ചക്രവാളത്തിൽനിന്നും സന്ധ്യാരാഗം മായുകയും ഇരുട്ടിനു് കട്ടികൂടിവരികയും ചെയ്യുമ്പോഴാണു് ജ്ഞാനദേവതയുടെ മൂങ്ങ ചിറകു വിരിക്കുക എന്നു് ഹെഗൽ. അതുകൊണ്ടുതന്നെ വൈരുദ്ധ്യവാദികളെ സംബന്ധിച്ചിടത്തോളം പൊയ്പ്പോയ സുവർണകാലങ്ങളെക്കുറിച്ചുള്ള ഓർമ്മ കാല്പനികമായ ഗൃഹാതുരത്വമല്ല. നിഷ്കൃഷ്ടമായ വിശകലനത്തിനും കർക്കശമായ ആത്മപരിശോധനയ്ക്കുമുള്ള അവസരമാണിതു്. അങ്ങനെ നോക്കുമ്പോൾ കേരളീയ ജീവിതത്തിൽനിന്നു് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നവോത്ഥാന നന്മകളെക്കുറിച്ചുള്ള ഏതൊരു ആലോചനയും നമ്മുടെ നവോത്ഥാനത്തിന്റെ ചരിത്രസന്ദർഭത്തിലേക്കും അതിന്റെ സവിശേഷതകളിലേക്കും കണ്ണയച്ചുകൊണ്ടാണു് ആരംഭിക്കേണ്ടതു്.
അധിനിവേശാനന്തര സമൂഹങ്ങളിൽ (post-colonial societies) പാശ്ചാത്യ ചരിത്രാനുഭവത്തിന്റെ ചുവടുപിടിച്ചു് ‘നവോത്ഥാനം’ (renissance), ‘മതപരിഷ്കരണപ്രസ്ഥാനം’ (reformation), ‘ജ്ഞാനോദയം’ (enlightenment), ‘ആധുനീകരണം’ (modernisation) തുടങ്ങിയ പരികൽപനകൾ ഉപയോഗിച്ചുകൊണ്ടു് നമ്മുടെ തനതു ചരിത്രഘട്ടങ്ങളെയും സാമുഹിക മാറ്റങ്ങളെയും വിശകലനം ചെയ്യാനുള്ള ശ്രമങ്ങൾ വ്യാപകമായി കാണാനുണ്ടു്. എന്നാൽ ഈ പരികൽപനകൾ എത്രത്തോളം അനുയോജ്യമാണെന്ന ചോദ്യം അപൂർവമായേ ഉന്നയിക്കപ്പെടാറുള്ളു. പാശ്ചാത്യ ക്രേന്ദീകൃതമായ (Euro-centric)) വാർപ്പുമാതൃകകൾ നമ്മുടെ അക്കാദമിക് സമൂഹത്തിലുള്ള പ്രത്യയശാസ്ത്രപരമായ അധീശത്വവും അപ്രമാദിത്ത പരിവേഷവും ഇത്തരം അലോസരപ്പെടുത്തുന്ന സംശയങ്ങളെ മുളയിൽ തന്നെ നുള്ളാനാണു് ശ്രമിക്കാറു്. അധിനിവേശാനന്തര സമൂഹങ്ങളിലെ ബുദ്ധിജീവി വൃന്ദത്തെ പൊതുവിൽ ഭരിക്കുന്ന വിധേയമനോഗതിയുമായി ഇതിനെ കൂട്ടിവായിക്കേണ്ടതാണു്.
