം… എന്റെ ബുദ്ധി.
- വൃദ്ധൻ:
- നിന്റെ ബുദ്ധി! നിന്റെ ബുദ്ധി (അരിശത്തോടെ ഡോക്ടർ ശ്രീധരനെ സമീപിക്കുന്നു.)
- ശങ്കുണ്ണിനായർ:
- നിങ്ങളെന്തിനു വഴക്കു് കൂടുന്നു? എന്റെ കാര്യം ഞാൻ തന്നെ പറയാം.
- ഡോക്ടർ ശ്രീധരൻ:
- എന്നാൽ വേഗം അതു് പറഞ്ഞുതീർക്കൂ.
- വൃദ്ധൻ:
- (പിന്നെയും ശുണ്ഠിയോടെ) ശ്രീധരാ!
- ശങ്കുണ്ണിനായർ:
- ഇക്കാര്യത്തിൽ നിങ്ങളിടപെടേണ്ടതില്ല. ഞാൻ തന്നെ സാവധാനത്തിൽ പറയാം… അവിടെച്ചെന്നിരിക്കൂ.
- വൃദ്ധൻ:
- ഇവന്റെ ഈ നന്ദികെട്ട പെരുമാറ്റം എനിക്കു് കാണാൻ വയ്യ. (അകത്തേക്കു് പോകുന്നു.)
- ഡോക്ടർ ശ്രീധരൻ:
- ഇനി എന്നെത്തന്നെ കാണാൻ വയ്യാതാവും.
- ശങ്കുണ്ണിനായർ:
- അച്ഛനോടിങ്ങനെ പറയരുതു്.
- ഡോക്ടർ ശ്രീധരൻ:
- നിങ്ങൾ ഉപദേശിക്കാൻ വന്നതാണോ? എന്താ കാര്യമെന്നുവെച്ചാൽ അതു് പറയൂ.
- ശങ്കുണ്ണിനായർ:
- കുറച്ചുദിവസമായി എനിക്കു് നല്ല സുഖമില്ല. (ഡോക്ടർ ശ്രീധരൻ അസ്വസ്ഥനായി നോക്കുന്നു.) വീട്ടിലെ ഏകാന്തത സഹിക്കാൻ കഴിയുന്നില്ല.
- ഡോക്ടർ ശ്രീധരൻ:
- ഒരു വിവാഹം കഴിക്കരുതോ?
- ശങ്കുണ്ണിനായർ:
- (ഞെട്ടുന്നു. തീവ്രമായ അസ്വസ്ഥത) നിർദ്ദേശം തരക്കേടില്ല.
- ഡോക്ടർ ശ്രീധരൻ:
- അല്ലാതെ നിങ്ങളുടെ വീട്ടിലെ ഏകാന്തത മാറ്റുവാൻ എന്നെക്കൊണ്ടാവില്ല.
- ശങ്കുണ്ണിനായർ:
- അതു പറയാൻ ഞാനുദ്ദേശിച്ചിട്ടില്ല. ഈ പ്രായത്തിൽ തനിച്ചാവുക; സ്നേഹിക്കുന്ന ഒരു മുഖം കാണാതിരിക്കുക; അരിവെപ്പുകാരന്റെ ചോറും കറിയും ആശ്രയിച്ചു് ജീവിക്കുക-പ്രയാസമുള്ള കാര്യമാണു്.
- ഡോക്ടർ ശ്രീധരൻ:
- അതുകൊണ്ടു്?
- ശങ്കുണ്ണിനായർ:
- കുറച്ചു ദിവസം ജയശ്രീ അവിടെ വന്നു് താമസിക്കട്ടെ.
- ഡോക്ടർ ശ്രീധരൻ:
- സാദ്ധ്യമല്ല.
- ശങ്കുണ്ണിനായർ:
- എനിക്കു് ഈ ലോകത്തിൽ മറ്റാരുമില്ലെന്നറിയാമല്ലോ?
- ഡോക്ടർ ശ്രീധരൻ:
- ഇതൊക്കെ കുറച്ചു് നേരത്തേ ആലോചിക്കേണ്ട കാര്യമായിരുന്നു.
