images/De_oogst.jpg
De oogst, an oil on canvas painting by Vincent van Gogh (1853–1890).
ജനുവരി 28, 2021: ഗാസിപ്പൂർ സംഭവം
കാളരാത്രികളിലൂടെ

റിപ്പബ്ലിക്കു് ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളുടെ പേരിൽ കർഷകർക്കെതിരേ അതിരൂക്ഷമായ ശിക്ഷാ നടപടികളും അടിച്ചമർത്തലുകളുമാണു് മോദി സർക്കാർ അഴിച്ചു വിട്ടതു്. ഭീതിദമായ ഒരു പ്രതിസന്ധിയുടെ വക്കിലൂടെയാണു് തുടർന്നുള്ള ദിവസങ്ങൾ കടന്നു പോയതു്. ആദ്യത്തെ മൂന്നു ദിവസങ്ങൾ കാളരാത്രികളായി. നാല്പതോളം കർഷക നേതാക്കൾക്കു് പോലീസ് നോട്ടീസ് അയയ്ക്കുകയും അതിൽ പലർക്കെതിരെയും യു. എ. പി. എ.-യും. രാജ്യദ്രോഹക്കുറ്റവും ചുമത്തി കേസ്സെടുക്കുകയും ചെയ്തു. ഗാസിപ്പൂർ, സിംഘു, തിക്രി, ബോർഡറുകളിൽ വൻ സൈനികവിന്യാസം നടത്തിക്കൊണ്ടു് സമരക്കാരെ ഒഴിപ്പിക്കുവാനുള്ള ശ്രമമാരംഭിച്ചു അധികൃതർ. നാട്ടുകാരെന്നു് അവകാശപ്പെട്ട ഗുണ്ടാ സംഘങ്ങൾ കർഷകരെ ഭീഷണിപ്പെടുത്തുകയും സമരസ്ഥലങ്ങൾ ആക്രമിക്കുകയും ചെയ്തുകൊണ്ടു് സംഘർഷാവസ്ഥ സൃഷ്ടിച്ചു തുടങ്ങി. “അത്യാവശ്യ സാധനങ്ങളുടെ വിതരണം നിർത്തിവയ്ക്കുകയും വാർത്താവിനിമയോപാധികൾ നിരോധിക്കുകയും നാട്ടുകാരെ കർഷകർക്കെതിരായി സംഘടിപ്പിച്ചു് ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടു് എല്ലാ വശങ്ങളിൽ നിന്നും തങ്ങളെ വളഞ്ഞക്രമിക്കുകയാണു് സർക്കാർ”: സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന മഹിളാ കിസാൻ അധികാർ മഞ്ചിന്റെ നേതാവായ കവിത കുറുഗന്തി സമരസ്ഥലം സന്ദർശിച്ച പത്രപ്രതിനിധികളോട് പറഞ്ഞു.

ഇന്റർനെറ്റ് പല സ്ഥലങ്ങളിലും വിഛേദിച്ചു. ഡെൽഹി-ആഗ്ര എക്സ്പ്രസ്സ് പാതയിലെ പൽവലിൽ ഉപരോധം നടത്തുന്നവരെ പോലീസ് നീക്കം ചെയ്തു. ഉത്തരപ്രദേശിലെ ഭാഗ്പത്തിൽ ദേശീയപാത ഉപരോധിച്ചു് സമരം നടത്തിയവരെ ബുധനാഴ്ച രാത്രി തന്നെ ഒഴിപ്പിച്ചു. ഹരിയാനയിൽ നിന്നു് സിംഘുവിൽ എത്താനുള്ള വഴി പോലീസ് അടച്ചിട്ടു. ഗാസിപ്പൂരിൽ ജലവിതരണവും വൈദ്യുതിയും വിഛേദിച്ചു. പോലീസ്സിന്റെ ആക്രമണത്തെ ഭയന്നു് സമരപ്പന്തലുകളിൽ നിന്നു് കർഷകർ പലരും സ്വമേധയാ ഒഴിഞ്ഞു പോയിത്തുടങ്ങി. സമരനേതാവായ രാകേഷ് തിക്കായത്തിനു നേരെ ബി. ജെ. പി. നേതാവിന്റെ നേതൃത്വത്തിൽ വന്ന ഒരു സംഘം കൈയേറ്റ ശ്രമം നടത്തി.

