കർതൃത്വങ്ങളെയും, സാമൂഹ്യ-രാഷ്ട്രീയ-അധികാര ബന്ധങ്ങളെയും നൈതികമായി രൂപാന്തരീകരിച്ചു് പുതിയ ഒരു ജനതയേയും റിപ്പബ്ലിക്കിനെയും കണ്ടെത്തുന്ന, മൂല്യങ്ങളെയും തീക്ഷ്ണ ഭാവശക്തികളെയും വീണ്ടെടുക്കുന്ന, കർഷകരുടെയും, സ്ത്രീകളുടെയും, വൃദ്ധരുടെയും രാഷ്ട്രീയാരോഹണത്തെ, ഇളയവൽക്കരണത്തെ (minorisation) അടയാളപ്പെടുത്തുന്ന, കോർപ്പറേറ്റ്-സൗഹൃദ-ഫാസിസ്റ്റ് ഭരണ കൂടത്തെ കടപുഴക്കുന്ന, നൂതനമായ ഒരു ജനാധിപത്യ വിപ്ലവമായി വേണം കർഷക പ്രക്ഷോഭത്തെ കാണുവാൻ. ജനാധിപത്യത്തിന്റെ പരമോന്നതവും, തീക്ഷ്ണവും, സംസ്ഥാപനപരവും (constituent) വിപ്ലവകരവുമായ ഈ ആവിഷ്ക്കാരമാണു് കർഷകസമരത്തെ ആത്യന്തികമായും ഒരു രാഷ്ട്രീയ “സംഭവമാ”ക്കുന്നതു്.
കർഷക സമരത്തിന്റെ “സംഭവമാന”ത്തെ മറ്റാരെക്കാളും മുമ്പേ തന്നെ തിരിച്ചറിയാൻ കഴിഞ്ഞതും മോദി ഭരണകൂടത്തിനാവും. ഭരണകൂടങ്ങളുടെ നിതാന്തമായ പേടിസ്വപ്നമാണു് സംഭവം. ഭരണകൂടങ്ങൾ സമരങ്ങളെയോ, കലാപങ്ങളെയോ യുദ്ധങ്ങളെയോ പ്രതിപക്ഷങ്ങളെയോ തിരഞ്ഞെടുപ്പുകളെയോ ഭയപ്പെടുന്നില്ല. മറിച്ചു് ഭരണകൂടത്തിന്റെ നിലനില്പിനെ തന്നെ സാധൂകരിക്കുന്ന, ശക്തിപ്പെടുത്തുന്ന പോഷകവസ്തുക്കളെന്ന നിലയിൽ അവയെല്ലാം സ്വാഗതം ചെയ്യപ്പെടുന്നു. എന്നാൽ സംഭവങ്ങളങ്ങനെയല്ല. ആകസ്മികവും അപ്രതീക്ഷിതവുമാണു് അവയുടെ ആവിർഭാവം. വ്യവസ്ഥയുടെ ‘ശൂന്യ’ങ്ങളിൽ നിന്നു് (ബാദ്യൂ), ഭൂമിയുടെ അന്തർ ഗർഭങ്ങളിൽ നിന്ന്, ബോധാബോധങ്ങളുടെ രഹസ്യഗഹ്വരങ്ങളിൽ നിന്ന്, പലായന രേഖകളിൽ നിന്ന് (ദെല്യൂസ്) ഉല്പതിക്കുന്ന പ്രകമ്പന/സ്ഫോടന പരമ്പരകളാണവ. ഭരണകൂടത്തിന്റെ സർവ്വ നിധനായുധങ്ങളെയും, സൈനിക സന്നാഹങ്ങളെയും അടിച്ചമർത്തലിന്റെ സാമഗ്രികളെയും, അധികാരത്തിന്റെ കോട്ട കൊത്തളങ്ങളെയും, അതു് നിലമ്പരിശാക്കുന്നു. സംഭവത്തോടുള്ള ജനിതകമായ ഈ ഭീതിയിൽ നിന്നാണു് ഭീതിയുടെ, ഭീകരതയുടെ, ഭരണകൂടങ്ങൾ, ഫാസിസ്റ്റ്, സ്റ്റാലിനിസ്റ്റ്, ഭരണരൂപങ്ങൾ, ആവിർഭവിക്കുന്നതു്. സംഭവങ്ങളെ അടിച്ചമർത്തുന്നതിനോടൊപ്പം തന്നെ, സംഭവ സാധ്യതകളെ മുളയിലേ നുള്ളുക, സംഭവങ്ങളെ അവയുടെ ഗർഭത്തിൽ തന്നെ ഛിദ്രിപ്പിക്കുക, സംഭവങ്ങളെ സംഭവങ്ങൾക്കെതിരേ തിരിച്ചു വിട്ടു് അവയെ നിർവ്വീര്യമാക്കുക, പ്രതി-സംഭവങ്ങൾ മെനയുക, തുടങ്ങിയ ഈവന്റ് മാനേജ്മെന്റ് നടപടികളും ഇവിടെ ആവശ്യമായി വരുന്നു. സംഭവത്തിന്റെ ഭീഷണിയെ അതിജീവിക്കുവാനായി ഭരണകൂടങ്ങൾ, വിശിഷ്യാ ഫാസിസ്റ്റ് ഭരണകൂടങ്ങൾ, സ്വയം സ്വീകരിച്ചു വരുന്ന സുരക്ഷാ സംവിധാനങ്ങളാണിതെല്ലാം.
ഇന്ത്യയിലാകെ കത്തിപ്പടർന്ന പൗരാവകാശ പ്രക്ഷോഭങ്ങളും ഷഹീൻ ബാഗ് സമരങ്ങളും “സംഭവ” സ്വഭാവത്തിലേക്കു് വികാസം പ്രാപിക്കുന്നു എന്നു് കണ്ടപ്പോൾ തലസ്ഥാന നഗരിയിൽ സർക്കാർ ആഭിമുഖ്യത്തിൽ ആസൂത്രണം ചെയ്ത വർഗ്ഗീയ കലാപത്തിലൂടെയും കൊറോണാ മഹാവ്യാധിയുടെ അനുകൂല സന്ദർഭത്തിൽ ആർജ്ജിച്ച അമിതാധികാരത്തിലൂടെയുമാണു് മോദി ഗവണ്മെന്റ് ആ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതു്.
മഹാവ്യാധിയുടെ തണലിൽ തടിച്ചു കൊഴുത്ത ഹിന്ദുത്വ-അപവാദ-ഭരണകൂടം, രാഷ്ട്രീയ പ്രവർത്തനവും ജനാധിപത്യ പ്രക്രിയകളും അസാധ്യമാക്കപ്പെട്ട, പ്രതിപക്ഷവും പാർലമെന്റും നിശ്ശബ്ദമാക്കപ്പെട്ട, കൊറോണയുടെ ഇരുണ്ട യാമങ്ങളിൽ ജനാധിപത്യ വിരുദ്ധവും കോർപ്പറേറ്റുകൾക്കു് അനുകൂലവുമായ നിരവധി ഓർഡിനൻസുകൾ പാർലമെന്റിൽ ചർച്ചകളില്ലാതെ തന്നെ നിയമങ്ങളാക്കി. വിദ്യാഭ്യാസത്തെ ഭരണകൂടകേന്ദ്രിതവും കോർപ്പറേറ്റുവൽക്കൃതവും ആക്കി മാറ്റുന്ന നവവിദ്യാഭ്യാസ നിയമം, കാർഷികമേഖലയെ കോർപ്പറേറ്റുകൾക്കു് വിട്ടു കൊടുക്കുന്ന മൂന്നു് കാർഷിക നിയമങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയും വൻകിടവ്യവസായികൾക്കു് അമിതാധികാരങ്ങൾ നൽകുകയും ചെയ്യുന്ന ലേബർ കോഡ് ബില്ലുകൾ, ഇതെല്ലാം ഗവണ്മെന്റ് പാസ്സാകിയെടുത്തതു് മഹാമാരിയുടെ ഈ അസാധാരണ നിമിഷങ്ങളിലാണു്.
