തൊള്ളായിരത്തിയെഴുപത്തിരണ്ടാമാണ്ടു് വിഷാദമഗ്നമായ സ്വന്തം ഭാവിയും ഉദരത്തിൽ ചുമന്നു് കലണ്ടറിൽ വെയിലുകാഞ്ഞിരിപ്പാണു്. എനിക്കു് അഞ്ചുവയസ്സേയുള്ളൂ. അന്നാണു്, പ്രധാനമന്ത്രിയെ ആദ്യം കാണുന്നതു്. കറുത്തു്, മരക്കുറ്റിപോലെ തോന്നിച്ച ഒരാളായിരുന്നു, അദ്ദേഹം. എങ്കിലും, പ്രായം പേശികളെ താഴോട്ടു് അലിയിക്കാൻ തുടങ്ങിയിട്ടുണ്ടു്. ഞെരമ്പുകൾ തൊലിയോടു് പതിഞ്ഞു. കുതിപ്പിന്റെ വിനിമയങ്ങളൊന്നൊന്നായി ചോരയിൽ അവസാനിച്ചതുപോലെ. കഞ്ഞിപ്പശയിൽ വടിപോലെ നിലകൊണ്ട നീലംമുക്കിയുണക്കിയ മല്ലുമുണ്ടായിരുന്നു വേഷം. നെറ്റിയിൽ ചന്ദനക്കുറി നാലുവിരൽ വീതിയിൽ. ആകപ്പാടെ വെറുമൊരു നാട്ടുകാരണവരുടെ രൂപമാതൃകകളിലൊന്നുമാത്രമായി വരവുവെക്കാം. എന്നാൽ, പ്രതിഫലനത്തിന്റെ ഉൾജ്വാലയിൽ വൈരംപോലെ തിളങ്ങന്ന ആ കണ്ണുകൾ മറ്റൊരുമട്ടിലുള്ള ഒരാളാണു് അതെന്നു് സദാ തോന്നിപ്പിച്ചു.
“മുത്തശ്ശനെ വന്ദിക്കൂ.”
അമ്മമ്മ നിർദ്ദേശിച്ചു.
അതനുസരിച്ചു് ഞാൻ അദ്ദേഹത്തിന്റെ കാലുതൊട്ടു് അനുഗ്രഹം വാങ്ങി.
“ഇവൻ സ്കൂളിൽ പോകുന്നില്ലേ, ചിരുതേ?”
ഒരു പ്രധാനമന്ത്രി എന്റെ കാര്യങ്ങൾ ശ്രദ്ധയോടെ അന്വേഷിച്ചല്ലോ, അഭിമാനം തോന്നി. ഞാൻ അമ്മമ്മയെ നോക്കി. അവരുടെ നോട്ടം അദ്ദേഹത്തിനുനേർക്കായിരുന്നു. അതു് പക്ഷേ, തണുപ്പൻമട്ടിലായിരുന്നു.
ശരിക്കുംപറഞ്ഞാൽ, ഞാൻ പള്ളിക്കൂടത്തിലൊന്നും പോകാൻകഴിയാതെ വീട്ടിനകത്തു് ചുമ്മാ കുത്തിയിരിപ്പായിരുന്നു. അതൊരു കഥയാണു്. പക്ഷേ, പറഞ്ഞാൽ എളുപ്പം തീരും, കേട്ടോ. കഥകളുടെ കുഴപ്പം പണ്ടും അതാണു്, പറയുന്നതോടെ തീരുന്നതാണു്, അവയൊക്കെ.
പുതിയക്ലാസ്സിലേക്കു് ചേരാനുള്ള മഴമാസങ്ങൾക്കു തൊട്ടുമുമ്പു്, വേനലിൽ വെയിലുനോക്കാതെ കളിച്ചിട്ടാവാം, എനിക്കൊരു മഞ്ഞപ്പിത്തം വന്നുപെട്ടു. കുറേനാൾ കിടക്കയിലൊതുങ്ങേണ്ടിയുംവന്നു. രോഗംവിട്ടെഴുന്നേറ്റപ്പോഴേക്കും പള്ളിക്കൂടത്തിലെ ആ വർഷത്തെ അദ്ധ്യയനം പാതിയായി. എങ്കിൽ, അടുത്ത വർഷാരംഭത്തിൽ മതി അങ്ങോട്ടുള്ള പ്രവേശനമെന്നു് കൊയമ്പത്തൂരിലുള്ള അച്ഛനങ്ങു് തീരുമാനിക്കുകയുംചെയ്തു. അങ്ങനെ ശരിക്കും ഞാൻ ത്രിശങ്കുവിലായി.
സാമാന്യം വലിയൊരു മലയുടെ മൂന്നുവശങ്ങളിലായി പരന്നുകിടക്കുന്ന പാടങ്ങളിലെ കൃഷിയായിരുന്നു, അവിടെ ഏക ചലനസാദ്ധ്യത. മഴ ചുറ്റിമൂടിയ വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിന്റെ ആൽത്തറയിലേക്കു് കാറ്റുപോലും ചുരുണ്ടുപോകും. നിശ്ശൂന്യമായ തുറസ്സുകളിൽ നിലയ്ക്കാത്ത പെരുമഴകൾ ഒന്നിനുപിറകെ മറ്റൊന്നായി പെയ്തുവരും. നനഞ്ഞ ഉമ്മറപ്പടികളിൽ ഒട്ടും അനങ്ങാത്ത സന്ധ്യകൾ. ചാക്കോരുവിന്റെ മുറുക്കാൻകടയിലെ പുകലമാത്രമാണു് അക്കാലം, ചൂടു തികഞ്ഞതു്. അതു് കാരണവൻമാരുടെ വെറ്റിലസദസ്സുകളെ അൽപമെങ്കിലും ഊഷ്മളമാക്കിപ്പോന്നു. ഒന്നാംവിള കൊയ്യുന്നതോടെ കാര്യങ്ങൾക്കു് ഇത്തിരി മിനുസമൊക്കെ വരും. ദാരിദ്ര്യത്തോടൊപ്പമാണെങ്കിലും ഓണം വന്നെത്തും. വൃശ്ചികത്തിൽ അയ്യപ്പൻവിളക്കു്, കുംഭത്തിൽ ഏകാദശി, മേടത്തിൽ താലപ്പൊലി അങ്ങനെ ഋതുക്കൾ നീങ്ങിച്ചെന്നു് വീണ്ടും മഴയിൽച്ചെന്നുമുട്ടും… കാലത്തിന്റെ കാലുകൾ വർണ്ണാഭമായ അടിവെപ്പുകൾ നടത്തുന്നതു് അത്തരത്തിലാണു്.
എന്റെ അവസ്ഥ അമ്മമ്മ പ്രധാനമന്ത്രിയെ അറിയിച്ചു. കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകേട്ടതിനുശേഷം, അദ്ദേഹം വിധി പറഞ്ഞു.
“ചിരുതേ, അങ്ങനെയാണെങ്കിൽ, ഇവൻ എന്റെകൂടെ നിന്നോട്ടെ, കുറച്ചുദിവസം.”
പ്രധാനമന്ത്രിയോടൊപ്പം കഴിയാനുള്ള അവസരമാണു് ഒറ്റയടിക്കു് തെളിഞ്ഞുകിട്ടിയതു്! അമ്മമ്മക്കു് സന്തോഷമാകും എന്നാണു് ഞാൻ കരുതിയതു്. പക്ഷേ, ആ മുഖം തെളിഞ്ഞില്ല.
“അയ്യോ, അതു്…”
അങ്ങനെ അമ്മമ്മ തുടങ്ങിവെച്ചപ്പോൾ അതിന്റെ കാരണത്തിനുപോലും കാത്തുനിൽക്കാതെ അദ്ദേഹം ഒറ്റയടിക്കു് പിൻമാറി.
“ഞാൻ വെറുതെ ചോദിച്ചൂന്നേള്ളൂ, അതു് കാര്യാക്കണ്ട, ചിര്തേ.”