ബാരുണ്‍ ഡേ, പാർത്ഥാ ചാറ്റർജി, റൊമീളാ ഥാപ്പർ, എസ്. എൻ. ഗാംഗുലി, ദീപേഷ് ചക്രവർത്തി, ജെ. സി. ഹീസ്റ്റർമാൽ തുടങ്ങി ഒട്ടേറെ ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രകാരന്മാരും നമ്മുടെ ആധുനീകരണ പ്രക്രിയയിൽ അന്തർഭവിച്ചു കിടക്കുന്ന ആഴമേറിയ വൈരുദ്ധ്യങ്ങളിലേക്കു വെളിച്ചം വീശിയിട്ടുണ്ടു്. 18, 19 നൂറ്റാണ്ടുകളിൽ അധിനിവേശകാലത്താണു് ആധുനികതയുടെ ആവിർഭാവം. ഒരർത്ഥത്തിൽ നവോത്ഥാന മതപരിഷ്കരണ പ്രസ്ഥാനങ്ങളുമെല്ലാം ഈ സാമൂഹ്യ സാമ്പത്തിക പ്രതിഭാസത്തിന്റെ ഭാഗങ്ങളായിരുന്നു. എത്ര അപൂർണമായാണെങ്കിലും ആധുനീകരണം നമ്മെ യൂറോപ്പിൽ രൂപംകൊണ്ട മുതലാളിത്ത സാമ്പത്തിക ക്രമവുമായി അഭേദ്യമായ രീതിയിൽ കണ്ണിചേർത്തു എന്നതാണു് വാസ്തവം. പക്ഷേ, പതിവു ചരിത്രരചന കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനത്തോടെ ആരംഭിക്കുന്നതായി കണക്കാക്കുന്ന, നാലു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന യൂറോപ്യൻ ചരിത്രാനുഭവത്തിൽനിന്നു പല കാതലായ അംശങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഒന്നാണു് ഇന്ത്യയിലുണ്ടായ ചരിത്രപരിണാമങ്ങൾ എന്നും നാം തിരിച്ചറിയേണ്ടതുണ്ടു്.
നവോത്ഥാനം, മതപരിഷ്കരണ പ്രസ്ഥാനം, പ്രതിപരിഷ്കരണ പ്രസ്ഥാനം, ശാസ്ത്രസാങ്കേതികവിദ്യയിലുണ്ടാകുന്ന കുതിപ്പ്, പുതിയലോകത്തെ ‘കണ്ടെത്തുന്ന’ കപ്പൽയാത്രകൾ, കോളനിവത്കരണം, ദേശ—രാഷ്ട്രങ്ങളുടെ സ്ഥാപനം, ഫ്രഞ്ചുവിപ്ലവം, അമേരിക്കൻ ഐക്യനാടുകളുടെ ആവിർഭാവം, അമേരിക്കയിലെ ആഭ്യന്തരയുദ്ധം എന്നിങ്ങനെ അത്യന്തം വൈവിധ്യമാർന്ന ചരിത്ര പരിണാമങ്ങളാണു് ആധുനിക യുഗത്തിന്റെ പിറവിക്കു വഴിതെളിച്ചതു്. ചുരുക്കെഴുത്തിനു് തികച്ചും അസാദ്ധ്യമാക്കുന്നതാണ് ഈ സംഭവബഹുലമായ കാലഘട്ടം. എങ്കിലും മുഖ്യമായും ഈ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന കാര്യങ്ങൾ ഇവയാണു്.
- ജന്മി–നാടുവാഴി വ്യവസ്ഥയുടെ അസ്തമയം.
- വിജ്ഞാനത്തിന്റെ മണ്ഡലത്തിലുണ്ടാകുന്ന വിസ്ഫോടകമായ വികാസം.
- മധ്യകാലയുഗത്തിന്റെ ശേഷിപ്പായ ദൈവശാസ്ത്രത്തിനു് ലഭിക്കുന്ന തിരിച്ചടിയും മതനിരപേക്ഷ ഭരണക്രമങ്ങളുടെ ആവിർഭാവവും.
- യുക്തിക്കും ശാസ്ത്രീയതക്കും ലഭിക്കുന്ന സമ്മതി.
- മുതലാളിത്ത ക്രമത്തിന്റെ വ്യാപനം
ഈ മുഖ്യസവിശേഷതകളുടെ വെളിച്ചത്തിൽ നമ്മുടെ ചരിത്രപരിണാമത്തെ വിശകലനം ചെയ്യുന്നതു് കൗതുകകരമാണു്. കാരണം, അതു് അധിനിവേശകാല ആധുനികതയിൽ അടങ്ങിക്കിടക്കുന്ന അപരിഹാര്യമായ പല വൈരുദ്ധ്യങ്ങളിലേക്കുമാണു് നമ്മെ നയിക്കുന്നതു്.
