images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
വെള്ളത്തിലാശാൻ

സുശീല ഞെട്ടി എഴുനേറ്റു.

പുലർച്ചെ രണ്ടോ മൂന്നോ മണി ആയിട്ടുണ്ടാകും. നിർത്താതെ അപകട സൈറൻ മുഴങ്ങുകയാണു്. ഋദ്ധിയെ നോക്കി. കണ്ണു് അടഞ്ഞുതന്നെ. അവൾ കേൾക്കുന്നു എന്നു ഡോക്ടർ പറഞ്ഞതു് നേരാകില്ലെന്നു മുൻപും സുശീലയ്ക്കു തോന്നിയിരുന്നു. ഇത്ര വലിയ സൈറൻ മുഴങ്ങുമ്പോൾ ചെവി കേൾക്കുന്ന ഒരാൾക്കു് ഉറങ്ങാൻ കഴിയുമോ? ഓർത്തു കിടക്കുമ്പോൾ പുരയ്ക്കു മുകളിൽ നിന്നെന്നതുപോലെയായി സൈറൻ. ചന്തയിൽ വച്ചു് കല്യാണി പറഞ്ഞിരുന്നു, ഇനിയുള്ള ദിവസങ്ങളിൽ ബോംബിടാൻ വിമാനങ്ങൾ വരുമെന്നു്. വലിയ വീട്ടുകാരൊക്കെ ഒളിക്കാൻ നിലവറകൾ പണിതുകഴിഞ്ഞു.

സുശീല ഋദ്ധിയെ നോക്കി. ഈ മുക്കാൽമൃതദേഹവുമായി പോകാൻ ഒരു കല്ലറ പോലും കിട്ടില്ല. ഒളിക്കാൻ സെപ്റ്റിക് ടാങ്കുപോലുമില്ലാത്തവർ എന്നു് കല്യാണി പറഞ്ഞപ്പോൾ ചന്തയിലെല്ലാവരും ചിരിച്ചു.

ആരു് ആർക്കെതിരെയാണു് യുദ്ധമെന്നു് ചന്തയിലാർക്കും അറിയില്ല. ശത്രുവരുമെന്നു് മൈക്കിലൂടെ പറഞ്ഞു പട്ടാളം വന്നു നിലയുറപ്പിച്ചതു് ആഴ്ച രണ്ടു മുൻപാണു്. എല്ലാവർക്കും ഫോണുണ്ടു്. പക്ഷേ, അതിലൊന്നും വരുന്നില്ല. ഇന്റർനെറ്റ് സർക്കാർ മുറിച്ചതിനാൽ വൈദ്യുതിവില അടയ്ക്കേണ്ടെന്നു മകൻ പറഞ്ഞതു വിശ്വസിച്ചിരുന്ന കല്യാണിയുടെ വീട്ടിലെത്തി ഉദ്യോഗസ്ഥർ കാശു പിരിച്ചു. ഇങ്ങോട്ടേ ഒന്നും ഇല്ലാത്തതുള്ളൂവെന്നു് കല്യാണി. ‘അങ്ങോട്ടു് എല്ലാം വേണം.’

അതിനിടെയാണു് മിസൈൽ വീണു സൗമിനി വിലാസം ആശുപത്രി തകർന്നതു്. അതാരു് അയച്ചതാണെന്നു് ഒരു പത്രത്തിലും വാർത്ത വന്നില്ല. ടെലിവിഷൻ ചാനലുകളിലൊക്കെ മതപ്രഭാഷണവും പ്രാർത്ഥനയുമാണു് മുഴുവൻ സമയവുമെന്നു് പറഞ്ഞുകേട്ടു. സുശീലയ്ക്കു് ടി. വി.-യില്ല. ഇനി ഉണ്ടെങ്കിലും കാണാനൊട്ടു നേരവുമില്ല. ചരക്കിറക്കുന്നതിനിടെ മസ്കറ്റ് കൃഷ്ണൻ പറയുന്നതു കേട്ടു: “മുതുമുത്തുക്കാർന്നോന്മാരു് മുതല് യുദ്ധം കാണാത്ത നാടാണിതെന്നാരുന്നല്ലോ പേരു്. ദാ വന്നു നിക്കണു്. എല്ലാരും കണ്ടു് കൊണ്ടാടിക്കോളിൻ…”

സുശീലയ്ക്കു് അന്നത്തേക്കു് ഉറക്കം പോയി.

അച്ഛൻ ആനക്കാരനായിരുന്നു എന്നു് അമ്മ പറഞ്ഞതല്ലാതെ ആനപ്പുറത്തു പോകുന്ന അച്ഛനെ ഞാൻ കണ്ടിട്ടില്ല. തോട്ടിയും വടിയും ഓർമയിലുണ്ടു്. വലിയ ആനകളുടെ ഒക്കെ പേരു് അച്ഛനെ ചേർത്തു് അടുത്തവീട്ടുകാരൊക്കെ പറയും. ഭവാനിക്കുള്ളതു് ആനപ്പാപ്പനല്ലേന്നു പറഞ്ഞു് കുളിക്കടവിൽ വല്യമ്മമാർ ചിരിക്കും. ഒന്നു ചിരിച്ചതായി ഭാവിക്കുന്നതല്ലാതെ അമ്മ ഒന്നും പറഞ്ഞു കേട്ടിട്ടില്ല.

