images/tkr-kazhchayude-koyma-cover.jpg
In the Park, an oil on canvas painting by Ivan Shishkin (1831–1898).
ദൃശ്യമാദ്ധ്യമങ്ങളും പ്രത്യയശാസ്ത്രവും: ക്രോഡീകരിക്കാത്ത കുറേ ആമുഖക്കുറിപ്പുകൾ

നാം എന്തുവാങ്ങണമെന്നു്, എന്തു ചെയ്യണമെന്നു്. എന്തു ചിന്തിക്കണമെന്നു്. എങ്ങനെ ഒരു നല്ല ഭർത്താവു്/ഭാര്യ ആകണമെന്നു്, ഏതു ക്ഷേത്രത്തിൽ/പള്ളിയിൽ പോകണമെന്നു്, എന്തു് കഴിക്കണമെന്നു്/കുടിക്കണമെന്നു്, ചുരുക്കിപ്പറഞ്ഞാൽ എങ്ങനെ മരിക്കണമെന്നതൊഴിച്ചെല്ലാറ്റിനെയും പറ്റിയുള്ള (മുതലാളിത്ത വ്യവസ്ഥയിൽ ചന്തക്കു് അടിപ്പെടാതെ അവശേഷിക്കുന്ന മനുഷ്യജീവിതത്തിലെ ഏകകാര്യം മരണമാണ്-എന്നു് ബോദ്രില്ലാർദ്) നിർദ്ദേശങ്ങളും ശാസനങ്ങളും പാഠങ്ങളും നിരന്തരമായി നമ്മെത്തേടിയെത്തുന്ന ഒരു കാലഘട്ടത്തിലാണു് നാം ജീവിക്കുന്നതു്, ആനുകാലികങ്ങളുടെ ബഹുവർണത്താളുകളിൽ നിന്നും, വഴിയോരങ്ങളിലെ ഭീമാകാരമായ പരസ്യപ്പലകകളിൽനിന്നും വിഡ്ഢിപ്പെട്ടിയുടെ സ്ക്രീനിൽനിന്നും ഒക്കെ അനുസ്യൂതമായി നമ്മെ വേട്ടയാടുന്ന ഈ പ്രത്യയശാസ്ത്ര ശിക്ഷണം, നമ്മുടെ അബോധത്തിന്റെ എറ്റവും നിഗൂഡമായ തലങ്ങളിൽ പോലും അതിന്റെ ആധിപത്യമുറപ്പിക്കുന്നതോടെ മനുഷ്യർ ചരിത്രം സൃഷ്ടിക്കുകകയും തിരുത്തിക്കുറിക്കുകയും ചെയ്യുന്ന സജീവകർത്തൃത്തങ്ങളെന്ന അവസ്ഥയിൽനിന്നു്, തങ്ങളുടെ ലോകത്തെയും ജീവിതത്തെയും, തങ്ങളുടെ സ്വത്വത്തെപ്പോലും, തങ്ങൾക്കതീതവും ദുർഗ്രാഹ്യവുമായ ശക്തികൾ നിർണ്ണയിക്കുന്ന പ്രക്രിയയുടെ ‘വെറും’ കാഴ്ചക്കാരായി ചുരുങ്ങിപ്പോകുന്നു. ജീവിതം തന്നെ കെട്ടുകഥയായി അധപ്പതിക്കുന്നു. മനുഷ്യനെ ഒരു സാമൂഹിക, രാഷ്ട്രീയ ജീവിയായികാണുന്ന അരിസ്റ്റോട്ടിലിന്റെ നിർവ്വചനത്തെ, ‘മനുഷ്യൻ ഒരു പ്രത്യയശാസ്ത്ര ജീവിയാണു്’ എന്നു് അൽത്യൂസെ തിരുത്തുന്നതു് വെറുതെയല്ല.

