“The revolution of a gifted people, which we have seen unfolding in our day may succeed or miscarry; it may be filled with misery and atrocities… this revolution, I say, nonetheless finds in the hearts of all spectators… a wishful participation that borders closely on enthusiasm, the very expression of which is fraught with danger; this sympathy, therefore, can have no other cause than a moral predisposition in the human race” (Immanuel Kant, The Philosophy Faculty versus the Faculty of Law, Abaris Books Inc., New York, 1979, 153–155).
മനുഷ്യ “പുരോഗതിയുടെ” (നൈതികമായ മുന്നേറ്റത്തിന്റെ) ജീവൽ സാക്ഷ്യങ്ങളാണു് ഫ്രഞ്ച് വിപ്ലവം പോലുള്ള സംഭവങ്ങളെന്നും ഇത്തരം സംഭവങ്ങൾ പ്രതിനിധാന വിധേയമല്ലെന്നും അതു് കൊണ്ടു് തന്നെ ചരിത്ര-നിയമ-വ്യവഹാരങ്ങൾക്കു് സംഭവങ്ങളോട് നീതി പുലർത്താനാവുകയില്ലെന്നും ഫ്രഞ്ചു വിപ്ലവത്തിന്റെ സന്ദർഭത്തിൽ ഇമ്മാനുവൽ കാന്റ് പ്രസ്താവിക്കുകയുണ്ടായി. വിപ്ലവത്തിൽ അരങ്ങേറിയ ചരിത്രപരമായ പോരാട്ടങ്ങളും മഹാകൃത്യങ്ങളും അല്ല പ്രേക്ഷകരിൽ അതുളവാക്കിയ ‘ആവേശം’ എന്ന അദമ്യമായ ഭാവശക്തിയാണു് ഫ്രഞ്ചു വിപ്ലവത്തിന്റെ സംഭവത്വത്തെ സാക്ഷ്യപ്പെടുത്തുന്നതെന്നും അദ്ദേഹം സമർത്ഥിച്ചു. വിപ്ലവ സംഭവങ്ങളുടെ ചരിത്രപരമായ പരിണതികൾ എന്താണെങ്കിലും മനുഷ്യ പുരോഗതി സാധ്യമാണെന്നതിന്റെ (അനിർണ്ണേയമെങ്കിലും) അനശ്വര സാക്ഷ്യങ്ങളാണവയെന്നത്രേ “ഫാക്കൾട്ടികൾ തമ്മിലുള്ള സംഘർഷം” എന്ന വിഖ്യാതമായ പ്രബന്ധത്തിൽ കാന്റ് സ്ഥാപിക്കുന്നതു്.
“സംഭവം” എന്നതു് മനുഷ്യസമൂഹത്തിന് പുരോഗതി സാധ്യമാണെന്നതിന്റെ, “ചിഹ്ന”സാക്ഷ്യമാണു്. ഭൂതവർത്തമാന ഭവിഷ്യങ്ങളിലൂടെ പ്രവർത്തിക്കുന്ന ഒരു ആവിഷ്ക്കാര പ്രക്രിയയെയാണു് (rememorativum, demonstrativum, pronosticum) കാന്റ് ചിഹ്നം എന്നു് വിളിക്കുന്നതു്. അതായതു് രേഖീയവും ദ്വികാലികവുമായി മുന്നേറുന്ന ചരിത്രവ്യവഹാരത്തിലൂടെ സംഭവത്തെ ആവിഷ്ക്കരിക്കുക സാധ്യമല്ല. ചിഹ്ന സന്നിവേശത്തിലൂടെ മാത്രമേ സംഭവത്തെ അവതരിപ്പിക്കുവാനാവൂ. ത്രികാലങ്ങളിലും സാധുവായ സാക്ഷ്യപ്പെടലാണു് ചിഹ്നം. മൂന്നു് തലങ്ങളിൽ, കാലങ്ങളിൽ, ആണു് അതു് വ്യാപരിക്കുന്നതു്. ഒന്നു്, കാര്യങ്ങളിങ്ങനെയായിരുന്നു എന്ന അനുസ്മരണ ചിഹ്നം; രണ്ടു്, കാര്യങ്ങൾ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നു് തെളിയിക്കുന്ന പ്രത്യക്ഷസാക്ഷ്യചിഹ്നം; മൂന്നു്, കാര്യങ്ങൾ ഇങ്ങനെ സംഭവിക്കാം എന്ന ഭവിഷ്യചിഹ്നം.
