images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
വള്ളിപ്പൂമീൻ

കണ്ണുതുറക്കുമ്പോൾ സുശീല കാണുന്നതു മേൽക്കൂരയാണു്. അതു് ഓടുകയാണു്. ചലിക്കുന്ന മേൽക്കൂര ഇതിനു മുമ്പു് ദുഃസ്വപ്നത്തിൽ പോലും വന്നിട്ടില്ല. എന്തൊരു പോക്കാണിതു്. പതിയെ ചില ശബ്ദങ്ങൾ കേട്ടു തുടങ്ങി.

ആരോ പറയുന്നുണ്ടു്:
“കണ്ട കായലിലൊക്കെ കിടന്നു് എലിപ്പനി പിടിപ്പിച്ചു വന്നിരിക്കുകയാണു്.”
മറ്റൊരാൾ:
“യുദ്ധം പോരാത്തതിനാണു് എലിമടയിൽ കേറി പനിയും മേടിച്ചു വരുന്നതു്.”
ആദ്യത്തെ ശബ്ദമാണെന്നു തോന്നുന്നു:
“ആ ചാളക്കാരി കോളനീലെയാണു്.”
രണ്ടാമത്തെ ശബ്ദം:
“പട്ടാളത്തിനു പൗരസ്നേഹമുള്ളതുകൊണ്ടു് ഇവിടെയെത്തി.”

സുശീലയ്ക്കു മനസ്സിലായി ഇതൊരു സഞ്ചരിക്കുന്ന കട്ടിലാണെന്നു്. ചക്രക്കട്ടിലിലെ ആദ്യ കിടപ്പാണു്. ഋദ്ധിയുടെ കട്ടിലിൽ നിന്നു് ഏതോ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണു്.

ഇതുവരെ കാണാത്ത മേൽക്കൂരയാണു്. അറിയാത്ത ആളുകളാണു്. ഞാൻ ഇപ്പോൾ ഋദ്ധിയെപ്പോലെയാണു്. അതെ ഇതു ഋദ്ധിയാണു്. അപ്പോൾ സുശീല എവിടെയാണു്?

ഒരു സ്ത്രീ ശബ്ദം:
“സുശീല, നാൽപ്പത്തിനാലു്”. സുശീല സ്വന്തംപേരു് ഉറപ്പിച്ചു. മയങ്ങി.

അന്നമ്മ അന്നു് ഋദ്ധിക്കായി മറ്റൊന്നാണു് ഉണ്ടാക്കിയതു്.

ക്യാംപിൽ ഇഡിലി വല്ലം നിറച്ചിട്ടിട്ടുണ്ടു്. ഒരേസമയം അറുപതെണ്ണം ഉണ്ടാക്കാവുന്ന തട്ടിൽ പത്തുവട്ടം കൊണ്ടു് അറുനൂറെണ്ണം. ഇന്നൊറ്റയാളും പരാതി പറയരുതെന്നുള്ള മത്തായീടെ വിളംബരവും ഉണ്ടായി.

അന്നമ്മ ചെല്ലുമ്പോൾ മത്തായി വല്യവായിലുള്ള പറച്ചിലൊക്കെ നിർത്തും. പതുക്കെ പറയും: തൂക്കുപാത്രം കൊണ്ടുവന്നാൽ പാൽ തരാം. ചോറുപാത്രം തന്നാൽ മീൻകറി തരാം. അന്നമ്മ തൂക്കുപാത്രം കൊടുത്തു. തിളച്ച പാൽ തന്നെ മത്തായി ഒഴിച്ചു. ഇന്നലെ ബിനോയി കൊണ്ടുവച്ച ബൺ ഉണ്ടായിരുന്നു. സുശീലയ്ക്കു വേണ്ടി കൊണ്ടുവന്നതാണു്. അതു് ഒരു കഷണം പോലും തൊട്ടില്ല. ബണ്ണു് പൊട്ടിച്ചിട്ടതിലേക്കു ചൂടുപാലൊഴിച്ചു് ഏലയ്ക്കയും പഞ്ചസാരയും ഇട്ടിളക്കി അന്നമ്മ ഋദ്ധിക്കു പകർന്നു. തന്റെ കുടൽമാലകൾ പുതിയൊരു അതിഥിയെ ഏറ്റുവാങ്ങുകയാണെന്നു് ഋദ്ധിക്കറിയാം. ഏലയ്ക്ക ഇട്ട പാലാണു് എന്നു് അന്നമ്മ പറയുന്നുണ്ടെന്നു തോന്നുന്നു. ആ ചുണ്ടുകൾ അങ്ങനെയാണു് അനങ്ങുന്നതു്.

കാഞ്ഞിരക്കുരു ചാലിച്ചാലും എന്റെ തൊണ്ടവഴി പോകുമെന്റെ ചേട്ടത്തീ എന്നു് എങ്ങനെയാണു് അറിയിക്കുക. അതുകേട്ടാൽ അമ്മയാണെങ്കിൽ പതുക്കെ മുഖത്തൊരു മ്ലാനത പരക്കും. അന്നമ്മച്ചേടത്തി ചാടിത്തുള്ളും: കൊച്ചിനു് ഒതളങ്ങ തരാനാണെങ്കി എന്നേ നിന്നെ സെമിത്തേരീലെത്തിച്ചേനേ എന്നായിരിക്കും അതു്.

ഈ ജീവിതം നിലനിർത്തിയിട്ടു് ഇവർക്കെന്തുകിട്ടാനാണു് എന്നു് എനിക്കു് ഇപ്പോൾ തോന്നാറില്ല. ഞാനില്ലെങ്കിൽ അമ്മ പണ്ടേ ഒന്നും ചെയ്യാനില്ലാതെ മണ്ണടിഞ്ഞേനെ. വേറാരാണു് ഇങ്ങനെ ലോകം കാണാനുള്ളതു്. എനിക്കു മാത്രമേ അതിനു സമയമുള്ളൂ. ഞാനിപ്പറയുന്നതിന്റെ അർത്ഥം മനസിലാക്കാൻ പോലും നേരമില്ലാത്തവരാണു് ബാക്കി.

അതുകൊണ്ടു് ഈ ലോകത്തു് ഞാനുണ്ടായേ പറ്റൂ. കണ്ണടയ്ക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണു് ആൻസിയുടെ മുഖവട്ടം മുകളിൽ വന്നതു്.

