രാജകൊട്ടാരം പോലെ മഠം ഉയർന്നു നിന്നു.
അതിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തവരുടെ ജീവിതം ദാരുണമായ ദുരന്തങ്ങളിലൊടുങ്ങി. ഇനി ഒരാൾ മാത്രമെ അവശേഷിക്കുന്നുള്ളു. ഒരു മുടന്തൻ, ജീവപര്യന്തം തടവുശിക്ഷയെ അതിജീവിച്ചു് അവൻ മുടന്തിക്കൊണ്ടു് തിരിച്ചു വന്നാലും സാരമാക്കാനില്ല. മഠത്തിനു് ഏതു നിലയ്ക്കും അഭിമാനിക്കാം. അന്തസ്സും പ്രൗഢിയും വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. ശൈഥില്യങ്ങൾ വിട്ടകന്നിരിക്കുന്നു. ഇനിയാരും ചെറുവിരലനക്കാൻപോലും ധൈര്യപ്പെടില്ല. നിയമങ്ങൾ കുറേക്കൂടി കർശനമാക്കപ്പെട്ടു. പെരുമാറ്റം കർക്കശവും. നാട്ടിലെ മൃഗയാവിനോദങ്ങളുടെ കഥകൾ പെരുകി. കാര്യസ്ഥന്മാരുടെ ഊർജ്ജസ്വലത വർദ്ധിച്ചു. അവരുടെ വാക്കുകൾക്കു് മൂർച്ചയേറി. വയൽപ്പൂക്കൾ കൊടുംവേനലിൽ കരിഞ്ഞു.
കുഞ്ഞിരാമൻ നായർക്കുശേഷം ചാത്തുട്ടി നായനാർ അധികാരത്തിൽ വന്നു. അയാൾ കാനായി ചിറ്റാരിലേയ്ക്കു് ഒന്നാം മൂപ്പായി നീങ്ങിയപ്പോൾ, ഉഗ്രപ്രതാപിയായ നാരായണൻനായരുടെ കാലമായി. അധികാരമാറ്റങ്ങൾ പല്ലക്കു ചുമക്കുന്നവരുടെ ചുമലുകളിലെ തഴമ്പുകൾക്കു് കനമേറ്റി. അതിനപ്പുറം ഒന്നുമുണ്ടായില്ല. മഠം എന്നത്തേയും പോലെ പ്രതാപത്തോടെ നിലകൊണ്ടു. വിസ്തൃതമായ തൊടിയിൽ ഏഴാനകൾ ചിന്നംവിളിച്ചു. അവയുടെ മസ്തകങ്ങളിൽ കുങ്കുമവും ചന്ദനവും തിളങ്ങി. വയലുകളിൽ വിലകുറത്ത മനുഷ്യജീവികൾ എല്ലുമുറിയെ അദ്ധ്വാനിച്ചു. കളത്താലയിൽ നെല്ലു് കുമിഞ്ഞുകൂടി. തേവാര മഠത്തിൽ മുടങ്ങാതെ പൂജ തുടർന്നു. ചാമ്പയ്ക്കയും ഞാവൽപ്പഴങ്ങളും കാറ്റത്തു് ഉതിർന്നുവീണു. കരിഞ്ചാമുണ്ഡിയുടെ കോലം പലവട്ടം അണിഞ്ഞൊരുങ്ങി ആടിത്തിമിർത്തു. മദനപ്പൂമരം പലവട്ടം പൂത്തു. ചന്തുപ്പണിക്കരാശാന്റെ നേതൃത്വത്തിലുള്ള കഥകളി സംഘം കാനായിയിൽ നിന്നു് കുറ്റൂരിലേയ്ക്കു് വന്നു് കൃമ്മീരവധവും ഉത്തരാസ്വയംവരവും കല്യാണസൗഗന്ധികവും നളചരിതവും അവതരിപ്പിച്ചു. പടിഞ്ഞാറ്റയിലെ മനോഹരമായ കട്ടിലിൽ അലങ്കരിച്ച മെത്തയിൽ, ദമ്പതികൾ ആദ്യരാത്രിയുടെ വിസ്മയം നൊട്ടിനുണഞ്ഞു. വംശസമ്പത്തു് പെറ്റുപെരുകി.
