images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
വരാഹം

‘അവനു് എന്നെ താങ്ങാൻ ആവതില്ല.’

ഈ ഒറ്റ വാചകം പിറന്ന നിമിഷമാണു് ഞാൻ നന്ദിനിക്കു ഗുരുസ്ഥാനം നൽകിയതു്. കുടുംബം കഴിയാനുള്ള ശമ്പളം കിട്ടാത്ത ചായക്കടപ്പണിക്കാരിയെപ്പോലെ തീർത്തും നിർവികാരമായി വെച്ചുതിന്നാൻ ഒരുക്കുന്ന ത്രേസ്യാച്ചേടത്തി. ചില്ലുകൂട്ടിൽ വെച്ചിരിക്കുന്നതൊക്കെ ഒരു താല്പര്യവും ഇല്ലാതെ ഉണ്ടാക്കിയതാണെന്നു് അറിയാവുന്ന ഹോട്ടൽ മുതലാളിയെപ്പോലെ ഇന്നത്തെ മീൻകറിയിലെ കുടംപുളിയുണ്ടല്ലോ, അതു മോളുടെ വീട്ടിൽപോയി ഞാൻ കൊണ്ടുവന്നതാ, കലക്കനല്ലേ… എന്നു ചോദിക്കുന്ന തോമാച്ചായൻ. സ്വന്തം വീട്ടിൽ വന്നിരുന്നു ധ്യാനത്തിനു പോയതുപോലെ പകൽമുഴുവൻ കൊന്ത ജപിച്ചു കഴിച്ച ഫിലോമിന സിസ്റ്ററും കൂടി ആയതോടെ സർവത്ര ശോകമായ ക്രിസ്മസ് കഴിഞ്ഞു് ആദ്യത്തെ ക്ളാസിനുള്ള പോക്കിലായിരുന്നു എന്റെ ചോദ്യം. ജൂവലിനെ നിനക്കു് പ്രേമിച്ചു കൂടെ?

ഇരകളെ താങ്ങാൻ ജുവലിനെനന്നല്ല ഭൂമിമലയാളത്തിലെ ഒരു കണക്കിനു് ആൺപിള്ളേർക്കൊന്നും കെല്പില്ലെന്നു് അവൾ തീർത്തടിച്ചു. പിന്നെ വരുന്നതു് ഒന്നുകിൽ കൊണ്ടുപോയി അടിമയാക്കി ചവിട്ടിത്തേക്കാം എന്നു കരുതുന്നവര്. അല്ലെങ്കിൽ ഇവൾക്കൊരു ജീവിതം കൊടുത്താൽ നാട്ടുകാരു കയ്യടിക്കുമെന്നു വൃഥാ കരുതുന്ന പൊങ്ങന്മാർ. കൊട്ടിഘോഷിച്ചു കെട്ടുകഴിഞ്ഞു പോകുമ്പോൾ വഴിയിലിരുന്നു ചിരിക്കുന്നവരൊക്കെ കളിയാക്കുകയാണെന്നു കരുതി ഇവറ്റകൾ ആത്മഹത്യ ചെയ്തുകളയും.

സദാചാരമൊന്നും പ്രശ്നമല്ലാത്ത ഏതെങ്കിലും സായിപ്പു വന്നാൽ കൂടെപ്പോകണമെന്നു് നന്ദിനി. അവനോ നമുക്കോ മതിയാകുമ്പോൾ ‘അപ്പോ ശരി…’ എന്ന ഒറ്റ വാക്കിൽ തീരണം കഥ. വേണമെന്നു വച്ചാൽ അടുത്തൊരാളെ കിട്ടാനും രണ്ടാഴ്ച തികച്ചു വേണ്ടിവരില്ല. അതുകൊണ്ടു് ജൂവലുമാരു് ഏതെങ്കിലും പള്ളീല് പോയി വിളിച്ചുചൊല്ലി കെട്ടുന്നതാ ഭേദം.

അവൾ പതുക്കെ ചോദിച്ചു: “പോർക്ക് കഴിച്ചേപ്പിന്നെ ഞാനിത്തിരി മാംസഭുക്കു് ആയി അല്ല്യോടി.”

“പച്ചക്കറി തിന്നുന്ന നിന്റെ അച്ഛനേക്കാളും വലിയ മാംസഭുക്കു് വേറാര്”: അവളുടെ പുനർജന്മാനന്തരം ഞാൻ ആദ്യമായി ഉപ്പേരിക്കു് കൊടുത്ത ഉരുളയാണു്.

