പ്രതികൂല സാഹചര്യങ്ങളെ, പ്രതിസന്ധികളെ, ഭേദിച്ചുയർന്നു വന്ന കർഷക പ്രക്ഷോഭം റിപ്പബ്ലിക്ക് ദിനത്തെ സംഭവവികാസങ്ങളോടെ ഗുരുതരമായ മറ്റൊരു പ്രതിസന്ധിയെ നേരിട്ടു. മൂന്നു ദിവസങ്ങൾ കർഷക പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കാളരാത്രികളായിരുന്നു. സിംഘു, തിക്രി, ഗാസിപ്പൂർ അതിർത്തികളിലെ സമരപ്പന്തൽ ഒഴിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു പോലീസ്സുകാർ. രാജ്യ സ്നേഹികളായ നാട്ടുകാർ എന്ന പേരിൽ ഗുണ്ടകളെ സംഘടിപ്പിച്ചു് സമരക്കാരെ കയ്യേറ്റം ചെയ്യുവാനും സമരപ്പന്തലുകൾ പൊളിക്കുവാനും തുടങ്ങി അവർ. കർഷക നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റവും യു. എ. പി. എ.-യും ചുമത്തി കേസുകൾ ഫയൽ ചെയ്തു. സർക്കാരിന്റെ സർവ്വ ഹിംസ്രോപകരണങ്ങളും കർഷകരെ വേട്ടയാടുവാൻ പ്രവർത്തനസജ്ജമായി.
സിംഘു അതിർത്തിയിലെ സമരപ്പന്തൽ തകർക്കാനെത്തിയ നാട്ടുകാരെന്നു പറയപ്പെടുന്നവരുടെ കൂട്ടത്തിൽ മുഖം മൂടി ധരിച്ച ചില അക്രമകാരികളെക്കൂടി ചാനലുകൾ നമുക്ക് കാട്ടിത്തന്നു. കർഷകരെ അടിച്ചൊതുക്കുവാൻ അമിത്ഷായുടെ കിങ്കരന്മാർ ഇരട്ട മുഖം മൂടികളുമായി ഇറങ്ങിത്തിരിച്ചു എന്നതിന്റെ സുചനയല്ലേ ഇത്? ജെ. എൻ. യു.-വിലെയും ജാമിയയിലെയും, വിദ്യാർഥികളുടെ തല അടിച്ചു പൊളിക്കുവാൻ അമിത്ഷാ പറഞ്ഞയച്ച ദേശസ്നേഹികളായ ഗുണ്ടകളുടെ അനന്തരവന്മാർ തൊഴിലിൽ പുനഃപ്രവേശിച്ചു എന്നർത്ഥം.
കർഷകരുടെ സംഘടിതശക്തിയ്ക്ക് മുന്നിൽ പത്തി ചുരുട്ടി പിൻവലിഞ്ഞ മോദി ഗവണ്മെന്റ്, റിപ്പബ്ലിക്ക് ദിനത്തിലെ അക്രമ സംഭവങ്ങളെത്തുടർന്നു് പത്തിവിടർത്തിയാടുന്നതാണു് നാം കണ്ടതു്. ഒരൊറ്റ ദിവസം കൊണ്ടു് ശക്തി നില കീഴ്മേൽ മറിഞ്ഞു. ഭരണകൂടവും കർഷകരും തമ്മിലുണ്ടായ രാഷ്ട്രീയ ബലപരീക്ഷണത്തിൽ സർക്കാരിനു് ആദ്യമായി മേൽക്കൈ ലഭിച്ചു. ലാത്തിച്ചാർജ്ജുകൾക്കും ടിയർഗ്യാസ് ഷെല്ലുകൾക്കും മുന്നിൽ പതറാതെ, പതിനൊന്നു് വട്ടചർച്ചകളിലും അടി തെറ്റി വീഴാതെ, സമരത്തെ നീചവൽക്കരിക്കുന്ന സർക്കാരിന്റെ പ്രചരണയുദ്ധങ്ങളെയും, സുപ്രീം കോടതി വഴി നടത്തിയ പ്രശമന നീക്കങ്ങളെയും, പിളർത്താനും തകർക്കാനും നടത്തിയ തന്ത്രപരമായ സർവ്വനീക്കങ്ങളെയും, അതിജീവിച്ചു കൊണ്ടു്, ഓരോ ഏറ്റുമുട്ടലുകളിലും ഗവണ്മെന്റിനെ മുട്ടുകുത്തിച്ച കർഷക പ്രക്ഷോഭത്തിന്റെ മുന്നേറ്റത്തെ, ഒരൊറ്റദിവസം കൊണ്ടു് വഴി തിരിച്ചു് വിടുവാൻ സർക്കാരിനു കഴിഞ്ഞു. എന്താണു് റിപ്പബ്ലിക്ക് ദിനത്തിൽ സംഭവിച്ചത്?