നിതംബം കവിഞ്ഞു നിൽക്കുന്ന നീണ്ടമുടിയുള്ള ജാനകിയമ്മ, കത്തുന്ന സൗന്ദര്യവുമായി, കിടപ്പുമുറിയിൽ തമ്പുരാനെ കാത്തുകിടന്നു.
നാടൻചാരായത്തിന്റെ രൂക്ഷഗന്ധം, ഇടറുന്ന കാൽവെപ്പുകളുമായി തമ്പുരാൻ കടന്നുവന്നു് പ്രേയസിയെ പുണർന്നു.
ഒരുനാൾ നാരായണൻ നായനാർ കയറിവന്നതു് മുഖം നിറയെ ചോരയുമായാണു്.
ജാനകിയമ്മയ്ക്കു് പരിഭ്രമമായി.
“എന്താ ഇതു്?” അവർ നിലവിളിക്കും പോലെ തിരക്കി.
“ഒന്നുമില്ല. വീണതാണു്.” അയാൾ മറുപടി പറഞ്ഞു.
ഈ സമയത്തു് ഒരാൾ അതിവേഗത്തിൽ കിഴക്കോട്ടു പായുകയാണു്. വല്ലാതെ ഭയപ്പെട്ടമട്ടുണ്ടു്. ആരെങ്കിലും പിൻതുടരുന്നുണ്ടോയെന്നു് ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടു്. അങ്ങകലെയുള്ള കുടകു് ലക്ഷ്യമാക്കിയാണു് അയാളുടെ ഓട്ടം.
കണ്ണങ്കാട്ടിനു് പിടിഞ്ഞാറുള്ള ഒരു കുടിലിന്റെ ഇറയത്തു് ചോരപുരണ്ട വെട്ടുകത്തി വീണുകിടക്കുന്നു. അതിനപ്പുറത്തായി കുടിലിലുള്ളവർ കൂനിപ്പിടിച്ചിരുന്നു് കരയുന്നു. മുറ്റത്തു് ഭംഗിയുള്ള ഒരു മുറുക്കാൻചെല്ലം പതറിപ്പോയ ഒരു നിമിഷത്തിൽ ആരുടെയോ പക്കൽ നിന്നു് താഴെ വീണതാണെന്നു് സ്പഷ്ടമാക്കും വിധത്തിൽ അലങ്കോലപ്പെട്ടു് കാണപ്പെടുന്നു. അകത്തുനിന്നു് ഒരു യുവതിയുടെ തേങ്ങലുയരുന്നു. അവളുടെ ഭർത്താവായ ചന്തു ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടു് രക്ഷപ്പെടാനുള്ള ഉൽക്കടമായ അഭിവാഞ്ഛയോടെ കുടകിലേയ്ക്കു് പായുന്നു.
അകത്തുവീണു് കരയുന്ന യുവതിയും, അതിദ്രുതം പായുന്ന പുരുഷനും ഇനി കണ്ടുമുട്ടുക പന്ത്രണ്ടു വർഷങ്ങൾക്കുശേഷമാണു്. അത്രയും കാലം അയാൾ ക്ഷമയോടെ കുടകിൽ ഒളിച്ചുപാർക്കും. പടിഞ്ഞാറൻ കാറ്റു് വീശിയെത്തുമ്പോൾ എന്തെങ്കിലും വാർത്തകളുണ്ടോയെന്നു് അയാൾ ചെവിയോർക്കും. രാത്രികാലങ്ങളിൽ ഇലയനങ്ങുന്ന ഒച്ച കേട്ടാൽപോലും ഞെട്ടിയുണരും. ഉണർന്നു് ആകാശത്തിന്റെ താഴ്‌വരകളിലേക്കും പകച്ചുനോക്കും. കുറ്റൂരിലാകട്ടെ, നാരായണൻ നായനാർ ആൾക്കണ്ണാടിയുടെ മുന്നിൽ നിന്നു് മുഖത്തെ മാഞ്ഞുപോകാത്ത മുറിപ്പാടിനെ ശപിക്കും. രോഷം കൊണ്ടു് ഉൾഞരമ്പുകൾ വിറയ്ക്കും. കോപാകുലനായി തോക്കുമെടുത്തു് പാഞ്ഞുവന്നു്, മച്ചിനുമുകളിൽ മുൻവശത്തുനിന്നു്, ശുഭ്രമായ ആകാശത്തിലേയ്ക്കു് നിറയൊഴിക്കും.
