images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
ആറ്റുപരൽ

സുശീല ഒൻപതാം ക്ലാസ്സിലായിരുന്നു.

ചേച്ചി പോയിട്ടു് രണ്ടു മൂന്നു കൊല്ലമായി. അച്ഛൻ ഇടയ്ക്കൊക്കെ വരും. അമ്മ ഒട്ടും വില വയ്ക്കാതായതോടെ വരവിന്റെ ഇടവേള കൂടി. അന്നു് അമ്മ കുളിക്കാൻ പോയപ്പോഴായിരുന്നു അച്ഛന്റെ വരവു്. ചിങ്ങമാണു്. ഏത്തക്കുലയൊരെണ്ണം തോളിൽ നിന്നു് ഇറക്കി ഇറയത്തു വച്ചു. അമ്പിളീടെയാണു്… എന്നു പറഞ്ഞു് ചുറ്റും നോക്കി.

അമ്മ ഇല്ലേടി എന്നൊരു ചോദ്യം.

മറുപടി പറയും മുൻപു് ഉത്തരവെത്തി. ഓട്ടോയില് അമ്പിളീടെ ആളുണ്ടു്. നീ ചെന്നാൽ അവളുടെ കൊച്ചിനെ കാണാം.

മടിച്ചു നിന്നു. ചെല്ലടി നിനക്കു വാവേ കാണണ്ടേ എന്നായി. പിന്നെ നിന്നാൽ തല്ലാണു്. സുശീല ഓട്ടോയിലേക്കു നടന്നു.

അതിൽ മീശ പിരിച്ചു് ഒരാൾ ഇരിക്കുന്നു. കേറെടീ എന്നു പറഞ്ഞു് കയ്യിൽ പിടിച്ചു വലിച്ചു് ഓട്ടോയിലിട്ടു. കുഞ്ഞു് ഓട്ടോയിലുണ്ടെന്നു കരുതിപ്പോയ സുശീലയ്ക്കു മിണ്ടാൻ പോലും ഇട കിട്ടിയില്ല. ചേച്ചിക്കു് ഇത്ര പ്രായമുള്ള ഭർത്താവോ എന്നോർത്തു് സുശീല ഓട്ടോയിൽ ഇരുന്നു. ഓട്ടോ ഒന്നര മണിക്കൂർ ഓടി. അപ്പോഴേക്കും സുശീലയ്ക്കു് ആന്തൽ കൂടി വന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. നിർത്തുമ്പോൾ ഓട്ടോക്കാരനു് അയാൾ എണ്ണിക്കൊടുത്തതു് ആയിരത്തിനാനൂറു രൂപയാണു്.

അമ്പിളിച്ചേച്ചിയെ കാണാൻ വീട്ടിലേക്കു നോക്കി. ചുമരിൽ അമ്പിളിച്ചേച്ചിയും മീശക്കാരനും ഉള്ള പടം. തൊട്ടിലിൽ രണ്ടോ മൂന്നോ മാസമായ ഒരു കുഞ്ഞു്. അടുത്തു് ഒരു സ്ത്രീ നിൽക്കുന്നു.

ഭാർഗവൻ പറഞ്ഞു: “ഇതിനെ പെറ്റിട്ടു് അവള് പോയി… ഇനി നീ വേണം നോക്കാൻ…”

ആ സ്ത്രീ പാൽക്കുപ്പി സുശീലയ്ക്കു കൊടുത്തു് ഇറങ്ങിപ്പോയി.

സുശീല സ്കൂൾ ഓർത്തു. ഓണപ്പരീക്ഷേടെ മാർക്കു് കിട്ടാനുണ്ടു്. നാലാം ക്ളാസു മുതൽ, കാണാത്തദിവസം ആധി തോന്നുന്ന, ഉണ്ണിയെ ഓർത്തു. ഒന്നു കണ്ടാൽ മതി രണ്ടാൾക്കും. കണ്ണു കൂട്ടിമുട്ടി കഴിയുമ്പോൾ പിന്നെ പേടിച്ചു നോട്ടം മാറ്റും. എന്നാലും കാണാതിരിക്കാൻ വയ്യ.

കുഞ്ഞു കരഞ്ഞു. ആദ്യമായി സുശില ആ കുഞ്ഞിനെ തൊട്ടു. എടുത്തു മടിയിൽ വച്ചു. പാലു കൊടുത്തു. അതിന്റെ കൈകൾ സുശീലയുടെ മേലുടുപ്പിന്റെ കൊളുത്തുകൾക്കിടയിൽ തെരഞ്ഞു.

പുറത്തുപോയ ഭാർഗവൻ വരാൻ സന്ധ്യ കഴിഞ്ഞു. എനിക്കു് അമ്മേ കാണമെന്നു് സുശീല ചിണുങ്ങി, മൂക്കുപിഴിഞ്ഞു. ഉറക്കെ കരഞ്ഞു. ആ കുഞ്ഞും കരയാൻ തുടങ്ങി. സുശീല കരച്ചിൽ നിർത്തി കുഞ്ഞിനെ എടുത്തു. അതു കയ്യിലിരുന്നു് ഉറങ്ങി. കുഞ്ഞിനെ തൊട്ടിലിൽ കിടത്തി തിരിഞ്ഞതെയുള്ളു. ഭാർഗവൻ വട്ടംപിടിച്ചു് കട്ടിലിലേക്കു് എടുത്തിട്ടു.

നിന്റച്ഛൻ നിന്നെ എനിക്കു തന്നതാ. ആയിരം രൂപയ്ക്കും ഒരു വാഴക്കുലയ്ക്കും. നിന്റെ ചേച്ചിക്കു് അയാൾ പതിനായിരമാ വിഴുങ്ങിയതു്. നിനക്കു് ഓട്ടോക്കാരനു് കൊടുത്തത്ര പോലും വേണ്ടി വന്നില്ല. ഇത്ര വലിയ തമാശ പറഞ്ഞിട്ടും അയാൾ ചിരിച്ചില്ല.

പാവാടയും ഉടുപ്പും വലിച്ചഴിച്ചു. പിന്നെ പുന്നാരിക്കാൻ തുടങ്ങി. സുശീല ഏങ്ങലടിച്ചു കരഞ്ഞു. അയാൾ ഒരു കാളവണ്ടിയോട്ടക്കാരനായി. രാവിലെ എഴുനേൽക്കുമ്പോൾ മേലാകെ കലപ്പകൊണ്ടുഴുത പാടുകൾ. അയാൾ എന്തൊക്കെ ചെയ്തെന്നു് ഓർത്തുനോക്കാൻ പോലും സുശീലയ്ക്കു തോന്നിയില്ല.