എന്നാൽ ഭരണാധികാരികളുടെ കണക്കുകൂട്ടൽ ലംഘിച്ചു് കൊണ്ടു്, 32 കർഷക സംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകർ കാർഷിക നിയമങ്ങൾക്കെതിരെ ദില്ലിയിലേക്കു മാർച്ചു് ചെയ്യുകയും ദില്ലിയിലേക്കു് പ്രവേശിക്കുന്ന ദേശീയ പാതകളിൽ ഉപരോധ സമരം നടത്തുകയും ചെയ്തപ്പോൾ, അതിന്റെ സംഭവാകാരത്തിൽ വേപഥു പൂണ്ടു്, അജയ്യമെന്നു് കരുതപ്പെട്ടിരുന്ന മോദി ഭരണകൂടം ചരിത്രത്തിലാദ്യമായി വിറ കൊണ്ടു. ചതുരുപായങ്ങളായ സാമദാന ഭേദ ദണ്ഢങ്ങൾ കൊണ്ടു് ഈ സംഭവ പ്രതിഭാസത്തെ അടിച്ചൊതുക്കുവാൻ മോദി ഭരണകൂടം കിണഞ്ഞു ശ്രമിച്ചു. ഭരണകൂടത്തിന്റെ ആവനാഴിയിലുള്ള സർവ്വ നിധനാസ്ത്രങ്ങളും ഉപയോഗിക്കപ്പെട്ടു. നുണപ്രചരണ യന്ത്രങ്ങളെല്ലാം പ്രവർത്തനനിരതമായി. ‘ഖാലിസ്ഥാനി’കൾ, ‘മാവോയിസ്റ്റു’കൾ, ‘ഭീകരവാദികൾ’ എന്നീ സ്ഥിരം തിരക്കഥകൾ പൊടി തട്ടിയെടുത്തു് പ്രയോഗിച്ചെങ്കിലും അതെല്ലാം പാഴ്‌വ്യയങ്ങളായി മാറുകയാണുണ്ടായതു്. പഞ്ചാബിലെ കർഷകരെ ഒറ്റപ്പെടുത്താനും പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെ തമ്മിലടിപ്പിക്കുവാനും ശ്രമിച്ചെങ്കിലും നടന്നില്ല. കർഷകരെ ദേശീയതയുടെയും സംസ്ഥാനത്തിന്റെയും മത ജാതികളുടെയും അടിസ്ഥാനത്തിൽ വിഭജിപ്പിക്കുവാൻ നടത്തിയ ഗൂഢ ശ്രമങ്ങളും വിജയം കണ്ടില്ല. അധികാരികളുമായി നടന്ന 12 വട്ട ചർച്ചകളിലും മേൽക്കൈ നേടിയ കർഷക നേതാക്കൾ സർക്കാരിന്റെ കെണിയിൽ പ്രലോഭന തന്ത്രങ്ങളിൽ കുടുങ്ങുവാൻ തയാറായില്ല. സുപ്രീം കോടതിയുടെ മദ്ധ്യസ്ഥ ശ്രമങ്ങളിലൂടെ കർഷകരെ പിടിച്ചു കെട്ടാൻ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. മോദി ഗവണ്മെന്റിന്റെ ഭരണഘടനാവിരുദ്ധ നീക്കങ്ങളെ അപലപിക്കാതെ തന്നെ മൂന്നു് കർഷക നിയമങ്ങൾ തൽക്കാലം മരവിപ്പിക്കുവാൻ കോടതി തയാറായെങ്കിലും, നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കുക എന്ന തങ്ങളുടെ രാഷ്ട്രീയപരമായ ആവശ്യങ്ങളിൽ നിന്നു് അണുവിടെ വ്യതിചലിക്കുവാൻ കർഷകർ കൂട്ടാക്കിയില്ല.