ഒരു വിപ്ലവത്തിന്റെ പരിവേഷവുമായാണു് മുതലാളിത്തം ലോകചരിത്രത്തിലേക്കു കടന്നുവന്നതു് എന്നു് നാം വിസ്മരിച്ചുകുടാ. ‘വ്യാവസായിക വിപ്ലവം’ വാസ്തവത്തിൽ പെട്ടെന്നുണ്ടായ ഒരു കുതിപ്പല്ലെന്നും സാങ്കേതികവിദ്യയിലും കൃഷിയിലും സാമ്പത്തിക ഘടനയിലും ഏതാണ്ടു് നൂറ്റമ്പതു് ഇരുന്നൂറു വർഷങ്ങൾകൊണ്ടുണ്ടായ മാറ്റങ്ങളുടെ ആകെത്തുകയാണെന്നു ലാൻഡസ്സിനെപ്പോലെയുള്ള, സാമ്പത്തിക ചരിത്രകാരന്മാർ, ഇംഗ്ലണ്ടിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വാദിക്കുന്നുണ്ടെന്നതു് ശരിതന്നെ. പൊതുഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഗ്രാമീണ ജനതയുടെ ഭുമി, ഭൂവുടമകളുടെ കൈയിലേൽപ്പിക്കുകയും ഗ്രാമീണ ജനതയെ പാപ്പരാക്കി നവജാത നഗരങ്ങളിലേക്കു് ആട്ടിത്തെളിക്കുകയും ചെയ്തുകൊണ്ടു് സമാരംഭിക്കപ്പെട്ട ഈ മുതലാളിത്തവത്കരണം പക്ഷേ, സാമൂഹികവും രാഷ്ട്രീയവും തത്ത്വശാസ്ത്രപരവുമായ ഒട്ടേറെ മാറ്റങ്ങൾക്കു് ത്വരകമായി എന്ന വസ്തുത നാം കാണാതിരുന്നുകൂടാ. എൻസൈക്ലോപീഡിയ എന്ന പേരിലറിയപ്പെടുന്ന ഫ്രഞ്ചു ദാർശനികരും പരീക്ഷണാധിഷ്ഠിത ശാസ്ത്രത്തിന്റെ തലതൊട്ടപ്പനായ ബേക്കണും ആധുനിക ശാസ്ത്രത്തിന്റെ അടിത്തറ പാകിയ കോപ്പർനിക്കസ്, ഗലീലിയോ, ന്യൂട്ടണ്‍, ഡാർവിൻ തുടങ്ങിയ ശാസ്ത്രകാരന്മാരും ടോംപെയിൻ, മോണ്‍റഗസ്ക്ക്, റുസ്സോ തുടങ്ങിയ സാമൂഹ്യശാസ്ത്രകാരന്മാരും ബ്ലേക്ക്, വേഡ്സ്വർത്തു്, കോൾറിഡ്ജ് തുടങ്ങിയ സാഹിത്യകാരന്മാരും ഡാന്റണേയും റോബസ്പിയറേയും ജോർജ് വാഷിങ്ടണേയും പോലുള്ള രാഷ്ട്രീയ നേതാക്കളും അടങ്ങിയ ഒരു മഹാപ്രസ്ഥാനമാണു് ഈ സാമൂഹികപ്പകർച്ചകൾക്കു സാരഥ്യം വഹിച്ചതു്. ഈ കാലഘട്ടത്തെ പ്രസിദ്ധ ബ്രിട്ടീഷ് ചരിത്രകാരനായ ഇ. ജെ. ഹോബ്സ് ബോം വിപ്ലവങ്ങളുടെ കാലഘട്ടം (age of revolutions) എന്നു വിശേഷിപ്പിക്കുന്നതു് ആകസ്മികമല്ല. കാരണം ലോകം കീഴ്മേൽ മറിയുകയാണെന്ന പ്രതീതി അന്നത്തെ സാമൂഹികാനുഭവത്തിന്റെ മുഖമുദ്രയായിരുന്നു. എന്നാൽ ജന്മിത്വത്തിനെതിരായ വിപ്ലവപ്പോരാട്ടത്തിലൂടെ വളർന്നുവന്ന ഒന്നല്ല ഇന്ത്യൻ ബൂർഷ്വാസി. മറിച്ചു് നാട്ടിൻപുറങ്ങളിലെ വൻകിട ജന്മിവർഗത്തിൽ വേരുകളുള്ള അവരുമായി പലമട്ടിൽ സന്ധി ചെയ്യുന്ന ഒരു വിഭാഗമായിരുന്നു അവർ. പ്രസിദ്ധ മാർക്സിയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അശോക് മിത്ര പറയാറുള്ള ഒരു കഥ ഇവരുടെ സങ്കരസ്വഭാവത്തിലേക്കു് വിരൽ ചൂണ്ടുന്നുണ്ടു്. പ്ലാനിങ് കമ്മീഷനിൽ പ്രവർത്തിക്കുമ്പോൾ ഒരു സാമ്പത്തിക സർവേയുടെ ഭാഗമായി മിത്ര അഹമ്മദാബാദ് സന്ദർശിക്കുകയുണ്ടായി. കർഷകർ, വ്യവസായികൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയ സമ്പദ്ഘടനയുടെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു യാത്രോദ്ദേശം. ഒരു പകൽ മുഴുവൻ ഇത്തരം കൂടിക്കാഴ്ചകൾക്കായി മാറ്റിവച്ചിരുന്നു. ആദ്യം ചേമ്പർ ഓഫ് കോമേഴ്സ്, പിന്നെ ചണമില്ലുടമകൾ, തുണിമില്ലുടമകൾ എന്നിങ്ങനെ… എല്ലാവരെയും കണ്ടുകഴിഞ്ഞപ്പോൾ ഉരുത്തിരിഞ്ഞുവന്ന രസകരമായ കാര്യം എല്ലാവരും ‘റുയ’മാരായിരുന്നു—ഒരു കുടുംബത്തിലെ അംഗങ്ങൾ തന്നെയായിരുന്നു—എന്നതത്രെ. ട്രേഡ് യൂണിയൻ നേതാവായി വന്ന ആളും ഒരു ‘റുയ’തന്നെ. തൊഴിലാളി സംഘടനകൾപോലും മുതലാളികളെകൂടി ഉൾപ്പെടുത്തിയാണു് രൂപീകരിക്കേണ്ടതെന്ന ഗാന്ധിജിയുടെ നിബന്ധനയായിരുന്നു ഈ വിചിത്രാവസ്ഥക്കു കാരണമായതു്! നാടുവാഴിത്തത്തോടു പടവെട്ടി വളർന്നുവരുന്ന ഒരു ബൂർഷ്വാ വർഗ്ഗത്തിന്റെ അഭാവത്തിൽ ആധുനീകരണത്തിന്റെ പ്രത്യയശാസ്ത്ര നേതൃത്വം ബ്രിട്ടീഷ് ഭരണം വളർത്തിയെടുത്ത പുതിയ വിഭാഗങ്ങളിൽ, ബ്രിട്ടീഷ് വാണിജ്യത്തെയും അവരുടെ ഉദ്യോഗസ്ഥവൃന്ദത്തെയും ആശ്രയിച്ചു സമ്പന്നരായ ഒരു വരേണ്യവൃന്ദത്തിന്റെ കൈകളിൽ അമർന്നു. ബംഗാൾ നവോത്ഥാനത്തെ വിമർശനാത്മകമായി അപഗ്രഥിച്ചുകൊണ്ടു് ബാരുണ്‍ഡേ പറയുന്നു: അവർ വർഗസ്ഥായി ഇല്ലാത്ത, എന്നാൽ പാരമ്പര്യനിഷ്ഠവുമല്ലാത്ത ഒരു വരേണ്യവർഗമായിരുന്നു—കർഷകർക്കും കൈത്തൊഴിലുകാർക്കും അന്യമായ സാംസ്കാരിക പ്രമാണങ്ങൾ സ്വീകരിച്ച്, അവരുടെ അദ്ധ്വാനത്തിന്റെ മിച്ചംകൊണ്ടു് കാലയാപനം നടത്തുന്നവർ. ആന്തരികമായി ശിഥിലവും, പരസ്പര വിരുദ്ധവുമായ നിലപാടുകൾ ആണിവരുടെ ജീവിത ലോകത്തിന്റെ (‘Life world’, ‘Habermas’) സവിശേഷത. രാജാറാം മോഹൻ റോയിയും തോമു ദത്തും