അങ്ങനെ ഞങ്ങൾ വഴി പിരിഞ്ഞു.
“അമ്മമ്മേ, എനിക്കു് പ്രധാനമന്ത്രീടെ കൂടെപോകണം.”
വീട്ടിലെത്തിയതും ഞാൻ പറഞ്ഞതു് അങ്ങനെയാണു്. അതു് അമ്മമ്മ ശ്രദ്ധിച്ചില്ല. ഭൂമിയുമായി യാതൊരു ബന്ധവുമില്ലാതെ പാതിനേരവും കഴിഞ്ഞുകൂടിയിരുന്ന പൊട്ടിക്കാളിയായ അമ്മയാകട്ടേ യാതൊന്നും തന്റേതല്ലെന്ന മട്ടുകാരിയായിരുന്നു. അവരും ഞാൻ പറഞ്ഞതു് ശ്രദ്ധിച്ചില്ല. എനിക്കു് സങ്കടമായി, നല്ല ദേഷ്യവും. ചാച്ചാജിയാണു് അക്കാലം, എന്റെ കണ്ണിൽ പ്രധാനമന്ത്രി. പ്രാവുപോലെ വെളുവെളുത്ത വസ്ത്രങ്ങളിൽ നിറഞ്ഞുതിളങ്ങുന്ന മറ്റൊരു വെൺമ. ബട്ടൺഹോളിൽ എന്നേപ്പോലെ ഏതെങ്കിലുമൊരു കൊച്ചുകുട്ടി കുത്തിക്കൊടുത്ത റോസാപ്പൂ. നീണ്ടമൂക്കിൻതുമ്പത്തു് അരുമയായ മുൻശുണ്ഠി… അദ്ദേഹത്തെ കാണണമെന്നു് പലപ്പോഴും മോഹമുണ്ടായിട്ടുണ്ടു്, സാധിച്ചിട്ടില്ല.
“എനിക്കു് പ്രധാനമന്ത്രിയുടെ വീട്ടിൽപ്പോകണം.”
ഞാൻ വാശിപിടിച്ചു.
“അതിനു് ഏട്ടനെവിടെ വീടു്?”
സ്വന്തമായൊരു വീടില്ലാത്ത പ്രധാനമന്ത്രിയോ!
(നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതും തിരുവില്വാമലയിൽനിന്നു് തുണക്കൂട്ടാനെത്തിയ കാറ്റുവന്നു് കൈപിടിച്ചു.
“പോകാം?”
നാട്ടുകാറ്റു് ക്ഷണിച്ചു.
നാട്ടുവെളിച്ചത്തിലുരസി പറന്നെത്തിയതല്ലേ, കാറ്റിന്റെ അരികുകളിലെമ്പാടും മിന്നാമിനുങ്ങുകൾ. നാട്ടിൽനിന്നു് ആരും വരാനുണ്ടാകില്ലെന്നറിയാം, മുൻകൂട്ടി ആരെയും അറിയിക്കാതെയുള്ള പിൻമടക്കമാണു്. അതറിഞ്ഞുവെച്ചായിരിക്കണം കാറ്റിന്റെ വരവു്. വൃശ്ചികത്തിലെ മഞ്ഞുനനഞ്ഞ നക്ഷത്രങ്ങൾ പണ്ടു്, രാക്ഷസപ്പാറയിൽ ‘ആകാശം ഭൂമി’ കളിക്കുന്നതു് ഈ കാറ്റിനോടൊത്താണു്. താഴേക്കുചാടിവന്നു് പാറ തൊടുന്ന നക്ഷത്രങ്ങളുടെ “തൊട്ടേ, തൊട്ടേ” എന്ന ആഹ്ലാദാരവം ഇടയ്ക്കിടെ ഉയർന്നുകേൾക്കും.
“മതി.”
കുറേയാകുമ്പോൾ ഞാൻ ശാസിക്കും.
“അവർ കളിച്ചോട്ടെ.”
പ്രധാനമന്ത്രി എന്നെ അനുനയിപ്പിക്കാനായി പറയും.
“മുത്തശ്ശൻ പറയുന്ന കഥ ഇവരുടെ ഒച്ചയ്ക്കിടയിൽ കേൾക്കുന്നില്ല.”
ഞാൻ പരാതി പറയും.
നനഞ്ഞ നക്ഷത്രങ്ങൾക്കും കാറ്റിനുമായി പിന്നീടു്, അദ്ദേഹം തന്റെ പതിഞ്ഞ ഒച്ചയെ ഉയരത്തിലേക്കു കയറ്റിവെക്കും. വിജനമായ പാതയിൽ അങ്ങു ദൂരെവരെ ആരുമില്ലെന്ന സമാധാനംകൂടി ആ നീക്കത്തിനുപിന്നിലുണ്ടു്.
പോകാനുള്ള ഇടം ഏതെന്നു കേട്ടപ്പോൾ ഡ്രൈവർ പുഞ്ചിരിച്ചു.
“ആംബുലൻസിൽ ഡ്രൈവറായിരുന്ന കാലത്തു് ഞാൻ പലതവണ അവിടേക്കു് ശവംകൊണ്ടുപോയിട്ടുണ്ടു്.”
സമൂലമായ ചുടലയെന്നമട്ടിലായിരുന്നു ഡ്രൈവർ ഗ്രാമത്തെ വിശേഷിപ്പിച്ചതു്. അറിയാതെ ഈർഷ്യ വന്നു. ഞാൻ മുഖം മറുവശത്തേക്കു് തിരിച്ചു. പുറമെ നല്ല ചൂടുണ്ടു്. അവൻ ചില്ലുകൾ പൂർണ്ണമായി അടച്ചു്, എയർകണ്ടീഷണർ പ്രവർത്തിപ്പിച്ചു. അന്നേരം, നാട്ടുകാറ്റു് അറിയാതൊന്നു ചുമച്ചു. തണുപ്പു സഹിക്കാൻവയ്യാതെ പിൻസീറ്റിലേക്കു് കടന്നുവരികയുംചെയ്തു. കാറ്റു് ആകാശംവഴി പിൻതുടരുകയല്ല, കാറിനകത്തു കയറിപ്പറ്റുകയാണുണ്ടായതു്. മടിയൻ. സുഖം വരുത്തിക്കൂട്ടിയ രാജ്യത്തിന്റെതന്നെ അലസഗമനം ഇക്കാലം, കാറ്റിനേയും ബാധിച്ചിട്ടുണ്ടു്.
“ഞാനിപ്പോഴും പ്രധാനമന്ത്രിയെ ഇടയ്ക്കിടെ ഓർക്കാറുണ്ടു് കേട്ടോ,” കാറ്റു് പറഞ്ഞു, “രാക്ഷസപ്പാറയിലെ പാലമരത്തിനുതാഴെ, മദ്യപാനസദസ്സുകളുടെ പ്രഹർഷം പൊട്ടിച്ചിട്ട കുപ്പിച്ചില്ലുകളിൽ മൂക്കുരച്ചുപറക്കുമ്പോൾ നമ്മുടെ ഏകാന്തസായാഹ്നങ്ങളുടെ നിനവുകൾ എനിക്കുണ്ടാകാറുണ്ടു്. അന്നേരത്താണു്, പ്രധാനമന്ത്രിയുടെ ഓർമ്മകൾ കടന്നുവരിക.”)