ഫ്രഞ്ച് വിപ്ലവത്തെ ഒരു സംഭവചിഹ്നമെന്ന നിലയിൽ കാന്റ് വിശദീകരിക്കുന്നതിങ്ങനെയാണു്: ഒന്നാമതായി, വിപ്ലവം അതിന്റെ പ്രേക്ഷകരിൽ ഉളവാക്കുന്ന ആവേശം ഒരു സമൂഹം സാംസ്ക്കാരികമായി ആർജ്ജിച്ച നൈതികമായ സംവേദ്യതയെ (sensitivity) ഉദാഹരിക്കുന്നു. രണ്ടാമതായി, മനുഷ്യർക്കു് സ്വന്തം തീരുമാനപ്രകാരം സ്വതന്ത്രവും നീതി പൂർവ്വവും യുദ്ധരഹിതവുമായ ഒരു റിപ്പബ്ലിക്ക് സ്ഥാപിക്കാനാവുമെന്ന വിശ്വാസത്തിൽ അധിഷ്ഠിതമായ ഈ രാഷ്ട്രീയ മനോഭാവം സമകാലീന സമൂഹത്തിലും കാര്യക്ഷമമാണെന്നു സൂചിപ്പിക്കുന്നു. മൂന്നാമതായി, വിപ്ലവത്തിന്റെ ചില ഫലങ്ങൾ പരാജയമടഞ്ഞാലും ഈ ഭാവശക്തിയിലൂടെ വെളിപ്പെടുത്തപ്പെട്ട വിപ്ലവ-നൈതിക-മനോഭാവത്തെ ആർക്കും വിസ്മരിക്കുവാനാകില്ല എന്നു് സാക്ഷ്യപ്പെടുത്തുന്നു. ആവേശം എന്ന ഭാവശക്തി മനുഷ്യ പുരോഗതിയെ സാക്ഷ്യപ്പെടുത്തുന്ന ഒരു ത്രികാലചിഹ്നമാണെന്നു് കാന്റ് തെളിയിക്കുന്നതിങ്ങനെയാണു്.
ആവേശത്തിന്റെ ഈ ഭാവപ്രസരം കാന്റ് പറയുന്നതു് പോലെ വിപ്ലവത്തിന്റെ കർത്താക്കളും കാണികളും തമ്മിലുള്ള വ്യത്യസ്തതയെക്കാൾ, ചരിത്രഘടകങ്ങളും ചരിത്രേതരമായ സർഗ്ഗാത്മകതയും (നീത്ചേ), അല്ലെങ്കിൽ, കാര്യസ്ഥിതികളും (states of affairs) സംഭവവും, തമ്മിലുള്ള വേർതിരിവിനെയാണു് ആത്യന്തികമായും സൂചിപ്പിക്കുന്നതെന്നാണു് ദെല്യൂസ് പറയുന്നതു്. കാര്യനിലകളോ ജീവിതാനുഭവങ്ങളോ യുക്തിയുടെ പരാജയം മൂലമുള്ള നിരാശകളോ ഒന്നും തന്നെ വിപ്ലവോൽഭൂതമായ ഈ അന്തസ്ഥിത ആവേശത്തെ കെടുത്തുവാൻ പര്യാപ്തങ്ങളല്ല എന്നാണു് ദെല്യൂസിന്റെ കാഴ്ചപ്പാട്. “ഇവിടെ, ഈ നിമിഷത്തിൽ”, അനന്തതയുടെ അവതരണമെന്ന നിലയിൽ സംഭവം ചിന്തയിൽ സൃഷ്ടിക്കുന്ന പ്രകമ്പനമാണു് ആവേശം.
