ഗ്രാൻപാ ആരോഗ്യത്തിന്റെ തൊണ്ണൂറ്റിയഞ്ചാണ്ടുകൾ പൂർത്തിയാക്കുന്ന തിരുനാളിൽ ഞാനടക്കം കുടുംബത്തിലെ ഡോക്ടർമാരുടെ മൂന്നു തലമുറ തറവാട്ടിൽ ഒത്തുചേർന്നു. തമിഴ്‌നാടിനോടു് മൂക്കുരുമ്മിനിൽക്കുന്ന തെക്കുകിഴക്കൻ പാലക്കാടൻ പ്രദേശങ്ങളിലൊന്നിലാണു് ഗ്രാൻപാ പണിക്കാരുടെ പിന്നണിബലത്തോടെ ജീവിച്ചുപോരുന്നതു്. ജോലി അവസാനിപ്പിച്ചതിനുശേഷം, വർഷങ്ങളായി അദ്ദേഹം അവിടെത്തന്നെയാണു്. കരിമ്പിൻപാടങ്ങൾക്കിടയിലൂടെ നൂണുപോകുന്ന മൺപാതയിലൊന്നു് നിറഞ്ഞ പനങ്കാവുകളെ ചെന്നുതൊടുന്നതിനോരംപറ്റിയാണു് തറവാടിന്റെ നിൽപ്പു്. പച്ചത്തഴപ്പാർന്ന പറമ്പിനെ ചുറ്റിനും വിരിച്ചിട്ടു്, കുമ്മായവെൺമയുടെ നീളൻചുമരുകളിൽ അതങ്ങനെ തലയുയർത്തിനിൽക്കുകയാണു്. തീരെ ചെറിയ ജാലകങ്ങളെല്ലാം സന്ദർഭത്തിന്റെ പ്രത്യേകതയിൽ വെയിൽവെളിച്ചത്തിലേക്കു് മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു.
പഴുത്ത നെല്ലിന്റേയും, കരിമ്പിന്റേയും മണമുള്ള നിരത്തിലൂടെ നീളെ കാറോടിച്ചു് ഞാനങ്ങു് വന്നെത്തുകയായിരുന്നു. വെല്ലൂർ സി. എം. സി.-യിൽ ഒപ്പം ജോലിചെയ്യുന്ന ഡോക്ടർ പാർത്ഥന്റെ രഥമാണു്. നായത്തോടാണു് പുള്ളിയുടെ വീടു്. അവിടെ, വീട്ടുമുറ്റത്തു് മാസങ്ങളായി ശിശിരനിദ്രയിലാണ്ടുകിടന്ന വാഹനത്തെ കൈയാളി, നീളെയങ്ങു തെളിച്ചു. ഫ്ലൈറ്റിനകത്തെ ആഴമേറിയ ഉറക്കത്തിനു് കാറിനകത്തെ അതിശ്രദ്ധകൊണ്ടു് ഞാനങ്ങു പകരംവീട്ടി.
തളിരിട്ട മാവിൻതണലിൽ കാർ പാർക്ക് ചെയ്യുമ്പോൾ തൊട്ടടുത്തായി ഡാഡിയുടെ കാർ നിൽക്കുന്നതു കണ്ടു. ഡ്രൈവർ അടുത്തൊന്നുമില്ല. എന്നല്ല, വീട്ടിലെ പണിക്കാരുടെപോലും പൊടിയില്ല. ഉച്ചിയിൽ, നിഴലിനെ ചെറുതാക്കുന്ന ഉച്ചവെയിൽ. ഒരുവേള, സദ്യ തുടങ്ങിയിട്ടുണ്ടാകും. മുന്നോട്ടു നടക്കുമ്പോൾ സ്വിച്ച്ഡ് ഓഫാക്കി സൂക്ഷിച്ച സെൽഫോണിനു ജീവൻ കൊടുത്തു. ആവശ്യമെങ്കിൽ പേഴ്സണൽ ഫോൺ മാറ്റിനിർത്തി, ഹോസ്പിറ്റൽ ഫോണിന്റെ പരിധിയിൽമാത്രം നിലനിൽക്കുന്നതാണു് എന്റെയൊരു രീതി. പാഴായിപ്പോയ പല വിളികളുടെ ചരിത്രരേഖകൾ ഒന്നൊന്നായി തിരശ്ശീലയിൽ തെളിഞ്ഞുവന്നു. കൂടുതൽ വിളികളും അമ്മയുടെ ഫോണിൽനിന്നുതന്നെ.
പഴയ പടവുകൾ കയറി, അകത്തേക്കു് തല നീട്ടിയതും ഗ്രാൻപായുടെ കണ്ണിൽപ്പെട്ടു.
“എന്റെ കുഞ്ഞാ, നീ വന്നെത്തിയല്ലോ!”
ഗ്രാൻപാ കൂടുതൽ സന്തോഷം പ്രകടമാക്കിയതു് എന്നെ മുന്നിൽക്കണ്ടപ്പോഴാണെന്നു പന്തയംവെക്കാം. ഏകമകനേക്കാൾ പേരക്കുട്ടിയോടാണു് പണ്ടും, അദ്ദേഹത്തിനു് അധികപ്രിയം. മറ്റുള്ളവരോടു് തീരെ ഇല്ലെന്നല്ല, പൊതുവെ ഉള്ളിലുള്ളതു് വെളിയിൽ കാണിക്കുന്ന രീതി അദ്ദേഹത്തിനില്ലെന്നുമാത്രം. ശിലാഭാവത്തിലാണു് മിക്കപ്പോഴും അദ്ദേഹം. പക്ഷേ, അത്തരം പ്രകൃതത്തിന്റെ മുറുക്കമൊക്കെ എനിക്കു മുന്നിൽവരുമ്പോൾ പെട്ടെന്നങ്ങു് അലിഞ്ഞുപോകും. നടക്കാനിറങ്ങുന്ന തുറസ്സുകളിൽ ചരിത്രം എല്ലായ്പ്പോഴും നവജാതരുടെ കൈകളിലാണല്ലോ കയറിപ്പിടിക്കുക.
ഡ്രൈവർ മനോജും, അടുക്കളക്കാരൻ സേതുവും വട്ടത്തിലുള്ള ഊൺമേശയെ വിഭവങ്ങളോടെ നീളെ നിയന്ത്രിച്ചു. ദീർഘനാളുകൾക്കുശേഷം തമ്മിൽക്കാണുന്നതിന്റെ തിളക്കം, മൂടിവെച്ച ഡിപ്ലോമസിക്കിടയിലൂടെ അമ്മയുടെ മുഖത്തു മിന്നുന്നതു് ശ്രദ്ധിച്ചെങ്കിലും ശരിക്കും എന്റെ നോട്ടമത്രയും ഗ്രാൻപായുടെ നേർക്കായിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ കവിളെല്ലുകൾ കുഞ്ഞുനാളിൽ ഞാൻ കണ്ട അതേ തിളക്കംപാലിച്ചു് എഴുന്നുനിൽക്കുന്നുണ്ടു്. പാകത്തിനു് മാംസപേശികളിട്ടു ക്രമപ്പെടുത്തിയ കവിളിണകളിൽ പക്ഷേ, സൂര്യവെളിച്ചമില്ല. പകരം ചുളിവുകൾ ചമച്ചെടുത്ത മുഖനിമ്നോന്നതികളിൽ നീളെയിളകുന്നതു് നരച്ച നിഴലുകളാണു്. നീങ്ങിപ്പോകുന്ന മേഘച്ഛായ മണ്ണിൽ വലിച്ചിഴക്കപ്പെടുന്നതുപോലെ. അതുമാത്രമല്ല, ഗ്രാൻപാ നീണ്ട മൗനത്തിലുമായിരുന്നു. വിഭവങ്ങളെ തൊട്ടുപെരുമാറുന്നതിൽമാത്രം ശ്രദ്ധാലുവായ ഒരു ഊൺകാരണവരേപ്പോലെയാണു് അദ്ദേഹം പെരുമാറിയതു്. വിചിത്രംതന്നെ! അതിനാനുപാതികമായി ഡാഡിയും മമ്മിയും നീങ്ങുക കൂടിയായപ്പോൾ എനിക്കെന്തോപോലെ തോന്നി. ഊൺമേശക്കുചുറ്റും മിണ്ടാട്ടമില്ലാത്ത നിമിഷങ്ങൾ നേർത്തുവന്നു.
“ചിലതെല്ലാം വ്യക്തമാക്കാനുണ്ടു്, ഇവിടെവെച്ചുതന്നെ.”
വിരുന്നു് അതിന്റെ അവസാനത്തോടടുക്കുമ്പോൾ ഗ്രാൻപാ തണുത്ത ശബ്ദത്തിൽ പറഞ്ഞു. ഊൺമേശ വെടിപ്പാക്കിയാലുടൻ തുടങ്ങാമെന്നായിരുന്നു ഒറ്റ വാചകത്തിലുള്ള നിർദ്ദേശം. എന്നെക്കൂടി ചേർത്തുകൊണ്ടാണു് അദ്ദേഹം യോഗം തീരുമാനിച്ചതെന്നു് മനസ്സിലായി. ഞങ്ങൾ അതങ്ങനെത്തന്നെ അനുസരിച്ചു. അടുക്കളപ്പണിക്കാരി മേശ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ പക്ഷേ, ഗ്രാൻപാ കൈകഴുകി നേരെ കിടപ്പുമുറിയിലേക്കു നീങ്ങുകയാണുണ്ടായതു്. മേശപ്പുറം ഒരുങ്ങിക്കഴിഞ്ഞിട്ടും ഗ്രാൻപാ തിരികെയെത്തിയില്ല. ഒന്നും സംഭവിക്കാതെ നിമിഷങ്ങൾ ക്ലോക്കിൽ തൂങ്ങിയാടുമ്പോൾ ഡാഡിയുടെ കുറുകിയ നെറ്റിയിൽ പ്രത്യേകമായ ചില ചുളിവുകൾ കണ്ടുതുടങ്ങി. ഒട്ടും കാത്തിരുന്നു ശീലമില്ലാത്തയാളാണു്. ലക്ഷണം തികഞ്ഞ അക്ഷമൻ.