പുറത്തുവരുമ്പോൾ എടുത്തുടുത്തതു് അമ്പിളിയുടെ മുണ്ടും മേലുടുപ്പുമാണു്. പാവാടയും ബ്ലൗസും ഭാർഗവന്റെ വലിയിൽ കൊളുത്തുപൊട്ടി കീറിയിരുന്നു. ഇന്നലെ കണ്ട സ്ത്രീ, അമ്മിണി, ഇറയത്തു കുഞ്ഞിനെ എടുത്തിരിക്കുന്നു. ഇതിനിടെ അവർ എങ്ങനെ ഭാർഗവൻ വിളയാടുന്ന തൊട്ടിലും കട്ടിലും ഒന്നിച്ചിട്ട ഒറ്റമുറിയിൽ നിന്നു് ആ കുഞ്ഞിനെ എടുത്തു? ഭാർഗവനെ നോക്കി. അയാൾ അപ്പോഴും പിറന്നപടി കട്ടിലിലുണ്ടു്.

സുശീല ചെല്ലുമ്പോൾ അമ്മിണിയുടെ കണ്ണു നിറഞ്ഞൊഴുകുന്നു. അമ്മിണി അവളുടെ തലയിൽ കൈവച്ചു. സുശീല അമ്മയായി കണ്ടു നെഞ്ചിൽ വീണു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ഭാർഗവൻ ഉണരുകയും ഉടുമുണ്ടു് വാരിയുടുത്തു് ഒരു പുകയിലക്കറവീണ തോർത്തു് തോളത്തിട്ടു് പല്ലുതേക്കുകയോ മുഖം കഴുകുകയോ ചെയ്യാതെ പുറത്തുപോവുകയും ചെയ്തു.

അമ്മിണി ആദ്യം വാ തുറന്നതു തന്നെ ആ വർത്തമാനത്തിനാണ്: “അമ്പിളിയെ അയാള് ഒറ്റച്ചവിട്ടിനു് കൊന്നതാണെന്നു നാട്ടുകാരു് പറയുന്നുണ്ടു്”.

സുശീലയ്ക്കു് അമ്മയെ ഓർമ്മ വന്നു. വീട്ടിലേക്കു പോകാൻ തോന്നി. മുറ്റത്തിറങ്ങി ഇടവഴിയിലേക്കു കാൽവച്ചതേയുള്ളു. എടി പട്ടീ… എന്നൊരു വിളിയായിരുന്നു. ഭാർഗവൻ കുത്തുകല്ലേൽ മൂന്നാലു പേരൊടൊപ്പം ഇരിക്കുന്നു.

സുശീലയ്ക്കു പിന്നൊരിക്കലും പോകാൻ തോന്നിയില്ല. ഭാർഗവൻ എന്നും രാത്രി വരും. തിരണ്ടിരിക്കുന്ന സമയത്തും വിളിച്ചു കിടത്തും. ചോരയെത്ര കണ്ടതാടീ ഭാർഗവൻ എന്നു വഷളൻ ചിരിയോടെ പറയും. ഒരു കാലം കഴിഞ്ഞപ്പോൾ സുശീലയ്ക്കു തോന്നി താൻ പെറാത്ത പെണ്ണായിരിക്കുമെന്നു്. അയാൾ ദിവസവും തോന്നിയതൊക്കെ ചെയ്തിട്ടും സുശീലയ്ക്കു ഋതു തെറ്റിയില്ല. അമ്മയൊരിക്കൽ അറിഞ്ഞുവന്നു കണ്ടപ്പോഴിട്ട ഋദ്ധിയെന്ന പേരുള്ള കുട്ടിയും ഋതുക്കളും സുശീലയോടൊപ്പം മാറാതെ നിന്നു.

പതിറ്റാണ്ടേഴായി തടവിൽ കിടന്ന ഇരുട്ടു് ഋദ്ധിയുടെ ഒറ്റ വലിയിൽ തുറന്ന ജാലകത്തിലൂടെ പുറംകാഴ്ച കണ്ടു.

പുതുതലമുറ [1] വെളിച്ചം പ്രവൃദ്ധ ഇരുട്ടിനു മുൻപിൽ പതറിയതുപോലെ ഒന്നു് മടിച്ചു; പിന്നെ, ആർക്കും തടയാനാകാത്ത തമോപ്രകാശ ലയനം. പ്രചണ്ഡ താണ്ഡവമെന്നു് ത്രയ. നുണപ്രചാരണ ഭാഷാപ്രാവിണ്യത്തിൽ ഋദ്ധിക്കൊപ്പമെത്തുകയാണു് ത്രയയെന്നു് പിന്നാലെയെത്തിയ ഏകൻ.

“ലോകംകണ്ട പെരുംനുണയേതു്?”

ചോദ്യം ഒരു അപ്പൂപ്പൻതാടി പോലെ ആകാശത്തേക്കുവിട്ടു് ഋദ്ധി ആ വലിയ കരിങ്കൽക്കെട്ടിന്റെ വാതിൽ തേടി നടന്നു. വള്ളിപ്പടർപ്പുകൾക്കപ്പുറം വാതിലെന്നു തോന്നുന്ന പടുകൂറ്റൻ നിർമിതി. ഉരുളൻ തടികളിലൂർന്നു നൗകകൾ കടലിലേക്കു ചാഞ്ഞിറങ്ങുന്ന പാത. പത്തു കപ്പൽപ്പാടെങ്കിലും ദൂരത്തിലുള്ള കാടുണ്ടു് തെളിക്കാൻ. ഏകന്റെ നീട്ടിയുള്ള കൂവലിൽ എഴുപത്തിയെട്ടിൽ എഴുപത്തിയാറും അവിടെത്തി. ദ്വിജൻ പോയ കടൽ നിശ്ചലം കിടന്നു. ദ്വാദശി നിന്ന കര ഇളകിയാടി.

ഋദ്ധി കണ്ണുതുറന്നു കിടക്കുകയായിരുന്നു.

