കർഷകരെ രക്ഷിക്കുക, കാർഷിക മേഖലയെ പുരോഗതിയിലേക്കു് നയിക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണു് കാർഷികപരിഷ്ക്കരണ നിയമങ്ങൾ നടപ്പാക്കുന്നതെന്നും അതു് കർഷകർക്കു് മനസ്സിലാവാത്തതു് കൊണ്ടാണു് കർഷകർ സമരം ചെയ്യുന്നതെന്നും ഗവണ്മെന്റും ഗവണ്മെന്റിന്റെ വക്താക്കളും നിരന്തരം വാദിക്കുന്നു. ഖാലിസ്ഥാൻ വാദികൾ, പ്രതിപക്ഷകക്ഷികൾ, മാവോയിസ്റ്റുകൾ, എന്നീ ‘രാജ്യദ്രോഹികൾ’ കർഷക നിയമത്തെപ്പറ്റി നടത്തുന്ന ദുഷ്പ്രചരണങ്ങളാണു് കർഷകരിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നതെന്നും കർഷകസമരത്തെ അവർ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നും കർഷക സമരത്തിന്റെ മുന്നേറ്റത്തിന്റെ ഓരോഘട്ടത്തിലും ഭരണകൂടത്തിന്റെ പ്രതിനിധികളും അവരുടെ ജിഹ്വയായ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു വന്നു.
കർഷകർ വിവരശൂന്യരും, ആർക്കും സ്വാധീനിക്കുവാൻ കഴിയുന്നവിധം സ്വന്തമായി അഭിപ്രായങ്ങളില്ലാത്ത അപക്വമതികളാണെന്നുമുള്ള ഗവണ്മെന്റ് പ്രചരണം അവാസ്തവമാണെന്നതിന്റെ ശക്തമായ തെളിവാണു് തലസ്ഥാന നഗരിയെ, ഭരണകൂടത്തെ, ഉപരോധിച്ചു കൊണ്ടു്, കൊറോണയെയും കൊടുംശൈത്യത്തെയും, ഗവൺമെന്റിന്റെ മർദ്ദനോപകരണങ്ങളെയും അതിജീവിച്ചു കൊണ്ടു്, രണ്ടുമാസത്തിലേറെക്കാലമായി ശക്തമായി മുന്നോട്ടുപോകുന്ന കർഷക സമരം. സർക്കാരിന്റെ വാദം തെറ്റാണെന്നു് മാത്രമല്ല, ഇന്ത്യയിലെ, മുഖ്യ രാഷ്ട്രീയ കക്ഷികളെക്കാൾ, മുഖ്യധാരാ മാദ്ധ്യമങ്ങളെക്കാൾ, സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങളെക്കാൾ, കാർഷിക, രാഷ്ട്രീയ, വിദഗ്ധരെക്കാൾ, പൊതു ബുദ്ധിജീവികളെക്കാൾ, തീക്ഷ്ണമായ രാഷ്ട്രീയ വിവേകവും രാഷ്ട്രീയ സംവേദ്യതയും ഉള്ളവരാണു് കൃഷിക്കാർ എന്നു് ലോകചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഈ കർഷക പ്രക്ഷോഭണം തെളിയിക്കുന്നു.
ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രെയിഡ് ആൻഡ് കോമേഴ്സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020, ഫാർമേഴ്സ് (എമ്പവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസസ് ആക്റ്റ് 2020, എസ്സെൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെന്റ്) ആക്റ്റ് 2020, എന്നിങ്ങനെ ആകർഷണീയമായ പേരുകളിൽ പ്രത്യക്ഷപ്പെട്ട കർഷക പരിഷ്ക്കരണ നിയമങ്ങൾക്കു് പിന്നിൽ ഒളിച്ചിരിക്കുന്ന ആപൽക്കരമായ രാഷ്ട്രീയ പദ്ധതിയെ തിരിച്ചറിയുവാൻ രാഷ്ടീയ പ്രബുദ്ധരും വിവേകികളുമായ ഇന്ത്യൻ കർഷകർക്കു് തുടക്കത്തിലേ കഴിഞ്ഞതു് കൊണ്ടാണു് അവ നിരുപാധികം പിൻവലിക്കുവാൻ ആവശ്യപ്പെട്ട് കൊണ്ടു് ലക്ഷക്കണക്കിനു് കർഷകർ സമരത്തിലേർപ്പെട്ടതു്. വെറും ഒരു കാർഷിക പരിഷ്ക്കരണ നിയമമെന്നതിനുപരി കാർഷിക മേഖലയെത്തന്നെ തകർക്കുവാനും സംസ്ഥാന ഗവണ്മെന്റുകളുടെ അധികാരമണ്ഡലത്തിൽ കടന്നു കയറി ഫെഡറലിസത്തെ തകർക്കുവാനും, കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്കു് തീറെഴുതിക്കൊടുക്കുവാനുമുള്ള ഗൂഢ പദ്ധതിയാണു് ഈ നിയമങ്ങൾ എന്നു് അവർ മനസ്സിലാക്കി. കൃഷിക്കാരെ കരാർ കൃഷിക്കാരാക്കി മാറ്റി സ്വന്തം കൃഷി ഭൂമികളിൽ നിന്നു് അവരെ ഒഴിപ്പിക്കുവാനും, കർഷകരുടെ സ്വയം നിർണ്ണയാധികാരങ്ങൾ നിഷേധിക്കുവാനും കോർപ്പറേറ്റ് കൃഷിയുടെ അടിമകളാക്കി അവരെ മാറ്റാനുമുള്ള കുതന്ത്രങ്ങൾ ഈ പരിഷ്കൃത നിയമങ്ങളിൽ അവർ മണത്തറിഞ്ഞു. കരാർ ലംഘിക്കപ്പെട്ടാൽ കർഷകർക്കു് കോടതിയെ സമീപിക്കുവാനവകാശമില്ലെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ ജില്ലാ കലക്ടറുടെയോ മുമ്പിൽ പരാതി ബോധിക്കാൻ മാത്രമേ അവകാശമുണ്ടാവുകയുള്ളു എന്നും പുതുക്കിയ നിയമം അനുശാസിക്കുന്നു. മിനിമം സപ്പോർട്ട് പ്രൈസ് ഉറപ്പുകളും നിലവിലുള്ള സർക്കാർ സംഭരണ സംവിധാനങ്ങളും തകർക്കുകയാണു് ഈ കാർഷിക പരിഷ്ക്കാരത്തിന്റെ ആത്യന്തിക ഫലം എന്നും അവർ വാദിച്ചു. മാർക്കറ്റിനു പുറത്തു് ഉല്പന്നങ്ങൾ വാങ്ങാനുള്ള സ്വാതന്ത്ര്യം കോർപ്പറേറ്റ് കമ്പനികൾക്കു് അനുവദിച്ചു് കൊണ്ടു് FCI എന്ന വിപുലമായ സംഭരണ കേന്ദ്ര ശൃംഖലയെ സ്വകാര്യവൽക്കരിക്കുവാനും അംബാനിയുടെയും അദാനിയുടെയും കൈകളിലേക്കു് കാർഷിക സംവിധാനങ്ങൾ കൈമാറുവാനുമുള്ള ഒരു ആസൂത്രിതപദ്ധതിയുടെ ഭാഗമായിത്തന്നെയാണു് ഈ പരിഷ്ക്കാരത്തെ കാർഷികരംഗത്തു് അനുഭവ പരിചയവും വൈദഗ്ധ്യവും കൈമുതലായുള്ള വിവേകമതികളായ കൃഷിക്കാർ കണ്ടതു്.
എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് ഭേദഗതി ചെയ്യുക വഴി ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ, ഉരുളക്കിഴങ്ങ് തുടങ്ങിയ ആവശ്യവസ്തുക്കളുടെ മേലുള്ള ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഇല്ലാതാക്കി. കാർഷികോല്പന്നങ്ങൾ മാക്സിമം സംഭരിക്കുവാനും ആവശ്യാനുസൃതം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിലയ്ക്കു് വിൽക്കുവാനുമുള്ള അവകാശങ്ങൾ അങ്ങനെ കോർപ്പറേറ്റ് കമ്പനികൾക്കു് കൈമാറ്റം ചെയ്യപ്പെട്ടു. അവശ്യവസ്തുക്കളുടെ വിപണിയിലുള്ള സർക്കാർ നിയന്ത്രണം പിൻവലിക്കുന്ന ഈ നയം വൻതോതിൽ ഭക്ഷ്യപ്രതിസന്ധി ഉണ്ടാക്കുമെന്നും ആത്യന്തികമായും അതു് ഭക്ഷ്യസ്വയം പര്യാപ്തിയെ ഹനിക്കുമെന്നും അങ്ങനെ ആപൽക്കാരമായ ഭക്ഷ്യപ്രതിസന്ധികളിലേക്കു് രാജ്യത്തെ നയിക്കുമെന്നും കാർഷികമേഖലയിലെ വിദഗ്ധർ കണ്ടെത്തിക്കഴിഞ്ഞു.
യു. എസ്സിലെ 87 കർഷക യൂണിയനുകൾ ഇന്ത്യയിലെ കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ചു് കൊണ്ടെഴുതിയ കത്തിൽ ലോകചരിത്രത്തിലെ ഏറ്റവും ഊർജ്ജസ്വലമായ കർഷക പ്രതിഷേധമെന്നാണു് കർഷക സമരത്തെ വിശേഷിപ്പിക്കുന്നതു്. റീഗന്റെ കാലത്തു് നടപ്പാക്കിയ ഉദാരവൽക്കരണനയം ഗ്രാമീണ മേഖലയിലെ കർഷകരെ ആത്മഹത്യയിലേക്കു് വർദ്ധിച്ച തോതിൽ നയിച്ചതെങ്ങനെ എന്നു് ഈ കത്തിൽ അവർ വിശദീകരിക്കുന്നുണ്ടു് (The Wire Feb. 21, 2021).
