കർഷക സമരം നിർവ്വഹിച്ച വിപ്ലവകരമായ അപദേശീകരണത്തിന്റെ (deterritorialization) ഏറ്റവും ഉജ്ജ്വലമായ നിദർശനങ്ങളാണു് എഴുപതും എൺപതുകളും കടക്കുന്ന വൃദ്ധകർഷകരുടെയും അതോടൊപ്പം സ്ത്രീകളുടെയും യുവാക്കളുടെയും കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും സജീവ സാന്നിധ്യം, പങ്കാളിത്തം.
കുടുംബാംഗങ്ങളുടെ സ്നേഹശുശ്രൂഷയേറ്റു്, പേരക്കുട്ടികളെക്കളിപ്പിച്ചു്, സ്വസ്ഥമായ വിശ്രമജീവിതവുമായി വീട്ടിൽക്കഴിച്ചു കൂട്ടേണ്ട മുതിർന്ന പൗരന്മാർ, കൊറോണയിൽ നിന്നു് രക്ഷനേടാൻ റിവേഴ്സ്-ക്വാറന്റൈനും, സാമൂഹ്യ അകലവും പാലിച്ചു് ഗൃഹാന്തർജ്ജീവികളാകുവാൻ നിർദ്ദിഷ്ടരായ വയോധനന്മാർ, ദില്ലിയുടെ കൊടുംശൈത്യത്തിൽ, ദേശീയപാതയിലെ സമരപ്പന്തലിൽ, തപസ്വികളെപ്പോലെ ശാന്തരായി, നിർഭയരായി, പകയോ വിദ്വേഷമോ കാലുഷ്യമോ തീണ്ടാതെ, സമരതപസ്സിൽ മുഴുകിയിരിക്കുന്ന രംഗം ജനമനസ്സുകളിൽ സൃഷ്ടിച്ച വീറും പ്രത്യാശയും സഹാനുഭാവവും സീമാതീതമായിരുന്നു.
ജീവിതത്തിന്റെ അന്തിമഘട്ടങ്ങളിൽ, മിഷെൽ ഫൂക്കോ നിർദ്ദേശിക്കുന്ന പോലെ, ആത്മ പരിപാലനവും (care of self) രാഷ്ട്രീയ സമരവും ഒത്തിണക്കി, നവീനമായ ഒരു റിപ്പബ്ലിക്കിന്റെ നിർമ്മിതിയ്ക്കായി രാഷ്ട്രീയ യജ്ഞത്തിലേർപ്പെട്ട ഈ കർഷക ‘ഋഷി’മാർ സ്വാതന്ത്ര്യവും മരണവുമായുള്ള ഉടമ്പടിയിൽ ഒപ്പുവച്ച നൈതിക കർത്തൃത്വങ്ങളാണു്. പരമ്പരാഗത കാർഷിക സമൂഹത്തിന്റെ പിതൃ മേധാവി സ്വരൂപങ്ങളല്ല, സ്വയം ഇളയവൽക്കരിക്കുകയും (minorize) പെണ്മയുമായി ഈണപ്പെടുകയും ആത്മഹത്യയെ തിരസ്ക്കരിച്ചു് ആത്മാപരങ്ങളെ പരിലാളിക്കുകയും ചെയ്യുന്ന സ്വതന്ത്ര കർത്തൃത്വങ്ങൾ. സേവയും രാഷ്ട്രീയ പ്രതിരോധവുമാണു് ആത്മപരിചരണമെന്നു് ഉദ്ബുദ്ധരായവർ. ഉദാത്തത്തിന്റെ രചയിതാക്കൾ, സംപ്രേഷകർ.
