ആധുനിക സമൂഹം അതിന്റെ ഈറ്റുനോവുകളിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ പ്രസിദ്ധ ചിത്രകാരനായ ഗോയ (Goa) വരച്ച ചിത്രമുണ്ട്—‘പല്ലിനുവേണ്ടി’ (On the Hunt for Teeth) തൂക്കിക്കൊല്ലപ്പെട്ട ഒരാളുടെ പല്ലിനു് മാന്ത്രികമായ ശക്തി നല്കാനാവും എന്ന വിശ്വാസം മധ്യകാലയുഗങ്ങളിൽ നിലനിന്നിരുന്നു. ഈ അന്ധവിശ്വാസത്താൽ പ്രേരിതയായി, കയറിൽ തുങ്ങിക്കിടക്കുന്ന ഒരു പിണത്തിന്റെ വായിൽനിന്നു് പല്ല് പറിച്ചെടുക്കാൻ തുനിയുന്ന ഒരു സ്ത്രീയുടെ രൂപമാണു് ചിത്രത്തിൽ. തിരിച്ചുപിടിച്ച മുഖം ഒരു തുണികൊണ്ടു് മറച്ചു് ഭയത്തോടെയും വിഹ്വലതയോടെയും ശവത്തിന്റെ വായിലേക്കു് കൈനീട്ടി നിൽക്കുന്ന ഈ രൂപം യഥാർത്ഥത്തിൽ മുതലാളിത്തവ്യവസ്ഥ സൃഷ്ടിക്കുന്ന ഭയാനകമായ അന്യവത്കരണത്തിലേക്കും അപമാനവീകരണത്തിലേക്കും വിരൽചൂണ്ടുന്നു.
കുറേ വർഷങ്ങൾക്കുമുമ്പ് ഒരു പാശ്ചാത്യരാജ്യത്തു് നടന്ന ഒരു ഛായാഗ്രഹണ മൽസരത്തിൽ വിജയിച്ച ചിത്രത്തെപ്പറ്റി പ്രസിദ്ധ വിമർശകനായ ഫ്രിറ്റസ് പാപ്പൻഹൈം (Fritz Pappanheim) വിവരിക്കുന്നുണ്ടു്. പശ്ചാത്തലത്തിൽ പാടെ തകർന്ന വണ്ടികൾ. ക്യാമറക്കണ്ണു് പതിക്കുന്നതു് മരണനിമിഷത്തിലുള്ള ഒരു സഞ്ചാരിയുടെ ഭീതിദമായ മുഖത്തിൽ. എങ്ങനെയാണു് ഒരു വാഹനാപകടം നടക്കുന്ന നിമിഷത്തിൽ അതിനിരയാകുന്ന സഹജീവികളെ സഹായിക്കുന്നതിനുപകരം അവരുടെ പടംപിടിക്കാൻ ക്യാമറയൊരുക്കുവാൻ ആ ഛായാഗ്രാഹകന് കഴിഞ്ഞതു്?
പുതിയ വ്യവസ്ഥിതി പ്രസരിപ്പിക്കുന്ന പ്രത്യയശാസ്ത്രം ഏതു രീതിയിലാണു് ഇത്തരം മനുഷ്യത്വരഹിതമായ പ്രഫഷണലുകളായി മനുഷ്യനെ മാറ്റുന്നതു് എന്നതിന്റെ മറ്റൊരു ചിത്രമാണു് കുറുച്ചു മാസങ്ങൾക്കുമുമ്പ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ പത്മതീർത്ഥത്തിൽ നടന്ന സംഭവത്തെ വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്ത രീതി. അറ്റുപോയ നിർമ്മാണത്തൊഴിലാളിയുടെ തലയുമായി പോകുന്ന മനുഷ്യന്റെ ചിത്രം പിടിക്കുന്ന പ്രഫഷണലുകൾ ഓർക്കുക.
ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നീ മോഹചിന്തകൾക്കൊപ്പം കടന്നുവരുന്ന അതിരുകളും ദൂരങ്ങളും മാഞ്ഞുപോകുന്ന, ലോകത്തിന്റെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുന്ന ഭീമാകാരമായ സൈബർ ചിലന്തിവലയെ ആഘോഷപൂർവം ആനയിക്കുമ്പോൾ ഈ ചിത്രങ്ങൾ വിസ്മരിച്ചുകൂടാ. കാഴ്ചകളുടേയും സാങ്കേതിക വിദ്യാവികാസത്തിന്റേയും ആഘോഷങ്ങൾക്കിടയിൽ ഇവയുടെ രാഷ്ട്രീയവും അർത്ഥശാസ്ത്രവും പലപ്പോഴും കൃത്യമായി നിർവചിക്കപ്പെടാതെ പോകുന്നു. മുതലാളിത്തത്തിന്റേയും മൂലധനവികാസത്തിന്റേയും കർക്കശമായ പരിസരങ്ങളിൽ നിർത്തി ഇവയെ കാണാൻ കഴിയണം. കമ്പ്യൂട്ടർ മൈക്രോചിപ്പുകൾ സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള സ്വപ്നങ്ങളെ പാടെ തുടച്ചുനീക്കിയെന്നും വർഗപരമായ സംഘർഷങ്ങൾ എന്നെന്നേക്കുമായി അസ്തമിച്ചുവെന്നും മുതലാളിത്ത സൈദ്ധാന്തികർ പ്രഖ്യാപിക്കുന്നു. അപ്പോഴും അവർ വിസ്മരിക്കുന്ന ഒരു വസ്തുതയുണ്ട്-ഈ കമ്പ്യൂട്ടർ ചിപ്പുകൾ നിർമ്മിക്കുന്നതു് മൂന്നാംലോക രാജ്യങ്ങളിലെ അതിദരിദ്രരായ തൊഴിലാളികളാണു് എന്നതു്. ഈ തൊഴിലാളികളിൽ അധികവും സ്ത്രീകളാണു്. ഒരർത്ഥത്തിൽ വിവരവിനിമയ യുഗത്തിൽസംഭവിക്കുന്ന ഒരു പ്രധാന പ്രക്രിയ അദ്ധ്വാനം മിക്കവാറും ഒന്നാം ലോകത്തിൽനിന്നും മൂന്നാംലോകത്തിലേക്കു് നിഷ്കാസിതമാവുന്നുവെന്നതാണു്.
ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയായി ബഹുസംസ്കൃതിവാദം (Multi Culturalism) പ്രസിദ്ധ വിമർശകനായ ഫ്രഡറിക് ജയിംസ് ചൂണ്ടിക്കാണിച്ചതുപോലെ വാർധക്യത്തിലെത്തിനിൽക്കുന്ന മുതലാളിത്തവ്യവസ്ഥയുടെ സൃഷ്ടിയാണു്. യൂഗോസ്ലോവിയൻ മാർക്സിസ്റ്റ് വിമർശകനായ സ്ലവോജിസിക് പറയുന്നതുപോലെ വിഭിന്നമായ സാംസ്കാരിക ജീവിത ലോകങ്ങളുടെ (Life Worlds) സങ്കര സഹവർത്തിത്വത്തിൽ ഊന്നുന്ന സമീപനം വാസ്തവത്തിൽ അതിവേഗം ഉദ്ഗ്രന്ഥിതമായിക്കൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയാണു്. ഫലത്തിൽ മുതലാളിത്ത വ്യവസ്ഥയുടെ മരണത്തെക്കുറിച്ചുള്ള ചിന്തപോലും സമൂഹത്തിന്റെ ഭാവനയിൽ നിന്നു് അപ്രത്യക്ഷമായിരിക്കുന്നു. മുതലാളിത്തം നിലനിൽക്കുമെന്നതു് എല്ലാവരും നിശ്ശബ്ദമായി അംഗീകരിച്ചാൽ എന്നപോലെ വിമർശനചിന്ത അതുകൊണ്ടു് മറ്റു പല വൃത്തികളിലേക്കും വ്യാപരിക്കുന്നു. മുതലാളിത്ത ലോകവ്യവസ്ഥ വിമർശനമുക്തമായി നിലനിൽക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായും ഭിന്നജീവിതരീതികൾക്കായും ഒക്കെയുള്ള കമ്പ്യൂട്ടർയുദ്ധങ്ങളിൽ മുഴുകുമ്പോൾ മൂലധനം അതിന്റെ ജൈത്രയാത്ര അഭംഗുരം തുടരുന്നു. വിമർശന സിദ്ധാന്തം സാംസ്കാരിക പഠനങ്ങളുടെ രൂപത്തിൽ മുതലാളിത്തത്തിന്റെ നിയന്ത്രിതമായ വികാസത്തെ പരോക്ഷമായി സഹായിക്കുന്നു. അതിന്റെ ഭീഷണമായ സാന്നിധ്യത്തെ അദൃശ്യമാക്കുന്നു. അതുകൊണ്ടു് ആധുനികോത്തര സാംസ്കാരിക വിമർശനങ്ങളിൽനിന്നു് മുതലാളിത്തം എന്നവാക്കുപോലും അപ്രത്യക്ഷമാവുന്നു.
