they call it Begumpura, a place with no pain,
no taxes or cares, none owns property there,
no wrongdoing, worry, terror, or torture.
Oh my brother, I’ve come to take it as my own,
my distant home, where everything is right…
They do this or that, they walk where they wish,
they stroll through fabled palaces unchallenged.
Oh, says Ravidas, a tanner now set free,
those who walk beside me are my friends’ (Guru Ravidas).
ഇന്ത്യൻ ജനാധിപത്യത്തിന്റെ അത്യുന്നതവും തീക്ഷ്ണവും ഉജ്ജ്വലവുമായ ആവിഷ്ക്കാരമാണു് കർഷക സമരത്തിൽ നാം കാണുന്നതു്. ജനാധിപത്യപരവും അഹിംസാത്മകവുമായ ഒരു നിശ്ശബ്ദവിപ്ലവം. ഒരു പുതിയ ജനതയെ, ഒരു ബദൽ റിപ്പബ്ലിക്കിനെ കണ്ടെത്തുവാനുള്ള അഭൂതപൂർവ്വമായ ശ്രമം. പിന്തള്ളലിനു പകരം ഉൾക്കൊള്ളലിൽ അധിഷ്ഠിതമായ ഒരു നവ രാഷ്ട്രീയം. വൈരുദ്ധ്യാത്മകമോ നിഷേധാത്മകമോ ആധിപത്യപരമോ ആയ സംശ്ലേഷണങ്ങൾക്കു പകരം സർവ്വ ജനവിഭാഗങ്ങളേയും സമന്വയനം ചെയ്യുന്ന, സംയോജന സംശ്ലേഷണ പ്രക്രിയയ്ക്കു് (connective synthesis) പ്രാധാന്യം കൊടുക്കുന്ന, ഒരു പുത്തൻ കർതൃവ്യൂഹമാണു് കർഷക സമര സംഭവത്തിൽ നിന്നുല്പന്നമായതു്. രാകേഷ് തിക്കായത്ത്, ജസന്ദീപ് സിങ്ങ്, ദിഷാരവി, സുദേഷ് കണ്ടേല, സുദേഷ് ഗോയാത്, ഹർ ഗോബിന്തു് കൗർ (സമര രംഗത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്ന സ്ത്രീകളിൽ ചിലർ) നോദീപ് കൗർ, ശിവ് കുമാർ (ദളിതു് തൊഴിലാളി പ്രവർത്തകർ) എന്നിവരെല്ലാം തന്നെ സംഭവസംജാതവും, സംഭവത്തോട് വിശ്വസ്തവും ആയ, വിപ്ലവകരമായി രൂപാന്തരീകരിക്കപ്പെട്ട, നവ കർതൃത്വ നിരയുടെ ഉദാഹരണങ്ങളാണു്.
മോദി സർക്കാർ ദേശസാൽക്കരിച്ച വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും വിഭജനത്തിന്റെയും ഹിംസയുടെയും വിഷാഖ്യാനങ്ങളെ നിർവ്വീര്യമാക്കുന്ന സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സമന്വയനത്തിന്റെയും അമൃതാഖ്യാനമാണു് കർഷക കർതൃത്വം അവതരിപ്പിച്ചതു്. മോദി ഗവണ്മെന്റിന്റെ വിഭജനനയം മത, ജാതി, വർഗ്ഗ, പ്രാദേശിക, സ്വത്വങ്ങളുടെയും ഉപസ്വത്വങ്ങളുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ചപ്പോൾ, ഈ വിഭക്ത സ്വത്വങ്ങളെ ജനത എന്ന ബഹുത്വസ്വത്വത്തിലേക്കു് അലിയിച്ചെടുക്കുന്ന ഒരു സമന്വയ സംശ്ലേഷണ പ്രക്രിയയ്ക്കാണു് ഉദ്ബുദ്ധമായ ഈ നവകർതൃത്വം തുടക്കം കുറിച്ചതു്. ജാതി, മത, വർഗ്ഗ താല്പര്യങ്ങളെ അതിലംഘിച്ചു് കൊണ്ടു് വിഭിന്ന ജനങ്ങൾ തമ്മിൽ ഐക്യദാർഢ്യം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങൾ കർഷകപ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടായി (Ravindar Kaur, “Solidarity that keeps Farm protests going”, The Indian Express, March 7, 2021).
