images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
കാളാഞ്ചി

സെയ്ന്റ് തോമസ് കോളജിൽ നിന്നു് അഞ്ചര കിലോമീറ്റർ ആണു് മഠത്തിലേക്കു്.

ആദ്യദിവസം രാവിലെ ബസിന്റെ കമ്പിയിൽ തൂങ്ങിക്കിടക്കുകയാണു്. നിലത്തു് ഉപ്പൂറ്റി പരത്തിവയ്ക്കാനുള്ള സ്ഥലമില്ല. ചെരുപ്പിന്റെ തുമ്പുമാത്രം കുത്തിയുള്ള നിൽപ്പാണു്. ശ്വാസംമുട്ടാതിരിക്കാൻ തല മേലേക്കു പിടിച്ചിട്ടുണ്ടു്. ശരീരത്തിൽ അവിടവിടെ ഒരു പിടിത്തം. തിക്കിത്തിരക്കി വന്ന രണ്ടുപേരാണു്. ഇരുപതിനു മേൽ പ്രായം കാണും. പുകവലിച്ചിട്ടു് ഏറെ നേരമായില്ലെന്നു തോന്നുന്നു, പുകയില മണം മൂക്കിലേക്കു കുത്തിക്കയറുന്നുണ്ടു്. അതിലൊരാൾ എന്തോ മോക്ഷം കിട്ടുന്ന സ്ഥാനത്തു പിടിത്തംകിട്ടിയതുപോലെ വാ പൊളിച്ചു. പെയിന്റിൽ കലക്കുന്ന ടർപന്റൈന്റെ മണമപ്പോൾ കുമുകുമാന്നു വന്നു. ആ മണം പൊടുന്നനെ അച്ഛനെ ഓർമിപ്പിച്ചു. പല്ലിയെ തിന്ന ദിവസം അച്ഛനിൽ നിന്നു വന്നതു് ഇതേ മണമാണു്. അച്ഛനിൽ നിന്നു രക്ഷപ്പെട്ട ശേഷം മദ്യപരുടെ അടുത്തു പോകേണ്ടി വന്നിട്ടില്ല. തൊട്ടടുത്തു നിന്ന പൊക്കം കുറഞ്ഞ പെൺകുട്ടിയുടെ കണ്ണു നിറയുന്നുണ്ടു്. നോക്കുമ്പോൾ അവളുടെ ഫ്രോക്കിനുള്ളിലൂടെയാണു് ഒരുത്തന്റെ കൈ. ഞാനാ കയ്യിലങ്ങു പിടിച്ചു പിരിച്ചു. അവൻ ആദ്യം വഷളൻ ചിരി ചിരിച്ചു. ഞാൻ പിടിത്തം മുറുക്കി. അവന്റെ കണ്ണു മിഴിച്ചുവന്നു. കൈ വലിച്ചൂരാനുള്ള അവന്റെ ശ്രമത്തിനു വഴങ്ങാതെ ഞാൻ മുറുക്കം കൂട്ടി. കൊടും തിരയടിക്കുമ്പോൾ പങ്കായത്തിൽ പിടിക്കുകയാണെന്നു് ഞാൻ സങ്കല്പിച്ചു. ആ കുറിയ പെൺകുട്ടിക്കു പെട്ടെന്നു സ്ഥലകാലബോധം ഉണ്ടാവുകയും അവളും അതേകയ്യിൽ മുറുകെപ്പിടിക്കുകയും ചെയ്തു. ചുറ്റും നിന്ന സ്തീകൾ അന്തരീക്ഷം ഉൾക്കൊണ്ടു. ആ രണ്ടുപേരും ഞങ്ങളുടെ നടുവിലായി. ആദ്യത്തെയാളെ കഴുത്തിനു പിടിച്ചു ഞാൻ കുനിച്ചു. അടുത്തുനിന്ന ശരീരവലിപ്പമുള്ള സ്തീ അവന്റെ പുറത്തു് ആഞ്ഞുതള്ളി. അവൻ ഞങ്ങളുടെ ഇടയിലൂടെ വീണു. പിന്നാലെ രണ്ടാമത്തെയാളും. സ്ത്രീകൾ എല്ലാവരും നിരന്നു നിന്നു ചവിട്ടി. ഡ്രൈവർ ബസ് പൊലീസ് സ്റ്റേഷനിലേക്കു വിട്ടു.

ആദ്യത്തെ ദിവസം പൊലീസ് സ്റ്റേഷനിൽ നിന്നു് എത്തിയപ്പോഴേക്കും നഷ്ടമുണ്ടായതു് കുർബാനയുടെ കാര്യത്തിലാണു്. ബിഷപ് വന്നു പുതുക്കക്കാർക്കായി നടത്തിയ പ്രാർത്ഥന ആയിരുന്നു. അന്നു വേറെ പരിപാടികൾ ഒന്നുമുണ്ടായില്ല. മടക്കം ബസിൽ വേണ്ട നടന്നേക്കാം എന്നു തീരുമാനിച്ചു. ആ വരവിൽ ഒന്നുകൂടി തീർപ്പാക്കി. ഇനി മുതൽ രാവിലെയും നടന്നു തന്നെ പോകണം. യോട്ടുകൾ ഓടിക്കാൻ നല്ല ആരോഗ്യം വേണം. ഞാനൊരു പാവഞ്ചിയോട്ടക്കാരിയാകാൻ അപ്പോഴേക്കും മനസ്സാ തീരുമാനിച്ചിരുന്നു.