- ശങ്കുണ്ണിനായർ:
- ആലോചിക്കാത്ത കുഴപ്പം എനിക്കിതുവരെ പറ്റീട്ടില്ല.
- ഡോക്ടർ ശ്രീധരൻ:
- എനിക്കു ഡിസ്പെൻസറിയിൽ പോകാൻ നേരമായി. വെറുതെ നിന്നു് വാദിക്കാൻ സമയമില്ല.
- ശങ്കുണ്ണിനായർ:
- വാദിക്കാൻ ഞാനുദ്ദേശിച്ചിട്ടില്ല.
- ഡോക്ടർ ശ്രീധരൻ:
- എന്നാൽ ചുരുക്കമങ്ങു് പറഞ്ഞുതരാം. ജയശ്രീയെ അയയ്ക്കാൻ പറ്റില്ല… എന്റെ സമ്മതമില്ലാതെ നിങ്ങളവളെ വിളിക്കാനുദ്ദേശിക്കുന്നുണ്ടെങ്കിൽ വിരോധവുമില്ല. അതവളുടെ അവസാനത്തെ പോരലാവും. (ധൃതിയിൽ നടന്നു് മറയുന്നു.)
ശങ്കുണ്ണിനായർ അസ്വസ്ഥനായി തെല്ലിട നില്ക്കുന്നു. ചുറ്റുപുറവും നോക്കുന്നു. മേശപ്പുറത്തുവെച്ച കുട കാണുന്നു. അതെടുത്തു് ആരും കാണാതെ പോയ്ക്കുളയാമെന്നുദ്ദേശിക്കുന്നു. പതുക്കെച്ചെന്നു് കുടയെടുക്കുന്നു. ജയശ്രീ വാതിലിന്റെ പുറകിൽ പ്രത്യക്ഷപ്പെടുന്നു.
- ജയശ്രീ:
- അച്ഛാ… (ശങ്കുണ്ണിനായർ പെട്ടെന്നു് കുട മേശപ്പുറത്തുവെച്ചു് അല്പം പരുങ്ങലോടെ തിരിയുന്നു. ജയശ്രീ അടുത്തുവരുന്നു. ശങ്കുണ്ണിനായർ ഒന്നും മിണ്ടാതെ കസേരയിൽ ഇരിക്കുന്നു.) എല്ലാം ഞാൻ കേട്ടു അച്ഛാ.
- ശങ്കുണ്ണിനായർ:
- (ഭാവം മാറ്റാൻ ശ്രമിച്ചു്) ഓ, അതൊന്നും സാരമില്ല മോളേ.
- ജയശ്രീ:
- ആർക്കുവേണ്ടി അച്ഛൻ ഈ ത്യാഗം മുഴുവൻ സഹിച്ചു?
- ശങ്കുണ്ണിനായർ:
- ഇതിലെന്തു് ത്യാഗം?
- ജയശ്രീ:
- ഒരാൾക്കുവേണ്ടി ഇത്രയധികം സഹിക്കുക! സ്നേഹത്തിനു് ഇതിലധികം വലുതാവാൻ കഴിയുമോ? (ശങ്കുണ്ണിനായർ മിണ്ടുന്നില്ല.) സർവസ്വവും എനിക്കുവേണ്ടി ത്യജിച്ച അച്ഛൻ, ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒരു മകൾക്കുവേണ്ടി വലിച്ചെറിഞ്ഞതു് ഒടുവിൽ നിരാശ്രയനാവുക…
- ശങ്കുണ്ണിനായർ:
- ജയേ, വിഡ്ഢിത്തം പറയാതിരിക്കൂ.
- ജയശ്രീ:
- ഇതു് വിഡ്ഢിത്തമല്ലച്ഛാ.
- ശങ്കുണ്ണിനായർ:
- മോളേ, നിന്റെ സുഖം മാത്രമേ അച്ഛൻ ചിന്തിച്ചിട്ടുള്ളു. ഇന്നു് ഈ നിമിഷത്തിലും അച്ഛന്റെ ചിന്തയതാണു്.
- ജയശ്രീ:
- അവിടെയും അച്ഛനു് രക്ഷയില്ല.
