images/De_oogst.jpg
De oogst, an oil on canvas painting by Vincent van Gogh (1853–1890).
ഉന്മാദിയാവുന്ന ഭരണകൂടം

റിപ്പബ്ലിക്ക് ദിനത്തിലെ അക്രമസംഭവങ്ങൾക്കു ശേഷം കർഷക പ്രക്ഷോഭത്തിനെതിരെ മോദി സർക്കാർ കൈക്കൊണ്ട രൂക്ഷമായ നടപടികൾ സൂചിപ്പിക്കുന്നതു് കർഷക സമരത്തെ, അതിന്റെ സംഭവത്വത്തെ, ഭരണകൂടം ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതാണു്. ഭീതിയുടെ, ഭീകരതയുടെ, ഭരണകൂടങ്ങൾ ജനങ്ങളെ ഭയചകിതരാക്കുന്നു എന്നതിനുപരി, ജനങ്ങളെ ഭയക്കുന്നു എന്നതാവും കൂടുതൽ ശരി. സിംഘു, തിക്രി, ഗാസിപ്പൂർ സമരപ്പന്തലുകൾക്കു് ചുറ്റും കർഷകരുടെ വരവു പോക്കുകൾ നിരോധിക്കുവാനായി പോലീസ്സുകാർ ദേശീയ പാതയിൽ കിടങ്ങുകൾ ഉണ്ടാക്കുകയും, കോൺക്രീറ്റ് ചെയ്തു് ഇരുമ്പ് മുള്ളാണികൾ പിടിപ്പിച്ചു്, ചെറുകോട്ടകളോളം വലിപ്പത്തിലുള്ള ബാരിക്കേഡുകൾ നിർമ്മിക്കുകയും ചെയ്തു. യുദ്ധസ്ഥലങ്ങളിലും അതിർത്തികളിലും കാണുന്ന പോലെ കമ്പി വേലികൾ പലയിടത്തും ഉയർത്തി. ഇന്ത്യാ-പാകിസ്ഥാൻ, ഇന്ത്യാ-ചൈന-അതിർത്തി പ്രദേശങ്ങളിൽ കാണുന്നതിനേക്കാൾ വലിയ മതിലുകളും സുരക്ഷാ സന്നാഹങ്ങളുമാണു് സമരസ്ഥലങ്ങളിൽ കണ്ടതു്. സ്വന്തം നാട്ടിലെ കർഷകരെ, സ്വന്തം ജനതയെ, ശത്രു രാജ്യമായിക്കാണുന്ന ഒരു പാരനോയിഡ് ഭരണകൂടത്തിന്റെ ഉന്മാദ ലക്ഷണങ്ങൾ.

സമരസ്ഥലങ്ങളിലേക്കു് അവശ്യസാധനങ്ങളെത്തിക്കാനുള്ള സൗകര്യങ്ങൾ, ജല-വൈദ്യുതി വിതരണം, ഇന്റർനെറ്റ് സംവിധാനം എല്ലാം തടയപ്പെട്ടു. നാട്ടുകാർ എന്ന പേരിൽ ബി. ജെ. പി.-ക്കാർ ഗുണ്ടകളെ സംഘടിപ്പിച്ചു് സമരസ്ഥലങ്ങൾ ആക്രമിച്ചു. ഇതിന്റെ ഉള്ളുകള്ളികൾ പുറത്തു് കൊണ്ടു് വന്ന പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്തു് ജയിലിലാക്കി പീഢിപ്പിച്ചു. കിസാൻ ഏക് താ മോർച്ചയുടെയും മറ്റ് അനുബന്ധ സംഘടനകളുടെയും ട്വിറ്റർ അക്കൗണ്ടുകൾ നിർത്തലാക്കി. കർഷകരുടെ റോഡുപരോധ സമരത്തെ തകർക്കുവാനായി പഞ്ചാബിൽ നിന്നു് ദില്ലിയിലേക്കും തിരിച്ചും ഉള്ള പല തീവണ്ടികളും താൽക്കാലികമായി നിർത്തലാക്കി, ചിലതു് വഴി തിരിച്ചു് വിട്ടു.

