“Nothing more can be said, and no more has ever been said: to become worthy of what happens to us, and thus to will and release the event, to become an offspring of one’s own events…” (Gills Deleuze, The Logic of Sense, trans. Mark Lester and Charles Stivale, 1990, Continuum, London 2005, p. 170. “Either ethics makes no sense at all”, “or this is what it means and has nothing else to say: not to be unworthy of what happens to us” (The Logic of Sense, p. 169).
സംഭവങ്ങൾക്കു് അർഹതയുള്ളവരായിത്തീരുക (സംഭവങ്ങൾക്കു് സമസ്ക്കന്ധരാവുക), സംഭവത്തെ ഇഛിക്കുക, അഴിച്ചുവിടുക, സ്വന്തം സംഭവങ്ങളുടെ സന്തതിയാവുക: ഇതാണു് നൈതികതയുടെ പരമമായ അർത്ഥം, അന്തസ്സാരം, എന്നു് തന്റെ സംഭവ വിചിന്തനത്തിനിടയിൽ ദെല്യൂസ് പലവട്ടം നമ്മെ ഉണർത്തുന്നു. സംഭവങ്ങൾ നമ്മോടാവശ്യപ്പെടുന്ന നൈതികവും രാഷ്ട്രീയവുമായ പ്രയോഗങ്ങളെ, കർത്തൃപരമായ രൂപാന്തരീകരണങ്ങളെയാണു് ഈ പ്രസ്താവം സൂചിപ്പിക്കുന്നതു്. സംഭവങ്ങളോടുള്ള വിശ്വസ്തതയിൽ നിന്നാണു് (വിപ്ലവ) കർതൃത്വം ഉല്പന്നമാകുന്നതെന്നു് ബാദ്യൂ. പ്രകൃതിയുടെയും സംസ്കൃതിയുടെയും മനുഷ്യ പ്രവർത്തനത്തിന്റെയും വരദാനമായി ലഭിക്കുന്ന വിപ്ലവകരമായ സംഭവങ്ങളോട് കണ്ണിചേർന്നു കൊണ്ടു് അവയുടെ അനന്തരാവകാശികളായി മാറിക്കൊണ്ടു് സംഭവത്തിന്റെ പ്രതിജ്ഞാപകരും പ്രയോക്താക്കളും സംവർദ്ധകരുമായിത്തീരുക എന്നാണു് സംഭവത്തിന്റെ തത്വചിന്തകർ നമ്മെ പ്രബുദ്ധരാക്കുന്നതു്.
2020 നവംബർ 26-നു് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ തുടക്കം കുറിച്ച മഹാ പ്രക്ഷോഭ സംഭവം ലോക ചരിത്രത്തിൽ തന്നെ അപൂർവ്വമായ ഒരു ജനാധിപത്യ വിപ്ലവത്തിന് തീ കൊളുത്തുകയാണു് ചെയ്തതു് എന്നു് നാം കണ്ടു. മൂന്നു് കർഷക നിയമങ്ങൾ പിൻവലിക്കുവാനുള്ള സമരം എന്നതിലുപരി, ഇന്ത്യൻ ജനാധിപത്യത്തിന്റെ, റിപ്പബ്ലിക്കിന്റെ തന്നെ വീണ്ടെടുപ്പിനായുള്ള ഒരു ജനകീയ പ്രസ്ഥാനമായി കർഷക സമരം മാറി എന്നതാണു് സംഭവം. വെറും ഒരു ചെറുത്തു് നില്പ്, ഒരു പ്രതിഷേധ സമരം, എന്നതിനുപരി, ഒരു നവ ജനതയെ, നവ റിപ്പബ്ലിക്കിനെ, കണ്ടെത്തുന്ന സംസ്ഥാപനപരമായ (constitutive) ഒരു ജനാധിപത്യ ആവിഷ്ക്കാരമായി കർഷക പ്രക്ഷോഭം എന്നതാണു് “സംഭവം.” ഈ സംഭവത്തിൽ നിന്നു് ഒരു പുതിയ കർതൃത്വം ഉല്പന്നമാകുന്നതും നാം കണ്ടു. സ്ഥാപിത (constituted)പൗരത്വത്തിൽ നിന്നു് സ്ഥാപക (constituent) പൗരത്വത്തിലേക്കു് രൂപാന്തരീകരണം പ്രാപിച്ച, അടി മുടി ഇളയവൽക്കരിക്കപ്പെട്ട (minorised), നവ ജനാധിപത്യ കർതൃത്വം. ഈ കർതൃ-രൂപാന്തരീകരണം, നവ പൗര നിർമ്മിതി, കർഷകരിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. കർഷക സമര സംഭവത്തോട് താദാത്മ്യം പ്രാപിക്കുന്ന, ഐക്യപ്പെടുന്ന, എല്ലാം ഇന്ത്യക്കാരും ഈ നവ കർതൃവൽക്കരണ പ്രക്രിയയിലൂടെ കടന്നു് പോകുന്നുണ്ടു്.