ഉയരമതിലിനപ്പുറത്തെ കാണാനാവാത്ത ഒറ്റയടിപ്പാതപോലെ ഗ്രാൻപാ ദീർഘനേരം അശരീരിയായി തുടർന്നു. വിരുന്നിനും ഉച്ചമയക്കത്തിനുമിടക്കു് ഊൺമേശയിൽ ത്രിശങ്കുവിനേപ്പോലെ തൂങ്ങിനിൽക്കാനല്ലാതെ മറ്റൊന്നിനും ഞങ്ങൾക്കായതുമില്ല. എന്നോടു് മമ്മി അധികമൊന്നും സംസാരിച്ചില്ല. ദീർഘവിരഹത്തിന്റെ ഭാഗമായി സംഭവിക്കേണ്ട കുശലമെല്ലാം, മമ്മിയുടെ വൃദ്ധമുഖത്തെ മുഖത്തേപ്പുപോലെത്തന്നെ ചർമ്മസ്പർശിയാകാതെ മാറിനിന്നു. കാര്യമാത്രപ്രസക്തമായ ലഘുഭാഷണത്തിൽ അതൊതുങ്ങി. വായുവിലുറയുന്ന മഞ്ഞുകട്ടിമാതിരി സമയം പിന്നെയും, ബാക്കി.
തറവാടിന്റെ മേലാപ്പിനെ തഴുകി വെയിൽ പിന്നോട്ടു വീശുന്നതിനുമുമ്പു്, ഗ്രാൻപാ ഊൺമേശയിലേക്കു വന്നെത്തി. വിചിത്രമെന്നുതന്നെ പറയാവുന്ന മട്ടിലായിരുന്നു കടന്നുവരവു്. ത്രീ പീസ് സൂട്ടണിഞ്ഞു്, സർവ്വീസ് കാലത്തു് താൻ പതിവായി ഉപയോഗിക്കാറുള്ള ബ്രോവ്ലിൻ ബ്ലാക്ക് സൺഗ്ലാസ്സുമൊക്കെയായിട്ടു്!
“എനിക്കൊരു യാത്രപോകേണ്ടതുണ്ടു്.”
എല്ലാവരും അമ്പരന്നുപോയെന്ന കാര്യത്തിൽ ഒട്ടുമില്ല സംശയം.
“ഐ ഹാവ് ടു ഗോ ടു മദ്രാസ്, ഐ മീൻ ചെന്നൈ.”
“ആർക്കൊപ്പം?”
അങ്ങനെയാണു് ഡാഡി ചോദിച്ചതു്.
കഴിഞ്ഞ കുറേ കൊല്ലങ്ങളായി യാതൊന്നിനും തറവാട്ടിൽനിന്നു് പുറത്തിറങ്ങാത്തയാളാണു് സംസാരിക്കുന്നതു്!
“പേരക്കുട്ടിയോടൊപ്പം.”
എന്റെ മുഖത്തേക്കു പോലും നോക്കാതെ അദ്ദേഹം തുടർന്നു പറഞ്ഞു.
ഡാഡി അന്നേരം, ഗ്രാൻപായുടെ അരികിലേക്കു നീങ്ങിച്ചെന്നു. അദ്ദേഹത്തിന്റെ കൈകൾ രണ്ടും സ്വന്തം കൈക്കുള്ളിലാക്കി. ആസന്നമരണത്തിന്റെ നിറവ്യത്യാസം കൈകളിൽ ബാധിച്ചിട്ടുണ്ടോ എന്നു പാളിനോക്കാൻവേണ്ടിയാവാം. സൂത്രം ഗ്രാൻപാ തിരിച്ചറിഞ്ഞു.
“നോ ബ്ലോച്ചി സ്കിൻ[2] ഓൺ ദ ഹാൻഡ്സ്.”
ഗ്രാൻപാ നിർദ്ദയം പറഞ്ഞു. ലജ്ജയുടെ ഒളിമറവിനുപോലും സമയംകളയാതെ വേഗത്തിൽ ഡാഡി പിൻവാങ്ങി. ഞാൻ ഗ്രാൻപായെത്തന്നെ സൂക്ഷിച്ചുനോക്കി. തൊണ്ണൂറുകഴിഞ്ഞതിന്റെ സഫലക്ഷീണമല്ലാതെ മറ്റൊരു ആപത്ലക്ഷണവും ആ മുഖത്തു് കാണാനില്ല. കോൾഡ് സ്റ്റെറിലൈസേഷനുശേഷം തയ്യാറാക്കിനിർത്തിയ സർജിക്കൽ സ്കാൽപൽപോലെ മൂർച്ചയോടെ മുന്നോങ്ങിനിൽക്കുന്ന കൺപീലികൾ വെളുത്തിട്ടുണ്ടെന്നല്ലാതെ ഒട്ടും തളർന്നിട്ടില്ല. കരിങ്കടൽത്തീരത്തെ ആ നീലകൃഷ്ണമണികൾ ഇപ്പോഴും നന്നായി ജ്വലിക്കുന്നുണ്ടു്. വംശവഴിയായി അതു് പിന്നീടു്, പകർന്നുകിട്ടിയിട്ടുള്ളതു് എനിക്കുമാത്രമാണു്. പാരമ്പര്യത്തെ പരസ്പരം കൈകോർത്തു് ഉള്ളംകൈയിൽ സംരക്ഷിച്ചുകൊണ്ടു് കരിങ്കടൽത്തീരത്തുനിന്നു് ഇവിടെ വന്നെത്തിയതു് ഞാനും ഗ്രാൻപായും മാത്രമായിരിക്കാം. ദൂരകാലങ്ങൾ ചാർത്തിക്കൊടുത്ത കലർപ്പിൽ വംശം മറഞ്ഞവനായി തുടരാനാണു് പാവം, ഡാഡിയുടെ വിധി.
“എന്നാണു് യാത്ര ഉദ്ദേശിക്കുന്നതു്?”
ഡാഡി ചോദിച്ചു.
ഗ്രാൻപാ മറുപടി പറഞ്ഞില്ല. മമ്മിയേത്തന്നെ സൂക്ഷിച്ചുനോക്കുന്നതു കണ്ടു. അവർക്കിടയിൽ പ്രത്യേകമായൊരു പാരസ്പര്യം സദാ നിലനിൽക്കുന്നുതായി എനിക്കറിയാം. മമ്മി അദ്ദേഹത്തോടു് ഉത്തരം പറയാനിഷ്ടപ്പെടാത്ത യാതൊന്നും ചോദിക്കില്ല. ഒരാൾക്കു് മറ്റൊരാളോടു പാലിക്കാൻ ബുദ്ധിമുട്ടായ ഒരിനം സമ്പ്രദായമാണല്ലോ, അതു്. സ്വന്തം ലൈബ്രറിയൊന്നാകെ അദ്ദേഹം ഏൽപ്പിച്ചുകൊടുത്തതു് മമ്മിക്കാണു്. ജനറൽ ഫിസീഷ്യനപ്പുറം പോകാൻ ധൈര്യമില്ലാത്ത പാവം മമ്മിക്കു കിട്ടിയതത്രയും ശസ്ത്രക്രിയയുടെ ഭയജന്യമായ പാഠങ്ങൾ! എങ്കിലും, പുസ്തകങ്ങളെയത്രയും വാലൻപുഴുക്കൾക്കു കൊടുക്കാതെ മമ്മി കാത്തുരക്ഷിച്ചു. എന്റെ കൊച്ചുകാലുകൾ പിച്ചവെക്കുമ്പോഴേക്കും ലോകഗതി മറ്റൊന്നായിക്കഴിഞ്ഞിരുന്നു. പുസ്തകങ്ങൾ നശിക്കാതെ രക്ഷപ്പെട്ടെങ്കിലും ഗ്രാൻപായുടെ പാഠങ്ങളിലധികവും പ്രയോഗഗതിയിൽ വാലൻപുഴുവിന്റെ പിടിയിലായെന്നുതന്നെ പറയാം. അടിവെച്ചാർത്തുവരുന്ന പിൻതുടർച്ചകൾക്കു് പൂർവ്വസൂരികളെ അവഗണിക്കാൻ വിഷമമൊട്ടും തോന്നിയതുമില്ല. എന്നാൽ, മറ്റൊരാശയത്തിലായിരുന്നു പുതുക്കക്കാരനെങ്കിലും ഞാൻ ചുവടുറപ്പിച്ചതു്. ക്ഷമതയുടെ വ്യതിയാനാംശം ഇടക്കുകയറി ഉടക്കുവെക്കുമെങ്കിലും മാറ്റമേശാത്ത അതേ മനുഷ്യശരീരംതന്നെയാണു് എല്ലായ്പ്പോഴും ഇവിടെയുള്ളതു്. അതുകൊണ്ടു് മനുഷ്യൻ കണ്ടെത്തിയ വഴികളെന്തിനു്, അവന്റെ ഇടവഴികൾപോലും അപ്പാടെ വ്യർത്ഥമാകാറില്ല. കേവലമൊരു ഒബ്സീഡിയൻ കത്തികൊണ്ടു്[3] തല തുറക്കാനുള്ള ഉപായം കൈവശമുണ്ടായിരുന്ന പഴംകാലത്തിന്റെ അതിധീരതയെ, വിധിവൈപരീത്യങ്ങളുടെ വരുംവരായ്മകളിലേക്കായി സൂക്ഷിച്ചുവെക്കേണ്ടതുണ്ടു് എന്നാണു് എന്റെ പക്ഷം. മനുഷ്യോപായത്തിന്റെ ഊർജ്ജസ്രോതസ്സുകളെല്ലാം നശിക്കുന്ന കാലത്തേക്കുറിച്ചു് സങ്കല്പിക്കുന്നവൻ തീർച്ചയായും ഹാൻഡ്ലൂമിന്റെ ഉപായം നിലനിർത്താൻ ശ്രദ്ധിക്കും.
“ടിങ്ചർ ബെൻസോയിൻ നെറ്റിഞരമ്പുകളിലൊന്നിൽ കുത്തിവെച്ചു് ഈ മനുഷ്യൻ മൈഗ്രേൻ മാറ്റിക്കളയുമത്രെ, എത്രമേൽ പ്രാകൃതം!”
ഗ്രാൻപായേപ്പറ്റി ഡാഡി പറയുന്നതു കേട്ടിട്ടുണ്ടു്.
“മോർഗൻ പാർക്കർ കമ്പനി വളച്ചുമൂർച്ചയാക്കിയ കത്തികൾ പോരാ എന്നായാൽ അക്കാലം, കൊല്ലന്റെ ആലയിലാണു് ഡോക്ടർക്കു് ശസ്ത്രക്രിയ, അതായതു് കത്തിനിർമ്മാണം. സർജനാണെന്നറിയുന്നതോടെ, ആലയിലെ ചൂടു്, ഡോക്ടറുടെ കൈകളെ പരുക്കനാക്കാത്തവിധം പെരുമാറാൻ തുടങ്ങും. സർജന്റെ കൈത്തലം താമരപോലെ മൃദുവായിരിക്കണമെന്നാണല്ലോ.”