☆☆☆
മൃതിയടഞ്ഞ കോടിലോനും, തടവിൽ കഴിയുന്ന മുടന്തനായ വണ്ണത്താൻ രാമനും, നായനാരെ മുറിവേല്പിച്ചു് പ്രാണരക്ഷാർത്ഥം കുടകിലേയ്ക്കോടിപ്പോയ ചന്തുവും ഗ്രാമീണരുടെ ഓർമ്മകളിൽ നിറഞ്ഞു. വർഷമേഘങ്ങളെക്കൊണ്ടു് മനസ്സിരുണ്ടു. കണ്ണുകളിൽ മഴക്കാലമായി. ഒരിടത്തിരുന്നു് ഓർത്തു് കരയുന്ന ഉച്ചാലമ്മയെ നോക്കിനിൽക്കെ, തമ്പാനു് മനസ്സു് നൊന്തു. അവൻ അടുത്തുചെന്നു് അവരുടെ ജര പടർന്ന കവികളിലെ കണ്ണുനീർ തുടച്ചു.
‘മോനേ.’
ഉച്ചാലമ്മ തേങ്ങി.
‘കുറുപ്പച്ചനെ എപ്പളാ ഇനി ജെയിലീന്നു് വിട്വാ?’
തമ്പാൻ പറഞ്ഞില്ല.
‘നമ്മടെ സങ്കടങ്ങള് എതുകാലത്താ തീര്വ, മോനേ?’
ഉച്ചാലമ്മ അവനെ ചേർത്തുപിടിച്ചു് കരഞ്ഞു. അവൻ ഇന്നു്, വിരിഞ്ഞ നെഞ്ചുള്ള ഒരു വാലിയക്കാരനാണു്. എന്നും മുത്തശ്ശിയുടെ മാറിൽ ചേർന്നു നിന്നു്, ഗ്രാമത്തിലെ സംഭവങ്ങൾ നോക്കിക്കാണാറുണ്ടായിരുന്ന ചെറിയ കുട്ടി വളർന്നിരിക്കുന്നു.
☆☆☆
രാമൻകുറ്റ്വൻ കള്ളുനിറച്ച തൊടു് ചുണ്ടോടടുപ്പിച്ചുവെങ്കിലും, ഒരു കവിൾ പോലും ഇറക്കാതെ, പൊടുന്നനെ ഏതോ ഓർമ്മയിൽ വേദനിച്ചു്, തൊടു് താഴെ വെച്ചു് കരിമ്പനോടു് ചോദിച്ചു:
‘രാമനെ എന്നാ ഞാൻ കാണ്വാ.’
കരിമ്പൻ നിസ്സാഹയതയോടെ കൈമലർത്തി.
‘ഞാൻ കാണൂല്ലേ?’ ഇത്തിരിക്കൂടി നീങ്ങിയിരുന്നു് രാമൻകുറ്റ്വൻ ചോദിച്ചു.
മുഖത്തു് ഉദ്യോഗം തുടിച്ചു.
‘കാണാണ്ടിരിക്കില്ല.’
കരിമ്പൻ അയാളെ സമാധാനിപ്പിക്കാൻ പറഞ്ഞു.
‘കാണാണ്ടു് ചത്താലു് എന്റെ കണ്ണടയൂല്ല.’ അയാൾ മന്ത്രിച്ചു.
‘രാമന്റെ വിവരം എന്തെങ്കിലുംണ്ടോ?’
തമ്പാൻ കൗതുകത്തോടെ അയാളെ നോക്കി.
‘എനിക്കൊന്നു് കാണണം.’ കൊറോശ്ശൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
‘അടുത്തുതന്നെ വെരും.’ തമ്പാൻ അയാളുടെ ചുമലിൽ കൈവച്ചു.