ജനുവരി 28 വ്യാഴാഴ്ച വൈകുന്നേരം. പ്രസിദ്ധ കർഷക നേതാവായിരുന്ന മഹേന്ദ്ര സിംഗ് തിക്കായത്തിന്റെ മകനായ രാകേഷ് തിക്കായതു് പനി പിടിച്ചു് ഗാസിപ്പൂരിലെ സമരപ്പന്തലിൽ അവശനായി കിടക്കുന്ന സന്ദർഭം. ഉത്തരപ്രദേശിലെ ആയിരക്കണക്കിന് പോലീസ്സുകാരും സി. ആർ. പി. എഫുകാരും സായുധരായി, ലാത്തികളും ടിയർ ഗ്യാസ് ഷെല്ലുകളുമായി ടെന്റ് വളഞ്ഞ് സമരക്കാരോട് പിരിഞ്ഞ് പോകുവാൻ ആവശ്യപ്പെട്ടു. ഒമ്പതുമണിക്കു് പത്രമാദ്ധ്യമങ്ങളുമായി സംസാരിക്കവേ തന്നെ കയ്യേറ്റം ചെയ്യാൻ വന്ന യുവാവിന്റെ കരണത്തടിച്ചു തിക്കായത്തു്. പോലീസ് അതിക്രമമുണ്ടാവുമെന്ന അറിവ് കിട്ടിയതിനാൽ തിക്കായത്തിന്റെ ജ്യേഷ്ഠനടക്കം പല സമരക്കാരും സ്ഥലം വിട്ടിരുന്നു.

തിക്കായതു് കീഴടങ്ങാൻ തയാറാണെന്നും അതൊടെ പ്രതിഷേധങ്ങൾ സമാപിക്കുകയാണെന്നും മുഖ്യധാരാ മാദ്ധ്യമങ്ങൾ ആഹ്ലാദപൂർവ്വം റിപ്പോർട്ട് ചെയ്തു. ആജ് തകിന്റെ ആങ്കർ കുറഞ്ഞതു് പത്തു വട്ടമെങ്കിലും താങ്കൾ കീഴടങ്ങുമോ എന്നു് തിക്കായത്തിനോട് ചോദിച്ചു.

“ജയിക്കും അല്ലെങ്കിൽ മരിക്കും”

ബലം പ്രയോഗിച്ചു് ഒഴിപ്പിക്കുവാനുള്ള നടപടി മുന്നിൽ കണ്ടു് കർഷക നേതാക്കൾ രാത്രി പതിനൊന്നു് മണിയോട് കൂടി സമരസ്ഥലത്തു തന്നെ ഒരു യോഗം കൂടി. സമരപ്പന്തലിൽ നിന്നു് ഒഴിഞ്ഞ് പോകുന്നതു് ശരിയാവില്ലെന്നു് അവർ തീരുമാനിച്ചു. യുദ്ധക്കളത്തിൽ കീഴടങ്ങുകയോ ഒത്തുതീർപ്പുണ്ടാക്കുകയോ ചെയ്യുന്നതിനേക്കാൾ മരണം വരിക്കുന്നതായിരിക്കും പ്രസ്ഥാനത്തെ സജീവമാക്കി നിലനിർത്താൻ ഉതകുക എന്നു് ഒരു ബി. കെ. യു. (ഭാരതു് കിസാൻ യൂണിയൻ) നേതാവ് അഭിപ്രായപ്പെട്ടു.