അങ്ങിങ്ങായി പനകൾ വെയിലുകായുന്ന പറമ്പിനകത്തുള്ള ഒറ്റമുറിവീട്ടിൽ പ്രധാനമന്ത്രി ഏകനായി കഴിഞ്ഞുവന്നു. തണലിനെന്നോണം മുറ്റത്തു്, ഉങ്ങു് പന്തലിട്ടുനിൽക്കുന്നതു കാണാം. തളിരിടാതെ അതിനെ കാണാൻ പ്രയാസമാണു്. വെട്ടുകല്ലിന്റെ പരുക്കൻബലമുള്ള മണ്ണായിരുന്നു, അവിടെ. ദൂരെ, വില്വാമലയിൽനിന്നു് വടക്കോട്ടു് പുഴയിലേക്കു ചെരിഞ്ഞുതൂങ്ങുന്ന കരയുടെ അറ്റത്തായി, ഉയരമില്ലാത്ത പാഴ്ച്ചെടികളുംപേറി അതങ്ങനെ മൊരിഞ്ഞുനിൽക്കും. വേനലിൽപ്പോലും വറ്റാത്ത ഒരു കുളം അതിനോരംപറ്റിക്കിടക്കുന്നുണ്ടു്. ദൂരെയല്ലാതെയാണു് ഭാരതപ്പുഴ. ആത്മാക്കൾക്കു് മോക്ഷംനൽകുന്ന ബലിക്കടവു്. അതു കഴിഞ്ഞാൽ, പുഴക്കു് ചെറിയൊരു വളവാണു്. പ്രധാനമന്ത്രിയുടെ വാടകവീടിന്റെ പറമ്പിൽനിന്നു് തെല്ലുദൂരം നടന്നാൽ ചെന്നെത്തുന്നതു് അങ്ങോട്ടാണു്. അതിന്റെ കരയിൽ ഓട്ടുകമ്പനിയുടെ ദ്രവിച്ച അസ്ഥികൂടം. കമ്പനിബംഗ്ലാവു് എന്ന പേരിൽ വിളിക്കപ്പെട്ടിരുന്ന മാളിക, ഒട്ടിയ കവിൾപോലെ അതിനടുത്തു നിൽപ്പുണ്ടു്… സ്വപ്രതാപത്തിന്റെ വ്രണിതമായ ഓർമ്മകളിലേക്കു് പ്രധാനമന്ത്രി പോകാറേയില്ല. മേടച്ചൂടിന്റെ വായുവിതാനങ്ങളെ താഴ്‌വരയിലേക്കു് ഉരുട്ടിവിടുന്ന മലയിലേക്കുനോക്കി ഉച്ചകളിൽ ഉങ്ങിൻതണലിൽ അദ്ദേഹം തനിച്ചിരിക്കും. വെയിലാറുമ്പോൾ പുഴയിൽനിന്നു് പറന്നുകയറുന്ന വയൽക്കൊറ്റികൾ ആകാശത്തേക്കു് വടിപോലെ നിരയൊപ്പിച്ചു പറക്കുന്നതിനു് കൺപാർത്തു്, അങ്ങനെ ഇളകാതിരിക്കും.
പ്രധാനമന്ത്രിയുടെ ഉറക്കമില്ലാത്ത അത്തരം നട്ടുച്ചകളിലൊന്നിൽ അമ്മമ്മയുടെ കൈയിൽത്തൂങ്ങി ഞാൻ അങ്ങോട്ടു് കയറിച്ചെന്നു.
“പ്രധാനമന്ത്രിയുടെകൂടെ പാർക്കണംന്നു് പറഞ്ഞു് കുട്ടിക്കു് കൊറച്ചീസായി ഒരേ വാശി!” അമ്മമ്മ പറഞ്ഞു.
കരുണാമയമായി അദ്ദേഹം പൊട്ടിച്ചിരിച്ചു.
“സ്വതന്ത്രകൊച്ചിസംസ്ഥാനത്തിന്റെ ലെജിസ്ലേറ്റീവ് കൗൺസിലെന്നു പറഞ്ഞാൽ ഇന്നതൊക്കെ തമാശയാണു്. എന്നിട്ടല്ലേ, അതിന്റെ പതിനൊന്നുമാസത്തെ പ്രധാനമന്ത്രി!”
ചിരിയുടെ അതേ മൂച്ചിനു് പ്രധാനമന്ത്രി എന്നെ അടുത്തുപിടിച്ചുനിർത്തി. മെല്ലെ തളർന്നുതുടങ്ങിയ പേശികൾക്കു മുകളിലെ നരച്ച രോമങ്ങളിൽ ചിലവ എന്റെ കുട്ടിക്കവിളിൽക്കൊണ്ടു. വെഞ്ചാമരം ഉരസിപ്പോയതുപോല. നിറയെ കിക്കിളിയായി.
പ്രധാനമന്ത്രിമാരോടുംമറ്റും എന്തെങ്കിലും ആവശ്യപ്പെടാൻ വെറും വാക്കുപോരെന്നു് ഞാനെങ്ങനെയോ മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിനു് കൊടുക്കാനായി ഒരു നിവേദനം കരുതിയതു് അടുത്തനിമിഷംതന്നെ ഞാൻ കൈമാറി. അതിൽ ഇങ്ങനെയണു് എഴുതിയിരുന്നതു്: “സാർ, ഞാനൊരു സ്കൂൾക്കുട്ടിയാണു്. മഞ്ഞപ്പിത്തംമൂലം എനിക്കു് ഒരു വർഷം പഠനം മുടങ്ങി. എന്നെ അങ്ങയുടെ കൂട്ടുകാരനായി ഏറ്റെടുക്കണമെന്നു് അപേക്ഷയുള്ളതാകുന്നു.”
അതു വായിച്ചു് പ്രധാനമന്ത്രിയുടെ കണ്ണുകൾ നിറയുന്നതു് കണ്ടു. അദ്ദേഹം എന്നെ കൂടുതൽ അടുപ്പിച്ചുനിർത്തി.
(നിവേദനത്തെ നിസ്സഹായതകൊണ്ടു നേരിടേണ്ടിവരുന്ന ആദ്യസന്ദർഭമായിരിക്കാം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, അതു്. എന്റെ പ്രത്യേകമായ നിവേദനത്തെയാണെങ്കിൽ നിറഞ്ഞ കീശയുണ്ടെങ്കിൽപ്പോലും ഒരാൾക്കു് നേരിടാനുമാവില്ലല്ലോ. ഒരുവേള, തന്റെ ഭരണകാലത്തായിരുന്നെങ്കിൽ അദ്ദേഹം ഇത്തരമൊന്നിനു മുന്നിൽ മറ്റൊരർത്ഥത്തിൽ തീർത്തും നിസ്സഹായനായിപ്പോയേനെ. സ്റ്റേറ്റിനു് ചെയ്യാൻകഴിയാത്തതു് സ്വന്തംനിലക്കു് ചെയ്യുന്നതാണു് പൊതുവെ അദ്ദേഹത്തിന്റെ വഴിയെന്നു് കഥകളിൽ കേട്ടിട്ടുണ്ടു്. പ്രധാനമന്ത്രിയെ കാണാനെത്തുന്നവർക്കറിയില്ലല്ലോ, സ്റ്റേറ്റ് ഖജാനയുടെ കുറുകിയ വലിപ്പം. മുഖത്തുനോക്കി കാര്യം നടക്കില്ലെന്നു പറയാനുള്ള ബലമില്ലാത്തതുകൊണ്ടു് അതത്രയും അദ്ദേഹം സ്വന്തംനിലക്കു് പരിഹരിക്കുകയായിരുന്നു പതിവു്. അങ്ങനെയാണു് ഓട്ടുകമ്പനിയും, കമ്പനിബംഗ്ലാവുമെല്ലാം പൊയ്പ്പോയതു്. വരുത്തിക്കൂട്ടിയ കടബാദ്ധ്യതയുടെ നാവു് നാമക്കലിലുണ്ടായിരുന്ന തോട്ടത്തേക്കൂടി നക്കിയെടുത്തു. അവിടെയും തളരാത്ത നാവു് എറിഞ്ഞോടിക്കപ്പെട്ട നായിനേപ്പോലെ പല ദിശകളിലും ഗതിമാറിപ്പാഞ്ഞു.
“നേടിയ വഴികളിൽ നിറച്ചും പാപമാണു്, അച്ഛന്റെ പാപം. ഇങ്ങനെയെങ്കിലും അതൊക്കെ കഴുകിക്കളയാതെ വയ്യ.”