കർക്കടകത്തിലാണു് അച്ഛന്റെ വലിയ വരവു്. സുഖചികിൽസയ്ക്കു് ആനയെ വൈദ്യരുടെ പറമ്പിൽ കൂച്ചുചങ്ങലയിൽകെട്ടി രണ്ടാം പാപ്പാനെ കൂട്ടുനിർത്തിയുള്ള വരവാണു്. പിന്നെ, ചിങ്ങം പിറക്കുന്നവരെ മിക്കദിവസവും രാത്രി വരും. മീശ കഠാരികൊണ്ടു് മോളിലേക്കു കോതി, നാലു കുപ്പിയെങ്കിലും മോന്തിയുള്ള വരവാണു്.

അത്താഴം വിളമ്പുന്നതുവരെ അരഭിത്തിയിൽ ചാരി ഇരിക്കും. ആദ്യ കോരി വായിൽ വച്ചാൽ ബഹളം തുടങ്ങുകയായി. ഒരു ദിവസം മെഴുക്കുപുരട്ടിക്കു് ഉപ്പു് ഇല്ലെന്നാകിൽ പിറ്റേന്നു് പപ്പടം ചുട്ടപ്പോൾ കരിഞ്ഞതിനാകും. അതിനു പിറ്റേന്നു് ഉള്ളി ചുട്ടതിൽ ചേർത്ത പുളി തികയാത്തതിനു്. എല്ലാദിവസവും കുറച്ചുകഞ്ഞി കോപ്പയോടെ എടുത്തെറിഞ്ഞാണു് എഴുനേൽക്കുക. അമ്മ അപ്പോഴൊക്കെ മുറ്റത്തുപോയി കോപ്പ എടുത്തുകൊണ്ടുവന്നു് പടിയിൽ കുത്തിയിരിക്കും. മുഖം പുകയടിച്ചതുപോലെ കരുവാളിച്ചിരിക്കും.

“ഇനി ഞാൻ പോയി മംഗലപ്പുഴ കല്യാണിയെ മംഗലം കഴിക്കാടീ ഛവമേ…” എന്നു് അച്ഛൻ പറയുമ്പോഴാണു് അമ്മ എന്നും വിളക്കൂതുന്നതു്. മംഗലപ്പുഴ കല്യാണി അന്നു് അറിയപ്പെടുന്ന പിടിയാനയാണു്. അമ്മ വിളക്കൂതി വരുമ്പോൾ അച്ഛൻ ചുണ്ടിൽ കത്തുന്ന ബീഡിയുമായി മുറിയുടെ കിഴക്കേ മൂലയിൽ കിടക്കുന്നുണ്ടാകും. അംബിച്ചേച്ചിയെ കെട്ടിപ്പിടിച്ചു് ഞാൻ മുറിയുടെ പടിഞ്ഞാറാണു് കിടക്കാറ്. അമ്മ വന്നു് അടുത്തുകിടക്കും.

മിന്നാമിനുങ്ങുപോലെ അച്ഛന്റെ ചുണ്ടിലെ ബീഡി മുകളിലേക്കും താഴേക്കും പോകുന്നതു് ഒരിക്കൽ കണ്ടു. തപ്പി നോക്കുമ്പോൾ അമ്മ അടുത്തില്ല. അംബിച്ചേച്ചി പെട്ടെന്നു് എന്റെ തല പിടിച്ചുതിരിച്ചു് ഭിത്തിയുടെ നേരേയാക്കി. നാമം ജപിക്കുന്നതു പോലെ അച്ഛൻ ഒരുപാടു ചീത്തവാക്കുകൾ പറയുന്നതു കേട്ടു. കുറെ കഴിഞ്ഞു് അമ്മ അടുത്തുവന്നു കിടന്നിട്ടും എനിക്കു് ഉറങ്ങാൻ കഴിഞ്ഞില്ല. അച്ഛനുള്ള പലദിവസങ്ങളിലും പിന്നെ ഈ ആചാരം കണ്ടു.

അങ്ങനെ അച്ഛൻ വന്ന ഒരു കർക്കടകത്തിലാണു് ചേച്ചിയെ കാണാതായതു്. അമ്മ കരഞ്ഞു നാടാകെ നടന്നു. അന്വേഷിക്കാൻ വന്ന അയൽക്കാർ അച്ഛൻ പറഞ്ഞതുകേട്ടു് മൂക്കത്തുവിരൽവച്ചു പിരിഞ്ഞുപോയി.