പിറ്റേന്നു് തോറാന [1] യുടെ അവധിയാണു്. രാവിലെ ഞാൻ അടുക്കളയിൽ കയറി. ഒരുപിടി ചെറിയ ഉള്ളി എടുത്തു മേശപ്പുറത്തുവച്ചു. പച്ചമുളകു് ഇരുപത്തിനാലെണ്ണം. ആറു തണ്ടു കറിവേപ്പില. പത്തു വറ്റൽ മുളകു്. സിസ്റ്റർ ഫിലോമിന വന്നു് അതിൽ നിന്നു പകുതി ഉള്ളിയും അഞ്ചു പച്ചമുളകും തിരികെ നീല വലക്കൊട്ടയിലേക്കിട്ടു. വാതിൽക്കലിരുന്നു പല്ലുതേക്കുകയായിരുന്ന അമ്മയ്ക്കു ചിരി വന്നു. അമ്മ ഉമിക്കരികൊണ്ടാണു തേയ്ക്കുന്നതു്. അന്നമ്മച്ചേടത്തിയും അങ്ങനെ തന്നെ. സിസ്റ്റർ പൽപ്പൊടിയാണു്. എനിക്കും നന്ദിനിക്കുമായി കോൾഗേറ്റ് ഉണ്ടായിരുന്നു. നന്ദിനിയും അമ്മയുമൊക്കെ പോയ ശേഷമാണു് ഞാൻ അടുക്കള കയറ്റം തുടങ്ങിയതു്. ഏതെങ്കിലും ആണിനു വച്ചുവിളമ്പേണ്ടി വരും എന്നു കരുതിയിട്ടോ അടുക്കളപ്പണി പഠിക്കു് എന്നു് ആരെങ്കിലും പറഞ്ഞിട്ടോ ആയിരുന്നില്ല. കയറാൻ തോന്നി, കയറി. പാവഞ്ചിയിലൊക്കെ ഒറ്റയ്ക്കു് പോകുമ്പോൾ ഒന്നും വച്ചുണ്ടാക്കരുതു് എന്നു തീരുമാനിച്ചിരുന്നു. പച്ചമീനും പച്ചവെള്ളവും മാത്രമായി മാസങ്ങൾ കഴിയണം എന്നായിരുന്നു മോഹം. വച്ചുണ്ടാകുന്ന സമയം ഉണ്ടെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാനുള്ള ആയുസ് ഇരട്ടിയായി കിട്ടും. മലയാളനാട്ടിലെ പെണ്ണുങ്ങളെല്ലാം ചേർന്നു് ഒരു വർഷം അടുക്കളയിൽ കഴിയുന്ന സമയമുണ്ടെങ്കിൽ ഗാമക്കപ്പൽ [2] വന്ന ആയിരത്തി നാനൂറ്റി തൊണ്ണൂറ്റിയാറു് മുതൽ അഭിലാഷ് ടോമി [3] യുടെ പാവഞ്ചി അങ്ങോട്ടുപോയ ഇക്കാലം വരെ നടന്നെത്താം.

അന്നു് കപ്പയുടെ ഊഴമായിരുന്നു. മുപ്പത്തിയാറു പേരാണു് കണക്കിലുള്ളതു്. നാലു പേർക്കു കൂടി കൂടുതൽ ഉണ്ടാക്കുന്നതാണു് രീതി. ആരെങ്കിലും വന്നാൽ ഇല്ലെന്നു പറയരുതു്. കൂടുതലായാൽ ഒരിക്കലും കളയേണ്ടി വരാറില്ല. രാവിലെ എട്ടുമണിയോടെ കഴിക്കുന്ന വല്യമ്മച്ചിമാരിൽ ആരെങ്കിലും പതിനൊന്നുമണിയോടെ വന്നു് ഉരുളിയുടെ മൂടിമാറ്റി നോക്കും. ബാക്കിയുണ്ടെങ്കിൽ കഴിക്കും. രാവിലത്തെ പലഹാരം മാത്രമല്ല, ഉച്ചയ്ക്കു വയ്ക്കുന്ന ചോറ് ബാക്കിയുണ്ടെങ്കിൽ വൈകിട്ടു നാലുമണിക്കു വന്നു് കോരിയിട്ടു കഴിക്കാൻ മടിയില്ലാത്തവരുമുണ്ടു്.

ഫിലോമിന സിസ്റ്ററുടെ ബജറ്റ് വെട്ടൽ കഴിഞ്ഞു ബാക്കി വന്ന ഉള്ളി എടുത്തു് കൂമ്പും ചുവടും വെട്ടി പുറന്തൊലി പൊളിച്ചു് ഞാൻ അരിയാൻ ഒരുക്കി. ഉള്ളി പകുതി പോയതോടെ വീര്യം കുറയുമെന്നു തോന്നി നോക്കുമ്പോൾ അപ്പുറത്തു് രണ്ടു സവാള. ഇന്നലെ എടുത്തതിൽനിന്നു് സിസ്റ്റർ പിടിച്ചുവച്ചതായിരിക്കും. അതു പതുക്കെ ചൂണ്ടി. ക്ലാര സിസ്റ്റർ ആ മോഷണം കണ്ടു ചിരിച്ചു.