സുശീല കഞ്ഞിയെടുത്തു് വേഗമെത്തി. രാവിലെ ഓറഞ്ചുനീരും ആപ്പിൾ നീരുമൊക്കെയായിരുന്നു ആദ്യത്തെ കുറച്ചുകാലം. അന്നമ്മ പറഞ്ഞിട്ടു് പിന്നെ കുമ്പളങ്ങ കുത്തിയുടച്ചു കൊടുത്തു. ഇടയ്ക്കു് പാവയ്ക്കാ നീരുമാക്കി. പിന്നെയതു പേരയ്ക്കയായി. ഒടുവിലൊടുവിൽ ചാമ്പക്കയും കശുമാമ്പഴവും. കക്കവാരി വരുമ്പോൾ വഴിക്കരികീന്നു കിട്ടാൻ അതിലും എളുപ്പം വേറൊന്നില്ല. പിന്നെ വൈകിട്ടത്തെ പോലെ രാവിലെയും കഞ്ഞിയായി. എന്തുകൊടുത്താലും ആ തൊണ്ടവഴി ഇറങ്ങിപ്പോകും. കണ്ണുകൊണ്ടുപോലും ഇതുവരെ വേണ്ടാ എന്നു പറഞ്ഞിട്ടില്ല.

ഋദ്ധി സൈക്കിളെടുത്തു് പാടത്തു ചെല്ലുമ്പോൾ സുരേഷ്, മനു, ബിജേഷ്, കുമാർ, സിദ്ദിഖ്, സാദിഖ് എന്നിങ്ങനെ എല്ലാവരുമുണ്ടു്.

എന്നെ അവരാരും പെണ്ണായി കണ്ടില്ല. മഠത്തിലെ വായനശാലയിലെ ടിവിയിൽ എല്ലാ ഏകദിനവും ടെസ്റ്റും ഞാൻ മുടങ്ങാതെ കണ്ടു. സാധാരണ മഠങ്ങളിൽ പതിവുള്ളതല്ല ടിവിയും വായനശാലയും. ചെറുപ്പക്കാരെ നന്നാക്കാൻ കരക്കാരു് ചേർന്നു പിരിവെടുത്തു മഠത്തിന്റെ പറമ്പിൽ പണിതുകൊടുത്തതാണു്. ഇരുനൂറു പുസ്തകമൊക്കെയേ കഷ്ടിച്ചുള്ളു. പിന്നെ പലരെഴുതിയ പുതിയ നിയമങ്ങൾ, ഇംഗ്ലീഷിലും മലയാളത്തിലും. അവിടെയുള്ള പുസ്തകങ്ങളിലൊന്നും എന്തെങ്കിലും ഉള്ളതായി എനിക്കു തോന്നിയില്ല. അവിടെ ചെന്നു് ക്രിക്കറ്റ് കണ്ടു. അത്രതന്നെ.

നാലടി ചുവടുവച്ചു് വലംകയ്യിൽ നിന്നു് ഇടംകൈകൊണ്ടു് പന്തു തൂക്കിയെടുത്തു് ഞാൻ ലെഗ്സ്പിന്നുകൾ എറിഞ്ഞു. വലംകൈകൊണ്ടു് ബാറ്റ് പിടിച്ചു് കവർഷോട്ടുകൾ പായിച്ചു. ഇടത്തെറിഞ്ഞു വലത്തടിക്കാൻ നീയാരാ ശാസ്ത്രിയാണോ എന്നു് സുരേഷിന്റെ അച്ഛൻ ഒരിക്കൽ ചോദിച്ചതു് വിട്ടുപോകാത്ത പേരായി. കണ്ടത്തിൽ ചെല്ലുമ്പോഴെല്ലാം ഞാൻ ശാസ്ത്രിയായി അഭിനയിക്കാൻ തുടങ്ങി. ആൺകളികളിൽ നിറയാൻ മോഹിച്ച പെണ്ണായിരുന്നെന്നു് എത്രയോ കഴിഞ്ഞാണു് തിരിച്ചറിഞ്ഞതു്. വളപ്പൊട്ടും കക്കയും മാത്രം കളിച്ചു് ഊരു വയ്ക്കാത്ത ചെറുപ്പവുമായി എത്ര കോടി പെണ്ണുങ്ങളാണു് വിറകു കൊളളി പോലെ ഉണങ്ങി എരിഞ്ഞു തീർന്നതു്. സുശീലയെപ്പോലെ.

കളികഴിഞ്ഞാൽ എന്നും ആൺകുട്ടികൾക്കൊപ്പം ഞാൻ പുഴയിൽ കുളിക്കാൻ പോയി. അമ്മയ്ക്കു് അതിൽ പേടിയുണ്ടായിരുന്നു. എന്നാൽ സിസ്റ്റർ പറഞ്ഞു, അവളിനിയെങ്കിലും ആണുങ്ങളെ പേടിക്കാതെ വളരട്ടെ എന്നു്. അവരാരും എന്നെ വേറെ വർഗമായി കണ്ടില്ലെന്നതിൽ എനിക്കു് അത്ഭുതമൊന്നും തോന്നിയില്ല. അവർ എന്നെ ആക്രമിക്കാൻ നിൽക്കുന്നവരാണെന്നു് തോന്നി ഞാൻ അകലമിട്ടില്ല. മാസമുറ വരുമ്പോൾ പോലും എനിക്കു് പെണ്ണായി തോന്നിയില്ല. ഇട്ടു പോകുന്ന ടീഷർട്ടും ഷോർട്ട്സുമായി ആറ്റെറുമ്പിലെ ചാഞ്ഞ ചേരു മരത്തിൽ നിന്നു് ഞാൻ പുഴയിലേക്കു് തലകീഴായി കൂപ്പുകുത്തി. ചേരു തൊട്ടാൽ ചൊറിയുന്ന സുരേഷും മനുവും കടവിൽ നിന്നു് മുങ്ങാങ്കുഴി ഇട്ടു് താഴെ വന്നു. ചേരു് ചൊറിയാത്ത ഞാനും സിദ്ദിഖും ബിജേഷും തടിയിൽ വട്ടം പിടിച്ചു കിടന്നു് അവരെ വെല്ലുവിളിച്ചു. കുളക്കോഴികൾക്കൊപ്പം കൈതയുടെ ഇടയിലൂടെ ചാടി. ഒരേ വെള്ളത്തിൽ ഒരേ ആഴത്തിൽ അവർക്കൊപ്പം പോയി ഞാൻ പൊങ്ങി വന്നു.

സൈക്കിളിന്റെ കാരിയറിൽ വച്ചുകൊണ്ടുപോകുന്ന മഞ്ഞ സോപ്പുപെട്ടി മൂടാനുള്ള പ്ലാസ്റ്റിക് കവറിൽ എല്ലാത്തവണയും ഞാൻ ആറ്റുപരലുകളെ പിടിച്ചിട്ടു. തോർത്തു കഴുത്തിൽക്കെട്ടി മറ്റേയറ്റം വിടർത്തിയാണു് പിടിത്തം. എല്ലാദിവസവും പിടിച്ചാലും അത്ര തന്നെ പരലുകൾ പിന്നെയും അവിടെയുണ്ടാകും. ഇന്നലെ പിടിക്കപ്പെട്ടവർ അതു ലോകാവസാനമാണെന്നു കരുതിയിട്ടുണ്ടാകും. പിന്നെയും വേട്ടക്കാർക്കു പിടിക്കാൻ അത്രതന്നെ പരലുകൾ അതേ സ്ഥാനത്തു നീന്തിത്തുടിക്കും.