“എല്ലാം തെകഞ്ഞ പെണ്ണല്ലേ, കിട്ടിയവനു് നഷ്ടം വരത്തില്ല…”

അമ്മ മുറുക്കാൻ ചെല്ലമെടുത്തു് ഒറ്റയേറായിരുന്നു. അച്ഛന്റെ മുഖത്തു തന്നെ കൊണ്ടു. അച്ഛൻ നൂറുതവണ കഞ്ഞിക്കോപ്പ എറിഞ്ഞിട്ടുണ്ടെങ്കിലും അമ്മയുടെ ആദ്യത്തെ ഏറു്. അച്ഛൻ അമ്മയെ തല്ലിക്കൊല്ലുമെന്നു പേടിച്ചു് ഞാൻ ഭിത്തിമറവിലേക്കു മാറി. എന്നാൽ ഒരിക്കലും പതിവില്ലാത്ത വഷളൻ ചിരി ചിരിച്ചു് അമ്മയെ കൂടുതൽ ശുണ്ഠി പിടിപ്പിക്കുകയായിരുന്നു അച്ഛൻ.

രാത്രി മുഴുവൻ അമ്മ കരഞ്ഞു. രാവിലെ അച്ഛൻ തോട്ടിയും വടിയും കഴുക്കോലിനിടയിൽ നിന്നെടുത്തു.

“ഇനി നോക്കണ്ട, അവളെ പറ്റിയേടത്തു് തന്നെയാ ഞാൻ എത്തിച്ചേ…” എന്നു പറഞ്ഞു് ഒറ്റപ്പോക്കായിരുന്നു. പോകും നേരം അരഭിത്തിയിൽ വച്ച നാണയത്തുട്ടുകൾ അമ്മ എടുത്തൊരേറു കൊടുത്തു.

രണ്ടു ദിവസം കൂടി അമ്മ കരഞ്ഞു, ഒരാഴ്ച കൂടി മുഖംകോട്ടിയിരുന്നു. പിന്നെ പതിവുപോലെ വർത്തമാനം പറയാൻ തുടങ്ങി. എന്നാലും എപ്പോഴും പെയ്യാവുന്ന ഒരു മേഘം ആ മുഖത്തിനു ചുറ്റുമുണ്ടായിരുന്നു.

മുൻപു താഴെയിട്ട മുളവടിയുമായി ഋദ്ധി വീണ്ടും വഴിതെളിക്കാൻ തുടങ്ങി. ഒരു ചെറുശംഖുവരയൻ ഇഴഞ്ഞിറങ്ങിപ്പോയി.

ത്രയ:
“കൊടുംകുറ്റവാളികൾക്കൊപ്പം കപ്പലിറങ്ങിവന്നതാകും വിഷജന്തുക്കളുടെ പ്രപിതാക്കൾ.”
ഋദ്ധി:
“ഇവിടെ ഉരുവമെടുത്തവർ മടക്കക്കപ്പലിൽ അവിടെ എത്തിയതുമാകും.”
ത്രയ:
“എന്തിനാണിങ്ങനെ അകാലമൃത്യുവരുത്തുന്ന സാഹസങ്ങൾ?”
ഋദ്ധി:
“ഈ നിമിഷം നമുക്കു് നൗകകൾ കണ്ടെത്താനാണെന്റെ കലാപം.”
ത്രയ:
“അടുത്ത നിമിഷമോ?”
ഋദ്ധി:
“നീയോ ഞാനോ ദ്വിജനെപ്പോലെ പൂവാലൻപരലുകൾക്കു് അത്താഴമാകാം.”
ത്രയ:
“സമുദ്ര തിരിച്ചുവരുമോ കട്ടമരത്തിൽ?”
ഋദ്ധി:
“നിന്നെ ഇപ്പോഴും സമുദ്രയുടെ ഫെനി മണക്കുന്നു.”
ത്രയ:
“നിന്റെ മുടിച്ചുരുളുകളിൽ വരെയുണ്ടു് ഏകന്റെ കരിമ്പുക.”

ഞണ്ടിന്റെ കാലുകൾ കൂട്ടിപ്പിടിച്ചു് പുറംചട്ടയിൽ കല്ലിടിച്ചു് അടിവയറ്റിൽ നിന്നു് ഉതിർത്തെടുത്ത മാംസം ത്രയ കടിച്ചുമുറിച്ചു.

ഋദ്ധി:
“ദ്വിജമൃതാംഗത്തിനു് [1] ഉപചാരം ചൊല്ലാതെ നാം അതിവേഗം മൃത്യുസ്യൂതികളെ [2] ഭക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു.”

ആ വാക്കുകളിലേക്കു ത്രയ ചൂഴ്‌ന്നു നോക്കി. മനുഷ്യനു മനസ്സിലാകാത്ത ഭാഷയാണു് ഭരിക്കുന്നവരും നയിക്കുന്നവരും ഉപയോഗിക്കുക. ആ ഭാഷയിൽ അഗ്രഗണ്യയായിക്കഴിഞ്ഞു ഋദ്ധി.

