images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
ഓലപ്പുടവൻ

മുന്നിലെ സൈക്കിളിൽ നന്ദിനിയായിരുന്നു. പിന്നിലെ സൈക്കിളിൽ ഞാനും.

ഒരു സൈക്കിൾ വാടകയ്ക്കു കിട്ടുമോ എന്ന അവളുടെ ചോദ്യത്തിനു പിന്നാലെ ജുവലിനെ വിളിച്ചതാണു്. വലിയ പറച്ചിലൊന്നുമില്ലാതെ സൈക്കിൾ തന്നിട്ടു പോയി. അവനങ്ങനെയാണു്. മൃദുവർത്തമാനങ്ങളുമായി അടുത്തു വരില്ലെങ്കിലും ഒരാവശ്യമുണ്ടെന്നു കണ്ടാൽ പരിഹാരമുണ്ടാക്കും.

കനാൽ ബണ്ടിലൂടെയുള്ള വഴി ഒരിടത്തും അവസാനിക്കില്ലെന്നു തോന്നി. സൈക്കിളിൽ എത്രപോയാലും ഒരിക്കലും ക്ഷീണം തോന്നുന്നതല്ല. പക്ഷേ, ഇന്നു് അങ്ങനെയല്ല. നന്ദിനിയുടെ വേഗത്തിനൊപ്പം എത്താൻ കഴിയുന്നില്ല. അവൾ സ്കൂളിൽ വന്ന ഭാവവും രീതിയും കണ്ടിട്ടു് സൈക്കിളൊക്കെ ഇത്ര ഭംഗിയായി ചവിട്ടുമെന്നു തോന്നിയിരുന്നില്ല.

ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നുണ്ടായ ഒരു ധൈര്യമുണ്ടു്. മുന്നിൽ കാലൻ വന്നു നിന്നാലും ‘എന്തുണ്ടിഷ്ടാ വിശേഷം’ എന്നു ചോദിക്കും. പക്ഷേ, നന്ദിനിക്കൊപ്പം പുറപ്പെട്ട ഈ ദൗത്യം നിഷ്ഫലമാകാതെ തരമില്ല എന്ന മുൻവിധി എന്റെ ധൈര്യം ചോർത്തി. അതിന്റെ നിരാശ പിന്നോട്ടുവലിച്ചു. നാലുവർഷം മുമ്പു് ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ അവൾ ഇരുന്നു കളിച്ച ചെറിയ ചാരുകസേര ഉണ്ടോ എന്നു് നോക്കണം. അതു് കുഞ്ഞനിയനു കൊടുക്കണം. അതിനാണു് ഇരുപതു കിലോമീറ്റർ അകലേക്കുള്ള ഭ്രാന്തൻ യാത്ര.

എന്റെ നിരുൽസാഹമൊന്നും നന്ദിനിക്കില്ല. നൂറു മീറ്റർ ഓട്ടക്കാരി തൊണ്ണൂറു മീറ്റർ പിന്നിട്ടാലെന്നതുപോലെ ഒരോ നിമിഷവും വേഗം കൂട്ടുകയാണു്. ഇടയ്ക്കു ഞാൻ ബെൽ അടിക്കുമ്പോൾ തിരിഞ്ഞു നോക്കും. പിന്നെയും അവൾ എഴുനേറ്റു നിന്നു ചവിട്ടുകയാണു്.

എല്ലാ നിഷ്ഫലതകൾക്കുമപ്പുറം ഇത്തരം ദൗത്യങ്ങൾ മാത്രമേ അഭിമാനത്തോടെ ഓർക്കാനുള്ളു. എത്ര നിസ്സാരമായ ആവശ്യത്തിനു വേണ്ടിയാണു് രണ്ടു് എട്ടാം ക്ളാസുകാരികൾ ഒരു ഓണം അവധിക്കു് ഇരുവശത്തേക്കുമായി നാൽപതു കിലോമീറ്റർ സൈക്കിൾ ചവിട്ടിയതു്. അതും ദുരൂഹതകളുടെ കനാൽ ബണ്ടിലൂടെ.

കനാലുകൾക്കൊപ്പം പണിയുന്ന റോഡുകളിലൂടെയാണു് കൊന്നവരുടെ ശവങ്ങളുമായി ജീപ്പുകൾ പോകുന്നതെന്നു് അന്നമ്മച്ചേടത്തി പറയാറുണ്ടു്. അൻപതിലേറെ കിലോമീറ്റർ നീളത്തിലാണു് കനാൽ. അത്രതന്നെ നീളത്തിൽ മുണ്ടുവിരിച്ച വീതിമാത്രമുള്ള റോഡും. ബണ്ടിൽ നിന്നു് കനാലിന്റെ അത്ര തന്നെ താഴ്ചയുള്ള ചതുപ്പുകളാണു് മറുവശത്തു്. കൊണ്ടിടുന്ന ശവങ്ങൾ അവിടെക്കിടന്നു് അഴുകിയാൽ ആരും അറിയണമെന്നില്ല. വിതയ്ക്കാൻ പോയാലല്ലേ അസ്ഥി കാണത്തൊള്ളൂ എന്നു് അന്നമ്മച്ചേടത്തി.

പെൺകുട്ടികളെ പകൽപോലും ഒറ്റയ്ക്കു് കനാൽ ബണ്ടുവഴി വീട്ടുകാർ വിടാറില്ല. ആ വഴിക്കാണു് നന്ദിനി കൂട്ടിക്കൊണ്ടുപോകുന്നതു്. പോയേടത്തു നിന്നൊക്കെ തിരിച്ചു വരുമെന്നു് അറിയാവുന്ന അമ്മയും സിസ്റ്ററും ഒരു മുഷിച്ചിലും കാണിച്ചില്ല. എനിക്കെന്തോ സവിശേഷ സിദ്ധിയും ധൈര്യവും ഉണ്ടെന്നു് അവർ കരുതിയിരുന്നതുപോലെ തോന്നി.

നന്ദിനി ഇടയ്ക്കൊന്നു നിർത്തി വെള്ളം കുടിച്ചു.

അവൾക്കു് ആദ്യത്തെ ചിരി ഇപ്പോൾ തീരെയില്ല. ഉത്കണ്ഠ നിറഞ്ഞ എന്റെ അതേഭാവം. ഒരേ വെയിലിൽ ഒരേ നിഴലായിരിക്കുമല്ലോ. സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരു മണം വരുന്നുണ്ടു്. ആ ഗന്ധം എനിക്കറിയാം. എന്നാൽ അതു് ഞാനനുഭവിച്ച മണമല്ല. അമ്മ അറിഞ്ഞ മണമാണു്. കനാലിനപ്പുറത്തെ ചതുപ്പിൽ താമര വിരിഞ്ഞു നിൽക്കുകയാണു്. ഇടയ്ക്കു് ആമ്പലും. കാണാൻ ഭംഗിയുള്ള പൂക്കളാണെങ്കിലും ചേറ് മണമാണു് അവിടെല്ലാം എന്നു് അമ്മ എത്രവട്ടം പറഞ്ഞിരിക്കുന്നു. അമ്മ കൊണ്ട ആ മണം ഞാൻ തിരിച്ചറിയുകയാണു്. ആരാണു് പറഞ്ഞതു് മണം റെക്കോഡ് ചെയ്യാൻ കഴിയില്ലെന്നു്. അമ്മ ഓർമയിൽ റെക്കോഡ് ചെയ്ത ആ മണമാണു് ഞാനിപ്പോൾ അറിയുന്നതു്. ഒരിക്കൽപോലും കാണാത്ത ആ നാടിന്റെ മണം ദൂരെയെവിടെയോയെത്തി ഞാനറിയുകയാണു്.

മുമ്പു് ഇതുപോലെ അമ്മയുടെ തലയിൽ അമ്മൂമ്മ തേച്ചിരുന്ന വെന്തവെളിച്ചെണ്ണയുടെ മണം ഞാൻ അറിഞ്ഞിരുന്നു. നന്ദിനിയുടെ അനിയന്റെ മുടിയിഴകളിൽ നിന്നു്. ശബ്ദവും വെളിച്ചവും ദൃശ്യവും പോലെ റെക്കോഡ് ചെയ്തു് ഗന്ധത്തെ പിന്നെ ഉപയോഗിക്കാൻ കഴിഞ്ഞെങ്കിൽ. അങ്ങനെ സാധിച്ചാൽ ഒരു നാടകത്തിൽ എന്തൊക്കെ ചെയ്യണം എന്നു് എനിക്കു് ഊഹമുണ്ടായിരുന്നു. കീഴ്ശ്വാസത്തിന്റേയും പുളിച്ച കള്ളിന്റേയും ബീഡിയുടേയും കഞ്ചാവിന്റേയും മണം ആവർത്തിച്ചു പ്രക്ഷേപണം ചെയ്യണം. അതു സഹിക്കാനാകാതെ കാണികൾ ച്ഛർദ്ദിക്കണം. മന്ത്രിമാരുള്ള അരങ്ങുകളിൽ ചാളക്കാരി കോളനിയിലെ മണം പകർത്തി എത്തിക്കണം. ഓരോ പുരുഷനും ആഗ്രഹിക്കുന്ന സ്ത്രീയുടെ ഗന്ധം; ഓരോ സ്ത്രീയും ആഗ്രഹിക്കുന്ന പുരുഷന്റെ ഗന്ധം; ഇതു രണ്ടും തുറന്നുവിട്ടു് ലോകത്തെ മുഴുവൻ ജീവികളേയും ഉന്മത്തരാക്കണം. ആരുമിനി നഷ്ടഗന്ധങ്ങളിൽ ഉരുകരുതു്. എനിക്കു് പദ്ധതികൾ അനേകമുണ്ടായിരുന്നു.