സവാള നടുകെ പിളർന്നു് ഓരോ പിളർപ്പിലും നാലു കുറെകെ വെട്ടു കഴിഞ്ഞു് കൂട്ടിപ്പിടിച്ചു. എനിക്കൊരിക്കലും കടകടകടാ… എന്നു ശബ്ദം കേൾപ്പിച്ചു് സവാള അരിയാൻ കഴിഞ്ഞിട്ടില്ല. സന്ധ്യ സിസ്റ്റർ അക്കാര്യത്തിൽ ബാൻഡ് മാസ്റ്ററാണു്. മുപ്പതു സെക്കൻഡിൽ അറുപതു തവണ കത്തി പലകയിൽ വീഴുന്ന ശബ്ദം കേൾക്കും എന്നു തോന്നുമാറു് അരിച്ചിൽ കഴിയും. സദ്യപ്പുരകളിൽ പോയപ്പോൾ ബിരിയാണിക്കു സവാള അരിയുന്നവരെ കണ്ടുനിന്നിട്ടുണ്ടു്. ഒരുപാടു തവണയൊന്നുമില്ല. പന്ത്രണ്ടാം ക്ളാസുവരെയുള്ള ഇക്കാലത്തിനിടയ്ക്കു് ഞാൻ മൂന്നു കല്യാണമേ കൂടിയിട്ടുള്ളു. ഒന്നു് ജൂവലിന്റെ ചേച്ചിയുടെ. ജുവലിനേക്കാൾ എട്ടുവയസ്സു കൂടുതലുണ്ടു് ചേച്ചിക്കു്. തലേന്നു രാത്രിയിൽ ഞാനും നന്ദിനിയും കൂടി ആ വീട്ടിൽ പോയി സവാളയും ഇറച്ചിയും അരിയുന്നവരെ കണ്ടു നിന്നു. പിന്നൊരു കല്യാണം മാഗി ടീച്ചറുടെ മകളുടേതായിരുന്നു. മൂന്നാമത്തേതു് അഫ്സലിന്റെ പെങ്ങളുടെ. അഫ്സലും പെങ്ങളും ഇരട്ടകളാണു്. നിക്കാഹിനു് മട്ടൻ ബിരിയാണിയായിരുന്നു. അന്നു് അഞ്ചുചാക്കു് സവാളയാണു് അരിഞ്ഞതു്. അതു് അരിയുന്നവരുടെ വേഗംകണ്ടു കണ്ണുമഞ്ഞളിച്ചു.

സദ്യക്കു തേങ്ങചുരണ്ടുന്നതിനെക്കുറിച്ചു നന്ദിനി പറഞ്ഞിട്ടുണ്ടു്. ഇരുപതു ചിരവ നിരത്തിയിട്ടു് അഞ്ഞൂറു തേങ്ങയൊക്കെ ചുരണ്ടും. പ്രഥമനു് പാലു് പിഴിയാനും കിച്ചടിക്കും അവിയലിനും കാളനും എരിശ്ശേരിക്കും ചേർക്കാനുമാണു് അത്രയും നാളികേരം. മഠത്തിൽ ഒരു തേങ്ങ പൊതിച്ചാൽ ഒരു മുറിയുടെ പകുതി മാത്രം ചുരണ്ടിയെടുത്തു് ഉച്ചയ്ക്കുള്ള തോരനു മുകളിൽ വിതറുന്നതാണു് ഏക ഉപയോഗം. തേങ്ങയരച്ചു കൂട്ടാൻവയ്പ്പൊക്കെ കുറവാണു്. മീൻകറിക്കുപോലും തേങ്ങയരച്ചു ചേർക്കുകയൊന്നും വേണ്ടെന്നു് ഫിലോമിന സിസ്റ്റർ പറയും. കുടംപുളിയിട്ടു് മുളകും മഞ്ഞളും മസാലയും ചേർത്തു വഴറ്റിയെടുക്കുന്നതാണു് അവിടെ മീൻകറി.

സവാളയ്ക്കു പിന്നാലെ പച്ചമുളകു് പത്തൊൻപതെണ്ണം വട്ടത്തിൽ അരിഞ്ഞു. ഞാനാദ്യമായിട്ടു് ഒറ്റയ്ക്കു വയ്ക്കുന്ന കപ്പയാണു്. നമ്മുടെ ഇന്നത്തെ വിധി എന്നു പറഞ്ഞു് അന്നമ്മച്ചേടത്തി താടിക്കു കൈകൊടുത്തു് പടിയിൽ ഇരുന്നു. സിസ്റ്റർ സന്ധ്യവന്നു നോക്കി ഗൂഢമായി ചിരിച്ചു പോയി.

കറിവേപ്പില ഉതിർത്തു കൂട്ടിയിട്ടു. നാൽപ്പതുപേർക്കു പത്തു കിലോ കപ്പയാണു് മഠത്തിലെ കണക്കു്. ഒരു കിലോയ്ക്കു ചെണ്ടപുഴുങ്ങിയാൽ നാലുപേരു് കഴിക്കും. ചെണ്ടക്കപ്പ എന്നു പറയുന്നതു് ചെണ്ടപോലെ വട്ടത്തിൽ അരിയുന്നതാണു്. ഒരു നീളൻ കപ്പയിൽ നിന്നു് ഒരു വിരൽ നീളത്തിൽ മൂന്നോ നാലോ കിട്ടും. തിളച്ചുവന്നാൽ വെള്ളം ഊറ്റി ഉള്ളിച്ചമ്മന്തി കൂട്ടി കഴിച്ചാൽ മതി. ഞാൻ കപ്പയിൽ പരീക്ഷണത്തിനുള്ള ഒരുക്കമായിരുന്നു. രാവിലെ തന്നെ അമ്മയും അന്നമ്മച്ചേടത്തിയും കൂടി കപ്പ തൊണ്ടുകളഞ്ഞു കൊത്തിയരിഞ്ഞു വച്ചിരുന്നു. അതു ഞാൻ ഇന്നലെ ചട്ടംകെട്ടിയതാണു്. രാവിലെ അതു തിളച്ചു നാലുമിനിറ്റു കഴിഞ്ഞപ്പോഴേക്കും തന്നെ വെന്തമണം വന്നു. മഠത്തിലെ പടിഞ്ഞാറെ പറമ്പിൽ നട്ട ആമ്പക്കാടനാണു്. നല്ല നൂറുള്ള ഇനം. വെള്ളം തിളച്ചാൽ വേവുമെന്നാണു് അന്നമ്മച്ചേടത്തിയുടെ ഇത്തിരി തള്ളു കൂട്ടിയ പ്രയോഗം. എന്തായാലും തിളച്ചു് അഞ്ചുമിനിറ്റുകൊണ്ടു് കയ്യിലെടുത്തു് ഉടച്ചപ്പോൾ തന്നെ പൊടിയായി. കപ്പയുടെ വെള്ളമൂറ്റി. ഒന്നുകൂടി തണുത്തവെള്ളമൊഴിച്ചു കഴുകി. അതു് മഠത്തിലെ രീതിയാണു്. കപ്പയിലെ കട്ടു് ചിലപ്പോൾ വിഷമാകും. സയനൈഡാകുമെന്നാണു് അന്നമ്മ ചേടത്തി പറയാറ്. ഏതായാലും ആ കട്ടു് വയറിനു നല്ലതല്ല. രണ്ടു തവണ തിളച്ച വെള്ളമൊഴിച്ചു കഴുകിയാൽ കേടുപോകും.