സംഭവങ്ങളുടെ ഗതി മാറ്റിയ നിർണ്ണായക നിമിഷങ്ങളാണു് പിന്നീടുണ്ടായതു്. തികായത്തു് സമരവേദിയിലേക്കു് പ്രവേശിക്കുകയും താൻ പിന്തിരിയുകയില്ലെന്നു് പ്രഖ്യാപിക്കുകയും ചെയ്തു. സമരം നിർത്തിവയ്ക്കുകയില്ലെന്നും ബലം പ്രയോഗിച്ചു് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ അവിടെ വച്ചു തന്നെ താൻ ജീവിതം അവസാനിപ്പിക്കുമെന്നും നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പ്രസ്താവിച്ചു. തന്റെ ഗ്രാമത്തിൽ നിന്നു് വെള്ളവുമായി ഒരു ട്രാക്ടറെങ്കിലും സമരസ്ഥലത്തെത്തിച്ചേരുന്നതു വരെ താൻ ജലപാനം ചെയ്യില്ലെന്നു് ശപഥം ചെയ്തു. ഉഗ്ര പ്രതിജ്ഞ പടിഞ്ഞാറൻ യു. പിയിലങ്ങോളമിങ്ങോളമുള്ള കർഷകരുടെ ഹൃദയത്തിൽ തറച്ചു. അവർ ഇളകി മറിഞ്ഞു.

തിക്കായത്തിന്റെ വാക്കുകൾ കാട്ടു തീ പോലെ പടരുകയും, അരമണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് കർഷകർ മീററ്റ്, ഹാപൂർ, മുസാഫർനഗർ, ഷാംലി തുടങ്ങിയ പടിഞ്ഞാറൻ യു. പിയിലെ പലപ്രദേശങ്ങളിൽ നിന്നും സമരസ്ഥലത്തേക്കിറങ്ങിത്തിരിക്കുകയും ചെയ്തു. മുസാഫർപൂർ നഗരത്തിലെ മഹാപഞ്ചായത്തിലേക്കു് ജനസഹസ്രങ്ങൾ പ്രവഹിച്ചു.

ഏതു നിമിഷവും പോലീസ്സുകാർ ഒഴിപ്പിക്കൽ നടപടി തുടങ്ങിയേക്കാം എന്ന ആശങ്കയോടെ കൊടും തണുപ്പത്ത്, കുട്ടികളും വൃദ്ധരും സ്ത്രീകളും അടങ്ങുന്ന സമരക്കാർ ആ കാളരാത്രിയെ നേരിടുവാൻ ദൃഢമനസ്ക്കരായി നേരം പുലരുവോളം ഉറക്കമിളച്ചിരിക്കുന്ന ഉദ്വേഗകരമായ ദൃശ്യങ്ങളാണു് ചാനലുകൾ കാട്ടിത്തന്നതു്.

രാത്രി ഒരു മണിയോടെ മുപ്പതിനായിരത്തോളം കർഷകർ ഗാസിപ്പൂരിൽ നിറഞ്ഞു. തിക്കായത്തിനു ചുറ്റും അവർ നിലയുറപ്പിച്ചു. കൂടുതൽ സമരക്കാർ എത്തിച്ചേർന്നതോട് കൂടി ബലം പ്രയോഗം രാഷ്ട്രീയമായി ദോഷം ചെയ്യും എന്നു മനസ്സിലാക്കിയ പോലീസുകാർ ഒഴിപ്പിക്കൽ ദൗത്യത്തിൽ നിന്നു് പിന്തിരിഞ്ഞു.

പിറ്റേന്നു് രാവിലെ 8 മണിയോട് കൂടി നൂറുകണക്കിന് ട്രാക്റ്ററുകൾ ഗാസിപ്പൂർ അതിർത്തിയിലേക്കുള്ള റോഡിലൂടെ മുന്നേറി. പത്തു് പത്തരയോടെ മുസാഫർ പൂരിൽ നിന്നു 200 പേരടങ്ങിയ ഒരു സംഘം സമരസ്ഥലത്തെത്തിച്ചേർന്നു. പടിഞ്ഞാറൻ യു. പിയിൽ നിരവധി പ്രദേശങ്ങളിൽ പ്രതിഷേധ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

കർഷകസമര ചരിത്രത്തിലെ രണ്ടാം സംഭവമായി രാകേഷ് തിക്കായത്തിന്റെ ചെറുത്തു് നിൽപ്പും തുടർന്നുണ്ടായ സമര മുന്നേറ്റവും. തിക്കായത്ത് കർഷക സമരപ്രസ്ഥാനത്തിന്റെ അജയ്യനായ നേതാവായി മാറി എന്നു മാത്രമല്ല കർഷക സമരം പൂർവ്വാധികം ശക്തി നേടുകയും ചെയ്തു. കർഷകസമരത്തിന്റെ ദിശയിൽ തന്നെ നിർണ്ണായകമായ മാറ്റങ്ങൾ സൃഷ്ടിച്ചു ഗാസിപ്പൂർ സംഭവം.

