images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
ചുറ്റികത്തലയൻ

ഇപ്പോൾ എന്റെ മുകളിൽ തട്ടുതേച്ച മേൽക്കൂരയാണു്.

ഒരു ചിലന്തിവല പോലും കാണാനില്ല. സ്കൂളിലെ വയ്പു പുരയാണെങ്കിലും എന്തു മിനുസമാണു് മേൽക്കൂരയ്ക്കു്. താഴെ തറ അതിലും തിളങ്ങുന്നുണ്ടാകണം. മഠത്തിലെ നിലമൊക്കെ മൊസെയ്കായിരുന്നു. അതിലെ കല്ലുകൾ പൊങ്ങി നിന്നു. മിനുസമുള്ള ടൈൽസ് ഇടാൻ പലവട്ടം സൂപ്പിരിയർ ജനറലിനു് എഴുതിയിട്ടും രൂപതയിൽ നിന്നു് അനുവാദം കിട്ടിയില്ലെന്നു് സിസ്റ്റർ ഫിലോമിന പറയുമായിരുന്നു. ഫിലോമിന സിസ്റ്റർ എപ്പോഴും കണക്കു ബുക്കുകൾക്കു മുന്നിലായിരുന്നു. മത്തായിയുടെ കടയിൽ നിന്നു് പൊറോട്ട വാങ്ങിയതിന്റെ കണക്കിൽ ബാക്കി കിട്ടാനുള്ള രണ്ടു രൂപ വരെ ആ പേരേടിൽ ഉണ്ടാകും. അടുത്ത തവണ ആ രണ്ടു രൂപ കുറച്ചുള്ള പണം കൊടുത്തില്ലെങ്കിൽ അന്നമ്മയെ വീണ്ടും പറഞ്ഞുവിടും. സിസ്റ്റർ സന്ധ്യ അതെല്ലാം ചെറുചിരിയോടെ കണ്ടു നിന്നു.

എന്റെ കട്ടിലിനു താഴെ കുട്ടികളുടെ ബഹളം കേൾക്കുന്നുണ്ടു്. ഒരു കുട്ടി നിലവിളിക്കുകയാണു്. അതിനു് എഴുനേറ്റു് ഇത്തിരി പാൽ കൊടുക്കണം. പാവം കുട്ടി. എനിക്കു് ഒരിക്കലും കുട്ടികളെ പ്രസവിക്കണം എന്നു തോന്നിയിട്ടില്ല. അവരെ വളർത്തുന്നതും ഞാൻ സ്വപ്നം കണ്ടിട്ടില്ല. പക്ഷേ, ഒരു കുട്ടി എനിക്കു വേണ്ടി കയ്യടിക്കുന്നതു്, ഞാൻ പായ് നൗകയിൽ ലോകം ചുറ്റിവരുമ്പോൾ അവൾ തുള്ളിച്ചാടുന്നതു്, ഓടിവരുന്നതു്, എന്റെ തോളത്തിരിക്കുന്നതു് ഒക്കെ ഞാൻ കാണാറുണ്ടു്. അതു് ഒരു പെൺകുട്ടിയാണു്. അവളുടെ അമ്മ ഞാനല്ല. അപ്പോൾ ഞാൻ സുശീലയാണോ. സുശീലയാണോ പായ്ക്കപ്പലിൽ പോകുന്നതു്. ഋദ്ധിയാണോ ഓടിവരുന്നതു്. കുഞ്ഞിന്റ ശബ്ദം ഇപ്പോൾ കേൾക്കുന്നില്ല. അതു കരച്ചിൽ നിർത്തിയെന്നു തോന്നുന്നു. ഋദ്ധി മിണ്ടാതായല്ലോ… ഋദ്ധിക്കുട്ടി മിണ്ടുന്നില്ലേ… ആർക്കും ഒച്ചയില്ല… വെളിച്ചമില്ല… കൂരിരുട്ടാണു്…

സുശീലയുടെ അടുത്തേക്കു് അന്നമ്മ നടന്നുവന്നു.

“പിള്ള ഇപ്പം എത്രവർഷമായീടീവ്വേ ഇങ്ങനെ.” സുശീല അഞ്ചു വിരലുകൾ രണ്ടുതവണ മടക്കി കാണിച്ചു്, കൊണ്ടുവന്ന സാധനങ്ങൾ അടുക്കിവയ്ക്കാൻ തുടങ്ങി. അന്നമ്മ അറിയാത്തതു കൊണ്ടു് ചോദിക്കുന്നതല്ല എന്നു് സുശീലയ്ക്കു് അറിയാം.

“എന്റെ മീനുവിന്റെ ഒത്തുകല്യാണത്തിനു മുന്നാണു്. പത്തല്ല പതിനൊന്നാകാറായിക്കാണും.”

സുശീല ചെയ്യുന്ന ജോലി തുടർന്നു.

“അതു് എപ്പോഴും ഉറക്കമാണോ?”

സുശീല:
“ആദ്യത്തെപ്പോലെ തെളിച്ചമില്ല. ഇപ്പോ രണ്ടോ മൂന്നോ മിനിറ്റൊക്കെയാണു് തുറന്നു കിടക്കുന്നതു്.”
അന്നമ്മ:
“നമ്മളല്ലാതെ വേറാരും ഇതിനെ മനുഷ്യക്കുഞ്ഞായിപ്പോലും കാണുന്നില്ലാന്നു തോന്നുന്നല്ലോ പൊന്നു മാതാവേ…”

ഇങ്ങനെ പറയുന്നതിനൊന്നും സുശീല മറുപടി പറയാറില്ല.