മുതലാളിത്ത വ്യവസ്ഥ സംസ്ഥാപിതമാകുന്നതോടെയാണു് പ്രത്യയശാസ്ത്രത്തിന്റെ കോയ്മ പൂർണ്ണവും സാർവത്രികവും ആകുന്നതു്. വ്യക്തിസത്തയിൽ ഊന്നുന്ന ബൂർഷ്വാമാനവികത, മനുഷ്യനെ ചരിത്രപ്രകിയയുടെ ചാലകശക്തിയായി നിരൂപിച്ചു. ശാസ്ത്രീയ യുക്തിയുടെ വികാസമാകട്ടെ മധ്യകാല സമൂഹത്തെ നിയന്ത്രിച്ചിരുന്ന അനുഷ്ഠാനപരമായ മതത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും സ്വാധീനശക്തിക്കു് കൂച്ചുവിലങ്ങിടുകയും ചെയ്തു. മാത്രവുമല്ല, ഉത്പാദന ശക്തികളെ അഭൂതപൂർവ്വമായ രീതിയിൽ വികസിപ്പിച്ചു മുന്നേറിയ ബൂർഷ്വാ വ്യവസ്ഥിതിക്കു് വൻതോതിൽ മനുഷ്യരെ സംഘടിപ്പിക്കേണ്ടതു് ആവശ്യമായിത്തീർന്നു. അവരുടെ ഭീമൻ പദ്ധതികളിൽ പണിയെടുക്കാൻ, അവരുടെ ഫാക്ടറികളിൽ കണ്ടമാനം ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങൾക്കു് മാർക്കറ്റൊരുക്കാൻ (അവരുടെ മഹായുദ്ധങ്ങളിൽ ചാവേറുകളാവാൻ) ഇങ്ങനെ മറ്റേതൊരു ചരിത്രഘട്ടത്തെക്കാളുമേറെ മനുഷ്യർ കൂട്ടായ സംരംഭങ്ങളിൽ ഭാഗഭാക്കുകളാകുന്നതും ഈ യുഗത്തിലാണു്. മുതലാളിത്ത കാലഘട്ടത്തെ ‘പ്രത്യയശാസ്ത്രത്തിന്റെ യുഗം’ എന്നു വിളിക്കുന്നതു് ആകസ്മികമല്ല.

തീർച്ചയായും ആധുനിക ‘രാഷ്ട്രീയ മീമാംസ’യിലെ പ്രധാന പ്രശ്നം ഗൊറാൻ റതർബോൺ പറയുമ്പോലെ എങ്ങനെയാണു് ഭരണവർഗ്ഗങ്ങൾ ഭരിക്കുന്നതു് (How does the rulingclass rule when it rules) എങ്ങനെയാണു് ദാരിദ്ര്യവും ചൂഷണവും ഇങ്ങനെ വളർന്നിട്ടും ഭരണവർഗ്ഗങ്ങൾക്കു് അധികാരം നിലനിർത്താനാവുന്നതു്, എന്തുകൊണ്ടു് അധഃസ്ഥിതവിഭാഗങ്ങൾ ഈ അവസ്ഥയെ മാറ്റിക്കുറിക്കാൻ മുന്നോട്ടു വരുന്നില്ല? എന്നീ പ്രശ്നങ്ങൾ ഇതിൽ അന്തർഭവിച്ചു കിടപ്പുണ്ടു്. തങ്ങളുടെ അധികാരശക്തിക്കെതിരെ ഉയരുന്ന യാതൊരു വെല്ലുവിളിയേയും നേരിടാനുള്ള ആയുധശക്തിയും സൈനിക ബലവും, അന്തർദേശീയ സഖ്യങ്ങളും ചാരസംഘങ്ങളുമെല്ലാം ആധുനിക മുതലാളിത്തത്തിന്റെ കൈയിലുണ്ടു്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ ‘സോവിയറ്റ് ടൈപ്പ്’ ഭരണങ്ങളുടേയും പതനത്തോടെ ‘അജയ്യം’ എന്ന പ്രതീതിപോലും ജനിപ്പിക്കുന്നവണ്ണം ഭീഷണമാണു് അവരുടെ അധികാരശക്തി. പക്ഷേ, അഗാധമായ പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ മാത്രമേ ഈ ശക്തി പ്രയോഗിക്കപ്പെടുന്നുള്ളൂ എന്നതു് ശ്രദ്ധേയമാണു്. മാത്രവുമല്ല നഗ്നമായ ശക്തിപ്രയോഗം, പലപ്പോഴും വിപരീതഫലങ്ങളാണു് സൃഷ്ടിച്ചിട്ടുള്ളതു് എന്നും നാം ഓർമ്മിക്കണം. വിയറ്റ്നാമിന്റെ വിമോചന പോരാട്ടവേളയിൽ രണ്ടാം ലോകമഹായുദ്ധത്തിൽ ആകെ ഉപയോഗിക്കപ്പെട്ട വിസ്ഫോടന സാമഗ്രികളിലുമേറെ, ബോംബുകൾ തെക്കൻ വിയറ്റ്നാമിൽ അമേരിക്ക വർഷിക്കുകയുണ്ടായി. എന്നിട്ടും വിയറ്റ്നാമിൽ അമേരിക്ക പരാജയപ്പെട്ടു. ഇറാനിലെ ഷായുടെ ഭരണത്തിനു് സർവവിധ പിന്തുണയും നൽകിയിട്ടും അതിനെ താങ്ങിനിർത്താൻ അമേരിക്കയ്ക്കു് കഴിഞ്ഞില്ല. എന്തിനു് സോവിയറ്റുയൂണിയന്റെ പതനത്തിനുശേഷവും ക്യൂബ ചെറുത്തു നിൽപു് തുടരുകയാണു്. മുതലാളിത്തവ്യവസ്ഥയുടെ വിസ്മയാവഹമായ അതിജീവനത്തിൽ പ്രത്യയശാസ്ത്രം വഹിച്ചിട്ടുള്ള പങ്കിലേക്കു് വിരൽചൂണ്ടുന്നവയാണു് ഈ വസ്തുക്കൾ.

