ആധുനിക ജീവിതത്തിൽ ദൃശ്യതയ്ക്കു് കൈവന്നിട്ടുള്ള മേൽക്കോയ്മ നമ്മുടെ വിനോദങ്ങളെയും ആഴത്തിൽ ബാധിച്ചിട്ടുണ്ടു്. യുദ്ധങ്ങളും കൂട്ടക്കൊലകളും സ്വീകരണമുറിയിലെ ദൃശ്യങ്ങളായി മാറുന്ന ഈ വിഭ്രാമകമായ യുഗസന്ധിയിൽ കായിക വിനോദങ്ങളും കോടിക്കണക്കിനു് ഡോളർ കൈമറിയുന്ന വലിയ ഉത്സവങ്ങളായി മാറുന്നതിൽ അദ്ഭുതമില്ല. തൊടുന്ന എല്ലാത്തിനെയും പണമാക്കി മാറ്റാനുള്ള മുതലാളിത്തത്തിന്റെ വാഞ്ഛ നമ്മുടെ കളിക്കളങ്ങളെയും വെറുതെ വിടുന്നില്ല. കോഴവിവാദങ്ങളായും വാതുവെപ്പിൽനിന്നുള്ള വെട്ടിപ്പിനെപ്പറ്റിയുള്ള കഥകളായും ഈ അലോസരപ്പെടുത്തുന്ന സത്യം, കളിഭ്രാന്തിനിടയിലും ഇടയ്ക്കൊക്കെ തലപൊക്കാതിരിക്കുന്നില്ല.
ദൃശ്യമാദ്ധ്യമങ്ങളുടെ വിസ്മയാവഹമായ വികാസം പ്രേക്ഷകരുടെ എണ്ണം കണക്കാക്കാനാവാത്ത വിധത്തിൽ വലുതാക്കിയിട്ടുണ്ടു്. കളിക്കളത്തിലെന്നപോലെ വീട്ടിനുള്ളിലെ സ്വകാര്യതയിലും ക്ലബുകളിലും ഹോട്ടലുകളിലും വഴിയോരങ്ങളിലുമെല്ലാം ഇന്നു് കളികൾക്കു് പ്രേക്ഷകരുണ്ടു്. ഒരു പുതിയ ലോകകപ്പ് ഫുട്ബോളിന്റെ ഉദ്വേഗം നിറഞ്ഞ നാളുകൾ നമ്മെ മാടിവിളിക്കുമ്പോഴും ഈ കളിയുടെ ഭൂതകാലത്തെപ്പറ്റിയും അതിനുണ്ടായ രൂപപരിണാമങ്ങളെപ്പറ്റിയും അന്വേഷിക്കുന്നതു് രസകരമാവും. മറ്റു പല കായിക വിനോദങ്ങളെയും പോലെ ഫുട്ബോളിന്റെയും വേരുകൾ മധ്യകാല യുഗങ്ങളിലായിരുന്നു. യൂറോപ്പിൽ പ്രത്യേകിച്ചു് ഇംഗ്ലണ്ടിൽ, ജന്മിത്തം ചുമലിലേറ്റിവെച്ചിരുന്ന ദുസ്സഹഭാരം ഇടയ്ക്കൊക്കെ വലിച്ചെറിയാൻ ഗ്രാമങ്ങൾ കണ്ടെത്തിയിരുന്ന പലതരം ഉത്സവങ്ങളിൽ ആണു് ഈ കളിയുടെ ഉറവിടം. ദിവസങ്ങളോളം—ചിലപ്പോൾ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന, ഗ്രാമീണജനത വൻതോതിൽ പങ്കെടുക്കുന്ന, ഒരു വിനോദമായിരുന്നു ഇതു്. മദ്യവും സർവാണിസദ്യയും ആക്രമവും ജന്മിമാരുടെ നേർക്കുള്ള വിദ്വേഷപ്രകടനങ്ങളും ആട്ടവും പാട്ടും എല്ലാം നിറഞ്ഞ ഒരു അടിപൊളി പരിപാടി. ഇന്നും അന്താരാഷ്ട്ര ഫുട്ബോൾ അധികൃതരുടെ സ്ഥിരം തലവേദനയായ ഫുട്ബോൾ ഊളന്മാർ ഈ ഭൂതകാലത്തിന്റെ ഒരു അടിക്കുറിപ്പാണു്.