അന്നമ്മ:
“നമ്മളീ പറയണതൊക്കെ കുഞ്ഞു കേൾക്കണുണ്ടാവ്വോ…”
സുശീല:
“വീടിനു മുകളിലൂടെ വിമാനം പോയിട്ടുകൂടി കണ്ണു തുറന്നില്ല.”
അന്നമ്മ:
“എന്തെല്ലാം എന്തോരം അറിഞ്ഞിരുന്ന പൊന്നാ…”

കഴുത്തിനു താഴേക്കു നിർജീവമായി കിടക്കുന്നയാളെ പൊന്നേ എന്നു വിളിക്കാൻ അങ്ങനെ എല്ലാവർക്കും കഴിയില്ലെന്നു് സുശീല ഓർത്തു. സിസ്റ്റർ സന്ധ്യയേക്കാൾ വലിയ കരുണയാണു് ഒരു കാര്യവുമില്ലാതെ അന്നമ്മ കാണിക്കുന്നതു്. എത്ര രാത്രികളിലാണു് അന്നൊക്കെ ആശുപത്രിയിൽ കൂട്ടിരുന്നതു്. ഞങ്ങൾക്കുകൂടി വേണ്ടിയാണു് അന്നമ്മ പകൽ പണിക്കു പോയതു്. അഗതിയായി രാത്രിയിൽ മഠത്തിൽച്ചെന്നു് ആകെയുള്ള പനമ്പിന്റെയറ്റം കയ്യേറിയ ആൾക്കു ലോകത്താരു നൽകും ഇതുപോലെ കരുണ.

ആരും തെരഞ്ഞുവരാതിരുന്ന ആഴ്ചകൾക്കൊടുവിൽ സ്വന്തം അമ്മയെ അന്വേഷിച്ചു പോകാൻ പറഞ്ഞു് സിസ്റ്റർ നിർബന്ധിച്ചു വിട്ടതായിരുന്നു.

അമ്മ ഏറ്റെടുക്കും എന്നു് ഉറപ്പായിരുന്നു. പക്ഷേ, ഭാർഗവൻ തെരഞ്ഞുവരുമെന്ന പേടിയിലാണു് അങ്ങോട്ടു പോകാതിരുന്നതു്. സിസ്റ്ററുടെ നിർബന്ധം കൂടിയപ്പോഴാണു് പുറപ്പെടാൻ തീരുമാനിച്ചതു്. ചെന്നപ്പോൾ അവിടെ മറ്റൊരു കുടുംബം താമസിക്കുന്നു. വീടു വാങ്ങിയവർക്കും അയൽക്കാർക്കും അറിയില്ല വിറ്റവർ എവിടെ പോയെന്നു്. സ്ഥലം കണ്ടു, പിറ്റേന്നു് ആധാരം എഴുതി, അന്നു തന്നെ താക്കോൽ തന്നു. ഇതാണു് വീട്ടുകാർ പറഞ്ഞ കച്ചവടക്കഥ. രായ്ക്കുരാമാനം കച്ചവടം നടത്തി ആനക്കാരനും ഭാര്യയും നാടുവിട്ടെന്നൊരു പറച്ചിൽ മാത്രമായി ബാക്കിയുള്ള തായ് വഴി.

സ്ഥലം വിറ്റു് കാശു വാങ്ങി ഭാർഗവൻ രണ്ടുപേരേയും തീർത്തു കാണില്ലേ എന്ന ബിനോയിയുടെ ചോദ്യം ഉള്ളിൽ ഒരു ഇളക്കവും ഉണ്ടാക്കിയില്ല. ആ ചോദ്യമുണ്ടാക്കാൻ പൊലീസിൽ ചേരേണ്ട കാര്യമൊന്നുമില്ലല്ലോ. സ്വന്തം മകളെ അങ്ങനെ ചെയ്തൊരാൾ ലോകത്തു് വേറെന്തൊക്കെ ചെയ്തുകൂടാ.

ഭാർഗവനു് ജീവിതത്തിൽ ആദ്യമായി മകൾക്കൊപ്പം കിട്ടിയ ദിവസമായിരുന്നു അതു്.

പശുക്കുട്ടി അമറാനും നിലത്തു ചവിട്ടാനും തുടങ്ങിയിട്ടു് രണ്ടു ദിവസമായിരുന്നു. കഴുത്തു് വലിച്ചു് മേലോട്ടുള്ള നിൽപും പിൻഭാഗത്തുനിന്നുള്ള നീരുപോക്കും കണ്ടു് അമ്മിണിയാണു് പാപ്പുവിന്റെ കാളയുടെ അടുത്തു പോകാം എന്നു പറയുന്നതു്. എല്ലാവരും കുത്തിവയ്പ്പിലേക്കു മാറിത്തുടങ്ങിയിരുന്നു. മൃഗാശുപത്രിയിൽ നിന്നു് ഡോക്ടർ അല്ലെങ്കിൽ കമ്പൗണ്ടർ വരും. കുത്തിവച്ചു പോകും. ഒരു പശുക്കുട്ടിയെ ആറ്റുനോറ്റു കിട്ടിയതാണു്. ഭാർഗവൻ എവിടെ നിന്നോ മോഷ്ടിച്ചതാണോന്നും സംശയമുണ്ടു്. ഡോക്ടറെ വിളിച്ചു് അതിനെ കാണിക്കാതിരിക്കുകയാണു് നല്ലതു് എന്നു് സുശീലയ്ക്കു തോന്നി. മൃഗഡോക്ടർമാർക്കു് നാട്ടിലെ ഏതു പശുവിനെയും കണ്ടാൽ തിരിച്ചറിയാം.

സാധാരണ പെണ്ണുങ്ങൾ ഇക്കാര്യത്തിനു പോകാറുള്ളതല്ല. ഭാർഗവൻ ഏതായാലും പശുക്കുട്ടിയെ കൊണ്ടുപോകില്ല. അന്നാട്ടിലെ വലിയ തറവാട്ടുകാരനാണു്. പശുവിനെ തടുപ്പിക്കാൻ പാപ്പുവിന്റെ പറമ്പിൽക്കയറുന്നതു് കുറച്ചിലാണു്. അടിപിടിക്കേസിൽ എത്ര ജയലിൽ കിടന്നിരിക്കുന്നു. അതിലും താഴെയുള്ള സ്ഥാനമാണു് ഭാർഗവൻ പാപ്പുവിന്റെ പുഴയെറുമ്പിനും വിത്തുകാളയ്ക്കും കൊടുത്തിരിക്കുന്നതു്.