വലിയ ഉരുളി ഞാൻ അമ്മയെയും കൂട്ടിയാണു് അടുപ്പിൽ കയറ്റിയതു്. മഠത്തിൽ ഓട്ടുരുളി ഒന്നുമില്ല. എല്ലാം അലുമിനിയമാണു്. കടുകുപൊട്ടിവന്നപ്പോൾ ഫിലോമിന സിസ്റ്റർ കാണാതെ ഭരണിയിൽ നിന്നു് എടുത്ത ഒരുപിടി ഉഴുന്നുപരിപ്പു്. അത്ര തന്നെ കുത്തരിയും. അരി വീർത്തു് ആദ്യം വെള്ളനിറവും പിന്നെ മഞ്ഞനിറവും. ഉഴുന്നു മൂത്തു നേരിയചുവപ്പുമായപ്പോൾ വറ്റൽമുളകു് മുറിച്ചതു്, പച്ചമുളകു്, പിന്നെ സവാളയും ഉള്ളിയും. ഉപ്പു് മേലേ വിതറി. അതു് അന്നമ്മച്ചേടത്തിയുടെ സൂത്രമാണു്. വെള്ളത്തിലല്ല സവാളയിലാണു് ഉപ്പിടേണ്ടതു് എന്നു ചേടത്തി പറയും. ഉപ്പിട്ടുവഴറ്റിയാൽ സവാളയ്ക്കു് പെട്ടെന്നു് മയം വരും. മഞ്ഞൾപ്പൊടി കൂടി മുകളിൽ വിതറി.

ഉള്ളിയുടെ നിറം മാറിത്തുടങ്ങിയതോടെ തീ താഴ്ത്തി കപ്പ പകർന്നു. മഠത്തിലെ വലിയ കണ്ണാപ്പ തന്നെ കഴുകിയെടുത്തു വച്ചിരുന്നു. ഇരുമ്പിന്റെ കണ്ണാപ്പ മീൻ വറത്തുകോരാൻ എന്ന പേരിൽ വാങ്ങിവച്ചിരുന്നതാണു്. പത്തുനാൽപ്പതുപേർക്കു മീൻവറുത്തെടുക്കാനുള്ള വകയൊന്നും ഇല്ലാത്തതുകൊണ്ടു് എന്നും മീൻകറി തന്നെയായിരുന്നു. പിന്നെ എടുക്കുന്നതു് വല്ലപ്പോഴും പപ്പടം കാച്ചുമ്പോഴാണു്. പപ്പടം ഒരവശ്യവസ്തുവായി മഠത്തിൽ പ്രഖ്യാപിച്ചിരുന്നില്ല. ഉപ്പേരിവറവൊന്നും തീരെ ഇല്ലാത്തതുകൊണ്ടു് ആ വഴിക്കും വേണ്ടിവന്നിട്ടില്ല. കണ്ണാപ്പ അമർന്നതോടെ കപ്പ വെണ്ണീറുപോലെ പൊടിഞ്ഞു. ചില കപ്പ നല്ല പേശീപിടിത്തമായിരിക്കും. ഇങ്ങനെ പൊടിയില്ല. ഇതുഭാഗ്യം കിട്ടിയ ഇനമാണു്. പൊടിഞ്ഞമർന്ന കപ്പയിൽ ഉള്ളിയും മുളകും വറുത്ത അരിയും ഉഴുന്നും ഒട്ടിപ്പിടിച്ചു. ഇളക്കിമറിച്ചു് അടയ്ക്കാൻ നേരത്തു് അന്നമ്മച്ചേടത്തിവന്നു. ഞാൻ കണ്ണിറുക്കി കാണിച്ചു.