ഭരണകൂടം സമരസ്ഥലത്തു് മുള്ളാണികളും ബാരിക്കേഡുകളും കമ്പിവേലികളും പാകിയപ്പോൾ അതിനു മധുരമായ മറുപടിയായി, തിക്കായത്തിന്റെ നേതൃത്വത്തിൽ കർഷകർ ചെയ്തതു് പനിനീർപ്പൂക്കൾ നട്ടു വളർത്തുകയും സമീപസ്ഥലങ്ങളിലെ ഒഴിഞ്ഞ നിലങ്ങളിൽ കൃഷി നടത്തിക്കാട്ടുകയുമാണു്.

ട്വിറ്റർ യുദ്ധം

ഇത്തരമൊരു സന്ദർഭത്തിലാണു് അമേരിക്കൻ പോപ് താരമായ റിഹന്ന, (ഫെബ്രുവരി 2), ലോകപ്രശസ്തയായ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റാ തൻബെർഗ്, (ഫെബ്രുവരി 3), മീന ഹാരിസ്, മിയാ ഖലീഫ, അമെന്ദ സേർനി, സൂസൻ സരൻഡൻ, ജെയ് സീൻ എന്നിങ്ങനെ വിഭിന്ന മേഖലകളിൽ ലോകവിശ്രുതരായ വ്യക്തികൾ കർഷകർക്കു് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റുകളിടുന്നതു്. കർഷക സമരം അന്തർദ്ദേശീയ ശ്രദ്ധയിലേക്കു് കൊണ്ടുവരുവാൻ ഇതു് സഹായകമായി. അതോടൊപ്പം അതിരൂക്ഷമായ ട്വിറ്റർ യുദ്ധങ്ങൾക്കു് അതു് വഴിമരുന്നിടുകയും ചെയ്തു.

ഇന്ത്യയുടെ ഐക്യം നശിപ്പിക്കുവാനുള്ള അന്തർദ്ദേശീയ ഗൂഢാലോചനയുടെ ഭാഗമാണു് ഈ ട്വീറ്റുകൾ എന്നു് ബോളിവുഡ് നടിയായ കങ്കണ റെണൗൽട്ടിനെപ്പോലുള്ളവരുടെയും വിദേശകാര്യ വക്താവിന്റെയും ട്വിറ്റർ പോസ്റ്റുകൾ തുടർന്നു് വന്നു. അക്ഷയകുമാർ, കരൻ ജോഹർ, ഏക്താ കപൂർ, ലതാ മംഗേഷ്ക്കർ, സച്ചിൻ തെണ്ഡൂൽക്കർ, വിരാട് കോഹ്ലി, രവി ശാസ്ത്രി, അനിൽ കുമ്പ്ലേ, എന്നിവരുടെ സന്ദേശങ്ങൾ ഒരേ തരം ഹാഷ് ടാഗുകളിൽ, കോപ്പി പേയ്സ്റ്റ് ചെയ്തതെന്നപോലെ പരിഹാസ്യമാം വിധം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. ഇവരെ വിമർശിച്ചു്കൊണ്ടു് പ്രശസ്ത സിനിമാ താരമായ തപ്സി പന്നു തുടങ്ങിയവരുടെ എതിർ ട്വീറ്റുകളും വന്നു. വിദേശത്തും സ്വദേശത്തും ഉള്ള അതി ദേശീയവാദികൾ ഗ്രേറ്റ തൻബെർഗ്, മീന ഹാരീസ് തുടങ്ങിയവരെ ഗൂഢാലോചനക്കാരായി ചിത്രീകരിക്കുകയും അവരുടെ കോലങ്ങൾ കത്തിക്കുകയും ചെയ്തു.

