images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
വിത്തുകാള

ഡോക്ടർ ബിജേഷ് മോഹൻ അന്നു വിളിച്ചിരുത്തി പറഞ്ഞതു് പലതും അമ്മയ്ക്കു മനസ്സിലായില്ലെങ്കിലും എല്ലാം ഞാൻ കേട്ടിരുന്നു.

കാലുംകയ്യും അനങ്ങില്ലെങ്കിലും എനിക്കു് ഓർമകളുണ്ടു് എന്നാണു് ഡോക്ടർ വീട്ടിലേക്കു വിടുംമുമ്പു പറഞ്ഞതു്. എട്ടു മാസത്തോളം ഞാൻ കരുതിയതു് മരിച്ചു് വേറേതോ ജന്മത്തിലാണെന്നാണു്. എനിക്കെല്ലാം അറിയാമെന്നും ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നും അറിഞ്ഞതേയില്ല. ഞാൻ കണ്ണുതുറക്കുമ്പോഴൊക്കെ വലിയ സന്തോഷമായിരുന്നു അമ്മയ്ക്കു്. അപ്പോഴൊക്കെ കരുതിയതു് മൂപ്പത്തീം മരിച്ചു് എന്റെ കൂടെ പോന്നു എന്നാണു്. ആ നിമിഷം പെട്ടെന്നു കഴിഞ്ഞു് ഞാൻ പിന്നെയും മരിച്ചുപോകും. ജനിച്ചുവരും.

അങ്ങനെ കണ്ണുതുറന്നു കിടന്ന ഒരു ദിവസമാണു് അറ്റൻഡർ മോഹനൻ വരുന്നതു്. അയാളെന്താണു് ഇങ്ങനെ പരതി നോക്കുന്നതു് എന്നെനിക്കു പിടികിട്ടിയില്ല. കട്ടിലിനടിയിൽ വച്ചിരുന്ന ഓക്സിജൻ സിലിണ്ടർ മാറ്റാൻ വന്നതാണെന്നാണു് കരുതിയതു്. അയാൾ അവിടെ വട്ടംചുറ്റിയും പാളിനോക്കിയും നിൽക്കുമ്പോൾ തന്നെയാണു് പോസ്റ്റ്മോർട്ടം സഹായി കുഞ്ഞുമോനും വരുന്നതു്. അവരു് പറയുന്നതു് എനിക്കു നന്നായി കേൾക്കാമായിരുന്നു. പാമരത്തിൽ പണിയുണ്ടാക്കാൻ പോയ പെണ്ണാ എന്നു പറഞ്ഞു് മോഹനൻ എന്റെ മേലുള്ള നീലത്തുണി മാറ്റി. അവരുടെ കൈ ഓടുന്നതു കണ്ടപ്പോൾ എനിക്കു് ഊഹിക്കാൻ കഴിഞ്ഞു അവർ ചെയ്യുന്നതു് എന്താണെന്നു്. അച്ഛൻ ഭാർഗവൻ ഇനി വന്നു് എന്തുചെയ്താലും ഞാനൊന്നും അറിയില്ലെന്നും ഉറപ്പായി.

ശവമായി മുന്നിൽകിട്ടിയാലും നീ ഇതു തന്നെ ചെയ്യില്ലേടാ എന്നു് വഷളൻ ചിരിയോടെ കുഞ്ഞുമോനോടു് മോഹനൻ ചോദിച്ചപ്പോഴാണു് ശവവും ഞാനും തമ്മിൽ നേരിയ അകലം ബാക്കിയുണ്ടെന്നു തിരിച്ചറിഞ്ഞതു്. അതൊരു വല്ലാത്ത വെളിപാടായിരുന്നു.

അന്നു ഞാനൊരു ബുദ്ധനായി. ആ കിടപ്പിൽ എനിക്കു രാവും പകലും പോലെ ഉറക്കവും ഉണർവും വേർതിരിച്ചു കിട്ടി. എനിക്കായിട്ടു് ആഗ്രഹം ഒന്നേ ഉണ്ടായിരുന്നുള്ളു. എല്ലാം കാണാൻ പറ്റണം. കണ്ണടച്ചാൽ വിചാരിക്കുന്നേടത്തൊക്കെ പോകണം. അമ്മ എന്നും ജോലിക്കു പോയിക്കഴിഞ്ഞാൽ ഞാൻ യാത്ര തുടങ്ങുകയായി.