അന്നു് കളിക്കളത്തിനോ കളിക്കാരുടെ എണ്ണത്തിനോ പന്തുകളുടെ എണ്ണത്തിനോ ഒന്നും വലിയ നിശ്ചയമുണ്ടായിരുന്നില്ല. ചിലപ്പോൾ ഒന്നു രണ്ടു ഗ്രാമങ്ങൾ മുഴുവൻ തന്നെയാവാം കളിക്കളം. തങ്ങളുടെ കനത്ത വാതിലുകളുള്ള വീടുകളുടെ സുരക്ഷിതത്ത്വത്തിൽ അടച്ചിരിക്കുന്ന പ്രഭുക്കളൊഴിച്ചു് ബാക്കിയുള്ള ജനം മുഴുവൻ കളിക്കാരും. ഒരു സമയബദ്ധമായ സ്ഥലബദ്ധമായ കളിയായിയായി ഫുട്ബോളിനെ മാറ്റിയെടുക്കാൻ ബ്രിട്ടീഷ് ഭരണാധികാരികൾക്കു് വളരെക്കാലത്തെ പരിശ്രമം വേണ്ടിവന്നു എന്നാണു് ചരിത്രം. പലപ്പോഴും പട്ടാളത്തിന്റെ സഹായത്തോടെ ആണു് കളിയുടെ ‘പുതിയ നിയമങ്ങൾ’ അവർ അം0ഗീകരിപ്പിച്ചിരുന്നതു്.
ഒരർത്ഥത്തിൽ എല്ലാ ‘കളികളും’ പ്രതീകാത്മകമായ ആഗ്രഹപൂർത്തി ആണെന്നും പലപ്പോഴും അതു് കാര്യമാവുമെന്നും മനഃശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. ഹെർബർട്ട് മാർക്യൂസ് ചൂണ്ടിക്കാട്ടുന്നതുപോലെ (play) എപ്പോഴും അദ്ധ്വാന (work) ത്തിന്റെ വിപരീതമായാണു് അവതരിപ്പിക്കപ്പെടുന്നതു്. മുതലാളിത്ത സമൂഹത്തിന്റെ ആധാരശിലകളിലൊന്നായ പ്രൊട്ടസ്റ്റന്റ് ധർമചിന്ത (ethics) ജോലിയെ പുണ്യമായും കളിയെ പാപമായും നിർവചിച്ചതോടെ കളിയിൽ അന്തർഭവിച്ചുകിടക്കുന്ന ആനന്ദതത്ത്വം (pleasure principle) ജനസാമാന്യത്തിനു് നിഷിദ്ധമായി. ഇടയ്ക്കൊക്കെ അതിനായി ഉഴിഞ്ഞുവെക്കപ്പെട്ട കായിക താരങ്ങളാൽ അവതരിപ്പിക്കപ്പെടുന്ന കളികളുടെ വെറും കാഴ്ചക്കാർ മാത്രമായി അവർ അധഃപതിച്ചു-‘ജീവിതം അതു് നമുക്കു വേണ്ടി നമ്മുടെ പരിചാരകർ ജീവിച്ചുകൊള്ളും’ എന്നു് പ്രഖ്യാപിക്കുന്ന ഫ്രഞ്ച് സിംബലിസ്റ്റ് കവി ഈ യാഥാർത്ഥ്യത്തെയാണു് ഭംഗ്യന്തരേണ നിർധാരണം ചെയ്യുന്നതു്. കളികളെ വിനോദവ്യവസായം (entertainment industry) വൻലാഭം കൊയ്യാവുന്ന ഒരു മേഖലയായി കണ്ടെത്തി കൈയാളിയതോടെ ഈ താരങ്ങളും ജനങ്ങളും തമ്മിലുള്ള വിട നികത്താനാവാത്തതുമായി.