ഉറങ്ങാതെ കിടന്ന സുശീല ശരിക്കും നടുങ്ങിപ്പോയി.

കിടന്നേടത്തു നിന്നു് മേൽക്കൂരയിൽ പോയി ഇടിച്ചതുപോലൊരു വിറയൽ. വീടിനു് തൊട്ടടുത്തെവിടെയോ പൂരത്തിനുള്ള കുഴിക്കതന പൊട്ടിയതുപോലെ. അടുത്തടുത്ത വീടുകളിൽ നിന്നു് നിലവിളി ഉയർന്നു. സുശീലയ്ക്കു് കരയാൻ തോന്നിയില്ല. ഋദ്ധി കണ്ണു തുറന്നതുമില്ല.

വേനലവധിക്കു് രാവിലത്തെ ഭക്ഷണം കഴിഞ്ഞാൽ അപ്പോൾ തന്നെ ഋദ്ധി മഠത്തിൽ നിന്നു സൈക്കിളുമായി ഇറങ്ങും.

ഒറ്റത്തെങ്ങേൽ പാപ്പച്ചൻ കുടുംബത്തോടെ കുവൈത്തിലോട്ടു് പോയപ്പോൾ സിസ്റ്റർ സന്ധ്യ ചോദിച്ചു വാങ്ങിച്ചതാണു് ആ സൈക്കിൾ. രണ്ടു നൂറു രൂപ ചുരുട്ടിപ്പിടിച്ചാണു് സിസ്റ്റർ ചെന്നതെങ്കിലും അതു കൊടുക്കണമെന്നൊന്നും കരുതിയില്ല. പാപ്പച്ചനൊട്ടു് കാശു ചോദിച്ചതുമില്ല. ആ ചുവന്ന നിറമുള്ള ബിഎസ്എ എസ്എൽആർ സൈക്കിൾ ഉരുട്ടി മഠത്തിലെത്തിച്ചതു് കപ്യാരു് ബിനോയിയാണു്. അപ്പൻ വർഗീസിനു് മേലാണ്ടായേപ്പിന്നെ കപ്യാരുപണീം ഇടവകക്കാരെ ഭരിക്കലും സഹായിക്കലുമെല്ലാം ബിനോയി തന്നെയാണു്. അതിനൊന്നും ആർക്കുമൊട്ടു് എതിർപ്പുമില്ല.

ബിനോയ് സൈക്കിൾ അരഭിത്തിയിൽ ചാരിവച്ചിട്ടു് ഒറ്റച്ചോദ്യമാരുന്നു:

“എന്നാടീ കൊച്ചേ നിന്റെ പേരു്…”

“ഋദ്ധി”

എല്ലാവരും ചോദിക്കുന്ന ആ ചോദ്യം ബിനോയിയും ആവർത്തിച്ചു.

“എറുദ്ധിയോ… എന്നതാടി ഇതിന്റെ ഗുലുമാല്.”

ഋദ്ധി സൈക്കിളിന്റെ പെഡൽ കറക്കി നിർവികാരം നിന്നു.

“ഇതിന്റെ തന്തേം, തള്ളേം എവിടാ സിസ്റ്ററേ… ഈ പേരെവിടുന്നു വന്നതാന്നൊന്നറിയണമല്ലോ…”

സുശീല അന്നത്തെ കച്ചവടം കഴിഞ്ഞു് വരികയായിരുന്നു. സിസ്റ്റർ ‘ദാ… ചോദിച്ചോ’ എന്ന ഭാവത്തിൽ കൈചൂണ്ടി.

“എന്റെ പൊന്നിൻകുരിശു മുത്തപ്പാ… ഈ ഇരുപതു തികയാത്ത പെങ്കൊച്ചാണോ രണ്ടാംക്ളാസി പഠിക്കണ കൊച്ചിന്റെ അമ്മ…”

“അല്ലെടീവ്വേ… നിനക്കെന്നാ ഒണ്ടു് ഇപ്പോ പ്രായം…”

സുശീല ഒന്നു മടിച്ചു.

‘കപ്യാരു് പെണ്ണുങ്ങടെ പ്രായം തിരക്കാതെ പോയേ’യെന്നു സിസ്റ്റർ.

“അല്ല ഇവരേതു വയസ്സിലാ പെറ്റേന്നെങ്കിലും അറിയണ്ടേ. സത്യത്തിൽ എന്നാ ഒണ്ടു് നിനക്ക്…”

സുശീല:
“ഇരുപത്തിനാല്…”

രണ്ടു വയസ്സു കൂട്ടിയാണു് സുശീല പറഞ്ഞതു്. ഋദ്ധിക്കു് എട്ടും സുശീലയ്ക്കു് ഇരുപത്തിരണ്ടും ആയിരുന്നു അപ്പോൾ. മഠത്തിൽ താമസമാക്കിയിട്ടു് വർഷം രണ്ടായി.

ബിനോയി:
“എന്റമ്മോ ഇന്നത്തെക്കാലത്തും പതിനാറു തെകയും മുൻപേ പെറ്റവരോ?”