പ്രധാനമന്ത്രി പറയും. അതീവജന്മിയായിരുന്ന അച്ഛന്റെ പാപബലത്തിൽനിന്നു് ഓടിയകലാൻ മറ്റുവഴികളൊന്നും കിട്ടിയിട്ടുണ്ടാകില്ല.
പലതുമോർത്തുകൊണ്ടു് കാറിലിരുന്നു് ഞാൻ വേവലാതിയോടെ ഉറങ്ങി. സ്വചരിത്രത്തിന്റെ തായ്വഴികളിൽനിന്നു് ഭാഗംവാങ്ങി എളുപ്പത്തിൽ ആശ്വാസത്തിലേക്കു് പിരിഞ്ഞുപോകാൻ ആർക്കും സാദ്ധ്യമല്ലെന്നു് ഉറക്കത്തിലെ ഓർമ്മകൾ സദാ തെളിയിക്കുകയാണെങ്കിൽ, ഉറക്കംപോലും ഒരിനം കഠിനാദ്ധ്വാനമാണു്.
കാർ ചീരക്കുഴിപ്പാലത്തിലേക്കു് കയറിയതും പ്രജ്ഞ പാഞ്ഞെത്തി. പണ്ടൊരുകാലം, കമ്പനിയിലെ ഓടുകൾ തൂക്കിയെടുത്തു്, വീർത്തപള്ളയുമായി പ്രാകൃതലോറികൾ തലങ്ങും വിലങ്ങും ദൂരക്കവാത്തിലേർപ്പെട്ട പാലമാണു്. ഇരുമ്പിൻതോലണിഞ്ഞ ചെന്നായിനേപ്പോലെ കുരച്ചുകൊണ്ടു് അതിപ്പോഴും കൈവരിയുംപൊക്കി നിൽക്കുന്നു.
പാലം കയറി, വണ്ടി തിരുവില്വാമലയുടെ അതിർത്തിയിൽ തൊട്ടു. കൽക്കുമിളകളുടെ അകച്ചുറ്റിനു മുകളിൽ തുറിച്ചുനിൽക്കുന്ന വായ്ത്തലപോലുള്ള ഭൂമിക്കു് പറയത്തക്ക മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതിലൂടെ വാഹനം നീളെ നീങ്ങുകയാണു്. മുമ്പൊരുകാലം, മണ്ണോടുകളൊരുപാടു് ചക്രങ്ങളിൽക്കയറി ഗതികൊണ്ട പാതയാണു്. ഇപ്പോൾ ആ ചരിത്രത്താൽ വ്രണിതനായി, അവിടെ ഒരു മനുഷ്യൻ അവന്റെ വ്യഥിതപ്രയാണത്തിലാണു്, അഥവാ എപ്പോഴും!
“സാർ, സ്ഥലമെത്തി. നമുക്കിനി എങ്ങോട്ടാണു് തിരിയേണ്ടതു്?”
ഡ്രൈവർ ചോദിച്ചു.
സീറ്റിൽനിന്നു് നാട്ടുകാറ്റും പിടഞ്ഞെഴുന്നേറ്റു.)
“ഏട്ടാ, ഇവനു് വീടുവിട്ടുനിന്ന ശീലമില്ല. ഒരു കൗതുകത്തിനു് പറയുന്നതാവും. ഏതായാലും അവൻ ഏട്ടന്റട്ത്തു് നിക്കട്ടെ. വെഷമം പറഞ്ഞാൽ കൊണ്ടന്നാക്കിക്കോളൂ.”
അമ്മൂമ്മ പറഞ്ഞു.
പ്രധാനമന്ത്രി പുഞ്ചിരിച്ചു.
“ട്രൗസറും ഷർട്ടും അലക്കാനൊന്നും ഇതിനു് നിശ്ചല്ല്യ.”
“അതൊന്നും സാരല്ല്യ, ചിര്തേ.”
ചെന്നതിന്റെ പിറ്റേന്നുതന്നെ പക്ഷേ, ഞാൻ എന്റെ വസ്ത്രങ്ങളൊക്കെ ഒറ്റക്കുതന്നെ അലക്കിയിട്ടു. വൈകാതെ അദ്ദേഹത്തിന്റെ ഉടുവസ്ത്രങ്ങളും ഞാൻ ഏറ്റെടുക്കുകയായിരുന്നു. എന്നല്ല, ആട്ടുകല്ലിൽ അരിയിട്ടാൽ കുഴവയുടെ ഗതി എന്റെ കൈകളിലായിരുന്നു. പോകപ്പോകെ, അടുക്കളയിലെ തീ കൈവള്ളയിലെ അരിനെല്ലിക്കയായി.
“ന്റെ കൊച്ചുപാറു ഇതുപോലെത്തന്നെയായിരുന്നു!”
സഞ്ചരിക്കുന്ന പാതകളിലെല്ലാം വേദനയുടെ ചെന്നിനായകമാണല്ലോ, മുന്നോട്ടായാലും പിന്നോട്ടായാലും. അദ്ദേഹം നെടുവീർപ്പിട്ടു, പിൻമാറി.
“നിനക്കു് കൊച്ചിരാജ്യം കാണണോ?”
ഒരുദിവസം, പ്രധാനമന്ത്രി ചോദിച്ചു.
ഉങ്ങിന്റെ ചില്ലകളിൽ കാറ്റു് തൂങ്ങിയാടുന്നതുംനോക്കി നിൽപ്പായിരുന്നു അന്നേരം, ഞാൻ. സദാ പൊടിക്കാറ്റു ചീറ്റുന്ന മൺനിരത്തിലൂടെ കൂടാരംകുന്നുവഴി അദ്ദേഹം എന്നെ മുൻനടത്തി. മൂരിക്കുന്നിനോരംപറ്റി തരിശ്ശിന്റെ തുറസ്സുകളെ കവച്ചുവെച്ചു് രാക്ഷസപ്പാറയിലൂടെ അദ്ദേഹം എന്നെ വില്വാമലയുടെ മൂട്ടിലെത്തിച്ചു. പാറയിൽ മുളച്ച ആൽമരത്തിനിടയിലൂടെ അമ്പലം കാണുന്നുണ്ടു്. ആൽത്തറയിൽ വെടിവട്ടസംഘത്തിന്റെ ചിരിബഹളങ്ങൾ. പാമ്പാടിയിലെ പനംപട്ടച്ചാളകളിൽനിന്നു് പുകയുയരുന്നതു് അവിടെനിന്നാൽ നന്നായി കാണാം. ജീവിതങ്ങളങ്ങനെ ദൂരപരിസരങ്ങളിൽ അതിന്റെ യാനം തുടരുകയാണു്. അതിനിടയിൽ അവർക്കിടയിലൊന്നുമല്ലാതെ ഞങ്ങൾ രണ്ടുപേർ ഏതോ നിരീക്ഷണസ്ഥാനത്തു് കാലംതെറ്റി തുടരുകയാണെന്നു് എനിക്കു തോന്നി. കണ്ണുപൊത്തിക്കളിയിലെന്നതുപോലെ.
“അതു കണ്ടോ?”
വലിയൊരു വാട്ടർ ടാങ്കിനെ ചൂണ്ടിക്കാണിച്ചുകൊണ്ടു് അദ്ദേഹം ചോദിച്ചു.