കാടുവെട്ടിക്കയറുന്നതിനിടെ നവമി:
“ഈ നിലവറയ്ക്കപ്പുറം മറ്റൊരു പെരുംനുണ വേറെന്തുണ്ടു്?”
ഏകാദശി:
“ഉള്ളിൽ യാനമുണ്ടാകാം എന്ന തോന്നൽ മതി നമുക്കു കാടു തെളിക്കാൻ.”
ഏകൻ:
“ഇനി കണ്ടെത്തുന്നതു ശൂന്യതയാണെങ്കിൽ പഴയ പതിറ്റാണ്ടുകളിലൊന്നിൽ നൗക കൊണ്ടുപോയവരുടെ പേരു നാം കണ്ടെത്തും.”
ഏകാദശി:
“പിന്നെ, അവരുടെ പിന്മുറക്കാർ നമ്മുടെ ശത്രുക്കളാകും.”

ത്രയ മാത്രം ഉറക്കെചിരിച്ചു.

ഏകാദശി തമാശ പറയാറില്ലെന്നു് ഏകൻ. ത്രയ അപ്പോഴും ചിരിച്ചു.

എഴുപത്തിയാറുപേർ നിരന്നുനിന്നു വെട്ടിയിട്ടും വാതിലോളം തെളിഞ്ഞില്ല; രാവു വീണു. ഋദ്ധി പായ്വഞ്ചിയിലേക്കു നടന്നു. അവിടെ കരയിൽ ദ്വാദശി കരിയില കൂട്ടി തീ കായുന്നു. ഋദ്ധിയുടെ ഉരകല്ലും ഗന്ധകവും അടുത്തു കിടന്നു. നൗകയിൽ നിന്നു് ആദ്യം ഒരു കുട്ടകം. പിന്നാലെ ചണച്ചാക്കു നിറയെ അരി. രാവിലെ കൂട്ടിയ മൂന്നു കല്ലിനുള്ളിലെ ചുള്ളികളിലേക്കു് ഏകൻ തീപകർന്നു.

ത്രയ:
“തീയില്ല എന്ന ഋദ്ധിയുടെ ഒരു നുണകൂടി എരിഞ്ഞുതീരുന്നു.”
നവമി:
“നമ്മളെ കരുതിയുള്ള നുണ.”

ത്രയ ഋദ്ധിയുടെ പുറംകഴുത്തിലേക്കു ചുണ്ടുമുട്ടിച്ചു. ഏകൻ ഒരു വലിയ ഉരുളൻകല്ലെടുത്തു് ഉയർത്തിയിട്ടു. ത്രയ ഞെട്ടി പിന്മാറി. പഞ്ചമി ‘ദ്വിജൻ’ എന്നു മാത്രം പറഞ്ഞതോടെ സ്ഫോടനാത്മകമായ ഒരു പകൽ കഴിഞ്ഞുപോയെന്നു് അവർ പൊടുന്നനെയോർത്തു. ഏകൻ കല്ലു് തിരികെ ഉരുട്ടിക്കയറ്റാനാഞ്ഞു്, പിന്മാറി, ചവിട്ടിക്കുതിച്ചുപോയി.

കുട്ടകത്തിലെ വേവു നോക്കി ഋദ്ധി: “നമ്മുടെ അവസാന അരിയാഹാരം; സമുദ്ര തന്നുപോയതാണു്.

ഇനി നമുക്കു് യാനങ്ങൾ കണ്ടെത്തണം. അല്ലെങ്കിൽ കട്ടമരങ്ങൾ. മാനുകളെ നാളെത്തന്നെ വെയിലത്തു് ഉണക്കാൻ തുടങ്ങണം, പിന്നെ വാരിക്കമ്പുകളിൽ കോർത്തെടുക്കണം. മുയലുകളെ നമ്മൾ ഉണക്കിയെടുക്കും. കപ്പൽച്ചാൽ നീളെ തിരണ്ടികൾ ഉരുവിലേക്കു വഴിതെറ്റിവരും.”