ഭാഗം വച്ചപ്പോൾ കിട്ടിയ സ്ഥലമെല്ലാം മുറിച്ചു വിറ്റു. അപ്പുറവും ഇപ്പുറവും കോളനി പോലായി. ചിലതു് കടം കൊടുത്തവർ എഴുതി വാങ്ങിയതാണെങ്കിൽ മറ്റു ചിലതു് ജാമ്യത്തിലിറക്കാൻ വക്കീലന്മാർ നേടിയെടുത്തതാണു്. വീതം കിട്ടിയ ചാവടി വീണുപോയപ്പോൾ പലകയടിച്ചു പണിതെടുത്ത ചായ്പ്പുപുരയിരിക്കുന്ന ഏഴു സെന്റ് മാത്രമാണു് പതിനൊന്നു് ഏക്കറുകാരന്റെ നീക്കിബാക്കി. സർവ തരവഴിത്തരവും കാണിക്കുമെങ്കിലും ജാതി വിട്ടൊരു കളി ഭാർഗവനില്ല.

അമ്മിണി ഒരിക്കൽ പറയുകയും ചെയ്തു: “പത്മൻനായരുടെ മോൻ തന്നെ ഇങ്ങനായതു നന്നായി. അതുകൊണ്ടു തല്ലുകേസ് പാർട്ടികളൊക്കെ മറ്റവന്മാരാണു് എന്നു പറഞ്ഞിരുന്ന കരയോഗക്കാരു് വാ തുറക്കാൻ പാടുപെടുന്നു.”

അന്നു രാവിലെയും തീരുമാനം അമ്മിണിയുടേതായിരുന്നു. ആണുങ്ങളെ നോക്കണ്ട, പശുക്കുട്ടിയെ നമുക്കു കൊണ്ടുപോകാമെന്നു പറഞ്ഞു് ഇട്ടിരുന്ന നീളൻ ഉടുപ്പിനു മേൽ ഒരു തോർത്തുമിട്ടു വന്നു. അമ്മിണിക്കു് ഏതു് ആണിടത്തിലും കയറാനൊരു ധൈര്യമുണ്ടു്. വെയിൽ മൂക്കും മുമ്പാണെങ്കിൽ തടുപ്പിക്കാൻ പറ്റിയ സമയവുമാണു്. പോരുമ്പോൾ കൂടി നോക്കിയതാണു്. ഭാർഗവനും മോളും നല്ല ഉറക്കം.

ചെന്നുകയറുമ്പോൾ പശുവിനെ കണ്ടു കാള മുരളാൻ തുടങ്ങി. ആ മുരൾച്ച കേട്ടു പാപ്പു വന്നു. ഞങ്ങളെ കണ്ടതോടെ വലിയ ഉത്സാഹമായതുപോലെ തോന്നി. പശുക്കുട്ടിയെ പാപ്പു ചൂണ്ടിക്കാണിച്ച തെങ്ങിൽക്കെട്ടി. പാപ്പു ഒറ്റയ്ക്കാണു താമസം. കാളയെ പെരിയപാപ്പു എന്നു വിളിക്കുന്ന കുട്ടികൾ പാപ്പുവിനെ കാളപ്പാപ്പു എന്നാണു് വിളിക്കുക.

കൊണ്ടുപോയ കന്നിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള പടുകൂറ്റനാണു് പെരിയപാപ്പു എന്നു് അഴിച്ചുവിട്ടപ്പോഴാണു് സുശീലയ്ക്കു മനസ്സിലായതു്. പെരിയപാപ്പു നേരേ തെങ്ങിനു താഴേയ്ക്കു് നടന്നു പശുക്കുട്ടിക്കു ചുറ്റും മണപ്പിച്ചു നടക്കാൻ തുടങ്ങി. ഋദ്ധിയുടെ മണിക്കുട്ടി നാവുകൊണ്ടു് തലയിൽ നക്കി കൊടുക്കുന്നു. തലയിൽ നിന്നു് ഓരോ പേനിനെയും അമ്പിളി വാരിക്കോലിൽ വലിച്ചെടുത്തു് ഇടതു തള്ളവിരലിന്റെ നഖത്തിൽ വച്ചു് വലതു തള്ളവിരൽകൊണ്ടു് ഞെക്കിപ്പൊട്ടിക്കുമ്പോൾ ഓരോ കുളിരു കേറി വരുമായിരുന്നു സുശീലയ്ക്കു്. പശുക്കുട്ടി ഓരോ ചെള്ളിനേയും നക്കിയെടുക്കുമ്പോൾ കാളയ്ക്കും ഉണ്ടാകണം ചെറു മൂർച്ഛകൾ. അതു് നാവുകൊണ്ടു് ഒന്നുഴിഞ്ഞ സ്ഥലം തന്നെ വീണ്ടും താഴ്ത്തി കാണിച്ചുകൊടുക്കുകയാണു്. യുഗങ്ങളായി അറിയുന്നവരെപ്പോലെയാണവർ. ചേർന്നു നിൽക്കുകയും പരസ്പരം ഉരുമ്മുകയും ചെയ്യുന്നു. തിരിഞ്ഞു നോക്കുമ്പോൾ അമ്മിണിയെ കാണാനില്ല. പെട്ടെന്നു് പാപ്പുവിന്റെ വാതിൽ അടയുന്ന ശബ്ദം. ഞെട്ടി നോക്കുമ്പോൾ അമ്മിണി വാതിൽ തുറന്നു് തല മാത്രം പുറത്തിട്ടു് കണ്ണുകൊണ്ടു് ഇപ്പോൾ വരാമെന്നോ മറ്റോപോലെ തോന്നിയ ആംഗ്യം കാണിച്ചു. വാതിൽ അടഞ്ഞു.