സുശീല ബിനോയിയുടെ മുഖത്തു തന്നെ നോക്കി നിന്നു. കണ്ണിൽ നോക്കുന്നവർക്കു് കള്ളത്തരമില്ലെന്നാണു് കണ്ടത്തിൻകരേലച്ചൻ കപ്യാരാകാൻ ചെന്നപ്പോൾ ബിനോയിയെ ആദ്യം പഠിപ്പിച്ചതു്.

ബിനോയി:
“പ്രത്ഥ്വീന്നും കേട്ടിട്ടൊണ്ടു്, ഋഷീന്നും കേട്ടിട്ടൊണ്ടു്. ഇതു് എന്നതാ… ഈ ഋദ്ധി…”
സുശീല:
“കുബേരന്റെ ഭാര്യ. എന്റെ അമ്മ ഇട്ടതാണു്.”
ബിനോയി:
“ആ ബെസ്റ്റ്… എന്നിട്ടു വേണം കുബേരന്റെ ചവിട്ടും തൊഴിം കൊണ്ടു്, അങ്ങേരുടെ പിള്ളേരേം പെറ്റു്, അവരുടെ വായിലിരിക്കുന്ന തരവഴിത്തരോം കേട്ടു് ചത്തു കെട്ടു പോകാൻ.”

അമ്മയല്ലാതെ ഒരാൾ ഒപ്പം നിന്നു പറയുന്നതു് ആദ്യമാണു്. ഒന്നുകിൽ അടിമ, അല്ലെങ്കിൽ അടിയാളത്തി. ആനപ്പാപ്പാനായ അച്ഛൻ മുതൽ കൂലിത്തല്ലുകാരനായ കെട്ടിയവൻ ഭാർഗവൻ വരെ അങ്ങനെയായിരുന്നു കണ്ടതു്. ചെന്നുകണ്ടവരും വഴിക്കു കണ്ടവരുമെല്ലാം അങ്ങനെയാണു് പെരുമാറിയതു്. ഫ… പട്ടി എന്ന ഭാവമായിരുന്നു ഇതുവരെ കണ്ട ആണുങ്ങൾക്കെല്ലാം.

സുശീലയുടെ അമ്മ പഴയ നിലത്തെഴുത്താശാന്റെ മകളായിരുന്നു.

അക്ഷരം അമ്പത്തിയാറും സങ്കലനവും ഗുണനവും കഴിഞ്ഞതാണു് ഭവാനി. വ്യാകരണം സന്ധിയും സമാസവും വരെ പഠിച്ചതുമാണു്. ആനപ്പാപ്പാൻ ഒരബദ്ധമായിരുന്നെന്നു് ഭവാനി എപ്പോഴും പറയും.

പെങ്ങളുടെ മകനെ നിലത്തെഴുത്തു കളരിയിലാക്കാൻ വന്നതാണു് അയാൾ. അയാളെന്നേ ഭവാനി പറഞ്ഞിട്ടുള്ളു. ബാക്കിയുള്ള പെമ്പ്രന്നോത്തിമാർ പറയുന്നതുപോലെ പിള്ളേരുടയച്ചൻ എന്നു പറയാറില്ല. അയാൾ കളരിയിലിരുന്നു് ആനക്കഥകൾ പറയും. ആനയെ നോക്കി കിട്ടിയ കാശുകൊണ്ടു് പെങ്ങൾക്കു വീടുവച്ചുകൊടുത്തെന്നും അമ്മയ്ക്കു് എട്ടേകാൽ പവന്റെ പൊന്നുരുക്കി മാലയാക്കിയെന്നും അച്ഛനു് കുത്തിനടക്കുന്ന വടിയിൽ സ്വർണംകെട്ടിയ പിടിയിട്ടുകൊടുത്തെന്നും മാത്രമല്ല പറഞ്ഞതു്. കെട്ട്യോൻ ചത്ത ദാക്ഷായണിയുടെ മകളുടെ കല്യാണം നടത്തിക്കൊടുത്തതു്, ആരുമില്ലാത്ത ദേവകിക്കു് പുരമേഞ്ഞു കൊടുത്തതു്, പൂതക്കാവിലേക്കു് ആൾപ്പൊക്കമുള്ള ഓട്ടുമണി കൊടുത്തതു്…

അങ്ങനെ ഓരോ ദിവസവും ഓരോ കഥ കേട്ടു് ഭവാനിക്കു് പ്രേമിക്കയല്ലാതെ വഴിയില്ലെന്നായി. അന്നു മീശ പിരിഞ്ഞുവരുന്നേയുണ്ടായിരുന്നുള്ളു. അതിൽപിടിച്ചു തൂങ്ങിക്കിടന്നു് ഊഞ്ഞാലാടുന്നതു് ഭവാനി സ്വപ്നം കണ്ടു. ഒരിറ്റു് കള്ളു കുടിക്കുന്നതു കണ്ടിട്ടില്ല. മറ്റാരോടും ദേഷ്യപ്പെടുന്നതും പതിവില്ല. ആനയെപ്പോലും തല്ലാത്തവൻ എന്നാണു് പറഞ്ഞിരുന്നതു്. അതെല്ലാം അവിശ്വസിക്കേണ്ട കാര്യം ഭവാനിക്കില്ലായിരുന്നു.

