images/cvb-uparodham-cover.jpg
Traveling Circus, an oil on canvas painting by Paul Klee (1879–1940).
ഒൻപതു്

ചുവന്ന നാട്ടുവഴിയിലൂടെ ഒരു കാളവണ്ടി വരികയാണു്. വീണു കിടക്കുന്ന പോക്കുവെയിൽ കുളമ്പുകൾക്കുകീഴെ ഞെരിഞ്ഞു. വണ്ടിക്കാരൻ ആടലോടകത്തിന്റെ ചില്ലകൊണ്ടു് കാളകളെ പ്രഹരിച്ചു. അവ മനസ്സില്ലാമനസ്സോടെ വേഗം വർദ്ധിപ്പിച്ചു. കഴുത്തിൽകെട്ടിയ മണികൾ കിലുക്കി.

വണ്ടിയിലിരിക്കുന്നതു് മജിസ്ട്രേട്ടായ അനന്തരാമയ്യരും സർക്കിൾ ഇൻസ്പെക്ടർ വാര്യരുമാണു്. തോക്കുകളേന്തിയ അഞ്ചു പൊലീസുകാർ വണ്ടിയുടെ പിന്നാലെ ചിട്ടയോടെ നടക്കുന്നു. അവരോടൊപ്പം തളർന്നവശനായ മാളത്തിൽ കണ്ണനുമുണ്ടു്. സകല ചലനവും നിലക്കുന്നതായി കണ്ണനുതോന്നി. കാഴ്ച മങ്ങി. ഞരങ്ങുകപോലും ചെയ്യാതെ പെട്ടന്നു് നിലംപതിച്ചു.

മജിസ്ട്രേട്ട് വണ്ടി നിർത്താൽ കൽപ്പിച്ചു.

പോലീസുകാർ കണ്ണനെ താങ്ങി എഴുന്നേൽപ്പിച്ചു. അയാൾ കണ്ണു് തുറന്നു് ചുറ്റിലും നോക്കി.

‘വെ…ള്ളം…’

ഒരു പോലീസുകാരൻ ഓടിപ്പൊയി നീർച്ചാലിൽ നിന്നു് ഒരിലക്കുമ്പിളിൽ വെള്ളം കൊണ്ടുവന്നു. കണ്ണൻ പരവശത്തോടെ കുടിച്ചു.

‘ഇനി വേണോ?’

കണ്ണൻ വേണ്ടെന്നു് തലകുലുക്കി.

കണ്ണൻ കഴിയ്യ്വോ?’ മജിസ്ട്രേട്ട് ചോദിച്ചു.

കണ്ണൻ മജിസ്ട്രേറ്റിന്റെ നേരെ പകച്ചുനോക്കി.

“ഇവിടെ കയറിയിരുന്നോ.”

കണ്ണൻ ആ മൂലക്കു് ഒതുങ്ങിയിരുന്നു. അയാൾ കരയുന്നുണ്ടായിരുന്നു.

മണി കിലുക്കിക്കൊണ്ടു് കാളകൾ യാത്ര പുനരാരംഭിച്ചു.

☆☆☆

മാരാൻ കരയിലൂടെ കാളവണ്ടി നീങ്ങുമ്പോൾ ഭയന്നു വിളറിയ ഏതാനും പേർ നോക്കിനിന്നു. കാളവണ്ടി അവിടെ നിൽക്കാതെ താഴേയ്ക്കിറങ്ങി.

ബോർഡ് സ്ക്കൂളിനു സമീപമെത്തിയപ്പോൾ കാളവണ്ടിയുടെ ചലനം മന്ദഗതിയിലായി. വണ്ടിക്കാരൻ കടിഞ്ഞാണ്‍ പിടിച്ചു.

കണ്ണൻ ചാടിയിറങ്ങി. പിന്നെ മജിസ്ട്രേറ്റും സർക്കിൾ ഇൻസ്പെക്ടറും.

