images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
നിലംതല്ലി

ഓണംകഴിഞ്ഞു സ്കൂൾ തുറന്ന ആദ്യദിനം. നന്ദിനിയും ഞാനും മാഗി ടീച്ചർ ഏർപ്പെടുത്തിയ കൗൺസിലിങ് കഴിഞ്ഞു് വരാന്തയിലൂടെ ക്ലാസ് മുറിയിലേക്കു നടന്നു. അനാവശ്യഭയം അനിവാര്യമായ ഏതോ ദുരന്തം കൊണ്ടുവരുമെന്ന തോന്നലാണു് ഉള്ളിൽ മുഴുവൻ.

നന്ദിനി നടക്കുമ്പോൾ ചോദിച്ചു: “നിനക്കൊന്നും പറ്റിയിട്ടില്ലെന്നു് ഒരാൾ ആശ്വസിപ്പിച്ചാൽ എന്താണു് അർത്ഥമെന്നു് അറിയുമോ?”

ഞാൻ അവളെ നോക്കി.

നന്ദിനി:
“ആറ്റൻ പണി കിട്ടി എന്നു തന്നെ.”

ഞാൻ അവളുടെ തോളിൽ കൈവച്ചു.

നന്ദിനി:
“പിച്ചാത്തി കുത്തിയിറക്കിയിട്ടു് തുന്നിക്കെട്ടിയാൽ മരിക്കും വരെയുണ്ടാകും മുറിപ്പാടു്.”

ക്ളാസ്സ് മുറിയിലേക്കു് ഞങ്ങൾ കയറി. ഒന്നു രണ്ടുപേർ എഴുനേറ്റു. ചിലർ ഭയം കലർന്ന കണ്ണുകളോടെ നോക്കി. മറ്റു ചിലർ ഞാനൊന്നു് ആശ്വസിപ്പിക്കട്ടെ എന്നു നോട്ടംകൊണ്ടു ചോദിച്ചു. ജനിച്ചാൽ മരണം എന്നതുപോലെ ഇങ്ങനെയൊരനുഭവവും എന്നെങ്കിലും ഏറ്റുവാങ്ങേണ്ടിവരും എന്നു് മറ്റു ചിലർ സ്വയം പറഞ്ഞു നിർവികാരരായിക്കാണും.

നന്ദിനി ബെഞ്ചിലേക്കു നടക്കുമ്പോൾ ജുവൽ അടുത്തെത്തി: “ഷാൽ ഐ ഹഗ് യു?”

നന്ദിനി രണ്ടുകൈകളും വിടർത്തി തല ചെരിച്ചു. അവൾ സാധാരണക്കാരിയായിരിക്കുന്നു.

ജുവൽ കെട്ടിപ്പിടിക്കുന്നതിനു പകരം അവളുടെ തലയിൽ വലതു ചെവിക്കു മുകളിൽ മുഷ്ടിചുരുട്ടി മെല്ലെ ഇടിച്ചു. അവൾ തിരിച്ചു് അവന്റെ മൂക്കിൽ ചൂണ്ടുവിരൽ കൊണ്ടു തൊട്ടു. ഒറ്റപ്പെട്ട ഒരു കയ്യടിയുയർന്നു. മാഗി ടീച്ചർ വാതിൽ കടന്നു് കയ്യടിച്ചു വരികയാണു്.

ക്ളാസ് ഒന്നടങ്കം എഴുനേറ്റു. നന്ദിനിയും ഋദ്ധിയും ജൂവലും സ്വന്തം ഇരിപ്പിടങ്ങളിലേക്കു നടന്നു.

ഉച്ചയ്ക്കു ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ നന്ദിനി എന്റെ പാത്രത്തിൽ നിന്നു് മുട്ടപൊരിച്ചതു് മുറിച്ചെടുത്തു. അതു് ഉരുളയ്ക്കുള്ളിലാക്കി ചോറിനൊപ്പം ചവച്ചു. രണ്ടാമതു് ഒന്നു കൂടി എടുത്തു് ചോറിൽ പൊതിഞ്ഞു. അവൾ ജീവിതത്തിൽ ആദ്യത്തെ മുട്ട കഴിക്കുകയാണു്. കേക്കു പോലും മുട്ടചേർത്തതു് എന്നു പറഞ്ഞു് ഒഴിവാക്കിയിരുന്നവളാണു്.

“ഇതുപോലെ ചോറിൽ പൊതിഞ്ഞു് ഞായറാഴ്ച ബീഫ് തരട്ടെ”: ഞാൻ.

നന്ദിനി നോക്കുക മാത്രം ചെയ്തു.

“ആ രുചികളറിയാതെ നീ പോകുമായിരുന്നു”: ഞാൻ

“കസേരയിൽ കയറുമ്പോൾ പോലും ആരെങ്കിലും വന്നിരുന്നെങ്കിലെന്നു് എനിക്കു തോന്നി”: അവൾ.

“ഞാൻ വന്നില്ലെങ്കിലോ?”

“നീയാണു് വരാൻ പോകുന്നതെന്നു് എനിക്കു തോന്നിയില്ല”: നന്ദിനി.

മൗനം.

“ഓർമകളിൽ നിങ്ങളാരും ഉണ്ടായിരുന്നില്ല”: നന്ദിനി.

“അപ്പോൾ ആരു വരാനാണു് നീ കാത്തതു്”: ഞാൻ.

“എനിക്കാ മുഖങ്ങളൊന്നും പരിചയമില്ല”: നന്ദിനി.

അവിടം മുതൽ നന്ദിനി മാത്രം സംസാരിക്കാൻ തുടങ്ങി. ഉരുളകൾ വായിൽ വച്ചു് പതുക്കെ ചവച്ചിറക്കി നീണ്ട ഇടവേളകളിൽ ഓരോ വാചകങ്ങൾ വന്നു.