പശുക്കുട്ടി പെരിയപാപ്പുവിനെ താങ്ങുമോ എന്നായിരുന്നു പേടി. അത്ഭുതം തോന്നി. അവിടെ നിന്നു് വലിയ സീൽക്കാരങ്ങളൊന്നും ഉയർന്നില്ല. അപ്പുറത്തു് പാടമാണു്. അവിടെ വെട്ടിയ വരമ്പിലൂടെ കൈത്തോടു് പാടത്തേക്കു സ്വച്ഛന്ദം പ്രവേശിക്കുന്നു. പെട്ടെന്നാണു് വീട്ടിനുള്ളിൽ നിന്നു പാപ്പുവിന്റെ ശബ്ദം ഉയർന്നതു്. പെരിയപാപ്പുവിന്റെ ചെറിയ മുരൾച്ചകളേക്കാൾ അതു് പൊങ്ങി. അതു കാളയെ പൂട്ടുന്ന കലപ്പക്കാരന്റെ ശബ്ദമായി തോന്നി സുശീലയ്ക്കു്. പാപ്പുവിന്റെ ഓരോ അലർച്ചയ്ക്കും പിന്നാലെ അമ്മിണി വേദനകൊള്ളുംപോലെ ഒരു ഒച്ചയുണ്ടാക്കുന്നതായും തോന്നി. സുശീലയ്ക്കു മൃദുവികാരങ്ങളൊന്നും ഉണർന്നില്ല. അറപ്പും പേടിയുമാണു് തോന്നിയതു്.

കുറച്ചുനേരം ആ പറമ്പിലെ കൂറ്റൻ ആഞ്ഞിലിയുടെ തലപ്പത്തു നോക്കിയിരുന്നു. അഞ്ഞിലിക്കാവിള പഴുത്തു തൂങ്ങി നിൽക്കുന്നു. പത്താൾ പൊക്കത്തിലെങ്കിലും ശിഖരങ്ങളില്ലാത്ത തായ്ത്തടിയിലൂടെ കയറിയാലെ പറിച്ചെടുക്കാൻ കഴിയൂ. മുകളിൽ കുട ചൂടിയതുപോലെ ഇലകളും വിളകളും. ഉണ്ണി സ്കൂളിലെ ആഞ്ഞിലിയിൽ ഓടിക്കയറി പറിക്കുന്ന വിള പല കൈമറിഞ്ഞു് എനിക്കെത്തിക്കാൻ എത്ര പാടുപെട്ടിരിക്കുന്നു. എന്നിട്ടും ഒരിക്കൽ പോലും നേരിട്ടു വന്നു് തന്നിട്ടില്ല. ഒന്നും പറഞ്ഞിട്ടുമില്ല. ഉണ്ണി എത്തിക്കുന്നതു് ഇടതുകയ്യിൽ ഉയർത്തിപ്പിടിച്ചു് തൊണ്ടു പൊളിച്ചു് മഞ്ഞനിറമായ വിള വലതുകൈകൊണ്ടു് അടർത്തിയെടുത്തു വായിലിട്ടു നുണഞ്ഞു പാളിനോക്കും. ഉണ്ണി അപ്പോഴും ഇടങ്കണ്ണിട്ടു നോക്കി നിൽക്കുന്നുണ്ടാകും. ഉണ്ണിക്കെന്താ എന്നോടു് മിണ്ടിയാല് എന്നു് ഒറ്റയ്ക്കു കിട്ടിയാൽ ചോദിക്കണമെന്നു വിചാരിച്ചിരുന്നു. ഉണ്ണിയെ ഒരിക്കലും ഒറ്റയ്ക്കു കിട്ടിയില്ല. എനിക്കുറപ്പായിരുന്നു, ഉണ്ണി എന്നെ ഒറ്റയ്ക്കു കിട്ടിയാലും അതുതന്നെ ചോദിക്കുമെന്നു്. നിനക്കെന്താണു ഷീലേ എന്നോടൊന്നു മിണ്ടിയാലെന്നു്. ഷീല എന്റെ ഇരട്ടപ്പേരായിരുന്നു. സുശീലയെ ഷീലയാക്കിയതല്ല. എനിക്കു നടി ഷീലയെപ്പോലെ വലിയ കണ്ണുകൾ ഉണ്ടെന്നു പറഞ്ഞു വിളിച്ചു തുടങ്ങിയതാണു്. കണ്ണുകൾ മാത്രമല്ല കയ്യക്ഷരവും പ്രശസ്തമായിരുന്നു. ആ കയ്യക്ഷരത്തിൽ ഉണ്ണിക്കു് കുറെ കത്തുകൾ എഴുതണമെന്നു് ഓർത്തിട്ടുണ്ടു്. കത്തുകൾ എല്ലാം തുടങ്ങിയതു് മാസ്റ്റർ കുഞ്ഞുണ്ണി എന്നായിരുന്നു. ഉണ്ണിയെ കുന്നത്തമ്മ ഉറക്കെയും ഞാൻ കൽപ്പനാ കത്തുകളിലും വിളിച്ചിരുന്ന പേരാണു് കുഞ്ഞുണ്ണി. കത്തുകളെല്ലാം ഞാൻ ബേബി സുശീല, ഒപ്പു് എന്നെഴുതി അവസാനിപ്പിച്ചു. എന്റെ ബേബി സുശീലയ്ക്കു് എന്നെഴുതി ഉണ്ണി അയയ്ക്കാനിടയുള്ള കത്തുകൾ ഓരോ ദിവസവും സ്വപ്നത്തപാലിൽ വന്നു കൊണ്ടിരുന്നു. അതിപ്പോഴും വരാറുണ്ടു്. ഭാർഗവന്റെ കയറ്റിറക്കം കഴിഞ്ഞു് ഉറക്കം വരാനായി കിടക്കുമ്പോൾ കത്തുകൾ വന്നുകൊണ്ടേയിരിക്കും.