ഭരണകൂട ഭീകരതയെ, കൊറോണാ വൈറസ്സിന്റെ ഭീഷണിയെ, കൊടും ശൈത്യത്തെ, ശീത വൃഷ്ടികളെ, കൊടും വേനലിനെ, നേരിട്ടു് കൊണ്ടു് ദേശീയ പാതകളിൽ കുടുംബ സമേതം സമരയജ്ഞത്തിലേർപ്പെട്ട കർഷകർ ഇന്ത്യൻ ജനതയുടെ ഹൃദയം ഹരിച്ചു. സമരപ്പന്തലിൽ നൂറുകണക്കിന് കർഷകർ മരിച്ചു വീഴുമ്പോഴും അവരെ കാണുവാനോ, സംസാരിക്കുവാനോ തയാറാകാതെ പ്രധാനമന്ത്രി ‘മൻ-കീ ബാത്തിൽ’ ജനങ്ങൾക്കു് സാരോപദേശം നൽകിക്കൊണ്ടിരുന്നു. ജനാധിപത്യത്തിന്റെ രക്ഷയ്ക്കായി കാവൽ നിൽക്കുന്ന എഴുപതും എൺപതും കഴിഞ്ഞ വൃദ്ധ കർഷകരുടെ “മഹാരോഗ്യ”ത്തിനു (നീത്ചേ പറയുന്ന great health) മുന്നിൽ ഉന്മാദിയായ സർവ്വാധിപതിയുടെ “അമ്പത്തഞ്ചിഞ്ചു്” നെഞ്ചൂക്കു് ചൂളിച്ചുരുളുന്നതു് പൊതു മണ്ഡലത്തിൽ ദൃശ്യവേദ്യമായി.
കർഷക സമര സംഭവത്തെ പ്രശമിപ്പിക്കുവാനായി മോദി സർക്കാരിന്റെ ഈവന്റ് മാനേജർമാർ നടത്തിയ സർവ്വ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണു് ജനുവരി 26 (2021) റിപ്പബ്ലിക്കു് ദിനത്തിൽ കിസാൻ റിപ്പബ്ലിക് റാലി നടത്തുവാൻ കർഷക സംഘടനകൾ തീരുമാനിക്കുന്നതു്. ‘സർക്കാരുമായി ഏറ്റുമുട്ടുവാനല്ല, ദില്ലിയിലെ ജനങ്ങളുടെ ഹൃദയം പിടിച്ചെടുക്കുവാനും ഇന്ത്യൻ കർഷകരുടെ ദുരവസ്ഥയെ ജനങ്ങളെ അറിയിക്കുവാനുമാണ്’ ട്രാക്റ്റർ റാലി സംഘടിപ്പിക്കുന്നതെന്നു് കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. കർഷക റാലി സമാധാന പരമായി നടന്നാൽ അതു് ഭരണകൂട വിരുദ്ധമായ വികാരം ജനങ്ങൾക്കിടയിലുണ്ടാക്കാമെന്നും, ഇന്ത്യൻ രാഷ്ട്രം ഭരണകൂട റിപ്പബ്ലിക്കെന്നും ജനകീയ റിപ്പബ്ലിക്കെന്നും രണ്ടായി പൊട്ടിപ്പിളരുന്ന രംഗം പൊതുമണ്ഡലത്തിലും അന്തർദ്ദേശീയ തലത്തിലും ദൃശ്യവൽക്കരിക്കപ്പെടുകയും മോദി ഭരണകൂടത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടുകയും ചെയ്തേക്കാം എന്നും ഈവന്റ് മാനേജർമാർ മുൻകൂട്ടിക്കണ്ടു. കർഷക സമരം അഹിംസാപരവും അക്രമരഹിതവും ആയി നില നിൽക്കുന്നിടത്തോളം അതിനെ തൊടുവാൻ ഭരണകൂടത്തിന് സാധ്യമല്ലെന്നു് അവർ മനസ്സിലാക്കിയിരുന്നു. കർഷക സമരത്തിന്റെ അഹിംസാ പ്രതിഛായ തകർക്കുവാനുള്ള സുവർണ്ണ അവസരമായി അവർ കർഷക റാലിയെ കണ്ടു. ട്രാക്റ്റർ റാലിയെ അക്രമത്തിലേക്കു് തിരിച്ചു വിടുവാനുള്ള ഗൂഢ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു. റാലി നടത്തുന്നവരെ ചില ഭാഗങ്ങളിൽ തടയുകയും വഴി തിരിച്ചു വിടുകയും ചെയ്യുക, ചില ഭാഗങ്ങളിൽ പ്രകോപനം സൃഷ്ടിക്കുകയും മറ്റു ചില സ്ഥലങ്ങളിൽ യഥേഷ്ടം അക്രമങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യം ഒരുക്കിക്കൊണ്ടു് ഒഴിഞ്ഞു നിൽക്കുകയും ചെയ്യുക: ഇതായിരുന്നു പോലീസ് അധികൃതർ കൈക്കൊണ്ട മാനേജീരിയൽ നടപടി. ബി. ജെ. പി.-യുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ദീപ് സിദ്ധു തുടങ്ങിയവരായിരുന്നു അക്രമപ്രവർത്തങ്ങൾക്കു് മുഖ്യമായും നേതൃത്വം നൽകിയതെന്നതും ഈ അക്രമങ്ങളെ ഒഴിവാക്കുന്നതിൽ ഗുരുതരമായ അനാസ്ഥയാണു് പോലീസിന്റെ ഭാഗത്തുണ്ടായതെന്നതും അക്രമങ്ങൾക്കു പിന്നിലെ ഗൂഢാലോചനയിലേക്കു് വിരൽ ചൂണ്ടുന്നു. റാലിയുടെ മുഖ്യ വ്യൂഹം സിംഘു, തിക്രി, അതിർത്തികളിൽ നിർദ്ദിഷ്ട പാതകളിലൂടെ ജനങ്ങളുടെ ആശീർവാദമേറ്റു വാങ്ങി സമാധാന പൂർണ്ണമായി മുന്നോട്ടു പോയെങ്കിലും നഗരകേന്ദ്രത്തിലേക്കു വഴിതിരിച്ചു വിടപ്പെട്ട റാലിയുടെ മറ്റൊരു വ്യൂഹം പ്രകോപനകരമായി തങ്ങളെ തടയാൻ വന്ന പോലീസ്സുകാരുമായി ഏറ്റുമുട്ടുകയും രൂക്ഷമായ അക്രമരംഗങ്ങൾക്കു് തലസ്ഥാനം സാക്ഷിയാവുകയും ചെയ്തു.
അന്തർദ്ദേശീയ ദേശീയ മാദ്ധ്യമങ്ങൾ, അക്രമസംഭവങ്ങൾക്കു് അമിതപ്രാധാന്യം നൽകി. ഗവണ്മെന്റിന്റെ പ്രചരണ യന്ത്രങ്ങൾ ഈ ആക്രമണങ്ങളെ ക്യാപിറ്റൽ ഹില്ലിൽ ട്രമ്പനുയായികൾ നടത്തിയ അക്രമങ്ങളോട് സാദൃശ്യപ്പെടുത്തുകയും ഖാലിസ്ഥാനികളുടെ ഗൂഢാലോചനയാണിതിനു പിന്നിൽ എന്നു് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നുണ്ടായതു് അതി ഹീനമായ അടിച്ചമർത്തലും വേട്ടയാടലുമാണു്. കർഷകരെ സംബന്ധിച്ചിടത്തോളം പിന്നീടുള്ള മൂന്നു രാത്രികൾ കാളരാത്രികളായി. കർഷക നേതാക്കൾക്കെതിരേ യു. എ. പി. എ.