സൈക്കിൾ തെങ്ങിന്റെ ചുവട്ടിലെത്തി. നന്ദിനി ഇറങ്ങി. ഞാനും. ആളൊഴിഞ്ഞ വീടു്. നോക്കെത്താ ദൂരത്തൊന്നും വേറാരുമില്ല. തെങ്ങിൻതോപ്പു് കാടുകയറിക്കിടക്കുകയാണു്. ആളനക്കം കുറച്ചുകാലമായി ഇല്ല എന്നു് അറിയിക്കുന്ന പന്തലിച്ച പടർപ്പുകൾക്കിടയിലൂടെ നന്ദിനി നടന്നു.

ഒരു പന്നിയെലി മുന്നിലൂടെ പാഞ്ഞുപോയി. പിന്നാലെ പാമ്പുവരുമെന്നു് അവൾ അലറി. ഒറ്റച്ചാട്ടത്തിനു് എന്റെ എളിയിൽ. നീർക്കോലി മുതൽ ശംഖുവരയനും അണലിയും വരെയുള്ള ആറ്റെറുമ്പുകൾ. തൊട്ടാൽ മരിച്ചുവീഴുന്ന വിഷപ്പാമ്പുകൾ പുളയ്ക്കുന്ന കായൽ. ഇതെല്ലാം കടന്നുവന്ന ഞാൻ ചിരിച്ചു. അതോടെ ദൗത്യ നായകത്വം നന്ദിനിയിൽ നിന്നു് എന്നിലെത്തി.

അന്നാണു് എനിക്കൊരു കാര്യം മനസ്സിലായതു്; നയിക്കാനല്ലാതെ നയിക്കപ്പെടേണ്ടി വന്നാൽ ഞാൻ തളർന്നുപോകുമെന്നു്. വലിയൊരു കമ്പെടുത്തു. പള്ളയുടെ തലപ്പുകൾ വെട്ടി ഞാൻ മുമ്പേ നടന്നു. അതുവരെയുള്ള എല്ലാ ധൈര്യവും ചോർന്നു് നന്ദിനി പിന്നാലെ. എന്റെ മനസ്സും കീഴ്മേൽ മറിഞ്ഞു. ഞാൻ തീർച്ചയാക്കി. ഇതു പരാജയപ്പെടാനുള്ള യാത്രയല്ല. നന്ദിനിയുടെ കുടുംബത്തെ ഇറക്കിവിട്ടശേഷം ബാങ്കിനു് ഇതു വിൽക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു് ആരും വന്നിട്ടില്ല. ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ കയറാൻ മാത്രം മണ്ടന്മാരല്ല നാട്ടിലെ കള്ളന്മാർ. ജപ്തിയാണു് ലോകത്തെ ഏറ്റവും വലിയ കൊള്ള. അതുകഴിഞ്ഞാൽ പിന്നെ ഒന്നും ബാക്കിയുണ്ടാകില്ല. അതുകൊണ്ടു തന്നെ നന്ദിനിയുടെ അച്ഛൻ എന്തൊക്കെ ഉപേക്ഷിച്ചിട്ടുണ്ടോ അതൊക്കെ അവിടെ ഉണ്ടാകണം.

ഞങ്ങൾ പൊട്ടിപ്പോളിഞ്ഞ ചെറിയഇറയത്തു് എത്തി. നന്ദിനി പറഞ്ഞ ദിശയിൽ പിന്നിലെ വിറകുപുരയിലേക്കു നീങ്ങി. അവിടെ ഒരു ചാക്കിൽ കെട്ടിയിട്ടിരിക്കുന്ന മരാമത്തു് സാധനങ്ങൾക്കൊപ്പം മടക്കിയ ചാരുകസേരയും ഉണ്ടെന്നാണു് നന്ദിനിയുടെ ഉറപ്പു്. അതിന്റെ ഒരുകൈപ്പടിയിൽ കുഴിയുണ്ടു്; അതു പാൽക്കുപ്പി വയ്ക്കാനാണു്. രണ്ടാമത്തെ പടിയിൽ കളിപ്പാട്ടങ്ങൾ തൂക്കിയിടാവുന്ന ക്രാസി. ഇതാണു് അടയാളം. ഞാൻ ചാക്കിന്റെ കെട്ടഴിക്കുമ്പോൾ നന്ദിനി ഏറെ മാറി പേടിയോടെ നിന്നു.

അതൊരു വിജയിച്ച ദൗത്യമായിരുന്നു. സ്കൂളിലേക്കുള്ള ചോറുപാത്രത്തിൽ സിസ്റ്റർ സന്ധ്യ രണ്ടുപേർക്കും വേണ്ടത്ര നൂഡിൽസ് തന്നുവിട്ടിരുന്നു. നന്ദിനി അതു കഴിച്ചുകൊണ്ടു പറഞ്ഞു: എന്റെ വീട്ടിൽ നൂഡിൽസൊന്നും ഉണ്ടാക്കിയിട്ടേയില്ല. ഇഡലി, ദോശ, ഉപ്പുമാവു്. മൂന്നുമല്ലെങ്കിൽ ഗോതമ്പുകഞ്ഞി. പുട്ടു് ഞങ്ങൾ ഉണ്ടാക്കാറേ ഇല്ല, അപ്പവും ഇടിയപ്പവും തീരെ ഇല്ല. പൊറോട്ട കേട്ടിട്ടു മാത്രമേയുള്ളു.

കടംകയറി വസ്തുവെല്ലാം പോയാലും മേൽജാതിക്കാരുടെ വാടകവീടുകളിൽ നിന്നു ഭക്ഷണത്തിലേയും ഭാഷയിലേയും മിഥ്യാഭിമാനം പോകില്ല എന്നു് സാമൂഹിക പാഠം ക്ലാസിൽ ജോൺ മാത്യു സർ പറഞ്ഞതു് ഓർക്കാനുള്ള നിമിഷമായിരുന്നു അതെനിക്കു്.

ആ മടക്കത്തിൽ അവളുടെ മുഖം വിടർന്ന താമരപോലെ നിറംപരത്തി. സ്വന്തം വീടുപോയ ഒരാൾ ചിരിക്കുകയാണു്. സ്വന്തം വസ്തുവാണു്. കവർന്നാണു് അതെടുക്കുന്നതു്. സ്വന്തം ജീവിതം മോഷ്ടിച്ചെടുത്ത നന്ദിനിയുടെ കൂട്ടുപ്രതിയായതിൽ ഞാനും ഉന്മാദം കൊണ്ടു. എന്റെ സൈക്കിളായിരുന്നു വണ്ടിപ്പാടുകൾക്കു മുന്നിൽ. നന്ദിനി അലസം പിന്നിൽ വന്നു. അവളുടെ സൈക്കിൾ ചുമടുതാങ്ങിയിൽ ആ ചാരുകസേരയുണ്ടു്. അതിൽ മഞ്ഞയും പച്ചയും വരകളുള്ള തുണികൊണ്ടു് ഇരിപ്പുസഞ്ചി തുന്നാനുള്ള ഹരമാണു് ആ മുഖത്തു്.

ഋദ്ധി ഞെട്ടിയുണർന്നു.

ബഹളമാണു്. സുശീല മാത്രം അതിൽചേരാതെ ഋദ്ധിയുടെ കട്ടിലിൽ ചുരുണ്ടുകിടന്നു. ആ ക്യാംപിൽ ഉള്ള ഒരേയൊരു കട്ടിലാണു് ഋദ്ധിയുടേതു്. അതുകൊണ്ടു് ഇപ്പോൾ സുഖമായ കിടപ്പു് ഈ അമ്മയ്ക്കും മകൾക്കും മാത്രമാണു്. വീട്ടിൽ നിന്നു പോരുമ്പോൾ ഋദ്ധി കിടന്നിരുന്ന കട്ടിലും ആംബുലൻസിൽ കൊണ്ടുവന്നതാണു്. ബാക്കിയുള്ളവരെല്ലാം നിരത്തിയിട്ട ബെഞ്ചുകളിലും ഡെസ്കുകളിലുമാണു് ഇന്നലെ മുതൽ കിടക്കുന്നതു്. ചാളക്കാരി കോളനിയിലെ പലർക്കും അതുപോലും ആഡംബരമാണു്. ചാണകം മെഴുകിയ തറയിലെ കൈതപ്പായയിൽ കിടന്നവർക്കു് ഇതിലപ്പുറമെന്തു്.

സുശീല ചെവിയോർത്തു. ബഹളം ഭക്ഷണത്തെച്ചൊല്ലിയാണു്. രാവിലെ സൂചിഗോതമ്പുകൊണ്ടു് ഉപ്പുമാവാണു്. ക്യാംപിലുള്ളതു് നൂറ്റിമുപ്പത്തിയഞ്ചു പേർ. നാൽപതുപേർ കഴിച്ചപ്പോഴേ ഉപ്പുമാവു കഴിഞ്ഞു. ദേഹണ്ഡക്കാരൊന്നുമില്ല. ക്യാംപിലുള്ളവർ തന്നെ സ്കൂളിലെ കഞ്ഞിപ്പാത്രത്തിൽ വഴറ്റിയതാണു്.