കാനാകൊറോശ്ശൻ കുണ്ടോർ ചാമുണ്ഡിയെ മനസ്സിൽ നിനച്ചു. ചാമുണ്ഡിയുടെ കോമരമാണു് അയാൾ. അതു പറഞ്ഞിട്ടെന്താണു് കാര്യം? നാല്പത്തെട്ടിൽ തന്റെ നെല്ലറ കുത്തിത്തുറക്കുന്ന ആൾകൂട്ടത്തിൽ കൊറോശ്ശന്റെ മൂഖം. രയരപ്പൻ നായനാർ കണ്ടെത്തും. നെല്ലറ കുത്തിത്തുറന്നു്, ആവേശത്തോടെ ആർത്തുവിളിച്ചു്, കാട്ടാറുപോലെ അകത്തേക്കു് ഇരച്ചു കയറുന്ന ആൾക്കൂട്ടത്തിൽ ഒരാളായിത്തീർന്ന കൊറോശ്ശൻ തൊട്ടടുത്തുള്ള രാമനോടു് ചോദിക്കും: ‘ഇതു് നേര് തന്ന്യോ രാമാ. സ്വപ്നം കാണ്വോ മറ്റോ ആണോ?’ രാമൻ ചിരിച്ചുകൊണ്ടു് പറയും: ‘ഞാൻ പണ്ടേ കണ്ട ഒരു സ്വപ്നമാണു്.’
എന്നാൽ ഈ സമയത്തു് അത്ര വലിയ ഒരു സംഭവം മുന്നിൽ കാണാൻ കൊറോശ്ശനു് ത്രാണിയില്ല. മറ്റുള്ളവരുടെയും സ്ഥിതി ഇതുതന്നെ. നെടുനാളത്തെ ദുഃഖങ്ങളിൽ നിന്നു് പിടഞ്ഞെണീറ്റു്, കുന്തങ്ങളും വാക്കത്തികളും ഉലക്കകളുമായി, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും പ്രതികാരദാഹത്താൽ ആർത്തുവിളിച്ചുകൊണ്ടു്, ഒരു പുലരിയിൽ തങ്ങൾ മഠത്തിനുനേരെ കുതിക്കുമെന്നു് അവരാരും സങ്കല്പിക്കില്ല. പക്ഷേ, അങ്ങനെയൊരു കുതിച്ചുചാട്ടത്തിനു് അവർ നിർബന്ധിതരായിത്തീരും. അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇരുട്ടിൽ, ഒറ്റയടിപ്പാതകളിൽ ചലനങ്ങൾ, കൂരകളുടെ മുറ്റങ്ങളിൽ ഒത്തുചേരൽ, അടക്കിപ്പിടിച്ചുള്ള സംസാരം.
പിന്നെ, നാല്പത്തെട്ടിലെ ഒരു പ്രഭാതത്തിൽ, പ്രാകൃതമായ ആയുധങ്ങളുയർത്തിപ്പിടിച്ചു്, അങ്ങേയറ്റത്തെ ആവേശത്തൊടെ, ദൂഢചിത്തരായ, ആണും പെണ്ണും വൃദ്ധരും കുട്ടികളുമടങ്ങുന്ന വലിയൊരാൾക്കൂട്ടം മഠത്തിനുനേർക്കു് ഇരച്ചു പായും. ആദ്യത്തെ നിരയിൽ, വെളുത്തു നീണ്ട ശരീരമുള്ള ഒരു വൃദ്ധനുണ്ടാകും. അയാൾ, ഞരമ്പുകൾ മുറിച്ചു മാറ്റപ്പെട്ട വലതുകാൽ വലിച്ചു വെച്ചായിരിക്കും നടക്കുക. അയാളുടെ ശേഷിച്ച ഞരമ്പുകളത്രയും കൊടും കോപത്തിൽ പിടക്കുകയാവും. നെല്ലറയുടെ നേർക്കു് വിരൽ ചൂണ്ടിക്കൊണ്ടു് ഇടിമുഴക്കം പോലെ അയാൾ അലറും. ‘പൊളിക്കെടാ, പൊളിക്ക്’ ആ ശബ്ദം കേട്ടു് ആകാശം പോലും നടുങ്ങും.