ആൻസി ഒന്നുകൂടി കുനിഞ്ഞു. വിറകുകൊള്ളി പോലായ എന്റെ കൈ പിടിച്ചുയർത്തുകയാണു്. അസ്തികൂടത്തെ ആരെങ്കിലും ഉമ്മ വയ്ക്കുമോ? എന്റെ തലമുറയാണു്. ഏറിയാൽ എട്ടോ ഒൻപതോ വയസ്സു കൂടുതൽ കാണുമായിരിക്കും. അവർ ഒരു കുഞ്ഞിനെ എന്നതുപോലെ എന്റെ വിരലുകളിൽ ഉമ്മ വയ്ക്കുന്നു.

ഒരുപാടു കാലമായി ഞാനെന്റെ ജീവൻപോയ കൈ കണ്ടിട്ടു്. അതിൽ ഞാൻ പച്ചകുത്തിയിരുന്നു. ഡിഗ്രിക്കു ചേർന്ന സമയത്തു്. ‘സാഗര സഞ്ചാരി നീ’ എന്നു മലയാളത്തിൽ. അസമിൽ നിന്നുള്ള പച്ചകുത്തുകാരൻ കുറെ കഷ്ടപ്പെട്ടാണു് ആ മലയാളം വാക്കുകൾ പറഞ്ഞതു്. അയാൾ ‘ഞ്ച’യിൽ വഴിതെറ്റിപ്പോകുമോ എന്ന പേടി ഉണ്ടായിരുന്നു.

ഇപ്പോൾ ആ പച്ച മഷി എങ്ങനെയായിട്ടുണ്ടാകും. തൊലി ചുളുങ്ങി, ഞരമ്പുകൾ ഇല്ലാതായി, അസ്ഥികൾ ദ്രവിച്ച കയ്യിൽ അതു ഭാഷമാറി കിടക്കുന്നുണ്ടാകും.

‘ശയ്യാതല സഞ്ചാരി നീ’ എന്നു് ഇന്നാണെങ്കിൽ എഴുതിവയ്ക്കാമായിരുന്നു. എനിക്കിപ്പോൾ ഒരു പാടു കവിത തോന്നാറുണ്ടു്.

ആ മഷിയെഴുത്തു് അവിടെ ഉണ്ടോ എന്നു് ഒന്നു നോക്കൂ എന്നു് ആൻസിയോടു് പറയണമെന്നുണ്ടു്. ആൻസി കുനിഞ്ഞു് എന്റെ നെറുകയിൽ ചുണ്ടുകൾ മുട്ടിച്ചു. കപ്യാരുചേട്ടന്റെ കൺകോണിൽ ഒരുതുള്ളി ഉരുണ്ടുകൂടിയിട്ടുണ്ടു്. കപ്യാർക്കു വിഷമം വരണമെങ്കിൽ ഇതു സുശീല ആകില്ലേ? അപ്പോൾ ഋദ്ധിയെവിടെ.

ഋദ്ധീ എന്നു് ഞാൻ അലറി വിളിക്കുന്നതു് നിങ്ങൾ കേൾക്കുന്നുണ്ടോ?

“ഋദ്ധി, ഋദ്ധീ” എന്നാണു് ഞാൻ വിളിക്കുന്നതു്…

സുശീല വിളിക്കുന്നതു് ആരും അറിയുന്നില്ലേ…

ആൻസിയും ബിനോയിയും അന്നമ്മയും പെട്ടെന്നു വിളക്കു് അണച്ചു എന്നു തോന്നുന്നു. ഇരുട്ടായി.

“മനുഷ്യരു് ഒരു വീടുകെട്ടാനല്ലേ ആയുസ്സു പകുതിയും കളയുന്നതു്”: ദ്വാദശി.

“അപ്പന്റെ ആ വീടു കിട്ടാനായി തമ്മിൽ തല്ലി മക്കളും അവരുടെ ആയുസ്സു കളയും”: ത്രയ.

ഋദ്ധി:
“അപ്പനുണ്ടാക്കുന്ന വീടു് മക്കൾക്കു് എന്നതാണു നീതിയെങ്കിൽ അപ്പനുള്ള വൈഭവമൊക്കെ മക്കൾക്കും ഉണ്ടാകണം.”

ആദ്യത്തെ നൗക തള്ളി ഇറക്കാൻ പാകത്തിനു് അവർ കോട്ടവാതിലോളം എത്തിച്ചു. വൈകും വരെ കാക്കാമെന്നു തീരത്തു പോയി വന്ന ഏകനാണു പറഞ്ഞതു്. കടലിറങ്ങിക്കിടക്കുകയാണു്. ഇപ്പോൾ ഉരുട്ടിയാൽ തീരമണലിൽ ഉറച്ചുപോകും. കടൽ കയറി വരുന്ന വാവു് അടുത്തുവെന്നു് ചതുരയാണു് ഗണിച്ചു പറഞ്ഞതു്. കടലിൽ വച്ചറിഞ്ഞ അമാവാസിയിൽ നിന്നു് ദിവസങ്ങളെണ്ണിയാണു് ചതുര ആ കണക്കിലെത്തിയതു്. ചതുര അന്നു മുഴുവൻ കൊട്ടൂടികൊണ്ടു് അടിച്ചും ഉളിപ്പിടികൊണ്ടു മുട്ടിയും നൗകകളുടെ ബലം അളന്നുകൊണ്ടേ ഇരുന്നു.