കാണ്ടാമൃഗങ്ങളും സസ്യഭുക്കുകളാണെന്നു് ജോൺ സർ പറഞ്ഞിരുന്നു: അവൾ. ആൺകാണ്ടാമൃഗങ്ങൾക്കു പോലും ബലയാരതികളില്ല. പെണ്ണു് തയ്യാറാണെന്നു് ശരീരഗന്ധം അയയ്ക്കുമ്പോഴേ അവിടെ ആണൊരുത്തനു് അടുത്തുപോകാൻ അവകാശമുള്ളു. അതും ഒരുത്തനു മാത്രം. ആരുവേണമെന്നു് കൊമ്പുകോർത്തു് അവർക്കു തീരുമാനിക്കാം: ഞാൻ.

ആദ്യ ക്ലാസ് സാമൂഹിക പാഠമാണു്. ജോൺ സർ സംഭവമായിരുന്നു. പാഠപുസ്തകം തുറക്കുക പോലും ചെയ്യാതെ കഥ പറയും. അവസാന അഞ്ചു മിനിറ്റ് മാത്രം എല്ലാ ദിവസവും ഒരു പോലെ അവസാനിക്കും.

“നമ്മൾ അപ്പോൾ എവിടെ വരയാണു് ഇന്നലെ വായിച്ചതു്?”

“പേജ് മുപ്പത്തിരണ്ടു വരെ സർ.”

“അപ്പോൾ അടുത്ത ദിവസത്തേക്കു് മുപ്പത്തിയാറു വരെ.”

വായിച്ചിട്ടു വരണം, ചോദ്യങ്ങൾ ചോദിക്കും എന്നാണു് വയ്പു്. ഇക്കാലത്തിനിടയ്ക്കു് അതുണ്ടായിട്ടുള്ളതു് രണ്ടോ മൂന്നോ തവണയാണു്. ഉത്തരം പറയാത്തവരോടു് പോയി പഠിച്ചിട്ടു വാ എന്നൊന്നും സാറ് പറയാറില്ല. എന്റെ ക്ളാസ് പോരാ അല്ലേ എന്നാണു് ചോദിക്കുക. വൈകാരിക പൂഴിക്കടകനാണെങ്കിലും ഒൻപതാംക്ലാസിന്റെ തിരിച്ചറിവു മാത്രമുള്ള ഞങ്ങൾക്കതു രണ്ടു തല്ലിനേക്കാൾ വലിയ ശിക്ഷയായിരുന്നു.

രണ്ടാം ലോക മഹായുദ്ധമാണു് അന്നത്തെ പാഠം. ജപ്പാന്റെ ആറു വിമാന വാഹിനിക്കപ്പലുകൾ നിരന്നു നിൽക്കുന്ന കടൽ. അതിൽ നിന്നു് പറന്നുയർന്നതു് മുന്നൂറ്റിയൻപത്തിമൂന്നു വിമാനങ്ങൾ. ഹവായിയിലെ പേൾ ഹാർബർ തകർത്തു തരിപ്പണമാക്കി മടങ്ങിയ ജപ്പാനു് നാഗസാക്കിയിലും ഹവായിയിലും രണ്ടു് അണുബോംബു കൊണ്ടു് അമേരിക്ക മറുപടി നൽകി. അപ്പോഴെന്താണു് സംഭവിച്ചതു്?

എന്താണു് ഉദ്ദേശിച്ചതു് എന്നു് പിടിയില്ലാതെ എല്ലാവരും സൂക്ഷിച്ചു നോക്കും. പെട്ടെന്നു ഒരു ബന്ധവുമില്ലെന്നു് തോന്നുന്ന കഥയിലേക്കു് സർ എടുത്തു ചാടും.