- ശങ്കുണ്ണിനായർ:
- (സംശയഭാവത്തിൽ മുഖത്തുനോക്കി) എന്തു്?
- ജയശ്രീ:
- അതേ, അച്ഛാ…
- ശങ്കുണ്ണിനായർ:
- ശ്രീധരൻ നിന്റെ കാര്യത്തിലും അശ്രദ്ധനാണോ?
- ജയശ്രീ:
- അദ്ദേഹത്തെ മാത്രം ഇതിൽ കുറ്റപ്പെടുത്താൽ വയ്യ. ഈ പട്ടണം ഇന്നു് അതാണു്.
- ശങ്കുണ്ണിനായർ:
- ഏതു്?
- ജയശ്രീ:
- സുഖമേതാണു് സന്തോഷമേതാണു് എന്നറിയാതെ പോക്കറ്റിൽ പണവും വാരിയിട്ടു് എല്ലാവരും ഓടുന്നു. നിയമം കൈയിലെടുത്തു് അവർ അമ്മാനമാടുകയാണു്. ഞാനെങ്ങനെ ഇതൊക്കെ അച്ഛനോടു് പറയും.
- ശങ്കുണ്ണിനായർ:
- ശ്രീധരൻ അധഃപതിക്കുകയാണോ?
- ജയശ്രീ:
- അദ്ദേഹം മാത്രമല്ല; പകൽ മാന്യത നടിച്ചു് പദവിയിലും പ്രതാപത്തിലും കഴിയുന്ന ഒട്ടേറെ മനുഷ്യർ.
- ശങ്കുണ്ണിനായർ:
- കഷ്ടം! ഞാനിതു് വിചാരിച്ചതല്ല.
- ജയശ്രീ:
- അച്ഛൻ വിചാരിക്കാത്ത പലതും ഇവിടെ നടക്കുന്നു.
- ശങ്കുണ്ണിനായർ:
- എനിക്കിതു് വിശ്വസിക്കുവാൻ കഴിയുന്നില്ല.
- ജയശ്രീ:
- ചൂതുകളി… മദ്യപാനം…
- ശങ്കുണ്ണിനായർ:
- മതി മതി എനിക്കു് കേട്ടതു് മതി. എന്റെ മോളേ, ഞാനെന്തൊക്കെ ആശിച്ചതായിരുന്നു! ഈ വയസ്സുകാലത്തു് നിങ്ങളുടെ ഒരുമിച്ചു് സന്തോഷിച്ചു് ഒരിത്തിരി വിശ്രമിക്കാൻ കൊതിച്ചതായിരുന്നു. (എഴുന്നേറ്റു് ആലോചനാപൂർവം) എനിക്കുചുറ്റും നിന്റെ പൊന്നോമനകൾ നൃത്തം വെയ്ക്കും; എന്റെ ചുളിവീണ നെറ്റിയിലവർ ചുംബിക്കും വെളുത്തു നീണ്ട താടി പിടിച്ചു് അവർ വലിക്കും… എന്തൊക്കെ സ്വപ്നങ്ങൾ…
- ജയശ്രീ:
- അച്ഛാ, അച്ഛൻ വ്യസനിക്കരുതു്. ഞാൻ അച്ഛന്റെ കൂടെ വരാം. എന്റെ കടമ ഞാൻ മറക്കില്ല. അച്ഛൻ എനിക്കുവേണ്ടി ചെയ്ത ത്യാഗത്തിന്റെ നൂറിലൊരംശമെങ്കിലും എനിക്കു് മടക്കിത്തരാൻ കഴിഞ്ഞെങ്കിൽ?
- ശങ്കുണ്ണിനായർ:
- ശ്രീധരന്റെ സമ്മതമില്ലാതെ നീയെങ്ങട്ടു് വരാൻ?
- ജയശ്രീ:
- അദ്ദേഹം സമ്മതിക്കില്ലച്ഛാ!
- ശങ്കുണ്ണിനായർ:
- സമ്മതിച്ചില്ലെങ്കിൽ നീ വരാനും പാടില്ല.