ഗ്രാൻപാ ചെറുപുഞ്ചിരിയോടെ പറയുന്നതു് മിക്കവാറും ഇങ്ങനെയൊക്കെയാവും. അതു കേൾക്കാനാണു് പണ്ടുമുതൽ, എനിക്കിഷ്ടം. കാര്യങ്ങൾ അത്തരത്തിലായിട്ടുപോലും തന്റെ പ്രഭാവകാലത്തു് മദിരാശിയിൽ മികച്ച സർജനായിരുന്നു, ഗ്രാൻപാ. അക്കാര്യമെല്ലാം കുഞ്ഞുനാളിൽതന്നെ എനിക്കറിയാവുന്നതാണു്.
“ഇന്നു് നാലുമണിമുതൽ ഞാൻ ഒട്ടും ഫ്രീയല്ല.”
പൊടുന്നനെ, ഗ്രാൻപാ പ്രഖ്യാപിച്ചു. അതു് സന്ദർശകർക്കുള്ള പൊതുനിർദ്ദേശമാണെന്നു് അവിടെ എല്ലാവർക്കും മിന്നി. കാർ ഇറക്കാൻ ഡാഡിയുടെ ഡ്രൈവർ മനോജിനു് മെസേജ് പോയി. എന്റെ അടുത്ത പദ്ധതിയെന്തെന്നു് തിട്ടമില്ലാത്തതുകൊണ്ടു് മമ്മി മുഖത്തേക്കുതന്നെ നോക്കി. അതിന്റെ മറുപടി പറഞ്ഞതു് പക്ഷേ, ഞാനല്ല, ഗ്രാൻപായാണു്.
“അവൻ ഇന്നു്, ഇവിടെയാണു്.”
അതോടെ കാര്യങ്ങൾക്കു് മിനുസം വന്നു. അടുക്കളക്കാരൻ സേതു രാത്രിഭക്ഷണത്തിനുള്ള മെനുവിനായി കടന്നുവരുന്നു. അതിനാനുപാതികമായി ഡാഡിയും മമ്മിയും പുറത്തേക്കു നീങ്ങിപ്പോകുന്നു. ഞങ്ങളുടെ വീട്ടിലേക്കു് വരാതെ വെല്ലൂർക്കു് മടങ്ങിപ്പോകരുതെന്നു് മമ്മി കണ്ണുകാണിക്കുന്നു. ശരിയെന്നു് ഞാൻ. കോഴിക്കോടിനേയാണു് ഡാഡി ഇക്കാലം, തന്റെ തട്ടകമാക്കിയിരിക്കുന്നതു്. പശ്ചിമഘട്ടം വകഞ്ഞെത്തുന്ന ഗ്രാൻപായുടെ കരക്കാറ്റിനെ വിട്ടുംവെച്ചു് അറബിക്കടലിന്റെ കാറ്റിനോരംപറ്റാനുള്ള ഡാഡിയുടെ തീരുമാനത്തിൽതന്നെ കുടിയിരിക്കുന്നുണ്ടു് തലമുറകളുടെ വിടവു്. അങ്ങനെയാണു് എനിക്കു് തോന്നിയിട്ടുള്ളതു്. മുന്നോട്ടുള്ള വേഗതയിലും നീളെ തുടരുന്ന ബ്രേക്കിന്റെ സൂചനപോലെ പിന്നിൽ ചെമപ്പൻവെളിച്ചവും സൂക്ഷിച്ചുകൊണ്ടു് ഡാഡിയുടെ കാർ നീങ്ങിപ്പോയി. ഞാനും ഗ്രാൻപായും അകത്തേക്കു മടങ്ങി.
രാത്രികളിൽ അവിടെ പതിവുള്ള ഭക്ഷണംതന്നെ മതിയെന്നു് സേതുവിനോടു് കണ്ണുകാട്ടി. തുടരാൻ തയ്യാറെടുക്കുന്നതോടെ അതതു് പരിസരത്തെ അപ്പാടെ അനുകൂലിക്കുകയാണു് എന്റെയൊരു രീതി. ഗ്രാൻപായുടെ പരിസരത്തു് ആരും അധികം ശബ്ദങ്ങൾ ഉപയോഗിക്കുകയില്ല, എക്കാലവും കണ്ടുപോന്നിട്ടുള്ളതു് അതാണു്. വിരൂപവചനങ്ങളുടെ വ്രണിതപ്രദേശങ്ങളെ മണമുള്ള മൗനത്താൽ എപ്പോഴും സുഗന്ധവാഹിയാക്കുന്നു, അദ്ദേഹം. ചരിക്കുന്ന പരിസരത്തെ ശാന്തനിശ്ശബ്ദതയിലേക്കു് ചേർക്കാനുള്ള ഏതോ ഒരു സിദ്ധി തീർച്ചയായും ഗ്രാൻപായുടെ കൈവശമുണ്ടു്. ബഹുരൂപികളായ മനുഷ്യർ അറിയാതെ അതിലേക്കങ്ങു് അണിചേരുകയാണു്. അങ്ങനെ നോക്കിയാൽ, ഗ്രാൻപായുടെ തളത്തിൽ അസ്വസ്ഥനാകുന്ന ഒരേയൊരാൾ ഡാഡിമാത്രമായിരിക്കും.
വൈകുന്നേരങ്ങളിൽ പതിവായി ഗ്രാൻപായ്ക്കു് ഒരു നടത്തമുണ്ടു്. അഥവാ വയൽസവാരി. അന്നു് അദ്ദേഹം എന്നേയും തുണകൂട്ടി. ചൂടുകുറഞ്ഞതെങ്കിലും തെളിച്ചമുള്ള വെളിച്ചം തളരുന്നതിനുമുമ്പു്, ഞങ്ങൾ പടിഞ്ഞാറൻപാടങ്ങളിലേക്കിറങ്ങി. പതിഞ്ഞുവീശുന്ന കിഴക്കൻകാറ്റു്. നെൽച്ചെടികൾ സ്വർണ്ണമണികളുടെ തലപ്പാവിട്ടു് ചക്രവാളംനോക്കി നടനമാടിനീങ്ങുകയാണു്. തൊട്ടടുത്ത വായുവീചി ദിശതിരിഞ്ഞാണു് കയറിവരുന്നതെങ്കിൽ അതിലേറി അവയൊന്നടങ്കം തെല്ലിട കിഴക്കുനോക്കിയും തിരിച്ചുവരും. മധുരപ്പാലുറഞ്ഞു് മണികൂടിയ അരിയുടെ മണം തോടിനകത്തുനിന്നു് ഒന്നടങ്കം പുറത്തുചാടി മൂക്കുനോക്കി വീശിവന്നു. വരമ്പിൽ കിഴക്കുനിന്നും പുറപ്പെട്ട വിഷാദവാൻമാരായ കരിമ്പനകൾ അസ്തമയംനോക്കി അറച്ചറച്ചുനീങ്ങുന്നു. വിദൂരത്തിൽ, അവയുടെ അന്ത്യസംഘങ്ങൾ മിക്കവാറും ഏകാന്തതയിലേക്കു് കുറുകിപ്പോയിട്ടുണ്ടു്.
ത്രീപീസ് സൂട്ടുമായി, വൈചിത്ര്യത്തിന്റെ ഒരു പൊട്ടുപോലെ ഗ്രാൻപാ വയൽവരമ്പിലൂടെ നടന്നു, തൊട്ടുപിന്നിലായി ഞാനും.
“കുഞ്ഞാ, മരണാസന്നതയുടെ നിമിഷങ്ങളിൽ നമ്മുടെ കണ്ണുകൾ കാണിച്ചുതരുന്നതു് ഇത്തരം പുറംകാഴ്ചകളൊന്നുമായിരിക്കില്ല.”
ഗ്രാൻപാ പറഞ്ഞു. പിന്നീടു്, തെല്ലുനേരത്തെ നിശ്ശബ്ദതയിലേക്കു വീണു. സംഭാഷണം തുടർന്നതു് കുറേ കഴിഞ്ഞാണു്. തുടർഭാഷണത്തെ അദ്ദേഹം കാറ്റിന്റെ നടവട്ടങ്ങൾക്കിടയിലേക്കു് പതിയെ ചെരിച്ചു.
“സിനിമാശാലയിലേതുപോലെ ഇരുട്ടുവീഴുന്നു. പൊടുന്നനെ കണ്ണുകളുടെ പിൻഭാഗം ശുഭ്രതിരശ്ശീലയായിമാറുന്നു. പ്രതിച്ഛായകളെ ദൃശ്യമാക്കുന്ന ചതുരവെളിച്ചങ്ങൾ താനേ അവിടേക്കു് വന്നുവീഴാൻ തുടങ്ങും. എന്നേ ഊർന്നുപോയ മുഹൂർത്തങ്ങളുമായി ജീവിതം ഒരിക്കൽക്കൂടി വരിയൊപ്പിച്ചു് വിരിഞ്ഞുവരികയായി…”
സൂര്യൻ മെല്ലെ ചായുകയാണു്. വർത്തുളതയിലെ ആകാശചാരി പടിഞ്ഞാട്ടേക്കു് പിടിവിട്ടു് താഴുന്നതും നോക്കി പാടവരമ്പത്തുനിൽക്കുമ്പോൾ എനിക്കു് കാഴ്ചയേപ്പറ്റി മറ്റെന്തൊക്കെയോ തോന്നി. കാഴ്ചാസഹായിതന്നെ പൊടുന്നനെ ഒത്തൊരു തിരശ്ശീലയാകുമ്പോൾ തുടർന്നു്, അതിലോടുന്ന ജീവിതം കാണുന്നതിനായി അകത്തു മുളയ്ക്കുന്നതു് ഏതിനം മുകുളങ്ങളായിരിക്കും? സർജിക്കൽ സ്കാൽപലുകൾകൊണ്ടു് ജീവന്റെ ശ്രീകോവിലിനകത്തേക്കു് പ്രവേശിക്കുന്ന ഡോക്ടർക്കു കാണാൻകഴിയുന്ന അവയവങ്ങളേക്കുറിച്ചൊന്നുമല്ല ഗ്രാൻപാ പറയുന്നതു്. എങ്കിലും, അപ്പറഞ്ഞതെല്ലാം മറ്റെന്തോ വെളിപ്പെടുന്നതിന്റെ മുന്നോടിയാണെന്നു് എനിക്കൊരു തോന്നൽ. അതു് ശരിയുമായിരുന്നു.