ഇറയത്തു കണ്ട ബെഞ്ചിൽ മജിസ്ട്രേട്ട് ഇരിക്കാൻ ഭാവിച്ചപ്പോൾ സർക്കിൾ പറഞ്ഞു!.

“കസേര കൊണ്ടുവരാം സാർ.”

“വേണ്ട ആ നായനാരെ ഇങ്ങോട്ടു് വിളിപ്പിക്കൂ.”

രണ്ടു പോലീസുകാർ ഝടുതിയിൽ മഠത്തിലേയ്ക്കു് നീങ്ങി.

നായനാർ അവരോടു പറഞ്ഞു:

“മജിസ്ട്രേട്ടിനോടു ഇങ്ങോട്ടു വെരാൻ പറയ്.”

പൊലീസുകാർ എത്രയും വേഗത്തിൽ മജിസ്ട്രേട്ടിന്റെ മുമ്പിലെത്തി വിവരമറിയിച്ചു. ആ ഔദ്ധത്യം മജിസ്ട്രേട്ടിനെ അരിശംകൊള്ളിച്ചു എങ്കിലും ക്ഷോഭം നിയന്ത്രിക്കാൻ പണിപ്പെട്ടുകൊണ്ടു് അയാൾ പറഞ്ഞു:

“നമുക്കു് സംഭവസ്ഥലത്തേക്കു് പോകാം.”

കണ്ണൻ വഴികാണിക്കാൻ മുന്നിൽ നടന്നു. ​​

☆☆☆

വയലുകളുടെ നടുവിൽ ചതഞ്ഞ മുഖവുമായി കോടിലോൻ കിടന്നു. കല്ലിൽ ചോര കട്ടപിടിച്ചിരുന്നു.

മജിസ്ട്രേട്ട് ആ മുഖത്തേക്കു് നോക്കിയതും നടുങ്ങിപ്പോയി.

കണ്ണൻ വിമ്മിക്കരഞ്ഞു.

സർക്കിൾ ഇൻസ്പെക്ടർ കുനിഞ്ഞു് നെഞ്ചിൽ കൈവച്ചു നോക്കി. ഹൃദയം ദുർബലമായി മിടിക്കുന്നുണ്ടു്. മരിച്ചിട്ടില്ല. അയാൾ കണ്ണനോടു പറഞ്ഞു:

‘ഓടിപ്പോയി കുറച്ചു് വെള്ളം കൊണ്ടുവരൂ.’

കണ്ണു തുടച്ചുകൊണ്ടു് കണ്ണൻ വെള്ളമെടുക്കാനോടി.

എതിരെ നിന്നു് കേളുവും മരുമകൻ കണ്ണനും ഓടിവരുന്നു. ‘എന്തിനാ കണ്ണാ എന്റനിയനെ ചെയ്തതു്?’ കേളു ഓടുന്നതിനിടയിൽ വിളിച്ചു ചോദിച്ചു. ഓടിക്കിതച്ചു് സർവ്വേക്കല്ലിനടുത്തെത്തിയപ്പോഴേക്കും അയാളാകെ തളർന്നിരുന്നു. അയാളെ കണ്ടു് പാട്ടിയമ്മ കരഞ്ഞു പറഞ്ഞു:

‘നീയതു് കണ്ട്വോ കേളൂ. രാമൻ കെടക്ക്ന്നതു് കണ്ട്വോ നീ…’ തൊണ്ടയിടറി, നാവു വരണ്ടു. പാട്ടിയമ്മ വരമ്പത്തിരുന്നു.

കേളു അനിയന്റെ കിടപ്പുകണ്ടു് തരിച്ചു നിന്നു. മരുമകൻ വാവിട്ടു് കരഞ്ഞു.

മാളത്തിൽ കണ്ണൻ വെള്ളവുമെടുത്തു വന്നു. സർക്കിൾ ഇൻസ്പെക്ടർ മന്താലം വാങ്ങി. കോടിലോന്റെ വായിൽ കുറെശ്ശെയായി ഒഴിച്ചു.