രണ്ടായിരത്തിയൊന്നു്. വെറും മൂന്നു വിമാനങ്ങൾ. വേൾഡ് ട്രേഡ് സെന്ററിലേക്കു പറന്നു കയറി. അമേരിക്ക ലോകത്തിനു മുന്നിൽ വിവശരായി. ആരോടു പ്രതികാരം ചെയ്യും. മറുവശത്തു് രാഷ്ട്രങ്ങളില്ല, ചക്രവർത്തിമാരില്ല, വംശങ്ങളില്ല. ഉള്ളതു് പേരും മുഖവും പോലും അറിയാത്ത രണ്ടുകൈ വിരലിലെണ്ണിയാൽ തീരുന്നത്ര ആളുകൾ. അവർക്കെതിരേ യുദ്ധം ചെയ്യാൻ അമേരിക്ക ഒറ്റയ്ക്കല്ല, യൂറോപ്പു മുഴുവൻ അഫ്ഗാനിസ്ഥാനിലേക്കു പറന്നു. ഒന്നും രണ്ടുമല്ല, ഇരുപതാണ്ടു് അവിടെ യുദ്ധം. ഒടുവിൽ ആർക്കെതിരേയാണോ യുദ്ധം ചെയ്തതു് അവർക്കു് അധികാരം കൈമാറി മടക്കം.

സർ പെട്ടെന്നു വട്ടംതിരിയുകയും ബോർഡിൽ ചോക്കു കൊണ്ടു് ഏതാനും വാക്കുകൾ മാത്രം നിരയും വരിയുമൊന്നുമില്ലാതെ എഴുതുകയും ചെയ്യും. അതാണു പതിവു്.

പേൾ ഹാർബർ, ഹവായ്, ജപ്പാൻ, അമേരിക്ക, 353, വിമാന വാഹിനി, നാഗസാക്കി, ഹിരോഷിമ, അച്ചുതണ്ടു്, സഖ്യ കക്ഷികൾ, ജർമനി, ജപ്പാൻ, ഇറ്റലി, റോം, ബെർലിൻ, ടോക്യോ, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, അമേരിക്ക.

ഇതു് ചരിത്രത്തിലെ സംഭവങ്ങളുടെ നിരയിലേക്കെഴുതണം. ഇറ്റലി എന്ന പേരു് രണ്ടുതവണ സർ എഴുതിയിട്ടുണ്ടെങ്കിൽ അതു തെറ്റാകില്ല. സർ അതിനും ഒരു കഥ കണ്ടിട്ടുണ്ടാകും. പലവക ബുക്കിലെ കടലാസിൽ ഞാൻ എഴുതാൻ തുടങ്ങി.

ജപ്പാൻ പേൾ ഹാർബർ ആക്രമിക്കുന്നിടത്താണു് പുസ്തകത്തിലെ യുദ്ധം ആരംഭിക്കുന്നതു്. എങ്കിലും അതിനും മുമ്പു് അമേരിക്ക പസഫിക്കിൽ നിരത്തിയിട്ട കപ്പലുകൾ ജപ്പാനെ ആക്രമിക്കാനായിരുന്നു എന്ന തിരിച്ചറിവുണ്ടായപ്പോൾ അവർ കയറി അടിച്ചതാണു് പേൾ ഹാർബറിൽ കണ്ടതു്. അതുകൊണ്ടു ജപ്പാന്റെ ഭാഷയിൽ പേൾ ഹാർബർ പ്രകോപനമല്ല, പ്രതിരോധമാണു്. അച്ചുതണ്ടിൽ നിന്നു സഖ്യത്തിലേക്കു് പാതിവഴിയിൽ എടുത്തു ചാടിയ റോമാ സാമ്രാജ്യമാണു് യുദ്ധം എന്തൊരു ബാലിശമാണെന്നു് ലോകത്തെ പഠിപ്പിച്ചതു്. സ്റ്റാലിനും ജോർജ് നാലാമനും ഫ്രാങ്ക്ലിൻ റൂസ്വെൽറ്റും സഖ്യമാണെന്നു പറഞ്ഞതിലും വലിയ തമാശ എന്തുണ്ടു്.