- ജയശ്രീ:
- പിന്നെ അച്ഛന്റെ കാര്യം? (ശങ്കുണ്ണിനായർ പ്രയാസപ്പെട്ടു് ചിരിക്കാൻ ശ്രമിക്കുന്നു.) എന്റെ ഏറ്റവും വലിയ കടമ നിർവഹിക്കാൻ അച്ഛനെന്നെ സമ്മതിക്കണം.
- ശങ്കുണ്ണിനായർ:
- ഈ വയസ്സായ അച്ഛനു് ഇനിയെന്തു് കാര്യം? ഇതു് നിങ്ങളുടെ കാലമാണു്. വയസ്സന്മാരുടെ വാശിയും ശുണ്ഠിയും നിങ്ങളുടെ സുഖസന്തോഷങ്ങളിൽ കറചേർക്കുരുതു്. (നടക്കുന്നു)
- ജയശ്രീ:
- (പിന്നാലെ ചെന്നു്) എന്റെ ഏറ്റവും വലിയ കടമ നിർവഹിക്കാൻ അച്ഛനെന്നെ സമ്മതിക്കണം.
- ശങ്കുണ്ണിനായർ:
- നിന്റെ വലിയ കടമ ഭർത്തൃശുശ്രൂഷയാണു്.
- ജയശ്രീ:
- ഞാൻ തുറന്നുപറയട്ടെ-അദ്ദേഹത്തിനു് എന്റെ ശുശ്രൂഷ ആവശ്യമില്ല… കാലത്തെ പോകും… രാത്രി വൈകീട്ടു് ബോധമില്ലാതെ തിരിച്ചുവരും.
- ശങ്കുണ്ണിനായർ:
- ഓ, അക്രമം… മോളേ, മതി തല്ക്കാലം നീയെന്തുപാഞ്ഞാലും അച്ഛനു് മനസ്സിലാവില്ല. അച്ഛനിപ്പോൾ പോട്ടെ… രണ്ടു ദിവസം കഴിഞ്ഞു് അച്ഛനിങ്ങട്ടു് വരാം. അപ്പോൾ നമുക്കു് വേണ്ടതാലോചിച്ചു് ചെയ്യാം.
- ജയശ്രീ:
- അയ്യോ! ഇനി ഊണൊക്കെ കഴിച്ചു് വെയിലാറീട്ടു് പോകാം… അച്ഛനിവിടെ വന്നിരിക്കൂ.
- ശങ്കുണ്ണിനായർ:
- എന്തിനാണു് മോളേ?
- ജയശ്രീ:
- അച്ഛൻ മെലിഞ്ഞിട്ടുണ്ടോ എന്നു് നോക്കട്ടെ.
- ശങ്കുണ്ണിനായർ:
- അച്ഛനെങ്ങനെ മെലിയാൻ?
- ജയശ്രീ:
- കാണട്ടെ അച്ഛാ…
- ശങ്കുണ്ണിനായർ:
- നീയിന്നും ആ കുട്ടിക്കളി വിട്ടിട്ടില്ല.
- ജയശ്രീ:
- ഞാനിന്നും അച്ഛന്റെ കുട്ടിയല്ലേ?
- ശങ്കുണ്ണിനായർ:
- അതേ.
- ജയശ്രീ:
- അച്ഛന്റെ ശരീരമൊന്നു് കാണട്ടെ.
- ശങ്കുണ്ണിനായർ:
- (കുപ്പായം പൊക്കി കാണിച്ചുകൊടുക്കുന്നു.) ഇതാ
- ജയശ്രീ:
- അച്ഛൻ ക്ഷീണിച്ചിട്ടുണ്ടു്. (ശങ്കുണ്ണിനായരുടെ തലമുടി ഇരുഭാഗത്തേക്കും കൈകൊണ്ടു് പകുത്തു നിർത്തി) അച്ഛൻ ഒന്നും ശ്രദ്ധിക്കാറില്ല. അരിവെപ്പുകാരനവിടെയില്ലേ?
- ശങ്കുണ്ണിനായർ:
- ഇല്ലാതെ?