തെല്ലു കഴിഞ്ഞപ്പോൾ നാവു് പതുക്കെ ചലിച്ചു. തന്റെ ചുറ്റും ആരോ ചിലർ കൂടിനിൽക്കുന്നുണ്ടെന്നു് കോടിലോനു് തോന്നി. കണ്ണുകൾ ചതയ്ക്കപ്പെട്ടിരുന്നതിനാൽ അവർ ആരെല്ലാമാനെന്നു് കാണാൻ കഴിഞ്ഞില്ല. തനിക്കെന്താണു് പറ്റിയതെന്നു് ഓർമ്മിക്കാൻ ശ്രമിച്ചു. ഒന്നൊന്നായി ഓർമ്മയിൽ തെളിയുകയാണു്. ഉടലാകെ നോവുകയാണു്. അയാൾ ദീനമായ ഒരു ശബ്ദം പുറപ്പെടുവിച്ചു.

മരണമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേട്ട് ആകാംക്ഷയോടെ ചെവിയോർത്തു.

☆☆☆

ദേശത്തു് വന്നുംപോയും കഴിഞ്ഞിരുന്ന കുഞ്ഞിരാമൻ അധികാരി മജിസ്ട്രേട്ട് വന്നിട്ടുണ്ടെന്ന വിവരം ഗ്രഹിച്ചു്, കോണകവാൽ വീശിക്കൊണ്ടു് കുതിച്ചുവന്നു.

‘ഇത്രയും നേരമായിട്ടും ഇങ്ങനെയൊരു സംഭവം നടന്നതു് നിങ്ങളറിഞ്ഞില്ലേ’ മജിസ്ട്രേട്ട് ക്രുദ്ധനായി ചോദിച്ചു.

‘അടിയാൻ ഇവിടെ ഇല്ലാര്ന്ന്’ അയാൾ വിനയവും വിമ്മിട്ടവും നടിച്ചു് വിതുമ്പി.

‘ഉം.’

അയാൾ കോടിലോനെ കീഴ്മേൽ വീക്ഷിച്ചതിനുശേഷം പറഞ്ഞു:

‘പോത്തു കുത്തിയതാവും.’

മജിസ്ട്രേട്ട് ശാന്തമായി പ്രതിവചിച്ചു:

‘അതെ.’

images/uparodham-09.png

മജിസ്ട്രേട്ട് നിർദ്ദേശിച്ച പ്രകാരം കണ്ണനും കേളുവും പോലീസുകാരും ചേർന്നു്, മൃതപ്രായനായ കോടിലോനെ വയൽക്കരയിലുള്ള ഒരു കുടിലിന്റെ മുറ്റത്തു് കിടത്തി. അവിടെ നിന്നു്, ഒരു ചൂടിക്കട്ടിലിൽ എടുത്തു് ആശുപത്രിയിലേക്കു് പുറപ്പെട്ടു. യാത്രയ്ക്കിടയിൽ ചോര കട്ടപിടിച്ചു് കണ്ണുകൾ കൊണ്ടു് എന്തോ കാണാനാഗ്രഹിച്ചു് ഒന്നും കാണാനാകാതെ, എന്തോ പറയാൻ തുടങ്ങി. ഒന്നും പറയാതെ, കോടിലോൻ മരിച്ചു.

കട്ടിൽ ചുമക്കുന്നവൻ, കൊടിലോൻ മരിച്ചുവെന്നറിയാതെ, നേരമൊട്ടും വൈയ്കിക്കരുതെന്ന വെമ്പലോടെ ആവുന്നത്ര വേഗത്തിൽ നടന്നു.