അതി നീചമായ ഒരു ഗുഢാലോചനയുടെ, ചതി പ്രയോഗത്തിന്റെ, ചുരുളുകളാണിവിടെ അഴിയുന്നതു്. പൗരത്വപ്രക്ഷോഭണത്തെയും ഷഹീൻബാഗ് സമരത്തെയും തകർക്കുവാൻ, ഹിന്ദുത്വഫാസിസത്തെ ചോദ്യം ചെയ്ത ബുദ്ധിജീവികളെയും ആക്റ്റിവിസ്റ്റുകളെയും തുറുങ്കിലടക്കുവാൻ, മോദിസർക്കാർ മെനഞ്ഞെടുത്ത രാജ്യദ്രോഹമെന്ന പഴയ തിരക്കഥ വീണ്ടും വേദി കയ്യടക്കുകയായിരുന്നു. ഖാലിസ്ഥാനികൾ, അർബൻ മാവോയിസ്റ്റുകൾ, മുസ്ലീം ഭീകരർ എന്ന ‘അപരർ’ അഭിനയിക്കുന്ന, മതഭ്രാന്തരുടെ, ദേശീയഭ്രാന്തരുടെ, ഞരമ്പിൽ വിഷം വമിക്കുന്ന, ഈ തിരക്കഥ പലതവണ പുറത്തെടുക്കുവാനും കർഷകരെ അനഭിമതരായി ചിത്രീകരിക്കുവാനും നടത്തിയ ഓരോ ശ്രമങ്ങളും പരാജയപ്പെടുന്നതാണു് റിപ്പബ്ലിക്ക് ദിനത്തിനു് തൊട്ടുമുമ്പുവരെ നാം കണ്ടതു്.