- ജയശ്രീ:
- അവനോടു് നല്ല കറികളൊക്കെ ഉണ്ടാക്കിത്തരാൻ പറയരുതോ? അച്ഛനിപ്പോൾ മാംസം കഴിക്കാറില്ലേ?
- ശങ്കുണ്ണിനായർ:
- വയറിന്നു് പിടിക്കില്ല മോളേ.
- ജയശ്രീ:
- എന്നാൽ പിടിക്കുന്നതു് വല്ലതും കഴിക്കണം. (തലമുടി ഇരുഭാഗത്തേക്കും വകഞ്ഞുനിർത്തി) അച്ഛാ, ഇങ്ങനെ മുടി ചീകിവെച്ചാൽ അച്ഛനു് നല്ല ഭംഗീണ്ടു്.
- ശങ്കുണ്ണിനായർ:
- എന്നിട്ടൊരു ചുവപ്പുറിബണും കെട്ടണം, ഇല്ലേ? (രണ്ടുപേരും ചിരിക്കുന്നു.)
- ജയശ്രീ:
- ഞാൻ സത്യം പറഞ്ഞതാണച്ഛാ! (മേശപ്പുറത്തെ കണ്ണാടിയെടുത്തു് കാണിക്കുന്നു.) ഇതാ ഈ കണ്ണാടിയിലേക്കു് നോക്കൂ. നല്ല ഭംഗിയില്ലേ!
- ശങ്കുണ്ണിനായർ:
- നളൻ-നളൻതന്നെ- (രണ്ടുപേരും ചിരിക്കുന്നു. അകത്തുനിന്നു് ഭാസി ഒരു കപ്പു് ചായയും കുടിച്ചുകൊണ്ടു് വരുന്നു. ഉണർന്നെണീറ്റ ഭാവം.) ഇപ്പഴെഴുന്നേറ്റതേയുള്ളു?
- ഭാസി:
- ഒന്നും പറയണ്ട. ഈ ഏട്ടത്തി എന്നെ പറ്റിച്ചു.
- ജയശ്രീ:
- ആരു്, ഞാനോ?
- ഭാസി:
- ഇല്ലാതെ? ഇന്നു് രാവിലെ മൈതാനിയിൽ പ്രാക്ടീസിനു് ചെല്ലാമെന്നു് പറഞ്ഞതാ. നേരം ഒരുപടി താമസിച്ചു. ഏട്ടത്തിക്കൊന്നു് വിളിക്കാമായിരുന്നില്ലേ?
- ജയശ്രീ:
- ഇന്നലെ ഉറങ്ങാൻ പേകുമ്പോൾ എന്നെ എല്പിക്കായിരുന്നില്ലേ?
- ഭാസി:
- ഞാൻ എല്പിക്കണമെന്നു് വിചാരിച്ചു. അപ്പോഴേക്കും ബഹളായില്ലേ?
- ശങ്കുണ്ണിനായർ:
- എന്തു് ബഹളം?
- ജയശ്രീ:
- (വിഷയം മാറ്റി) ഇവിടെ എല്ലാവരുംകൂടി ഒത്തുചേരുന്ന ദിവസം വലിയ ബഹളമാണു്.
- ഭാസി:
- എല്പിച്ചില്ലെങ്കിലും ഏട്ടത്തിക്കൊന്നു വിളിക്കാമായിരുന്നു. ഇതു് ഫുട്ബോൾ സീസണല്ലേ? ടുർണമെന്റാരംഭിക്കാൻ ഒന്നുരണ്ടാഴ്ചയേയുള്ളു.
- ജയശ്രീ:
- ഭാസി ഇത്തവണ കളിക്കുന്നുണ്ടോ?
- ഭാസി:
- ഇല്ലാതെ! കാലത്തു് ഞാനിന്നൊരു സ്വപ്നം കണ്ടു. പത്തിരുപതിനായിരംപേരുടെ ഒരു ഘോഷയാത്ര. മുമ്പിൽ കഴുത്തു നിറയെ പൂമാലയിട്ട ഈ ഭാസിയെ ജനങ്ങൾ പൊക്കിയെടുത്തു നടക്കുന്നു.
- ജയശ്രീ:
- പരമഭാഗ്യവാൻ!