“ശുഭ്രതിരശ്ശീലയിൽ തെളിഞ്ഞുവരുന്നതു്, പണ്ടെപ്പോഴോ കുന്നിൽ പൂക്കൾ പറിക്കാൻ പോയതാണെങ്കിൽ അന്നു്, ഇറുത്തെടുക്കപ്പെട്ട അതേ പൂക്കൾമാത്രമായിരിക്കും അന്നേരം, കാഴ്ചയിലേക്കു് ഓടിവരുന്നതു്. ഞങ്ങളെ ഇറുത്തുകളഞ്ഞില്ലേയെന്നു് അവയത്രയും കരയും. കരയോടു് തലതല്ലി തിര കരയുന്നതിനോളം വേദനയോടെ… ചെടിവിട്ടു വീണുപോയ പൂക്കൾ മണ്ണിൽ, മരണത്തിലേക്കു മെല്ലെ വാടിനീങ്ങുന്നതു കണ്ടിട്ടുണ്ടോ? അതുപോലെ വിമ്മിട്ടമുണ്ടാക്കുന്ന കാഴ്ച മറ്റൊന്നില്ല.”
ഗ്രാൻപായുടെ നെറ്റിയിലെ ഞെരമ്പു് വലിഞ്ഞുവീർത്തുവരികയാണല്ലോ എന്നൊരു തോന്നൽഅന്നേരം, എനിക്കുണ്ടായി. ഞാൻ അദ്ദേഹത്തെ കൽക്കഴായയുടെ അരികുതിണ്ണയിലിരുത്തി. ആ ഹൃദയമിടിപ്പുകളോർത്തു് വല്ലാത്തൊരിനം പരിഭ്രമം തോന്നി. അതറിയാൻവേണ്ടിത്തന്നെ ഞാൻ അദ്ദേഹത്തോടു് ചേർന്നിരുന്നു. മറ്റൊന്നിനുവേണ്ടിയാണെന്നൊന്നും ഭാവിക്കാനുംപോയില്ല. അതുകൊണ്ടാവാം ഗ്രാൻപാ സന്തോഷത്തോടെ അതിനനുവദിച്ചതു്. അദ്ദേഹം എന്നെ നെഞ്ചോടു ചേർത്തുപിടിച്ചു. ശാന്തമായി ഞാൻ ആ മിടിപ്പുകൾക്കു കാതോർത്തു. വരിനിരപ്പിന്റെ പലമാതിരി വിരികളിൽപ്പോലും ഒരേ മുഖംകാണിക്കുന്ന തുടർമിടിപ്പുകൾ. അതത്രയും ശരീരത്തിന്റെ പറയാനാകാത്ത വാക്കുകളാണെന്നു് എനിക്കൊരു തോന്നലുണ്ടു്. നെഞ്ചിനു മുകളിൽ തലചേർത്തുവെച്ചാൽ അവ കേൾക്കാം. ഞാനതിനു് തുടരെ കാതോർത്തു. ഓരോതവണയും ശൂന്യതയെ ചാടിക്കടന്നു് ജീവന്റെ കൊമ്പുകളിലൂടെ ചാടിച്ചാടിപ്പോവുകയാണു്, ശ്വാസം. പ്രകൃതിസ്വരങ്ങളും വികൃതിസ്വരങ്ങളുംചേർന്നു് സംഗീതമാകുന്നതുപോലെ ഒരുതരം അചല, ചലപ്രകൃതം. മർമ്മരങ്ങളിലും അതിന്റെ ഇടവേളയിലുമായി അതങ്ങനെ തുടർച്ചയായി കേൾക്കുന്നുണ്ടു്… എനിക്കറിയാം, ഏതൊരു സർജിക്കൽ സ്കാൽപലിനും ജീവന്റെ ശ്രീകോവിലോളമൊന്നും പ്രവേശനം കിട്ടിയിട്ടില്ല. അകത്തേക്കുപോകുന്തോറും അകം കൂടുതൽ അകത്തേക്കു് വിരിഞ്ഞുവിസ്തൃതമാകുകയാണുണ്ടാവുക. നാരുവേരുപടലങ്ങൾക്കകമേ ദൃശ്യാദൃശ്യമായി ചരിക്കുന്ന ജീവതരംഗത്തിന്റെ മർമ്മരങ്ങൾ. അതിന്റെ സ്വനഗ്രാഹികളെ ഒരിക്കലും വെട്ടിമുറിക്കാനാവില്ല. മാംസം ഭേദിച്ചുചെന്നാൽ തൊടാതെ തൊടാനാകുന്നതു് അനുക്ഷണം രൂഢമൂലമാകുന്ന അവസാനമില്ലാത്ത അവ്യക്തതയെമാത്രം. എന്നാൽ, സ്വന്തം മിടിപ്പുകളടക്കിപ്പിടിച്ചു് കാതോർക്കൂ, അതിന്റെ മൃദുമർമ്മരങ്ങളെങ്കിലും കേൾക്കാം.
അസ്തമയം വല്ലാതെ നീണ്ടുപോയതുപോലെ. മഞ്ഞുചുറ്റിയ പടിഞ്ഞാറിന്റെ തണുത്ത മുഖത്തു് നിലയ്ക്കാതെ ചോര പൊടിയുകയാണു്. അതിനേത്തന്നെ നോക്കിയിരിക്കുന്ന വേളയിൽ പൊടുന്നനെ ഗ്രാൻപായുടെ മുഖമങ്ങു മങ്ങി. ഓപ്പറേറ്റിങ് ടേബിളിൽ, രോഗിയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഹെമറേജിനെ നേരിടുന്ന സർജന്റെ അമർത്താൻ പണിപ്പെടുന്ന പരിഭ്രാന്തിപോലെ.
“നമുക്കു തിരിച്ചുപോകാം.”
അദ്ദേഹം പൊടുന്നനെ പറഞ്ഞു.
വീട്ടിലെത്തിയതും ഗ്രാൻപാ കിടപ്പുമുറിയിൽ കയറി വാതിലടക്കുകയാണുണ്ടായതു്. തപ്തമായ വായുമടക്കുകളെ വകഞ്ഞൊഴിഞ്ഞു് ശമനമൗനത്തിനു് സ്ഥലമൊരുക്കുകയാവാം. അത്തരം പാതകളിൽ മനസ്സിന്റെ സകലസഞ്ചാരങ്ങളും താനേ ഒടുങ്ങുമല്ലോ… പതിവിനു വിപരീതമായി അത്താഴത്തിനുള്ള മെനുവൊന്നും സേതുവിനു് കൈമാറുകയുണ്ടായില്ല. എന്തുപറ്റിയെന്നു് സേതു എനിക്കു് കണ്ണെറിഞ്ഞു. അറിയില്ലെന്ന ആംഗ്യം മടക്കി. ചുവപ്പുരാശിയുടെ സൂര്യപ്പൊലിമയെല്ലാം അഴിച്ചുകളഞ്ഞു് തറവാടിന്റെ ചുമരുകൾ ക്രമേണ നരച്ച ഇരുട്ടിലേക്കു് പതിഞ്ഞമർന്നു. ഇടുങ്ങിയ മുറികളിലും അതിനുമുന്നിലെ ഇടനാഴികളിലും വൈദ്യുതവെളിച്ചത്തിനുമുന്നിൽപ്പെടാതിരിക്കാൻ ഇരുട്ടു് കിടന്നോടുകയാണു്.
തുറന്ന കോലായയിൽ, ഇരുളൻതൂണുകളിൽ ചാരി ഞാനും സേതുവും പരസ്പരം മുഖത്തോടുമുഖംനോക്കി ചുമ്മാതിരുന്നു. കൂപ്പുകൈപോലെ തുടരുന്ന മേൽക്കൂര. തണുത്ത തിണ്ണ. ദൂരാകാശത്തിൽ, ചായം പുരട്ടിയതുപോലെ നീളിമലകളുടെ കരിങ്കറുപ്പു്… മറ്റൊരിടത്തു് ജീവിതം കരുപ്പിടിപ്പിച്ചവൻ അപരിചിതമായ ക്ഷണികാന്തരീക്ഷത്തിൽ നേരിടുന്ന സങ്കരയിനം മടുപ്പിൽ അന്നേരം, ഞാനകപ്പെട്ടുപോയി. അത്തരം സന്ദർഭങ്ങളിൽ ദൈവംതന്നെ ഇറങ്ങിവന്നാലും അങ്ങേർ നമ്മുടെ ശത്രുവായിത്തീരുകയേയുള്ളൂ.
ചെന്നൈയിലേക്കുള്ള ഗ്രാൻപായുടെ യാത്ര എന്തിനായിട്ടാണെന്നു് സേതു മടിച്ചുമടിച്ചാണെങ്കിലും ചോദിച്ചു. അങ്ങനെ ഒറ്റവാചകത്തിലെന്തെങ്കിലും പ്രഖ്യാപിക്കുന്ന ഒരാളല്ല ഗ്രാൻപാ. അക്കാര്യം അവനും അറിവുള്ളതാണല്ലോ. ചുറ്റിനും നിൽക്കുന്നവരെ ഒന്നടങ്കം ആശയക്കുഴപ്പത്തിലാക്കണമെങ്കിൽ അദ്ദേഹത്തിനു് കാര്യമായിട്ടെന്തെങ്കിലും പറയാനുണ്ടെന്നു വ്യക്തം. അന്നേരം, മമ്മിയുടെ മേസേജ് ഫോണിൽ തെളിഞ്ഞു. വിവരങ്ങളെന്തെങ്കിലും കിട്ടിയോ എന്നു് ചോദിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം, വേറെയും. രണ്ടും ഡാഡിയുടെ നിർദ്ദേശപ്രകാരം വന്നതായിരിക്കാം. തനിക്കറിയാത്തതിനെയെല്ലാം സ്വന്തം വാതിലിനുപുറത്തു് അതേനിലയിൽ അനുവദിക്കാനുള്ള ക്ഷമയുറ്റ വിവേകം മമ്മിയേപ്പോലെ ഡാഡിക്കില്ല. ഇങ്ങിനി കടന്നുവരാത്ത വചനംകണക്കെ ഗ്രാൻപായുടെ വെളിപാടു് ആദിക്കപ്പുറം പതുങ്ങിനിൽക്കുകതന്നെയാണെന്നു് മറുപടിയെഴുതി. അതിനപ്പുറം മമ്മിക്കു് മറ്റെന്തോ പറയാനുണ്ടെന്നു് വെറുതേ എനിക്കൊരു തോന്നൽ. അതു് ശരിയായിരുന്നുതാനും. അടുത്ത ക്ഷണം, മമ്മിക്കായി തെരഞ്ഞെടുത്ത റിംഗ്ടോണിൽ ഫോൺ ചിലച്ചു.