നേരം സന്ധ്യയാവുകയാണു്. നാട്ടുവഴിയിലൂടെ കാളവണ്ടി മടങ്ങിപ്പോകുന്നു. മജിസ്ട്രേട്ടും സർക്കിൾ ഇൻസ്പെക്ടറും എങ്ങോ കണ്ണുനട്ടു് നിശ്ചേഷ്ടരായി ഇരിക്കുകയാണു്. കാളവണ്ടിയുടെ പിന്നാലെ രണ്ടു കൂട്ടങ്ങളായി പത്തിരുപതു് ആളുകളും നടക്കുന്നു. അവർ പ്രതികളും സാക്ഷികളുമാണു്. കാൽവെപ്പുകളുടെ ശബ്ദമുയരുന്നു. മണികിലുക്കം കേൾക്കുന്നു. അവർ പോകുന്നു.

☆☆☆

ദിവസങ്ങൾക്കുശേഷം.

തലശ്ശേരി സെഷൻസ് കോടതി. ചുവർഘടികാരത്തിന്റെ നെഞ്ചിടിപ്പു് കേൾക്കാം. അതിനു ചോട്ടിലായി, നീതിപീഠത്തിൽ സെഷൻസ് ജഡ്ജിയായ സായ്പ് ഇരിക്കുന്നു.

കോടതിക്കെട്ടിടത്തിനു പടിഞ്ഞാറു് നുരയും പതയും ചിതറുന്ന കടലാണു്.

കോടതിമുറിയിൽ, പടിഞ്ഞാറൻ കടലിലെ തിരകളെപ്പോലെ സാക്ഷിമൊഴികൾ വീശിപ്പടരുന്നു.

ഞാൻ നെല്ല്യാട്ടു് വയലിലേക്കു് വരികയായിരുന്നു. അവിടെ, വയലിന്റെ നടുക്കു് കുറേയാളുകൾ കൂടിനിൽക്കുന്നതുകണ്ടു. കോടിലോനെ അവർ വളഞ്ഞു വെച്ചിരിക്കുകയാണെന്നു് കണ്ടു് ഞാനങ്ങോട്ടോടി. അവരുടെ ഇടയിൽ നിന്നു് കോടിലോൻ എന്നെ വിളിച്ചു. ഞാനോടിച്ചെന്നപ്പോൾ കോരൻ നമ്പ്യാര് എന്ന പേടിപ്പിച്ചു. ജീവനുംകൊണ്ടു് മടങ്ങിപ്പോവൂല്ലാന്നു് പറഞ്ഞു. ഞാൻ തിരിഞ്ഞോടി. മജിസ്ട്രേറ്റിനെ ചെന്നുകണ്ടു് വിവരമറിയിച്ചു. മജിസ്ട്രേറ്റിനേം സർക്കിൾ ഇൻസ്പെക്ടറേം കൂട്ടി കൂറ്റൂരിലേക്കു് പോയി.”

കണ്ണൻ ആ സംഭവം വിവരിച്ചു. അയാളിറങ്ങിയപ്പോൾ കോടിലൊന്റെ മരുമകന്റെ ഊഴമായി.

അവൻ പേടിച്ചു വിറച്ചുകൊണ്ടു് സാക്ഷിക്കൂട്ടിൽ കയറിനിന്നു് ഉയർന്ന ഇരിപ്പിടത്തിലിരിക്കുന്ന സായ്പിനെയും, കറുത്ത വേഷം ധരിച്ച വക്കീൽമാരെയും, വാതിൽക്കൽ തടിച്ചുകൂടി നിൽക്കുന്ന ആൾക്കാരെയും കണ്ടു് അവന്റെ അധൈര്യം ഇരട്ടിച്ചു. എല്ലാ കണ്ണുകളും അവനിൽ. കറുത്തുമെലിഞ്ഞ ആ ബാലനിൽ, കേന്ദ്രീകരിച്ചു.