- ഭാസി:
- ഒരു ദിവസം അതു സംഭവിക്കും. ഏട്ടത്തി നോക്കിക്കോളു, (ചായ തീർന്ന കപ്പു് മേശപ്പുറത്തുവെച്ചു് ഓടുന്നു.) അടുത്തൊരു ഹാട്രിക്ക് ഞാൻ നോടും. (പോകുന്നു.)
തെല്ലിട നിശ്ശബ്ദത.
- ശങ്കുണ്ണിനായർ:
- നിനക്കിവിടെ മറ്റസുഖങ്ങളൊന്നുമില്ലല്ലോ?
- ജയശ്രീ:
- എല്ലാവർക്കും എന്നെ വല്യ കാര്യമാണു്. അച്ഛനും അമ്മയ്ക്കും അനുജന്മാർക്കുമൊക്കെ. എല്ലാവരുടെ സ്വഭാവും നല്ല പട്ടുപോലെ!
- ശങ്കുണ്ണിനായർ:
- ഈ കുട്ടിയുടെ ജ്യേഷ്ഠനില്ലേ ഒരുത്തൻ?
- ജയശ്രീ:
- എല്ലാവരും നല്ലവരാണച്ഛാ. അതുപോലെ അദ്ദേഹവും. പക്ഷേ…
- ശങ്കുണ്ണിനായർ:
- പക്ഷേ?
- ജയശ്രീ:
- കൂട്ടുകെട്ടാണദ്ദേഹത്തെ വഷളാക്കുന്നതു്. നശിച്ച കൂട്ടുകെട്ടു്. ക്ലബ്ബും മാന്യന്മാരുമെന്നു് പറഞ്ഞാൽ കഴിഞ്ഞു.
- ശങ്കുണ്ണിനായർ:
- ഈ കൂട്ടുകെട്ടൊരു ശാപമാണല്ലോ!
- ജയശ്രീ:
- അതാ അമ്മായി ഇങ്ങട്ടു് വരുന്നുണ്ടു്.
കാർത്ത്യായനി അമ്മ ഒരു കപ്പിൽ ചായയും പ്ലേറ്റിൽ പലഹാരവുമായി വരുന്നു.
- കാർത്ത്യായനി അമ്മ:
- ശങ്കുണ്ണിനായരു് വന്നെന്നു് കുട്ടികളു പറഞ്ഞു. രാവിലെ അടുക്കളയിൽനിന്നു് തിരിയാനും മറിയാനും കഴിയില്ല. വന്നിട്ടധികമായോ?
- ശങ്കുണ്ണിനായർ:
- ഇല്ല.
- കാർത്ത്യായനി അമ്മ:
- രാവിലെ ശ്രീധരന്റെ കാര്യങ്ങളൊരുക്കാൻതന്നെ പത്താളുണ്ടായാൽ മതിയാവില്ല.
- ശങ്കുണ്ണിനായർ:
- ഇങ്ങനെ വിഷമിക്കണോ? അടുക്കളയിലെ കാര്യങ്ങളൊക്കെ ജയശ്രീയെ ഏല്പിക്കരുതോ?
- കാർത്ത്യായനി അമ്മ:
- അവരൊക്കെ കുട്ടികളല്ലേ ശങ്കുണ്ണിനായരേ. ഒന്നും വേണ്ടപോലെ അറിയാറായിട്ടില്ലല്ലോ. ഇതൊന്നും ഒറ്റ ദിവസംകൊണ്ടു് വശത്താക്കേണ്ട കാര്യമല്ല.
- ശങ്കുണ്ണിനായർ:
- ശരിയാണു്.
- കാർത്ത്യായനി അമ്മ:
- ഇവിടെ ശ്രീധരന്റെകൂടെ പൊറുപ്പിക്കാനാണു് വിഷമം… അവന്നാകെക്കൂടി വെറിയും ശുണ്ഠിയും… ഒന്നു നോക്കുമ്പോൾ അവനെ പറഞ്ഞിട്ടു് കാര്യമില്ല. ഒരാളധ്വാനിക്കാനും മറ്റുള്ളവർ അനുഭവിക്കാനുമാവുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും…
- ശങ്കുണ്ണിനായർ:
- ശ്രീധരൻ ആദ്യമൊക്കെ ഒരു പാകതയുള്ള കുട്ടിയായിരുന്നല്ലോ?