“കുറച്ചുദിവസങ്ങൾക്കുശേഷം, ഞാനിപ്പോൾ ഡോക്ടറുടെ ലൈബ്രറിയിലേക്കൊന്നു കയറി.”
മമ്മി പറഞ്ഞു. (ഗ്രാൻപായെ ‘ഡോക്ടർ’ എന്നാണു് മമ്മി സംബോധനചെയ്യുക പതിവു്.) അങ്ങനെ പറഞ്ഞാൽ അതിനർത്ഥം അവർ ഗ്രാൻപായെ സ്പർശിച്ചു എന്നുതന്നെയാണു്. ചോദ്യങ്ങളുയരുകയേ ചെയ്യാത്ത മനസ്സുകൊണ്ടു് ജീവന്റെ വഴുവഴുത്ത ഉൾനിലങ്ങളിലൂടെ പലവട്ടം നീങ്ങിപ്പോയ ഡോക്ടറുടെ സർജിക്കൽ സെറ്റ് ഇപ്പോൾ, തന്റെ കൈകളിലിരിക്കുകയാണെന്നു് മമ്മി പറഞ്ഞു.
“ഒരുവട്ടംകൂടി എല്ലാം ഞാൻ പുറത്തെടുത്തു. ഒട്ടും പൊടി കയറാത്ത അവയെ വീണ്ടും തൊട്ടുനോക്കി. അവ്യക്ത കൃതാർത്ഥതയോടെ മനസ്സു് നിന്നുമിടിക്കുന്നതു് എനിക്കറിയാൻ കഴിയുന്നു… നിന്നോടുമാത്രമായി എനിക്കൊരു കാര്യം പറയാനുണ്ടു്.”
അതെന്തായിരിക്കുമെന്നതിൽ പറഞ്ഞറിയിക്കാനാകാത്ത ഒരിനം പ്രഹർഷം എനിക്കുണ്ടു്, തീർച്ച. ആഴത്തിൽ തൊടാനുള്ളതു് അതിനകത്തുള്ളതുകൊണ്ടാവാം, തെല്ലിട കഴിഞ്ഞാണു് മമ്മി അതു പങ്കുവെച്ചതു്.
“താനുപയോഗിച്ച ഉപകരണങ്ങൾ ഒന്നൊഴിയാതെ തികച്ചും ഉണ്ടെന്നാണു് ഡോക്ടർ പറയാതെ പറഞ്ഞിട്ടുള്ളതെങ്കിലും, അതിനകത്തു് നിർണ്ണായകമായൊരു സ്കാൽപലിന്റെ കുറവുണ്ടു്.”
അപൂർവ്വവിജയത്തിലവസാനിച്ച സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ പങ്കെടുത്ത പ്രധാനപ്പെട്ട സ്കാൽപലുകൾ തുടർന്നു മറ്റൊന്നിനും ഉപയോഗിക്കാതെ സൂക്ഷിച്ചുവെക്കാൻ കൗതുകമുള്ള ചില സർജൻമാരേക്കുറിച്ചു് കേട്ടിട്ടുണ്ടു്. ഗതിതിരിച്ചുവിട്ട മനോധർമ്മത്തിനോടൊപ്പം ചേർന്നുനിന്ന അവയെ സ്വന്തം കൈകളോളം പ്രാധാന്യത്തോടെയാവും അത്തരക്കാർ പരിഗണിക്കുക. ചിലർ രോഗികളിൽനിന്നു് താൻ പുറത്തെടുത്ത ചില അവയവങ്ങൾതന്നെ സൂക്ഷിക്കുമത്രെ. അങ്ങനെ ചിന്തിച്ചാൽ, ആർക്കും വിട്ടുകൊടുക്കാത്ത നിലയിൽ അത്തരമൊന്നു് ഗ്രാൻപായുടെ കൈവശം ഇപ്പോഴും ഉണ്ടെന്നു കരുതാവുന്നതാണു്. പക്ഷേ, വിജയം വരിച്ച ഒരാൾ തന്റെ ഉത്തോലകങ്ങളെല്ലാം പിറകെനടക്കാനാരംഭിച്ചവർക്കു് കൈമാറിക്കഴിഞ്ഞിട്ടും അതിലൊരെണ്ണം സ്വയം സൂക്ഷിച്ചു വെക്കുന്നെങ്കിൽ, മിക്കവാറും അതിനു് പരാജയത്തിന്റെ വായ്ത്തലയാണുള്ളതെന്നു സംശയിക്കണം. ചെമപ്പുകൽക്കോട്ടപോലെ നിവർന്നുനിൽക്കുന്ന മദ്രാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്റെ പ്രഭാവകാലത്തു് ഗ്രാൻപാ രോഗികൾക്കു് കൺകണ്ടദൈവമായിരുന്നു, അക്കാര്യത്തിൽ സംശയമില്ല. വമ്പൻ രോഗങ്ങളുമായെത്തുന്ന പാവപ്പെട്ടവർക്കു്, പ്രത്യേകിച്ചും. വരുത്തിക്കൂട്ടിയ തെറ്റുകൾ എങ്ങും കാണാനില്ലാത്ത തൊഴിൽ ജീവിതമായിരുന്നു, അദ്ദേഹത്തിനെന്നു ഞാൻ കേട്ടിട്ടുണ്ടു്. മറിച്ചൊരപവാദം എവിടെയും കേട്ടിട്ടുമില്ല.
വരണ്ട മണ്ണുമായി ഉൾക്കടൽ നോക്കിക്കിടക്കുന്ന മരുഭൂമിയുടെ വായ്ത്തലപോലെയാണു് അന്നും, മദിരാശി. ഗ്രാൻപായുടെ കൗമാര-യൗവനങ്ങൾ ശബ്ദായമാനമാക്കിയ നഗരം. യോദ്ധാക്കളുടെ മുറിവുണക്കാൻ നൂറ്റാണ്ടുമുമ്പു്, ഇംഗ്ലീഷുകാർ പണിതിട്ട ആശുപത്രിയുടെ ഇടനാഴികളിൽ ഗ്രാൻപായുടെ കാലത്തു് സൂക്ഷ്മാണുക്കളുടെ റൂട്ട്മാർച്ചായിരുന്നു. ലോകം ചുറ്റി ഇന്ത്യയുടെ കടൽക്കടവുകളിലെത്തിയ ഇൻഫ്ലുവൻസാ വൈറസ് മദിരാശിയിലെത്തിയ കാലം. പാരസ്പര്യത്തിന്റെ സാമൂഹിക പരിസരങ്ങളിൽ സാംക്രമിക രോഗങ്ങൾക്കു് മനുഷ്യ വിനാശത്തോളം വളരാനാകുമല്ലോ. കൈവശമുള്ള മരുന്നുകൾകൊണ്ടു് അതിഥികളെ സ്വീകരിക്കാൻപോലും കഴിയില്ല, എന്നിട്ടല്ലേ സാംക്രമികരോഗത്തെ! വാർഡ് ബോയ്മാരേപ്പോലെ ഓരോ ഡോക്ടർമാരും പാഞ്ഞുനടന്നു് എല്ലാ പണികളും ചെയ്തുകൂട്ടി. മിക്കവാറും അത്തരം സന്ദർഭങ്ങളിൽ മികച്ചൊരു സർജനു കിട്ടാൻപോകുന്ന പണി രോഗിയുടെ കഫം തുടയ്ക്കലായിരിക്കും! ദുർഘടമായ ഒരുകൊല്ലം ഇൻഫ്ലുവൻസാ നീളെ നടമാടി. അതിനുശേഷമാണു് ഗ്രാൻപാ തന്റെ ആദ്യത്തെ ശസ്ത്രക്രിയ സമ്പാദിക്കുന്നതു്.
അത്തരം സാഹചര്യങ്ങളിലൊന്നുമായിരുന്നില്ല ഡാഡി തന്റെ സുഗമസഞ്ചാരം നടത്തിയതു്. ജനറൽ മെഡിസിനിൽ എം. ഡി. കഴിഞ്ഞു്, വർഷങ്ങളുടെ പരിചയവുമായി ഇന്റേണൽ മെഡിസിനിൽ അസോസിയേറ്റ് കണ്ടസൾട്ടന്റായി തുടരുന്ന ഡാഡിയുടെ പാത, റായ്പ്പൂരിലെ പഠനകാലത്തോളംതന്നെ പൂക്കൾ മലർന്നതാണെന്നു പറയണം. ലോകമുതലാളിയുടെ യന്ത്രക്കൈകൾ മരുന്നിലേക്കു് ഇരച്ചുകയറിയ വൈദ്യകാലഘട്ടത്തിൽ ഡോക്ടർമാരെ സമ്പത്തു് നേരിട്ടുവന്നു മുട്ടിവിളിക്കുകയായിരുന്നു. അതിന്റെ ആദ്യകാല വാതിൽമണി മുഴങ്ങിയ മുറികളിലൊന്നു് ഡാഡിയുടേതായിരുന്നു. മേഖല സ്വയംസാദ്ധ്യമാക്കിയ മൂലധനത്തിന്റെ കൊടുംവ്യാപ്തിയിൽ കോടീശ്വരത്വം നേടിയ ഭാഗ്യവാൻമാരിലൊരാരാൾ.
എന്റെ കാലമായപ്പോഴേക്കും ഡോക്ടർമാർക്കെന്നല്ല, രോഗികൾക്കുപോലും രൂപമാറ്റം വന്നുകഴിഞ്ഞിരുന്നു. പലവിധ രോഗങ്ങളുടെ നീണ്ട കഷ്ണം ശരീരത്തെ കൃതകൃത്യമായ യന്ത്രക്കൈകൾ കൊണ്ടു നേരിടുന്ന ടെക്നീഷ്യന്റെ റോളായി സർജനു്. ഫൈബർ ഓപ്റ്റിക്ക് ഹെഡ്ലൈറ്റ്, നിഴൽ വീഴ്ത്താത്ത റൂംലൈറ്റുകൾ, മോണിറ്ററുകൾ, അനസ്തേഷ്യാ കാർട്ട്, തീർത്താൽ തീരാത്ത വെൺമയുടെ എപ്രൺ, ദാലിയുടെ ചിത്രങ്ങളിൽപ്പോലും കാണാത്ത വിധത്തിൽ നിരവധി മാനങ്ങളിലേക്കു് ഗതിതിരിയുന്ന സർജിക്കൽ ടേബിൾ… വരിനിരപ്പോടെ മുന്നിലുള്ള മുന്നറിവുകളുടെ വഴികളിലേക്കു് ശസ്ത്രങ്ങളുമായി ചുമ്മാ ഇറങ്ങിപ്പണിയേറ്റുന്ന കേവലമൊരു ഫാക്ടറിത്തൊഴിലാളിമാത്രമാണു് അവിടെ, ഡോക്ടർ. സർവ്വശീതീകരണം നടത്തിയ ഒ. ടി. റൂമിൽ ഇക്കാലം, സാന്ദർഭിക സഹജാവബോധത്തിന്റെ കൊള്ളിയാൻ മിന്നലിനും, മനോധർമ്മ പ്രയോഗത്തിനുമൊന്നും ഒട്ടും സാദ്ധ്യതയില്ല.