എന്തുകൊണ്ടു് ത്യാഗനിർഭരമായ വിമോചനപോരാട്ടങ്ങൾപോലും ഒരു ‘രമ്യനവ്യലോക’ത്തിന്റെ പിറവിയിൽ കലാശിച്ചില്ല? എന്തുകൊണ്ടു് ചൂഷിതവർഗ്ഗങ്ങൾ അവരുടെ ചരിത്രപരമായി വിമോചനദൗത്യം നിർവ്വഹിക്കാൻ കെൽപ്പുനേടുന്നില്ല? ഈ പ്രശ്നങ്ങൾ ഇന്നു് ഏതു പുരോഗമനവാദിയേയും അലട്ടുന്ന പ്രാഥമിക പ്രശ്നങ്ങളാണു് ‘ബലപ്രയോഗ’ സിദ്ധാന്തത്തിലൂന്നുന്ന ക്ലാസിക്കൽ മാർക്സിസ്റ്റ് പരികൽപ്പനകളിൽ നിന്നു് കുതറിച്ചാടി അധികാരഘടനയിൽ മർദ്ദനപരമായ ഭരണവ്യവസ്ഥയോടൊപ്പം ഒരു പ്രത്യയശാസ്ത്രഭരണ വ്യവസ്ഥയും (Ideological state apparatus) പ്രവർത്തിക്കുന്നുണ്ടു് എന്നു് സിദ്ധാന്തിക്കുന്ന അൽത്യൂസ്സേ, ഈ പ്രശ്നത്തെ നേരിടാനുള്ള ആധുനിക മാർക്സിസ്റ്റുകളുടെ പരിശ്രമത്തിന്റെ വ്യാപ്തിയും പരപ്പും വിളിച്ചറിയിക്കുന്നു. പ്രത്യയശാസ്ത്രത്തെ, അപബോധമായി (false consciousness) ചുരുക്കിക്കണ്ടിരുന്ന സ്റ്റാലിനിസ്റ്റ് സമീപനങ്ങളോടു് വിടപറയുന്ന ദർശനങ്ങളാണു് ഗ്രാംഷിയും അൽത്യുസ്സേയും ലുക്കാച്ചും എല്ലാം അവതരിപ്പിക്കുന്നതു്. ദൃശ്യമായ വിലങ്ങുകൾ പോലെതന്നെ മനസ്സിന്റെ മൂശയിൽ മെനഞ്ഞെടുക്കപ്പെടുന്ന പ്രത്യയശാസ്ത്രപരമായ വിലങ്ങുകളും വിമോചന ശ്രമങ്ങളെ ചങ്ങലയ്ക്കിടുന്നുണ്ടു് എന്ന തിരിച്ചറിവു് പാശ്ചാത്യ മാർക്സിസത്തിന്റെ അവിസ്മരണീയ സംഭാവനയാണു്. വിദ്യാഭ്യാസ സമ്പ്രദായവും മതവിശ്വാസങ്ങളും കുടുംബവ്യവസ്ഥയും എല്ലാം എങ്ങനെ അധികാര വ്യവസ്ഥയുടെ താങ്ങുകളായിമാറുന്നു എന്ന ചർച്ച, എങ്ങനെ നമ്മുടെ ദൈനംദിനം തന്നെ പ്രതിലോമ പ്രത്യയശാസ്ത്രത്തെ സാധൂകരിക്കുന്ന ഒന്നാകുന്നു എന്ന തിരിച്ചറിവു് ഇന്നു് ഏതു വിമോചന ശ്രമത്തിന്റെയും മുന്നുപാധിയാണു്. അതുകൊണ്ടാണു് പ്രത്യയശാസ്ത്രവിശകലനം ഇന്നു് വിപ്ലവകാരികളുടെ അജണ്ടയിലെ മുഖ്യ ഇനം ആകുന്നതു്.