സൈദ്ധാന്തികമായ ഒരു അവലോകനത്തിന് ഇവിടെ തുനിയുവാൻ കാരണം സംഭവത്തെയും ചരിത്രവസ്തുതകളെയും വിവേചനം ചെയ്യുന്ന താത്വികമായ പരികല്പനകൾ നമ്മുടെ ചിന്താമണ്ഡലത്തിൽ ഇനിയും പരിചിതങ്ങളായിട്ടില്ല എന്നതിനാലാണു്. കർഷക സമരത്തെ സംബന്ധിച്ചു് ഇന്നു് ലഭ്യമായ പഠനങ്ങളെല്ലാം തന്നെ മുഖ്യമായും, ജർണലിസത്തിന്റെയോ അതല്ലെങ്കിൽ ചരിത്ര-സാമൂഹ്യശാസ്ത്ര വ്യവഹാരങ്ങളുടെയോ പരിപ്രേക്ഷ്യത്തിലുള്ളവയാണു്.
കർഷക സമരത്തിന്റെ സംഭവത്വം മുഖ്യമായും നിലകൊള്ളുന്നതു് അതിന്റെ ചരിത്രപരമായ ജയാപജയങ്ങളിലോ, അധികാരമണ്ഡലങ്ങളിൽ അതുളവാക്കുന്ന പ്രത്യാഘാതങ്ങളിലോ അല്ല മറിച്ചു് പങ്കാളികളുടെ, അനുഭാവികളുടെ, മനസ്സിൽ, ജീവിതത്തിൽ, അതുല്പാദിപ്പിക്കുന്ന തീക്ഷ്ണവും ഉദാത്തവുമായ ഭാവശക്തി (affects)കളിലാണു്. കാന്റ് ഫ്രഞ്ച് വിപ്ലവത്തിന്റെ കാണികളിൽ കണ്ടുപിടിച്ച ഹർഷാവേശം ഇവിടെ കർത്താക്കളിലും കാണികളിലും അനുഭാവികളിലും ഒരേ പോലെ അലയടിക്കുന്ന സ്നേഹാവേശം ആവുന്നു. സംഭവം ഉല്പാദിപ്പിക്കുന്ന ഉദാത്ത ഭാവം ഇവിടെ വീരോദാത്തം അല്ലെങ്കിൽ സ്നേഹോദാത്തം ആകുന്നു.
ഭാവനാശക്തിയെയും, ഇല്ലാതാവലിന്റെ ഭീഷണിയെ ചെറുക്കുവാനുള്ള മാനവികമായ ഇഛാശക്തിയേയും, പ്രശ്നവസ്തുവിനെ മനസ്സിലാക്കുവാനുള്ള നമ്മുടെ കഴിവിനേയും ഉല്ലംഘനം ചെയ്യും വിധം അനന്തതയുടെ ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നതിനെയാണു് ഉദാത്തം (sublime) എന്നു് വിളിക്കുന്നതു്. അതായതു് അസാധ്യത്തെ സാധ്യമാക്കുന്ന നൈതിക-രാഷ്ട്രീയ പ്രയോഗങ്ങളിൽ നിന്നും മൂല്യപരവും സൃഷ്ട്യാത്മകവുമായ കുതിപ്പുകളിൽ നിന്നും ആയിത്തീരലിന്റെ ഊർജ്ജസ്ഫോടനങ്ങളിൽ നിന്നുമാണു് ഉദാത്തം ഉല്പന്നമാകുന്നതു്. കൊടുംശൈത്യത്തെയും, ഭരണകൂടത്തിന്റെ സായുധ സൈനിക സന്നാഹങ്ങളെയും കൊറോണാ വൈറസ്സിന്റെ ഭീഷണ സാന്നിദ്ധ്യത്തെയും മറികടന്നു കൊണ്ടു് ഫാസിസ്റ്റ് ഗവണ്മെന്റിനെ പ്രതിസന്ധിയിലാക്കുവാൻ കർഷക സമരത്തിനു കഴിഞ്ഞു എന്നതിനേക്കാൾ അഹിംസാത്മകവും അക്രമരഹിതവുമായ ഒരു സമരരൂപം അവതരിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണു് കർഷകസമരത്തെ ‘സംഭവ’മാക്കുന്നതു്. ഭരണകൂടഭീകരതയെയും ഫാസിസത്തിന്റെ ദ്വേഷവിഷൂചികയേയും നേരിടുവാൻ യുദ്ധമോ, പ്രതി-ഭീകരതയോ അല്ല ശാന്തവും സക്രിയവും സ്നേഹാധിഷ്ഠിതവുമായ അഹിംസയാണു് ഏറ്റവും ശക്തവും യുക്തവും സഫലവുമായ സമരമാർഗ്ഗം എന്നു് ലോകജനതയോട് വിളംബരം ചെയ്യുന്നു കർഷക സമരം. ധീരത, ഇച്ഛാശക്തി, നിശ്ചയദാർഢ്യം, ആത്മത്യാഗം, അർപ്പണബോധം, സഹാനുഭാവം, സേവനസന്നദ്ധത, സമത്വബോധം, വിശ്വാസം, ആത്മീയമായ ശക്തി, സ്വാതന്ത്യബോധം, അഹിംസ, ഇങ്ങനെ അത്യുൽകൃഷ്ടമായ മൂല്യങ്ങളാൽ ദീപ്തമാക്കപ്പെട്ട ഒരു കർതൃവ്യൂഹത്തെയാണു് കർഷകസമരം വിളയിച്ചെടുത്തതു്.