-യും രാജ്യദ്രോഹക്കുറ്റവും ചുമത്തുകയും നിരവധി കർഷകരെ അറസ്റ്റ് ചെയ്തു് ജയിലിലടയ്ക്കുകയും സമരക്കാരെ പല സ്ഥലങ്ങളിലും ബലം പ്രയോഗിച്ചു് ഒഴിപ്പിക്കുകയും ചെയ്തു. സമരപ്പന്തലുകളിലെ വൈദ്യുതി-ജല-വിതരണങ്ങൾ നിർത്തിവയ്ക്കുകയും ഇന്റർനെറ്റ് നിരോധിക്കുകയും, അത്യാവശ്യ വസ്തുക്കൾ എത്തിക്കുന്നതും, സമരസ്ഥലത്തേക്കും പുറത്തേക്കും ആൾക്കാർ വരുന്നതും പോകുന്നതും തടയപ്പെടുകയും ചെയ്തു. തിക്രി, സിംഘു, ഗാസിപ്പൂർ മേഖലകളിൽ സൈനികരെ വിന്യസിച്ചു. സമരക്കാരെ ഒഴിപ്പിക്കുവാനുള്ള ശ്രമം പൂർവ്വാധികം ശക്തവും കർക്കശവുമായി. സമരക്കാർ പലരും സ്വമേധയാ ഒഴിഞ്ഞു പോവുകയും സമരം പരാജയത്തിന്റെ വക്കിലെത്തുന്നു എന്ന തോന്നൽ ഉളവാകുകയും ചെയ്തു. 28 ജനുവരി വ്യാഴാഴ്ച രാത്രിയോടെ രാകേഷ് തിക്കായത്തിനെ അറസ്റ്റ് ചെയ്യുവാൻ സർവ്വ സന്നാഹങ്ങളുമായി എത്തിച്ചേർന്ന പോലീസ്സുകാരോട് അറസ്റ്റിനു വഴിപ്പെടില്ലെന്നും ബലം പ്രയോഗിച്ചാൽ അവിടെ വച്ചു തന്നെ ജീവിതം അവസാനിപ്പിക്കും എന്നും കർഷകരുടെ ദുരവസ്ഥയിൽ പരിതപിച്ചു് നിരുദ്ധകണ്ഠനായി തിക്കായത്തു് പ്രഖ്യാപിച്ചു.
തിക്കായത്തിന്റെ ആഗ്നേയമായ വാക്കുകൾ കർഷക മനസ്സുകളെ തീപിടിപ്പിച്ചു. പടിഞ്ഞാറൻ യു. പിയിലെ പല പ്രദേശങ്ങളിൽ നിന്നും കർഷക സംഘങ്ങൾ സമരസ്ഥലത്തിലേക്കു് പ്രവഹിക്കുകയും പോലീസ്സുകാർ പിൻവാങ്ങുവാൻ നിർബ്ബന്ധിതരാവുകയും ചെയ്തു. റിപ്പബ്ലിക്കു് ദിനത്തിലെ സംഭവ വികാസത്തെത്തുടർന്നു് പ്രതിസന്ധിയിലായിത്തീർന്ന കർഷക സമരത്തിന് നവ ജീവൻ നൽകിയതു് തിക്കായത്തിന്റെ ധീരമായ ചെറുത്തു് നില്പും അതു് കർഷക മനസ്സിൽ സൃഷ്ടിച്ച അദമ്യമായ ആവേശവും ആത്മവിശ്വാസവുമായിരുന്നു. കർഷക സമര സംഭവചരിത്രത്തിൽ വഴിത്തിരിവു കുറിച്ച നിർണ്ണായകമായ രണ്ടാം ഘട്ടമായി ഗാസിപ്പൂർ സംഭവത്തെ കണക്കാക്കുന്നതു് ഇക്കാരണത്താലാണു്. തിക്കായത്തിന്റെ ആഹ്വാനത്താൽ പ്രചോദിതരായി ആയിരക്കണക്കിന് കർഷകർ യു. പി., ഹരിയാന, പഞ്ചാബ്, രാജസ്ഥൻ, ഹിമാചൽ, ജാർഖണ്ഡ്, മദ്ധ്യ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു് ആളൊഴിഞ്ഞ് തുടങ്ങിയ സമരപ്പന്തലുകളിലേക്കു് ഒഴുകിയെത്തി. പരാജയത്തിന്റെ വക്കിലെത്തിയ കർഷക സമരം പൂർവ്വാധികം ശക്തി പ്രാപിക്കുകയും നവീനമായ ഊർജ്ജവേഗങ്ങൾ സമാർജ്ജിക്കുകയും ചെയ്തു.