ആഞ്ഞിലിയിൽ നിന്നു് ചിന്തയിറങ്ങി വന്നു മുന്നിലേക്കു നോക്കി. അവിടെ പശുക്കുട്ടി കിടക്കുന്നു. അതിനെ നക്കിയുഴിഞ്ഞു് പെരിയപാപ്പു അടുത്തു നിൽക്കുന്നു. എല്ലാം കഴിഞ്ഞു കിട്ടുന്ന ഈ തലോടലാണു് ലോകത്തു് ഏറ്റവും വലുതെന്നു് അപ്പോൾ സുശീലയ്ക്കു തോന്നി. ആദ്യത്തെ അറപ്പൊന്നും ഒരിക്കലും മാറിയില്ലെങ്കിലും എല്ലാം കഴിയുമ്പോഴെങ്കിലും അയാൾ ഒന്നു് കരുണയോടെ നോക്കിയിരുന്നെങ്കിൽ എന്നു് അടുത്തകാലത്തൊക്കെ തോന്നാതിരുന്നില്ല. അയാൾക്കു് അതിനൊന്നും ആവതില്ലായിരുന്നു. കള്ളും വാറ്റും മാറിമാറിക്കുടിച്ചു് പാതി ബോധത്തിൽ വരുന്നയാൾ മുഴുവൻ ബോധവും കളയാനുള്ള അനുഷ്ഠാനമായിരുന്നു എന്നും കട്ടിലിൽ നടത്തിയിരുന്നതു്.

നിൽക്കുകയായിരുന്ന കാളയും പതുക്കെ കാലുകൾ മടക്കി അടുത്തു കിടന്നു. രണ്ടുപേരും തെങ്ങിൻചുവട്ടിൽ കിടന്ന വയ്ക്കോൽ ഓരോ കടിയെടുത്തു് വിഴുങ്ങി. പിന്നെ സുഖം അയവെട്ടി. അപ്പോഴും അകത്തുനിന്നുള്ള ശബ്ദങ്ങൾ തീർന്നില്ല. അൽപസമയം കഴിഞ്ഞതോടെ ചില കാക്കകളുടെ കരച്ചിലും ഒരു മരംകൊത്തി ആഞ്ഞിലിയിൽ കൊത്തുന്ന താളവും മാത്രമായി. അവർ ഉടൻ വരുമായിരിക്കുമെന്നു് സുശീലയ്ക്കു തോന്നി. പൊടുന്നനെ വാതിൽ തുറന്നു് ഇറങ്ങിവന്ന അമ്മിണി ഒന്നും പറയാതെ മുൻപേ നടന്നു. സുശീല അന്തിച്ചു നിന്നു. പോയ അമ്മിണി വട്ടംതിരിഞ്ഞു് അതിലേറെ വേഗം തിരികെ വന്നു. സുശീലയെ എന്തിൽ നിന്നോ രക്ഷിക്കുന്നതുപോലെ വട്ടംപിടിച്ചു ചേർന്നു നിന്നു. പാപ്പു ഇരുമ്പൻ പുളിയിട്ടു വേവിച്ച ചിരിയുമായി കാളയെ തൊഴുത്തിലേക്കു കൊണ്ടുപോയി.

സുശീല പശുക്കുട്ടിയുമായി നടന്നു. അമ്മിണിയുടെ കൺകോണിലെ രണ്ടു തുള്ളി സുശീല കണ്ടിരുന്നു. നടക്കുന്നതിനിടെ അമ്മിണി ചുരുട്ടിപ്പിടിച്ച കൈ വിടർത്തി. അതിൽ അൻപതു രൂപ.

“ഇതു തരാൻ അയാൾ കാളയായി, ഞാൻ പശുവും.” അമ്മിണിയുടെ നീളനുടുപ്പിന്റെ പിന്നിൽ പറ്റിയിരിക്കുന്നതു ചോര മാത്രമല്ലെന്നു് സുശീല കണ്ടു.

അമ്മിണി പിറുപിറുത്തു: “കാള പോലും അതിനു പറഞ്ഞിട്ടുള്ള സ്ഥലത്തുകൂടിയേ കയറൂ.”

അന്നു് പശുക്കുട്ടിയെ തൂണിൽ കെട്ടി അടുക്കളയിൽ എത്തുമ്പോഴാണു് ഋദ്ധി കഞ്ഞികുടിക്കാൻ പതിവിലുമേറെ വൈകി വന്നതു്. പുല്ലുവെട്ടാൻ പോകുമ്പോഴൊക്കെ അമ്മിണിയുടെ അടുത്തു നിർത്തിപ്പോവുകയാണു് പതിവു്. ഒരിക്കലും ഭാർഗവന്റെ അടുത്തു് അവൾ തനിച്ചു കിടന്നിട്ടില്ല. ഇനി കിടന്നാൽ കുഴപ്പമാകുമെന്നു തോന്നിയിട്ടുമില്ല. പക്ഷേ, അന്നു് അതു സംഭവിച്ചു.

ഋദ്ധി കൺതുറന്നു.

പുതിയ മേൽക്കൂര. ആദ്യം കാണുന്നതുപോലെ ഒരു നിമിഷം തോന്നി. പെട്ടെന്നു് ഓർമ്മ വന്നു. ഇതു് എത്രയോ കണ്ടിരിക്കുന്നു എന്നു്.

പത്തുവർഷത്തിനിടെ ഓർമയിൽ വരാത്തതൊക്കെ ഋദ്ധി അതോടെ കാണാൻ തുടങ്ങി. ജീസസ് മേരി എന്ന ഇതേ സ്കൂളിൽ ഒന്നു മുതൽ പന്ത്രണ്ടു വരെ പഠിച്ചതു്. പതിനാലു വർഷം തണലായ മഠത്തേക്കാൾ, സ്വന്തം ചോരയായി ഏറ്റെടുത്ത സിസ്റ്റർ സന്ധ്യയേക്കാൾ, ഇനി എനിക്കുമേൽ അയാൾ കയറാതിരിക്കാൻ വേണ്ടി മാത്രം ഇറങ്ങിയോടിപ്പോന്ന സുശീലയേക്കാൾ ആഴത്തിൽ തൊടുന്ന പലതുമുണ്ടു് ഇവിടെ എന്നു തോന്നിത്തുടങ്ങി.