“ഞാൻ അവരെ മാത്രമേ ഓർത്തുള്ളു. ആ രണ്ടുപേരെ, പിന്നെ അവിടെയാക്കിയ പിതാവെന്നയാളെ”: നന്ദിനി.

“അവർ എന്റെ മരണത്തിൽ ഉരുകുമെന്നു് അപ്പോൾ തോന്നി”: നന്ദിനി.

“അവർ ആശ്വസിക്കുകയേയുള്ളുവെന്നു് ഇപ്പോഴെനിക്കു് അറിയാം”: നന്ദിനി.

“ഞാനൊരു കത്തു പോലും എഴുതിയിരുന്നില്ല”: നന്ദിനി.

ജൂവൽ രണ്ടു ചോറുപാത്രങ്ങളിൽ വെള്ളവുമായി വന്നു. മറ്റാരിൽ നിന്നോ കടംകൊണ്ട പാത്രങ്ങളാണു്. അവൻ മൂന്നു വാചകങ്ങൾ നിർത്തി നിർത്തി പറഞ്ഞു:

“സ്കൂളിലെ പൈപ്പിൽ വെള്ളം തീർന്നു. പഞ്ചായത്തു കിണറ്റിൽ നിന്നു കോരിയെടുത്തതാണു്. കവലയിലൂടെ നീ നടന്നു പോകേണ്ട എന്നു കരുതി.”

കഴുകാത്ത പാത്രവും കയ്യുമായി നന്ദിനി ഒറ്റപ്പോക്കായിരുന്നു. സ്കൂളിന്റെ പടികൾ ഇറങ്ങിയപ്പോഴേക്കും ഞാൻ പിന്നിൽ ഓടിയെത്തി. റോഡിലിറങ്ങി കവലയിലൂടെ തന്നെ മുന്നോട്ടു്. ഞാൻ ഒപ്പമെത്താൻ പാടുപെട്ടു.

സ്കൂളിൽ നിന്നും കവലയിൽ നിന്നും വഴിയിൽ നിന്നുമെല്ലാം കാണാവുന്ന വിധം വളവിലാണു് കിണർ. അവൾ കയറും തൊട്ടിയും ഇടതുകൈകൊണ്ടു് കിണറ്റിലിട്ടു. എല്ലാവരും എല്ലായിടത്തു നിന്നും നോക്കുന്നുണ്ടു്. അവൾ ഒറ്റക്കൈ കൊണ്ടു് ഒന്നുവലിച്ചു. എന്റെ ഇടംകൈകൊണ്ടു് ഞാനും. ഞങ്ങളുടെ പല വലികളിലൂടെ വെള്ളം മുകളിലെത്തി. അവൾ ഒന്നും പറഞ്ഞില്ല. ഞാനും. കഴുകി ഇറങ്ങുമ്പോൾ നന്ദിനി സധൈര്യം നടക്കുന്നു. എനിക്കാണോ ഭയമെന്നു തോന്നാതിരുന്നില്ല. കയറ്റത്തിലെ കടയിൽ ബെന്നി രണ്ടു കൈകളിലും ഫോൺ പിടിച്ചു് ഇരിക്കുന്നു. അവൾ നേരേ നടന്നു ചെന്നു.

“മുഴുവൻ കിട്ടിയോ ചേട്ടാ?”

ബെന്നി പരിഭ്രമിച്ചു.

ഞാൻ പിന്നിലൂടെ പെട്ടിക്കടയുടെ ഉള്ളിൽ കയറി. അയാൾ ഒട്ടും എതിർക്കാതെ ഫോൺ തന്നു. കവലയുടെ നടുക്കു് ഞാനതു വച്ചു. നന്ദിനി കയ്യാലയ്ക്കു മുകളിൽ വച്ചിരുന്ന വീതിക്കല്ലുകൊണ്ടുവന്നു് അതിനു മുകളിലിട്ടു. ഒറ്റയിടലിനു് അതു തകർന്നില്ല. കഷണങ്ങളാകും വരെ പാമ്പിനെ ചതയ്ക്കുന്നതുപോലെ അവൾ അതിനു മുകളിലേക്കു് കല്ലു് ഇട്ടുകൊണ്ടിരുന്നു. ഒരുവേള അതൊരു മൂർഖനാണെന്നു ഭയന്നു് ഞാൻ രണ്ടടി പിന്നോട്ടുവച്ചു. തകർന്ന കഷണങ്ങളിൽ നിന്നു് സിം അവളും മെമ്മറി കാർഡ് ഞാനും എടുത്തു് കടിച്ചുകൊണ്ടു് നടന്നു.

“മൂർഖനേക്കാൾ വിഷമുണ്ടു് ഫോണിനു്”: ഞാൻ.

“പാമ്പു് ഒറ്റക്കൊത്തിനു് ഒരാളിലേ വിഷമിറക്കൂ. ഇതു സഹസ്രജീവസംഹാരിണി”: നന്ദിനി.

ഞങ്ങൾ ചെല്ലുമ്പോൾ എന്തോ അബദ്ധം ചെയ്ത പരിഭ്രമത്തോടെ ജുവൽ മുഖം തരാതെ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു.

ആശുപത്രിയിൽ നിന്നു് അത്ര നല്ല വിവരമല്ല.

എഴുപത്തിരണ്ടു മണിക്കൂർ കഴിയാതെ ഒന്നും പറയാനാകില്ലെന്നാണു് പട്ടാളം എത്തിച്ച സന്ദേശം. എലിപ്പനി സുശീലയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു.

ആൻസിക്കു കണ്ണു നിറഞ്ഞു.

ബിനോയി പറഞ്ഞു:
“നിന്നെ കണ്ണുനിറഞ്ഞു കണ്ടിട്ടില്ല.”
ആൻസി:
“രാത്രികളിൽ ആ പേരു് ഞാൻ നിങ്ങളുടെ ചുണ്ടിൽ വായിച്ചിരുന്നു.”

