ഏതു ദേശത്തും ഏതു കാലത്തും കാവ്യവിചാരം അറിവിന്റെ മറ്റു ഉറവുകളോടു ബന്ധപ്പെട്ടും ഒട്ടൊക്കെ അവയെ ആശ്രയിച്ചുമിരിക്കുന്നു. തന്റെ ഉള്ളിലും തനിക്കു പുറത്തുമുള്ള അഗാധ വിസ്തൃതമായ പ്രപഞ്ചങ്ങളെ മനസ്സിലാക്കുവാനുള്ള മനുഷ്യന്റെ ചിരപുരാതനമായ അന്വേഷണത്തിന്റെ ഭാഗങ്ങളാണല്ലോ ശാസ്ത്രങ്ങളും കലകളും. കാവ്യതത്വങ്ങളെക്കുറിച്ചുള്ള സമാലോചനകളും ഒരർത്ഥത്തിൽ അന്തർമണ്ഡലത്തിലേക്കുള്ള സാഹസിക പര്യടനങ്ങളാകുന്നു. ഭരതൻ തൊട്ട് സ്പെൻഡർ വരെയുള്ളവർ: ഈ രംഗത്തു് പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങളെ, ആകയാൽ, അതതു കാലത്തെ മനുഷ്യവിജ്ഞാനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടുകൊണ്ടുവേണം വിലയിരുത്തുക. അത്രത്തോളം സാധുകരണം അവർ അർഹിക്കുന്നു; അതിൽ കവിഞ്ഞൊരു പ്രാമാണ്യം അവരുടെ ദരശനങ്ങൾക്കു കല്പിക്കുന്നതു് അശാസ്ത്രീയമാണു താനും.
കവിതയടെ അവതാരനിമിഷങ്ങളെയും, അനുവാചകന്നു കവിതയിലുള്ള അഭിരക്തിരഹസ്യത്തെയും കുറിച്ചു് വിജേഞയങ്ങളായ ചർച്ചകൾ ഇടയ്ക്കിടയ്ക്കു നടക്കാറുണ്ടല്ലോ. പൊതുവെ ഇവയിൽ പലതിലും ശ്രദ്ധേയമായി എനിക്കു തോന്നിയിട്ടുള്ള ഒരു പ്രത്യേകത പഴയ ക്രൗഞ്ചകഥാമർമ്മത്തിന്നപ്പുറത്തേയ്ക്കു കടക്കാൻ കാവ്യവിചാരം ഇന്നുമിവിടെ മടിച്ചു നില്ലന്നു എന്നതാണു്. ശാസ്ത്രീയ ചിന്താശീലത്തെ സംബന്ധിച്ചിടത്തോളം രണ്ടായിരം വർഷത്തോളമായി ഒരുതരം മഞ്ഞുറയൽ പ്രക്രിയയ്ക്ക് അടിപ്പെട്ടു കഴിയുന്ന നമ്മുടെ നാട്ടിൽ ഈ പിൻനോക്കൽ പ്രവണത സ്വാഭാവികമായിരിക്കാം. ആനന്ദവർദ്ധനനും അഭിനവഗുപ്തനം രസവാദവും ധ്വനിവാദവും എല്ലാം വിശദമായി ചർച്ച ചെയ്തിട്ട്, പറയേണ്ടതെല്ലാം ഇതിലടങ്ങുന്നു എന്നു ചാരിതാർത്ഥ്യം കൊള്ളുകയാണു് നമുക്കു ഇഷ്ടം. പഞ്ചഭൂതങ്ങളിലും ത്രിദോഷങ്ങളിലും ജ്ഞാനകർമ്മവാസനകളിലും മാത്രം മനുഷ്യന്റെ പ്രപഞ്ചവിജ്ഞാനം ഒതുങ്ങിനിന്ന ഒരു കാലഘട്ടത്തിന്റെ ഉല്പന്നമാണു് എന്നു് നാം ആ കാവ്യവിചാരപാരമ്പര്യം എന്നു് നാം ഓർക്കാറില്ല. ഇവിടെ ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ. ചന്ദ്രമണ്ഡലത്തിൽ ചെന്നലച്ചുനില്ക്കുന്ന ആധുനികയുഗത്തിലെ വിജ്ഞാന പ്രളയത്തിന്റെ നടുക്കു്, പഞ്ചേന്ദ്രിയങ്ങളും അടച്ചുപൂട്ടിയിരുന്നു ‘മാനിഷാദ’യിൽ കാവ്യമർമ്മം സ്വപ്നംകണ്ടു കഴിയുന്ന നമ്മെക്കാൾ ഏത്രയോ ഉല്പതിഷ്ണുക്കളായിരുന്നു, കിട്ടാവുന്ന അറിവിന്റെ ചുമലിൽ കയ്വച്ചുനിന്നു് കാവ്യരഹസ്യങ്ങളിലേക്കു കണ്ണയച്ച ആ പഴയ ചിന്തകന്മാർ.