ദ്വാദശി:
“ചതുരയുടെ അച്ഛൻ ആശാരിയാരുന്നോ?”
ഋദ്ധി:
“ആശാരിക്കു പിന്തുടർന്നു കിട്ടുന്നതു് മുഴക്കോലും ഉളിയും കൊട്ടൂടിയുമാണു്. അല്ലാതെ പണിവഴക്കമല്ല. അതു പണിഞ്ഞു പഠിക്കുന്ന ആർക്കും കിട്ടും. കൽപ്പണിക്കാരനു കിട്ടുന്നതു കൂടവും തൂക്കുകട്ടയും കൊലശേഖരും. അമ്പട്ടനു് ചീർപ്പും കത്രികയും. കൊല്ലനു് ആലയും കരിയും. മൂശാരിക്കു് അച്ചു്. തട്ടാനു് തുലാസ്.”
ത്രയ:
“ചിലർക്കു് പൂണൂലും കിണ്ടിയും.”
ഏകൻ:
“പണി സാധനത്തെക്കുറിച്ചു് ഉണ്ടാക്കുന്നേനിടയ്ക്കാണോ കിണ്ടിവാലു കൊണ്ടോന്നു കുത്തിക്കേറ്റുന്നതു്.”
ദ്വാദശി:
“പണി പഠിക്കണമെങ്കിൽ അപ്പന്റെ കൂടെയിരിക്കണം. അങ്ങനെയാണു് പിച്ചനടന്നു തുടങ്ങുമ്പോഴേക്കും ആശാരിക്കു് ചിന്തേരു് വഴക്കം ഉണ്ടാകുന്നതു്…”
ഏകൻ:
“അപ്പനു തൂക്കുകട്ടയുണ്ടായിട്ടാണോ ബംഗാളീന്നും ആസാമിന്നും ബിഹാറീന്നും പിള്ളേരു് വന്നു് നല്ല അസലു കെട്ടിടവും പാലവും കെട്ടീട്ടു പോയതു്.”
ഋദ്ധി:
“പിൻതുടർച്ച സത്യമായിരുന്നെങ്കിൽ വിശ്വവിശ്വോത്തര മഹാകവി ഷേക്സ്പിയറുടെ മക്കൾ മൂന്നും മഹാ എഴുത്തുകാരാകണമായിരുന്നു.”
ദശ:
“മക്കളായിട്ടും കാര്യമില്ല. മൂത്തവനാകണം.”

അഷ്ടമനൊരു പാട്ടുമൂളാനുള്ള മൂപ്പു കേറി.

“നുണയാണേ പെരും നുണയാണേ,
നരനെന്നാൽ പെരും നുണയാണേ.
നുണയാണേ പെരും നുണയാണെ,
കുടുംബം വല്യോരു വിലങ്ങാണേ,
നുണയാണേ പെരും നുണയാണേ,
സമുദായം സ്വന്തം ജയിലാണേ.
നുണയാണേ പെരും നുണയാണേ,
അതിരെല്ലാം പെരും നുണയാണേ.”
ത്രയ:
“ജയിലീന്നു കിട്ടിയ കഞ്ചാവു് ഇനീമൊണ്ടു് അഷ്ടമന്റെ കയ്യില്.”
ഏകൻ:
“കഴുവേറീ… നിന്റെയീ പുതിയ സ്വർഗരാജ്യത്തിലുമൊണ്ടോടീ കഞ്ചാവിന്റെ കണക്കെടുപ്പുകാരു്.”

പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ ഏകന്റെ വായിൽ നിന്നും മൂക്കിൽ നിന്നും പുകയുയർന്നു. ത്രയ ഏകന്റെ വിരലുകൾക്കിടയിൽ നിന്നു് ചുരുൾ ഊരിയെടുത്തു രണ്ടു മൂന്നു വട്ടം വലിച്ചു കേറ്റി പുറത്തേക്കൂതി. പിന്നെ കാറ്റുപിടിച്ചതു പോലെ പാറിപ്പാറി നടന്നു. കടലിലേക്കു നോക്കി മേലുടുപ്പായുണ്ടായിരുന്ന തടവറക്കുപ്പായം ഊരിയെറിഞ്ഞു. കാൽശരായി അഴിച്ചെടുത്തു് കാലിനിട തുടച്ചു് മണലിലിട്ടു ചവിട്ടി.

ത്രയ:
“നിയമങ്ങളില്ലാത്ത രാജ്യത്തെന്തിനാടാവ്വ്വേ തുണി…”

അഷ്ടമൻ പാടി.

പെറാത്ത പെണ്ണിന്റെ മുല കണ്ടിട്ടുണ്ടോ,
ഓലപ്പുടവന്റെ മൂക്കുപോലാന്നേ…
ഹൊയ്… പെറാത്ത പെണ്ണിന്റെ…
ആ…ആ… പെറാത്ത പെണ്ണിന്റെ…

ഏകൻ ഇട്ടിരുന്ന മുഷിഞ്ഞു നാശമായ കാലുടുപ്പു് ഊരിയെറിഞ്ഞു. മേൽക്കുപ്പായം പണ്ടേ കളഞ്ഞതായിരുന്നു. ഗുസ്തിക്കാരൻ പോകും പോലെ കൈകൾ രണ്ടും വിടർത്തി ഗോദയിലേക്കു നടന്നു. ത്രയയെ ഒറ്റക്കൈകൊണ്ടു തൂക്കിയെടുത്തു് കാലുകൾ മേലോട്ടാക്കി ഉത്തരിയംപോലെ തോളിലിട്ടു. ത്രയ നട്ടെല്ലു് ഊരിക്കളഞ്ഞു് കടൽപ്പാമ്പായി ഇഴഞ്ഞു. തലയുയർത്തി പത്തിവിരിച്ചു് ഇടയ്ക്കിടെ ആഞ്ഞുകൊത്തി. ഋദ്ധി നനവൂറുന്നതു് അറിഞ്ഞു. ദ്വാദശി പടിയിൽ ഇരുന്നു കാലുകൾ ഇറുക്കിയാട്ടി.

അഷ്ടമൻ ‘പെറാത്ത പെണ്ണിന്റെ…’ എന്നാവർത്തിച്ചാവർത്തിച്ചു് ഏകാദശിയുടെ മേലുടുപ്പിൽ കൈവച്ചു.

“ഫ… നായേ…” എന്നൊരാട്ടായിരുന്നു. അതു മറ്റാരും ഗൗനിച്ചില്ല.

ഏകാദശി ഒറ്റയ്ക്കു കടലരികത്തേക്കു നടന്നു. അഷ്ടമൻ നിലതെറ്റി അവിടെത്തന്നെ കറങ്ങി വീണു.

ഋദ്ധി കണ്ണു തുറന്നു.

അതു നോക്കി നിന്നതുപോലെ അന്നമ്മ മുഖത്തിനു മുകളിലേക്കു വന്നു. ഞാനും കഥ പറയട്ടെ കൊച്ചേ. സുശീല പറേണപോലൊന്നും ആവത്തില്ല. എന്നാലും കൊച്ചിനു കേക്കണ്ടേ ഇന്നത്തെ ചേല്.

ഋദ്ധി പുതിയ കാഥികയെ കേൾക്കാനിരിക്കുന്ന ഉത്സവപ്പറമ്പിലെ കുട്ടിയായി.