കോമഡികളുടെ ചിരി സൃഷ്ടിക്കുന്ന പല സന്ദർഭങ്ങൾക്കു പിന്നിലും ഹിംസ ഒളിഞ്ഞുകിടപ്പുണ്ടെന്നു് ഫ്രോയിഡ് സിദ്ധാന്തിക്കുന്നുണ്ടു്. ഒരർത്ഥത്തിൽ ഹിംസയും അധിക്ഷേപവും ഉള്ളിലടക്കിപ്പിടിക്കുന്ന ഗ്രാമീണ കഥാപാത്രങ്ങളിൽനിന്നാണു് എലിസബത്തൻ കാലഘട്ടത്തിലെ കോമഡി ഉരുത്തിരിഞ്ഞുവന്നതെന്ന നിരൂപണമതവും ഇവിടെ പ്രസക്തമാണു്. ഷേക്സ്പിയറുടെ മിഡ് സമ്മർനൈറ്റ്സ് ഡ്രീമിലും ട്വെൽത്തു് നൈറ്റിലും എല്ലാം ഇതിന്റെ നിഴൽപ്പാടുകൾ കാണാം. പ്രസിദ്ധ നിരൂപകനായ മിഖായേൽ ഭക്തിൻ ഉത്സവങ്ങളെപ്പറ്റി സിദ്ധാന്തിക്കുന്നതും ഇതുതന്നെ. നിലനിൽക്കുന്ന നിർദ്ദയനിയമങ്ങൾക്കും സദാചാരഭീമശാസനങ്ങൾക്കും താൽക്കാലികമായ ഒഴിവ് നൽകുന്ന ഒരുവേള. ലോകംതന്നെ കീഴ്മേൽ മറിയുന്ന പ്രതീതി ജനിപ്പിക്കുന്ന വിപ്ലവമുഹൂർത്തം. ഏറെ ശ്രേണീബദ്ധമായ ഒരു സാമൂഹിക വ്യവസ്ഥക്കുള്ളിൽ കീഴാളർക്കു് അവരുടെ സ്വത്വം ഊന്നിപ്പറയാൻ ലഭിക്കുന്ന ഒരു ഇടവേള.
ദുഃഖങ്ങൾക്കു് അവധികൊടുത്തു് സ്വർഗത്തിൽ മുറിയെടുത്തുതങ്ങുന്ന സാധാരണക്കാരൻ മതിഭ്രമത്തിലൂടെ (Fantacy) അർജുനനും ഭീമനും ഹിഗ്വിറ്റയും മറഡോണയും സിദാനും ഒക്കെയായി പരകായപ്രവേശം നടത്തുന്നു. അയാളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന പലതരം ചങ്ങലക്കെട്ടുകൾ തൽക്കാലത്തേക്കു് അപ്രത്യക്ഷമാകുന്നു. ഫ്രോയിഡ് പറയുംപോലെ എല്ലാ പകൽക്കിനാക്കളിലും വീരകഥകളിലും സംഭവിക്കുന്നതു് ഈഗോ (അഹം) രാജകീയപദവിയിൽ അവരോധിക്കപ്പെടുന്നു എന്നതാണു്. വളരെ ബോധപൂർവം, കൗശലത്തോടെ, മാദ്ധ്യമങ്ങൾ മെനഞ്ഞെടുക്കുന്ന അതികായന്മാരുടെ അഭ്യാസപാടവം നമ്മുടെ യഥാർത്ഥ ജീവിതത്തിലെ വിരസതയെയും ജാഡ്യത്തെയും മറികടക്കാനുള്ള ഒരു കുറുക്കുവഴിയായിത്തീരുന്നു. കൊൽക്കത്തയിലെ തെരുവുകളിൽ തെണ്ടുൽക്കറായും സൗരവ് ഗാംഗുലിയായും മാറിമാറിക്കളിച്ചുനോക്കുന്ന തെരുവുകുട്ടികളുടെ കളികളിലും ഈ പ്രക്രിയ കാണാവുന്നതാണു്. മിഥ്യാപൂർത്തിയുടെ കിളിവാതിലിലൂടെ സാദ്ധ്യതകളുടെ വലിയ ആകാശത്തിലേക്കു് ഒന്നു് ഒളിഞ്ഞ് നോക്കാനുള്ള അവസരം ഈ കളികൾ അവർക്കു് തുറന്നുകൊടുക്കുന്നു.