ആനന്ദാകുമാരസ്വാമിയും രാജരാജവർമയും ചന്തുമേനോനും കുമാരനാശാനുമെല്ലാം ഈ വിഭാഗത്തിന്റെ ആശയകാലുഷ്യങ്ങളും ആത്മസംഘർഷങ്ങളും ഏറിയും കുറഞ്ഞും നെഞ്ചിലേറ്റിയവരായിരുന്നു. എല്ലാ പ്രശ്നങ്ങളെയും സാംസ്കാരികമായ ഒരു വീക്ഷണകോണിലൂടെ മാത്രം കാണുകയും ആധുനീകരണത്തെ പാശ്ചാത്യവത്കരണമായി തെറ്റിദ്ധരിക്കുകയും ആധുനികത/പുനരുത്ഥാനവാദം എന്ന കേവലദ്വന്ദ്വത്തിനകത്തു് പലപ്പോഴും കുടുങ്ങിപ്പോവുകയും ചെയ്തിരുന്ന ഈ നവജാതവരേണ്യ വൃന്ദത്തെ പരിഹസിച്ചുകൊണ്ടു് ബങ്കിംചന്ദ്ര ചാറ്റർജി പറയുന്നതു് ഇങ്ങനെയാണു്:
അവർ (ബാബൂസ്) വാചാലരാണു്. ഒരു പ്രത്യേക വിദേശഭാഷയിൽ പ്രാവീണ്യമുള്ളവരാണു്. തങ്ങളുടെ മാതൃഭാഷയോടു് അവർക്കു് വെറുപ്പാണു്. ഇനി മാതൃഭാഷ സംസാരിക്കാനേ ആവാത്ത ചില അതിബുദ്ധിമാന്മാരായ ബാബൂമാർ പിറക്കാനുമിടയുണ്ടു്. (അവരുടെ) ശോഷിച്ച എല്ലൻകാലുകൾ ഓടിരക്ഷപ്പെടാനും അവരുടെ ദുർബലമായ കൈയുകൾ പേന പിടിക്കാനും ശമ്പളം വാങ്ങാനും സമർത്ഥമായിരിക്കും. അവരുടെ നനുത്ത തൊലി ഇറക്കുമതി ചെയ്ത ബൂട്ടുകൾ സഹിക്കാൻ മാത്രം ശക്തമായിരിക്കും… വിഷ്ണുവിനെപ്പോലെ അവർക്കു് പത്തു് അവതാരങ്ങളുണ്ട്: ഗുമസ്തൻ, വാധ്യാർ, ബ്രഹ്മസമാജക്കാരൻ, കണക്കപ്പിള്ള, അപ്പോത്തിക്കിരി, വക്കീൽ, മജിസ്ട്രേട്ട്, ജന്മി, പത്രാധിപർ, തൊഴിലില്ലാത്തവർ… മിഷണറിമാർക്കു മുമ്പിൽ അവർ ക്രിസ്ത്യാനികളും ബ്രഹ്മസമാജനേതാക്കന്മാർക്കു് മുമ്പിൽ നിരീശ്വരവാദികളും ആയിരിക്കും. വീട്ടിൽ പച്ചവെള്ളം മാത്രം കുടിക്കുന്ന അവർ കൂട്ടുകാരുടെ വീട്ടിലെത്തുമ്പോൾ മദ്യം കഴിക്കും. വേശ്യകളുടെ അടുത്തു് നിന്നു് തെറി വാങ്ങിക്കൂട്ടും. മേലുദ്യോഗസ്ഥന്മാരിൽ നിന്നു് അവമതിയും, ഈ രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്ന ബങ്കിംചന്ദ്രൻ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച, ബ്രിട്ടീഷ് പക്ഷപാതിയായ, ബ്രിട്ടീഷ് രാജിൽ ഒരു ഉയർന്ന ഉദ്യോഗം വഹിക്കുന്ന, അതായതു്, താൻതന്നെ വിമർശിക്കുന്ന കൽക്കട്ടയിലെ ബാബൂ വർഗത്തിലെ ഒരംഗമായിരുന്നുവെന്നതു് ശ്രദ്ധേയമാണു്. അതുപോലെത്തന്നെ, ബംഗാളി ഗദ്യരചനയിൽ ഒരു പ്രാദേശികശൈലി