വലിയ പ്രശ്നമൊന്നുമില്ല. സൂചി ഗോതമ്പുണ്ടു്. വീണ്ടും ഉണ്ടാക്കണം. രണ്ടാമതു് ഉണ്ടാക്കേണ്ടി വന്നതിനുള്ള പരസ്പരം കുറ്റപ്പെടുത്തലുകളാണു്. വീണ്ടും മുളകരിഞ്ഞു്, ഉള്ളിതൊലിച്ചു്, ഇഞ്ചി ചുരണ്ടി, കടുകു് വെളിച്ചെണ്ണയിൽ മൂപ്പിച്ചു്, കറിവേപ്പിലയിട്ടു്, ഉള്ളിയും മുളകും ഇഞ്ചിയും വഴറ്റി, സൂചി ഗോതമ്പു് പിന്നാലെയിട്ടു്, അടുത്ത അടുപ്പിൽ നിന്നു തിളച്ച വെള്ളം ഗോതമ്പിന്റെ മൂന്നിരട്ടി കോരിയൊഴിച്ചു്, രണ്ടു കൈ നിറയെ ഉപ്പുമിട്ടു് പരന്ന അലുമിനിയം പ്ലേറ്റു കൊണ്ടു് അവർ അടച്ചുവച്ചു.

ഇതിനി എത്രപേർക്കൊണ്ടടാവ്വേ എന്നു് അന്നമ്മ.

കിട്ടാത്ത തൊണ്ണൂറു പേരുടെയും പ്ലേറ്റുകളിലേക്കു തുല്യമായി ഇടുമെന്നു് ഗോപാലച്ചേട്ടൻ.

ഒരു തരി അങ്ങോടും ഇങ്ങോടും ഇല്ലെന്നു് മെംബർ പൈലി.

രണ്ടാമതു് വയ്ക്കേണ്ടി വന്നില്ലാരുന്നേൽ മുഷിഞ്ഞു് മരിച്ചേനേ എന്നു് സേവ്യർ.

കാലിലാരോ അടിച്ചു. സുശീല ഞെട്ടി കണ്ണുതുറന്നു.

ബിനോയി കയ്യിലൊരു വീശുപാള പിടിച്ചു നിന്നു ചിരിക്കുന്നു. ഒരു കൊതുകിനെ കൊന്നതാണെന്നു് പറഞ്ഞു് പാളയിൽ ചോരപറ്റിയതു് കാണിച്ചു. സുശീല മുണ്ടു് ഒന്നുകൂടി വലിച്ചു് കാൽവണ്ണവരെ മൂടി. പരിഭ്രമം മാറാതെ എഴുനേറ്റിരുന്നു. തല കറങ്ങുന്നുണ്ടു്. എന്താണു കാരണം എന്നു മനസ്സിലാകുന്നില്ല. അങ്ങനെ ഇക്കാലത്തിനിടയ്ക്കു പതിവില്ല.

ബിനോയി ദുരേയ്ക്കു ചൂണ്ടി. ആൻസി എന്നാണു് ഭാര്യയുടെ പേരു് എന്നു പറഞ്ഞിട്ടുണ്ടു്. അവരുടെ കല്യാണം ഋദ്ധി കിടപ്പിലാവുന്നതിനു് ആറേഴ് മാസം മുൻപായിരുന്നു. ഈ നാട്ടിൽ പത്തുവർഷമായിട്ടും ഒരിക്കൽ പോലും കണ്ടിട്ടില്ല. സുശീല നോക്കി. തല കൂടുതൽ ചുറ്റുന്നുണ്ടു്. സുശീലയ്ക്കു കിടക്കാൻ തോന്നി. ബിനോയിക്കു് ഏനക്കേടു് മനസ്സിലായി. ഞാനിവിടെ തന്നെയുണ്ടു് എന്നു പറഞ്ഞു് നടന്നുപോയി. സുശീല വീണ്ടും കിടന്നു. പെട്ടെന്നു് മേൽക്കൂര മുഴുവൻ കറങ്ങുന്നു. കട്ടിലിന്റെ രണ്ടറ്റത്തും കൈപിടിച്ചു. കറക്കത്തിന്റെ വേഗം കൂടുകയാണു്.

സുശീല സ്കൂൾ കാലം കഴിഞ്ഞു് ആദ്യമായി ദൈവത്തെ വിളിച്ചു: “എന്റെ ഈശ്വരന്മാരേ, എനിക്കു മുൻപു് എന്റെ കൊച്ചിനെ വിളിച്ചോണേ…”

കണ്ണടച്ചു് ഒരു മിനിറ്റു കഴിഞ്ഞപ്പോൾ ലോകം സാധാരണ നിലയിലായി. വീണ്ടും തുറക്കാൻ പേടിയായി. തുറക്കാതെ വയ്യല്ലോ. തുറന്നു. ലോകം അതിവേഗം കറങ്ങുക തന്നെയാണു്. സുശീലയ്ക്കു കണ്ടതു മതിയായി. ഇങ്ങനെയൊന്നു് ആദ്യമാണു്. പതിനാലു വയസ്സുമുതൽ നാൽപ്പത്തിനാലു വരെ ഒരിടത്തും ഇരുന്നിട്ടില്ല, പിന്നല്ലേ കിടക്കുന്നതു്. പനിയും ജലദോഷവും വന്നപ്പോഴൊന്നും കായലീപ്പോക്കു് മുടക്കിയിട്ടുമില്ല. ഇന്നു് ഈ നിമിഷമാണു് ഭയമറിയുന്നതു്. ഞാൻ പോയാൽ എന്റെ മോൾ?

എന്റെ ദൈവമേ, എന്റെ ദൈവമേ… എന്നു് തല കറങ്ങുമ്പോൾ സുശീല ആർത്തു.

ആറാന കുടയും ആലവട്ടവുമേറ്റി നിരന്നു നിന്നു കയറും.

വഴിതെളിച്ചുവന്നപ്പോൾ തെളിഞ്ഞതു് പടുകൂറ്റൻ കവാടം. വാതിലിന്റെ പലകയുടെ കനം തന്നെ പന്ത്രണ്ടു് ഇഞ്ചാണു്. അടിയിലെ നേർത്ത വിടവിലൂടെ ഓലകടത്തിവിട്ടു് ചതുര അളവെടുത്തു. ഒരടി കനമുള്ള പലകകൾ പതിനെട്ടു് ഇഞ്ചു് കനമുള്ള ചതുരക്കള്ളികളിൽ തല്ലിക്കൂട്ടി പണിത വാതിൽ. ഈ കോട്ടയ്ക്കായി പണിതതാകണമെന്നില്ല; വൻകരയിലെ ഏതെങ്കിലും കൊട്ടാരവാതിൽ പൊളിച്ചു കൊണ്ടുവന്നതാകാമെന്നു് രണ്ടുവട്ടം തെക്കുവടക്കു നടന്നു ചതുര തീർപ്പാക്കി. അന്നു പണിയാൻ നാൽപ്പതു തേക്കെങ്കിലും തീർത്തുകാണും.

ത്രയ:
“ഓ വാതിലൊക്കെ ആരെങ്കിലും എടുത്തുകൊണ്ടുവരുമോ?”.
ചതുര:
“ചെങ്കോട്ടയുടെ വെള്ളി മേലാപ്പു് അഴിച്ചുവിറ്റു് പാനിപ്പറ്റ് യുദ്ധം നടത്തിയ രാജാക്കന്മാരുണ്ടു്.”
ഏകൻ:
“ചെങ്കോട്ടയിൽ നിന്നു കാണാതായ മയൂര സിംഹാസനം ഇനി ഇതിനുള്ളിലെങ്ങാനും?”
ദശ:
“പട്ടമഹിഷിയുടെ മൂക്കുത്തിയിലെ അരയ്ക്കാൽ പണമിട പൊന്നുരുക്കി ചൂതുകളിച്ച തമ്പുരാക്കന്മാരുള്ളപ്പോഴാണു് മയൂര സിംഹാസനം ചില്ലിട്ടുവയ്ക്കുന്നതു്.”
ത്രയ:
“അതേതു തമ്പുരാൻ?”
ദശ:
“ഉറപ്പായും കാണും, ചുമ്മാ ചരിത്രമൊക്കെയൊന്നു മറിച്ചു് നോക്കു്…”

ത്രയ നിർത്താതെ ചിരിച്ചു. ഋദ്ധിയിൽ പതിവില്ലാത്ത മന്ദഹാസം വിടർന്നു.