മുടികൾ കൊഴിഞ്ഞില്ലാതായ തലയിൽ ശ്മശ്രുക്കൾ കിളിർത്തുവരുന്നതായി ഋദ്ധിക്കു തോന്നി. അവ ഇപ്പോൾ എഴുന്നു നിൽക്കുന്നുണ്ടാകും. കഴുത്തിനു താഴെ ഒന്നും അറിയാൻ ശേഷിയില്ലാത്തവരുടെ ഇന്ദ്രിയങ്ങളെല്ലാം തലച്ചോറിൽ പ്രവർത്തിക്കുന്നുണ്ടു്. തൊടാതെ തന്നെ തൊടുകയും കേൾക്കാതെ തന്നെ കേൾക്കുകയും പാടാതെ തന്നെ പാടുകയും ചെയ്യുന്നുണ്ടു്. അതൊരു മഹാസിദ്ധിയാണു്. തലച്ചോറുകൊണ്ടു മാത്രം രുചി, നിറം, താളം, ശ്രുതി, സ്പർശം, പിന്നെ രതിയും അറിയുന്ന മാന്ത്രികത. അല്ലെങ്കിലും ഋതു മാറുന്നതു് തലച്ചോറിലാണല്ലോ?

അഷ്ടമൻ പാടി:

“ഋതുമൃജുമൃദു സ്ഫുടവർണ്ണ വാക്യം തെളി-
ഞ്ഞിങ്ങനെ ചൊല്ലുന്നവർ കുറയും തുലോം.” [1]

ഋതുക്കളിലെ വസന്തം കടൽ ഒളിപ്പിച്ചുവയ്ക്കും. പൂവിടുന്നതു് മൂന്നും നാലും കിലോമീറ്ററുകൾ താഴെ കുറ്റാക്കൂരിരുട്ടിലാകും.”

ഋദ്ധി ‘ഹോയ്… ഹോയ്’ എന്നു് അലറി. കാറ്റുപിടിച്ചു് തിരകൾ കടന്നു കുതിക്കുകയാണു പായ് വഞ്ചി.

ആ പാടിയതു് അഷ്ടമനോ? അതോ സുശീലയുടെ മുത്തച്ഛനോ? സുന്ദരകാണ്ഡം ആശാൻകളരിയിൽ നിന്നോ? അതോ നടുക്കടലിൽ നിന്നോ? അതു കേട്ടതു സുശീലയോ, ഋദ്ധിയോ?

അതു ത്രയയല്ല.

ഇതുവരെ ത്രയയെന്നു വിളിച്ചതെല്ലാം നന്ദിനിയെയാണു്. അതു നന്ദിനിയാണു്. മുഖം നന്ദിനിയുടേതു തന്നെയാണു്. അവളെങ്ങനെയാണു് ത്രയയായതു്? നന്ദിനി എട്ടാം ക്ലാസ്സിലാണു് ജീസസ് മേരിയിലേക്കു വന്നതു്. അതുവരെ കുട്ടനാട്ടിലായിരുന്നു. അവിടെ തന്നെ ആറു സ്കൂൾ കഴിഞ്ഞാണു് ജീസസ് മേരിയിലേക്കു വരുന്നതു്. ഞങ്ങൾക്കാർക്കും ഇല്ലാത്ത ഒന്നു് നന്ദിനിക്കുണ്ടായിരുന്നു. നിറം. ചന്ദനം തൊട്ടാൽ തിരിച്ചറിയാത്തത്ര വെണ്മ. ആദ്യ ദിവസമൊക്കെ മദാമ്മക്കുട്ടി എന്നാണു് ഞങ്ങൾ പരസ്പരം പറഞ്ഞതു്. നന്ദിനി ഒട്ടും അടുക്കുന്ന പ്രകൃതമായിരുന്നില്ല. ആദ്യ ബെൽ അടിക്കുമ്പോൾ കയറിവരും. ഒരു മണിക്കു് ഇറങ്ങിപ്പോകും. രണ്ടുമണിക്കു് പിന്നെയും വരും. നാലുമണിക്കു് സ്കൂൾ വിട്ടുപോകുന്നവരുടെ ജാഥയിൽ ഏറ്റവും മുന്നിൽ അവളായിരിക്കും. രാവിലെ എട്ടരയ്ക്കു തന്നെ സ്കൂളിൽ വന്നു് ഉച്ചയ്ക്കു് പരസ്പരം കയ്യിട്ടുവാരി കഴിച്ചു് നടന്ന ഞങ്ങൾക്കൊക്കെ പരസ്പരം എല്ലാം അറിയാമായിരുന്നു. ആദ്യ ഋതു വന്നതുപോലുള്ള എല്ലാം.

നന്ദിനി പഠിത്തത്തിലും അത്ര മുന്നിലായിരുന്നില്ല. എഴുനേൽപ്പിച്ചു നിർത്തി വഴക്കു കേൾക്കാൻ മാത്രം മോശവുമല്ലായിരുന്നു. അതുകൊണ്ടു മികവിന്റെ പേരിലോ പിഴവിന്റെ പേരിലോ ഒരിക്കൽ പോലും എഴുനേറ്റു നിന്നില്ല. നന്ദിനിക്കു് ശബ്ദമുണ്ടോ എന്നുപോലും ഞങ്ങൾക്കു രണ്ടു മൂന്നാഴ്ചയായപ്പോൾ സംശയമായി.

അമ്മയെ കായലിൽ നിന്നു ഞണ്ടിറുക്കിയ ദിവസമാണു്.