കർഷക സമര സംഭവം തിരി കൊളുത്തിയ ജനാധിപത്യവിപ്ലവത്തെ “പരമ” ജനാധിപത്യത്തിന്റെ (സ്പിനോസിയൻ സങ്കല്പമായ absolute democracy) നിർമ്മിതിയിലേക്കു് തിരിച്ചു വിടുക എന്നതാണു് പുതു കർതൃത്വങ്ങളുടെ വെല്ലുവിളി. ജനാധിപത്യം എന്നതു് ഒരു തിരഞ്ഞെടുക്കൽ പ്രക്രിയ മാത്രമല്ലെന്നും ഭരണകൂടത്തെ, ഉല്പാദിപ്പിക്കൽ മാത്രമല്ലെന്നും, വെറും ഒരു പ്രതിനിധാനപ്രക്രിയ മാത്രമല്ലെന്നും ഒരു പുതിയ ജനതയെ, വരും റിപ്പബ്ലിക്കിനെ, പുതിയ ഭൂമിയെ, പുതിയ ലോകത്തെ, നിർമ്മിക്കലാണെന്നും ഭൂരിപക്ഷ ഭരണത്തെ ഇളയവൽക്കരിക്കലാണെന്നും ഉള്ള രാഷ്ട്രീയപരമായ തിരിച്ചറിവാണു് കർഷക സമര സംഭവം നമുക്കു് പകർന്നു് തരുന്നതു്.
സർവ്വമനുഷ്യരോടും, സർവ്വചരാചരങ്ങളോടും, സർവ്വഭൂതങ്ങളോടും ഐക്യപ്പെടുന്ന, ആയിത്തീരലിന്റെ (becoming), രൂപാന്തരീകരണത്തിന്റെ (metamorphosis), നിതാന്തമായ ചര്യയിലേക്കാണു് “പരമ” ജനാധിപത്യം എന്ന ആശയം നമ്മെ വിളിക്കുന്നതു്. അതായതു് അമാനവികവും അതിമാനവവും ശാശ്വതികവുമായ ഒരു ജനാധിപത്യ സങ്കല്പത്തിലേക്കു്, പ്രയോഗത്തിലേക്കു്.
കർഷക സമര സംഭവം തൊടുത്തു വിട്ട ജനാധിപത്യ വിപ്ലവം, പ്രധാനമായും ജനാധിപത്യത്തിന്റെ മൂന്നു് ആവിഷ്ക്കാരങ്ങളെയാണു് അടിയന്തിരമായും നിർദ്ദേശിക്കുന്നത്:
- ജനഹിതത്തിനു വഴങ്ങാത്ത ഭരണകൂടത്തിനുമേൽ സമ്മർദ്ദം ചെലുത്തുക, ഭരണകൂടത്തെ ഉപരോധിക്കുക, തിരിച്ചു വിളിക്കുക, ദുർഭരണകൂടത്തിലർപ്പിതമായ ജനസമ്മതി ആത്യന്തികമായും പിൻവലിക്കുക.
- ജനങ്ങളുടെ ജീവിതാവസ്ഥയേയും, ആവാസവ്യവസ്ഥയേയും പ്രകൃതിയേയും കൊള്ള ചെയ്തു മുടിക്കുന്ന കോർപ്പറേറ്റുകൾക്കെതിരേ, ആഗോള സാമ്രാജ്യത്വ വാഴ്ചയ്ക്കെതിരേ, സന്ധിയില്ലാ സമരത്തിനു തുടക്കം കുറിയ്ക്കുക.