സ്റ്റാലിന്റെ പട്ടാളം ഹിറ്റ്ലറെ വധിക്കുന്നതു കാണാൻ കാത്തിരുന്നവർക്കു് വേണ്ടതിലധികം കിട്ടി. കമ്യൂണിസ്റ്റ് റഷ്യയുടെ പട്ടാളം ജർമനിയിലെ പെണ്ണുങ്ങളെ, നാലു വയസ്സു മുതൽ തൊണ്ണൂറു വയസ്സുള്ളവരെ, നിർത്തിയും കിടത്തിയും ബലാൽസംഗം ചെയ്തു. ചിലരെ ഒരേ കൂട്ടം തന്നെ പലവട്ടം. വിവസ്ത്രരാക്കി നിരത്തിക്കിടത്തിയ ജർമൻ പെണ്ണുങ്ങളിലേക്കു് സഹപ്രവർത്തകൻ പുരുഷായുധം ഇറക്കുമ്പോൾ മറ്റൊരുത്തൻ വന്നു് അവളുടെ വായിലേക്കു നിറയൊഴിച്ചു. ഒരു പതിനാലുകാരിയിൽ തോക്കിൻ കുഴൽ കൊണ്ടു് പ്രവേശിച്ചു് അവൾ അലറിക്കരഞ്ഞു വാ തുറക്കുമ്പോൾ ആ തോക്കിന്റെ കാഞ്ചിയിൽ വിരലമർത്തി. അടിവയറ്റിൽ നിന്നു് ഹൃദയഭിത്തിയിലേക്കു വന്നു തറച്ച ആ വെടിയുണ്ടയിൽ അവൾ ഒന്നു വിറയ്ക്കുകയും വാ തുറന്ന നിലയിൽ തന്നെ ചലനം നിർത്തുകയും ചെയ്തു.

ബർലിൻ മതിലിൽ കയർകെട്ടി നിർത്തിയ പെണ്ണിൽ പ്രവേശിക്കാൻ മുപ്പത്തിയൊന്നു പട്ടാളക്കാരാണു് വരി നിന്നതു്. ആയിരത്തി തൊള്ളായിരത്തി നാൽപ്പതിനാലു് ഒക്ടോബർ ഇരുപത്തിയൊന്നു് മുതൽ ഇരുപതു ലക്ഷം ജർമൻ സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും അതിൽ രണ്ടേകാൽ ലക്ഷത്തെ ബലാൽസംഗത്തിനു ശേഷം കൊല്ലുകയും ചെയ്തതാണു് രണ്ടാം ലോക മഹായുദ്ധത്തിന്റെ ബാക്കി.

ഞാൻ എഴുതിവച്ചതു് വശത്തു നിന്നു ജോൺ സർ വായിക്കുന്നുണ്ടായിരുന്നു. സർ എല്ലാവരുടേയും എഴുത്തു നടന്നു വായിക്കുകയും അതിനൊടുവിൽ ഒന്നോ രണ്ടോ വരി കൂട്ടിച്ചേർക്കുകയും ചെയ്യും. ആർക്കും ശരിയോ തെറ്റോ മാർക്കോ സാർ നൽകിയിരുന്നില്ല.

പതിവുപോലെ ആ കടലാസ് സാറിന്റെ നേരേ തിരിക്കുകയും ചുവന്ന മഷി കൊണ്ടു് താഴെ എഴുതുകയും ചെയ്തു. “എന്നിട്ടും നിങ്ങൾ സ്റ്റാലിനെ ആരാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കെന്തോ കുഴപ്പമുണ്ടു്.” അതായിരുന്നു ആ വരി.

പെട്ടെന്നു് എന്റെ മുന്നിലേക്കു് ഒരു ചുരുണ്ട കടലാസ് വന്നു വീണു. ആരാണു് ഇട്ടതു് എന്നു് നോക്കേണ്ടകാര്യം ഇല്ല. തുറന്നു. ‘എനിക്കു് നിന്നോടു് സംസാരിക്കണം.’ ചിത്രം വരയ്ക്കുന്ന പോലുള്ള കയ്യക്ഷരമാണു് ജൂവലിനു്. നിവൃത്തിയുണ്ടെങ്കിൽ ഞാൻ നോട്ടുബുക്കുപോലും ആരേയും കാണിക്കാറില്ല. കാക്ക ചികഞ്ഞിട്ട വറ്റൽ മുളകുപോലെയാണു് എന്റെ അക്ഷരങ്ങൾ. അവിടെയും ഇവിടെയും കൂട്ടിയിടിച്ചും ഒരിക്കലും നിരയൊക്കാതെയും നിൽക്കും.

ആ കുറിപ്പിൽ ഒരു അത്ഭുതവും തോന്നിയില്ല. ഏഴുദിവസം ഞങ്ങൾ എവിടെപ്പോയി എന്നുള്ള ആവിയിൽ അവൻ പുഴുക്കായിക്കാണുമെന്നു് ഇപ്പോൾ മാത്രമാണു് ഓർത്തതു്. ഞങ്ങൾ രണ്ടാൾക്കും അവനെ ഓർക്കാൻ ഇന്നു ക്ളാസിലേക്കു വരുന്നതുവരെ ഒരു കാരണവും ഉണ്ടായിരുന്നുമില്ല.