ഗ്രാൻപാ മുറിക്കു് പുറത്തിറങ്ങി വരാൻ വല്ലാതെയൊന്നും വൈകിയില്ല. പതിവാഹാരമായ പൊടിയരിക്കഞ്ഞിയിൽ യാതൊരു മാറ്റവുമില്ലെന്നു് അദ്ദേഹം അറിയിച്ചു. എനിക്കും അതുതന്നെയാവാമെന്നു് ഞാൻ സേതുവിനു് കണ്ണുകാണിച്ചു. നിറയേ മെഴുക്കു പുരണ്ടാൽപ്പോലും അരികുകളിലെ പരുപരുപ്പു് ഒട്ടും മാറാത്ത നാടൻ പയറുകൊണ്ടു് എനിക്കായി നല്ലൊരു ഉപ്പേരിയും സേതു സൃഷ്ടിച്ചു. ലാളിത്യത്തിന്റെ ഋജുവായ പരിസരത്തുപോലും സ്വന്തം കൈക്കണക്കിനാൽ അനേകസ്വാദിന്റെ അത്ഭുതം കാണിച്ചുതരുന്ന നളൻ! വയസ്സിൽ എന്നിലും താഴെയാണെങ്കിലും വകതിരിവിൽ അവൻ ഒത്തൊരു വീട്ടമ്മയെ വെല്ലും.
“ഇന്നു്, കുഞ്ഞൻ എന്റെകൂടെ.”
ആഹാരം കഴിഞ്ഞെഴുന്നേറ്റപ്പോൾ ഗ്രാൻപാ പ്രഖ്യാപിച്ചതു് അങ്ങനെയാണു്. മുറിയിൽ മറ്റൊരു കട്ടിൽ ഇല്ലാത്തതുകൊണ്ടു് സേതു എനിക്കായി മറ്റൊരു കിടക്ക തറയിൽ വിരിച്ചു. കൺമഷിയെ വെല്ലുന്ന കറിങ്കറുപ്പൻ തറയിൽ തെളുക്കനെ വെളുത്ത കിടക്ക. വെൺമയുടെ വിരിനിരപ്പു്. ചുളിവുകളൊഴിഞ്ഞ മേൽപ്പുറം. സ്പർശിക്കുന്നതോടെ മേലടരുകളിൽ ചുളിവുകൾ വരുമെന്നു് എനിക്കുറപ്പാണു്. എന്നാൽ, ശരീരം ആകെ ഏല്പിച്ചിട്ടും ഗ്രാൻപായുടെ കിടക്കയിൽ ഒറ്റ ചുളിവുപോലുമില്ലെന്നു് എനിക്കു തോന്നി.
അദ്ദേഹത്തിന്റെ അരുമയായ വട്ടമേശപ്പുറത്തു് ടെലസ്കോപ്പിക് ഹാൻഡിലുള്ള പെട്ടിയൊന്നു കണ്ടു. യാത്രക്കായി ഒരുക്കിവെച്ചതായിരിക്കും.
“കുഞ്ഞാ, നാളെ രാവിലെയാണു് ചെന്നൈ ഫ്ലൈറ്റ്. നമുക്കു പുലർച്ചെ പോകണം… മടക്ക ടിക്കറ്റുംകൊണ്ടായിരുന്നോ ഇത്തവണ നിന്റെ വരവു്?”
ഭാഗ്യവശാൽ അങ്ങനെയല്ലെന്നു് ഞാൻ പറഞ്ഞു. ഇത്തവണത്തെ യാത്ര, അതിന്റെ കേവലോദ്ദേശ്യത്തെ ഒന്നാകെയെടുത്തു് മറിച്ചിടുമെന്നു് എന്തുകൊണ്ടോ തുടക്കത്തിൽതന്നെ എനിക്കൊരു തോന്നലുണ്ടായിരുന്നു. അതുകൊണ്ടു് അപ്പ് ഏന്റ് ഡൗൺ എയർ ടിക്കറ്റ് മനഃപൂർവ്വം വേണ്ടെന്നുവെച്ചു. വെല്ലൂർ സി.എം. സി.-യുടെ ക്യാമ്പസ്സിനകത്തു് നരച്ച വെൺമയിൽ പതിയിരിക്കുന്ന കോട്ടേജിൽനിന്നു് പുറത്തിറങ്ങുമ്പോൾ പാർത്ഥൻ അക്കാര്യം ശ്രദ്ധിച്ചതാണു്.
“മടക്കം വൈകുമോ, അതിനുള്ള ടിക്കറ്റ് കാണുന്നില്ല.”
മറുപടിയില്ലാത്ത മൗനത്തിനു് പാർത്ഥന്റെ വെറുംചിരി പകരം…
എനിക്കായിക്കൂടി വാങ്ങിയ എയർ ടിക്കറ്റുകൾ ഗ്രാൻപാ കൈമാറി. ഏജൻസിയുടെ സഹായത്തോടെ സംഘടിപ്പിച്ചതായിരിക്കാം. എങ്കിലും, തെല്ലു് ആശ്ചര്യം തോന്നാതിരുന്നില്ല. എന്റെ ഐ. ഡി. കാർഡെല്ലാം കൃത്യമായി കോപ്പിയെടുത്തു് സൂക്ഷിച്ചിട്ടുണ്ടു്! അതു് മുമ്പെപ്പോഴോ ഒരിക്കൽ ചോദിച്ചതുംമറ്റും ഞാൻ മറന്നുപോയി. അതാണു് ഗ്രാൻപായുടെ ഏകോപന മികവു്! എന്തിനായിട്ടാണു് ഈ വയസ്സാംകാലത്തു് മദിരാശിയിലേക്കു് മറ്റൊരു മടക്കയാത്രയെന്നുമാത്രം വെളിപ്പെടുത്തിയില്ല. യാതൊന്നും ചോദിക്കാതിരിക്കാനുള്ള ക്ഷമ മമ്മിയേപ്പോലെ എനിക്കില്ല, ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടുതാനും. എങ്കിലും അന്നേരം, വാക്കുകളൊന്നുംതന്നെ പുറത്തുവന്നില്ല.
ഗ്രാൻപായുടെ അരുമയായ പെൻഡുലം വാൾ ക്ലോക്ക് ഇരുഭാഗങ്ങളിലിടിച്ചു് സമയത്തെ മുന്നോട്ടുനീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതസാദ്ധ്യമെന്നു തെളിയിക്കാനെന്നോണം മുറിയിലെ പകച്ചുപോയ വായു വിലങ്ങനെ നിന്നുകൊണ്ടു് നിലച്ച സമയം പ്രഖ്യാപിക്കുകയാണു്. ആകാശത്തുനിന്നു പറിച്ചെടുത്ത ജീവിതത്തെ പുറ്റിനകത്തെ അതിജീവിതമായി പരിവർത്തിപ്പിച്ചതു പോലെയായിരുന്നു അവിടെ കാര്യങ്ങൾ. ക്രമേണ മുറിയൊന്നടങ്കം ഉറക്കത്തിലേക്കു പോകുന്നു, അതേനിലയിൽ ഉണരുന്നു, കാറിൽക്കയറുന്നു, വിമാനത്തിന്റെ ചിറകുചേർന്നുള്ള ഇടതോരാക്കാഴ്ചകൾ വിന്റോവിലൂടെ നോക്കിയിരിക്കുന്നതും അതേനിലയിൽതന്നെ… എവിടെയും ഗ്രാൻപാ അധികമൊന്നും സംസാരിച്ചില്ല. മുറിക്കകത്തെ മുറുക്കമുള്ളതെങ്കിലും സുഖമുള്ള മൗനം ചെന്നൈയിലെ ഉച്ചവെയിലിലും ഞങ്ങളെ സദാ ചൂഴ്‌ന്നുനിന്നു.
“ജി. എച്ച്.[4] കാണണ്ടേ?”
ഞാൻ ചോദിച്ചു.
“അരുതു്.”
അദ്ദേഹം പുഞ്ചിരിച്ചു.
കുളിക്കാനുള്ള നേരംപോലും ഹോട്ടലിൽ ചിലവഴിച്ചില്ല.
“മെറീനയിലേക്ക്.”
തിടുക്കപ്പെട്ടു് അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെത്തന്നെ ഭൂമധ്യരേഖയിലെ വെയിൽ പെരുമാറിയതു് ചില്ലിന്റെ ചീളുപോലെയാണു്. തീത്തല തുറിച്ചുനിൽക്കുന്ന പുറംകാഴ്ചകൾ പോലും കണ്ണിനു തീവെക്കുന്നതു പോലെയാണു് സദാ പെരുമാറിയതു്. ഞാൻ പുറത്തേക്കു് നോക്കിയതേയില്ല. അതൊന്നും ഗ്രാൻപായെ ബാധിച്ചില്ല. തണുപ്പിച്ചിട്ടിരിക്കുന്ന കാറിനകത്തിരിക്കുമ്പോഴും നഗരത്തുറസ്സിലേക്കായിരുന്നു ഗ്രാൻപായുടെ നോട്ടം. പ്രഭാത ഭക്ഷണം രണ്ടാമത്തെ അടുപ്പെന്ന മട്ടിൽ വയറ്റിൽക്കിടന്നു തിളയ്ക്കുന്ന ഇരമ്പം പുറമേക്കു കേൾക്കാം. എന്തായാലും യാത്ര അതിന്റെ നിർണ്ണായകപരിസരത്തു് എത്തിക്കഴിഞ്ഞെന്നു് ഉറപ്പായി. എന്നിട്ടും, സ്കാൽപലിന്റെ അഗ്രം ചക്രവാളത്തിനപ്പുറത്തു് മറഞ്ഞിരിക്കുന്ന കപ്പൽക്കൊടിമരംപോലെ തുടരുകയാണു്.