അവൻ വിക്കി വിക്കി പറഞ്ഞുതുടങ്ങി:

“ഞാനും അമ്മാവനും കൂടി കണ്ടം പൂട്ട്വാര്ന്നു്. അന്നേരത്താ അവര് വന്നതു്. കോരൻ മേൽവിത്തു് കൂട്ടാൻ തൊടങ്ങ്യാപ്പോ അമ്മാമൻ തടഞ്ഞു. അവരെല്ലാം കൂടി അമ്മാമന്റെ നേരെ ചാടി. ഞാൻ കൊല്ലുന്നേന്നു് വിളിച്ചു കരഞ്ഞു. അവരെന്നെ ചവിട്ടി ചെളീലിട്ടു. അമ്മാമനെ കെട്ടിയിട്ടു് മുഖത്തു് കല്ലെടുത്തു് കുനിക്കുന്നതു് ഞാൻ കണ്ടതാ.”

അവർ ആരെല്ലാമായിരുന്നുവെന്ന വക്കീലിന്റെ ചോദ്യത്തെത്തുടർന്ന അവൻ പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ മുഖംതാഴ്ത്തിനിന്നു.

അമ്മാവനെ കൊന്നതിനെക്കുറിച്ചു് പറഞ്ഞപ്പോൾ അവന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അവൻ ഏങ്ങലടിച്ചു് കരഞ്ഞു.

ആ കുട്ടിയുടെ കരച്ചിൽ തെല്ലുനേരത്തേക്കു കോടതിമുറിയെ സ്തബ്ധമാക്കി. പുറത്തുനിൽക്കുന്നവരിൽ ചിലർ കണ്ണുതുടയ്ക്കുന്നതു കാണാമായിരുന്നു.

അവൻ കൂട്ടിൽനിന്നിറങ്ങി വേച്ചുവേച്ചു് വരാന്തയിൽ ചെന്നു് ചുമരുചാരിയിരുന്നു് ആരെയും ശ്രദ്ധിക്കാതെ വിമ്മിക്കരയുമ്പോൾ, സാക്ഷിക്കൂട്ടിലേയ്ക്കു് പുതിയൊരാൾ കയറിനിന്നു.

പാട്ടി.

അവന്റെ അമ്മായി,

കോടിലോന്റെ ഭാര്യ.

“ഞാനും ആ സമയത്തു് കണ്ടത്തില്ണ്ടാര്ന്നു. ഓറ് പൂട്ടിക്കൊണ്ടിരിക്കുമ്പം ചെളീലു് വീണുപോയി. ഓറെ പോത്തു് ചവിട്ടിക്കൊന്നു.”

സങ്കടമഭിനയിച്ചുകൊണ്ടു് പറഞ്ഞു.

നായനാരുടെയും സിൽബന്തികളുടെയും നായനാർ ഏർപ്പെടുത്തിയ വക്കീലിന്റെയും മൂഖങ്ങളിൽ പ്രസന്നത കളിയാടി.

കുഞ്ഞിരാമൻനായരായിരുന്നു കേസിൽ ഒന്നാംപ്രതി. വരമ്പിൽ കണ്ണട ധരിച്ചു കുടചൂടിനിൽക്കുന്ന കാര്യസ്ഥനെക്കണ്ടു് നായനാരാണെന്നാണു് കോടിലോൻ ധരിച്ചതു്. കണ്ണുകളിൽ ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു. കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. കോടിലോൻ ചരമഗതിക്കു് തയ്യാറെടുത്തുകൊണ്ടിരിക്കെ അസ്പഷ്ടമായി നൽകിയ മരണമൊഴിയെ അടിസ്ഥാനമാക്കിയാണു് മജിസ്ട്രേട്ട് പ്രതികളുടെ പേരുവിവരം കുറിച്ചതു്. അങ്ങനെ കുഞ്ഞിരാമൻനായർ ഒന്നാംപ്രതിയായി. അയാളെ അറസ്റ്റു ചെയ്തു് തലശ്ശേരിയിൽ വീട്ടുതടങ്കലിൽ വെച്ചു. അയാൾ തടങ്കലിൽ കഴിഞ്ഞ വീട്ടിൽ നിത്യവും സദ്യയായിരുന്നു. അയാൾ ആജന്മശത്രുവിന്റെ മരണം കൊണ്ടാടുകയായിരുന്നു.