സുശീല ഇടയ്ക്കിടെ ഇപ്പോൾ ബോധത്തിലേക്കു വരും.

താര എന്നു പരിചയപ്പെടുത്തിയ നഴ്സിന്റെ ശബ്ദം അപ്പോഴൊക്കെ കേൾക്കാം. വളരെ താഴ്‌ന്ന ശബ്ദത്തിലാണു് സംസാരം. ഇത്തവണ ഉണർന്നപ്പോൾ താര പറഞ്ഞു: “ഡോക്ടർ വന്നു പോയി കെട്ടോ. നമ്മള് മുക്കാലും ജയിച്ചു. അസുഖം ഈ നിലയിലെത്തിയിട്ടു മരുന്നൊക്കെ ഫലിക്കുന്നതു് വേറെ ഒരുപാടു് ഉണ്ടായിട്ടില്ലെന്നു ഡോക്ടർ പറയുന്നുണ്ടായിരുന്നു.”

താര:
“വീട്ടിൽ ഇരിക്കുന്നവരുടെ പ്രാർത്ഥനയ്ക്കു ഫലമുണ്ടായീന്നു കൂട്ടിയാമതി.”

സുശീല ഓർത്തു. വിവരം അറിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ ഋദ്ധി പ്രാർത്ഥിച്ചിട്ടുണ്ടാകുമോ. അവളല്ലാതെ ലോകത്തു് വേറെ ആരാണു് പ്രാർത്ഥിക്കാൻ. സ്വന്തം കാര്യത്തിനു പോലും ഒന്നു് കൈതൊഴുന്നതോ കുരിശുവരയ്ക്കുന്നതോ കണ്ടിട്ടില്ല. മഠത്തിലെ സന്ധ്യാപ്രാർത്ഥനയിൽ ആദ്യമൊക്കെ ഇരിക്കാറുണ്ടെങ്കിലും പത്തു പതിനൊന്നു തെകഞ്ഞതിൽ പിന്നെ ആ വഴിക്കു പോയിട്ടില്ല. പെരുന്നാളിനല്ലാതെ പള്ളിയിൽ പോകാറില്ല. ഉത്സവപ്പറമ്പുകളിൽ പോയിരുന്നതു് ബോട്ടു വാങ്ങാനാണു്. നാല്പതമ്പതു ബോട്ടുകൾ വലിയൊരു പെട്ടി നിറയെ ഉണ്ടു്. ഇവളൊരു സ്രാങ്ക് ആകുമെന്നു് ബിനോയി പറഞ്ഞപ്പോൾ സിസ്റ്റർ സന്ധ്യ തിരുത്തിയിരുന്നു—കപ്പിത്താനി എന്നു്.

സുശീല സ്വന്തം ചെറുപ്പത്തിലെ പ്രാർത്ഥനകൾ ഓർത്തു. സ്കൂളിലേക്കുള്ള വഴിയിൽ മൂന്നാമത്തെ വളവു കഴിഞ്ഞാൽ അത്തിക്കാടാണു്. കട്ടിയുള്ള ഇലകളുമായി എല്ലാക്കാലത്തും തണൽവിരിച്ചു നിൽക്കുന്ന പെരിയമരം. അതിന്റെ ശിഖരങ്ങൾ മുകളിലേക്കു മാത്രമല്ല താഴേക്കും വളരും. ശിഖരങ്ങളും വേരുകളും തിരിച്ചറിയാതെ ശാഖോപശാഖകൾ. പുതിയ ശിഖരങ്ങളിൽ നിറയെ അത്തിക്കായ. അതു തിന്നാൻ അണ്ണാനും കാക്കയും മൈനയും കാറുകാനും കരിയിലപ്പടയും. മരംതുടങ്ങുന്ന വേരുകൾക്കു നടുവിൽ നാഗയക്ഷി. അവിടെ മുന്നിൽ നിന്നു് ചെരുപ്പൂരി, ബാഗ് താഴെ വച്ചു് കൈകൂപ്പും. തിരക്കിട്ടു പോയ ദിവസം തൊഴീൽ ഒഴിവാക്കിയ അന്നാണു് കണക്കുസാർ ഗോപാലപിള്ള ചൂരൽകൊണ്ടു് ഉള്ളം കയ്യിൽ രണ്ടു പെടച്ചതു്. അതിൽ പിന്നെ കാവുതൊഴൽ മുടക്കിയിട്ടില്ല.