ബിനോയി ദൂരേക്കു നോക്കി.

അന്നമ്മ കുറച്ചകലെ നിസ്സഹായയായി ഇരിപ്പുണ്ടു്…

അന്നമ്മ എഴുനേറ്റു:
“നാട്ടിൽ നടക്കുന്നതെന്തും സുശീല കുഞ്ഞിനോടു പറയുന്നതാണു്.”

ആൻസിയും ബിനോയിയും ഇരുന്നിടത്തു നിന്നു് എഴുനേറ്റില്ല. അന്നമ്മ പറയുന്നതു കേൾക്കാൻ കഴിയുന്നുണ്ടെങ്കിൽ ഋദ്ധി എങ്ങനെ താങ്ങും എന്നായിരുന്നു ആൻസിയുടെ ആധി. ബിനോയി പണ്ടേ തിരിച്ചറിഞ്ഞിരുന്നു, ഋദ്ധി കാണുന്നതിനും കേൾക്കുന്നതിനും അർത്ഥങ്ങൾ വേറേയാണെന്നു്.

ഞാൻ കണ്ണു തുറന്നു കിടക്കുമ്പോഴാണു് അന്നമ്മ വരുന്നതു്.

പതിവുപോലെ മുഖത്തേക്കു കുനിഞ്ഞു. എനിക്കു് രുചി മാത്രല്ല മണവും നഷ്ടമായിരിക്കുന്നു. ഇത്രകാലം അമ്മവരുമ്പോൾ ഞാൻ കല്പിച്ചു കൊടുത്ത മണമായിരുന്നു അതു്. കായൽച്ചെളിയുടെ ആ മണം അന്നമ്മച്ചേടത്തിക്കും ചേരേണ്ടതാണു്. പക്ഷേ, എനിക്കു് ഇപ്പോൾ ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല. ചേടത്തിക്കായി ഞാൻ കാതോർത്തു.

“മോൾക്കു് ഞാൻ ഒരു കൂട്ടം തരുന്നുണ്ടു്. പാലിൽ നല്ല നൂറുള്ള സിലോൺ കപ്പ പുഴുങ്ങി കുറുക്കും. അതിൽ രണ്ടു കാന്താരി ചതച്ചു ചേർത്തു് ഉള്ളി ചുട്ടരച്ചും ചേർക്കും.” കപ്പ എനിക്കു് സിസ്റ്റർ ഫിലോമിന തന്ന രുചിയാണു്.

ഒൻപതാം ക്ലാസിലെ ക്രിസ്മസ്.

സിസ്റ്റർക്കു് സ്വന്തം വീട്ടിൽ പോകാൻ ഏഴു ദിവസത്തെ അനുമതി കിട്ടി. പരീക്ഷകഴിഞ്ഞു് ഞാനും നന്ദിനിയും ചെന്നു കയറുമ്പോൾ ഓട്ടോറിക്ഷ മുറ്റത്തുണ്ടു്.

ഇവരും പോരട്ടെ എന്നു സിസ്റ്റർ ഫിലോമിന. ആ… എന്നു് സിസ്റ്റർ സന്ധ്യ. നന്ദിനിയുടെ അമ്മ തയ്യൽ മെഷീനു പിന്നിൽ ഇരുന്നു് തലയാട്ടി. അമ്മ തയ്യൽ തൊഴിലായി തെരഞ്ഞെടുത്ത ശേഷമുള്ള ഇരിപ്പാണു്. ആർക്കും തയ്ച്ചുകൊടുക്കാനായി പഠിച്ചതല്ല. സ്വന്തം ബ്ലൗസ് സ്വയം തുന്നുന്നതു് അമ്മമ്മയുടെ ശീലമായിരുന്നു. അന്നു ബ്ലൗസ് അല്ല, കെട്ടുടുപ്പാണു്. കൈകൾ ഇട്ടാൽ കൊളുത്തുകൾക്കു പകരം കച്ചപോലെ രണ്ടറ്റവും വയർ തുടങ്ങുന്നിടത്തും കെട്ടും. റൗക്ക എന്നു് വേറെ ജാതിക്കാരു് പറഞ്ഞാലും അമ്മമ്മ കെട്ടുടുപ്പ് എന്നേ പറയൂ. അമ്മമ്മ അതു മാത്രമാണു് തയ്ച്ചിരുന്നതു്. കല്യാണം കഴിഞ്ഞപ്പോൾ തന്നെ മെഷീൻ അമ്മയ്ക്കു കൊടുത്തുവിട്ടിരുന്നു. അതു മഠത്തിലെ ജീപ്പിൽ വാടകവീട്ടിൽ നിന്നു സിസ്റ്റർ വരുത്തിച്ചു. അമ്മ ഇപ്പോൾ തുണി വാങ്ങി നൈറ്റി തയ്ക്കും. ഫിലോമിന സിസ്റ്റർ കടകളിൽ വിളിച്ചു് നിർബന്ധിച്ചു് ഏല്പിക്കും. വിറ്റുപോയാൽ മാത്രം കാശു മതി എന്നു സമ്മതിച്ചപ്പോഴാണു് പലരും ഏറ്റെടുത്തതു്.

സുശീലയ്ക്കും അന്നമ്മയ്ക്കും ചീഞ്ഞകായൽ, ആത്തേമ്മാർക്കു് ആഞ്ഞുതയ്യലും എന്നു് അന്നമ്മ മെഷീൻ വന്ന അന്നു പറഞ്ഞതു് ഞാൻ മാത്രമല്ല നന്ദിനിയും കേട്ടിരുന്നു.

അഞ്ചുമിനിറ്റാണു് ഞങ്ങൾക്കു് ഒരുങ്ങാൻ കിട്ടിയ സമയം. യൂണിഫോം മാറ്റിയുടുത്തു് കയ്യിൽ കിട്ടിയ ഉടുപ്പുകൾ വാരി ബാഗിലിട്ടു് പുറപ്പെട്ടു.

ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ഓട്ടോറിക്ഷ ചന്തയിൽ നിർത്തി. അമ്മയുടെ അടുത്തേക്കു ചെന്നു് സിസ്റ്റർ കാര്യം പറഞ്ഞു. അമ്മ സിസ്റ്ററുടെ ഒപ്പം ഓട്ടോയിലേക്കു വന്നു.

“അവൾ ആദ്യമായിട്ടാണു് മറ്റെവിടെയെങ്കിലും…”

ഞാൻ ഭയന്നുപോയി. ഈ പതിനാലു വയസ്സിനിടെ ജനിച്ച വീട്ടിലും ഈ മഠത്തിലും അല്ലാതെ മറ്റൊരിടത്തും ഞാൻ ഉറങ്ങിയിട്ടില്ല എന്നാണു് ആ പറഞ്ഞതിന്റെ അർത്ഥം. ഞാൻ അതുവരെ കയറിയ മഞ്ഞുമലകളെല്ലാം ഉരുകി ഇല്ലാതായി. പോയ സമുദ്രങ്ങളെല്ലാം വറ്റിവരുണ്ടു.

വണ്ടി നീങ്ങുമ്പോൾ അമ്മ ഒന്നുകൂടി പറഞ്ഞു.

“അവൾ ഞാനില്ലാതെ നിന്നിട്ടില്ല.”

ഒന്നോ രണ്ടോ മാസം പ്രായമുള്ളപ്പോൾ തൊട്ടിലിൽ കിടന്നുറങ്ങിയിരുന്ന എന്റെ അടുത്തേക്കു വന്നയാൾ പിന്നെ എന്നെ പിരിഞ്ഞിട്ടേയില്ലെന്നു്. എനിക്കു പക്ഷേ, അമ്മ കൂടെയുണ്ടെന്നു തോന്നിയതേയില്ല. മഠത്തിന്റെ ചായ്പിൽ കിടന്ന സുശീലയെ അമ്മ എന്നു വിളിച്ചിരുന്നു. പക്ഷേ, എനിക്കു് അമ്മ സിസ്റ്റർ സന്ധ്യ ആയിരുന്നു. എന്റെ പ്രോഗ്രസ് കാർഡ് ഒപ്പിട്ടതു മാത്രമല്ല എനിക്കു് ചോറുരുട്ടിത്തന്നതും സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും ആദ്യത്തെ ഷൂസ് ഇടീച്ചതും ടൈ കെട്ടിത്തന്നതും മുടി പിന്നി തന്നതും പൊട്ടു വാങ്ങിത്തന്നതും സിസ്റ്ററാണു്.

ഏഴുകഴിഞ്ഞു് എട്ടിലേക്കുള്ള അവധിക്കാണു് എനിക്കായി ഒരു കെട്ടു നാപ്കിൻ നീല ബാസ്ക്കറ്റിൽ ഇട്ടുതന്നതു്. ആദ്യദിവസം അതു വയ്ക്കാൻ പഠിപ്പിച്ചതും സിസ്റ്ററാണു്. ആ ബാസ്കറ്റ് ഞാൻ അമ്മയെ അഭിമാനത്തോടെ കാണിച്ചു. എന്റെയാണു് എന്ന ആ ഭാവം കണ്ടു് അമ്മ ഊറിച്ചിരിച്ചു.

അമ്മയെന്നു വിളിച്ചിരുന്നെന്നേയുള്ളു. അമ്മയായിരുന്നില്ല. എപ്പോഴും ഒപ്പമുണ്ടായിരുന്നതു കൊണ്ടാകണം അമ്മയോടു് ഒപ്പം നിൽക്കുന്നതിനെക്കുറിച്ചോ മാറി നില്ക്കുന്നതിനെക്കുറിച്ചോ ഞാൻ ഇതുവരെ ഓർത്തിരുന്നില്ല. എനിക്കു് ഒന്നു മനസ്സിലായി. ഞാൻ അമ്മയെ അമ്മയായി കണ്ടില്ലെങ്കിലും അമ്മയ്ക്കു ഞാൻ മകളായിരുന്നെന്നു്. അവർ ഓരോ നിമിഷവും കരുതിയതു് അവരാണു് എന്നെ വളർത്തുന്നതെന്നാണു്.

ഞാൻ തൊണ്ണൂറ്റിയൊൻപതാം കളത്തിൽ നിന്നു പാമ്പു വിഴുങ്ങി ഒന്നിലെത്തിച്ചതുപോലെ നിസ്സഹായതയുടെ നെല്ലിപ്പടി കണ്ടു. ഇനി കോണികളിൽ കയറാതെ ഓരോകളവും ചവിട്ടി കയറണം.

“പോകാൻ അമ്മവീടുകളില്ലാത്തവരെ കണ്ടിട്ടുണ്ടോ?”

എന്റെ ശബ്ദം താഴ്ത്തിയുള്ള ചോദ്യം കേട്ടു് നന്ദിനി പിറുപിറുക്കുന്ന ശബ്ദത്തിൽ.

“ജപ്തിയായ വീട്ടിൽ നിന്നിറങ്ങിയവരെ കണ്ടിട്ടുണ്ടോ? അന്നദാനത്തിനു പോലും ആരും വിളിക്കില്ല.”

പാമ്പും കോണിയും വിട്ടു് ഞങ്ങൾ ചതുരംഗം കളിച്ചു് ഒപ്പത്തിനൊപ്പം ചെക്കുവച്ചു.

സിസ്റ്റർ ഫിലോമിന ഞങ്ങളുടെ രണ്ടാളുടേയും ഇല്ലായ്മകളെ നിഷ്പ്രഭമാക്കി കളഞ്ഞു.

“മുട്ട ഇട്ടു വിരിയിക്കാനാണു് കാക്ക കൂടുകെട്ടുന്നതു്. ചാവും വരെ പാർക്കാനല്ല.”