കൊച്ചിരാജ്യമെന്നതു് അത്രയും ചെറിയൊരു ഭൂപ്രദേശമാണെന്നതു് എനിക്കു് അമ്പരപ്പുണ്ടാക്കി. പരുക്കൻ കാറക്കൂട്ടിലും കരിങ്കല്ലിലുമായി പണികഴിപ്പിച്ച അതിന്റെ ഉദരം ഒരൽപം വീർത്തിട്ടല്ലേയെന്നു് സംശയം തോന്നാതിരുന്നില്ല. അതിൽനിന്നു് പിരിഞ്ഞുപോന്നു്, പാറപ്പടർപ്പുകളുടെ ഇടുക്കുതുറസ്സുകളിൽ നന്നായി വീർത്ത ഞെരമ്പുകൾപോലെ ഓടിക്കളിക്കുന്ന കുഴലുകൾ എമ്പാടും കാണുന്നുണ്ടു്. ഭരണസിരാകേന്ദ്രമെന്ന വാക്കു് പരിചിതമല്ലാത്തതുകൊണ്ടാണു് അമ്പരപ്പു് അവിടെയെങ്കിലും നിന്നതു്. അദ്ദേഹം അതിനു മുകളിലേക്കു് എന്നെ കയറ്റി. പടിഞ്ഞാറുഭാഗത്തു് അതിനൊരു ഗോവണിയുണ്ടായിരുന്നതു് അത്രപെട്ടെന്നൊന്നും ചിരപരിചിതനല്ലാത്ത ഒരാൾക്കു് കണ്ടെത്താനാകില്ല. തുറന്നിട്ട രണ്ടുചതുരങ്ങളിലൂടെ അതിനകം ഇരുട്ടിൽ മങ്ങിക്കാണാം. വെള്ളം വന്നുവീഴുന്നതിന്റെതാണെന്നുതോന്നുന്നു, ഒച്ച കേട്ടു. ദൂരെ, പുഴയിൽനിന്നും ചാമ്പിവിടുന്ന വെള്ളം വന്നുപതിക്കുന്നതാണെന്നു് അദ്ദേഹം പറഞ്ഞു.
“നോക്കൂ, മുന്നിൽ തെക്കുപടിഞ്ഞാറു നോക്കിക്കിടക്കുന്ന ആ ഭൂമിയാണു് കൊച്ചിരാജ്യം. അതങ്ങു് അറബിക്കടലിന്റെ തീരംവരെയും, അതുകഴിഞ്ഞു് തെക്കോട്ടും നീങ്ങിപ്പോകും. പിന്നിൽ, ഭാരതപ്പുഴയ്ക്കപ്പുറം മലബാർ.”
ഓ, അപ്പോൾ വാട്ടർ ടാങ്കല്ല കൊച്ചിരാജ്യം. പാറയിൽ മുളച്ച കൂറ്റൻ ആൽമരത്തിന്റെ ബഹുശാഖികൾക്കിടയിലൂടെ ഞാൻ തെക്കുപടിഞ്ഞാട്ടേക്കു നോക്കി. കയറ്റിറക്കങ്ങളിൽ അങ്ങിങ്ങായി കളവുപോകുന്ന കരകൾ. മരങ്ങൾ നിറയെ മുളച്ച പരുക്കൻപ്രതലങ്ങൾ. അവ ചക്രവാളത്തിൽ നേർത്തുപോകുന്നിടത്തോളം ഞാൻ നിറയെ കൺപാർത്തു. ഹാ, കൊച്ചി! മരത്തിന്റെ തലപ്പുകൾക്കപ്പുറം കടലിന്റെ നീലവിരിയായിരിക്കാം. ഭൂമിയുടെ മറുകരകളെച്ചെന്നുതൊടുന്ന കടൽ. വെള്ളത്തിന്റെ വലിയൊരു കഷ്ണം തീരങ്ങൾക്കിടയിലെ താഴ്ചയിലേക്കു് ഇറക്കിവെച്ചതുപോലെയാണു് ഞാൻ കടലിനെ സങ്കൽപ്പിച്ചതു്. പുഴയുടെ കാഴ്ചദൂരത്തിനപ്പുറം വെള്ളത്തിന്റെ വമ്പൻവിതാനത്തെ കണ്ടുശീലമില്ലാത്തവനു് അത്തരം ദ്രവാവസ്ഥയെ കരയുടെ ഖരരൂപത്തിലല്ലാതെ സങ്കൽപ്പിക്കാനാകില്ല.
മടക്കയാത്രയിൽ കുട്ടിക്കൃഷ്ണൻനായരുടെ ചായപ്പീടികയിൽനിന്നു് പ്രധാനമന്ത്രി എനിക്കൊരു പരിപ്പുവട വാങ്ങിത്തന്നു. മൊരിഞ്ഞ പ്രതലങ്ങൾക്കകത്തു് ഇത്തിരി നനവു് ഒളിപ്പിച്ച ആ പലഹാരം തിരുവില്വാമലയുടെ പ്രകൃതിപോലെയാണു്. പല്ലിൽ അതിന്റെ കുതിപ്പറിഞ്ഞു് നടക്കുമ്പോൾ പ്രധാനമന്ത്രിയോടുള്ള ബഹുമാനം എനിക്കങ്ങു് മൂർച്ഛിച്ചു.
“മുത്തശ്ശാ ഇത്രേം വലിയൊരു ഭൂമിയെ എങ്ങനെയാണു് ഭരിക്കുക?”
മടക്കയാത്രയിൽ ഞാൻ ചോദിച്ചു.
അദ്ദേഹം നിറഞ്ഞുചിരിച്ചു.
“ഭൂമിയെ ആർ ഭരിക്കുന്നു, കുട്ടിമകനേ? മനുഷ്യനെ ഭരിക്കാനിറങ്ങിത്തിരിച്ചവർക്കിടയിലെ കിടമത്സരങ്ങളിൽ താത്ക്കാലികവിജയം കൈവരിക്കുന്നവന്റെ അഭ്യൂഹംമാത്രമാണു് ഭൗമാധികാരമെന്നതു്.”
അപ്പറഞ്ഞതെന്താണെന്നു് എനിക്കു് ഒട്ടും മനസ്സിലായില്ല.
വഴിയിൽ എതിരെ കടന്നുവന്ന ചിലർ പ്രധാനമന്ത്രിയെ വണങ്ങിപ്പോകുന്നതുകണ്ടു. തങ്ങൾ വെച്ചനുഭവിക്കുന്ന പൈപ്പുവെള്ളം അദ്ദേഹത്തിന്റെ കരുണയാണെന്നു് ചിലർ സൂചിപ്പിക്കുന്നതു കേട്ടു. പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം പണികഴിപ്പിച്ച വാട്ടർ ടാങ്കാണു് തെല്ലുമുമ്പു്, കണ്ടതെന്നു് എനിക്കു് മനസ്സിലായതു് അങ്ങനെയാണു്. ജനതയുടെ കൃതാർത്ഥതക്കുമുന്നിൽ പ്രധാനമന്ത്രി ഒട്ടും ഉന്മത്തനായില്ല. നിർവ്വേദഗാംഭീര്യത്തോടെ തുടരുകയാണുണ്ടായതു്.
ഞങ്ങൾ പൊടിപ്പാതയിലൂടെ തിരികെ നടന്നു. ഉയരത്തിന്റെ ആനുപാതികസൗകര്യപ്രകാരം ഞാൻ കണ്ടതു്, പ്രധാനമന്ത്രിയുടെ കാലുകളാണു്. മുണ്ടു് മടക്കിയുടുത്തതുകൊണ്ടു് അതു് ശരിക്കും കാണാനായി. തടിച്ചതെങ്കിലും അയഞ്ഞുപോയ കാൽഞെരമ്പുകൾ. അവക്കു് ഇനിയൊരു ചോരക്കുതിപ്പിനൊന്നും ബാല്യമുണ്ടാൻ വഴിയില്ല. മലഞ്ചെരിവുകളിൽ വെള്ളവുമായി അപ്പോഴും കുതിച്ചുപായുന്ന തടിച്ച വെള്ളക്കുഴലുകളെ ഞാനന്നേരം ഓർത്തു.
(“പ്രധാനമന്ത്രി താമസിച്ചിരുന്ന ആ വാടകവീടു് ഇപ്പോഴില്ല,” നാട്ടുകാറ്റു് പറഞ്ഞു, അതത്രയും കാലപ്പോക്കിൽ പുത്തൻ ഈടുവെപ്പുകൾക്കടിയിലായി. അദ്ദേഹം ഉറങ്ങുന്ന മണ്ണിനു മുകളിൽ ഇക്കാലം, ശവസംസ്ക്കാരബിസിസസ്സ് കൊടികുത്തിവാഴുകയാണു്. ദഹനം കാത്തുകിടക്കുന്ന ശവശരീരങ്ങളുടെ വരികൾക്കകത്തു് തീപ്പുകയ്ക്കുപോലും ചലിക്കാനാകുന്നില്ല.” കാറ്റു് പറഞ്ഞു.