കഥകളിയും കഴിഞ്ഞു് രാത്രി രണ്ടു മണിക്കു ചേർത്തല ബാലചന്ദ്രൻ മുരടനക്കി തുടങ്ങുകയാണു്. ഇരുപതു് കിലോമീറ്റർ അകലെ മറ്റൊരു വേദിയിൽ എട്ടുമണിക്കു തുടങ്ങി പതിനൊന്നു മണിക്കു് അവസാനിപ്പിച്ചു് ഓടിയെത്തിയതിന്റെ ക്ഷീണം ആ ശബ്ദത്തിലുണ്ടു്. കഥ: ‘ഇനി ഞാൻ ഉറങ്ങട്ടെ.’

സിംബൽ അടിച്ചു. കഥകളി കണ്ടു് ഉൽസവപ്പറമ്പിൽ ഉറങ്ങിയിരുന്ന എല്ലാവരും ഉണർന്നു് കാഥികനെ നോക്കി.

യുദ്ധത്തിൽ ഏറ്റവും വലിയ ശത്രുവായ കർണൻ കൊല്ലപ്പെടുകയാണു്. അതു സ്വന്തം ജ്യേഷ്ഠനാണെന്നറിഞ്ഞു് ധർമ്മപുത്രർ തളർന്നുപോവുകയാണു്. യുദ്ധം തന്നെ വിഫലമായല്ലോ എന്നു കലി കൊള്ളുകയാണു് പാഞ്ചാലി.

അന്നമ്മച്ചേടത്തി പറഞ്ഞു തുടങ്ങി. നമ്മുടെ മേലോത്ര പാലമില്ലേ. കോളനീന്നു് മാർക്കറ്റിലോട്ടുള്ള വഴീലെ രണ്ടാമത്തേതു്. അമ്മേം ഞാനും ചന്തകഴിഞ്ഞു വന്നിരുന്നു മുറുക്കി പൈസ പങ്കുവയ്ക്കണ പാലം. ആ പാലത്തില് മിസൈല് വീണൂന്നു്. മിസൈല് വരുമ്പോൾ ആശുപത്രീലോട്ടു കാർത്യായനിയുമായി പോയ സാലി മെംബറുടെ ഓട്ടോയും പാലത്തിൽ ഉണ്ടാരുന്നെന്നാ പറേണതു്. അവിടൊരു പൊടിപോലുമില്ല ഇപ്പോ. സുശീലേം കൊണ്ടു് പട്ടാളവണ്ടി പാലം കടന്ന പിന്നാലെയാണു്. സുശീല ആശുപത്രീലെത്തീന്നു് പട്ടാളം മെസേജ് വിട്ടെന്നാണു് കപ്യാരു പറയണെ.

ഒന്നൂടിയുണ്ടെന്നു് പറഞ്ഞു് അന്നമ്മച്ചേടത്തി തല താഴ്ത്തി: “അതിനിടെ മത്തായി പറയുന്നുണ്ടായിരുന്നു. ഈ മിസൈലൊക്കെ ഇടുന്നതു് ഏതു പട്ടാളം ആണെന്നു് പൈലി മെംബറു സംശയം പറഞ്ഞെന്നു്. ശത്രുവൊണ്ടെങ്കിൽ അതു മുന്നിൽ വരത്തില്ലേന്നാണു് എല്ലാരും ചോദിക്കണതെന്നു്. ഓരോരോ കുത്തിത്തിരിപ്പുകൾ.”

ഋദ്ധിക്കു് ആദ്യമായി അറിവില്ലായ്മ തോന്നി.

ഇതുവരെ ഈ ലോകം അറിയാം എന്ന ധാരണയായിരുന്നു. ശരീരത്തിനു് എന്താണു് പറ്റിയതെന്നു് അറിഞ്ഞുള്ള കിടപ്പായിരുന്നു. സിദ്ധവൈദ്യവും ഒറ്റമൂലിയും സൂഫി വൈദ്യവുമൊക്കെ ഉപദേശിച്ചു പലരും വന്നെങ്കിലും അമ്മ എന്തോ അതിനൊന്നും നിന്നില്ല.

അമ്മയ്ക്കു നല്ല തെളിച്ചമുണ്ടെന്നു് എനിക്കു തോന്നിയതു് അങ്ങനെയാണു്. നിനക്കു് പഠിച്ചു് ആരാകണം എന്നു് അമ്മ ഒരിക്കലും ചോദിച്ചിട്ടില്ല. എത്ര മാർക്കുണ്ടു് എന്നും ചോദിച്ചിട്ടില്ല. സിസ്റ്റർ ഒപ്പിട്ടുതരുന്ന പ്രോഗ്രസ് കാർഡ് ആയിരുന്നു ഞാൻ സ്കൂളിൽ കൊടുത്തിരുന്നതു്.

നീയെന്താകാനാണു് പോകുന്നതു് എന്നു് ചോദിക്കാതിരിക്കാനുള്ള വിവേകം അമ്മയ്ക്കും സിസ്റ്റർക്കും ഉണ്ടു് എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ശക്തി. സ്വന്തം ജീവിതത്തിന്റെ പോക്കു കണ്ട അവർക്കു് അങ്ങനെ ഒരിക്കലും ചോദിക്കാൻ ആവുമായിരുന്നില്ല.

ഒമ്പതാം ക്ളാസ്സുവരെ സ്കൂളിൽപോയിരുന്ന ഇളയ കുട്ടിയായിരുന്നവൾ ഒരു മണിക്കൂർകൊണ്ടു് കുഞ്ഞിന്റെ അമ്മയാകുന്നു. അരമണിക്കൂറിനു ശേഷം ഭാര്യയാകുന്നു. ഇതാണു് രണ്ടുവരിയിൽ ഒതുക്കാവുന്ന സുശീലയുടെ ജീവിതം.