സുശീല കായലരികത്തുകൂടി കക്കയ്ക്കു പോകുമ്പോഴൊക്കെ ദൂരെയുള്ള ചെറുവള്ളത്തിലേക്കു നോക്കി അതിൽ ഉണ്ണിയാണെന്നു വിചാരിക്കും.

യുവാവോ മധ്യവയസ്കനോ ആയ ഉണ്ണിയുടെ രൂപമൊന്നും മനസ്സിൽ വരില്ല. മീശ മുളയ്ക്കാത്ത കുറിയ പതിനാലുകാരനെയാണു കാണുക. ആ വള്ളം അടുത്തുവരുന്നതുവരെ അതിൽ ഒരു വശത്തു് ഉണ്ണിയും മറുവശത്തു് അച്ഛൻ ദിവാകരനുമാണെന്നു വിചാരിക്കുന്നതാണു് സുശീലയുടെ ഇപ്പോഴുള്ള ഏക വിനോദം. വള്ളം അടുത്തുവരികയും അതിൽ താമരപ്പൂവിനും ആമ്പൽപ്പൂവിനും പകരം മീനാണെന്നു കണ്ണു് തലച്ചോറിലേക്കു സന്ദേശം നൽകുകയും ചെയ്യുന്ന നിമിഷം വരെ സുശീലയ്ക്കു് വള്ളത്തിലുള്ളതു് ഉണ്ണിയും ദിവാകരനുമാണു്.

ദിവാകരൻ പലപണിക്കാരനാണു്. ഒരുദിവസം മേസ്തിരിയുടെ കൂടെ പരുക്കൻ കൂട്ടാൻ പോയാൽ പിറ്റേന്നു് കയ്യാലപ്പാപ്പുവിന്റെ കൂടെ ഉരുളൻകല്ലുകൾ കൊട്ടയിൽ ചുമന്നു കൊടുക്കുന്നതു കാണാം. മറ്റൊരു ദിവസം വീടുമേയാൻ ഏതെങ്കിലും ശീലാന്തിയിൽ ഇരിക്കുന്നുണ്ടാകും. ചിലപ്പോൾ തെങ്ങിന്റെ ചുവടുകിളച്ചു നിൽക്കുന്നതും വാഴയ്ക്കു കുഴിവെട്ടുന്നതും കാണാം. ഇതൊക്കെയുണ്ടെങ്കിലും എല്ലാദിവസവും വൈകിട്ടു സ്ഥിരം പണിയുണ്ടു്. താമരമൊട്ടും ആമ്പൽമൊട്ടും പറിച്ചു വിൽക്കലാണതു്. പിറ്റേന്നു വിടരാവുന്ന മൊട്ടുകൾ മാത്രം എന്നും പറിച്ചെടുത്തു പൂക്കടകളിൽ എത്തിക്കും. അങ്ങനെ നാട്ടിലെ എല്ലാ ആരാധനകളിലും പാർട്ടി സമ്മേളനങ്ങളിലും ഉദ്ഘാടനങ്ങളിലും ഉണ്ണിയും ദിവാകരനും പങ്കാളികളായി.

കുളിക്കാൻ പോയിരുന്ന കുളത്തിനപ്പുറമാണു് ആമ്പലും താമരയും നിൽക്കുന്ന ചതുപ്പു്. ചേച്ചി അമ്പിളിയാണു് പറഞ്ഞതു് പണ്ടു മലപൊട്ടി മുങ്ങിപ്പോയ തമ്പ്രാക്കളുടെ ആത്മാക്കളാണു് താമരയും ആമ്പലുമായി വിരിയുന്നതെന്നു്. അതു കണ്ടു പെണ്ണുങ്ങൾ മോഹിക്കരുതെന്നു കുന്നത്തമ്മ പറഞ്ഞതു ചേച്ചി എപ്പോഴും ഓർമിപ്പിക്കും.

കുന്നത്തമ്മ താമസിക്കുന്നതു് കുന്നിൻ മുകളിലല്ല. കണ്ടത്തിന്റെ നടുക്കാണു്. അതും കുറേക്കാലം മുൻപു കണ്ടം തന്നെയായിരുന്നു. മലവെള്ളം വരുമ്പോൾ എല്ലാവരും കോരിയിട്ട ചെളിയടിഞ്ഞു് കുന്നായതാണു്. അതിനു മുകളിൽ ആറു മരുതു മുറിച്ചുനാട്ടി തെങ്ങൊരെണ്ണം പിളർന്നു് മൂന്നു് ഉത്തരവും വച്ചു്, കമുകിന്റെ അലകുകൊണ്ടു കഴുക്കോലും വച്ചു്, കീറ്റോല മേഞ്ഞുകൊടുത്തതു് അയ്യപ്പനാണു്. വാരിമുനകൂർപ്പിച്ചു് ഓലയ്ക്കിടയിലൂടെ ഇറക്കി ചെറുകയർ കൊണ്ടു് കെട്ടി ഒറ്റദിവസം കൊണ്ടാണു് അയ്യപ്പൻ മേച്ചിലു തീർത്തതു്.

തെങ്ങുകൊണ്ടുള്ള നിലംതല്ലി [2] സുശീലയെക്കൊണ്ടു് വീട്ടിൽ നിന്നു് എടുപ്പിച്ചാണു് ദിവാകരൻ തല്ലിയുറപ്പിച്ചു കൊടുത്തതു്. ദിവാകരന്റെ തൊഴുത്തിൽ വിരിച്ചുകഴിഞ്ഞു ബാക്കിയുണ്ടായിരുന്ന മുതുക്കൻപന കീറിയതു കൊണ്ടാണു് തറയൊരുക്കിയതു്. കള്ളു വറ്റിയപ്പോൾ ചെത്തുകത്തിക്കു പകരം കോടാലിയെടുത്തു് അയ്യപ്പൻ തന്നെയാണു് പടിഞ്ഞാറേക്കാരുടെ പനവീഴിച്ചതു്. നാണപ്പൻമുതലാളീടെ ഈർച്ചമില്ലിൽ പോയി പ്ലാവിന്റേയും ആഞ്ഞിലിയുടേയും കാതൽ എടുത്ത ശേഷം തള്ളുന്ന പുറകോട്ടുപലക കുന്നത്തമ്മ കൊണ്ടുവന്നതു തന്നെ ഒരരങ്ങിനുള്ള നാടകമായിരുന്നു.