എങ്കിലും, വാഹനത്തെ ആ പരിസരത്തേക്കു് ഗതിതിരിക്കാൻ ഡ്രൈവറോടാവശ്യപ്പെട്ടു.
പുഴമ്പള്ളയിലേക്കു നീങ്ങിപ്പോകുന്ന മൺപാതയുടെ നാക്കിനു് സിമിന്റ് കയറിയിരിക്കുന്നു. ഓട്ടയിട്ട കോൺക്രീറ്റ് കട്ടകളേപ്പോലെ കൊച്ചുവീടുകൾ ഇരുവശങ്ങളിലുമായി വരിനിരന്നിട്ടുണ്ടു്. അവയ്ക്കടിയിൽക്കിടന്നു് പ്രധാനമന്ത്രിയുടെ വാടകവീടു് ദീർഘനിശ്വാസംപൊഴിക്കുന്നുണ്ടാകാം. ഉങ്ങിനെ എവിടെയും കണ്ടില്ല. അതു് സ്വന്തം വിത്തുകളോടെ കടപുഴക്കപ്പെട്ടിട്ടുണ്ടാകും. മുകളിലേക്കു് മുഴച്ച കര അപ്പാടെ മുകളിൽ വന്നുവീണു് കുളം ശ്വാസംമുട്ടി മരിച്ചിട്ടുമുണ്ടാകും.
കാർ നിർത്തിയിട്ടു് മുന്നോട്ടുനടന്നു. കുഴിക്കാടുകൾ നീളെ വിരിച്ചിട്ട കെണിപോലെ പുഴ മുന്നിൽ വന്നു. ജലമറ്റ നിശ്ശബ്ദതയിൽ ശവക്കാറ്റു് പുകയോടെ ഊതിവീശി. കൂടെയുണ്ടായിരുന്ന നാട്ടുകാറ്റു് അന്നേരം, പിന്നിലൊളിക്കുന്നതു കണ്ടു. തെല്ലു് താഴോട്ടിറങ്ങി, കിഴക്കുപിടിച്ചുനീങ്ങി, ശ്മശാനത്തിലെത്തി. ശവശരീരഫാക്ടറിപോലെ അതാകെ നിന്നുകത്തുകയാണു്. ചാരത്തിനുമേൽ ചാരം പടിഞ്ഞുകിടക്കുന്ന മൺപുറത്തു് ഞാൻ ആകാവുന്നിടത്തോളം നീളെ നിന്നു തേടി. എന്തിനുവേണ്ടി? കിട്ടില്ലെന്നുറപ്പുള്ള ഒന്നിനുവേണ്ടി. അന്നേരം, എന്റെ കണ്ണിനുമുന്നിൽ ഓർമ്മയുടെ കാഴ്ചമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ പ്രധാനമന്ത്രിയുടെ ആ വൈരമോതിരം നിന്നുവിളങ്ങി. മരിച്ച ഉടലിനോടൊത്തു് ആരോരുമറിയാതെ അദ്ദേഹം മറച്ചുവെച്ച ആ മരണരഹസ്യം.)
“ജനാധിപത്യത്തിൽ ഉപദേശംനൽകാൻ ഈ പാവം പീപ്പിൾസ് കോൺഗ്രസ്സുകാരൻ പോരല്ലോ.”
പ്രധാനമന്ത്രി പുഞ്ചിരിയോടെ പറഞ്ഞതു കേട്ടപ്പോൾ കടന്നുവന്നവരിലധികംപേരും ബഹുമാനത്തോടെ അതിൽ പങ്കുകൊണ്ടു. കൂട്ടത്തിൽ സ്ഥാനിയാമെന്നു തോന്നിച്ചവൻമാത്രം മുരടനക്കി.
“ഒരു സാമാജികനെന്ന നിലയിൽ എനിക്കുള്ള പോരായ്മയും, മുൻപരിചയക്കുറവും അങ്ങേക്കു് ഊഹിക്കാമല്ലോ. ഉപദേശത്തിനു് വിശ്വസ്തമായ മറ്റൊരിടം എനിക്കില്ല.”
ഉപദേശങ്ങളുടെ ഋതു ക്രമസൗമ്യമായി പുഷ്പിക്കുമ്പോൾ സ്ഥാനിയുടെ ഉപഗ്രഹങ്ങൾ പറമ്പിൽ ചുറ്റിയടിച്ചു. ചിലർ പുഴത്തീരത്തോളം മുന്നേറി. ഉങ്ങിന്റെ തണലിൽ പാഠങ്ങൾ പുരോഗമിക്കുന്നതുംനോക്കി ഞാനങ്ങനെ നിന്നു. അവർ വന്നെത്തിയ കാറിന്റെ തിളക്കത്തിനരികിലാണു് എന്റെ നില്പു്. സ്വാതന്ത്ര്യത്തിന്റെ സിൽവർ ജൂബിലിയിൽ എത്തിനിൽക്കുന്ന ജനാധിപത്യം രൂക്ഷമായി തുറിച്ചുനോക്കുന്നതുപോലെയാണു് അതു പെരുമാറിയതു്. പക്ഷേ, അതെനിക്കു് മനസ്സിലായില്ല. കുട്ടിയുടെ സഹജാജ്ഞതയിൽ തുടരാനായതു ഭാഗ്യം!
മടക്കയാത്രക്കു തൊട്ടുമുമ്പു്, സ്ഥാനി തന്റെ ഉപഗ്രഹങ്ങൾക്കുവേണ്ടിക്കൂടി കൃതാർത്ഥമായ ഒരപേക്ഷയെടുത്തു് പ്രധാനമന്ത്രിക്കു മുന്നിൽവെച്ചു.
“അങ്ങേക്കു് ലഭിച്ച റാവു ബഹദൂർ സ്ഥാനത്തിന്റെ ടൈറ്റിൽ ബാഡ്ജ് ഇവർക്കൊന്നു് കാണണമെന്നു് പറയുന്നു.” പ്രധാനമന്ത്രി സങ്കടത്തോടെ ചിരിച്ചു.
“അതൊക്കെ അമ്മുക്കുട്ടിയുടെ ചികിത്സച്ചിലവു് കൊണ്ടുപോയില്ലേ.”
അവർ ഒന്നടങ്കം തലകുമ്പിട്ടു.
“ഞാൻ അറിഞ്ഞിരുന്നെങ്കിൽ… ഒരു വാക്കു് പറയാമായിരുന്നില്ലേ?”
സ്ഥാനിയുടെ ഭംഗിവാക്കു്. പ്രധാനമന്ത്രി അതു് ശ്രദ്ധിച്ചതേയില്ല.
പറമ്പിലെ പൊടിപടലങ്ങളും ചുമന്നു് കാർ മടങ്ങിപ്പോയി. തെല്ലു മങ്ങിയ മുഖത്തോടെ പ്രധാനമന്ത്രി ഉങ്ങിൻചുവട്ടിലിരുന്നു. നീളംവെക്കുന്ന വൈകുന്നേരവെയിലിനോടൊത്തു് മരം തറയിൽ തന്റെ വികൃതരൂപം ചമക്കുകയാണു്. അദ്ദേഹം അതിലേക്കുതന്നെ നോക്കിയിരുന്നു. കേൾക്കുന്നതു് ഞാനാണെന്നറിഞ്ഞിട്ടുപോലും പറഞ്ഞു.