ആശുപത്രിയിൽ പോയി മരുന്നൊക്കെ വച്ചു് മഠത്തിലെത്തിച്ചു. അപ്പോഴാണു് സിസ്റ്റർ പറഞ്ഞതു് പത്താകുന്നല്ലേയുള്ളൂ, സ്കൂളിൽ പൊയ്ക്കൂടേ എന്നു്. അമ്മയും അതുതന്നെ പറഞ്ഞു. അതോടെ സൈക്കിൾ എടുത്തു് മഠത്തിൽ നിന്നു് നല്ല വേഗത്തിൽ ഇറങ്ങുമ്പോൾ മുന്നിലൂടെ നന്ദിനി. അടുത്തു ചെന്നു് ബ്രേക്ക് പിടിച്ചു.

“കേറടീ…” എന്നു പറഞ്ഞതേയുള്ളു: ഒരു മടിയുമില്ലാതെ അവൾ കാരിയറിലേക്കു് ഒറ്റക്കയറ്റം. അപ്രതീക്ഷിത കയറ്റത്തിൽ സൈക്കിൾ ഒന്നു പാളിയെങ്കിലും എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അപ്പോഴുണ്ടു് അതിലും ഉറക്കെ പിന്നിലിരുന്നു് അവളും ചിരിക്കുന്നു.

എന്തൊരു ജാടയായിരുന്നടീ ഇതിവരെ എന്നു ഞാൻ.

എല്ലാരേയും ഒന്നു പരീക്ഷിച്ചതല്ലേയെന്നു് അവൾ.

നിനക്കെന്താടീ നേരത്തേ സ്കൂളിൽ വന്നാലെന്നു് ഞാൻ.

കുഞ്ഞിനെ കുളിപ്പിച്ചു് കൺമഷി എഴുതിക്കണമെന്നു് അവൾ.

നീയെന്താടി ഇതിനിടെ പേറും കഴിഞ്ഞോ എന്നു ഞാൻ.

അമ്മ പെറ്റു കയ്യിൽ തന്നതാടീ എന്നു് അവൾ.

അമ്മ പെറ്റതിനു നീയെന്തിനാടീ കുഞ്ഞിനെ കുളിപ്പിക്കുന്നതെന്നു് ഞാൻ.

ഇരുപത്തിയെട്ടു് ആകുന്നേയുള്ളു എന്നു് അവൾ.

കുളിപ്പിക്കാൻ ആളെക്കിട്ടില്ലേയെന്നു് ഞാൻ.

ഞാനുള്ളപ്പോൾ വയറ്റാട്ടി വേറെ എന്തിനെന്നു് അവൾ.

അപ്പം നമ്മൾ സെറ്റായല്ലോടീ എന്നു ഞാൻ.

എന്നാൽ അങ്ങനെതന്നെ എന്നു് അവൾ.

സൈക്കിളിൽ നിന്നിറങ്ങി കൈകൾ കൂട്ടിയടിച്ചു് ഞങ്ങൾ ക്ളാസ്സിലേക്കു കയറി. ആദ്യ ബെല്ലിനു് രണ്ടോ മൂന്നോ മിനിറ്റു കൂടിയുണ്ടു്. ഞങ്ങൾ ചിരപരിചിതരെപ്പോലെ തോളിടിച്ചു വരുന്നതുകണ്ടു് ക്ളാസ് നിശബ്ദമായി. എന്നെ പിന്നെയും ഞെട്ടിച്ചു നന്ദിനി മുരടനക്കി.

“എന്തോന്നെടേ ശശ്മാന മൂകത… പാടടേ എല്ലാരും…”

ഞാൻ പാടിക്കൊടുത്തു.

“ഡ്യൂരോബോം ജോഗി ഓംനേവു ഗോദ്യാഗാ ഉനേൻ സോരി…” [2]

ആ ദക്ഷിണകൊറിയൻ താരാട്ടിലേക്കു് ഓമനത്തിങ്കൾ കിടാവോ… [3] ഈണവുമായി ക്ളാസ് മുഴുവൻ എഴുനേറ്റു. നന്ദിനി നിർത്താതെ ചിരി തുടങ്ങി. ചിരിപൊട്ടിയ എനിക്കും ബാക്കി പാടാൻ വയ്യ. ആൺപെൺ പടയോടു് ഞാനാ രഹസ്യം വെളിപ്പെടുത്തി.

“നന്ദിനിയെ ആരും ശല്യം ചെയ്യരുതു്. അവൾക്കു് പന്ത്രണ്ടു വയസ്സായപ്പോൾ അവളുടെ അച്ഛനും അമ്മയും ഒന്നു സ്നേഹിച്ചു. അവൾക്കു പതിമൂന്നു വയസ്സായപ്പോൾ ഒരു കൊച്ചിനെ പ്രസവിച്ചു് അമ്മ കയ്യിൽ വച്ചുകൊടുത്തു. അവൾ അതിനെ കുളിപ്പിച്ചു്, കൺമഷീം എഴുതിച്ചു്, പൊട്ടും തൊടീച്ചേ ക്ളാസിൽ വരൂ. പിന്നെ അമ്മയ്ക്കു പാണലിട്ടു തിളപ്പിച്ച വെള്ളമുണ്ടാക്കി മേത്തൊഴിച്ചു കൊടുക്കണം. പൊന്നുമോൾക്കു് ഒത്തിരി പണിയുള്ളതാണു്. അതുകൊണ്ടു്…”

എല്ലാവരും ഒന്നിച്ചു ചോദിച്ചു: “അതുകൊണ്ടു്?”

“അതുകൊണ്ടു്… നാളെ മുതൽ നമ്മൾ ഓരോരുത്തർ ഊഴമിട്ടു് അവളുടെ വീട്ടിൽ പോകുന്നു, കൊച്ചിനെ കുളിപ്പിക്കുന്നു, അവൾ ദോശ ചുടുന്നു, നമ്മൾ കഴിക്കുന്നു.”

“സെറ്റോടു് സെറ്റ്…” എല്ലാവരും ഒന്നിച്ചു് ഓരിയിട്ടു.

ആദ്യം ജൂവൽ എഴുനേറ്റു. ബാഗുകൾ രണ്ടു കയ്യിലാക്കി കുഞ്ഞിനെപ്പോലെ എടുത്തു് താരാട്ടാൻ തുടങ്ങി. എല്ലാവരും അതുപോലെ ബാഗുകളെ ആട്ടിയുറക്കി. ക്ളാസ് ഒരു കളിത്തൊട്ടിലായി.