ആദ്യമായവതരിപ്പിച്ച, ഇന്ത്യൻ ദേശീയ പ്രക്ഷോഭകാരികളുടെ ആവേശമായിത്തീർന്ന, വന്ദേമാതരം എന്ന ദേശഭക്തിഗാനം രചിച്ച അദ്ദേഹം ബംഗാളിഭാഷയിൽ ദിനപത്രം തുടങ്ങുന്നതിനു് എതിരുമായിരുന്നു. അതിനു് അദ്ദേഹം നൽകുന്ന കാരണമോ, അതു് ജനങ്ങൾക്കിടയിൽ വെള്ളക്കാർക്കു് എതിരായ വികാരങ്ങൾക്കു് വളംവയ്ക്കുമെന്നും! അന്നത്തെ സാംസ്കാരികരംഗം പുനരുദ്ധാരണപരവും ആധുനികവും ആയ രണ്ടു ശൈലികളായി പിളർന്നതിൽ പ്രതിഫലിക്കുന്ന ഈ പ്രതിസന്ധിയെ വിശകലനം ചെയ്തുകൊണ്ടു് എസ്. എൻ. ഗാംഗുലി നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണു്:
‘യുക്തിപരമായും ചരിത്രപരമായും… ഉപരിഘടന സ്വയം നിലനിർത്തപ്പെടുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നതും ജനങ്ങൾക്കു് ഒരുതരം മിഥ്യയായ ഗതകാലമഹിമയുടെ രൂപത്തിലുള്ള സാംസ്കാരിക അഭിജ്ഞാനത പ്രദാനം ചെയ്യുന്നതുമാണു്. പക്ഷേ, ഇതുപോലും ക്രമേണ സ്വന്തം താൽപര്യങ്ങൾക്കു് മാത്രമല്ല ഭൗതികമായ നിലനിൽപിനുപോലും വിഘാതമായിരുന്നു. ഈ ഘട്ടത്തിൽ ഭൗതികമായ ആനുകുല്യങ്ങൾക്കുവേണ്ടിയുള്ള കിടമത്സരത്തിൽ പങ്കുചേരാനായി ഈ ഉപരിഘടനയുടെ അയഥാർത്ഥമായ പുറംതോടു പൊട്ടിച്ചു് ജനങ്ങൾ വ്യവസ്ഥാപിത ഭരണശൃംഖലയിൽ ചില്ലറ ജോലികൾ നേടുന്നു. ഭൗതികമായ നിലനിൽപിനുവേണ്ടിയുള്ള നിസ്സഹായമായ ഈ ശ്രമത്തിന്റെ പ്രത്യയശാസ്ത്രപരമായ പേരുകൾ പാശ്ചാത്യവത്കരണം, ആധുനികവത്കരണം, സ്വതന്ത്രചിന്ത, മതേതരത്വം തുടങ്ങിയവയാണു്. ഈ പ്രത്യയശാസ്ത്രം സ്വീകരിച്ചവർ പൊതുവെ മേൽജാതിക്കാർ ആയിരുന്നതുകൊണ്ടു് നേരത്തെതന്നെ നാട്ടിലെ ഉത്പാദനവ്യവസ്ഥയുമായുള്ള ബന്ധം അറ്റവർ ആയിരുന്നു—അതു കൊണ്ടുതന്നെ നാടിന്റെ ഉപരിഘടനയിൽ നിന്നും അതിന്റെ സൃഷ്ടിയായ പാരമ്പര്യത്തിൽനിന്നും അവർ അന്യവത്കൃതരും ആയിരുന്നു.’
എന്നാൽ കേരളത്തിലെ നവോത്ഥാനധാരകൾ ഇവിടത്തെ ജന്മിത്തവിരുദ്ധ—ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുമായി കണ്ണിചേർക്കപ്പെട്ടിരുന്നതുകൊണ്ടുതന്നെ അതിനു് ഭദ്രമായ ഒരു ജനകീയ അടിത്തറ ഉണ്ടായിരുന്നു. ഇതു് ആശയങ്ങളുടെ രംഗത്തു് പുരോഗമനചിന്തയ്ക്കു നെടുനായകത്വം കൽപിച്ചു നൽകുകയും ചെയ്തു.