കർഷകരുടെ സൂക്ഷ്മദേശീയമായ ജീവിതാവാസവ്യവസ്ഥയ്ക്കുള്ളിൽ വിളയിച്ചെടുത്ത വിശ്വാസ-മൂല്യ സംഹിതകളാണു് ഈ കർത്തൃനിർമ്മിതിയ്ക്കു് പിന്നിൽ. ഗുരുനാനാക്ക്, തേജ്ബഹദൂർ, രവിദാസ്, ഭഗത് സിംഗ് തുടങ്ങിയ ഗുരുപരമ്പരകൾ ചോരയിൽ ചാലിച്ച പ്രബുദ്ധമായ നൈതിക-ആത്മീയ-മൂല്യങ്ങളെ രാഷ്ട്രീയ സമരാഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത പഞ്ചാബിലെയും ഹരിയാനയിലെയും സിക്ക്, ജാട്ട്, കർഷകരാണു് ഈ മഹാപ്രക്ഷോഭത്തിനു മുൻകൈയെടുത്തതെന്നതും ശ്രദ്ധേയമത്രേ. സൂക്ഷ്മദേശീയമായ ഒരു ചൈതന്യരാശിയിൽ നിന്നാണു് ഉദാത്തത്തിന്റെ ഈ ഭാവമണ്ഡലം ഉരുത്തിരിഞ്ഞു വരുന്നതു്.
“ജയിക്കും അല്ലെങ്കിൽ മരിക്കും” എന്ന രാഷ്ട്രീയ-നൈതിക പ്രസ്താവമാണു് കർഷകസമരത്തിന്റെ “സംഭവവാക്യം” (ബാദ്യൂ പറയുന്ന evental statement). സമരത്തിന്റെ ഏറ്റവും സന്ദിഗ്ധ നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ, കർഷക കണ്ഠങ്ങളിൽ നിന്നുയർന്നുവന്ന മൃത്യുഞ്ജയമന്ത്രവും പ്രത്യാജ്ഞാവാക്യങ്ങളുമായിരുന്നു (counter-order words) അതു്. മന്ത്രിമാരും അധികാരികളുമായി കർഷകർ നടത്തിയ നിർണ്ണായകമായ കൂടിയാലോചനകളുടെ സന്ദർഭത്തിൽ, ചർച്ച വഴിമുട്ടുന്ന ഘട്ടത്തിൽ കർഷക നേതാക്കൾ പ്ലാക്കാർഡിലെഴുതിക്കാണിച്ചതും, ഗാസിപ്പൂർ സമരപ്പന്തലിൽ പോലീസ്സ് സൈന്യം അറസ്റ്റ് ചെയ്യാൻ വളഞ്ഞപ്പോൾ സമര നേതാവായ രാകേഷ് തിക്കായത്തു് ഭാവഗർഭമായി ഉച്ചരിച്ചതും-നിർണ്ണായകമായ ഈ ‘സംഭവവാക്യ’മാണു്. തിക്കായത്തിന്റെ തീമൊഴികൾ സമരം നിർത്തി വീട്ടിലേക്കു മടങ്ങുന്ന കർഷകരുടെയും യു. പിയിലെയും, ഹരിയാനയിലെയും പഞ്ചാബിലെയും ഇന്ത്യയിലെങ്ങുമുള്ള കർഷകരുടെയും ഹൃദയത്തിൽ പ്രത്യാജ്ഞാവാക്യങ്ങളായി തറയ്ക്കുകയും അതു് സൃഷ്ടിച്ച രാഷ്ട്രീയോദാത്തത്തിന്റെ ഭാവവിസ്ഫോടനങ്ങൾ സമരമുഖങ്ങളിലേക്കു് അവരെ പ്രവഹിപ്പിക്കുകയും ചെയ്തതെങ്ങിനെ എന്നു് നാം കണ്ടു.