ഉയർത്തിപ്പിടിച്ച ഋദ്ധിയുടെ ഇടംകയ്യിൽ ചുട്ടുവച്ചിരുന്ന കരിച്ചാളയിലൊന്നുണ്ടായിരുന്നു. കണ്ണു് അവിടെത്തന്നെ ഉറപ്പിച്ചു നിർത്തി മറ്റു് എഴുപത്തിയേഴു കൈകൾക്കൊപ്പം മാറിമാറി വലംകൈ കുട്ടകത്തിലേക്കു്. ഓരോ തവണ വറ്റു തേടി കൈ താഴ്ത്തുമ്പോഴും ഒരു മൃദുവായ ചുറ്റിപ്പിടിത്തം ഋദ്ധി അറിഞ്ഞു. ത്രയയല്ല. ത്രയ ഏകനൊപ്പം മറുവശത്തെ പാതിയിരുട്ടിലുണ്ടു്. ഇത്തവണ ആ കൈകൂടി ചേർത്തു് ഋദ്ധി ഉയർത്തി. ദ്വാദശി നെഞ്ചിലേക്കു വീണു വിതുമ്പി.

ദ്വാദശിയുടെ മുടിയിഴകൾ അഴിച്ചെടുക്കാനാകാതെ ഋദ്ധിയുടെ വിരലുകൾ തപ്പിത്തടഞ്ഞു. തടവറക്കിടപ്പിൽ ജട കെട്ടിയ വലതുവശം പലകപോലെ കനംവച്ചിരുന്നു. വലംതലയിൽ കിടന്നു ശീലിച്ച ദ്വാദശിയുടെ ഇടംതല മടിയിലേക്കു ചേർത്തു. ഋദ്ധിയുടെ പൊക്കിൾച്ചുഴിയിലേക്കു് ദ്വാദശി മുഖംപൂഴ്ത്തി. ഉപ്പുനീരുനിറഞ്ഞ തടാകമുണ്ടായി. ദ്വാദശി മുങ്ങിനിവർന്നു.

എഴുനേൽക്കുമ്പോൾ ഋദ്ധി പായ്ക്കപ്പൽ തുഞ്ചത്തിരുന്നു് പുലർകാല പ്രകൃതിവിളി അനുസരിക്കുന്നു. കടലിനേക്കാൾ വലിയ ഫ്ലഷ് വേറെ എവിടെ കിട്ടാൻ. ദ്വാദശി കടലിലേക്കിറങ്ങി. മുടിയിഴകൾ വിടർത്തി. മുങ്ങിനിവരുമ്പോൾ ഏകൻ തിരകളിൽ നിന്നു് ത്രയയെ കൈകളിലേന്തി വരുന്നു. ത്രയ ആർത്താർത്തു് ഏകന്റെ കഴുത്തിൽ വട്ടംകിടന്നു. നടപ്പിൽ ത്രയയുടെ പൊക്കിളിന്റെ ആഴം ഏകൻ നാവുകൊണ്ടു് അളന്നു. ദ്വാദശി കൈകളിൽ ഒരു ചുംബനം പതിപ്പിച്ചു് ഊതിയയച്ചു. ത്രയ അതേറ്റുവാങ്ങി ഏകനിലേക്കു തിരയായി.

ദ്വാദശി മുടിയിഴകളിൽ നിന്നു് പഞ്ചാരമണൽത്തരികൾ പാറ്റിയെടുത്തു.

ഒരു മുറം മുന്നിൽ വച്ചു് അമ്മ. പുഴുക്കുത്തുവീണ റേഷൻ പച്ചരി ജടകെട്ടിയ മുടിപോലെ നിരനിരെക്കിടന്നു. ഓരോ ജടയും വിരൽകൊണ്ടു് ഞരടിവിടർത്തി, ഉതിർത്തി പാറ്റി. ഓരോ തവണ മുറം ഉയർന്നു താഴ്‌ന്നു വരുമ്പോഴും അമ്മയുടെ കൈവിരലുകൾ താളമായി. തക്കിടതാ… തധീംകിടതാ… ദ്വാദശി എന്ന ഒൻപതുകാരി കമഴ്ത്തിവച്ച കുടത്തിലിരുന്നു് താളമിട്ടു.

അമ്മ വേഗം കൂട്ടി; ദ്വാദശിയും. അമ്മ നിർത്തി മുറമൂലയ്ക്കു കൂടിയ കല്ലും പുഴുക്കൂടും പെറുക്കി. ദ്വാദശി ഒറ്റവിരൽകൊണ്ടു് ആ ചെറുകല്ലുകൾ കൂട്ടിമുട്ടുന്ന നേർത്ത ഝിലം ഝിലം ശബ്ദമുണ്ടാക്കി. അമ്മ വേഗം കൂട്ടി. ദ്വാദശി ഓട്ടവീണ ഓലമേൽക്കൂരയിലേക്കു തലയുയർത്തി. കുടത്തിലെ താളവേഗം കൂടി. അമ്മ മുറം താഴെ വച്ചു. ദ്വാദശി കൊട്ടു നിർത്തി അടുപ്പിലേക്കു നോക്കി.