നവകർതൃത്വങ്ങൾ

ഗ്രേറ്റാ തൻബർഗ്ഗിനെപ്പോലുള്ള യുവപരിസ്ഥിതിവാദികളെ ഭീകരവാദികളായും ഇന്ത്യൻ റിപ്പബ്ലിക്കിനെതിരെ ഗൂഢാലോചന നടത്തുന്നവരായും മുദ്രകുത്തിക്കൊണ്ടു് ഇന്ത്യൻ ഗവണ്മെന്റ് നടത്തിയ പ്രചരണയുദ്ധങ്ങൾ മോദിഗവണ്മെന്റിനെ ലോക രാജ്യങ്ങൾക്കു് മുന്നിൽ അപഹാസ്യമാക്കുകയും അതിന്റെ ഫാസിസ്റ്റ്സ്വരൂപത്തെ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്കു മുന്നിൽ തുറന്നു കാട്ടുകയും ചെയ്തു. ഗ്രേറ്റാ തൻബർഗ് പോസ്റ്റ് ചെയ്ത കർഷക സമരത്തിനനുകൂലമായുള്ള ടൂൾകിറ്റ് സാമൂഹ്യ മാദ്ധ്യമത്തിൽ ഷെയർ ചെയ്തതിന്റെ പേരിൽ ബാംഗ്ലൂരിലെ പരിസ്ഥിതി പ്രവർത്തകയായ ദിഷാ രവി എന്ന ഇരുപത്തിരണ്ടുകാരി അറസ്റ്റ് ചെയ്യപ്പെട്ടു (ഫെബ്രുവരി 13). ഖാലിസ്ഥാനികളുമായി ബന്ധമുണ്ടെന്നു് ആരോപിക്കപ്പെടുന്ന പോയെറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്റെ സഹായത്തോടു കൂടിയാണു് ദിഷാരവി ടൂൾ കിറ്റ് എഡിറ്റു ചെയ്തതെന്നും റിപ്പബ്ലിക്കു് ദിനത്തിൽ നടന്ന അക്രമസംഭവങ്ങൾക്കു് പിന്നിലെ ഗൂഢാലോചനകൾ ആസൂത്രണം ചെയ്തതു് ദിഷാരവിയാണെന്നും പോലീസ് ആരോപിച്ചു. ബോംബേയിലെ അഭിഭാഷകയായ നികിത ജേക്കബിനും, ആക്റ്റിവിസ്റ്റായ ശന്തനു മുലുക്കിനും ഇതിൽ പങ്കുണ്ടെന്നു് കാട്ടിക്കൊണ്ടു് അവർക്കെതിരെയും കേസ്സ് ചാർജ്ജു ചെയ്തു. ഗവണ്മെന്റിനെ വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിച്ചു് അറസ്റ്റു ചെയ്യുന്നതിനെതിരെ ഇന്ത്യയിലെങ്ങും പ്രതിഷേധം ഉയർന്നു.

കർഷക പ്രതിഷേധത്തെ ആഗോള തലത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതു് ഗൂഢാലോചനയാണെങ്കിൽ ജയിലിൽ തന്നെ കഴിയുവാനാണു് താൻ ആഗ്രഹിക്കുന്നതു് എന്നായിരുന്നു ദിഷാരവിയുടെ മറുപടി. “സമാധാന പൂർണ്ണമായി ഞാൻ പ്രതിഷേധിച്ചതു് കുറ്റകൃത്യമാണെങ്കിൽ ഞാൻ കുറ്റക്കാരിയാണു്. സമാധാനപരമായ കർഷക പ്രതിഷേധത്തിനു പ്രചാരം നൽകിയതു് കുറ്റമാണെങ്കിൽ ഞാൻ തീർച്ചയായും കുറ്റക്കാരിയാണ്” എന്നു് ധീരസ്വരത്തിൽ ദിഷാരവി കോടതിയിൽ പ്രസ്താവിച്ചു. കർഷക സമര സംഭവത്തിൽ നിന്നുല്പന്നമായ, സംഭവത്തോട് വിശ്വസ്തമായ, പുതിയ കർതൃത്വത്തിന്റെ ധീരവും പ്രബുദ്ധവും ആയ രാഷ്ട്രീയ പ്രസ്താവനയായിരുന്നു ഇതു്. ഫെബ്രുവരി 23-നു് ദിഷാരവിയെ കോടതി വിമുക്തയാക്കി. ഗവണ്മെന്റിന്റെ പൊങ്ങച്ചത്തെ മുറിവേല്പിച്ചു എന്ന കാരണം കൊണ്ടു് രാജ്യദ്രോഹക്കുറ്റം ചുമത്താൻ ആവില്ല എന്നാണു് കോടതി പ്രസ്താവിച്ചതു്. ടൂൾകിറ്റ് കേസ്സുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട നികിതാ ജേക്കബിനും ശന്തനു മുലുക്കിനും ദൽഹി കോടതി അറസ്റ്റു ചെയ്യുന്നതിൽ നിന്നും താൽക്കാലിക പരിരക്ഷ നൽകി.

സമരത്തിന്റെ ദിശ മാറുന്നു

കർഷക സമരത്തെ, അതിന്റെ സംഭവമാനങ്ങളെ ഇല്ലാതാക്കാനുള്ള മോദി ഭരണകൂടത്തിന്റെ ഓരോ നീക്കവും നിഷ്ഫലമായി എന്നു മാത്രമല്ല ബൂമറാങ്ങുകളായി തിരിച്ചടിക്കുകയും സമരത്തെ പൂർവ്വാധികം വിപുലവും ശക്തവുമാക്കിത്തീർക്കുകയും ചെയ്തു. ദില്ലി മാർച്ചു് തലസ്ഥാന നഗരിയുടെ അതിർത്തിയിൽ തടഞ്ഞപ്പോൾ ദേശീയ പാതയിൽ തന്നെ നിലയുറപ്പിച്ചു് അതി ശക്തമായ ഉപരോധ സമരം നടത്തി കർഷകർ. റിപ്പബ്ലിക്കു് ദിനത്തിലെ അക്രമണങ്ങളെ മുൻനിർത്തി സമരത്തെ കിരാതമായി അടിച്ചമർത്താൻ തുനിഞ്ഞപ്പോൾ, വിശ്വവിശ്രുതരായ വ്യക്തികൾ പ്രതിഷേധമുയർത്തുകയും മോദി ഗവണ്മെന്റിന്റെ സർവ്വാധിപത്യ നയം ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ മറനീക്കപ്പെടുകയും ചെയ്തു. തിക്കായത്തിനെ അറസ്റ്റ് ചെയ്തു് സമരപ്പന്തൽ ഒഴിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ ജീവനോടെ തന്നെ അറസ്റ്റു ചെയ്യാൻ കഴിയുകയില്ലെന്നു് പ്രസ്താവിച്ച തിക്കായത്തിന്റെ ആജ്ഞാശക്തിയ്ക്കു് മുന്നിൽ മുട്ടു മടക്കി പോലീസ്സുകാർക്കു് പിൻവാങ്ങേണ്ടി വന്നു. മാത്രമല്ല സമരത്തിനു നവജീവൻ നൽകുകയും സമരത്തിന്റെ ദിശ തന്നെ മാറ്റി മറിയ്ക്കുകയും ചെയ്ത മറ്റൊരു സംഭവമായി തിക്കായത്തിന്റെ ധീരമായ ചെറുത്തു് നിൽപ്പ്.

‘തലസ്ഥാന നഗരിയായ ദില്ലി കർഷകരെ കൈവെടിഞ്ഞപ്പോൾ കർഷക പ്രസ്ഥാനം ദില്ലിയെയും കൈവെടിഞ്ഞു എന്നതാണു് വസ്തുത’ (Avay Sukla, “The Farmer has bypassed Delhi and that should worry the establishment”, The Wire, Feb 6, 2021). വെള്ളം, വിദ്യുഛക്തി, അവശ്യ വസ്തുക്കൾ എന്നിവയെല്ലാം ദെൽഹി നിർത്തലാക്കിയപ്പോൾ കർഷക ഗ്രാമങ്ങളിൽ നിന്നു് ഇവയെല്ലാം എത്തിച്ചേർന്നു. ദില്ലിയിലേക്കുള്ള പാത കോൺക്രീറ്റ് ബാരിക്കേഡുകൾ കൊണ്ടും മുള്ളാണിക്കമ്പികൾ കൊണ്ടും പോലീസ് അതിക്രമങ്ങൾ കൊണ്ടും തടഞ്ഞപ്പോൾ കർഷകർ ദില്ലിയെ തങ്ങളുടെ സഞ്ചാരപഥത്തിൽ നിന്നു് വിട്ടുകളയുകയും എതിർ ദിശയിലേക്കു് പ്രസ്ഥാനത്തെ തിരിച്ചു വിടുകയുമാണുണ്ടായതു്. ഫെബ്രുവരി 3 നു ജിൻഡിലെ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ദില്ലി കടക്കാതെ തന്നെ ഹരിയാനയിലൂടെയുള്ള ദീർഘമായ പാതയിലൂടെയാണു് രാകേഷ് തിക്കായതു് സഞ്ചരിച്ചതു്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കു് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നു് ജിൻഡിലെത്തിയ ശേഷം അദ്ദേഹം പ്രസ്താവിച്ചു.