പുരുഷാധിപത്യ സമൂഹത്താൽ ഇരകളാക്കപ്പെട്ടവരും നിഷ്ക്രിയരുമായ ഇന്ത്യൻ സ്ത്രീകൾ എന്ന പരമ്പരാഗത ദുരന്താഖ്യായികയെ തകർത്തു് കൊണ്ടു് സക്രിയമായ കർത്തൃ സ്ഥാനത്തേക്കു് സ്ത്രീകൾ എത്തിച്ചേരുന്ന പ്രസ്ഥാനങ്ങളാണു് ഷഹീൻബാഗ് സമരവും കർഷക സമരവും. യു. പി., പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കലാകാലങ്ങളായി നില നിന്ന പിതൃമേധാവിത്വ ക്രമത്തിനുള്ളിൽ ശ്വാസം മുട്ടിക്കഴിഞ്ഞ സ്ത്രീ സമൂഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ആരോഹണമാണു് കർഷക സമരത്തെ ഉജ്ജ്വലവും ഉദാത്തവുമാക്കുന്നതു്. മൂടുപടമണിയാതെ വീടിനു വെളിയിലേക്കു് പോകാൻ ധൈര്യപ്പെടാത്തവർ, അനുവദിക്കപ്പെടാത്തവർ, ജീവിതത്തിലാദ്യമായി മുഖാവരണമില്ലാതെ, ചമയങ്ങളില്ലാതെ ലോകപ്രത്യക്ഷരായി. അമ്മ, പുത്രി, ഭാര്യ, അമ്മൂമ്മ എന്നിങ്ങനെയുള്ള വേഷങ്ങളിൽ കുടുംബത്തിന്റെ അഴികൾക്കുള്ളിൽ തളയ്ക്കപ്പെട്ടവർ സ്വതന്ത്ര സ്വത്വങ്ങളായി നൈതിക നവ കർത്തൃത്വമായി ദേശീയ പാതയിലെ സമരപ്പന്തലുകളിൽ പൂർണ്ണ പ്രഭാവത്തോടെ പാറിനടന്നു. പുരുഷ കർഷക വാഹനമെന്നു് കരുതപ്പെട്ടിരുന്ന ട്രാക്ടറുകളെ അവർ സ്ത്രൈണ വാഹനമാക്കി, നവവേഗങ്ങളുടെ, വിമാനങ്ങളാക്കി, സ്വാതന്ത്ര്യത്തിന്റെ ആകാശയാനങ്ങളാക്കി. ട്രാക്റ്റർ റാലികളിൽ സാരഥ്യം വഹിച്ചു. സ്ത്രീകൾ നിർവ്വഹിച്ച വിപ്ലവകരമായ അപദേശീകരണത്തിന്റെ ആഘോഷവും പ്രതീകവുമായി സ്ത്രീകളുടെ ട്രാക്റ്റർ റാലികൾ, മൂടുപടങ്ങൾ ചീന്തിയെറിഞ്ഞ സമരപ്പന്തലുകൾ.
മുൻകാലങ്ങളിലെ കർഷക പ്രതിഷേധങ്ങളിൽ നിന്നു് വ്യത്യസ്ഥമായി മുദ്രാവാക്യം മുഴക്കുകയും പ്രസംഗവേദികളിൽ തീപ്പൊരികളായി മാറുകയും ചെയ്തു് സ്ത്രീകൾ സമരത്തിന്റെ മുൻപന്തിയിൽ നിലകൊണ്ടു. യുവതികളും, മദ്ധ്യ വയസ്ക്കകളും, വൃദ്ധകളും, വിദ്യാർത്ഥിനികളും, വിധവകളും ദളിതുകളും, ആദിവാസികളുമെല്ലാമടങ്ങിയ സ്ത്രീ സമൂഹം. ട്രാക്ടറുകകളോടിച്ചു് ‘പറക്കാൻ പഠിക്കുകയും’ കലാപ ഗാനങ്ങൾ ആലപിക്കുകയും ദേശീയ പാതകളെ നവ വസതികളാക്കി മാറ്റുകയും ചെയ്തവർ. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പെണ്ണായിത്തീരലും (becoming woman) പെണ്മയുടെ രാഷ്ട്രീയാരോഹണവും: ഇതാണു് കർഷകരുടെ സമരപ്പന്തലുകളും, ട്രാക്ടർ റാലികളും സാക്ഷ്യപ്പെടുത്തുന്നതു്.
ദക്ഷിണ പഞ്ചാബിലെ സൻഗ്രൂർ, ബർണാലാ, ബതീൻഡ എന്നീ പ്രദേശങ്ങളിൽ ആത്മഹത്യചെയ്ത രണ്ടായിരത്തോളം കർഷകരുടെ വിധവകളാണു് തിക്രിയിൽ ആദ്യ ഘട്ടത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തതു്. ഭാരതീയ കിസാൻ യൂണിയൻ (bku), ഏക്താ ഉഗ്രഹാൻ, ബി. കെ. യു., ദാകുണ്ഡാ, കീർത്തി കിസാൻ യൂണിയൻ, പഞ്ചാബ് കിസാൻ യൂണിയൻ മഞ്ച് തുടങ്ങിയ കാർഷിക സംഘടനകളുടെ അംഗങ്ങളായ നിരവധി സ്ത്രീകൾ തിക്രി, സിംഘു, ഗാസിപ്പൂർ അതിർത്തികളിലും ദില്ലി-ആഗ്ര-പൽവൽ അതിർത്തികളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായി. വൃദ്ധ സ്ത്രീകൾ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ലംഗറുകൾ സംഘടിപ്പിക്കുകയും പാചകത്തിനും ശുചീകരണത്തിനും, പ്രതിഷേധ റാലികൾക്കും നേതൃത്വം നൽകുകയും ചെയ്തു. ട്രോളി ടൈംസ് എന്ന വാർത്താ ചാനൽ ആരംഭിച്ചതു തന്നെ സ്ത്രീകളാണു്.