അമ്മ:
“മേളം നിന്റെ വിശപ്പുമാറ്റും.”
കേളൻ കയറിവന്നു:
“പറയച്ചെണ്ടയിൽ കോലു വീഴുന്നതു് ചത്ത കാലിയുടെ ശവമെടുക്കാനാണു്; വിശപ്പും കെടും.”

ശവവും വിശപ്പും ദ്വാദശിയിൽ തികട്ടിവന്നു.

ഇന്നലെ ദ്വിജദേഹം കണ്ടതുമുതൽ തോന്നിയ താളം വെള്ളത്തിൽ അടിച്ചു പെരുക്കി. മൃഗത്തോൽ പോലെ തിര ഓരോരോ പാളിയായി അടികൊള്ളാൻ പാകത്തിൽ മുന്നിലുയർന്നു വന്നു. ദ്വാദശി പാതിപ്പെരുക്കത്തിൽ താളം നിർത്തി തിരകളിലേക്കു മുഖംപൂഴ്ത്തി. കണ്ണീരും കടലും കുറുക്കിയെടുത്തു് ഒരുപ്പുകൊറ്റൻ ത്രയോദശിയിലേക്കു കയറിവന്നു.

ബിനോയിക്കു് പല രാത്രികളിലും അകത്തു സുശീല മാത്രമായിരുന്നു.

പതിനാലാം വയസ്സുമുതൽ ചേച്ചിയുടെ ഭർത്താവു വച്ചുകൊണ്ടിരുന്ന പെണ്ണാണു്. അയാളുടെ കൂട്ടാളികളും പൊതുമുതൽ പോലെ കണ്ട ശരീരമാണു്. തൂക്കി നോക്കിയാൽ കിലോ മുപ്പതു തികയില്ല. അത്രയ്ക്കും അശുവാണു്. എന്നിട്ടും രാത്രി കിടക്കുമ്പോഴൊക്കെ അവൾ അകം കേറിവന്നു. അതെന്തുകൊണ്ടാണെന്നു് ബിനോയിക്കു് ഒരെത്തും പിടിയും കിട്ടിയില്ല.

ഒരു രാത്രി ബിനോയിക്കു് ബോധോദയം ഉണ്ടായി. ഒന്നു ഞൊടിച്ചാൽ പോരാൻ മാത്രം ദുർബലയാണു്. മേല്കീഴ് നോക്കാൻ ഇനി ഒന്നും ഇല്ലാത്തോളാണു്. അവളുടെ നിസ്സഹായത ഞാനും മുതലെടുക്കുകയാണു്. അവളെ ഉള്ളിലിട്ടു വ്യഭിചരിച്ചതിന്റെ പാപംതീരാൻ അടുത്ത ദുഃഖവെള്ളിക്കു് ഇരുപതടി മരക്കുരിശുമായി മലയാറ്റൂരു കേറാമെന്നു് ബിനോയി നേർന്നു.

കക്കവാരാൻ കഴുത്തോളം വെള്ളത്തിൽ നിൽക്കുമ്പോഴാണു് അത്തരക്കാരെ പെറുക്കികൾ എന്നു് അന്നമ്മ തീർത്തു് ഇല്ലാതാക്കി കളഞ്ഞതു്.

“കെട്ട്യോൻ ചത്തോരും കെട്ട്യോനിട്ടിട്ടു പോയോരും ഒരുങ്ങി കിടക്കുവാന്നാണു് അവന്റെയൊക്കെ വിചാരം. രാത്രി നീ അടുക്കള വാതില് തുറന്നിട്ടു് തുണിയൊക്കെ മാറ്റിയിരുന്നാൽ ഞാനിത്തിരി സുഖം തന്നിട്ടു പൊക്കോളാം എന്നാണു് അവനെപ്പോലുള്ളവരുടെ മനോനില.”