രണ്ടു തേങ്ങ ചുരണ്ടിയതു മുറത്തിൽ ഞാൻ അടച്ചുവച്ചിരുന്നു. സിസ്റ്റർ സന്ധ്യയോടു് അനുമതി വാങ്ങി അമ്മയെക്കൊണ്ടു ചുരണ്ടിച്ചതാണു്. കപ്പയുടെ മുകളിൽ തേങ്ങ പൊത്തി. നാലുവശത്തുനിന്നു കപ്പകൊണ്ടുതന്നെ പൊതിയിട്ടു. വലിയ അലുമിനിയം പ്ലേറ്റുകൊണ്ടു് അടച്ചു. മൂന്നുമിനിറ്റ് കഴിഞ്ഞു് അടപ്പുമാറ്റി ഇളക്കിയെടുത്ത കപ്പ ഒരു സ്റ്റീൽ പാത്രത്തിലേക്കു പകർന്നു. കോപ്പപോലുള്ള ആ ചെറിയ പാത്രം മീൻകറി വിളമ്പാൻ എടുക്കുന്നതാണു്. ഓരോരുത്തർക്കും ഓരോ കൂന. അതിനു മുകളിൽ ഒരു ഉണക്കമുളകു വറുത്തതു് കുത്തി നിർത്തി. പിന്നെ വലിയൊരു ചെരുവത്തിൽ ഇന്നലത്തെ ബാക്കിയിരുന്ന മീൻകറിയിൽ വെള്ളമൊഴിച്ചു തിളപ്പിച്ചതും വച്ചു.

ചെണ്ടക്കപ്പയും പുഴുക്കും മാത്രം തിന്നിട്ടുള്ളവർക്കു് ഇടിച്ചുകുത്തി കപ്പ പുതുമയായിരുന്നു. കഴിച്ചുകൊണ്ടിരിക്കുമ്പോൾ സിസ്റ്റർ സന്ധ്യ പറഞ്ഞു: മനുഷ്യനു് ഇത്രയും സന്തോഷമൊക്കെയേ പറഞ്ഞിട്ടുള്ളു. എന്നുമുണ്ടാകുന്നതിൽ നിന്നു് ഒന്നുമാറ്റിയാൽ തന്നെ അന്നേരത്തെ സന്തോഷമായി.

അന്നമ്മച്ചേടത്തി പതിവുപോലെ എടുത്തടിച്ചു: ‘കപ്പ പൊടിച്ചുവച്ചിട്ടു വിളമ്പുന്നതിനല്ല പുതുമയെന്നു പറയുന്നതെന്റെ സിസ്റ്ററേ. രാവിലെ ഉപ്പുമാവു തിന്നോണ്ടിരിക്കുന്നവർക്കു് നല്ല പാലപ്പോം ചിക്കൻ ഇഷ്ടുവും കൊടുക്കണം. കപ്പതിന്നുന്നോർക്കു് മോളിലൊരു കിണ്ണം ഇറച്ചി വരട്ടിയിട്ടു കൊടുക്കണം. ഉച്ചയ്ക്കെന്നും ചോറും നാലെടങ്ങഴി വെള്ളത്തിൽ നാലു മീനും നാരങ്ങാവലിപ്പത്തിലെ പുളിയുമിട്ടു തിളപ്പിച്ച മുളകുവെള്ളമൊഴിച്ചു മീൻചാറാണെന്നു പറഞ്ഞു് ഒഴിച്ചുകൊടുക്കണ പണിനിർത്തണം. എന്നിട്ടു മട്ടൻ ബിരിയാണി കൊടുക്കണം. നാലുമണിക്കു കട്ടൻകാപ്പിയും വായുവും നിർത്തി ഒരു പാൽച്ചായേം കുഴലപ്പോം. രാത്രി ചപ്പാത്തിക്കൊപ്പം ചിക്കൻപെരട്ടു്. അതിനുള്ള പാങ്ങുണ്ടാകാതെ കണ്ണാപ്പകൊണ്ടു കുത്തിയുടച്ചതു പുതുമയാന്നു പറഞ്ഞാൽ ഗതികേടുകൊണ്ടു് കയ്യടിക്കാമെന്നല്ലാതെ എന്നാ പറയാനാ’. ഇത്രയും പറഞ്ഞു ശ്വാസം കിട്ടാതെ ഒരു പ്രയോഗം കൂടി. ‘അല്ല പിന്നെ…’

സിസ്റ്റർ സന്ധ്യ ചിരിക്കുകയാണു് ചെയ്തതു്. ഫിലോമിന സിസ്റ്റർ വലിയ ഗൗരവത്തിലാണു്. മഠത്തിലെ നടത്തിപ്പിനെക്കുറിച്ചു് ആരെന്തുപറഞ്ഞാലും അതെല്ലാം തന്നെ ആക്രമിക്കാനാണു് എന്നൊരു തോന്നൽ ഫിലോമിന സിസ്റ്റർക്കു പണ്ടേയുണ്ടു്. എത്ര കുത്തിനോവിച്ചാലും പ്രോവിൻഷ്യലിൽ നിന്നുള്ള കണക്കു തെറ്റിച്ചു് ഒരു വിഭവം പോലും കൂട്ടാൻ സിസ്റ്റർ സമ്മതിക്കാറുമില്ല.

അച്ഛൻ കാശുതരാത്ത മാസങ്ങളിലും അമ്മ അടുക്കള കൊണ്ടുനടന്നതാണു് സുശീല ഓർത്തതു്.