സമരത്തിന്റെ ആദ്യ ദിവസങ്ങളിൽ സ്ത്രീകളുടെ അവകാശത്തിനായി നിലകൊള്ളുന്ന ആക്റ്റിവിസ്റ്റായ സുദേഷ് ഗോയാത് മാത്രമായിരുന്നു മുഖ്യമായും തിക്രിയിലെ സമര സ്ഥലത്തുണ്ടായിരുന്നതു്. എന്നാൽ സ്ത്രീകളും വൃദ്ധരും സമരത്തിൽ നിന്നു് പിൻവാങ്ങണം എന്നു് സുപ്രീം കോടതി നിർദ്ദേശിപ്പോൾ നിരവധി സ്ത്രീകൾ, കുടുംബങ്ങളൊത്തും, അല്ലാതെയും സമരസ്ഥലത്തേക്കു് പ്രവഹിച്ചു. സ്ത്രീകളുടെ അവകാശത്തെപ്പറ്റിയും, സ്ത്രീസമത്വത്തെപ്പറ്റിയും, ഗ്രാമീണ കർഷക മേഖലയിൽ സ്ത്രീകളുടെ സുപ്രധാനമായ പങ്കിനെപ്പറ്റിയും ആർത്തവ സംബന്ധിയായ അപ്പാർത്തൈഡിനെപ്പറ്റിയും നിരവധി ചർച്ചകൾ സമരവേദിയിൽ സംഘടിപ്പിക്കപ്പെട്ടു. മുഖപടം (ഗൂംഘട്ട്) ഇല്ലാതെ ഇതേവരെ പുറത്തിറങ്ങിയിട്ടില്ലാത്തെ അമ്പത്തഞ്ചു വയസ്സുകാരിയായ സുദേഷ് കണ്ടേല തിക്രി സമരപ്പന്തലിൽ വച്ചു മുഷ്ടി ചുരുട്ടിക്കൊണ്ടു് പറഞ്ഞ വാക്കുകൾ: “ഭാര്യ, അമ്മ എന്ന നിലയ്ക്കുമപ്പുറത്തു് എനിക്കെന്തൊക്കെ ചെയ്യുവാൻ കഴിയും എന്നു് ഇതിനു മുമ്പ് ഞാൻ മനസ്സിലാക്കിയിരുന്നില്ല… എന്നെ അടിച്ചമർത്താനോ, ഭീഷണിപ്പെടുത്തുവാനോ, വിലയ്ക്കു വാങ്ങുവാനോ ഇനിമേൽ ആർക്കും കഴിയില്ല” (Time, March 4, 2021).
ജനുവരി 18, 2021, ‘മഹിളാ കിസാൻ ദിവസ്’ ആയി കർഷകർ ആചരിച്ചു. സിംഘുവിലെ സമരപ്പന്തലിൽ വേദിയിലും താഴെയുമായി ആയിരക്കണക്കിനു് സ്ത്രീകൾ പച്ചപ്പതാകകൾ വീശി അണിനിരന്നു. അവർ ഉയർത്തിപ്പിടിച്ച പ്ലാക്കാർഡുകളിലെ വരികൾ ഇതായിരുന്നു: “സ്ത്രീകളുടെ സ്ഥാനം വിപ്ലവത്തിനുള്ളിലാണ്”. ദെൽഹിയിൽ പുരുഷന്മാർ സമരപ്പന്തലിൽ ഇരിക്കുമ്പോൾ നാട്ടിൽ, കൃഷിക്കാര്യങ്ങളും കുടുംബകാര്യങ്ങളും നോക്കി വന്ന സ്ത്രീകൾ സമരവുമായി ബന്ധപ്പെട്ട സർവ്വസംഭവങ്ങളും വിവരങ്ങളും ശ്രദ്ധാപൂർവ്വം പിന്തുടർന്നിരുന്നു.
അഖിലേന്ത്യാ അംഗൻവാടി തൊഴിലാളി ഫെഡറേഷന്റെ ദേശീയ അദ്ധ്യക്ഷയായ ഹർ ഗോബിന്തു് കൗർ സ്ത്രീകൾ സമരത്തിൽ നിന്നു് പിന്തിരിയണമെന്ന സുപ്രീം കോടതിയുടെ അഭ്യർഥനയ്ക്കു് മറുപടിയായി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: “സുപ്രീം കോടതി കരുതുന്ന പോലെ സഹതാപം അർഹിക്കുന്ന ദുർബ്ബലകളല്ല ഞങ്ങൾ. നാട്ടിൽ കൃഷി സ്ഥലങ്ങൾ നോക്കി നടത്തുന്ന പോലെ വിപ്ലവം നടത്താനും നേതൃത്വം വഹിക്കുവാനും ഞങ്ങൾക്കു കഴിയും” (The Print, 10 April, 2021).
അന്തർദ്ദേശീയ വനിതാദിനമായ മാർച്ച് 8നു്, ആയിരക്കണക്കിനു സ്ത്രീകളാണു് സിംഘു, തിക്രി, ഗാസിപ്പൂർ സമരപ്പന്തലുകളിലേക്കു് പ്രവഹിച്ചതു്. സമരത്തിന്റെ പൂർണ്ണ നിയന്ത്രണം അന്നു് സ്ത്രീകൾ ഏറ്റെടുത്തു. ഗ്രാമങ്ങളിൽ, മാർക്കറ്റുകളിൽ, ഗുരുദ്വാരകളിൽ നിന്നു് കർഷക പ്രക്ഷോഭത്തെ, വേദാന്തയുടെ തെർമൽ പ്ലാന്റുകൾ, അദാനിയുടെയും അമ്പാനിയുടെയും ഉടമസ്ഥതയിലുള്ള മാളുകൾ, വെയർ ഹൗസുകൾ, റിലയൻസിന്റെ പെട്രോൾ പമ്പുകൾ, ടോൾ പ്ലാസകൾ, എന്നിങ്ങനെയുള്ള കോർപ്പറേറ്റു സന്നിധാനങ്ങളിലേക്കു് കർഷക സ്ത്രീകൾ കൊണ്ടു ചെന്നു. പഞ്ചാബിലെ പ്രതിഷേധ കേന്ദ്രങ്ങളിൽ സ്ത്രീകൾ ചരമവിലാപഗാനങ്ങൾ (പിതു് സിയപ്പ) ആലപിച്ചു.
ദളിതു് അവകാശങ്ങൾക്കു് വേണ്ടി നിലകൊള്ളുന്ന ദളിതു് കർഷക സ്ത്രീ സംഘടനകളും, ആദിവാസി സ്ത്രീ സംഘടനകളും, യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥിനികളും ഈ സമരത്തിൽ തോളോടു തോൾ ചേർന്നു. സ്ത്രീ ശാക്തീകരണത്തിന്റെ സജീവവും വിപ്ലവകരവുമായ ആവിഷ്ക്കാരങ്ങളാണു് കർഷക സമരം കാഴ്ചവച്ചതു്. ഭരണ തലത്തിലും ഔദ്യോഗിക തലത്തിലും ഔപചാരികമായി നടത്തി വരുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയിൽ നിന്നും വ്യത്യസ്ഥമായി സ്ത്രീകൾ തങ്ങളുടെ അന്തഃസ്ഥിതമായ ആത്മശക്തിയെ (സ്പിനോസ സൂചിപ്പിക്കുന്ന potentia) പരിപോഷിപ്പിക്കുകയും, സ്വതന്ത്ര കർത്തൃത്വങ്ങളായി മാറുകയും സാമൂഹ്യ മാറ്റങ്ങൾക്കു് നേതൃത്വം നൽകുന്ന രാഷ്ട്രീയ നൈതിക ശക്തിയായിത്തീരുകയും ചെയ്യുന്ന വിപ്ലകരമായ പ്രക്രിയയാണു് ഇവിടെ സ്ത്രീ ശാക്തീകരണം.
കർഷകസമരത്തിനു് ദീർഘകാലം പിടിച്ചു നിൽക്കുവാനും പതറാതെ മുന്നോട്ടു് നീങ്ങുവാനും കഴിഞ്ഞതു് സ്ത്രീകളുടെ സജീവ സാന്നിദ്ധ്യവും നേതൃത്വവും കൊണ്ടാണെന്നതു് വ്യക്തമാണു്. പിതൃ പുരുഷ സമൂഹത്തെയും തങ്ങളെത്തന്നെയും അപദേശീകരിച്ചു് കൊണ്ടു് തങ്ങളുടെ അപാരമായ ശക്തി ചൈതന്യങ്ങളെന്തെന്നു് സ്വയം കണ്ടെത്തുകയും, സ്ത്രൈണ മൂല്യങ്ങളാൽ ഇന്ത്യൻ രാഷ്ട്രീയത്തെ നൈതികവൽക്കരിക്കുകയും ചെയ്തുകൊണ്ടു് കർഷക പ്രക്ഷോഭത്തിന്റെ ദിശ തിരിച്ചു വിട്ട സ്ത്രീകർതൃത്വങ്ങൾ സ്നേഹോദാത്തത്തിന്റെ മുഖ്യസ്രഷ്ടാക്കളും പ്രസാരകരുമായി.
കൊടും മഞ്ഞിൽ, ശീതപാതത്തിൽ, വേനൽച്ചൂടിൽ, രാപ്പകലെന്നില്ലാതെ പൊതുപാതയിലെ സമരപ്പന്തലിൽ സത്യാഗ്രഹികളായി സമരം ചെയ്യുന്ന കർഷകർ രാജ്യാതിർത്തികൾ കാക്കുവാനായി മലനിരകളിൽ തമ്പടിച്ച ജവാന്മാരെപ്പോലെത്തന്നെ, ജനാധിപത്യത്തെയും, ഭരണഘടനയെയും വീണ്ടെടുക്കുവാനായി തപം ചെയ്യുന്നവരാണെന്ന രാഷ്ട്രീയ ബോധ്യം പ്രേക്ഷക ജനഹൃദയങ്ങളെ സ്നേഹാർദ്രവും കൃതജ്ഞവുമാക്കി. സ്നേഹവും ബലിയും ധീരതയും, സമർപ്പണവുംകൊണ്ടു്, ശിഖ കർഷകർ, ജാട്ടു് കർഷകർ, ദളിതു് കർഷകർ, കർഷകസ്ത്രീകൾ യുവാക്കൾ, വൃദ്ധർ, കുട്ടികൾ, ബഹുജനമനസ്സിൽ ഉദാത്തത്തിന്റെ തീക്ഷ്ണഭാവശക്തികൾ, സ്നേഹാവേശത്തിന്റെ വിദ്യുത്സ്ഫുലിംഗങ്ങളുണർത്തി.
ഒരു സമരരംഗത്തെയോ യുദ്ധരംഗത്തെയോ അല്ല, ഒരു തീർത്ഥാടനകേന്ദ്രത്തെയോ, തപോവാടത്തെയോ, ആത്മീയമായ ഒരു ഉൽസവരംഗത്തെയോ, ശാന്തവും ആഹ്ലാദ പൂർണ്ണവുമായ ഒരു ഗ്രാമാന്തരീക്ഷത്തെയോ, സജീവമായ ഒരു മിനി ടൗൺ ഷിപ്പിനെയോ ആണു് ദേശീയ പാതയിലെ സമരപ്പന്തലുകൾ ഓർമ്മിപ്പിച്ചതു്. യുദ്ധ സന്നാഹത്തോടെ വളഞ്ഞു നിൽക്കുന്ന പോലീസ് സേനയ്ക്കടുത്ത്, ടെന്റുകൾക്കുള്ളിൽ, പ്രത്യാശയുടെ പുഞ്ചിരിയോടെ കൂസലെന്യേ വിളയാടുന്ന കുഞ്ഞുകുട്ടികളും അവരെ പരിലാളിക്കുന്ന മുതുമുത്തശ്ശന്മാരു മുത്തശ്ശിമാരും അച്ഛനമ്മമാരും ദേശീയ പാതയെ കളിസ്ഥലവും ക്ലാസ്സ് റൂമും, ഓൺലൈൻ പണിയിടവുമാക്കുന്ന കുമാരന്മാരും, യുവാക്കളും അടങ്ങുന്ന ശിഖകുടുംബങ്ങൾ ഇതേവരെയറിയാത്ത, ധീരതയുടെയും