അടുത്ത സാക്ഷി, കുഞ്ഞിരാമൻ അധികാരി. അയാളുടെ മുഖത്തു് പരിഭ്രമമോ ഉൽകണ്ഠയോ ഇല്ല. തന്നെ ഏല്പിച്ച കാര്യം അയാൾ ഭംഗിയായി ചെയ്തുതീർത്തു.

‘ഞാൻ കുറ്റൂരംശം അധികാരിയാണു്. കോടിലോൻ രാമൻ ആളുകള് ഉപദ്രവിച്ചു് മരണപ്പെട്ടതല്ലെന്നു് എനിക്കു് തീർത്തു പറയാൻ കഴിയും. ഞാൻ സംഭവസ്ഥലത്തുപോയി സസൂക്ഷ്മം പരിശോധിച്ചതാണു്. കണ്ടം പൂട്ടുമ്പോ ശ്രദ്ധവെച്ചില്ലേങ്കിലു് പോത്തുകളും മൂരികളും ചവിട്ടികൊന്നേക്കും. കോടിലോനെ പോത്തുകളാ കൊന്നതു്. മുഖത്തുണ്ടായിരുന്ന പരിക്കുകള് പോത്തുകൾ ചവിട്ടിയതാണു്.’

ഇപ്രകാരമൂള്ള യാദാസ്തു് നൽകിയ ശേഷം അയാൾ വിജയഭാവത്തിൽ താഴെയിറങ്ങി.

കേസ് ഒരുപാടുനാൾ നീണ്ടുനിന്നു. വാദവും എതിർവാദവും ഗംഭീരമായി നടന്നു. നായനാരുടെ വക്കീൽ പ്രഗല്ഭനായിരുന്നു. കാലി പൂട്ടുന്നതിന്റെ ക്രമവും ഊർച്ചപ്പലകകളുടെ ഉറപ്പും അയാൾ സായ്പിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. ഊർച്ചപ്പലകകലുടെ ചിത്രം വരഞ്ഞു കാണിച്ചു് സായ്പിന്റെയുള്ളിൽ വ്യക്തമായ ഒരു ധാരണയുണ്ടാക്കുന്നതിൽ അയാൾ വിജയിച്ചു.

☆☆☆

ഒടുവിൽ കേസ് വിധിയായി.

നായനാരുൾപ്പെടെ എല്ലാ പ്രതികളെയും കോടതി നിരുപാധികം മോചിപ്പിച്ചു. അവരെല്ലാം അത്യധികമായ ആഹ്ലാദത്തോടെ ആർത്തു ചിരിച്ചു. വിജയമാഘോഷിക്കാൻ തീനും കുടിയും ഏർപ്പെടുത്തപ്പെട്ടു.