നാഗയക്ഷിയെ കണ്ടു പോകുമ്പോൾ മുതൽ ‘അമ്മേ നാരായണാ…’ എന്നു പറയുന്നതാണു് ഒരു രീതി. അടുത്തതു് വനദുർഗയാണു്. മേൽക്കൂരയില്ലാത്ത അമ്പലത്തിൽ മഴയും വെയിലും കൊണ്ടിരിക്കും. ആകാശം മുഴുവൻ തുറന്നിട്ടിട്ടു് തിരുമേനിയെന്തിനാണു് വാതിലു മാത്രം പൂട്ടുന്നതു് എന്നു് ഉണ്ണി ചോദിക്കുകയും എല്ലാവരും ചിരിക്കുകയും ചെയ്തയന്നാണു് ആ സംഭവം. കുത്തിറക്കത്തിലൂടെ സോജന്റെ സൈക്കിൾ ബ്രേക്ക് പൊട്ടി വന്നു് ഉണ്ണിയെ ഇടിച്ചു തെറിപ്പിക്കുകയും ഇടതുകാലിൽ പ്ലാസ്റ്റർ ഇടേണ്ടി വരികയും ചെയ്തു. സോജൻ എന്തുചെയ്തിട്ടാണു് രണ്ടു കയ്യിലും പ്ലാസ്റ്റർ ഇട്ടതെന്നു് അറിയാമോ എന്നു് അമ്പിളിച്ചേച്ചി ചോദിച്ചു. സെന്റ് ജോർജ് പുണ്യാളന്റെ മുന്നില് പൗലോമാപ്പിള കൊളുത്തിയ മെഴുകുതിരി കാറ്റടിച്ചു കെട്ടപ്പോൾ അതു് ഇളക്കിയെടുത്തു സ്വന്തം മെഴുകുതിരിയാണെന്നു വരുത്തി അവിടെ കൊളുത്തിയ ദിവസമാണു് സൈക്കിളിന്റെ ബ്രേക്ക് പൊട്ടിയതു്. ഉണ്ണിക്കു കാലൊടിയാനും സോജനു രണ്ടു കൈ ഒടിയാനും ഗോപാലപിള്ള സാറിനു് തല്ലാനുമുള്ള വഴി ഉണ്ടാക്കാതിരിക്കാൻ വേണ്ടി പിന്നെ പതിനാലു വയസ്സുവരെ സ്കൂളിൽ പോക്കിൽ സുശീല പ്രാർത്ഥന മുടക്കീട്ടില്ല.

വനദുർഗയുടെ മുന്നിൽ ഇരുപതു പൈസയുടെ നാണയം മേലോട്ടു പൊക്കി ഇടണം. അതു താഴ്‌ന്നുവരുമ്പോൾ എന്താണു വേണ്ടതു് എന്നു് മനസ്സിൽ ഓർക്കണം. അശോകത്തല വന്നാൽ മനസ്സിലുള്ളതു് നടക്കും. ഇരുപതു് എന്ന അക്കമാണെങ്കിൽ നടക്കത്തില്ല. അമ്പിളിച്ചേച്ചി കൂടെയുള്ളപ്പോഴൊന്നും പറ്റാത്തതുകൊണ്ടു സുശീല ശനിയോ ഞായറോ ഒറ്റയ്ക്കൊരു പോക്കുണ്ടു്. കുളത്തിലെ അലക്കും കുളിയും കഴിഞ്ഞു് ഈറൻമുടിയിൽ രണ്ടുവശത്തുനിന്നും എട്ടുപത്തു് ഇഴമാത്രം എടുത്തു് പിന്നിൽ കെട്ടി അതിലൊരു തുളസിക്കതിരും ചൂടിയാണു് യാത്ര. ഇരുപതു പൈസ മുകളിലേക്കിടും. എനിക്കു് ഉണ്ണിയെ കിട്ടുമോ എന്നാണു് കൈതൊഴുതു ചോദിക്കുക. ഇനി കാശില്ലാത്ത ദിവസം തുളസിയില ഇട്ടാലും മതി. അകം വീണാൽ നടക്കും. പുറമാണെങ്കിൽ പൊളിഞ്ഞു.