മൈക്രോസോഫ്ടിന്റെ തലവനായ ബിൽഗേറ്റ്സ് ഘർഷണരഹിതമായ മുതലാളിത്തത്തിലേക്കു് വഴിതുറക്കുന്ന-ഒന്നായി സൈബർ സ്പേസിനെ വിശേഷിപ്പിക്കുന്നതു് ആകസ്മികമല്ല. 19-ആം നൂറ്റാണ്ടിലെ ഫാക്ടറി ഉത്പാദനം എങ്ങനെ മുതലാളിത്ത അധിനിവേശത്തിന്റെ രൂപമാകുന്നുവെന്നും തൊഴിലാളി എങ്ങനെ ഭീമാകാരമായ യന്ത്രങ്ങളുടെ അനുബന്ധം മാത്രമായി ചുരുങ്ങുന്നുവെന്നും മാർക്സ് വിശദീകരിക്കുന്നുണ്ടു്. ഈ വിശകലനം അതേപടി സൈബർ സ്പേസിനും ബാധകമാണെന്നു് നാം വിസ്മരിക്കരുതു്. ബിൽഗേറ്റ്സിന്റെ ആഗ്രഹചിന്തയിൽ അപ്രത്യക്ഷമാവുന്ന സാമൂഹിക സംഘർഷങ്ങൾ യാഥാർത്ഥ്യത്തിന്റെ തലത്തിലല്ല നടക്കുന്നതു്. ലോകമെങ്ങും നടക്കുന്ന മുതലാളിത്ത കൊള്ളക്കൊടുക്കലുകൾക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന യാതനകളേയും ദുരിതങ്ങളെയും മുടിവെക്കാനാണു് അതു് ഉപകരിക്കുന്നതു്.
ഭൂമിയും ആഗോളവിപണിയും സ്വയം നിയന്ത്രിക്കുന്ന ജൈവവ്യവസ്ഥിതികളായി മുതലാളിത്ത സൈദ്ധാന്തികർ അവതരിപ്പിക്കുന്നു. മുതലാളിത്തം അനിവാര്യമാണെന്നു് സ്ഥാപിക്കാൻ മൈക്കേൽ റോസ്ത് ചൈൽഡ് എഴുതിയ പുസ്തകത്തിന്റെ പേരുതന്നെ ‘ബയണോമിസ്ക്സ്’ (Bionomics) എന്നാണു്. പ്രകൃതിയും സംസ്കാരവും തമ്മിലുള്ള വ്യവസ്ഥകളെ മായ്ച്ചുകളഞ്ഞുകൊണ്ടാണു് ഇവർ ഈ തെറ്റിദ്ധാരണ അവതരിപ്പിക്കുന്നതു്. എല്ലാ മാനുഷിക പരിഗണനകളും ഉപേക്ഷിക്കണമെന്നും മൂലധനത്തിന്റെ യുക്തിയെ മാത്രം സർവ പ്രധാനമായി പ്രതിഷ്ഠിക്കണമെന്നുമുള്ള വാദംതന്നെയാണിതു്. മാർക്സ് വിവരിക്കുന്ന മൂലധനത്തിന്റെ മദിരോത്സവം അനേകം മോഹനദൃശ്യങ്ങളുടെ അകമ്പടിയോടെ ദൃശ്യമാദ്ധ്യമങ്ങളിൽ ഒഴുകിപ്പടരുന്നു.
—ദേശാഭിമാനി യുഗസംക്രമണം, 2000.