നൗകയിൽ കാറ്റുപിടിച്ചു.

ദ്വാദശി:
“സദ്യകഴിഞ്ഞ വീട്ടിൽ ഒന്നു് ഉറങ്ങിയെഴുനേറ്റ സാമ്പാറും പച്ചടിയും പിറ്റേന്നു രാവിലെ തന്നു് കൊച്ചമ്മ പറയും. ഒന്നു ചൂടാക്കി കഴിച്ചോണേന്നു്. അതുകേൾക്കാൻ പറയവീട്ടിൽ പിറക്കണം എന്നു് അമ്മ പറയാറുണ്ടു്.”

നൗകയ്ക്കു വേഗം കൂടുംതോറും പാറുന്ന മുടിയിഴകൾ ഒതുക്കി ഋദ്ധി കടൽകണ്ടു കണ്ണുനിറയ്ക്കും. അതാണു ശീലം.

ദ്വാദശി:
“പശുവിനുള്ള വീതംപോലും സദ്യേടെ അന്നു വൈകിട്ടു് കൊടുക്കും. പറയനു് പിറ്റേന്നാണു്.”
ത്രയ:
“കാലം മാറിയില്ലേ, ഇതൊക്കെ ഇപ്പോഴുമുണ്ടോ എന്നു ചോദിക്കുന്നവരെ കേട്ടിട്ടില്ലേ?”
ഋദ്ധി:
“ഒറ്റവഴിയേയുള്ളൂ. ലോകത്തെ മുഴുവൻ വീടുകളും ഇടിച്ചു നിരത്തണം. ഏറ്റവും കൂടുതൽ ഭൂഖണ്ഡങ്ങൾ താണ്ടിയ ജീവിവർഗമായ മനുഷ്യൻ അപ്പോൾ നടപ്പുതുടങ്ങും. എല്ലാവരും ഒരേ നിലയിൽ പാർക്കാൻ തുടങ്ങും, ഒരേ വേഗത്തിൽ നടക്കാൻ തുടങ്ങും, ഒരേ ആഹാരം കഴിക്കാൻ തുടങ്ങും.”

മൂന്നു ചക്രമുള്ള സൈക്കിൾ ചവിട്ടണം എന്നു പന്ത്രണ്ടു പതിമൂന്നു വയസ്സുവരെ മോഹിച്ച ആ കുട്ടി ദ്വാദശിയിലേക്കു ചെണ്ടകൊട്ടിയെത്തി.

കൊയ്യുന്ന അമ്മയെ നോക്കി വരമ്പത്തു് തലയിൽ പാള കമഴ്ത്തിയിരിക്കുമ്പോൾ മൂന്നോ നാലോ വയസ്സു മുതൽ തോന്നിത്തുടങ്ങിയതാണു് മുച്ചക്ര സൈക്കിൾ ചവിട്ടി മുറ്റത്തു വന്നുനിൽക്കുന്നതു്. കുന്നിൻമുകളിൽ നിന്നുള്ള ഇറക്കമിറങ്ങിവേണം നിരനിരയായി കെട്ടിയ പറയക്കുടിയിലെത്താൻ. കുടികൾ കഴിഞ്ഞാൽ വയലാണു്. വെട്ടുകല്ലു തെറ്റിയും തെറിച്ചും നിൽക്കുന്ന വഴിയാണു്. കാലവർഷം ഒഴുകി വെട്ടുകല്ലിന്റെ ഇടയിലെ ചെളിയൊക്കെ കൊണ്ടുപോയി കുഴിശിൽപങ്ങൾ പണിതെടുത്തിരിക്കുകയാണു്. ഓരോ കുഴിയും ഓരോ ശിൽപത്തിനുള്ള അച്ചുപോലെ രൂപഭംഗി തികഞ്ഞു നിന്നു. അവിടെ മഴ ഒരു പെരുംതച്ചനായി. അതുവഴി വെള്ളയ്ക്ക ഉരുട്ടുവിട്ടാൽ പാടത്തു ചെല്ലുമുമ്പു് പൊട്ടിപ്പൊളിഞ്ഞു തീർന്നിട്ടുണ്ടാകും. ആ വഴിയിലൂടെ മുച്ചക്ര സൈക്കിളിൽ തെന്നിത്തെറിച്ചു വന്നു് ഒൻപതാമത്തെ കുടിയുടെ മുന്നിലെത്തണം. ആ കുടിലിൻ മുന്നിൽ മാത്രം ഒരു ബിംബമുണ്ടു്. ബുദ്ധന്റെയാണു്.

അച്ഛന്റെ ചേട്ടൻ ചെറുപ്പത്തിൽ നാടുവിട്ടു ബോംബെയ്ക്കു് എന്നു പറഞ്ഞു പോയതാണു്. പിന്നെ വന്നപ്പോഴാണു് അറിഞ്ഞതു്. ബോംബെ ആയിരുന്നില്ല, അതു് അഹമ്മദാബാദ് ആയിരുന്നെന്നു്. അവിടെ ഹോട്ടലിൽ പണിയായിരുന്നു. മദിരാശിക്കാരനാണെന്നു പറഞ്ഞു് നെറ്റിയിൽ കുങ്കുമം ചാർത്തിച്ചെന്ന മണിയനെ അവർ അയ്യങ്കാർ മണിയൻ എന്നു വിളിച്ചു. പണികിട്ടാൻ ആ വിളി ഉപകാരപ്പെട്ടെങ്കിലും മൂന്നാംമാസം പിടി വീണു. ഉൾവിളി സഹിക്കാൻ വയ്യാതെ മാട്ടിറച്ചി കിട്ടുന്ന കട ഒന്നു രണ്ടുപേരോടു ചോദിച്ചതാണു്. ചോദ്യം ചെയ്യാൻ ചുറ്റും ആളുകൂടിയപ്പോൾ ഒരു കണക്കിനു രക്ഷപെട്ടു ചെന്നതു ബോധഗയയിലാണു്. അവിടെ ടയർ കടയിൽ പഞ്ചർ ഒട്ടിച്ചു നടക്കുന്നതിനിടയിലാണു് മാവോയാകാൻ ഉൾവിളി വന്നതു്.