“കവിളരശിയുടെ അവസാനഘട്ടത്തിൽ അവൾക്കു് തീരാവേദനയായിരുന്നു. അതു് മുഴുവൻ ഞാൻ നിന്നുകണ്ടു. എന്തെങ്കിലും പോംവഴിയുണ്ടോ എന്നു് വേദനക്കിടയിൽ അവൾ ചോദിക്കും. ഞാൻ കുങ്കൻ വൈദ്യനെ വിളിക്കും. ആ പാവം കൈമലർത്തും. പോകപ്പോകെ, അവൾ പറയുന്നതെന്താണെന്നു് തീരെ മനസ്സിലാകാതായി. എങ്കിലും, ഓരോതവണയും ഞാനതിനുവേണ്ടി പരമാവധി ശ്രമിക്കും… ശ്വാസം തീർത്തും അവസാനിക്കുന്നതിനു തൊട്ടുമുമ്പു്, ചുണ്ടുകളോടു് ചെവി ചേർത്തപ്പോൾ കേട്ട ശബ്ദത്തിനു് നല്ല തിളക്കമായിരുന്നു: ‘അമ്മേ, കുളത്തിലേക്കു് ഞാനും വരുന്നു…’ കുട്ടിക്കാലത്തെ കുളമായിരിക്കണം… കുട്ടിമകനേ, മരണമെന്നതു് ജീവിതം അവസാനിക്കലല്ല, പാതിയിലവസാനിച്ച ഓർമ്മകളെ പിൻപറ്റാനുള്ള അവസാനമില്ലാത്ത അവസരമാണു്.”
അന്നു്, ബാങ്കിലേക്കു പോകുമ്പോൾ ഞാനും അദ്ദേഹത്തോടൊത്തുണ്ടു്. മാനേജരുടെ മുഖം അത്തവണ ഒട്ടൊക്കെ മ്ലാനമായിരുന്നു.
“ഇനിയൊരുവട്ടം തരാൻ… അക്കൗണ്ടിൽ മിനിമം ബാലൻസേയുള്ളൂ.”
അയാൾ അറച്ചറച്ചുകൊണ്ടു് ഓർമ്മപ്പെടുത്തി. മോശമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്നു് തെറ്റിദ്ധരിപ്പിക്കാനായി എന്റെ മുഖത്തുനോക്കിയൊരു കള്ളച്ചിരിയും. മുതിർന്നവർക്കു് കുട്ടികളോടു് അത്തരം ചില കള്ളക്കളികളൊക്കെയുണ്ടല്ലോ. എനിക്കാകെ വിഷമം വന്നു, ആ മാനേജരെ കൊല്ലാനുള്ള സങ്കടം. വലുതെന്നു് സ്വയം ഉറപ്പുള്ളവർ സ്വന്തം കൺമുന്നിൽ അപമാനിതരാകുന്നതു് ലോകത്തിലൊരു കുട്ടിയും സഹിക്കില്ല.
തിരികെനടക്കുമ്പോൾ മലാറക്കുന്നുകൾക്കു മുകളിൽ മൺസൂൺമേഘങ്ങൾ മുടിവിരിച്ചിട്ടിരിക്കുന്നതു കണ്ടു. സകലതിനേയും നനയ്ക്കാനായി കരിങ്കാളി കടന്നുവരികയാണു്. എനിക്കറിയാം, അതോടെ പള്ളിക്കൂടം തുറക്കുമെന്നു്. പ്രധാനമന്ത്രിയോടൊത്തുള്ള എന്റെ ജീവിതത്തിനു് അവസാനം കാണുകയാണു്. വൈകാതെ അമ്മമ്മ വന്നു് എന്നെ കൊണ്ടുപോകും. ഒരുക്ലാസ്സ് പിൻതള്ളപ്പെട്ട എനിക്കു് പുതിയകുട്ടികളോടൊത്തു് പഠനം തുടരേണ്ടിവരും. തുറസ്സുകളിൽ മഴ മൂക്കുമ്പോൾ അകത്തളങ്ങളിലെ ഏകാന്തതക്കു് പത്തരമാറ്റു്!
“നാളെ നിന്റെ അമ്മമ്മ വരും.”
ഓർമ്മവന്നതുപോലെ പൊടുന്നനെ പ്രധാനമന്ത്രി പറഞ്ഞു.
തിരികെവരുമ്പോൾ ഞങ്ങൾ പുഴയിലൂടെ അതിന്റെ തെക്കേത്തിട്ടയിലേക്കു കയറി. അവിടെനിന്നാൽ മലാറക്കുന്നുചുറ്റി അന്തിമാളൻകാവുവരെ വ്യാപിച്ചുകിടക്കുന്ന പാടങ്ങളുടെ നീണ്ടവിരി കാണാം. വിതാനംതാഴ്ത്തി താഴേക്കിറങ്ങുന്ന ഓണത്തുമ്പികളേപ്പോലെ താണനിറത്തിൽ വെയിലിറങ്ങുകയാണു്. ഓട്ടുകമ്പനിയുടെ അവശിഷ്ടങ്ങൾക്കു മുന്നിലൂടെ നടക്കുമ്പോൾ അദ്ദേഹം ഉല്ലാസത്തിലേക്കു് അയഞ്ഞുതുടങ്ങിയതായി തോന്നി. തറപറ്റിയ ചുമരുകളെ പുല്ലിൻകൂട്ടം വളഞ്ഞുപിടിച്ചിരിക്കുന്നു. പറമ്പിലെമ്പാടും പൂക്കുറ്റിപോലെ മേലോട്ടുയരുന്ന പടുമുളകളാണു്. കമ്പനിബംഗ്ലാവിലേക്കു് അദ്ദേഹം ഒട്ടും നോക്കിയില്ല. അവിടെ അന്നേരം, താമസിക്കുന്നതു് കുടിയേറ്റക്കാരായ പ്രമാണിമാരാണു്. ഉത്സാഹത്തിന്റെ മുട്ടൻശബ്ദങ്ങൾ അവിടെനിന്നു് ഇടവിടാതെ പുറത്തുവരുന്നുണ്ടു്.
വേലികളില്ലാത്ത നെടുംപറമ്പുകളിലൂടെ തലങ്ങുംവിലങ്ങും നടന്നതിനൊടുവിലാണു് അന്നു്, ഞങ്ങൾ വാടകവീട്ടിൽ തിരിച്ചെത്തിയതു്.
“കുട്ടിമകനു് കാലുവേദനയുണ്ടോ?”
അദ്ദേഹം കരുണാമയനായി. ഇല്ലെന്നു് ഞാൻ. അദ്ദേഹം ദോശയുണ്ടാക്കിത്തന്നു. നല്ല ചീനിമുളകുചമ്മന്തിയും. അതിനുപിന്നിൽ ചക്കരക്കാപ്പികൂടിയായപ്പോൾ എനിക്കു് നല്ല സന്തോഷം. ഉറങ്ങാൻ കിടക്കുന്നതിനുമുമ്പു്, തന്റെ പഴയ ട്രങ്കുപെട്ടി അദ്ദേഹം കട്ടിലിനടിയിൽനിന്നു് വലിച്ചെടുത്തു. തുറന്നപ്പോൾ കൂറഗുളികയുടെ മണം പൊങ്ങി. അലക്കിത്തേച്ചുവെച്ച ഏതാനും മല്ലുമുണ്ടുകൾ, കോളറില്ലാത്ത ജുബ്ബകൾ, തോർത്തുമുണ്ടു്, കല്യാണഫോട്ടോ തുടങ്ങി ചിലതായിരുന്നു അതിനകത്തു്. മരിച്ചുപോയ മകളുടെ ചിത്രത്തെ പാറ്റ വെട്ടിയതായി ഞാൻ ശ്രദ്ധിച്ചു. അതിനെല്ലാം അടിയിൽനിന്നു് അദ്ദേഹം ഒരു തുണിക്കിഴിയെടുത്തു തുറന്നു. സാമാന്യം വലിപ്പത്തിലുള്ള മോതിരമാണു് പുറത്തുവന്നതു്. സ്വന്തം കണ്ണുകൾക്കു് ചാരെപിടിച്ചു് അതദ്ദേഹം സാകൂതം നോക്കി.
“വൈസ്രോയി സമ്മാനമായി തന്ന വൈരമോതിരമാണു്.”
അദ്ദേഹം പറഞ്ഞു.