കുടുംബ-വംശ-ആനന്ദങ്ങളുടെയും പുതുപുരാണങ്ങൾ വിരചിച്ചു. മർദ്ദിക്കാനടുക്കുന്ന പോലീസ്സുകാർക്കും വെള്ളവും ഭക്ഷണപ്പൊതികളും നൽകിയ ബോധിസത്വന്മാരായി സമരക്കാർ. സദാ സമയവും സജീവമായ ലംഗറുകൾ സമരക്കാരെയും, അനുഭാവികളെയും സർവ്വരേയും ഊട്ടുന്ന അന്നയന്ത്രങ്ങളായി. സമരദിനങ്ങളോരോന്നും ഊട്ടുപെരുന്നാളുകളായി. പന്തിഭേദമില്ലാത്ത സമൂഹഭോജനം ശരീരങ്ങളെയും ആത്മാക്കളെയും സൗഹൃദ സ്നേഹ സന്തോഷങ്ങളിൽ വിളക്കിച്ചേർത്തു. “ജയിക്കും അല്ലെങ്കിൽ മരിക്കും” എന്ന സംഭവ വാക്യത്തെ, മഹനീയമായ ജീവിത-മരണ ദർശനത്തെ, ഐഹിക ജീവിതത്തിൽ സാക്ഷാത്ക്കരിച്ചു്, നിര്യാണമടഞ്ഞ മുന്നൂറ്റിനാല്പതോളം വരുന്ന വീരകർഷകരുടെ പാവനസ്മരണ സഞ്ജീവനമന്ത്രങ്ങളായി ആ സമര സങ്കേതങ്ങളിൽ അലയടിച്ചു. വേല, സേവ, ബലി, സ്നേഹം ആനന്ദം, ആത്മപ്രകർഷം എന്നീ ഗുരു മൂല്യങ്ങൾ രാഷ്ട്രീയ സമരാഗ്നിയിൽ പൂർണ്ണ ഭാസ്സോടെ പുനർജ്ജനിച്ചു. രാഷ്ട്രീയവും ആത്മീയവുമായ വിമോചനമാർഗ്ഗങ്ങൾ ആ സമരഭൂവിൽ സംയോഗം ചെയ്തു. ഉദാത്ത മൂല്യങ്ങളുടെ ചൈതന്യ പ്രഭാവം ഭരണ കൂടത്തിന്റെ അധികാര പ്രതാപങ്ങളെ നിഷ്പ്രഭമാക്കി.
“വരും” ജനതയുടെ, “വരും” ജനാധിപത്യത്തിന്റെ, നാളെയുടെ സ്നേഹാനന്ദ സമത്വ റിപ്പബ്ലിക്കിന്റെ, ഭരണകൂടേതരമായ ഒരു ജനകീയ സൂക്ഷ്മദേശീയതയുടെ, പരീക്ഷണ ശാലയായി, കോൺസ്റ്റിറ്റുവെന്റ് അസ്സംബ്ലിയായി, ദേശീയപാതയിലെ സമരപ്പന്തലുകളും, സമരക്കാർ വിളിച്ചു കൂട്ടിയ ഖാപ്പു് പഞ്ചായത്തുകളും മഹാ പഞ്ചായത്തുകളും, കർഷക റാലികളും മാറുമ്പോൾ, യാതനാമയമായ ചരിത്രാസ്തിത്വത്തിനുള്ളിലും ഉദാത്തത്തിന്റെ ഭാവമണ്ഡലങ്ങളെ പുൽകുവാൻ, തജ്ജന്യമായ നൈതികവും രാഷ്ട്രീയവുമായ ഹർഷാനുഭൂതിയിൽ സംഭവത്തിന്റെ ചിഹ്നസാക്ഷ്യങ്ങൾ വരയുവാൻ ജനമനസ്സുകൾക്കു കഴിഞ്ഞു. ഭാവശക്തികളുടെ (affects) നേർക്കു് നേർ പോരാട്ടത്തിൽ വിദ്വേഷത്തിന്റെയും, പകയുടെയും അധികാരോന്മാദത്തിന്റെയും നിഷേധക ഭാവ ശക്തികൾ സ്നേഹത്തിന്റെ, അലിവിന്റെ, സേവയുടെ, മൈത്രിയുടെ, ആനന്ദത്തിന്റെ, സജീവ വീര ഭാവശക്തികളാൽ നിർവ്വീര്യമാക്കപ്പെട്ടു..