പ്രത്യയശാസ്ത്ര വിശകലനത്തിലെ ചില സങ്കീർണ്ണതകൾ

‘ഇന്റപെല്ലേഷൻ’ അഥവാ ‘ഹെയ്ലിങ്’ (വിളി) എന്നു പേരിടാവുന്ന ഒരു കണിശ പ്രക്രിയയിലൂടെയാണു് പ്രത്യയശാസ്ത്രം വ്യക്തികളെ ‘കർത്തൃത്വ’ങ്ങളാക്കി മാറ്റുന്നതു്—അൽത്യുസ്സെ സിദ്ധാന്തിക്കുന്നു. ഒരു നാടകീയ രംഗത്തിന്റെ സഹായത്തോടെ ഈ വിളിയുടെ സവിശേഷത അദ്ദേഹം വരച്ചുകാട്ടുന്നുണ്ടു്. തിരക്കുള്ള ഒരു വഴിയിൽവച്ചു് ഒരു പോലീസുകാരൻ പെട്ടെന്നൊരാളോടു് ‘ഏയ് അവിടെ നിൽക്കൂ’ എന്നു ആജ്ഞാപിക്കുന്നു. അയാൾ അനുസരണയോടെ തിരിഞ്ഞു നിൽക്കുന്നു. അതോടെ ആ മനുഷ്യൻ ഒരു കർത്തൃത്വമായി പരിവർത്തിക്കപ്പെടുന്നു.

‘എന്തുകൊണ്ടു്? കാരണം, വാസ്തവത്തിൽ തന്നെയാണു്-മറ്റാരെയും അല്ല വിളിച്ചതെന്നും വിളിക്കപ്പെട്ടവൻ താൻ തന്നെയാണെന്നും അയാൾ തിരിച്ചറിയുന്നു. (അൽത്യൂസെ, ലെനിൻ ആൻഡ് ഫിലോസഫി) പ്രത്യയശാസ്ത്രപ്രക്രിയയിൽ അന്തർഭവിച്ചുകിടക്കുന്ന പല സങ്കീർണ്ണതകളിലേക്കും വെളിച്ചം വീശുന്ന ഒന്നാണു് അൽത്യൂസ്സെയുടെ ഈ വിശകലനം. കാരണം പ്രത്യയശാസ്ത്ര പ്രവർത്തനം കർത്തൃത്വ രൂപീകരണത്തോടും സ്വത്വസങ്കല്പങ്ങളോടും അഴത്തിൽ ബന്ധപ്പെട്ടാണു് കിടക്കുന്നതു്. എന്നാൽ ഈ ബന്ധത്തെ അദൃശ്യവും സർവ്വസമ്മതവുമാക്കി നിലനിർത്തുന്നു എന്നതാണു് പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകത. ‘വിളി’ കേൾക്കുന്ന ആൾ, അതു കേൾക്കാൻ വിധിക്കപ്പെട്ടവനാണു് എന്നു അംഗീകരിക്കുന്നു. അതു ‘ദൈവ വിളി’യാവാം (ദേശാടനത്തിൽ പാച്ചുവിനെ തേടിയെത്തുന്ന മൂപ്പിൽ സ്വാമിയുടെ വിളി ഓർക്കുക) അല്ലെങ്കിൽ കള്ളനെ കയ്യോടെ പിടിക്കുന്ന പോലീസുകാരന്റെ അശ്ലീലച്ചുവ കലർന്ന വിളിയാവാം, അതുമല്ലെങ്കിൽ ‘ഉണ്ടിരുന്ന നായർക്കു തോന്നുന്ന വിളി’യും ആവാം. ഏതായാലും അലംഘനീയമായ ഒരാജ്ഞപോലെയാണു് അതു പ്രവർത്തിക്കുന്നതു്. തീർച്ചയായും മർദ്ദനത്തിന്റേയും ചൂഷണത്തിന്റേതുമായ നിരവധി നൂറ്റാണ്ടുകളുടെ അനുഭവം തന്നെയാണു് മനുഷ്യനിൽ ഈ ‘ചൊല്ലുവിളി’ വളർത്തിയെടുത്തിട്ടുള്ളതു്. എന്നാൽ, അധികാര ഘടനയുടെ ഈ ചരിത്രപരതയിലേക്കു് നമ്മുടെ ശ്രദ്ധതിരിയാതെ നോക്കുന്നു എന്നതാണു് പ്രത്യയശാസ്ത്രത്തിന്റെ കൗശലം. അതുകൊണ്ടാണു് ‘ചരിത്രവത്ക്കരണം’ പ്രത്യയശാസ്ത്ര മിഥ്യകളെ ദൂരീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നതു്. ചരിത്രവിശകലനം അധികാര ഘടനകൾ തന്നു് എങ്ങനെ നിയത സാഹചര്യങ്ങളിൽ ആവിർഭവിച്ചുവെന്നും, അവ എങ്ങനെ, എന്തൊക്കെ വെല്ലുവിളികളെ അതിജീവിച്ചാണു് വികസിച്ചതെന്നും കാണിച്ചു തരുന്നതിലൂടെ ഈ ഘടനകളുടെ മേൽക്കോയ്മയില്ലാത്ത കാലഘട്ടങ്ങളെപ്പറ്റിയുള്ള സൂചനകൾ കൂടി നമുക്കു് നൽകുന്നു. ഈ സൂചനകൾ അധികാര ഘടനയുടെ ‘കാലദേശങ്ങളെ അധികരിച്ചു നിൽക്കുന്നതു്’ എന്ന നാട്യത്തെ പൊളിച്ചുകാട്ടുന്ന, മാറ്റത്തിനുള്ള സാദ്ധ്യതയിലേക്കു് വിരൽ ചൂണ്ടുന്നു. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിലെ അതീവ കലുഷിതമായ പ്രത്യയശാസ്ത്രരംഗത്തു് ചരിത്രത്തിനു കൈവന്നിട്ടുള്ള പ്രാധാന്യം ആകസ്മികമല്ല എന്നു കാണാം.