ഏറ്റവും ദു:ഖിതനായി കാണപ്പെട്ടതു് അനന്തരാമയ്യർ മജിസ്ട്രേട്ടാണു്. ചോരമൂടിയ രണ്ടു നേത്രങ്ങൾ എവിടെനിന്നോ തന്നെ വേദനയോടെ ഉറ്റുനോക്കുന്നുണ്ടെന്നു് അയാൾക്കു് തോന്നി. നെല്ല്യാട്ടുവയലിൽ താൻ ദർശിച്ച രൂപം ഉയിർകൊണ്ടു് മുന്നിൽ വന്നു നിൽക്കുന്നതായി അയാൾ സങ്കല്പിച്ചു. ഇതാണോ സത്യം? ഇതാണോ നീതി? ഇതിനുവേണ്ടിയാണോ താൻ വ്യക്തിപരമായി ഇത്രയും കഷ്ടതകൾ സഹിച്ചതു്? നീതി നിറവേറ്റപ്പെടണമെന്ന ഒരാശയേ മനസ്സിലുണ്ടായിരുന്നുള്ളൂ. അങ്ങനെ പ്രതീക്ഷിക്കുകയും ചെയ്തു. എന്നിട്ടു്, ഇപ്പോൾ ലഭിച്ചിരിക്കുന്നതോ? താങ്ങാനാവാത്ത ഒരാഘാതം. അപമാനം. പുച്ഛം. അയാൾ ഒരു ജീവച്ഛവത്തെപോലെ വിളറിനിന്നു. മനസ്സു് വീർപ്പുമുട്ടി. മുറിയുടെ നാലു ചുവരുകൾക്കിടയിലൂടെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. കാലുകൾ തളർന്നപ്പോൾ കട്ടിലിൽ കയറിക്കിടന്നു. ഒരുപോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. എമ്പാടും ഇരുട്ടു്. ദുസ്വഃപ്നങ്ങൾ. കണ്ണുനീരിന്റെ നനവു്. ചോരയുടെ ഗന്ധം ഇല്ല, എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇനിയൊരിക്കലും മനഃശ്ശാന്തി ലഭിക്കുകയില്ല. അയാൾ തീരുമാനിച്ചു.

അടുത്ത ദിവസം മദിരാശിയിലേക്കു് വണ്ടികയറി.

സെഷൻസ് കോടതി വിധിക്കെതിരെ മദിരാശി ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിച്ചു. അപ്പീൽ സ്വീകരിച്ചു്, പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. അതുപ്രകാരം വലിയൊരു പോലീസ് സംഘം കുറ്റൂരിലെത്തിച്ചേർന്നു.

അന്നു് കേസിൽ അനുകൂലമായ വിധിയുണ്ടായതിന്റെ സന്തോഷം പ്രകടിപ്പിക്കാൻ, കൂവകൊട്ടന്റെ വീട്ടിൽ കതിനൂർ വീരൻ തെയ്യം കെട്ടിയാടിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു.

തെയ്യംകൊട്ടിക്കൽ ഏതായാലും മുടങ്ങി. എല്ലാവരും കസ്റ്റഡിയിലെടുക്കപ്പെട്ടു.

കേസ് വിചാരണതീർന്നു്, ഹൈക്കോടതി വിധിപ്രസ്താവിച്ചു. കോരൻ, ഉറുവാടൻ രാമൻ, കൂവകൊട്ടൻ എന്നിവർക്കു് പത്തുകൊല്ലം വീതവും, ശങ്കരൻ, കുഞ്ഞപ്പൂ എന്നിവർക്കു് ഏഴുകൊല്ലം വീതവും കഠിനതടവു് ലഭിച്ചു. കുഞ്ഞിരാമൻ നായനാരേയും കാര്യസ്ഥന്മാരേയും രണ്ടു പുലയന്മാരേയും കൂറ്റക്കാരല്ലെന്നു് കണ്ടു് കോടതി വെറുതെവിട്ടു. തെറ്റായ യാദാസ്തു് സമർപ്പിച്ച കുഞ്ഞിരാമൻ അധികാരിക്കു് ഉദ്യോഗം നഷ്ടപ്പെട്ടു.

Colophon

Title: Uparōdham (ml: ഉപരോധം).

Author(s): C V Balakrishnan.

First publication details: Prabhatham Printing and Publishing Co; Trivandrum, Kerala; 1998.

Deafult language: ml, Malayalam.

Keywords: Novel, C V Balakrishnan, Uparodham, സി വി ബാലകൃഷ്ണൻ, ഉപരോധം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 19, 2022.

Credits: The text of the original item is copyrighted to tha author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Traveling Circus, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Illustration: CN Karunakaran; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.