പക്ഷേ, കേരളത്തിന്റെ തുടർന്നുള്ള വികാസപ്രക്രിയയിൽ വ്യവസായവത്കരണം നടക്കാതെ പോയതു് നിർണായകമായ തരത്തിൽ നമ്മുടെ ചരിത്രപ്പകർച്ചുകളെ ബാധിച്ചിട്ടുണ്ടു്. ഒരർത്ഥത്തിൽ കേരളത്തിൽ അതിയാഥാസ്ഥിതികവും പ്രതിലോമപരവുമായ ഒരു പ്രതിതരംഗത്തിന്റെ നിർമിതിക്കു് ഇതു് കാരണമായിട്ടുണ്ടു്. ജിമ്മും, വർഗീയതയും, പുനരുദ്ധാനവാദവും ഭരണകൂടഭീകരതയും എല്ലാം ഈ പ്രതിതരംഗത്തിന്റെ ഭാഗവുമാണു്. (ഈ ഖണ്ഡത്തിലെ ചല നിരീക്ഷണങ്ങൾക്കും ഞാൻ ആർ. നന്ദകുമാറിനോടു കടപ്പെട്ടിരിക്കുന്നു, ‘ആധുനിക ഇന്ത്യൻ ചിത്രകല; ചരിത്രപരമായ ഒരു സമീപനം’, കലാ വിമർശനം: മാർക്സിസ്റ്റ് മാനദണ്ഡം.)
സ്കിസോഫ്രീനിയയോടു അടുത്തുനിൽക്കുന്ന ഈ ശ്ലഥവ്യക്തിത്വം അധിനിവേശകാലം സൃഷ്ടിച്ച ബുദ്ധിജീവി വൃന്ദത്തിന്റെ പൊതുസ്വഭാവമാണെന്നു് ഫ്രാൻസ് നനും ചൂണ്ടിക്കാട്ടുന്നുണ്ടു്. സാംസ്കാരികമായി മാത്രം നിർവചിക്കപ്പെടുന്ന സ്വത്വബോധവും ദേശീയബോധവും സമഗ്രമായി അധിനിവേശഭരണത്തെയോ ബ്രാഹ്മണാധിപത്യത്തെയും ജന്മിത്തത്തെയും താങ്ങിനിൽക്കുന്ന വർണാശ്രമധർമത്തെയോ വിമർശിക്കാൻ കെൽപ്പുനേടാതെ പോകുന്നതു് യാദൃച്ഛികമല്ല ഓറിയന്റലിസ്റ്റുകൾ സൃഷ്ടിച്ച പാശ്ചാത്യ/പൗരസ്ത്യ സങ്കൽപങ്ങളെ ചോദ്യം ചെയ്യാൻ ഇവർഫാക്കു കഴിയാതിരുന്നതും ഇതുകൊണ്ടാണു്.
ശ്രീനാരായണഗുരുവിന്റെയും പെരിയോരുടെയും അംബേദ്കറുടെയുമൊക്കെ നേതൃത്വത്തിൽ രൂപംകൊണ്ട കീഴാളവർഗപ്രസ്ഥാനങ്ങളെയും നിഷ്കൃഷ്ടമായ അപഗ്രഥനത്തിനു വിധേയമാക്കേണ്ടതുണ്ടു്. കാരണം, അവയിൽ അന്തർഭവിച്ചുകിടന്നിരുന്ന വൈരുദ്ധ്യങ്ങൾ തന്നെയാണു് ഇന്നു് പുനരുദ്ധാനവാദത്തിനു് വളക്കൂറുള്ള മണ്ണു് ഒരുക്കിക്കൊടുത്തിരിക്കുന്നതു്. ഉദാഹരണത്തിനു് ക്ഷേത്രപ്രവേശനം, തീണ്ടൽ, അയിത്തം തുടങ്ങിയ അനാചാരങ്ങൾക്കു് അറുതി വരുത്തിയതോടൊപ്പം കീഴാള വിഭാഗങ്ങളെ ബ്രാഹ്മണാധിപത്യപരമായ ക്ഷേത്രാചാരങ്ങളുടെ കൈയിലേക്കു തള്ളിവിടുകയും, ഇന്നു സംഘപരിവാരത്തിന്റെ അജണ്ടയുടെ ഭാഗമായ Pain Hindu Identity-യുടെ നിർമിതിക്കു വഴിതുറക്കുകയും ചെയ്തിട്ടുണ്ടു് എന്നു നാം മറന്നുകൂടാ.