ബിനോയി അങ്ങനത്തെയാളല്ല എന്നു പറഞ്ഞാൽ അന്നമ്മ തട്ടിക്കേറുമെന്നു പേടിച്ചു് സുശീല അടുത്ത കക്കതേടി കൈ താഴ്ത്തി. ഒരു മടഞ്ഞില് വളവളാന്നു പോകുന്നു. നടുക്കു തന്നെ പിടിത്തം കിട്ടി. വഴുതിപ്പോകും മുമ്പു ബക്കറ്റിലേക്കു തട്ടി. പെട്ടാൽ പിന്നെ കരയ്ക്കു കേറാനുള്ള നട്ടെല്ലുറപ്പില്ലാത്തവരാണു് ആണുങ്ങളെപ്പോലെ മടഞ്ഞിലും. കിടന്നു പുളയ്ക്കുമെന്നേയുള്ളു.

“അങ്ങേരു് ഫ്യൂരിഡാൻ വലിച്ചുകേറ്റിപ്പോയി നാൽപ്പത്തൊന്നു തികയും മുൻപാണു്. കാശുകൊടുത്തേലൊരുത്തൻ, ആ ബ്ലേഡ് മത്തായിയില്ലേ, അയാളു രാത്രി വീട്ടില് വന്നു. ഞാനങ്ങു സമ്മതിച്ചു. പത്തുമിനിറ്റുകൊണ്ടു് അയാളുടെ വായു പോയി. അപ്പോൾ മുതല് അങ്ങേരു് ഒരേ നിലവിളി. നീ എന്നെ ചതിക്കുമോ അന്നമ്മേന്നു ചോദിച്ചു്. കണ്ണു രണ്ടും നിറഞ്ഞൊഴുകുകയാണു്. പെട്ടൂന്നു കണ്ടാൽ ആണുങ്ങള് മഹാകഷ്ടമാണു്. നെഞ്ചത്തടിച്ചായിരിക്കും കാറുന്നതു്.”

“നിങ്ങളെയൊന്നും ചതിക്കാൻ എന്നേക്കൊണ്ടു കൊള്ളുവേല ചേട്ടാ… എന്ന എന്റെ ഒറ്റവാക്കു് കേട്ടതോടെ അങ്ങേരു സ്വിച്ചു് അമർത്തിയതുപോലെ കരച്ചിൽ അവസാനിപ്പിച്ചു. ഇപ്പം ഞാൻ വിളിച്ചാൽ ചോദിക്കുന്ന കാശുവച്ചിട്ടു പോകും. അതു ചെയ്യിച്ചാൽ പിന്നെ ഈ അന്നമ്മയ്ക്കു് ഉറക്കം വരത്തില്ല. അവൻ മരിക്കുന്നതുവരെ എന്നെ പേടിച്ചു നടക്കണം. ഞാൻ മടഞ്ഞിലു വിൽക്കാൻ കെട്ട്യോളുടെ മുന്നിൽ കൊട്ടയിറക്കി വയ്ക്കുമ്പോഴൊക്കെ അവൻ വെപ്രാളപ്പെട്ടു് പരക്കം പായണം. നാറികൾ.”

സുശീല വേറൊന്നാണു് ആലോചിച്ചതു്. കക്കയിറച്ചിക്കൊന്നും പഴയ മേഗതിയില്ല. മീൻപിടിച്ചാലോ എന്നു തോന്നാൻ തുടങ്ങീട്ടു് കുറച്ചായി. മൊയ്തീനാണെങ്കിൽ വള്ളം വിൽക്കാനിട്ടിരിക്കുകയാണു്. അതിനൊള്ള കാശും വീശുവല വാങ്ങാനുള്ളതും ഇടവകക്കാര്യ സഹകരണ സംഘത്തീന്നു് വായ്പയെടുപ്പിച്ചു താമെന്നു് ബിനോയി പറയുകേം ചെയ്തു. കായലിങ്ങനെ മീനുമായി കെടക്കയല്ലേ മലയത്തീന്നാരുന്നു ആ പ്രലോഭനം.

“സഹായിക്കാൻ വരുന്നോനൊക്കെ ശരീരം കണ്ടിട്ടു തന്നെയാണു്. ബാക്കി കരുണയൊക്കെ മേനിപറച്ചിലാണു്.” അന്നമ്മയ്ക്കു് ഒരു സംശയവും ഉണ്ടായില്ല.

സുശീല ഉണർന്നെഴുനേറ്റപ്പോൾ ചുറ്റും പുകയായിരുന്നു.