തെളിഞ്ഞചാഞ്ഞപാതയിൽ പകുതിപ്പേരും ഒത്തുപിടിച്ചു് വലിയൊരു ഉരുളൻതടി ഉരുട്ടിയെത്തിച്ചു. തേച്ചുമിനുക്കി എണ്ണയിട്ടു വച്ചിരുന്ന ഉരുപ്പടിയാണു്. പലകയാക്കാൻ കൊണ്ടുവന്നു ബാക്കിവച്ചതാകും എന്നാണു് ചതുര കണ്ടെത്തിയതു്. ഇവിടെവിടെങ്കിലും പഴയ അറക്കവാളും കാണണമെന്നും ചതുര ഉറപ്പിച്ചു. ഋദ്ധിയാണു് മറ്റൊരു സംശയം പറഞ്ഞതു്. പത്തുപന്ത്രണ്ടുപേർ കവച്ചുകിടന്നു് കപ്പലിൽ നിന്നു കരയിലേക്കും തിരിച്ചും പോയ കട്ടമരവുമാകാം എന്നു്. തടിയുടെ ഇരുവശത്തുമായി ഏകനെ പിൻതുടർന്നു് എഴുപത്തിയാറുപേരും ഋദ്ധിയും നിന്നു.

ഋദ്ധി:
“ലോകംകണ്ട ഏറ്റവും വലിയ, വലിയ വലിയ, പെരുംനുണ പിൻതുടർച്ചയാണു്.”
ഏകൻ:
“അധരോർജ്ജമാണല്ലോ എല്ലാ അടിമകളുടേയും അടിയാധാരം;ചുമ്മാ തർക്കിക്കുക തന്നെ.”
ത്രയ:
“പണിയെടുപ്പിക്കാനുള്ള മൂത്തമുതലാളിത്ത തന്ത്രം.”

വാതിൽ ഇടിച്ചു തുറക്കാനുള്ള താളത്തിനായി ‘ഐലസാ…’ വിളി ദ്വാദശിയിൽ നിന്നുയർന്നു. സപ്തമ ‘ഏലേലയ്യ…’ എന്നു് ഏറ്റുപിടിച്ചു. ഐലസാ… ഏലേലയ്യ…വിളികൾ ആവർത്തിച്ചു് ആ തടികൊണ്ടു് അവർ വഞ്ചിപ്പെരുംകോട്ടവാതിലിൽ ഇടിച്ചു. ആദ്യ മൂന്നു് ഇടികളിലും മരം ഒരു ചലനവും ഉണ്ടാക്കാതെ ഇടിച്ചു നിന്നു. നാലാം ശ്രമത്തിൽ ഇടത്തെ വാതിൽപ്പാളി അടർന്നു വീണു. ആഘാതം ഏൽക്കാത്തതുപോലെ അനക്കമില്ലാതെ നിന്ന രണ്ടാം പാളി ഒരു നിമിഷത്തിനു ശേഷം മരംവീഴുംപോലെ കരഞ്ഞു മലക്കെത്തുറന്നു. വഞ്ചിക്കോട്ടവാതിൽ കടന്നു് പലദശാബ്ദങ്ങൾ ഒന്നിച്ചു പ്രവേശിച്ചു.

പത്തിലേറെ വഞ്ചികൾ നിരന്നു കിടക്കുകയാണു്. ചില പായ്മരങ്ങൾ പതിറ്റാണ്ടുകളെ വെന്നു നെടുനീളത്തിൽ, ചിലതു് നൊത്തു് ഒടിഞ്ഞുതൂങ്ങി. മടക്കിവച്ചിരുന്ന പായകൾ ദ്രവിച്ചു പൊടിയായി പാറിക്കിടന്നു.

ത്രയോദിശി:
“പിൻതുടർച്ച ഒരു നുണയല്ല, കരുതലാണു്”

ഋദ്ധി ഒന്നിൽ കൈവച്ചു. മരം തുളഞ്ഞു് കൈ ഉള്ളിലേക്കു പോയി. പഴയ ഏതോ പതിറ്റാണ്ടിൽ പൊഴിച്ചിട്ടുപോയ എട്ടടി നാഗപടം കടൽകൊണ്ടുവന്ന കാറ്റിൽ പതാകപോലെ പാറി.

നവമിക്കു ശ്വാസംമുട്ടി.

മാറാപ്പിൽ നിന്നു് ചതുര വീതുളി എടുത്തു. തടവറ മതിൽ തകർത്തിറങ്ങുമ്പോൾ കോണോടുകോൺ മടക്കിയ കോറത്തുണിയിലെടുത്തതു് നാലു വീതുളി, ഒരു കൊത്തുളി, ചിന്തേര്, കൈവാൾ, കൊട്ടൂടി, പിന്നെ മുഴക്കോലും. ഇടംചെവിയിലെ പെൻസിൽ മാറ്റി ചതുര ബീഡി തിരുകിയതു് സമുദ്രയുടെ കപ്പലിൽ കയറിയതിനു പിന്നാലെയാണു്. കൊട്ടോടി കൊണ്ടു തട്ടി ഉരുവിനു ചുറ്റും ചതുര നടന്നു. ഓരോ ചുവടിലും അറക്കപ്പുരയിൽ നിന്നെന്നതുപോലെ പൊടിയുയർന്നു.

ഏകൻ:
“കാറ്റും വെട്ടവുമടിക്കാത്ത തനിതേക്കിൻകാതലും കുത്തനെടുക്കും.”
ദ്വാദശി:
“കാറ്റടിക്കാത്ത മനുഷ്യരേയും.”

തെളിച്ചെടുത്ത പാതയിലൂടെ ഋദ്ധി കടലോളം നടന്നു. വീട്ടുകാരനെ കണ്ട നായക്കുട്ടിയെപ്പോലെ തിരവന്നു് കാലിൽ തൊട്ടുരുമ്മിത്തുള്ളി മടങ്ങി, ഓട്ടം മുഴുമിക്കും മുൻപു തിരികെവന്നു് വട്ടംചുറ്റി. പിന്നെയും അതു് ഓടിപ്പോയി, വന്നു.

സുശീല ഋദ്ധിയുടെ ട്യൂബ് വിടുവിച്ചു് മൂത്രബാഗുമായി പുറത്തേക്കു നടന്നു.

വേണ്ടിവന്നാൽ താങ്ങാൻ ഭിത്തിയോടു് ചേർന്നാണു് നടന്നതു്. ഇപ്പോൾ തല കറങ്ങുന്നില്ലെങ്കിലും ആകെ മന്ദതയാണു്. സ്കൂളിലെ കുട്ടികളുടെ മൂത്രപ്പുര ക്ലോസെറ്റുകളും വെള്ളക്കുഴലുകളും തൊട്ടിയും ഇല്ലാത്തവയാണു്. എന്നിട്ടും അതു് കോളനിയിലെ പല വീടുകളിലുമുള്ള സൗകര്യങ്ങളേക്കാൾ മികച്ചു നിന്നു. ഋദ്ധിയുടെ പിൻതലമുറ ഇരുന്നു മൂത്രമൊഴിക്കുന്ന പാത്തിയിലേക്കു് ആ ബാഗ് സുശീല മറിച്ചു. ഒപ്പം സ്വയം മൂത്രമൊഴിച്ചു. തിരികെ എഴുനേറ്റു നടക്കുമ്പോൾ സുശീല മനസ്സിനെ പറഞ്ഞുറപ്പിച്ചു: തലകറങ്ങി എന്നു വെറുതെ തോന്നിയതാണു്. എനിക്കൊരു കുഴപ്പവുമില്ല.

ആ നടപ്പിൽ ആൻസി അടുത്തുവന്നു.

സുശീല അറിയുമോ?

സുശീല:
ആൻസി…
ആൻസി:
നമ്മൾ കണ്ടിട്ടേയില്ലല്ലോ?
സുശീല:
എനിക്കറിയാം.

ആൻസി സുശീലയുടെ തോളിൽ പിടിച്ചു. സുശീലയ്ക്കു ബിനോയി ആദ്യമായി തൊടുന്നതുപോലെ തോന്നി. കണങ്കാലിൽ രോമങ്ങൾ എഴുന്നതായി അറിഞ്ഞു. സുശീലയ്ക്കു് ചുണ്ടുകൾ വിറച്ചു. ആൻസി പതുക്കെ കട്ടിലിലേക്കു പിടിച്ചു കിടത്തി. ഋദ്ധിയുടെ കാൽച്ചുവട്ടിൽ സുശീല ചുരുണ്ടു കിടന്നു. ആൻസി സുശീലയുടെ കൺപോള വിടർത്തി നോക്കി. നല്ല മഞ്ഞ നിറം. രണ്ടരപതിറ്റാണ്ടായി കായലിൽ കിടന്നു ദ്രവിച്ച നഖങ്ങളിൽ പിടിച്ചു. അതു തൊട്ടാൽ അടരുമെന്ന മട്ടിൽ നിൽക്കുന്നു. ആൻസി നടുവു നിവർത്തിയപ്പോഴേക്കും ബിനോയി പിന്നിലെത്തി.

ഡോക്ടറെ വിളിക്കണം.

സുശീല ഋദ്ധിയുടെ കട്ടിലിനു താഴെ വിറച്ചു കിടക്കുന്നതുകണ്ടു് ഒന്നു നോക്കണമെന്നു് ബിനോയി ആൻസിയോടു് പറഞ്ഞിരുന്നു. പത്തു വർഷമായി നഴ്സാണു് ആൻസി. സുശീലയുടെ ആ വേച്ചുള്ള പോക്കു കണ്ടപ്പോഴേ താളപ്പിഴ തിരിച്ചറിഞ്ഞിരുന്നു.