പലക എത്രവേണമെങ്കിലുമെടുത്തു വേഗം പൊയ്ക്കോ എന്നു നാണപ്പൻ മുതലാളി. ഇഴപാകാൻ പട്ടിക കൂടി വേണമെന്നു് കുന്നത്തമ്മ. നൂറടി പട്ടിക തരാമെന്നു് നാണപ്പൻ മുതലാളി. പട്ടികയടിക്കാൻ വീക്കനാണീം പുറകോട്ടുപലക അടിക്കാൻ മുള്ളാണീം വേണമെന്നു കുന്നത്തമ്മ. അപ്പോൾ തന്നെ ഈർച്ചവാളേൽ എണ്ണയിട്ടോണ്ടിരുന്ന മുരുകനെ സൈക്കിളും അൻപതു രൂപയും കൊടുത്തുവിട്ടു് പാലയ്ക്കാ മുക്കന്റെ ഇരുമ്പുകടേന്നു് ആണി വാങ്ങിച്ചു് കയ്യിൽ കൊടുത്തിട്ടു് നാണപ്പൻ മുതലാളി തൊഴുതു.

ദിവാകരനു് അഞ്ചു ദിവസത്തെ കൂലി കൊടുക്കാനുണ്ടെന്നു കുന്നത്തമ്മ പറഞ്ഞു തീരും മുമ്പു് നൂറിന്റെ അഞ്ചു നോട്ടു കൊടുത്തു മുതലാളി. കുന്നത്തമ്മ തൃപ്തിയാകാതെ നോക്കിയപ്പോൾ ആറാമതു് ഒരു നോട്ടും കൂടി കൊടുത്തു മുതലാളി ജീപ്പ് എടുത്തു് ഒറ്റപ്പോക്കായിരുന്നു, മഹാറാണി ബാറിലേക്കു്. എല്ലായിടത്തും പണിയുമ്പോൾ ദിവാകരനു് നൂറു രൂപയാണു് തച്ചു്. കുന്നത്തമ്മ നൂറ്റിയിരുപതു വെച്ച അറുനൂറു് തികച്ചു കൊടുത്തു. ആ പഞ്ചായത്തിൽ കുന്നത്തമ്മേടെ വീട്ടിൽ പണിയാൻ പോകാനുള്ള ധൈര്യം ദിവാകരനും അയ്യപ്പനും മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ പിള്ളേരൊക്കെ കുന്നത്തള്ള എന്നു വിളിച്ചപ്പോൾ ദിവാകരൻ ഉണ്ണിയെക്കൊണ്ടു് കുന്നത്തമ്മൂമ്മ എന്നു വിളിപ്പിച്ചു. ഉണ്ണിയുടെ അമ്മ നളിനിയാണു് തൊണ്ടിൽക്കൂടി പോകുമ്പോഴൊക്കെ വിളിച്ചുകേറ്റി കട്ടൻചായയും ചുട്ടപപ്പടവും കുന്നത്തമ്മയ്ക്കു കൊടുക്കുന്നതു്. ആ നാട്ടിൽ വേറൊരു വീട്ടുകാരത്തീം അങ്ങനെ ചെയ്തിട്ടില്ല.

പിന്നെ എല്ലാ ആണ്ടിലും കുന്നത്തമ്മ ഏതെങ്കിലും പറമ്പിൽ നിന്നു് അയ്യപ്പനെക്കൊണ്ടു മരുതും വെട്ടിക്കും. മണ്ടപോയ കമുകു വീഴിച്ചു് വാരിയുമുണ്ടാക്കും. കുന്നത്തമ്മേടെ ഭാഗ്യത്തിനു് എവിടെങ്കിലും കൊന്നത്തെങ്ങു പുരേലേക്കു ചാഞ്ഞു നിൽക്കുന്നുണ്ടാകും. ഇനി ചാഞ്ഞിട്ടില്ലെങ്കിലും വീട്ടുകാരെ പറഞ്ഞുപേടിപ്പിച്ചു് അതു കുന്നത്തമ്മ കുഴപ്പമുള്ളതാക്കും. അയ്യപ്പനെക്കൊണ്ടു വെട്ടിക്കാനുള്ള കൂലികൂടി വീട്ടുകാരുടെ കയ്യീന്നു വാങ്ങിച്ചു് തെങ്ങും കൊണ്ടു പോരികയാണു് പതിവു്.

കുന്നത്തമ്മ നിറയെ ചിരിച്ചാണു് കാശു ചോദിക്കുക. അതു കാണുമ്പോൾ തന്നെ നാട്ടിലെ ആണുങ്ങൾക്കൊക്കെ പേടിയാണു്. നിവൃത്തിയുണ്ടെങ്കിൽ കാശു് അടുത്ത കയ്യാലയിലോ മതിലിലോ വച്ചു് അവർ സ്ഥലം കാലിയാക്കും. കുന്നത്തമ്മയുടെ അടുത്തു് രാത്രിയിൽ പോയിരുന്നവരും പോകാത്തവരും പകൽ അവരെ പേടിച്ചു.

ആ വീട്ടിൽ കുടിയിരുന്ന ശേഷമാണു് രാത്രിയിൽ ആത്മാക്കൾ ഇറങ്ങി വരുന്നതു് കാണാറുണ്ടെന്നു് നാട്ടുകാരോടെല്ലാരോടും കുന്നത്തമ്മ പറയാൻ തുടങ്ങിയതു്. ആരുമില്ലാത്ത പാടത്തു് അവർ വന്നിറങ്ങി വിരിയും. നൂറാണ്ടു മുൻപൊരു ഉരുൾപൊട്ടലുണ്ടായി. എൺപതു കഴിഞ്ഞ കുന്നത്തമ്മേടെ അമ്മയുടെ ചെറുപ്പത്തിലെ സംഭവമാണു്.

മണിയാറൻ മലയായിരുന്നു പാടത്തിന്റെ പടിഞ്ഞാററ്റം മുതൽ മേലോട്ടു്. ഇപ്പോ അവിടെ നടുക്കൊരു വെള്ളപ്പാത്തീം അപ്പുറമിപ്പുറം മണവാളൻ മണവാട്ടി പാറകളുമാണു്. തലയുയർത്തി മണവാളനും മാലയ്ക്കായി തലതാഴ്ത്തി മണവാട്ടിയും. കരിങ്കാളിയുടെ മകൾ മധുരയും മന്ദാരത്തിന്റെ മകൻ സന്ദനവുമാണു് കൊച്ചുനാളുമുതൽ ഇഷ്ടമായി മംഗലം കഴിക്കാൻ നിന്നതു്. മാലയെടുക്കാൻ സന്ദനം കുനിഞ്ഞ സമയത്താണു് മധുരയെ ഒറ്റക്കയ്യിൽ പൊക്കിയെടുത്തു് ചന്ദ്രപ്പൻ കൊണ്ടുപോയതു്.