ആറുപെണ്ണുങ്ങളുള്ള വീട്ടിലെ മൂത്തവളെ മഠത്തിലോട്ടു വിട്ടോളാമെന്നു് അമ്മച്ചി നേർന്നപ്പോൾ ഏഴാമതു് ആൺതരിയുണ്ടായ വീട്ടിൽ നിന്നു് ഇറങ്ങിയതാണു് സിസ്റ്റർ സന്ധ്യ ഫ്രാൻസിസ്. ആ വീട്ടിൽ പിന്നെയും രണ്ടാണുങ്ങളുണ്ടായപ്പോൾ പതിനൊന്നാമത്തേതും ആണാണെങ്കിൽ മൂത്ത ആൺതരിയെ സെമിനാരിക്കു വിടാമെന്നു നേർന്നതോടെ സിസ്റ്റർ സന്ധ്യയുടെ ജീവിതം കടംകൊണ്ടുണ്ടായ ആന്റോ, ഫാദർ പോൾ ഫ്രാൻസിസ് ആയി. അവരൊക്കെ എങ്ങനെയാണു് ചോദിക്കുക: നിനക്കു പഠിച്ചു് ആരാണു് ആകേണ്ടതെന്നു്?

“കുറ്റിയറ്റുപോകാത്ത വംശം പരലുകളുടെതോ, വേട്ടക്കാരുടേതോ?” ആദ്യത്തെ നൗക തിരയിലേക്കു തള്ളിയിറക്കി ഋദ്ധി ചോദിച്ചു. പെട്ടെന്നു വന്ന തിരയിൽ നവമിയുടെ വായിലേക്കു വരെ ഉപ്പുവെള്ളം അടിച്ചു കയറി.

ത്രയ ശരിക്കും സംശയത്തിലായിരുന്നു. ഋദ്ധിയുടെ ഒപ്പം ചെറു നൗകയിൽ കയറണോ, ഏകനും മറ്റു പതിനാലു പേർക്കുമൊപ്പം ദ്വീപിൽ നിന്നു തട്ടിയെടുത്ത ഒന്നാമത്തെ നൗകയിൽ കയറണോ, അതോ മറ്റു് അഞ്ചിൽ ഏതെങ്കിലും ഒന്നിൽ മതിയോ എന്നു്. ഒട്ടും അടുപ്പമാകാത്ത, പേരുപോലും ശരിക്കു് അറിയാത്ത, പതിനൊന്നു പേർക്കൊപ്പം ത്രയ ചെന്നുകയറി. ദ്വാദശി ഋദ്ധിയുടെ പങ്കാളിയെപ്പോലെയായി മാറിക്കഴിഞ്ഞിരുന്നു. അവർ രണ്ടു പേരുടേതുമാണു് ചെറു പാവഞ്ചി എന്നു് ഓലപ്പുടവൻ സാമ്രാജ്യം തീറെഴുതി കഴിഞ്ഞിരുന്നു.

ഏകനും കഞ്ചാവും ഒരേ മട്ടിൽ ആവർത്തിച്ചു് ത്രയയ്ക്കു് സർവതും മടുത്തു തുടങ്ങിയിരുന്നു. ഈ നിർവികാരതയിൽ നടന്നാൽ ശത്രുവിന്റെ മുറിവേൽക്കുന്ന ആദ്യ ഓലപ്പുടവൻ മറ്റാരുമാകില്ലെന്നു് ത്രയയ്ക്കു തോന്നി. മുറിവേറ്റാൽ നീലത്തിമിംഗലത്തിന്റെ വയറ്റിലേക്കു തന്നെ പോകാൻ ഏതു കാവിലാണു് നേർച്ചയിടുന്നതു് എന്നു് അഷ്ടമൻ ചോദിക്കുകയും ചെയ്തു.

ദശ ആയിരുന്നു അവിടെ കപ്പിത്താനെപ്പോലെ തോന്നിച്ചതു്. ത്രയ എത്തിയതോടെ അവർക്കു പെട്ടെന്നു് ആത്മവിശ്വാസം കൂടിയതുപോലെയായി. കയർ അഴിക്കാനും പായ വിടർത്താനും ഉണക്കിയ മാനിറച്ചി എടുക്കാനുമൊക്കെ അവർ ആദ്യമൊക്കെ അഭിപ്രായം ചോദിച്ചു വന്നു. പിന്നെ അനുവാദം ചോദിച്ചു കാത്തുനിന്നു. ത്രയ പറയാതെ ഒന്നും ചെയ്യില്ലെന്നായി.

പത്തു മുതൽ പതിനഞ്ചു പേർ വരെ കയറിയ ആറു നൗകകൾ. ദ്വാദശിയും ചതുരയുമായി ഋദ്ധിയുടെ നൗക. ബംഗാൾ ഉൾക്കടലിൽ നിന്നു് കാറ്റിലും കോളിലും അതു് തെക്കൻ തീരത്തേക്കു തിരിഞ്ഞു.

ഏകൻ:
“എല്ലാം തീരുമാനിച്ചുറപ്പിച്ചു കൊണ്ടുപോവുകയാണെന്നു് മൂപ്പത്തി അഭിനയിക്കുന്നതല്ലേ.”
ഏകാദശി:
“ഒരു ലക്ഷ്യവുമില്ലാത്തോരൊക്കെ കൃതഹസ്തരാണെന്നു കാണിക്കാൻ മുടിഞ്ഞ നടനമായിരിക്കും; നടികർ തിലകമായിരിക്കും.”
അഷ്ടമൻ:
ഇത്തിര കടന്നുണ്ടോ പോകുന്നു മിഴികൾ,
ഇക്കടൽ കടക്കുമോ നിൻമോഹനൗക
ഉലയണം ചെരിയണം മറിയണം കുത്തനെ
തലകീഴുവീഴുമ്പോൾ ചുംബിക്കണം നീ
ഉലയണം ചെരിയണം മറിയണം കുത്തനെ
തലകീഴുവീഴുമ്പോൾ ചുംബിക്കണം നീ
തലകീഴുവീഴുമ്പോൾ ചുംബിക്കണം നീ

അവരു സംശയിച്ചതുപോലെയാണു് കാര്യങ്ങൾ. അടുത്തനിമിഷം എന്തു സംഭവിക്കുമെന്നു് ആലോചിച്ചൊന്നുമല്ല ഞാൻ ഇറങ്ങിപ്പുറപ്പെട്ടതു്. ചാർട്ടേഡ് യാത്രകൾ നടത്താനാണെങ്കിൽ ഏതെങ്കിലും ഏജൻസിക്കു കാശുകൊടുത്തു് കയ്യും കെട്ടി ഇരുന്നാൽ മതിയല്ലോ. ഇതു കാര്യകാരണങ്ങളില്ലാത്ത യാത്രയാണു്. മനോരാജ്യത്തിൽ അല്ലെങ്കിൽ തന്നെ എന്തിനാണു് യുക്തി?