പിന്നീടു്, പാറക്കടവിലുള്ള വായനശാലയിൽ മരണം കാത്തുകിടക്കുന്ന അയാൾക്കു് ആഹാരവുമായി പല വഴിക്കു് പാഞ്ഞെത്തുന്ന സ്നേഹസമ്പന്നരായ ഗ്രാമീണരെല്ലാം അത്യന്തം വേദനയോടെ ആ ക്ഷീണിച്ച മുഖത്തു് കണ്ണുനട്ടുനിന്നു്, പലതുമോർമ്മിക്കും. ആ ഓർമ്മകളെല്ലാം എത്രയും ഹൃദയഭാരത്തോടെ അവർ, വിടർന്ന കണ്ണുകളും തുറന്ന കാതുകളുമുള്ള ഇളം തലമുറയിലേയ്ക്കു് പകരും.
ഉച്ചാലമ്മ തമ്പാനോടു് ചോദിച്ചു:
‘എന്താ മോനേ വെരാനിരിക്കുന്നതു്?’
എന്താണു് വരാനിരിക്കുന്നതെന്നതിനെക്കുറിച്ചു് തമ്പാനു തന്നെ വ്യക്തമായ രൂപമില്ല.
‘എന്നോടു് പറയ് മോനേ.’
എന്താണു് പറയേണ്ടതെന്നു് തമ്പാൻ ആലോചിച്ചു.
ഗ്രാമം പതുക്കെപ്പതുക്കെ നിദ്രവിട്ടുണരുകയായിരുന്നു. ഇതിന്റെ ഫലമായി കുറ്റൂരിൽ എല്ലാവർക്കുംവേണ്ടി ഒരു സ്ക്കൂളും വായനശാലയും പണിതുയർത്തപ്പെടും. സ്ക്കൂൾ പൊളിച്ചുമാറ്റാൻ, പുറംനാട്ടുകാരായ പോക്കിരികളെ കൊണ്ടുവന്നു് നായനാർ ഒരന്ത്യശ്രമം നടത്തിനോക്കും. എന്നാൽ, പണി തീർന്നുകൊണ്ടിരിക്കുന്ന സ്ക്കൂളിനെ വലയം ചെയ്തു നിൽക്കുന്ന ജനക്കൂട്ടത്തെ കണ്ടു്, അന്യദേശക്കാരും അവരെ പിന്തുണക്കാൻ ചെന്ന വേട്ടുവരും ജീവനിലുള്ള കൊതിമൂലം പിന്തിരിഞ്ഞോടുകയാണു് ചെയ്യുക. സ്ക്കൂളിന്റെ സംരക്ഷണത്തിനു് ഒരുങ്ങി നിൽക്കുന്ന ജനക്കൂട്ടത്തിൽ, ഇനിയും തടിമിടുക്കു് നഷ്ടപ്പെടാത്ത വെളുത്തു നീണ്ട ഒരു വൃദ്ധനുമുണ്ടായിരിക്കും. സ്ക്കൂൾ തകർക്കാനുദ്ദേശിച്ചെത്തുന്നവരുടെ മുന്നിൽ, ഒരു കത്തി നിവർത്തിപ്പിടിച്ചുനിന്നു അയാൾ ഉച്ചത്തിൽ വിളിച്ചു പറയും: ‘കാലം മാറീന്നു് നായനാരോടു് പറഞ്ഞേക്കിൻ’ ആ സംഭവത്തിനു് ശേഷം ഏഴെട്ടു വർഷങ്ങൾ കഴിഞ്ഞു് രവിവർമ്മയുടെ ചിത്രങ്ങൾ കൊണ്ടലങ്കരിച്ച മുറിയിൽ മയങ്ങിക്കിടക്കുമ്പോൾ രയരപ്പൻ നായനാർ വലുതായ ഒരു ആരവം കേട്ടു് ഞെട്ടിയുണരും. അയാൾ ചില്ലുജാലകം തുറന്നു് പുറത്തേക്കു് നോക്കുമ്പോൾ കാണുക, പാഞ്ഞിരച്ചു വരുന്ന ഒരാൾക്കൂട്ടത്തെയാണു്. മുന്നിൽ മുടന്തിനടക്കുന്ന വൃദ്ധനെ അയാൾ തിരിച്ചറിയും.