വ്യക്തിസ്വത്വബോധത്തെ എന്നപോലെ ദേശീയസ്വത്വസങ്കൽപ്പങ്ങളെയും അരക്കിട്ടുറപ്പിക്കുന്നതിനു് ഇന്നു് കളികൾ ഉപയോഗിക്കപ്പെടുന്നുണ്ടു്. പണ്ടു് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഹോക്കി മത്സരങ്ങൾ ഒരു യുദ്ധപ്രതീതിയാണു് പലപ്പോഴും സൃഷ്ടിച്ചിരുന്നതു്. എന്നാൽ യുറോപ്യൻ രാജ്യങ്ങളും ആസ്ത്രേലിയയും എല്ലാം പുതിയ കേളിശൈലികളിലുടെയും കളിയുടെ നിയമങ്ങളിൽ കൗതുകപൂർവ്വം വരുത്തിയ മാറ്റങ്ങളിലൂടെയും ഇന്ത്യയെയും പാകിസ്താനെയും പിൻതള്ളി ബഹുദൂരം മുന്നേറിയതോടെ യുദ്ധക്കളി ക്രിക്കറ്റായി. യുദ്ധമില്ലാത്തപ്പോൾ ക്രിക്കറ്റ് കളിക്കുകയും യുദ്ധം ഒരു സാദ്ധ്യതയാവുമ്പോൾ കളിക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു വിചിത്രമായ അവസ്ഥ. ലോകകപ്പ് ഫുട്ബോൾ വന്നതോടെ ലാറ്റിനമേരിക്കയിലെ കൊടും സാമ്പത്തികക്കുഴപ്പംപോലും മറന്ന മട്ടായി… അർജന്റീനയിലെ കൂട്ടക്കുഴപ്പത്തെപ്പറ്റി പറയുന്നതിനേക്കാൾ അർജന്റീനയുടെ ലോകകപ്പ് സാദ്ധ്യതകളെപ്പറ്റി തർക്കിക്കുന്നതിലാണു് ഇന്നു് ലേഖകർക്കു് താത്പര്യം. ലോകകപ്പ് ജ്വരം വർധിക്കുന്നതോടെ യുദ്ധജ്വരം ഒന്നടങ്ങും എന്നു് നമുക്കാശ്വസിക്കാം.
ഈ ഉത്സവച്ഛായയാണ്, അതിന്റെ ഉട്ടോപ്പിയനായ വിമോചന വാഗ്ദാനമാണ്, കൂടുതൽ കൂടുതൽ കെട്ടുകാഴ്ചകളായി മാറിക്കൊണ്ടിരിക്കുന്ന ഈ വിനോദങ്ങളെ ഇന്നും ജനപ്രിയമാക്കുന്നതു്. സാംസ്കാരിക വ്യവസായത്തിന്റെ ദൃഷ്ടിപാതം കലകളിൽനിന്നും വിനോദങ്ങളിൽനിന്നും അവയുടെ വിമോചകധർമത്തെ വലിയൊരളവിൽ ഇല്ലായ്മ ചെയ്തുകഴിഞ്ഞിട്ടുള്ള ഇന്നു് ഒരു പഴയ താരാട്ടിന്റെ ഓർമ്മപോലെ ഒരു പരിവേഷമായി ഈ വിമോചന സ്വപ്നം ഈ രൂപങ്ങളെ ചൂഴ്‌ന്നു നിൽക്കുന്നു. അതുകൊണ്ടു് തന്നെ പലപ്പോഴും ഊഹക്കച്ചവടക്കാരാലും വാതുവെപ്പുവീരന്മാരാലും ഒക്കെ അധിനിർണയിക്കപ്പെട്ടതാവാമെന്നറിഞ്ഞിട്ടും നാം സംപ്രേഷണങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ദൂരദർശന്റെ അലംഭാവത്തിനെതിരെ കലമ്പൽ കൂട്ടുന്നു. പാവം മാനവഹൃദയം!
ഏതായാലും കായികവിനോദങ്ങളുടെ ചിഹ്നശാസ്ത്രപരമായ പ്രത്യയശാസ്ത്രവ്യാപാരങ്ങളും അതിൽ പ്രതീകാത്മകതയിലൂടെ നടക്കുന്ന ആഗ്രഹപൂർത്തിയും വിശകലനം ചെയ്യുക എന്നതു് പ്രധാനമാണു്. കാരണം ആവശ്യങ്ങൾപോലെ ആഗ്രഹങ്ങളും മോഹചിന്തകളും ചരിത്രത്തെ ത്വരിപ്പിക്കുന്നുണ്ടു്. അതുകൊണ്ടാണു് ആവശ്യകത (Necessity) പോലെ അബോധത്തിലേക്കുള്ള താക്കോലായ ആഗ്രഹവും (desire) ഇന്നു് ഒരു തത്ത്വശാസ്ത്രഗണമായിട്ടുള്ളതു്.
—ദേശാഭിമാനി വാരിക, 2002 ജുൺ.