ഛത്തീസ്ഗഢിലെ കാടുകളിൽ നിന്നു് ഒളിച്ചും പാത്തും ഒരിക്കൽ വന്നപ്പോൾ നമുക്കു പറഞ്ഞിട്ടുള്ള ദൈവമാണെന്നു പറഞ്ഞു് ഓടിലുള്ള ബുദ്ധനെ വച്ചിട്ടു പോയതാണു്. വിളക്കു കത്തിച്ചും ചന്ദനത്തിരി പുകച്ചും മൂപ്പരെ ബുദ്ധിമുട്ടിക്കരുതു് എന്നും പറഞ്ഞിരുന്നു. അച്ഛനേതായാലും അതവിടെ ഇരിക്കട്ടെ എന്നു പറഞ്ഞതോടെ ബുദ്ധൻ മുറ്റത്തൊരു തറകെട്ടി ഇരുപ്പുറപ്പിച്ചു.

ഞാൻ പാടവരമ്പത്തിരിക്കുമ്പോൾ മുച്ചക്രം ചവിട്ടിവന്ന എന്റെ പ്രായക്കാരി ശ്രേയയൊക്കെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടു ചക്രസൈക്കിളുമായി അതിലേ വന്നു. പക്ഷേ, കുത്തിറക്കം തെറിച്ചുവരാനും ബുദ്ധനെചുറ്റാനും മൂന്നുചക്രമായിരുന്നു മനസ്സിൽ. ഒൻപതാം ക്ളാസിലെ അവധിക്കു് ശ്രേയ വീട്ടുമുറ്റത്തുകൂടി ഹോണ്ട ആക്ടീവ ഓടിക്കുന്നതു കണ്ടയന്നാണു് മുച്ചക്ര സൈക്കിൾ മാറ്റി സുകുവിന്റെ ഓട്ടോറിക്ഷയിൽ ഓട്ടം വിളിച്ചു വീട്ടുമുറ്റത്തെത്തുന്നതു് സ്വപ്നം കാണാൻ തുടങ്ങിയതു്. മുച്ചക്ര സൈക്കിളിൽ ഒരിക്കലും കയറാനാകാതെ കഴിഞ്ഞു പോയ ബാല്യവും ഓട്ടോ വിളിക്കാൻ കാശു തികയാത്ത കൗമാരവും കടന്നുപോന്നവരോടു തന്നെ വേണം, കാലം മാറിയില്ലേ എന്നു ചോദിക്കാൻ.

പലരും ചോദിച്ചിട്ടുണ്ടു് പറയത്തി എങ്ങിനെയാണു് ദ്വാദശി എന്ന പേരുപേറിയതെന്നു്. നിങ്ങൾ നോൽക്കുന്ന ഏകാദശിയും ദ്വാദശിയുമായി അതിനൊരു ബന്ധവുമില്ലെന്നു പറഞ്ഞു മണിയൻ വല്യച്ഛൻ ഇട്ട പേരാണു്. കൊച്ചുണ്ടായപ്പോൾ പേരിടണമെന്നു് അച്ഛൻ. പറയിപെറ്റ പന്തിരുകുലം എന്ന കഥയുംകൊണ്ടു നടക്കുന്നവരില്ലേ, ആ പന്ത്രണ്ടിനേയും പെറ്റ പറയിയാണിവൾ. ദ്വാദശി. ദ്വാദശി എന്നാൽ പന്ത്രണ്ടു്. അമാവാസി കഴിഞ്ഞു ദിവസം പന്ത്രണ്ടു കഴിഞ്ഞാലും ഇവൾക്കു കറുപ്പു പോകുവേല. കേൾക്കുമ്പോൾ അവരു് ഞെട്ടുന്നെങ്കി ഞെട്ടട്ടെ എന്നു പറഞ്ഞു് മൂപ്പരൊരു പോക്കായിരുന്നു. അങ്ങനെ അമര മുതൽ മൈന വരെ എന്തെങ്കിലും ആകേണ്ടിയിരുന്ന ഞാൻ ദ്വാദശിയായി.

വളർന്നൂന്നു തോന്നിയപ്പോൾ പുഴേല് ഒറ്റയ്ക്കു കുളിക്കാൻ പോകും. കരിങ്കാല് പുഴവെള്ളത്തിൽ കുതിർത്തു് താളിക്കു ചമ്പരത്തി തേച്ചു വഴുവഴുപ്പായ പാറയിൽ ഉപ്പൂറ്റി ഉരയ്ക്കും. ചകിരികൊണ്ടു് മേലാകെ തേയ്ക്കുമ്പോൾ ഞാൻ ഏതോ വിലപിടിച്ച കരിങ്കാളി മീനാണെന്നു സ്വയം കരുതും. താളി പൊതിഞ്ഞ മുടി നെറുകയിൽ കെട്ടി കഴുത്തോളം വെള്ളത്തിൽ കിടക്കുമ്പോൾ കല്ലേമുട്ടികൾ വരും. പുഴയിലെ അടിപ്പാറയിൽ മുട്ടി കാലിലും മുട്ടി നടക്കുമ്പോൾ ഞാൻ കുശലം പറയും. വെള്ളത്തിൽ ഞാൻ കാത്തു നിൽക്കാറുള്ളതു കല്ലേമുട്ടികളേയല്ല. ആരകനെയാണു്. ആരാല് എന്നു പറഞ്ഞാൽ എനിക്കു മതിയാകില്ല. അവനെന്റെ ആണാണു്. അതുകൊണ്ടു് ആരകൻ എന്നു തന്നെ വിളിക്കും. നീണ്ടു കൂർത്ത ചുണ്ടുമായി അവൻ വരും. വെള്ളത്തിനടിയിൽ സ്ഥാനം മാറി കിടക്കുന്ന തോർത്തിനിടയിലുടെ എന്റെ പൊക്കിളിനു ചുറ്റും പതിനൊന്നു കുത്തിപ്പോകും. ഞാനപ്പോൾ അവനോടു് പറയും. നീ എന്റെ പേയിറക്കാനുള്ള കുത്തു തന്നെന്നു്. ഞാൻ തല പിന്നോട്ടാക്കി മലർന്നു കിടക്കും. പിന്നെ മെല്ലെ കാലുകൾ ഉയർത്തും. ബാക്സ്ട്രോക് തന്നെ. ആ പിന്നോട്ടു നീന്തലിൽ എന്റെ ഈരിഴ തോർത്തു് സ്ഥാനം തെറ്റുന്നതോ ആരകൻ ഒപ്പം മുട്ടിയിരുമ്മിവരുന്നതോ മുകളിലൊരു പരുന്തുപറക്കുന്നതോ ഞാൻ കാണാറില്ല. രാവിലെ പോയാൽ നെറുകയിൽ വെയിലു കുത്തുന്ന ഉച്ചവരെ ആ പുഴയിൽ കിടന്നു കയറിച്ചെല്ലുമ്പോൾ അമ്മ പറയും:

“പറയത്തി വെള്ളത്തിൽ കിടന്നാൽ വെളുക്കത്തില്ല, ഓലമടല് പോലെ ചീയത്തേയുള്ളൂ.”

ശരിക്കും വെളുക്കാനല്ല, കറുപ്പു് പോകാതിരിക്കാനായിരുന്നു എന്റെ പുഴയധിവാസങ്ങൾ. ഓരോ ആഴ്ചയിലും ആ കറുപ്പിനെ ഞാൻ എണ്ണയൊഴിച്ചു മിനുക്കി. എനിക്കു് എന്നോടു ഒടുക്കത്തെ പ്രേമമായിരുന്നു. സത്യമായിട്ടും ഞാൻ മറ്റാരേയും മനസ്സിൽ കണ്ടിട്ടേയില്ല.

വയസ്സറിയിച്ചു നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഓടമരം കൊണ്ടു് അച്ഛനെനിക്കു് കട്ടിലുകെട്ടി തന്നു. നാലു് ഓടക്കാലു തറയിൽ കുത്തിയിറക്കി, മുളകീറി ചട്ടം കെട്ടിയുറപ്പിച്ചു്, ഞർള വള്ളി തോട്ടിൽ ചീയിച്ചെടുത്തു പാറയിലിട്ടുണക്കി നെടുകയും കുറുകയും കെട്ടിയപ്പോഴതു് ആനചവിട്ടിയാലും പൊട്ടാത്ത കട്ടിലായി. ആ കട്ടിലിനു ചുറ്റും പ്ലൈവുഡ് കമ്പനി തള്ളിയ പോളകൾകൊണ്ടു് മറയുണ്ടാക്കിയപ്പോൾ അതൊരു മുറിയായി. ഞാനവിടെ മലർന്നുകിടന്നു പുഴയിലെന്നതുപോലെ നീന്തിത്തുടിച്ചു. ഓലമറയിലെ ചെറു ജാലകം പോക്കി ഞാൻ പകല് മൈനകളെ വിളിച്ചുവരുത്തി. രാത്രിയിൽ പുള്ളുകൾ വന്നപ്പോൾ ഞാനതു താഴ്ത്തി.

ആരായിരുന്നു എന്റെ സ്വപ്നത്തിലെ ആരകൻ? മുഖമില്ലാത്ത ചാത്തനായിരുന്നിരിക്കും. അങ്ങനൊരു മുഖം എനിക്കു ചുറ്റും കണ്ടെത്താൻ കഴിഞ്ഞതേയില്ല. പക്ഷേ, എന്റെ മേലു മുഴുവൻ അവൻ നക്കിത്തുടച്ചെടുത്തു. എന്റെ ചെവികൾക്കും മുടിക്കും ഇടയിലുള്ള അരയിഞ്ചു സ്ഥലത്തു് ഇത്തിരി വെളുപ്പുണ്ടെന്നു കണ്ടു പിടിച്ചതു് അവനാണു്. ഏതു് ആണും കറുത്ത പെണ്ണിന്റെ മേൽ വെളുപ്പു നോക്കി നടപ്പാണല്ലോ? അവനെന്റെ ചെവിക്കു പിന്നിൽ നക്കി കൂടുതൽ വെളുപ്പിക്കാൻ നോക്കി. ഓരോ രസനാസ്പർശത്തിലും എന്റെ കറുത്തദേഹത്തിൽ പൂവിട്ടു. അതു വസൂരിമാലകൾ പോലെ പൊട്ടി. എന്റെ മുഖം നിറയെ കുരുക്കൾ വരികയും പൊട്ടിയൊഴുകിയുണങ്ങിവന്നപ്പോഴേക്കും അതെല്ലാം ഓരോ കുഴിയാവുകയും ചെയ്തു.

ഇരുപത്തിയഞ്ചാം വയസ്സിലും പെണ്ണിനെക്കൊണ്ടുപോകാൻ പറയച്ചെക്കന്മാരാരെങ്കിലും വരുന്നതു നോക്കി അച്ഛനും അമ്മയും ഇരുന്ന ദിവസങ്ങളിലൊന്നിൽ ഞാൻ പറഞ്ഞു, പണ്ടു മുച്ചക്ര സൈക്കിൾ ഓടിക്കാനിരുന്ന വഴിപോലെയായി എന്റെ മുഖം. ഇനി അതുവഴി സുകു വേണമെങ്കിൽ ഓട്ടോ ഓടിക്കട്ടെ.