- ഭരണകൂടത്തിനുള്ളിൽ, വെളിയിൽ പുതിയ കൂട്ടായ്മകളെ/പൊതുമകളെ ഉല്പാദിപ്പിക്കുക. പൊതുമയുടെ (common) തത്വത്തിന്റെ, സ്വപ്നത്തിന്റെ, ചര്യയുടെ, നൈതിക/രാഷ്ട്രീയ പരീക്ഷണ രൂപങ്ങളെയാണു് ലംഗർ എന്ന പദം, സങ്കല്പം, പ്രയോഗം പ്രതിനിധാനം ചെയ്യുന്നതു്. (അതു് സമൂഹ ഭോജനത്തിൽ ഒതുങ്ങുന്നില്ല). തിരഞ്ഞെടുപ്പ് മേളകൾ ശേഷം, കുംഭമേളകൾക്കു് ശേഷം, അധികാരത്തിന്റെ മമാങ്കങ്ങൾക്കു ശേഷം, കൊറോണാ മഹാമാരിയുടെ രണ്ടാമൂഴമായി. പ്രാണവായുവിനായി പിടയുകയാണു് ഇന്ത്യയിലെ ജനങ്ങൾ ഇന്ന്. കിതപ്പ്, ശ്വാസം മുട്ടൽ, പിടയൽ, ഹൈപ്പോക്ക്സിയ, അസ്ഫോക്സിയ: കൊറോണയുടെ രണ്ടാം തരംഗത്തിൽ ഇന്ത്യൻ ജീവിതം നിർവ്വചിക്കപ്പെടുന്നതിങ്ങനെയാണു്. ഡെൽഹിയിൽ ശ്മശാനങ്ങളിൽ ചിതയണയാതെ കത്തിക്കൊണ്ടിരിക്കുമ്പോഴും, ഐ. പി. എൽ. മേള, കോടികൾ ചിലവഴിച്ചു് കൊണ്ടുള്ള സെൻട്രൽ വിസ്റ്റ പ്രോജെക്റ്റിന്റെ നിർമ്മാണ പരിപാടികൾ, എല്ലാം പൊടിപൊടിക്കുകയായിരുന്നു.
പുതിയ കൊറോണാ വൈറസ്സിനെ പോലെ ജനിതകവ്യതിയാനം വന്ന ഭരണകൂടത്തെയാണു് നമുക്കിന്നു് നേരിടുവാനുള്ളതു്. കോവിഡ് മഹാവ്യാധിയുമായി സംരചനയിൽ, കൂട്ടുകച്ചവടത്തിൽ, ഏർപ്പെട്ട ഭരണകൂടം “ദുരന്ത മുതലാളിത്ത”-ത്തെപ്പോലെ (Naomi Klein, Disaster Capitalism) ‘ദുരന്ത’ ഭരണകൂടമായി (Disaster State) സ്വയം രൂപാന്തരീകരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ ദുരന്തത്തെ, പ്രതിസന്ധിയെ, ബയോ-ഭീകരതയെ, രക്തവും ലാഭവും അധികാരവും വലിച്ചെടുത്തു് കൊഴുക്കുവാനുള്ള, വിപണിയിൽ വിലപേശുവാനുള്ള സുവർണ്ണാവസരമാക്കുന്ന ദുരന്ത മുതലാളിത്തത്തെ പോലെ, മോദിയുടെ “ദുരന്ത” ഭരണകൂടം മരണത്തെ, ദുരന്തത്തെ, ഉല്പാദിപ്പിക്കുന്ന, വിപണനം ചെയ്യുന്ന, മറ്റൊരു മഹാവ്യാധിയായി, “മരണ”കൂടമായി, “ദുരന്ത”കൂടമായി മാറിയിരിക്കുന്നു. ഓക്സിജനും, വാക്സിനും, ഐ. സി. യു.-വും, വെന്റിലേറ്ററും, ജീവരക്ഷാ മരുന്നും ഒക്കെ വിലപേശി വിൽക്കുന്ന മരണവ്യവസായി, മരണ വ്യാപാരി. ജനാധിപത്യമാണു് ആത്യന്തികമായും, അടിയന്തിരമായും ജനങ്ങളുടെ പ്രാണ രക്തം, ഓക്സിജൻ, വാക്സിൻ, എന്നു് ചരിത്രം നിലവിളിക്കുന്നു. അതു് കൊണ്ടു് കർഷക സമര സംഭവം നിർദ്ദേശിക്കുന്ന പോലെ മോദി ഭരണകൂടത്തെ മടക്കി വിളിയ്ക്കുന്ന ഒരു പ്ലിബസൈറ്റ്, റിഫറണ്ടം, പ്രക്ഷോഭം, പ്രാണവായു പോലെ അടിയന്തിരമായിരിക്കുന്നു.
രണ്ടാമതായി, ദേശീയവും സൂക്ഷ്മദേശീയവുമായ ആവാസവ്യവസ്ഥയെ, നദികളെ, സമുദ്രങ്ങളെ, കുന്നുകളെ, പർവ്വതങ്ങളെ, ആകാശത്തെയും ഭൂമിയേയും, മണ്ണിനെയും വെള്ളത്തെയും വായുമണ്ഡലത്തെയും ലോഹശിലാധാതു സഞ്ചയങ്ങളെയും താരാപഥങ്ങളെയും അണ്ഢരാശികളെയും ആഗോള കോർപ്പറേറ്റ് സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിൽ നിന്നു് മോചിപ്പിക്കുവാനായുന്ന പാരിസ്ഥിതികരാഷ്ട്രീയ സമരത്തെ കർഷക സമരവുമായി ബന്ധിപ്പിക്കുക.