കടക്കെണികളെല്ലാം പിന്നിട്ടു്, അവശേഷിച്ച ഏകസമ്പത്തായിരുന്നു, അതു്.
“ഇതു് അണിഞ്ഞുതന്നതിനുപിന്നിൽ, ‘ഇംഗ്ലണ്ടിലേക്കു് വരൂ’ എന്നു് വൈസ്രോയി എന്നെ ക്ഷണിച്ചു. യൂറോപ്യൻമാർ അത്രയെളുപ്പമൊന്നും മറ്റൊരാളെ സ്വന്തം രാജ്യത്തേക്കു ക്ഷണിക്കാറില്ല. അവിടെ, എനിക്കായി അദ്ദേഹം പുതിയൊരു കമ്പളം വിരിച്ചിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല… അദ്ദേഹം കപ്പലേറിപ്പോയതു് മദിരാശിയിൽനിന്നാണു്, ബോംബെയിലേക്കു്. തുടർന്നു് ഇംഗ്ലണ്ടിലേക്കു്. യാത്രയയപ്പിനായി മദിരാശിയിൽ ഞാനും ഉണ്ടായിരുന്നു. വൈസ്രോയിയെ ചുമന്നു് ബോട്ട് കപ്പലിലേക്കു നീങ്ങിയകലുമ്പോൾ, പിന്നോട്ടു വിരിഞ്ഞുവരുന്ന ജലത്തിന്റെ ദീർഘചതുരതാര… അമ്മുക്കുട്ടിയുടെ നിഴൽ പിന്നിൽ ഇല്ലായിരുന്നെങ്കിൽ അന്നു്, ഞാൻ ആ താരയിലേക്കു് പോയ്ച്ചേർന്നേനെ…”
പിറ്റേന്നു്, ഉണർന്നപ്പോൾ ആദ്യം കേട്ട ശബ്ദം അമ്മമ്മയുടേതാണു്. മുറ്റത്തേക്കു നോക്കിയപ്പോൾ ഉങ്ങിനു താഴെ, മഴയങ്ങനെ നിന്നുപെയ്യുന്നതും കാണായി. മലാറക്കുന്നിനു മുകളിൽ മൺസൂൺ പൂർണ്ണമായി അതിന്റെ മുടി വിരിച്ചിട്ടുകഴിഞ്ഞിരുന്നു.
(ഡ്രൈവർ നിന്നു മുഷിഞ്ഞു.
“സാറ് തിരിച്ചങ്ങോട്ടുണ്ടോ, ഞാൻ നിൽക്കണോ പോകണോ?”
തിരിച്ചുപോരുന്നുണ്ടെന്നു് പറഞ്ഞപ്പോൾ അവന്റെ മുഖം തെല്ലു വിടർന്നു. ഒറ്റക്കു് അത്രത്തോളം പോകുന്നതിലും ഭേദമാണല്ലോ ഒരാൾ കൂട്ടിനുണ്ടാകുന്നതു്. അങ്ങനെയാണെങ്കിൽ എത്ര വൈകിയാലും കുഴപ്പമില്ലെന്നായി. ഉച്ചയൂണുകൂടി കഴിഞ്ഞപ്പോൾ ഡ്രൈവർ ശരിക്കും ഫോമിലായി.
“ഇനി എവിടേക്കാണു് സാറേ?”
“രാക്ഷസപ്പാറയിലേക്കു്.”
പാമ്പാടിയിൽനിന്നു് ഭഗവതിച്ചിറ വഴി പാറയിലെത്തി. പുതിയ ക്ഷേത്രം ബസ്സ് സ്റ്റാന്റിൽ കാർ നിർത്തിയിട്ടു. കറുകറുത്ത പാറ. പച്ചയ്ക്കായി മൂക്കുപൊള്ളിച്ചുനടക്കുന്ന ഗ്രാമപ്പശുക്കൾ. കുടിയൻമാരുടെ പകർന്നാട്ടത്തിൽ ശിഥിലമായ കുപ്പിച്ചില്ലുകളുടെ കാലിഡോസ്ക്കോപ്പുകൾ. ഉച്ചമയക്കത്തിലാണ്ട പാലമരം.
“ഓർമ്മയുണ്ടോ, പടിഞ്ഞാറൻനിറച്ചാർത്തിലാണ്ട പഴയ ദൂരാകാശത്തെ?”
നാട്ടുകാറ്റു് ചോദിച്ചു.
അതിനിടയിൽ ആരോ വന്നു് കൈവിരലിൽ പിടിച്ചതുപോലെ. അങ്ങനെ ചെയ്തയാൾതന്നെയാവണം, മുന്നോട്ടു് നീളെ നടത്തി. അമ്മൂമ്മയായിരിക്കുമോ? ഒരുവേള, വിരലുകൾ പഴയതുപോലെ പ്രധാനമന്ത്രിയുടെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കാനാകാം. മുന്നോട്ടുതന്നെ നീങ്ങാനേ കഴിഞ്ഞുള്ളൂ. പാറയെ തെക്കുചുറ്റുന്ന ഊടുവഴിയിലൂടെ കുണ്ടിലയ്യപ്പൻകാവിനോരംപറ്റി യാത്ര നീണ്ടു. കാറ്റും, ഡ്രൈവറും പിൻപറ്റുന്നുണ്ടാകാം. അതൊന്നും ശ്രദ്ധിക്കാനായില്ല. ചെന്നെത്തിയതു് വാട്ടർ ടാങ്കിനടുത്താണു്. ഞാൻ അതിനെ ചാരിയിരുന്നു. പുറത്തെ ചൂടിനകമേ സൂക്ഷിക്കുന്ന ഇളംതണുപ്പു് ഇപ്പോഴും അതിനെ വിട്ടുപോയിട്ടില്ല. മിണ്ടാനിളകുന്ന നാക്കുപോലെ ചുമർ മെല്ലെ ചലിക്കുന്നുണ്ടോ!
“കുട്ടിമകനേ, തകരപ്പെട്ടിയിൽനിന്നു് ആ വൈരമോതിരം പുറത്തെടുത്തു. നീകൂടി ഇറങ്ങിപ്പോയ വാടകവീട്ടിൽ ആരുമില്ല. കാറ്റുമാത്രം ചുറ്റിപ്പറ്റിനിന്നു. മോതിരം തുണിച്ചുറ്റിൽനിന്നു് വേർപെടുത്തി. മുന്നിൽ നിറയെ വൈരത്തിന്റെ കാഴ്ച. അതിൽ കപ്പൽച്ചാലിലേക്കു കടന്നുപോകുന്ന ബോട്ടിന്റെ തിരത്താര കണ്ടു… വൈരത്തെ അകത്താക്കി. എന്നിട്ടു്, ധ്രുവത്തിന്റെ മഞ്ഞുകട്ടികൾ സദാ അലഞ്ഞുതിരിയുന്ന കടൽതുറസ്സിലൂടെ മറ്റൊരു വൻകരയിലേക്കുപോകാനായി മുന്നിലെ ജലത്തിന്റെ ചതുരനുരകളിലേക്കിറങ്ങി.”
ഞാൻ എഴുന്നേറ്റു. ആരുടേയും ബലം എന്നിൽ അന്നേരം, അവശേഷിച്ചിരുന്നില്ല. മെല്ലെ കാറിലേക്കു് പിൻതിരിഞ്ഞു. അതിനു തൊട്ടുമുമ്പു്, കല്ലറപോലെ കിടക്കുന്ന വാട്ടർ ടാങ്കിനുപുറത്തു് നിലത്തുനിന്നുകിട്ടിയ കരിക്കട്ടകൊണ്ടു് ഇങ്ങനെ എഴുതി:
“മരണമെന്നതു് ജീവിതം അവസാനിക്കലല്ല, പാതിയിലവസാനിച്ച ഓർമ്മകളെ പിൻപറ്റാനുള്ള അവസാനമില്ലാത്ത അവസരമാണു്.”)
1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
ഭാര്യ: ജ്യോതി
മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.