ഒന്നു കെട്ടി രണ്ടു കുട്ടികളുമായ സുകു ഭാര്യ പുഴയിൽ മുങ്ങിമരിച്ചേൽപിന്നെ ആർക്കുവേണ്ടിയാണു് ഞാനീ വണ്ടിയോടിക്കുന്നതെന്ന മട്ടിൽ പരിക്ഷീണനായി കള്ളുകുടിച്ചു വഴിയിൽ തന്നെ ഓട്ടോയിൽ കിടന്നുറങ്ങുന്ന കാലമായിരുന്നു.

ഓട്ടോ കരോട്ടു് ഇട്ടു് സുകു കുത്തിറക്കം നടന്നാണു വന്നതു്. ഞാൻ കാട്ടിപ്പറമ്പിൽ ടെക്സ്റ്റൈൽസ് എന്നു് എഴുതിയ കവറിൽ ആകെയുള്ള ഒരു സാരിയും മൂന്നു ബ്ലൗസും രണ്ടു ലുങ്കിയും നാലു പാവാടയും മൂന്നു ബ്രേസിയറും ഒരു ജെട്ടിയും എടുത്തിട്ടു. അടിവസ്ത്രങ്ങൾ ഇട്ടു കിടന്നു് ശീലിക്കാത്തതുകൊണ്ടു് അതിൽ കൂടുതൽ ഒന്നും ശേഷിപ്പു് ഉണ്ടായിരുന്നില്ല. കോളജിൽ പോലും പിരിയഡു കാലത്തു് വച്ചുകെട്ടിപ്പോകുമ്പോഴാണു് മോളിലൊരു ജട്ടി ഇട്ടതു്. കല്യാണം കഴിക്കുന്ന കാലത്തേക്കു് ഉള്ള ജെട്ടി മാറ്റിവച്ചാണു് ഡിഗ്രിക്കു പഠിക്കാൻ പോയതു്. എടുത്ത ബാഗിൽ എല്ലാത്തിനും മുകളിൽ ഡിഗ്രി സർട്ടിഫിക്കറ്റും ചുരുട്ടി വച്ചു.

ചെന്നു കയറുമ്പോൾ മുതൽ സുകു എന്നെ പൂജിക്കാൻ തുടങ്ങി. കൈരണ്ടും കൂപ്പി നിന്നു് നാമം ജപിക്കുകയാണു്. എന്റെ കുട്ടികളെ നീ നോക്കണം. എന്റെ കുട്ടികൾക്കൊരു കുറവും നീ ഉണ്ടാക്കരുതു്. നീ അവരെ കരയിക്കില്ലെന്നു വാക്കുതരണം. ഞാൻ കുട്ടികളെ തേടി ചുറ്റും നോക്കി. അവർ ഇപ്പോൾ വരുമെന്നു് സുകു. ഒരു മണിക്കൂറിനുള്ളിൽ വന്നതു് സതീശൻ. സ്കൂളിൽ എന്നേക്കാൾ രണ്ടുവർഷം മുൻപു പഠിച്ചുപോയയാൾ. സതീശൻ ചേട്ടൻ എന്നാണു വിളിച്ചിരുന്നതു്. രണ്ടാമത്തെയാൾ ആരാണെന്നു് വെള്ളിടിപോലെ ഞാനോർത്തു. എന്റെ ക്ളാസിൽ ഉണ്ടായിരുന്നു സതീശന്റെ അനിയൻ രാജീവൻ.

രണ്ടുപേരേയും മുന്നിൽ നിർത്തി സുകു പറഞ്ഞു, നീ ഇവരുടെ പാകം നോക്കണമെന്നു്. സതീശൻ തള്ളവിരൽ കൊണ്ടു തറയിൽ ചിത്രം വരച്ചുകാണും. രാജീവൻ നോട്ടം കൊണ്ടു് ആകാശത്തും. അവരുടെ ഭാവം എന്താണെന്നു് ഞാൻ നോക്കിയില്ല.

അന്നു രാത്രി സുകു വാതിലടച്ചിട്ടു് ചെവിയിൽ പറഞ്ഞു: നമ്മളായിട്ടു് ഒന്നും ചെയ്യണ്ട. ശബ്ദം കേട്ടാൽ പിള്ളേർക്കു വെഷമമാകും.

രാവിലെ അഞ്ചുമണിക്കു് ആ തുണിക്കടസഞ്ചിയും എടുത്തു് ഒരുപ്പോക്കായിരുന്നു. അയാള് പിള്ളേരേ വിഷമിപ്പിക്കണ്ട എന്നു വച്ചതുകൊണ്ടു് ഉടുത്ത തുണിയൊക്കെ അവിടെത്തന്നെ ഉണ്ടായിരുന്നു. ആ യാത്ര പലവഴി കറങ്ങി ചെന്നു നിന്നതു് സെൻട്രൽ ജയിലിലാണു്. കാട്ടിൽക്കഴിയുന്ന മാവോയിസ്റ്റുകളെയൊക്കെ തോക്കിനു മുന്നിൽ ഉന്നത്തിനു കിട്ടിയില്ലെങ്കിൽ ഓടിച്ചു ജയിലിൽ കേറ്റുന്നതുകൊണ്ടു് മൂന്നു നേരത്തെ തീറ്റയ്ക്കു് ഒരു മുടക്കവും ഉണ്ടായിട്ടില്ല. അന്നു കോടതീല് പ്രതിക്കൂട്ടിൽ നിർത്തി സർക്കാർ ഭാഗം വക്കീല് ഞാൻ വല്യച്ഛൻ മണിയനെ ആരാധിച്ചു മാവോവാദിയായതാണെന്നു പറഞ്ഞപ്പം തുടങ്ങിയ ചിരിയാണു്. പിന്നെ എനിക്കായിട്ടു് ചിരിക്കു് ഒരു മുട്ടും മാവോ സഹായിച്ചു് ആരും ഉണ്ടാക്കിയിട്ടില്ല.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.