കളരീലാശാൻ വല്യമടിയൊന്നും പറയാതെ താലിയെടുത്തു കൊടുത്തു. രണ്ടു തുളസിമാല കീഴ്ക്കാവിനു മുന്നിൽപ്പോയി ഇട്ടു. ചെക്കൻവീടുപോലും ആരും പോയി കാണാതെ ആ കല്യാണം നടന്നു. കെട്ടുകഴിഞ്ഞാൽ ചെക്കന്റെ വീട്ടിലാണു് ചെന്നു കയറേണ്ടതു് എന്നതുകൊണ്ടു് ഭവാനിക്കു് ആ നിമിഷം അതുവരെ ഉണ്ടായിരുന്ന വീടു് ഇല്ലാതായി. ഒന്നു മൂത്രമൊഴിക്കാൻ മുട്ടിയിട്ടും സ്വന്തം വീട്ടിൽ കേറാൻ ചട്ടം സമ്മതിക്കാത്തതുകൊണ്ടു കടിച്ചുപിടിച്ചു നിന്നു. രാവിലെ കുഴിക്കുമേലേയിട്ട തെങ്ങിൻ തടിയിൽ കാൽ മണിക്കൂർ കുത്തിയിരുന്നിട്ടും വയറ്റീന്നു് വായു പോലും പോയില്ല. എവിടെങ്കിലും പോയിട്ടു് എന്തെങ്കിലും ആവശ്യമുള്ള ദിവസമൊക്കെ ഭവാനിക്കു പണ്ടും അങ്ങനെയായിരുന്നു. ആ ഓലവാതിൽ ചാരി ഇറങ്ങുമ്പോൾ തന്നെ തോന്നിയിരുന്നു കെട്ടാൻ നിൽക്കുമ്പോൾ വയറ് ചതിക്കുമെന്നു്. ഇപ്പോഴാണെങ്കിൽ കെട്ടുകഴിഞ്ഞപ്പോൾ തൊട്ടു് വയറ്റീന്നു് ഉരുണ്ടു് കേറി വരുന്നുണ്ടു്. ഇടത്തെ എളിക്കാണെങ്കിൽ കുത്തിക്കുത്തിയുള്ള നോവും. അടിയിൽ താറുടുത്തിട്ടുണ്ടു് എന്ന ധൈര്യത്തിൽ കെട്ടുകഴിഞ്ഞു ഉണ്ണാനായി കൈകഴുകാൻ പോയപ്പോൾ ഭവാനി ഒരു കീഴ്ശ്വാസം വിട്ടു. വാഴപ്പിണ്ടിയിൽ കൊളുത്തിവച്ച ചന്ദനത്തിരിയുടെ വാസന പറന്നു നിന്നതുകൊണ്ടു് ആരുമൊന്നും അറിഞ്ഞില്ല. എന്തായാലും ആ വായു പോയതോടെ മൂത്രം മുട്ടലും വെളിക്കിരിക്കാൻ തോന്നലും ഒന്നിച്ചു പോയി. അതു ഭാഗ്യമായി.

അമ്പലത്തിലെ പടച്ചോറിൽ മോരൊഴിച്ചു് കഴിച്ചതായിരുന്നു കല്യാണ സദ്യ. ഇല കളഞ്ഞു കൈകഴുകി വന്നപ്പോൾ കാവിലെ കൂട്ടുപായസം ഒരു ചിരട്ടപ്പൂളിൽകോരി മാരാരു് ഉള്ളം കയ്യിലിട്ടു. അതോടെ ആ നാട്ടിലെ സർവ്വ ഇടപാടും കഴിഞ്ഞു. നടന്നാണു് രണ്ടുപേരും പോന്നതു്. കൂടെയാരും വന്നതുമില്ല. മാലയഴിച്ചു് ഭവാനി കയ്യിൽ തൂക്കിയിട്ടു. കുട്ടിയാന വേണമെങ്കിൽ പിന്നാലെ വരട്ടെ എന്ന ഗൗരവത്തിൽ ആനക്കാരൻ ഒരു പോക്കാണു്. ആ നടപ്പിൽ ഹരംകയറി ചോദിക്കാൻ തോന്നിയതൊക്കെ വിഴുങ്ങേണ്ടി വന്നു ഭവാനിക്കു്. ഇടയ്ക്കിടയ്ക്കു ചുണ്ടിലൊരു ചിരി വരികയും അതു് ആരെങ്കിലും കണ്ടാലോ എന്നു കരുതി കടിച്ചിറക്കുകയും ചെയ്തു.