കർഷകസമരം ഹിംസാരഹിതവും അക്രമരഹിതവും ആകുന്നിടത്തോളം അതിനെ അടിച്ചൊതുക്കുവാൻ സാധ്യമല്ലെന്നു് മനസ്സിലാക്കിയ മോദി ഭരണകൂടം കർഷകർ അക്രമാസക്തരായി തെരുവിലിറങ്ങുന്ന ദൃശ്യങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു എന്നു തന്നെയാണു് ഇപ്പോഴത്തെ അടിച്ചർത്തൽ നടപടികൾ സൂചിപ്പിക്കുന്നതു്. കർഷകർ പ്രഖ്യാപിച്ച റിപ്പബ്ലിക്ക് റാലി സമാധാന പൂർണ്ണമായി നടന്നാൽ ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ, ഇന്ത്യയുടെ പൊതുമണ്ഡലത്തിനുമുന്നിൽ, മോദിഭരണകൂടത്തിന്റെ പ്രതിഛായ തകർന്നു വീഴുമെന്നു് മനസ്സിലാക്കിയ സർക്കാർ മസ്തിഷ്ക്കങ്ങൾ സമർത്ഥമായി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണു് റിപ്പബ്ലിക്ക് ദിനത്തിലെ അക്രമസംഭവങ്ങൾക്കു പിന്നിൽ എന്ന സംശയം ഇന്നു് പ്രബലപ്പെട്ടു വരികയാണു്. ആർ. എസ്സ്. എസ്സുകാരനും ബി. ജെ. പി. എം. പി.-യായ സണ്ണി ദിയോളിന്റെ സുഹൃത്തും മോദി, അമിത് ഷാ എന്നിവരുടെ സഹചരനുമായി അറിയപ്പെടുന്ന ദീപ് സിദ്ധുവായിരുന്നു റെഡ് ഫോർട്ടിൽ സിക്ക് പതാക ഉയർത്തുവാൻ നേതൃത്വം നൽകിയതു് എന്ന വസ്തുത ഇതു് വ്യക്തമാക്കുന്നു. നിരവധി കർഷകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഡെൽഹി പോലീസ്, കർഷക നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും ആക്ഷേപത്തെത്തുടർന്നു് മാത്രമാണു് സിദ്ധുവിനെതിരെ കേസ്സ് ചുമത്തുവാൻ തയാറായതെന്നതും ശ്രദ്ധേയമാണു്. റിപ്പബ്ലിക്ക് ദിനത്തിനു് തലേന്നു് തന്നെ സിംഘു സമരപ്പന്തലിൽ എത്തിച്ചേർന്ന ദീപ് സിദ്ധു, റാലി സമാധാനപൂർണ്ണമായിരിക്കണം എന്ന നേതൃത്വത്തിന്റെ നിർദ്ദേശത്തെ ധിക്കരിക്കുവാൻ യുവാക്കളായ കർഷകരെ പ്രേരിപ്പിച്ചതായും വാർത്തകളുണ്ടു്.
ജനങ്ങളുടെ റിപ്പബ്ലിക്കും ഭരണാധികാരികളുടെ റിപ്പബ്ലിക്കും തമ്മിലുള്ള വ്യത്യസ്തതയെ, കർഷകരനുഭവിക്കുന്ന ദൈന്യതകളെ, പൊതു മണ്ഡലത്തിൽ ദൃശ്യവൽക്കരിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണു് ട്രാക്ടർ റാലി ആസൂത്രണം ചെയ്തതെന്നു് കർഷക നേതാക്കൾ അസന്ദിഗ്ധം വെളിപ്പെടുത്തിയിട്ടുണ്ടു്. ദില്ലി കീഴടക്കുകയല്ല, ദില്ലിയിലെ ജനങ്ങളുടെ ഹൃദയം കയ്യടക്കുകയാണു് ട്രാക്ടർ റാലിയുടെ ഉദ്ദേശമെന്നു് അവർ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സ്നേഹാഭിവാദ്യങ്ങളും പുഷ്പവൃഷ്ടിയും വിജയഹാരങ്ങളും ആശീർവാദങ്ങളും ഏറ്റുവാങ്ങി ശാന്തമായി പുറപ്പെട്ട കർഷകറാലിയിൽ നിന്നു് തെറ്റി മാറി, ഒരു വിഭാഗം സമരക്കാർ അക്രമങ്ങളിലേക്ക് തിരിഞ്ഞതെങ്ങനെ എന്ന വസ്തുത പരിശോധിച്ചു നോക്കുക. തങ്ങളുമായുണ്ടാക്കിയ ധാരണ കർഷകർ തെറ്റിച്ചെന്നു് പോലീസ് പറയുമ്പോഴും നേരത്തേ അംഗീകരിച്ച റൂട്ടുകളിൽ തടസ്സം സൃഷ്ടിച്ചു കൊണ്ടു് പോലീസ് തന്നെയാണു് തുടക്കം മുതലേ ധാരണ ലംഘിച്ചതെന്നതത്രേ സത്യം. മാത്രമല്ല സിംഘു, തിക്രി, ഗാസിപ്പൂർ അതിർത്തി പാതകളിൽ, പൂർവ്വ നിർദ്ദിഷ്ടമായ റൂട്ടുകളിൽ കൂടി ശാന്തവും പ്രൗഢവുമായ രീതിയിൽ തന്നെയാണു് റാലിയുടെ മുഖ്യനിര അവസാനം വരെ കടന്നു പോയിരുന്നതു്.