‘ആരെതിർത്താലും ഫാസിസ്റ്റ് കോർപ്പറേറ്റ് നയത്തിൽ തന്നെ മോദി സർക്കാർ ഉറച്ചു നിൽക്കും എന്ന രാഷ്ട്രീയ പ്രസ്താവനകളായിരുന്നു ബാരിക്കേഡുകൾ’ (Avay Sukla, The Wire) എന്നാൽ ദില്ലിയിലേക്കു കർഷകർ കടക്കാതിരിക്കുവാനായി സർവ്വ പാതകളും തടഞ്ഞ് കോട്ടകൾ പോലുള്ള കോൺക്രീറ്റ് ബാരിക്കേഡുകൾ ഉയർന്നപ്പോൾ, സമരം എതിർ ദിശയിലേക്കു് വളർന്നു. ഖാലിസ്ഥാനികളുടേതെന്നു് ആരോപിക്കപ്പെട്ട പ്രസ്ഥാനം പഞ്ചാബിലും ഹരിയാനയിലും ഒതുങ്ങാതെ ഉത്തരേന്ത്യയുടെ ഹൃദയഭാഗങ്ങളിലേക്കു് ഒഴുകിപ്പരന്നു. ആദ്യ ഘട്ടത്തിൽ സിഖു് കേന്ദ്രിതമായിരുന്ന പ്രസ്ഥാനം ജാട്ടുകളിലേക്കും, മറ്റു ജനവിഭാഗങ്ങളിലേക്കും കത്തിപ്പടർന്നു. രാകേഷ് തിക്കായത്തിന്റെ ഐതിഹാസികമായ ആരോഹണത്തോടെ ബി. ജെ. പി.-യ്ക്കു പ്രാമുഖ്യമുണ്ടായിരുന്ന യു. പി., രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഉത്തർ ഖണ്ഢ്, എന്നീ സംസ്ഥാനങ്ങളിലേക്കും കർഷക പ്രസ്ഥാനം വ്യാപിച്ചു.

സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു്, ഭാര്യയേയും ഒരു വയസ്സുള്ള കുട്ടിയേയും വീട്ടിൽ നിർത്തി, സിംഘു അതിർത്തിയിൽ സമരം ചെയ്യാൻ തുടക്കത്തിലേ എത്തിച്ചേർന്ന 28-കാരനായ ജസന്ദീപ് സിങ്ങിന്റെ വാക്കുകൾ:

“ഒരിഞ്ചു പോലും ഞങ്ങൾ പിന്നിലേക്കില്ല. ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ കൊണ്ടു് ഞങ്ങളെ ഭീഷണിപ്പെടുത്തുവാനാണു് അവർ ഉദ്ദേശിക്കുന്നതെങ്കിൽ അവർക്കു് തെറ്റി. ഞങ്ങൾ യോദ്ധാക്കളാണു്, ഞങ്ങളുടെ പോരാട്ടം എല്ലാവർക്കും വേണ്ടിയുള്ളതാണു്. ഈ നാട്ടിലെ ഭാവി തലമുറകൾക്കു് വേണ്ടിയും. അവർ സിമന്റ് ഭിത്തികൾ പണിയുന്നു. പക്ഷേ എത്ര ഉയരമുള്ള മതിലുകൾക്കും ഞങ്ങളുടെ വീര്യത്തെ തടയുവാൻ സാധ്യമല്ല. ഡാമുകളാൽ തടഞ്ഞു നിർത്താൻ പറ്റുന്ന വെള്ളപ്പൊക്കമല്ല ഈ പ്രസ്ഥാനം. ഇതു് സുനാമിയാണു്. ഒരു ഭിത്തിക്കും ഇതിനെ തടയാനാവില്ല” (The Wire, Feb 2, 2021).

കർഷകരുടെ വർദ്ധിതമായ സമര വീര്യത്തെയാണു് ഈ വാക്കുകൾ പ്രതിഫലിപ്പിച്ചതു്.

Colophon

Title: Kaṛṣakasarattinte sambhavamānangaḷ (ml: കർഷകസമരത്തിന്റെ “സംഭവ”മാനങ്ങൾ).

Author(s): K Vinod Chandran.

First publication details: Sayahna Foundation; Trivandrum, Kerala; 2021-12-01.

Deafult language: ml, Malayalam.

Keywords: Articles, K Vinod Chandran, title, വിനോദ് ചന്ദ്രൻ, കർഷകസമരത്തിന്റെ “സംഭവ”മാനങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: De oogst, an oil on canvas painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.