ഒരു മണിക്കൂറിന്റെ നടപ്പുണ്ടായിരുന്നു. ചെന്നു കയറിയ അന്നു രാത്രി തന്നെ അയാള് മുണ്ടഴിച്ചു് കിടത്തി. മണ്ണെണ്ണ വിളക്കുയർത്തി കഴുത്തു മുതൽ താഴേക്കു കാണാൻ തുടങ്ങി. എന്നിട്ടൊരു ചിരിയാരുന്നു. പിന്നെ ആ വിളക്കിൽ നിന്നൊരു ബീഡി കത്തിച്ചു. അയാൾ ബീഡിവലിക്കുമോ എന്നു് സംശയിക്കാൻ ഇടകിട്ടാതെ ലയിച്ചു കിടക്കുകയായിരുന്നു ഭവാനി. അയാൾ ആ ബീഡി ഭവാനിയുടെ ഉള്ളംകാലിൽ കുത്തി. ഭവാനി അയ്യോ… എന്നു് അലറി. ആ വീട്ടിൽ വേറാരും ഉണ്ടായിരുന്നില്ല. സ്വർണമാലയിട്ട അമ്മയും സ്വർണപ്പിടിയുള്ള വടികുത്തി നടക്കുന്ന അച്ഛനും പുതിയ വീടുവച്ച പെങ്ങളുമൊന്നും ഒരിക്കലും ഭവാനിയുടെ മുന്നിൽ വന്നില്ല. ചെന്നുകയറിയപ്പോൾ മുതൽ മൂത്രമൊഴിക്കാൻ മുട്ടിയെങ്കിലും മറപ്പുര കാണാത്തതുകൊണ്ടു് കടിച്ചു പിടിക്കുകയായിരുന്നു. അയാൾ ചോദിക്കാനുള്ള ഇടതരാതെ എന്തൊക്കെയോ അടുക്കലും പെറുക്കലും.

ബീഡി കുത്തിയപ്പോഴുള്ള ഭവാനിയുടെ അലർച്ചകേട്ടു് ആനക്കാരൻ ചിരിയോടു ചിരി. ‘ആനേടെ നഖത്തിനു താഴെ തോട്ടിയിട്ടു കുത്തുമ്പോ അതും ഇങ്ങനാടീ പൊന്നേ…’ എന്നു പറഞ്ഞതും മേലോട്ടൊരു വീഴ്ചയായിരുന്നു. ഭവാനിക്കു് ഒരു കൊന്നത്തെങ്ങു മേത്തു വീണതുപോലെയാണു് തോന്നിയതു്. അതിനിടയിലെപ്പോഴോ മൂത്രം പോയി. അതു മനസ്സിലാക്കാനുള്ള ബോധം അയാൾക്കൊട്ടു് ഉണ്ടായിരുന്നുമില്ല. അന്നാണു കെട്ടിയയാളും പ്രേമിച്ചയാളും രണ്ടായിരുന്നെന്നു് ഭവാനിക്കു മനസിലായതു്.

ഭവാനി അമ്പിളിയോടും സുശീലയോടും പറയുമായിരുന്നു. ലോകത്തു് വിധി എന്നൊരു സാധനമില്ല. ചതിയേ ഉള്ളൂവെന്നു്. കാണുമ്പം നോക്കിച്ചിരിക്കുന്ന മുഖമല്ല, മനുഷേന്മാര്. ഓരോ ആളും രണ്ടോ നാലോ ആണെന്നു്.

ചെന്നു കേറിയ കാലത്തു് അയൽവക്കത്തെ അമ്മിണി സുശീലയോടു പറഞ്ഞതും അക്കഥ തന്നെ.

ഭാർഗവന്റെ വലംകൈ വിക്രമന്റെ ഭാര്യയാണു് അമ്മിണി. എല്ലാ കേസിലും രണ്ടുപേരും ഒന്നിച്ചാണു് പ്രതിയാവുക.

“നമ്മടെ മേത്തു് കേറി കിടക്കുമെന്നേയുള്ളൂ, ഇവന്മാരുടെ മനസ്സിലൊക്കെ വിചാരം തരാതരം മാറും. ചിലപ്പോ അവരു കരുതും അടീക്കെടക്കണതു് കിട്ടാതെ പോയ പഴയ കാമുകിയാണെന്നു്. അല്ലെങ്കി സിനിമേലെ നായികയാണെന്നാവും. അതുമല്ലെങ്കിൽ നാട്ടിലെ ഏതെങ്കിലും വലിയ വീട്ടിലെ അണിഞ്ഞു നടക്കണ പെണ്ണുങ്ങളാണെന്നു കരുതും. അതൊന്നുമല്ല നമ്മളാണെന്നു് അറിയുമ്പോഴാണു് അവരു് കൂത്തിച്ചിവിളി തുടങ്ങുന്നതു്. നാറികൾ…” അമ്മിണി കാർക്കിച്ചു തുപ്പി.