കൊയ്ത്തുപുരേലേക്കു് ചന്ദ്രപ്പൻ മധുരയെ ഇട്ടുകൊടുത്തതേ ഓരോരുത്തരായി വന്നു. രണ്ടര ദിവസം നൂറ്റിയെട്ടു തമ്പ്രാപ്പിള്ളേരു് കഷ്ടപ്പെടുത്തീട്ടും മധുര ചത്തില്ല. ഓരോരുത്തരും ഊഴംകഴിഞ്ഞു് വിയർപ്പുതുടച്ചു് ഇളിച്ച ചിരിയുമായി വരാന്തയിൽ ഇരിക്കും. അപ്പോൾ അടുത്തയാൾ കയറും. എല്ലാവരും കഴിഞ്ഞപ്പോൾ മധുര എഴുനേറ്റു നെറുകംതലേന്നു് ഒരു മുടിപിഴുതു് മണിയാറൻമല നോക്കിയെറിഞ്ഞു. മലപിളർന്നു. വെള്ളമൊഴുകി കൊയ്ത്തുപുരേം നൂറ്റിയെട്ടു തമ്പ്രാപ്പിള്ളേരും അവരുടെ കുടുംബക്കാരും താഴ്‌ന്നടിഞ്ഞു. മധുരയേയും രക്ഷിക്കാൻ പരക്കം പാഞ്ഞു നടന്ന സന്ദനത്തേയും പിന്നെ ആരും കണ്ടില്ല.

അപ്പുറത്തെ മല സന്ദനം മണവാളൻപാറയായി. ഇപ്പുറത്തെ മല മധുരമണവാട്ടിപ്പാറയും. ചത്തു ചെളിയിലൊടുങ്ങിയവർ വിത്തുപൊട്ടി താമരയും ആമ്പലുമായി വന്നു നിൽക്കും. അതു സൂത്രപ്പണിയാണു്. ഇറുക്കാൻ ചെല്ലുന്ന പെണ്ണുങ്ങളുടെ കാലുകൾ ചെളിമൂടി നിൽക്കണ താമരവേരുകളിൽ കുടുങ്ങും. അവരെ ചന്ദ്രപ്പന്റെ ആത്മാവു കൊണ്ടുപോയി കൊയ്ത്തുപുരേലെറിയും. നൂറ്റിയെട്ടു തമ്പ്രാൻമക്കള് മാറിമാറി വന്നു് കഷ്ടപ്പെടുത്തും.

കുന്നത്തമ്മ എന്താ ഒറ്റയ്ക്കു് താമസിക്കുന്നതു് എന്നു ചോദിച്ചപ്പോൾ അമ്മ ഭവാനി നിർത്താതെ ചിരിച്ചു. അമ്മ അങ്ങനെ ചിരിച്ചു കണ്ടിട്ടില്ല. പിറ്റേന്നു സ്കൂളിൽ പോയപ്പോഴാണു് അംബിളിച്ചേച്ചി പറഞ്ഞുതന്നതു് കുന്നത്തമ്മ പണ്ടു് ഒരുപാടു് ആൾക്കാരുടെ ഭാര്യയായിരുന്നെന്നു്. ഒരോ രാത്രിയും ഓരോരുത്തരുടെ ഭാര്യയാകും. ചിലപ്പോൾ പകലും ആരുടെയെങ്കിലും ഭാര്യയാകും. അങ്ങനെ ഒരുപാടു മംഗലം കഴിച്ച കുന്നത്തമ്മയുടെ ഒപ്പം ഒരു ഭർത്താവും നിന്നില്ല.

കണ്ടത്തിന്റെ നടുക്കു വീടുകെട്ടുന്നതുവരെ കുന്നത്തമ്മയ്ക്കു് ഇരിക്കാനും കിടക്കാനും നേരമില്ലായിരുന്നു. വീടായതോടെ കർക്കടകത്തിൽ ഒരാളെക്കൂടി അവിടെ കാണാൻ തുടങ്ങി. പുലിത്തൊമ്മൻ. ബെന്തിങ്ങ വിൽക്കുന്നതാണു് പണി. മലയാറ്റൂരു മുതൽ വല്ലാർപാടം വരെയും ആർത്തുങ്കൽ മുതൽ വിഴിഞ്ഞം വരെയും സർവ നേർച്ചയ്ക്കും കറുത്ത ചരടിൽ ബെന്തിങ്ങ കോർത്തു തൊമ്മനെത്തും. തലയിലൊരു തകരപ്പെട്ടിയും ഉണ്ടാകും. ആ പെട്ടിയാണു് ആസ്തി. അതിലുള്ളതാണു് നീക്കിയിരിപ്പു്.

കച്ചവടം കഴിഞ്ഞു തിരിച്ചുവന്നാൽ കുന്നത്തമ്മേടെ വീട്ടിലാണു്. അതുവരെ കാവിലെ പടച്ചോറിൽ മോരോഴിച്ചു കാന്താരി കടിച്ചു പപ്പടം ചുട്ടതും പൊട്ടിച്ചു കഴിക്കുന്ന കുന്നത്തമ്മ അന്നുമുതൽ ഇറച്ചി ഉലർത്താൻ തുടങ്ങും. വെട്ടുകാരൻ പാപ്പി പോത്തിന്റെ വലത്തെ പിൻകാലിലെ തുടയിൽ നിന്നുള്ള ഇറച്ചി തൊമ്മനു് കൊത്തിയരിഞ്ഞുകൊടുക്കും. അതു് കുനുകുനെയാക്കി കുന്നത്തമ്മ ഉപ്പും കുരുമുളകും ചേർത്തു് മൊരിക്കും. രാത്രി വൈകിയാലും തൊമ്മന്റെ അട്ടഹാസച്ചിരി കേൾക്കാം.