കർത്തൃത്വ ഘടനയേയും സ്വത്വസങ്കൽപ്പങ്ങളേയും സൃഷ്ടിക്കുന്നതിലും മാറ്റിമറിക്കുന്നതിലും സാഹിത്യാദി കലാരൂപങ്ങളും, മാദ്ധ്യമങ്ങളും അതിപ്രധാനമായ പങ്കുവഹിക്കുന്നുണ്ടു്. ആതുകൊണ്ടു തന്നെ വർത്തമാനകാല സമൂഹത്തിൽ ഒരു സവിശേഷ സാന്നിദ്ധ്യമായി മാറിയിട്ടുള്ള ദൃശ്യമാദ്ധ്യമങ്ങളെ ഭരിക്കുന്ന പ്രത്യയശാസ്ത്രവ്യവസ്ഥ സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന ഒന്നാണു്. പുരോഗമന ആശയങ്ങളുടെ ഈറ്റില്ലമെന്ന ഖ്യാതി അവകാശപ്പെട്ടിരുന്ന നമ്മുടെ സംസ്ഥാനം പോലും പ്രതിലോമ ആശയങ്ങളുടെ കടന്നാക്രമണത്തിനു് വിധേയമായിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും. കാരണം, കേരളീയ സമൂഹത്തിൽ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ദൃശ്യമായിരുന്ന നവോത്ഥാനത്തിന്റെ നാമ്പുകളെ പടുമുളകളാക്കിമാറ്റിയ അധിയാഥാസ്ഥിതിക പ്രതിതരംഗത്തിന്റെ വികാസത്തെ ഏറെ സഹായിച്ചിട്ടുള്ളതു് നമ്മുടെ മാദ്ധ്യമരംഗമാണു്.