കാർത്ത്യായനിയുടെ വീടു നിൽക്കുന്നിടത്തു് ആളനക്കത്തിന്റെ ലക്ഷണങ്ങളില്ല. ചാളക്കാരി കോളനിയിൽ നിന്നു് പലരും രാത്രി തന്നെ പോയിരിക്കുന്നു. യുദ്ധം മൂക്കുകയാണു്. ഋദ്ധിയെ കൊണ്ടുപോകാൻ പഞ്ചായത്തു് ഓഫീസിൽ നിന്നു രാവിലെ ആംബുലൻസ് അയയ്ക്കുമെന്നു് എവിടെ നിന്നോ പാഞ്ഞുവന്നു പറഞ്ഞിട്ടു് മെംബർ പൈലി അതേ വേഗത്തിൽ സ്കൂട്ടർ ഓടിച്ചു പോയി. എല്ലാവരും ഒന്നിച്ചു് ജീസസ് മേരി സ്കൂളിലെ വയ്പുപുരേലാണു് കിടക്കാൻ പോകുന്നതു്. അതു് മണ്ണിനു താഴെ കുഴിച്ചുണ്ടാക്കിയ നിലയാണു്. സ്കൂള് പണിത മാനേജ്മെന്റ് കഞ്ഞിപ്പുര കുഴിച്ചുവച്ചതു കാര്യായി എന്നു കൂടി പറഞ്ഞിട്ടാണു് പൈലി മെംബർ പോയതു്.

ആരോടാണു യുദ്ധമെന്നു് അമ്മ മെംബറോടു ചോദിച്ചില്ലല്ലോ എന്നു് ഋദ്ധിക്കു നീരസം തോന്നി. തുറന്ന കണ്ണു് പെട്ടെന്നു് അടഞ്ഞു. ഇപ്പോഴൊക്കെ പത്തു നിമിഷമൊക്കെയാണു് ലോകം കാണാൻ പറ്റുന്നതു്. ബാക്കിയുള്ള നേരത്തൊക്കെ മരിച്ചതു പോലെയാണു്.

ഋദ്ധിയുടെ മേൽക്കാഴ്ച പെട്ടെന്നു മാറി.

ഇതുവരെ ഉണ്ടായിരുന്ന അടിവശം തേയ്ക്കാത്ത വാർക്ക മേൽക്കൂരയിൽ കുറെക്കാലമായി ഒരു ആൺപല്ലി വരുമായിരുന്നു. തലയ്ക്കു മുകളിൽ വന്നു് എപ്പോഴും വട്ടംതിരിഞ്ഞു് ചില്… ചില്… ചിലയ്ക്കുന്നവൻ. അമ്മ രാവിലെ ഇറങ്ങിയാൽ ഞാൻ കാണുന്ന ജീവനുള്ളവയിൽ അപൂർവം ഒരാൾ. പിന്നെയുള്ളതു് അവനു വേണ്ടിയെന്നതുപോലെ പെറ്റുപെരുകുന്ന പ്രാണികളും ഇയലുകളുമാണു്. ഇടയ്ക്കു മാത്രം അവൻ കൂട്ടുകാരിയുമായി വരും. അവൾ ബാക്കി സമയത്തു് എവിടെയാണാ ആവോ? ചിലപ്പോൾ ആ മുറിയുടെ തന്നെ മറ്റൊരു ദേശത്തു കാണും. എന്റെ കണ്ണുചെല്ലുന്ന നാലഞ്ചടി പ്രദേശത്തല്ലാതെ രാജവെമ്പാലകൾ താമസിച്ചാലും ഞാനറിയണമെന്നില്ല. പെൺപല്ലി കാഴ്ചയിൽ വളരെ ദുർബലയാണു്. കൂട്ടുകാരി വന്നാൽ പിന്നെ അതുവരെയുള്ള അവനല്ല. സ്വയം ദിനോസറിനെപ്പോലെ വലിയവനാണെന്ന മട്ടിലുള്ള നിൽപൊക്കെ നിർത്തും. കൊമ്പനും പിടിയും സിംഹവും സിംഹിണിയും ഒക്കെപ്പോലെ ദൂരക്കാഴ്ചയിൽ തന്നെ ആൺപെൺ വേറിട്ടു നിൽക്കുന്നവരാണു്. അവൻ പല്ലിപ്പെണ്ണിന്റെ അടുത്തു പോകുന്നതു തന്നെ ഒട്ടും തിടുക്കപ്പെടാതെ സൗമ്യപാദപദനങ്ങളുമായാണു്. പെൺപല്ലിയാണെങ്കിൽ ഭീമാകാരനായ ആണൊരുത്തൻ വരുന്നു എന്ന പേടിയൊന്നും ഇല്ലാതെ നിൽക്കും. പിന്നെ അവർ എന്റെ തലയ്ക്കു മുകളിൽ വച്ചു തന്നെ ചുണ്ടുരുമ്മും. നാവുകൾ മുട്ടിക്കും. വാലുകൾ കൂട്ടിപ്പിണച്ചു നൃത്തം ചെയ്യും. അധികാരി ഭാവം ആൺപല്ലിക്കോ അടിമഭാവം പെൺപല്ലിക്കോ കണ്ടിട്ടില്ല. സിംഹിണിക്കു മേൽ സിംഹത്തിനും പിടിയാനയ്ക്കു മേൽ കൊമ്പനും അങ്ങനെ ഒരു അവകാശമില്ലല്ലോ. തിന്നാനുള്ള ഇരയുടെ മേൽ അല്ലാതെ അവരൊന്നും അവകാശം കാണിക്കാറുമില്ല.