“ഓംനേവു ഗോദ്യാഗാ ഉനേൻ സോരി…” ഞാൻ ഓമനത്തിങ്കൾക്കിടാവോ ഈണത്തിൽ തന്നെ മൂളി.

മാഗിടീച്ചർ കയറി വന്നു. കാര്യമറിഞ്ഞില്ലെങ്കിലും പുസ്തകത്തിനു മുകളിൽ ഡെസ്റ്റർ വച്ചു് ടീച്ചറും താരാട്ടു തുടങ്ങി.

“അൽമ്യോൻസോദോ മോരേഗ്വോ…” എന്നു് അടുത്തവരി ജൂവൽ ആണു് മൂളിയതു്. ലയിച്ചു വന്നപ്പോഴേക്കും മൈക്കിലൂടെ പ്രാർത്ഥന തുടങ്ങി.

“ലീഡ് കൈൻഡ്ലി ലൈറ്റ്
എമിഡ്സ്റ്റ് ദ എൻസർക്ലിങ് ഗ്ലൂം”

ഋദ്ധി എഴുനേൽക്കുന്നതിനു മുമ്പു് കായലിലേക്കു പോകുന്ന സുശീലയും അമ്മിണിയും പതിനൊന്നുമണിയായാൽ കരകയറും.

മൂന്നുമണിക്കാണു് ചന്തയിലേക്കു പോവുക. കായലിൽ നിന്നു കയറിയാൽ ‘ഞാൻ വരാടീ…’ എന്ന ഒറ്റ വാചകം ആവർത്തിച്ചു് അന്നമ്മ ഒരുപ്പോക്കാണു്. ഇത്ര കാലമായിട്ടും അതു് എങ്ങോട്ടാണു് എന്നു മാത്രം സുശീല ചോദിച്ചില്ല. ഇങ്ങോടു് പറയുന്നതു കേൾക്കുകയല്ലാതെ ഇതുവരെ ചോദ്യം ചോദിച്ചു് ഒരുത്തരവും സുശീല മേടിച്ചിട്ടില്ല.

അമ്മിണി പോയിക്കഴിഞ്ഞാൽ ഓലമടൽ നിരത്തിയിട്ടു് സുശീല കായലരികത്തു തന്നെ കിടക്കും. ചിലപ്പോൾ ഗാഢമായി ഉറങ്ങിപ്പോകും. ആ കിടപ്പാണു് എന്നും കപ്യാരു ബിനോയി സൈക്കിളിൽ വന്നു് ഉണർത്തുന്ന ശീലമായി മാറിയതു്. ആദ്യത്തെ ദിവസം രണ്ടു ബെല്ല് കേട്ടു് ഞെട്ടിയാണു് സുശീല ഉണർന്നതു്.

ആരെങ്കിലും കൂടെ വന്നു കിടന്നാലും അറിയത്തില്ലല്ലോ എന്നു ബിനോയി. സുശീലയ്ക്കു ചിരി വന്നില്ല. പരിഭ്രമിച്ചു് എഴുനേറ്റു. ബിനോയി ഒന്നു വെളുക്കെ ചിരിച്ചു് പോവുകയും ചെയ്തു. ഇതു് എല്ലാ ദിവസവും ആവർത്തിച്ചതോടെ സുശീല പിന്നെ കാത്തു കിടക്കാൻ തുടങ്ങി. ആ പകലുറക്കം തന്നെ ഇല്ലാതായി. ബിനോയി വെറും കയ്യോടെ വരില്ല. ഒരു ദിവസം ഉഴുന്നുവട. മറ്റൊരു ദിവസം ബൺ. ചിലപ്പോൾ നാലു പാളി ബ്രഡ്. അല്ലെങ്കിൽ രണ്ടു കപ്പ പുഴുങ്ങിയതു്. നീട്ടി പതിവു പറച്ചിലുണ്ടു്: രാവിലെ കഴിച്ചു ബാക്കി വന്നതാണു്. സുശീലയ്ക്കു ഉറപ്പായിരുന്നു ഇതു് തനിക്കു വേണ്ടി വാങ്ങിക്കുന്നതോ ഉണ്ടാക്കുന്നതോ ആണെന്നു്.

അങ്ങനെയാണു് സുശീല പതിനാലു വയസ്സിനു ശേഷം ആദ്യമായി കണ്ണാടി നോക്കാൻ തുടങ്ങിയതു്. രാവിലെ തേച്ചുകഴിഞ്ഞ പല്ലുകൾ വെളുത്തോ എന്നു് നോക്കും, പാറിക്കിടന്ന മുടി രണ്ടായി മെടഞ്ഞു് റിബൺ കെട്ടും. കായലിൽ നിന്നു കയറിയാൽ ആ ഷർട്ടും ലുങ്കിയും ഉടുത്തു കിടക്കുന്നതായിരുന്നു രീതി. പതുക്കെ വേറെ കുപ്പായം കൊണ്ടുവന്നു് വള്ളപ്പുരയോടു ചേർന്ന കുളിമുറിയിൽപ്പോയി മാറിയുടുത്തു തുടങ്ങി. വേഷം മാറിയ ആദ്യ ദിവസം തന്നെ അന്നമ്മ ഒറ്റ വരിയിൽ ആ കഥ ചുരുക്കി: “കപ്യാരു് എന്നും ഇതിലേ പോകുന്നുണ്ടല്ലേ…”

കുറിപ്പുകൾ
[1]

സുന്ദരകാണ്ഡം, കിളിപ്പാട്ടു് രാമായണം, എഴുത്തച്ഛൻ.

[2]

കൊറിയൻ ഭാഷയിലെ പരമ്പരാഗത താരാട്ടു്.

[3]

ഇരയിമ്മൻ തമ്പി എഴുതിയ താരാട്ടു്.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.