“ഞാനൊരിക്കൽ മമ്മൂട്ടിയാണെന്നു വിചാരിച്ചു് ഒന്നു കെട്ടിപ്പിടിച്ചു് ഉമ്മവയ്ക്കാൻ നോക്കിയതാ. നായേ… വെളുത്തുള്ളി നാറുന്ന വാ കൊണ്ടാണോടി ചുണ്ടേൽ മുട്ടിക്കുന്നതെന്നൊരു ചോദ്യമാരുന്നു. പറയുന്ന ആളുടെ ചുണ്ടുമുഴുവൻ ബീഡിക്കരിയാണു്. വായ്ക്കകം പുകയടുപ്പു പോലേം. പോരാത്തേനു് പുളിച്ച കള്ളിന്റെ വാട വായിക്കോടെ വന്നതിനൊപ്പം ആളൊരു കീഴ്ശ്വാസവും വിട്ടു. ഞാൻ വെറുത്തു കണ്ണടച്ചു പോയി. പിന്നെ ഞാൻ ഉമ്മവയ്ക്കാൻ പോയിട്ടില്ല. അടുപ്പിലെ ചാരമാരെങ്കിലും നക്കിത്തുടയ്ക്കുമോ?”

ഭാർഗവനു് പിന്നെന്തായീന്നു് സുശീല ഇക്കാലമെങ്ങും ആരോടും തിരക്കിയിട്ടില്ല.

പിന്നൊരിക്കൽ കഥ പറയുന്നകൂടെ അന്നമ്മയും ബിനോയിയും പറഞ്ഞിരുന്നു, ഭാർഗവനേയും വിക്രമനേയും തല്ലിക്കൊന്നു് അമ്മിണി ഏതെങ്കിലും ജയിലിൽ പോയിട്ടുണ്ടാവുമെന്നു്. ആറാം വയസ്സിൽ അനുഭവിച്ച ഋദ്ധിയുടെ കഥയുടെ തീവ്രതയിൽ പതിനാലാം വയസ്സിൽ ഞാനും പതിനഞ്ചാം വയസ്സിൽ അമ്പിളിയും അനുഭവിച്ചതൊന്നും ഒരാളും ഒരു സംഭവമായിപ്പോലും കരുതുന്നില്ല. ആ അനുഭവത്തീന്നു് എനിക്കു് ഒരു കാര്യം ഉറപ്പായിരുന്നു എനിക്കോ അമ്പിളിക്കോ ഒരാളേം കൊല്ലൻ പറ്റുകേല. ഇതുവരെ അറിഞ്ഞതുവെച്ചു് അമ്മിണിയേയും അതിനു കൊള്ളുകേല. കാലന്മാരുടെ അടിയിൽ കിടക്കുമ്പോഴും ഞങ്ങൾക്കൊക്കെ ഒരു വെളിവുണ്ടായിരുന്നു. ഭാർഗവനെക്കൊന്നാൽ വിക്രമനോ വിക്രമനെ കൊന്നാൽ ഭാർഗവനോ രണ്ടുപേരേയും കൊന്നാൽ മറ്റൊരു തങ്കപ്പനോ ഞങ്ങളുടെ മേൽ കേറി നിരങ്ങാൻ തുടങ്ങുമെന്നു്. അല്ലെങ്കിലും കപ്യാരു് ഇതു പറയും വരെ കൊല്ലൽ എന്നൊരു സാധ്യതയുണ്ടെന്നു പോലും ഞാനൊട്ടു് ഓർത്തില്ല. കൊല്ലാനാരുന്നേൽ കുടിച്ചു വെളിവില്ലാതെ വരുന്ന ഏതു ദിവസവും കഴുത്തിൽ തോർത്തു മുറുക്കാമായിരുന്നു. കോടാലിയെടുത്തു് തല പിളർക്കാമായിരുന്നു. രാവിലെ എഴുനേറ്റുവരുമ്പോഴേ മോന്തുന്ന കഞ്ഞിയിൽ വിഷമൊഴിക്കാമായിരുന്നു. അല്ലെങ്കിൽ, കൂടെച്ചെല്ലാമെന്നു പറഞ്ഞാൽ തങ്കപ്പനോ തങ്കരാജനോ രണ്ടുപേരേയും തട്ടി ഞങ്ങളെ ഏറ്റെടുത്തേനെ. കൊല്ലലൊക്കെ കഥയെഴുത്തുകാർക്കു പറഞ്ഞിട്ടുള്ള പണിയാണു്. നമുക്കൊന്നും കിടക്കുന്ന അഴുക്കീന്നു് തലപൊക്കാനുള്ള ഊരില്ല. കിടന്നതു് അഴുക്കാണെന്നു് അറിയുന്നതു തന്നെ നീർച്ചോല വേറെ കാണുന്ന ഇക്കാലത്താണു്.

കുറിപ്പുകൾ
[1]

ദ്വിജന്റെ മൃതദേഹം.

[2]

മൃത്യുസ്യൂതി എന്നാൽ ഞണ്ടു്.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.