ഭരതൻ തൊട്ടിങ്ങോട്ടുള്ള കാവ്യമീമാംസകന്മാരുടെ ദർശനങ്ങൾക്കെല്ലാം അടിസ്ഥാനശിലയായി വർത്തിക്കുന്നതു? മനുഷ്യമനസ്സിനെക്കുറിച്ചുള്ള നമ്മുടെ ഒരു പ്രാചീനസങ്കല്പമാകുന്നു-കുറെക്കൂടി തെളിച്ചു പറഞ്ഞാൽ മാനസികപ്രവർത്തനങ്ങളെക്കുറിച്ചു് ഏതോ പ്രാചീനവൈജ്ഞാനികൻ ഉന്നയിച്ച ഒരു പരികല്പനം. രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജൂഗുപ്സ, വിസ്മയം (ഒരുവേള ‘ശമം’ കൂടി) എന്നീ സ്ഥായിഭാവങ്ങളും, അവയ്കമ്പടി സേവിച്ചും അവയെ പോഷിപ്പിച്ചും പോരുന്ന നിരവധി സഞ്ചാരിഭാവങ്ങളും ചേർന്നാൽ മാനസികചേഷ്ടകളുടെ ആകെത്തുകയും വിവരണവുമായി, എന്നതത്രേ ആ പരികല്പനം. പ്രഭക്കളുടെയും പരിചാരകരുടെയും ആദർശചിത്രം പുലർത്തിപ്പോന്നൊരു സാമൂഹ്യവ്യവസ്ഥിതിയിൽ ഈ പരികല്പനം പകൽവെട്ടം പോലെ സമ്മതമായിത്തീർന്നു. കവി ആവിഷ്കരിക്കുന്ന മേൽപ്പടി. ഭാവങ്ങൾ സാധാരണീകരണം വഴി രസങ്ങളാകയും, അനുവാചകൻ അവയെ ഗുഡാദിവ്യഞ്ജനയുക്തമായ അന്നത്തിൽനിന്നു് ആഹാര്യരസമെന്നപോലെ ആസ്വദിക്കുകയും ചെയ്യുന്നു എന്നു് നാട്യശാസ്ത്രം ആറുമേഴുമദ്ധ്യായങ്ങൾ ഘോഷിക്കുന്നു.
രൗദ്രവീരഭയാനകാഃ
ബിഭൽത്സാൽഭുത സംജ്ഞൗചേ-
തൃഷ്ടൗ നാട്യേ രസാഃ സ്മൃതാഃ
ഏതേഹ്യഷ്ടൗരസാഃ പ്രോക്താ
ദ്രുഹിണേന മഹാത്മനാ.”
(നാട്യശാസ്ത്രം VI)
മഹാത്മാവായ ഈ ദ്രുഹിണൻ (ബ്രഹ്മാവ്?) തന്നെയാണോ ഭാവങ്ങളെ പത്തിതിരിച്ചു വിവരിച്ചതു് എന്നു വ്യക്തമല്ല. എന്തായാലും ആ മാനദണ്ഡം കൊണ്ടൊന്നും അളന്നാലൊതുങ്ങാത്ത മാനസികചേഷ്ടകളും അവയുടെ കാവ്യരൂപമായ ആവിഷ്കരണങ്ങളും ഉണ്ടെന്നുള്ളതു വാസ്തവമാണു്.
എലിയറ്റിന്റെയും കാഫ്കയുടെയ്യം ഷെനേയുടെയും കൃതികളിൽ നാമനുഭവിക്കുന്ന സമ്മിശ്രമെങ്കിലും ശക്തമായ തീവ്രരസങ്ങളെ മേല്പറഞ്ഞ സ്ഥായികളിലൊരു കള്ളറയിൽ കൊള്ളിച്ചു നോക്കുക: അവ സരളവും വർണ്ണരഹിതവും നിർവീര്യവും (ചുരുക്കത്തിൽ അവയല്ലാതെ) ആയിത്തീരുന്നില്ലേ? കാളിദാസന്റെ മേഘസന്ദേശത്തിലെ,
ഉദ്ഗൃഹീതാളകാന്താഃ
പ്രേക്ഷിഷ്യന്തേ പഥികവനിതാഃ
പ്രത്യയാദാശ്വസത്യഃ”
എന്ന തേജോമയമായ ഭാവഖണ്ഡത്തെ വെറും “വിപ്രലംഭരതി” എന്നു മുദ്രയടിക്കാൻ മനസ്സു വരുന്നുണ്ടോ? അതിലെ “പ്രത്യയം” ഇണചേരാൻ തഞ്ചമായി എന്ന ഉറപ്പാണോ? അതോ, ഗ്രാമചത്വരങ്ങളിൽ നിഴലുമൊളിയും തളിച്ചു കടന്നു പോകുന്ന മഴമുകിൽ ഉള്ളിൽ പരത്തുന്ന അവ്യാഖ്യേയവും അഹേതുകവുമായ വിഷാദവും മുക്തിദാഹവും അതിൽ മർമ്മജ്ഞനായ കവി വിന്യസിച്ചിട്ടുണ്ടോ?