ജയം എന്നതു് ഇവിടെ വെറും അതിജീവനമോ, അഹന്തയുടെയോ അധികാരത്തിന്റെയോ സംസ്ഥാപനമോ, കീഴടക്കലോ അല്ല, സ്വാതന്ത്ര്യത്തിന്റെ, ആശയത്തിന്റെ, നൈതിക-രാഷ്ട്രീയത്തിന്റെ, മേല്ക്കൈ നേടലാണു്. മരണം ഇവിടെ പൂർണ്ണ ജീവിതത്തിന്റെ, സ്വതന്ത്രവും മൂല്യനിർഭരവുമായ വാഴ്‌വിന്റെ, സമ്പൂർണ്ണാവിഷ്ക്കാരമാണു്. ജീവിതവും മരണവും തമ്മിൽ വൈപരീത്യമല്ല പരസ്പരപൂരകത്വമാണുള്ളതെന്നു കരുതുന്ന, ജീവചൈതന്യത്തിന്റെ, ജൈവികവും അജൈവികവുമായ സർവ്വഭൂതങ്ങളുടെയും അന്തസ്ഥിത ശക്തി (potentia) യുടെ, പൂർണ്ണ പ്രതിജ്ഞാപനമായി ജീവിതത്തെയും മരണത്തെയും വീക്ഷിക്കുന്ന ഉന്നതമായ ഒരു ജീവിത-മരണ ദർശനത്തിൽ (vitalism) നിന്നാണു് കർഷകരുടെ ഈ പരിത്യാഗസന്നദ്ധത ആവിർഭവിക്കുന്നതു്. മതപരമായ ബലിയിൽ നിന്നും, പിൻവാങ്ങുന്നവന്റെ ആത്മഹത്യാഭിരുചിയിൽ നിന്നും, വ്യത്യസ്തമാണു് ജീവിതമൂല്യങ്ങളുടെ പൂർണ്ണാവിഷ്ക്കാരമായി മരണത്തെ അഭിദർശിക്കുന്ന ഈ ഉദാത്തമായ നിലപാടു്. അപവാദഭരണകൂടങ്ങൾ (States of exception) പൗരജീവിതത്തെ “വെറും” ജീവിതമാക്കിക്കൊണ്ടാണു് തങ്ങളുടെ അമിതാധികാരങ്ങൾ സംസ്ഥാപിക്കുന്നതെന്നു് അഗംബൻ പറയുന്നു. എന്നാൽ ഈ സങ്കല്പത്തിനു വിപരീതമായി, “വെറും” ജീവിതത്തെ (bare life) നിരാകരിച്ചു് കൊണ്ടു് പൂർണ്ണജീവിതം അല്ലെങ്കിൽ മരണം എന്നു് പ്രഖ്യാപിക്കുന്ന അത്യുന്നതമായ സ്വാതന്ത്ര്യബോധത്തിന്റെ ആവിഷ്ക്കരണമായി മാറുന്നു ഇവിടെ രാഷ്ട്രീയം.
ജീവിതവും മരണവും തമ്മിലുള്ള നൈതികമായ ഈ ഉടമ്പടിയാണു് ബയോ ഭീകരതയ്ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെയുള്ള ധീരമായ ഈ ചെറുത്തുനില്പിന്റെ ആന്തരിക ശക്തി എന്നും കർഷകരുടെ ത്യാഗസന്നദ്ധതയും മൂല്യ നിഷ്ഠയുമാണു് ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കുവാൻ വേണ്ടിയുള്ള ഈ സമരത്തിന്റെ ഭൗതിക-ആത്മീയ വീര്യം എന്നുമുള്ള തിരിച്ചറിവാണു് സമര കർത്താക്കളിൽ, സഹാനുഭാവികളായ ജനങ്ങളിൽ, ആവേശത്തിന്റെ ഉദാത്ത ഭാവശക്തികൾ ഉല്പാദിപ്പിക്കുന്നതു്.
.