നൗക എട്ടടിയെങ്കിലും തിരയിൽ ഉയർന്നുകാണും.

നെഞ്ചുംതല്ലി താഴേക്കു വരികയാണു്. ഇത്തരം വീഴ്ചകളിലാണു് നൗകകൾ നടുവൊടിഞ്ഞു രണ്ടു കഷണമാകുന്നതു്. താഴെയെത്തി ഒരു നിമിഷത്തിന്റെ മാത്രം ഇടവേള. വീണ്ടും ഉയരുകയാണു്. ഇത്തവണ ആകാശത്തോളമെന്നു് ഋദ്ധിക്കു തോന്നി. പിന്നിലേക്കു നോക്കി. ദൂരേ ആറു നൗകകൾ കുഴഞ്ഞുംമറിഞ്ഞും. ഏറെ പിന്നിൽ ഒരു കപ്പൽ. ഇത്തവണ വീഴ്ച കനത്തതായിരുന്നു. ദ്വാദശി പായ്മരത്തിലിറുകിപ്പിടിച്ചു. ഋദ്ധി ഒരു തുമ്പിയുമ്മ പറത്തി. കടൽ കലങ്ങിയപ്പോൾ തന്നെ പായ അഴിച്ചിരുന്നു. ഇനി തിരയൊടുങ്ങും വരെ അതിന്റെ പാട്ടിനു വിടുക. മറ്റൊന്നും ചെയ്യാനില്ല.

ഋദ്ധി അമരത്തിൽ നിന്നു തെന്നി നിരങ്ങി ദ്വാദശിയുടെ കാൽക്കലെത്തി. ദ്വാദശി പായമരത്തിൽ വട്ടംപിടിച്ചിരുന്ന കയ്യഴച്ചു. ഋദ്ധി കൈകൾ വിടർത്തി കിടന്നു. ദ്വാദശി പറന്നിറങ്ങി.

ദ്വാദശി ചെവിയിൽ ചോദിച്ചു. നമുക്കിങ്ങനെ ഇറുക്കിയണച്ചു് എത്രനേരം കിടക്കാം.

ഋദ്ധി കിതച്ചു:
“മൂന്നു മിനിറ്റ്.”
ദ്വാദശി:
“അതു കഴിഞ്ഞോ?”
ഋദ്ധി:
“നമ്മൾ രണ്ടാകും.”
ദ്വാദശി:
“അതു കഴിഞ്ഞോ?”
ഋദ്ധി:
“നമുക്കു തോന്നിയാൽ വീണ്ടും വരും.”
ദ്വാദശി:
“ഈ കടലും തിരകളും ഉള്ളിടത്തോളം ഒന്നിക്കാം എന്നു നീ പറഞ്ഞില്ല.”
ഋദ്ധി:
“നടക്കാത്തതു പറയുന്നതു നുണയെഴുത്തുകാരാണു്.”

ഋദ്ധി കൈകൾ വരിഞ്ഞുമുറുക്കി. ദ്വാദശി ഇറുകിച്ചേർന്നു. വീശുവലയിൽ കുടുങ്ങിയ ഇണസ്രാവുകളേപ്പോൽ അവർ തട്ടിലൂടെ ഉരുണ്ടു. തിരകളിൽ നൗക ഉയരുകയും താഴുകയും ചെയ്തു. കടൽ നൗകയിലേക്കു് മീനുകളെ കൊണ്ടുവന്നു. അടുത്ത തിരയിൽ തിരിച്ചെടുത്തു.

ദ്വാദശി:
“നിന്നെ ഉപ്പുവെള്ളം രുചിക്കുന്നു.”
ഋദ്ധി:
“അതു ഞാൻ മൂത്രമൊഴിച്ചതാണു്.”
ദ്വാദശി:
“എനിക്കും മൂത്രമൊഴിക്കണം.”
ഋദ്ധി:
“ഞാനും ഉപ്പുരുചിക്കാം.”

ഋദ്ധി ദ്വാദശിയുടെ കെട്ടു് അയച്ചുകൊടുത്തു. അവൾ എഴുനേൽക്കും മുൻപു ചിണുങ്ങി ഇടത്തെ ചെവിയിൽ കടിച്ചുതൂങ്ങി. ഋദ്ധിക്കു പെരുവിരൽ തുമ്പുമുതൽ ഉന്മാദം വന്നു. ഒന്നുകൂടി വരിഞ്ഞുമുറുക്കി തൊട്ടിലിൽ എന്നതുപോലെ ദ്വാദശിയെ ആട്ടിയെഴുനേറ്റു. പോകണ്ടാ എന്ന മട്ടിൽ കാലിൽ പിടിച്ചുകിടന്ന ദ്വാദശിയെ വിടുവിച്ചു് പിന്നിലേക്കു നോക്കി. ആറു നൗകകളും അടുത്തുവരുന്നുണ്ടു്. അതിനപ്പുറം മുൻപു കണ്ട കപ്പൽ ഇതേ ദിശയിൽ തന്നെ വരികയാണു്. പകലാണു്. ബൈനോക്കുലർ ഇല്ലാതെ തന്നെ മുന്നിൽ പോകുന്ന വഞ്ചികൾ കാണാവുന്നതേയുള്ളൂ. എന്നിട്ടും ദിശ മാറാതെ വരുന്നെങ്കിൽ അതു ശത്രുവാകണം. അല്ലെങ്കിൽ… ഋദ്ധി ചിന്തമുഴുമിക്കും മുൻപു് അതുകണ്ടു. കപ്പലിന്റെ മേൽത്തട്ടിൽ നിന്നു് വെള്ളപ്പതാക വീശുന്നു.

മിത്രമാണു് അവർ അടുത്തുവരികയാണു്. ഋദ്ധി ചെങ്കൊടി വീശി മറ്റു നൗകകൾക്കു് നിർത്താനുള്ള അടയാളം നൽകി. ഏകനും ത്രയയും അഷ്ടമനുമെല്ലാം അതതു നൗകകൾക്കു പായ താഴ്ത്താൻ കമാൻഡ് നൽകി. കപ്പൽ അടുത്തുവരാൻ ഇനിയും ഒരു മണിക്കൂർ എടുക്കുമെന്നു് ഋദ്ധി കണക്കാക്കി. നൗകയിൽ കയറിയപ്പോൾ ഊരിക്കളഞ്ഞ ജീൻസും ബനിയനും എടുത്തിട്ടു. ദ്വാദശി മനസ്സില്ലാ മനസ്സോടേ ഒരു ഷർട്ട് മാത്രം എടുത്തിട്ടു് മതിവരാത്തവളുടെ ചിരിചിരിച്ചു. ഋദ്ധി അടുത്തുചെന്നു് ഗാഢം പുണർന്നു.