ചില ഭാഗങ്ങളിൽ ബാരിക്കേഡ് തുറന്നു വിട്ടു് റാലിയെ കടന്നു പോകാനനുവദിച്ച പോലീസ്, നഗരത്തിന്റെ പ്രധാന മേഖലകളിൽ റാലികടന്നു വന്ന ശേഷം ടിയർഗ്യാസും ലാത്തിച്ചർജും കൊണ്ടു് കർഷകരെ തടയാൻ ശ്രമിക്കുന്നതും ക്രൂരമായ മർദ്ദനം അഴിച്ചു വിട്ടുകൊണ്ടു് പ്രകോപനം സൃഷ്ടിക്കുന്നതും ചാനലുകളിൽ നാം കണ്ടു. ഐ. ടി. ഓ. ജംഗ്ഷനിൽ നിന്നു് തിരിച്ചു പോകാൻ ശ്രമിച്ച കർഷകരുടെ ട്രാക്റ്ററുകളുടെ കാറ്റഴിച്ചു് വിട്ടു് അവരെ നഗരത്തിനുള്ളിൽ തന്നെ വട്ടം തിരിയുവാൻ പ്രേരിപ്പിക്കുകയാണു് പോലീസ് ചെയ്തതു്. വേണ്ടിടത്തു് സമരക്കാരെ തടയുവാനോ, പോലീസ്സുകാരെ വിന്യസിക്കുവാനോ അധികൃതർ തയാറായില്ല. റെഡ് ഫോർട്ടിലേക്കു് കർഷകർ കടക്കുന്നതു് തടയാൻ യാതൊരു ശ്രമങ്ങളും പോലീസ്സിന്റെ ഭാഗത്തു നിന്നുണ്ടായില്ല. മുമ്പേ അനുവദിച്ച പലസ്ഥലത്തും നിന്നിരുന്ന ബാരിക്കേഡുകൾ എടുത്തുമാറ്റി മുന്നോട്ടു് നീങ്ങിയ ട്രാക്റ്ററുകൾ പോലീസ്സുകാരുടെ പ്രകോപനഫലമായി മദം പൊട്ടിയ ആനകളെപ്പോലെ ഹാലിളകി പോലീസ്സുകാർക്കും തങ്ങൾക്കെതിരെ തന്നെയും നീങ്ങുന്നതാണു് ചാനലുകൾ കാണിച്ചതു്. അതേ സമയം സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ മുഖ്യ വിഭാഗം കർഷകർ പങ്കെടുത്ത റാലി, നേരത്തേ നിശ്ചയിച്ചുറപ്പിച്ച പാതകളിലൂടെ ശാന്തമായി നീങ്ങുന്ന ദൃശ്യങ്ങൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതേയില്ല. അക്രമദൃശ്യങ്ങൾക്കു് മാത്രമാണു് വാർത്താ ചാനലുകളും പത്രമാദ്ധ്യമങ്ങളും പ്രാധാന്യം കൊടുത്തതു് എന്നതും ശ്രദ്ധേയമാണു്.