കെട്ടിച്ചമച്ച സ്വത്വബോധങ്ങൾ, നിറംപിടിപ്പിച്ച ഓർമ്മകൾ

മുതലാളിത്ത സമൂഹത്തിലെ സ്വത്വനിർമിതിയിൽ മുതലാളിത്തത്തിന്റെ തനതു് രൂപങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന നോവലും സിനിമയും എങ്ങനെ ഉൾപ്പെട്ടിരിക്കുന്നു എന്നതു് ഏറെ പഠനവിധേയമായ ഒരു വിഷയമാണു്. നോവലിനെ ‘ബുർഷ്വാഎപ്പിക്ക്’ എന്നു് വിശേഷിപ്പിക്കുന്ന ലൂക്കാച്ചും, നോവലിന്റെ സാമൂഹ്യശാസ്ത്രം നിർധാരണം ചെയ്യാൻ ശ്രമിക്കുന്ന ലൂസിയൻ ഗോൾഡ്മാനും, നോവലിൽ ഉൾച്ചേർന്നുകിടക്കുന്ന ‘ആസക്തിയുടെ രൂപകങ്ങളെ’ (tropes of desire) വിശകലനം ചെയ്യാൻ ശ്രമിക്കുന്ന റെനീ ഗിറാറുമെല്ലാം, ഈ കലാരൂപത്തിന്റെ സവിശേഷ പ്രത്യയശാസ്ത്ര പ്രസക്തിയിലേക്കും, അതു വഹിച്ചിട്ടുള്ള പ്രത്യയശാസ്ത്ര ദൗത്യത്തിലേക്കും, നമ്മുടെ ശ്രദ്ധതിരിച്ചിട്ടുണ്ടു്. മുതലാളിത്തവ്യവസ്ഥ സംസ്ഥാപിതമായ നൂറ്റാണ്ടുകളായിരുന്നു നോവലിന്റെയും സുവർണകാലം. എന്നാൽ ഇരുപതാംനൂറ്റാണ്ടിലെത്തുമ്പോഴേക്കും ഏറ്റവും ജനസമ്മതിയുള്ള കലാരൂപം എന്ന അവസ്ഥയിൽനിന്നു് നോവൽ നിഷ്കാസിതമായി. സിനിമ ഈ സ്ഥാനം കയ്യടക്കുകയും ചെയ്തു.