ഫെബ്രുവരി അവസാനം നടന്ന ഗുരു രവിദാസ് ജയന്തി ആഘോഷമാണു് പ്രധാനപ്പെട്ട ഒരു ദൃഷ്ടാന്തം. കർഷക സമ്പദ്വ്യവസ്ഥയിൽ ജാട്ട്, ദളിതു് സമുദായങ്ങൾ തമ്മിൽ പരമ്പരാഗതമായി നിലനിന്നിരുന്ന ജാതീയമായ വ്യത്യാസങ്ങളെയും സംഘർഷങ്ങളെയും പരിഹരിക്കുവാനുള്ള ശ്രമം എന്ന നിലയിൽ പ്രാധാന്യം അർഹിക്കുന്നു ഈ ആഘോഷം.
കർഷകരുടെ സമരത്തെയും തൊഴിലാളികളുടെ സമരത്തെയും സംയോജിപ്പിക്കുവാനുള്ള ശ്രമമാണു് അനുബന്ധമായി നടന്ന മറ്റൊരു ശ്രദ്ധേയമായ നീക്കം. കർഷക നിയമത്തിനും ലേബർ കോഡുകൾക്കുമെതിരേ സംയുക്ത കിസാൻ മോർച്ചയും വ്യാവസായിക തൊഴിലാളി യൂണിയനുകളും സംയുക്ത സമരത്തിലേർപ്പെടുവാനുള്ള സംരംഭങ്ങൾക്കു് തുടക്കം കുറിക്കപ്പെട്ടു. ഈ സംയോജിത സമരങ്ങൾക്കു് ആക്കം കൂട്ടുന്ന ഒരു നവ നേതൃത്വത്തിന്റെ ആവിർഭാവവും ശ്രദ്ധേയമായി. ദളിതു് തൊഴിലാളികളുടെ അവകാശത്തിനായി പോരാടുന്ന ആക്റ്റിവിസ്റ്റുകളായ നോദീപ് കൗർ, ശിവ് കുമാർ എന്നിവരാണു് ഇതിൽ പ്രധാനികൾ. കർഷകരും തൊഴിലാളികളും ഒരേ പോലെ ഉല്പാദനപ്രവർത്തനത്തിലേർപ്പെടുന്നവരാണെന്നും അതു് കൊണ്ടു് തന്നെ തങ്ങൾക്കു് ഹാനികരമായ നിയമങ്ങൾക്കെതിരെ രണ്ടു് കൂട്ടരും ഒന്നിച്ചു് പോരാടണമെന്നുമുള്ള അവരുടെ വാദങ്ങൾ ഇന്നു് കൂടുതൽ പിന്തുണയാർജ്ജിച്ചിരിക്കുന്നു. കൃഷിക്കാരുടെയും കർഷക ത്തൊഴിലാളികളുടെയും ഐക്യദാർഢ്യത്തെ വിഭാവനം ചെയ്യുന്ന “കിസാൻ-മസ്ദൂർ ഏകതാ സിന്ദാബാദ് “എന്ന ആദ്യഘട്ടത്തിലെ മുദ്രാവാക്യം ഇന്നിപ്പോൾ വ്യാസായിക തൊഴിലാളികളെയും ഉൾപ്പെടുത്തുന്ന വിധം വിപുലീകരിക്കപ്പെട്ടിരിക്കുന്നു.