എനിക്കു കാക്കത്തിരണ്ടിയാകണമെന്നു് ദ്വാദശി.

ഒരുപാടു് ആൺതിരണ്ടികൾ വന്നു പോകുമെന്നു് ഋദ്ധി.

അവരെയെല്ലം ഉന്മാദത്തിലാക്കി എനിക്കു പെറ്റുപെരുകണമെന്നു് ദ്വാദശി.

നിയമങ്ങളില്ലാത്ത ഈ രാജ്യത്തു് നീ കാക്കത്തിരണ്ടിയെന്നു് ഋദ്ധി.

ദ്വാദശി കൈകൾ വിടർത്തി കമഴ്‌ന്നു കിടന്നു. ഇരുവശത്തുകൂടിയും ആൺതിരണ്ടികൾ വരുന്നതു് ഉള്ളാലെ കണ്ടു.

എനിക്കൊരു നീണ്ട വാൽ തരൂ എന്നു് ദ്വാദശി.

ഋദ്ധി ഒന്നുകൂടി അവളെ മടിയിലേക്കു ചേർത്തു പിടിച്ചു.

ഒരു പെൺപുള്ളിക്കാക്കത്തിരണ്ടിക്കു വേണ്ടി അനേകം ആൺതിരണ്ടികൾ വരുന്ന ലോകം. ഓരോരുത്തരും മുപ്പതു നിമിഷം വാൽകൊരുത്തുകിടന്നു് പുണർന്നുള്ള മടക്കം. ദിവസവും ഇടുന്ന മുട്ടകൾ. അതു വിരിഞ്ഞു് അതേ രൂപവും ഭാവവുമുള്ള അനേകം തിരണ്ടികൾ. ഒരമ്മയ്ക്കു് എന്നും അതേ പുള്ളിയുള്ള മക്കളെ കിട്ടും. മുതുമുതുമുത്തശ്ശിയമ്മയ്ക്കു മുതൽ പുതുപുതുമോൾക്കുവരെ ഒരേ പുള്ളികൾ.

ആറാമത്തെ നൗകയിലായിരുന്നു ആഘോഷം. ത്രയ ഒറ്റക്കാലിൽ ജീൻസിടുകയും മറ്റേ കാലുകൊണ്ടു് നൃത്തം ചെയ്യുകയുമാണു്. വലതുകയ്യിലെ ടീ ഷർട്ട് ആകാശത്തേക്കുയർത്തി അവൾ വെള്ളക്കൊടിയാക്കി. പിന്നെയതു തലയ്ക്കു മുകളിൽ വട്ടംകറക്കി കഴുത്തുവഴി ഉടുത്തു. ദ്വീപിൽ വച്ചു് എല്ലാം ഊരിയെറിഞ്ഞ ശേഷം ആദ്യമായാണു് വസ്ത്രമിടുന്നതു്. ഈ ജീൻസും ടീഷർട്ടും അന്നു കപ്പലിൽ നിന്നിറങ്ങുമ്പോൾ സമുദ്ര നീട്ടിയതാണു്. ത്രയ ഉള്ളംകയ്യിൽ ചുംബിച്ചു് കപ്പലിലേക്കു് ഊതിവിട്ടുകൊണ്ടിരുന്നു.

ഏകനു് എല്ലാവർക്കുമൊപ്പം നൗക നിർത്താൻ തോന്നിയില്ല. ഋദ്ധിയേയും കടന്നു് അപ്പുറത്തെത്തിയാണു് വേഗം കുറച്ചതു്. നൗകകളിൽ നിന്നു് ആറേഴു കപ്പൽപ്പാടു് പിന്നിൽ സമുദ്രയുടെ കപ്പൽ നിന്നു. കപ്പലിനു് അടുത്തുപോകാൻ ചെറുനൗകയേ പറ്റൂ. ഋദ്ധി പിന്നിലേക്കു പോകാനായി ദിശ തിരിച്ചു. മെല്ലെ നീങ്ങുമ്പോൾ ആറാം നൗകയിൽ നിന്നു് ത്രയ ഒരു കൊച്ചുകുട്ടിയെപ്പോലെ എടുത്തുചാടി. ത്രയയുടെ മനസ്സു പോലെ ആ ശരീരവും തുള്ളിത്തുളുമ്പുകയാണെന്നു് ദ്വാദശി കണ്ടു.

ദ്വാദശിയുടെ മനസ്സു് അഞ്ചാം കാലത്തിൽ കൊട്ടാൻ തുടങ്ങി. പിന്നെയാ താളം ഇരുകൈകൾകൊണ്ടും ഇരുന്ന വീപ്പയിലേക്കു് പകർന്നു. ത്രയ താളം ചവിട്ടി, ചെണ്ടയിലെന്നതുപോലെ കൈ വായുവിൽ അടിച്ചു് വന്നു് ദ്വാദശിയുടെ കവിളിൽ ചുണ്ടു കൊണ്ടു തൊട്ടു. പിന്നെ നൗകയുടെ തുഞ്ചത്തേക്കു് ഓടി. സമുദ്ര കപ്പലിൽ നിന്നു കൈവീശുന്നതു് ഋദ്ധികണ്ടു.

ആ കൈവീശിയതു് ജുവൽ ആണു്. താഴെ നൗകയിൽ തുള്ളിച്ചാടിയതു് നന്ദിനിയും. ജൂവൽ കപ്പലിന്റെ ഇരുമ്പുവേലിയിൽ കൈകുത്തി നന്ദിനിയെ സാകൂതം നോക്കി.

ജുവലിനു് വിരലുകളിൽ മണ്ണു് പറ്റുന്നതു് തീരെ ഇഷ്ടമായിരുന്നില്ല. അവൻ സൈക്കിൾ സീറ്റിൽ കൈകുത്തി കണ്ടു നിന്നു. കാക്കപ്പൂവു്, മഞ്ഞമന്താരം, കനകാംബരം, ചെങ്കൊങ്ങിണി, മത്തപ്പൂവു്, വീണ്ടപ്പൂവു് പിന്നെ തൊട്ടാവാടിയും. നന്ദിനി ഈ പട്ടികയിൽ വിട്ടുവീഴ്ചയ്ക്കു് ഒരുക്കമായിരുന്നില്ല. ഓണപ്പൂക്കള മത്സരത്തിനു് ഒൻപതാം ക്ളാസുകാരുടെ കളം അവൾ ഏറ്റെടുത്തതാണു്.