റേഷൻ അരിയല്ലാതെ മറ്റൊന്നും ഇല്ലാത്തദിവസം അമ്മ പിച്ചാത്തിയെടുത്തു് ഒരിറക്കുമുണ്ടു്. സ്വന്തം പറമ്പൊന്നുമില്ല. ആകെയുള്ളതു് ആറര സെന്റാണു്. അതില് വീടും ആട്ടിൻകൂടും കോഴിക്കൂടും തൊഴുത്തും കുത്തിനിറച്ചിരിക്കുകയാണു്. തെക്കു കിഴക്കേ മൂലയ്ക്കു് ചിതയൊരുക്കാനാണെന്നു പറഞ്ഞു് അച്ഛൻ മാറ്റിയിട്ട നാലു കോൽ സ്ഥലത്തു് രണ്ടു മൂടു് കാച്ചിലും നാലു ചേനയും കുഴിച്ചുവയ്ക്കും. ചിലപ്പോൾ പത്തുപന്ത്രണ്ടു് ഇഞ്ചിക്കായി ഒരു മുറത്തിന്റെ വലിപ്പത്തിലൊരു കണ്ടവും. അവിടെ തന്നെയാണു് രണ്ടു കാന്താരിച്ചീനിയും നിൽക്കുന്നതു്. സ്വന്തം പറമ്പീന്നു് വേറൊന്നും കിട്ടാനില്ല.

പടിഞ്ഞാറ്റേക്കാരുടെ പറമ്പീന്നു് പുല്ലു് വെട്ടിക്കോളാൻ പറഞ്ഞിട്ടുണ്ടു്. അവിടെ നിറയെ ചേമ്പും തകരയുമുണ്ടു്. ചേമ്പു് നട്ടുവളർത്തുന്നതൊന്നുമല്ല. അവർക്കതിനു നേരവും ഇല്ല. നാൽപ്പതാംപൊക്കം തേങ്ങയിടീക്കാൻ വരുന്നതല്ലാതെ വേറെ നോട്ടമൊന്നും പറമ്പിലില്ല. ചേമ്പൊക്കെ കണക്കു വീണു മുളയ്ക്കുന്നതാണു്. അമ്മ ചെന്നു് ചേമ്പിൻതണ്ടും തകരയും മുറിച്ചു കൊണ്ടു് വരും. അരിയാൻ ഇരിക്കും മുൻപു് അരികഴുകി അടുപ്പത്തെ കലത്തിലിടും. അന്നത്തെ ദിവസം രാവിലെ വേറെ പലഹാരമില്ല. രാവിലെയും ഉച്ചയും കൂടി ചേർത്തുള്ള കഴിപ്പാണു്. അങ്ങനെയുള്ള ദിവസവും വലിയ വിശപ്പൊന്നും തോന്നാറില്ല. ഭക്ഷണം ഒന്നിച്ചാണെന്നു മനസ്സിലായാൽ ഞാനും അമ്പിളിയും നേരത്തെ കുളിക്കാൻ പോകും. തിരിച്ചുവരുമ്പോഴേക്കു് അമ്മ വയ്പു കഴിഞ്ഞിട്ടുണ്ടാകും.

അമ്മയ്ക്കു താള് അരിയാൻ നല്ല വഴക്കമാണു്. ഞാൻ തൊട്ടാൽ ചൊറിയും. അമ്മ വിരൽനീളത്തിൽ അരിഞ്ഞു് വെള്ളത്തിലിടും. പിന്നെ വാരിയെടുത്തു് അവിയൽ കഷണം പോലെ അരിഞ്ഞുകൂട്ടും. ഒന്നുകൂടി കഴുകിവാരി മഞ്ഞളും പച്ചമുളകു ചതച്ചതും കല്ലുപ്പും ഇട്ടു നികക്കെ വെള്ളവും ഒഴിച്ചു കൽച്ചട്ടിയിൽ കനലിലേക്കു വയ്ക്കും. വടിപോലെ നിൽക്കുന്ന താളിൻതണ്ടു് പെട്ടെന്നു് വഴവഴാന്നാകും. അതിലേക്കു് അരമുറിത്തേങ്ങയുടെ പകുതിയരച്ചതു ചേർത്തിളക്കി വാളൻപുളി പിഴിഞ്ഞൊഴിക്കും. കടുകും കറിവേപ്പിലയും വറത്തിടാൻ വെളിച്ചെണ്ണ ഇല്ലാത്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ടു്. തകര കുനുകുനെ അരിഞ്ഞു് കഴുകിവാരി മൺചട്ടിയിൽ അടച്ചുവയ്ക്കും. രണ്ടു കനലു മാത്രമേ അടുപ്പിൽ അപ്പോൾ ഉണ്ടാകൂ. താളുകറിക്കു് എടുത്തു ബാക്കി വന്ന അരമുറി നാളികേരത്തിന്റെ പകുതി തകരവാടിവരുമ്പോൾ മുകളിൽ പൊത്തിവയ്ക്കും. അഞ്ചുമിനിറ്റേ വേണ്ടൂ. റേഷൻ കിട്ടിയ അരിയും ആരാന്റെ താളും പശുതിന്നാതെ നിർത്തുന്ന തകരയും ഉണ്ടെങ്കിൽ മൂന്നുനേരമായി.

അച്ഛൻ പരിസരത്തുപോലും വരാതിരുന്ന ഒരു ഇടവം–മിഥുനത്തിലാണു്. പറമ്പില് ഒരു മൂടു് കപ്പബാക്കിയുണ്ടു്. അമ്മ തൂമ്പയുമായി അതിന്റെ ചുവട്ടിലേക്കു നടന്നു. പന്ത്രണ്ടു കമ്പു കുത്തിയിതിൽ ബാക്കിയുണ്ടായിരുന്നതാണു്. മൂന്നുനേരവും കഞ്ഞിയോ ചോറോ ആയിരുന്നതുകൊണ്ടു് ആ ആഴ്ചയിലേ റേഷൻ നേരത്തെ കഴിഞ്ഞു. ഇനിയും മൂന്നുദിവസം കൂടിയുണ്ടു് ആഴ്ച മാറാൻ. അമ്മ ആദ്യം മൂട്ടിലെ കാടു് പറിക്കുകയായിരുന്നു. ഒരു ചൊറിയണ്ണവും വന്നു കൂടിയിട്ടുണ്ടു്. അമ്മയുടെ കൈചൊറിഞ്ഞെന്നു മനസ്സിലായി. അമ്മ അരിവാളിന്റെ തലകൊണ്ടുവരെ ചൊറിയുന്നുണ്ടു്. അപ്പോഴാണു് ഇടവഴീന്നു് കുന്നത്തമ്മ കയറി വരുന്നതു്. തലയിൽ ഒരു തുണിസഞ്ചിയുണ്ടു്. അതു് ഇറയത്തുവച്ചിട്ടു തിരിഞ്ഞു നടന്നു. അമ്മയും ഞങ്ങളും മിണ്ടാട്ടമില്ലാതെ നിൽക്കുകയാണു്.