സുശീല നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണു്. ചിങ്ങത്തില് വല്ലാർപാടത്തു പോവുകയാണെന്നു പറഞ്ഞു് ഇറങ്ങിപ്പോയ തൊമ്മൻ പിന്നെ വന്നില്ല. അന്നു വൈകിട്ടാണു് കുന്നത്തമ്മയെ കാണാനില്ലെന്നു് നാട്ടുകാർ അറിഞ്ഞതു്. രണ്ടു മൂന്നു ദിവസം എല്ലാവരും പറ്റുന്നേടത്തൊക്കെ നോക്കി. പിന്നെ അവരവരുടെ പണിക്കുപോയി.

രണ്ടാഴ്ചകഴിഞ്ഞു് ഉണ്ണിയും ദിവാകരനും കൂടി താമര പറിക്കുമ്പോഴാണു് മീൻ കൊത്തി ബാക്കിവച്ച കുറച്ചു് ഇറച്ചിയും എല്ലുകളും ആ കറുത്ത മുണ്ടുമായി കുന്നത്തമ്മയെ കിട്ടിയതു്. ദിവാകരൻ പറഞ്ഞതു് കാലു് താമരവേരിൽ കുടുങ്ങിക്കിടക്കുകയായിരുന്നെന്നാണു്. എൺപതാം വയസ്സിൽ ആ തള്ള ആരെ പാട്ടിലാക്കാനാണോ ആമ്പലൊണ്ടാക്കാൻ പോയേന്നു് പാറുക്കുട്ടി കടവിൽ വച്ചു് ചോദിച്ചതു് അന്നു വൈകിട്ടു് സുശീല കേട്ടിരുന്നു.

രാത്രി മുഴുവൻ മഴയായിരുന്നു. ഇടിയും വെട്ടുന്നുണ്ടായിരുന്നു. ഭൂമികുലുക്കം പോലൊരു ശബ്ദം കേട്ടോന്നു് അമ്മ ചോദിച്ചു. മൂന്നുപേരും കെട്ടിപ്പിടിച്ചു കിടന്നു. രാവിലെ എഴുനേറ്റപ്പോഴാണു് കണ്ടതു്. കുന്നത്തമ്മയെ കുഴിച്ചിട്ട കണ്ടം മലവെള്ളത്തിൽ പോയിരിക്കുന്നു. മണവാട്ടിപ്പാറയുടെ കുനിഞ്ഞു നിന്ന തല നെറ്റിമുതൽ കഴുത്തുവരെ ചെത്തിയെടുത്തതുപോലെ പൊട്ടിവീണു.

അനങ്ങാനും മിണ്ടാനും പറ്റാതെ കിടക്കുന്ന എന്നോടാണല്ലോ ഇക്കഥ അമ്മ പലവട്ടം പറഞ്ഞതു്.

എന്നെ മിണ്ടിക്കാനായി പറഞ്ഞു പറഞ്ഞു കഥകൾ തീർന്നപ്പോൾ അമ്പലത്തിൽ പാട്ടു വയ്ക്കുന്നതുപോലെയായി. ആഴ്ചയിൽ നാലു ദിവസമെങ്കിലും ‘തേടിവരും കണ്ണുകളിൽ ഓടിയെത്തും…’ [3] എന്ന സ്ഥിതി. ഇക്കഥ ആദ്യം കേട്ടപ്പോൾ മുതൽ എനിക്കു സുശീലാമ്മയോടു് ഒന്നു ചോദിക്കാനുണ്ടായിരുന്നു. കുന്നത്തമ്മയെ കൊന്നു് കായലിൽ താഴ്ത്തി പുലിത്തൊമ്മൻ പോയതല്ലേന്നു്.

കുന്നത്തമ്മ രാത്രിയിൽ കണ്ട ആത്മാക്കളെ തന്നെയാണു് ഋദ്ധിയെന്ന ഞാൻ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ഉണർന്നിരിക്കുമ്പോഴൊക്കെ കാണുന്നതു്. എനിക്കു് എപ്പോഴും ഓർമയുണ്ടാകുമെന്നൊന്നും കരുതരുതു്. ഉറങ്ങുമ്പോൾ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ലോ. അതുപോലെയാണു് എന്റെ മയക്കവും. പക്ഷേ, മയക്കത്തിലേക്കു പോകുമ്പോൾ എനിക്കറിയാം എന്റെ വിചാരങ്ങളുടെ വെടിനിർത്തലാണു് അതെന്നു്. സിനിമാകൊട്ടകയിൽ എന്നതുപോലെ എന്റെ തലച്ചോറിൽ ഇടവേള എന്നു് എഴുതിക്കാണിക്കും. മനസ്സുമാത്രം പ്രവർത്തിക്കുന്നവർക്കു് ഇതുപോലെ ഒരുപാടു് സിദ്ധികളും കിട്ടും.

സുശീല എന്റെ പിറവിക്കു കാരണമല്ലെന്നു കേട്ട നിമിഷമാണു് എന്റെ ശയ്യാതല സഞ്ചാരങ്ങൾക്കു വേഗം നഷ്ടമായതു്. അതു പ്ലാപ്പിള്ളി പൂരത്തിനു് കുഴിക്കതന പൊട്ടിച്ചതുപോലൊരു നടുക്കമായിരുന്നു. സുശീല അബദ്ധത്തിൽ പറഞ്ഞുപോയതാണു് ആ ഓട്ടോറിക്ഷയിൽ വന്ന കഥ. പിന്നെ എന്റെ യാത്രകളുടെ നീളം കുറഞ്ഞു. ചിന്തകൾ ഉറച്ചു നിൽക്കില്ല. മനസ്സു് എവിടെപ്പോയാലും അവിടെ ചെല്ലുംമുൻപു തിരിച്ചു് ചാളക്കാരി കോളനിയിൽ എത്തും. പെറ്റതള്ളയല്ലെങ്കിൽ എന്നെ ചുമക്കാൻ അവർക്കെന്തിന്റെ കേടായിരുന്നു എന്നു് എനിക്കെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പെറ്റതള്ള ആണെങ്കിൽ തന്നെ പേട്ടടയ്ക്ക ആരെങ്കിലും മടിയിൽ വച്ചു നടക്കുമോ?

‘സുശീല എന്തു കിട്ടുമെന്നു കരുതിയാണു നിന്നെ ചുമന്നതു്?’ അവിടെയിട്ടിട്ടു പോരാമായിരുന്നല്ലോ എന്നു് ശയ്യാവലംബിയായ സിസ്റ്റർ സന്ധ്യ അവശതയുടെ അങ്ങേയറ്റത്തും ചിരി വരുത്തി പണ്ടു പറഞ്ഞതാണു്. അന്നു സിസ്റ്റർ പോലും അറിഞ്ഞില്ല സുശീല എന്റെ അമ്മ അല്ലെന്നു്. സുശീല ആരോടും പറഞ്ഞില്ല. അർദ്ധപ്രജ്ഞയിൽ കിടക്കുന്ന ഞാനല്ലാതെ മറ്റാർക്കും ഇന്നാട്ടിൽ അതു് അറിയുകയുമില്ല.