പ്പോകെ, നിൻമൃദുരോമ-
ചാരുവാം കണങ്കാൽക-
ണ്ടെനിക്കു പാവം തോന്നി!
(വൈലോപ്പിള്ളി)
എന്നു “കണ്ണീർപ്പാടത്തിൽ” കവി വർണ്ണിക്കുമ്പോൾ, ആ “പാവം തോന്ന”ലിനെ ദ്രുഹിണന്റെ ഏതു ഗുളികച്ചെപ്പിൽ ഒതുക്കിവയ്ക്കാം? ഒരു ദൃഷ്ടാന്തംകൂടി ചൂണ്ടിക്കാട്ടട്ടെ: ശ്രീ നന്തനാരുടെ പഴയൊരു കഥയിൽ നിരതിശയമായ ഒരു രംഗം ഉണ്ടു്. ആത്മഹത്യ ചെയ്യാൻവേണ്ടി റയിൽപ്പാളത്തിൽ വന്നിരിക്കുന്ന ഒരാളുടെ മുന്നിൽ പൊടുന്നനെ കുടമണികെട്ടിയ ഒരു വെള്ളാട്ടിൻകുട്ടി വന്ന് തുള്ളിമറയുന്നു. ആ മനുഷ്യൻ മരണചിന്ത വെടിഞ്ഞു് മടങ്ങിപ്പോകുന്നു. ആട്ടിൻകുട്ടി നമ്മിലുണർത്തുന്നതു കൗതുകമാണെന്നു പറയാം. പക്ഷേ, ആ പ്രകരണത്തിൽ അതുണർത്തിയ ഉദാത്തമായ ജീവിതരതിയെ നാം എന്തുചൊല്ലി വിളിക്കും?
മാനസിക ചേഷ്ടകളെക്കുറിച്ചുള്ള പഴയ പരികല്പനത്തിൽ അധിഷ്ഠിതമായ പഴയൊരു വിശകലനശൈലി പാളിപ്പോകുന്നതിന്റെ ചില സൂചനകളാണ് മുകളിൽ പറഞ്ഞതു്. ഇവിടെ പരികൽപ്പനത്മിനു പിഴവു പറ്റിയെന്നു പറയുന്നതെക്കാൾ, നമ്മുടെ സമീപനങ്ങൾ, വ്യത്യസ്തങ്ങളായെന്നു പറയുകയാവും ശരി. കഞ്ചുകം പാകമാകാതെ വരുന്നതിനു് സൂചീശില്പദക്ഷനായ തുന്നൽക്കാരനല്ല കുറ്റക്കാരൻ; നാൾതോറും വളരുന്ന മനുഷ്യബുദ്ധിയുടെ യൗവ്വനമാണുത്തരവാദി എന്നർത്ഥം.
ഇനി, സ്രഷ്ടാവിന്റെ പക്ഷത്തേക്ക് അല്പംകൂടി ചേർന്നു നിന്നുകൊണ്ടു് അന്തശ്ചേഷുകളെ വിലയിരുത്താൻ ശ്രമിക്കുമ്പോൾ, കുറേക്കൂടി സൂക്ഷ്മമായ മറ്റൊരു പ്രശ്നം ഉയർന്നുവരുന്നു: ഭാവങ്ങൾ, എട്ടോ എട്ടു ലക്ഷമോ ആകട്ടെ—യഥാർത്ഥ ജീവിതത്തിലെ ആവക മനശ്ചേഷ്ഠകളെ കവി അങ്ങനെതന്നെ ആവിഷ്ക്കരിക്കുക; അനുവാചകൻ അവയെ അങ്ങനെതന്നെ ആസ്വദിക്കുക: ഇതാണോ കാവ്യരചനയിലും കാവ്യാസ്വാദനത്തിലും നടക്കുന്ന മൗലികമായ പ്രക്രിയ?