പ്രക്ഷോഭത്തിന്റെ വിഭിന്ന ഘട്ടങ്ങളിൽ സിക്കുകാരും ഹിന്ദു ജാട്ടുകളും, കർഷകരും കർഷകത്തൊഴിലാളികളും, ഹിന്ദുക്കളും മുസ്ലീങ്ങളും, ദളിതരും ജാട്ടുകളും, കർഷകരും തൊഴിലാളികളും, പഞ്ചാബ്, ഹരിയാന, യു. പി. തുടങ്ങിയ വിഭിന്ന സംസ്ഥാനങ്ങളിലെ ജനങ്ങളും ഒക്കെത്തമ്മിൽ നടന്നു വന്ന സജീവമായ ഈ സമന്വയ പ്രക്രിയയ്ക്കു് ഊർജ്ജാധാനം നൽകിയതു് സൂക്ഷ്മദേശീയമെന്നു് പറയാവുന്ന ഒരു സാംസ്ക്കാരികസ്രോതസ്സാണു്. സിക്കു് സാംസ്ക്കാരത്തെ രൂപപ്പെടുത്തിയ ജാതി വിരുദ്ധ സമത്വ പ്രസ്ഥാനം ആണു് ഇതിൽ പ്രധാനപ്പെട്ട ഒരു ഘടകം. പ്രതിസന്ധിയുടെതായ ഈ മുഹൂർത്ഥങ്ങളിൽ കർഷക പ്രസ്ഥാനം നൈതികവും ബൗദ്ധികവുമായ കരുത്താർജ്ജിക്കുന്നതു് നാട്ടു ദേശീയമായ ആശയ-മൂല്യ-ധാതുക്കളുടെ വീണ്ടെടുക്കലിലൂടെയാണു്. ഗുരു രവിദാസ് വിഭാവനം ചെയ്ത “ബീഗംപുര” (ദുഃഖമില്ലാത്ത നഗരം) എന്ന യുട്ടോപ്യൻ സങ്കല്പം പ്രക്ഷോഭത്തിന്റെ പല ഘട്ടങ്ങളിലും വിളിച്ചുണർത്തപ്പെട്ടതു് കർഷക സമരത്തിന്റെ പിന്നിൽ വർത്തിച്ച രാഷ്ട്രീയ കാമനയിലേക്കു് വിരൽ ചൂണ്ടുന്നു. അസമത്വങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ലാത്ത പുരോഗമനസ്വഭാവമുള്ള ഭാവനാ നഗരമാണു് “ബീഗംപുര”. സ്വകാര്യസ്വത്തില്ലാത്ത നഗരം, എല്ലാവരെയും സ്വാഗതം ചെയ്യുന്ന ലയാത്മക നഗരം. പതിഞ്ചാം നൂറ്റാണ്ടിൽ ബ്രാഹ്മണ്യത്തെ വെല്ലുവിളിക്കുകയും ജാതിവ്യവസ്ഥയെ നിരാകരിക്കുകയും ചെയ്ത ഗുരുനാനാക്കിന്റെയും ദളിതഗുരുവായ രവിദാസിന്റെയും സമത്വനിർഭരമായ ദർശനങ്ങളിൽ നിന്നു് പ്രചോദനം ഉൾക്കൊണ്ട കർഷകർ വിപ്ലവകരമായ ഈ സൂക്ഷ്മ ദേശീയ ആശയങ്ങളെ രാഷ്ട്രീയ പ്രയോഗങ്ങളിലേക്കു് പരാവർത്തനം ചെയ്തു എന്നതാണു് പ്രധാനം. തേജ്ബഹദൂർ തുടങ്ങിയ ഗുരുപരമ്പരയിൽ നിന്നാർജ്ജിച്ച രാഷ്ട്രീയ സ്വാതന്ത്ര്യ ബോധവും ജീവത്യാഗ സന്നദ്ധതയും ലോക ചരിത്രം ഇന്നേവരെ കാണാത്ത ഒരു ജനാധിപത്യ വിപ്ലവ പ്രസ്ഥാനത്തിന്റെ ഊർജ്ജധാതുക്കളായി.