ഇട്ട ദിവസങ്ങളിലൊക്കെ നാണയത്തിൽ അശോകത്തലയോ തുളസിയിലയിൽ അകം വീഴലോ നടന്നു. അങ്ങനെ ഉണ്ണിയെ നറുക്കിട്ടു് ഉറപ്പാക്കിയ അവധി ദിവസങ്ങളുടെ പിറ്റേന്നു് കണ്ണു ശരിക്കെഴുതി, മുഖത്തു കുട്ടിക്കൂറ നന്നായി ഇട്ടു്, ഈർക്കിൽ കൊണ്ടു് നേർവരയായി ചന്ദനംതൊട്ടു് താഴെ പുരികങ്ങൾക്കു നടുവിൽ ചുവന്ന ചാന്തുകൊണ്ടു് ചെറിയൊരുവട്ടവും ചുറ്റും കുഞ്ഞുകുഞ്ഞു വട്ടങ്ങളും ഇട്ടു് പോകും. അങ്ങനെ ചെല്ലുന്ന ദിവസം ഒന്നുകിൽ ഉണ്ണി സ്കൂളിൽ വന്നിട്ടുണ്ടാകില്ല, അല്ലെങ്കിൽ ഒരുവട്ടം പോലും നോക്കുന്നുണ്ടാവില്ല. വൈകിട്ടു മടങ്ങുമ്പോൾ സ്കൂളിൽ നിന്നു സർപ്പക്കാവു് എത്തുന്നതുവരെ ഉള്ളിലൊരു ഭാരമുണ്ടാകും. അവിടെയെത്തി അത്തിയിൽ നിന്നു് കാക്കയും മൈനയും കൊണ്ടുപോകാതെ നിർത്തിയ ചുവന്ന പഴങ്ങൾ പറിച്ചു് തിന്നു നടക്കുമ്പോൾ മനസ്സു പിന്നെയും പാറിപ്പറക്കാൻ തുടങ്ങും. അങ്ങനെ ക്ളാസില്ലാത്ത ഒരു ദിവസം സർപ്പക്കാവു വരെ പോയി അത്തിപറിച്ചു മടങ്ങുമ്പോൾ ഉണ്ണി സൈക്കളിൽ എതിരേ വരുന്നു. ഒറ്റയ്ക്കാണു്. കാലുകൾക്കു വേഗം കുറഞ്ഞു. വഴിയരികിലേക്കു ചേർന്നു മുഖം കൊടുക്കാതെ നടന്നു. ഉണ്ണി സൈക്കിൾ നിർത്തി. എന്തെങ്കിലും ചോദിച്ചാൽ എനിക്കു വിറയ്ക്കുമോ എന്നു പേടിയായി. ഉണ്ണി പറഞ്ഞു: “ഗോപാലപിള്ള സാർ പോയി. സ്കൂളിൽ പത്താംക്ളാസ് പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസ് പൊട്ടിക്കുന്നതിനിടെ കുഴഞ്ഞുവീണതാണു്. ആശുപത്രിയിൽ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞെന്നു ഡോക്ടർ പറഞ്ഞു.” ഉണ്ണി ആശുപത്രിയിൽ നിന്നുള്ള മടക്കമാണു്. എനിക്കു ചോദിക്കാനെന്താണു് ഉള്ളതു് എന്നൊന്നും തോന്നിയില്ല. വായിൽ പെട്ടെന്നു വന്നതു് അതുപോലെ പറയുകയും ചെയ്തു: “അപ്പോ സാറ് നാളെ വരില്ലേ ക്ളാസില്?”

ഉണ്ണി നോക്കി നിൽക്കുകയും ഒന്നും പറയാതെ എന്റെ കയ്യിൽ നിന്നു് ഒരു അത്തിപ്പഴം എടുത്തു പോവുകയും ചെയ്തു. കുന്നോളം ആഞ്ഞിലിവിളകൾക്കു പകരമായി ഒരു അത്തിപ്പഴം. ആ വഴിക്കു വരാൻ ഒരു കാരണവും ഇല്ലാത്ത ഉണ്ണി എന്നെ കാണാൻ മാത്രം വന്നതാകുമെന്നു് ഞാനുറപ്പിച്ചു. ഗോപാലപിള്ള സർ പോയി എന്ന സങ്കടം ഉണ്ണിയോടൊന്നു മിണ്ടിയ പെടപ്പിൽ ഞാൻ ഓർത്തതേയില്ല.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.