ദ്വാദശി ഋദ്ധിയുടെ പൊക്കിളിനു മുകളിൽ വലതുകയ്യിലെ അഞ്ചു വിരലുകളും വിടർത്തി വച്ചു.

ആ വിരലുകൾക്കു മുകളിൽ ഋദ്ധിയുടെ വലതുകൈ. പിന്നെ ദ്വാദശിയുടെ ഇടതുകൈ. അതിനു മുകളിൽ ഋദ്ധിയുടെ ഇടതുകൈ.

“അക്കുത്തിക്കുത്താനവരമ്പത്ത്
കല്ലേക്കുത്തു് കടുംകുത്ത്…”

അക്കുത്തിക്കുത്താനവരമ്പത്ത്… നന്ദിനി കുഞ്ഞുണ്ണിയുടെ ചുരുട്ടിപ്പിടിച്ച കൈകളിലെ വിരലുകൾ ഓരോന്നായി വിടർത്തി. മുകളിൽ നന്ദിനിയുടെ കൈ. അതിനു മുകളിൽ ഞാൻ. അതിനു മുകളിൽ ജൂവൽ. പിന്നെ ആനി. സുലൈഖ, അഫ്സൽ… അക്കിത്തിക്കുത്തു് ആവേശത്തോടെ പറയുകയാണു്. അട്ടഹാസങ്ങളും ആ വീട്ടിൽ നിറയുകയാണു്. ഞങ്ങളുടെ ഓരോ അലർച്ചയ്ക്കുമൊപ്പം കുഞ്ഞുണ്ണി കാലുകളും കൈകളും അന്തരീക്ഷത്തിൽ ചിവിട്ടി കുതിക്കുകയാണു്.

പെട്ടെന്നു് നന്ദിനി കൈ പിൻവലിച്ചു് എഴുനേറ്റു മാറി നിന്നു. വഴിയിൽനിന്നു് അച്ഛന്റെ സ്കൂട്ടർ കയറി വന്നു. നന്ദിനി എല്ലാവരോടും കൈകാണിച്ചു. പോകാനാണു് ആ ആഗ്യം. അമ്മ പെട്ടെന്നു വന്നു് കുഞ്ഞുണ്ണിയെ തോളിലിട്ടു് അകത്തേക്കു പോയി. ഞങ്ങൾ ഓരോരുത്തരായി പുറത്തിറങ്ങി. അച്ഛൻ ആരേയും നോക്കുക പോലും ചെയ്യാതെ മുറിയിലേക്കും. പിന്നിൽ വാതിൽ അടഞ്ഞു. സൈക്കിൾ എടുത്തു് മിണ്ടാതെ റോഡിലെത്തിയപ്പോൾ ജുവൽ: “അച്ഛൻ വന്നതു് കാര്യമായി, എനിക്കു് മുള്ളാൻ മുട്ടി നിൽക്കുകയായിരുന്നു.”

ജൂവൽ നിന്നുകൊണ്ടു് സിബ് താഴ്ത്തി. എന്നാൽ പിന്നെ ഞാനും മുള്ളാമെന്നു് ജീൻസ് വലിച്ചു് താഴ്ത്തി അവിടെ ഇരുന്നു. നന്ദിനിയുടെ വാടകവീടിന്റെ മതിലിനു താഴെയുള്ള ഓടയിലേക്കാണു് ഞങ്ങൾ മത്സരിച്ചു മൂത്രമൊഴിച്ചതു്. ഞങ്ങൾ രണ്ടാളും മൂത്രമൊഴിച്ചു തുടങ്ങിയതേ ആനിയും സുലൈഖയും അഫ്സലും വന്നു് ഒപ്പം കൂടി. സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. തലപൊക്കി നോക്കുമ്പോഴുണ്ടു് നന്ദിനി ജനലിന്റെ അഴികൾക്കിടയിലൂടെ രണ്ടു വിരലുകൾ ഉയർത്തി വിക്ടറി കാണിക്കുന്നു. അഫ്സലിനു് ചിരി പൊട്ടി നിൽക്കാൻ വയ്യ.

“എന്തെടാ” എന്നു ജൂവൽ.

“അവളുടെ അച്ഛനിതെല്ലാം അപ്പുറത്തെ ജനൽ വഴി കാണുന്നുണ്ടെടാ…” എന്നു് പറഞ്ഞു് അവൻ സിബ് അടച്ചു.

പുറത്തേക്കുള്ള വഴികൾ എല്ലാം അടച്ചിരിക്കുകയാണെന്നു് ഡോ. സന്തോഷ് കുമാർ പറഞ്ഞു.

പട്ടാളവണ്ടിയിലാണു് ഡോക്ടറെ ക്യാംപിലെത്തിച്ചതു്. ഇനി ഒരറിയിപ്പു് ഉണ്ടാകുന്നതുവരെ ഡോ. സന്തോഷ് കുമാർ ക്യാംപിലുണ്ടാകണം എന്ന നിർദേശം കൈമാറി പട്ടാളം പോയി. ഡോക്ടർ വന്നതോടെ തിക്കുംതിരക്കുമായി. ചിലർക്കു് ക്യാംപിലെത്തിയിട്ടു വയറ്റിൽ നിന്നു പോകുന്നില്ല. മറ്റു ചിലർക്കു് വയറിളക്കമാണു്. ചിലർക്കു പനിക്കുന്നു. വേറെ ചിലർക്കു് ശരീരത്തിൽ ചൊറിഞ്ഞു തടിക്കുന്നു. കുമിളകൾ പൊട്ടുന്നു. സുശീലയ്ക്കു് എഴുനേൽക്കുന്നതിലും നല്ലതു് അങ്ങനെ കിടക്കുകയാണെന്നു തോന്നി. മയക്കം വരുന്നുണ്ടു്.

ഡോക്ടറുടെ കസേരയ്ക്കു മുന്നിൽ വരി നിന്നവരെ മറികടന്നു് അന്നമ്മ ചെന്നു. “നിൽക്കണ കണ്ടാലറിയാം ഇവരാരും ചാവാൻ പോകുവല്ലാന്നു്. പെണ്ണൊരുത്തി അവിടെ തലപൊങ്ങാതെ കിടക്കുമ്പഴാ.”

ഡോക്ടറുടെ കയ്യിൽ പിടിച്ചു് അന്നമ്മ സുശീലയുടെ അടുത്തേക്കു നടന്നു.

നാടിമിടിപ്പിനു് വേഗം പോരാ. കൺപോളകൾ ഡോക്ടർ വിടർത്തിയിട്ടും സുശീല ഉണർന്നതായി തോന്നിയില്ല. ഓരോ ശ്വാസത്തിനൊപ്പവും മൂളൽ കേൾക്കാം. നേരത്തെ ഉണ്ടായിട്ടുണ്ടോ എന്നു് സ്റ്റെതസ്കോപ്പ് ചെവിയിൽ തിരികി ഡോക്ടർ. ആൻസി അന്നമ്മയെ നോക്കി. അന്നമ്മ രണ്ടു തോളുകൾ മുകളിലേക്കാക്കി ഇല്ല എന്നു കാണിച്ചു. ഇതുവരെ ഒരു പനി ഗുളിക പോലും കഴിച്ചതായി അറിയില്ലെന്നു് പറയണമെന്നുണ്ടായിരുന്നു. അന്നമ്മയ്ക്കു് പേടി തട്ടി ഒച്ചപൊങ്ങിയില്ല. കണ്ണു നിറഞ്ഞു. അങ്ങനെ ഉത്തരം മുട്ടുന്ന അനുഭവം അന്നമ്മയ്ക്കു് ഇക്കാലത്തിനിടെ ഉണ്ടായിട്ടില്ല. സ്വന്തം ചങ്കു് പറിയുന്നതുപോലൊരു പെടപ്പാണിപ്പോൾ.

പെട്ടെന്നു് അന്നമ്മ ഋദ്ധിയെ നോക്കി. അന്നമ്മയ്ക്കു് വെപ്രാളമായി. ഡോക്ടർ അവിടെ നിൽക്കുമ്പോൾ തന്നെ അടുപ്പുകൾ കൂട്ടിയിരിക്കുന്ന മൂലയിലേക്കോടി. പാത്രത്തിൽ ബാക്കിയുള്ള ഉപ്പുമാവു് ഒരു തവി എടുത്തു. തിളച്ചുവരുന്ന അരിയുടെ വെള്ളം അതിലേക്കു മുക്കിയൊഴിച്ചു. തവികൊണ്ടു് അതു് ഉടച്ചു. അരിഞ്ഞുവച്ചിരുന്നതു് സവാളയാണു്. അതു് കൈകൊണ്ടു് ഉപ്പുചേർത്തു ഞരടി മുകളിൽ വിതറി. ഒരു സ്പൂണുമായി ഓടി വന്നു. ഋദ്ധിയുടെ വായിൽ അതു ചെരിച്ചു തിരുകി. ഋദ്ധി കൺതുറന്നു.

അന്നമ്മച്ചെടത്തിയെ ഇങ്ങനെ കാണുന്നതു് ആദ്യമാണു്. അമ്മയല്ലാതെ ഒരാൾ എനിക്കു കഞ്ഞി തന്നിട്ടേയില്ല. അന്നമ്മ ചേടത്തി ശബ്ദം താഴ്ത്തി എന്നതുപോലെ ചോദിച്ചു. വെപ്രാളത്തിൽ ഒച്ച ഉയരുകയാണു് ചെയ്തതു്.