ജാതിവിരുദ്ധവും സമത്വാധിഷ്ഠിതവുമായ ഈ ആശയങ്ങൾ എല്ലാവരെയും ഒന്നിച്ച ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്ന ലംഗർ എന്ന സമൂഹഭോജന പ്രസ്ഥാനത്തിലേക്കു് പരിഭാഷ ചെയ്യപ്പെട്ടു. വർഗ്ഗപരവും ജാതീയവുമായ ശ്രേണീബന്ധങ്ങളെ തകർക്കുന്ന “സേവ”, സ്വതന്ത്രമായ അദ്ധ്വാനത്തിന് മാഹാത്മ്യം നൽകുന്ന കീരതു് (വേല), ജീവിതത്തെയും മരണത്തെയും മൂല്യബദ്ധമാക്കുന്ന ബലി എന്നീ നൈതിക മൂല്യങ്ങൾ അങ്ങനെ നവ കർതൃ-നിർമ്മിതിയുടെ അവിഭാജ്യ ഘടകങ്ങളായി. സ്ത്രീപുരുഷന്മാർ, സമൂഹത്തിന്റെ പലതട്ടിലുള്ള ജന വിഭാഗങ്ങൾ എല്ലാം, ഒന്നിച്ചു് പാചകവൃത്തിയിൽ മുഴുകുന്നതും കായികവും ബൗദ്ധികവുമായ അദ്ധ്വാനങ്ങളിൽ ഒരുമയോടെ ഏർപ്പെടുന്നതും, “വരും” സമൂഹത്തിന്റെ, ബദൽ റിപ്പബ്ലിക്കിന്റെ, ശുഭവിജ്ഞാപനങ്ങളായി.
വർഗ്ഗീയ കലാപങ്ങൾ നടന്ന പടിഞ്ഞാറൻ യു. പി.-യിലെ മുസാഫർ നഗർ പോലുള്ള പ്രദേശങ്ങളിൽ ജാട്ടുകളും മുസ്ലീങ്ങളും പരസ്പരം ആശ്ലേഷിച്ചു് കൊണ്ടു് കർഷക സമരത്തിനു പിന്നിൽ അണിനിരക്കുകയാണിന്ന്. വിഭിന്ന വർഗ്ഗങ്ങളുടെയും ദേശീയ, ജാതീയ, മതവിഭാഗങ്ങളുടെയും ഏകോപനത്തിനുള്ള പുതിയ സാധ്യതകളാണു് കർഷക സമരം തുറന്നു് വിട്ടതു്.
വ്യത്യസ്ഥ മത, സാമുദായിക, വിഭാഗങ്ങൾ തമ്മിൽ സ്നേഹ സൗഹാർദ്ദങ്ങൾ ഊട്ടി വളർത്തുവാൻ കർഷകർ നടത്തുന്ന പ്രയത്നങ്ങളുടെ പ്രകടമായ മറ്റൊരു ദൃഷ്ടാന്തമായിരുന്നു സിംഘു, ഗാസിപ്പൂർ സമരപ്പന്തലുകളിൽ ഏപ്രിൽ 19, 2021-നു നടത്തിയ ഇസ്താർ വിരുന്ന്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു് നഗരങ്ങളിൽ നിന്നു് നാട്ടിലേക്കു് മടങ്ങുന്ന കുടിയേറ്റത്തൊഴിലാളികൾക്കു് ഭക്ഷണവും അഭയവും വാഗ്ദാനം ചെയ്തു കൊണ്ടു് കൂട്ടായ സമരത്തിലേർപ്പെടുവാൻ അവരെ ആഹ്വാനം ചെയ്യുകയുണ്ടായി സംയുക്ത കിസാൻ മോർച്ച. ലോക്കു് ഡൗണിനെത്തുടർന്നു് ദൽഹിയിൽ നിന്നു് മടങ്ങുന്ന അതിഥിത്തൊഴിലാളികൾക്കു് ദിവസങ്ങളോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു് കൊണ്ടു് കർഷകർ കാണിച്ച കരുതൽ കർഷക പ്രസ്ഥാനം തിരി കൊളുത്തിയ “ജീവ” രാഷ്ട്രീയത്തിന്റെ, ഉൾക്കൊള്ളലിലും സംയോജനത്തിലും അധിഷ്ഠിതമായ നവരാഷ്ട്രീയത്തിന്റെ, നൈതികമായ ആഭിമുഖ്യത്തെയാണു് സൂചിപ്പിക്കുന്നതു്.