വഴിയേ പോകുന്നവരെ ഒക്കെ കുത്തുന്ന ഒരു കാളയുണ്ടായിരുന്നു പാപ്പുവിനു്. അമ്മ മൂന്നോ നാലോ തവണ പറഞ്ഞിട്ടുള്ള കഥയാണു്. ഞാനും അമ്മയും തമ്മിൽ പതിനാലു വയസ്സിന്റെ വ്യത്യാസമേയുള്ളു. പത്തൊൻപതാം വയസ്സിൽ ഞാൻ അപകടത്തിൽപ്പെടുമ്പോൾ അമ്മയ്ക്കു് മുപ്പത്തിമൂന്നു വയസ്സു്. ശരിക്കും ഞങ്ങൾ രണ്ടുപേരും അന്നു ചെറുപ്പക്കാരാണു്. ഇന്നു് എനിക്കു് മുപ്പതാകുന്നു. അമ്മ നാൽപ്പത്തിനാലിലേക്കും. ഇപ്പോഴും രണ്ടാളും ചെറുപ്പം തന്നെ. എങ്കിലും അമ്മയുടെ ലോകവും എന്റെ ലോകവും തമ്മിൽ വലിയ അന്തരമുണ്ടു്. അമ്മയുടെ ഓർമ്മയിലൊക്കെ പുരാതനമായ ഒരു ലോകമാണു്. പറയുന്നതൊക്കെ അമ്മൂമ്മയുടെ കാലത്തെ കഥകളാണു് എന്നു തോന്നിയിട്ടുണ്ടു്. അമ്മയുടെ പതിനാലു വയസ്സിനിടെ അമ്മൂമ്മ മഹാഭാരതത്തിലുള്ളതിലധികം കഥകൾ അമ്മയ്ക്കു പറഞ്ഞുകൊടുത്തിട്ടുണ്ടു്. നിലത്തെഴുത്താശാന്റെ മകളായ അമ്മൂമ്മയ്ക്കു് അച്ഛൻ കുട്ടികളോടു് പറയുന്നതുകേട്ടു കിട്ടിയ കഥകളാണെല്ലാം.

നിലത്തു വിരിച്ചിട്ട മണലിനു മുന്നിൽ പത്തുമുപ്പതു കുട്ടികളെ എഴുതാൻ വിട്ടു് അച്ഛനിരുന്നു് കഥ പറയും.

കുട്ടികൾക്കു് ഒരാഴ്ചയൊക്കെ ഒരക്ഷരം തന്നെ മണലിൽ എഴുതിയും മായ്ച്ചും ഇരിക്കാം. വർഷത്തിൽ അൻപത്തിമൂന്നു് ആഴ്ചയുണ്ടു്. അക്കാലംകൊണ്ടു് അൻപത്തിയാറക്ഷരം പഠിച്ചാൽ മതിയെന്നാണു് കളരിക്കണക്കു്. അക്ഷരം പൂർത്തിയായിട്ടേ അക്കത്തിലേക്കു കയറൂ. അതും ഒരു വർഷം കൊണ്ടു് നൂറുവരെ പഠിപ്പിക്കും. രാവിലെ എട്ടു മുതൽ ഉച്ചവരെ കഥകേൾക്കുക, അക്ഷരം എഴുതിയും മായ്ച്ചും ഇരിക്കുക. അതായിരുന്നു പാഠ്യപദ്ധതി. ഉച്ചയ്ക്കു് ഊണു കഴിഞ്ഞാൽ എല്ലാവർക്കും തറയിൽ നിരന്നു കിടക്കാം. അച്ഛൻ പാട്ടുകൾ പാടും. കൃഷ്ണഗാഥയും പൂതപ്പാട്ടും കുചേലവൃത്തവുമൊക്കെയാണു് ചാരുകസേരയിൽ കിടന്നു് പാടുക. അതു കേട്ടു് കുട്ടികൾ ഉറങ്ങും.