ഞാനന്നു് കോളജിൽ ഡിഗ്രി ഒന്നാം വർഷമാണു്. സിസ്റ്റർ സന്ധ്യക്കു് സ്തനാർബുദം ആണെന്നു് അറിഞ്ഞതു് ശ്വാസകോശം വരെ കാർന്നുതിന്ന ശേഷമാണു്. പ്രായമായ കന്യാസ്ത്രീയുടെ ശ്വാസഗതി മാറുന്നതും ചിരിമായുന്നതും കാണാൻ ആരാ ഉള്ളതു് എന്നു് അന്നമ്മച്ചേടത്തി പറയുകയും ചെയ്തു.

ആദ്യമായി കണ്ട ആ രാത്രി ഞങ്ങൾക്കു വെള്ളമോ ഭക്ഷണമോ തന്നു് സിസ്റ്റർക്കു പറഞ്ഞുവിടാമായിരുന്നു. അങ്ങേയറ്റം വണ്ടിക്കൂലി കൂടി തന്നു് സൂക്ഷിച്ചു പോണേ എന്നു കയ്യൊഴിയാമായിരുന്നു. അല്ലെങ്കിൽ മഠത്തിലെ ജീപ്പിൽ സർക്കാർ ആശുപത്രിയിലെത്തിക്കാം. അതുമല്ലെങ്കിൽ പിതാവു് ബലാത്സംഗം ചെയ്ത കുട്ടിയാണെന്നു പൊലീസിനെ വിളിച്ചുവരുത്താം. അതോടെ തീരുമായിരുന്നു ബാധ്യതയും കടമയും. ഇതൊന്നും സംഭവിച്ചില്ല. സിസ്റ്റർ സന്ധ്യ ഋദ്ധി എന്ന എന്നെ സ്വന്തം ജീവിതത്തിലേക്കു ഭാഗംവെച്ചെടുത്തു. പിൻതുടർച്ചാവകാശത്തിനു വേണ്ടി കലഹിക്കുന്നതുപോലെ തന്നെ ഒരു അമ്പരപ്പല്ലേ, ഒന്നും കിട്ടാനില്ലാതെ അവകാശിയാക്കുന്നതും?

തൊട്ടിലിൽ കിടന്ന എന്നെയും ഭാർഗവൻ എന്ന എന്റെ പിതാവിനേയും കയ്യൊഴിഞ്ഞു് സുശീലയ്ക്കു് ഏതെങ്കിലുമൊരു ദിവസം ഓടിപ്പൊയ്ക്കൂടായിരുന്നോ? ആറാം വയസ്സിൽ എന്നിലയാൾ തുളഞ്ഞു കയറുന്നതിനു മുമ്പോ ശേഷമോ അങ്ങനെ ചെയ്യാമായിരുന്നു. എന്തിനാണു് സുശീല ദയാലുവാകുന്നതു്.

“അതില്ലേലെങ്ങനാട്വാവ്വ്വേ കുടുംബം നിക്കണതു്, മതം നിക്കണതു്, രാജ്യം നിക്കണതു്. ഒന്നും കിട്ടാനില്ലാത്തോണ്ടല്ല, പലതും കിട്ടണകൊണ്ടാണു ദയയൊക്കെയുണ്ടാകുന്നതു്”: ബിനോയി.

ഉള്ളലിവുള്ള ബിനോയിയെപ്പോലൊരാളെ സുശീലയ്ക്കു കിട്ടാതെ പോയതെന്തുകൊണ്ടാകും? വിക്രമനേയും അയാളുടെ ചട്ടമ്പിത്തലവൻ ഭാർഗവനേയും പിന്നെ അവർ ചൂണ്ടിക്കാണിക്കുന്നവരേയും അനുസരിക്കുന്ന അമ്മിണിയായി ഒരാൾക്കു് മാറേണ്ടി വരുന്നതു് എന്തുകൊണ്ടാണു്? ജീവിതം മുഴുവൻ ഋദ്ധിയെന്ന പെണ്ണിനെ നോക്കേണ്ടതു് എന്റെ കടമയാണെന്നു സുശീലയ്ക്കു തോന്നുകയാണു്. അതെന്തൊരു യുക്തിയില്ലാത്ത തോന്നലായിപ്പോയെന്റെ മാതാവേ…

കേസു കൊടുത്തു് ഭാർഗനെ അകത്തിടാൻ നോക്കാത്തതു കൊടിയ തെറ്റായിപ്പോയില്ലേ എന്നു് സിസ്റ്ററോടു് ബിനോയി ചോദിച്ചതാണു്. എനിക്കു നിന്റെ രാജ്യത്തെ നിയമം നോക്കാനാണെങ്കിൽ ദൈവവിളി കിട്ടിയ രാത്രീല് തന്നെ ഞാൻ കേസു കൊടുക്കണമായിരുന്നു എന്നാണു് സിസ്റ്റർ അതിനു മറുപടി പറഞ്ഞതു്.

ലോഹയിട്ടോരും കാഷായമുടുത്തോരുമൊക്കെ കഥപറയാനിറങ്ങിയാൽ നല്ല കച്ചോടം നടക്കുമെന്നു് മീൻചെകിള ചുരണ്ടുകയായിരുന്ന അന്നമ്മ പതുക്കെ പറഞ്ഞു. ചാടിത്തുള്ളിപോയ സിസ്റ്റർ വാതിൽപ്പടിയിൽ തിരിഞ്ഞു നിന്നു് ഒരു വാചകം കൂടി ചേർത്തു: ‘എന്റേതു് ദൈവരാജ്യ നിയമമാണെന്നു് ഞാനങ്ങ് സമാധാനിച്ചോളാം.’

കുറിപ്പുകൾ
[1]

ജപ്പാൻ പോയ ശേഷം ആദ്യമായി ബംഗ്ലാവിന്റെ വാതിലുകൾ തുറക്കുന്നു.

[2]

നിലം ഉറപ്പിക്കാനുള്ള മരം കൊണ്ടുള്ള ഉപകരണം. ഇതേപേരിൽ ഒരു മീനും.

[3]

സ്വാമി അയ്യപ്പൻ സിനിമയ്ക്കായി വയലാർ രാമവർമ്മ എഴുതി ജി. ദേവരാജൻ ഈണമിട്ടു് അമ്പിളി പാടിയ ഗാനം.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.