‘ഇന്നലേം ഇന്നും ഭവാനി നാലുവട്ടം ഈ കപ്പേടെ മൂട്ടില് നടക്കണതു കണ്ടാൽ കാര്യം തിരിയും. എടുത്തു കഞ്ഞിവയ്ക്കാൻ നോക്കു്…’

ആനക്കാരന്റെ വീട്ടില് പട്ടിണിവന്നെന്നു പറഞ്ഞാൽ നാട്ടിലാരും വിശ്വസിക്കത്തില്ല. പക്ഷേ, കുന്നത്തമ്മ അറിഞ്ഞു. അച്ഛൻ വന്നപ്പോൾ അമ്മ ഇക്കാര്യം പറഞ്ഞു. അച്ഛനിലെ അഭിമാനി ഉണർന്നു. എന്റെ ഭാര്യേം പിള്ളേരേം നോക്കാനെനിക്കറിയാം, കണ്ടവന്റെ കൂടെക്കിടക്കുന്നോളുടെ എരന്നുവാങ്ങേണ്ട ഗതികേടു് ഇവിടെ ഉണ്ടായിട്ടില്ല എന്നു പറഞ്ഞു മുച്ചൂടും ചീത്ത തുടങ്ങി. ഇപ്പോൾ തന്നെ അരികൊടുത്തു കണക്കും തീർത്തിട്ടുവന്നാൽ മതിയെന്നു് അമ്മയ്ക്കു തിട്ടൂരം. അമ്മ എങ്ങും പോയില്ല. ആ ഉമ്മറത്തു് കുത്തിയിരുന്നു. അച്ഛൻ രാത്രി പകുതി കഴിയും വരെ പുളിച്ചതെറിതന്ന പറയുകയും നിരവധി ബീഡിക്കെട്ടുകൾ വലിച്ചു തള്ളുകയും ചെയ്തു.

രാവിലെ അച്ഛൻ മുറ്റത്തു നിൽക്കുമ്പോഴാണു് ഇടത്തൊണ്ടിൽ കൂടി കുന്നത്തമ്മ വരുന്നതു്. തലയിലൊരു ചക്കയുണ്ടു്. അച്ഛൻ ഇപ്പോൾ പൊട്ടിത്തെറിക്കുമെന്നു് ഞങ്ങൾക്കു തോന്നി. അച്ഛൻ ഒന്നും മിണ്ടാതെ അകത്തുപോയി. കയ്യിൽ പൈസയുമായാണു് വരവു്. കുന്നത്തമ്മ ചക്ക തരാൻ വന്നതായിരുന്നു. അതു് ഇറയത്തു വച്ചു തിരിയുമ്പോഴാണു് അച്ഛൻ കാശുമായി നിൽക്കുന്നതു്. കുന്നത്തമ്മ മുറ്റത്തേക്കു് ഒറ്റത്തുപ്പായിരുന്നു.

‘നീ വന്നു കയ്യിലൊന്നുമില്ല, സമ്മതിക്കണമെന്നു പറഞ്ഞു കെഞ്ചി എന്റെ മോളിൽക്കേറി നിരങ്ങിയപ്പോ മകനാകാനുള്ള പ്രായമല്ലേയുള്ളൂന്നു വച്ചു് ഞാൻ ചോദിച്ചിട്ടില്ല കാശ്. പിന്നെയാ ഇപ്പമിനി. സ്വന്തം പിള്ളേരേ വളർത്താനെങ്കിലും പഠിക്കെടാ പട്ടിപ്പാപ്പാനേ…’

അമ്മയും ഞങ്ങളും അതുകേട്ടു. കുന്നത്തമ്മ നടന്നു് തൊണ്ടുതീരും മുൻപു് അച്ഛൻ തോട്ടിയും വടിയുമെടുത്തു് സഞ്ചിയും കയ്യിൽ തൂക്കി ഒരു പോക്കുപോയി. പിന്നെ നാലു മാസം കഴിഞ്ഞാണു് വന്നതു്.

ഒരേ ഭക്ഷണം കൊടുത്താൽ തീരുന്നതല്ല ലോകത്തിന്റെ പ്രശ്നം. അങ്ങനെ തീരുമായിരുന്നെങ്കിൽ ചിക്കൻ റോളും അടപ്രഥമനും കൊടുത്താൽ ബലാൽസംഗികളൊക്കെ എന്നേ നന്നാകുമായിരുന്നെന്നു് നന്ദിനി പോകുന്നതിനു മുൻപുള്ള ദിവസങ്ങളിലൊന്നിൽ പറഞ്ഞിരുന്നു.