സ്നേഹത്തിന്റെയും ശാന്തിയുടെയും, കർഷകന്റെ ആത്മശക്തിയുടെയും പ്രതീകമായ, തടസ്സങ്ങൾക്കു മുകളിൽ പറക്കുന്നതെങ്ങനെയെന്നു് കർഷക സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും വൃദ്ധരേയും പഠിപ്പിച്ച, അവർക്ക് വീടും വാഹനവുമായ, അന്നയന്ത്രങ്ങളായ ട്രാക്ടറുകൾ പ്രകോപനങ്ങളുടെ നാഴികകളിൽ യുദ്ധയന്ത്രങ്ങളായി മാറി എന്നതു ശരിയാണു്. സർക്കാരിന്റെ കുതന്ത്രങ്ങളാണിതിന്റെ പിന്നിൽ എന്നു മനസ്സിലാക്കാൻ കുറ്റാന്വേഷണ വൈദഗ്ധ്യമൊന്നും ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. ഇന്ത്യൻ റിപ്പബ്ലിക്ക് രണ്ടായിപ്പിളരുന്നതിന്റെ നാടകീയ രംഗങ്ങളാണു് ജനുവരി 26-നു് അരങ്ങേറിയതു്. അയ്യപ്പ ശരണമന്ത്രങ്ങൾ ബ്രഹ്മോസ് മിസ്സൈലുകളുടെ ഹുങ്കാര ശ്രുതിയാക്കിക്കൊണ്ടു് മോദിയുടെ യുദ്ധ യന്ത്രങ്ങൾ രാജ്യത്തിന്റെ ശക്തിയും പ്രതാപവും ലോക സമക്ഷം പ്രദർശിപ്പിക്കുമ്പോൾ, വേട്ടയാടപ്പെട്ട ട്രാക്റ്ററുകളുമായി, സർക്കാരൊരുക്കിയ ചതിക്കെണിയിൽ വീണു്, പത്മവ്യൂഹത്തിൽപെട്ടു പോയ അഭിമന്യുമാരെപ്പോലെ, കർഷക യോദ്ധാക്കൾ അടരാടി വീഴുകയും വീഴ്ത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾക്കാണു് നാം സാക്ഷ്യം വഹിച്ചതു്.
നാടിന്റെ അന്നദാതാക്കളായ കർഷകരിൽ ആയിരക്കണക്കിനു പേർ ആത്മഹത്യ ചെയ്തപ്പോൾ, ദില്ലിയുടെ തെരുവിൽ സിക്കുകാർ ചുട്ടുകരിക്കപ്പെട്ടപ്പോൾ, രണ്ടുമാസമായി കൊടും തണുപ്പിൽ സമരം ചെയ്തു് നൂറ്റമ്പതോളം കർഷകർ മരിച്ചു വീണപ്പോൾ ഉണർന്നു വരാത്ത ദേശ സ്നേഹം റെഡ് ഫോർട്ടിൽ സിക്ക് ഗുരുവിന്റെ പതാകകെട്ടിയപ്പോൾ അത്യുഗ്രമായി പതഞ്ഞു പൊന്തുന്നതിന്റെ പിന്നിൽ വിഷം പുരണ്ട ആ പഴയ തിരക്കഥയാണെന്നതിൽ സംശയിക്കേണ്ടതില്ല. പത്രങ്ങളും മാദ്ധ്യമങ്ങളും മസ്തിഷ്ക്കപ്രക്ഷാളനം ചെയ്യപ്പെട്ട “ദേശസ്നേഹികളും” എല്ലാം തന്നെ ഭരണ കൂടത്തിന്റെ അധികാരക്കണ്ണുകളിലൂടെയാണു് കർഷക റാലിയെ സമീപിക്കുന്നതെന്നു് മാദ്ധ്യമ പ്രതികരണങ്ങളിൽ നിന്നും അധികൃതരുടെയും മദ്ധ്യവർഗ്ഗികളുടെയും വ്യാജധാർമ്മിക രോഷപ്രകടനത്തിൽ നിന്നും വെളിവാകും. റെഡ് ഫോർട്ടിന്റെ പരിപാവനതെയെപ്പറ്റി വീമ്പിളക്കുന്ന, പോലീസ്സുകാർ ആക്രമിക്കപ്പെട്ടതിൽ രോഷം കൊള്ളുന്ന വ്യാജദേശീയ വാദികൾ, ബാബറി മസ്ജിദ് മതഭ്രാന്തന്മാരാൽ തകർക്കപ്പെടുമ്പോഴോ, വർഗ്ഗീയ കലാപത്തിൽ ന്യൂനപക്ഷങ്ങൾ കൊന്നൊടുക്കപ്പെടുമ്പോഴോ, ചൈനക്കാർ ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കയ്യടക്കി വയ്ക്കുമ്പോഴോ, തങ്ങൾ പ്രകടിപ്പിക്കാഞ്ഞ രാജ്യ സ്നേഹം, കർഷകരെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെ മെഗാസീരിയലുകളായി പുനഃപ്രക്ഷേപണം ചെയ്യുകയായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ.