നഗരംചുറ്റി ഉൾക്കടലിന്റെ ദിശപിടിച്ചു് വാഹനം നീങ്ങി. നിലവിളിച്ചോടിവരുന്ന നിരവധി കാറ്റുകൾ അടച്ചിട്ട ചില്ലുകളിൽ തലതല്ലി പിന്നോട്ടുവീണുകൊണ്ടിരുന്നു. ഗ്രാൻപാ എന്നേത്തന്നെ സൂക്ഷിച്ചുനോക്കി. അജ്ഞാതവിദൂരത്തിൽക്കിടക്കുന്ന സ്കാൽപൽ അന്നേരം, എന്റെ മുഖത്തു തെളിയാനാരംഭിച്ചിട്ടുണ്ടാകാം, അതു് കണ്ടതുപോലെ അദ്ദേഹം വേദനയിലൂടെ പുഞ്ചിരിച്ചു.
“ഒരു ഓൾഡ് ബോച്ഡ് സർജറിയുടെ[5] സ്കാൽപൽ, വായുവിൽ തെളിയാനാരംഭിച്ചു അല്ലേ?”
ഗ്രാൻപാ ചോദിച്ചു.
ഹൃദയങ്ങൾ തമ്മിൽ ദൈവംവഴി ഉടമ്പടിയുള്ളവർക്കു് ഇത്തരത്തിൽ വെളിച്ചങ്ങൾ പരസ്പരം വെളിപ്പെടുന്നുവെന്നു് എനിക്കൊരു തോന്നലുണ്ടു്. അഗാധനിദ്രയിലായിരിക്കുന്ന രോഗികളുടെ ശരീരം ഓപ്പറേഷൻ ടേബിളിൽ നേർക്കുനേർവരുമ്പോൾ ശാന്തമായ മിടിപ്പിലൂടെ അവർ നിശ്ശബ്ദശബ്ദം പൊഴിക്കുന്നതു് പലപ്പോഴും ഞാൻ കേൾക്കാറുള്ളതാണു്. അതിലൂടെ അവർ വെളിപ്പെടുത്തുന്നതൊന്നും ഇക്കാലം, നടക്കാനിരിക്കുന്ന ശസ്ത്രക്രിയയെ സ്വാധീനിക്കാറില്ലെന്നു് പാവം ഹൃദയഭാഷണങ്ങൾക്കു് അറിയുകയില്ലെന്നുമാത്രം.
തെല്ലിടവേളയെടുത്തുകൊണ്ടു് ഗ്രാൻപാ തുടർന്നു പറയാൻ തുടങ്ങി.
“അതൊരു സാധാരണ രോഗിയൊന്നുമായിരുന്നില്ല, ഡോക്ടറേക്കാൾ ഔന്നത്യമുള്ള ഒരാളായിരുന്നു. അക്കാലം, തമിഴ്മക്കളെ നിത്യേന കുയിൽമാതിരി പാടിയുണർത്തുന്നതു് അയാളായിരുന്നു. എത്രയോ രോഗികൾ തങ്ങളുടെ വേദനയുടെ ഇടവേളകളിൽ അയാളെഴുതിയ പാട്ടുകൾ പാടിക്കൊണ്ടു് ആസന്നമരണം സഹനീയമാക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. അത്രയൊന്നും അപകടത്തിന്റെ വക്കിലായിരുന്നില്ല പക്ഷേ, അയാൾ. നിസ്സാരമല്ലെങ്കിലും മാറാത്ത മൈഗ്രേനായിരുന്നു പ്രശ്നം. ഡയഗ്നോസിസിൽ നാസൽ ഡിഫോർമിറ്റി ഉറപ്പായി. ഡീവിയേറ്റഡ് സെപ്റ്റം മൈഗ്രേനു് ശരിയായ കാരണമായിത്തീരുകയായിരുന്നു. അതുറപ്പായതോടെ നാസൽ സർജറിക്കാണു് അനുഭവങ്ങളുടെ വെളിച്ചത്തിൽ മനസ്സു് ആവശ്യപ്പെട്ടതു്.
ഒ. ടി. റൂമിലെ നിഴൽ വീഴ്ത്താത്ത ആഴമുള്ള വെളിച്ചം. അനസ്തേഷ്യ മെഷീൻ. വെൺമയുടെ എപ്രൺ. കുടിച്ചാലിറങ്ങാത്ത കടുത്ത മൗനം…
“എനിക്കു് വല്ലാത്ത ഭയം. ഇതു വേണോ?” രോഗി ചോദിച്ചു.
“എന്റെ കൈകളെ നിങ്ങൾക്കു് വിശ്വാസമില്ലേ?” ഞാൻ ചോദിച്ചു.
“എന്റെ മനൈവിക്കും മകനും മറ്റാരുമില്ല.” രോഗിയിൽ സങ്കടത്തിന്റെ ഈണം.
കരുണയോടെ ഞാൻ പുഞ്ചിരിച്ചു.
അങ്ങനെ ഞങ്ങൾ അതങ്ങു തുടങ്ങി.
“ഡോക്ടർ എവിടെയാണു് നിങ്ങൾ കത്തിവെക്കുക? അക്ഷരത്തിന്റെ ധമനികളെല്ലാം ഒന്നൊന്നായി മുറിക്കുമോ നിങ്ങൾ. നോക്കൂ, ചോരയിൽ പെരുംമായയുടെ രൂപാരൂപവടിവങ്ങൾ!”
സർജറിയുടെ വേളയിൽ രോഗി പിറുപിറുക്കുകയായിരുന്നു, അഥവാ, എനിക്കു് അങ്ങനെ തോന്നി.
അപ്രതീക്ഷിതമായ ബ്ലീഡിങ്ങിനെ നേരിടുമ്പോൾ രോഗിയുടെ ചുണ്ടുകളിലെ പിറുപിറുപ്പിന്റെ ഇളക്കം ഇങ്ങനെ പറയുന്നതായി എനിക്കൊരു തോന്നൽ: “ത്രിപുടീതലം ഭേദിച്ചു് നിലയ്ക്കാതെ പുറത്തേക്കു് ചീറ്റുന്നതു് ചോരയല്ല, സംഗീതമല്ല, കവിതയല്ല, അതു് തുരീയാതീതമല്ലോ…”
ഗ്രാൻപാ പറഞ്ഞുനിർത്തി. എന്തായാലും ആ രോഗി അപൂർവ്വപ്രത്യേകതകളുള്ള ഒരാൾതന്നെ! തണുത്തുപോയ കൈകൾകൊണ്ടു് ഞാൻ ഗ്രാൻപായെ തൊട്ടു.
“ദൈവത്തിന്റെ കങ്കാരുവിനേപ്പോലെ ഭൂമിയിൽ വിതറാനുള്ള മുഴുവൻ നിറങ്ങളും കീശയിലേന്തി കയറിവന്ന ഒരാളായിരുന്നു, അതു്!”
ഗ്രാൻപാ ആത്മഗതമെന്നോണം തുടർന്നു.
“സർജറിയിൽ രോഗി ഡെത്തായോ, ഗ്രാൻപാ?”
“ഇല്ല, അതയാളുടെ മണക്കാനുള്ള സിദ്ധിയെ കവർന്നെടുത്തു് തലവേദനയെ മടക്കിയേൽപ്പിക്കുകയാണുണ്ടായതു്.”
എങ്കിൽ, പിന്നെന്താണു് പ്രശ്നമെന്നായി എന്റെ ചിന്ത. മെറീനയുടെ മണലിൽ കുഴിഞ്ഞുപോയ ഗ്രാൻപായുടെ കാലുകൾ മേലോട്ടുവരാനായി കുഴയാൻ തുടങ്ങി. എന്നിട്ടും, ആളുകൾ അവശേഷിപ്പിച്ച കാലടിക്കുഴികളിലേക്കാണു് ഓരോ തവണയും അദ്ദേഹം തന്റെ കാലുകൾ മുൻവെച്ചതു്. മുതുകിൽ പതിക്കുന്ന ചാട്ടയെന്നോണം വെയിൽ. അതുമായി ഗ്രാൻപാ തിരകളിലേക്കു നീങ്ങാനായി പുറപ്പെട്ടു. തുണയ്ക്കായി ഞാൻ കൈപിടിച്ചു.
“മൂക്കിനകത്തായിരുന്നില്ല ശരിക്കും അയാളുടെ മൈഗ്രേനിന്റെ കാരണം പതിയിരുന്നതു്, അങ്ങനെ കരുതിയ എനിക്കാണു് തെറ്റുപറ്റിയതു്,” ഗ്രാൻപാ തുടർന്നു, “സെറിബ്രൽ ഹാമറേജ് മുൻവെച്ചുകൊണ്ടു് സ്വന്തം മരണത്തിലൂടെ ആ ഭാഗ്യദോഷിതന്നെ അതു് പിന്നീടു്, വെളിപ്പെടുത്തുകയായിരുന്നു… മാസങ്ങൾക്കകം അയാൾ എന്റെ ടേബിളിലെത്തി. ആകെ കുഴഞ്ഞുമറിഞ്ഞ തലച്ചോറുമായി വിദൂരങ്ങളിലേക്കു് വെറുതെ വാക്കുകളെറിയുകയാണു്, അയാൾ. അതത്രയും ശുദ്ധകവിതയേക്കാൾ അവ്യക്തമായിരുന്നുതാനും. പേരെടുത്തു് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. കൂട്ടിരുന്ന മനൈവിയുടെ ഇടറിയ നിലവിളികൾക്കു് ആശുപത്രി വാർഡ് തരണംചെയ്യാൻപോലും കഴിഞ്ഞില്ല. കുട്ടിയുടെ കുഞ്ഞിവാ അവളുടെ പാനപാത്രത്തെ സദാ തൊട്ടുനിൽക്കുകയായിരുന്നു.”
“ഇരുപത്തിയൊമ്പതുവയസ്സിലൊന്നും ഒരാൾ മരിക്കില്ലല്ലോ? പറയൂ, ഡോക്ടർ.” ബോധം എന്നന്നേക്കുമായി മങ്ങുന്നതിനുതൊട്ടുമുമ്പു്, അയാൾ എന്നോടു ചോദിച്ചതങ്ങനെയാണു്.
“ഇല്ല, നിങ്ങൾക്കു് അൽപസമയം ഉറങ്ങാനുള്ള മരുന്നാണു് ഞാൻ തന്നിട്ടുള്ളതു്.” ഞാൻ പറഞ്ഞു.