ജൂവൽ പരമപരിഹാസത്തോടെ മാറി നിന്നു. ബന്തിയും ജമന്തിയും വാടാമല്ലിയും കൊണ്ടു് കഥകളിത്തലതീർക്കുന്നവർക്കു മുന്നിൽ നന്ദിനിയുടെ പാരമ്പര്യവാദം അപഹാസ്യമാകുമെന്നു് അവനു് ഉറപ്പായിരുന്നു.

എനിക്കു് ഒരുകാര്യം മനസ്സിലായി. അവർ എപ്പോഴും വഴക്കിനു് ഒരു കാരണമുണ്ടാക്കുകയാണു്. നന്ദിനിയോടുള്ള ജുവലിന്റെ വഴക്കൊക്കെ ഒരു സന്ദേശമാണു്. അവർ ഒച്ചയുണ്ടാക്കി രഹസ്യമായതെന്തോ പറയുകയാണു്. ജൂവലിന്റെ കണ്ണുകളിൽ അവൾ നിറഞ്ഞു നിൽപ്പുണ്ടു്.

മുക്കൂറ്റിപ്പൂ പറിക്കാൻ തുടങ്ങിയിട്ടു് മണിക്കൂർ ഒന്നായി. വിരലമർന്നാൽ അരഞ്ഞുപോകുന്ന പൂവാണു്. അതു കുടഞ്ഞെടുക്കുന്നതുപോലെ കൂമ്പൽ കൂട്ടിയ ചേമ്പിലയിലേക്കു അടർത്തിയിടുകയാണു്.

എനിക്കു് മറ്റൊന്നു കൂടി മനസ്സിലായി. നന്ദിനിയുടെ മനസ്സു് ഇവിടെയെവിടെയും അല്ല. അവൾ മറ്റെന്തിനോടോ കലഹിച്ചുകൊണ്ടേ ഇരിക്കുകയാണു്. അതു ജുവലിനോടല്ല. ഇന്നു് അവൾ ജുവലിന്റെ നേരേ നോക്കുന്നു പോലുമില്ല.

ഒരു എട്ടാം ക്ളാസുകാരിക്കു് ഉണ്ടാകേണ്ടതിലധികം ദേഷ്യവും പകപ്പും അവൾക്കു രണ്ടുമൂന്നു ദിവസങ്ങളായുണ്ടു്. എന്താടീ… എന്നു് ഒന്നു രണ്ടുതവണ ചോദിച്ചു. ആ മുഖം കൂടുതൽ ചുവക്കുകയും പോടീ… എന്നു പറഞ്ഞു വിഷയം മാറ്റുകയും ചെയ്തു.

അവൾക്കു പരീക്ഷയെ വലിയ പേടിയുണ്ടായിരുന്നില്ല. മാർക്കു കുറഞ്ഞാൽ അമ്മയുടെ കണ്ണു് ചിലപ്പോൾ നിറയുമായിരിക്കും. കിടപ്പാടം പോയ കുടുംബത്തിനു് മക്കളായിട്ടെങ്കിലും അതുണ്ടാക്കണം എന്നുണ്ടു്. പക്ഷേ, ഇതു് അതല്ല. മാർക്കിന്റെ സങ്കടമൊക്കെ അവൾക്കു് നിസ്സാര പ്രശ്നമാണു്. അവൾ തന്നെ പറയുന്നതുപോലെ ‘എ സില്ലി നന്ദിനി തിങ്’. ഇതു് മറ്റെന്തോ ആണു്.

നന്ദിനിയുടെ കയ്യിൽ നിന്നു് പെട്ടെന്നു് ആ ചേമ്പില താഴെ വീണു. അവളുടെ മുഖം ചുവന്നു തുടുത്തു. ഒരു മണിക്കൂർ കൊണ്ടു പറിച്ചെടുത്ത ആ പൂക്കൾ ഉപ്പൂറ്റികൊണ്ടു ചവിട്ടിയരച്ചു് അവൾ പോയി. പോകുംവഴിക്കു് എന്റെ കയ്യിലിരുന്ന ഇലകൂടി തട്ടിത്തെറിപ്പിച്ചു.

എന്തുവേണം എന്നു് അറിയാതെ ഞങ്ങൾ നിന്നു. അതു വീണതല്ല, കളഞ്ഞതാണെന്നു് ജോയൽ അടുത്തുവന്നു പറഞ്ഞു. ജോയൽ പറയുന്നതു ശരിയാകണം. അവളിൽ നിന്നു് കണ്ണെടുക്കാതെ നിൽക്കുകയായിരുന്നു അവൻ. പാടത്തെ കളിയിൽ ഔട്ടാകുമ്പോൾ ബാറ്റുകൊണ്ടു് സ്റ്റംപ് അടിച്ചു തെറിപ്പിച്ചു് ദേഷ്യം തീർക്കുന്നതു് വീട്ടിൽ വഴക്കുണ്ടാക്കി വരുന്നവരാണെന്നു് സുരേഷിന്റെ അച്ഛൻ വരമ്പിൽ നിന്നു് കോച്ചിങ് നൽകുന്നതിനിടെ പറയാറുണ്ടു്.

ഒൻപതാം ക്ളാസിന്റെ പൂക്കളമില്ലാതെ ഓണം അവധിക്കു മുൻപുള്ള അവസാനദിനം കടന്നുപോയി. നന്ദിനി അന്നു സ്കൂളിൽ എത്തിയില്ല. മറ്റാർക്കും പൂക്കൾ വാങ്ങാനോ ഇടാനോ തോന്നിയതുമില്ല. കഴിഞ്ഞവർഷം പൂക്കളമിട്ടതിനു പിറ്റേന്നായിരുന്നു കുട്ടിക്കസേര തേടിയുള്ള സൈക്കിൾ യാത്ര. നാളെ രാവിലെ എന്തായാലും നന്ദിനിയുടെ വീട്ടിൽ പോകണം എന്നു വിചാരിച്ചാണു് ഉറങ്ങാൻ കിടന്നതു്.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.