“നവനവീനം”

കർഷക പ്രക്ഷോഭത്തെ ‘നവ നവീന’മെന്നും ‘അസാധ്യ’ത്തിന്റെ രാഷ്ട്രീയമെന്നും നേരത്തെ വിശേഷിപ്പിക്കുയുണ്ടായി. ഉന്നതമായ മാനുഷിക മൂല്യങ്ങളും സജീവവും പ്രതിജ്ഞാപകവുമായ ഭാവശക്തികളുമാണു് ഈ രാഷ്ട്രീയത്തിന്റെ ഏകോപന ശക്തി, സ്ഥാപന ശക്തി, ആത്മശക്തി. വെറുപ്പു്, ശത്രുത, പക, നിരാശ, ഭയം, എന്നീ പ്രതിക്രിയാപരമായ ഭാവശക്തികളാണു് (reactive affects) ഭരണകൂട രാഷ്ട്രീയത്തെ (“സാധ്യ” രാഷ്ട്രീയങ്ങളെ) അതിന്റെ തിരക്കഥകളെ, നിർണ്ണയിക്കുന്നതെങ്കിൽ സ്നേഹം, ശാന്തി, നിർഭയത്വം, മൈത്രി, അലിവു്, എന്നീ ധനാത്മക ഭാവശക്തികളാണു്, കർഷക പ്രക്ഷോഭത്തെ നിർവ്വചിക്കുന്നതു്. അന്തസ്ഥിതമായ ഈ മൂല്യ-ഭാവ-ശക്തികളുടെ നൈതികമായ മഥനത്തിൽ നിന്നാണു് ‘നവനവീനം’ ഉല്പന്നമാകുന്നതും അസാധ്യത്തിന്റെ രാഷ്ട്രീയം പൊട്ടിപ്പുറപ്പെടുന്നതും. മറ്റൊരു തരത്തിൽ പറഞ്ഞാൽ കാമനയുടെ, അബോധത്തിന്റെ, അഗാധഹ്രദങ്ങളിൽ നിന്നാണു് കർഷക രാഷ്ട്രീയം ഉറന്നു വരുന്നതു്. ഒരു പക്ഷേ കർഷകരെക്കാൾ, പ്രതിപക്ഷകക്ഷികളെക്കാൾ, രാഷ്ട്രീയ വിചക്ഷണന്മാരെക്കാൾ, ഇതേറ്റവും കൂടുതൽ മനസ്സിലാക്കുന്നതും മോദി ഭരണകൂടം തന്നെയാവും. കർഷക രാഷ്ട്രീയം ജനഹൃദയങ്ങളിൽ വെന്നിക്കൊടി നാട്ടുന്നതു് നൈതികമായ ഈ നവനീത തേജസ്സിനാലാണെന്നു് മനസ്സിലാക്കിയ മോദി ഭരണകൂടത്തിന്റെ മുഖ്യ തന്ത്രം ഈ ‘നവനവീനത’യെ തകർത്തു് കൊണ്ടു് വിദ്വേഷത്തിന്റെയും ഹിംസയുടെയും നിഷേധാത്മകമായ മൂല്യഭാവമണ്ഡലത്തിലേക്കു്, അധികാരത്തിന്റെ പ്രതിലോമ നീച ആഖ്യാനത്തിലേക്കു്, കർഷകപ്രക്ഷോഭത്തെ പരാവർത്തനം ചെയ്യുക എന്നതായിരുന്നു.