“താൻ മരിക്കുകയാണെന്നു് ഒരുപക്ഷേ, അയാൾ അറിഞ്ഞിട്ടേയുണ്ടാകില്ല. മുമ്പു്, സ്കാൽപൽകൊണ്ടു് തൊട്ടുപെരുമാറി ഞാൻ രൂപമാറ്റംവരുത്തിയ മൂക്കിനകത്തുനിന്നു് അന്നേരം, ചോരയുടെ താര ഭൂമിയെ നോക്കി ചാലിടുകയായിരുന്നു. നിർത്താതെ പുറമേയ്ക്കൊഴുകുന്ന ചോരയുടെ താരയിൽ അയാൾ മുമ്പു്, സൂചിപ്പിച്ച പെരുംമായയുടെ രൂപാരൂപവടിവങ്ങൾ ഞാൻ കണ്ടു…”
“വൈകാതെ സ്വന്തം ശ്വാസനിശ്വാസങ്ങളെ തമിഴ് ചലച്ചിത്രങ്ങളെ ഏൽപ്പിച്ചു്, എന്നന്നേക്കുമായി അയാൾ ഭൂമിയുടെ തിരശ്ശീലയിൽ മങ്ങിയൊളിച്ചു. നിരവധിയായ ഛായകളിൽ അനേകശബ്ദമൊളിപ്പിക്കുന്ന മൂവീഫിലിംറോൾ മുന്നിൽക്കാണുന്ന പിൽകാലങ്ങളിലെല്ലാം അയാളുടെ മാജിക് ഞാൻ ഓർത്തുപോകാറുണ്ടു്. ഫിലിമിന്റെ ഒരു വശത്തായി കാണപ്പെടുന്ന ശബ്ദപാളങ്ങളിൽ ചിഹ്നരൂപിയായി അയാൾ പതിയിരിക്കുന്നതു കാണാം. ‘ഇരുപത്തിയൊമ്പതുവയസ്സിലൊന്നും ഒരാൾ മരിക്കില്ലല്ലോ’ എന്നു് അപ്പോഴെല്ലാം അയാൾ ചോദിക്കും, മുഖത്തേക്കുതന്നെ വിവർണ്ണവിമൂകമായി നോക്കിക്കൊണ്ടു്. ആസന്നമരണം തിരിച്ചറിയാനാവാതെ അവസാനവേളയിൽ ചികിത്സകനെ അഭിമുഖീകരിക്കുന്ന രോഗി മനുഷ്യനിസ്സഹായതയുടെ മറക്കാനാവാത്ത വ്യഥിതമാത്രകളാണു് മുൻവെക്കുക…”
ഗ്രാൻപാ പറഞ്ഞുനിർത്തി.
അദ്ദേഹത്തെ അഭിമുഖീകരിക്കാൻ പറ്റാതെ ഞാൻ മെറീനയെ നോക്കി. വാനത്തെ അപ്പാടെ ഒപ്പിയെടുത്തതുപോലെ അതങ്ങനെ സർവ്വത്ര നീലയിൽ മുങ്ങിനിൽപ്പാണു്. ഗ്രാൻപാ എന്റെ കൈകളിൽ പിടിച്ചു. മുന്നോട്ടുനീങ്ങാനുള്ള നിശ്ശബ്ദ നിർദ്ദേശമായിരുന്നു അതു്. ഞങ്ങൾ മെല്ലെ തിരയുടെ താരയിലേക്കു നടന്നു.
“എനിക്കു് ഗുരുസ്ഥാനീയനായ ഒരു ഡോക്ടറുണ്ടായിരുന്നു, ടി. എം. മുതലിയാർ,” ഗ്രാൻപാ തുടർന്നു, “ടെസ്റ്റ് റിപ്പോർട്ടിന്റെ സഹായത്തിനൊന്നും കാത്തുനിൽക്കാതെ, വിചിത്രമായൊരു ഡയഗ്നോസിസ് വിന്യസിക്കുന്ന രീതിയായിരുന്നു, അദ്ദേഹത്തിനു്. താളോപകരണമെന്നമട്ടിൽ രോഗശരീരത്തിൽ മുതലിയാർ തന്റെ കൈപ്പത്തി ചേർത്തുവെക്കും. തുടർന്നു് മെല്ലെ വിരലുകൾ ചലിപ്പിക്കും. പൂർണ്ണ നിശ്ശബ്ദതയിൽ രോഗശരീരത്തിലെ ശബ്ദങ്ങൾ കേട്ടുകൊണ്ടു് അദ്ദേഹമങ്ങനെ നീങ്ങും. മർദ്ദവും, താപവുമെല്ലാം ഗണിച്ചുകൊണ്ടു് ശരീര ജാതകത്തിന്റെ ഗണകനേപ്പോലെ മുന്നോട്ടുപോകും. അസ്വാഭാവികതയുടെ തടസ്സങ്ങളിലെത്തുമ്പോൾ ആ വിരലുകൾ താനേ നിശ്ചലമാകുകയായി. അരൂപികളായ അണുക്കളുടെ നടവട്ടമുള്ള രോഗസ്ഥലിയായിരിക്കും അതു്. അന്നേരം, തന്റെ പ്രശസ്തമായ പേനകൊണ്ടു് മുതലിയാർ അവിടെയൊരു ഗുണനചിഹ്നമിടും. പിന്നീടു്, സമയമൊട്ടും നഷ്ടപ്പെടുത്തില്ല, രോഗമെന്തെന്നു് അന്നേരംതന്നെ പ്രഖ്യാപിക്കുകയായി… ആർക്കും പിടികൊടുക്കാതെ ഒളിഞ്ഞുകിടന്ന പലമാതിരി രോഗങ്ങളും അത്തരത്തിൽ അദ്ദേഹത്തിനു് കണ്ടെത്താനായിട്ടുണ്ടു്. പെർക്യൂഷൻ എന്ന പരിശോധനാ രീതിയിൽ ഡോക്ടർ മുതലിയാർക്കു് സമൻമാരില്ല. അത്യപൂർവ്വമായി മാത്രമേ അക്കാര്യത്തിൽ തോൽവിയുണ്ടായിട്ടുളളൂ. അപ്പോഴെല്ലാം അതിനുപയോഗിച്ച മനസ്സിന്റെ സ്കാൽപൽ അദ്ദേഹം മെറീനയിലൊഴുക്കുകയാണു് പതിവു്. തർപ്പണമെന്നതുപോലെ ഒരിനം ചടങ്ങായിട്ടാണു് അദ്ദേഹം അതിനെ കണ്ടിരുന്നതു്. അടുപ്പമുള്ള അപൂർവ്വശിഷ്യർ മാത്രമായിരിക്കും അതിനു സാക്ഷികൾ. ഒരിക്കൽ ഞാൻ അദ്ദേഹത്തോടൊപ്പം അതിൽ പങ്കെടുത്തിട്ടുണ്ടു്…”
കാലങ്ങളോളം സ്വയംപീഡയാക്കി താൻ കൊണ്ടുനടന്ന വ്രണം ഗ്രാൻപാ മടക്കിയേൽപ്പിക്കുകയാണെന്നു് എനിക്കുറപ്പായി. ഗുരുവിനേപ്പോലെ തർപ്പണത്തിന്റെ പാതതന്നെ നോക്കിപ്പിടിച്ചുവന്നെത്തിയതു് മറ്റൊന്നിനുമല്ല. പക്ഷേ, സ്വയംശിക്ഷയുടെ കാലാവധി കഴിഞ്ഞെന്നു് ഒരാൾ ശരിക്കും തീർച്ചപ്പെടുത്തിയെങ്കിൽ, അതിനുപിന്നിലായി മറ്റൊരു സത്യം ഒളിച്ചിരിപ്പില്ലേ? പൂർണ്ണവിടുതിയിലേക്കു തുറന്നുപറക്കുന്നവരാണു്, സാധാരണയായി കുരിശു വിട്ടുയരുക!
“വ്യർത്ഥമായിപ്പോയ ഒരു ബോച്ഡ് സർജറിയുടെ വ്യഥിതപ്രായശ്ചിത്തത്തിനു് എനിക്കും സമയമായി, കുഞ്ഞാ.” കാലുകൾ തിരനുരകളിലേക്കു് സ്പർശിച്ചമാത്രയിൽ അദ്ദേഹം പറഞ്ഞു.
“ഗ്രാൻപാ, ആരായിരുന്നു ആ വിലപ്പെട്ട രോഗി?” എനിക്കു് ചോദിക്കാതിരിക്കാനായില്ല.
കാലുകളിലേക്കു് ചുറ്റിപ്പരക്കുന്ന പതയുന്ന തിരകളിൽനിന്നു് ഗ്രാൻപാ സൂര്യനിലേക്കു നോക്കി.
“പട്ടുക്കോട്ടൈ കല്യാണസുന്ദരം.” അദ്ദേഹം വെളിപ്പെടുത്തി.
“ഗ്രാൻപാ, ആ സ്കാൽപൽ ഇനി, പുറത്തെടുത്തോളൂ. നമുക്കതു് തിരകൾക്കു കൊടുക്കാം.”
സർവ്വസമ്മതമെന്നോണം അടുത്തനിമിഷം അദ്ദേഹം ചെയ്തതു്, മുഴുനീളം കുളിപ്പിക്കാനായി തിരക്കുഴിയിലേക്കു് സ്വന്തം ശരീരം നീട്ടിവെക്കുകയാണു്.
[1] തമിഴ്കവി. സിനിമാഗാനരചയിതാവു്. നിരവധി ഹിറ്റ് ഗാനങ്ങളുടെ കർത്താവു്. എം. ജി. ആറിന്റെ സിനിമകളിലൂടെ പ്രശസ്തനായി. ഇരുപത്തൊമ്പതാംവയസ്സിൽ അന്തരിച്ചു.
[2] മരണാസന്നരായ ചിലരുടെ കൈകളിലും കാൽപ്പടങ്ങളിലും കാണുന്ന നിറമാറ്റം. ചുകപ്പു്, ബ്രൗൺ നിറങ്ങളിൽ കാണപ്പെടും. രക്തം പമ്പുചെയ്യാനുള്ള ഹൃദയത്തിന്റെ ബലം അധികനാൾ തുടരില്ലെന്ന ഒരു ലക്ഷണം.
[3] ബി. സി.-യിൽപ്പോലും ഉപയോഗിച്ചുവന്നിരുന്ന ഒരിനം ശസ്ത്രം. പുതിയകാലത്തും അതിന്റെ അനേകരൂപങ്ങൾ ഉപയോഗിച്ചുവരുന്നുണ്ടു്.
[4] ഗവൺമെന്റ് ഹോസ്പിറ്റൽ.
[5] ആസൂത്രണത്തകരാറോ, സാങ്കേതികപ്പിശകോ, മറ്റു് അപ്രതീക്ഷിതകാരണങ്ങളോമൂലം പൂർണ്ണപരാജയമോ ഭാഗികപരാജയമോ നേരിടുന്ന ശസ്ത്രക്രിയ.
1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
ഭാര്യ: ജ്യോതി
മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.