“ചുട്ട മീൻവേണോ പിള്ളേ…”

ആ ചുണ്ടു് അനങ്ങിയതു് അങ്ങനെയാണു്. ചിരിക്കേണ്ടതാണു്. ഞാൻ ചിരിക്കുന്നുണ്ടു്. അതു് അന്നമ്മച്ചേടത്തി അറിഞ്ഞിരുന്നെങ്കിൽ. സ്കൂളിൽ നിന്നിറങ്ങി ഇതുവരെ ആ മഞ്ഞനിറമുള്ള ഉപ്പുമാവു് കഴിച്ചിട്ടില്ല. അമ്മ എന്നുമിപ്പോൾ കഞ്ഞിയാണു് തരാറ്. പലഹാരങ്ങളുടെ രുചി അറിഞ്ഞിട്ടു് എത്ര കാലമായി. ഈ ചരിച്ചുവച്ച സ്പൂണിനു് അപ്പുറത്തു കൂടി ഒഴുകിവരുന്നതു് കഞ്ഞിയല്ല എന്നു് അറിയാം. അതു് ഉപ്പുമാവാണു്. പക്ഷേ, എനിക്കു് അതു വേറിട്ടു തോന്നുന്നില്ല. ഇറങ്ങിപ്പോവുകയാണു്, ഇന്നലെ വരെ കഞ്ഞി ഇറങ്ങിപ്പോയതുപോലെ. നാവു തൊടാതെ കഴിച്ചാൽ ലോകത്തു് എല്ലാ ഭക്ഷണവും ഒന്നുതന്നെയാണു്. വേവിച്ചെടുത്ത കിഴങ്ങും പുഴുങ്ങിയെടുത്ത മാട്ടിറച്ചിയും തൊണ്ടവഴിയിറങ്ങി കുടലിലെത്തി ഒരേജോലി ചെയ്യും. അതിൽ കുറച്ചുമാത്രം ഞരമ്പുകൾ വലിച്ചെടുക്കും. ബാക്കിയെല്ലാം ഒരേ വഴിയിലൂടെ പുറത്തുപോകും.

ഡോക്ടർ എന്റെ കണ്ണുകൾക്കു മുകളിലുടെ കൈപ്പത്തി ഇരുവശത്തേക്കും ചലിപ്പിക്കുന്നുണ്ടു്. ഞാൻ കണ്ണുമാറ്റില്ല എന്ന വാശിയിലായിരുന്നു. മുകളിൽ ഒരു എട്ടുകാലി വയറ്റിൽ മുട്ടകളുമായി ഉണ്ടു്. അതുവലയിൽ തുങ്ങിയാടുകയാണു്. എന്റെ കണ്ണിനും ആ എട്ടുകാലിക്കും ഇടയിലൂടെ എന്തു തടസ്സം വന്നാലും ഞാൻ നോട്ടം പിൻവലിക്കില്ല.

ഡോക്ടർ അന്നമ്മയോടു പറയുകയാണു്. ഇപ്പോൾ ഓർമകളും ഉണ്ടാകാനിടയില്ലെന്നു്. കണ്ണുകൾ പോലും അനക്കുന്നില്ലല്ലോ എന്നാണു് ഡോക്ടർ പറഞ്ഞതു്. ഞാൻ കണ്ണു് ചലിപ്പിക്കുകയാണു് വേണ്ടിയിരുന്നതു് എന്നു് അപ്പോഴാണു തോന്നിയതു്. ഡോക്ടർ ചൂണ്ടുവിരൽ മുകളിൽ നിന്നു് താഴേക്കു കൊണ്ടുവരികയാണു്. ആ വിരലിന്റെ വലതുവശത്തും ഇടതുവശത്തും രണ്ടു നിറമാണെന്നു് ഞാനറിഞ്ഞു. ആ വിരൽ മൂക്കിന്റെ തുമ്പു വരെ ഡോക്ടർ എത്തിച്ചു.

അന്നമ്മയോടു് ഡോക്ടർ പറഞ്ഞു. നമ്മൾ പറയുന്നതു ചുണ്ടനങ്ങുന്നതു കണ്ടു് മനസ്സിലാക്കുന്നുണ്ടാകും. ഒന്നും ഓർമയിൽ ഉണ്ടാകില്ല. അപ്പപ്പോൾ കണ്ടും കേട്ടും തീരുകയാണു്. എനിക്കിപ്പോഴാണു് മനസ്സിലായതു് ഞാനൊരു തൽസയമ വാർത്താ ചാനലാണെന്നു്. അപ്പോൾ കാണുന്നതു മാത്രം അറിയിക്കുന്ന ഒരാൾ. പഴയതൊന്നും ഓർമിപ്പിക്കാത്ത വരാനുള്ളതിനെക്കുറിച്ചൊന്നും ആശങ്കയില്ലാത്ത പലശതം ടെലിവിഷൻ ചാനൽപോലെ ഞാനും.

കൊച്ചുകുഞ്ഞുങ്ങളെപ്പോലെയാണു്. എല്ലാം കാണുകളും കേൾക്കുകയും ചെയ്യും. ആറേഴ് വയസ്സുവരെ എന്തു നടന്നുവെന്നു് പിന്നെയോർത്താൽ കിട്ടുമോ? ചിരിക്കുകയും കരയുകയും ചെയ്യും. പക്ഷേ, അതൊന്നും ഓർത്തുവയ്ക്കില്ല.

അല്ല. എനിക്കു് നല്ല ഓർമയുണ്ടു്. നന്ദിനി വെള്ള മന്മലുമുണ്ടു് ഉടുത്തിരിക്കുകയാണു്. കറയോ പാടോ ഒന്നുമില്ലാത്ത തൂവെണ്മയിലാണു്. മുഖത്തേക്കു് എന്തൊരു പ്രകാശമാണു് വന്നുവീഴുന്നതു്. കാണുന്നവരുടെ കണ്ണുകളെല്ലാം സൂര്യനായി അവളുടെ മുഖത്തു പ്രതിഫലിക്കുകയാണു്.

മത്തായിക്കു ദേഷ്യം വന്നു് ഇരുപ്പുറയ്ക്കുന്നില്ല.

കടയിങ്ങനെ അടച്ചിട്ടു് എത്രനാളാണെന്നു വച്ചാണു്. തുറന്നു വരുമ്പോ ഗഡു മുടക്കീന്നു പറഞ്ഞു സ്റ്റേറ്റ് ബാങ്ക് താഴില് മെഴുകുരുക്കി ഒഴിക്കും. പെങ്കൊച്ചിനെ നഴ്സിങ്ങും പഠിപ്പിച്ചു് ലണ്ടനിൽ വിട്ടതിന്റെ ഭാരം എത്രകാലമാണെന്നു വച്ചാണു് ചുമക്കുന്നതു്. അതവിടെ ചെന്നുമടയ്ക്കാതിരുന്നിട്ടൊന്നുമല്ല. യുദ്ധം ഇവിടെ മാത്രമല്ലല്ലോ. അവടേം ഇതിന്റെ പത്തിരട്ടിയില്ലേ. സർക്കാരു് കാശുമുഴുവൻ ഏറുവാണം മേടിക്കാൻ ഉണ്ടാക്കുന്നതിനിടയ്ക്കു് എവിടുന്നു ശമ്പളം കൊടുക്കാൻ.

ബിനോയിക്കു കിഴക്കൻ മലേല് രണ്ടരയേക്കർ റബറുണ്ടായിരുന്നു. പത്തുവർഷം മുന്നേ അതു മറിച്ചു് കന്നാര നട്ടതാണു്. രണ്ടുകൊല്ലം മൂന്നു ലക്ഷം വച്ചിങ്ങു പോന്നു. ആ കാശുകൂടി പിന്നത്തെ രണ്ടു കൊല്ലം പോയി. ഇപ്പോ പണ്ടത്തെ കുരു വീണു പൊട്ടിയ മൂന്നോ നാലോ റബറ് മാത്രമേയുള്ളു. പിന്നെ കുറച്ചു ചപ്പും. അപ്പന്റെ കാലത്താണു് ഉണ്ടായിരുന്ന തെങ്ങുകൂടി മറിച്ചു് റബറ് നട്ടതു്. കെട്ടിയതു് സർക്കാരു പണിയുള്ള നഴ്സിനെ ആയതുകൊണ്ടു് ഇതുവരെ പട്ടിണിയറിയാതങ്ങു പോയി. ഇനിയിപ്പം ശമ്പളം കിട്ടുന്നതൊക്കെ കണക്കാണെന്നു് അവള് പറയുന്നുണ്ടായിരുന്നു. എംഎൽഎ മോനിച്ചൻ ആൻസീടെ എളേപ്പനായതുകൊണ്ടു് താമസിക്കണ ക്യാംപിലെ നഴ്സാക്കി ഉത്തരവിടീച്ചു. അതു മാത്രമാണു് ആശ്വസിക്കാൻ. വൈകി കെട്ടിയതുകൊണ്ടു് അവൾക്കു വയറ്റിലുണ്ടാകാത്തതു കാര്യമായി. ഇല്ലെങ്കിൽ അവരെയോർത്തു് നരകിച്ചേനേ.