റിപ്പബ്ലിക്കു് ദിനത്തിൽ ഭരണകൂടശക്തികൾ ആവിഷ്ക്കരിച്ച ഗൂഢതന്ത്രവുമിതുതന്നെ: കർഷകപ്രക്ഷോഭത്തിന്റെ നവീനതയെ ധ്വംസിക്കുക. ഭരണകൂട രാഷ്ട്രീയത്തിന്റെ കഥന ശൈലിയിലേക്കു് കർഷക സമരകഥയെ പരിഭാഷ ചെയ്യുക. പഞ്ചാബി നടനും ആക്റ്റിവിസ്റ്റും ബി. ജെ. പി.-യുടെ തോഴനുമായ ദീപ് സിദ്ധുവിന്റെ നേതൃത്വത്തിലുള്ള യുവജനങ്ങൾക്കായി റെഡ്ഫോർട്ട് വിട്ടു് കൊടുത്തതും അതിന്റെ കമാനത്തിൽ ദേശീയപതാകയ്ക്കു് താഴെ സിക്കുകാരുടെ പതാകയായ ‘നിഷാൻ സാഹിബ്’ ഉയർത്തുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തതും ഭരണകൂടത്തിന്റെ മാസ്റ്റർ സ്ട്രോക്കുകളായിത്തന്നെ കാണണം. ഒരൊറ്റദിവസം കൊണ്ടു് കർഷകപ്രക്ഷോഭത്തിന്റെ തേജോപരിവേഷത്തെ, യശോമുദ്രയെ, താൽക്കാലികമായെങ്കിലും ഹനിക്കുവാനും ലോകസമക്ഷം കളങ്കപ്പെടുത്തുവാനും, രാജ്യദ്രോഹത്തിന്റെ തിരക്കഥയുപയോഗിച്ചു് കർഷകർക്കെതിരേ ഭരണകൂടത്തിന്റെ ഹിംസ്രോപകരണങ്ങളെ വിക്ഷേപിക്കുവാനും, അങ്ങനെ ബഹുജനസമ്മതിയോടെ സമരത്തെ അടിച്ചൊതുക്കുവാനുമുള്ള സുവർണ്ണാവസരങ്ങൾ ഈ ഗൂഢാലോചനവഴി മോദി ഗവണ്മെന്റിനു ലഭിച്ചു. നിർദ്ദിഷ്ടമാർഗ്ഗങ്ങളിൽ കൂടെ റാലി നടത്താൻ പറഞ്ഞ വൃദ്ധനേതൃത്വത്തെ ‘പേടിത്തൊണ്ട’ന്മാരെന്നു് കളിയാക്കി റാലിയുടെ ദിശ നഗര കേന്ദ്രത്തിലേക്കു് തിരിച്ചുവിടാനും യുവാക്കളെ തങ്ങളുടെ ഗൂഢാലോചനയ്ക്കു് കരുവാക്കുവാനും ദീപ് സിദ്ധുവിനെപ്പോലുള്ളവർ വിജയിച്ചപ്പോൾ രാഷ്ട്രീയ ബലപരീക്ഷയിൽ കർഷക പ്രക്ഷോഭം അതേവരെ നേടിയെടുത്ത മേൽക്കൈ തൽക്കാലം നഷ്ടപ്പെടുകയും ഭരണാധികാരികളുടെ വേട്ടയാടലിന് അനുകൂലസാഹചര്യം ഒരുക്കപ്പെടുകയുമാണുണ്ടായതു്.

സ്ഥൈര്യം, സ്തിതപ്രജ്ഞത്വം, നിർഭയത്വം, ക്രാന്തദർശിത്വം, സ്നേഹം, ശാന്തി, ഹൃദയോദാരത, എന്നീ മൂല്യങ്ങളാൽ, സ്പിനോസ പറയുന്ന സജീവഭാവശക്തികളാൽ പതം വന്നു് കഴിഞ്ഞ വൃദ്ധരുടെയും സ്ത്രീകളുടെയും നേതൃത്വമാണു് കർഷക സമരത്തെ ഇന്ത്യയിലെ, ലോക ചരിത്രത്തിലെത്തന്നെ, നവനവീനമായ ഒരു രാഷ്ട്രീയ പരീക്ഷണമാക്കുന്നതു്. മിഷെൽ ഫൂക്കോ പറഞ്ഞ ആത്മപരിചരണത്തിന്റെ (care of self) ഭാഗമായി രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്ന, സമരത്തെ തപസ്സും യോഗവുമാക്കി ആവിഷ്ക്കരിക്കുന്ന ഈ കർഷക ഋഷിവര്യന്മാരാണു് കർഷക മഹാസമരത്തിന് നാളിതുവരെയുള്ള സമരങ്ങളിൽ നിന്നു് വിഭിന്നമായ ‘നവനവീനമാനം’ നൽകുന്ന മുഖ്യഘടകം എന്നു് സംഭവവികാസങ്ങൾ നമ്മെ ബോധവാന്മാരാക്കുന്നു. റിപ്പബ്ലിക്കു് ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളെ ന്യായീകരിക്കുന്നതിനു പകരം അക്രമകാരികളെ തള്ളിപ്പറയുകയും അക്രമത്തിൽ ഖേദം പ്രകടിച്ചു് കൊണ്ടു് റാലി പിൻവലിക്കുകയും അന്നേദിവസം ഉപവാസസത്യാഗ്രഹം നടത്തുകയുമാണു് കർഷക സമരനേതാക്കൾ ചെയ്തതു്.