- കാർത്ത്യായനി അമ്മ:
- അതെ; അതൊക്കെ അവസാനിച്ചു. ശങ്കുണ്ണിനായരേ. വേണുവും ഭാസിയും വെറുതേ നടക്കുന്നതാണു് ശ്രീധരനെ വിഷമിപ്പിക്കുന്നതു്. ഒരുത്തനു് നാടകഭ്രാന്തു്! മറ്റവനു് കളി ഭ്രാന്തു്! വല്ല ജോലിയുമന്വേഷിക്കാൻ പറഞ്ഞാൽ ചെവിടു പൊട്ടന്മാരെപ്പോലെ.
- ശങ്കുണ്ണിനായർ:
- ശ്രീധരന്റെ ശുണ്ഠികൊണ്ടു് ഇതിലെന്താണു് പ്രയോജനം?
- കാർത്ത്യായനി അമ്മ:
- അങ്ങനെ വേഗത്തിലങ്ങു് പറഞ്ഞൊഴിഞ്ഞാൽ പറ്റില്ല. ശ്രീധരൻ അദ്ധ്വാനിക്കുക; ഞങ്ങളൊക്കെ കാലുംനീട്ടിയിരുന്നു് സുഖിക്കുക! അവൻ ശുണ്ഠിയെടുക്കുന്നതിൽ തെറ്റില്ല. മനുഷ്യസ്വഭാവം അങ്ങനെയല്ലേ?
- ശങ്കുണ്ണിനായർ:
- എന്തോ?
വൃദ്ധൻ അകത്തുനിന്നു് വരുന്നു.
- വൃദ്ധൻ:
- അമ്മതിച്ചുകൊടുക്കു ശങ്കുണ്ണിനായരേ. കാർത്ത്യായനിക്കു് ഈയിടെ മനുഷ്യസ്വഭാവത്തെക്കുറിച്ചു് നല്ല പരിജ്ഞാനം വന്നിട്ടുണ്ടു്. (ഇരിക്കുന്നു.) എന്താ ജയേ, നീ ഇങ്ങനെ അന്തംവിട്ടു് നില്ക്കുന്നതു്? നിനക്കും പറയരുതോ വല്ല വിദഗ്ദ്ധാഭിപ്രായവും?
- ജയശ്രീ:
- ഇങ്ങനെ എല്ലാവരും പറയണമെന്നുണ്ടോ?
- വൃദ്ധൻ:
- എല്ലാവരേയും ബാധിക്കുന്ന കാര്യമാവുമ്പോൾ എല്ലാവരും പറയണം… ഞാനൊന്നു് പറയട്ടേ? (എല്ലാവരും അദ്ദേഹത്തെ നോക്കുന്നു.) എന്താ ആരും ഒന്നും പറയാത്തതു്?
- ശങ്കുണ്ണിനായർ:
- അവനവന്റെ അഭിപ്രായം പറയാൻ മറ്റുള്ളവരുടെ സമ്മതം വേണോ?
- വൃദ്ധൻ:
- സമ്മതം ചോദിക്കാതെ പറഞ്ഞാൽ ചിലപ്പോൾ കുഴപ്പമുണ്ടാവും. എല്ലാവർക്കും എന്റെ അഭിപ്രായം രസിക്കണമെന്നില്ലല്ലോ.
- ശങ്കുണ്ണിനായർ:
- അങ്ങനെയാവുമ്പോൾ കഴിയുന്നതും എല്ലാവരെയും രസിപ്പിക്കാൻ പറ്റിയ അഭിപ്രായം പറയുക.
- വൃദ്ധൻ:
- ഇവിടെയാണു് കാർത്ത്യായനിയുടെ സഹായം വേണ്ടതു്. മനുഷ്യസ്വഭാവമെന്നു് കാർത്ത്യായനി പറഞ്ഞില്ലേ? അതൊരു വിചിത്രവസ്തുവാണു്. ശങ്കുണ്ണിനായരേ, നമ്മുടെയൊക്കെ ജീവിതത്തിലെ അനുഭവം വെച്ചല്ലേ ഈവക കാര്യങ്ങൾ ചിന്തിക്കേണ്ടതു്?