എന്നാൽ കർഷകരുടെ ജീവിത കഥയിൽ, സമരകഥയിൽ, കള്ളവും ചതിയും പൊളിയും, അധികാരവും പ്രതാപവുമല്ല കണ്ണീരും, വിതുമ്പലും ചിരിയും, ആശ്ലേഷവും, നൃത്തവും, വിതപ്പാട്ടും വിളപ്പാട്ടും, വംശനൃത്തവും, വീറും കൂറും നെറിയും, അലിവും, സ്നേഹവും സഹാനുഭാവവും, സേവയും, കർമ്മവും, ശാന്തിയും, സമാധാനവും, ചെറുത്തു് നില്പും ബലിസന്നദ്ധതയും നിർഭയത്വവുമാണു് നടമാടുന്നതു്. രാകേഷ് തിക്കായതു് എന്ന കർഷക നേതാവിന്റെ കണ്ണീർ, വിതുമ്പൽ, ആത്മത്യാഗ സന്നദ്ധത, സർക്കാരിന്റെ നീചമായ തിരക്കഥയ്ക്ക് മേൽ കർഷകന്റെ ജീവിത സമര കഥയെ ഇന്നിതാ അവരോധിച്ചിരിക്കുന്നു. ഒറ്റ നിമിഷം കൊണ്ടു് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അധികാര ശാക്തിക നിലയെ കീഴ്മേൽ മറിക്കുവാനും സർക്കാരിന്റെ മേൽക്കൈ തകർക്കുവാനും രാകേഷ് തിക്കായത്തിന്റെ സ്നേഹാശ്രുക്കൾക്ക്, വിതുമ്പുന്ന മൊഴികൾക്ക്, കൃഷിക്കാരുടെ ജീവരക്തം കൊണ്ടെഴുതിയ കർഷക കഥയ്ക്ക്, സാധിച്ചു. കണ്ണീരിന്റെയും വിതുമ്പലിന്റെയും അബോധ രാഷ്ട്രീയ ഭാഷയിൽ നിന്നു് പ്രചോദനം കൊണ്ടു് ആയിരക്കണക്കിനു് കർഷകർ, യു. പിയിൽ, നിന്നു് ഹരിയാനയിൽ നിന്നു് പഞ്ചാബിൽ നിന്നു് സമരസ്ഥലത്തിലേക്ക് പ്രവഹിക്കുന്നതാണു് പിന്നീട് നാം കണ്ടതു്. രാഷ്ട്രീയ ബലപരീക്ഷയിൽ തങ്ങൾക്കു നഷ്ടപ്പെട്ട മേൽക്കൈ കർഷകർ വീണ്ടെടുത്തു. ഇന്ത്യൻ രാഷ്ട്രീയം ഒരിക്കൽ കൂടി കണ്ണീരിന്റെയും സ്നേഹത്തിന്റെയും സഹാനുഭാവത്തിന്റെയും മൂല്യങ്ങളാൽ പുനർനവീകരിക്കപ്പെട്ടു.