നല്ല ഭൂസ്വത്തുണ്ടായിരുന്നു നന്ദിനിയുടെ അമ്മാവനു്. തൊഴുത്തിൽ പതിനാലു പശുവുണ്ടു്. നന്ദിനി നാലാം ക്ളാസിലെ അവധിക്കു ചെല്ലുമ്പോൾ പശുവിന്റെ കാര്യം നോക്കാൻ മാത്രം മൂന്നു പണിക്കാരുണ്ടു്. നാൽപതാം ദിവസം ഇടുന്ന തേങ്ങയുടെ ചകിരിവിറ്റാൽ തന്നെ അഞ്ചുപവൻ മേടിക്കാമെന്നു് അമ്മായി പൊങ്ങച്ചം പറയാറുണ്ടു്. അത്രയ്ക്കുണ്ടു് പറമ്പിന്റെ വലിപ്പം. അമ്മാവനും അമ്മായിയും മകനും മാത്രമാണു് ആ വലിയ വീട്ടിൽ. വീടെന്നൊക്കെ പറഞ്ഞാൽ സ്കൂളിൽ പോകുന്നതുപോലെയാണു്. ‘അമ്മാവന്റെ പുന്നാര വായോ…’ എന്നു പറഞ്ഞാണു് നന്ദിനിയെ എടുത്തുകൊണ്ടു തട്ടിൻപുറത്തേക്കു പോയതു്. അവിടെ ഒരു വശം മുഴുവൻ തേങ്ങ തൊണ്ടുകളയാത്തതു് കൂട്ടിയിട്ടിരിക്കുകയാണു്. മറ്റേയറ്റത്തു് അമ്മാവന്റെ ചാരുകസേരയും ഒരു കിടക്കയും. തട്ടിൽ കയറിയപ്പോൾ തന്നെ കോണിയിൽ നിന്നുള്ള വാതില് അമ്മാവൻ അടച്ചു. നന്ദിനിയെ കിടക്കയിൽ നിർത്തി. മോൾക്കു് ഉഷ്ണിക്കുന്നുണ്ടോ എന്നു ചോദ്യം. നന്ദിനി ഇല്ലെന്നു പറഞ്ഞു. വിയർക്കാതിരിക്കും സൂര്യൻ തൊട്ടുമുകളിലാണു് എന്നു് പറഞ്ഞു് അമ്മവാൻ ഉടുപ്പിന്റെ കൊളുത്തിൽ കൈവച്ചു.

അതു് ഒരു തവണ മാത്രമായിരുന്നില്ല. ആ അവധിക്കാലം മുഴുവൻ പലവട്ടം അമ്മാവൻ തട്ടിൻപുറത്തുകയറ്റി.

കാശില്ലാത്തവർക്കും ജാതിയിൽ താഴ്‌ന്നവർക്കും ക്വട്ടേഷൻ കിട്ടിയതല്ല ബലാൽസംഗമെന്നു് പറഞ്ഞു് നന്ദിനി സൈക്കിളിന്റെ സീറ്റിൽ അന്നു് ശക്തിയോടെ ഇടിച്ചു. ‘വഷളന്മാർ കൂടുതൽ തട്ടുള്ള വീടുകളിലാണു്. സ്വന്തം മച്ചിൻപുറത്തു കാണിച്ചുകൂട്ടുന്നതു പോരാഞ്ഞിട്ടു് പാവങ്ങളുടെ പുരപൊക്കാനും ഇറങ്ങും.’

അമ്മാവൻ ചെയ്തതെന്താണെന്നറിഞ്ഞതു പതിനാലാം വയസ്സിൽ ആ ബാങ്ക് മാനേജരുടെ വീട്ടിൽ ഒറ്റയ്ക്കായപ്പോഴാണു്. അയാളോടായിരുന്നില്ല ദേഷ്യം. അവിടെ കൊണ്ടാക്കിയ സ്വന്തം അച്ഛനോടായിരുന്നു.

നന്ദിനിയുടെ അറിവോടെയും സമ്മതത്തോടെയും അവിടെ കൊണ്ടുചെന്നാക്കിയെന്നു വാദിച്ച ബാങ്ക് മാനേജരുടെ വക്കീലിനു നേരേ സിസ്റ്റർ സന്ധ്യയാണു് ചെരുപ്പൂരിയെറിഞ്ഞതു്. ആ ഒറ്റയേറിൽ കേസിന്റെ വാദം കഴിഞ്ഞു. പിന്നെ പ്രതിഭാഗം വക്കീൽ മിണ്ടിയതേയില്ല. മാനേജർക്കൊപ്പം വിധികേട്ടു് ഇറങ്ങി ജയിലിലേക്കു പോയ അച്ഛനു് നോക്കാനുള്ള ധൈര്യം ഉണ്ടായില്ല. ബാങ്ക് മാനേജർ ദയനീയമായി നോക്കി. ആ നോട്ടത്തിൽ നന്ദിനിക്കു് ഓക്കാനം വരികയും ഒരുകവിൾ ച്ഛർദ്ദിൽ പുറത്തുപോവുകയും ചെയ്തു. അയാൾ ചെയ്തതിന്റെ അറപ്പു് ആ നിമിഷമാണു് നന്ദിനിയിലേക്കു പെരുത്തുകയറിയതു്. അവളന്നു മുഴുവൻ എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല.

കുറിപ്പുകൾ
[1]

വിശുദ്ധ തോമാശ്ലീഹയുടെ ഓർമ്മത്തിരുനാൾ. ജൂലൈ മൂന്നു്.

[2]

വാസ്കോ ഡ ഗാമ.

[3]

പാവഞ്ചിയിൽ ലോകം ചുറ്റിയ മലയാളി കമാൻഡർ അഭിലാഷ് ടോമി.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.