- ശങ്കുണ്ണിനായർ:
- അതെ.
- വൃദ്ധൻ:
- അങ്ങനെ ചിന്തിക്കുമ്പോൾ ഈ മനുഷ്യസ്വഭാവമെന്നതു് പാലുപോലെയാണു്.
- കാർത്ത്യായനി അമ്മ:
- പാലുപോലെ?
- വൃദ്ധൻ:
- അതെ, പാലുപോലെ. അതു് പഞ്ചസാരചേർത്തു് കുടിക്കും; ബഹുരസം. ഉറയൊഴിച്ചു് തൈരാക്കാം; ബഹുവിശേഷം. കടഞ്ഞു് വെണ്ണയെടുക്കാം, ബലേഭേഷ്! എന്നാൽ ഒരു കട്ട ഉപ്പു് അതിൽ വീഴട്ടെ. കഴിഞ്ഞു; ആകപ്പാടെ അറുവഷളായി! നാറ്റമോ? (മൂക്കു പിടിക്കുന്നു.)
ശങ്കുണ്ണിനായർ എന്തോ ആലോചിച്ചിരിക്കുകയാണു്.
- വൃദ്ധൻ:
- എന്താ മിണ്ടാത്തതു്?
ശങ്കുണ്ണിനായർ പിന്നെയും ആലോചന. കേൾക്കുന്നില്ല.
- ജയശ്രീ:
- അച്ഛനോടാണു് ചോദിച്ചതു്. അച്ഛൻ കേട്ടില്ലേ?
- ശങ്കുണ്ണിനായർ:
- ഏങ്? പിന്നെ… (പരുങ്ങുന്നു.)
- വൃദ്ധൻ:
- അതല്ലേ നിങ്ങളുടെ അഭിപ്രായം.
- ശങ്കുണ്ണിനായർ:
- എനിക്കിങ്ങനെ കൂടിയിരുന്നു് ചിന്തിച്ചാൽ ഒരു തീരുമാനമെടുക്കാൻ കഴിയില്ല. ഒറ്റയ്ക്കിരുന്നു് ആലോചിക്കണം. (എഴുന്നേല്ക്കുന്നു.) ഞാൻ അധികനേരവും ഒറ്റയ്ക്കാണല്ലോ.
- വൃദ്ധൻ:
- ഇരിക്കൂ ശങ്കുണ്ണിനായരേ, ഇനി ഉണ്ടിട്ടു് പോകാം.
- കാർത്ത്യായനി അമ്മ:
- അതല്ലേ പറയുന്നതു്? ഊണുകഴിഞ്ഞു് വെയിലാറീട്ടു് പോകാം.
- ശങ്കുണ്ണിനായർ:
- പിന്നെ വരാം (നടക്കുന്നു)
- ജയശ്രീ:
- (മുൻപോട്ടു് നടന്നു് വിളിക്കുന്നു) അച്ഛാ!
ശങ്കുണ്ണിനായർ മിണ്ടാതെ, തിരിഞ്ഞുനോക്കാതെ, പോകുന്നു. ജയശ്രീ സ്തംഭിച്ചു നില്ക്കുന്നു.
- കാർത്ത്യായനി അമ്മ:
- (എഴുന്നേറ്റു്) അല്ല ശങ്കുണ്ണിനായർ ചായ കഴിക്കാനും മറന്നോ (പാത്രങ്ങളെടുത്തു് പോകുന്നു.)
- വൃദ്ധൻ:
- മോളേ, ജയേ… (ജയശ്രീ തിരിഞ്ഞുനോക്കുന്നു. കണ്ണു് തുടയ്ക്കുന്നു.) കാർത്ത്യായനി വിചാരിക്കുംപോലെ, മനുഷ്യസ്വഭാവം നിർവചിക്കുക അത്ര എളുപ്പമല്ല. അടുത്തുചെന്നു് മുർധാവിൽ തലോടുന്നു.
—യവനിക—