ഒരു ദിവസം മൂന്നോ നാലോ കഥകൾ അച്ഛൻ പറയും. മഹാഭാരത കഥയാണു് കൂടുതൽ. പക്ഷേ, അതു പറയുന്നതിനൊപ്പം നാട്ടിലെ ആളുകളും കയറിവരും. കർണന്റെ കഥ പറഞ്ഞാൽ ഒപ്പം പറയുക പണ്ടു സ്കൂളിൽ കയറ്റാത്തതിനാൽ അരഭിത്തിക്കു വെളിയിലിരുന്നു കേട്ടു പഠിച്ചു നാടുവിട്ടു മദിരാശിക്കു പോയി അവിടെ ഇംഗ്ലീഷ് പത്രത്തിൽ ജോലി ചെയ്ത പി. കെ. കറുപ്പരയന്റെ കഥയായിരിക്കും. കറുപ്പരയൻ ഇംഗ്ലീഷ് പത്രത്തിലൊന്നുമല്ല മദിരാശിയിലെ സിനിമാ കൊട്ടകയിൽ ടിക്കറ്റ് കൊടുപ്പുകാരനാണെന്നു് വാര്യരും മാരാരും ശംഘും ചെണ്ടയുമായി പറയെടുപ്പിനു പോകുന്നിടത്തെല്ലാം ദക്ഷിണ വാങ്ങി ഇഡ്ഡലിയും ചമ്മന്തിയും കഴിക്കുമ്പോൾ പറഞ്ഞു തിരുത്തി നടക്കുന്നതു് ആശാൻ മാത്രം സമ്മതിച്ചില്ല. സത്യം തെളിയിക്കാനായി കറുപ്പരയനൊട്ടു നാട്ടിലേക്കു വന്നതുമില്ല. അങ്ങനെ കേട്ട കഥകൾ മുഴുവൻ ഭവാനി അമ്പിളിക്കും സുശീലയ്ക്കും പറഞ്ഞുകൊടുത്തു. മറ്റുലോകമൊന്നും സ്വന്തമായി ഇല്ലാത്ത അമ്മ ആ കഥയിലാണു് തുഴഞ്ഞുനടക്കുന്നതു്.

പാപ്പുവിന്റെ പറമ്പിൽ കയറിയാൽ ആരായാലും വേണ്ടില്ല കാള ഓടിച്ചിട്ടു കുത്തും.

നാട്ടിലെ താരപദവിയുള്ള വിത്തുകാളയാണു്. പെരിയപാപ്പു എന്നാണു് കുട്ടികൾ ഇട്ടിരുന്ന പേരു്. പക്ഷേ, ഒരു പശുവിനേയും അവൻ കുത്തിയിട്ടില്ല. പുളപ്പുള്ള പശുക്കളുമായി നാട്ടിലെ ആണുങ്ങൾ വരും. കാള പശുവിനോടു് ചെയ്യുന്നതു് പെണ്ണുങ്ങൾക്കു കാണാൻ കൊള്ളുന്നതല്ല എന്ന തോന്നലൊക്കെ അവിടെയുമുണ്ടായിരുന്നു. പശുക്കളുമായി നടകയറി ചെല്ലുമ്പോഴേ പെരിയപാപ്പു തല മുകളിലേക്കും താഴേയ്ക്കുമാട്ടി മാടി വിളിക്കും. അല്ലെങ്കിൽ കൊമ്പുകുലുക്കി കുത്താൻ വരുന്നവനാണു് അങ്ങനെ നല്ല ആതിഥേയനാകുന്നതു്. അമ്മയുടെ ആ കഥമാത്രം എന്നും ഇവിടെ വന്നു് അവസാനിച്ചു. ഇതിങ്ങനെ അവർത്തിച്ചു പറയാൻ മാത്രം എന്താണെന്നു് ആലോചിച്ചു ഞാൻ കുറെ സമയം കളഞ്ഞതുമിച്ചം.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.