ഒരു പ്രധാന കാര്യത്തിൽ കേരളത്തിലെ നവോത്ഥാനം മറ്റിന്ത്യൻ സംസ്ഥാനങ്ങളിലെ മാറ്റങ്ങളിൽനിന്നു് വ്യത്യസ്തത പുലർത്തുന്നുണ്ടു്. ഥാപ്പർ ചൂണ്ടിക്കാണിച്ചപോലെ ബംഗാളിലെയും വടക്കൻ സംസ്ഥാനങ്ങളിലേയും നവോത്ഥാന ധാരകൾ പൊതുവേ സമൂഹത്തിന്റെ ആധുനീകരണത്തിനു് വഴിയൊരുക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായതു്.
സതി, ശിശുവിവാഹം തുടങ്ങിയ അനാചാരങ്ങളെ ഉച്ചാടനം ചെയ്യാനായെങ്കിലും യുക്തിചിന്തയിൽ അധിഷ്ഠിതമായ ഒരു പുതു ശാസ്ത്രീയ അവബോധത്തിനു് രൂപം നൽകാൻ അവർക്കു കഴിഞ്ഞില്ല. പാരമ്പര്യത്തെയും ആധുനികതയെയും അവിയൽ പരുവത്തിൽ കൂട്ടിച്ചേർത്തു സൃഷ്ടിച്ച ഒരുതരം അവബോധത്തിന്റെ നിർമിതിക്കു് ഇതു് കാരണമാവുകയും ചെയ്തു. തേങ്ങയുടച്ചു് റോക്കറ്റ് വിക്ഷേപിക്കുന്ന നമ്മുടെ ശാസ്ത്രകാരൻമാർ ഈ അവബോധത്തിന്റെ സൃഷ്ടിയാണു്.
കേരളം ഈ ചുവടുമാറ്റത്തിനു് ഏറെ സഹായകമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നുമുണ്ടു്. ഇതെല്ലാം ചേർന്നു് കേരളീയ നവോത്ഥാനത്തെ ആഴമേറിയ ഒരു പ്രതിസന്ധിയിലേക്കു് തള്ളിവിട്ടിരിക്കുന്നു. എന്നാൽ ഈ തിരിച്ചറിവും നമ്മെ വിഷാദചിന്തകളിലേക്കോ നിരാശയിലേക്കോ അല്ല, സാംസ്കാരിക പ്രതിരോധത്തിലേക്കാണു് നയിക്കേണ്ടതു്. കാരണം മാർക്സ് പത്തൊമ്പതാം നൂറ്റാണ്ടിലെ വിപ്ലവങ്ങളെപ്പറ്റി നടത്തുന്ന പരാമർശങ്ങൾ ഇന്നത്തെ വിപ്ലവകാരികൾക്കും ബാധകമാണ്: സ്വന്തം കാവ്യഭാഷ (poetry) മെനെഞ്ഞെടുക്കാൻ പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹിക വിപ്ലവത്തിനു് ഭൂതകാലത്തെ ആശ്രയിക്കാനാവില്ല. ഭാവിയിൽ നിന്നേ ആ ഭാഷ രൂപപ്പെട്ടുവരികയുള്ളൂ. കാരണം, ഭൂതകാലത്തേക്കുറിച്ചുള്ള എല്ലാ അന്ധവിശ്വാസങ്ങളെയും ചീന്തിയെറിഞ്ഞതിനുശേഷം മാത്രമേ അതിനു വിപ്ലവ പ്രകിയയുടെ തുടക്കമിടാനാവു. മുൻകാല വിപ്ലവങ്ങൾക്കു് അവയുടെ സീമിതമായ ഉള്ളടക്കത്തിലേക്കു് മടങ്ങി ഒതുങ്ങാൻ പഴയ വിപ്ലവങ്ങളെക്കുറിച്ചുള്ള സ്മരണകൾ ആവശ്യമായിരുന്നു. എന്നാൽ അതിന്റെ യഥാർത്ഥസത്തയിലേക്കു് എത്തിച്ചേരാൻ പത്തൊമ്പതാം നൂറ്റാണ്ടിലെ വിപ്ലവത്തിനു് ‘മരിച്ചവ മരിച്ചവരെ അടക്കം ചെയ്തുകൊള്ളട്ടെ’ എന്ന നിലപാടെടുക്കേണ്ടിവരും.
—ഗ്രന്ഥാലോകം, 2003 ഏപ്രിൽ.