തിക്കായത്തിന്റെ കണ്ണീർ, വിതുമ്പൽ, ഉപവാസം, ആത്മപരിത്യാഗ സന്നദ്ധത, ഹരിയാനയിലെയും യു. പി. യിലെയും ഇന്ത്യയുടെ സർവ്വമേഖലകളിലുമുള്ള കർഷകരുടെയും (അതോടൊപ്പം ബഹുജനങ്ങളുടെയും) ഹൃദയത്തിൽ നവീനമായ ഒരു രാഷ്ട്രീയ സന്ദേശമായി തറയ്ക്കുകയും, അതു് സമരപ്രദേശത്തേയ്ക പ്രവഹിക്കുവാൻ ആയിരക്കണക്കിന് കർഷകരെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, മഹാ കാപ്പ് പഞ്ചായത്തുകളിൽ സജീവമായി പങ്കെടുക്കുവാൻ കർഷക സഹസ്രങ്ങൾക്കു് പ്രചോദനം നൽകിയെങ്കിൽ, കർഷകരാഷ്ട്രീയത്തിന്റെ ‘നവനവീനസത്തയെയാണു് അതു് ഉദ്ഘോഷണം ചെയ്യുന്നത്: അസാധ്യത്തിന്റെ സാധ്യതയെ ഉന്നം വയ്ക്കുന്ന അബോധത്തിന്റെ, ഭാവശക്തിയുടെ, കാമനയുടെ, രാഷ്ട്രീയത്തെ.

“ജയിക്കും അല്ലെങ്കിൽ മരിക്കും” എന്ന നവനവീനമായ രാഷ്ട്രീയപ്രസ്താവത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയത്തിൽ ഒരിക്കൽ കൂടി പ്രതിഷ്ഠിച്ചിരിക്കുന്നു തിക്കായത്തിന്റെ ധീരമായ ചെറുത്തു് നില്പ്. മഹാത്മജിയുടെ ജീവത്തായ സാന്നിദ്ധ്യം അദ്ദേഹത്തിന്റെ മണിപൂരക രക്തത്തെ ഓർമ്മിക്കുന്ന രക്തസാക്ഷിദിനത്തിൽ (രക്തസാക്ഷി ദിനമായി ആചരിക്കപ്പെടുന്ന ഗാന്ധിജിയുടെ ചരമദിനം, ജനുവരി 30) തന്നെ ഇന്ത്യയിൽ അനുഭവസിദ്ധമായിരിക്കുന്നു എന്നാണോ ഇതിന്റെ അർത്ഥം?

Colophon

Title: Kaṛṣakasarattinte sambhavamānangaḷ (ml: കർഷകസമരത്തിന്റെ “സംഭവ”മാനങ്ങൾ).

Author(s): K Vinod Chandran.

First publication details: Sayahna Foundation; Trivandrum, Kerala; 2021-12-01.

Deafult language: ml, Malayalam.

Keywords: Articles, K Vinod Chandran, title, വിനോദ് ചന്ദ്രൻ, കർഷകസമരത്തിന്റെ “സംഭവ”മാനങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: De oogst, an oil on canvas painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.