സ്റ്റീഫൻ പ്ലംബറാണു്. യുദ്ധം കഴിഞ്ഞാ പണിയോടു പണിയായിരിക്കുമെന്നു സുഹൈൽ. പട്ടാളം പോയവഴിക്കൊക്കെ കുഴിയെടുത്തു സർവ പൈപ്പും പൊട്ടിച്ചിട്ടുണ്ടു്. ഇനി എല്ലാം കൂട്ടിയിണക്കാനുള്ള പണി പഞ്ചായത്തിൽ നിന്നു് സ്റ്റീഫൻ മേടിച്ചെടുക്കും എന്ന വിശ്വാസത്തിലാണു് സുഹൈൽ വിടാതെ ഒപ്പം കൂടിയിരിക്കുന്നതു്. കുഴിയെടുത്തു കൊടുക്കാൻ നിന്നാൽ ദിവസം ആയിരത്തിയൊരുനൂറു് ആയിരുന്നു സ്റ്റീഫൻ വാങ്ങിച്ചുകൊടുത്തിരുന്ന തച്ചു്. മാസത്തിൽ പതിനഞ്ചു ദിവസം പണിഞ്ഞാൽ പോരേ…: സുഹൈൽ.

കട്ടിലിന്റെ കാലിനോടു് ചേർന്നു് ഒരു പട്ടിക കെട്ടി അന്നമ്മയാണു് സ്റ്റാൻഡ് ആക്കി കൊടുത്തതു്. ഒന്നും കഴിക്കാതെ കിടക്കുന്ന സുശീലയുടെ കൈകളിൽ ആൻസി സൂചികുത്തി, തുള്ളി തുള്ളിയായി ബോട്ടിലിൽ നിന്നു് ദ്രാവകം ഇറ്റി. സുശീലയുടെ ആ ഉറക്കത്തിനിടെ ഋദ്ധി നാലുവട്ടം ഉണരുകയും ഓരോ തവണയും അന്നമ്മയെ കാണുകയും ചെയ്തു. അമ്മ എവിടെ എന്ന ചോദ്യമാകണം ആ തൊണ്ടയിൽ കുരുങ്ങി നിന്നതു്.

സുശീല ഋദ്ധിയുടെ കാൽക്കൽ തന്നെ ചുരുണ്ടു കിടക്കുന്നുണ്ടായിരുന്നു, ജീവിതത്തിലെ ആദ്യ ഐവി ട്രീറ്റ്മെന്റ് ഏറ്റുവാങ്ങി. അന്നമ്മ കുപ്പിയിൽ പിടിച്ചു് ഇളക്കി നോക്കി. ആൻസി പറഞ്ഞു: അതു് അനക്കരുതു്, രക്തം തിരികെ കയറും. ഇതിനെവിടെ ചോരയിരുന്നിട്ടാ എന്റെ കൊച്ചേ എന്നു് അന്നമ്മ.

ഋദ്ധിയും ഇക്കാലം മുഴുവൻ ഇങ്ങനെ ആയിരുന്നിരിക്കും എന്നു സുശീലയ്ക്കു തോന്നി. ചുറ്റുമുള്ളതൊന്നുമറിയാത്ത ഉറക്കം. എത്രനേരം കിടന്നു എന്നുപോലും മനസ്സിലാകുന്നില്ല. അന്നമ്മയാണു് പറഞ്ഞതു്: “രാവിലെ ഒൻപതിനു് ഡോക്ടർ വന്നപ്പോൾ ഉറങ്ങുകയായിരുന്നു. ഇപ്പോ രാത്രി എട്ടരയായെടീ കൊച്ചേന്നു്. ബോധം പോയി കിടക്കുന്നോർക്കു് ഓർമയില്ലാന്നു പറയുന്നതാകും ശരി. ആ കൊച്ചും ഒന്നും അറിയുന്നുണ്ടാകില്ല.”

സുശീലയ്ക്കു പെട്ടെന്നു മിണ്ടാൻ തോന്നി. അന്നമ്മയെ കൈകാണിച്ചു വിളിച്ചു. “ഡോക്ടർക്കു് പൈസ കൊടുത്തോ?”

സുശീലയുടെ അപ്പോഴത്തെ ആധി അതോർത്തായിരുന്നു.

അന്നമ്മ ചിരിച്ചു: “ഇല്ല, പെണ്ണു് നാളെപ്പോയി കായലിലിറങ്ങി കക്ക വാരി വിറ്റു് കൊടുത്താമതി. അതുവരെ സമയമുണ്ടു്.”

സുശീല മുണ്ടിന്റെ കോന്താല എളിയിൽ നിന്നു് അഴിച്ചു. അതിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു് അഞ്ഞൂറു രൂപയുടെ നാലു നോട്ടുകൾ. കായലിൽ പോകാൻ തുടങ്ങിയപ്പോൾ ആദ്യം അങ്ങനെ സൂക്ഷിച്ചതു് അൻപതു രൂപയുടെ രണ്ടു നോട്ടു് ആയിരുന്നു. പിന്നെ നൂറായി. ഇപ്പോൾ അഞ്ഞൂറിന്റെ നാലെണ്ണം. ഇത്രകാലം പണിയെടുത്തിട്ടു് ഇതേ ഉള്ളോടീ നിനക്കെന്നു് അന്നമ്മ. സുശീല അന്നമ്മയെ അടുത്തുവിളിച്ചു. കട്ടിലിനു താഴെ വച്ച പെട്ടി തുറക്കാൻ പറഞ്ഞു. അന്നമ്മ: നീയൊന്നു പോടീ പെണ്ണേ. ഡോക്ടർക്കു് നിന്റെ കാശൊന്നും വേണ്ട. അവരൊക്കെ യുദ്ധം കഴിയുമ്പോ ജീവനുണ്ടാകുമോന്നു പേടിച്ചിരിക്കയാണു്.

സുശീല പിന്നെയും നിർബന്ധിച്ചു. അന്നമ്മ ഇരുമ്പു പെട്ടി തുറന്നു. അതിനടിയിൽ മൂന്നു പ്ലാസ്റ്റിക് കടലാസുകളിൽ മടക്കി ഒരു ബാങ്ക് പാസ് ബുക്ക്. സ്റ്റേറ്റ് ബാങ്കിന്റേതാണു്. അന്നമ്മ അതു തുറന്നു. വെളിച്ചത്തിലേക്കു പിടിച്ചു് പാസ് ബുക്ക് കണ്ണുകളിലേക്കു് അടുപ്പിച്ചു. ഇതിലെത്ര പൂജ്യാടീവ്വേ. സുശീല പറഞ്ഞു: അതു് അവൾക്കുള്ളതാണു്.

നീയിപ്പം ചാവൂന്നു വിചാരിച്ചിട്ടാണോ എന്നു് അന്നമ്മ ചിരിച്ചു.

ഒരു ലക്ഷത്തി പതിമൂവായിരത്തി പന്ത്രണ്ടു് രൂപ ഇരുപത്തിയൊന്നു പൈസ. സുശീലയ്ക്കു് കണക്കു് കാണാപാഠമാണു്. തൊണ്ണൂറായിരം അക്കൗണ്ടിൽ ഉണ്ടെന്നു് കുറച്ചുമാസം മുൻപു് ബിനോയിയോടു് പറഞ്ഞിരുന്നു. അന്നു് ബിനോയി ഇന്നു് അന്നമ്മ ചിരിച്ചപോലെ ചിരിച്ചു. നിങ്ങൾ രണ്ടിലൊരാളേ വെന്റിലേറ്ററിൽ കേറ്റിയാൽ ഒരു ദിവസത്തേക്കുള്ള കാശേയുള്ളൂ അതെന്നായിരുന്നു ബിനോയിയുടെ കണ്ടുപിടിത്തം. സുശീലയ്ക്കൊരു നെഞ്ചുവീക്കം വന്നാൽ ഹൃദയത്തില് ഒരു കുഴലിടാൻ അവരു വാങ്ങിക്കും തൊണ്ണൂറായിരം എന്നു കൂടി കൂട്ടിച്ചേർത്തു.

ആയുസ്സുമുഴുവനുണ്ടാക്കിയതു് ഒരു ദിവസത്തെ ആശുപത്രിക്കു പോലും തികയില്ലെന്നോർത്തുള്ള വിമ്മിഷ്ടമായി പിന്നെ. അങ്ങനെയാണു് ആറുമാസം കൊണ്ടു് ഇരുപതിനായിരം കൂട്ടിവച്ചു് ബാങ്കിൽ ഇത്രയും ആക്കിയതു്.

ആശുപത്രിയിൽ കൊടുത്തുതീർക്കാനാണോ പെണ്ണേ നിയിക്കാലമൊക്കെ പണിതതു്?

അന്നമ്മ പറയുന്നതു കേട്ടാണു് ആൻസിയും ബിനോയിയും വന്നതു്.

“പാങ്ങില്ലാത്തോനു് വിങ്ങലുവന്നാൽ മുറിവിൽ പുഴുവരിക്കത്തേയുള്ളു”: ബിനോയി.

സുശീലയുടെ നാഡി പിടിക്കുമ്പോൾ ആൻസിയുടെ കണ്ണിൽ ബിനോയി ഒരാന്തൽ കണ്ടു.