‘ആനന്ദം ജനിപ്പിക്കുന്ന യന്ത്രം’ എന്നു് കോണ്‍സ്റ്റൻസ് പെൻലിയും മറ്റും വിശേഷിപ്പിക്കുന്ന സിനിമ, അതിന്റെ അതിവിപുലമായ സാങ്കേതികസാദ്ധ്യതകൾകൊണ്ടുതന്നെ, സ്വപ്നങ്ങളുടേയും ഭ്രമകൽപനകളുടേയും നിർമിതിയിലും വ്യാപനത്തിലും ആദ്യം മുതൽക്കുതന്നെ കണ്ണുവെച്ചിരുന്നു. സ്വപ്നം വിൽക്കുന്നവർ (Dream Merchants) എന്നാണല്ലോ സിനിമാക്കാരെ വിളിച്ചിരുന്നതു്. സ്വപ്നസമാനമായ ദൃശ്യങ്ങളെ വിക്ഷേപിക്കാൻ കഴിയുന്നതുകൊണ്ടു് അതിനു് മനുഷ്യമനസ്സിന്റെ ഉപബോധത്തോടു് സംവദിക്കാൻ സാധിക്കുന്നു. ഭ്രമകല്പനകളുടെ (fantasy) രൂപീകരണം പ്രധാനമായും നടക്കുന്നതു് ഈ തലത്തിലാണെന്നു് ഫ്രോയ്ഡ് സിദ്ധാന്തിക്കുന്നു. ഇരുണ്ട ഒരു ഹാളിൽ, മുന്നിലെ വെള്ളിത്തിരയിൽ മിന്നിമറിയുന്ന ദൃശ്യങ്ങളിൽ മിഴിനട്ടിരിക്കുന്ന സിനിമാപ്രേക്ഷകന്റെ മനോവൃത്തികളെക്കുറിച്ചും സിനിമയുടെ സമ്മോഹനതന്ത്രങ്ങളെകുറിച്ചും (mechanics of enchantment) സാമുഹ്യശാസ്ത്രപരവും മനോവിശ്ശേഷണപരവും ഒക്കെയായ ഒട്ടേറെ പഠനങ്ങൾ നമ്മുടെ മുമ്പിലുണ്ടു്. സിനിമയുടെ ആന്തരിക ഘടനയെക്കുറിച്ചും ഒരു കലാരൂപം എന്ന നിലക്കുള്ള അതിന്റെ സവിശേഷതകളെക്കുറിച്ചും ചിഹ്നവിജ്ഞാനീയത്തിന്റെ സഹായത്തോടെ ഒരു സമഗ്ര സിദ്ധാന്തസ്വരൂപം തന്നെ സൃഷ്ടിച്ചിട്ടുള്ള ക്രിസ്ത്യൻ മെറ്റ്സ്, സിനിമയെ ഭരിക്കുന്ന ‘ആൺനോട്ട’ത്തെ (male gaze) ഫ്രോയിഡിയൻ സങ്കല്പങ്ങളുടെ സഹായത്തോടെ അപഗ്രഥിക്കുന്നു. ലോറ മൾവി, സ്ത്രീപക്ഷത്തു നിന്നുകൊണ്ടു് സിനിമയുടെ വർത്തമാനത്തേയും ഭാവിയേയും കുറിച്ചു നിരൂപിക്കുന്ന കോണ്‍സ്റ്റൻസ് പെൻലി (അവരുടെ പ്രസിദ്ധമായ ഒരു പഠനത്തിന്റെ പേരുതന്നെ ശ്രദ്ധേയമാണു്. ഒരു മിഥ്യയുടെ ഭാവി (‘The future of an illusion’) ഫ്രോയിഡിന്റെ മതത്തെക്കുറിച്ചുള്ള പഠനത്തിന്റെ ശീർഷകവും ഇതുതന്നെ എന്നതും ചിന്തോദ്ദീപകമാണു്. നോവലിലും സിനിമയിലും എല്ലാം ഉള്ള ആഖ്യാനഘടനകളിൽ ഉൾച്ചേർന്നിട്ടുള്ള പുരുഷമേധാവിത്വപരമായ നിഷ്ഠകളെ അനാവരണം ചെയ്യുന്ന ടെറീസ ദ ലോററ്റസ്, ദൃശ്യതയുടെ തന്നെ പ്രതിലോമപ്രത്യയശാസ്ത്ര വിവക്ഷകളെ വിശകലന വിധേയമാക്കുന്ന ഫ്രഡറിക് ജെയിംസണ്‍, ഇന്നത്തെ ലോകത്തിൽ സർവത്ര പ്രകടമായിക്കൊണ്ടിരിക്കുന്ന ‘കാഴ്ചയുടെ കോയ്മ’ സമൂഹത്തെത്തന്നെ ഒരു കെട്ടുകാഴ്ചയുടെ സമുഹം (society of spectacle) ആക്കി മാറ്റുകയാണെന്നു് വിലപിക്കുന്ന ഗയ്ദേ ബാർദ്, സാംസ്കാരിക മണ്ഡലത്തെ ഭരിക്കുന്ന പ്രതിലോമ പ്രത്യയശാസ്ത്രത്തിനെതിരെ എങ്ങനെ ഒരു പ്രത്യധീശത്വം സ്ഥാപിച്ചെടുക്കാം എന്നന്വേഷിക്കുന്ന പീറ്റർ വോളൻ-ഏറെ ദീർഘമാണു് ഈ പട്ടിക. അമ്പതുകളിലും അറുപതുകളിലും സാങ്കേതികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയെ മറികടന്നുകൊണ്ടു് ‘നീലക്കുയിലും’ ‘രാരിച്ചനെന്ന പൗരനും’ ‘ന്യൂസ്പേപ്പർബോയും’ എല്ലാം സൃഷ്ടിക്കാൻ കഴിഞ്ഞ മലയാള സിനിമയും, ഇന്ത്യയിലെതന്നെ ഏറ്റവും സുശക്തമായ ഫിലിംസൊസൈറ്റി ശൃംഖല വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞ മലയാളികളുടെ ‘പുകഴ്പെറ്റ’ പ്രേക്ഷകസംസ്കാരവും പുതിയ നൂറ്റാണ്ടിലേക്കുള്ള സംക്രമണ വേളയിൽ എവിടെ എത്തിനിൽക്കുന്നു എന്നു് ആലോചിക്കുമ്പോൾ ഈ പട്ടിക അതീവ പ്രസക്തമാവുന്നുണ്ടു്. അതിപ്രതിലോമപരമായ ദൃശ്യങ്ങളെ വിക്ഷേപിക്കുന്ന നമ്മുടെ ദൃശ്യമാദ്ധ്യമങ്ങൾ ഇന്നു നിഷ്കൃഷ്ടമായിത്തന്നെ വിമർശിക്കപ്പെടേണ്ടിയിരിക്കുന്നു. ഇതിനുള്ള സൈദ്ധാന്തികമായ ഉപാധികൾ വികസിപ്പിച്ചെടുക്കാൻ പുരോഗമനവാദികളായ സിനിമാ പ്രവർത്തകരും, മാദ്ധ്യമപ്രവർത്തകരും, സാംസ്കാരിക നിരൂപകരും എല്ലാം അടങ്ങുന്ന ഒരു ബൃഹദ്സംരംഭം ഇന്നു് ആവശ്യമായിത്തീർന്നിട്ടുണ്ടു്. കാരണം, ശബരിമല മേൽശാന്തി മാറുന്നു എന്ന കാര്യം ഒരു പ്രമുഖ മലയാളം ചാനലിൽ പ്രൈംടൈമിലുള്ള വാർത്താ സംപ്രേഷണത്തിന്റെ സിംഹഭാഗവും അപഹരിക്കുന്നതും, ഗീതായജ്ഞങ്ങളും രാമായണ വ്യാഖ്യാനങ്ങളും മത്സരബുദ്ധിയോടെ ചാനലുകൾ നമുക്കുനേരെ നിരന്തരമായി തൊടുത്തുവിടുന്നതും, അന്ധവിശ്വാസജഡിലവും ഭ്രാന്തവും അപകടകരവുമായ യക്ഷിക്കഥകളും പ്രേതകഥകളും നമ്മുടെ കുഞ്ഞുങ്ങളുടെ രാത്രികളെപ്പോലും മലീമസമാക്കുന്നതുമെല്ലാം അതിസ്വാഭാവികമായാണു് നമ്മുടെ മധ്യവർഗങ്ങൾ സ്വീകരിക്കുന്നതു്. മുട്ടിനു മുട്ടിനു നടക്കുന്ന താംമ്പൂലപ്രശ്നങ്ങളും കൂണുകൾപോലെ മുളച്ചുപൊന്തി ആകാശംമുട്ടുന്ന കട്ടൗട്ടുകളായി നഗരമധ്യത്തിൽ അവതരിപ്പിക്കുന്ന ആൾദൈവങ്ങളും പീലിയും കോലുമായി അസുരനിഗ്രഹങ്ങൾ ചിത്രീകരിക്കുന്ന ടാബ്ലോകളിൽ അണിനിരക്കുന്ന പിഞ്ചുകിടാങ്ങളും കൂട്ട ആത്മഹത്യകളെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളും, കാട്ടുതീപോലെ പടരുന്ന മയക്കുമരുന്നു വ്യാപാരവും, നിയന്ത്രണാതീതമായ വിഷാദരോഗങ്ങളും എല്ലാം ചേർന്നു് ഇന്നത്തെ കേരളത്തെ അത്യധികം അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണു് നയിച്ചുകൊണ്ടിരിക്കുന്നതു്. ആധുനികകേരളത്തിന്റെ പിറവിക്കുപിന്നിൽ, ‘പുരോഗമന ആശയങ്ങളുടെ നെടുങ്കോട്ട’ എന്ന അഭിമാനകരമായ സ്ഥാനത്തിനുപിന്നിൽ, സജീവമായിരുന്ന നവോത്ഥാനപ്രവണതകൾ ഇന്നു ദുർബലമായിരിക്കുന്നു. ദീപ്തമായ ആ കാലഘട്ടത്തിന്റെ ഓർമ്മയെക്കൂടി നശിപ്പിക്കാനുള്ള സംഘടിതശ്രമങ്ങൾ നമുക്കിടയിൽ അരങ്ങേറിക്കഴിഞ്ഞു. അടുത്തൂണ്‍പറ്റിയ ചില ചരിത്രാധ്യാപകരും, സാംസ്കാരികനായകരും, കലാകാരന്മാരും എന്തിനു് ചില മുൻകാല വിപ്ലവദാർശനികൾപോലും ഈ പ്രതിലോമ പ്രത്യയശാസ്ത്ര പ്രരൂപത്തിന്റെ ഭാഗമായി നിർലജ്ജം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

—മലബാർ എക്സ്പ്രസ് ചലച്ചിത്രോത്സവപ്പതിപ്പു്, 2000.

Colophon

Title: Kaẓhcayuṭe kōyma (ml: കാഴ്ചയുടെ കോയ്മ).

Author(s): T K Ramachandran.

First publication details: Mathrubhumi Books; Calicut, Kerala; 2006.

Deafult language: ml, Malayalam.

Keywords: Articles, Cultural studies, T K Ramachandran, Kazhchayude Koyma, ടി കെ രാമചന്ദ്രൻ, കാഴ്ചയുടെ കോയ്മ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 19, 2021.

Credits: The text of the original item is copyrighted to Prem Nazir, Kochi, Kerala. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and shall be shared under the same terms.

Cover: In the Park, an oil on canvas painting by Ivan Shishkin (1831–1898). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: KB Sujith; proof-read by: Anupa Ann Joseph, Abdul Gafoor; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.