മഹാവ്യാധിയുടെ നിമിഷങ്ങളിൽ അടിയന്തിര പ്രാധാന്യം ആർജ്ജിക്കുന്ന മറ്റൊരു നിർദ്ദേശം ഇതാണ്: ഭരണകൂടത്തിനുള്ളിലും വെളിയിലും പൊതുമയുടെ നിർമ്മിതി. കർഷക സമര സംഭവം മുന്നോട്ട് വയ്ക്കുന്ന ലംഗർ എന്ന ആശയത്തിന്റെ, പ്രയോഗത്തിന്റെ, വിപുലീകരണം. യു. പിയിലും ദില്ലിയിലും മറ്റും ഹോസ്പിറ്റലുകൾ പുറന്തള്ളിയ നിസ്സഹായരായ രോഗികൾക്കായി ഗുരുദ്വാരകൾ തുറന്നിട്ട ഓക്സിജൻ ലംഗർ പോലെ. ജനകീയ അടിസ്ഥാനത്തിൽ, അനൗദ്യോഗിക തലത്തിൽ, പ്രവർത്തിക്കുന്ന ആക്റ്റിവിസ്റ്റുകളും മനുഷ്യസ്നേഹികളുമായ എല്ലാ ഇന്ത്യക്കാരും പങ്കാളികളാകുന്ന വാക്സിൻ ലംഗർ, വെന്റിലേറ്റർ ലംഗർ, ഹോസ്പിറ്റൽ ലംഗർ ജീവൻ രക്ഷാ ലംഗർ… കർഷക സമരത്തിന്റെ സംസ്ഥാപനപരവും സൃഷ്ട്യാത്മകവുമായ ജനാധിപത്യ രാഷ്ട്രീയം മഹാമാരിയുടെ രുഗ്ണ സന്ദർഭത്തിൽ നവകർതൃത്വങ്ങളോടാവശ്യപ്പെടുന്നതിതാണ്: മരണത്തെയും, യുദ്ധത്തെയും, ഭീകരതയേയും ഉല്പാദിക്കുന്ന “ദുരന്ത ഭ/മരണകൂടത്തിന്, ദുരന്തമുതലാളിത്തത്തിന് (‘ദുരന്ത’കമ്യൂണിസത്തിനും) ബദലായി ജനകീയമായ, പൊതുമയിലധിഷ്ഠിതമായ സേവന കേന്ദ്രങ്ങൾ, സേവാവിഹാരങ്ങൾ, ജീവ ശക്തിയുടെ, സ്നേഹത്തിന്റെ, കരുണയുടെ, ലംഗറുകൾ നാട്ടിലെങ്ങും ഉയർത്തിക്കൊണ്ടു വരിക. ഭരണകൂടസ്വരൂപത്തെ പൊതുമയുടെ ആവിഷ്ക്കാരമായ ലംഗർ സങ്കല്പത്തിലേക്കു് പരിഭാഷചെയ്യുക.
നവ ജനാധിപത്യകർതൃത്വത്തിന്റെ ആത്യന്തികമായ പരിഗണന കർഷക സമരം, സംഭവം, തുടക്കം കുറിച്ച ജനാധിപത്യവിപ്ലവത്തെ അമാനവികവും അതിമാനവികവും ആയ ദിശകളിലേക്കു്, പരമവും അനന്തവുമായ ജനാധിപത്യ സങ്കല്പത്തിലേക്ക്, ചര്യയിലേക്കു്, പെരുപ്പിക്കുക എന്നതാവും. അതിനർത്ഥം സർവ്വ ജീവരാശികളുടെയും, ചരാചരങ്ങളുടെയും, സർവ്വ ഭൂതങ്ങളുടെയും ഹിതത്തിനു്, നിലനില്പിന് പ്രാധാന്യം കൊടുക്കുന്ന, സർവ്വ ആത്മങ്ങളെയും അപരങ്ങളെയും പുൽകുന്ന, സർവ്വജന്തുക്കളിലേക്കും, പ്രാണികളിലേക്കും, സസ്യവൃക്ഷ തൃണ പർവ്വതജലരാശികളിലേക്കും, പഞ്ചഭൂതങ്ങളിലാകെയും പടരുന്ന നൈതികവും പാരിസ്ഥിതികവും ആയ, മാനവവും അമാനവവും അതിമാനവവുമായ ഒരു കൂട്ടായ്മയുടെ ബഹുജീവരാഷ്ട്രീയത്തിലേക്കു് ജനാധിപത്യരാഷ്ട്രീയ സങ്കല്പത്തെ, പ്രയോഗത്തെ, വിസ്തൃതമാക്കുക എന്നത്രേ.