ദ്വീപിൽ പത്തോ പതിനൊന്നോ തവണ സൂര്യൻ വന്നുപോയിക്കാണും.

ഘടികാരങ്ങളും ദിനസൂചികകളും ഇല്ലാതായതോടെ കഴിഞ്ഞുപോയ പകലിന്റെയും രാത്രിയുടേയും എണ്ണം എത്ര ശ്രമിച്ചിട്ടും നവമിക്കു തൃപ്തിയാകുംവിധം കിട്ടിയില്ല. ഇപ്പോൾ വഞ്ചിക്കോട്ടയ്ക്കുള്ളിൽ ആറു നൗകകൾ മാത്രമാണു് ശേഷിക്കുന്നതു്. കുറെ മരപ്പാളികൾ ചുറ്റും ചിതറിക്കിടക്കുന്നു. കൂട്ടത്തിലെ മോശം വഞ്ചികൾ പൊളിച്ചെടുത്തു് ചതുര ഉരുപ്പടികളാക്കി കേടുകുറഞ്ഞവയുടെ ഓട്ടകൾ അടച്ചു. ചില പടികൾ അപ്പാടെ മാറ്റേണ്ടി വന്നു. ആറുപായ്മരങ്ങൾ ഏച്ചുകെട്ടി എടുക്കുകയായിരുന്നു. ഋദ്ധി നൗകയിൽ കൊണ്ടുവന്ന പായകൾ അപ്പോഴേക്കും ദ്വാദശിയും കൂട്ടരും കോട്ടയിലെത്തിച്ചിരുന്നു. ചാഞ്ഞ പാത നീളെ ഉരുളൻ തടികൾ പാകി അവർ അടുത്ത പുലരിക്കായി കാത്തു.

ഏകൻ ശബ്ദമുയർത്തി:
“ഏതു നരകത്തിലേക്കാണെങ്കിലും ഇപ്പോ അറിഞ്ഞേ പറ്റൂ.”
ത്രയ:
“അറക്കാൻ കൊണ്ടുപോകുന്ന ഉരുവിന്റെ പോലും കണ്ണുകെട്ടാറില്ല.”
പഞ്ചമ:
“രാജാവു മാത്രമറിഞ്ഞു നടത്തുന്ന യുദ്ധമൊക്കെ പണ്ടു്.”
ദശ:
“ഇതു് ഒറ്റയ്ക്കൊറ്റയ്ക്കൊരു രാജ്യമായ മനുഷേന്മാരുടെ കാലമാണു്.”
അഷ്ടമി:
“നുണകൊണ്ടു് നാടു ഭരിച്ചോന്മാരൊക്കെ തീർന്നപ്പോൾ പെരുംനുണകൊണ്ടൊരാൾ കപ്പലിറക്കാൻ പോണൂ.”
ഋദ്ധി:
“ഇനി ഓലപ്പുടവന്മാരുടെ സമയമാണു്. കണ്ണടച്ചു തുറക്കുമ്പോഴേക്കു നാലു കപ്പൽപ്പാടു് കടക്കുന്നവരുടെ കാലം. അതാണു് സെയിൽഫിഷ് അൾട്രാ മോഡേണിസം. താന്തോന്നിത്തരത്തിന്റെ വസന്തം. ഓരോ ഓലപ്പുടവനും ഒറ്റയ്ക്കാണു്. അങ്ങനെ തോന്നും. പക്ഷേയതു്, ഒറ്റകളുടെ കൂട്ടമായിരിക്കും. എഴുപതു്, എൺപതു ഓലപ്പുടവന്മാരുടെ കൂട്ടം. ആരും നേതാവല്ല, അല്ലെങ്കിൽ എല്ലാവരും ഊരുമൂപ്പരാണു്. ഇരപിടിയന്മാർ വരും. അപ്പോൾ ഓലപ്പുടവന്മാർ കൂട്ടമായി മുനകൂർപ്പിച്ചെത്തും. ആക്രമണമല്ലേ, ചിലപ്പോൾ ഇങ്ങോട്ടും മുറിവേൽക്കുമായിരിക്കും. ചോരയൊലിക്കുന്നവർ കൂട്ടത്തിൽ പിന്നിലാകും. അവരെ സ്രാവുകൾ കൊണ്ടുപോകും. ബാക്കിയുള്ളവർ പിന്നെയും കുതിക്കും. ചിലർ കൂട്ടം മാറും. മറ്റുചിലർ വന്നുചേരും. അതൊക്കെ അവരവരുടെ ഇഷ്ടം. ആരു വന്നാലും പോയാലും നിൽക്കുന്ന കൂട്ടത്തിൽ നമ്മൾ സ്വന്തം ലോകങ്ങളുണ്ടാക്കും.”

ഋദ്ധി സ്വരം കനപ്പിച്ചു: “മഹാസാഗരത്തിലെ ഏറ്റവും വേഗമുള്ള ഓലപ്പുടവന്മാരാണു് ഇനി നാം. അഴിച്ചുവിടുകയാണു് നമ്മളെ. ഇനി വലക്കാർക്കായി പെറ്റുപെരുകുന്ന ചാകരകളില്ല, ആർക്കും പിടികൊടുക്കാത്ത ജീവിതമഹാചാരുതയാണു്. ഓ… എന്തൊരു പോക്കായിരിക്കും. മനസ്സു പോകുന്നിടത്തെല്ലാം നമ്മുടെ ശരീരവും പറന്നെത്തും. മുന്നിൽ മഹാ വിസ്മയങ്ങളുടെ പെരുംപാരാവാരമാണു്. നമ്മളിനി വേട്ടക്കാരല്ല, ഇരകളല്ല; വേഗത്തിന്റെ വിരുന്നുകാരാണു്. അവനവൻ തുരുത്തുകളിൽ നാളെ കാറ്റുപിടിക്കും. നമ്മുടെ ലോകം കീഴ്മേൽ മറിയുകയാണു്. ഉണർന്നെഴുനേൽക്കയല്ലോ നാം, നീലപ്പായകൾ വിരിച്ചു്.”

ആരും ഒന്നും മിണ്ടിയില്ല.

ഏകൻ ത്രയയുടെ ചെവിയിൽ:
“നുണയർ ഭാഷമാറ്റി നമ്മളെ വേഷംകെട്ടിക്കുന്നതു് ഇങ്ങനെയാണു്.”
ത്രയ:
“എന്നാലും നമുക്കൊരു ത്വരയുണ്ടാകുന്നുണ്ടു്.”
ഏകൻ:
“ആഗ്രഹിക്കാനൊന്നുമില്ലാത്തവരെ വാക്ചതുരന്മാർക്കു് എവിടെയും കൊണ്ടുപോകാം.”
ത്രയ:
“പക്ഷേ, ഈ കരയിൽ നമ്മളെ മോഹിപ്പിക്കാൻ ഇനി ഒന്നും ബാക്കിയില്ല.”
ഏകൻ:
“പോയൊടുങ്ങുക തന്നെ.”
ത്രയ:
“നിന്നാലും ഒടുങ്ങും.”

പെരുമഴ. ശംഖുവരയൻ തുരുത്തിലേക്കു കിഴക്കൻ കാറ്റു് കുത്തിയടിച്ചു കയറി. വേരുകൊണ്ടു നാലു ചുമരുകൾ മൂടിനിന്ന പേരാൽ വട്ടം മറിഞ്ഞു. നൂറ്റാണ്ടിന്റെ വംശവൃക്ഷം വീണുകിടക്കുമ്പോൾ വഞ്ചിക്കോട്ടയിൽ ദ്വാദശി ഋദ്ധിയോടു് ഒന്നുകൂടി പറ്റിച്ചേർന്നു. നാലുകാലുകൾ പേരാലിന്റെ വേരുകൾ പോലെ പിണഞ്ഞുചുറ്റി. കൈകൾ പത്തിവിരിച്ചാടി. രസനകൾ അർമാദിച്ചു തുഴഞ്ഞു. കടന്നുപോകാൻ ഇടിയിലൊരു വിടവുകിട്ടാതെ വഴിതെറ്റിവന്ന കാറ്റിൻചീളൊന്നു് പിണങ്ങിമാറിപ്പോയി. വന്ന ഒരു മിന്നൽ മഹാഊർജപ്രവാഹത്തിൽ നിഷ്പ്രഭമായി നിന്നു. അതിനെ ഇരുട്ടു വിഴുങ്ങി. പതിറ്റാണ്ടുകളായി നീരണിയാത്ത നൗക ഇളകിയാടി.

ദ്വാദശി:
“എന്തിനാണു് ഋദ്ധി നമ്മൾ ഓലപ്പുടവന്മാരാകുന്നതു്.”
ഋദ്ധി:
“ഭൂമിയിൽ നട്ടെല്ലുമായി പിറന്ന ആദ്യജീവി മീനാണു്.”
ദ്വാദശി:
“നട്ടെല്ലില്ലാത്ത കടൽപാമ്പുകൾ വന്നു് ഓലപ്പുടവനേയും വിഴുങ്ങാറുണ്ടു്.”
ഋദ്ധി:
“നട്ടെല്ലു് ഇല്ലായിരുന്നെങ്കിൽ വെണ്ണയിൽ തേനെന്നപോൽ നിന്നിൽ ഞാൻ…”
Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.