മുൻനാസാ ശാസ്ത്രജ്ഞനും പ്രസിദ്ധ സിനിമാനിർമ്മാതാവുമായ ബേദബ്രതാ പെയിൻ നിർമ്മിച്ച Dejavu എന്ന ഡോക്യുമെന്ററി സിനിമയിൽ കാർഷിക മേഖലയെ വിപണിയ്ക്കു് തുറന്നു കൊടുക്കുന്ന നിയോലിബറൽ നയം ഏതാണ്ടു് നാല്പതുകൊല്ലം മുമ്പ് അമേരിക്കയിൽ നടപ്പാക്കപ്പെട്ടപ്പോൾ സംഭവിച്ചതെന്താണെന്നു് അമേരിക്കയിലെ കർഷകർ തുറന്നു പറയുന്ന രംഗങ്ങളുണ്ടു്. കർഷകമേഖലയുടെ തകർച്ചയിലേക്കും ചെറുകിടകർഷകരുടെ നാശത്തിലേക്കുമാണു് ഈ നയം വഴിതെളിച്ചതെന്നു് അവർ പറയുന്നു. കർഷകർ കടക്കാരായി മാറുകയും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥ ധനികരാഷ്ട്രമെന്ന നാം കരുതുന്ന അമേരിക്കയിൽ പോലും സംജാതമാകുന്നതങ്ങനെയാണു്. വൻകിട കോർപ്പറേറ്റുകൾക്കു് ഈ പരിഷ്ക്കാരങ്ങൾ ഗുണകരമായിത്തീർന്നെങ്കിലും അമേരിക്കയുടെ ഗ്രാമീണ കാർഷിക മേഖലകൾ മൂന്നാം ലോക രാജ്യങ്ങളെപ്പോലെത്തന്നെ ദാരിദ്ര്യത്തിലമരുകയാണുണ്ടായതു് എന്നു് അവർ ഈ സിനിമയിൽ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ കർഷക പ്രസ്ഥാനം തങ്ങൾക്കു് പോലും പ്രചോദനം നൽകുന്ന മഹത്തായ മാതൃകയാണെന്നു് അവർ പ്രസ്താവിക്കുന്നു. സ്വതന്ത്ര്യ വിപണി വളരെപ്പെട്ടെന്നു് കുത്തകവൽക്കരണത്തിനു വഴിമാറുകയും കോർപ്പറേറ്റുകൾക്കു് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെറുകിട കർഷകരെ കൂലിത്തൊഴിലാളികളാക്കി മാറ്റുകയും ചെയ്യുന്നതെങ്ങനെ എന്നും അവർ വിശദീകരിക്കുന്നുണ്ടു് (National Herald, 20 April, 2021). യൂറോപ്പിലും തെക്കേ അമേരിക്കയിലും ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിലുമൊക്കെത്തന്നെ നവലിബറൽ നയങ്ങൾ കർഷക മേഖലയെ തകർച്ചയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുകയാണുണ്ടായതെന്നത്രേ സമകാലീന ചരിത്രം തെളിയിക്കുന്നതു്.
കാർഷിക മേഖല കോർപ്പറേറ്റുകൾക്കു് ഏല്പിച്ചു കൊടുത്തു് സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നു് സർക്കാർ പിന്തിരിയുക എന്ന നവോദാരവൽക്കരണ നയത്തിന്റെ ഭാഗമാണീ പരിഷ്ക്കാരമെന്നും കുത്തകകൾക്കനുകൂലമായി സാമ്പത്തിക രംഗത്തെ അടിസ്ഥാനപരമായി പൊളിച്ചെഴുതുവാനുള്ള നീക്കമാണിതെന്നും ഉള്ള കർഷകരുടെ ആശങ്കകൾ സാധൂകരിക്കപ്പെടുകയാണു്. സർക്കാർ ആസ്തികൾ മുഴുവൻ കോർപ്പറേറ്റുകൾക്കു് വിറ്റുതുലക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ തെളിയിക്കുന്നതു് വൻകിട മൂലധനത്തിനു രാജ്യത്തെ തീറെഴുതിക്കൊടുക്കുന്ന ആത്മഹത്യാപരമായ ഒരു സാമ്പത്തിക രാഷ്ട്രീയ നയമാണു് ‘ആത്മനിർഭരത’ എന്ന മധുരനാമത്തിൽ പൊതിഞ്ഞു് മോദി സർക്കാർ പിന്തുടരുന്നതെന്നു് തന്നെയാണു്.